ലോകസമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന രാജ്യാന്തര പ്രശസ്ത ആക്ടിവിസ്റ്റ് ഡോ. സതീഷ് കുമാർ തന്റെ വഴികളെയും നിലപാടുകളെയും കുറിച്ച് സംസാരിക്കുന്നു.
ലോകപ്രശസ്ത പരിസ്ഥിതി -സമാധാന ആക്ടിവിസ്റ്റാണ് ഡോ. സതീഷ് കുമാർ. രാജസ്ഥാനിലെ ബിക്കാനീറിലെ ശ്രീ ഡുങ്കർഗഢിൽ 1936ൽ ജനിച്ച, 89കാരനായ അദ്ദേഹത്തിന്‍റെ നിലവിലെ കർമമേഖല ബ്രിട്ടനാണ്. ആണവ നിരാധയുധീകരണം എന്ന ലക്ഷ്യവുമായി 1962ൽ സുഹൃത്തിനൊപ്പം നടത്തിയ, 8000 കിലോമീറ്റർ നീണ്ട ആഗോള പദയാത്രയാണ് അദ്ദേഹത്തെ ആദ്യമായി ലോകശ്രദ്ധയിൽ എത്തിച്ചത്. അന്താരാഷ്ട്ര പരിസ്ഥിതി പഠനകേന്ദ്രമായ ലണ്ടനിലെ ഷുമാക്കർ കോളജിന്‍റെ സഹസ്ഥാപകനും പ്രോഗ്രാം ഡയറക്ടറുമാണ് അദ്ദേഹം. മഹാത്മാഗാന്ധിയുടെ ആത്മീയ പിൻഗാമിയായി അറിയപ്പെട്ട ആചാര്യവിനോബ ഭാവെയുടെ ശിഷ്യനായ ഡോ. സതീഷ് കുമാർ അറിയപ്പെടുന്ന ഗാന്ധിയനും ഗാന്ധിയൻ ചിന്തകനുമാണ്. റീസർജൻസ് ആൻഡ് ഇക്കോളജിസ്റ്റ് മാഗസിന്റെ ദീർഘകാല എഡിറ്ററായിരുന്ന അദ്ദേഹം നിലവിൽ എഡിറ്റർ എമറിറ്റസ് പദവിയിൽ തുടരുന്നു. ബി.ബി.സിയിലെ ‘തോട്ട് ഓഫ് ദി ഡേ’യിൽ പതിവായി അദ്ദേഹം അവതാരകനായി എത്തിയിരുന്നു. താൻ നടത്തിയ ആഗോള പദയാത്ര ഓർമകൾ ഉൾക്കൊള്ളിച്ച ‘നോ ഡെസ്റ്റിനേഷൻ, ഓട്ടോബയോഗ്രഫി ഓഫ് എ പിൽഗ്രിം അടക്കം ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്.
1957ൽ അദ്ദേഹംവിനോബ ഭാവെക്കൊപ്പം കേരളം സന്ദർശിക്കുകയും മുഖ്യമന്ത്രി ഇ.എം.എസ് അടക്കമുള്ളവരുമായി സംവദിക്കുകയും ചെയ്തിരുന്നു. സുസ്ഥിരഭാവി എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാല ഡോ. പൗലോസ് മാർ ഗ്രിഗോറിയസ് ചെയർ, സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്‍റ് സ്റ്റഡീസ്, സ്കൂൾ ഓഫ് എൻവയൺെമന്റൽ സ്റ്റഡീസ്, റോയ് ഇന്‍റർനാഷനൽ ചിൽഡ്രൻസ് ഫൗണ്ടേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര അക്കാദമിക സമ്മേളനത്തിനായാണ് അദ്ദേഹം വീണ്ടും കേരളത്തിലെത്തിയത്. അദ്ദേഹം തന്‍റെ ചിന്തകളും പ്രവർത്തനങ്ങളും പങ്കുവെക്കുന്നു.
ജൈനസന്യാസി, ഷുമാക്കർ കോളജിന്‍റെ സഹസ്ഥാപകൻ, ആഗോള സമാധാന പ്രവർത്തകൻ... താങ്കളുടെ ജീവിതയാത്ര അസാധാരണമാണ്. രാജസ്ഥാനിലെ കുട്ടിക്കാലം മുതൽ തുടങ്ങിയ, ഈ ഹരിതവും സമാധാനപരവുമായ ജീവിതത്തിലേക്കുള്ള വഴി എങ്ങനെ വികസിച്ചു എന്ന് വിശദമാക്കാമോ?
ഞാൻ ജനിച്ചത് രാജസ്ഥാനിലെ ഒരു പരമ്പരാഗത ജൈനകുടുംബത്തിലാണ്. അഹിംസയാണ് ജൈന പാരമ്പര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട തത്ത്വം അഥവാ, ദ്രോഹം ചെയ്യാതിരിക്കുക (Do no harm). അഹിംസയെ സ്നേഹമായും വ്യാഖ്യാനിക്കാം. അതായത്, സ്വയം ദ്രോഹം ചെയ്യാതിരിക്കുക, മനുഷ്യരും പ്രകൃതിയും ഉൾപ്പെടെ ഒന്നിനെയും ദ്രോഹിക്കാതിരിക്കുക, അതാണ് ജൈന ആശയം. അതുകൊണ്ട് ജൈനർ പൂർണമായും സസ്യാഹാരികളാണ്, അവർ മൃഗങ്ങളെ വാഹനമായി ഉപയോഗിക്കുകയോ മരങ്ങൾ മുറിക്കുകയോ ഇല്ല. അഹിംസയാണ് എന്നെ പാരിസ്ഥിതിക അവബോധത്തിലേക്ക് നയിക്കുന്നത്. കാരണം പ്രകൃതിയോടുള്ള സ്നേഹവും മനുഷ്യരോടുള്ള സ്നേഹവും ഒന്നുതന്നെയാണ്.
എന്നാൽ ആധുനിക ലോകത്ത്, പ്രകൃതി എന്നത് മരങ്ങൾ, പർവതങ്ങൾ, സമുദ്രങ്ങൾ, നദികൾ എന്നിവ മാത്രമാണ്; മനുഷ്യർ പ്രകൃതിയല്ല എന്നാണ് പലരും കരുതുന്നത്. മനുഷ്യരും പ്രകൃതിയുടെ ഭാഗമാണ് എന്നതാണ് ജൈന ആശയം. നമ്മളെല്ലാം ഭൂമി, വായു, അഗ്നി, ജലം, ആകാശം എന്നിവയാൽ നിർമിതമാണ്. നമ്മളെല്ലാം പ്രകൃതിയാണ്. ആധുനിക കാലത്തെ പലരും പ്രകൃതിയെ നിർജീവമായും ചലനമില്ലാത്തതായും കാണുന്നു. എന്നാൽ ജൈനമതം പ്രകൃതിയെ ഒരു ജീവനുള്ള അസ്തിത്വമായി (living being) കണക്കാക്കുന്നു. പർവതങ്ങൾ, കാടുകൾ, മൃഗങ്ങൾ, മത്സ്യങ്ങൾ, നദികൾ –എല്ലാം ജീവനുള്ളവയാണ്. നമ്മളും അവരും ജീവനുള്ളവരായതിനാൽ, അവരുടെ ജീവൻ നാം സംരക്ഷിക്കുകയും ബഹുമാനിക്കുകയും വേണം. ഈ തത്ത്വചിന്തയിലാണ് എന്‍റെ കുട്ടിക്കാലം കടന്നുപോയത്. അങ്ങനെ, ഒമ്പതാം വയസ്സിൽ ഞാൻ ജൈനസന്യാസിയായി.
സ്വന്തം തീരുമാനമായിരുന്നോ സന്യാസി ആവുക എന്നത്?
