അ​വി​രാ​മം, ആ​ത്മാ​ഖ്യാ​നം, കെ. സച്ചിദാനന്ദൻ.  കാ​ർ​നെ​റ്റ് ബു​ക്സ് 

കാവ്യസുഭഗം ‘അവിരാമം’

‘എന്റെ നാട്ടിൻപുറമേ,

നീ എന്റെ തൊലിക്ക് ഈറൻ

വയലുകളുടെ ചേർനിറം തന്നു

എന്റെ ശ്വാസത്തിന് കീഴാർ നെല്ലിയുടെ

കയ്പ്പു ഗന്ധം

എന്റെ കാലടികൾക്ക് കായൽ

കാറ്റിന്റെ ദ്രവവേഗം

നിന്റെ തോടുകൾ എന്നെ മീനാക്കി...’

എന്റെ നാട്ടിൻപുറത്തോട് എന്ന കവിതയിലെ ചില വരികളോടെയാണ് കവി സച്ചിദാനന്ദന്റെ ‘അവിരാമം’ എന്ന ആത്‌മകഥ (ആത്മാഖ്യാനങ്ങൾ എന്ന് കവി) തുടങ്ങുന്നത്. കാവ്യാത്മകമായിത്തന്നെയാണ് അദ്ദേഹം, ജനിച്ചുവളർന്ന മണ്ണിനെയും പടർന്നുകയറിയ ജീവിതവഴികളെയും അടയാളപ്പെടുത്തുന്നത്. കുടുംബ പശ്ചാത്തലം, സ്കൂൾ, കോളജ്, വായനശാലകൾ, എഴുത്തിന്റെ തുടക്കം, കവിതകൾക്ക് പിന്നിലെ അനുഭവങ്ങൾ, അവയിൽനിന്നും എഴുത്തുവഴികളിലെ വിവിധ മേഖലകളിലേക്കുള്ള വികാസങ്ങളും പരിണാമങ്ങളും, കഥകൾ, നാടകങ്ങൾ, ഗസലുകൾ എന്നിവയിലേക്കുള്ള വികാസങ്ങൾ... അങ്ങനെയെല്ലാം കാവ്യാത്മകമാണ് ഈ കൃതി. ആത്മാഖ്യാനങ്ങളുടെ ഓരോ അധ്യായങ്ങൾ തുടങ്ങുന്നതും ജീവിതാനുഭവങ്ങളുമായി പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ബന്ധമുള്ള തന്റെ കവിതാ ശകലങ്ങളോടെയുമാണ്. ഒരിക്കൽ തന്റെ ജീവിതകഥയെഴുതാൻ തേടിവന്നവരോട് അദ്ദേഹം പറഞ്ഞത്, ‘തന്റെ എല്ലാ കവിതകളും പരതിയാൽ എന്റെ ജീവിതം ലഭിക്കും. ഞാൻ പ്രത്യേകിച്ചു വിവരിക്കേണ്ടതായൊന്നുമില്ല’ എന്നായിരുന്നു.

പുല്ലൂറ്റ് എന്ന തന്റെ ജന്മഗ്രാമത്തിലെ കറുക നിറഞ്ഞ വീട്ടുമുറ്റത്തേക്കുനോക്കി പനിച്ചുവിറച്ചുനിന്ന ബാല്യകാലം. പാബ്ലോ നെരൂദക്കും മുമ്പേ പിടിപെട്ട ആ പനിയാണ് തന്റെ ഭാവനയെ വിടർത്തി സർറിയലിസ്റ്റിക് ആക്കിയതെന്ന് സച്ചിദാനന്ദൻ ഏറ്റുപറയുന്നുണ്ട്. വയലരികിലെ ഇലഞ്ഞിപ്പഴത്തിന് ഈടാമിണി പൂക്കളുടെ ചുമപ്പും, രാക്കുയിലുകൾക്കും കൊച്ചരുവികൾക്കും സംഗീതവും, പാലപ്പൂക്കൾക്കും സീതാമുടിക്കും സ്വർഗീയ സൗരഭ്യവും നൽകിയ ഗ്രാമത്തിൽ ഒരു കാവ്യപ്രതിഭ പിച്ചവെച്ചു നടന്നുവളരുകയായിരുന്നു.

