മലബാർ മേഖലയിൽ തെയ്യക്കാലമാണിത്. വിശ്വാസവും മിത്തും അനുഷ്ഠാന കലയും ആചാരവുമെല്ലാം കെട്ടുപിണഞ്ഞുകിടക്കുന്ന െതയ്യം സാമൂഹിക ജീവിതത്തിലും പലവിധത്തിൽ ഇടപെടുന്നുണ്ട്. എന്നാൽ, ജാതിയും ഹിന്ദുത്വയും ബ്രാഹ്മണ്യവും എങ്ങനെയാണ് തെയ്യങ്ങളിൽ പ്രത്യക്ഷമാകുന്നത്? തെയ്യം കലാകാരനും ഗവേഷകനുമായ അനിൽകുമാർ സി.വി ‘െതയ്യ’ത്തെക്കുറിച്ച് സംസാരിക്കുന്നു.
കണ്ണൂർ ജില്ലയിലെ മാതമംഗലം സ്വദേശിയായ, തെയ്യക്കാരനായ അനിൽകുമാർ സി.വി അടുത്തിടെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. കേരളത്തിൽ ഉടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്ന ‘മാടൻ മോക്ഷം’ എന്ന ഒരു നാടകവുമായി ബന്ധപ്പെട്ടായിരുന്നു അത്. ഉത്തര മലബാറിലെ ദലിതരുടെയും ആദിവാസികളുടെയും കോട്ടങ്ങളും തെയ്യങ്ങളുടെ സ്ഥാനങ്ങളും ബ്രാഹ്മണ്യവത്കരിക്കപ്പെടുന്നതിന്റെ രാഷ്ട്രീയം തുറന്നു കാണിച്ചാണ് ആ പോസ്റ്റിൽ അനിൽ സംസാരിക്കുന്നത്. ദലിത് സമൂഹത്തിൽപെട്ട തെയ്യക്കാരനായ അനിൽ തങ്ങളുടെ സ്വത്വം ഹൈജാക്ക് ചെയ്യപ്പെടുന്നതിന്റെ സൂക്ഷ്മ രാഷ്ട്രീയമാണ് ആ പോസ്റ്റിൽ വിവരിച്ചത്.
വേലൻ എന്ന സമുദായത്തിൽപെട്ട അനിൽ തെയ്യത്തിൽ പിഎച്ച്.ഡി ചെയ്തു പാതിവഴിക്ക് നിർത്തി സർക്കാർ അധ്യാപകനായ വ്യക്തിയാണ്. പരാളിയമ്മ, പരവ, വണ്ണാത്തി ഭഗവതി തുടങ്ങിയ തെയ്യങ്ങളാണ് അനിൽ കെട്ടിയാടുന്നത്. ഉത്തര മലബാറിലെ തെയ്യങ്ങളുടെ ആചാരങ്ങളിലും സാമൂഹികതയിലും രാഷ്ട്രീയത്തിലും ഹിന്ദു ബ്രാഹ്മണ്യം അധിനിവേശിക്കുന്നതിനെ കുറിച്ചാണ് ഈ അഭിമുഖത്തിലും അനിൽ കുമാർ സംസാരിക്കുന്നത്.
തെയ്യം എന്ന ആചാരരൂപം ഒരു ആചാരവും ദൃശ്യതയുടെ ഒരു കൾചറൽ ഫോം ആണെന്ന നിലയിലാണ് ഉത്തര മലബാറിന് പുറത്തുള്ളവർ അതിനെ കാണുന്നത്. പക്ഷേ, അതിന്റെ ഉള്ളിൽ കൃത്യമായി ജാതിയുമായി ബന്ധപ്പെട്ട വിവേചനങ്ങൾ നടക്കുന്നതായി അനിൽ എഴുതിയിട്ടുണ്ട്. മറ്റു ദൈവങ്ങളിൽനിന്ന് വ്യത്യസ്തമായി, തെയ്യം ജനാധിപത്യപരമാണെന്ന് അവതരിപ്പിക്കുകയും, ജനങ്ങളോട് നേരിട്ട് ഇടപഴകുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു രൂപംകൂടിയാണ്. അനിൽ തെയ്യം എന്ന കലയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
തെയ്യം എന്നു പറഞ്ഞാൽ, താഴേത്തട്ടിലുള്ള ജനങ്ങളുടെ ആരാധനാ സമ്പ്രദായമാണെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. ‘ഹൈന്ദവമതം’ എന്ന് പറയുമ്പോൾ വിഗ്രഹാരാധനയിലൂടെയാണ് സ്ഥാപിക്കപ്പെടുന്നത്. അതിൽനിന്ന് വ്യത്യസ്തമായി, കണ്ണൂർ-കാസർകോട് ജില്ലകളിലെ സാധാരണക്കാരായ ജനങ്ങൾ, സമുദായങ്ങൾ, കുടുംബങ്ങളിലെ തറവാടുകൾ –തങ്ങളുടേതായ ആചാരസമ്പ്രദായങ്ങളാണ് തെയ്യങ്ങളിൽ അനുഷ്ഠിച്ചുവരുന്നത്. കോഴിക്കോടിന്റെ ചില ഭാഗങ്ങളിലേക്കും ഈ തെയ്യം സംസ്‌കാരപരമായി വ്യാപിച്ചിട്ടുണ്ട്. എന്നാൽ, കോഴിക്കോട് ജില്ലയിൽ തെയ്യത്തിൽനിന്ന് വ്യത്യസ്തമായി ‘തിറ’ എന്ന മറ്റൊരു ആചാരമാണ് നിലനിൽക്കുന്നത് –അത് തെയ്യത്തിൽനിന്ന് വ്യത്യസ്തവുമാണ്.
ഓരോ തറവാട്ടിലെയും മുതിർന്നവർ തെയ്യത്തിന്റെ ആരാധനാസമ്പ്രദായങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. തെയ്യം കെട്ടുന്നത് സാധാരണക്കാർ ആണെങ്കിലും, ഓരോ തറവാട്ടിലും തങ്ങളുടേതായ ആരാധനാരീതിയുണ്ട്. ഏതൊരു സമുദായത്തിനും കുടുംബത്തിനും തറവാടുണ്ട്. ഉദാഹരണത്തിന്, വാണിയ സമുദായത്തിന്റെ മുച്ചിലോട്ടുകാവ് അവരുടെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമാണ് –ഇവർ ഒ.ബി.സി വിഭാഗത്തിൽപെടുന്നു. മണിയാണി സമുദായത്തിന്റെ ആചാരസ്ഥാനമാണ് കണ്ണങ്ങാട്ട് ഭഗവതി –അവരും ഒ.ബി.സി വിഭാഗത്തിൽപെട്ടവരാണ്. തിയ്യ സമുദായത്തിന് ആറേക്കാൽ, വയനാട്ടുകുലവൻ തുടങ്ങിയ ആരാധനാ സമ്പ്രദായങ്ങളുണ്ട്. പക്ഷേ, ഇവ ക്ഷേത്രങ്ങൾ അല്ല. വയനാട്ടുകുലവൻ എന്ന ദൈവത്തിന് പ്രസാദമായി കള്ളും മാംസവും നൽകുന്ന ആചാരങ്ങളുണ്ട്. മുച്ചിലോട്ടുകാവ് എന്നിടത്ത് പോയാൽ കോഴിയെ അറുക്കുന്ന ആചാരവുമുണ്ട്. ഇതൊന്നും ക്ഷേത്രങ്ങളല്ല.
ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാതെ മാറ്റിനിർത്തപ്പെട്ട വിഭാഗങ്ങളുടെ ആരാധനാ സമ്പ്രദായങ്ങളായിട്ടാണ് ഞാൻ ഇവയെ ചരിത്രപരമായി നോക്കുന്നത്. അഥവാ, സാധാരണക്കാരായ ജനങ്ങളുടെ ആചാര സമ്പ്രദായമാണ് തെയ്യം. ആദിവാസികളായ മാവിലന്മാർക്കും തെയ്യങ്ങൾ ഉണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാവിലൻവിഭാഗങ്ങൾക്ക് നിരവധി തെയ്യങ്ങൾ ഉണ്ട്. ഈ ആചാരസമ്പ്രദായങ്ങൾ ഒന്നുംതന്നെ ഹൈന്ദവമത രീതിയിലല്ല. പക്ഷേ, ഈ കാവുകൾ ക്ഷേത്രങ്ങളാവുന്ന പരിവർത്തനമാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇവിടെ അടുത്തുള്ള പാലോട്ടുകാവ്, ക്ഷേത്രമായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. ഈ കാലഘട്ടത്തിൽ മിക്ക കാവുകളും ക്ഷേത്രങ്ങളായി പുനർനാമകരണം ചെയ്തുകഴിഞ്ഞു.
അനിൽ തെയ്യത്തിലേക്ക് ജാതിവ്യവസ്ഥയും ബ്രാഹ്മണ്യവും കടന്നുവരുന്നതിനെക്കുറിച്ച് എഫ്.ബി പോസ്റ്റ് എഴുതിയിരുന്നു. അതിന്റെ അപകടങ്ങളിലേക്കാണ് പോസ്റ്റിലൂടെ പ്രധാനമായും സൂചന നൽകിയത്. എങ്ങനെയാണ് ജാതിവ്യവസ്ഥ അല്ലെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയം തെയ്യങ്ങളിലേക്ക് കയറിക്കൊണ്ടിരിക്കുന്നത്?
അതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്ന് ഇപ്പോൾ ദലിതരായ ചിലർ തങ്ങൾ ദലിതരാണെന്ന് തന്നെ പറയാൻ ഇഷ്ടപ്പെടുന്നില്ല എന്നതാണ്. വേലൻ സമുദായത്തിൽപെട്ട എന്റെ ബന്ധുക്കൾ, ഏഴിമല ഭാഗത്ത് താമസിക്കുന്നവർ, ദലിത് വിഭാഗത്തിലാണെന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. അവർ വിവാഹബന്ധം ആഗ്രഹിക്കുന്നത് മറ്റു സമുദായക്കാരുമായിട്ടാണ്. അങ്ങനെയുള്ള ഒരു ദലിത് ഐഡന്റിറ്റിയിൽനിന്ന് പുറത്തുള്ള സ്റ്റാറ്റസ് ആണ് അവർ ആഗ്രഹിക്കുന്നത്. മുമ്പ് നമ്മുടെ സമുദായത്തിൽ തെയ്യസ്ഥാനത്ത് ഒരു കല്ലുവെച്ച് ഒരായുധം പ്രതിഷ്ഠിക്കുന്ന ചെറിയൊരു ചടങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതൊരു തെയ്യം ഉപാസിക്കുന്ന, ഏറ്റവും മുതിർന്ന കാരണവരായ ഒരാൾ നിർവഹിക്കുന്ന ഒരു ആചാരമായിരുന്നു.
പക്ഷേ, ഇപ്പോൾ ലക്ഷക്കണക്കിന് രൂപ ചെലവാക്കി ബ്രാഹ്മണനായ തന്ത്രിയെ വിളിച്ചുകൊണ്ടുവരുന്ന രീതിയിലാണ് ഇത്തരം ആചാരങ്ങൾ നടക്കുന്നത്. ബ്രാഹ്മണനായ ഒരാൾ വന്ന് പ്രതിഷ്ഠ ചെയ്താൽ മാത്രമേ ‘പ്രതിഷ്ഠ ഉറപ്പിക്കാൻ’ പറയാൻ പറ്റൂ എന്നാണ് ഇപ്പോഴത്തെ നമ്മുടെ സമുദായക്കാർ വിശ്വസിക്കുന്നത്. അത് ഒരു കാരണവശാലും ശരിയായ ഏർപ്പാട് അല്ല എന്നതാണ് എന്റെ വാദം. ഞങ്ങളുടെ പ്രതിഷ്ഠ ഞങ്ങൾ തന്നെ നടത്തണം. പുലയ സമുദായത്തിലെ തെയ്യങ്ങളുടെ പ്രതിഷ്ഠ അവർതന്നെ നടത്തുന്നതുപോലെ, ഞങ്ങളും അത് ചെയ്യണം. അതായത്, കണ്ണൂർ ജില്ലയിലെ പല കാവുകളിലും തന്ത്രിമാർ വന്ന് പൂജ ചെയ്യുന്ന പുതിയ രീതികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ സ്വാധീനത്തിലൂടെ, നമ്മുടെ സമുദായത്തിലും ഇത്തരത്തിലൊരു മാറിവരൽ നടക്കുകയാണ്.
ഇത് സാമൂഹികമായി ഹൈന്ദവവത്കരിക്കുന്ന വലിയൊരു അപകടമാണ്. തന്ത്രിമാർ വരുന്ന ഈ പ്രതിഷ്ഠാചടങ്ങ് മൂന്നു ദിവസത്തെ വലിയ ചടങ്ങായി ആഘോഷിക്കുന്നു. അതിന് വലിയ സാമ്പത്തിക ചെലവുണ്ട്. തന്ത്രിമാരെ കുറേ ദൂരം – 10-500 മീറ്റർ അകലത്ത് നിന്ന്– ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കൊണ്ടുവരുന്നു. അവർക്ക് ദേഹം അനങ്ങി വലിയ പണിയൊന്നുമില്ല, കുറച്ച് മന്ത്രങ്ങൾചൊല്ലി പോയാൽ മതിയാകും. ഈ മൂന്നുദിവസത്തെ ചടങ്ങ് കഴിഞ്ഞ്, അവർ ലക്ഷക്കണക്കിന് രൂപ വാങ്ങിപ്പോകുന്നു. അതിനേക്കാൾ ഇരട്ടി ദിവസവും രാത്രിയും പണിയെടുക്കുന്ന തെയ്യക്കാരായ ഞങ്ങൾക്ക് അത് ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ യാഥാർഥ്യം. ഞങ്ങൾ കാലങ്ങളായി തെയ്യം കലാകാരന്മാരാണ്.
