എഴുത്തുകുത്ത്

റേഡിയോ നാടകം പൂർണമാകുന്നില്ല

പ്രക്ഷേപണ നാടകത്തിന്റെ (റേഡിയോ നാടകം) തലക്കുറി തന്നെ മാറ്റിയെഴുതിയ കെ.വി. ശരത് ചന്ദ്രൻ 34 വർഷത്തെ ആകാശവാണിക്കാലത്തിനു ശേഷം പടിയിറങ്ങി, അധികം താമസിയാതെ മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി രവീന്ദ്രൻ രാവണേശ്വരവുമായി സംസാരിച്ചത് (ലക്കം 1480) സശ്രദ്ധം വായിച്ചു. ബാങ്ക് ഉദ്യോഗസ്ഥ പദവി വിട്ട് ആകാശവാണിയിൽ തന്റെ ആവിഷ്കാര മേഖല കണ്ടെത്തി നിരവധി നാടകങ്ങളിലൂടെ ശ്രോതാക്കളെ റേഡിയോക്ക് സമീപം പിടിച്ചിരുത്തിയ ഇരുത്തംവന്ന നാടകകൃത്തും പ്രക്ഷേപകനുമാണ് ശരത് ചന്ദ്രൻ.

‘ശാന്തസമുദ്രം’, ‘അടയാളങ്ങൾ’, ‘ഹത്യ’, ‘ഒറ്റ’, ‘ശത്രു’, ‘പിയാനോ’ തുടങ്ങിയവ അദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ നാടകങ്ങളിൽ ചിലതുമാത്രം. ആകാശവാണിക്കുവേണ്ടി അവസാനമായി എഴുതിയ ‘കാൺക, കടലിനെ കൺതുറക്കാതെ’ എന്ന നാടകവും പ്രക്ഷേപണരംഗത്തെ ഈടുവെപ്പായി മാറി എന്നതും സമീപകാല സാക്ഷ്യം. മഹാസംഗീത പ്രതിഭകളുടെ സംഗീതജീവിതം അടയാളപ്പെടുത്തിയ ‘ഓർമകളുടെ സംഗീത’വും, മലയാള ചലച്ചിത്ര ഗാനശാഖയുടെ ചരിത്രമന്വേഷിച്ചിറങ്ങി തുടർന്ന് ഇങ്ങോട്ടുള്ള നാൾവഴികൾ അടയാളപ്പെടുത്തിയ ‘ഗാനലോക വീഥികളിൽ’ എന്ന പരമ്പരയും ഏറെ ജനശ്രദ്ധ ആകർഷിച്ചതും ഇന്നും കേരളത്തിലെ ആകാശവാണി നിലയങ്ങൾ പ്രക്ഷേപണം ചെയ്തുവരുന്നതുമാണ്.

ഇനി, അഭിമുഖത്തിന്റെ തലക്കെട്ടിലേക്ക് വരാം. ‘റേഡിയോ നാടകം ഇവിടെ പൂർണമാകുന്നു’വെന്നു പറയുന്നത് എത്രകണ്ട് ശരിയാണെന്ന് മനസ്സിലാകുന്നില്ല. ആകാശവാണി എന്ന ബഹുജന പ്രക്ഷേപണ മാധ്യമം നിലനിൽക്കുന്നിടത്തോളം കാലം ആ മാധ്യമത്തിലെ മുഖ്യ ആകർഷണമായി റേഡിയോ നാടകമുണ്ടാകുമെന്നുതന്നെ വേണം കരുതാൻ. എത്രയോ വർഷങ്ങളായി ആകാശവാണിയിലെ അരമണിക്കൂർ നാടകങ്ങൾ അഭംഗുരം തുടരുന്നു.

