അഭിനയമല്ലാതെ, മറ്റൊന്നും ഇപ്പോൾ മനസ്സിലില്ല

‘ദോ ഒാർ ദോ പ്യാർ’ തുടങ്ങിയ സിനിമകളിലൂടെയും ‘പോച്ചർ’ എന്ന സീരീസിലൂടെയും ബോളിവുഡി​ന്റെ ഉയരങ്ങൾ താണ്ടാനൊരുങ്ങുകയാണ്​ മലയാളി അഭിനേതാവ്​ കുമാരദാസ്​ ടി.എൻ. ത​ന്റെ സിനിമ-ജീവിത വഴികളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ദീർഘമായി സംസാരിക്കുകയാണ്​ അദ്ദേഹം.പണ്ട് കോട്ടയത്തെ കോത്തല എന്ന ദേശത്തെ ഒരു സ്കൂളിൽ മറ്റ് കുട്ടികളോടു ചേരാതെ അമീബകളെ​പ്പോലെ ഗ്രൗണ്ടിൽ തോളിൽ കൈയിട്ടു നടന്ന രണ്ടു കുട്ടികളിൽ ഒരാൾ മറ്റൊരാളോട് ചോദിച്ചു: “സുരേഷേ, വലുതാകുമ്പോൾ നിനക്ക് ആരാകണമെടാ?” “എനിക്ക് വലുതാകുമ്പോൾ രജനികാന്തിനെപ്പോലെ ഒരു നടൻ ആകണം...” “മനോജേ, നിനക്ക് ആരാകണമെടാ?” “നീ രജനികാന്തിനെപ്പോലെ വലിയ നടൻ ആകുമ്പോൾ...

‘ദോ ഒാർ ദോ പ്യാർ’ തുടങ്ങിയ സിനിമകളിലൂടെയും ‘പോച്ചർ’ എന്ന സീരീസിലൂടെയും ബോളിവുഡി​ന്റെ ഉയരങ്ങൾ താണ്ടാനൊരുങ്ങുകയാണ്​ മലയാളി അഭിനേതാവ്​ കുമാരദാസ്​ ടി.എൻ. ത​ന്റെ സിനിമ-ജീവിത വഴികളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ദീർഘമായി സംസാരിക്കുകയാണ്​ അദ്ദേഹം.

പണ്ട് കോട്ടയത്തെ കോത്തല എന്ന ദേശത്തെ ഒരു സ്കൂളിൽ മറ്റ് കുട്ടികളോടു ചേരാതെ അമീബകളെ​പ്പോലെ ഗ്രൗണ്ടിൽ തോളിൽ കൈയിട്ടു നടന്ന രണ്ടു കുട്ടികളിൽ ഒരാൾ മറ്റൊരാളോട് ചോദിച്ചു:

“സുരേഷേ, വലുതാകുമ്പോൾ നിനക്ക് ആരാകണമെടാ?”

“എനിക്ക് വലുതാകുമ്പോൾ രജനികാന്തിനെപ്പോലെ ഒരു നടൻ ആകണം...”

“മനോജേ, നിനക്ക് ആരാകണമെടാ?”

“നീ രജനികാന്തിനെപ്പോലെ വലിയ നടൻ ആകുമ്പോൾ നിന്റെ ഡ്രൈവർ ആകണം...”

മുപ്പത്തിയഞ്ചോളം വർഷങ്ങൾക്കുശേഷം മനോജ് ഒരു ബസ് ഡ്രൈവറായി. സുരേഷ് എന്ന കുമാരദാസ് ഇന്ത്യയിലെ ഒരു വെബ് സീരീസിൽ അഭിനയിച്ചുകൊണ്ട് നടനുമായി. ആ കുമാരദാസിന്റെ സിനിമയിലേക്കുള്ള ഒരു യാത്രയാണ് ഈ അഭിമുഖം. അടുത്തിടെ പുറത്തിറങ്ങിയ ‘ദോ ഒാർ ദോ പ്യാർ’ എന്ന സിനിമ ബോളിവുഡിൽ കുമാരദാസ്​ ടി.എന്നി​ന്റെ സ്​ഥാനം സ്​ഥിരമായി ഉറപ്പിക്കുമെന്നാണ്​ കരുതുന്നത്​. ‘പോച്ചർ’ എന്ന സീരീസും കാണികളുടെ മനം കവർന്നു.

നമുക്ക്​ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്തുനിന്ന്​ തുടങ്ങാം. ആ ജീവിതം എങ്ങനെ ആയിരുന്നു?

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്ന സമയത്ത് എനിക്ക് 34 വയസ്സുണ്ട്. അതുപോലെ എഫ്.ടി.ഐ.ഐയിൽ എല്ലാവരും നല്ല അനുഭവ പരിചയമുള്ളവരായിരുന്നു. എന്റെ ബാച്ചിൽതന്നെ അമേരിക്കയിൽനിന്ന്​ പഠിച്ചുവന്നവരുണ്ട്. ലണ്ടനിൽ ജോലി ചെയ്തവരുണ്ട്. ഞങ്ങളുടെ ബാച്ചിലായിരുന്നു ആദ്യമായി സെമസ്റ്റർ സിസ്റ്റം അവതരിപ്പിച്ചത്. സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാഭ്യാസത്തിനുശേഷം ഞാൻ ടീച്ചർ ആയതുകൊണ്ട് ഒരു അധ്യാപകന്റെ ബോഡിലാംഗ്വേജ് എന്നിൽ ഉണ്ടായിരുന്നു. പക്ഷേ പുണെയിൽ ചെന്നതോടുകൂടി അതു മാറി. ഇതുവരെ പഠിച്ചതൊന്നും അല്ല ഇനിയും കുറെ പഠിക്കാനുണ്ട് എന്ന് മനസ്സിലാക്കി. അവിടെ സിനിമ അപ്രീസിയേഷൻ കോഴ്സുകളുണ്ട്. അതുപോലെ ദിവസവും സിനിമ കണ്ട് അതിന്റെ ഡയറി എഴുതണം.

