തീരാത്ത ഓർമകളുടെ മഹാപ്രവാഹം

ഹംഗേറിയൻ എഴുത്തുകാരൻ പീറ്റർ നാദാസിന്റെ ഓർമക്കുറിപ്പുകളുടെ (Shimmering Details) രണ്ടാം ഭാഗം വായിക്കുന്നുസാഹിത്യലോകം ഇതുവരെ ദർശിച്ച മികച്ച ഓർമക്കുറിപ്പുകളിലൊന്നായി നിരൂപകരും വായനക്കാരും വിലയിരുത്തുന്ന രചനയാണ് ഹംഗേറിയൻ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ഗദ്യകാരനുമായ പീറ്റർ നാദാസിന്റെ (Peter Nadas) ‘മിന്നിത്തിളങ്ങുന്ന വിസ്തൃത വർണനകൾ’ (Shimmering Details). രണ്ട് വാല്യങ്ങളിലായി ആയിരത്തി ഒരുനൂറോളം പേജുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ പുസ്തകം 2023ലാണ് പുറത്തുവന്നത്. വിഖ്യാത പരിഭാഷകയും എഡിറ്ററുമായ ജൂഡിത്ത് സോളോസി (Judith Sollosy) ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് അമേരിക്കയിലെ...

ഹംഗേറിയൻ എഴുത്തുകാരൻ പീറ്റർ നാദാസിന്റെ ഓർമക്കുറിപ്പുകളുടെ (Shimmering Details) രണ്ടാം ഭാഗം വായിക്കുന്നു

സാഹിത്യലോകം ഇതുവരെ ദർശിച്ച മികച്ച ഓർമക്കുറിപ്പുകളിലൊന്നായി നിരൂപകരും വായനക്കാരും വിലയിരുത്തുന്ന രചനയാണ് ഹംഗേറിയൻ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ഗദ്യകാരനുമായ പീറ്റർ നാദാസിന്റെ (Peter Nadas) ‘മിന്നിത്തിളങ്ങുന്ന വിസ്തൃത വർണനകൾ’ (Shimmering Details). രണ്ട് വാല്യങ്ങളിലായി ആയിരത്തി ഒരുനൂറോളം പേജുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ പുസ്തകം 2023ലാണ് പുറത്തുവന്നത്. വിഖ്യാത പരിഭാഷകയും എഡിറ്ററുമായ ജൂഡിത്ത് സോളോസി (Judith Sollosy) ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് അമേരിക്കയിലെ ഫറാർ സ്ട്രോസ് ആൻഡ്​ ഗിരൗക്സ് (Farrar, Straus and Giroux) പ്രസാധകരാണ്. പീറ്റർ നാദാസിന്റേതായി ഇതുവരെ പുറത്തുവന്ന രചനകളിൽ ‘സമാന്തര കഥകൾ’ (Parallel Stories), ‘പ്രേമം’ (Love), ‘ഒരു കുടുംബത്തിന്റെ കഥയുടെ അവസാനം’ (The End of a Family Story), ‘ഓർമകളുടെ ഒരു പുസ്തകം’ (A Book of Memories), ‘അഗ്നിയും അറിവും -ഫിക്ഷനും ലേഖനങ്ങളും’ (Fire and Knowledge -Fiction and Essays) തുടങ്ങിയവയും ഏറെ ശ്രദ്ധേയമായ രചനകളാണ്.

