ഇരുട്ടിലൊരാൾ

ബഞ്ചീജമ്പിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ കൈകൾ തണുത്തു. കൂറ്റൻ പാറക്കെട്ടുകൾക്കു താഴെ മഞ്ഞു മൂടിയ കൊക്ക. ദേഹമാസകലം വള്ളികളും കയറുകളും. തലയിലെ ഹെൽമറ്റിൽ ഘടിപ്പിച്ച ഗോ പ്രോ ക്യാമറ ഓണാക്കി. ഹൃദയം ഉച്ചത്തിൽ മിടിക്കുന്നു. നൂറ്, നൂറ്റി ഇരുപത്, നൂറ്റിയമ്പത്... സ്മാർട്ട് വാച്ചിൽ നോക്കി. കണ്ണുകൾ മുറുകെയടച്ചു. ഒരു സ്പ്രിങ് ഹാർണസിന്റെ ബലത്തിൽ ജീവിതത്തിന്റെയും മരണത്തിന്റെയുമിടയിലുള്ള തണ്ടിയിടീൽ. കൈകൾ വിരിച്ച്, പാറക്കെട്ടുകളുടെ അറ്റത്തുനിന്നു മൂടൽമഞ്ഞിലേക്കു കുതിച്ചു. മഞ്ഞുപാളികൾക്കിടയിലേക്കു ചിറകുകൾ വിരിച്ചു. താഴ്വാരത്തിനരികെ എത്തുംതോറും എനിക്കൊപ്പം ഒരുകൂട്ടം കാക്കകൾ വട്ടമിടുന്നു. അതിലൊന്ന്...

ബഞ്ചീജമ്പിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ കൈകൾ തണുത്തു. കൂറ്റൻ പാറക്കെട്ടുകൾക്കു താഴെ മഞ്ഞു മൂടിയ കൊക്ക. ദേഹമാസകലം വള്ളികളും കയറുകളും. തലയിലെ ഹെൽമറ്റിൽ ഘടിപ്പിച്ച ഗോ പ്രോ ക്യാമറ ഓണാക്കി. ഹൃദയം ഉച്ചത്തിൽ മിടിക്കുന്നു. നൂറ്, നൂറ്റി ഇരുപത്, നൂറ്റിയമ്പത്...

സ്മാർട്ട് വാച്ചിൽ നോക്കി. കണ്ണുകൾ മുറുകെയടച്ചു. ഒരു സ്പ്രിങ് ഹാർണസിന്റെ ബലത്തിൽ ജീവിതത്തിന്റെയും മരണത്തിന്റെയുമിടയിലുള്ള തണ്ടിയിടീൽ. കൈകൾ വിരിച്ച്, പാറക്കെട്ടുകളുടെ അറ്റത്തുനിന്നു മൂടൽമഞ്ഞിലേക്കു കുതിച്ചു. മഞ്ഞുപാളികൾക്കിടയിലേക്കു ചിറകുകൾ വിരിച്ചു. താഴ്വാരത്തിനരികെ എത്തുംതോറും എനിക്കൊപ്പം ഒരുകൂട്ടം കാക്കകൾ വട്ടമിടുന്നു. അതിലൊന്ന് എന്റെ മുഖത്തിനു നേരെ പറന്നുവന്നു കണ്ണുകളിലേക്കു തുറിച്ചുനോക്കി. അതു കൊക്ക് പിളർത്തുന്നു. ഉള്ളിൽ ചുവന്ന നിറം. ചോരയുടെ ചുവപ്പ്. ചുറ്റും മരണത്തിന്റെ തണുപ്പ്. ഉള്ളിൽ പ്രാണഭയം കുടുങ്ങി. പെട്ടെന്നാണ് ഞാനതു ശ്രദ്ധിച്ചത്. അരയിലെ കൊളുത്തു പാതി ഒടിഞ്ഞിരിക്കുന്നു. എത്ര ശ്രമിച്ചിട്ടും കൈയെത്തുന്നില്ല. അങ്ങു താഴെ കൂർത്ത പാറക്കെട്ടുകൾക്കു മുകളിൽ വീണു മരിച്ചവർ എന്നെ നോക്കി പല്ലിളിക്കുന്നു.

മാടിവിളിക്കുന്നു. ഞാൻ പതിച്ചേക്കാവുന്ന പാറയ്ക്കു ചുറ്റും അവർ കൈനീട്ടി കാത്തിരിക്കുന്നു. ചിറകു കൊഴിഞ്ഞുപോയ ഞാൻ അലർച്ചയോടെ കണ്ണുകൾ മുറുകെയടച്ചു. സ്പ്രിങ് മുറുകി. കൊളുത്തു പൊട്ടുന്ന ശബ്ദം. പക്ഷേ, എവി​െടയോ പിടുത്തംകിട്ടി. കിടക്കയിലാണ്. തലയണയുടെ വക്കത്ത്. ഒന്നുരുണ്ട് നിലത്തു വീഴാതെ ഞാൻ പാതിവഴിയിൽ കൈകുത്തിനിന്നു. തൊണ്ടവരണ്ടു. തലനാരിഴക്ക് ജീവൻ തിരിച്ചുകിട്ടുന്നവരുടെ മനോനിലയെക്കുറിച്ച് ഓർത്തു. മരണത്തെ മുന്നിൽ കാണുന്നവർ ഒന്നുകിൽ ഭ്രാന്തൻമാരോ അല്ലെങ്കിൽ തീവ്രവാദികളോ ആകും എന്നാരോ പറഞ്ഞത് എത്ര നേരാണ്. തലേന്നു കഴിച്ച മദ്യത്തിന്റെ പുറത്തേക്ക് കുപ്പിവെള്ളം കമഴ്ത്തി. ദേഹമാസകലം തണുത്തു. ചെറുതായി വിയർത്തു. ഫോണെടുത്തപ്പോഴാണ് ബാറ്ററി തീർന്ന കാര്യം അറിയുന്നത്. ചാർജർ കുത്തി. കിടക്കയിൽനിന്ന് എഴുന്നേറ്റ് ബാത്ത് റൂമിലേക്കു നടന്നു.

