ഒ​രു തെ​രു​വി​ന്റെ ക​ഥ; മ​റ​ഞ്ഞു​പോ​യ ഒ​രു സം​സ്കാ​ര​ത്തി​ന്റെ​യും

ജമാൽ കൊച്ചങ്ങാടിയുടെ ‘സി​ന​ഗോ​ഗ് ലെ​യി​ൻ’ നൽകുന്ന വായന, ദേശ അനുഭവങ്ങളെക്കുറിച്ച് എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ. ആ പുസ്തകം വായിക്കുന്ന ഒരാളുടെ ഫോ​ർ​ട്ട് കൊ​ച്ചി യാ​ത്ര​ക​ൾ ഏ​റെ വ്യ​ത്യ​സ്ത​മാ​യി​രി​ക്കുമെന്നും എഴുതുന്നു. കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ​യു​ടെ സ​മ​യ​ത്ത് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലൂ​ടെ​യും മ​ട്ടാ​ഞ്ചേ​രി​യി​ലൂ​ടെ​യും ന​ട​ക്കു​മ്പോ​ൾ ഒ​രു ന​ഗ​ര​മാ​കെ വി​ശാ​ല​മാ​യ ഒ​രു കാ​ൻ​വാ​സ് ആ​യി മാ​റു​ന്ന അ​നു​ഭ​വ​മാ​ണ് തോ​ന്നി​യ​ത്. ചെ​റി​യ റോ​ഡു​ക​ളും ഇ​രു​വ​ശ​ത്തു​മു​ള്ള വി​വി​ധ നി​റ​ങ്ങ​ൾ പൂ​ശി​യ ക​ട​ക​ളും പ​ഴ​ക്ക​ത്തി​ന്റെ ഗ​ന്ധം നി​റ​ഞ്ഞ...

ജമാൽ കൊച്ചങ്ങാടിയുടെ ‘സി​ന​ഗോ​ഗ് ലെ​യി​ൻ’ നൽകുന്ന വായന, ദേശ അനുഭവങ്ങളെക്കുറിച്ച് എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ. ആ പുസ്തകം വായിക്കുന്ന ഒരാളുടെ ഫോ​ർ​ട്ട് കൊ​ച്ചി യാ​ത്ര​ക​ൾ ഏ​റെ വ്യ​ത്യ​സ്ത​മാ​യി​രി​ക്കുമെന്നും എഴുതുന്നു.

കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ​യു​ടെ സ​മ​യ​ത്ത് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലൂ​ടെ​യും മ​ട്ടാ​ഞ്ചേ​രി​യി​ലൂ​ടെ​യും ന​ട​ക്കു​മ്പോ​ൾ ഒ​രു ന​ഗ​ര​മാ​കെ വി​ശാ​ല​മാ​യ ഒ​രു കാ​ൻ​വാ​സ് ആ​യി മാ​റു​ന്ന അ​നു​ഭ​വ​മാ​ണ് തോ​ന്നി​യ​ത്. ചെ​റി​യ റോ​ഡു​ക​ളും ഇ​രു​വ​ശ​ത്തു​മു​ള്ള വി​വി​ധ നി​റ​ങ്ങ​ൾ പൂ​ശി​യ ക​ട​ക​ളും പ​ഴ​ക്ക​ത്തി​ന്റെ ഗ​ന്ധം നി​റ​ഞ്ഞ ഗു​ദാ​മു​ക​ളും റോ​ഡി​ൽ നി​റ​യെ ലോ​റി​ക​ളും ഓ​ട്ടോ റി​ക്ഷ​ക​ളും കൗ​തു​ക​ക​ര​മാ​യ ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന ഈ ​തെ​രു​വി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ മ​റ്റേ​തോ ഒ​രു ക​ലാ​സൃ​ഷ്ടി​യി​ലൂ​ടെ ന​ട​ക്കു​ക​യാ​ണ് എ​ന്ന് തോ​ന്നും. ബി​നാ​ലെ​യി​ലെ ഏ​തു മ​ഹ​ത്താ​യ സൃ​ഷ്ടി​യേ​ക്കാ​ൾ സു​ന്ദ​ര​മാ​ണ​ല്ലോ മ​നു​ഷ്യ​ർ പ​ണി​യെ​ടു​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​തെ​രു​വ് എ​ന്നോ​ർ​ക്കും.

വി​ചി​ത്ര​വും ഏ​റെ സു​ന്ദ​ര​വും എ​ന്നാ​ൽ പൊ​തു​വേ അ​പ​രി​ചി​ത​വു​മാ​യ ഈ ​ഭൂ​വി​ഭാ​ഗ​ത്തി​ന്റെ ക​ഥ​യാ​ണ് ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി പ​റ​യു​ന്ന ‘സി​ന​ഗോ​ഗ് ലെ​യി​ൻ’. 120 മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള ഒ​രു ചെ​റി​യ ലെ​യി​നി​ൽ ലോ​കച​രി​ത്ര​ത്തി​ന്റെ അ​ദൃ​ശ്യ​മാ​യ ഒ​രു ഇ​ത​ൾ വി​ട​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​ന്റെ ക​ഥ​യാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

