രാഷ്ട്രീയം പറയുന്ന സിനിമകൾ ചെയ്യേണ്ടത് എന്റെ കടമ

സാമൂഹികക്ഷമതയുള്ള ഒരുപിടി നല്ല സിനിമകളും ഡോക്യുമെന്ററികളും ചെയ്ത കാമറാമാനാണ് എ. മുഹമ്മദ്. സിനിമയിലൂടെ താൻ കാണുന്നതെന്താണെന്നും നല്ല സിനിമകൾക്കുവേണ്ടി ചെയ്ത നിരീക്ഷണ-പരീക്ഷണങ്ങൾ എന്തെല്ലാമായിരുന്നെന്നും അദ്ദേഹം തുറന്നുപറയുന്നു. ‘ഉടലാഴം’ എന്ന തന്‍റെ ആദ്യ സിനിമയിലൂടെ പ്രതിഭ തെളിയിച്ച ഛായാഗ്രാഹകനാണ് എ. മുഹമ്മദ്. 2025ലെ ഐ.എഫ്.എഫ്.കെയിൽ അവാർഡുകൾ വാരിക്കൂട്ടിയ ‘തന്തപ്പേര്’, മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ നടിക്കുള്ള പുരസ്കാരം ലഭിച്ച ‘അന്തരം’, കാനഡയിലെ വാൻകൂവർ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ഞാൻ രേവതി’ എന്ന ഫീച്ചർ ഡോക്യുമെന്‍ററി തുടങ്ങിയ നിരവധി...

സാമൂഹികക്ഷമതയുള്ള ഒരുപിടി നല്ല സിനിമകളും ഡോക്യുമെന്ററികളും ചെയ്ത കാമറാമാനാണ് എ. മുഹമ്മദ്. സിനിമയിലൂടെ താൻ കാണുന്നതെന്താണെന്നും നല്ല സിനിമകൾക്കുവേണ്ടി ചെയ്ത നിരീക്ഷണ-പരീക്ഷണങ്ങൾ എന്തെല്ലാമായിരുന്നെന്നും അദ്ദേഹം തുറന്നുപറയുന്നു.

‘ഉടലാഴം’ എന്ന തന്‍റെ ആദ്യ സിനിമയിലൂടെ പ്രതിഭ തെളിയിച്ച ഛായാഗ്രാഹകനാണ് എ. മുഹമ്മദ്. 2025ലെ ഐ.എഫ്.എഫ്.കെയിൽ അവാർഡുകൾ വാരിക്കൂട്ടിയ ‘തന്തപ്പേര്’, മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ നടിക്കുള്ള പുരസ്കാരം ലഭിച്ച ‘അന്തരം’, കാനഡയിലെ വാൻകൂവർ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ഞാൻ രേവതി’ എന്ന ഫീച്ചർ ഡോക്യുമെന്‍ററി തുടങ്ങിയ നിരവധി സിനിമകൾക്കും ഡോക്യുമെന്‍ററികൾക്കും കാമറ ചലിപ്പിച്ചത് മുഹമ്മദാണ്. ആർക്കിയോളജി ഫോട്ടോഗ്രാഫർ എന്ന നിലയിലും പ്രശസ്തനാണ് മുഹമ്മദ്.

തിരുവനന്തപുരം ഗവ. ഫൈൻ ആർട്സ് കോളജിൽനിന്ന് പെയിന്‍റിങ്ങിൽ പഠനം പൂർത്തിയാക്കിയശേഷം കേന്ദ്ര സർക്കാറിന്‍റെ ഫോട്ടോഗ്രഫിക്കുള്ള ഫെലോഷിപ് ലഭിച്ച മുഹമ്മദ് 2005ലാണ് ഡോക്യുമെന്‍ററികൾക്കും ഷോട്ട് ഫിലിമുകൾക്കും കാമറ ചലിപ്പിച്ചു തുടങ്ങിയത്. 100ൽപരം ഡോക്യുമെന്‍ററികൾക്കും ഏഴ് ഫിക്ഷൻ സിനിമകൾക്കും പത്തോളം ഷോർട്ട് ഫിലിമുകൾക്കും ഛായാഗ്രഹണം നിർവഹിച്ചു. 2025 ഐ.എഫ്.എഫ്.കെയിൽ മികച്ച ജനപ്രിയ സിനിമ, മികച്ച മലയാള സിനിമ, മികച്ച ജൂറി സിനിമ എന്നീ പുരസ്കാരങ്ങൾ നേടിയ ‘തന്തപ്പേരി’ന്‍റെ ഛായാഗ്രാഹകൻ കൂടിയായ മുഹമ്മദുമായി നടത്തിയ സംഭാഷണം

താങ്കൾ കാമറ ചെയ്ത ഏറ്റവും പുതിയ സിനിമയാണല്ലോ ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’- Life of a Phallus. നമുക്ക് സംഭാഷണം അതിൽനിന്നുതന്നെ തുടങ്ങാം ?

എന്‍റെയും ഉണ്ണിയുടെയും ആദ്യത്തെ സിനിമ ‘ഉടലാഴ’മാണ്. 2018ലാണ് ആ സിനിമ പ്രദർശനത്തിനെത്തുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അത്. പിന്നീട് ഞങ്ങൾ ഒരുമിച്ച ‘തന്തപ്പേര്’ സിനിമ വരുന്നത് 2025ലെ ഐ.എഫ്.എഫ്.കെയിലാണ്. ഉണ്ണിയുടെ പല സമയത്തുള്ള റിസർചുകളും ആദ്യം ചെയ്ത ഡോക്യുമെന്‍ററിയും ചോലനായ്ക്കരെ കുറിച്ചുള്ളതായിരുന്നു. രസകരമായ സംഭവം എന്തെന്നുവെച്ചാൽ ചോലനായ്ക്കരെ കുറിച്ച് ഡോക്യുമെന്‍ററി ചെയ്യാനാണ് ഞങ്ങൾ നിലമ്പൂർ കാട്ടിലേക്ക് പോകുന്നത്. രണ്ടോ മൂന്നോ ദിവസം ഞങ്ങൾ ഷൂട്ട് ചെയ്തു.

അതിന്‍റെ റഷസ് കാണുമ്പോഴാണ് ഉണ്ണി അത് ഫിക്ഷനിലേക്ക് കൊണ്ടുവന്നാലോയെന്ന് ആലോചിക്കുന്നത്. സിനിമയാകുമ്പോൾ സിങ്ക് സൗണ്ട് വേണം, ഹെലികാം വേണം, കാട്ടിനുള്ളിലേക്ക് പോകണം. ഉൾക്കാടാണ്. ആറു മണിക്ക് ചെക്ക്പോസ്റ്റിൽനിന്ന് ജീപ്പിൽ 20 കിലോ മീറ്റർ യാത്രചെയ്ത ശേഷം വീണ്ടും കിലോമീറ്ററുകൾ നടന്നുവേണം ലൊക്കേഷനിലെത്താൻ. അതും കാമറയും ട്രൈപോഡും മറ്റ് സംവിധാനങ്ങളും എടുത്ത് വേണം നടക്കാൻ. നടന്ന് അവിടെ എത്തി അവരെ കണ്ടുപിടിച്ച് ഷൂട്ട് ചെയ്യണം. വൈകീട്ട് ആറുമണിക്ക് തിരിച്ചിറങ്ങണം. അവിടെ നിൽക്കാൻ പറ്റില്ല. അവരിൽ പലരും സിനിമ കാണാത്ത ആളുകളാണ്. ഞങ്ങളും അവരും കൂടെയുള്ള ഒരു ബോണ്ട് ക്രിയേറ്റ് ചെയ്യുക എന്നുള്ളതായിരുന്നു ആദ്യത്തെ പ്രധാന ദൗത്യം. പിന്നീട് അവരുടെ മനഃപൂർവം സൃഷ്ടിച്ചെടുത്ത സൗഹൃദത്തിനൊടുവിലാണ് സത്യത്തിൽ ഷൂട്ട് ആരംഭിക്കുന്നത്.