അതെന്‍റെ തീരുമാനമായിരുന്നു. വെറും ഒമ്പതുവയസ്സുള്ള കുട്ടിയായിരുന്നെങ്കിലും സന്യാസിയാകാൻ ഞാൻ ആഗ്രഹിച്ചു. ഒമ്പതുവർഷം ജൈന സന്യാസിയായി ജീവിച്ചു. നഗ്നപാദനായി നടന്നു, ചെരുപ്പ് ഉപയോഗിച്ചില്ല, എപ്പോഴും നടന്നു; മൃഗങ്ങളെയോ കാറോ ട്രെയിനോ സൈക്കിളോ ഒന്നും ഉപയോഗപ്പെടുത്തിയില്ല. രണ്ട് കാലുകൾ മാത്രം! നമ്മുടെ രണ്ട് കാലുകൾ അതിശയിപ്പിക്കുന്നതാണ്. അവക്ക് നമ്മെ ആയിരക്കണക്കിന് മൈലുകൾ കൊണ്ടുപോകാൻ കഴിയും. ശങ്കരാചാര്യർ കേരളത്തിൽനിന്ന് കാൽനടയായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചില്ലേ? കുഞ്ഞുന്നാളിലേ ഞാൻ രാജസ്ഥാൻ മുഴുവനും നടന്നുതീർത്തു. ജയ്പൂർ, ജോധ്പൂർ, ഉദയ്പൂർ, ബിക്കാനീർ, ജയ്‌സാൽമീർ എന്നിവിടങ്ങളിലും ആഗ്ര, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലും നടന്നു.
ജൈന സന്യാസിയിൽനിന്ന് അക്കാദമിക രംഗത്തേക്കുള്ള ചുവടുമാറ്റം എങ്ങനെ സംഭവിച്ചു?
എന്നെ മഹാത്മാഗാന്ധി പ്രചോദിപ്പിച്ചു. ഗാന്ധിയും ജൈനരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടയാളായിരുന്നല്ലോ. സന്യസ്ത കാലഘട്ടത്തിൽ ഞാൻ ആശ്രമത്തിലായിരുന്നില്ല, മിക്കപ്പോഴും നടക്കുകയായിരുന്നു. ഒരുദിവസം ഗാന്ധിജി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം എന്നോട് പറഞ്ഞു: ‘‘എത്രയോ പേർക്ക് സന്യാസിയാകാൻ കഴിയും. പക്ഷേ, സമൂഹത്തിനായി പ്രവർത്തിക്കാൻ കഴിയുക കുറച്ചുപേർക്കുമാത്രം. അതിനാൽ നിങ്ങൾ സമൂഹത്തിനായി പ്രവർത്തിച്ചും ലോകത്തിൽ ഇടപെട്ടും ആത്മീയ ജീവിതം പരിശീലിക്കണം. ആശ്രമത്തിൽനിന്ന് പുറത്തുവന്ന് പ്രായോഗിക ലോകത്തിന്‍റെ ആത്മീയത പരിശീലിക്കൂ.’’
ഗാന്ധിജി പറഞ്ഞത് ശരിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നമ്മൾ ആത്മീയത പരിശീലിക്കുന്നത് ലോകത്തിൽനിന്ന് ഒളിച്ചോടിയാവരുത്. ലോകം വളരെ മനോഹരമാണ്. ദൈനംദിന ജീവിതത്തിൽ ആത്മീയതയും അഹിംസയും എല്ലാം പരിശീലിച്ച് നാം അതിനെ മനോഹരമാക്കണം. എന്നാൽ, സന്യാസിയാകുമ്പോൾ ജീവിതകാലം മുഴുവൻ സന്യാസിയായിരിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തിരുന്നു. അത് ലംഘിക്കാൻ എനിക്ക് അനുവാദമില്ലായിരുന്നു. അഥവാ, എനിക്ക് പോകാൻ അനുവാദമില്ലായിരുന്നു. പക്ഷേ, ഒരു അർധരാത്രിയിൽ, എല്ലാവരും ഉറങ്ങിയപ്പോൾ, ഞാൻ ഓടിപ്പോന്നു. എന്നിട്ട് ഞാൻ ആചാര്യ വിനോബ ഭാവെയോടൊപ്പം ചേർന്നു.
വിനോബ ഭാവെക്കൊപ്പമുള്ള കാലം എങ്ങനെയായിരുന്നു?
വിനോബ ഭാവെയെ കണ്ടുമുട്ടുമ്പോഴേക്കും ഗാന്ധിജി കൊല്ലപ്പെട്ടിരുന്നു. ഞാൻ ഗാന്ധിജിയെ കണ്ടിട്ടില്ല, പക്ഷേ, മഹാത്മായുടെ ശിഷ്യൻ വിനോബ ഭാവെയെ കണ്ടുമുട്ടി. ഞാൻ അദ്ദേഹത്തിന്‍റെ ആശ്രമത്തിൽ താമസിക്കാൻ ചെന്നു. ഞാൻ സന്യാസം ഉപേക്ഷിക്കുന്നത് 1955ലാണ്. തുടർന്നുള്ള വർഷങ്ങളിൽ ഞാൻ വിനോബ ഭാവെയുടെ ആശ്രമത്തിലായിരുന്നു. അദ്ദേഹത്തോടൊപ്പം ഏറെ വർഷങ്ങൾ ഗാന്ധിയൻ പ്രസ്ഥാനത്തിലും ഭൂദാന പ്രസ്ഥാനത്തിലും ചേർന്നു പ്രവർത്തിച്ചു. അദ്ദേഹത്തോെടാപ്പം പല നാടുകളിൽ നടന്നു. കേരളം, കർണാടക, ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും എത്തുന്നത് അങ്ങനെയാണ്. അഹിംസ പരിശീലിക്കുക, ഭൂവുടമകളോട് പാവപ്പെട്ടവർക്ക് ഭൂമി നൽകാൻ ആവശ്യപ്പെടുക എന്നിവയായിരുന്നു ഞങ്ങളുടെ ആശയങ്ങൾ.
1957ലായിരുന്നല്ലോ ഇതിനുമുമ്പ് കേരളത്തിലെത്തുന്നത്, കേരളത്തിൽ ആദ്യ സർക്കാർ രൂപംകൊണ്ട കാലമാണത്..?
അതെ, കമ്യൂണിസ്റ്റ് സർക്കാർ. ഞങ്ങൾ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും കണ്ടിരുന്നു. ഇ.എം.എസുമായുള്ള സംവാദം നന്നായി ഓർമയുണ്ട്. നമ്പൂതിരിപ്പാട് കമ്യൂണിസ്റ്റ് പാർട്ടി ആചാര്യനും നേതാവുമായിരുന്നെങ്കിലും അദ്ദേഹം ജനാധിപത്യത്തിലും അഹിംസയിലും വിശ്വസിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: ‘‘കമ്യൂണിസം എന്നാൽ നിങ്ങൾ അക്രമകാരികളാകണം എന്നല്ല അർഥമാക്കുന്നത്. ഭൂവുടമകളെയും മുതലാളിമാരെയും കൊല്ലണം എന്നുമല്ല. അഹിംസയിലൂടെയും ജനാധിപത്യത്തിലൂടെയും നിങ്ങൾക്ക് അധികാരം നേടാൻ കഴിയും.’’ അദ്ദേഹം ഏകാധിപത്യ കമ്യൂണിസത്തിനു പകരം ഒരുതരം ജനാധിപത്യ കമ്യൂണിസത്തിൽ വിശ്വസിച്ചു. അത് വളരെ പ്രചോദനകരമായിരുന്നു. കാരണം മാർക്സിലും ലെനിനിലും കമ്യൂണിസ്റ്റ് തത്ത്വങ്ങളിലും അദ്ദേഹം പ്രചോദിതനായിരുന്നെങ്കിലും, അദ്ദേഹം ഒരുതരത്തിൽ ഗാന്ധിയനായിരുന്നു, അഹിംസാവാദിയും ജനാധിപത്യവാദിയും ആയിരുന്നു.