അവിടെ എല്ലാവരും പരസ്പരം പേരാണ് വിളിക്കുന്നത്. സീനിയറായാലും ജൂനിയറായാലും പരസ്പരം പേരുകൾ വിളിക്കും. എൻ.എസ്.ഡിയിൽ ആണെങ്കിൽ സീനിയേഴ്സിനെ ദാദ എന്നാണ് വിളിക്കാറ്. എനിക്ക് മറ്റുള്ള വിദ്യാർഥികളെകാൾ 10 വയസ്സ് കൂടുതലാണെങ്കിലും എന്നെ ആരും ദാദ എന്നൊന്നും വിളിക്കാറില്ല. പേരാണ് വിളിക്കാറ്. എല്ലാവരും പൊളിറ്റിക്കലി കോൺഷ്യസ് ആയിരുന്നു. എഫ്.ടി.ഐ.ഐയിൽ യൂനിയനുണ്ട്. സമരങ്ങളുടെയും സംഘർഷങ്ങളുടെയും ഒരു ഭൂമികകൂടി ആയിരുന്നു അവിടെ. എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിനെതിരെയുള്ള പ്രൊട്ടസ്റ്റുകളും മീറ്റിങ്ങുകളും നടക്കും. അങ്ങനെ വളരെയധികം രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു കാമ്പസായിരുന്നു. മാസ്റ്റേഴ്സ് വന്ന് ഞങ്ങളുടെ കൂടെയിരുന്ന് സിനിമകൾ കാണുകയും സിനിമകളെക്കുറിച്ച് സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു.

‘ട്രോജൺ വുമൺ’

നമുക്ക് ആരുടെയും ക്ലാസിൽ കയറിച്ചെല്ലാം. അങ്ങനെ വളരെ തുറന്ന ഒരു വിദ്യാഭ്യാസം അവിടെ സാധ്യമായിരുന്നു. എനിക്ക് വേറൊരു ലോക വീക്ഷണം അവിടെനിന്നു കിട്ടി. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോൾ കൃത്യമായ സിലബസ് കരിക്കുലം ഒന്നും ഫോളോ ചെയ്തിട്ടുണ്ടായിരുന്നില്ല. പക്ഷേ, പുണെയിൽ കൃത്യമായ സിലബസുകൾ ഉണ്ടായിരുന്നു. കൃത്യമായിട്ടുള്ള പഠനരീതികൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അഭിനയത്തിന്റെ തുടർച്ചയായിട്ടുള്ള ഒരു വിദ്യാഭ്യാസം കിട്ടി. അതുകൊണ്ടുതന്നെ റിയലിസ്റ്റിക് ആക്ടിങ്ങിന്റെ ഒരു കൃത്യത കിട്ടി. സിനിമ ഇൻഡസ്ട്രിയിൽ ഉള്ള പല വിദഗ്ധരുമായിട്ട് ഇടപഴകാനുള്ള അവസരങ്ങളും കിട്ടി.

നസീറുദ്ദീൻ ഷാ വീണ്ടും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠിപ്പിക്കാൻ വരുകയാണ്. അദ്ദേഹത്തിനെ വീണ്ടും അവിടെ വെച്ച് ഞാൻ കണ്ടുമുട്ടി. അദ്ദേഹം ഒരു വർഷം 20 ദിവസം ഞങ്ങൾക്ക് ക്ലാസെടുത്തു. ബഞ്ചമിൻ ഗിലാനി ടോം ആൾട്ടർ, ഗോവിന്ദ് നാംദേവ്, ഉത്തര ബാവുക്കർ, നീരജ് കബി, നൗഷാദ് കുഞ്ഞു മുഹമ്മദ്, ഗുരു വേണു ജി തുടങ്ങിയവർ ഞങ്ങളെ പഠിപ്പിച്ചു. ബസേലിയസ് കോളജിലെ സുഹൃത്തുക്കൾ പൈസ തന്നിട്ട് ഞാൻതന്നെ എന്റെ ഒരു ചെറിയ പ്രോജക്ട് പ്രൊഡ്യൂസ് ചെയ്തു. അങ്ങനെ എക്സസൈസുകളും ചെയ്യാൻ പറ്റി. അവിടെയുള്ള സ്വതന്ത്ര സിനിമകളിൽ അഭിനയിക്കാനും കഴിഞ്ഞു. അത് വളരെ ആരോഗ്യകരമായിട്ടുള്ള ഒരു പരിസ്ഥിതിയായിരുന്നു.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കുമാരദാസിന്റെ അഭിനയ രീതികളിൽ എന്തുമാറ്റമാണ് കൊണ്ടുവന്നത്?