അളകളിൽ താമസിക്കുന്ന ഏഷ്യയിലെ ഒരേയൊരു ഗോത്രവാസികളാണ് ചോലനായ്ക്കർ. പുതിയൊരു ലോകം പരിചയപ്പെടാൻപറ്റി എന്നുള്ളത് എന്നെ സംബന്ധിച്ച് വലിയ അനുഭവമായിരുന്നു. ഇനിയൊരിക്കലും അത്തരം ഒരു സ്പേസിൽ ഷൂട്ട് ചെയ്യാൻ പറ്റുമോയെന്ന് അറിയില്ല. സിനിമ ചെയ്യുക എന്നതിനപ്പുറം ജീവിതത്തിൽ ഒരുപാട് പുതിയ അനുഭവങ്ങൾ ഉണ്ടാക്കിത്തന്ന സിനിമയാണ് ‘തന്തപ്പേര്’.

എ. മുഹമ്മദ് തന്‍റെ ഫോട്ടോ പ്രദർശനത്തിനിടെ

 

‘തന്തപ്പേരി’ൽ അഭിനയിച്ചവരിൽ ഏറെപേരും പുതുമുഖങ്ങളും ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ടവരുമാണല്ലോ. അവർക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ  പറയാമോ?

സ്ക്രിപ്റ്റ് വെച്ചല്ല, സിറ്റുവേഷൻസ് പറഞ്ഞുകൊടുത്താണ് ഈ സിനിമ ഷൂട്ട് ചെയ്തത്. ഞങ്ങൾ പറയുന്ന കാര്യം, ചോലനായ്ക്ക വിഭാഗത്തിൽപെട്ടതും സിനിമയുടെ കോ റൈറ്ററുമായ വിനോദാണ് ആദിവാസികളുമായി കമ്യൂണിക്കേറ്റ് ചെയ്തത്. എനിക്ക് രസകരമായി തോന്നിയത് ചോലനായ്ക്കരിലെ അഭിനേതാക്കൾ ആരും തന്നെ കാമറാ കോൺഷ്യസ് അല്ല എന്നുള്ളതാണ്. വില്ലൻ കഥാപാത്രം ചെയ്ത നരി മാത്രം കാമറയിലേക്ക് നോക്കിനിൽക്കുമായിരുന്നു. പിന്നീടത് പറഞ്ഞ് ശരിയാക്കി. തേൻ എടുക്കുന്ന രംഗം ചിത്രീകരിച്ചത് വല്ലാത്ത എക്സ്പീരിയൻസാണ്.

സാധാരണ പകൽ തേനെടുക്കാൻ അവർ പോവാറില്ല. രാത്രി ഷൂട്ട് ചെയ്യാൻ ഞങ്ങൾക്ക് അനുവാദവുമില്ല. പകലാകുമ്പോൾ തേനീച്ചയുടെ കുത്ത് കിട്ടാൻ സാധ്യതയുണ്ടെന്നവർ പറഞ്ഞു. ഒടുവിൽ രണ്ടും കൽപിച്ച് വലിയൊരു മരത്തിൽ തേൻ കണ്ടുപിടിച്ച് വലിഞ്ഞുകയറി. ഓടാൻ തയാറായി നിന്നാണ് ഞങ്ങൾ ആ രംഗം ഷൂട്ട് ചെയ്തത്. ഭാഗ്യത്തിന് കുഴപ്പമൊന്നും ഉണ്ടായില്ല. ഗംഭീരമായി ഷൂട്ട് ചെയ്യാൻ പറ്റി. ഉരുളൻ കല്ലുകളുള്ള കാടായിരുന്നു അത്. അവർ കൂളായി നടന്നുപോകും. ഞങ്ങൾ കാമറയും കൊണ്ടുപോകുമ്പോൾ മറിഞ്ഞുവീഴും. അവർ രാവിലെ ഭക്ഷണം കഴിക്കാറില്ല. രാത്രിയാണ് പ്രധാന ഭക്ഷണം. കുട്ടയുമായി പോകുമ്പോൾ മീൻ പിടിക്കും. അവിടെവെച്ച് പാകം ചെയ്യും.

‘തന്തപ്പേരി’ന്‍റെ മേക്കിങ്ങിനെക്കുറിച്ച്, പ്രത്യേകിച്ച് കാമറ വർക്കിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ?

പലതരം കാമറകൾ ഉപയോഗിച്ചാണ് ഇതിന്‍റെ ചിത്രീകരണം പൂർത്തിയാക്കിയത്. എന്‍റെ കൈയിലുള്ള ‘കാനോൺ വൺ ഡി എസ്’, ഗോപ്രോ, ഹെലികാം അങ്ങനെ പലതരം കാമറകളും കൂടാതെ ‘റെഡ്’ കാമറയും ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയുടെ കളറിങ് എടുത്തുപറയേണ്ടതുണ്ട്. ഇത്രയും കാമറകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ കളറിസ്റ്റ് ലിജു പ്രഭാകർ ഗംഭീരമായി വർക്ക് ചെയ്തിട്ടുണ്ട്. കാടിനകത്ത് ആർട്ടിഫിഷ്യൽ ലൈറ്റില്ല. ഞാനും ആ രീതിയിൽ ഒരു ലൈറ്റും ഉപയോഗിച്ചിട്ടില്ല. ‘ഉടലാഴ’വും ‘തന്തപ്പേരും’ അങ്ങനെയാണ് ചെയ്തത്. ചെറിയ ക്രൂ ആയതിനാൽ നമ്മുടെ ഇഷ്ടത്തിന് ഷൂട്ട് ചെയ്യാൻ അവസരമുണ്ടായിരുന്നു.

‘തന്തപ്പേര്’ കണ്ട പ്രേക്ഷകരുടെ പ്രതികരണം എന്തായിരുന്നു?

‘തന്തപ്പേര്’ ഐ.എഫ്.എഫ്.കെയിൽ വേൾഡ് പ്രീമിയർ ആയിരുന്നു. ചോലനായ്ക്ക ഭാഷയിൽ ആയതുകൊണ്ട് ഇത് എങ്ങനെയായിരിക്കും കാണികൾ സ്വീകരിക്കുക എന്ന പേടി ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ, മേളയിലെ മൂന്ന് ഷോയും ഹൗസ് ഫുൾ ആയിരുന്നു. പലർക്കും കാണാൻ പറ്റാതെ തിരിച്ചുപോകേണ്ടിവന്നു. പിന്നെ പറഞ്ഞൊരു കാര്യം ഐ.എഫ്.എഫ്.കെയിൽ കാണിക്കുന്ന മലയാളം സിനിമകൾ കണ്ടന്റ് വൈസ് നന്നായിരിക്കും. സാങ്കേതികമായി കാര്യമായി ഉയരാറില്ല. ‘തന്തപ്പേര്’ തീർച്ചയായും ഒരു ഇന്‍റർനാഷനൽ ലെവലിൽ നിൽക്കുന്ന സിനിമയായി ഫീൽ ചെയ്തു എന്നാണ് പ്രേക്ഷകരിൽനിന്ന് കിട്ടിയ ഫീഡ്ബാക്ക്.