ആഴ്ചകളും മാസങ്ങളും നീളുന്ന തുടർനാടകങ്ങൾ, വിശേഷ ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്യുന്ന നാടകങ്ങൾ മുതലായവ വേറെയും. എല്ലാ വർഷവും ഒരാഴ്ചക്കാലം നീളുന്ന അഖില കേരള റേഡിയോ നാടകോത്സവം പ്രക്ഷേപണം ചെയ്തിരുന്നത് ആകാശവാണിക്ക് അഭിമാനവും നാടക പ്രേമികൾക്ക്, വിശിഷ്യ റേഡിയോ ശ്രോതാക്കൾക്ക് വികാരവുമായിരുന്നു. കോവിഡ്‌ കാലത്ത് നിന്നുപോയ അഖില കേരള റേഡിയോ നാടകോത്സവം ഈ വർഷം പുനരാരംഭിച്ചപ്പോൾ ആയിരക്കണക്കിന് ശ്രോതാക്കൾ അതിനെ നെഞ്ചിലേറ്റിയെന്നു വേണം പറയാൻ.

അതിൽ പ്രക്ഷേപണം ചെയ്ത ഓരോ നാടകത്തെയും സൂക്ഷ്മമായിതന്നെ വിലയിരുത്താൻ പല ശ്രോതാക്കളും മുന്നോട്ടുവന്നുവെന്നത് ചെറിയ കാര്യമല്ല. ഈ റേഡിയോ നാടകോത്സവത്തിൽ കെ.വി. ശരത്ചന്ദ്രൻ പ്രമുഖ പ്രക്ഷേപകനും നാടകകൃത്തുമായ തിക്കോടിയന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘കാൺക കടലിനെ കൺതുറക്കാതെ’ എന്ന നാടകത്തിനായിരുന്നു ഏറ്റവും കൂടുതൽ കൈയടി ലഭിച്ചത്.

മറ്റൊന്ന്, ആകാശവാണി നിലയങ്ങൾ അല്ലാതെ കേരളത്തിലെ പല റേഡിയോ സ്റ്റേഷനുകളും (കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളും ഡിജിറ്റൽ റേഡിയോ സ്റ്റേഷനുകളും) റേഡിയോ നാടകങ്ങൾ തയാറാക്കി അവതരിപ്പിക്കുന്നുണ്ട് എന്നു വേണം മനസ്സിലാക്കാൻ. കണ്ണൂർ മട്ടന്നൂരിൽ കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിച്ചുവരുന്ന റേഡിയോ മലബാർ (89.6 FM ) എന്ന കമ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ഒരു പുതിയ റേഡിയോ നാടക സംസ്കാരംതന്നെ സൃഷ്ടിച്ചിരിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ അവർ മുടങ്ങാതെ അര മണിക്കൂറോ ഒരു മണിക്കൂറോ ദൈർഘ്യമുള്ള നാടകം പ്രക്ഷേപണം ചെയ്യുന്നു. പിറ്റേ ദിവസം അതിന്റെ പുനഃപ്രക്ഷേപണമുണ്ടാകും.

ഈ നാടകത്തിനൊക്കെയും വേണ്ടത്ര ശ്രോതാക്കളുണ്ടെന്ന് ലഭിക്കുന്ന പ്രതികരണങ്ങളിൽനിന്നു മനസ്സിലാക്കാം. ഇതിനകം ഈ റേഡിയോ നിലയം പല സാമൂഹിക നാടകങ്ങളും പുരാണ ഇതിഹാസ പ്രധാനമായ നാടകങ്ങളും പ്രക്ഷേപണം ചെയ്ത് കൈയടി നേടിയിട്ടുണ്ട്. ‘കുഞ്ഞാറ്റ’, ‘നെല്ലിക്ക’, ‘യാത്രക്കൊടുവിൽ’, ‘ഊർമിള’, ‘നികുംഭില’, ‘മഹാറാണി’, ‘അസുരഗോത്രം’, ‘ശാസ്ത്രരക്ഷസ്സ്’ തുടങ്ങിയവ അതിൽ ചിലതുമാത്രം. നാടക പ്രക്ഷേപണം കൊണ്ടുതീരുന്നില്ല ഈ നിലയം പടുത്തുയർത്തുന്ന പുതിയ റേഡിയോ നാടക സംസ്കാരം. പ്രക്ഷേപണശേഷം നാടകത്തിന്റെ അണിയറ പ്രവർത്തകരും ശ്രോതാക്കളും പങ്കെടുക്കുന്ന ചർച്ചയും പ്രക്ഷേപണം ചെയ്യുന്നു. ഒരുപക്ഷേ ഇത്തരമൊരു പരിപാടി പ്രക്ഷേപണ നാടകരംഗത്ത് നടാടെയായിരിക്കാനാണ് സാധ്യത.