പുതിയ കാലത്തെ വംശീയ തേർവാഴ്ചകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ശബ്ദിക്കാൻ അദ്ദേഹത്തിന് കഴിയുന്നത് ചെറുപ്പകാലത്തേ ഇടകലർന്ന സൗഹൃദ വ്യത്യസ്തതകളിലൂടെയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നേതൃസ്ഥാനത്ത് ഇരിക്കുമ്പോഴും ഭരണകൂടത്തിന്റെ കാവിത്വ വിദ്യാഭ്യാസ സാംസ്കാരികതക്കെതിരെ ഉറച്ചുനിന്നു. രാഷ്ട്രീയ സ്ഥിതിഗതികൾ മാറിമറിഞ്ഞ കാലത്തെ അക്കാദമി പ്രവർത്തനങ്ങൾക്ക് ചില ഭാവഭേദങ്ങൾ സംഭവിച്ചിരുന്നുവെങ്കിലും വ്യക്തിപരമായ അദ്ദേഹത്തിന്റെ സ്വതന്ത്ര സർഗാത്മക പ്രവർത്തനങ്ങളെ ബാധിച്ചിരുന്നുമില്ല. കാർഗിൽ ദിവസം ആഘോഷിക്കണമെന്ന് വകുപ്പിൽ നിന്നും നിർദേശമുണ്ടായപ്പോൾ, ‘എഴുത്തുകാർ വിദ്വേഷവും യുദ്ധവും ആഘോഷിക്കില്ല’ എന്നുറക്കെ പറയാൻ അദ്ദേഹത്തിന് സാധിച്ചു. ഗസ്സയിലെ ഇളംകുഞ്ഞുങ്ങളുടെ ശരീരത്തിൽനിന്നുമുതിർന്നു വീഴുന്ന രക്തത്തുള്ളികൾ കാവ്യപ്രതിരോധങ്ങളായി അദ്ദേഹത്തിന്റെ പേനയിൽനിന്നുമുതിർന്നു വെള്ളക്കടലാസിലൊഴുകിപ്പരന്നു.

ആറാം ക്ലാസിൽ പഠിക്കവേ എഴുതിയ ‘ഈയാംപാറ്റകൾ’ എന്ന കവിത, ആശാൻ സ്മാരക വായനശാലയുടെ കൈയെഴുത്തു മാസികയിലാണ് പ്രസിദ്ധീകരിച്ചതെന്നോർക്കുന്നു അദ്ദേഹം. ചെറുപ്പത്തിലേ വായനയുടെ വിശാല ലോകത്തേക്ക് കടക്കാൻ സച്ചിദാനന്ദന് കഴിഞ്ഞു. ഏതൊക്കെ ലോകങ്ങളിലാണ് താൻ ജീവിച്ചതെന്ന് കവിക്കുതന്നെ നിശ്ചയം പോരാ. അറബിക്കഥകളിലെ മലക്കുകളും ജിന്നുകളും അലാവുദീനും ആലിബാബയും ഐതിഹ്യ മാലയിലെ ആനകളും അമ്പലങ്ങളും വൈദ്യന്മാരും മന്ത്രവാദികളും തകഴിയുടെ തോട്ടിയും ബഷീറിന്റെ സുഹുറയും ആശാന്റെ വാസവദത്തയും ചങ്ങമ്പുഴയുടെ രമണനും പാർക്കുന്ന ലോകങ്ങളിലൂടെ സഞ്ചരിച്ച നിലക്കാത്ത വായനകൾ... സെർവാന്തീസ്, കാഫ്ക, ഒർഹാൻ പാമുക്, ഖാദർ അബ്ദോള്ള, യോസ തുടങ്ങി എണ്ണിയാൽ തീരാത്ത ഫിക്ഷൻ കഥാകാരെയും വായിച്ചുകൊണ്ടേയിരിക്കുന്നു.