തലേദിവസത്തെ മദ്യപാന സഭ. പാട്ടും കൂത്തും, തെറിക്കഥകൾ, ഓഫീസിലെ സുന്ദരിമാരെക്കുറിച്ചുള്ള കടങ്കഥകൾ, മാനേജരുടെ അവിഹിതം, പ്രാസംവെച്ചുള്ള അസഭ്യവർഷങ്ങൾ -ഓർത്തപ്പോൾ ചിരിവന്നു. ഉള്ള ചാർജിൽ ഫോൺ ഓണാക്കി. മെയിലുകൾ, സന്ദേശങ്ങൾ എന്നിവയുടെ പ്രളയം. ക്രിക്കറ്റ് കളി ഗ്രൂപ്പുകൾ, ഇക്കിളി കോരിയിടുന്ന കൂട്ടങ്ങൾ, കുടുംബ ഗ്രൂപ്പുകൾ, പാർട്ടി ഗ്രൂപ്പുകൾ, അവിടെയെല്ലാം കുറേ സന്ദേശങ്ങൾ. അതിനു താഴെയാണ് മിസ്ഡ് കോൾ കണ്ടത്. രജനിയുടെ ഫോൺ കോളുകൾ പതിമൂന്നെണ്ണം. എന്റെ ചിരിമാഞ്ഞു. പലതവണ തിരികെ വിളിച്ചു. എടുക്കുന്നില്ല. കൊക്കയിലേക്കു ചാടാനൊരുങ്ങുന്ന സ്വപ്നത്തിലേതെന്നപോലെ എന്റെ ചങ്കിടിപ്പു വർധിച്ചു. വേഗം തിരികെപ്പോകണം. എന്തോ അത്യാവശ്യമുണ്ട്. കൂട്ടുകാരെല്ലാം ഉറക്കത്തിലാണ്. റിലേ കട്ടായിട്ടുള്ള കിടപ്പ്. കുലുക്കി വിളിച്ചു. അനക്കമില്ല. മുക്കലും മൂളലും മാത്രം. വെടി പൊട്ടിച്ചാലും എണീക്കില്ല.

പൂസിറങ്ങി എണീക്കുമ്പോൾ എന്നെ തപ്പിനടക്കും. അതുകൊണ്ട് അവർക്ക് മെസേജ് അയച്ചശേഷം ഞാൻ വേഷം മാറി. തുണി ബാഗിലാക്കി. വായും മുഖവും കഴുകിയിട്ട് പുറത്തേക്കു നടന്നു. നിലാവുള്ള രാത്രി. ഇടക്കിടെ ഫോണെടുത്തു രജനിയുടെ നമ്പറിലേക്കു വിളിച്ചുകൊണ്ടിരുന്നു. മറുപടിയില്ല. അല്ലെങ്കിലും അവൾക്ക് എന്റെ ചില സൗഹൃദങ്ങൾ തീരെ താൽപര്യമില്ല. നിമേഷിനെയും പ്രബനെയും അവൾക്കു കണ്ണിനു കാണരുത്. എന്തുകൊണ്ടാണ് എന്നറിയില്ല. പരിചയപ്പെട്ട കാലം മുതൽ അങ്ങനെയാണ്. ഞാൻ കാര്യമാക്കാറില്ല. ഇവരിൽ ആരുടെ ഫോൺ വന്നാലും അവൾ അപ്പോൾത്തന്നെ കണ്ണുരുട്ടും. ഈ ട്രിപ്പിനു അവർ കൂടെയുണ്ട് എന്നറിഞ്ഞു കാണണം. അല്ലെങ്കിൽ മറ്റെന്തോ അത്യാവശ്യം. അല്ലാതെ തുരുതുരാ വിളിക്കില്ല. നിമേഷിന്റെ സുഹൃത്തിന്റെ ഫാം ഹൗസിലാണ് കമ്പനി കൂടുന്നത് എന്നു പറഞ്ഞപ്പോൾ അവൾ മുഖം വീർപ്പിച്ചതാണ്. അത് എന്തുകൊണ്ടാ​െണന്ന് എനിക്ക് പതിയെ മനസ്സിലായിത്തുടങ്ങി. ആളനക്കമില്ലാത്ത സ്ഥലം. ഭാഗ്യത്തിനു ഫോണിൽ റേഞ്ചുണ്ട്. 5G ഇല്ല. LTE ഇടക്ക് കിട്ടുന്നുണ്ട്. പതിയെ പുറത്തേക്കു നടന്നു.

ഫോണിലെ വെട്ടം തെളിച്ചു. ഗെയിറ്റിൽ ഇരുന്ന സെക്യൂരിറ്റി നല്ല ഉറക്കമായിരുന്നു. കാലിന്റെ ചുവട്ടിൽ കാലിയായ കുപ്പിയുണ്ട്. പുള്ളി തണുപ്പിനെ ചൂടാക്കി മാറ്റുന്ന വിദ്യ പ്രയോഗിച്ച ക്ഷീണത്തിലാണ്. വിളിച്ചിട്ടും വലിയ കാര്യമില്ല. റോഡിലേക്കിറങ്ങി. ചെറിയ വഴിയാണ്. കാറു കയറുന്ന വഴി. ഇലകൾക്കിടയിലൂടെ കടവാവലിന്റെ ചിറകടി. ചീവീടുകളുടെ മൂളൽ. ഫോണിൽ ഓല (OLA) ആപ്പ് തുറന്നു. ഉള്ള സിഗ്നലിൽ ഒരു ഓട്ടോ മാത്രം അടുത്തു കാണിക്കുന്നു. അതും രണ്ടു കിലോമീറ്റർ ദൂരെയാണ്. മടിച്ചുനിൽക്കാതെ ബുക്കിങ് കൊടുത്തു. വീടിന്റെ വിലാസം ടൈപ്പ് ചെയ്തു. രാത്രി ഏറെ വൈകിയതുകൊണ്ട് അയാൾ ഓട്ടം എടുക്കുമോ എന്ന സംശയമുണ്ടായിരുന്നു. പക്ഷേ, ബുക്കിങ് ഇടും മുന്നേ ആള് ഓട്ടം പിടിച്ചു.