വളരെ നാളത്തെ പ്രതീക്ഷകൾക്കു ശേഷമാണീ പുസ്തകത്തിന്റെ രണ്ട് വാല്യങ്ങൾ 2024 ജൂലൈ മാസത്തിൽ വായനക്കായി ലഭിച്ചത്. സാഹിത്യത്തിനുള്ള നൊ​േബൽ പുരസ്കാരം നേടാൻ ഏറെ സാധ്യതകളുള്ള ഈ ഹംഗേറിയൻ എഴുത്തുകാരൻ പടിഞ്ഞാറൻ ഹംഗറിയിലെ ഗോംബെസെർഗിൽ ഭാര്യക്കൊപ്പം താമസിക്കുന്നു. ഇതിനുമുമ്പ് വന്ന രചനകളിൽ ഭൂരിഭാഗവും വായിക്കാനുള്ള ഭാഗ്യം ഈ ലേഖകനുണ്ടായിട്ടുണ്ട്. സമകാലിക ഹംഗേറിയൻ സാഹിത്യം പ്രതിഭാശാലികളായ എഴുത്തുകാരുടെ സാന്നിധ്യംകൊണ്ട് ലോകമെമ്പാടുമറിയപ്പെടുകയും ചെയ്യുന്നുണ്ടുതാനും. ജോർജ് കോൺറാഡ്, പീറ്റർ എസ്തർ ഹെയ്സിസ് സിലാർഡ് ബോർബെലി, ലാസ് ലൊ ക്രാസ്തഹോർകായ്, ഫീസൊ സാരബാ, ഫെറൻസ് ജാറാസ്, ലാസ് ലൊ നാഗി, ഡിസൊകോസ് റ്റൊലാൻയി തുടങ്ങിയ മഹാപ്രതിഭകളുടെ നാടായ ഹംഗറിയിൽനിന്നാണ് പീറ്റർ നാദാസും രംഗത്തേക്കുവരുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

ഈ ഓർമക്കുറിപ്പുകളുടെ ഒന്നാം ഭാഗം 1945ൽ അവസാനിക്കുമ്പോൾ രണ്ടാം ഭാഗം 1948 മുതൽ 1956 വരെയുള്ള പരാജയപ്പെട്ട ഹംഗേറിയൻ വിപ്ലവം വരെയുള്ള ഒരു കാലത്തെ അനുഭവ​ങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജൂതസമുദായത്തിൽപെട്ട മാതാപിതാക്കളുടെ പുത്രനായി 1942ലാണ് പീറ്റർ നാദാസ് ജനിക്കുന്നത്. 1948ലെ ഹംഗേറിയൻ കമ്യൂണിസത്തിന്റെ വളർച്ചയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷം മുതൽ 1956ലെ വിപ്ലവം വരെയുള്ള ഒരു കാലത്തിന്റെ ഓർമകൾ മാതാപിതാക്കളുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് തയാറാക്കിയിരിക്കുന്നത്. ഈ കാലം ശരിക്കും നാദാസിന്റെ സംഭവബഹുലമായ ബാല്യകാലമാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഓർമകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലംതൊട്ടുള്ള ജൂതസമൂഹത്തിന്റെ യാതനകൾ നിറഞ്ഞ ചരിത്രവുമായി ശരിക്കും ബന്ധപ്പെട്ടുകിടക്കുന്നുമുണ്ട്. ഹംഗേറിയൻ ചരിത്രത്തിന്റെ രണ്ട് നൂറ്റാണ്ടുകളുടെ സങ്കീർണമായ തലങ്ങളെ ഇതിലൂടെ അദ്ദേഹം അന്വേഷിക്കാനും തയാറാവുന്നുണ്ട്.

ജൂതസമൂഹത്തിന്റെ ജീവിതനിയോഗങ്ങൾ ഈ രണ്ട് നൂറ്റാണ്ടുകളുമായി ശരിക്കും കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ അരങ്ങേറിയ രണ്ട് വൻ യുദ്ധങ്ങൾ, ഫാഷിസത്തിന്റെയും നാസിസത്തിന്റെയും റഷ്യൻ അധിനിവേശത്തിന്റെയും കടന്നുവരവ് എല്ലാം അദ്ദേഹം തന്റേതായ വിഭാവനങ്ങളിലൂടെ വായനക്കാരിലേക്കെത്തിക്കുന്നത് മറക്കാനാവാത്ത അനുഭവമാണ്. ‘കനൽത്തരികൾ’ (Embers) എന്ന ഒരൊറ്റ നോവൽകൊണ്ട് ഹംഗേറിയൻ സാഹിത്യത്തെ സമ്പന്നമാക്കിയ സാൻദോർ മറായിയെ (Sandor Marai) ഇവിടെ ഓർത്തുപോകുന്നു. പതിവ് ഓർമക്കുറിപ്പുകളിൽനിന്നും വിഭിന്നമായ ഇതി​ന്റെ ആഖ്യാനത്തിൽ പ്രത്യേകിച്ചൊരു കാലാനുസൃതമായ രീതികളൊന്നുംതന്നെ നാദാസ് ഉപയോഗിച്ചിട്ടില്ല. രണ്ടാം വാല്യത്തിലും ഈയൊരു രീതിയുടെ തുടർച്ച നമുക്ക് തിരിച്ചറിയാം. പ്രക്ഷുബ്ധമായ ഒരു കാലത്തിലും അന്തരീക്ഷത്തിലും ജീവിക്കേണ്ടിവന്ന ഒരെഴുത്തുകാരന് സ്വന്തമായി ഒരു രീതിയെ അവലംബിക്കേണ്ടിവന്നതിൽ തെറ്റു പറയാനും കഴിയില്ല. ഒരു നോവലിസ്റ്റായ നാദാസ് ഇതു​പോലുള്ള സ്വാതന്ത്ര്യം ബോധപൂർവം നേടിയെടുക്കുന്ന ഒന്നാണ്.