കമ്യൂണിസത്തിന് അക്രമമോ സായുധ പോരാട്ടമോ യഥാർഥത്തിൽ ആവശ്യമില്ല. അഹിംസാപരമായ മാർഗങ്ങളിലൂടെ കമ്യൂണിസവും സോഷ്യലിസവും കൊണ്ടുവരാൻ കഴിയും. അതുകൊണ്ടാണ് അദ്ദേഹം വിനോബ ഭാവെയെ കാണാൻ വന്നതും ഭൂദാന പ്രസ്ഥാനത്തെ പിന്തുണച്ചതും. അദ്ദേഹം പറഞ്ഞു: ‘‘ഞങ്ങൾക്ക് സമത്വമാണ് വേണ്ടത്. പാവപ്പെട്ടവരെല്ലാം വിദ്യാഭ്യാസം നേടണം, അവർക്കെല്ലാം ജോലി ലഭിക്കണം, അവർക്കെല്ലാം കുറച്ച് ഭൂമി ലഭിക്കണം.’’ അദ്ദേഹത്തിന്‍റെ സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം കേരള ചരിത്രത്തിലെ ഒരു നിർണായക നിമിഷമായിരുന്നു. ബാവെയുടെ ഭൂദാന പ്രസ്ഥാനവും ഗാന്ധിയൻ തത്ത്വങ്ങളും, സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുമെല്ലാം അദ്ദേഹത്തെ പ്രചോദിപ്പിച്ചിരിക്കണം.
‘സമാധാനത്തിനുള്ള തീർഥാടനം’ എന്ന പേരിൽ 8000 മൈൽ ആഗോള പദയാത്ര നടത്തിയതിലൂടെയാണ് താങ്കൾ ലോകശ്രദ്ധയിൽ വരുന്നത്. എന്തായിരുന്നു അത്തരമൊരു യാത്രക്കുള്ള പ്രചോദനം?
ഞാൻ കേരളത്തിൽനിന്നുള്ള ഇ.പി. മേനോൻ എന്ന സുഹൃത്തിനൊപ്പം ബംഗളൂരുവിൽ പ്രവർത്തിക്കുന്ന കാലം. ഞങ്ങൾ ചെറിയ കോഫി ഹൗസിലിരിക്കുമ്പോൾ ബെർട്രാൻഡ് റസ്സലിനെക്കുറിച്ചുള്ള വാർത്ത വായിച്ചു. ഇംഗ്ലണ്ടിൽ 90കാരനായ ബെർട്രാൻഡ് റസ്സലിനെ ആണവ ബോംബിനെതിരെ പ്രതിഷേധിച്ചതിന് ജയിലിലടച്ചു എന്നതായിരുന്നു വാർത്ത. ഞങ്ങൾ പരസ്പരം ചോദിച്ചു: ‘‘ലോകസമാധാനത്തിനുവേണ്ടി 90 വയസ്സുള്ള ഒരാൾ ജയിലിൽ പോകുന്നു. നമ്മൾ യുവാക്കൾ ഇവിടെ ഇരുന്ന് കാപ്പി കുടിക്കുന്നു..?’’
അങ്ങനെ, ഞാനും മേനോനുംകൂടി അന്താരാഷ്ട്ര ആണവ വിരുദ്ധ സമാധാന പ്രസ്ഥാനത്തിൽ ചേരാനും മോസ്കോ, പാരിസ്, ലണ്ടൻ, വാഷിങ്ടൺ എന്നിവിടങ്ങളിൽ പോയി ആണവ ബോംബിനെതിരെ പ്രതിഷേധിക്കാനും തീരുമാനിച്ചു. എല്ലായിടത്തേക്കും കാൽനടയായി പോകാൻ തീരുമാനിച്ചു. അക്കാര്യം വിനോബ ഭാവെയോട് സംസാരിച്ചു. അദ്ദേഹം ഞങ്ങളെ ആശീർവദിച്ചു. രണ്ട് ഉപഹാരങ്ങളും നൽകി. യാത്രക്ക് ചില്ലിക്കാശ് പോലും കരുതരുത്, സസ്യാഹാരം മാത്രമേ കഴിക്കാവൂ. ഇവ രണ്ടുമായിരുന്നു ആ ഉപഹാരങ്ങൾ. അങ്ങനെ ഒരു ചില്ലിക്കാശുപോലും കരുതാതെ ഗാന്ധിസമാധിയിൽനിന്ന് 1962 ജൂൺ ഒന്നിന് ഞങ്ങൾ നടത്തം തുടങ്ങി. ആദ്യ രാത്രി ഡൽഹിക്ക് പുറത്ത് അടുത്തുള്ള ഒരിടത്ത് താമസിച്ചു. പിന്നീട് എല്ലാ ദിവസവും നടക്കാൻ തുടങ്ങി –10 മൈൽ, പിന്നെ 15 മൈൽ, പിന്നെ 20 മൈൽ. ഞങ്ങൾ ഡൽഹിയിൽനിന്ന് അമൃത്സറിലേക്ക് നടന്നു.
പിന്നീട് ഞങ്ങൾ പാകിസ്താനിലെ ലാഹോറിലേക്ക് പോയി. തുടർന്ന് റാവൽപിണ്ടി, പെഷാവർ, ഖൈബർ ചുരം വഴി കാബൂളിലെത്തി. പിന്നീട്, അതിദുർഘടമായ ഹിന്ദുകുഷ് പർവതനിരകൾ താണ്ടി ഇറാനിലെ മരുഭൂമിയിലെത്തി. അവിടെ ചിലപ്പോൾ 48 മണിക്കൂർ ഒരു ഗ്രാമംപോലുമില്ലാത്ത മരുഭൂമിയിലൂടെ നടക്കേണ്ടിവന്നു. ഇറാനിൽനിന്ന് അസർബൈജാൻ, അർമീനിയ, ജോർജിയ വഴി കരിങ്കടലിനടുത്തെത്തി. ഞങ്ങളുടെ കൈയിൽ യാത്രയെ കുറിച്ച റഷ്യൻ ഭാഷയിലുള്ള ലഘുലേഖ ഉണ്ടായിരുന്നു. ഒരു ചായ ഫാക്ടറിക്ക് മുന്നിൽ നിന്നിരുന്ന രണ്ട് സ്ത്രീകൾക്ക് അത് കൈമാറി.
അവർ ലഘുലേഖ വായിച്ചു, ചോദിച്ചു: ‘‘നിങ്ങൾ ഇന്ത്യയിൽനിന്ന് പണം ഒട്ടും കൈയിൽ കരുതാതെ നടക്കുകയാണോ?’’ ഞങ്ങൾ പറഞ്ഞു: ‘‘അതെ, പണമില്ലാതെയാണ് ഞങ്ങൾ ഇന്ത്യയിൽനിന്ന് നടന്നത്.’’ അവർ ചോദിച്ചു: ‘‘പിന്നെങ്ങനെയാണ് നിങ്ങൾ ഭക്ഷണം കഴിക്കുന്നത്?’’ ഞാൻ പറഞ്ഞു: ‘‘ആളുകൾ ഞങ്ങൾക്ക് ഭക്ഷണം തരും.’’ അപ്പോൾ അവർ ചോദിച്ചു: ‘‘നിങ്ങൾക്ക് വിശക്കുന്നുണ്ടോ? ഞങ്ങൾ ഭക്ഷണം തരട്ടേ? ഞങ്ങൾ ചായ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. ഇവിടെ നല്ലൊരു കാന്‍റീനുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ കുറച്ച് ചായയും ബ്രെഡും ചീസും ഒക്കെ തരാം.’’ ഞങ്ങൾ സമ്മതിച്ചു.
ഞങ്ങൾ ഫാക്ടറിക്കുള്ളിൽ പോയി. ചായ കുടിക്കുമ്പോൾ, ബ്രെഡും ചീസും ജാമും കഴിക്കുമ്പോൾ (അതൊരു നല്ല ഉച്ചഭക്ഷണമായിരുന്നു), ആ സ്ത്രീകളിൽ ഒരാൾ മുറിയിൽനിന്ന് പുറത്ത് പോയി. അവർ തിരികെ വന്നത് നാല് പാക്കറ്റ് ചായയുമായിട്ടാണ്. അവർ അത് ഞങ്ങൾക്ക് തരാൻ ആഗ്രഹിച്ചു. ഞാൻ പറഞ്ഞു: ‘‘ഇത് കൊണ്ടുനടക്കാൻ കുറച്ച് ഭാരമുണ്ടാകുമല്ലോ.’’ അവർ പറഞ്ഞു: ‘‘ഇത് നിങ്ങൾക്കുള്ളതല്ല.’’