എന്റെ ഉള്ളിൽ എവിടെയോ മിമിക്രിയുടെയും അനുകരണത്തിന്റെയും അംശങ്ങൾ കിടപ്പുണ്ടായിരുന്നു. മിമിക്രിയുടെയും ഡാൻസിന്റെയും പെർഫോമൻസുള്ള ഒരു ബോഡിയായിരുന്നു എന്റേത്. പക്ഷേ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആക്ടിങ് ട്രെയിനിങ്ങോടുകൂടി അത് മൊത്തമായി മാറി. അവിടെനിന്ന് വളരെ ഓർഗാനിക് ബിഹേവിയർ എന്താണെന്ന് പഠിക്കുകയും അങ്ങനെ വളരെ സ്പോണ്ടേനിയസ് ആയിട്ട് ഉള്ള അഭിനയത്തെക്കുറിച്ച് അറിയുകയും ചെയ്തു. അതിന് എങ്ങനെയാണ് പ്രാക്ടിസ് ചെയ്യേണ്ടത് എന്നുള്ള മെത്തഡോളജിയും കിട്ടി. ഞാൻ അതോടുകൂടി തിയറ്റർ ഡിസൈനിങ് പഠിപ്പിക്കുന്നത് നിർത്തി. തിയറ്റർ ഒളിമ്പിക്സ് പോലുള്ള വലിയ ഇന്റർനാഷനൽ തിയറ്റർ ഫെസ്റ്റിവലുകൾ ഓർഗനൈസ് ചെയ്ത് അതിന്റെ ടെക്നിക്കൽ ഡയറക്ടർ ആയിട്ട് ഇരുന്ന ഒരാൾ കൂടിയായിരുന്നു ഞാൻ.

ഞാൻ ആക്ടിങ് ട്രെയിനിങ് തുടങ്ങി. അങ്ങനെ കേരളത്തിൽ ‘മാക്ട’ പോലുള്ള സ്ഥാപനങ്ങളിൽനിന്ന് എന്നെ അഭിനയം പഠിപ്പിക്കാനായി ക്ഷണിച്ചു. ഞാൻ പഠിച്ച നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ആക്ടിങ്ങിലെ മാസ്റ്റർ ക്ലാസിനുവേണ്ടി എന്നെ ക്ഷണിച്ചു. ഇപ്പോൾ ഇന്ത്യൻ സിനിമയിൽ കാണുന്ന ആക്ടിങ് മെത്തഡോളജികൾ ഒക്കെ അറിയാനും അത് അനലൈസ് ചെയ്യാനും പറ്റിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു അഭിനേതാവായി സ്വയം വളരാനും ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പിന്നെ, സിനിമാഭിനയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ഞാൻ ആദ്യമായിട്ട് തല കാണിച്ച സിനിമ ‘മണ്ടോ’ ആയിരുന്നു. നന്ദിത ദാസ് സംവിധാനംചെയ്ത ഈ സിനിമയുടെ ഷൂട്ടിങ് എഫ്.ടി.ഐ.ഐ കാമ്പസിൽ ആയിരുന്നു. എനിക്ക് ആദ്യമായിട്ട് വരുമാനം കിട്ടിയ ഒരു വർക്ക് ഈ സിനിമയിലേതാണ്​. പക്ഷേ, ആ സിനിമയിലെ സീനിൽ ഞാൻ ഉണ്ടോ എന്ന് എനിക്കറിയില്ല. ആ പടം ഞാൻ കണ്ടിട്ടില്ല. ആ സമയത്ത് മുംബൈ ഓഡിഷൻ കമ്പനി എന്നൊരു കമ്പനിയുണ്ട്. അവരുടെ കൈയിൽ എഫ്.ടി.ഐ.ഐയിൽ പഠിച്ചവരുടെയും നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചവരുടെയും ഡേറ്റയുണ്ട്.

അവർ ഞങ്ങളെ വിളിക്കും. നാഗേഷ് കുക്കുനൂരിന്റെ ‘സിറ്റി ഓഫ് ഡ്രീംസ്’ എന്നുപറയുന്ന ഒരു വെബ് സീരീസിലേക്ക് ഓഡിഷനുവേണ്ടി എന്നെ വിളിച്ചു. ഞാനവിടെ പഠിക്കുമ്പോൾ ആ വെബ് സീരീസിൽ ഒരുദിവസം പോയി അഭിനയിച്ചു. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു അത്. അങ്ങനെ മുംബൈയിൽനിന്നുള്ള ഒരുപാട് കാസ്റ്റിങ് ഏജൻസികളിൽനിന്ന് കാസ്റ്റിങ് കോളുകൾ വരുകയും അങ്ങനെ ഒന്നു രണ്ട് വെബ് സീരീസുകളിൽ അഭിനയിക്കുകയും ചെയ്തു. കൂടുതലും ഞാൻ ജോലിചെയ്തത് മുംബൈയിൽനിന്നുള്ള ഹിന്ദിയിലുള്ള വെബ് സീരീസുകളിലായിരുന്നു. അതിനുപുറമെ കുറെ ടി.വി കമേഴ്സ്യലുകൾ ചെയ്തു.

