കാഴ്ച നൽകുന്ന കണ്ണടകൾ

കാ​ഴ്ച​ക്കൊ​രു മാ​റ്റോം ഇ​ല്യാ​ലോ മ​ണി​ക്കു​ട്ടാ...​എ​ന്തി​നാ ഇ​ങ്ങ​നേ​ക്കെ ചെ​യ്തേ... വെ​റു​തേ കാ​ശ് ക​ള​ഞ്ഞി​ല്ലേ.

കാഴ്ച എത്തുന്നിടത്തെല്ലാം പുകമറയാണ്. മുറ്റത്തിന്റെ തെക്കേയറ്റത്തുനിന്ന വരിക്ക പ്ലാവിൽനിന്ന് ആരോ ചക്ക അടത്തോണ്ട് പോയത് ഉമ്മറത്തെ കസേരയിലിരുന്ന അമ്മ കണ്ടില്ല. മാവിന്റെ ചുവട്ടിൽ ആളനക്കം കണ്ടതാണ്. പുക മൂടിയ നിഴലുകൾ നീളുകയും കുറുകുകയും ചെയ്തു. മരുമകൾ രമണിയാണെന്നാണ് കരുതിയത്. കൊമ്പിൽനിന്ന് കറ ഇറ്റുവീഴുന്നതുകണ്ട് മണിക്കുട്ടൻ പറഞ്ഞപ്പോഴാണ് സംഗതി വെളിവായത്.

‘അമ്മ ഇവിടിരുന്നിട്ടൊന്നും കാര്യാല്ല. ഒന്നും കണ്ടീലല്ലോ’

മണിക്കുട്ടൻ അങ്ങനെ പറഞ്ഞത് അമ്മക്ക് വിഷമമായി.

‘എല്ലാർക്കും ഇങ്ങനൊരു കാലോണ്ട് മക്കളേ. ഓർത്തു വെച്ചോ.’

കാഴ്ചയിൽ വന്നുമൂടിയ ജാലകത്തിന് നേർക്ക് തുടർച്ചയായവർ കണ്ണുചിമ്മി. കാലം നീട്ടിക്കുടഞ്ഞ തൂലികയിൽനിന്ന് വീണ നിറങ്ങൾ തമ്മിൽ കലർന്നു.

‘അമ്മേട കാലോന്നും ഞങ്ങളെത്തില്ല... ഇപ്പഴേ കാഴ്ച ജാസ്തിയാണ്.’ രമണി അമ്മയുടെ സങ്കടച്ചരട് മുറിച്ചു.

‘കണ്ണ് ഡോക്ടറെക്കണ്ട് വാങ്ങിയ കുറിപ്പടി കൈയിൽ വെച്ചോണ്ടിരുന്നാൽ മത്യോ. മണിക്കുട്ടനെ ഏൽപിച്ചേക്ക്. അവൻ കണ്ണട വാങ്ങിത്തരൂലേ.’

‘വേണ്ട വേണ്ട.. എന്റെ ബാലൻ അയക്കൂന്നല്ലേ പറഞ്ഞേ. വരട്ടേ. അവനോട് പറഞ്ഞിട്ട് മാറിയാ പ്രയാസാവില്ലേ.’

അമ്മയുടെ മൂത്ത മകനാണ് ബാലൻ. ഗുജറാത്തിൽ സിമന്റ് കമ്പനിയിലാണ് ജോലി. കഴിഞ്ഞ ഓണത്തിന് നാട്ടിൽ വന്ന് മടങ്ങിയതാണ്. കണ്ണടക്ക് ഡോക്ടർ എഴുതിയ കുറിപ്പടി അവന് അയച്ചുകൊടുത്ത് കാത്തിരിപ്പാണ്. എന്തും ബാലൻ ചെയ്യണം. അതിലാണ് തൃപ്തി. ഇതൊരുതരം വാശിയാണെന്നാണ് മണിക്കുട്ടന്റെ പക്ഷം.

കമ്പനിയിലെ കോൺട്രാക്ട് പിരീഡ് കഴിഞ്ഞ് ബാലൻ ജോലിയില്ലാതെ നിൽക്കുന്നത് മണിക്കുട്ടൻ അമ്മയോട് പറഞ്ഞിട്ടില്ല. വെറുതേ വിഷമം ഉണ്ടാക്കേണ്ടെന്ന് കരുതി. നന്നേ സാമ്പത്തിക ഞെരുക്കത്തിലാണ്. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിവരും വഴി ഫോണിൽ കരുതിയിരുന്ന ഡോക്ടറുടെ കുറിപ്പടി കാണിച്ച് അവനൊരു കണ്ണട വാങ്ങി. തലേദിവസത്തെ പത്രം കൈയിൽ നിവർത്തിവെച്ച് കിട്ടിയ കാഴ്ചയിൽ തപ്പിത്തടഞ്ഞ അമ്മയുടെ മുഖത്തേക്ക് വെള്ളിക്കാലുകളുള്ള കണ്ണട അവൻ വെച്ചുകൊടുത്തു. കണ്ണടയിരുന്ന തുകൽ പെട്ടി അമ്മയുടെ കൈയിൽ വെച്ചുകൊടുത്തു. പെട്ടെന്ന് വികസിച്ച മുഖം വേഗം മങ്ങി. പത്രം നന്നായി കുടഞ്ഞ് കണ്ണടയോട് ചേർത്തുവെച്ചിട്ട് താഴെയിട്ടു. പിന്നെ കണ്ണട ഊരി മേശമേൽ വെച്ചു.