ഞാൻ ചോദിച്ചു: ‘‘പിന്നെ ആർക്കാണ്?’’
അവർ പറഞ്ഞു: ‘‘നിങ്ങൾ എന്‍റെ സന്ദേശവാഹകരാകണം. ഈ ചായയുടെ ഒരു പാക്കറ്റ് മോസ്കോയിലെ ക്രെംലിനിലുള്ള ഞങ്ങളുടെ പ്രധാനമന്ത്രിക്ക് കൊടുക്കണം. രണ്ടാമത്തെ പാക്കറ്റ് പാരിസിലെ എലിസി പാലസിലുള്ള ഫ്രഞ്ച് പ്രസിഡന്റിന് കൊടുക്കണം. മൂന്നാമത്തെ പാക്കറ്റ് 10 ഡൗണിങ് സ്ട്രീറ്റിലുള്ള ഇംഗ്ലണ്ടിലെ പ്രധാനമന്ത്രിക്ക് കൊടുക്കണം. നാലാമത്തെ പാക്കറ്റ് വാഷിങ്ടൺ ഡി.സിയിലെ വൈറ്റ് ഹൗസിലുള്ള യുനൈറ്റഡ് സ്റ്റേറ്റ്സ്
പ്രസിഡന്റിന് കൊടുക്കണം.’’
തുടർന്ന് അവർ പറഞ്ഞു: ‘‘നിങ്ങൾ അവർക്കൊരു സന്ദേശം നൽകണം. എന്‍റെ ദൂതനും അംബാസഡറുമായി, അവരോട് പറയണം: ‘നിങ്ങൾക്ക് എപ്പോഴെങ്കിലും ആണവ ബട്ടൺ അമർത്തണമെന്ന ഭ്രാന്തൻചിന്ത വന്നാൽ, ഒരു നിമിഷം നിർത്തി, ഒരു കപ്പ് ഫ്രഷ് ചായ കുടിക്കണം’ എന്നാണെന്‍റെ സന്ദേശം.’’
എന്തൊരു മഹത്തായ ആശയമാണത്! റഷ്യൻ പ്രധാനമന്ത്രിക്കും ഫ്രഞ്ച് പ്രസിഡന്റിനും ഇംഗ്ലീഷ് പ്രധാനമന്ത്രിക്കും യു.എസ് പ്രസിഡന്റിനും എഴുതാൻ അതൊരു കാരണമായി. കരിങ്കടലിനടുത്തുള്ള ജോർജിയയിലെ ഒരു ചായ ഫാക്ടറിയിലെ സ്ത്രീയുടെ ‘സമാധാന ചായ’ (Peace Tea) ഞങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും എഴുതി. ഞങ്ങൾക്ക് വളരെ നല്ല പ്രതികരണം ലഭിച്ചു. ഞങ്ങൾക്ക് ക്രെംലിനിലും വൈറ്റ് ഹൗസിലും 10 ഡൗണിങ് സ്ട്രീറ്റിലും സ്വീകരണങ്ങളുണ്ടായി. അവിടങ്ങളിലെ ഭരണാധികാരികൾക്കെല്ലാം ആ സമാധാന ചായ നൽകി. അതൊരു അത്ഭുതകരമായ കഥയായിരുന്നു. അങ്ങനെ ഞങ്ങൾ മോസ്കോയിലേക്കും പാരിസിലേക്കും ലണ്ടനിലേക്കും ന്യൂയോർക്കിലേക്കും നടന്നു.
ആ യാത്രയിലാണോ ബെർട്രാൻഡ് റസ്സലിനെയും മാർട്ടിൻ ലൂഥർ കിങ്ങിനെയും കണ്ടുമുട്ടുന്നത്. അവരുമായുള്ള ബൗദ്ധിക സംവാദം ഓർക്കുന്നുണ്ടോ?
അതെ, ലണ്ടനിൽ എത്തിയപ്പോൾ ഞങ്ങൾ ബെർട്രാൻഡ് റസ്സലിനെ കണ്ടുമുട്ടി. അന്ന് അദ്ദേഹത്തിന് 92 വയസ്സുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ‘‘നിങ്ങൾ വേഗത്തിൽ നടന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളെ കാണാൻ ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ.’’ ഞങ്ങൾ അത് കേട്ട് ചിരിച്ചു.
തുടർന്ന് ചോദിച്ചു: ‘‘നിങ്ങൾ ഇന്ത്യയിൽനിന്ന് ഇംഗ്ലണ്ടിലേക്ക് നടന്നുവന്നു. അത് കരമാർഗമായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് അമേരിക്കയിലേക്ക് പോകണം. നിങ്ങളിത് എങ്ങനെ പോകും? നിങ്ങളുടെ കൈയിൽ പണമില്ലല്ലോ. ഞാൻ കുറച്ച് പണം തരട്ടേ?’’
ഞാൻ പറഞ്ഞു: ‘‘ഞങ്ങൾക്ക് പണം വാങ്ങാൻ കഴിയില്ല, പക്ഷേ നിങ്ങൾ കപ്പൽ ടിക്കറ്റുകൾ ഏർപ്പാട് ചെയ്തു തരികയാണെങ്കിൽ...’’ അദ്ദേഹം സെക്രട്ടറിക്ക് നിർദേശം നൽകി. റസ്സലിന്‍റെ സഹായത്തോടെ ഞങ്ങൾ രണ്ട് ടിക്കറ്റുകൾ നേടി. സതാംപ്ടണിൽനിന്ന് ന്യൂയോർക്കിലേക്ക് ‘ക്വീൻ മേരി’ എന്ന കപ്പലിലായിരുന്നു യാത്ര. ഞങ്ങൾ അറ്റ്ലാന്റിക് കടന്ന് ന്യൂയോർക്കിൽ എത്തി. പിന്നീട് ഞങ്ങൾ ന്യൂയോർക്കിൽനിന്ന് വാഷിങ്ടണിലേക്ക് നടന്നു. വൈറ്റ് ഹൗസിൽ സ്വീകരിക്കപ്പെട്ടു. അവിടെയും ‘പീസ് ടീ’ നൽകി.
ശേഷം ഞങ്ങൾ മാർട്ടിൻ ലൂഥർ കിങ്ങിനെ കാണാൻ ശ്രമിച്ചു. ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: ‘‘താങ്കളെ കാണുക എന്നത് ഞങ്ങളുടെ വലിയ ആഗ്രഹമാണ്, കാരണം താങ്കൾ ഒരു മഹാനായ സമാധാന വാഹകനാണ്.’’ അദ്ദേഹം ഞങ്ങളെ നോക്കി, ‘‘നിങ്ങൾ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് നടന്നുവന്ന കഥ എനിക്ക് വിശദമായി കേൾക്കണമെന്നുണ്ട്, നമുക്ക് അഹിംസയെക്കുറിച്ചും മറ്റും സംസാരിക്കാം’’ എന്നുപറഞ്ഞ് അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു.
ഞങ്ങൾ അദ്ദേഹത്തിന്‍റെ വീട്ടിൽ പോയി. അദ്ദേഹത്തെയും ഭാര്യ കൊറെറ്റ കിങ്ങിനെയും കണ്ടുമുട്ടി. അതൊരു മനോഹര അനുഭവമായിരുന്നു. അദ്ദേഹം സമാധാനത്തിന്‍റെ മൂർത്തീഭാവമായിരുന്നു. 29 തവണ ജയിലിൽ പോയിട്ടും അദ്ദേഹത്തിന് ആരോടും വിദ്വേഷം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ ഹൃദയത്തിലെ സമാധാനവും സ്നേഹവും ഞങ്ങൾക്ക് വലിയ പ്രചോദനമായിരുന്നു. തുടർന്ന് ജപ്പാനിലെ ചില ബുദ്ധ ഗ്രൂപ്പുകൾ ഞങ്ങളെ ക്ഷണിച്ചു. അങ്ങനെ അമേരിക്കക്കാരുടെയും ജാപ്പനീസ് ഗ്രൂപ്പുകളുടെയും സഹായത്തോടെ ഞങ്ങൾ സാൻ ഫ്രാൻസിസ്കോയിൽനിന്ന് ടോക്യോവിലേക്ക് വിമാനമാർഗം പോയി.