 

കമ്യൂണിസ്റ്റ് അധികാരം നിലവിലുണ്ടായിരുന്ന ഇരുമ്പുമറയുടെ പതനം. ഇതിന്റെ ഒരു സാർവലൗകികമായ മുഖം ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു. പോളണ്ടിലും ചെക്കോ​േസ്ലാവാക്യയിലും റുമേനിയയിലും അൽബേനിയയിലുമൊക്കെ ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ ഓർമപുസ്തകത്തിന്റെ പ്രമേയത്തിലും ആഖ്യാനത്തിലും പ്രൂസ്റ്റിന്റെയും (Proust) റോബർട്ട് മ്യൂസിലിന്റെയും (Robert Musil) ഏറ്റവും തീവ്രമായ ആധുനിക റിയലിസത്തിന്റെ സമന്വയം നമുക്ക് കാണാം. പുസ്തകങ്ങളുടെ ശീർഷകങ്ങൾ സൂചിപ്പിക്കുന്നതുപോലെ ഏറ്റവും പ്രാധാന്യംകൊടുക്കേണ്ടത് വിശദാംശങ്ങൾക്കാണ്. ഒരു മികച്ച ഛായാഗ്രഹകൻകൂടിയായ നാദാസ് ആ കണ്ണുകളിലൂടെയാണ് അവയെ സ്വന്തമാക്കിയെടുക്കുന്നത്. അതുവഴി തമസ്കരിക്കപ്പെട്ട മനുഷ്യസ്വാതന്ത്ര്യത്തിന്റെ തീവ്രമായ വേദന ശരിക്കും മനസ്സിലാക്കിയ ഒരെഴുത്തുകാരനാണ് നാദാസ്. കാലത്തിന് അദ്ദേഹത്തിന്റെ മുന്നിൽ ഒന്നും മറച്ചുവെക്കേണ്ടതായും വരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സിലും ചിന്തകളിലും ആവരണം ചെയ്തുനിൽക്കുന്നത് ഒറ്റക്ക് നേരിടേണ്ടതായി വന്ന ആകാംക്ഷയുടെ ഇരുണ്ട തലങ്ങളാണ്. ചുറ്റും ആളിപ്പടരുന്ന അഗ്നിയുടെ നടുവിൽ അകപ്പെട്ട ഏകാകിയുടെ രൂപം അവിടെ തെളിഞ്ഞുകാണാം. ഇത്തരം പ്രതിരൂപങ്ങൾ ആകാംക്ഷയുടെ സ്പർശങ്ങൾക്കൊപ്പം മനസ്സിൽ അലയടിക്കുന്ന ചിന്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഒരു സ്വപ്നത്തിലെന്നപോലെ ജീവിത യാഥാർഥ്യങ്ങളുടെ ഇരുണ്ടതലങ്ങൾ ദിശയറിയാത്ത ഒരു കാലത്തിലെ പ്രവാഹംപോലെ തിരിച്ചുപോരാനാവാത്ത ഇടം തിരിച്ചറിയാനാവാത്ത പ്രതിസന്ധികൾ സൃഷ്ടിക്കുകയുംചെയ്തു.

