രാജ്യാന്തര പ്രശസ്തയായ ചരിത്രകാരി റൊമില ഥാപ്പറിന്റെ ഓർമക്കുറിപ്പുകൾ പുറത്തിറങ്ങി. ആ ആത്മകഥയുടെ പശ്ചാത്തലത്തിൽ റൊമിലയുടെ ജീവിതത്തിലൂടെയും ചരിത്രമെഴുത്തിലൂടെയും സംഭാവനകളിലൂടെയും സഞ്ചരിക്കുകയാണ് ചരിത്രകാരൻകൂടിയായ ലേഖകൻ
“These are conversations with myself, or reflections on such conversations. Most of one’s life is spent in talking to oneself as one often does when thinking. Therefore, what follows is largely what I have heard during such conversations, conversations with an imagined Other within Oneself. Sometimes they spoke out of affection and at other times from anger or frustration, but invariably they hovered over that which had been left unvoiced.”
(Romila Thapar in Just Being,
Page. xi)
റൊമില ഥാപ്പറിന്റെ ‘ജസ്റ്റ് ബീയിങ്’ എന്ന ഓർമപുസ്തകം (ആത്മകഥ), ഒരു ചരിത്രകാരിയുടെ ആത്മാവിഷ്കാരത്തിന്റെ കണ്ണാടി പ്രതിഷ്ഠയാണെന്ന് ഞാൻ പറയും. കാരണം, ഈ ആത്മകഥാപരമായ ഓർമക്കുറിപ്പിലൂടെ നാം കാണുന്നത്, ലോകപ്രശസ്തയായ ചരിത്രകാരിയെ മാത്രമല്ല, അവരുടെ മഹത്തായ ചരിത്ര മനസ്സിനെക്കൂടിയാണ്; ധീരമായ സാമൂഹികശാസ്ത്ര നിലപാടിന്റെ മനസ്സ്. ജെ.എൻ.യുവിലെ പ്രഫ. ആർ. മഹാലക്ഷ്മി ഇങ്ങനെ വിലയിരുത്തുന്നു: “ഒരു ചരിത്രകാരിയുടെയും അവരുടെ അറിവുൽപാദനത്തിന്റെയും വളർച്ച, സ്വന്തം ആത്മപരിശോധനയിലധിഷ്ഠിതമായ മനസ്സിലാക്കലിലൂടെ ക്രമാനുഗതമായി സംഭവിക്കുന്ന ഒന്നാണെന്ന് പ്രഫ. ഥാപ്പർ തന്റെ സമ്പന്നവും വൈവിധ്യപൂർണവുമായ പാണ്ഡിത്യത്തിലൂടെ തെളിയിച്ചിട്ടുണ്ട്.”
ബ്രിട്ടീഷ് ഇന്ത്യയിൽ പിറന്ന്, ഇംഗ്ലണ്ടിലെ പ്രശസ്തമായ സർവകലാശാലയിൽ (SOAS, University of London) പഠിച്ച്, ഗവേഷണം ചെയ്ത്, ലണ്ടന്റെ മാസ്മരികമായ ഭൂമികയിൽ (‘intoxicating’ in her own words) സ്വതന്ത്രമായ ചിന്താമണ്ഡലത്തെ വാർത്തെടുത്ത്, മില്ലിന്റെ ഇന്ത്യാ ചരിത്രത്തെ പൊളിച്ചെഴുതി, സ്വതന്ത്ര ഇന്ത്യയിലെ ശാസ്ത്രീയ/മതേതര ചരിത്ര രചനയുടെ കാവലാളായി, നിരന്തരമായ ഇടപെടലുകളിലൂടെ ഒരു പൊതു ബുദ്ധിജീവിയായി മാറിയ ചരിത്രകാരിയാണ് റൊമില ഥാപ്പർ. തന്റെ ചരിത്രരചനകളെ, അതിലെ ശാസ്ത്രീയ ചരിത്രാംശത്തെ പൊതുമണ്ഡലത്തിലെ പ്രശ്നങ്ങളെ അപഗ്രഥിക്കാനുള്ള നിപുണത അവരെ ഇന്ത്യയിൽ പകരംവെക്കാൻ ഇല്ലാത്ത ചരിത്രകാരിയാക്കി മാറ്റി.
സമകാലിക സർവകലാശാലകളിലെ ചരിത്രകാരന്മാർ പലപ്പോഴും കേവലമായ ചരിത്ര സംഭരണികളായി ഒതുങ്ങിപ്പോകുമ്പോൾ, ഇന്ത്യയുടെ ജനാധിപത്യ-മതേതര ഘടന നേരിടുന്ന അപചയങ്ങളെ നിർഭയം തുറന്നുകാട്ടാനും ചരിത്രവിജ്ഞാനത്തെ ഒരു പ്രതിരോധ ശാസ്ത്രമാക്കി മാറ്റാനും ഥാപ്പർക്ക് സാധിച്ചു. 1956ൽ ആരംഭിച്ച ആ ധീരമായ ബൗദ്ധികജീവിതം ഇന്നും അഭംഗുരം തുടരുന്നു എന്നത് വിസ്മയകരമാണ്. നിരന്തരമായ സ്വയംവിമർശനങ്ങളിലൂടെയും ചോദ്യംചെയ്യലുകളിലൂടെയും പുതിയ ജ്ഞാനവഴികൾ വെട്ടിത്തുറന്ന് ഒരു ‘വിമർശനാത്മക ചരിത്രം’ എങ്ങനെ നിർമിച്ചെടുക്കാം എന്നാണ് ഈ പുസ്തകത്തിന്റെ ഒരോ വരികളിലൂടെയും ഥാപ്പർ നമ്മെ ബോധ്യപ്പെടുത്തുന്നത്.
എന്തുകൊണ്ട് ജസ്റ്റ് ബീയിങ്?
‘ജസ്റ്റ് ബീയിങ്’ (Just Being) എന്ന ഈ ശീർഷകം അടുത്ത സുഹൃത്തായ രജനി പട്ടേൽ നടത്തിയ സവിശേഷമായ ഒരു പരാമർശത്തിൽനിന്ന് കടമെടുത്തതാണെന്ന് റൊമില ഇതിൽ പറയുന്നുണ്ട്. തുടക്കത്തിൽതന്നെ തങ്ങളുടെ ദീർഘകാലത്തെ സൗഹൃദത്തെക്കുറിച്ച് ചിന്തിക്കവേ, ‘‘വെറുതെ ഇങ്ങനെ ആയിരിക്കുന്നതിന് (just being) എനിക്ക് നിന്നോട് നന്ദി പറയണം,’’ (Thapar, Just Being. P.xvii) എന്ന് രജനി പറയുകയുണ്ടായി. തുടക്കത്തിൽ ഈ പ്രയോഗം അൽപം ദുരൂഹമായി തോന്നിയെങ്കിലും, സത്യാന്വേഷിയായി ജീവിക്കുന്ന ഒരു ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ആഴമേറിയ ഒരു പ്രഖ്യാപനമായി അത് തന്റെ മനസ്സിൽ അവശേഷിച്ചുവെന്ന് റൊമില ആത്മകഥാപരമായ ഓർമപുസ്തകത്തിൽ കുറിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ, ഈ ശീർഷകം ഏതെങ്കിലും തരത്തിലുള്ള നേട്ടങ്ങളെയോ പ്രശസ്തിയെയോ അല്ല സൂചിപ്പിക്കുന്നത്, മറിച്ച് സ്വയം താനായിരിക്കുക എന്ന ലളിതവും എന്നാൽ അർഥവത്തുമായ അവസ്ഥയെയാണ് (അവസ്ഥാന്തരത്തിനെയാണ്). വിമർശാവബോധത്തോടെ ചിന്തിക്കുക, സ്വന്തം ബോധ്യങ്ങൾക്കനുസരിച്ച് ജീവിക്കുക, സൗഹൃദങ്ങൾ വളർത്തുക, ബൗദ്ധികമായ ജിജ്ഞാസ നിലനിർത്തുക, ലോകത്തോട് ആത്മാർഥതയോടെ ഇടപെടുക എന്നിവയൊക്കെയാണ് അവർ ഈ പ്രയോഗംകൊണ്ട് അർഥമാക്കുന്നത്. തന്റെ ഓർമക്കുറിപ്പിന് ‘ജസ്റ്റ് ബീയിങ്’ എന്ന പേര് നൽകുന്നതിലൂടെ, റൊമില തന്റെ ജീവിതത്തെ കേവലം വിജയങ്ങളുടെ ഒരു പട്ടികയായിട്ടല്ല അവതരിപ്പിക്കുന്നത്, മറിച്ച് ജീവിക്കുക, ചോദ്യം ചെയ്യുക, പഠിക്കുക, സ്വന്തത്തോട് തന്നെ സത്യസന്ധത പുലർത്തുക എന്ന മനുഷ്യാനുഭവത്തിന്റെ പ്രതിഫലനമായിട്ടാണ്. അതുകൊണ്ടുതന്നെ റൊമില ഥാപ്പർ ഇന്നും ജസ്റ്റ് ബീയിങ്ങായി തുടരുന്നു.
ജസ്റ്റ് ബീയിങ്ങിലേക്കുള്ള മുന്നൊരുക്കം?
