കോയിപ്പൊത്ത്

01

ചോരന്‍കുന്നിലെ

ബാല്യത്തിന്റെ

ഓർമയുടലുകളില്‍നിന്ന്

ഡബ്ബസുരേശന്‍

വലിയ കോയിപ്പൊത്തു1കളുമായി

ജൂണ്‍മഴയിലേക്ക് നടക്കും

പത്താംതരം ബി ക്ലാസിന്റെ

വ്രാന്തകളിലേക്ക്

രാവിലെ

സൂര്യനൊപ്പം കയറിവരുമ്പോള്‍

നിക്കറിന്റെ പോക്കറ്റില്‍

മഞ്ഞനിറത്തിലുള്ള

ചെറിയ കോയിപ്പൊത്തുകളെയവന്‍

ഉപ്പലിഞ്ഞുപോകാതെയുടയാതെ

ഗോപ്യമായൊരു പ്രണയംപോലെ

കടത്തിക്കൊണ്ടുവരും

പഠനത്തിനിടവേളയില്‍

പത്തുവിരലിലുമവയെ തിരുകിയവന്‍

പെണ്‍പിള്ളേരെ മാടിവിളിക്കും

മദ്ദളവാദ്യക്കാരുടെ

വിരലുറപോലെയവ

നൃത്തംചെയ്ത് ചിരിക്കും

കോപം മൂക്കു ചുവപ്പിച്ചവര്‍

മുഖംകോട്ടിക്കടുപ്പിച്ച്

കലിപ്പ് പൊട്ടുമായിരുന്നെങ്കിലും

അവനില്ലാത്തൊരു നേരം

വിരസമാണത്രമേലെന്നും

അവനില്ലാതൊരു ദിനം

ഉദിച്ചുവരല്ലേ സൂര്യാ-

യെന്നകം നൊന്തൊരു പ്രാർഥന

പൊന്‍ കതിരവനെത്തൊടും

കോയിപ്പൊത്തുകളപ്പോള്‍

പ്രണയത്തിന്റെ മഞ്ഞക്കൂരികളാകും

പഞ്ചായത്ത് കിണറില്‍നിന്നും

വെള്ളം വറ്റിയ വേനലിലൊന്നില്‍

ഒരു കുടം വെള്ളം കോരി നല്‍കിയ

ഒറ്റ ബലത്തില്‍

ദിനേശ് ബീഡിത്തൊഴിലാളി

രാഘവേട്ടനൊപ്പം

പുരയില്‍നിന്നും

ഇറങ്ങിപ്പോയ

ബി.എഫ്.എക്കാരി

സുനിതേടത്തി

മാസം തികയാ ഗര്‍ഭം പെറ്റ്

വെളിച്ചം വാരിത്തിന്നൊരു ചെക്കന്‍

ഒറ്റപ്പൊക്കാന്നുള്ള2

വിളി കേള്‍ക്കും നേരമവന്‍

എടുത്തുചാടിയൊരു മേട്ടം3

തലയില്‍ കാക്കക്കൊത്തുകള്‍ തീര്‍ക്കും

വാന്‍ഗോഗിന്റെ മഞ്ഞ മന്ദാരങ്ങള്‍

ഭ്രാന്ത് കനത്തൊരു പകല്‍പോലെ മൂത്ത്

മഞ്ഞനിറത്താല്‍ ചിത്രമൊരുക്കും