തെയ്യക്കാരുടെ പ്രതിഫലം ബ്രാഹ്മണരായ പൂജാരികളുമായി താരതമ്യംചെയ്യുമ്പോൾ വളരെ കുറവല്ലേ?
പണ്ടുകാലം മുതലേതന്നെ തെയ്യം കലാകാരന്മാർക്ക് കിട്ടുന്നത് ചെറിയ തുകയായിരുന്നു. തെയ്യം കെട്ടുകാരന് കുറച്ച് പൈസ കൊടുത്താൽ മതി എന്ന ധാരണയാണ് പൊതുവെ നിലനിൽക്കുന്നത്. അതേസമയം, പുനഃപ്രതിഷ്ഠക്കായി വരുന്ന ബ്രാഹ്മണർക്ക്, അവർ ചോദിക്കുന്ന ലക്ഷക്കണക്കിന് രൂപ നൽകേണ്ടതുണ്ട്. ഇതാണ് ഈ പ്രശ്നത്തിന്റെ സാമ്പത്തിക ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാരഡോക്‌സ്.
തീച്ചാമുണ്ഡി എന്നൊരു തെയ്യത്തിന് ഒരു തുക ഇപ്പോൾ നൽകാറുണ്ട്, പക്ഷേ ആ തുക പോരാ എന്നതാണ് യാഥാർഥ്യം. തീയിൽ ചാടുന്ന ആ തെയ്യം കലാകാരനേക്കാൾ ഇരട്ടിയിലധികം പ്രതിഫലം ആ പൂജാരിമാർക്ക് നൽകുന്നുണ്ട്. ഞങ്ങൾ ദലിത് സമുദായത്തിൽപെട്ടവരാണ്. തീയിൽ ചാടുന്നവരുമാണ്, വെയിലിൽ കിടന്നു പണിയെടുക്കുന്നവരുമാണ്. എന്നിട്ടും “ഇത്ര കിട്ടിയാൽ മതി” എന്നതാണ് പൊതുവെ സമൂഹത്തിൽ നിലനിൽക്കുന്ന ധാരണ. തെയ്യം കലാകാരന്മാർ ഉറക്കമില്ലാതെ രാത്രി മുഴുവൻ പരിശ്രമിക്കുന്നതൊന്നും വലിയ കാര്യമായി ആരും കാണുന്നില്ല. ഭൂരിഭാഗം തെയ്യക്കാർക്കും കുറച്ച് കാലത്തിനുശേഷം അകാല വാർധക്യം അനുഭവപ്പെടുന്നു. അതിനുശേഷം തെയ്യം കെട്ടാൻ കഴിവില്ലാതാകുമ്പോൾ, കാവുകാർ അവരെ തിരിഞ്ഞുനോക്കാറില്ല. പിന്നീട് അവർക്കത് ഏകാന്തത, സാമ്പത്തിക ബുദ്ധിമുട്ട്, ഡിപ്രഷൻ എന്നിവയുടെ കാരണമായി മാറുന്നു. ചിലർ ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്. ചില കാവുകളിൽ തെയ്യക്കാർക്ക് ഇപ്പോഴും കോൾ (പണം) ഒന്നും നൽകാറില്ല. എന്റെ തറവാട്ടിൽ തെയ്യം കലാകാരന്മാർക്ക് കൂടുതലായി പണം നൽകുന്നു എന്നതുപോലും ചർച്ചക്ക് വിഷയമായിട്ടുണ്ട്. അതിൽ പങ്കെടുക്കുന്നവർക്ക് തെയ്യത്തെക്കുറിച്ച് ഒരു ധാരണയുമില്ല എന്നതാണ് അതിന്റെ മറ്റൊരു ട്രാജഡി. ഞങ്ങൾ തെയ്യത്തിന് ഒരു തുക പറഞ്ഞാൽ, പിന്നീട് അതിന്റെ പകുതിപ്പൈസക്കുതന്നെ തെയ്യം നടത്തേണ്ട അവസ്ഥയാണ്. അല്ലെങ്കിൽ ചിലപ്പോൾ ആ തെയ്യംതന്നെ ഒഴിവാക്കിയേക്കാം.
ഈ സബാൾട്ടേൺ ആരാധനാ കേന്ദ്രങ്ങളായ തെയ്യങ്ങളുടെ കോട്ടങ്ങൾ ക്ഷേത്രങ്ങൾ ആകുന്ന ഒരു പ്രോസസ് എങ്ങനെയാണ് സംഭവിക്കുന്നത്? ഈ കോട്ടകളും കാവുകളും ക്ഷേത്രങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്താണ്? ഈ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ മറ്റു നടപടിക്രമങ്ങളിൽ ഒക്കെ മാറ്റങ്ങൾ സംഭവിക്കില്ലേ?
കോട്ടം, കാവ്, പള്ളിയറ, താനം ഈ സംഭവങ്ങളൊക്കെ സാധാരണക്കാരുടെ ആരാധനാക്രമങ്ങളും ആരാധനാലയങ്ങളുമാണ്. ഇവിടെ ശരിക്കും പറഞ്ഞാൽ ശാക്തേയ പൂജകളാണ്. ഇവിടെ കള്ളും കലശവും ഒക്കെ ഉണ്ടാകും. കണ്ണൂർ ജില്ലയിലെ മാടായിക്കാവ് ക്ഷേത്രമല്ല, അത് കാവാണ്. അവിടെ പൂജാരിമാർക്ക് നമ്പൂതിരിമാർ അല്ല, പ്രാരർ എന്ന സമുദായത്തിൽപെട്ടവരാണ്. അവർ മത്സ്യമാംസാദികൾ ഭക്ഷിക്കുന്നവരാണ്. അവിടെ പ്രസാദമായി കോഴിയും കൊടുക്കുന്നുണ്ട്. അവിടത്തെ നിർമാല്യത്തിൽ കോഴിയിറച്ചി ഉണ്ടാകും. മാടായിക്കാവ് ശരിക്കും ഒരു ശാക്തേയ കാവാണ്. ക്ഷേത്രങ്ങളിൽ തെയ്യത്തിന് പ്രവേശനമില്ല. ഉദാഹരണത്തിന് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ തെയ്യം വരാറുണ്ട് പക്ഷേ, ക്ഷേത്രമതിൽ തെയ്യം കടക്കാറില്ല. തെയ്യം താണ ജാതിക്കാരായതുകൊണ്ടുതന്നെ ക്ഷേത്രത്തിനകത്ത് അവിടെ പ്രവേശനമില്ല.