പിന്നീട് ഞങ്ങൾ ടോക്യോവിൽനിന്ന് ഹിരോഷിമയിലേക്ക് നടന്നു. ഏകദേശം 45 ദിവസത്തെ യാത്ര. ആണവായുധം പ്രയോഗിച്ച ഏക നഗരമാണ് ഹിരോഷിമയെന്നും, അതിനാൽ നിങ്ങൾ അവിടെ ഒരു തീർഥാടനം നടത്തണമെന്നും ജാപ്പനീസ് ജനതയും ബുദ്ധസന്യാസിമാരും ഞങ്ങളോട് പറഞ്ഞു. അത് അക്ഷരാർഥത്തിൽ സമാധാന തീർഥാടനംതന്നെ ആയിരുന്നു. ഹിരോഷിമ സന്ദർശിച്ചതും അണുബോംബിന് ഇരയായ അതിജീവിതരിൽ ചിലരെ കണ്ടതും വലിയ അനുഭവമായിരുന്നു. അവിടെനിന്ന് ജാപ്പനീസ് ജനതയുടെ സഹായത്തോടെ കപ്പൽ ടിക്കറ്റ് ലഭിച്ചു. ഞങ്ങൾ ജപ്പാനിൽനിന്ന് കപ്പലിൽ ഇന്ത്യയിലേക്ക് മടങ്ങി.ആകെ രണ്ടര വർഷം, 8000 മൈൽ, സമാധാനത്തിനു വേണ്ടിയുള്ള പദയാത്ര ആയിരുന്നു അത്.
ലണ്ടനും ഷുമാക്കർ കോളജും
പിന്നീട് ലണ്ടനിലെത്തുന്നത് എങ്ങനെയാണ്?
ഞാൻ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ലണ്ടനിൽ പോയപ്പോൾ ഇ.എഫ്. ഷുമാക്കറെ കണ്ടുമുട്ടി. ഷുമാക്കർ ഗാന്ധിജിയാൽ പ്രചോദിതനായ ചിന്തകനായിരുന്നു. അദ്ദേഹം തികഞ്ഞ ഗാന്ധിയനും സാമ്പത്തിക ശാസ്ത്രജ്ഞനും പാരിസ്ഥിതിക സുസ്ഥിരതയിലും ആത്മീയതയിലുമെല്ലാം വിശ്വസിച്ച വ്യക്തിയുമായിരുന്നു. അദ്ദേഹം എഴുതിയ പുസ്തകമാണ് ‘സ്മാൾ ഈസ് ബ്യൂട്ടിഫുൾ’ (Small is Beautiful). അദ്ദേഹം തന്‍റെ ‘റീസർജൻസ്’ (Resurgence) എന്ന മാഗസിന് എഡിറ്ററെ അന്വേഷിക്കുന്ന സമയമായിരുന്നു അത്. അദ്ദേഹം എന്നോട് പറഞ്ഞു: ‘‘നിങ്ങൾ ഈ മാഗസിന്‍റെ എഡിറ്ററാകണം.’’ ഞാൻ പറഞ്ഞു: ‘‘മിസ്റ്റർ ഷുമാക്കർ, ഞാൻ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു.’’
അദ്ദേഹം ചോദിച്ചു: ‘‘ഇന്ത്യയിലേക്ക് എന്തിന് മടങ്ങണം? ഞാൻ നിങ്ങൾക്ക് നല്ലൊരു ജോലിയാണ് നൽകുന്നത്.’’ ഞാൻ പറഞ്ഞു: ‘‘ഞാനൊരു ഗാന്ധിയനാണ്, ഗാന്ധിയൻ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’ അപ്പോൾ ഷുമാക്കർ പറഞ്ഞു: ‘‘സതീഷ്, ഇന്ത്യയിൽ ധാരാളം ഗാന്ധിയൻമാരുണ്ട്. പക്ഷേ ഇംഗ്ലണ്ടിൽ നിങ്ങൾ മാത്രമേയുള്ളൂ! അതുകൊണ്ട് ഇംഗ്ലണ്ടിൽ താമസിക്കൂ, ഈ ‘റീസർജൻസ്’ മാഗസിനെ ഒരു ഗാന്ധിയൻ മാഗസിനാക്കൂ, എഡിറ്റ് ചെയ്യൂ, ഇവിടെ തുടരൂ.’’ അങ്ങനെ അദ്ദേഹം എന്നെ അവിടെ താമസിക്കാൻ പ്രേരിപ്പിച്ചു. ഞാൻ ‘റീസർജൻസ്’ മാഗസിന്‍റെ എഡിറ്ററായി. 40 വർഷത്തിലേറെക്കാലം ഞാൻ അത് എഡിറ്റ് ചെയ്തു. ഷുമാക്കർ 1977ൽ മരിച്ചപ്പോൾ, അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞാൻ ‘ഷുമാക്കർ പ്രഭാഷണങ്ങൾ’ ആരംഭിച്ചു, തുടർന്ന് 1991ൽ ഷുമാക്കർ കോളജ് സ്ഥാപിച്ചു.
ശാശ്വത സമാധാനത്തിലേക്കുള്ള വഴി: അഹിംസ
നമ്മളീ സംസാരിക്കുമ്പോൾ കൈറോയിലെ ശറമുശൈഖിൽ ഒരു സുപ്രധാന സന്ധിസംഭാഷണം നടക്കുകയാണല്ലോ. ഇസ്രായേലും ഹമാസും തമ്മിൽ. യഥാർഥവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുന്ന ആത്യന്തിക തത്ത്വം എന്താണ്?
ഒന്നാമതായി, ഞാൻ തുടക്കത്തിൽ പറഞ്ഞതുപോലെ, എല്ലാ രാജ്യങ്ങളും, എല്ലാ സർക്കാറുകളും, എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരൊറ്റ തത്ത്വത്തിൽ ഉറച്ചുനിൽക്കണം: എല്ലാ മാറ്റങ്ങളും അഹിംസയിലൂടെ മാത്രമേ വരൂ എന്ന തത്ത്വം. നിങ്ങൾ ഫലസ്തീനിയാണോ, ഇസ്രായേലിയാണോ, യുക്രെയ്‌നിയനാണോ, റഷ്യനാണോ, ഇന്ത്യനാണോ, പാകിസ്താനിയാണോ എന്നതല്ല പ്രധാനം. ഈ ആധുനിക യുഗത്തിൽ, ആണവായുധങ്ങളുള്ള ഈ കാലഘട്ടത്തിൽ (ഇന്ത്യ, പാകിസ്താൻ, ഇസ്രായേൽ, റഷ്യ എന്നിവക്കെല്ലാം ആണവായുധങ്ങളുണ്ട്), ഒരു രാജ്യം പരാജയം ഉറപ്പിക്കുന്ന ഘട്ടത്തിൽ, അത് ഉപയോഗിക്കും. ആണവായുധങ്ങൾ മനുഷ്യരെയും മൃഗങ്ങളെയും നദികളെയും വനങ്ങളെയും എല്ലാം നശിപ്പിക്കും. അതുകൊണ്ട്, ഈ ആണവഭീതിയുടെ യുഗത്തിൽ അഹിംസ എന്ന തത്ത്വം അനിവാര്യമായിരിക്കുന്നു, അടിയന്തരമായിരിക്കുന്നു.
‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ (live and let live) എന്ന തത്ത്വത്തിൽ ഫലസ്തീനിലെയും ഇസ്രായേലിലെയും ജനത വിശ്വസിക്കണം. ഫലസ്തീനികളും ഹമാസും പി.എൽ.ഒയും ജൂത രാഷ്ട്രമായ ഇസ്രായേൽ ഒരു യാഥാർഥ്യമാണ് എന്ന് അംഗീകരിക്കണം. നിങ്ങൾക്ക് അവരെ മാറ്റാൻ കഴിയില്ല. അതുപോലെ, ഇസ്രായേൽ പറയണം: ആ ഭൂമി ഫലസ്തീനികൾക്ക് അവകാശപ്പെട്ടതാണ്. അവർ അവിടത്തെ തദ്ദേശീയരാണ്. അവരെ വംശഹത്യചെയ്യുന്നത് അവസാനിപ്പിക്കണം. ഇരുസമൂഹങ്ങളും പരസ്പരം അയൽവാസികളായി അംഗീകരിക്കുക, ശത്രുക്കളായിട്ടല്ല. ഇതാണ് പരിഹാരം. ഇരുകൂട്ടരും സംസാരിക്കണം, ചർച്ച ചെയ്യണം, അഹിംസാപരമായ വഴിക്ക് മുന്നോട്ടുപോകാൻ സമ്മതിക്കണം.
ഇസ്രായേൽ ‘ദ്വിരാഷ്ട്ര പരിഹാരത്തിന്’ വിമുഖത കാണിച്ചാൽ പിന്നെ എന്ത് ചെയ്യാനൊക്കും?
ഞാൻ ദ്വിരാഷ്ട്ര പരിഹാരത്തിൽ വിശ്വസിക്കുന്നു. ഹമാസും ഫലസ്തീനികളും ഇസ്രായേൽ ഇവിടെ തുടരുമെന്ന് സമ്മതിക്കണം. അതുപോലെ, ഇസ്രായേൽ ഫലസ്തീനികളെ സംരക്ഷിക്കുമെന്നും, അവർക്ക് അവകാശങ്ങളും ഭൂമിയും വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, ബിസിനസുകൾ എന്നിവ പണിയാൻ ആരോഗ്യവും സൗകര്യങ്ങളും നൽകുമെന്നും സമ്മതിക്കണം. ‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ (Live and let live). ഇതായിരിക്കണം ഇസ്രായേലിന്‍റെ തത്ത്വം. ഇതുപോലെയാണ് യുക്രെയ്‌നിന്‍റെയും കാര്യം. യുക്രെയ്ൻ ഒരു നിഷ്പക്ഷ രാജ്യമായി മാറണം. സ്വിറ്റ്സർലൻഡിനെപ്പോലെ. സ്വിറ്റ്സർലൻഡ് നാറ്റോയിലോ യൂറോപ്യൻ യൂനിയനിലോ അംഗമല്ല. അവർ നിഷ്പക്ഷരാണ്. അവർ ഒന്നാം ലോകയുദ്ധത്തിലോ രണ്ടാം ലോകയുദ്ധത്തിലോ വിയറ്റ്നാം യുദ്ധത്തിലോ ഒന്നും പങ്കെടുത്തില്ല. റഷ്യയുടെ അയൽക്കാരനായ യുക്രെയ്ൻ റഷ്യയുമായി സൗഹൃദത്തിലായിരിക്കണം. റഷ്യ യുക്രെയ്‌നിനോട് പറയണം: ‘‘നീ ഞങ്ങളുടെ സുഹൃത്തും അയൽക്കാരനുമായിരിക്കുക, ഞങ്ങൾ നിങ്ങളെ ആക്രമിക്കുകയില്ല.’’
നെതന്യാഹു ഉൾപ്പെടെയുള്ളവർ സമാധാനം കൊണ്ടുവരാനുള്ള മാർഗമായി യുദ്ധത്തെ ന്യായീകരിക്കുന്നുണ്ടല്ലോ...
തീയിനെ കൂടുതൽ വിറകിട്ട് കെടുത്തിയാൽ കെടുമോ? തീ കെടുത്താൻ വെള്ളം വേണം. ഇരുട്ടിനെ ഇരുട്ടുകൊണ്ട് നീക്കാൻ കഴിയില്ല. ഇരുട്ട് നീക്കാൻ വെളിച്ചം കൊണ്ടുവരണം. അതുപോലെ, കൂടുതൽ യുദ്ധംകൊണ്ട് നിങ്ങൾക്ക് യുദ്ധത്തെ നീക്കം ചെയ്യാൻ കഴിയില്ല. യുദ്ധം അവസാനിപ്പിക്കാൻ നിങ്ങൾ സമാധാനപരമായ, അഹിംസാപരമായ മാർഗങ്ങൾ കൊണ്ടുവരണം. യുദ്ധംകൊണ്ട് സമാധാനം കൊണ്ടുവരാൻ കഴിയുമെന്നത് തികച്ചും മിഥ്യാധാരണയാണ്. യുദ്ധംചെയ്തുകൊണ്ട്, മനുഷ്യരെയും മൃഗങ്ങളെയും സസ്യങ്ങളെയും നദികളെയും പർവതങ്ങളെയും സമുദ്രങ്ങളെയും നശിപ്പിച്ചുകൊണ്ട് സമാധാനം കൊണ്ടുവരാൻ കഴിയുമെന്നത് വിഡ്ഢിത്തവും മൗഢ്യവുമാണ്. യുദ്ധംകൊണ്ട് ഇതെല്ലാം മലിനീകരിക്കപ്പെടുന്നു.
മണ്ണും മനസ്സും പ്രകൃതിയും
പ്രകൃതിയോടും ആവാസവ്യവസ്ഥയോടും ഇഴുകിച്ചേർന്നാൽ മാത്രമേ മനുഷ്യന് ശാശ്വതമായ ആശ്വാസം നേടാൻ കഴിയൂ എന്ന് താങ്കൾ വാദിക്കുന്നു. തിരക്കേറിയ നഗരവത്കൃത ലോകത്ത് ഈ ആഴത്തിലുള്ള ബന്ധം എങ്ങനെ സാധ്യമാകും?
നഗരവത്കരിക്കപ്പെട്ട സംസ്കാരത്തിലേക്ക് നമ്മൾ ധാരാളം മരങ്ങളും പൂന്തോട്ടങ്ങളും കൊണ്ടുവരണം. ഓരോ സ്കൂളിനും ഒരു പൂന്തോട്ടം ഉണ്ടായിരിക്കണം. ഓരോ സർവകലാശാലക്കും ഒരു പൂന്തോട്ടം ഉണ്ടായിരിക്കണം. എല്ലാ യുവാക്കളും മണ്ണിൽ കൈതൊട്ട് പച്ചക്കറികൾ വളർത്താനും മരങ്ങൾ നടാനും പഠിക്കണം. കേരളം അത് ചെയ്യാൻ കഴിയുന്ന ഒരു അത്ഭുതകരമായ നാടാണ്. നിങ്ങൾക്ക് മാങ്ങയും പപ്പായയും പൈനാപ്പിളും ഏലവും കുരുമുളകും പച്ചക്കറികളും നെല്ലും എല്ലാം വളർത്താൻ കഴിയും. ഈ കാലാവസ്ഥ അതിന് അനുയോജ്യമാണല്ലോ? അതുവഴി നഗരപ്രകൃതിയെയും ഗ്രാമീണ സംസ്കാരത്തെയും ഒരുമിപ്പിക്കാൻ കഴിയും.
താങ്കൾക്ക് സ്വന്തമായി തോട്ടമുണ്ടോ?
എനിക്ക് രണ്ട് ഏക്കർ പൂന്തോട്ടമുണ്ട്. 15 ആപ്പിൾ മരങ്ങളും പ്ലം മരങ്ങളും പിയർ മരങ്ങളും റാസ്ബെറികളും സ്ട്രോബെറികളും മധുരക്കിഴങ്ങും ഉരുളക്കിഴങ്ങും ഉള്ളിയും വെളുത്തുള്ളിയും ബീൻസും പയറും കാബേജും എല്ലാം ഞാൻ വളർത്തുന്നു. തോട്ടത്തിൽനിന്നാണ് എന്‍റെ ഒരു ദിവസം തുടങ്ങുന്നത്. ഞാൻ പുസ്തകങ്ങൾ എഴുതും, പഠിപ്പിക്കും, തോട്ടത്തിൽ ജോലിചെയ്യും, പാചകംചെയ്യും.
