ആകാശത്തില്‍നിന്നൊലിച്ചിറങ്ങിയ മൂടിക്കെട്ടിയ ഒരു സായാഹ്നം
കോഴിക്കോടു കടപ്പുറം.
സ്വാതന്ത്ര്യത്തിന്റെ ചതുരം, അല്ലല്ല! ഫ്രീഡം സ്‌ക്വയര്‍!
ഗസ്സയിലെ കുഞ്ഞുങ്ങളുടെ പേരുകള്‍
ഞങ്ങളോരോരുത്തരും ഊഴമിട്ടു വായിക്കുന്നു...
ഏഴുവയസ്സുള്ള സൈദ് താഹിര്‍ സൈദ് അല്‍ അസ്സൈസ്സ
എട്ടുവയസ്സുള്ള റിനാസ് അഹമ്മദ് ജബല്ല അബു ജമീഅ
ഒമ്പതു വയസ്സുള്ള ബദര്‍ റാമി അബ്ദുല്‍കരീം അല്‍ നഖ
എട്ടുവയസ്സുള്ള സിന നജി അഹമ്മദ് അബൂ താഹ
എട്ടുവയസ്സുള്ള ഖദീജ യൂസഫ് ഇബ്രാഹീം അബൂ ഹിദ്ദ
എട്ടുവയസ്സുള്ള അബ്ദുല്‍റഹ്‌മാന്‍ റിയാദ് മുഹമ്മദ് അല്‍ അമൂദി
എട്ടുവയസ്സുള്ള ആദല്‍ മഹ്‌മൂദ് ആദല്‍ അല്‍ നജ്ജാര്‍
എട്ടുവയസ്സുള്ള അബ്ദുല്ല മുഹമ്മദ് അല്‍ അബ്ദു ബറൈസ്
എട്ടുവയസ്സുള്ള ലിയാന്‍ അഹമ്മദ് അലി അല്‍ ഹസൈന
ഏഴു വയസ്സുള്ള മഹ്‌മൂദ് സാലിം മുഹമ്മദ് അബ്ദുല്‍ ആല്‍
എട്ടുവയസ്സുള്ള മുഹമ്മദ് റിയാദ് അഹമ്മദ് അബ്ദു ജബ്ബാറ
ഏഴു വയസ്സുള്ള ലയാന്‍ ഫാദി സമീഹ് ഹാശിം
ഒമ്പതു വയസ്സുള്ള മുഹമ്മദ് അഹമ്മദ് മുഹമ്മദ് അല്‍ ജദ്ബ്
ഒമ്പതു വയസ്സുള്ള ബയാന്‍ അഹമ്മദ് ഖദൂറ ഹമൂദ
ഒമ്പതു വയസ്സുള്ള അബ്ദുല്‍റഹ്‌മാന്‍ മുഹമ്മദ് സാദി അല്‍ ജറൂഷ
പേര് പറയലും നിരീക്ഷണങ്ങള്‍ പരതലുമായി
ഇരുണ്ടുമുറുകിയ സന്ധ്യക്കുശേഷം
ഒരു വിറയല്‍...
ഉള്ളംകൈയില്‍ ഒരു തണുപ്പ്...
നെറ്റിയില്‍ വിയര്‍പ്പു പൊടിയുന്നു!
എന്റെ കൈയിലെ കുഞ്ഞുങ്ങളുടെ പേരെഴുതിയ
കടലാസ് വിറയ്ക്കുന്നു!
കൈകളും വിറയ്ക്കുന്നു!!
ഞാനൊരു അന്ധവിശ്വാസി
ഈ കുഞ്ഞുങ്ങള്‍ എന്റെ ഉള്ളില്‍ നിലവിളിക്കുന്നു
എനിക്ക് കേള്‍ക്കാം കരച്ചിലും ദീനരോദനങ്ങളും
സന്ധ്യയുടെ കയ്യില്‍ത്താങ്ങി
കടല്‍ത്തീരം വരെ വെറുതെ നടന്നുവരുന്നു
എങ്കിലുമടങ്ങുന്നില്ല ഹൃദയതാളം.
പണ്ടേയതു കലിപ്പിലാണ്.
ഇപ്പോഴവ പിന്നെയും അപക്രമമാകുന്നു.
കടലിനെ, ആര്‍ത്തിരമ്പും തിരകളെ, കരയെ കുടഞ്ഞു കളഞ്ഞ്,
കടലില്‍നിന്നു സ്വന്തം പേരു വലിച്ചൂരിയെടുത്തു,
വിട്ടുപോകയല്ലാതെ
മറ്റൊന്നുമില്ല ചെയ്യാന്‍.