ചില ക്ഷേത്രങ്ങളിൽ ഉത്സവം കഴിഞ്ഞാൽ നടയിലാട്ട് എന്ന് പറയുന്ന ഒരു പരിപാടി ഉണ്ടാവും. ഉത്സവത്തിന് കുറെ ദൂരെയായിട്ടായിരിക്കും തെയ്യം എന്ന ആചാരം ചില ക്ഷേത്രങ്ങളിൽ നടത്തപ്പെടുന്നത്. അതിനെയാണ് നടയിലാട്ട് എന്ന് പറയുന്നത്. ഈ തെയ്യങ്ങൾക്ക് ഒന്നും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതിയില്ല. ഇതിൽതന്നെ കൃത്യമായ ജാതിവ്യവസ്ഥ നിലനിൽക്കുന്നു. ഏറ്റവും സാധാരണക്കാരിൽ സാധാരണക്കാരുടെ തെയ്യം ആരാധനാകേന്ദ്രമാണ് പതി. വെറും ഓലകൊണ്ട് കെട്ടി ഉണ്ടാക്കിയിട്ടുള്ള ഒരു ചെറിയ കേന്ദ്രമാണത്. ഏറ്റവും താഴേക്കിടയിലുള്ള ആൾക്കാരുടെ തെയ്യങ്ങളുടെ ആരാധനാകേന്ദ്രംകൂടിയാണ് പതി. കോട്ടം, പതി, പള്ളിയറ അങ്ങനെ വിവിധതരം രൂപങ്ങളിലുള്ള ആരാധന കേന്ദ്രങ്ങൾ ഈ താഴേക്കിടയിലുള്ള സാധാരണക്കാരായ മനുഷ്യർക്ക് തെയ്യത്തിന് ആരാധിക്കാനായുണ്ട്.
കോട്ടങ്ങളിലൊക്കെ ഇപ്പോൾ ക്ഷേത്ര പുനരുദ്ധാരണമാണ് നടക്കുന്നത്. അവിടെ ബ്രാഹ്മണിക്കൽ ആയിട്ടുള്ള ആചാരങ്ങൾ, പൂജകൾ തുടങ്ങിയ ആചാരരീതികൾ ഒക്കെ പ്രതിഷ്ഠിക്കുന്ന ഒരു പുതിയ രൂപമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ ‘പ്രശ്നക്കാർ’ എന്ന് പറയുന്ന ഒരു വിഭാഗമാണ് ഈ തരത്തിലുള്ള ഒരു പ്രവൃത്തിയുടെ തുടക്കം ഉണ്ടാക്കുന്നത്. മുമ്പ് പ്രശ്നം വെക്കുക കണിശന്മാർ എന്ന് പറയുന്ന ഒരു വിഭാഗമാണ്, പക്ഷേ ഇന്ന് എല്ലാ വിഭാഗങ്ങളിലുള്ളവരും പ്രശ്നംവെപ്പുകാരായിട്ട് മാറിയിട്ടുണ്ട്. ഇപ്പോൾ നമ്പൂതിരിയും പൊതുവാളും എല്ലാം പ്രശ്നംവെക്കും. അവർ പ്രശ്നംവെച്ച് കോട്ടങ്ങൾ ഒക്കെ പുനരുദ്ധാരണം നടത്തണമെന്ന ഒരു തീരുമാനത്തിലേക്ക് എത്തും. അങ്ങനെ ആ കോട്ടങ്ങൾ ഒക്കെ ബ്രാഹ്മണവത്കരിക്കാനുള്ള ശ്രമങ്ങൾ ഈ പ്രശ്നക്കാർ തുടങ്ങും. ഒരു നൂറു വർഷമായിട്ടും തെയ്യം ആചരിക്കുന്ന കോട്ടങ്ങളിലേക്ക് പ്രശ്നക്കാർ വന്നിട്ട് അവിടെനിന്നും തെയ്യത്തിനെ പുറത്താക്കും. ഇത് ക്ഷേത്രമാണ്, ഇവിടെ തെയ്യം ഒന്നും ഉണ്ടായിട്ടില്ല, ഇത് വളരെ പരിപാവനമായിട്ടുള്ള ഇടമാണ്, ഇവിടെ മാംസാഹാരങ്ങൾ ഒന്നും പാടില്ല എന്ന രീതിയിൽ ഒരു തീരുമാനം ഉണ്ടാക്കും, അങ്ങനെ പതിയെ കോട്ടം ക്ഷേത്രമായിട്ട് മാറും. അങ്ങനെ സാധാരണക്കാരായ മനുഷ്യരുടെ ആചാരങ്ങൾ മുഴുവൻ ഈ പ്രശ്നക്കാർ വന്ന് അട്ടിമറിക്കും.
ഒരു തെയ്യത്തിന്റെ ആരാധനാകേന്ദ്രത്തിൽ സംക്രമ അടിയന്തരം എന്ന് പറയുന്ന ഒരു കാര്യമുണ്ട്. അതൊരു ആചാര രീതിയാണ്. എല്ലാ മലയാള മാസം ഒന്നാം തീയതിക്ക് മുമ്പുള്ള ഒരു ആരാധനാ രീതിയാണിത്. അത് വളരെ സാധാരണമായ, സാധാരണക്കാരുടെ ഒരു ആചാര രീതിയാണ്. അവിലും മലരും ഒക്കെയാണ് അതിന് പ്രസാദങ്ങളായി നൽകുക. പക്ഷേ, കാവുകൾ ക്ഷേത്രങ്ങൾ ആയിക്കഴിഞ്ഞാൽ ഇതൊക്കെ മാറി അവിടെ ബ്രാഹ്മണിക്കൽ പൂജാരീതികൾ ഉയർന്നുവരുന്നു. അവിടെ പൂജാരിമാർക്ക് വലിയ രീതിയിലുള്ള പണം കൊടുക്കേണ്ടതായി വരുന്നു. അങ്ങനെ ഒരു ആരാധനാരീതിയുടെ സാമ്പത്തികശാസ്ത്രം തന്നെ ആകെ അട്ടിമറിക്കപ്പെടുകയാണ്. സാധാരണക്കാരുടെ കോട്ടങ്ങളിലോ അല്ലെങ്കിൽ തെയ്യത്തിന്റെ ആരാധനാരീതികളിലോ ഇത്തരം വലിയ സാമ്പത്തിക ക്രമങ്ങൾ ഒന്നുംതന്നെയില്ല. സാധാരണക്കാർ സംക്രമത്തിന് വന്നാൽ ഭണ്ഡാരത്തിൽ എന്തെങ്കിലും പൈസ ഇടുക മാത്രമേയുള്ളൂ. അവിൽ, മലർ, കള്ള്, കലശം തുടങ്ങിയ സാധാരണക്കാരുടെ ഭക്ഷണമാണ് ഈ സംക്രമത്തിൽ കൊടുക്കുന്നത്. ഈ ആചാരങ്ങളൊക്കെ ബ്രാഹ്മണരുടെ പൂജാരീതികളിലേക്ക് പരിവർത്തനപ്പെടുന്നതിനോടൊപ്പം സാമൂഹികവും ആചാരപരമായും സാമ്പത്തികമായും രാഷ്ട്രീയപരവുമായിട്ടുള്ള പല മാറ്റങ്ങളും സംഭവിക്കുകയാണ്.