‘ശിരസ്സ്, ഹൃദയം, കരങ്ങൾ’ (Head, Heart, Hands) എന്ന ആശയമാണ് മുഖ്യമായും താങ്കൾ അവതരിപ്പിക്കുന്നത്..?
അതെ. നാം ചെയ്യുന്ന ഏത് പ്രവർത്തനത്തിനും നാല് കാര്യങ്ങൾ ആവശ്യമാണ്:
1. ശിരസ്സ് (അറിവ്): നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ അറിയണം.
2. ഹൃദയം (സ്നേഹം): നിങ്ങൾ ചെയ്യുന്നതിനെ നിങ്ങൾ സ്നേഹിക്കണം.
3. കരങ്ങൾ (പ്രവൃത്തി): നിങ്ങൾ കർമങ്ങൾ ചെയ്തുകൊണ്ടേയിരിക്കണം.
4. ഫലം പ്രതീക്ഷിക്കാതിരിക്കുക: ഫലങ്ങൾ നിങ്ങളുടെ കൈകളിലല്ല. കർമം മാത്രമാണ് നിങ്ങളുടെ കൈകളിലുള്ളത്. നിങ്ങളുടെ പരമാവധി ചെയ്യുക. ഫലം പ്രപഞ്ചം നിങ്ങൾക്ക് നൽകും. എല്ലാവരും അവരവരുടെ പരമാവധി ചെയ്യണം. ‘‘നിങ്ങൾ ഇത് ചെയ്യണം, സർക്കാർ ഇത് ചെയ്യണം, വ്യവസായം ഇത് ചെയ്യണം’’ എന്ന് പറയുന്നത് എളുപ്പമാണ്. മറ്റുള്ളവർ ചെയ്യണം എന്ന് പറയുന്നതിനേക്കാൾ എളുപ്പമല്ലേ ‘‘ഞാൻ ഇത് ചെയ്യും’’ എന്ന് പറയുന്നത്. ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരി കത്തിക്കുന്നതാണ്. നമുക്കെല്ലാവർക്കും ഒരു മെഴുകുതിരി കത്തിക്കാൻ കഴിയും. എല്ലാവരും ഒരു മെഴുകുതിരി കത്തിച്ചാൽ ഇരുട്ട് ഇല്ലാതാകും.
പ്രപഞ്ചം തന്നെയും വൈവിധ്യപൂർണമാണ്. എല്ലാം ഏകീകരിക്കാനുള്ള (ഒരു ഭാഷ, ഒരു സ്വഭാവം) പ്രവണതയുണ്ടല്ലോ..?
ഞാൻ വൈവിധ്യത്തിനുവേണ്ടി വാദിക്കുന്നു. കാരണം പരിണാമത്തിന്‍റെ നിയമമാണ് വൈവിധ്യം. തുടക്കത്തിൽ വാതകവും ഊർജവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോടിക്കണക്കിന് വർഷങ്ങളിലൂടെ നമ്മൾ വൈവിധ്യം വളർത്തിയെടുത്തു. ഒരേപോലെ രണ്ട് മരങ്ങളില്ല, രണ്ട് മൃഗങ്ങളില്ല, രണ്ട് മനുഷ്യരില്ല. വൈവിധ്യമാണ് പരിണാമത്തിന്‍റെ തത്ത്വം. ഏകീകരണം സൃഷ്ടിക്കുന്നത് പരിണാമത്തിന് എതിരാണ്. അതുകൊണ്ട്, വൈവിധ്യത്തെ ആഘോഷിക്കുക. ആ വൈവിധ്യത്തിലൂടെ ഐക്യം കാണുക. നമ്മളെല്ലാം മനുഷ്യരാണ്, നമ്മളെല്ലാം പ്രകൃതിയാണ്, അതുകൊണ്ട് നമ്മൾ ഒന്നാണ്, എന്നാൽ നമ്മൾ വൈവിധ്യമുള്ളവരാണ്. അതുകൊണ്ട്, ഏകീകരണവും വേണ്ട, ഭിന്നിപ്പും വേണ്ട.
ഗാന്ധിയൻ തത്ത്വങ്ങളിലേക്ക് വരാം. ഇന്ത്യയും അമേരിക്കയുംപോലുള്ള രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര തർക്കം സാമ്പത്തിക, ഉപജീവന അസ്വസ്ഥതകൾ ഉണ്ടാക്കിയ ഈ പശ്ചാത്തലത്തിൽ, സ്വദേശി, സ്വയംപര്യാപ്തത, പ്രാദേശിക സമ്പദ്‌വ്യവസ്ഥ തുടങ്ങിയ ഗാന്ധിയൻ തത്ത്വങ്ങളുടെ പ്രസക്തി വർധിക്കുന്നതായി തോന്നുന്നുണ്ടോ?
തീർത്തും പ്രസക്തമാണ്. നമ്മൾ അമേരിക്കയുടെ ഔദാര്യത്തിനും ദയക്കുമായി കാത്തിരിക്കുകയാണ്. ഇന്ന് അവർക്ക് ദയയുണ്ടാകാം, നാളെ ഇല്ലാതാകാം. നമ്മൾ അവരെ ആശ്രയിച്ചാൽ കഷ്ടപ്പെടും. അതുകൊണ്ട് ഇന്ത്യ സ്വദേശി തത്ത്വങ്ങളിൽ കൂടുതൽ സ്വതന്ത്രമാകണം. നമ്മുടെ സമ്പദ്‌വ്യവസ്ഥ ചൈനയെയോ റഷ്യയെയോ അമേരിക്കയെയോ യൂറോപ്പിനെയോ മറ്റ് രാജ്യങ്ങളെയോ ആശ്രയിക്കരുത്. നമ്മൾ ഒരു വലിയ രാജ്യമാണ്. 140 കോടിയിലധികം ജനസംഖ്യയും 29 സംസ്ഥാനങ്ങളുമുള്ള വലിയ രാജ്യം. നമുക്ക് പ്രാദേശികമായി നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വളർത്താൻ കഴിയും. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ 80-90 ശതമാനം പ്രാദേശികമായിരിക്കണം. ബാക്കിയുള്ള 10-20 ശതമാനം കയറ്റുമതിയും ഇറക്കുമതിയും കേക്കിന് മുകളിലെ ഐസിങ് പോലെയാകണം. കേക്ക് പ്രാദേശിക സമ്പദ്‌വ്യവസ്ഥ ആയിരിക്കണം. ഇതാണ് സ്വദേശി എന്ന ഗാന്ധിയൻ തത്ത്വം. ഇതാണ് ഇന്ത്യക്ക് ഏറ്റവും നല്ലത്.
കേരളം ഉരുൾപൊട്ടൽപോലുള്ള കാലാവസ്ഥ ദുരന്തങ്ങൾക്ക് തുടർച്ചയായി ഇരയാകുന്നുണ്ട്. ആവാസവ്യവസ്ഥയെ സന്തുലിതമാക്കാനും പുനഃസ്ഥാപിക്കാനുമുള്ള കേരളീയരുടെ സമീപനത്തിൽ എന്ത് മൗലിക മാറ്റങ്ങളാണ് വേണ്ടത്?
എവിടെ ജീവിച്ചാലും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകും. ജപ്പാനിൽ ധാരാളം ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. എന്നിട്ടും അതൊരു സമ്പന്ന രാജ്യമാണ്. ജപ്പാന് ഭൂകമ്പങ്ങളെ നേരിടാൻ കഴിയുമെങ്കിൽ, കേരളത്തിനും ഇടക്കിടെയുള്ള മണ്ണിടിച്ചിലിനെയും പ്രളയങ്ങളെയും നേരിടാൻ കഴിയും. എന്നാൽ, നമ്മുടെ വികസന കാര്യങ്ങളിലെ സമീപനം മാറണം. അനിയന്ത്രിതമായ ഖനനംപോലുള്ള കാര്യങ്ങൾ ഈ പ്രകൃതി ദുരന്തങ്ങളിലേക്ക് നയിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.