മഹാരാജാസ് കോളജിലേക്കുള്ള പ്രവേശനം എത്ര മനോഹരമായാണ് മാഷ് ഓർത്തെടുക്കുന്നത്. ‘കണ്ടപാടേ മഹാരാജാസ് എനിക്കിഷ്ടമായി. പ്രൗഢിയാർന്ന പഴയ കെട്ടിടങ്ങൾ, നീണ്ട ഇടനാഴികൾ, മരപ്പലകകൾ നിരത്തിയ നിലങ്ങൾ, നടുമുറ്റത്തെ മരങ്ങൾ, തുരുമ്പിച്ച പിരിയൻ ഗോവണി... ജീവശാസ്ത്ര പഠനത്തിനായി ഞാൻ അറുത്തുമുറിച്ച ഓന്തുകളേ, തവളകളേ, ഞാൻ ഉള്ളുകണ്ടറിഞ്ഞ ചെടികളേ മാപ്പ്... നിങ്ങളെവിട്ട് ഞാനെന്റെ ഷേക്‌സ്‌പിയറിലേക്കും കീറ്റ്സിലേക്കും എലിയറ്റിലേക്കും പോകുന്നു’ -ജീവശാസ്ത്രം ഐശ്ചികമായെടുത്തു ബിരുദം നേടിയ സച്ചിദാനന്ദനെ സാഹിത്യത്തിലെ ബിരുദാനന്തര ബിരുദ പഠനത്തിലേക്ക് വിധിയും തന്റെ അഭീഷ്ടവും ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവത്രേ!

സാഹിത്യ അക്കാദമിയുടെ ‘ഇന്ത്യൻ ലിറ്ററേച്ചർ’ എന്ന ഇംഗ്ലീഷ് മാസികയുടെ പത്രാധിപരായി ഡൽഹിയിൽ ചേക്കേറിയ നാളുകളിൽ ഒട്ടേറെ ഹിന്ദി കവികളുമായി ഇടപഴകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അശോക് വാജ്‌പേയ്, കേദാർനാഥ്‌ സിങ്‌, കൂംവർ നാരായൺ, മംഗലേഷ് ദബ്രാൽ തുടങ്ങിവരുമായി. അക്കാലത്ത് ഡൽഹിയിലുണ്ടായിരുന്ന ഒ.വി. വിജയൻ, എം. മുകുന്ദൻ എന്നിവർക്കൊപ്പവും. ആദ്യമൊക്കെ ഡൽഹി എന്നത് തനിക്ക് ദഹിക്കാത്ത ഒരു നഗരമായിരുന്നുവെന്ന് സച്ചിദാനന്ദൻ ഓർമിക്കുന്നു.

ഡൽഹിയിലെ സാഹിത്യ സൗഹൃദ വലയത്തിലെ കവി മംഗലേഷ് ദബ്രാലിന്റെ ഒരു കവിതയുടെ ഒരു ചീന്ത് അടർത്തിവെച്ചാണ് മാഷിന്റെ വർത്തമാനം. അതിങ്ങനെ: ‘നഗരത്തിൽ പുതുതായി കടന്നുവന്നപ്പോൾ അയാൾ പറഞ്ഞു, ഹും, എന്തൊരു നശിച്ച നഗരം. പിന്നീട് അയാൾ തിരിച്ചുപോയില്ല.’

ദില്ലി-ദാലി എന്ന, അക്കാലത്തെഴുതിയ അദ്ദേഹത്തിന്റ കവിതാ പരമ്പരയിൽ ഡൽഹിയിൽ വന്നുപെട്ടുപോയതിന്റെ പരിഭ്രമവും നിസ്സഹായതയും അന്യതാബോധവും നിഴലിച്ചിരുന്നു. പിന്നീട് ഡൽഹി അദ്ദേഹത്തിന് വഴങ്ങി.