‘ജസ്റ്റ് ബീയിങ്’ എന്ന ഓർമക്കുറിപ്പുകളിലേക്ക് വരുന്നതിനു മുമ്പുതന്നെ ചില ഗ്രന്ഥങ്ങളിലൂടെ റൊമില അതിനായുള്ള ചില മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ‘ദി ഫ്യൂച്ചർ ഇൻ ദി പാസ്റ്റ്’ (The Future in the Past), ‘ടോക്കിങ് ഹിസ്റ്ററി’ (Talking History), 'സ്പീക്കിങ് ഓഫ് ഹിസ്റ്ററി' (Speaking of History) എന്നീ കൃതികളെ ഒരുമിച്ച് വായിക്കുമ്പോൾ, അവയെ റൊമില ഥാപ്പറുടെ സുദീർഘമായ ബൗദ്ധിക പ്രയാണത്തിന്റെ പല ഘട്ടങ്ങളായുള്ള ജീവിതരേഖയെ കാണാൻ സാധിക്കും. ഒടുവിൽ ആ യാത്ര ചെന്നെത്തുന്നത് അവരുടെ ‘ജസ്റ്റ് ബീയിങ്’ (Just Being) എന്ന സ്മരണികയുടെ ആത്മചരിത്രപരതയിലും, ചിന്തകളിലുമാണ്. പൊതുജീവിതത്തിൽ ചരിത്രത്തെ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും ദുരുപയോഗം ചെയ്യുന്നുവെന്നും ഉള്ള ഒരു പ്രഗല്ഭ ചരിത്രകാരിയുടെ വിശകലനാത്മപരമായ ചിന്തകളാണ് ‘ദി ഫ്യൂച്ചർ ഇൻ ദി പാസ്റ്റ്’ പ്രതിഫലിപ്പിക്കുന്നത്.
ജനാധിപത്യ ഇന്ത്യയുടെ ഭാവി നിലകൊള്ളുന്നത് അത് സ്വന്തം ഭൂതകാലത്തോട് എത്രത്തോളം ഉത്തരവാദിത്തത്തോടെ സംവദിക്കുന്നു എന്നതിനെ ആശ്രയിച്ചാണെന്ന് ഈ കൃതി പറയുന്നു. അതേസമയം, ‘ടോക്കിങ് ഹിസ്റ്ററി’ എന്ന കൃതി ചരിത്രകാരി എന്ന നിലയിലേക്കുള്ള അവരുടെ രൂപപ്പെടലിലേക്ക് റാമിൻ ജഹാൻബെഗ്ലൂവും, നീലാദ്രി ഭട്ടാചാര്യയുമായ സംഭാഷണങ്ങളിലൂടെ തെളിഞ്ഞുവരുന്നു. തന്റെ പണ്ഡിതോചിതമായ ഔദ്യോഗിക ജീവിതത്തെ രൂപപ്പെടുത്തിയ ബൗദ്ധിക സ്വാധീനങ്ങളെയും രാഷ്ട്രീയബോധ്യങ്ങളെയും രീതിശാസ്ത്രപരമായ പ്രതിബദ്ധതകളെയും ചരിത്രരചനാപരമായ പോരാട്ടങ്ങളെയും ഥാപ്പർ സംഭാഷണങ്ങളിലൂടെ ചരിത്രവത്കരിക്കുകയാണ്. ‘സ്പീക്കിങ് ഓഫ് ഹിസ്റ്ററി’ നമിത് അറോറയുമായി നടത്തിയ ഇതേ രീതിയിലുള്ള അഭിമുഖ ചരിത്രരീതി തന്നെയാണ് പിന്തുടരുന്നത്.
ചരിത്രം എന്തുകൊണ്ട് ദുർവ്യാഖ്യാനങ്ങളിലൂടെ തെറ്റിദ്ധരിക്കപ്പെടുന്ന പഠനശാഖയായി മാറിയെന്ന അടിത്തട്ട് ചോദ്യത്തെയാണ് ഇവിടെ പ്രശ്നവത്കരിക്കപ്പെട്ടിരിക്കുന്നത്. ‘ഔവർ ഹിസ്റ്ററി, ദെയർ ഹിസ്റ്ററി, ഹൂസ് ഹിസ്റ്ററി’ എന്ന ഗ്രന്ഥത്തിൽ ദേശീയതയും ദേശീയബോധവും ചരിത്രനിർമിതിയെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് റൊമില അന്വേഷിക്കുകയാണ്. മതചിന്തകളും മതവിദ്വേഷങ്ങളും എങ്ങനെയാണ് ദേശീയ വ്യാഖ്യാനങ്ങളായി മാറുന്നതെന്ന് സൈദ്ധാന്തികപരമായി റൊമില ഇവിടെ അപഗ്രഥനത്തിന് വിധേയപ്പെടുത്തുകയാണ്.
ഒരു സിനിമാറ്റിക് സന്ദർഭം
“Finally, she called out my name and said that, given my good teeth, she could place me in an advertisement for toothpaste. "Good money," she said, "and your face will be all over the Piccadilly underground and on the billboards." Horrified at the thought, I said, "No, thank you," and rushed out. However, a month later, I got a call to say that a film was being shot-The Wind Cannot Read-and would I like to be an extra in a scene requiring me to be dressed in a sari and sitting at a table on the set of a Delhi restaurant? I spent the day comfortably doing so, and returned with ten guineas*. My career in films began and ended with that.” (*പഴയ ബ്രിട്ടീഷ് കറൻസി (അന്നത്തെ പത്ത് പൗണ്ട്). ‘ജസ്റ്റ് ബീയിങ്’ (Just Being) എന്ന പുസ്തകത്തിലെ ഏറ്റവും രസകരമായ ഭാഗങ്ങളിലൊന്ന്, റൊമില ഥാപ്പർ ആധുനിക ഇന്ത്യയിലെ ഏറ്റവും സ്വാധീനശേഷിയുള്ള ചരിത്രകാരികളിൽ ഒരാളായി ഉയർന്നുവരുന്നതിന് മുമ്പ്, സിനിമയുടെയും ജനപ്രിയ സംസ്കാരത്തിന്റെയും ലോകവുമായി അവർക്കുണ്ടായ അപ്രതീക്ഷിത സമ്പർക്കങ്ങളെക്കുറിച്ച് പങ്കുവെക്കുന്ന ഓർമകളാണ്.
തന്റെ പല്ലുകളുടെ ഭംഗികൊണ്ടുമാത്രം ഒരു ടൂത്ത് പേസ്റ്റ് പരസ്യത്തിൽ അഭിനയിക്കാൻ തനിക്ക് ക്ഷണം ലഭിച്ചതും എന്നാൽ താനത് നിരസിച്ചതും അവർ ഓർത്തെടുക്കുന്നു. അതിനുശേഷം അധികം വൈകാതെ, ബ്രിട്ടനിൽ താമസിക്കുന്ന കാലത്ത്, 1957ൽ പുറത്തിറങ്ങിയ ‘ദി വിൻഡ് കനോട്ട് റീഡ്’ (The Wind Cannot Read) എന്ന ബ്രിട്ടീഷ് ചിത്രത്തിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി (Extra) അവർ ചുരുങ്ങിയ സമയം പ്രത്യക്ഷപ്പെടുകയുണ്ടായി. പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ, യാദൃച്ഛികമെന്ന് തോന്നാവുന്ന ഈ സംഭവങ്ങൾക്ക് പ്രതീകാത്മകമായ ഒരു ഭാവം കൈവരുന്നുണ്ട്. സിനിമാപ്രദർശനത്തിന്റെ ലോകത്തേക്ക് ഒരു നിമിഷം കടന്നുചെന്ന ആ യുവതിയാണ് പിന്നീട് ചരിത്രരചനയുടെ ലോകത്ത് ഒരു തരത്തിൽ പറഞ്ഞാൽ ഒരു റൊമില യുഗം തന്നെ സൃഷ്ടിച്ചത്.