ജൂതസമൂഹത്തിന്റെ കുടുംബാന്തരീക്ഷത്തിന്റെ വ്യാകുലതകൾ ചെറുപ്പകാലം തൊട്ട് തിരിച്ചറിഞ്ഞ നാദാസ് പല കാര്യങ്ങൾക്കും മാഗ്ദ അമ്മായിയുടെ സാന്ത്വനം തേടുന്നതായും നമുക്കു കാണാം. വായനക്കാരുടെ ഗൗരവപൂർണമായ ഒരു സമീപനംകൊണ്ട് മാത്രമേ ഈ ഓർമക്കുറിപ്പുകളുടെ സങ്കീർണമായ തലങ്ങളെ ഉൾക്കൊള്ളാൻ കഴിയൂ. നാദാസ് പ്രായപൂർത്തിയാകുന്നതിനു മുമ്പുതന്നെ ‘ഷിമ്മറിങ് ഡീറ്റൈൽസ്’ അവസാനിക്കുകയാണ്. ഒരുപക്ഷേ, 1942ൽ അദ്ദേഹത്തിന്റെ ജന്മത്തിനു മുമ്പുതന്നെ ഇതിന്റെ അലയടികൾ കടന്നുചെല്ലുന്നു​ണ്ടെന്നുള്ളത് വ്യക്തം. ബാല്യകാലത്തെ ഓർമകൾ മുതൽ കാലം അവർക്കായി തിരഞ്ഞുവെച്ചിരുന്ന യാതനകൾ ഏറ്റുവാങ്ങേണ്ടിവന്ന ഒരു കാലത്തിലൂടെയുള്ള ജീവിതയാത്രകൾ നിറയെ ഈ രണ്ട് പുസ്തകങ്ങളിലാകെയുണ്ട്.

രണ്ടാം വാല്യത്തിന്റെ തുടക്കത്തിൽതന്നെ പിൽക്കാലത്ത് ഒരു മികച്ച എഴുത്തുകാരനായി മാറിയപ്പോൾ ഇരുപതാം നൂറ്റാണ്ട് ദർശിച്ച കൂട്ടക്കൊലകളെക്കുറിച്ച് അദ്ദേഹം ചിന്തിക്കുകയും വ്യാകുലനാവുകയുംചെയ്യുന്നുണ്ട്. ‘‘ഇത് ശരിക്കും എനിക്കും മറ്റുള്ളവർക്കും തൊഴിൽപരമായ രംഗങ്ങളിൽ നിറയെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇങ്ങനെ നമ്മുടെ ഭൂമിയിൽനിന്ന് അപ്രത്യക്ഷരായ ആയിരക്കണക്കിന്, ലക്ഷക്കണക്കിന് മനുഷ്യരെ ഫിക്ഷനിലേക്ക് പുനർഗ്രഥനംചെയ്യുവാൻ ഞാൻ ശ്രമിച്ചിട്ടുമില്ല. ആരാലും അറിയപ്പെടാതെപോയ ആദ്യത്തെ ഇര എന്റെ പുരോഗതിയെ തടസ്സം സൃഷ്ടിക്കുകയുംചെയ്തു. ഈയൊരു കാര്യത്തിൽ ഞാനെവിടെനിന്നാണോ ആരുമായി ബന്ധപ്പെടുത്തിയാണോ സംഭവിച്ചതെന്നതിന് ഒരു പ്രാധാന്യവുമില്ല. ഒരു അവസാന ബിന്ദുവിലേക്കെനിക്ക് പോകാനും കഴിഞ്ഞില്ല. ഒരു ഒറ്റ വ്യക്തിയെന്ന നിലയിൽ എല്ലാം ഞാനെന്റെ ഭാവനക്കു വിട്ടുകൊടുക്കാനാണ് തോന്നിയത്.

