‘ഭാരതചന്ദ്രിക’യും ബഷീറിന്റെ ‘ബാല്യകാലസഖി’യും

അധ്യായം -7 കേരളത്തിലെ അറിയപ്പെടുന്ന മിക്ക എഴുത്തുകാരും ‘ഭാരതചന്ദ്രിക’യിൽ എഴുതണമെന്നത് അതിന്റെ പത്രാധിപയായ ഹലീമാ ബീവിക്ക് നിർബന്ധമായിരുന്നു. ദേശീയ രാഷ്ട്രീയകാര്യങ്ങളിലും സമുദായത്തെ ബാധിക്കുന്ന നിയമനിർമാണങ്ങൾ ദേശീയമായോ പ്രാദേശികമായോ ഉണ്ടാവുകയാണെങ്കിൽ അവ ചർച്ചചെയ്യാനും പത്രിക തയാറായി. ‘ഭാരതചന്ദ്രിക’യുടെ മുന്നോട്ടുപോക്കിന് സാമ്പത്തിക സഹായം തേടാനും ഹലീമാ ബീവി മടികാണിച്ചില്ല. കേരളത്തിലെന്നു മാത്രമല്ല, ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ മുസ്​ലിംകളുടെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെയും മുസ്​ലിം ലീഗിന്റെയും നേതാക്കന്മാരുടെ രാഷ്ട്രീയ ഇടപെടലുകളും...

അധ്യായം -7

കേരളത്തിലെ അറിയപ്പെടുന്ന മിക്ക എഴുത്തുകാരും ‘ഭാരതചന്ദ്രിക’യിൽ എഴുതണമെന്നത് അതിന്റെ പത്രാധിപയായ ഹലീമാ ബീവിക്ക് നിർബന്ധമായിരുന്നു. ദേശീയ രാഷ്ട്രീയകാര്യങ്ങളിലും സമുദായത്തെ ബാധിക്കുന്ന നിയമനിർമാണങ്ങൾ ദേശീയമായോ പ്രാദേശികമായോ ഉണ്ടാവുകയാണെങ്കിൽ അവ ചർച്ചചെയ്യാനും പത്രിക തയാറായി. ‘ഭാരതചന്ദ്രിക’യുടെ മുന്നോട്ടുപോക്കിന് സാമ്പത്തിക സഹായം തേടാനും ഹലീമാ ബീവി മടികാണിച്ചില്ല.

കേരളത്തിലെന്നു മാത്രമല്ല, ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ മുസ്​ലിംകളുടെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെയും മുസ്​ലിം ലീഗിന്റെയും നേതാക്കന്മാരുടെ രാഷ്ട്രീയ ഇടപെടലുകളും പ്രസംഗങ്ങളും ഉൾക്കൊള്ളിക്കാനും ‘ഭാരതചന്ദ്രിക’ പേജുകൾ നീക്കിവെച്ചിരുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ വീക്ഷണകോണിൽ ഊന്നിനിന്നുകൊണ്ടുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മുന്നേറ്റങ്ങളിൽ ചർച്ചകൾ നടത്താനും പൊതുജനാഭിപ്രായം സ്വരൂപിക്കാനും വേദിയായി ഈ പത്രിക മാറി. നിരവധി കേരള നേതാക്കന്മാർ പ്രത്യേകിച്ചും മുസ്​ലിം സ്വത്വരാഷ്ട്രീയ താൽപര്യം പുലർത്തിവന്നിരുന്നവർ തങ്ങളുടെ ആശയപ്രചാരണത്തിനുള്ള മാധ്യമമായി ‘ഭാരതചന്ദ്രിക’യെ കണ്ടിരുന്നു. ആയതിനാൽ തിരു-കൊച്ചിക്ക് പുറത്ത് മലബാറിലും കൂടുതൽ വായനക്കാരെ ആകർഷിക്കാനും മദ്രാസ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയിടങ്ങളിൽപോലും മലയാളികളുടെ ഇടയിലേക്ക് പത്രിക എത്തിപ്പെടാനുമുള്ള ഇടപെടലുണ്ടായി.

ദേശീയ രാഷ്ട്രീയ കാര്യങ്ങളിൽ മാത്രമല്ല, സമുദായത്തെ ബാധിക്കുന്ന നിയമനിർമാണങ്ങൾ ദേശീയമായോ പ്രാദേശികമായോ ഉണ്ടാവുകയാണെങ്കിൽ അവ ചർച്ചചെയ്യാനും പത്രിക തയാറായി. അങ്ങനെ നിയമസഭയിൽ വിവിധ അംഗങ്ങൾ നടത്തിയ സമുദായ പരിഷ്കരണത്തിൽ ഊന്നിയ പ്രസംഗങ്ങളും ‘ഭാരതചന്ദ്രിക’യിൽ ഇടംപിടിച്ചിരുന്നു. ‘സ്വത്തുവിനിമയ ബിൽ’ എന്ന പേരിൽ ശ്രീമൂലം അസംബ്ലിയിൽ സി.എസ്. ലക്ഷ്മണ അയ്യർ അവതരിപ്പിച്ച ബില്ലിന്റെ പരിധിയിൽനിന്നും മുസ്​ലിം സമുദായത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അസംബ്ലി അംഗമായിരുന്ന കെ.എ. മുഹമ്മദ് സാഹിബ് ചെയ്ത പ്രസംഗം ‘ഭാരതചന്ദ്രിക’യിൽ അച്ചടിച്ചുവന്നത് നിരവധി ചർച്ചകൾക്ക് വഴിതെളിച്ചതായി ലഭ്യമായ തെളിവുകളിൽനിന്നും മനസ്സിലാക്കാം: “സ്വത്തു വിനിമയ ബില്ലിന്റെ മുഖവുരയിൽ തന്നെ ഇത് തിരുവിതാംകൂറിൽ അധിവസിക്കുന്ന എല്ലാവരെയും ബാധിക്കുന്നതാണെന്ന് പറഞ്ഞുകാണുന്നു.