റൊമില ഥാപ്പറുടെ മുൻകാല ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള സുപ്രധാന പഠനഗ്രന്ഥമായ ‘ദി പെൻഗ്വിൻ ഹിസ്റ്ററി ഓഫ് ഇന്ത്യ’യുടെ (The Penguin History of India) ആദ്യ വാല്യം പ്രസിദ്ധീകരിക്കുന്നത് ഇതേ വർഷമാണ്; അപ്പോഴേക്കും ‘ദി വിൻഡ് കനോട്ട് റീഡ്’ എന്ന സിനിമ അവരുടെ ഓർമകളുടെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ഈ രണ്ട് സംഭവങ്ങളുടെയും ഒത്തുചേരൽ ഒരു സിനിമാറ്റിക് വൈരുധ്യം പോലെയാണ് അനുഭവപ്പെടുന്നത്. ‘ദി വിൻഡ് കനോട്ട് റീഡ്’ (കാറ്റിന് വായിക്കാനറിയില്ല) എന്ന സിനിമാപ്പേര്, പാരമ്പര്യമായി കൈമാറിവന്ന നിശ്ചയങ്ങളിലൂടെയോ കൊളോണിയൽ സങ്കൽപങ്ങളിലൂടെയോ ചരിത്രത്തെ വായിക്കാനാകില്ലെന്നും, മറിച്ച് തെളിവുകളെ സൂക്ഷ്മമായി ചോദ്യം ചെയ്തുകൊണ്ട് മാത്രമേ അത് സാധ്യമാകൂ എന്നും തെളിയിക്കാനുള്ള ഈ ചരിത്രകാരിയുടെ ആജീവനാന്ത ബൗദ്ധിക പരിശ്രമത്തെ പ്രതീകാത്മകമായി മുൻകൂട്ടി പ്രവചിച്ചതുപോലെ തോന്നും. ‘
ജസ്റ്റ് ബീയിങ്ങി’ൽ ഥാപ്പർ ഓർമിപ്പിക്കുന്നത് പോലെ, അവരുടെ പെൻഗ്വിൻ ഹിസ്റ്ററി ഓഫ് ഇന്ത്യ കൊളോണിയൽ-ദേശീയതാവാദ ചരിത്രരചനാരീതികളിൽനിന്ന് ബോധപൂർവം മാറിനടക്കുകയും, നിലവിലുണ്ടായിരുന്ന വ്യാഖ്യാനങ്ങളെ വെല്ലുവിളിക്കുകയും, ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് ബദൽ വായനകൾ മുന്നോട്ടുവെക്കുകയും ചെയ്തു. മാർക്സിസത്തെ ഒരു ചരിത്രപരമായ പിടിവാശിയായി കാണാതെ, ചരിത്രപരമായ തെളിവുകളെ കൂടുതൽ സൂക്ഷ്മതയോടെയും വിമർശനാത്മകമായും സമീപിക്കാൻ പ്രാപ്തിയുള്ള പല വിശകലന രീതികളിൽ ഒന്നുമാത്രമായി കാണണമെന്ന അവരുടെ നിലപാടും ഇതോടൊപ്പം ശ്രദ്ധേയമാണ്.
തിരിഞ്ഞുനോക്കുമ്പോൾ, ഈ ജീവിതയാത്ര അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. അങ്ങനെ ‘ജസ്റ്റ് ബീയിങ്’ എന്ന പുസ്തകത്തിലെ വ്യക്തിപരമായ ഓർമകളുടെ സമാഹാരം, യാദൃച്ഛികമായ കണ്ടുമുട്ടലുകളും ദൈനംദിന അനുഭവങ്ങളും നിസ്സാരമെന്ന് തോന്നിയ സംഭവങ്ങളും എങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും മൗലികമായ ഒരു ചരിത്രചിന്തയുടെ രൂപവത്കരണത്തിലേക്ക് വഴിമാറിയതെന്ന് വ്യക്തമാക്കുന്ന ഒരു ബൗദ്ധിക ആത്മകഥയായി വികസിക്കുകയാണ്.
റൊമില ഥാപ്പറിന്റെ ‘ജസ്റ്റ് ബീയിങ്’ (Just Being) എന്ന ഓർമക്കുറിപ്പിന്റെ ഏറ്റവും ആകർഷകമായ ബൗദ്ധികതലങ്ങളിലൊന്ന്, സ്വാഭാവികമെന്ന് തോന്നിക്കുന്ന ദൈനംദിന ജീവിതമേഖലകളെ ചരിത്രവത്കരിക്കാനുള്ള ശേഷിയാണ്. ഫെർനാൻഡ് ബ്രോദേൽ പ്രശ്നവത്കരിച്ച ദൈനംദിന ചരിത്രങ്ങളിലേക്ക് അവർ ഊളിയിട്ടിറങ്ങുന്നത്, ഒരു ചരിത്രകാരിയുടെ വിശേഷാവഗാഹ നിപുണതയോടുകൂടിയാണ്. ഇത് ചരിത്രകാരിയുടെ രൂപവത്കരണത്തെ മാത്രമല്ല വെളിപ്പെടുത്തുന്നത്; മറിച്ച് കുടുംബം, സൗഹൃദം, സാമൂഹികബന്ധങ്ങൾ തുടങ്ങിയ സാധാരണ സ്ഥാപനങ്ങളെ ഒരു ചരിത്രകാരിയുടെ സവിശേഷമായ ദൃഷ്ടിയിലൂടെ നോക്കിക്കാണുകകൂടി ചെയ്യുന്നുണ്ട്.
ഒരാളുടെ കുടുംബം എന്നത് ഒരിക്കലും അയാളുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അയാൾ ജനിച്ചുവീഴുന്ന ആകസ്മികമായ ഒരു സാഹചര്യം മാത്രമാണെന്ന അവരുടെ നിരീക്ഷണം (Thapar, Just Being, P. 286), ഘടന (structure), ഏജൻസി (agency), സാമൂഹിക രൂപവത്കരണം (social formation) എന്നിവയെക്കുറിച്ചുള്ള അവരുടെ ജീവിതകാലം മുഴുവനുള്ള ഇടപെടലുകളോട് ചേർത്തുവായിക്കുമ്പോൾ, ലളിതമെന്ന് തോന്നുമെങ്കിലും ആഴമേറിയ ചരിത്രരചനാപരമായ ബോധ്യത്തെയാണ് സൂചിപ്പിക്കുന്നത്. പിതൃാധിപത്യ അധികാരത്തെക്കുറിച്ചുള്ള അവരുടെ ചിന്തകളും ഇതേപോലെതന്നെ വെളിപ്പെടുത്തലുകൾ നിറഞ്ഞതാണ്.
ഒരു പിതാവ് നൽകുന്ന ഇളവുകൾ മകളുടെ ആവശ്യങ്ങളോടുള്ള പ്രതികരണമായല്ല, മറിച്ച് പുരുഷാധിപത്യ വ്യവസ്ഥിതിതന്നെ നൽകുന്ന ദാനങ്ങളായാണ് വിലയിരുത്തപ്പെടുന്നതെന്ന അഭിപ്രായം (Thapar, Just Being, P. 286) ജൻഡർ ഹിസ്റ്ററിയുടെ രീതിശാസ്ത്രത്തെ കുടുംബമെന്ന സൂക്ഷ്മഘടനയിലേക്ക് ഇറക്കിവെക്കുന്നു. ഇത് സാധാരണ ചരിത്രകാരന്മാർക്ക് പറ്റാത്തതും റൊമിലയുടെ ചരിത്രജീവിതത്തിന്റെ, നാം കാണാത്ത വീക്ഷണമേഖലയുടെ തുറക്കൽകൂടിയാണ്.
ഇത്തരം നിരീക്ഷണങ്ങൾ ദൈനംദിന ജീവിതത്തെ വിശകലനാത്മകമായി ദൃശ്യവത്കരിക്കാനും ജീവിതലോകത്തെ ചരിത്രപരമായ അന്വേഷണത്തിന്റെ ഒരു വിപര്യയമാക്കി മാറ്റാനുമുള്ള ശ്രദ്ധേയമായ കഴിവ് തെളിവാക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, അവർ ചരിത്രകാരിയുടെ പ്രവൃത്തിയെ പുരാരേഖകൾക്കും സ്മാരകങ്ങൾക്കും അപ്പുറത്തേക്ക് ഓർമ, രക്തബന്ധം, ഗാർഹിക അധികാരം എന്നിവയുടെ ആന്തരിക തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഏറ്റവും പരിചിതമായ സാമൂഹിക ക്രമീകരണങ്ങൾപോലും ചരിത്രം, ശ്രേണീബദ്ധത, പ്രത്യയശാസ്ത്രം എന്നിവയാൽ എത്രത്തോളം പൂരിതമാണെന്ന് അവർ വെളിപ്പെടുത്തുന്നു.
ഈ ഓർമക്കുറിപ്പ് ദൈനംദിന ജീവിതത്തിന്റെ ചരിത്രപരമായ പൊളിച്ചെഴുത്തിനുള്ള ഒരു സൂക്ഷ്മമായ സ്ഥലരാശിയായി നിലകൊള്ളുന്നു. വ്യക്തിപരമായ ഓർമപ്പെടുത്തലുകൾ സാമൂഹിക അധികാരം, സാംസ്കാരിക പുനരുൽപാദനം, സ്വത്വത്തിന്റെ ചരിത്രപരമായ ഘടന എന്നിവയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളിലേക്കുള്ള പ്രവേശന കവാടമായി മാറുന്ന ഒരു പാണ്ഡിത്യരീതിക്ക് ഇത് ഉത്തമ ഉദാഹരണമാണ്. നിങ്ങളുടെ തൊടിക്കപ്പുറത്ത് ചരിത്രരേഖകളുടെ മഹാ സമുച്ചയമുണ്ടെന്ന് നിരീക്ഷിച്ചതുപോലെ, റൊമില, അശോകന്റെ അഹിംസയെയും മില്ലിന്റെ ഇന്ത്യാചരിത്ര വിഭജനരീതിയെയും, ആര്യന്മാരുടെ ഉത്ഭവത്തെയും കുറിച്ചന്വേഷിച്ച അതേ ഗൗരവത്തിൽ ദൈനം ദിന ജീവിതങ്ങളെയും പ്രശ്നവത്കരിച്ചതുകൊണ്ടാണ് ചരിത്രകാരിയായിരിക്കെതന്നെ ലോകമറിയുന്ന, ഇന്ത്യയുടെ പൊതു ബുദ്ധിജീവിയായി മാറിയത്. മറ്റൊരു ഇന്ത്യാചരിത്രകാരനും പകരമാകാൻ പറ്റാത്ത ഈ സ്ഥാനം റൊമില കരസ്ഥമാക്കിയത് 1956 മുതൽ വർത്തമാനകാലത്തും തുടരുന്ന ധീര നിലപാടുകളിലൂടെയാണ്.