ആളുടെ ലാസ്റ്റ് ട്രിപ്പാവും, ചില്ലറ തടയുകയും ചെയ്യും. മൂന്നിരട്ടി കാശല്ലേ കിട്ടാൻപോണത്. അതും ലോങ് ട്രിപ്പ്. വരുമ്പഴേ പൈസയുടെ കണക്കും പറഞ്ഞ് വെറുപ്പിക്കൽ തുടങ്ങും. റിട്ടേണില്ല. കോപ്പില്ല. ഒരു നൂറു രൂപയുംകൂടെ ചായക്കാശ് തരണം. ഓർത്തപ്പഴേ വെറുപ്പടിച്ചു. ഒരു മണിക്കൂറാണ് ഓട്ടോ വരാനുള്ള സമയം കാണിക്കുന്നത്. ബാഗിലിരുന്ന കോള-റം മിക്സ് ഒരു കവിളിറക്കി. സിഗരറ്റ് കത്തിച്ചു. വഴിയിലേക്കു കയറിനിന്നു. കുന്നിൽനിന്നു താഴേക്കു നോക്കി. അങ്ങു ദൂരെ നാഡീവ്യൂഹംപോലെ പടർന്നുകിടക്കുന്ന വെട്ടങ്ങൾ. കാർമേഘം ഉരുണ്ടുകൂടുന്നതും കാറ്റത്തു കോടമഞ്ഞിറങ്ങുന്നതും കണ്ടു. വളരെപ്പതിയെ ചന്ദ്രനെ കാർമേഘം വാരിയുടുത്തു. ദൂരെ മഴയിരമ്പൽ. മേഘം വിണ്ടുകീറി. ദൂരെയുള്ള കെട്ടിടങ്ങൾക്കു മുകളിൽ മഴ. തിരിഞ്ഞുനടക്കാൻ തുടങ്ങിയ എന്നെ ആ കാഴ്ച പിടിച്ചുനിർത്തി. ഞാൻ ദീർഘമായി ശ്വസിച്ചു.

അപ്പോഴാണ് ഫോണടിച്ചത്. രജനിയാണ്. എടുക്കാൻ വിരൽ അടുപ്പിച്ചതും കട്ടായി. നെറ്റ് വർക്ക് എറർ എന്ന് സ്ക്രീനിൽ തെളിഞ്ഞു. ഒറ്റയേറിനു ഫോൺ പൊട്ടിക്കാൻ തോന്നി. ഞാൻ മെസേജ് ടൈപ്പ് ചെയ്തു. ‘തിരിച്ചു. നാളെ രാവിലെ എത്തും.’ അയച്ച മെസേജുകൾ ഒന്നും ഡെലിവറായിട്ടില്ല എല്ലാം സിംഗിൾ ടിക്കിലാണ്. രജനിയുടെ മിസ് കോളിന്റെ അസ്വസ്ഥതകൾ. എവിടെയോ എന്തോ ശരിയല്ല എന്ന തോന്നൽ. ഫോൺ സ്ക്രീനിൽ സിഗ്നൽ ശ്രദ്ധിച്ച് പതിയെ മുന്നോട്ടുനടന്നു. ദൂരേക്കു നോക്കി. റോഡിൽ ഇരുട്ടിന്റെ കനത്ത ആഴങ്ങൾ മാത്രം. വെറുതേ നടന്നുതുടങ്ങിയാൽ ദൂരമറിയാത്ത ഇരുൾ ടണലുകൾ.

ഇങ്ങനെ ഇരുട്ടത്ത് നടന്നാൽ എന്തുദൂരം? എങ്ങോട്ട്? ഞാൻ ചിരിച്ചു. സമയം പന്ത്രണ്ടു മണിയോടടുക്കുന്നു. ദൂരെ ഒരു വണ്ടിയുടെ വെട്ടം. ഓട്ടോറിക്ഷയുടെ ശബ്ദം അടുത്തുവരുന്നു. ഫോണിന്റെ സ്ക്രീനിൽ ബാറ്ററി ചുവപ്പിലേക്കു താഴ്ന്നു. എങ്ങാനും ഓഫായിപ്പോയെങ്കിലോ? ഉള്ള സിഗ്നലിൽ ഞാൻ വൺടൈം പാസ് വേർഡ് ഓർത്തുവെച്ചു. ബാഗ് തൂക്കിനിന്ന എനിക്കരികെ ഓട്ടോക്കാരൻ വണ്ടി നിർത്തി. ഞാൻ OTP കൊടുത്തതും അയാൾ സംശയദൃഷ്ടിയോടെ നോക്കി. സ്വാഭാവികം. സംശയം തോന്നും. ഈ മുതുപാതിരാക്ക് ഇയാൾ ഇവിടെ എന്തുകാണിക്കാൻ വന്നതാണ് എന്ന സംശയം ആർക്കും തോന്നാം.

‘‘ഇവിടെ കൂട്ടുകാർക്കൊപ്പം ഒരു ട്രിപ്പിനു വന്നതാണ്. അതിനിടെയാണ് വിളി വന്നത്. അത്യാവശ്യമുണ്ട്. ഫോണിൽ റേഞ്ചും ചാർജുമില്ല. എന്നെയൊന്ന് അടിവാരത്തെത്തിക്കണം.’’

‘‘ഉം...’’

മുറുക്കാൻ തുപ്പി, ഒന്നിരുത്തി മൂളിയതല്ലാതെ അയാൾ മറ്റൊന്നും പറഞ്ഞില്ല. അത്രയും നേരം അലക്ഷ്യമായിരുന്ന എന്റെ നോട്ടം അയാളുടെ കണ്ണുകളിൽ കൊളുത്തി. നല്ല മുഖപരിചയം. നൈമിഷികമായ മൗനം ഭേദിച്ചുകൊണ്ടു ഞാൻ ചോദിച്ചു.

‘‘കേറിക്കോട്ടെ ചേട്ടാ?’’

മുറുക്കാൻ കാർക്കിച്ചുകൊണ്ടു അയാൾ പറഞ്ഞു, ‘‘കയറാതെ തരമില്ലല്ലോ?’’

ഞാൻ ചിരിച്ചു, ‘‘ഈ തണുപ്പത്തും ചേട്ടൻ നല്ല ചൂടിലാണല്ലോ?’’

അയാൾ ചിരിച്ചില്ല. ഞാൻ അകത്തേക്കു കയറുന്നത് തിരിഞ്ഞുനോക്കാതെ, കണ്ണാടിയിലൂടെ എന്നെ നോക്കിക്കൊണ്ടു പറഞ്ഞു.