ഈ ബിൽ നിയമമായാൽ പിന്തുടർച്ചാവകാശത്തെ സംബന്ധിച്ചിടത്തോളം അവരുടെ സ്വന്തം നിയമത്തെ അനുസരിച്ച് ആചരിച്ചുവരുന്ന മുസ്​ലിംകളെയും ഇത് ബാധിക്കാതിരിക്കാവതല്ല. വിവാഹം, വിവാഹമോചനം, പിന്തുടർച്ച അവകാശം ഈ മൂന്ന് നിയമ വിഷയങ്ങളിലും മുസ്​ലിംകൾ അവരുടെ സ്വന്തം നിയമമാണ് സ്വീകരിച്ചുവരുന്നത്. അവരുടെ പിന്തുടർച്ചാവകാശത്തെ ഇതുപോലുള്ള ഒരു നിയമമായി താറുമാറാക്കുന്നതിൽ അവർക്ക് ആശങ്കയും ശക്തിയായ പ്രതിഷേധവുമുണ്ട്. ഈ ബില്ലിന്റെ ഉദ്ദേശ്യകാര്യ വിവരണത്തിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ‘ട്രാൻഫർ ഓഫ് പ്രോപ്പർട്ടി’ നിയമത്തിലെ 13 മുതൽ 14 വരെ സെഷൻ അനുസരിച്ച് ഹിന്ദുക്കളെ മാത്രമേ ബാധിക്കുന്നുള്ളൂ. എന്നാൽ, ഈ അസംബ്ലിയുടെ ആലോചനയിൽ ഇരിക്കുന്ന ഈ ബിൽ ജാതിമത വ്യത്യാസങ്ങളില്ലാതെ തിരുവിതാംകൂറിൽ താമസിക്കുന്ന എല്ലാവരെയും ബാധിക്കുന്നതാണ്... അതുകൊണ്ട് മുസ്​ലിംകളെ ബില്ലിന്റെ പരിധിയിൽനിന്നും ഒഴിവാക്കുന്ന പക്ഷം ഈ ബിൽ സെലക്ട് കമ്മിറ്റിയിൽ അയക്കുന്നതിൽ വിരോധമില്ല.”20

തുടർന്ന്, ഇത്തരത്തിൽ പത്രദ്വാര നിരവധി വാദഗതികൾ ഉയർന്നുവന്നപ്പോൾ സെലക്ട് കമ്മിറ്റിയിൽ ഈ അഭിപ്രായം പരിഗണിച്ച് മുസ്​ലിംകളെ ഒഴിവാക്കുന്നതിന് സമ്മതമാണെന്ന് ബിൽ അവതരിപ്പിച്ച സി.എസ്. ലക്ഷ്മണയ്യർ അഭിപ്രായപ്പെട്ടതായും ‘ഭാരതചന്ദ്രിക’ രേഖപ്പെടുത്തുന്നുണ്ട്.

ഇന്നത്തെപോലെ പ്രചാരണ മാധ്യമങ്ങൾ കുറവായിരുന്ന അക്കാലത്ത് ഓരോ അച്ചുകൂടങ്ങളും പുസ്തകശാലകളും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ കോപ്പികൾ വിവിധ സമകാലിക പത്രികകൾക്ക് അയച്ചുനൽകുകയും അവയെ കുറിക്കുന്ന അഭിപ്രായങ്ങൾ അവരുടെ പത്രങ്ങളിൽ എഴുതി പ്രചരിപ്പിക്കാൻ താൽപര്യപ്പെടുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, 1944ൽ എറണാകുളത്തെ വിശ്വനാഥൻ പ്രിന്‍റേഴ്സിൽ അച്ചടിച്ചു പുറത്തുവന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ബാല്യകാലസഖി’യെ കുറിച്ച്, 1944 ജൂൺ 26ന് വക്കം അബ്ദുൽ ഖാദർ ‘എം.എ.കെ’ എന്ന ചുരുക്കപ്പേരിൽ ‘ഭാരതചന്ദ്രിക’യിൽ എഴുതിയ ഗ്രന്ഥനിരൂപണം ശ്രദ്ധേയമായിരുന്നു: “...കലാസൗന്ദര്യത്തിൽ കൂടി ജീവിതയാഥാർഥ്യങ്ങളെ ധീരമായി എതിർത്ത ഒരു കൃതിയെന്ന നിലയിൽ ബാല്യകാലസഖി അഭിനവ കലാസാഹിത്യത്തിൽ സമുന്നതമായ ഒരു പദവി സമാർജിച്ചിരിക്കുന്നു... കല സൃഷ്ടിപരമായിരിക്കുന്നില്ലെങ്കിൽ അതിനു കത്തിജ്വലിച്ചു അനുവാചകഹൃദയങ്ങളിൽ ആഴ്ന്നിറങ്ങാൻ കഴിയാതെ വരും.