എഴുത്തിന് ഇരുത്തുന്ന പരിപാടി, നവരാത്രി ആഘോഷമൊക്കെ നമുക്ക് യോജിക്കാൻ പറ്റാത്ത കാര്യമാണ്. ഇപ്പോൾ അതൊക്കെ കോട്ടങ്ങളിൽ തുടങ്ങിയിട്ടുണ്ട്. ഇവിടെ വളരെ താഴ്ന്ന സാധാരണക്കാരായ മനുഷ്യരുടെ ആരാധനാക്രമങ്ങളിൽ സാമൂഹികവും സാമ്പത്തികവുമായിട്ടുള്ള വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഹിന്ദുത്വത്തിന്റെ വലിയ കടന്നുകയറ്റമാണ് ഇവിടെ സംഭവിക്കുന്നത്. ക്ഷേത്രം കമ്മിറ്റി പിരിവ്, മറ്റു കലാപരിപാടികൾക്ക് പ്രാധാന്യം കൊടുക്കൽ, അതുവഴി തെയ്യത്തെ പുറത്താക്കുന്ന ഒരു സ് ലോ പ്രോസസാണ് ഇവിടെ നടക്കുന്നത്.
അടുത്ത കാലത്താണ് ഇത് വ്യാപകമാകുന്നതെങ്കിലും ’90കളിൽതന്നെ ഇതിന്റെ ചെറിയ രീതിയിലുള്ള തുടക്കം ആരംഭിച്ചിരുന്നു, ഇത്തരം മാറ്റങ്ങളുടെ. ഇവിടെ ഏഴോം പ്രദേശത്തെ പെരിങ്ങിൽ എന്ന് പറയുന്ന ഒരു ഗ്രാമത്തിലെ കോട്ടം ക്ഷേത്രമാക്കി പുനരുദ്ധരിക്കാനുള്ള ഒരു ശ്രമം നടന്നിരുന്നു. അത് സാധാരണക്കാരുടെ കോട്ടം മാത്രമാണ്, അത് ഒരു കാരണവശാലും ക്ഷേത്രമല്ല. ഇവിടെ കൃത്യമായ വലിയ ഹൈജാക്കിങ് ആണ് നടക്കുന്നത്. ഇതിന്റെ വലിയൊരു പ്രശ്നം ദലിത് സമൂഹം ദലിതരായിട്ടുതന്നെ നിലനിൽക്കാനുള്ള ഒരു ധൈര്യം അവർ സംഭരിക്കുന്നില്ല എന്നുള്ളതാണ്. ഞാൻ ഇതിനെ പൊതുവായ ഒരു കാര്യമായിട്ടല്ല സംസാരിക്കുന്നത്, പക്ഷേ, ചിലയിടങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നുണ്ട് എന്നുള്ള കാര്യം, അത്തരമൊരു യാഥാർഥ്യം നമുക്ക് മറച്ചുവെക്കാൻ പറ്റില്ല.
ഊരുവിലക്ക് ലംഘിച്ച് വെള്ളാട്ടം നടന്നതിന്റെ വാർത്ത
അതുപോലെ തന്നെ ഉത്തര മലബാറിൽ കാണുന്ന ഒരു കാഴ്ചയാണ് ബോർഡുകളുടെ രാഷ്ട്രീയം. കോട്ടങ്ങൾ ഒക്കെ, കാവുകൾ ഒക്കെ പുനരുദ്ധാരണം നടത്തി ക്ഷേത്രങ്ങളാക്കുന്ന പ്രക്രിയ നടക്കുകയാണ്. ഇത് ഹിന്ദുത്വത്തിന്റെ ഒരു പ്രത്യക്ഷമായ അട്ടിമറി രാഷ്ട്രീയം അല്ലേ? അതുപോലെ കാവുകളിലും ജാതി പലതരത്തിലും കടന്നുകയറുന്നില്ലേ?
കണ്ണൂരിൽ പാണപ്പുഴയിൽ ഒരു വയലച്ചേരി കാവുണ്ട്. ചെറുപ്പകാലം മുതലേ ഞാൻ അവിടെ പോകുന്ന ഒരാളാണ്. ആ കാവിന്റെ പുനഃപ്രതിഷ്ഠയൊക്കെ നേരത്തേ നടന്നെങ്കിലും അതിന്റെ ഒരു ബോർഡ് മാറ്റം ഞാൻ പിന്നീടാണ് ശ്രദ്ധിച്ചത്. ‘പാണച്ചേരി ഭഗവതി ക്ഷേത്രം (കാവ്)’ എന്ന രീതിയിലേക്ക് അതിന്റെ ബോർഡ് മാറിയിരിക്കുകയാണ്. പക്ഷേ ഇപ്പോഴും മനുഷ്യരുടെ വായിൽ വീഴുന്നത് ‘കാവ്’ എന്ന പേരാണ്, പക്ഷേ ബോർഡ് ‘ക്ഷേത്രം’ ആയി മാറി. ഇത് ഒരു സോഷ്യൽ സൈക്കോളജിയുടെ മാറ്റത്തിന്റെ രൂപമായിട്ടാണ് ഞാൻ കാണുന്നത്. അല്ലെങ്കിൽ സോഷ്യൽ സൈക്കോളജിയെ മാറ്റാനുള്ള ഹിന്ദുത്വത്തിന്റെ ഒരു ശ്രമംകൂടിയാണിത്.
അതേസമയം, മാടായിക്കാവ് പോലുള്ള സ്ഥലങ്ങളിൽ ഇപ്പോഴും അടിമപ്പണം വെക്കുക എന്ന് പറയുന്ന ഒരു ആചാരം നടക്കുന്നുണ്ട്. പുലിമറഞ്ഞ തൊണ്ടച്ചൻ എന്ന് പറയുന്ന തെയ്യത്തിന്റെ ഐതിഹ്യത്തിൽ അയാളുടെ അച്ഛനെയും അമ്മയെയും മാടായിപ്പാറയിലെ അടിമച്ചന്തയിൽനിന്ന് വാങ്ങിയതാണ് എന്ന് തോറ്റത്തിൽ പറയുന്നുണ്ട്. പക്ഷേ ആ ഐതിഹ്യത്തിൽ നായരായിട്ടുള്ള മനുഷ്യനാണ് പുലിമറഞ്ഞ തൊണ്ടച്ചനെ ജാതി മാറ്റി പറഞ്ഞു കളരി പഠിക്കണം എന്ന രീതിയിൽ പറയുന്നത്. പക്ഷേ അടിമപ്പണം എന്ന് പറയുന്ന ഒരു രീതി മാടായിക്കാവിൽ ഇപ്പോഴും ഒരു ആചാരരൂപമായി പിന്തുടർന്ന് പോകുന്നുണ്ട്. ചെറുകുന്നിലെ കതിരുവെക്കുംതറ എന്നുപറയുന്ന ഒരു സംഗതി, അടിമകളായ കർഷകർ നെല്ല് കൊയ്ത്തിനു കൊണ്ട് കാഴ്ചവെക്കുന്നതാണ്. അതും ഇപ്പോഴും ഒരു ആചാരമായി നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരത്തെ തമ്പുരാക്കന്മാർക്ക് ആദിവാസികൾ കാഴ്ചവെക്കുന്നതിന്റെ മറ്റൊരു പ്രോസസിങ്ങാണ് ഇതും. അതായത് ‘നീ പണ്ട് പാളയിൽ കഞ്ഞി കുടിച്ചവനല്ലേ?’ എന്ന രീതിയിൽ കീഴാളരായിട്ടുള്ള മനുഷ്യരോടുള്ള ചിന്ത കേരള സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഇടതുപക്ഷം ഈ പ്രശ്നങ്ങളിൽ എങ്ങനെയാണ് ഇടപെടുന്നത്?