ചരിത്രം പൊതുമണ്ഡലത്തിലേക്ക്
ചരിത്ര തത്ത്വശാസ്ത്രത്തിൽനിന്ന് ബൗദ്ധിക ആത്മകഥയിലേക്കും, ഒടുവിൽ പൊതുവിദ്യാഭ്യാസ പ്രക്രിയയിലേക്കും (public pedagogy) നീങ്ങുന്നവയാണ് ഈ മൂന്ന് കൃതികളും. തീവ്രചരിത്ര ഗവേഷണ രീതിശാസ്ത്രത്തിലൂടെ ഭൂതകാലത്തെ ശാസ്ത്രീയമായി വർത്തമാനകാലത്തിലേക്ക് കൊണ്ടുവരുകയും, അതിൽനിന്നു ഭാവിയിേലക്കുള്ള നോട്ടത്തെ വസ്തുനിഷ്ഠപരമായി സാധ്യമാക്കുകയുമാണ് റൊമില ഈ കൃതികളിലൂടെയെല്ലാം. ഈ അർഥത്തിൽ, ‘ജസ്റ്റ് ബീയിങ്’ എന്നത് മുൻകാല കൃതികളിൽനിന്നുള്ള ഒരു വഴിമാറി നടക്കലല്ല, മറിച്ച് അവയുടെ യുക്തിസഹമായ പരിസമാപ്തിയാണ്. പതിറ്റാണ്ടുകളായി ഭരണകൂടങ്ങളെയും, സമൂഹങ്ങളെയും, ഐതിഹ്യങ്ങളെയും, ഓർമകളെയും സൂക്ഷ്മമായി ചോദ്യംചെയ്ത ചരിത്രകാരി സ്വന്തം ജീവിതത്തിലേക്ക് വിശകലനാത്മകമായ ദൃഷ്ടി തിരിക്കുന്നു. കുടുംബം, സൗഹൃദം, യാത്രകൾ, വായന, ദൈനംദിന അനുഭവങ്ങൾ എന്നിവ എങ്ങനെയാണ് ഒരു ചരിത്രബോധം രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചതെന്ന് ഇത് വെളിപ്പെടുത്തുന്നു.
അങ്ങനെ, ഈ സ്മരണിക റൊമിലയെത്തന്നെ വലിയ ആർക്കൈവാക്കി മാറ്റി, വീണ്ടും ചോദ്യങ്ങളിലൂടെ തന്റെ നിലപാടുകളെ സ്ഥിരീകരിക്കുകയാണ്. ഓർമയും ചരിത്രവും തമ്മിലുള്ള ബന്ധം, ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള സംവാദം, വ്യക്തിജീവിതവും അതിലും വലിയ ചരിത്രലോകവും തമ്മിലുള്ള നിരന്തരമായ ഇടപെടലുകൾ എന്നിവയെ ഘടനാപരമായി നോക്കിക്കാണുകയാണ് ഈ ഓർമകളുടെ വീണ്ടെടുപ്പിലൂടെ.
ജെ.എൻ.യുവിലെ റൊമില, റൊമിലയിലെ ജെ.എൻ.യു
“മറ്റ് പ്രമുഖരോടൊപ്പം ജെ.എൻ.യുവിലെ (J.N.U) പ്രശസ്തമായ ‘സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്’ സ്ഥാപിക്കുന്നതിൽ അവർ വഹിച്ച പങ്ക്, ചരിത്രത്തെ ആഴത്തിൽ പരിശോധിക്കുകയും വിശകലനംചെയ്യുകയും ചെയ്യുന്ന അവരുടെ ചരിത്രരചനകൾക്ക് (oeuvre) അർഥവത്തായ സംഭാവനകൾ നൽകുകയും ചെയ്ത ഒരു കൂട്ടായ്മയുടെ രൂപവത്കരണത്തിന് കാരണമായി.” (പ്രഫ. ആർ. മഹാലക്ഷ്മി, സി.എച്ച്.എസ്, ജെ.എൻ.യു) റൊമില ഥാപ്പറിന്റെ ജീവിതത്തിൽ ഒരു സർവകലാശാലയുടെ പങ്ക് എന്തായിരുന്നുവെന്ന് അന്വേഷിക്കുന്നതിനൊപ്പം, അവർക്കൊപ്പം വളർന്ന ജെ.എൻ.യുവിനെയും പരിചയപ്പെടാൻ ഇതിലും മികച്ച മറ്റൊരു കൃതിയില്ല. റൊമിലയുടെ ഒരംശം ജെ.എൻ.യുവും, ജെ.എൻ.യുവിന്റെ ഒരംശം റൊമിലയുമാണ്. അത് ചരിത്ര ഗവേഷണത്തിനും ശാസ്ത്രീയ സാമൂഹിക ബോധങ്ങൾക്കും അവകാശപ്പെട്ടതാണ്.
'ജസ്റ്റ് ബീയിങ്' (Just Being) എന്ന പുസ്തകത്തിൽ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയുടെ (J.N.U) രൂപവത്കരണ വർഷങ്ങളെക്കുറിച്ച് റൊമില ഥാപ്പർ നൽകുന്ന വിവരണം അതിന്റെ ഏറ്റവും ആകർഷകമായ ഭാഗങ്ങളിൽ ഒന്നായതുകൊണ്ടു മാത്രമല്ല ഈ ലേഖനത്തിൽ അത് തെരഞ്ഞെടുത്തത് (Thapar, Just Being, pp228-252), തകർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഒരു സർവകലാശാലയായി അത് മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ സൂചിപ്പിക്കാൻ ‘ജസ്റ്റ് ബീയിങ്ങി’ലെ ജെ.എൻ.യു ഒരു നിമിത്തമായി മാറിയതുകൊണ്ടുകൂടിയാണ്. പരമ്പരാഗതമായ വിവരണാത്മക ചരിത്രത്തിനപ്പുറം, വിമർശനാത്മക വിശകലനത്തിനും ചരിത്രപരമായ പഠനരീതികൾക്കും മുൻഗണന നൽകുന്ന നൂതനമായ പാഠ്യപദ്ധതികൾ വളരെ അധ്വാനിച്ചുണ്ടാക്കിയെടുത്തത് ഈ ഭാഗത്ത് റൊമില അനുസ്മരിക്കുന്നുണ്ട്.
വിദ്യാർഥികളുടെ ബൗദ്ധിക ജിജ്ഞാസയിലുള്ള അവരുടെ ആത്മവിശ്വാസമാണ് ഇതിൽ എടുത്തുപറയേണ്ട ഒരു കാര്യം. ഇത്തരം കഠിനമായ കോഴ്സുകൾ അപേക്ഷകരെ നിരുത്സാഹപ്പെടുത്തുമെന്ന് മറ്റ് സർവകലാശാലകളിലെ സഹപ്രവർത്തകർ ഭയപ്പെട്ടപ്പോൾ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു: ഈ കോഴ്സുകളുടെ കണിശതയിലും മൗലികതയിലും ആകൃഷ്ടരായി രാജ്യത്തെ ഏറ്റവും മിടുക്കരായ ചില വിദ്യാർഥികൾ ഇവിടേക്ക് കടന്നുവന്നു. വിമർശനാത്മകമായ അന്വേഷണങ്ങളുടെ പരിവർത്തന ശക്തിയിലുള്ള റൊമിലയുടെ അചഞ്ചലമായ വിശ്വാസത്തെയാണ് ഈ ചിന്തകൾ വെളിച്ചത്തു കൊണ്ടുവരുന്നത്. അതോടൊപ്പം, ഉന്നതവിദ്യാഭ്യാസം എന്നത് നിലവിലുള്ള അറിവുകളെ അതേപടി പുനരുൽപാദിപ്പിക്കുകയല്ല, മറിച്ച് ചോദ്യം ചെയ്യുന്ന മനസ്സുകളെ വളർത്തിയെടുക്കുകയാണ് ചെയ്യേണ്ടതെന്ന അവരുടെ ബോധ്യവും ഇത് വെളിപ്പെടുത്തുന്നു.