എ​ത്ര ത​വ​ണ പോ​യാ​ലും എ​ത്ര കു​റ​ച്ച് മാ​ത്ര​മാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളെ ന​മ്മ​ൾ മ​ന​സ്സി​ലാ​ക്കു​ക എ​ന്ന് നോ​വ​ലി​ന്റെ ആ​മു​ഖ​മാ​യി എ​ൻ.എ​സ്. മാ​ധ​വ​ൻ എ​ഴു​തു​ന്നു​ണ്ട്. ജൂ​ത​രു​ടെ ന​ഗ​രം എ​ന്ന് സാ​മാ​ന്യ​മാ​യി ഈ ​ദേ​ശ​ത്തെ ന​മ്മ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ങ്കി​ലും ഏ​റെ വൈ​വി​ധ്യ​മാ​ർ​ന്ന ജൂ​ത സ​മൂ​ഹ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 15ാം നൂ​റ്റാ​ണ്ടി​ൽ ഐ​ബീ​രി​യ​ൻ (സ്പെ​യി​നും പോ​ർ​ചുഗ​ലും) ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽനി​ന്ന് നി​ഷ്കാ​സി​ത​രാ​യ​തി​നെ​ത്തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ സെ​ഫാ​ർ​ഡി ജൂ​ത​ന്മാ​ർ, 19ാം നൂ​റ്റാ​ണ്ടി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ അ​റ​ബി സം​സാ​രി​ക്കു​ന്ന ബാ​ഗ്ദാ​ദി​ ജൂ​ത​ന്മാ​ർ, സി​റി​യ​യി​ലെ അ​ല​പ്പോ​യി​ൽനി​ന്ന് വ​ന്ന​വ​ർ എന്നിങ്ങനെ. വെ​ളു​ത്ത ജൂ​ത​ന്മാ​ർ അ​ഥ​വാ പ​ര​ദേ​ശി ജൂ​ത​ന്മാ​ർ സ്ഥാ​പി​ച്ച​താ​ണ് ന​മു​ക്ക് പ​രി​ചി​ത​മാ​യ ജൂ​യി​ഷ് സി​ന​ഗോ​ഗ് അ​ഥ​വാ പ​ര​ദേ​ശി ജൂ​ത​പ്പ​ള്ളി. ഇ​തി​നെ ചു​റ്റി​പ്പ​റ്റി​യാ​ണ് കൊ​ച്ചി​യു​ടെ ജൂ​ത​പാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കാ​റ്. എ​ന്നാ​ൽ, നൂ​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള​ത്തി​ൽ ജീ​വി​ക്കു​ന്ന ‘ക​റു​ത്ത’ ജൂ​ത​രെ​ക്കു​റി​ച്ച് ആ​രും ഏ​റെ എ​ഴു​തി​യി​ട്ടി​ല്ല എ​ന്ന് എ​ൻ.എ​സ്. മാ​ധ​വ​ൻ സൂ​ചി​പ്പി​ക്കു​ന്നു.

പ​ര​ദേ​ശി​ജൂ​ത​ന്മാ​രും ക​റു​ത്ത ജൂ​ത​ന്മാ​രും ത​മ്മി​ൽ നൂ​റ്റാ​ണ്ടു​ക​ളോ​ളം നീ​ണ്ടു​നി​ന്ന സ്പ​ർ​ധ​യു​ടെ ക​ഥ ഇ​തി​ലു​ണ്ട്. വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രെ നാ​ട്ടു​ജൂ​ത​ന്മാ​ർ ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽപിന്റെ ക​ഥകൂ​ടി​യാ​ണ് ‘സി​ന​ഗോ​ഗ് ലെ​യി​ൻ’. 120 മീ​റ്റ​ർ മാ​ത്ര​മു​ള്ള ലെ​യി​ൻ അ​വ​സാ​നി​ക്കു​ന്ന​ത് 45 അ​ടി ഉ​യ​ര​മു​ള്ള ക്ലോ​ക്ക് ട​വ​റി​ൽ. നാ​ലു മു​ഖ​മു​ള്ള ട​വ​റി​ൽ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ഹീ​ബ്രു​വി​ലു​മാ​യി പ​ര​ദേ​ശി​പ്പ​ള്ളി​യു​ടെ ജ​ന​ന​വ​ർ​ഷം എ​ഴു​തി​െവ​ച്ചി​രി​ക്കു​ന്നു –1568.

താ​ഴെ പ്ര​വ​ച​ന​സ്വ​ഭാ​വ​മു​ള്ള സ​ങ്കീ​ർ​ത്ത​ന വാ​ക്യം.

“Our days are like passing shadows...”

ക​ട​ന്നു​പോ​കു​ന്ന നി​ഴ​ലു​ക​ൾപോ​ലെ ന​മ്മു​ടെ നാ​ളു​ക​ൾ.