തിയ്യരുടെയും മറ്റു മിക്ക സമുദായക്കാരുടെയും കാവുകളും നടത്തിക്കൊണ്ടുപോകുന്നത് സി.പി.എം അനുഭാവികളായ പാർട്ടിക്കാരാണ്. പക്ഷേ, കാവുകളുടെ ചുറ്റുമതിലുകളിലേക്ക് ഇറങ്ങിച്ചെന്നു കഴിഞ്ഞാൽ ഇവർ പാർട്ടിക്കാർ അല്ലാതായി മാറും. അവർ ഈ ആരാധനാക്രമങ്ങളുടെ ആളുകളായിട്ടാണ് മാറുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല എന്നതു മുമ്പേ തിരിച്ചറിഞ്ഞ കാര്യമാണ്. ഇതൊക്കെ ഒരു വോട്ടുബാങ്കായതുകൊണ്ട് ഇത്തരം ആചാരത്തിലെ ജാതീയതകളുടെ എതിരെയൊക്കെ ഇടതുപക്ഷം കണ്ണടച്ചിട്ടുണ്ട്. ഇടതുപക്ഷം തെയ്യക്കാരെ അംഗീകരിക്കുന്നതുപോലുമില്ല.
എല്ലാ വിഭാഗങ്ങൾക്കും സംഘടനകൾ ഉണ്ട്, പക്ഷേ തെയ്യക്കാർക്ക് സംഘടനകൾ ഉണ്ടോ? അവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ ഉണ്ടോ എന്ന കാര്യം എനിക്കറിയില്ല. ഇടതുപക്ഷം തെയ്യക്കാരെ അംഗീകരിക്കുന്നതുപോലുമില്ല. പുരോഗമന കലാസംഘത്തിൽ ഒന്നും തെയ്യക്കാരൻ എന്ന രീതിയിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അവർക്കായി ഒരു പോരാട്ടവും ഉണ്ടായിട്ടില്ല. ഫോക് ലോർ അക്കാദമി ചില അവാർഡുകൾ നൽകിയെന്നല്ലാതെ വേറെ പരിഗണനകൾ നൽകിയിട്ടില്ല. ഫോക് ലോറിസ്റ്റുകൾ തെയ്യക്കാരെ ഉപയോഗിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തെയ്യക്കാരുടെ മേൽപറഞ്ഞതു പോലുള്ള യഥാർഥ പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഇവർ ഒരിക്കലും ശ്രമിച്ചിട്ടില്ല.
മുച്ചിലോട്ടു കാവ് എന്നിടത്ത് ഒരു ചെറുപ്പക്കാരൻ തെയ്യം കെട്ടിയത് കാരണം അധിക്ഷേപിക്കപ്പെട്ട ഒരു സംഭവത്തിന് അനിൽ ദൃക്സാക്ഷിയാണല്ലോ. എന്തായിരുന്നു ആ സംഭവം?
ഇവിടെ മാതമംഗലത്തെ ഒരു മുച്ചിലോട്ട് കാവിൽ പെരുങ്കളിയാട്ടം നടന്നത് ഏകദേശം 13-14 വർഷങ്ങൾക്കുശേഷമാണ്. കോടിക്കണക്കിന് രൂപയാണ് അവിടെ ചെലവായത്. മുച്ചിലോട്ട് കാവിൽ വണ്ണാൻ സമുദായക്കാരാണ് തെയ്യം കെട്ടുക. ദലിത് വിഭാഗമാണ് അവർ. അവിടെ പ്രശ്നംവെച്ചിട്ടാണ് കോലക്കാരനെ അല്ലെങ്കിൽ തെയ്യക്കാരനെ നിശ്ചയിക്കുന്നത്. അങ്ങനെ പ്രശ്നം െവച്ചപ്പോൾ ഒരു ചെറുപ്പക്കാരനെയാണ് തെയ്യം കെട്ടാനായി നിശ്ചയിക്കപ്പെട്ടത്. അയാൾ അതുവരെ ഒന്നോ രണ്ടോ തെയ്യം മാത്രമേ കെട്ടിയിട്ടുള്ളൂ. അയാൾ തെയ്യം കെട്ടുന്നതിന്റെ ഇടയിൽ മുടിയുറച്ചില്ല. അതോടൊപ്പം അവനെ നാട്ടുകാർ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും മുടിയിളകി പോയതിന് പരസ്യമായി അധിക്ഷേപിച്ചു. അതിനെ ആരും പ്രതിരോധിച്ചില്ല. സാരംഗ് എന്നാണ് ആ ചെറുപ്പക്കാരന്റെ പേര്. തെയ്യം കെട്ടി പരിചയമില്ലാത്തതുകൊണ്ടാണ് അവന്റെ മുടിയിളകി പോയത്. അവന്റെ അച്ഛൻ നല്ല അനുഭവപരിചയമുള്ള ഒരു തെയ്യക്കാരനായിരുന്നു. എന്നാൽ, പ്രശ്നക്കാരാണ് അവന്റെ പേര് നിശ്ചയിച്ചത്.
അതിൽ ഏറ്റവും വലിയ തമാശ ആ കാവിന്റെ പെരുങ്കളിയാട്ടത്തിന്റെ കൺവീനറായി പ്രവർത്തിച്ചത് ആ നാട്ടിലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വലിയ ഒരാളായിരുന്നു എന്നതാണ്. അയാൾ ഫേസ്ബുക്കിൽ ഈ ചെറുപ്പക്കാരന്റെ അച്ഛൻ തെയ്യം അലങ്കോലമാക്കി എന്ന് എഴുതിവിടുകയുംചെയ്തു. അതിനുശേഷം പെരുവണ്ണാൻ ആയ അവന്റെ അച്ഛനെയും ആ കുടുംബത്തെ മുഴുവനും മുച്ചിലോട്ടു കാവിൽനിന്നും കോലം കെട്ടുന്നതിൽ പൂർണമായും ഒഴിവാക്കി. പകരം പുതിയ ആൾ അവിടെ തെയ്യം കെട്ടാൻ തുടങ്ങി. ഇത്തരത്തിലുള്ള ഒരു ‘അക്രമ’ത്തിന്റെ പിന്നിലും സാമൂഹികമായ ജാതിയാണ്. അതേ കാവിൽതന്നെ ഒരു വലിയ ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. എനിക്കടക്കം ഭക്ഷ്യവിഷബാധ സംഭവിച്ചിരുന്നു. ഈ ജനം അതൊന്നും വലിയ ചർച്ചയാക്കിയില്ല, പക്ഷേ തെയ്യക്കാരന്റെ മുടി പോയതാണ് ചർച്ചയായത്. മാതമംഗലം ഈ വർഷം ജനുവരിയിലാണ് ഇത് സംഭവിച്ചത്.