ഡൽഹിയിലെ ‘സഫ്ദർ ഹാഷ്മി’ ട്രസ്റ്റുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഘട്ടങ്ങളിലാണ് ബാബരി മസ്ജിദ് തകർക്കപ്പെടുന്നതും സംഘർഷഭരിതമായ സാഹചര്യങ്ങളിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ മാറുന്നതും. കേരളം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ കവികളും കലാകാരന്മാരും പിന്നീടൊരിക്കൽ ഒരു രാത്രി മുഴുവൻ ഉറക്കമൊഴിച്ചു കവിതകൾ ചൊല്ലിയും ചിത്രംവരഞ്ഞും സർഗാത്മക പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

മൂന്നുപതിറ്റാണ്ടോളം അങ്ങനെ ഡൽഹിയുടെ സാഹിത്യ സർഗാത്മക പരിസരങ്ങളിലൂടെ സഞ്ചരിച്ചു. ഇന്ത്യൻ സംസ്കാരത്തിന്റെയും തത്ത്വചിന്തയുടെയും, ഗോത്രവർഗ ഭാഷകളുൾപ്പെടെയുള്ള ഭാഷകളുടെ അനന്ത വൈവിധ്യത്തെക്കുറിച്ചും ഉറച്ചബോധ്യം, അതൊക്കെത്തന്നെ ഒരു ദേശം, ഒരു മതം, ഒരു ഭാഷ തുടങ്ങിയ ഏകരൂപശിലയിലധിഷ്ഠിതമായ അധികാരോന്മുഖതയിലേക്കുള്ള വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് സച്ചിദാനന്ദനിൽ പ്രകടമായിരുന്നു.

ഗുജറാത്തിലെ വംശഹത്യക്കുശേഷം മഹാശ്വേതാ ദേവിയോടൊപ്പം അവിടത്തെ അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ചതും ഗുജറാത്തി എഴുത്തുകാരുടെ യോഗം വിളിച്ചതും വിഷയത്തെക്കുറിച്ച് ലേഖനങ്ങളും കവിതകളുമെഴുതിയതും പത്രങ്ങൾക്ക് അഭിമുഖം നൽകിയതുമെല്ലാം ആർ.എസ്.എസിനെ ചൊടിപ്പിച്ചിരുന്നു. അവരുടെ ഹിന്ദി മുഖപത്രമായ ‘പാഞ്ചജന്യ’ത്തിൽ അദ്ദേഹത്തിനെതിരെ ലേഖന പരമ്പരകൾ തന്നെ പ്രത്യക്ഷപ്പെട്ടതുമോർമിപ്പിക്കുന്നു.

വളരെ ചെറുപ്രായത്തിലേതന്നെ കമ്യൂണിസ്റ്റ് ആശയങ്ങൾ ഹൃദയത്തിലേറ്റിയ സച്ചിദാനന്ദന് ഇന്ന് കേരളത്തോട് പറയാനുമേറെയുണ്ട്. ഇടതുപക്ഷം എന്നതുകൊണ്ടുദ്ദേശിക്കുന്നത് സാമ്രാജ്യത്വം, നിയോ ലിബറലിസം, ഹിന്ദുത്വ രാഷ്ട്രീയം എന്നിവയെയെല്ലാം വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്ന യഥാർഥ ജനാധിപത്യം, സമത്വം, പൗരസമൂഹത്തിൽ സർവമത സാഹോദര്യം, പരിസ്ഥിതി സൗഹൃദമായ വികസനം എന്നിവയൊക്കെ തന്നെയെന്ന് സച്ചിദാന്ദൻ ഉറച്ചുതന്നെ വിശ്വസിക്കുന്നു.

വിരാമമില്ലാതെ അനീതിക്കും മനുഷ്യത്വരാഹിത്യത്തിനുമെതിരെ കവിതകൊണ്ട് പ്രതികരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാധനന്റെ ‘ജീവിത കാവ്യ’മാണ് അവിരാമം. കവിതാ മയം! പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു:

‘ബോധം മറയാത്തിടത്തോളം കവിയായിരിക്കുവാൻ ഒരു കാരണവും... ഗദ്യത്തിൽ ഞാൻ കവിതയുടെ മായം കലർത്തിയിട്ടുണ്ടെങ്കിൽ എനിക്ക് മാപ്പുതരിക! ചൊട്ടയിലെ ശീലമാണ്, ചുടലവരെ നിന്നേക്കും...’

Tags:    
News Summary - The poetic beauty 'Aviramam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.