‘കാഴ്ചക്കൊരു മാറ്റോം ഇല്യാലോ മണിക്കുട്ടാ...എന്തിനാ ഇങ്ങനേക്കെ ചെയ്തേ... വെറുതേ കാശ് കളഞ്ഞില്ലേ.’

മണിക്കുട്ടനത് മനസ്സിലായി. അവൻ രമണിയോട് കണ്ണിറുക്കിക്കാണിച്ചു.

‘എല്ലാം ശരിയാകും. ബാലൻ അയച്ച കണ്ണടയിങ്ങ് വരട്ടേ. ആല്ലേ അമ്മേ.’

പല്ല് പോയ മോണയിലൂടൊരു നിലാവെളിച്ചം അമ്മയുടെ മുഖത്ത് പടർന്നു. കാത്തിരിപ്പിന്റെ മുഷിച്ചിലൊന്നും അവിടെയില്ലായിരുന്നു.

‘വരട്ടേ... അയച്ചൂന്നല്ലേ പറഞ്ഞേ. അവനറിയാം; ഞാൻ കാത്തിരിക്കൂന്ന്.’

ദിവസങ്ങൾ കഴിഞ്ഞ് ഒരു ഉച്ചനേരം അമ്മ ഉമ്മറത്തിരുന്ന് കറുമ്പിപ്പൂച്ചയോട് കുശലാന്വേഷണം നടത്തുകയായിരുന്നു. ഗേറ്റ് തുറന്ന് ആരോ വരുന്നത് കണ്ടു. പ്ലാവിന്റെ ഭാഗത്തേക്കെങ്ങാനും പോകുന്നോയെന്ന് ശ്രദ്ധയോടെ നോക്കുമ്പോൾ ആൾ അടുത്തെത്തി. കാക്കി നിറം കണ്ണിലൂടെ മനസ്സിലെത്തി.

‘ഇഖ്ബാലാന്നോ... ബാലന്റെ കത്തെങ്ങാനും ഉണ്ടോടാ.’

‘കത്തല്ല... പാർസലാണ് അമ്മേ.’

പോസ്റ്റുമാൻ നീട്ടിയ പേപ്പറിൽ വിരലടയാളം വെച്ചു. കറുത്ത പേപ്പറിൽ പൊതിഞ്ഞ പെട്ടി പൊളിച്ചത് രമണിയാണ്.

‘എത്തിയല്ലോ; അമ്മേട പുന്നാര മോന്റെ കണ്ണട.’

തുകൽകൊണ്ടുള്ള കവറിൽനിന്ന് വെള്ളിക്കാലുകളുള്ള കണ്ണട വിടർത്തി അവൾ അമ്മയുടെ മുഖത്ത് വെച്ചുകൊടുത്തു.

‘ഞാനപ്പഴേ പറഞ്ഞതല്ലേ; അവനെന്നെ മറക്കില്ലെന്ന്.’

കണ്ണട കൈയിലിരുന്നപ്പോൾ അമ്മ ബാലന്റെ സാന്നിധ്യമറിഞ്ഞു. കാഴ്ചയുടെ പുതിയ വെളിച്ചത്തിലേക്ക് കണ്ണുകൾ വിടർന്നു.

‘നന്നായല്ലോ കുട്ട്യേ... കിണറും തൊടീം തുളസിത്തറേം പ്ലാവുമൊക്കെ എത്ര നാളുകൂടിയാ ഇത്രക്കങ്ങ് കാണുന്നേ...’

അമ്മയുടെ പിന്നിൽ വന്നുനിന്ന മണിക്കുട്ടന്റെ ചുണ്ടിൽ ഒരു ഗൂഢമന്ദസ്മിതം വിടർന്നു. അത് കണ്ണുകളിലൂടെ പോസ്റ്റുമാനിലേക്ക് പടർന്നു. അതിലൊരു ഉപകാരസ്മരണയുടെ ഭാഷയുണ്ടായിരുന്നു; ‘എല്ലാം ശരിയായില്ലേ!’

ചുളിവുകൾ നിറഞ്ഞ തന്റെ കൈകളിലേക്ക് നോക്കി അമ്മ ദീർഘശ്വാസം വിട്ടു.

‘ബാലൻ അടുത്തെങ്ങാനും ഇങ്ങട് വര്വോ... അവനെ കണ്ടോളാൻ വയ്യ...’

പുകമറ കടന്ന് നാളെയിലേക്ക് നീണ്ട നോട്ടത്തിലായി അമ്മ. വറ്റാത്തൊരു ഈറൻ അവിടെ പടർന്നിരുന്നു.

Tags:    
News Summary - Glasses that provide vision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.