ആർക്കിയോളജി ഫോട്ടോഗ്രഫി വർക്കുകൾ ചെയ്ത ഫോട്ടോഗ്രാഫർമാർ വളരെ കുറവാണ്. റിയാസ് കോമു ക്യൂറേറ്റ് ചെയ്ത താങ്കളുടെ ആർക്കിയോളജി ചിത്രങ്ങളുടെ എക്സിബിഷനുകൾ ഏറെ ശ്രദ്ധ നേടുകയുണ്ടായി. എങ്ങനെയാണ് റിയാസുമായി പരിചയപ്പെടുന്നത് ?

റിയാസ് കോമുവും ബോസ് കൃഷ്ണമാചാരിയും കൊച്ചി മുസിരിസ് ബിനാലെ ആലോചിക്കുമ്പോഴാണ് പട്ടണം എക്സ്കവേഷനെ കുറിച്ച് അറിയുന്നതും സൈറ്റ് കാണാൻ വരുന്നതും. അപ്പോഴാണ് ഞങ്ങൾ പരിചയപ്പെടുന്നത്. കൊച്ചിൻ മുസിരിസ് ബിനാലെക്കായി ആദ്യത്തെ ബ്രോഷറിൽ ഉപയോഗിച്ചത് ഞാനെടുത്ത ചിത്രങ്ങളാണ്. റിയാസ് ബിനാലെ വിട്ട് ആഴി ആർക്കൈവ്സ് തുടങ്ങി ആദ്യത്തെ എക്സിബിഷൻ ചെയ്യുമ്പോഴാണ് എന്നെ വിളിക്കുന്നത്.

എക്സ്കവേഷൻ ഫോട്ടോഗ്രാഫ്സിനെ കുറിച്ച് എക്സിബിഷൻ ചെയ്താലോ എന്ന് ചോദിച്ചു. കേരളത്തിന്‍റെ ഹിസ്റ്ററി വിഷ്വൽ നരേഷൻ എന്ന രീതിയിൽ ഞാൻ കേരളത്തിലെ റോക്ക് ആർട്ടുകൾ, റോക്ക് പെയിന്‍റിങ്, മഹാശിലാ സ്മാരകങ്ങൾ എക്‌സ്കവേഷനുകൾ എന്നിവ ഡോക്യുമെന്‍റ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ചിത്രങ്ങൾ ഒരു ക്രോണോളജി വെച്ച് സെറ്റ് ചെയ്യാൻ പറ്റുമോയെന്ന് ആലോചിച്ചു. കേരളത്തിന്‍റെ ഒരു ഹിസ്റ്ററി ഏറ്റവും പുരാതനമായ എടക്കൽ ഗുഹയിൽ തുടങ്ങി മറ്റ് ഗുഹാചിത്രങ്ങൾ, പെയിന്‍റിങ്ങുകൾ എന്നിങ്ങനെ സെറ്റ് ചെയ്ത് റിയാസുമായി സംസാരിച്ചു. അങ്ങനെ എക്സിബിഷൻ ചെയ്യാൻ തീരുമാനിച്ചു.

‘സീ എ ബോയലിങ് വെസലി’ന്‍റെ ആദ്യ എഡിഷനിൽ എന്‍റേതും കെ.ആർ. സുനിൽ, ബിജു ഇബ്രാഹിം എന്നിവരുടെ വർക്കുകളുമെല്ലാം ചർച്ച ചെയ്യപ്പെട്ടു. ആദ്യമായാണ് ആർക്കിയോളജി ഇമേജുകൾ ഇത്തരം എക്സിബിഷനിൽ പ്രദർശിപ്പിക്കപ്പെടുന്നത്. റിയാസ് അത് ഒരു പുസ്തകമാക്കണമെന്ന് പറഞ്ഞിരുന്നു. റേയ്ച്ചൽ ടെക്സ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. ടെക്സ്റ്റ് കണ്ടപ്പോൾ പുസ്തകത്തിനുപകരം എക്സിബിഷൻ തന്നെ ചെയ്യാമെന്നാണ് റിയാസ് പറഞ്ഞത്. ആദ്യ എഡിഷനിൽ കുറഞ്ഞ ചിത്രങ്ങൾ ആയിരുന്നു. പുതിയ എഡിഷനിൽ 130ഓളം ചിത്രങ്ങൾ സെലക്ട് ചെയ്താണ് ‘ആർക്കിയോലോജിക്കൽ കാമറ’ എന്ന ടൈറ്റിലിൽ കൊച്ചിയിൽ എക്സിബിഷൻ നടക്കുന്നത്.

ആർക്കിയോളജി ഇന്ന് നമ്മുടെ രാജ്യത്ത് മിത്തുമായി ചേർന്നാണ് നിൽക്കുന്നത്. അതിന്‍റെ ഒരു പൊളിറ്റിക്സ് വെച്ചാണ് ടൈറ്റിൽ ‘ആർക്കിയോലോജിക്കൽ കാമറ’ എന്നാക്കുന്നത്. ‘കര’ എന്നുപറയുന്ന ഗാലറി പഴയ ഡച്ച് മിന്‍റ് ഹൗസായിരുന്നു. അവിടെയാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ഡിസംബറിൽ തുടങ്ങി ഫെബ്രുവരി വരെയായിരുന്നു പ്രദർശനം.

അക്കാദമിക് സ്പേസിൽ മാത്രം നിൽക്കുന്ന വർക്കാണ് ആർക്കിയോളജി ഫോട്ടോഗ്രഫി. ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് വിദേശത്തുനിന്നുവന്ന ആർക്കിയോളജിസ്റ്റുകൾ പറഞ്ഞത്. പരിപാടി ക്യൂറേറ്റ് ചെയ്ത റിയാസ് കോമുവിന്‍റെ രീതിയും എടുത്തുപറയേണ്ടതുണ്ട്. ആർട്ടിന്‍റെയും ആർക്കിയോളജിയുടെയും ചരിത്രത്തിൽ ഇന്ത്യയിൽ പ്രധാനപ്പെട്ട എക്സിബിഷനായി അതു മാറി. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു. മറ്റ് പലരും ഈ എക്സിബിഷൻ ചെയ്യാൻ താൽപര്യവുമായി മുന്നോട്ടുവന്നിട്ടുണ്ട്.

 

ഐ.എഫ്.എഫ്.കെ 2025ലെ മികച്ച ചിത്രത്തിനുള്ള (പ്രേക്ഷക പോൾ) അവാർഡ് ‘തന്തപ്പേര്’ സിനിമയുടെ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളക്കും സംഘത്തിനും മന്ത്രി സജി ചെറിയാൻ സമ്മാനിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, മന്ത്രി വി. ശിവൻകുട്ടി, അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സമീപം

എങ്ങനെയാണ് ആർക്കിയോളജി ഫോട്ടോഗ്രഫിയിലേക്ക് എത്തുന്നത് ?

തിരുവനന്തപുരം സംസ്കൃത സർവകലാശാലയിൽ എന്‍റെ ചില സുഹൃത്തുക്കളെ കാണാനായി അവിടേക്ക് പോകുമായിരുന്നു. അവിടെ വെച്ചാണ് എം.എ ഹിസ്റ്ററിക്ക് പഠിക്കുന്ന എന്‍റെ പാർട്ണർ കൂടിയായ ശ്രീലതയെ പരിചയപ്പെടുന്നത്. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. പിന്നീട് പ്രണയത്തിലുമായി. കാര്യവട്ടത്ത് എം.ഫിൽ പഠന സമയത്ത് ഞങ്ങളുടെ പ്രണയബന്ധം അവളുടെ വീട്ടിലറിഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ റഫറൻസ് ചെയ്യാൻ വീട്ടുകാരും അധ്യാപകരും അവളെ പറഞ്ഞുവിടുന്നത് ആ സമയത്താണ്. തുടർന്നാണ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തുന്നതും ഞങ്ങൾ ഒരുമിച്ച് താമസിക്കുന്നതും.