‘‘ഒന്നര മണിക്കൂർ എടുക്കും അടിവാരത്തെത്താൻ. കുറച്ചു കുടുക്കം കാണും. കയ്യിൽ ഇരിക്കുന്ന റം ബാഗിൽ വെച്ചിട്ട് ഉറങ്ങുന്നതായിരിക്കും നല്ലത്. അതുകൂടെ അടിച്ചിട്ട് ഇനി ഛർദിക്കണമെങ്കിൽ തല പുറത്തേക്കിട്ടാൽ മതി. സ്പീഡ് കുറച്ചുതരാം. അകത്തു ഛർദിച്ചാൽ ക്ലീനിങ് ചാർജ് അഞ്ഞൂറ് രൂപ വേണ്ടിവരും.’’

ഞാൻ പ്രതീക്ഷിച്ചതുപോലെതന്നെ. എന്നാലും കുപ്പിയിൽ റമ്മാ​െണന്ന് എങ്ങനെ മനസ്സിലായി? ഒറ്റക്കവിളേ ഇറക്കിയുള്ളൂ. ഏതോ മാട്ട സാധനമാണ്. അതാണ് അമ്മാതിരി കവട്ടമണം. രാജി പറയുന്നതുപോലെയാ​െണങ്കിൽ അടിക്കാത്തവർക്ക് മദ്യത്തിന്റെ മണം ​െപ​െട്ടന്നു കിട്ടും. കുപ്പി ഒന്നൂടെ മുറുകെപ്പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.

‘‘ഓ, ആയിക്കോട്ടെ. അഞ്ഞൂറു രൂപ ചില്ലറയായി തന്നാൽ ബുദ്ധിമുട്ടാവില്ലല്ലോ അല്ലേ? സവാരിയുടെ ടേംസ് ആൻഡ് കണ്ടീഷൻ കഴിഞ്ഞാൽ പോകാമായിരുന്നു.’’

 

മുറുക്കാൻ നീട്ടിത്തുപ്പിയശേഷം കണ്ണാടിയിലൂടെ എന്നെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു, ‘‘ഈ സവാരിക്കു ഒറ്റ കണ്ടീഷനെ ഒള്ളൂ.’’

ചെറിയ കുടുക്കത്തോടെ വണ്ടി നീങ്ങിത്തുടങ്ങി. ഇറക്കമിറങ്ങിത്തുടങ്ങിയപ്പോൾ ഫാം ഹൗസിനു മുകളിലേക്കു കോടമഞ്ഞ് നുഴഞ്ഞുകയറുന്ന കാഴ്ച കണ്ടശേഷം നേരെയിരുന്നു. ഫോണിലേക്കു നോക്കി. അഞ്ചു ശതമാനം ചാർജ്. തലപൊക്കി നോക്കിയപ്പോഴെല്ലാം അയാൾ എന്നെ ഇടംകണ്ണിട്ട് ശ്രദ്ധിക്കുന്നതായി കണ്ടു. അയാളുടെ വണ്ടിയുടെ മുന്നിലെ മഞ്ഞവെട്ടം മഞ്ഞിനിടയിലൂടെ നുഴഞ്ഞു കയറുകയും, ഇരുട്ടിനെ തള്ളിമാറ്റുകയും ചെയ്തു. സംസാരങ്ങളില്ലാത്ത യാത്ര അരോചകമായി. ഒടക്കുവർത്തമാനം പറയും എന്നറിഞ്ഞിട്ടും ഞാൻ അയാളോടു ചോദിച്ചു. ‘‘ചേട്ടാ, ഈ മലമണ്ടക്ക് ജീപ്പും ട്രക്കുമൊക്കെയല്ലേ? ഇതെന്താ ആപ്പേ ഓട്ടോയിൽ ഇവിടെ?’’

‘‘രാവിലെ ഒരു ഓട്ടം വന്നതാ. അടിവാരത്തു വന്ന ഡോക്ടറുമായിട്ടായിരുന്നു സവാരി.’’

‘‘ആഹാ, ഇവിടെ ആശുപത്രി ഒന്നുമില്ലേ?’’

‘‘ഒണ്ട്. ഒരു സർക്കാർ ആശുപത്രിയാണ്. ഒരു പ്രസവക്കേസ് അറ്റൻഡ് ചെയ്യാനാന്നാ പുള്ളി പറഞ്ഞത്. വൈകിട്ടുവരെ വെയ്റ്റ് ചെയ്യണം എന്നൊക്കെപ്പറഞ്ഞു വന്നതാ. അത്യാവശ്യം ആ സ്ത്രീയെയും കൊണ്ടുപോകേണ്ടിവന്നെങ്കിലോ എന്ന് ഓർത്ത് ആശുപത്രിയിൽ കിടന്നു. രാത്രിയായപ്പോ കുറച്ചു ബന്ധുക്കളുടെ കരച്ചിൽ കേട്ടു. അറ്റൻഡർ ഓടുന്നതു കണ്ടു. പിന്നെ സാധാരണപോലെ ആളുകൾ ഓരോരുത്തരായി കൂടിത്തുടങ്ങി. ഇടക്ക് എപ്പോഴോ ആ ഡോക്ടർ വിയർത്തുകുളിച്ച് എന്റെടുത്ത് വന്നു. അയാളുടെ മുഖത്ത് രക്തമില്ലായിരുന്നു. രണ്ടു പ്രാണൻ പോയ കാഴ്ച കണ്ടതാവാം. പുള്ളിക്ക് രാവിലെ വരെ അവിടെ നിക്കണം. പിന്നെ ആംബുലൻസ്, പോലീസ്... ഓരോരോ നൂലാമാലയിൽ കുടുങ്ങും മുമ്പ് അയാൾ എനിക്കു ഓ​േട്ടാ ചാർജും വെയ്റ്റിങ് ചാർജും റിട്ടേൺ ചാർജും എല്ലാം കൂടെ രണ്ടായിരം രൂപ തന്നു. എന്തോ അതു വാങ്ങാൻ തോന്നിയില്ല. അവിടന്നു പോരാൻ തുടങ്ങിയപ്പോഴാ സാറിന്റെ ഓട്ടം.’’

അയാൾ സംസാരം നിർത്തി പുറത്തേക്ക് നീട്ടിത്തുപ്പിയശേഷം പറഞ്ഞു.

‘‘ഡോക്ടറേംകൊണ്ട് അങ്ങോട്ടു പോകുന്നവഴി നിങ്ങൾ ആ ഫാം ഹൗസിൽ നിൽക്കുന്നതു കണ്ടിരുന്നു. പാട്ടും ബഹളവും കേട്ടപ്പോ ശ്രദ്ധിച്ചതാ. നിങ്ങൾ നന്നായിട്ടു പാടും അല്ലേ?’’