 

‘പോച്ചർ’ -വെബ് സീരീസ്

സിനിമകൾ ചെയ്തു. മലയാളത്തിൽ ആദ്യമായിട്ട് എനിക്കൊരു കോൾവരുന്നത് ‘ഇടിമഴക്കാറ്റ്’ എന്ന ഒരു സിനിമയിലേക്കാണ്​. അമ്പിളി എസ്. രംഗൻ സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ശെന്തിൽ രാജാമണി, സുധി കോപ്പ തുടങ്ങിയവരൊക്കെ അഭിനയിച്ച സിനിമ. എന്റെ ഒരു സഹോദരനായിരുന്നു അതിന്റെ സിനിമാറ്റോഗ്രാഫർ. അദ്ദേഹം വഴിയാണ് എനിക്ക് ആ സിനിമയിലേക്കുള്ള അവസരം കിട്ടുന്നത്. ആ സിനിമ ഈ വർഷം ഇറങ്ങാനിരിക്കുകയാണ്. രണ്ടാമത്തെ സിനിമയാണ് ‘രുധിരം’. ‘രുധിരം’ സംവിധാനം ചെയ്തിരിക്കുന്നത് ജിഷോ ലോൺ ആന്റണിയാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച എന്റെ ജൂനിയറായ അലൻ ആയിരുന്നു അതിന്റെ കാസ്റ്റിങ് ഡയറക്ടർ. അലൻ വഴിയാണ് ആ സിനിമ എന്നിലേക്ക് എത്തുന്നത്.

അതിൽ രാജ് ബി. ഷെട്ടി, അപർണ ബാലമുരളി എന്നിവരൊക്കെയാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്​. അതാണ് എന്റെ മലയാളത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട സിനിമ. അതിലും ഒരു മുഴുനീള കഥാപാത്രമാണ്. അതിന്റെ ഷൂട്ട് ഏകദേശം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അതും ഈ വർഷംതന്നെ റിലീസ് ആകുമെന്ന് കരുതുന്നു. അതിനിടയിൽ ‘ദോ ഔർ ദോ പ്യാർ’ എന്ന് പറയുന്ന ഒരു ഹിന്ദി സിനിമയിൽ വിദ്യാബാലന്റെ കൂടെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചു. അതിന്റെ ഷൂട്ടിങ് ഊട്ടിയിൽ വെച്ചായിരുന്നു. മുംബൈയിലെ കാസ്റ്റിങ് ഏജൻസികളിൽ എന്റെ വിദ്യാർഥികളോ എന്റെ കൂടെ പഠിച്ചവരോ സുഹൃത്തുക്കളോ ഒക്കെയുണ്ട്. അങ്ങനെ ഒരു ഏജൻസിയിലെ അഖിൽ എന്ന് പറയുന്ന എന്റെ സുഹൃത്ത് വഴിയാണ് ഞാൻ ഈ സിനിമയിലേക്ക് എത്തുന്നത്. ആ സിനിമ ഏപ്രിൽ 13ന് റിലീസ് ചെയ്​തു.

അതിനിടയിൽ മുംബൈയിൽനിന്ന് ഒരുദിവസത്തെ ഒരു റോളിനുവേണ്ടി ഓഡിഷൻ കോൾ വന്നു. അതായിരുന്നു ഈയിടെ ആമസോൺ പ്രൈമിൽ ഇറങ്ങിയ ‘പോച്ചർ’ എന്ന വെബ്സീരീസ്. അതിലെ ഓഡിഷനുശേഷം അതിന്റെ സംവിധായകൻ എന്നെ ചെറിയ റോളിൽനിന്ന് മാറ്റി ഒരു പ്രധാനപ്പെട്ട റോളിലേക്ക് കാസ്റ്റ് ചെയ്തു. ആദ്യത്തെ എപ്പിസോഡ് മുതൽ അവസാന എപ്പിസോഡ് വരെ എന്റെ കഥാപാത്രം ആ വെബ് സീരീസിലുണ്ട്. ‘പോച്ചർ’ ആണ് എന്റെ ആദ്യ പ്രൈമറി കഥാപാത്രം. എമി അവാർഡ് വിന്നർ റിച്ചി മേഹ്ത്തയാണ് ഡയറക്ടർ. അതിൽ എന്റേത് അവിഭാജ്യമായ കഥാപാത്രമാണ്. എന്നോട് അതിൽ അഭിനയിക്കാൻ മൂന്നുമാസത്തെ സമയം വേണമെന്ന് പറഞ്ഞു. ഷൂട്ടിങ് ലൊക്കേഷൻ കോതമംഗലം ആയിരുന്നു. വിശാൽ ഭരധ്വാജിന്റെ ആപ്പിൾ ഫോണിൽ ചെയ്ത ‘ഫുർസത്’ ആണ് ഇതിനു മുമ്പ് ശ്രദ്ധേയമായ വേഷം ചെയ്ത പ്രോജക്ട്.

 

‘ദോ ഓർ ദോ പ്യാർ’ സിനിമയിൽ കുമാരദാസ്​ ടി.എൻ

ഇപ്പോഴുള്ള സിനിമകളിൽ കറുത്തവരും പല ശരീരഭാഷകളിൽ ഉള്ളവരുമൊക്കെ അഭിനയിച്ചുതുടങ്ങി. എന്തുതോന്നുന്നു?