എ​ങ്ങ​നെ​യാ​ണ് ഈ ​ജൂ​ത സ​മൂ​ഹം ഇ​വി​ടെ​യെ​ത്തി​യ​ത്? കൊ​ടു​ങ്ങ​ല്ലൂ​രി​ലാ​ണ് യൂ​റോ​പ്പി​ൽനി​ന്ന് പ​ലാ​യ​നം ചെ​യ്ത ജൂ​ത​ർ ആ​ദ്യ​മെ​ത്തു​ന്ന​ത്. അ​വി​ടെ​നി​ന്നും കൊ​ച്ചി​യി​ൽ. ‘ലോ​ക​മെ​മ്പാ​ടു​നി​ന്നും ആ​ട്ടി​യോ​ടി​ക്ക​പ്പെ​ടു​ന്ന ജ​ന​ത​ക്ക് എ​ന്റെ രാ​ജ്യ​ത്തി​ലി​ട​മു​ണ്ട്’ എ​ന്ന് അ​ലി​വോ​ടെ പ്ര​ഖ്യാ​പി​ച്ച കൊ​ച്ചി രാ​ജാ​വ് ത​ന്റെ കൊ​ട്ടാ​ര​ത്തി​ന് തൊ​ട്ട​ടു​ത്ത് ത​ന്നെ ഒ​രു യൂ​ദ​ ന​ഗ​രം പ​ണി​യാ​ൻ സ്ഥ​ലം ന​ൽ​കു​ക​യാ​യി​രു​ന്നു.

കൊ​ച്ചി​യി​ലെ ജൂ​ത​ർ മ​രി​ക്കു​മ്പോ​ൾ ര​ണ്ട് ക​ണ്ണു​ക​ളി​ലും ജ​റൂസ​ലമി​ൽ നി​ന്നും കൊ​ടു​ങ്ങ​ല്ലൂ​രി​ൽനി​ന്നു​മു​ള്ള ഓ​രോ പി​ടി മ​ണ്ണ് വെച്ചാ​ണ് സം​സ്ക​രി​ച്ചി​രു​ന്ന​ത്.​ ഒ​രു കാ​ല​ത്ത് ഇ​വി​ടെ ധാ​രാ​ളം യ​ഹൂ​ദ​ഭ​വ​ന​ങ്ങ​ളും ജൂ​ത​പ്പ​ള്ളി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ജൂ​ത​ക്കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ പ്ര​ത്യേ​കം സ്കൂ​ൾ. ഹാ​ർ​ബ​ർ മാ​ർ​ക്ക​റ്റി​ന​ടു​ത്ത് സ്വ​ന്തം അ​റ​വു​ശാ​ല​യും ഷോ​ഹ​ത്തും (അ​റ​വു​കാ​ര​ൻ). നൂ​റ്റാ​ണ്ടു​ക​ളോ​ളം അ​വ​ർ ഇ​വി​ടെ ജീ​വി​ച്ചു. ഇ​സ്രാ​യേ​ലി​ലെ പി​തൃ​ഭൂ​മി തേ​ടി ’50ക​ളി​ലു​ണ്ടാ​യ പ​ലാ​യ​ന​ത്തി​ൽ (ആ​ലി​യ എ​ന്നാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്) ഈ ​ക​ഥ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മാ​റി​യ മ​നു​ഷ്യ​ർ ഇ​വി​ടം വി​ട്ടു​പോ​കു​ന്ന​തു​വ​രെ. കു​റ​ച്ചു​പേ​ർ മാ​ത്രം ഇ​ന്ത്യ​യെ സ്നേ​ഹി​ച്ചു​കൊ​ണ്ട് ഇ​വി​ടെ തു​ട​ർ​ന്നു. തി​രി​ച്ച് ഇ​സ്രാ​യേ​ലി​ൽ എ​ത്തി​യ​വ​ർ കൊ​ച്ചി​യു​ടെ ഓ​ർ​മക്കാ​യി അ​വി​ടെ​യും ഒ​രു റെ​പ്ലി​ക്കപോ​ലെ ഒ​രു പ​ര​ദേ​ശി​പ്പ​ള്ളി സ്ഥാ​പി​ച്ച​താ​യി കേ​ട്ടി​ട്ടു​ണ്ട്.

തൊ​ണ്ണൂ​റാം വ​യ​സ്സി​ൽ മ​രി​ക്കു​ന്ന​തു​വ​രെ ഹ​ലേ​ഗ്വാ ഹാ​ളി​ൽ വി​ഭാ​ര്യ​നാ​യി ക​ഴി​ഞ്ഞി​രു​ന്ന ഐ​സ​ക് അ​ഷ്ക​നാ​സി. സി​ന​ഗോ​ഗി​ൽ വ​രു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് സു​ന്ദ​ര​മാ​യ മു​ഖ​ത്ത് ഒ​രു ചി​രിപോ​ലും ന​ൽ​കാ​തെ നി​സ്സം​ഗ​മാ​യി ടി​ക്ക​റ്റ് കൊ​ടു​ത്ത് ദി​വ​സ​ങ്ങ​ൾ എ​ണ്ണി​ത്തീ​ർ​ക്കു​ന്ന ജെ​ന്ന​റ്റ്. മ്യൂ​സി​യം പീ​സ് പോ​ലെ പ​ല്ലി​ല്ലാ​ത്ത മോ​ണ കാ​ട്ടി ചി​രി​ച്ച് റൂ​ബീ​സ് എം​ബ്രോ​യ്ഡ​റി​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്ന റൂ​ബി​യാ​ന്റി. ഇ​ങ്ങ​നെ പ​ല​രെ​യും ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി ഈ ​നോ​വ​ലി​ൽ വ​ര​ച്ചു​ചേ​ർ​ക്കു​ന്നു. ഇ​തൊ​ക്കെ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു എ​ന്ന് ജ​മാ​ൽ ആ​മു​ഖ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