ആ സമയത്തുതന്നെയാണ് തഞ്ചാവൂർ യൂനിവേഴ്സിറ്റിയിലെ ഡോ. സെൽവകുമാർ മഹാശിലാസ്മാരകങ്ങൾ ഡോക്യുമെന്‍റ് ചെയ്യാൻ കേരളത്തിൽ വരുന്നത്. ഡോ. കെ.പി. രാജേഷും സൈറ്റ് വിസിറ്റ് ചെയ്യാനായി പോകും. അവരോടൊപ്പം ഞാനും കാമറയുമായി പോയി ചിത്രങ്ങളെടുക്കും. ഹിസ്റ്ററി അത്ര ഇഷ്ടമുള്ള വിഷയമായിരുന്നില്ല. എങ്കിലും ആർക്കിയോളജി മഹാശിലാസ്മാരകം, കൊടക്കല്ല്, തൊപ്പിക്കല്ല് എന്നിവ ഡോക്യുമെന്‍റ് ചെയ്ത് തുടങ്ങി.

2007ൽ പട്ടണം എക്സ്കവേഷൻ തുടങ്ങുന്ന സമയത്ത് ശ്രീലതക്കൊപ്പം ഞാനും ജോയിൻ ചെയ്തു. പിന്നീട് കെ.സി.എച്ച്.ആറിന്‍റെ ആഭിമുഖ്യത്തിൽ പട്ടണം ആർക്കിയോളജിക്കൽ സൈറ്റിന്‍റെ ഫീൽഡ് സർവേയിലും ചേരാൻ അവസരം ലഭിച്ചു. അങ്ങനെ എന്‍റെ ആദ്യത്തെ എക്സ്കവേഷൻ ഡോക്യുമെന്റേഷൻ ചർച്ച ചെയ്യപ്പെട്ടു. എന്‍റെ ആർക്കിയോളജി ഫോട്ടോഗ്രഫിയുടെ തുടക്കം അതായിരുന്നു. 2008ൽ എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. രാജൻ ഗുരുക്കൾ സാറിന്‍റെ നേതൃത്വത്തിൽ ആനക്കര എക്സ്കവേഷൻ നടന്നു. അതും ഡോക്യുമെന്‍റ് ചെയ്യാൻ അവസരമുണ്ടായി. പിന്നീട് ആൾക്കിയോളജിയുമായി ബന്ധപ്പെട്ട മറ്റുപലതും ഡോക്യുമെന്‍റ് ചെയ്യാനും അവസരം ലഭിച്ചു.

എക്സ്കവേഷൻ സാധാരണ മൂന്നുമാസംവരെ നീണ്ടുനിൽക്കും. രാവിലെ തൊട്ട് ജോലി തുടങ്ങും. ഫോട്ടോഗ്രഫി മാത്രമായിരുന്നില്ല എനിക്കവിടെ ജോലി. ശാസ്ത്രജ്ഞരോടും തൊഴിലാളികളോടും ചേർന്നുള്ള ആ ജോലി ജീവിതത്തിലെ നല്ലൊരു കാലം കൂടിയായിരുന്നു. മകൻ ആദി എന്ന അക്കു എക്സ്കവേഷൻ സൈറ്റിലാണ് വളർന്നത്. രാവിലെ ഞങ്ങൾ പോകുമ്പോൾ അവനെയും കൊണ്ടുപോകും. ഏതെങ്കിലും ട്രഞ്ചിലായിരിക്കും കിടക്കുക. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അവന്‍റെ ഉടലിലും കാണും ചളിയും മണ്ണും. അവനെ സംബന്ധിച്ച് അവിടെയുള്ളവരെല്ലാം അവന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. അവരെല്ലാവരും ചേർന്നാണ് അവനെ വളർത്തിയത് എന്നുതന്നെ പറയാം. ഇപ്പോളവൻ ഹരിയാനയിലെ സോണിപതിലാണ്. അവിടെ വേൾഡ് യൂനിവേഴ്സിറ്റി ഓഫ് ഡിസൈനിൽ ഗെയിം ഡിസൈനിങ് പഠിക്കുന്നു.

താങ്കളുടെ ചിത്രങ്ങൾ ശ്രദ്ധിക്കുമ്പോൾ അതിൽ ആർട്ടിസ്റ്റിക് ടച്ച് കാണാൻ കഴിയും. ഫൈൻ ആർട്സ് കോളജിലെ പഠനം ഫോട്ടോഗ്രഫിയെ സ്വാധീനിച്ചിട്ടുണ്ടോ?

എന്‍റെ ബാക്ക് ഗ്രൗണ്ട് പെയിന്‍റിങ്ങാണ്. പിന്നെ ഫോട്ടോഗ്രഫിയും. ശേഷമാണ് ആർക്കിയോളജിക്കൽ ഫോട്ടോഗ്രഫിയിലേക്ക് വരുന്നത്. അതൊരു പക്കാ സയിന്‍റിഫിക് ഡോക്യുമെന്‍റേഷനാണെന്നാണ് പറയപ്പെടുന്നതെങ്കിലും എന്നെ സംബന്ധിച്ച് മനസ്സിലൊരു ആർട്ടിസ്റ്റുണ്ട്. അതിനാൽ ഞാനെടുക്കുന്ന ഇമേജുകളിൽ എവിടെയെങ്കിലും ആർട്ടിസ്റ്റിന്‍റെ കൈയൊപ്പ് കാണുക എന്നത് നമ്മൾ പോലും അറിയാതെ സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ വെറും ടെക്നിക്കൽ ഇമേജുകൾ അല്ലാതെ ആർട്ടിസ്റ്റിക്കായ കുറെ ഇമേജുകൾ എക്സിബിറ്റ് ചെയ്യാൻ എനിക്ക് സാധിക്കും.

ഫൈൻ ആർട്സ് കോളജ് പഠനകാലം എങ്ങനെയായിരുന്നു?

ചെറുപ്പത്തിലേ ചിത്രം വരക്കുമായിരുന്നു. മത്സരങ്ങളിലൊന്നും പങ്കെടുക്കുമായിരുന്നില്ല. വീട്ടിലെ ചുമരുകളിൽ എല്ലാം വരച്ചുവെക്കുമായിരുന്നു. ഫൈൻ ആർട്സ് കോളജിൽ പഠിക്കുന്നതിനോട് വീട്ടുകാർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. അന്നത്തെ കാലത്ത് ഫൈൻ ആർട്സ് കോളജിൽ പഠിക്കുന്നവരെല്ലാം വഴിതെറ്റിപ്പോകും എന്നൊരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. അന്നൊക്കെ കോളജിലുള്ളവരെക്കുറിച്ച് അരാജകവാദികൾ എന്നാണ് മറ്റുള്ളവർ വിശേഷിപ്പിച്ചിരുന്നത്. വാപ്പ എന്നും ഓഫിസിലേക്ക് പോകുന്നത് കോളജിന്‍റെ മുന്നിലൂടെയാണ്. നീ വേറെ എവിടെപ്പോയാലും ഇവിടെ പറ്റില്ല എന്നതായിരുന്നു വാപ്പയുടെ നിലപാട്. എന്നാൽ, എന്‍റെ തീരുമാനം അവിടെ പഠിക്കുക എന്നതായിരുന്നു. അവിടത്തെ നാലുവർഷ പഠനത്തിനിടെ ഞാൻ പുതിയതരം സിനിമ കാണാൻ തുടങ്ങുന്നു, സംഗീതം കേൾക്കാൻ തുടങ്ങുന്നു, പുസ്തകങ്ങൾ വായിക്കാൻ തുടങ്ങുന്നു. അങ്ങനെ എന്നെ പൂർണമായും മാറ്റിമറിച്ചത് ഫൈൻ ആർട്സ് കോളജിലെ ജീവിതമായിരുന്നു.