നേരത്തേ ഒരു സിനിമ പ്രൊഡക്ഷൻ ഹൗസ് എന്ന് പറയുന്നത് തിയറ്റർ റിലീസുകൾക്കുവേണ്ടി മാത്രമുള്ളതായിരുന്നു. പക്ഷേ, ഒ.ടി.ടി വന്നതോടുകൂടി അതിന്റെ ഒരു സ്പെക്ട്രം മാറി. അവിടെ എല്ലാ പ്രദേശങ്ങളിലുമുള്ള എല്ലാ തരത്തിലുമുള്ള ഓഡിയൻസുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ആക്ടറുടെ നിറമൊന്നും പ്രശ്നമല്ല അവരുടെ പെർഫോമൻസ് ആണ് നോക്കുന്നത്. ‘ജയിലർ’, ‘ആട് ഒരു ഭീകരജീവിയാണ്’ എന്നീ സിനിമകളിലൊക്കെ വിനായകൻ എന്ന നടൻ വളരെയധികം സ്കോർ ചെയ്തിട്ടുണ്ട്. വിനായകന്റെ ടാലന്റിനെക്കുറിച്ച് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ആ ആക്ടറുടെ ജാതിയോ മതമോ ഒന്നും അവിടെ പ്രശ്നമല്ല.

അതുപോലെ സോഷ്യൽ മീഡിയയും റീൽസും ഒക്കെ വന്നതുകൊണ്ടുതന്നെ ഒരുപാടുപേരുടെ, പുതിയ ഒരുപാട് മനുഷ്യരുടെ മുഖങ്ങൾ നമുക്ക് പരിചിതമായി തുടങ്ങി. പണ്ടൊക്കെ നമുക്ക് മമ്മൂട്ടിയുടെ ബോഡി അല്ലെങ്കിൽ മോഹൻലാലിന്റെ ബോഡി എന്നൊക്കെയുള്ള ഐഡിയൽ ബോഡികൾ ഉണ്ടായിരുന്നു. പക്ഷേ, പുതിയ കാലഘട്ടത്തിൽ റീൽസ് ഒക്കെ വന്നതോടുകൂടി കറുത്തവരും തടി കൂടിയവരും അങ്ങനെ പ്രത്യേകിച്ച് ഒരു ഗ്രാമറിൽ....... നിൽക്കാത്ത പല ബോഡികളും നമ്മുടെ മുന്നിലേക്ക് കടന്നുവരാൻ തുടങ്ങി. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു ഓറിയന്റേഷൻ കിട്ടിയതുകൊണ്ടുതന്നെ നിറമെന്ന് പറയുന്നത് സിനിമയിലെ പ്രശ്നമല്ലാതെയായി മാറി.

ഞാൻ ഇവിടെ കണ്ട പടമാണ് ‘അഞ്ചക്കള്ള കോക്കാൻ’. ആ സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ഒക്കെ, നടന്മാരൊക്കെ കറുത്ത നിറമുള്ളവരാണ്. ഇവരൊക്കെ ഒരു മെയിൻ സ്ട്രീം സൗന്ദര്യബോധത്തോടു ചേർന്നുനിൽക്കുന്ന ശരീരമോ സംസാരരീതികളോ ഒന്നും ഉള്ളവരല്ല. ‘മഞ്ഞുമ്മൽ ബോയ്സ്’ പോലുള്ള സിനിമകളിലൊക്കെ മുന്നോട്ടുവെക്കുന്ന ശരീരഭാഷകൾ പുതിയതാണ്. ഇനിയും അവ മാറിക്കൊണ്ടേയിരിക്കും.

കുമാരദാസ്​ ടി.എൻ, നസീറുദ്ദീൻ ഷാ

 

പ്രത്യക്ഷ രക്ഷ സഭ എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് കുമാരദാസിന്റെ കുടുംബത്തിന്റെ ചരിത്രം വികസിക്കുന്നത്. അതൊന്നു പറയാമോ?

ഞാൻ താമസിക്കുന്നത് കോത്തലയിലാണ്. കോട്ടയത്ത് മുണ്ടക്കയം- പൊൻകുന്നം റൂട്ടിലാണ് ഈ സ്ഥലം. പരമ്പരാഗതമായിട്ട് കൃഷി അധികമുള്ള സ്ഥലമാണ്. അധഃകൃതരായ ആൾക്കാരാണ് ഇവിടെ കൂടുതലുള്ളത്. എല്ലാ സമുദായങ്ങളുമുണ്ടെങ്കിലും പറയ, പുലയ സമുദായക്കാരാണ് കൂടുതലും. മുമ്പ് സി.എസ്.ഐ സഭയായിരുന്നു ഇവിടെ കൂടുതലായി ഉണ്ടായിരുന്നത്. 1910-20 കാലഘട്ടങ്ങളിലാണ് ജനങ്ങൾ പൊയ്കയിൽ അപ്പച്ചന്റെ (പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ) പിന്തുണക്കാരായിട്ട് മാറുന്നത്. എന്റെ കുടുംബത്തിലും കുറച്ചുപേർ ഹിന്ദുക്കളും കുറച്ചുപേർ ക്രിസ്ത്യാനികളും കുറച്ചുപേർ പി.ആർ.ഡി.എസും ഒക്കെയാണ്.