സർവകലാശാലയുടെ രൂപവത്കരണ ദശകങ്ങളെക്കുറിച്ചുള്ള റൊമിലയുടെ ഓർമകൾ അക്കാദമിക് സ്വാതന്ത്ര്യം, അന്തർവൈജ്ഞാനിക സംവാദങ്ങൾ, സാമൂഹിക ഉൾപ്പെടുത്തൽ എന്നിവയോട് പ്രതിബദ്ധത പുലർത്തിയ ഒരു സ്ഥാപനത്തെയാണ് ഓർമിപ്പിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട പശ്ചാത്തലങ്ങളിൽനിന്നുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനും അവരെ ആത്മവിശ്വാസമുള്ള ബുദ്ധിജീവികളും എഴുത്തുകാരും അധ്യാപകരുമായി വളർത്തിയെടുക്കുന്നതിനും സാധിച്ചതിനെക്കുറിച്ചുള്ള അവരുടെ വിവരണം പ്രത്യേകം ശ്രദ്ധേയമാണ്. സാമൂഹിക മുന്നേറ്റത്തിന്റെയും ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെയും ഇടമായിട്ടാണ് സർവകലാശാല ഇവിടെ അടയാളപ്പെടുന്നത്. എന്നിരുന്നാലും, സമകാലിക ഇന്ത്യയിൽ ജനാധിപത്യമൂല്യങ്ങൾ തകരുന്നതിനെക്കുറിച്ചുള്ള അവരുടെ ആഴത്തിലുള്ള ആശങ്കകളും ഈ ഓർമകളോട് ചേർത്തുവായിക്കേണ്ടതുണ്ട്.
സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അധ്യായങ്ങളിൽ, വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ ചുരുങ്ങുന്നതിനെക്കുറിച്ചും വിമർശനാത്മകമായ പണ്ഡിതോചിത പഠനങ്ങളോട് (പൊതുബുദ്ധിജീവികളോടുള്ള) വളർന്നുവരുന്ന ശത്രുതയെക്കുറിച്ചും കക്ഷിരാഷ്ട്രീയ അജണ്ടകൾക്ക് സർവകലാശാലകളെ കീഴ്പ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുമുള്ള ഗൗരവമേറിയ ചിന്തകൾ റൊമില പങ്കുവെക്കുന്നു. അങ്ങനെ ഈ ഓർമക്കുറിപ്പ് വ്യക്തിപരമായ ഓർമകൾക്കും പൗരബോധത്തോടെയുള്ള ചിന്തകൾക്കുമിടയിൽ സുഗമമായി സഞ്ചരിക്കുകയും, ആത്മകഥ എന്നതിനപ്പുറം ജനാധിപത്യ യുക്തിക്കായുള്ള ഒരു ചരിത്രകാരിയുടെ പ്രതിരോധ പാഠമായി മാറുകയും ചെയ്യുന്നു.
റൊമില ഥാപ്പർ, പ്രഫ. ഹർബാൻസ് മുഖിയ എന്നിവർ ജെ.എൻ.യുവിൽ വിദ്യാർഥികളുമായി സംവാദത്തിൽ
മിൽസ് ആൻഡ് മൂൺ വായിച്ച റൊമില ഥാപ്പർ, എന്തിന്?
തന്റെ ബൗദ്ധികജീവിതത്തെ വിശാലമായ സാംസ്കാരിക-ഭൂമിശാസ്ത്ര ലോകങ്ങളുമായി കൂട്ടിച്ചേർക്കുന്ന രീതിയാണ് ‘ജസ്റ്റ് ബീയിങ്’ എന്ന പുസ്തകത്തിന്റെ മറ്റൊരു ആകർഷകമായ വശം. അവരുടെ ജിജ്ഞാസ പുരാരേഖാശേഖരങ്ങളിലും ക്ലാസ് മുറികളിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല. അന്ന് സർവകലാശാലയിൽ ചേരുന്ന വിദ്യാർഥിനികളുടെ ഇഷ്ട വായന മിൽസ് ആൻഡ് മൂൺ ആണെന്നറിഞ്ഞ റൊമില അത് വായിക്കാൻ തുടങ്ങി. വിദ്യാർഥികളുടെ ആഗ്രഹങ്ങളെ നന്നായി മനസ്സിലാക്കാൻ ജനപ്രിയ ഫിക്ഷനുകൾ വായിക്കുന്നതിലൂടെയോ (Thapar, Just Being, P.235) ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നതിലൂടെയോ, അല്ലെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പശ്ചാത്തലങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിലൂടെയോ ആകട്ടെ, ദൈനംദിന ജീവിതത്തിൽനിന്ന് പഠിക്കാനുള്ള അവരുടെ അസാധാരണമായ കഴിവ് റൊമില തെളിയിക്കുന്നുണ്ട് ഈ ഓർമ പറച്ചിലിൽ.
ചരിത്രകാരി ഇവിടെ ഒരു നിഷ്പക്ഷ നിരീക്ഷകയായിട്ടല്ല, മറിച്ച് താൻ ജീവിക്കുന്ന സാമൂഹിക ലോകങ്ങളിൽ സജീവമായി ഇടപെടുന്ന ഒരാളായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഓർമക്കുറിപ്പിലുടനീളം, വ്യക്തിപരമായ അനുഭവങ്ങൾ അറിവ്, പൗരത്വം, വ്യക്തിത്വം, ചരിത്രബോധം എന്നിവയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ഒരു മാധ്യമമായി മാറുന്നു. ഇതിന്റെ ഫലമായി, ഈ കൃതി ആത്മകഥകളുടെ പരമ്പരാഗത ശൈലികളെ മറികടന്ന് ഒരു ചരിത്രകാരിയുടെ രൂപവത്കരണത്തെക്കുറിച്ചും ബൗദ്ധിക ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും, ഓർമയും ജനാധിപത്യവും സത്യസന്ധമായ അന്വേഷണങ്ങളും തമ്മിലുള്ള ദുർബലമെങ്കിലും നിലനിൽക്കുന്ന ബന്ധത്തെക്കുറിച്ചുമുള്ള ആഴത്തിലുള്ള ഒരു ആഖ്യാനരരീതിയാണ് അവലംബിച്ചിരിക്കുന്നത്.
റൊമിലയുടെ ചരിത്രശാസ്ത്രം
ആധുനിക ഇന്ത്യയിലെ ചുരുക്കം ചില ചരിത്രകാരന്മാർക്ക് മാത്രമേ റൊമിലക്കൊപ്പം ബൗദ്ധിക സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുള്ളൂ. അവർക്കുപോലും പൊതുമണ്ഡലത്തിലേക്ക് വളരാൻ കഴിഞ്ഞിട്ടില്ല. വെറും അക്കാദമിക ചരിത്രരചനകൊണ്ട് പൊതുബുദ്ധിജീവിയാകാൻ സാധ്യമല്ല. അതിന് ഗവേഷണവും ചരിത്രബോധവും പൊതുപ്രശ്നങ്ങളെ പ്രശ്നവത്കരിക്കാനുള്ള കഴിവും വേണം. ആറ് പതിറ്റാണ്ടിലേറെയായി, കൃത്യതയാർന്ന പാണ്ഡിത്യത്തിന്റെയും പൊതുസംവാദങ്ങളുടെയും കവലയിൽ നിലയുറപ്പിച്ചുകൊണ്ട്, പുരാതന ഇന്ത്യയെക്കുറിച്ചുള്ള പഠനത്തെ മാത്രമല്ല, പൊതുമണ്ഡലത്തിൽ ചരിത്രം ചർച്ചചെയ്യപ്പെടുന്ന രീതികളെത്തന്നെയും അവർ രൂപപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ശക്തമായ വികലമാക്കലുകൾക്കെതിരെ വിമർശനാത്മകമായ ചരിത്രാന്വേഷണത്തെ നിരന്തരം പ്രതിരോധിക്കുന്നതാണ് അവരുടെ കൃതികൾ: ഇന്ത്യയെ കൊളോണിയൽ മേധാവിത്വത്തിന്റെ കണ്ണിലൂടെ നോക്കിക്കണ്ട സാമ്രാജ്യത്വ ചരിത്രരചനയും (imperialist historiography), ഭൂതകാലത്തെ സമകാലിക രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കുള്ള ഒരു ആയുധമാക്കി മാറ്റാൻ ശ്രമിക്കുന്ന വർഗീയ ചരിത്രരചനയും (communal historiography). ചരിത്രപരമായ പുനഃപരിശോധനകളും പ്രത്യയശാസ്ത്രപരമായ ധ്രുവീകരണവും വിജ്ഞാനത്തിന്റെ രാഷ്ട്രീയവത്കരണവും അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിൽ, ചരിത്രം എന്നത് മിത്തുകളുടെ ഒരു ശേഖരമല്ല, മറിച്ച് തെളിവുകളിലും വ്യാഖ്യാനങ്ങളിലും സംവാദങ്ങളിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥാപിത അന്വേഷണരീതിയാണെന്നതിന്റെ ശക്തമായ ഓർമപ്പെടുത്തലായി അവരുടെ, അവർ നിർമിച്ച ചരിത്രജ്ഞാന വ്യവസ്ഥ നിലകൊള്ളുന്നു.