‘‘ചെറുതായിട്ടൊക്കെ. ചേട്ടന്റെ വീട് ഇവിടെ അടിവാരത്താണോ?’’

‘‘അല്ല. എല്ലായിടവും ഓടും. മിക്കവാറുമൊക്കെ ലോങ് ഓട്ടമാ. എന്നാലേ വട്ടം ഒക്കത്തൊള്ളൂ.’’

‘‘നിങ്ങൾ ഒരു നല്ല ഡ്രൈവറാണ്. ഈ കുഴികൾക്കിടയിലൂടെ ടയർ വെട്ടിച്ചുമാറ്റി ടാറിട്ട വശത്തുകൂടി വണ്ടി ഓടിക്കാൻ നല്ല പരിചയം വേണം.’’

അയാൾ ആദ്യമായി ഒന്നു ചിരിച്ചശേഷം പറഞ്ഞു, ‘‘നല്ല പാട്ടുകാരൻ എന്നതിന്റെ നന്ദിസൂചകമായ മറുപടിയാണല്ലേ?’’

ആ​െണന്നോ ​അെല്ലന്നോ പറയാതെ മിണ്ടാതിരുന്നു. പെ​െട്ടന്നാണ് ഒരു പോത്ത് ഓട്ടോക്കു വട്ടം ചാടിയത്. അയാൾ ബ്രേക്കിട്ടു. വണ്ടിയുടെ ലൈറ്റ് ഓഫാക്കി. പിന്നെ പതിയെ ഇരുട്ടത്തുകൂടി ഓരംചേർന്നു വണ്ടി നീക്കി. ശ്വാസംപിടിച്ചിരുന്ന ഞാൻ ചോദിച്ചു,

‘‘ചേട്ടാ, പോത്ത് കുത്തത്തില്ലെ?’’

അയാൾ ശബ്ദംതാഴ്ത്തി പറഞ്ഞു.

‘‘എന്റെ ഓട്ടോ സ്ഥിരമായി വരുന്നതല്ലേ.’’

ഞാൻ ചിരിച്ചു. ‘‘അതെന്താ ചേട്ടാ? നിങ്ങള് തമ്മി വല്ല പുലബന്ധവുമുണ്ടോ? അതോ തീറ്റി കൊടുത്തു വളർത്തുന്നതാണോ?’’ അയാൾ എന്നെ രൂക്ഷമായി നോക്കിയശേഷം ഒന്നിരുത്തി മൂളി. വണ്ടിയുടെ വേഗതകൂട്ടി.

സാരഥിക്കു എന്റെ തമാശ ദഹിക്കാത്തതുകൊണ്ടു വീണ്ടും സംസാരം തുടരാൻ ഞാൻ തീരുമാനിച്ചു.

‘‘ചേട്ടാ, ഒരു കാര്യം പറയട്ടെ? നിങ്ങളെ ഞാൻ എവിടെയോ വെച്ചു കണ്ടിട്ടുണ്ട്. നല്ല മുഖപരിചയം.’’

‘‘എനിക്കും സാറിന്റെ മുഖം നല്ല പരിചയമുണ്ട്. നമ്മൾ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്. കള്ളയോട്ടമല്ലേ. അതിനിടെ എവിടെ എങ്കിലും വെച്ചാകും.’’

‘‘കള്ളയോട്ടമോ? അതെന്താ?’’

‘‘അതു കള്ളവെടിപോലെ തന്നെയാ. ബന്ധപ്പെട്ടവരുടെ പെർമിറ്റില്ലാതെയുള്ള പരിപാടി.’’

ഞാനൊന്നു ഞെട്ടി. ഒരു പിടപ്പ് ന​െട്ടല്ലിന്റെ പടികൾ ചാടിക്കയറി. ജീവിതത്തിന്റെ പിന്നാമ്പുറത്തെ പൊന്തക്കാട്ടിൽവെച്ച് പിടിക്കപ്പെട്ടാൽ കഥ കഴിയും എന്നൊരു എഴുത്തുകാരൻ സുഹൃത്ത് ഇടക്കിടെ എന്റെയടുത്ത് പറയാറുണ്ട്. മലമണ്ടക്ക് ഞങ്ങൾ മൂവർക്കുമൊപ്പം കഴിഞ്ഞ രാത്രിയിലുണ്ടായിരുന്ന സുന്ദരിയുടെ മുഖം എനിക്കു പെെട്ടന്ന് ഓർമവന്നു. നിമേഷിനും പ്രബനും ശേഷം എന്റെ കിടക്കയിലേക്കു വന്നുവീണ അവളുടെ തളർന്ന കണ്ണുകളിലേക്ക് എന്റെ നെറ്റിയിലെ വിയർപ്പ് ഇറ്റിയതും നീറ്റലോടെ അവൾ കണ്ണടച്ചു ശ്വാസംപിടിച്ചു കിടന്നതും എന്റെ തലയിലൂടെ മിന്നിമാഞ്ഞു. രജനിയുടെ മുഖവും ഞങ്ങൾ ഇല്ലാണ്ടാക്കിയ അവളുടെ രണ്ടാമത്തെ കുട്ടിയുടെയും പിന്നെ അവളുടെ ഭർത്താവിന്റെയും രൂപങ്ങൾ -അവരെല്ലാം ഈ ഓട്ടോറിക്ഷയുടെ ഉള്ളിലുള്ളതായി തോന്നി. എനിക്കു കിതപ്പനുഭവപ്പെട്ടു. കുപ്പിയിലെ റം ഒറ്റവലിക്കു മുഴുവനായി അകത്താക്കിയ ഞാൻ കിതച്ചുകൊണ്ടു തലക്കു കൈ കൊടുത്തിരുന്നു. ഇതൊന്നും പുറത്തുകാണിക്കരുത് എന്ന ചിന്തയോടെ തലപൊക്കിയ എന്നെ കണ്ണാടിയിലൂടെ അയാൾ തുറിച്ചുനോക്കുന്നുണ്ടായിരുന്നു.

ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു, ‘‘തൽപരകക്ഷിയാണോ?’’