എന്റേത് പറയ സമുദായമാണ്. ഞങ്ങളുടെ കുടുംബം പറയ കമ്യൂണിറ്റിയിൽനിന്ന് പി.ആർ.ഡി.എസിലേക്ക് (പ്രത്യക്ഷ രക്ഷ ദൈവസഭ) മാറിയതായിരുന്നു. ഞങ്ങളുടെ കുടുംബത്തി​ന്റെ ആദ്യത്തെ തലമുറയിലെ സ്ത്രീ ഒരു അടിമയായിരുന്നു. ഞങ്ങളുടെ വല്യപ്പച്ഛ​ന്റെ വല്യമ്മ. അഞ്ചു സഹോദരിമാരിൽ ഒരു സഹോദരിയായ ആ അമ്മയെ കോട്ടയം അടിമച്ചന്തയിൽനിന്നു അമ്പഴത്തുനാൽ കർത്താക്കന്മാർ എന്ന സവർണ ഹിന്ദു ജന്മികൾ കോത്തല ആനിക്കാട് പ്രദേശത്തേക്ക് വാങ്ങിക്കൊണ്ടു വന്നു.

കോട്ടയത്ത് വിൽക്കാൻ കൊണ്ടുവന്ന അവരുടെ അഞ്ചു സഹോദരങ്ങളെ കിഴക്കോട്ട് (തമിഴ്നാട്) വിറ്റു പോയി എന്നാണ് ചരിത്രം. ഈ അമ്മക്കു അഞ്ചു പെൺമക്കളും ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു. ഈ അഞ്ചു അമ്മമാരുടെ പിന്മുറക്കാരാണ് ഞങ്ങളുടെ ഇവിടെയുള്ള ഒട്ടുമിക്ക കുടുംബങ്ങളും. ഈ അഞ്ചു അമ്മമാരുടെ പിന്മുറക്കാരായിട്ടുള്ള തലമുറ ഒരു വലിയ കുടുംബമായിട്ടുതന്നെ അത്യാവശ്യം ആൾക്കാർ ഇവിടെയുണ്ട്. മറ്റു പറയ കുടുംബങ്ങളും ഇവിടെയുണ്ടെങ്കിലും പി.ആർ. ഡി.എസിന്റെ ഇവിടെയുള്ള ഒരു പ്രബല കുടുംബം ഇലവുന്താനം എന്ന എന്റെ കുടുംബമാണ്.

അപ്പച്ച​​െന്റ (വല്യപ്പച്ഛന്റെ) അപ്പൻ സി.എസ്.ഐ സഭയുടെ ഒരു ഉപദേശിയായിരുന്നു. ആ സമയത്താണ് പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ പ്രഭാഷണങ്ങൾക്ക് വലിയ പ്രചാരം ലഭിക്കുന്നത്. പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ ആ സമയത്ത് ബൈബിളിനെ ശക്തമായി എതിർത്തുകൊണ്ടാണ് സംസാരിച്ചത്. ബൈബിൾ എന്നത് അടിസ്ഥാനവർഗങ്ങൾക്കുള്ളതല്ലെന്നും ക്രിസ്തുമതത്തിൽ, സമുദായത്തിൽ തന്നെ ജാതിവ്യവസ്ഥിതി നിലനിൽക്കുന്നുണ്ടെന്നും ശ്രീ കുമാര ഗുരുദേവൻ പ്രസംഗിച്ചു. ആ സമയത്ത് എന്റെ വല്യച്ഛന്റെ അച്ഛൻ സി.എസ്.ഐ ഉപദേശി ആയതുകൊണ്ടുതന്നെ ശ്രീ കുമാര ഗുരുദേവനോട് തർക്കിക്കാൻ വേണ്ടി പോയി. അവർ പി.ആർ.ഡി.എസിന്റെ ഒരു വലിയ സ്ഥലമായ അമര എന്ന ഇടത്ത് ചെന്നു. അവർ പൊയ്കയിൽ അപ്പച്ചനെ, കുമാരദേവനെ കണ്ട് ഞങ്ങളിങ്ങനെ വാദപ്രതിവാദത്തിനു വേണ്ടിവന്നതാണ് എന്ന് പറഞ്ഞു. തർക്കിക്കാൻ ആണെങ്കിൽ തന്റെ കൂടെ യോഗത്തിൽ ഒരു ഏഴു ദിവസം ഇരിക്കണമെന്ന് ശ്രീ കുമാര ഗുരുദേവൻ അവരോട് പറഞ്ഞു. അതിനുശേഷം തർക്കിക്കാമെന്ന് പറഞ്ഞു.

 

കുമാരദാസ്​ ടി.എൻ, ഓംപുരി

പക്ഷേ, ഏഴു ദിവസം ശ്രീ കുമാരദേവന്റെ യോഗത്തിൽ പങ്കെടുത്തതോടെ ഇവരുടെ തർക്കങ്ങളും അതുപോലെ വാദഗതികളും ഒക്കെ ഇല്ലാതെയായിപ്പോയി. അവർ പിന്നീട് അപ്പച്ചന്റെ ഫോളോവേഴ്സ് ആയി മാറി. കോത്തലയിലേക്ക് തിരിച്ചുവരുമ്പോൾ അവരോട് ഒരു ആലയം കെട്ടാനും പ്രാർഥന തുടങ്ങാനുമൊക്കെ കുമാരദേവൻ പറഞ്ഞു. അങ്ങനെ അവർ നാട്ടിലേക്ക് വന്ന് പി.ആർ.ഡി.എസിന്റെ പ്രചാരകരായിട്ട് മാറി. അങ്ങനെയാണ് ഇവിടെ ആദ്യത്തെ ഒരു ആരാധനാലയം തുടങ്ങുന്നത്.