എന്നാൽ, മിസ്റ്റർ ബഷീറിന്‍റെ അപൂർവ കലാപ്രതിഭ അദ്ദേഹത്തിന്‍റെ ‘ബാല്യകാലസഖി’യെ നമ്മിൽ അസാധാരണ സൗന്ദര്യവിലാസത്തിൽകൂടി ആവേശിപ്പിച്ച് നമ്മിൽ ഒരു സ്ഥിര താമസക്കാരിയാക്കുന്നുണ്ട്. കലാകാരനായ ഒരു ഗ്രന്ഥകാരൻ കാണുന്നതിനെ അവന്‍റെ വായനക്കാരും കാണുകയും അവൻ അനുഭവിക്കുന്നതിനെ അവരും അനുഭവിക്കുകയും ചെയ്താലേ ആ ഗ്രന്ഥകാരൻ വിജയിക്കുകയുള്ളൂവെങ്കിൽ മിസ്റ്റർ ബഷീർ തന്‍റെ ഉദ്യമത്തിൽ അസൂയാർഹമായ വിജയം നേടിയിട്ടുണ്ട്. ഉൽകൃഷ്ടമായ ഒരു ഹൃദയത്തിൽ കൂടിയുള്ള ജീവിതത്തിന്‍റെ ഉൽകൃഷ്ടമായ ഒരു പ്രതിഫലനമായ ബാല്യകാലസഖി ഉൽകൃഷ്ടമായ നോവൽതന്നെ.’’21

എന്നാൽ ചിലർ പ്രത്യേകിച്ചും, ഹലീമാ ബീവിയെ കുറിച്ച് ആധുനിക കാലത്ത് എഴുതിയ ചില ലേഖനങ്ങളിലും കുറിപ്പുകളിലും ബഷീർ തന്‍റെ ‘ബാല്യകാലസഖി’ പ്രസിദ്ധീകരിച്ചത് ‘ഭാരതചന്ദ്രിക’യിലാണെന്ന അയാഥാർഥ്യത്തെ എഴുതിവെക്കുന്നതിനാണ് താൽപര്യപ്പെട്ടത്. 1944ൽ ‘ബാല്യകാലസഖി’ ആദ്യംതന്നെ പുസ്തകമായി അച്ചടിക്കുകയായിരുന്നുവെന്ന് ധാരാളം രേഖപ്പെടുത്തലുകളുണ്ട്. (കൊച്ചിയിലെ വിശ്വനാഥൻ പ്രിന്‍റേഴ്സിൽ അച്ചടിക്കാനായി നൽകിയ പ്രസ്തുത കൃതിയുടെ കൈയെഴുത്ത് കോപ്പിയിലെ വാചകങ്ങൾ വെട്ടിത്തിരുത്തി തനിമലയാളത്തിൽ, അച്ചടി ഭാഷയാക്കിയതിനെ ബഷീർ കഠാരകൊണ്ട് നേരിട്ടതായും തുടർന്ന് താൻ എഴുതി നൽകിയ വാമൊഴി ഭാഷയിൽ തിരുത്തി അച്ചടിപ്പിച്ചതും അദ്ദേഹത്തിന്‍റെ ജീവചരിത്രകാരന്മാർ വ്യക്തമാക്കുന്നുണ്ട്). മറ്റു ചിലർക്ക് ബഷീറിന്‍റെ ‘പാത്തുമ്മായുടെ ആട്’ പ്രസിദ്ധീകരിച്ചുവന്നത് ‘ഭാരതചന്ദ്രിക’യിലാണെന്ന് സമർഥിക്കുന്നതിലാണ് താൽപര്യം.

ചരിത്രത്തോട് നീതിപുലർത്താതെ, കൂടുതൽ അന്വേഷണങ്ങൾ നടത്താതെ തെറ്റായ വസ്തുതകൾ പലപ്പോഴും ഇങ്ങനെ കടന്നുവന്നിട്ടുണ്ട്. (കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി എം.എൻ. കാരശ്ശേരി തയാറാക്കിയ ബഷീറിന്‍റെ ജീവചരിത്രത്തിൽ പറയുന്നത്, തൃശൂരിലെ പെരിങ്ങാവിൽനിന്നും പി.കെ. ജാനകിയമ്മയുടെ മുഖ്യ പത്രാധിപത്യത്തിൽ പുറത്തുവന്ന വനിതാ ത്രൈമാസികത്തിലായിരുന്നു, ‘പാത്തുമ്മായുടെ ആട്’ (1955) പ്രസിദ്ധീകരിച്ചത് എന്നാണ്. കൂടാതെ, 1957ൽ തിരുവനന്തപുരത്തുനിന്നും എം. ഗോവിന്ദന്‍റെ പത്രാധിപത്യത്തിൽ പുറത്തുവന്ന ‘ഗോപുരം’ മാസികയിൽ പുനഃപ്രസാധനവും നടന്നിട്ടുണ്ട്). ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ച ബഷീറിന്‍റെ ‘കഥാബീജം’ എന്ന നാടകത്തിന് മഹാകവി ജി. ശങ്കരക്കുറുപ്പ് എഴുതിയ ആമുഖ കുറിപ്പ് ‘ഭാരതചന്ദ്രിക’യിൽ പ്രസിദ്ധീകരിച്ചിരുന്നു.22

(കൊല്ലത്തുനിന്നുള്ള ‘പ്രഭാതം’ മുതലായ പത്രികകളിലും ഈ കുറിപ്പ് പ്രസിദ്ധീകരിച്ചുകാണുന്നുണ്ട്. എറണാകുളത്ത് ബുക്ക് സ്റ്റാൾ നടത്തിവരുന്ന വേളയിൽ സമസ്ത കേരള സാഹിത്യപരിഷത്തിന്റെ പതിനാറാമത്തെ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിക്കാൻ ഒരു നാടകത്തിന്‍റെ ആവശ്യകത വന്നതിനാൽ അത്തരത്തിൽ ഒന്ന് എഴുതാൻ ജി. ശങ്കരക്കുറുപ്പ് വൈക്കം മുഹമ്മദ് ബഷീറിനെ നിർബന്ധിക്കുകയായിരുന്നു. ബഷീറിന്‍റെ നാടകമെഴുത്തിനെ കുറിച്ച് ആമുഖത്തിൽ ശങ്കരക്കുറുപ്പ് തമാശരൂപേണ പറയുന്നത്: “ആവശ്യപ്പെടുകയാണെങ്കിൽ നാടകരചനയുടെ ഭാരം ബഷീറിന്റെ കഷണ്ടിത്തല താങ്ങിക്കൊള്ളും.” നാടകം അരങ്ങേറിയത് മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിലായിരുന്നു.)