ശ്രോതാക്കൾ മാത്രം ശബ്ദം നൽകിയ, മഹാഭാരതത്തെ ആസ്പദമാക്കിയ ‘അസുരഗോത്രം’ എന്ന നാടകം ഈയിടെ പ്രക്ഷേപണം ചെയ്തത് വൻ വിജയമായിരുന്നു. ഏതാണ്ട് ഇരുപത്തിയെട്ടോളം ശ്രോതാക്കൾക്ക് ഒരുവിധ പരിശീലനവും നൽകാതെ സ്വതന്ത്രമായി ശബ്ദം നൽകാൻ അവസരം നൽകി ഈ റേഡിയോ നാടകത്തെ വിജയത്തിലെത്തിക്കാൻ അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല.

കേവലം അഞ്ചോ ആറോ ശബ്ദ കലാകാരന്മാരെ മാത്രം അണിനിരത്തിക്കൊണ്ട് മുന്നേറുന്ന പത്ത് കിലോമീറ്റർ ചുറ്റളവിൽ മാത്രം പ്രക്ഷേപണ പരിധിയുള്ള (ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ലോകത്തിന്റെ എത് കോണിലുള്ള റേഡിയോ സ്റ്റേഷനും ‘റേഡിയോ ഗാർഡൻ’ എന്ന ആപ് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിലൂടെ കേൾക്കാൻ സാധിക്കുമെന്നുള്ളത് മറ്റൊരു യാഥാർഥ്യം) പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്യൂണിറ്റി റേഡിയോ നിലയമാണ് ഇത്തരത്തിലുള്ള ഒരു പ്രക്ഷേപണ നാടക സംസ്കാരം വളർത്തിയെടുത്ത് വിജയിപ്പിച്ചു മുന്നേറുന്നത്. ഈ പ്രക്ഷേപണ കലക്ക് അധ്യാപകനും നാടകകൃത്തുമായ കൃഷ്ണകുമാർ കണ്ണോത്തും പ്രമുഖ നാടക സംവിധായകനും അഭിനേതാവുമായ രാമകൃഷ്ണൻ പഴശ്ശിയും മറ്റു ശബ്ദതാരങ്ങളായ ബൈജു സുന്ദരൻ മട്ടന്നൂർ, അശ്വിനി കവിണിശ്ശേരി, സൂര്യ ഇടവന, ചന്ദ്രലേഖ മല്ലിശ്ശേരി എന്നിവരുമാണ് ചുക്കാൻ പിടിക്കുന്നത്.

ആകാശവാണിയിൽനിന്നും വിരമിച്ച കാഞ്ചിയോട് ജയൻ ഡയറക്ടറായി തിരുവനന്തപുരം പാലോട് നിന്നും പ്രവർത്തിച്ചുവരുന്ന ‘കാഞ്ചീരവം’ എന്ന ഡിജിറ്റൽ റേഡിയോ സ്റ്റേഷനിൽനിന്നും നാടകങ്ങൾ പ്രക്ഷേപണം ചെയ്തുവരുന്നു. ഇവക്കുപുറമെ മറ്റു പല റേഡിയോ നിലയങ്ങളും നാടക പ്രക്ഷേപണ ദൗത്യം ഏറ്റെടുത്തിട്ടുണ്ട്.

എ.ഐ കാലത്ത് അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി റേഡിയോ നാടകം എന്ന കലയെ ഒരുപടികൂടി മുന്നോട്ടു കൈപിടിച്ച് നടത്താനാകും. എഴുത്തുകാരും പ്രക്ഷേപകരുമായിരുന്ന തിക്കോടിയൻ, ഉറൂബ്, കെ. രാഘവൻ എന്നിവരുടെ ശബ്ദം എ.ഐ സങ്കേതത്തോടെ പുനഃസൃഷ്ടിച്ച് ‘കാൺക കടലിനെ കൺതുറക്കാതെ’ എന്ന നാടകത്തെ വിജയിപ്പിച്ച സമീപകാല അനുഭവം ശരത്ചന്ദ്രൻ തന്നെ പങ്കുവെക്കുന്നുണ്ട്.

മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലെ അനിശ്ചിതത്വത്തിന്റെ നിഴലിലാണ് ആകാശവാണിയെന്നും ഇനി റേഡിയോ നാടകത്തിന്റെ ഭാസുരമായ ഭാവി ഒരുപക്ഷേ ആകാശവാണിക്ക് പുറത്ത് യൂട്യൂബ് ചാനലുകൾപോലെയുള്ള സാമൂഹിക പ്ലാറ്റ്ഫോമുകളിലാണെന്നുമുള്ളത് ഒരുപക്ഷേ ശരിയായിരിക്കാം. ആകാശവാണി പ്രക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ശ്രോതാക്കളുള്ള ഒരിനമായ നാടകത്തിന് അതിന്റെ അവസാന ശ്രോതാവ് ഉണ്ടാകും വരെ ആ നാടക പ്രക്ഷേപണത്തിന് സാധ്യതയുണ്ട്. മറ്റു റേഡിയോ ചാനലുകളിലെയും സാധ്യത അങ്ങനെതന്നെ. അപ്പോൾ പിന്നെ എങ്ങനെയാണ് ‘റേഡിയോ നാടകം ഇവിടെ പൂർണമാകുന്നു’ എന്ന് പറയാനാകുക?

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

ഗസ്സയിലേക്ക് മനസ്സിനെ എത്തിച്ച കവിത

പി.കെ. പാറക്കടവ് മൊഴിമാറ്റം നടത്തിയ റീം സലീം എഴുതിയ ‘ചോരമഴ പെയ്യുമ്പോൾ’ (ലക്കം 1482) എന്ന ഫലസ്തീൻ കവിത വായിച്ചു. ഈ കവിതയിലെ കഥാപാത്രവും കവിതക്ക് ഏറ്റവും അനുയോജ്യമായി നൽകിയ ചിത്രവും എന്റെ ചിന്തയിലൂടെ ഇപ്പോഴും മാറിമറിയുന്നുണ്ട്. എഴുത്തുകാരിയുടെ ചിന്തക്ക് അതിനനുസൃതമായ ചിത്രംതന്നെ നൽകിയതിനെ അഭിനന്ദിക്കുന്നു. എഴുത്തുകാരിയുടെ ഭാവനയിലെ ചില വരികൾ എന്നെ എന്തൊക്കെയോ ചിന്തിപ്പിച്ചു. ‘‘സൂക്ഷിച്ചുനോക്കൂ, നീയാരാണെന്ന് ഓർക്കൂ; ഇത് നീയാണ്, നീ വളർന്ന നാടാണ്’’ ഈ വരികൾ എന്റെ ചിന്തയെ ആദ്യം എത്തിച്ചത് ചിത്രത്തിലെ പെൺകുട്ടിയിലേക്കാണ്.

അതിനുശേഷം അവസാനത്തെ ചില വരികളാണ് എന്നെ കവിയുടെ ഭാവനയിലേക്ക് നയിച്ചത്. വായനക്കുശേഷം എന്റെ മനസ്സ് ഗസ്സയിലേക്ക് മടങ്ങി. അൽപം ശാന്തമായി. കവിക്കും മൊഴിമാറ്റം നടത്തിയ പി.കെ. പാറക്കടവിനും ആഴ്ചപ്പതിപ്പിനും നന്ദി!