പൊയ്കയിൽ അപ്പച്ഛനുമായി തർക്കം നടത്തുവാൻ പോയ വല്യപ്പച്ഛ​ന്റെ മകനാണ് എന്റെ അപ്പച്ചൻ (അച്ഛന്റെ അച്ഛൻ) അദ്ദേഹം തന്റെ പിൻതലമുറക്കാരെ വിദ്യാഭ്യാസം ചെയ്യുവാൻ പ്രോത്സാഹിപ്പിച്ചിരുന്നു. എന്റെ അപ്പച്ചൻ തന്റെ ചെറുപ്രായത്തിൽ തന്നെ ഇവിടത്തെ ഒരു ജന്മിയുടെ അടിയാനായിരുന്നു. അപ്പച്ചനും, അദ്ദേഹത്തിന്റെ അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതായിരുന്നു കുടുംബം. ഏതോ ഒരു തർക്കത്തിന്റെ പുറത്ത് അപ്പച്ഛനെയും കുടുംബത്തെയും അവരുടെ കുടികിടപ്പു സ്ഥലത്തിൽനിന്നും ആ തമ്പുരാൻ ഇറക്കിവിട്ടു. പിന്നെ അവരുടെ ബന്ധുക്കളാണ് അവരെ സംരക്ഷിച്ചത്. അന്ന് യുവാവായ എന്റെ അപ്പച്ചൻ ഒരു ശപഥം ചെയ്തു, അല്ലെങ്കിൽ വെല്ലുവിളിച്ചു. തന്റെ പുരയിൽനിന്നു തമ്പുരാൻ തന്നെ ഇറക്കിവിട്ടെങ്കിൽ, തമ്പുരാന്റെ പുരപോലൊരു പുര ഞാൻ പണിയും എന്ന് അപ്പച്ചൻ വെല്ലുവിളി നടത്തി. ആ വീട്ടിലാണ് ഞാൻ ജനിക്കുന്നതും ആ അപ്പച്ചന്റെ മുറിയിലാണ് ഞാൻ താമസിക്കുന്നതും.

ബാല്യകാലവും സ്കൂൾ ജീവിതവും ആ കാലത്തെ കലാ പ്രവർത്തനങ്ങളും എങ്ങനെ ആയിരുന്നു?

വീടിന്റെ തൊട്ടടുത്തുള്ള ഒരു അംഗൻവാടിയിലാണ് ഞാൻ പഠിച്ചത്. വെറുമൊരു പത്തോ ഇരുപതോ അടി താഴെയാണ് അംഗൻവാടി. കൂടെ മനോജ് എന്ന ഒരു കൂട്ടുകാരനും ആ അംഗൻവാടിയിൽ പഠിച്ചിരുന്നു. ചെറുപ്പത്തിൽ വായിൽനിന്ന് വെള്ളം ഒലിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. അപ്പോൾ ആ അംഗൻവാടിയിൽ തന്നെ ഞങ്ങളുടെ മറ്റൊരു ബന്ധുവും പഠിക്കുന്നുണ്ടായിരുന്നു. എന്റെ വായിൽനിന്ന് വെള്ളം ഒലിക്കുന്നത് കണ്ടിട്ട് അവർ അവരുടെ മകനെ വേറൊരു അംഗൻവാടിയിലേക്ക് മാറ്റിച്ചേർത്തു. അതായിരുന്നു ജീവിതത്തിലെ ആദ്യത്തെ ദുരനുഭവം.

വീടിന് തൊട്ടടുത്ത് ചേർന്ന് തന്നെയാണ് അവിടത്തെ എൻ.എസ്.എസ് ഹൈസ്കൂൾ. അവിടെയാണ് ഞാൻ ഒന്നാം ക്ലാസിൽ ചേരുന്നത്. അച്ഛന്റെ അച്ഛൻ, അപ്പച്ഛൻ, ആ സമയത്ത് ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹം പി.ആർ.ഡി.എസിന്റെ ഉന്നതപദവിയിലുള്ള പ്രീസ്റ്റ് ആയിരുന്നു. അദ്ദേഹം ഞങ്ങളുടെ സഭയിലെ ഒരു വി.ഐ.പി ആയിരുന്നു. അദ്ദേഹത്തിനെ കാണാൻ ശിഷ്യന്മാരും സഭയിലെ പ്രവർത്തകരും ഒക്കെ വരും. അദ്ദേഹമാണ് എന്നെ രാവിലെ സ്കൂളിൽ കൊണ്ടുപോകുന്നതും വൈകുന്നേരം കൊണ്ടുവരുന്നതും. ആ സമയത്ത് എനിക്ക് നാലു വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ നാട്ടിൽ വായനശാലക്ക് ഒരു ടി.വി ലഭിക്കുന്നത്.