 

എങ്ങനെയാണ് സ്‌റ്റിൽ ഫോട്ടോഗ്രഫിയിലേക്ക് വരുന്നത് ?

സുഹൃത്ത് മായക്ക് ‘സെനിത്ത്’ ഫിലിം കാമറയുണ്ടായിരുന്നു. ആ സെനിത്ത് കാമറയിലാണ് ആദ്യമായിട്ട് ചിത്രങ്ങൾ എടുക്കുന്നത്. കോളജ് പഠനശേഷം ചില പരീക്ഷണ ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. ലെൻസ് റിവേഴ്സ് ചെയ്തിട്ടുള്ള ചില ചിത്രങ്ങൾ. അതെല്ലാം പെയിന്‍റിങ് സ്വഭാവമുള്ള ചിത്രങ്ങളായിരുന്നു. അങ്ങനെ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ഞങ്ങളൊരു എക്സിബിഷൻ നടത്തി. അയ്യപ്പപ്പണിക്കരാണ് പ്രദർശനം ഉദ്ഘാടനം ചെയ്യുന്നതും, അതിന്‍റെ ബ്രോഷറിൽ അവതാരിക എഴുതുന്നതും.

ഈ ചിത്രങ്ങളാണ് ഞാൻ കേന്ദ്ര ഫെലോഷിപ്പിന് അയക്കുന്നത്. അങ്ങനെ 2002ൽ കേന്ദ്ര ഗവ. ഫെലോഷിപ് കിട്ടിയതോടെയാണ് സത്യത്തിൽ ഞാൻ മുഴുവൻ സമയ ഫോട്ടോഗ്രാഫറായി മാറുന്നത്. ഒരുപക്ഷേ ഫെലോഷിപ് കിട്ടിയില്ലായിരുന്നുവെങ്കിൽ ഞാൻ ഫോട്ടോഗ്രഫിയിൽ എത്തില്ലായിരുന്നു. വെഡിങ് ഫോട്ടോഗ്രഫി ചെയ്തിട്ടുണ്ട്. ‘മാതൃഭൂമി’, ‘മാധ്യമം’ ആഴ്ചപ്പതിപ്പുകൾക്ക് വേണ്ടിയും ഫോട്ടോഗ്രാഫുകൾ നൽകിയിട്ടുണ്ട്. കവർ ചിത്രങ്ങളായും വന്നിട്ടുണ്ട്. ‘മാധ്യമം’ ആഴ്ചപ്പതിപ്പിലെ കവിതകൾക്കുവേണ്ടിയും ചിത്രങ്ങൾ നൽകിയിട്ടുണ്ട്.

വീട്, വീട്ടുകാർ എന്നിവരെക്കുറിച്ചും പറയാമോ?

തിരുവനന്തപുരത്ത് ചിറയിൻകീഴാണ് സ്വദേശം. നടൻ പ്രേംനസീറിന്‍റെ അയൽവാസി എന്നുവേണമെങ്കിൽ പറയാം. അവിടത്തെ ശാർക്കര ക്ഷേത്രം എല്ലാവരുടെയും ഒരു കേന്ദ്രമായിരുന്നു. കെ.ജി. ശങ്കരപ്പിള്ള, ഗോപി, പ്രേംനസീർ അങ്ങനെ മലയാളത്തിലെ പ്രധാനപ്പെട്ട പല സാഹിത്യകാരന്മാരും കലാകാരന്മാരും ആ ക്ഷേത്രപ്പറമ്പിൽ ഒത്തുകൂടാറുണ്ടായിരുന്നു. പ്രേം നസീർ സ്ഥാപിച്ച ഒരു ലൈബ്രറിയും അവിടെയുണ്ടായിരുന്നു. കുട്ടിക്കാലത്ത് അവിടെ പോയി പുസ്തകങ്ങൾ വായിക്കുന്നതും ആളുകളുമായി സംസാരിക്കുന്നതും പതിവായിരുന്നു. വീട്ടിലെ മൂത്ത ആളാണ് ഞാൻ. അനിയൻ ഷമീർ, അനിയത്തി സജീന. വാപ്പ അബ്ദുൽ റഷീദ് സർവേ വകുപ്പിലായിരുന്നു. ഉമ്മ റംല സബ് രജിസ്ട്രാർ ഓഫിസിലും.

തിരുവനന്തപുരത്തെ ആളുകളുടെ പൊതുസ്വഭാവം വെച്ച് ഉമ്മക്കും വാപ്പക്കും എന്നെയും സർക്കാർ ഉദ്യോഗസ്ഥനായി കാണാനായിരുന്നു ആഗ്രഹം. കലാപരമായി ബന്ധം വീട്ടിലെ ഒരാൾക്കുംതന്നെ ഉണ്ടായിരുന്നില്ല. സർക്കാർ ജോലി ലഭിക്കാൻ ഞാൻ ശ്രമിക്കുന്നില്ല എന്നത് വലിയൊരു പരാതി തന്നെയായിരുന്നു. അനിയത്തി ഹയർസെക്കൻഡറി പ്രിൻസിപ്പലാണ്. അനിയൻ ആണെങ്കിൽ ഗവ. പ്രസിലും വർക്ക് ചെയ്യുന്നു. മൂത്തമകനായ ഞാൻ മാത്രം സർക്കാർ ഉദ്യോഗസ്ഥനായില്ല. അതിന്റെ ഒരു പ്രശ്നം വീട്ടിൽ ഇപ്പോഴുമുണ്ട്. ഉമ്മ എപ്പോഴും പറയും, നിനക്ക് ജോലിയും കൂലിയുമില്ലാതെ ഇങ്ങനെ നടന്നാൽ മതിയല്ലോന്ന്.

സ്റ്റിൽ ഇമേജിൽനിന്ന് വിഷ്വലിലേക്ക് വരുന്നത് എങ്ങനെയാണ് ?

ഞാൻ ഫോട്ടോഗ്രഫി ചെയ്യുന്ന സമയത്താണ് സി-ഡിറ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് ഡോക്യുമെന്‍ററി ചെയ്യാൻ തുടങ്ങുന്നത്. പിന്നീട് ടൂറിസം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാംസ്കാരിക വകുപ്പ്, ബ്രിട്ടീഷ് മ്യൂസിയം, കൃഷി വകുപ്പ്, ദൂരദർശൻ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഡോക്യുമെന്‍ററികളുടെ കാമറ ചെയ്തു. എഡിറ്റർ ബി. അജിത്കുമാറാണ്, മീഡിയവണിന്റെ ഇപ്പോഴത്തെ ഡൽഹി ബ്യൂറോ ചീഫ് ഡി. ധനസുമോദ് മൺറോ തുരുത്തിനെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി ചെയ്യുന്നുണ്ടെന്നും അതിന് കാമറ ചെയ്യണമെന്നും പറഞ്ഞത്. അങ്ങനെ 2015 ലാണ് ‘ജലസമാധി’ എന്ന പേരിൽ ഡോക്യുമെന്‍ററിയുടെ ചിത്രീകരണം ആരംഭിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമായിരുന്നു വിഷയം.