അയാൾ ചെറുതായി ചിരിച്ചു. ‘‘എന്നും സവാരിയുണ്ട് സാറേ. ഒറ്റത്തടിയാ. അതിനിടക്ക്...’’ ഒന്നുനിർത്തിയശേഷം അയാൾ തുടർന്നു, ‘‘കേറുന്നവരുടെ കണക്ക് മുതലാളിക്കു കൊടുത്തില്ലേൽ എനിക്കൊരു സമാധാനമില്ല. എന്നെ വലിയ വിശ്വാസമാ. കള്ളയോട്ടമാണേലും കരക്കാരുടെ തെറി കേട്ടാലും എന്റെ പണി വൃത്തിയായി ചെയ്യും എന്നു പുള്ളിക്കറിയാം. സാറിനു പുള്ളിയെ അറിയാൻ വയ്യ. അതാ... നല്ല ഉഗ്രൻ കക്ഷിയാ. ആത്മാർഥതയുടെ അസുഖം ഞങ്ങൾക്കു രണ്ടുപേർക്കും കൂടുതലാ. പുള്ളീടെ കൂടെക്കൂടി കഴിഞ്ഞ് പിന്നെ എന്നും യാത്രയാണ്. ചിലപ്പോൾ ആളുടെ വാഹനമാവും. ചിലപ്പോൾ ഈ ഓട്ടോറിക്ഷ.’’ ചേട്ടന്റെ മുതലാളിക്ക് എന്താ ജോലി?’’

‘‘സെൻസസ് ബോർഡിലാണ്. ഉയർന്ന പദവി. എന്നും യാത്രതന്നെ യാത്ര. എന്നെപ്പോലെയല്ല. പുള്ളിക്ക് കുടുംബമൊക്കെയുണ്ട്.’’

അയാളുടെ നല്ല പരിചയമുള്ള സംസാരവും ചെയ്തികളും കേട്ട ഞാൻ പറഞ്ഞു.

‘‘ചേട്ടനെപ്പോലത്തെ നല്ല മനുഷ്യർ കുറവാണ്.’’

അയാൾ ചിരിച്ചു. എന്നിട്ടു പറഞ്ഞു, ‘‘എത്ര പേർക്കുണ്ട് സാറേ ഇപ്പോൾ ആത്മാർഥത. അത് പറഞ്ഞെപ്പഴാ.’’ സംസാരം മുറിച്ചുകൊണ്ട് അയാൾ എന്തോ ആലോചനയിൽ മുഴുകി പെ​െട്ടന്നു വണ്ടി ഓരം നിർത്തി. വണ്ടിയിൽനിന്നിറങ്ങി അയാൾ വഴിയരികിൽ വാ കഴുകിത്തുപ്പുന്നതിനിടെ പറഞ്ഞു.

‘‘നല്ല മനുഷ്യരോ? ഈ ലോകത്തെ ഏറ്റവും ആക്രമകാരികൾ മനുഷ്യനാണ്. കളിക്കും കാര്യത്തിനും കൊല്ലും. മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും മാരകമായ ആയുധം ബോംബും തോക്കുമൊന്നുമല്ല സാറേ, വാക്കാണ്. ഇഷ്ടമല്ലാത്തവരെ പറ്റി മറ്റുള്ളവരുടെ അടുത്ത് ഇല്ലാക്കഥകൾ പറഞ്ഞു കൊല്ലാതെ കൊല്ലും. അതിനു മനുഷ്യൻ കൂട്ടുപിടിക്കുന്ന ആളാണ് ദൈവം. സാറ് കേട്ടിട്ടില്ലെ, ‘ദൈവത്തിനാണേ ഒള്ളതാ, അവൻ/ അവൾ’ എന്നു തുടങ്ങുന്ന കഥകൾ.’’

‘‘ചേട്ടൻ വിശ്വാസിയാണോ?’’

അയാൾ അടുത്ത മുറുക്കാനിൽ ചുണ്ണാമ്പ് തേച്ചുകൊണ്ടു പറഞ്ഞു. രണ്ടുതരത്തിലുള്ള ദൈവങ്ങളേ ഒള്ളൂ സാറേ, ഒന്നു എന്നേം സാറിനേമൊക്കെ ഒണ്ടാക്കിയ പേരറിയാത്ത ഒരു സംഭവം. രണ്ടാമത്തത്, മനുഷ്യരെല്ലാം കൂടെ കണ്ടുപിടിച്ച് പേരിട്ട കുറേ ദൈവങ്ങൾ. ചിലർക്ക് ഒറ്റദൈവം, മറ്റു ചിലർക്ക് ഒരുപാടെണ്ണം. എല്ലാത്തിനും പല ഭാഷ. പല ചിഹ്നം.’’ മനുഷ്യരുണ്ടാക്കിയ ദൈവത്തിന്റെ വിശ്വാസ്യത ഇടക്കാലം കൊണ്ടൊന്നു ഇടിഞ്ഞപ്പോ മനുഷ്യരു തന്നെ ദൈവങ്ങളാകാൻ തുടങ്ങി. ശരിക്കുമുള്ള ദൈവമിപ്പോൾ ഐഡന്റിറ്റി ക്രൈസിസി ലാ.’’

എനിക്കു ചിരിവന്നു. അയാൾ ചിരിച്ചുകൊണ്ടു മുറുക്കാൻ വായിലിട്ടു. ശേഷം വണ്ടിയിലേക്കു കയറി.

‘‘ഓരോ ഓട്ടത്തിൽ എത്രതരത്തിലുള്ള മനുഷ്യരാണ് ചേട്ടന്റെ വണ്ടിയിൽ കയറുന്നത് അല്ലേ?’’