അതുപോലെ ഉത്തര മലബാറിനെ തന്നെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു ഏഴോം ഊരുവിലക്ക്. എന്തായിരുന്നു ഏഴോം ഊരുവിലക്ക്?
കണ്ണൂർ ജില്ലയിലെ ഏഴോം എന്ന പ്രദേശത്ത് പെരുവണ്ണാൻ സമുദായത്തിലുള്ള ഒരു തെയ്യക്കാരൻ ഒരു പുലയ സമുദായക്കാരനായ ആളുടെ വീട്ടിൽ മുത്തപ്പൻ കെട്ടി. ‘‘അടിക്കും മുറ്റം പൊടിക്കളം’’ എന്നാണ് മുത്തപ്പന്റെ വാക്ക് –അതായത് എവിടെ വേണമെങ്കിലും തെയ്യം കെട്ടാം. അതുകൊണ്ട് അയാൾ പുലയ സമുദായക്കാരന്റെ വീട്ടിൽ പോയി തെയ്യം കെട്ടി. ശ്രീ കുറുമ്പക്കാവിലെ തെയ്യക്കാരനാണ് അയാൾ. അതോടൊപ്പം ആ കാവിലെ കമ്മിറ്റിക്കാർ ഈ പെരുവണ്ണാന് ഊരുവിലക്ക് ഏർപ്പെടുത്തി. താഴ്ന്ന സമുദായക്കാരനായ പുലയന്റെ വീട്ടിൽ തെയ്യം കെട്ടിയതായിരുന്നു കാരണം. 1996നു ശേഷമാണ് ഈ സംഭവം. അത് പിന്നീട് വലിയ വിഷയമായി. ‘ദേശാഭിമാനി’യിൽ ഒക്കെ വലിയ വാർത്തയായി. പക്ഷേ ആ തെയ്യം കെട്ടിയ ആൾ ശരിക്കും അടിയുറച്ചു നിന്നു. ഊരുവിലക്കിനെതിരെ ആ തെയ്യം കെട്ടിയ മനുഷ്യൻ കലക്ടറേറ്റിൽ വരെ പരാതി നൽകി. രാമ പെരുവണ്ണാൻ എന്നാണ് ആ ഊരുവിലക്ക് നേരിട്ട തെയ്യക്കാരന്റെ പേര്. അദ്ദേഹം മരിക്കുന്നതു വരെ ആ കാവിൽ തെയ്യംകെട്ടാതെ ആ ഊരുവിലക്കിനെതിരെ കൃത്യമായി പ്രതിരോധിച്ചു. ശരിക്കും പറഞ്ഞാൽ രാമ പെരുവണ്ണാൻ ഞങ്ങൾക്കൊക്കെ ഒരു ഹീറോയാണ്.
പരാളി അമ്മ തെയ്യം,കമ്മിയമ്മ തെയ്യം,രുദ്രാൽ ഭഗവതി
അനിൽ സ്വന്തം പിഎച്ച്.ഡിക്ക് വേണ്ടി തെയ്യമാണല്ലോ പഠനവിഷയമാക്കിയത്. അനിൽ എന്തൊക്കെ ആയിരുന്നു കണ്ടെത്തിയത്?
തെയ്യത്തെക്കുറിച്ചുള്ള എന്റെ പിഎച്ച്.ഡി പഠനത്തിൽ –പക്ഷേ പൂർത്തിയാക്കാൻ പറ്റിയില്ല– തെയ്യക്കാരുടെ ജാതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചാണ് ഞാൻ പഠിച്ചത്. ജാതി എല്ലായിടത്തും പ്രത്യക്ഷമായി ഒന്നും കാണില്ല, പക്ഷേ ചിലയിടങ്ങളിൽ കാണാനും കഴിയും. കാസർകോട് ജില്ലയിൽ ‘നൽകത്തായ’ എന്ന് പറയുന്ന ഒരു സമുദായമുണ്ട്. വീടിന്റെ തുമ്പിന് പുറത്ത് തെയ്യം കെട്ടുന്നതിന് മാത്രമേ മിക്കവാറും ഈ സമുദായത്തിന് അനുമതിയുള്ളൂ. അത്തരം തെയ്യങ്ങളെ ഒരു കാരണവശാലും മറ്റുള്ളവർ വീട്ടിന്റെ മുറ്റത്ത് കയറ്റാറില്ല. ദൈവത്തെ ആരാധിക്കുമെങ്കിലും ഒരു കാരണവശാലും വീടിന്റെ തുമ്പിനകത്തേക്ക് ഈ ദൈവങ്ങളെ കടത്താറില്ല. അതുപോലെ കണ്ണൂരിൽ ഉള്ള ‘വേടൻ’ എന്ന് പറയുന്ന തെയ്യം എല്ലാ വീടുകളിലും കയറുമെങ്കിലും, പുലയരുടെ വീട്ടിൽ കയറില്ല. ശിവപാർവതി സങ്കൽപമാണ് വേടൻ എന്നാണ് പറയപ്പെടുന്നത്. കാസർകോട് ജില്ലയിലെ ചിലയിടങ്ങളിൽ തെയ്യം കെട്ടാൻ പോകുമ്പോൾ തെയ്യക്കാർ ഭക്ഷണം കഴിക്കാൻ അവരുടെ തന്നെ പാത്രം കൊണ്ടുപോകണം. വീട്ടുകാരുടെ പാത്രങ്ങളിൽ ഭക്ഷണം അവർക്കു കൊടുക്കാറില്ല. കേരളം ഭയങ്കര പുരോഗമനമാണ് എന്നാണ് പറയുന്നതെങ്കിലും ഞങ്ങൾ താഴ്ന്ന ജാതിക്കാരായ തെയ്യക്കാരെ ട്രീറ്റ് ചെയ്യുന്നരീതി വംശീയത നിറഞ്ഞതാണ്.