വെറുതെ ഇത്തരം അറിയപ്പെടാതെപോയ മനുഷ്യരെ ഭാവനക്കു വിട്ടുകൊടുക്കുന്നത് അതേസമയം ശരിയാണോ എന്ന് സംശയിക്കുകയുംചെയ്തു. അവരുടെ പുരോഗതിയെ നിരീക്ഷിക്കുവാനോ എന്റെ നോവലുകളിലെ നായകന്മാരെ​ കൊണ്ടതിന് തയാറാവുന്നതിനോ ഞാൻ ശ്രമിച്ചില്ല. എന്റെ നായകർക്കും അവരുടെ അസ്തിത്വത്തെക്കുറിച്ച് അറിയാമെന്ന് നടിക്കുവാനോ അതിനായി വേണ്ട കാരണങ്ങൾ തേടുവാനോ ഒരു കർമപദ്ധതിയുമുണ്ടായിരുന്നില്ല. ഇതിന്റെ തലങ്ങളിൽ ആഖ്യാനപരമായോ അതിനപ്പുറമോ ഉള്ള സാധ്യതകളുമുണ്ടായിരുന്നില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇങ്ങനെ അപ്രത്യക്ഷരായ കുട്ടികളും മുതിർന്നവരുമായ മനുഷ്യജീവികളുടെ മൃതശരീരത്തെക്കുറിച്ചുള്ള ഓർമകളിൽ അഭയം കണ്ടെത്തുകയെന്നത് അത്ര ലളിതമായ ഒരു കാര്യവുമായിരുന്നില്ല.’’ നാദാസിന്റെ സമ്മിശ്രമായ ഓർമകൾക്കുള്ളിൽ ഒരു മികച്ച എഴുത്തുകാരന്റെ താൻ ജീവിച്ച നൂറ്റാണ്ടിൽ അരങ്ങേറിയ ദുരന്തങ്ങളെക്കുറിച്ചുള്ള ആധികളുണ്ട്, ആകാംക്ഷകളുണ്ട്. പക്ഷേ, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കു മുന്നിൽ ഒന്നും ചെയ്യാനാവാത്ത അവസ്ഥ മാത്രമേയുണ്ടായിരുന്നുള്ളൂ.

 

നാസികളുടെ അധിനിവേശ കാലത്തെ ചരിത്രം അന്നത്തെ എഴുത്തുകാരിൽ നിറയെ യാതന നൽകിയിരുന്നു. പ്രത്യേകിച്ച് ഓഷ് വിറ്റ്സിനെപ്പോലെയുള്ള പീഡന ക്യാമ്പുകളിൽ ജൂതസമൂഹത്തിന് നേരിടേണ്ടിവന്ന കാര്യങ്ങൾ ആർക്കാണ് വിസ്മരിക്കുവാനാവുക. ഇറ്റാലിയൻ എഴുത്തുകാരായ പ്രിമൊ ലെവിയുടെയും ലിയൊനാഡോ ഡി ബെനിഡെറ്റിയുടെയും പുസ്തകങ്ങൾ ഇങ്ങനെയുള്ള ഒരു കാലത്തിന്റെ ഇരുണ്ട മുഖം എടുത്തുകാണിക്കുന്നു. ടൂറിൻ നഗരത്തിൽനിന്നും നാസികൾ പിടിച്ചുകൊണ്ടുപോയ ഇവരുടെ ജീവിതം വളരെയധികം ദുരന്തങ്ങൾ നിറഞ്ഞതായിരുന്നു. പ്രിമൊലെവിയുടെ ഏറെ ചർച്ചചെയ്യപ്പെട്ട പുസ്തകങ്ങൾ ഇപ്പോഴും ഈയൊരു കാലത്തിന്റെ സാക്ഷ്യപ്പെടുത്തലുകൾതന്നെയാണ്.

ഇതിൽനിന്നൊക്കെ രക്ഷപ്പെട്ടെങ്കിലും പ്രീമൊലെവി തന്റെ ജനാലപ്പടിയിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുമ്പോൾ ഇതിനൊന്നും വ്യക്തമായ ഒരു മറുപടിയുണ്ടായിരുന്നില്ല. ആകെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിനുള്ളിലെ അതിജീവനം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. അതിജീവനം ഏതാണ്ട് സാധ്യവുമായിരുന്നു: വെറുതെ അയാൾക്ക് ആത്മഹത്യയുടെ മാർഗം അവലംബിക്കാനും കഴിയുമായിരുന്നില്ല. ഇതുപോലെത്തന്നെയാണ് ഹംഗേറിയൻ എഴുത്തുകാരൻ ആർതർ കൊയിറ്റ്സ്‍ലർലെ വെർനെറ്റിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുന്നത്. ‘ഭൂമിയുടെ മാലിന്യം’ (Scum of the Earth) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇതിനെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ഈ പുസ്തകം വളരെനാൾ മുമ്പ് വായിച്ചതിന്റെ ഓർമകൾ ഇന്നുമുണ്ട്. അന്നത്തെ യൂറോപ്യൻ ഭൂമികയിൽ ഈ രീതിയിലുള്ള ക്രൂരതകൾ നടത്താൻ പ്രത്യേകിച്ചൊരു കാരണവും എടുത്തുകാണിക്കേണ്ടതായും വന്നിരുന്നില്ല.