‘‘അതാണ് ബഹുരസം. കഴിഞ്ഞയാഴ്ച അങ്ങ് കോട്ടയത്തുനിന്ന് ഒരു ഓട്ടം കിട്ടി. പാസ്പോർട്ട് ഓഫിസിന്റെ പുറത്തുനിന്നാണ്. ഒരു അമ്മച്ചി. മുന്തിയ ടീം. കുറച്ചു സാധനങ്ങൾ വാങ്ങാനാണെന്നും വെയ്റ്റിങ് ഉ​െണ്ടന്നും ആദ്യമേ പറഞ്ഞിരുന്നു. ദീർഘയാത്രക്കുള്ള വാങ്ങലാണെന്ന് നമുക്ക് മനസ്സിലാകും. അവരോട് ഒന്നും ചോദിക്കുന്നത് ഇഷ്ടമല്ല. എപ്പഴാ ചാടിക്കടിക്കുക എന്നൊന്നും അറിയില്ല. ഒരു പിരുപിരുത്ത സ്വഭാവക്കാരി. മാഡം എന്നേ വിളിക്കാവൂ. ആൾക്ക് രണ്ട് പെൺമക്കളാണ്. ഒരാള് അമേരിക്കൻ പൗരത്വവും മറ്റേയാള് ബ്രിട്ടീഷ് പൗരത്വവും സ്വീകരിച്ചവരാണ്. വലിയ സ്ഥിതിയിലുള്ള ബഡാ പാർട്ടിക്കാരാ. സ്വന്തം മക്കളെക്കുറിച്ച് പൊക്കിപ്പൊക്കിയടിക്കും. ലോകത്തു നടക്കുന്ന സകലമാന കാര്യങ്ങളെക്കുറിച്ചും ധാരണയാണ്.

രാഷ്ട്രീയമാണ് മെയിൻ. നാട്ടിലെ കാര്യങ്ങളെ അമേരിക്കൻ രീതികളുമായി താരതമ്യംചെയ്യലാണ് പ്രധാന വിനോദം. നമ്മളെയൊക്കെ തരംതാണവർ എന്നവർ വിളിക്കാതെ വിളിക്കും, ചുറ്റുവട്ടത്തുള്ളവരെല്ലാം സംസ്കാരശൂന്യരാണെന്ന്. നമ്മൾ എല്ലാം മിണ്ടാതെ കേൾക്കണം. യാത്ര തീർന്നു വീട്ടിലിറക്കിയപ്പോൾ നല്ല ചാർജു തന്നു. വെയ്റ്റിങ്ങിനു സാധാരണ കിട്ടുന്നതിനേക്കാൾ കൂടുതൽ കാശു കിട്ടിയപ്പോൾ സന്തോഷത്തോടെ മാഡത്തിന്റെ സാധനങ്ങൾ ഇറക്കിവെക്കാൻ ഞാനും കൂടി. ലണ്ടനിലേക്കുള്ള യാത്രയാണ് എന്നാണ് പിരിയുമ്പോൾ പറഞ്ഞത്. മാസങ്ങൾ കഴിഞ്ഞ് അവരെ ഞാൻ റെയിൽവേ സ്റ്റേഷനു മുന്നിൽവെച്ചു കണ്ടു. യാത്രപോയിട്ടു വന്നതാവണം. വീട്ടിലേക്കുള്ള വഴി അറിയാമായിരുന്നു. അവരുടെ മുഖത്തെ കരിവാളിച്ച പാടുകണ്ട് എന്തുപറ്റി എന്ന ചോദ്യത്തിനു ആദ്യമൊന്നു ചീറിയെങ്കിലും പിന്നെ ശാന്തയായി. ഇത്തവണ അവർ രാഷ്ട്രീയം പറഞ്ഞില്ല.

ഒന്നും മിണ്ടിയില്ല. എന്തുപറ്റി എന്നു ഞാൻ വീണ്ടും ചോദിക്കില്ല എന്ന് മനസ്സിലായതോടെ അവർ ചിരിച്ചുകൊണ്ടു പറഞ്ഞു, ‘‘ഞാൻ കഴിഞ്ഞയാഴ്ച വന്നു. ഇംഗ്ലണ്ട് ജീവിതം ശരിയായില്ല. ഇങ്ങ് പോന്നു.’’ മുഖത്തെ പാടിലേക്കുള്ള എന്റെ ശ്രദ്ധ അവരറിഞ്ഞു കാണണം. ഒരു കൈകൊണ്ടു കവിളു പൊത്തിയശേഷം അവർ തുടർന്നു. ‘‘പേരക്കുട്ടിയുടെ കൂടെ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് കളി കാണാനിരുന്നതാണ്.

ഇന്ത്യ ജയിച്ചപ്പോൾ ഞാൻ സോഫയിൽനിന്നു ചാടി എണീറ്റു കൈയടിച്ചു. അത് ചെറുമകന് ഇഷ്ടമായില്ല. അവൻ ഇംഗ്ലണ്ടുകാരനാ​െണന്ന് ഞാനും മറന്നു. കാലിൽ കിടന്ന ചെരുപ്പൂരി അവൻ എന്നെ അടിച്ചശേഷം പറഞ്ഞു, ‘‘ഹേയ് യൂ ഫക്കിൻ ഓൾഡ് ഇന്ത്യൻ ബിച്ച്, യൂ ആർ ഇൻ ലണ്ടൻ’’ എന്ന്. വീണ്ടും എന്തൊ​െക്കയോ പറഞ്ഞുകൊണ്ട് അവൻ മുറിയിൽക്കയറി വാതിലടച്ചു. വൈകിട്ട് മകൾ വന്നത് എന്റെ റിട്ടേൺ ടിക്കറ്റുമായാണ്. ഞാനും ഒന്നും പറഞ്ഞില്ല. ഇങ്ങുപോന്നു.’’ പിന്നീട് ഞങ്ങൾ മിണ്ടിയില്ല. അവരെ ഇറക്കി തിരിച്ചുപോന്നു. പിറ്റേന്ന് വണ്ടി കഴുകുമ്പോൾ അവരുടെ പാസ്പോർട്ട് എന്റെ വണ്ടിയിൽനിന്നു കിട്ടി. അതു കൊടുക്കാൻ ചെന്നപ്പോൾ അവരെ കിടക്കയിൽനിന്നു ഇറക്കിക്കിടത്തിയതേയുള്ളായിരുന്നു.’’