മുഹമ്മദ് ഷഹീം കെ. മണ്ണാർക്കാട്

വാർത്താ ചാനലുകളിലും മുഖപ്രസംഗം വേണ്ടതുണ്ട്

ദൃശ്യമാധ്യമങ്ങളും മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട ചർച്ച ‘വാർത്തകൾ ഇങ്ങനെയാണോ റിപ്പോർട്ട് ചെയ്യേണ്ടത്?’ (ലക്കം 1479) വായിച്ചു. നാനാവിധമായ അസംബന്ധങ്ങളും ദുസ്സാമർഥ്യങ്ങളും അഴിഞ്ഞാടുന്ന വാർത്താ ചാനലുകളുമായി ബന്ധപ്പെട്ട ഈ ചർച്ച വളരെ പ്രസക്തവും അനിവാര്യവുമാണ്. മാധ്യമപ്രവർത്തനം ഒരു മഹത്തായ ധാർമികദൗത്യമാണ്. അതേസമയം, എല്ലാതരം അധികാരശക്തികളോടും അവരുടെ തേർവാഴ്ചകളോടും ആജ്ഞാബദ്ധവും പ്രതിജ്ഞാബദ്ധവും സദാ ആയിരിക്കണമെന്ന ദുശ്ശാഠ്യമുള്ളവരാണ് ഇന്നത്തെ മാധ്യമലോകത്തെ പല മുൻനിര ആളുകളും.

ശരിക്കും പറഞ്ഞാൽ ഭരണത്തിലിരിക്കുന്നവരുടെ തനി റബർ സ്റ്റാമ്പ്. തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾക്കനുസരിച്ച് വാർത്തകളെ വളച്ചൊടിക്കലും ഒഴിവാക്കലും ഒരിക്കലും മാധ്യമങ്ങൾ ചെയ്യരുത്. ഇനി പ്രമുഖ വ്യക്തികളുടെയോ ബഹുജന പ്രസ്ഥാനങ്ങളുടെയോ ന്യൂനതകളെയോ ഏങ്കോണിപ്പുകളെയോ ഒറ്റത്തിരിച്ച് വിമർശിക്കണമെന്നുണ്ടെങ്കിൽ അതിനു പത്രങ്ങളിലെ പതിവു സംവിധാനമായ മുഖപ്രസംഗംപോലെ ഒന്ന് വാർത്താ ചാനലുകളിലും ഏർപ്പെടുത്തേണ്ടതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാവുന്നതാണ്.

ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക് തൃ​ശൂ​ർ

ഭരണഘടനാ അവകാശങ്ങളും ‘വാർ ഓൺ ടെറർ’ രാഷ്ട്രീയവും

ഇർഫാൻ അഹ്മദുമായി അൻവർ സലാഹുദ്ദീൻ നടത്തിയ അഭിമുഖവും രൂപേഷുമായി രാജേഷ് കെ. എരുമേലി നടത്തിയ സംഭാഷണവും (ലക്കം 1482) വായിച്ചു. ഭരണഘടന മൂല്യങ്ങളെക്കുറിച്ചുള്ള രൂപേഷിന്റെ ചിന്തകൾ വിദ്യാർഥി എന്നനിലയിൽ ആഴത്തിൽ സ്വാധീനിച്ച ഒന്നാണ്. വിദ്യാഭ്യാസ ഘട്ടത്തിലൂടെ പോകുന്നൊരു വിദ്യാർഥിയെ സംബന്ധിച്ച് അവൻ പഠിച്ചെടുക്കുന്ന ഭരണഘടനാപരമായ അവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും പ്രായോഗിക ജീവിതത്തിൽ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഏറെ നിർണായകമാണ്.

‘ഭീകരവാദ വിരുദ്ധ പോരാട്ടം’ എന്ന പേരിൽ കാൽനൂറ്റാണ്ടുകളായി അന്താരാഷ്ട്രതലത്തിലും പ്രാദേശികതലത്തിലും നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ യഥാർഥത്തിൽ ചോദ്യംചെയ്തത് പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെയും ഭയരഹിതമായി ജീവിക്കാനുള്ള അവകാശത്തെയുമാണ്. രാജ്യസുരക്ഷയുടെ മറവിൽ സംശയത്തിന്റെ നിഴലിലാക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന സാധാരണക്കാരെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനം ഇർഫാൻ അഹ്മദ് ഈ അഭിമുഖത്തിലൂടെ സമർഥമായി നിർവഹിക്കുന്നുണ്ട്.