ഷൂട്ട് ചെയ്യാനായി മൺറോ തുരുത്തിൽ എത്തുമ്പോൾ വേലിയേറ്റവും വേലിയിറക്കവും കാരണം മൺറോ തുരുത്ത് മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഈ ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദർശനം ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലൂടെയായിരുന്നു. പിന്നീട് പല ഫെസ്റ്റിവലുകളിലും ഈ ചിത്രം കാണിക്കുകയും അവാർഡുകൾ നേടുകയും ചെയ്തു. പാരിസിൽ നടന്ന ലോക ഉച്ചകോടിയിൽവരെ ഈ ചിത്രം പ്രദർശിപ്പിക്കാൻ ഭാഗ്യമുണ്ടായി. കൂടാതെ മികച്ച കാമറാമാനുള്ള യൂത്ത് സ്പ്രിങ് അവാർഡും ഇതിന് ലഭിച്ചു. ഡോക്യുമെന്‍ററിയുടെ ഇംപാക്ട് എന്നോണം മൺറോ തുരുത്തിൽ ഇടപെടലുകളുമുണ്ടായി.

ആദ്യ സിനിമയായ ‘ഉടലാഴ’ത്തെക്കുറിച്ച് ?

‘ജലസമാധി’ സൈൻസ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച സമയത്താണ് ഉണ്ണിയെ പരിചയപ്പെടുന്നത്. ഉണ്ണിയുടെ ‘വിമൻസെസ്’ എന്ന ഡോക്യുമെന്‍ററിയും അവിടെ പ്രദർശനത്തിനുണ്ടായിരുന്നു. അവിടെവെച്ചാണ് ‘ഉടലാഴ’ത്തെക്കുറിച്ച് പറയുന്നത്. തുടക്കത്തിൽ ഞാൻ ചെയ്യുന്നില്ലെന്ന് പറഞ്ഞു. പിന്നീട് ഉണ്ണിയുടെ നിർബന്ധം കാരണമാണ് സിനിമ ചെയ്യുന്നത്. ജീവിതത്തിൽ അതുവരെ ഞാൻ ഏതെങ്കിലുമൊരു സിനിമാ സെറ്റിൽ പോവുകയോ സിനിമയുമായി അസിസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. ഇക്കാര്യം പറഞ്ഞപ്പോൾ, അതൊന്നും ഒരു പ്രശ്മനമല്ല താൽപര്യമുണ്ടെങ്കിൽ തുടങ്ങാം എന്നുപറഞ്ഞ് ധൈര്യം തന്നത് ഉണ്ണിയാണ്. പിന്നീട് കഥയുടെ ​ത്രെഡ് ഉണ്ണി പറഞ്ഞപ്പോൾ ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് ‘ഉടലാഴം’ സിനിമയുടെ ചർച്ച ആരംഭിക്കുന്നത്.

അന്ന് കാനോൺ വൺ ഡി എസ് കാമറയാണ് എന്‍റെ കൈയിലുണ്ടായിരുന്നത്. അതുപയോഗിച്ചാണ് ഞാൻ ഫോട്ടോഗ്രഫി ചെയ്തിരുന്നത്. ആ കാമറയിൽതന്നെ ഷൂട്ട് ചെയ്യാമെന്ന് ഉണ്ണി പറഞ്ഞു. അങ്ങനെയൊടുവിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. സംവിധായകനും കാമറാമാനും പുറമെ സിങ്ക് സൗണ്ട് ടീം, അസോസിയറ്റ് ഡയറക്ടർ ഉൾപ്പെടെ കുറച്ചുപേർ മാത്രമാണ് സെറ്റിലുണ്ടായിരുന്നത്. മോഹൻലാലിന്‍റെ ‘ഫോട്ടോഗ്രാഫർ’ എന്ന സിനിമയിലൂടെ ബാലതാരമായിവന്ന മണിയായിരുന്നു നായകൻ.

പലപ്പോഴും ഷൂട്ട് ചെയ്യാൻ മണിയുമായി ഇറങ്ങും. ലൊക്കേഷനിലെത്തുമ്പോൾ മണി പറയും ഇന്ന് പറ്റൂല്ലാന്ന്. നിർബന്ധിച്ച് മണിയെ അഭിനയിപ്പിക്കുന്നത് പാടായിരുന്നു. ലൈറ്റ് യൂനിറ്റോ അസിസ്റ്റൻസോ ഒന്നുമില്ലാതെ ആ സിനിമ ഞങ്ങൾ ഒരുവിധം ഷൂട്ട് ചെയ്തെടുത്തു. ശേഷം ആ സിനിമ പോസ്റ്റ് പ്രൊഡക്ഷനുപോയത് ഇന്ത്യൻ സിനിമയിലെ പ്രധാനപ്പെട്ട ആളുകളുടെ കൈയിലേക്കാണ്. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്, ദേശീയ അവാർഡും സംസ്ഥാന അവാർഡുമെല്ലാം നേടിയ രംഗനാഥ് രവിയാണ്. ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തത് ബിജിബാലാണ്. സംഗീതം നൽകി പാടിയത് സിതാരയും. എന്‍റെയും ഉണ്ണിയുടെയും ആദ്യ സിനിമ ‘ഉടലാഴം’ കഴിഞ്ഞ് ഏഴ് സിനിമകൾ ചെയ്തെങ്കിലും എന്നെ അറിയപ്പെടുന്നത് ‘ഉടലാഴ’ത്തിന്‍റെ കാമറാമാൻ എന്ന നിലയിലാണ്. ഉണ്ണിയും ഞാനും തമ്മിലുള്ള വർക്കിന്‍റെ സ്വഭാവം അത് വേറൊരുതരം കെമിസ്ട്രിയാണ്. അത് ‘തന്തപ്പേരി’ലും ആവർത്തിച്ചു.

താങ്കളുടെ കാമറ വർക്കിൽ എനിക്കിഷ്ടപ്പെട്ട ഒരു കാര്യം അവൈലബിൾ ലൈറ്റിൽ ഷൂട്ട് ചെയ്യുന്നതിൽ കാണിക്കുന്ന മിടുക്കും ലൈറ്റുകൊണ്ട് തീർക്കുന്ന ചില അസാധ്യ ഫ്രെയിമുകളുമാണ്. ഛായാഗ്രാഹകരംഗത്ത് ആരാണ് റോൾ മോഡൽ ‍?

ഫൈൻ ആർട്സിൽ പഠിക്കുന്ന കാലത്ത് ഐ.എഫ്.എഫ്.കെ യിൽനിന്ന് സിനിമ കണ്ടുതുടങ്ങിയതാണ്. കോളജിലെ ഫിലിം സൊസൈറ്റിയിൽനിന്ന് ധാരാളം സിനിമകൾ കാണാറുണ്ടായിരുന്നു. അങ്ങനെയാണ് മറ്റൊരു തരം സിനിമാ കൾച്ചറിനെക്കുറിച്ച് അറിയുന്നത്. ഞാൻ സിനിമയിലെത്തും എന്ന് അന്നൊരിക്കലും കരുതിയിരുന്നില്ല. ആദ്യമായി എന്‍റെ ഒരു വർക്ക് തിയറ്ററിൽ കാണുന്നത് ‘ജലസമാധി’യാണ്. ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ കൈരളി-ശ്രീ തിയറ്ററിൽ അത് കാണുമ്പോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

ഫോട്ടോഗ്രഫി ചെയ്യുന്ന കാലത്ത് ആർട്ടിഫിഷ്യൽ ലൈറ്റ് ഉപയോഗിക്കുക എന്നുപറഞ്ഞാൽ പ്രശ്നമായിരുന്നു. ഫ്ലാഷ് ഉപയോഗിച്ച് പടമെടുക്കുന്നത് വലിയ പ്രശ്നമായിരുന്നു. നാച്വറൽ ലൈറ്റിൽ ഫോട്ടോയെടുക്കുക എന്നതായിരുന്നു എന്‍റെ ശൈലി. പക്ഷേ, അന്നത് എല്ലാവരും സ്വീകരിച്ചിരുന്നില്ല. വെളിച്ചമില്ല, ഒരു വശത്ത് ലൈറ്റില്ല എന്നൊക്കെ പറഞ്ഞിരുന്നു. മലയാള സിനിമയിൽ എനിക്ക് ഇഷ്ടപ്പെട്ട കാമറാമാൻ എം.ജെ. രാധാകൃഷ്ണൻ ആണ്. അവൈലബിൾ ലൈറ്റിൽ ഷൂട്ട് ചെയ്യുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ലൈറ്റ് കൺട്രോൾ ചെയ്ത് ഷൂട്ട് ചെയ്തിരുന്ന എല്ലാ കാമറാമാന്മാരുടെയും വർക്ക് എനിക്കിഷ്ടമാണ്. പ്രത്യേകം ഒരാളെ ഫോളോ ചെയ്തിരുന്നില്ല.