ഇത്രയും കേട്ടപ്പോൾ ഞാൻ പറഞ്ഞു, ‘‘ചേട്ടാ ഈ സംഭവം നടന്നത് എന്റെ വീടിനടുത്താണ്. വലിയ കഷ്ടമായിപ്പോയി. ചേട്ടൻ അവിടെ വന്നിരുന്നോ? ഞാൻ ആ വീട്ടിൽ ഉണ്ടായിരുന്നു. അവരുടെ കാൽക്കൽ പിടിച്ചത് ഞാനാണ്. പിന്നീട് അവരുടെ മക്കളൊക്കെ വന്നപ്പോഴേക്കും ഞാൻ തിരികെപ്പോയി. വെറുതേയല്ല നിങ്ങളെ നല്ല കണ്ടുപരിചയം. അവിടെവെച്ചു തന്നെ.’’ ഞാൻ അയാളുടെ തോളിൽ കൈവെച്ചു. അയാൾ കണ്ണാടിയിലൂടെ എന്നെ നോക്കി നെടുവീർപ്പിട്ടു. ശേഷം അടിവാരം എന്ന ബോർഡിനരികെ വണ്ടിയൊതുക്കി. ദൂരേനിന്നു മലകയറി വരുന്ന മറ്റൊരു വണ്ടിക്കും ആംബുലൻസിനും ലൈറ്റടിച്ചു വഴി കാണിച്ചു. പിന്നെ ഉച്ചത്തിൽ ഒരു ശബ്ദമുണ്ടാക്കി. വണ്ടി ഞങ്ങളെ താണ്ടുമ്പോൾ ആംബുലൻസിനു പിന്നാലെ വന്ന വണ്ടിയുടെ ഡ്രൈവർ ഓട്ടോക്കാരനെ കൈകാണിച്ചു. അതു കണ്ട ഞാൻ ചോദിച്ചു. ‘‘ആ വണ്ടി ആശുപത്രിയിലേക്കാവും അല്ലേ?’’

 

അയാൾ പറഞ്ഞു, ‘‘ആംബുലൻസ് നിങ്ങടെ ഫാം ഹൗസിലേക്കാണ്. പിന്നാലെ പോയ വണ്ടി ആശുപത്രിയിലേക്കും.’’

തൊണ്ട വരണ്ടു. ‘‘എന്റെ കൂട്ടുകാർ. അവർക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ? നമുക്ക് പെ​െട്ടന്നു തിരിച്ചുപോകാം.’’

‘‘അതിനു അടിവാരം എത്തിപ്പോയല്ലോ സാറേ. ഇനിയൊരു മടങ്ങിപ്പോക്ക് പറ്റത്തില്ല.’’ ഞാൻ പലവട്ടം കെഞ്ചി. ഇരട്ടിത്തുകയും കയ്യിലെ സ്വർണച്ചെയിനും വാഗ്ദാനംചെയ്തു. അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു, ‘‘സാറിന്റെ അടിവാരം ഇതാണ്. ഇവിടെ ബസ്സു കിട്ടും. ഇനിയങ്ങോട്ട് ഞാൻ പോരുന്നില്ല. ചിലപ്പോൾ ആ ഡോക്ടറുടെ ഓട്ടംകൂടി കാണും. അതിനുള്ള സമയമായി.’’

അരിശത്തോടെ ഞാൻ വണ്ടി വിട്ടിറങ്ങി. ‘‘ആളനക്കമില്ലാത്ത ഈ മലമൂട്ടിലേക്ക് കൂടെവന്നവർക്ക് എന്തുപറ്റി എന്നറിയാതെ ഞാനെങ്ങനെ തിരിച്ചുപോകും!’’

അയാൾ ചിരിച്ചുകൊണ്ട് എന്റെ കണ്ണിലേക്കു നോക്കി. ‘‘സമയം എത്രയായി സർ?’’

ധൃതിയിൽ ഞാനെന്റെ വാച്ചിൽ നോക്കി. അതിന്റെ സമയചതുരത്തിൽ കറുപ്പു മാത്രം. എത്രനേരം അങ്ങനെ നിന്നു എന്നറിയില്ല. ഞാൻ ആ സമയചതുരത്തിലെ ഇരുട്ടിലാ​െണന്നും എനിക്കു ചുറ്റുമുള്ള അന്ധകാരം അനന്തതയിലേക്കു വ്യാപിച്ചുകിടക്കുകയാണെന്നും എനിക്കു തോന്നി. വഴിയിലെ കുണ്ടും കുഴിയും കല്ലും മുള്ളും, ഒന്നും എനിക്ക് തടസ്സമായില്ല. മരത്തലപ്പുകളിൽ കാറ്റിന്റെ മൂളക്കം. എന്നെത്തൊടാതെ ഈ കാറ്റ് എവിടെനിന്നാണ് വന്നത്? ഉൾക്കാട്ടിലെവിടെനിന്നോ മഴ പ്രേതത്തെപ്പോലെ അലമുറയിട്ടു വന്നു. എന്നെ തൊടാതെ എനിക്കു ചുറ്റും അലച്ചു പെയ്തു. അടുത്തടുത്തു വരുന്ന ആംബുലൻസിന്റെ സൈറൺ.

നന്നേ വീതി കുറവായ വഴിയുടെ ഓരം പറ്റി ഞാൻ നിന്നു. മുഴുത്ത കല്ലുകളും വലിയ വേരുകളും ഒഴിവാക്കിപ്പോകുവാൻ ഡ്രൈവർ ആംബുലൻസിന്റെ വേഗം കുറച്ചു. അലച്ചുപെയ്യുന്ന മഴയിൽ വ്യക്തമായി വഴി കാണുവാനെന്നോണം തുറന്നിട്ടിരുന്ന വിൻഡോലാഷ്. അതിലൂടെ ഞാൻ കണ്ടു, ചേതനയറ്റ ഒരു ശരീരം. കടവായിലൂടെ ഒലിച്ചിറങ്ങിയ കറുത്ത ചോര. നടുക്കത്തോടെ ഞാൻ തിരിച്ചറിഞ്ഞു. അയാൾക്ക് എന്റെ മുഖം. ഇരുട്ടിന്റെ അഗാധതയിൽ നിൽക്കുന്ന എന്നെ മറികടന്ന്, പെ​െട്ടന്നു വേഗം വർധിപ്പിച്ച് അത് താഴ്വരയിലേക്കു പാഞ്ഞുപോയി. സ്പർശമോ ഗന്ധമോ അറിയാനാവാതെ അനങ്ങുവാനാവാതെ, അപാരമായ ഇരുട്ടിൽ അലിഞ്ഞുപോയതുപോലെ എനിക്കു തോന്നി.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-02 03:45 GMT
access_time 2026-02-23 05:45 GMT
access_time 2026-02-16 04:00 GMT
access_time 2026-02-16 04:00 GMT
access_time 2026-02-09 04:30 GMT
access_time 2026-02-02 03:15 GMT
access_time 2026-01-26 05:30 GMT
access_time 2026-01-26 04:45 GMT