നാലുപുരവീട്ടില്‍ സുനിതേടത്തി

ബീഡി തെറുത്ത് തെറുത്ത്

ചുരുണ്ടുപോയ ജീവനില്‍

നിലാസന്ധ്യപോലെ

തെളിഞ്ഞൊരു പെണ്ണിനെ

പൊന്നുപോലെ കാക്കുമ്പോള്‍

ബീഡിക്കമ്പനിയിലെ

ജനാലയ്ക്കരില്‍ വച്ചൊരു

കറുത്ത ഫിലിപ്‌സ് റേഡിയോയില്‍

ഉച്ചക്കൊന്നര നേരത്തില്‍

രഞ്ജിനിയിലൊഴുകി

വരുന്നൊരു കാറ്റ്

കാതില്‍

ചന്ദനമണിവാതില്‍

പാതി ചാരിവരും

പാട്ടിന്‍ കണ്ണില്‍

നീരാടും ശൃംഗാരപ്പെണ്ണ്

ഉള്ളില്‍ ഹിന്ദോളത്തിരയിളക്കം

രാഘവേട്ടന്‍

ബീഡിക്കൊപ്പം

പാട്ടിനെ ഒന്നൊന്നായ്

തുടുപ്പിലേക്ക്4 തെറുത്തിടും

മിഴിപൂട്ടിയയാളിരിക്കും

കൈയില്‍ പുകയിലയും

ബീഡിച്ചപ്പും

കടല്‍കെട്ടിമറിയും

പരീക്കുട്ടിയും കറുത്തമ്മയും

തുടുപ്പില്‍ പ്രണയ പെരുങ്കടല്‍ കെട്ടും

പാട്ടുതുളുമ്പും ജീവിതവഴിയില്‍

ബീഡിയുടെ മണമൊഴിയാത്തൊരു

ദിനം കൂടിയെഴുതി തെറുക്കും.

വീട്ടില്‍ വന്നാലയാള്‍

ഭാരത് ബീഡി തെറുക്കും

രണ്ട് ഡബ്ബയകലത്തില്‍ വെച്ച്

ബീഡി കെട്ടാനുള്ള

മഞ്ഞ നൂലിനെയവള്‍

ജലച്ചായകൂട്ടുപോലെ

റീലിലേക്ക് അഴിച്ചെടുക്കും

മഞ്ഞനിറത്തില്‍

ഗോതമ്പ് പാടത്തെ കാക്കകളെ കണ്ട്

ഉന്മാദിയായവള്‍ വിടരും

അയാളപ്പോള്‍

വലിയ വായില്‍ ചിരിക്കും

ചിരിയൊഴിയുന്ന നേരം

ദുരന്തമാര്‍ത്തലച്ച് കാക്കകള്‍

ഗോതമ്പ് പാടങ്ങളില്‍നിന്നും

അടുത്തേക്ക് പറക്കും

02

കോയിപ്പൊത്ത് വില്‍ക്കാന്‍

ചോരന്‍കുന്നിലേക്ക്

പാട്ട്‌ പോലൊരു തമിഴന്‍ വന്നു

തണുത്ത കാറ്റത്ത്

കള്ളിമുണ്ടുടുക്കാതെ

പാന്റിടുന്ന

വെളുത്ത് മഞ്ഞിച്ച

ശരവണനണ്ണന്‍

ഇന്നിസെ പാടിവരും

ഇളം കാറ്റുക്ക് ഉരുവമില്ലൈ...