ഓരോ സിനിമക്കും വ്യത്യസ്തമായ പാറ്റേൺ ആയിരിക്കുമല്ലോ. താങ്കൾ വർക്ക് ചെയ്ത സിനിമകളും അതിൽ ലൈറ്റ് എങ്ങനെയാണ് ഉപയോഗിച്ചതെന്നും അറിയാൻ ആഗ്രഹമുണ്ട് ?

‘ഉടലാഴം’ അവൈലബിൾ ലൈറ്റിൽ ചെയ്ത സിനിമയാണ്. സുധ ഷാ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ ‘പക്ഷികൾക്ക് പറയാനുള്ളത്’. അത് കുറച്ചുകൂടി ലൈറ്റൊക്കെ ഉപയോഗിച്ച സിനിമയായിരുന്നു. വിഷയത്തിന് അനുസരിച്ചാണ് ലൈറ്റുപയോഗിച്ചത്. മൂന്നാമത്തെ സിനിമ എം.ജി യൂനിവേഴ്സിറ്റി പ്രൊഡ്യൂസ് ചെയ്ത അൻവർ അബ്ദുല്ലയുടെ ‘ട്രിപ്പ്’ ആയിരുന്നു.

കോവിഡ് കാലത്ത്, സംവിധായകനും ഛായാഗ്രാഹകനും മാത്രം ക്രൂ മെംബർമാരായ ‘മതിലുകൾ: ലൗ ഇൻ ദ ടൈം ഓഫ് കൊറോണ’ ചെയ്തു. സംവിധായകൻ തന്നെയായിരുന്നു അഭിനേതാവ്. പിന്നീടാണ് ‘അന്തരം’ ചെയ്യുന്നത്. അതുകഴിഞ്ഞ് വിദ്യാ മുകുന്ദന്‍റെ ‘ഡാർക്ക് ഷെയ്ഡ്സ് ഓഫ് സീക്രട്ട് ’, തുടർന്ന് കുഞ്ഞിരാമ പണിക്കരുടെ തെയ്യത്തെക്കുറിച്ചുള്ള ‘ഹതനെ ഉദയ’ ചെയ്തു. തുടർന്നാണ് ‘തന്തപ്പേരി’ലേക്ക് എത്തുന്നത്'.

മറ്റ് സിനിമകളെവെച്ച് നോക്കുമ്പോൾ ‘ഹതനെ ഉദയ’ വലിയ ക്രൂ മെംബേഴ്സും വലിയ യൂനിറ്റും ഒക്കെയുള്ള സിനിമയായിരുന്നു. ‘ഉടലാഴ’വും, ‘തന്തപ്പേരും’ ആർട്ടിഫിഷ്യൽ ലൈറ്റ് ഉപയോഗിക്കാൻ കഴിയാത്ത കഥാപരിസരമാണ്. ഒരു കാലത്ത് മലയാള സിനിമയിലെ ലൈറ്റിങ് രീതിയോട് എനിക്ക് പൊരുത്തപ്പെടാൻ പറ്റിയിട്ടില്ല. ഫ്ലാറ്റ് ലൈറ്റുകൾ ആണ് അന്നുപയോഗിച്ചിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഉപയോഗിക്കുന്നത് എന്നൊക്കെ ഞാൻ ആലോചിച്ചിരുന്നു. എന്നാൽ, ഇന്ന് ആ രീതിക്ക് മാറ്റം വന്നിട്ടുണ്ട്.

 

‘ഉടലാഴം’ സിനിമയുടെ സെറ്റിൽ അഭിനേതാക്കളായ ഇന്ദ്രൻസിനും മണിക്കുമൊപ്പം എ. മുഹമ്മദ്

ധാരാളം ഡോക്യുമെന്‍ററികൾക്ക് കാമറ ചെയ്തയാളാണ് താങ്കൾ. സിനിമകളും ചെയ്തിട്ടുണ്ട്. ഏത് ചെയ്യാനാണ് കൂടുതലിഷ്ടം ?

ഡോക്യുമെന്‍ററി ചെയ്യാനാണ് എനിക്കിപ്പോഴും ഇഷ്ടം. ഡോക്യുമെന്‍ററി ചെയ്യുമ്പോൾ കാമറാമാൻ എന്ന നിലയിൽ നമുക്ക് ഷൂട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കാറുണ്ട്. ഡോക്യുമെൻററിയുടെ ഷൂട്ട് പലപ്പോഴും സ്ക്രിപ്റ്റ് വെച്ചിട്ടല്ല നടക്കുക. പലപ്പോഴും ഷൂട്ട് ചെയ്ത റഷ്സ് വെച്ചിട്ട് എഡിറ്റിങ് ടേബിളിൽ ആയിരിക്കാം അതിന്‍റെ സ്ക്രിപ്റ്റ് രൂപപ്പെടുന്നത്. സിനിമ ചെയ്യുമ്പോൾ കാമറാമാൻ എന്ന രീതിയിൽ ചിലയിടത്തൊക്കെ ലിമിറ്റേഷൻസുണ്ട്. ഡോക്യുമെന്‍ററികളിൽ പ്രധാനമായും ചെയ്തത് മലയാളം സർവകലാശാല നിർമിച്ച എം.ടിയെക്കുറിച്ചും യു.എ. ഖാദറിനെക്കുറിച്ചുമുള്ളവയാണ്.

യു.എ. ഖാദറിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി അവിടത്തെ തന്നെ അധ്യാപകനായ മുഹമ്മദ് റാഫിയാണ് സംവിധാനം ചെയ്തത്. അൻവർ അബ്ദുല്ലയാണ് എം.ടിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി സംവിധാനം ചെയ്തത്. പിന്നെ പ്രധാനമായും ചെയ്ത മറ്റൊരു ഡോക്യുമെന്‍റററി, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ചെലവൂർ വേണുവേട്ടനെക്കുറിച്ചുള്ള വർക്കാണ്. ചലച്ചിത്ര അക്കാദമി തന്നെയാണ് അത് നിർമിച്ചത്. ജയൻ മാങ്ങാടാണ് സംവിധാനം ചെയ്തത്. പിന്നെ ട്രാൻസ് വിമൻ രേവതിയെക്കുറിച്ച് പി. അഭിജിത്ത് സംവിധാനംചെയ്ത ‘അയാം രേവതി’ എന്ന ഡോക്യുമെന്‍ററിയാണ്.