അതുപോലെ ഞാൻ കണ്ടെത്തിയ മറ്റൊരു കാര്യം: കാസർകോട്, കണ്ണൂർ ജില്ലകളിലെ തെയ്യക്കാരുടെ വിദ്യാഭ്യാസ നിലവാരം വളരെ കുറവാണ് എന്നതാണ്. തിരുവിതാംകൂറിലെ ദലിത് വിഭാഗങ്ങൾ നല്ലോണം പഠിച്ച് സർക്കാർ ഉദ്യോഗങ്ങൾ നേടിയവരാണ്. പക്ഷേ മലബാറിൽ അവരുമായി താരതമ്യത്തിൽ വിദ്യാഭ്യാസവും ഉദ്യോഗവും കുറവാണ്. തെയ്യക്കാരായ ആളുകൾ പഠനത്തിൽ വലിയ താൽപര്യം കാണിക്കുന്നില്ല. മിക്കവാറും പകുതി വഴി പഠനം നിർത്തുന്നവരാണ്. തെയ്യം നടത്തി കുറച്ചു പണം കിട്ടുമ്പോൾ പിന്നെ പഠനം തുടരാറില്ല. തെയ്യത്തിന്റെ ഓറയും അതു കാണുന്ന ജനസമൂഹവും തെയ്യക്കാരിൽ വല്ലാത്തൊരു ‘അഡിക്ഷൻ’ ഉണ്ടാക്കും. അത് മയക്കുമരുന്ന് ഉപയോഗിക്കുന്നതുപോലെയാണ്. തെയ്യത്തിന് പോയി കഴിഞ്ഞാൽ പിന്നെ അതിന്റെ പിന്നാലെ മാത്രം പോകും.
ഉത്തര മലബാറിന് പുറത്തുള്ളവർ തെയ്യത്തെ ഒരു ആർട്ട് ഫോം എന്ന രീതിയിലാണ് കാണുന്നത്. ഞങ്ങളെ ചിലപ്പോൾ തെയ്യം കലാകാരന്മാരായിട്ടാണ് കാണുന്നത് –സിനിമ, നാടകം എന്നിവ പോലെയുള്ള മറ്റൊരു കല. പക്ഷേ തെയ്യം ഒരു ആചാരവും അനുഷ്ഠാനവുംകൂടിയാണ്. അതിനുപുറമെ തെയ്യത്തിന് ഒരു കല മാത്രം പഠിച്ചാൽ പോരാ– അഭിനയം, പാട്ട്, എഴുത്ത്, വസ്ത്രാലങ്കാരം, വെളിച്ചവിധാനം എന്നിവയെല്ലാം തെയ്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. എല്ലാ തരങ്ങളുടെയും കലകളുടെയും ഒരു കൂടിച്ചേരലാണ് തെയ്യം. പുരോഗമന ആശയക്കാരാണ്, തെയ്യത്തെ കലാകാരനാക്കി അല്ലെങ്കിൽ കലയിലേക്ക് ഒതുക്കിയത്. ഇടതുപക്ഷമാണ് അതിന് മുൻകൈയെടുത്തത്. അതിനെ ഒരു സ്റ്റേജ് പെർഫോമൻസായി മാത്രം കാണപ്പെടുന്ന രീതിയിലേക്കാണ് മാറ്റിയെടുത്തത്. ഈ കല ഉൽപാദിപ്പിക്കുന്ന ആത്മീയതയും അനുഷ്ഠാനവും ഒന്നും തള്ളിക്കളയാൻ പറ്റില്ല. അതൊരു ദലിത് കീഴാള ആത്മീയതകൂടിയാണ്. അതിനെ ഇല്ലാതാക്കുകയാണ്, കല എന്ന രൂപത്തിലേക്ക് മാറ്റുന്നതിലൂടെ ഇടതുപക്ഷം അടക്കമുള്ള പുരോഗമനവാദികൾ ചെയ്യുന്നത്.
അരവൻചാൽ കാഞ്ചീരപ്പൊയിൽ എന്ന ഞങ്ങളുടെ തെയ്യത്തിന്റെ ഒരു ആരാധനാകേന്ദ്രമുണ്ട്. അത് വെറും ഒരു മരത്തിന്റെ ചുവട്ടിലാണ്. അവിടെ വൃത്തിയാക്കാൻ ചൂലുംകൊണ്ടുവരുന്നത് ഒരു സ്ത്രീയാണ്. അവർ മാക്സി ധരിച്ചാണ് ഞങ്ങളുടെ ആ കാവ് അല്ലെങ്കിൽ ആ ഇടം വൃത്തിയാക്കുന്നത്. ഞങ്ങൾ സാധാരണക്കാർക്ക് മാക്സിയിട്ട് അവിടെ വൃത്തിയാക്കുന്നതിലും ഒരുവിധ പ്രശ്നവുമില്ല. ‘‘ഞങ്ങളുടെ ക്ഷേത്രത്തിൽ അങ്ങനെ വരാറില്ല’’ എന്ന് ഏഴിമലയിലെ ദലിതർ പറഞ്ഞു. പക്ഷേ ‘‘ഞങ്ങൾ സാധാരണക്കാരാണെന്നും അതുകൊണ്ടുതന്നെ ആ വിധത്തിൽ മാത്രമേ അവിടെ വൃത്തിയാക്കാൻ കഴിയൂ’’ എന്ന ചുട്ട മറുപടിയും ഞങ്ങൾ കൊടുത്തു.
കണ്ണൂർ ഏഴോമിൽ കുറുമ്പക്കാവിലെ തെയ്യക്കാരനായ പെരുവണ്ണാനെ ഊരുവിലക്കിയ കത്ത്
അതുപോലെ ഇപ്പോൾ മിക്ക സമുദായക്കാരുടെ തെയ്യങ്ങളുടെയും തോറ്റങ്ങളിലേക്ക് സംസ്കൃതം അതിഭീകരമായി നുഴഞ്ഞുകയറാൻ തുടങ്ങി. ‘സംസ്‌കൃതം ചൊല്ലിയാൽ മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ’ എന്ന ബോധം അവരിൽ ഉയർന്നുകഴിഞ്ഞു. ഞാനൊരു തെയ്യക്കാരനായി കഴിഞ്ഞാൽ, ഒരു സാധാരണക്കാരനെ കണ്ടുകഴിഞ്ഞാൽ, ആ സാധാരണക്കാരന്റെ ഭാഷയിലാണ് സംസാരിക്കേണ്ടത് –സംസ്കൃതത്തിൽ അല്ല. കുറെ പുരാണം പറഞ്ഞാൽ ആ തെയ്യത്തിനും സാധാരണക്കാരനുമെല്ലാം മനസ്സിലാവില്ല. തെയ്യം സംസാരിക്കേണ്ടത് സംസ്കൃതമല്ല, സാധാരണക്കാരന്റെ ഭാഷയാണ്.
പുലയരുടെ പൊട്ടൻ തെയ്യത്തിന്റെ തോറ്റവും മലയരുടെ പൊട്ടൻ തെയ്യത്തിന്റെ തോറ്റവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പുലയ സമുദായക്കാരുടെ തോറ്റത്തിൽ അത് സാധാരണക്കാരുടെ തോറ്റമാണ്, സ്തുതികളൊന്നും ഉണ്ടാകില്ല. പക്ഷേ, പലരും അത് മാറ്റി ബ്രാഹ്മണവത്കരിച്ച്, തങ്ങളുടേതായ സ്വതന്ത്ര്യം അടിയറവെക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.