ഗ്രന്ഥനിരൂപണങ്ങൾക്ക് പ്രത്യേകസ്ഥാനം തന്നെ ‘ഭാരതചന്ദ്രിക’ നൽകി. നിരവധി ഗ്രന്ഥങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പത്രാധിപർ തയാറാക്കി നൽകിട്ടുണ്ട്. എം.പി. അപ്പന്റെ ‘ജീവിതോത്സവം’ എന്ന കൃതിയെക്കുറിച്ച് ‘ഭാരതചന്ദ്രിക’യിൽ വന്ന ഒരു പുസ്തകാഭിപ്രായം ഇപ്രകാരമായിരുന്നു: “സൗന്ദര്യാരാധകന്മാരുടെ ഗീതമായ റുബായിയത്തിന്‍റെ (ഉമർ ഖയ്യാം) ലളിതമായ തർജമ രാജശ്രീ എ.എൻ. തമ്പി അവറുകളുടെ പ്രൗഢമായ ആമുഖവും വെള്ളംകുളത്ത് കരുണാകരൻ നായരുടെ ഗംഭീരമായ അവതാരികയും അതി ലളിതമായ വ്യാഖ്യാനവും ചേർത്തിട്ടുള്ള ഇതിൽ ഫിറ്റ്സ് ജറാൾഡിന്‍റെ ഇംഗ്ലീഷ് മൂലകൃതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.” അതുപോലെ മറ്റൊരു ഉദാഹരണം, ‘ഗ്രന്ഥപരിചയം’ എന്ന നിലയിൽ വെട്ടൂർ രാമൻ നായർ രചിച്ച ചെറുകഥകളുടെ സമാഹാരമായ ‘താഴ്‌വരകൾ’ എന്ന കൃതിയെ അവതരിപ്പിക്കുന്നു: “ജീവിതത്തിന്‍റെ അടിവാരങ്ങളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന മനുഷ്യരാശിയുടെ തീവ്രയാതനകളെ ചിത്രീകരിക്കുന്ന ഒന്നാന്തരം കഥാസമാഹാരം”. ഇത്തരത്തിൽ ഗ്രന്ഥപരിചയമായി വന്നിരുന്ന പല പുസ്തകങ്ങളും തങ്ങളുടെ സ്വന്തം സംരംഭമായ ‘ഭാരതചന്ദ്രിക ബുക്ക് സ്റ്റാൾ’ വഴി പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത് വന്നിരുന്നവയും ആയിരുന്നു.

സാഹിത്യവായനയെ പരിപോഷിപ്പിക്കാനുള്ള പൊടിക്കൈകളും പത്രാധിപ നടത്തിവന്നിരുന്നു. 1945 ജനുവരി 29ന് ‘ഭാരതചന്ദ്രിക’ പ്രസിദ്ധീകരിച്ച ‘അഭിപ്രായസർവേ’ എന്ന ഒരു വിഭാഗത്തിൽ പത്രാധിപർ ആവശ്യപ്പെടുന്നത്: “നിങ്ങളുടെ അഭിപ്രായത്തിൽ ഓരോ മലയാളിയും വായിച്ചിരിക്കേണ്ട അമ്പത് പുസ്തകത്തിന്‍റെ പേര് എഴുതിയയച്ചുതരിക. തിരഞ്ഞെടുക്കുവാൻ നിങ്ങളെ പ്രേരിപ്പിച്ച കാര്യങ്ങൾ ഒന്നുംതന്നെ പറയേണ്ടതില്ല. ഇരുനൂറിൽ കൂടുതൽ വോട്ട് കിട്ടുന്ന ഗ്രന്ഥങ്ങളുടെ പേരുകളും കൂടുതൽ വോട്ട് കിട്ടുന്ന ഗ്രന്ഥത്തിന്റെ പേരും ‘ഭാരതചന്ദ്രിക’യിൽ പ്രസിദ്ധീകരിക്കുന്നതാണ്.”23

അതോടൊപ്പം തന്നെ വായനക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട 25 ലേഖകന്മാരുടെ പേരും ഉൾക്കൊള്ളിക്കുവാൻ ആവശ്യപ്പെടുന്നുണ്ട്. പുരോഗമന സാഹിത്യം സംബന്ധിച്ച് ചർച്ചകൾ, പ്രസ്താവനകൾ, സംഘടനകളുടെ രൂപവത്കരണം എന്നിവ പ്രസിദ്ധീകരിക്കുന്നതിലും ‘ഭാരതചന്ദ്രിക’ താൽപര്യം കാണിച്ചിരുന്നു. പുരോഗമന സാഹിത്യം സംബന്ധിച്ച് തിരുവനന്തപുരത്ത് രൂപംകൊണ്ട ‘പുരോഗമന സാഹിത്യ സമിതി’യെ കുറിച്ചുള്ള ഒരു വാർത്ത ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്:

1944 ജൂലൈ മാസം പി. കേശവദേവിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് യുവസാഹിത്യകാരന്മാരുടെ യോഗം ചേർന്ന് ‘പുരോഗമന സാഹിത്യ സമിതി’ എന്ന പേരിലൊരു സംഘത്തെ രൂപവത്കരിച്ചു. ബോധേശ്വനാണ് സംഘത്തിന്‍റെ പ്രസിഡന്‍റ്. എസ്. ഗുപ്തൻ നായർ സെക്രട്ടറി; എൻ. അപ്പുക്കുട്ടൻ മേനോൻ, ടി.എൻ. ഗോപിനാഥൻ നായർ, പെരുന്ന കെ.എൻ. നായർ എന്നിവർ അംഗങ്ങളായും സമിതി നിലവിൽ വന്നു.’’ അതേപോലെ, 1944 ജൂലൈ 24ന് തിരുവനന്തപുരം വൈ.എം.സി.എയിൽ കൂടിയ പുരോഗമന സാഹിത്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് പി. കേശവദേവ് നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം ‘ഭാരതചന്ദ്രിക’ പ്രസിദ്ധീകരിക്കുകയുണ്ടായി.

