മുഷി കുത്തിപ്പുളയ്ക്കുന്ന ചേറുകണ്ടങ്ങളെ നിരപ്പാക്കുവാൻ തൂമ്പകൊണ്ടു കൊത്തിവലിക്കുന്ന കനമുള്ള വാഴപ്പിണ്ടികൾ. ചെളികുഴച്ചുമിനുക്കുന്ന വരമ്പുകളെ നടപ്പാതകളാക്കിമാറ്റുന്ന ചൂടുള്ള വെയിൽച്ചുംബനങ്ങൾ. കരിങ്കൽച്ചുമടേന്തിയ നനഞ്ഞ ചണച്ചാക്കിനുള്ളിൽ തുടിക്കുന്ന ജീവാങ്കുരങ്ങൾ. വലിയ വല്ലത്തിൽക്കയറി, വാഴവള്ളികൾ പാവാടകെട്ടിയ ഞാറിൻകെട്ടുകളുടെ ഘോഷയാത്ര. കുഴഞ്ഞ ചേറിൽ പെൺവിരലുകൾ നട്ടുനട്ടുപോകുന്ന ഞാറിന്റെ സമാന്തര േപ്രാഗ്രഷനുകൾ. കരിംപച്ചയിളംപച്ചയെന്ന് തിരയടിപ്പിക്കുമിളംതെന്നൽ തുന്നുന്ന പച്ചയുടെ നിറഭേദങ്ങൾ. കെട്ടിനിർത്തുന്ന...
മുഷി കുത്തിപ്പുളയ്ക്കുന്ന
ചേറുകണ്ടങ്ങളെ നിരപ്പാക്കുവാൻ
തൂമ്പകൊണ്ടു കൊത്തിവലിക്കുന്ന
കനമുള്ള വാഴപ്പിണ്ടികൾ.
ചെളികുഴച്ചുമിനുക്കുന്ന വരമ്പുകളെ
നടപ്പാതകളാക്കിമാറ്റുന്ന
ചൂടുള്ള വെയിൽച്ചുംബനങ്ങൾ.
കരിങ്കൽച്ചുമടേന്തിയ നനഞ്ഞ
ചണച്ചാക്കിനുള്ളിൽ
തുടിക്കുന്ന ജീവാങ്കുരങ്ങൾ.
വലിയ വല്ലത്തിൽക്കയറി,
വാഴവള്ളികൾ പാവാടകെട്ടിയ
ഞാറിൻകെട്ടുകളുടെ ഘോഷയാത്ര.
കുഴഞ്ഞ ചേറിൽ പെൺവിരലുകൾ
നട്ടുനട്ടുപോകുന്ന ഞാറിന്റെ
സമാന്തര േപ്രാഗ്രഷനുകൾ.
കരിംപച്ചയിളംപച്ചയെന്ന്
തിരയടിപ്പിക്കുമിളംതെന്നൽ
തുന്നുന്ന പച്ചയുടെ നിറഭേദങ്ങൾ.
കെട്ടിനിർത്തുന്ന വെള്ളത്തിൽ
നിർത്തിയിട്ട തീവണ്ടികൾപോലെ
വാൽമാക്രിമുട്ടകൾ.
വെയിൽച്ചുംബനത്തിലലിയാത്തതാം
നിലാവിന്റെ പാൽത്തുള്ളിയെ
കതിരുകൾക്കുള്ളിൽ നിറയ്ക്കുന്ന
കവിതയുടെയിന്ദ്രജാലങ്ങൾ.
ചേറുകുഴഞ്ഞ കളപറിച്ചുയർന്ന്,
നടുവൊന്നു നിവർത്തി, മെല്ലെ
വരമ്പിലെ മുത്തങ്ങപ്പുല്ലിലമരുന്ന
സൊറപറയുമിടവേളകൾ
തുമ്പികൾ, ശലഭങ്ങൾ, തേനീച്ചകൾ
തവളകൾ, നീർക്കോലികൾ
വിരുന്നെത്തും കുരുവികളൊക്കെയും
ചേർന്നൊരുക്കും ജൈവശോഭ
കതിരു കൊത്തല്ലേ കൊത്തല്ലേ തത്തേയെന്ന് വരമ്പത്തിരുന്ന് പാട്ടകൊട്ടുന്ന പകലുകൾ.
കമ്പുകുത്തിയുയർത്തി നാട്ടുന്ന
നോക്കുകുത്തിക്കണ്ണുകളിൽ
വിരസദിനങ്ങളുടെ ദൈന്യത.
വരമ്പത്തേക്ക് ചായുന്ന
നെൽക്കതിരുകളിൽ പറ്റിച്ചേർന്ന്
നമ്രമുഖികളായ് സ്വർണമണികൾ.
രാത്രിയുടെ മെതിക്കളങ്ങളിൽ
കുത്തിനാട്ടിയ പന്തത്തെളിച്ചത്തിൽ,
പാറ്റിപ്പതിരുമാറ്റി കൂനകൂട്ടുമ്പോൾ
ഇളകുന്ന നെന്മണികളെ നോക്കി
പൊലിപൊലിയെന്നൊരു കോറസ്.
ചെമ്പിൽ വെന്തുവാപിളർത്തുമ്പോൾ
മുറ്റത്തെ പരമ്പിലേക്ക് കുടഞ്ഞിട്ട്,
ചിക്കിയുണക്കുന്ന വെയിൽവിരലുകൾ.
ഉരലിൽകുത്തി, മുറത്തിൽപേറ്റി
തവിടുകളഞ്ഞെടുക്കുമ്പോൾ
തെളിയുന്നയരിമണികളിൽ
തെരുവിലുറങ്ങുന്ന യാചകാ,
നിന്റെ പേരും കണ്ടെടുക്കുന്നു ഞാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.