റൊമിലയും ചരിത്ര പാഠപുസ്തകങ്ങളും
വർത്തമാന ഇന്ത്യയിലെ ഭരണകൂട ഇടപെടലുകളെ നിശിതമായി വിമർശിക്കുന്ന റൊമില, ഇന്നത്തെ സ്ഥിതി തുടർന്നാൽ പ്രചാരണ ചരിത്രങ്ങൾ ഗൗരവമേറിയ ചരിത്ര ഗവേഷണങ്ങളെ ഇല്ലാതാക്കുമെന്ന് പറയുന്നു (Thapar, Just Being, P. 209). വിദ്യാഭ്യാസ നയങ്ങളെയും സ്കൂൾ പാഠ്യപദ്ധതികളെയും കുറിച്ചുള്ള ചർച്ചകളിലാണ് അവരുടെ പൊതു ഇടപെടലുകൾ കൂടുതൽ അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ടത്. പ്രത്യയശാസ്ത്രപരമായ താൽപര്യങ്ങൾക്ക് അനുസൃതമായി പാഠപുസ്തകങ്ങൾ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളെ നിരന്തരം എതിർത്ത റൊമില, ചരിത്ര വിദ്യാഭ്യാസം മുൻകൂട്ടി നിശ്ചയിച്ച രാഷ്ട്രീയ ആഖ്യാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരമായി വിമർശനാത്മക ചിന്തയെ വളർത്തുന്നതായിരിക്കണം എന്ന് വാദിച്ചു.
എൻ.സി.ഇ.ആർ.ടി (NCERT) പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങളോടുള്ള അവരുടെ എതിർപ്പുകൾ വെറും അക്കാദമിക തർക്കങ്ങൾ മാത്രമായിരുന്നില്ല; ജനാധിപത്യ സമൂഹങ്ങളിൽ വിജ്ഞാനത്തിന്റെ സ്വയംഭരണത്തെക്കുറിച്ചുള്ള വിപുലമായ ആശങ്കകൾ കൂടിയായിരുന്നു. ചരിത്രപരമായ സങ്കീർണതകൾക്ക് പകരം പ്രത്യയശാസ്ത്രപരമായ നിശ്ചയദാർഢ്യങ്ങൾ പ്രതിഷ്ഠിക്കപ്പെടുമ്പോൾ, വിദ്യാഭ്യാസം ബൗദ്ധിക സ്വാതന്ത്ര്യത്തിനുള്ള ഒരു ഉപാധിയല്ലാതായി മാറുകയും രാഷ്ട്രീയ മസ്തിഷ്കപ്രക്ഷാളനത്തിനുള്ള വാഹനമായി മാറുകയും ചെയ്യുന്നു. ഹിന്ദുത്വശക്തികളുടെ തന്ത്രങ്ങൾ 1925 മുതൽ ഇന്ത്യാചരിത്രത്തെ സ്വന്തമാക്കുന്ന പരിപാടി ആവിഷ്കരിച്ചിരുന്നുവെന്ന് റൊമില വിവരിക്കുന്നുണ്ട്. നവസമൂഹ മാധ്യമങ്ങളിലൂടെ ഇത് വളരെ എളുപ്പം യഥാർഥ ചരിത്രപഠനങ്ങളെ ഇല്ലാതാക്കുന്നു.
മഹാമാരിയും അടുക്കും ചിട്ടയുമില്ലാത്ത പൂന്തോട്ടത്തിലെ ചിന്തകളും
തന്റെ ‘സെൻ ഗാർഡനിൽ’ ഇരിക്കുമ്പോൾ, ഒരുവിധ മുൻവിധികളോ കർക്കശമായ ആസൂത്രണമോ ഇല്ലാതെ വർഷങ്ങളായി താൻ നട്ടുപിടിപ്പിച്ച ചെടികളെയും മരങ്ങളെയും, അവിടെയെത്തുന്ന അണ്ണാനുകളെയും പല്ലികളെയും അവർ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി. ആ പൂന്തോട്ടം കൃത്യമായി രൂപകൽപന ചെയ്ത ഒരു ഭൂപ്രദേശമോ സൗന്ദര്യാത്മകമായ സമമിതിയുടെ (aesthetic symmetry) ആവിഷ്കാരമോ ആയിരുന്നില്ല.
മറിച്ച്, അവർ ഒരു ആയുസ്സ് മുഴുവൻ പഠനവിധേയമാക്കിയ ചരിത്രത്തിന്റെ അടരുകളെപ്പോലെ, കാലാന്തരത്തിൽ സ്വാഭാവികമായി പരിണമിച്ചുണ്ടായതായിരുന്നു അത്. നിർബന്ധിതമായി അടിച്ചേൽപിക്കപ്പെട്ട ആ നിശ്ചലതയുടെ നിമിഷങ്ങളിൽ, ആ ചരിത്രകാരിയുടെ ദൃഷ്ടികൾ പുരാരേഖകൾക്കും സ്മാരകങ്ങൾക്കുമപ്പുറം മനുഷ്യേതര ജീവന്റെ സൂക്ഷ്മതാളങ്ങളിലേക്ക് ചലിക്കുന്നതായി കാണാം. അങ്ങനെ ആ പൂന്തോട്ടം ഓർമയും പ്രകൃതിയും ചരിത്രവും പരസ്പരം സമ്മേളിക്കുന്ന ഒരു ചിന്താകേന്ദ്രമായി മാറി; ഒപ്പം, ശാന്തവും എന്നാൽ ആഴമേറിയതുമായ ഒരു പാരിസ്ഥിതിക ബോധത്തെ അത് അനാവരണം ചെയ്യുകയും ചെയ്തു.
ഒരു പരിസ്ഥിതി ചരിത്രകാരനെ സംബന്ധിച്ചിടത്തോളം ഈ വരികൾ അതീവ കൗതുകമുണർത്തുന്നതാണ്. കാരണം, ഇന്ത്യയിലെ ഏറ്റവും മുൻനിര ചരിത്രകാരികളിൽ ഒരാളുടെ ബൗദ്ധികജീവിതത്തിന്റെ അതിപ്രൗഢമായ ഘട്ടത്തിൽ ഒരു പാരിസ്ഥിതിക ബോധം എപ്രകാരം ഉയർന്നുവരുന്നു എന്ന് അവ വെളിപ്പെടുത്തുന്നു. ഥാപ്പറുടെ നിരീക്ഷണങ്ങൾ പ്രകൃതിയോടുള്ള കേവലമൊരു ആഭിമുഖ്യത്തിനപ്പുറം വളരുന്നവയാണ്; പാരിസ്ഥിതിക ചിന്തയുടെ അന്തസ്സത്തയായ സങ്കീർണത, പരസ്പരാശ്രയത്വം, സഹവർത്തിത്വം എന്നിവയെ തിരിച്ചറിയുന്ന ഒന്നാണത്. അവരുടെ തോട്ടത്തിലെ മരങ്ങളുടെയും ജീവജാലങ്ങളുടെയും ക്രമരഹിതമെന്ന് തോന്നിക്കുന്ന ആ കൂട്ടായ്മ, സമൂഹത്തെയും ചരിത്രത്തെയും കുറിച്ചുള്ള അവരുടെ വിപുലമായ വീക്ഷണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ചരിത്രവും സമൂഹവും സ്ഥിരവും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതുമല്ല, മറിച്ച് ചലനാത്മകവും വികസിച്ചുകൊണ്ടിരിക്കുന്നതും പരസ്പരാശ്രിതവുമാണ്. പതിറ്റാണ്ടുകളായി നാഗരികതകളെയും സംസ്കാരങ്ങളെയും സ്വത്വങ്ങളെയും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയ ചരിത്രകാരി, ഇപ്പോൾ ദൈനംദിന പരിസ്ഥിതിയുടെ ലളിതമായ ചലനങ്ങളിലേക്കും ഒരുപോലെ ശ്രദ്ധ ചെലുത്തുന്നതായി കാണാം. വനങ്ങൾ, നദികൾ, അല്ലെങ്കിൽ കാലാവസ്ഥ എന്നിവയുടെ പഠനത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല പാരിസ്ഥിതികബോധമെന്നും, നമ്മെ ചുറ്റുമുള്ള സാധാരണ പ്രകൃതിദൃശ്യങ്ങളുമായുള്ള നിരന്തരമായ സമ്പർക്കത്തിലൂടെയും അത് രൂപപ്പെടാമെന്നും ഇത്തരത്തിലുള്ള ചിന്തകൾ അടിവരയിടുന്നു.
ഈ പാരിസ്ഥിതിക വീക്ഷണം ഇന്ത്യയെക്കുറിച്ചുള്ള ഥാപ്പറുടെ വിശാലമായ സങ്കൽപവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഏകതാനതക്ക് (uniformity) പകരം വൈവിധ്യത്തിലൂടെയാണ് അവരുടെ പൂന്തോട്ടം അഭിവൃദ്ധി പ്രാപിക്കുന്നത് എന്നതുപോലെ, സമഗ്രതക്ക് (homogeneity) പകരമായി ബഹുസ്വരത, പരസ്പര സമ്പർക്കം, സഹവർത്തിത്വം എന്നിവയിലാണ് അവരുടെ ദേശീയ സങ്കൽപവും അധിഷ്ഠിതമായിരിക്കുന്നത്. മരങ്ങളുടെ സ്വാഭാവികമായ വളർച്ചയും, അണ്ണാനുകളുടെയും പല്ലികളുടെയും സ്വതന്ത്രമായ ചലനങ്ങളും, വിവിധ ജീവരൂപങ്ങളുടെ സഹവർത്തിത്വവുമെല്ലാം, തന്റെ വിജ്ഞാനപ്രദമായ ഔദ്യോഗിക ജീവിതത്തിലുടനീളം അവർ പ്രതിരോധിച്ച നാഗരികമായ വൈവിധ്യത്തിന്റെ (civilisational mosaic) ഒരു ശാന്തമായ പ്രതീകമായി മാറുന്നു. അവരുടെ വീക്ഷണത്തിൽ, ജീവസ്സുറ്റ അവസ്ഥ ഉണ്ടാകുന്നത് അടിച്ചേൽപിക്കപ്പെട്ട ഏകതാനതയിൽ നിന്നല്ല, മറിച്ച് വ്യത്യാസങ്ങളെ ഉൾക്കൊള്ളുന്നതിലൂടെയാണ്.