1944 ഡിസംമ്പർ 25ന് പുരോഗമന സാഹിത്യം സംബന്ധിച്ച് പള്ളത്തു രാമൻ എഴുതിയ ഒരു ലേഖനം ‘ഭാരതചന്ദ്രിക’യിൽ അച്ചടിച്ചു. ‘സാഹിത്യത്തിലെ നവയുഗം’ എന്ന പേരിൽ ചങ്ങനാശ്ശേരി എസ്.എൻ.ഡി.പി യോഗത്തിന്റെ സാഹിത്യ സമ്മേളനത്തിൽ ചെയ്ത പ്രസംഗത്തിന്റെ ലേഖനരൂപമായിരുന്നു അത്. പുരോഗമന സാഹിത്യം, നവോത്ഥാനത്തിനും പുത്തൻ ഉണർവിനും ഇടം നൽകുന്ന പ്രസ്ഥാനമായി ഉയരണമെന്ന കാഴ്ചപ്പാട് അതിൽ മുന്നോട്ടുവെക്കുന്നു. ജാതീയമായിട്ടുള്ള കടന്നുകയറ്റം ഒഴിവാക്കിക്കൊണ്ട് മനുഷ്യനെ മുൻനിർത്തിയുള്ള സാഹിത്യമാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്:

‘‘ജന്മംകൊണ്ടുള്ള ഉച്ചനീചത്വങ്ങൾ ജനകീയ ജീവിതത്തെ പുഴുക്കുരുള പിടിപ്പിക്കുന്ന കാലത്തോളം നമ്മുടെ തൂലികയെ അതിന്‍റെ ഉറക്കറയിൽ കിടന്നുറങ്ങുവാൻ അനുവദിക്കരുത്... സാഹിതി ക്ഷേത്രത്തിന്‍റെ നിലവിളക്കെരിയുന്ന തൃക്കോവിൽപോലും ജാതിയുടെയും ജന്മ കൃത്യമായ ഉച്ചനീചത്വങ്ങളുടെയും ഇരുളലകൾ തെളിഞ്ഞു പൊങ്ങികാണുന്നു... ജാതിയുടെ കരിപിടിച്ച അധ്യായത്തിലെ ഒരേടൊ അതിന്‍റെ കൂർത്ത നഖം പതിച്ച ഒരു പാടോ നമ്മുടെ സാഹിത്യത്തിൽ മഷിയിട്ടു നോക്കിയാൽപോലും കണ്ടെത്തരുത്... അജ്ഞതയും അന്ധതയും മനുഷ്യമനസ്സിൽ മാറാല കെട്ടിക്കുന്ന അട്ടക്കരി പിടിപ്പിക്കുന്ന പഴഞ്ചൻ പുരാണങ്ങളിലെ ദുർമേദസ്സല്ല ഇന്നാവശ്യം. സോദരി സോദരന്മാർക്ക് ഒന്നിച്ചിരുന്നു വായിക്കാനും വാദിക്കാനും കൊള്ളാവുന്ന സത്യസ്നേഹികളുടെ കഥകൊണ്ട് നിറഞ്ഞതാണ് ആ ഉത്തമസാഹിത്യം.’’24

പുരോഗമന സാഹിത്യ സംബന്ധമായ ചർച്ചയിൽ തകഴി ശിവശങ്കരപ്പിള്ളയുടെ ‘പുരോഗമനസാഹിത്യം’ (1945 ഫെബ്രുവരി 12) എന്ന ലേഖനവും കോട്ടയം സി.എം.എസ് കോളജിലെ ലെക്ചററായിരുന്ന സി.ഐ. രാമൻനായർ പുരോഗമന സാഹിത്യത്തെ അധികരിച്ചും അതിന്റെ പ്രോക്താക്കളെ അഭിനന്ദിച്ചും എഴുതിയ ‘പുരോഗമന സാഹിത്യം- നമ്മുടെ കഥാസാഹിത്യ ധർമഭടന്മാർ’ എന്നിങ്ങനെ ലേഖനങ്ങളും ‘ഭാരതചന്ദ്രിക’യിൽ വന്നു. ഉന്നതശീർഷരായ ചില സമകാലികർ നടത്തിയ യാത്രകളുടെ വിവരണം ‘ഭാരതചന്ദ്രിക’ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. അറബി അധ്യാപകനും കേരളത്തിൽ ആദ്യമായി അഫ്ദലുൽ ഉലമ ബിരുദം നേടിയ പണ്ഡിതനും എഴുത്തുകാരനുമായ മുഹമ്മദ് യൂസഫ് തങ്ങൾ നടത്തിയ ഡൽഹി യാത്രയുടെ വിവരണം നിരവധി ആഴ്ചകളിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ടിരുന്നു.