ജൂ​ത​ർ ഉ​പേ​ക്ഷി​ച്ചു​പോ​യ വീ​ടു​ക​ൾ ഇ​പ്പോ​ൾ ക​ട​ക​ളാ​യി മാ​റി​യി​ട്ടു​ണ്ട്. കശ്മീ​രി​ൽനി​ന്നും ഗു​ജ​റാ​ത്തി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ൽനി​ന്നും ത​മി​ഴ്‌​നാ​ട്ടി​ൽനി​ന്നും ധാ​രാ​ളം ക​ച്ച​വ​ട​ക്കാ​ർ ഇ​ങ്ങോ​ട്ടെ​ത്തി. സി​ന​ഗോ​ഗ് ലെ​യി​നി​ൽ പ​ല ഭാ​ഷ​ക​ൾ കൂ​ടി​ക്ക​ല​ർ​ന്നു. ഒ​പ്പം ധാ​രാ​ളം ടൂ​റി​സ്റ്റു​ക​ളു​മെ​ത്തി.

ഡാ​നി​യ​ൽ കോ​ഹ​ൻ ആ​ണ് നോ​വ​ലി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​രാ​ൾ. കോ​ഹ​ൻ പി​ന്നീ​ട് മ​ല​യാ​ള​ത്തി​ൽ കോ​ച്ച ആ​യി മാ​റി. കോ​ച്ച​മാ​രു​ടെ അ​ങ്ങാ​ടി കൊ​ച്ച​ങ്ങാ​ടി​യും ആ​യ​ത്രേ. ജ​മാ​ൽ സ്വ​ന്തം നാ​ടി​​ന്റെ ച​രി​ത്ര​ത്തി​ലേ​ക്ക് സ്വ​ന്തം ക​ഥ​യെ ബ​ന്ധി​പ്പി​ക്കു​ന്നു. അ​മീ​ർ ബാ​വ എ​ന്നൊ​രു മു​സ്‍ലിം പ​യ്യ​ൻ ഒ​രു ജൂ​ത കു​ടും​ബ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​തും അ​വി​ടെ റൂ​ബി​യാ​ന്റി​യു​ടെ സ്വ​ന്തം മ​ക​നെ​പ്പോ​ലെ​യാ​കു​ന്ന​തും നോ​വ​ലി​ന്റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ഒ​ടു​വി​ൽ ഡാ​നി​യു​ടെ ശ​വ​മ​ഞ്ചം ചു​മ​ക്കു​ന്ന​തും അ​വ​നാ​ണ്; അ​തി​ന്റെ പേ​രി​ൽ സ്വ​ന്തം മ​ത​ത്തി​ൽനി​ന്ന് എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​കു​ന്നു​വെ​ങ്കി​ലും. പ്ര​വാ​ച​ക​മാ​തൃ​ക കാ​ണി​ച്ച് ഒ​രു മു​സ്‍ലിം പ​ണ്ഡി​ത​ൻ ഈ ​പ്ര​വൃ​ത്തി​യെ സാ​ധൂ​ക​രി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, ഈ ​വാ​യ​ന​യി​ൽ ന​മ്മ​ളെ വി​സ്മ​യി​പ്പി​ക്കു​ന്ന​ത് ജൂ​ത ഗാ​ന്ധി എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന എ​ബ്ര​ഹാം ബ​റാ​ക് സേ​ല​വും കു​ടും​ബ​വും ന​ട​ത്തി​യ ആ​ന്റി അ​പാ​ർ​തൈറ്റ് പോ​രാ​ട്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക്ക​ളാ​ണ് സാ​മു​വ​ൽ ശാ​ലോ​മും ഭാ​ര്യ സീ​മ​യും. പ​ര​ദേ​ശി​പ്പ​ള്ളി​യി​ലെ ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി​രു​ന്നു ര​ണ്ട​ര നൂ​റ്റാ​ണ്ട് ഇ​വ​ർ പോ​രാ​ടി​യ​ത്.