ഒരുദിവസം നാദാസ് ജനാലയിലൂടെ പുറ​ത്തേക്ക് നോക്കി. ഓർമയിൽ പുറത്ത് ദൃശ്യമാകുന്ന അവസാനത്തെ ആ ദൃശ്യങ്ങളെയും ഉൾക്കൊള്ളുവാൻ ശ്രമിക്കുന്ന ഒരുവനെ പോലെ നാദാസ് മാറുകയായിരുന്നു. ‘‘അതെ അത് മറക്കാൻ കഴിയില്ല. അത് അവസാനത്തെ ദൃശ്യം തന്നെയായിരുന്നു. 1943നും 1944നുമിടയിലെ ഒരു ശാഖാവഴിയിലൂടെ നാസികളുടെ ആറ് ട്രാൻസ്​പോർട്ടുകളാണപ്പോൾ കടന്നുപോയത്. അവരുടെ ലക്ഷ്യസ്ഥാനം ഘാഷുവോ മൗത്തോസെന്തൊ അല്ലെങ്കിൽ റാവൽസ് ബ്രൂക്കോ ആയിരിക്കാം. എത്രയെത്ര ജൂതരുടെ അനാഥമായ മുഖങ്ങളാണതിനുള്ളിലുണ്ടായിരുന്നത്. ഓർമകൾ ബാല്യകാലത്തെ ഏറെ ശിഥിലമായ തലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു.’’

ഇങ്ങനെ നോക്കുമ്പോൾ ഈ രണ്ടാം വാല്യം നിറയെ ലോകത്തിന്റെ ചരിത്രപരമായ കേന്ദ്രത്തിന്റെ സിരാകേന്ദ്രത്തിനുള്ളിലെ ജീവിതസമസ്യകളുടെ തലങ്ങളെയാണ് അനാവരണംചെയ്യുന്നത്. മനുഷ്യാനുഭവങ്ങളുടെ തീവ്രമായ രംഗങ്ങൾ നാദാസിന്റെ ഫിക്ഷനൽ ആഖ്യാനത്തിലൂടെ സംവേദിക്കുമ്പോൾ വായനക്കാരെ അത് വല്ലാതെ സ്വാധീനിക്കുന്നു. ഒരു അസാധാരണ എഴുത്തുകാരനു മാത്രമേ ഇതുപോലെയൊന്നിനെ രേഖപ്പെടുത്തി ദൃശ്യങ്ങളെ അവതരിപ്പിക്കാൻ കഴിയൂ. 1956ലെ പരാജയപ്പെട്ട ഒരു വിപ്ലവത്തോടെയാണ്​ (ജനമുന്നേറ്റം) ആയിരത്തി ഒരുനൂറോളം പേജുകളുള്ള ‘ഷിമ്മറിങ് ഡീ​റ്റൈൽസ്’ അവസാനിക്കുന്നത്. ഇരുപത്തിനാലാം വയസ്സിന്റെ നിറവിൽ അദ്ദേഹം രണ്ടാം വാല്യം പൂർത്തീകരിക്കുമ്പോൾ അദ്ദേഹത്തിന്റെ മികച്ച സാഹിത്യകൃതികളെക്കുറിച്ചുള്ള ഓർമകളിലേക്കു വരാൻ ഇനിയും വാല്യങ്ങൾ വേണ്ടിവരും. നാദാസിനൊപ്പം ശക്തമായ പ്രമേയങ്ങളുണ്ട്. ഇനിയും അവസാനിക്കാത്ത രചനയുടെ പ്രവാഹത്തിൽ സാഹിത്യത്തിനുള്ള നൊ​േബൽ പുരസ്കാരം അദ്ദേഹത്തിന് ലഭിക്കട്ടെ.

Tags:    
News Summary - Hungarian writer Peter Nadas memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.