അക്കാലത്ത് ലോകത്തെയാകെ ഗ്രസിച്ച രണ്ടാം ലോകയുദ്ധ (1939-1945)ത്തിന്റെ തീവ്രത വരച്ചുകാട്ടുന്ന വിവരണങ്ങൾ ഉൾക്കൊള്ളിക്കുന്നതിലും ‘ഭാരതചന്ദ്രിക’ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യുദ്ധഭൂമിയിൽനിന്നുള്ള വാർത്തകളും യുദ്ധവുമായി ബന്ധപ്പെട്ട സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളും ഗോസിപ്പുകളും യുദ്ധപ്രദർശന വാർത്തകളും അവർ പ്രസിദ്ധീകരിച്ചു. തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തെ യുദ്ധം ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നതെന്ന് ഇത്തരം റിപ്പോർട്ടുകളിൽനിന്ന് വായിച്ചറിയാം. അതുപോലെ, യുദ്ധത്തിന്റെ ഭാഗമായി തിരുവിതാംകൂറിൽ ഉണ്ടായ ഭക്ഷ്യക്ഷാമത്തെക്കുറിച്ചും വിവിധ കാലങ്ങളിൽ നടന്ന യുദ്ധപ്രദർശനങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് നടന്ന പ്രദർശനം ജനങ്ങളെ യുദ്ധത്തിന്റെ വ്യാപ്തി മനസ്സിലാക്കി കൊടുക്കുന്നതിന് സഹായിച്ചുവെന്ന് ‘യുദ്ധപ്രദർശനം’ എന്ന തലക്കെട്ടിലെഴുതി വന്ന കുറിപ്പിൽ പറയുന്നുണ്ട്: “ആധുനിക യുദ്ധോപകരണങ്ങളായ തോക്കുകൾ, വിമാനനാശയന്ത്രങ്ങൾ, ടാങ്കുകൾ, കവചിത വാഹനങ്ങൾ, ബോംബുകൾ തുടങ്ങിയ നശീകരണ സാധനങ്ങളെക്കുറിച്ച് കേട്ടും പത്രങ്ങളിൽ വായിച്ചും സാമാന്യം ജ്ഞാനം സിദ്ധിച്ചിട്ടുള്ള നമുക്ക് അവയെല്ലാം നേരിൽ കാണുവാനൊരു അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമാണ്... ഇപ്പോഴത്തെ യുദ്ധം എത്ര ഭയാനകമാണെന്ന് പ്രദർശനത്തിൽനിന്ന് നമുക്ക് ശരിയായി മനസ്സിലാക്കാം.” മാത്രമല്ല, ‘യുദ്ധപ്രദർശനം’ എന്ന പേരിലുള്ള എക്സിബിഷൻ ഉദ്ഘാടനം ചെയ്തത് തിരുവിതാംകൂർ മഹാരാജാവായ ശ്രീചിത്ര തിരുനാൾ ബാലരാമ വർമയായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യൻ സർവസൈന്യാധിപനായിരുന്ന അക്കിൻലക് പ്രഭു തിരുവനന്തപുരത്ത് സന്ദർശനം നടത്തിവന്നിരുന്ന വേളയിൽ അദ്ദേഹവും ഈ പ്രദർശനോദ്ഘാടനത്തിൽ പങ്കുകൊണ്ടു. ഇന്ത്യൻ സൈന്യവുമായി 40 വർഷത്തെ പരിചയമുണ്ടെന്നും തിരുവിതാംകൂർ ഭടന്മാരുടെ കർമധീരതയെ മുക്തകണ്ഠം പ്രശംസിക്കുന്നതായും അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ ഉൾപ്പെട്ടിരുന്നുവെന്നും ‘ഭാരതചന്ദ്രിക’ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഐക്യകക്ഷികൾ ഈ യുദ്ധത്തിൽ സഹിക്കുന്ന വിഷമങ്ങളും ത്യാഗങ്ങളും മനസ്സിലാക്കാനും അവരെ സഹായിക്കാനും പ്രദർശനം ഉപകരിക്കുമെന്നും ശ്രീചിത്തിര തിരുനാൾ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും കുറിപ്പിലുണ്ട്.

തിരുവിതാംകൂറിന്റെ ബ്രിട്ടീഷ് വിയേധത്വം അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ പ്രകടമായിരുന്നു. തിരുവിതാംകൂറിലെ കാർഷിക വിഭവങ്ങൾ, ഗ്രാമോദ്ധാരണ വ്യവസായങ്ങൾ മുതലായവയുടെ പ്രായോഗിക വശങ്ങളും പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. തുടർന്ന് ‘യുദ്ധ സേവനപ്രദർശനവും മാതൃക ഗ്രാമവും’ എന്ന തലക്കെട്ടോടുകൂടിയ ഒരു കുറിപ്പും ‘ഭാരതചന്ദ്രിക’ പ്രസിദ്ധീകരിച്ചു: “പാങ്ങോട് പട്ടാളം മൈതാനിയിൽ 1945 ജനുവരി 12ന് തിരുവിതാംകൂർ രാജാവ് ഉദ്ഘാടനം ചെയ്ത ഇന്ത്യ ഗവൺമെന്റിന്റെ ലേബർ ഡിപ്പാർട്​െമന്‍റ് മാതൃകാഗ്രാമം, യുദ്ധാനന്തരം ഏത് രീതിയിലാണ് ഗ്രാമനിർമാണം എന്നു കാണിക്കുന്നതായിരുന്നു ഇത്. യുദ്ധ പ്രദർശനത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ മാതൃകാഗ്രാമം സൃഷ്ടിച്ചത്.”

തുടർന്നും തിരുവനന്തപുരത്ത് നടക്കുന്ന യുദ്ധ സേവന പ്രദർശനങ്ങളിലെ പ്രധാന കാര്യങ്ങളെ പരിചയപ്പെടുത്തുന്നു: ‘‘...യുദ്ധരംഗത്തെ നാവികസേനയുടെ യുദ്ധക്കപ്പലിന്‍റെ മാതൃക, 21 ഇഞ്ച് ഡോർപ്പിടോ, ഒരു മൈൻ, യന്ത്രത്തോക്കുകൾ, ഒരു ബാർജ് ബലൂൺ എന്നിവ ഉൾപ്പെട്ടിരുന്നു. ഒരു പട്ടണത്തിൽ വിമാനം ആക്രമണം നടക്കുന്ന രീതിയെക്കുറിച്ച് പ്രേക്ഷകർക്ക് ഏകദേശം ജ്ഞാനം പ്രദർശനം നൽകുന്നുണ്ട്. ഒരു ബട്ടൺ അമർത്തിയാൽ ഉടൻ ആക്രമണ സൂചനക്കായി സൈറൺ മുഴങ്ങുന്നതും, വിമാനങ്ങൾ ആകാശത്തിലേക്ക് ഉയരുന്നതും പട്ടണം തമസീകരിക്കപ്പെടുന്നതും അപായ ദൂരീകരണ സൂചനശബ്ദം മുഴങ്ങുന്നതും അത്ഭുതകരമാണ്.