 

ജമാൽ കൊച്ചങ്ങാടി

ക​റു​ത്ത ജൂ​ത​നാ​യ സ​മ്മി എ​ന്ന സാ​മു​വ​ലി​ന് പ​ര​ദേ​ശി​പ്പ​ള്ളി​യി​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പൂ​രിം ഉ​ത്സ​വ​നാ​ളി​ൽ മ​ര​ച്ചി​ല്ല​ക​ളു​മാ​യി പ​ള്ളി​യി​ലേ​ക്ക് മ​ത്സ​രി​ച്ചോ​ടു​ന്ന​ത് സ​മ്മി​ക്ക് ഓ​ർ​മയു​ണ്ട്. പ​ള്ളി​യു​ടെ പു​റ​ത്ത് മ​ര​ച്ചി​ല്ലകൊ​ണ്ട് അ​ടി​ക്കാ​നേ ക​ഴി​യൂ. ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യി​ല്ല. അ​വി​ടെ വെ​ളു​ത്ത തൊ​ലി​ക്കാ​ർ മാ​ത്രം. സ്കൂ​ളി​ൽ ക​റു​ത്ത ജൂ​ത​ക്കു​ട്ടി​ക​ളു​ടെ സ്ലേ​റ്റ് വെ​ളു​ത്ത പെ​ൺ​കു​ട്ടി​ക​ൾ ച​വി​ട്ടി പൊ​ട്ടി​ക്കും.

ഈ ​സി​ന​ഗോ​ഗ് ലെ​യി​നി​ൽ ക​മ്യൂണി​സ​വും ക​ട​ന്നു​വ​രു​ന്നു​ണ്ട്. യൂ​റോ​പ്പി​നെ ആ​വേ​ശി​ച്ച ആ ​ഭൂ​തം അ​റ​ബി​ക്ക​ട​ൽ ക​ട​ന്ന് കൊ​ച്ചി​യി​ലു​മെ​ത്തി എ​ന്ന് നോ​വ​ലി​സ്റ്റ് എ​ഴു​തു​മ്പോ​ൾ ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ​യി​ലെ ആ​ദ്യ​വാ​ച​ക​ത്തി​ലേ​ക്ക് സ​മ​ർ​ഥമാ​യി ക​ഥ​യെ ബ​ന്ധി​പ്പി​ക്കു​ന്നു​ണ്ട്. കാ​ലി​ള​കി​യ ഒ​രു ​െബ​ഞ്ചും മേ​ശ​യു​മു​ള്ള പാ​ർ​ട്ടി ഓ​ഫി​സി​ൽ ലോ​റ​ൻ​സും സാ​ൻ​ഡോ ഗോ​പാ​ല​നും ഗം​ഗാ​ധ​ര​നു​മൊ​ക്കെ വ​രും. അ​വി​ടെ പാ​ർ​ട്ടി അ​നു​ഭാ​വി​യാ​യി എ​ത്തു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​ണ് ഉ​മ്മ​ച്ച​ൻ. മീ​ൻ പി​ടി​ത്ത​ക്കാ​രു​ടെ കു​ടും​ബ​മാ​ണ്. ക്ര​മേ​ണ ഉ​മ്മ​ച്ച​ൻ അ​റി​യ​പ്പെ​ടു​ന്ന ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി മാ​റി. ഓ​ട​ത്ത ഉ​മ്മ​ച്ച​ൻ എ​ന്ന പേ​രി​ൽ.

പു​സ്ത​ക വാ​യ​ന​ക്കു ശേ​ഷം ജ​മാ​ൽ​ക്ക​യു​മാ​യി ന​ട​ന്ന ഒ​രു ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ എ​ന്താ​ണ് ഓ​ട​ത്ത എ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

“ഹോ​ർ​ത്തൂ​സ് എ​ന്ന​തി​ന്റെ മാ​റി​യ രൂ​പ​മാ​ണ് ഓ​ട​ത്ത. ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ് എ​ഴു​തി​യ വാ​ൻ​റീ​ഡ് സാ​യി​പ്പും ഇ​ട്ടി അ​ച്യു​ത​നും താ​മ​സി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ൾ ഡേ​വി​ഡ് ഹാ​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ ​കെ​ട്ടി​ട​ത്തി​ലാ​ണ്.

വാ​യി​ച്ചു​തീ​രു​മ്പോ​ൾ ന​മ്മ​ൾ വി​സ്മ​യി​ക്കും. ഇ​തൊ​രു ക​ഥ​യോ നോ​വ​ലോ മാ​ത്ര​മാ​യി​രു​ന്നോ? അ​തോ ന​മ്മ​ൾ ഇ​പ്പോ​ൾ ക​ട​ന്നു​പോ​യ​ത് ഒ​രു ച​രി​ത്രഗ്ര​ന്ഥ​ത്തി​ൽ കൂ​ടി ആ​യി​രു​ന്നോ? ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത​ത് ഒ​ന്നും​ത​ന്നെ ഈ ​നോ​വ​ലി​ൽ ന​മ്മ​ൾ ക​ണ്ടി​ല്ല​ല്ലോ.