അതിനാൽ, മഹാമാരിക്കാലത്തെ ഈ ചിന്തകളിൽ പ്രകടമാകുന്ന പാരിസ്ഥിതിക ഭാവന, സംസ്കാരങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും ചരിത്രങ്ങളുടെയും സങ്കീർണവും ബഹുസ്വരവുമായ ഒരു ആവാസവ്യവസ്ഥയായി ഇന്ത്യയെ ദർശിക്കുന്ന അവരുടെ വീക്ഷണത്തോട് പൂർണമായി ഒത്തുപോകുന്നു. ഈ അർഥത്തിൽ, ആ സെൻ ഗാർഡൻ കേവലമൊരു വ്യക്തിഗത വിശ്രമകേന്ദ്രം മാത്രമല്ല; മറിച്ച് റൊമില ഥാപ്പർ ഒരു ആയുസ്സ് മുഴുവൻ വ്യാഖ്യാനിക്കുകയും പ്രതിരോധിക്കുകയും നെഞ്ചിലേറ്റുകയും ചെയ്ത ജനാധിപത്യപരവും വൈവിധ്യപൂർണവുമായ ഇന്ത്യയുടെ ഒരു ലഘുരൂപകമായി (allegorical miniature) മാറുകയാണ് ചെയ്യുന്നത്. ഈ ലേഖനം അവസാനിപ്പിക്കുമ്പോൾ, ‘ജസ്റ്റ് ബീയിങ്ങി’ന്റെ പ്രവേശികയിൽ റൊമില പറയുന്ന വാക്കുകൾ അതേപടി പകർത്തേണ്ടിയിരിക്കുന്നു: “Tropical plants and seeds seen to clamber over each other, closely clasped with wild desire, unlike plants in cold northern climes that tend to maintain social distancing” (Thapar, Just Being, P.xiii). അങ്ങനെയൊരു ചരിത്ര പൂന്തോട്ടമാണ് റൊമില 1956 മുതൽ തുടങ്ങിയ ചരിത്രജീവിതത്തിലൂടെ സാധ്യമാക്കിയത്.
ജസ്റ്റ് ബീയിങ്ങിലെ ചില ആശങ്കകൾ
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതിയെക്കുറിച്ചുള്ള റൊമില ഥാപ്പറുടെ ആശങ്കകൾ കേവലം ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ചയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല ( pp.604-626) വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ ചുരുങ്ങുന്നത്, ചരിത്രത്തിന്റെ രാഷ്ട്രീയവത്കരണം, അക്കാദമിക് സ്വയംഭരണാവകാശത്തിന്റെ ബലഹീനത, പൊതുജീവിതത്തിൽ ഭൂരിപക്ഷാധിപത്യ വിവരണങ്ങൾക്ക് ലഭിക്കുന്ന വർധിച്ചുവരുന്ന സ്വാധീനം എന്നിവയിലേക്കെല്ലാം ഈ ആശങ്കകൾ നീളുന്നുണ്ട്. ‘ജസ്റ്റ് ബീയിങ്’ എന്ന പുസ്തകത്തിലുടനീളം ഭരണഘടനാ മൂല്യങ്ങൾ, ബൗദ്ധിക സ്വാതന്ത്ര്യം, സാംസ്കാരിക ബഹുസ്വരത എന്നിവയുടെ പ്രാധാന്യത്തിലേക്ക് അവർ ആവർത്തിച്ച് വിരൽചൂണ്ടുന്നു; ഇവയൊക്കെയും ഒരു ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യമായ അടിത്തറകളായിട്ടാണ് അവർ കാണുന്നത്.
അവരുടെ ഈ വിമർശനം വരുന്നത് ഏതെങ്കിലും കക്ഷിരാഷ്ട്രീയ എതിർപ്പിൽനിന്നല്ല, മറിച്ച് ആധുനിക ഇന്ത്യയുടെ രൂപവത്കരണത്തോടും അതിന്റെ മതേതര ജനാധിപത്യ ആഗ്രഹങ്ങളോടും ഒരു ചരിത്രകാരി എന്ന നിലയിൽ ദീർഘകാലമായി അവർ പുലർത്തുന്ന പ്രതിബദ്ധതയിൽനിന്നാണ്. ഇപ്പോഴത്തെ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വരേണ്യമാണെന്നും, അത് പൂർണമാകണമെങ്കിൽ അവഗണിക്കപ്പെട്ട ദലിത് വീക്ഷണങ്ങൾകൂടി ചേർക്കപ്പെടണമെന്നു അവർ വാദിക്കുന്നുണ്ട്. ജാതിയില്ലാത്ത ഇന്ത്യയെ സ്വപ്നം കണ്ടുകൊണ്ടാണ് ഇന്ത്യയിലെ ജനാധിപത്യം മാഞ്ഞുപോകുന്നുവോ എന്ന അധ്യായം അവർ അവസാനിപ്പിക്കുന്നത് (Thapar, Just Being, P.626).
റൊമിലയുടെ അഭിപ്രായത്തിൽ, പൗരത്വത്തെ കേവലം വിധേയത്വമാക്കി മാറ്റുന്നതും വിമർശനാത്മക ചിന്തകൾക്ക് പകരം പ്രത്യയശാസ്ത്രപരമായ കടുംപിടിത്തങ്ങൾ പ്രതിഷ്ഠിക്കുന്നതുമാണ് ഏറ്റവും ഗുരുതരമായ അപകടം. സർവകലാശാലകൾ, ചരിത്രകാരന്മാർ, എഴുത്തുകാർ, സ്വതന്ത്ര സ്ഥാപനങ്ങൾ എന്നിവക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളെ ജനാധിപത്യ വ്യവസ്ഥിതി നേരിടുന്ന ആഴത്തിലുള്ള അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങളായിട്ടാണ് അവർ വിലയിരുത്തുന്നത്. അവരുടെ കാഴ്ചപ്പാടിൽ ജനാധിപത്യം നിലനിൽക്കുന്നത് കേവലം തെരഞ്ഞെടുപ്പുകളിലൂടെ മാത്രമല്ല, മറിച്ച് വിയോജിപ്പുകളും വൈവിധ്യങ്ങളും യുക്തിസഹമായ സംവാദങ്ങളും സംരക്ഷിക്കപ്പെടുന്നതിലൂടെയുമാണ്.
ഈ പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദിയുടെ കീഴിൽ ഉയർന്നുവന്ന ഇന്ത്യയെ താൻ ഇഷ്ടപ്പെടുന്നില്ല എന്ന് അവർ പരസ്യമായി കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിൽ തുറന്നടിച്ചത്. ‘ജസ്റ്റ് ബീയിങ്ങി’ൽ ഥാപ്പർ ഇങ്ങനെ എഴുതിയത് ഇതിനോടു ചേർത്തു പറയട്ടെ: “Unfortunately, no prime minister since Nehru has had any worthwhile vision or blueprint of the likely society that will lift us out of the morass.” (Thapar, Just Being P.117). നേരത്തേ പറഞ്ഞ കമന്റുമായി കൂട്ടിെവച്ചു വായിക്കുമ്പോൾ രണ്ട് ഇന്ത്യകൾ തമ്മിലുള്ള അന്തരം വ്യക്തമാകും.
‘ജസ്റ്റ് ബീയിങ്’ നമ്മോടെന്തു പറയുന്നു?
കേവലമൊരു വ്യക്തിഗത ഓർമക്കുറിപ്പ് എന്നതിനപ്പുറം, ഒരു ചരിത്രകാരിയുടെ രൂപവത്കരണത്തിന്റെ ബൗദ്ധിക സാക്ഷ്യപത്രമാണ് ‘ജസ്റ്റ് ബീയിങ്’ (Just Being). അക്കാദമികമായ ആധികാരികത എന്നത് ഒരു രാത്രികൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നല്ല എന്ന് ചരിത്രകാരന്മാരെയും ചരിത്രവിദ്യാർഥികളെയും ഈ കൃതി ഓർമിപ്പിക്കുന്നു. മറിച്ച്, പതിറ്റാണ്ടുകൾ നീണ്ട ബൗദ്ധിക അച്ചടക്കം, വിമർശനാത്മക ചിന്ത, ധാർമിക കരുത്ത്, ചരിത്രാന്വേഷണങ്ങളോടുള്ള ശക്തമായ പ്രതിബദ്ധത എന്നിവയിലൂടെ ക്ഷമയോടെ വാർത്തെടുക്കേണ്ട ഒന്നാണത്.