കേരളത്തിലെ ജനങ്ങൾ സംതൃപ്തരാകാൻ പഠിക്കണം. ‘‘നമുക്ക് മനോഹരമായ ഭൂമിയുണ്ട്, മനോഹരമായ മരങ്ങളുണ്ട്, മനോഹരമായ പ്രകൃതിയുണ്ട്, കഴിവുള്ള നല്ല മനുഷ്യരുണ്ട്. ഇതൊരു നല്ല രാജ്യമാണ്’’ എന്നു പറഞ്ഞ് സംതൃപ്തരും സന്തോഷവാന്മാരുമായിരിക്കുക. അതിനുപകരം ‘കൂടുതൽ, കൂടുതൽ, കൂടുതൽ’ (more, more, more) –ഉയർന്ന സാമ്പത്തിക നിലവാരം, കൂടുതൽ റോഡുകൾ, കൂടുതൽ പണം, കൂടുതൽ ബിസിനസ്, കൂടുതൽ വ്യവസായം എന്ന് ചിന്തിക്കുന്നത് നിങ്ങളുടെ നാടിനെ നശിപ്പിക്കുകയും മലിനമാക്കുകയുംചെയ്യും. സന്തോഷത്തിന് സംതൃപ്തി (Contentment), ഒൗന്നത്യമുള്ള ലാളിത്യം (Elegant Simplicity) വളരെ പ്രധാനമാണ്.
എന്താണ് ‘എലഗന്റ് സിംപ്ലിസിറ്റി?’
എലഗന്റ് സിംപ്ലിസിറ്റി എന്നാൽ, സുഖകരമായ ഒരു ജീവിതം നയിക്കുക എന്നതാണ്. നല്ല ഭക്ഷണം, നല്ല വീട് –സൗന്ദര്യമുള്ളതും മനോഹരമായതുമായ ജീവിതം നയിക്കണം. സൗന്ദര്യം എന്നാൽ, ആഡംബര കാറുകളോ ബഹുനില മണിമാളികകളോ അല്ല. നൃത്തം, സംഗീതം, കവിത, കല, ചിത്രരചന എന്നിവ പഠിക്കണം. ഇതിന് മലിനീകരണമില്ല, അധികം പണച്ചെലവില്ല. നിങ്ങൾക്ക് ഒരു ബ്രഷും പെയിന്റും പേപ്പറും മാത്രം മതി, ഒരു മനോഹരമായ ചിത്രം വരക്കാം. സന്തോഷം നൽകുന്ന കവിതകൾ എഴുതാം, നൃത്തംചെയ്യാം. അതുകൊണ്ട് ഭൗതിക സുഖസൗകര്യങ്ങളും മാനസികവും ആത്മീയവും ബൗദ്ധികവുമായ പുരോഗതിയും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് എലഗന്റ് സിംപ്ലിസിറ്റി. ഇപ്പോൾ എല്ലാവരും പണം, വീട്, റോഡ്, കാർ, കമ്പ്യൂട്ടർ എന്നിവയുടെ പിന്നാലെയാണ്. കവിതയുടെയും സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും പൂന്തോട്ടത്തിന്‍റെയും സൗഹൃദത്തിന്‍റെയും കുടുംബത്തിന്‍റെയും അഭാവമുണ്ട്. ഇത് നിങ്ങൾക്ക് സന്തോഷം നൽകില്ല. ഭൗതിക ആവശ്യങ്ങളെയും ബൗദ്ധികവും ആത്മീയവുമായ ആവശ്യങ്ങളെയും സന്തുലിതമാക്കുക എന്നതാണ് എലഗന്റ് സിംപ്ലിസിറ്റി.
ഡോണൾഡ് ട്രംപിനെപ്പോലുള്ള മുതലാളിത്ത രാഷ്ട്രത്തലവൻമാർ കാലാവസ്ഥാ വ്യതിയാനം ഒരു മിഥ്യയും കള്ളവുമാണെന്ന് പറയുന്നുണ്ട്. അർഥവത്തായ കാലാവസ്ഥാ നടപടികൾ സ്വീകരിക്കുന്നതിൽ മൂലധന ശക്തികൾക്ക് അന്തർലീനമായ വിമുഖതയുണ്ടെന്ന് കരുതാമോ?
ട്രംപിന് തെറ്റി എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്‍റെ സന്ദേശത്തിന് നമ്മൾ ശ്രദ്ധ കൊടുക്കരുത്. കാരണം അദ്ദേഹം അഞ്ചു വർഷത്തേക്ക് മാത്രമേ ഉണ്ടാകൂ. എന്നാൽ കാലാവസ്ഥാ വ്യതിയാനം വളരെക്കാലം നിലനിൽക്കും. ട്രംപ് ഒരു ഹ്രസ്വകാല പ്രസിഡന്റാണ്, കാലാവസ്ഥാ മാറ്റം ഒരു ദീർഘകാല പ്രതിഭാസമാണ്. താപനില ഉയരുന്നു, ചൂട് കൂടുന്നു. അതുകൊണ്ട് നമ്മൾ യാഥാർഥ്യബോധമുള്ളവരായിരിക്കണം. ശാസ്ത്രജ്ഞരെയാണ് നമ്മൾ കേൾക്കേണ്ടത്. അവർക്ക് ദീർഘകാല ചിന്താഗതിയുണ്ട്. ഐക്യരാഷ്ട്ര സഭയിലും സി.ഒ.പി സമ്മേളനങ്ങളിലും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ കാലാവസ്ഥ മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നു. അവർക്ക് പക്ഷപാതപരമായ താൽപര്യങ്ങളില്ല.
കേരളത്തിലേക്കുള്ള ഈ രണ്ടാം വരവിനെ കുറിച്ച് പറഞ്ഞ് നമുക്ക് ഈ സംഭാഷണം അവസാനിപ്പിക്കാം…
സുസ്ഥിരതയെക്കുറിച്ച് (Sustainability) മഹാത്മാഗാന്ധി സർവകലാശാല സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിനായാണ് ഞാൻ വന്നത്. സുസ്ഥിരത നമ്മുടെ മൂലപ്രമാണമാവണം. നമ്മുടെ സമ്പദ്‌വ്യവസ്ഥ ചാക്രികമായിരിക്കണം (cyclical). പ്രകൃതിയിൽനിന്ന് നമ്മൾ എടുക്കുന്നതെല്ലാം പ്രകൃതിയിലേക്ക് തിരികെ നൽകണം. ഏറ്റവും കുറഞ്ഞ മലിനീകരണം, കുറഞ്ഞ മാലിന്യം, നമ്മുടെ മണ്ണും ഭൂമിയും ജൈവരീതിയിൽ (organic way) പരിപാലിക്കണം. അതുപോലെ ആത്മാവിനും സമൂഹത്തിനും ആത്മീയമായ മൂല്യം നൽകണം. മണ്ണ്, ആത്മാവ്, സമൂഹം (Soil, Soul, Society) എന്നിവക്ക് പ്രാധാന്യം നൽകണം.
സുസ്ഥിരത, പരിസ്ഥിതി, കാലാവസ്ഥാ മാറ്റം എന്നിവ വളരെ അടിയന്തര പ്രശ്നങ്ങളാണ്. മഹാത്മാഗാന്ധി കേരളം സന്ദർശിച്ചതിന്‍റെ നൂറാം വാർഷികം മഹാത്മാഗാന്ധി സർവകലാശാല ആഘോഷിക്കുന്ന ഈ അവസരത്തിൽ ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്തരം സമ്മേളനങ്ങൾ എല്ലാ സർവകലാശാലകളും നടത്തണം. എന്നാൽ, സമ്മേളനങ്ങൾ നടത്തുന്നതിനെക്കാൾ പ്രധാനം, നമ്മൾ കൂടുതൽ പാരിസ്ഥിതികമായ ജീവിതശൈലി പരിശീലിക്കുകയും പൂന്തോട്ടമുണ്ടാക്കുകയും ലളിതവും സംതൃപ്തവുമായ ജീവിതം നയിക്കുകയും ചെയ്യുക എന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.