അന്ന് അംബേദ്കർ വികസന ഫണ്ട് എന്നൊരു ഫണ്ട് ഉണ്ട്. ഞങ്ങളുടേതൊരു പട്ടികജാതി വാർഡ് ആയതുകൊണ്ട് ആ വാർഡിലേക്ക് ആ ഫണ്ടിൽനിന്നും ലഭിച്ച ടി.വി വെക്കുന്നത് ഞങ്ങളുടെ നാട്ടിലെ വായനശാലയിലാണ്. ദൂരദർശൻ ഉള്ളതുകൊണ്ട് വൈകുന്നേരം അഞ്ചുമണി ആകുമ്പോഴേക്കും ടി.വി ഓൺ ചെയ്യും. വായനശാല എന്ന പേരുണ്ടെങ്കിലും അത് വായനശാല ഒന്നുമല്ല, ചീട്ടുകളിതന്നെയാണ് അവിടെ പരിപാടി. പക്ഷേ, അവിടെ ടി.വിയും ഉണ്ട്. അവിടെ നാട്ടുകാരൊക്കെ ഒരു അഞ്ചര മണിയാവുമ്പോഴേക്കും ടി.വി കാണാനായി ഒത്തുകൂടും. ഇതൊക്കെ എന്നെ കാണിക്കാൻ അപ്പച്ഛൻ വൈകുന്നേരം കൊണ്ടുപോകും. സീരിയൽ കഴിഞ്ഞിട്ട് എന്നെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരും. പിന്നീട് അപ്പച്ഛനും വല്യമ്മച്ചിയും കൂടെ എന്നെ പഠിപ്പിക്കും. അവർ കേൾക്കാൻ വേണ്ടി ഞാൻ പാഠപുസ്തകങ്ങൾ ഉറക്കെ വായിക്കും. അങ്ങനെയായിരുന്നു അഞ്ചാം ക്ലാസ് വരെ എന്റെ ജീവിതം.

അഞ്ചാം ക്ലാസിലെത്തിയപ്പോഴാണ് അപ്പച്ഛന്റെ വേർപാട് ഉണ്ടാകുന്നത്. കൂട്ടുകാരനെപ്പോലെ കണ്ട എന്റെ അപ്പച്ഛന്റെ വേർപാട് വല്ലാത്ത അനാഥത്വവും ശൂന്യതയും ഉണ്ടാക്കി. അപ്പച്ഛൻ വേർപിരിഞ്ഞതിനുശേഷം ഉള്ള അനാഥത്വത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയിട്ടായിരുന്നു സ്കൂളിലെ കലാപരിപാടികളിൽ ഞാൻ പങ്കെടുത്തത്​. കലാപരിപാടികൾക്കു പേരു കൊടുപ്പിക്കാൻ ഒന്നും ആരുമില്ലായിരുന്നു. അങ്ങനെ ഞാൻതന്നെ സ്വയം ഒരു പ്രച്ഛന്നവേഷത്തിനു പേരുകൊടുത്തു. അടുത്ത വർഷം മുതൽ ഞാൻ നാടകങ്ങൾക്കും പേര് കൊടുത്തു. അങ്ങനെ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ഞാനും സുഹൃത്തായ മനോജും കൂടി നാടകങ്ങൾ കളിച്ചുതുടങ്ങി. മനോജ് അയൽവാസിയാണ്. ഒരേ സമുദായക്കാരാണ്.

 

രജനികാന്തിനൊപ്പം കുമാരദാസ്​ ടി.എൻ

ഞങ്ങൾ അധികവും ക്ലാസുകളിലെ മറ്റു കുട്ടികളുമായി കൂടിക്കലർന്ന് കളിക്കാറില്ല. ഞങ്ങളുടെ അപകർഷബോധംകൊണ്ടാണോ അത് എന്നറിയില്ല. എന്റെ നാട്ടിലെ പേര് സുരേഷ് എന്നാണ്. ആറാം ക്ലാസ് വരെ ഞാനും മനോജും ഒരുമിച്ച് പഠിച്ചു. ആറാം ക്ലാസിൽ മനോജ് പരാജയപ്പെട്ടു. ഞാൻ ഏഴിലേക്ക് ജയിച്ചു. മനോജ് അതോടുകൂടി പഠിപ്പുനിർത്തി. പിന്നീട് അവൻ ഒരു റേഷൻ കടയിലെ ജോലിക്കാരനായി മാറി. അവിടന്ന് പിന്നീട് ഒരു റേഷൻ കടയിലെ വണ്ടിയോടിച്ചു. ജീപ്പ് ഓടിച്ചു. ഇടയ്ക്ക് ഗൾഫിൽ പോയി. അതിനുശേഷം വളരെ കഷ്ടപ്പെട്ടു നാട്ടിൽ തിരിച്ചുവന്നു നാട്ടിലെ ഒരു ബസിലെ ഡ്രൈവറായി ജോലിനോക്കുകയാണ്.

എനിക്ക് ഏഴാം ക്ലാസ് വരെ ക്ലാസിൽ അഞ്ചാം റാങ്ക് വരെ ഉണ്ടായിരുന്നു. വീട്ടിൽ അപ്പച്ഛൻ പോയതിനെ തുടർന്ന് നാടകത്തിലും പാട്ടിലുമൊക്കെ ശ്രദ്ധ കൂടിയതിനാൽ എന്റെ റാങ്ക് ഒക്കെ പിന്നിലേക്ക് പോയി. പഠിത്തത്തിൽ പിറകിലോട്ട് പോയി. അന്നുമുതലേ രജനികാന്തിന്റെ ഫാൻ ആയതുകൊണ്ട് രജനികാന്തിനെപ്പോലെ നടക്കാൻ ശ്രമിക്കുമായിരുന്നു.

(തുടരും)

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.