ചുറ്റുമല ചുറ്റിത്തിരിയുന്നു,
തലയിലാക്കുഞ്ഞു പാദങ്ങള്‍, വിരലുകള്‍ പെരുകുന്നു!
ഞാനൊരു യന്ത്രപേടകമാകുന്നു
‘ഗോസ്പലില്‍’*നിന്നും നിയന്ത്രിക്കുന്ന പേടകം
യന്ത്രപേടകം കുഞ്ഞെന്നോ വൃദ്ധരെന്നോ
തിരിച്ചറിയുന്നില്ല
ഒരു ഡേറ്റ, ഒരു വസ്തു
അതിന്റെ വിവരക്രമമോ, സുനിശ്ചിതം!
അതു ലക്ഷ്യമാക്കുന്നത് ഒരു പ്രതിബന്ധത്തെ
ഓരോ കുഞ്ഞും ഓരോ വൃദ്ധനും
ഓരോ നിഴലനക്കം മാത്രം!
ഞൊടിയിടയില്‍ നീക്കപ്പെടേണ്ടത്!
ഒരു ഡേറ്റ, ഒരു വസ്തു.
അതിന്റെ വിവേകക്രമമോ പൂർവനിശ്ചിതം!!
സുവിശേഷം നിയന്ത്രിക്കുന്ന യന്ത്രപേടകം
വിശുദ്ധഹവനം നടത്തുന്നു
വാഗ്ദത്തഭൂമിയെ വിസ്തൃതമാക്കുന്ന യന്ത്രപേടകം
കരകവിഞ്ഞു, പുഴ കവിഞ്ഞു, കടല്‍ കവിഞ്ഞു
ആകാശവിതാനവും കവിഞ്ഞു
യന്ത്രപേടകം വാഗ്ദത്തഭൂമിയെ അനന്തമാക്കുന്നു.
സുവിശേഷത്തിന്റെ നിര്‍വിഘ്നവ്യാപ്തിയില്‍
ഗലീലിയും യെരുശലേമും സിനായ് കുന്നും
ഈ അനന്തതയിലെ വിവരബിന്ദുക്കള്‍ മാത്രം...
സുവിശേഷം കേവലാത്മാവിന്റെ
യന്ത്രപ്പടര്‍ച്ചയാകുന്നു.
ബഹുരൂപി യന്ത്രപേടകം
നരസ്പര്‍ശമില്ലാത്തത്.
പൗരാണികം ആര്‍ഷപേടകം
വാഗ്ദത്തഭൂമിയെ
വംശം: ആര്യം, ചിഹ്നം: സ്വസ്തികം
എന്നടയാളപ്പെടുന്നു.
അതിന്റെ ആജാനുബാഹുവായ
ബലിഷ്ഠഗരിമയ്ക്കു മുമ്പാകെ
ഒരു നശ്വരന്‍, വെറും നരന്‍,
നരച്ച ഊശാംതാടിക്കാരന്‍,
അവന്റെ ചകിതനേത്രങ്ങള്‍,
മുഷിഞ്ഞ കുപ്പായം,
അരികില്‍ കൂനിക്കൂടിയിരിക്കുന്നു
ശിരോവസ്ത്രത്താല്‍ പാതിമറച്ച മുഖവുമായി
ഒരു മെലിഞ്ഞ നിഴല്‍!
കൂടെ മൂന്ന് അർധനഗ്നശരീരങ്ങള്‍
അവരുടെ മുമ്പില്‍ ആജാനുബാഹുവാം
ഈ ഹര്‍ഷപേടകത്തിനു പേരെന്ത്!?
ബാപ്പുവെന്നോ?! ഫക്കീറെന്നോ?!
ബുദ്ധന്റെ ചിരിയെന്നപോല്‍,
സുവിശേഷമെന്നപോല്‍
അതിനു മുമ്പിലെ നരരൂപങ്ങള്‍
ഒരു ഡേറ്റ, ഒരു വസ്തു
അവരുടെ പേരുകളെന്ത്?
അറബി-ഉർദു-പേര്‍ഷ്യന്‍- പേരുകള്‍?
മുന്നില്‍നിന്നാരോ എന്നെ തിരിഞ്ഞുനോക്കുന്നു,
ഭയമല്ല, ഭീരുത്വമല്ല
വെറും വിറങ്ങലിപ്പ്.
ഒരുതരം മരവിപ്പ്!!
മരവിപ്പ് ബാധിച്ച കേവലമാം യന്ത്രപേടകം
അതിന്‍ കർമമോ,
നാമഹാരി.
===============
* Gospel: The name ‘Gospel AI’ refers to an artificial
intelligence system used by the Israeli military to identify
and generate targets for airstrikes,
mainly in the Gaza Strip.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.