‘ജസ്റ്റ് ബീയിങ്’ പ്രസിദ്ധീകരിക്കുന്നതിന് എത്രയോ വർഷങ്ങൾക്കുമുമ്പ് തന്നെ, ഇന്ത്യയിലെ ചരിത്രഗവേഷണത്തിന്റെ അവസ്ഥയെക്കുറിച്ച് രൺബീർ ചക്രവർത്തി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി റൊമില ഥാപ്പർ ഈ ബൗദ്ധിക നിലപാട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ മികച്ച ചരിത്രപഠനങ്ങൾ നടക്കുന്നുണ്ടെന്ന് അംഗീകരിക്കുമ്പോൾ തന്നെ, ചരിത്രകാരന്മാർ പൊതുമണ്ഡലത്തിൽനിന്ന് ക്രമേണ അപ്രത്യക്ഷരാവുകയാണെന്ന് അവർ നിരീക്ഷിച്ചു.
ദീർഘവീക്ഷണത്തോടെയുള്ള ഈ നിരീക്ഷണം അവരുടെ സ്വന്തം ബൗദ്ധിക സഞ്ചാരപഥത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. ജനപ്രിയമായ അർഥത്തിലല്ല, മറിച്ച് ജനാധിപത്യം സംരക്ഷിക്കുന്നതിനും വിമർശനാത്മക അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രബോധം നിലനിർത്തുന്നതിനും യുക്തിഭദ്രമായ പൊതുസംവാദങ്ങൾ വളർത്തുന്നതിനുമുള്ള ഒരു ബൗദ്ധിക ഉത്തരവാദിത്തമെന്ന നിലയിലാണ് ഥാപ്പർ നിരന്തരം ‘പബ്ലിക് ഹിസ്റ്ററി’ (Public History) അഥവാ പൊതുചരിത്രരചന നിർവഹിച്ചത്. അവരുടെ ചരിത്രരചനകൾ ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ വിഭാഗത്തിന്റെയോ താൽപര്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നില്ല.
ബൗദ്ധികമായ സ്വയംഭരണത്തോടുള്ള (Intellectual Autonomy) ആഴത്തിലുള്ള പ്രതിബദ്ധത ‘ജസ്റ്റ് ബീയിങ്’ എന്ന പുസ്തകത്തിലുടനീളം ദർശിക്കാനാകും. വ്യക്തിസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണമെന്ന കുട്ടിക്കാലത്തെ ദൃഢനിശ്ചയം മുതൽ, പിൽക്കാലത്ത് പ്രത്യയശാസ്ത്രപരമായ പൊരുത്തപ്പെടലുകൾക്കുവേണ്ടി സ്വന്തം അക്കാദമിക ബോധ്യങ്ങളെ പണയംവെക്കാൻ വിസമ്മതിച്ചതുവരെയുള്ള അവരുടെ ജീവിതത്തിലും ദൗത്യത്തിലും പരമാധികാരമെന്നത് ഒരു നിർണായക തത്ത്വമായി നിലകൊള്ളുന്നു.
തെളിവുകളോടുള്ള വിട്ടുവീഴ്ചയില്ലാത്ത വിശ്വസ്തതയും ചിന്തയിലെ ഈ സ്വാതന്ത്ര്യവുമാണ് റൊമില ഥാപ്പറെ അവരുടെ സമകാലികരിൽ പലരിൽനിന്നും വേറിട്ടു നിർത്തുന്നത്. ചുരുക്കത്തിൽ, ഒരു ചരിത്രകാരിയുടെ രൂപവത്കരണം എന്നത് കേവലം അറിവുകൾ ശേഖരിക്കുന്നതിലല്ല, മറിച്ച് ബൗദ്ധികമായ ആർജവവും വിമർശനാത്മകമായ സ്വാതന്ത്ര്യവും ചരിത്രത്തിലൂടെ സമൂഹത്തോട് സംസാരിക്കാനുള്ള ആർജവവും ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത് എന്ന് ‘ജസ്റ്റ് ബീയിങ്’ നമ്മെ പഠിപ്പിക്കുന്നു.
ഈ ലേഖനത്തിലേക്ക്, പ്രഫ. ഹർബാൻസ് മുഖിയ എനിക്കയച്ചു തന്ന സന്ദേശം ( മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്) ഇവിടെ കുറിക്കുകയാണ്: “ഡൽഹി യൂനിവേഴ്സിറ്റിയിലും ജെ.എൻ.യു.വിലും (J.N.U) സഹപ്രവർത്തകയും സുഹൃത്തുമായി റൊമില ഥാപ്പറെ എനിക്ക് ആറ് പതിറ്റാണ്ടിലേറെയായി അടുത്തറിയാം. ഒരു ചരിത്രകാരി എന്ന നിലയിലും ഇന്ത്യയിലെ ബോധമുള്ള, ഉത്തരവാദിത്തമുള്ള ഒരു പൗര എന്ന നിലയിലും അവരുടെ വ്യക്തിത്വത്തിന്റെ വളർച്ചക്ക് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരിത്രത്തിൽ അവർ വൈവിധ്യങ്ങളെ ആഘോഷിക്കുകയും വിയോജിപ്പുകളെ (dissent) ഉന്നതമായ പീഠത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു; തന്റെ സമൂഹത്തെയും അവർ അതേ വിമർശനാത്മക ദൃഷ്ടിയോടെയാണ് നോക്കിക്കണ്ടത്.
അവർ ഇത് ക്ലാസ് മുറികളിൽ മാത്രമല്ല, പൊതുവേദികളിലും പ്രകടിപ്പിച്ചു –സാധാരണ വായനക്കാർക്കായി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിക്കൊണ്ടും പൊതു പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും തന്റെ വിമർശകർക്ക് മറുപടി നൽകിക്കൊണ്ടും അവരിത് ചെയ്തു. വിയോജിപ്പുകൾക്ക് കൂടുതൽ ഇടവും ബഹുമാനവും ലഭിച്ചിരുന്ന, 2014ന് മുമ്പുള്ള കാലഘട്ടത്തിൽപോലും അവർ ഭരണകൂടത്തിൽനിന്ന് കൃത്യമായ അകലം പാലിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. സർവകലാശാലകളിൽ ആയിരക്കണക്കിന് ആളുകൾക്ക് സാധാരണയായി ലഭിക്കുന്ന പ്രഫസർ പദവിപോലുള്ള സ്ഥാനക്കയറ്റങ്ങൾ മാത്രമാണ് അവർ സ്വീകരിച്ചത്.
എന്നാൽ ഒരു സർവകലാശാലയുടെയും വൈസ് ചാൻസലർ പദവിയോ ഐ.സി.എച്ച്.ആറിന്റെ (ICHR) അധ്യക്ഷ സ്ഥാനമോ അവർ ഒരിക്കലും സ്വീകരിച്ചില്ല. കോൺഗ്രസ് സർക്കാറിന്റെ കാലത്ത് രണ്ടുതവണ അവർക്ക് പത്മഭൂഷൺ ബഹുമതി വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ, ഭരണകൂടം നൽകുന്ന യാതൊരുവിധ ബഹുമതികളും താൻ സ്വീകരിക്കില്ലെന്ന നിലപാടിൽ അവരത് നിരസിച്ചത് ഏറെ സ്മരണീയമാണ്; വളരെ അപൂർവമായൊരു നിലപാട്!” ‘ജസ്റ്റ് ബീയിങ്’, ഈ നിലപാടിന്റെ ആഴത്തിലും, പരപ്പിലുമുള്ള ചരിത്ര ജീവിതത്തിന്റെ ആർക്കൈവായി മാറുകയാണ്.
----------------------
Primary Reference
Thapar, Romila. Just Being: A Memoir. Seagull Books, 2026.
References
Thapar, Romila. A History of India. Vol. 1. Penguin Books, 1966.
Thapar, Romila. Asoka and the Decline of the Mauryas. Oxford University Press, 1961.
Thapar, Romila. Cultural Pasts: Essays in Early Indian History. Oxford University Press, 2003.
Thapar, Romila. The Future in the Past: Essays and Reflections. Aleph Book Company, 2023.
Thapar, Romila. Our History, Their History, Whose History? Seagull Books. 2023.
Thapar, Romila. The Past Before Us: Historical Traditions of Early North India. Permanent Black in association with Ashoka University.2013.
Thapar, Romila. The Public Intellectual in India. Aleph Book Company, 2015.
Thapar, Romila , Namit Arora. Speaking of History. Penguin Random House. 2025.
Thapar, Romila. Talking History: Romila Thapar in Conversation with Ramin Jehanbegloo and Neeladri Bhattacharya.OUP.2017.
Thapar, Romila. “I Don't Like Modi's India, It's Too Narrow and Limited; History Won't Be Kind to Him.” Interview by Karan Thapar. The Interview with Karan Thapar, The Wire, 10 Aug. 2022, YouTube.
(കോട്ടയം ട്രോപിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് (ടൈസ് പാരിസ്ഥിതിക-ആന്ത്രോപോസീൻ) ചരിത്ര വിഭാഗത്തിൽ അധ്യാപകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.