മറുവശത്ത്, നമ്മുടെ ഭരണഘടന കേവലം ഏടുകളിൽ മാത്രമൊതുങ്ങുന്ന ഒരു ‘വിശുദ്ധ ഗ്രന്ഥം’ പോലെ നിലനിൽക്കേണ്ട ഒന്നല്ല, മറിച്ച് ഓരോ പൗരനും പ്രത്യേകിച്ച് വളർന്നുവരുന്ന യുവതലമുറക്ക് സംരക്ഷണമൊരുക്കുന്ന ജീവസ്സുറ്റ പ്രമാണമാകണം എന്ന ഓർമപ്പെടുത്തൽ തികച്ചും പ്രസക്തമാണ്. നിയമവാഴ്ചയും സമത്വവും കൃത്യമായി പാലിക്കപ്പെടാത്തപക്ഷം ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന വിദ്യാർഥികളിൽ അത് വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. മനുഷ്യാവകാശങ്ങളെയും ജനാധിപത്യ-ഭരണഘടനാമൂല്യങ്ങളെയും കുറിച്ച് കൃത്യമായ വിചാരണ നടത്തുന്ന ഇത്തരം ലേഖനങ്ങൾ വർത്തമാന കാലത്ത് പ്രസിദ്ധീകരിച്ചുപോരുന്നതിന് സ്നേഹാദരങ്ങൾ അറിയിക്കുന്നു.

മുഹമ്മദ് മുഹ്സിൻ (ഇസ്‍ലാഹുൽ ഉലൂം അറബിക് കോളജ് താനൂർ)

അത്ഭുതപ്പെടുത്തിയ ‘അൽബത്ത’

അത്ഭുതമുണർത്തുന്ന തുടക്കം, ജിജ്ഞാസ നിലനിര്‍ത്തുന്ന ആവിഷ്കാരചാരുത. അങ്ങനെ ചൈതന്യമാർന്ന ഭാഷയില്‍ ഉയരങ്ങളിലേക്ക് പറക്കുകയാണ് ഖദീജ ഉണ്ണിയമ്പലത്തിന്‍റെ കഥയായ ‘അല്‍ബത്ത’ (ലക്കം 1483). മുസ്ലിം സമുദായത്തിലെ പഴയകാല ആചാരങ്ങളും, അനാചാരങ്ങളും, കര്‍മങ്ങളുമൊക്കെ അനാവരണം ചെയ്തിരിക്കുന്ന ഈ കഥയിൽ എനിക്കിഷ്ടപ്പെട്ട കഥാപാത്രമാണ്‌ ‘കാദരി’. ഏതാനും വാക്കുകളില്‍ കാദരിയെന അപൂര്‍വ ജനുസ്സിനെ ചായക്കൂട്ടുകളിൽ വരച്ചു വെച്ചിരിക്കുകയാണ് ഖദീജ.

എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും സ്നേഹമുള്ളവനായിരുനു കാദരി. അവന്‍റെ ഒരുപിടി മണ്ണില്‍ നിന്നാണ് പാത്തു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് വാപ്പ കൊടപ്പാടന്‍ ചേക്കു ഹാജിയേക്കാള്‍ മൊതലുണ്ടാക്കിയത്. ഉശിരുള്ള ഒരു മൊഞ്ചത്തിയുടെ കഥയാണ്‌ ‘അല്‍ബത്ത’യിലൂടെ ചുരുളഴിയുന്നത്. ഇതിന്‍റെ ഓരോ തുടിപ്പും, താളവും കഥാകാരിയുടെ ഹൃദയസ്പന്ദനമായി അനുഭപ്പെടുന്നു. കത്തിച്ചുവെച്ച മെഴുകുതിരിയുടെ ലോലദീപ്തികള്‍ പോലെ കഥ അനുവാചക ഹൃദയങ്ങളിലിരുന്ന് എറെനാള്‍ മുനിഞ്ഞു കത്തും. ചിത്രീകരണം നടത്തിയ നാസര്‍ ബഷീര്‍ കഥാപാത്രങ്ങളുടെ നെടുവീര്‍പ്പുകള്‍ പോലും ഒപ്പിയെടുത്തിട്ടുണ്ട്. അഭിവാദ്യങ്ങള്‍ ആഴ്ചപ്പതിപ്പിനും കഥാകാരിക്കും ചിത്രകാരനും.

സണ്ണി ജോസഫ്‌, മാള

Tags:    
News Summary - Letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.