 

വിവിധ യുദ്ധപ്രദർശനത്തിൽ പാരച്യൂട്ട് മുതലായവ ഉൾപ്പെടും. ടാങ്കുകൾ, കവചിത കാറുകൾ, തോക്കുകൾ, മൈനുകൾ എന്നിവയും പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു ടാങ്ക് യുദ്ധം പ്രദർശിപ്പിച്ചത് പ്രേക്ഷകരിൽ ഭീതിയുളവാക്കി. നാം പത്രങ്ങളിൽ വായിക്കുന്ന യൂറോപ്പിലെ രണാങ്കണങ്ങളിൽ നടക്കുന്ന സമരങ്ങളെ അനുസ്മരിപ്പിച്ചു. വിവിധതരം ജോലിക്കാരായ മൈനേഴ്സ്, സാപ്പേഴ്സ്, കൊല്ലപ്പണിക്കാർ, ഇലക്ട്രിക് വേലകൾ ചെയ്യുന്നവർ എന്നിവരെയും പ്രദർശനത്തിൽ കാണാമായിരുന്നു. അനവധി സാമഗ്രികൾ അടങ്ങിയ ഒരു വർക്ക്ഷോപ് ലോറിയും പ്രദർശനത്തിലുണ്ട്. സിഗ്നലന്മാർ, ഫീൽഡ് ടെലിഫോൺ വേല ചെയ്യുന്നവരും ഇവിടെ കാണാവുന്നതാണ്. ബ്രിട്ടീഷ്, ജർമൻ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ബോംബുകളുമിവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.”25

‘ഭാരതചന്ദ്രിക’യുടെ രക്ഷാധികാരികൾ

പത്രപ്രവർത്തന മേഖലയിൽ കുടുംബ പാരമ്പര്യമോ, പൂർവികസമ്പത്തോ കൈമുതലായുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല ഹലീമാ ബീവി. വായനക്കാരിൽനിന്നുള്ള വരിസംഖ്യയും പൊതുജനങ്ങളിൽ നിന്നുള്ള സഹായങ്ങളുമായിരുന്നു അവരുടെ ആകെയുള്ള കൈമുതൽ. മിക്കപ്പോഴും വരിസംഖ്യ പിരിഞ്ഞുകിട്ടാറില്ല; ഫലത്തിൽ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ‘ഭാരതചന്ദ്രിക’. അച്ചടിക്കുള്ള പേപ്പർ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ വാങ്ങാനും ജീവനക്കാർക്ക് ശമ്പളം നൽകാനും പണം തികയാതെ വരുമ്പോൾ ‘ഭാരതചന്ദ്രിക’യുടെ സഹായഹസ്തങ്ങൾ സമ്പന്നരായ വ്യക്തികളെ തേടിയെത്തുക പതിവായിരുന്നു.

കൂടാതെ വരിസംഖ്യ കുടിശ്ശിക വരുത്തിയ വരിക്കാരുടെ വീടുകളിലേക്ക് സഹായികളെയോ കുടുംബക്കാരെ കൂട്ടി ചെന്ന് വാങ്ങുകയെന്നതും തന്‍റെ ഒരു കർത്തവ്യമായി അവർ കണ്ടിരുന്നു. ഒപ്പം തന്നെ സ്വന്തമായി അച്ചുകൂടം ആരംഭിക്കാനുള്ള സാമ്പത്തിക സഹായങ്ങളും ഹലീമാ ബീവി തേടിക്കൊണ്ടിരുന്നു. സമ്പന്നരായ മുസ്​ലിം സമുദായംഗങ്ങളിൽനിന്ന് രക്ഷാധികാരികൾ എന്നനിലയിൽ ‘ഭാരതചന്ദ്രിക’യുടെ പ്രവർത്തനത്തിനായി ഫണ്ട് സ്വരൂപണം അവർ നടത്തിവന്നിരുന്നു: “പറയത്തക്ക മൂലധനം എന്നും കൂടാതെ പൊതുജന സഹായത്തെ മാത്രം പ്രതീക്ഷിച്ച് ആരംഭിച്ച് പ്രവർത്തിച്ചുവരുന്ന ‘ഭാരതചന്ദ്രിക’യുടെ അഭിവൃദ്ധി അതിന്റെ രക്ഷാധികാരികളായിച്ചേർന്നു പ്രവർത്തിച്ചുവരുന്നവരിൽതന്നെയാണ്.”

1944 ഡിസംബർ നാലിന് പുറത്തിറങ്ങിയ ലക്കത്തിൽ ‘ഭാരതചന്ദ്രിക’യുടെ രക്ഷാധികാരി എന്നനിലയിൽ ആറു പേരുകൾ പരാമർശിക്കുന്നുണ്ട്. എം.കെ. മുഹമ്മദ് (ആലുവ), വി.എം. സെയ്തു മുഹമ്മദ് റാവുത്തർ (കാഞ്ഞിരപ്പള്ളി), പി. സെയ്തു മുഹമ്മദ് റാവുത്തർ (ചേനപ്പാടി), പി.കെ. കൊച്ചുമക്കാരു ഹാജി (ഈരാറ്റുപേട്ട), കെ. മൈതീൻ കുഞ്ഞ് (കൊല്ലം), കെ.ഒ. അസ്സൻ ബാവ റാവുത്തർ (കോട്ടയം). ഇതിൽ അവസാനം പേരു പരാമർശിക്കുന്ന വ്യക്തി സമീപകാലത്താണ് രക്ഷാധികാരിയായി ചേർന്നതെന്ന് പ്രസ്താവനയുണ്ട്. അതേ ലക്കത്തിൽ വന്ന ‘പുതിയ രക്ഷാധികാരി’ എന്നൊരു കുറിപ്പിൽ ഇങ്ങനെ വായിക്കാവുന്നതാണ്: “ഞങ്ങൾ കഴിഞ്ഞ ലക്കത്തിൽ പ്രസ്താവിച്ചിരുന്നതനുസരിച്ച് കോട്ടയത്തെ ഒരു വണിക്ശ്രേഷ്‌ഠനും സമുദായ സ്നേഹിയുമായ ജനാബ് കെ.ഒ. അസ്സൻബാവാ റാവുത്തർ അവർകൾ ‘ഭാരതചന്ദ്രിക’യുടെ ഒരു രക്ഷാധികാരിയാരിയായി ചേർന്നു.