തമിഴ്ഗാനത്തിലിറങ്ങി

അവന്റെ ചുണ്ടില്‍

ഇളയ ദളപതി ചിരിയില്‍

ചോരന്‍കുന്നിറങ്ങിവരും

പുതിയ എം80 സ്‌കൂട്ടറില്‍

അവന്‍ വരുമ്പോള്‍

വണ്ടിയുടെ രൂപത്തെ മറച്ച്

ചുറ്റും അടുക്കിവെച്ച

മഞ്ഞക്കോയിപ്പൊത്തുകള്‍

നാടിന്റെ കണ്ണില്‍

മഞ്ഞക്കൊന്ന വിരിയിക്കും

വയലിന് നടുവിലെ

ചെമ്പന്‍ നിരത്തിലൂടെ

ഇളകിയിളകി

വണ്ടി നീങ്ങുമ്പോള്‍

പീലി വിടര്‍ത്തിയാടിയ

കോയിപ്പൊത്തുകള്‍ക്കിടയിലവന്‍

തങ്കമയിലേറിയ

ശരവണനാകും

വണ്ടിയൊരാണ്‍മയിലായി പറക്കും

കോയിപ്പൊത്തിന്റെ

മുടിഞ്ഞ മഞ്ഞയില്‍

സുനിതേടത്തി

ഉന്മാദത്തിന്റെ

സൂര്യകാന്തിപ്പാടം കാണും

നക്ഷത്രാങ്കിതയാകാശത്തില്‍

ശരവണനില്‍ വാന്‍ഗോഗ് പൂക്കും

സ്വപ്നത്തില്‍ മുറിഞ്ഞൊരു

ചെവിക്കൂടയെടുത്ത്

പ്രണയ പാപത്തെയവള്‍

കാന്‍വാസില്‍ വരയ്ക്കും

പാട്ടു പൊതിഞ്ഞൊരു കാറ്റ്

അവള്‍ക്ക് മുന്നില്‍ ചുറ്റും

സ്‌കൂളിലേക്ക് വരുമ്പോള്‍

സുരേശന്‍

അതുവരെയാരും കാണാത്ത

വലിയ കോയിപ്പൊത്തുകളെ

ബാഗില്‍ പൊതിഞ്ഞെടുത്ത് വന്നു

പ്രേമം കണ്ണില്‍ മൂത്ത്

മോനിഷയെ പോലുള്ളൊരുവള്‍

പ്രണയപ്പരുന്തായി പാറി

മഴ പെയ്യാത്തൊരു ഇടവപ്പാതിയില്‍

ശരവണന്‍ സ്‌കൂട്ടറിന്റെ പിന്നിലിരുത്തി

ഊടുവഴികള്‍ താണ്ടി

സുനിതേടത്തിയെ തഞ്ചാവൂര്‍ക്ക് കടത്തി

രാഘവേട്ടന്റെ കണ്ണുകളില്‍

ഗോതമ്പ് പാടത്തുനിന്നും

കാക്കകള്‍ കൂട്ടമായിപ്പറന്നു കൊത്തി

ചാവിനെ5 വേട്ട അയാളുടെ

ചങ്ക് മുറിച്ചൊരു തീവണ്ടി

വായുവില്‍ ചൂളം തേച്ച് മറഞ്ഞു

സുരേശനില്‍നിന്നും

സ്‌കൂള് മെല്ലയിറങ്ങിപ്പോയി

മോനിഷ പതിയെ മിണ്ടാതായി

മഞ്ഞനിറത്തില്‍ ഭ്രാന്ത്

പകയുടെ തീത്തുള്ളി പടര്‍ത്തി

അടുക്കളയില്‍ ഒളിപ്പിച്ചു വച്ച

വലിയ കോയിപ്പൊത്തുകളെയവന്‍

രാഘവേട്ടന്റെ മറവിന് ചുറ്റും

പാട്ടുപോലെ വലിച്ചിട്ടു

കോമരം തുള്ളി തലയില്‍വെട്ടി

കോയിപ്പൊത്തുകളില്‍

രക്തച്ചോപ്പ് പൊലിപ്പിച്ചു

മഞ്ഞനിറം ചുവപ്പിലലിഞ്ഞു

അമ്മനിറത്തില്‍ ചോര പൊടിഞ്ഞു

ബോധമറ്റവനെ മടിയിലെടുത്ത്

അമ്മയെപ്പോലൊരു ആംബുലന്‍സ്

നിരത്തില്‍നിന്നു കിതച്ചു

പെയ്യാന്‍ മടിച്ച ജൂണ്‍ മഴയപ്പോള്‍

ശോകം നിറച്ചൊരു പാട്ടു ചൊരിഞ്ഞ്

നെഞ്ചു തെറിച്ചു വിതുമ്പി

മാനം കറുത്ത

ആ നട്ടുച്ചയില്‍.

Tags:    
News Summary - madhyamam weekly kavitha koyipothu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.