നമ്മൾ ഒരുമിച്ച് രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. ‘അന്തരം’ എന്ന ഫിക്ഷൻ സിനിമയും ‘അയാം രേവതി’യെന്ന ഡോക്യുമെന്‍ററിയും. ഇവയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഞാൻ അഭിയെ പരിചയപ്പെടുന്നത്, കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ യൂനിയൻ നടത്തിയ നിങ്ങളുടെ ട്രാൻസ്ജെൻഡർ എക്സിബിഷനിലൂടെയാണ്. എന്നെ വല്ലാതെ സ്ട്രൈക്ക് ചെയ്ത എക്സിബിഷൻ ആയിരുന്നു അത്. ഞാനറിയാത്ത ഒരു വിഭാഗത്തെക്കുറിച്ച് ആദ്യമായി അറിയുന്നത് ആ എക്സിബിഷനിലൂടെയാണ്. ‘ഉടലാഴ’ത്തിന്‍റെ ചിത്രീകരണത്തിനായി തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ ഉൽഉണ്ടൂർപേട്ട് താലൂക്കിലെ കൂവാഗത്ത് പോയിരുന്നു. അപ്പോഴാണ് ട്രാൻസ്ജെൻഡർ വിഭാഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്.

വ്യക്തിപരമായ ഉണ്ടായ അനുഭവം പറയാം. എറണാകുളം ദർബാർ ഹാളിൽ ഒരു ആർട്ട് ഫെസ്റ്റ് എന്ന പരിപാടി നടന്നിരുന്നു. 50 ഓളം ട്രാൻസ്ജെൻഡർ വ്യക്തികളും ആർട്ടിസ്റ്റുകളും ഒരുമിച്ച് വർക്ക് ചെയ്ത ഫെസ്റ്റായിരുന്നു അത്. അതിൽ ഫോട്ടോഗ്രാഫറായി ഞാനുമുണ്ടായിരുന്നു. എന്‍റെ കൂടെ സ്കൂളിൽ പഠിച്ച വ്യക്തിയെ ഞാൻ വർഷങ്ങൾക്കുശേഷം ആ ഫെസ്റ്റിവലിൽ വെച്ച് കാണാനിടയായി. അവൻ ഒരു ട്രാൻസ്ജെൻഡറായി മാറിയിരുന്നു. ആ സമയത്താണ് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ നിങ്ങളുടെ ‘എന്നോടൊപ്പം’ ഡോക്യുമെന്‍ററി കാണുന്നതും പരിചയപ്പെടുന്നതും.

അതുവരെ അഭി ചെയ്ത ഫോട്ടോഗ്രാഫ്സുണ്ട്, പുസ്തകമുണ്ട്, ഡോക്യുമെന്ററികളുണ്ട്. അടുത്തത് ഒരു സിനിമയാകാം എന്നുപറഞ്ഞാണ് നമ്മൾ പിരിഞ്ഞത്. അഭിയുടെ സുഹൃത്തുക്കളായ ജോ ജോയും ജോമിനും പോളും ജസ്റ്റിൻ ജോസഫും മഹീപും രേണുകയും നിർമിക്കാൻ മുന്നോട്ടുവന്നപ്പോഴാണ് ‘അന്തരം’ സംഭവിക്കുന്നത്. നേഹക്ക് ആദ്യമായി ട്രാൻസ് ജെൻഡർ കാറ്റഗറിയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതോടെ ട്രാൻസ് സമൂഹത്തിന് വലിയ വിസിബിലിറ്റി കിട്ടി. എട്ടാം ക്ലാസ് ആർട്ട് എജുക്കേഷൻ പാഠപുസ്തകത്തിന്‍റെ സിലബസിലും നേഹയും ‘അന്തര’വും ഇടംനേടി.

 

തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രമേളയിൽ ‘ഞാൻ രേവതി’യുടെ സംവിധായകൻ പി. അഭിജിത്തിനും രേവതിക്കുമൊപ്പം എ. മുഹമ്മദ്

‘ഞാൻ രേവതി’യെക്കുറിച്ച് പറഞ്ഞുനിർത്താമെന്ന് തോന്നുന്നു. കഴിഞ്ഞ വർഷം താങ്കളുടെ ശ്രദ്ധിക്കപ്പെട്ട വർക്കുകളിൽ ഒന്നായിരുന്നല്ലോ അത് ?

‘അന്തരം’ സിനിമയിൽ ഗെസ്റ്റ് കാരക്ടറായി അഭിനയിക്കാൻ വന്നപ്പോഴാണ് ഞാൻ, രേവതി ചേച്ചിയെ പരിചയപ്പെടുന്നത്. അഭിയാണ് രേവതി ചേച്ചിയെക്കുറിച്ച് ഡോക്യുമെന്‍ററി ചെയ്യുന്നതിനെക്കുറിച്ച് പറയുന്നത്. എനിക്കും ആ വർക്ക് ചെയ്യാൻ വലിയ ആവേശമായിരുന്നു. അതിന് പ്രധാന കാരണം രേവതിയെന്ന സാമൂഹിക പ്രവർത്തകയുടെ രാഷ്ട്രീയം തന്നെയായിരുന്നു. ആ വർക്കിൽ എനിക്ക് ഇഷ്ടപ്പെട്ടത് നാടകവും അവരുടെ ജീവിതവും ഇടകലർത്തിയുള്ള ട്രീറ്റ്മെന്റാണ്. അഭിയുടെ ഭാര്യ ശോഭിലയുടെയും അച്ഛന്‍റെയും അമ്മയുടെയും സാമ്പത്തിക സഹായത്തോടെയാണല്ലോ ‘ഞാൻ രേവതി’ പൂർത്തിയാക്കുന്നത്. തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളാണ് നമ്മൾ ഡോക്യുമെന്‍ററിയിൽ ഉപയോഗിച്ചിരിക്കുന്നത്.

പലപ്പോഴും നമ്മൾ ചെയ്യുന്ന വർക്കുകൾ ഒരു എന്‍റർടൈൻമെന്‍റ് എന്നതിനപ്പുറത്തേക്ക് കൃത്യമായി പൊളിറ്റിക്സ് പറയുന്ന സിനിമകളാണ്. ഞാൻ ചെയ്ത മിക്ക സിനിമകൾക്കും പറയാൻ അവയുടേതായ രാഷ്ട്രീയമുണ്ടായിരുന്നു. ഇത്തരത്തിലുള്ള സാമൂഹിക ക്ഷമതയുള്ള സിനിമകൾ ചെയ്യേണ്ടത് സ്വന്തം കടമയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ‘അയാം രേവതി’ക്കുവേണ്ടി തമിഴ്നാട്, കർണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ രേവതി ചേച്ചിയോടൊപ്പം യാത്രചെയ്യാൻ അവസരമുണ്ടായി. മൂന്നുവർഷം കൊണ്ടാണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

ജോലി എന്നതിനപ്പുറം നമ്മൾ അതിൽ നിന്നുനേടുന്ന ഒരുപാട് അനുഭവങ്ങളുണ്ട്. ‘തന്തപ്പേരി’ൽ ട്രൈബൽ ജീവിതങ്ങളുടെ വ്യത്യസ്തമായ ലോകം ഞാൻ കണ്ടു. ‘ഞാൻ രേവതിയി’ലാകട്ടെ ട്രാൻസ്ജെൻഡർ ജീവിതങ്ങളുടെ ലോകവും. ഇന്ത്യയിലെ പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിലും കാനഡയിൽ നടന്ന വാൻകൂവർ ഫിലിം ഫെസ്റ്റിവലിലും ഞാൻ രേവതി തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ അടയാളപ്പെടുന്ന സിനിമകളിൽ വർക്ക് ചെയ്യാൻ പറ്റിയതിൽ സന്തോഷവും ചാരിതാർഥ്യവുമുണ്ട്. ഇനിയും ഇത്തരം സിനിമകൾ ചെയ്യണമെന്നുതന്നെയാണ് ഉള്ളിൽ ചിന്തിക്കുന്നത്.

Tags:    
News Summary - interview with A. Muhammad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.