അ​ത് മാ​ത്ര​മ​ല്ല. ജൂ​ത​സം​സ്കാ​ര​ത്തി​ന്റെ സ​വി​ശേ​ഷ​മാ​യ സാം​സ്കാ​രി​ക രീ​തി​ക​ൾ, മ​താ​ചാ​ര​ങ്ങ​ൾ, വ​സ്ത്ര​ധാ​ര​ണം, യ​ഹൂ​ദ​ മ​ല​യാ​ളം അ​ട​ക്ക​മു​ള്ള ഭാ​ഷാ​വൈ​ചി​ത്ര്യ​ങ്ങ​ൾ, ല​ന്ത പ​റ​ങ്കി വാ​സ്തു​ശി​ൽപശൈ​ലി, ഭ​ക്ഷ​ണം, എ​പ്പോ​ഴു​മെ​ന്ന പോ​ലെ കാ​ണു​ന്ന ജൂ​ത ചി​ഹ്ന​മാ​യ ഡേ​വി​ഡ് സ്റ്റാ​ർ ഇ​തെ​ല്ലാം ഉ​ൾ​ച്ചേ​ർ​ന്ന ഒ​രു എ​ത്‌​നോ​ഗ്ര​ഫി​ക് നോ​വ​ൽ എ​ന്നു​കൂ​ടി ‘സി​ന​ഗോ​ഗ് ലെ​യി​നി​’നെ വി​ശേ​ഷി​പ്പി​ക്കാം.

മൂ​ല​മു​ട​യ ഒ​രു​ത്ത​ൻ എ​ന്നാ​ൽ ഏ​ക ദൈ​വം. മെ​യു​കാ​സിം എ​ന്നാൽ വെ​ളു​ത്ത ജൂ​ത​ർ, മെ​ഷൂ​രാ​രി എ​ന്നാൽ ക​റു​ത്ത ജൂ​ത​ർ. മോ​ചി​ത​രാ​യ അ​ടി​മ​ക​ളു​ടെ പി​ന്തു​ട​ർ​ച്ച​ക്കാ​ർ. ന​മു​ക്ക് അ​പ​രി​ചി​ത​മാ​യ ഈ ​വാ​ക്കു​ക​ളി​ൽ വ​ലി​യ ച​രി​ത്രം ഒ​ളി​ച്ചി​രി​പ്പു​ണ്ട്. ത​ങ്ങ​ൾ മെ​ഷ്റാ​റിം ആ​ണ് എ​ന്ന് അം​ഗീ​ക​രി​ച്ചാ​ൽ ക​റു​ത്ത ജൂ​ത​രെ സി​ന​ഗോ​ഗി​ൽ ക​യ​റ്റാം എ​ന്നാ​യി​രു​ന്നു വെ​ളു​ത്ത ജൂ​ത​രു​ടെ നി​ർ​ദേ​ശം. അ​ത് ജൂ​ത ഗാ​ന്ധി അം​ഗീ​ക​രി​ച്ചി​ല്ല. “അ​ങ്ങ​നെ ഒ​പ്പി​ട്ട് കൊ​ടു​ത്താ​ൽ അ​തി​ന​ർ​ഥം ന​മ്മ​ടെ കാ​ക്ക​ക്കാ​ര​ണ​വ​ന്മാ​ർ അ​ടി​മ​ക​ൾ ആ​യി​രു​ന്നെ​ന്നാ​ണ്” –അ​ദ്ദേ​ഹം പ​റ​ഞ്ഞു.

12 വ​ർ​ഷ​ം കൊ​ണ്ടാ​ണ് ഈ ​നോ​വ​ൽ എ​ഴു​തി തീ​ർ​ത്ത​ത് എ​ന്ന് ജ​മാ​ൽ പ​റ​യു​ന്നു. അ​ഗാ​ധ​മാ​യ പാ​ണ്ഡി​ത്യ​വും ഉ​ൾ​ക്കാ​ഴ്ച​യും ച​രി​ത്ര ദ​ർ​ശ​ന​വും ചേ​ർ​ന്നു​ള്ള എ​ഴു​ത്താ​ണി​ത്. ഇ​രു​നൂ​റ് വ​ർ​ഷ​ത്തി​ന്റെ ച​രി​ത്രം ഇ​രു​നൂ​റ് പേ​ജി​ൽ ഒ​തു​ക്കാ​നു​ള്ള മാ​സ്മ​രി​ക​മാ​യ ക​ഴി​വ് ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി ഈ ​ര​ച​ന​യി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. വ​ർ​ത്ത​മാ​ന കാ​ല​ത്തുനി​ന്ന് ര​ണ്ട് നൂ​റ്റാ​ണ്ട് പി​റ​കി​ലേ​ക്ക് പോ​യി അ​നാ​യാ​സ​മാ​യി തി​രി​ച്ചെ​ത്താ​നു​ള്ള ക​ഴി​വും.

എ​ന്നാ​ൽ, ഋ​ജു​വാ​യ ര​ച​നാ​ശൈ​ലി​യാ​ണ്. ഭാ​ഷ​യെ ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾകൊ​ണ്ട് അ​ല​ങ്ക​രി​ക്കു​ന്ന ശൈ​ലി​യ​ല്ല. കു​റ​ച്ച് ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്രം. അ​വ​രു​ടെ മ​ന​സ്സി​ലേ​ക്ക് ആ​ഴ​ത്തി​ലി​റ​ങ്ങു​ന്ന എ​ഴു​ത്ത്.

ലോ​ക ച​രി​ത്ര​ത്തി​ൽ ഏ​റെ പീ​ഡ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന ജൂ​ത​രു​ടെ ക​ഥ​ക​ൾ ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ട്. “ഹി​റ്റ്ല​റു​ടേ​യും മു​സ്സോ​ളി​നി​യു​ടെ​യും കി​രാ​ത​മാ​യ പീ​ഡന​ങ്ങ​ളെ നേ​രി​ടേ​ണ്ടി​ വ​ന്ന യ​ഹൂ​ദ​ർ​ക്ക് എ​ങ്ങ​നെ​യാ​ണ് നി​ര​പ​രാ​ധി​ക​ളാ​യ ഫല​സ്തീ​നി​ക​ളെ പൈ​ശാ​ചി​ക​മാ​യി വേ​ട്ട​യാ​ടാ​ൻ ക​ഴി​യു​ന്ന​ത്.” എ​ന്ന് ഈ ​ക​ഥ പ​റ​യു​ന്ന തു​ട​ക്ക​ത്തി​ൽ ത​ന്നെ ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി ഖേ​ദി​ക്കു​ന്നു​ണ്ട്. ഈ ​വാ​യ​ന​ക്ക് ശേ​ഷം ഇ​നി​യു​ള്ള ഫോ​ർ​ട്ട് കൊ​ച്ചി യാ​ത്ര​ക​ൾ ഏ​റെ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. തീ​ർ​ച്ച.

ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി​ക്ക് ഈ ​ആ​ഴ്ച 82 തി​ക​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ ഞാ​ൻ നേ​രി​ട്ട് പ​രി​ച​യ​പ്പെ​ട്ടി​ട്ടി​ല്ല. എ​ങ്കി​ലും സ്നേ​ഹ​പൂ​ർ​വം ജ​മാ​ൽ​ക്ക എ​ന്ന് വി​ളി​ക്ക​ട്ടെ. 1963ൽ ​പ​ത്ര​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ് ജ​മാ​ൽ. നാ​ൽപതോ​ളം പു​സ്ത​ക​ങ്ങ​ൾ ഇ​തു​വ​രെ എ​ഴു​തി​യി​രി​ക്കു​ന്നു. ആ​ദ്യ​ത്തെ പു​സ്ത​കം പു​റ​ത്ത് വ​രു​ന്ന​ത് പ​ത്താം ക്ലാ​സിൽ പ​ഠി​ക്കു​മ്പോ​ഴാ​ണ്. ക​ഥാ​സ​മാ​ഹാ​ര​മാ​യി​രു​ന്നു അ​ത്. ഒ​രു സം​യു​ക്ത സം​രം​ഭം. പി​ന്നീ​ട് രാ​ഷ്ട്രീ​യ നേ​താ​വും ​െഡ​പ്യൂ​ട്ടി​ സ്പീ​ക്ക​റു​മെ​ല്ലാ​മാ​യ എം.​ജെ.​ സ​ക്ക​രി​യാ സേ​ട്ടു​മാ​യി ചേ​ർ​ന്ന് ര​ണ്ടു​ പേ​രെ​ഴു​തി​യ ക​ഥ​ക​ളു​ടെ ഒ​രു സ​മാ​ഹാ​രം. ‘അ​ഞ്ചും മൂ​ന്നും ഒ​ന്ന്’ എ​ന്നാ​യി​രു​ന്നു ടൈ​റ്റി​ൽ.

സ്വാ​ത​ന്ത്യ​ സ​മ​ര​ സേ​നാ​നി പി.​എ. സൈ​നു​ദ്ദീ​ൻ നൈ​ന​യാ​ണ് ജ​മാ​ൽ​ക്കാ​ന്റെ പി​താ​വ്. ഉ​പ്പു​സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് നൈ​ന ജ​യി​ലി​ൽ പോ​കു​ന്ന​ത് ക​ല്യാ​ണം ക​ഴി​ഞ്ഞ​തി​ന്റെ മൂ​ന്നാം ദി​വ​സ​മാ​ണ്. ജ​യി​ലി​ൽ വെ​ച്ച് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ പ​രി​ച​യ​പ്പെ​ട്ടു. പു​റ​ത്തു​വ​ന്ന് ര​ണ്ടു​ പേ​രും ചേ​ർ​ന്ന് പ​ത്രം ന​ട​ത്തി.

82 വ​യ​സ്സ്! അ​തി​നി​ട​യി​ൽ 60 വ​ർ​ഷ​ത്തെ പ​ത്ര​പ്ര​വ​ർ​ത്ത​നം. അ​തി​നൊ​പ്പം 30 പു​സ്ത​ക​ങ്ങ​ൾ, ജീ​വ​ച​രി​ത്ര​ങ്ങ​ൾ, സാം​സ്കാ​രി​ക പ​ഠ​ന​ങ്ങ​ൾ, ക​ഥ​ക​ൾ, തി​ര​ക്ക​ഥ​ക​ൾ, പാ​ട്ടു​ക​ൾ, സി​നി​മാ​പ്പാ​ട്ടു​ക​ൾ, ആ​കാ​ശ​വാ​ണി​യി​ലെ കി​ഞ്ച​ന​വ​ർ​ത്ത​മാ​ന​ത്തി​ന്റെ സ്ക്രി​പ്റ്റ്. നോ​വ​ലു​ക​ൾ. ബ​ക്ക​റി​ന്റെ ‘ചാ​പ്പ’ എ​ന്ന സി​നി​മ​യു​ടെ ക​ഥ​യും ജ​മാ​ൽ​ക്ക​യു​ടേ​താ​ണ്. ഏ​റ്റ​വും അ​വ​സാ​നം പു​റ​ത്തു​വ​ന്ന​ത് ‘സി​ന​ഗോ​ഗ് ലെ​യ്ൻ’ എ​ന്ന നോ​വ​ലാ​ണ്. ജ​നി​ച്ചു​വ​ള​ർ​ന്ന നാ​ടും അ​തി​ന്റെ ച​രി​ത്ര​വും സം​സ്കാ​ര​വു​മൊ​ക്കെ​യാ​ണ​ല്ലോ അ​ത്. ജീ​വി​ത​ത്തി​ന്റെ പാ​തി ചെ​ല​വി​ട്ട കോ​ഴി​ക്കോ​ടി​നെ കു​റി​ച്ച് എ​ഴു​തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ത് ഉ​ട​ൻ പൂ​ർ​ത്തി​യാ​യി​ക്കാ​ണ​ട്ടെ.

 

കൊച്ചി-മുസിരിസ് ബിനാലെ സമയത്തെ കാഴ്ച

ഈ ​പ്രാ​യ​ത്തി​ലും നി​ര​ന്ത​ര​മാ​യി എ​ഴു​തു​ന്ന, അ​തി​നാ​യി യാ​ത്ര ചെ​യ്തും വാ​യി​ച്ചും ഗ​വേ​ഷ​ണം ന​ട​ത്തി​യും സ​ജീ​വ​മാ​യി നി​ൽ​ക്കു​ക​യാ​ണ് ജ​മാ​ൽ​ക്ക. കൊ​ച്ചി​യു​ടെ സാം​സ്കാ​രി​ക അ​ന്ത​രീ​ക്ഷ​ത്തെ Cultural Symbiosis എ​ന്നാ​ണ് എം.ജി.എ​സ് നാ​രാ​യ​ണ​ൻ വി​ളി​ക്കു​ന്ന​ത്. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഏ​ടാ​ണ് ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി എ​ഴു​തു​ന്ന​ത്. ഒ​രു പ​ക്ഷേ അ​വ​സാ​ന​ത്തെ ഏ​ടു​ക​ളി​ൽ ഒ​ന്ന്.

എ​ന്നാ​ൽ, അ​ഞ്ഞൂ​റോ​ളം വ​ർ​ഷ​ത്തെ ഈ ​കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ൾ ഇ​നി​യും ബാ​ക്കിനി​ൽ​ക്കു​മോ? എ​റ​ണാ​കു​ളം ച​ന്ത​യി​ൽ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സം​ഖ്യ വാ​ക്കു​ക​ൾ ഹീ​ബ്രു​വാ​ണ് എ​ന്ന് കൊ​ച്ചി​യു​ടെ മ​റ്റൊ​രു ചി​ത്ര​കാ​ര​നാ​യ ബോ​ണി തോ​മ​സ് ‘കൊ​ച്ചി​ക്കാ​ർ’ എ​ന്ന ത​ന്റെ പു​സ്ത​ക​ത്തി​ൽ എ​ഴു​തു​ന്നു. എ​ഹാ​ദ്, ശെ​ലോ​ശ, അ​ർ​ബാ ആ, ​ഹ​മീ​ശ എ​ന്നി​ങ്ങ​നെ പ​ല​ത​രം ഹീ​ബ്രു വാ​ക്കു​ക​ൾ ച​ന്ത​യി​ൽ ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​മ്പോ​ൾ കേ​ൾ​വി​ക്കാ​ർ കൗ​തു​ക​ത്തോ​ടെ നോ​ക്കി​നി​ൽ​ക്കും എ​ന്ന് ബോ​ണി തോ​മ​സ് പ​റ​യു​ന്നു.

ഇ​പ്പോ​ൾ മ​ട്ടാ​ഞ്ചേ​രി ജ്യൂ ​ടൗ​ണി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് ഒ​രു വെ​ളു​ത്ത യ​ഹൂ​ദ​ൻ മാ​ത്രം. അ​വ​സാ​ന​ത്തെ ജൂ​ത​രും കൊ​ച്ചി​യി​ൽനി​ന്ന് പോ​യ​തോ​ടെ വ​ലി​യൊ​രു സാം​സ്കാ​രി​ക ധാ​ര അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സി​ന​ഗോ​ഗു​ക​ളും സെ​മി​ത്തേ​രി​ക​ളും അ​നാ​ഥ​മാ​യി പോ​യേ​ക്കാം. ഇ​തി​ന്റെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ക എ​ന്ന ബാ​ധ്യ​ത തീ​ർ​ച്ച​യാ​യും ന​മു​ക്കു​ണ്ട് എ​ന്ന് ഓ​ർ​മിപ്പി​ക്കു​ന്നു ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി​യു​ടെ ഈ ​നോ​വ​ൽ.

Tags:    
News Summary - A Journey Through History, Culture, and the Jewish Heritage of Fort Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.