50 രൂപയ്ക്ക് ഒരു ചെക്ക് അയച്ചുതന്നത് നന്ദിപൂർവം കൈപ്പറ്റിയിരിക്കുന്നു. പറയത്തക്ക മൂലധനം ഒന്നും കൂടാതെ പൊതുജനസഹായത്തെ മാത്രം പ്രതീക്ഷിച്ച് ആരംഭിച്ച ഭാരതചന്ദ്രിക ഒരുകൊല്ലമായി നാൾക്കുനാൾ അഭിവൃദ്ധിപ്പെട്ടു വരുന്നതിൽ ഹൃദയമുള്ളവർ സന്തോഷിക്കുമെന്നും അതിന്‍റെ സാമ്പത്തിക നില സുരക്ഷിതമാകുന്നതിനുവേണ്ടി രക്ഷാധികാരികളായി ചേർന്നും മറ്റുവിധത്തിലും സഹായിക്കുമെന്നും ഞങ്ങൾക്കുറപ്പുണ്ട്. മി. അസ്സൻ ബാവാ റാവുത്തരുടെ സന്മനസ്സിനും പ്രത്യേകം നന്ദി പറഞ്ഞുകൊള്ളുന്നു.”

 

ഇത്തരത്തിൽ പത്രത്തിന്‍റെ നടത്തിപ്പിനെ സാമ്പത്തികമായി സഹായിക്കാൻ കഴിവുള്ളവരുടെ സഹായം കാലാകാലങ്ങളായി തേടിവന്നിരുന്നു. ഇതിൽ ചേനമ്പാടി തേക്കുംതോട്ടത്തിൽ പി. സൈതു മുഹമ്മദ് റാവുത്തർ അയച്ചുനൽകിയ 15 രൂപ സന്തോഷത്തോടെ കൈപ്പറ്റിയതായും ‘ഭാരതചന്ദ്രിക’യുടെ മുന്നോട്ടുള്ള പ്രയാണത്തിന് അവ ഗുണകരമായി വിനിയോഗിക്കുന്നതാണെന്നും 1945 ജനുവരി 22ന് വന്ന ലക്കത്തിൽ അറിയിക്കുന്നുണ്ട്.

അതുപോലെതന്നെ, ‘ഭാരതചന്ദ്രിക’ രക്ഷാധികാരി ആയ കാഞ്ഞിരപ്പള്ളി സ്വദേശിയും പ്രമാണിയുമായിരുന്ന വി.എം. സെയ്തു മുഹമ്മദ് റാവുത്തർ സമൂഹത്തിന് നൽകിയിട്ടുള്ള സംഭാവനകളെക്കുറിച്ച് ‘ഭാരതചന്ദ്രിക’ വിശേഷാൽപ്രതി (1947)യിൽ ഒരു ലേഖനം തന്നെ നൽകിയിട്ടുണ്ട്: ‘‘...സമ്പാദിച്ചു കൂട്ടിയിരിക്കുന്ന ധനം എന്തുചെയ്യണമെന്ന് ചിന്തിച്ചു നെഞ്ചത്ത് കൈവച്ച് വീർപ്പുമുട്ടുന്ന ധനികന്മാർക്ക് മുന്നിൽ അദ്ദേഹം തന്റെ ഖജനാവ് തുറന്നിട്ടു. 1099 മുതൽ റംസാനിൽ 500 രൂപയിൽ തുടങ്ങിയ സക്കാത്ത് വർഷംതോറും വർദ്ധിപ്പിച്ച് കഴിഞ്ഞവർഷം പതിനായിരം രൂപയാക്കി. 1116ൽ 12000 രൂപ ചിലവ് ചെയ്ത് കോട്ടയം ആശുപത്രിയിൽ സൈതു മുഹമ്മദ് വാർഡ് സ്ഥാപിച്ചു. തലയോലപ്പറമ്പ് ആശുപത്രിക്ക് 5000 രൂപയും കാഞ്ഞിരപ്പള്ളി ആശുപത്രിയിലേക്ക് പതിനായിരം രൂപയും അദ്ദേഹം ചെലവഴിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി ജുമുഅത്ത് പള്ളിക്കും റോഡിനുമായി 80,000 രൂപയും കാഞ്ഞിരപ്പള്ളി എം.എം സ്കൂളിന് 12000 രൂപയും ചിലവാക്കി പുതുക്കുന്നതിനുള്ള സന്മനസ്സ് മി. റാവുത്തർക്കുണ്ടായത് കാഞ്ഞിരപ്പള്ളിക്ക് ഒരു അനുഗ്രഹമാണ്. ഈരാറ്റുപേട്ടയിൽ പ്രശസ്തമായി നടത്തിവരുന്ന ഹസനിയാ മദ്രസയിൽ തൈക്കാവ് സ്ഥാപിക്കുന്നതിന് ഒരു ഭാഗം ചിലവ് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ അറബിക് ചെയറിനായി 5000 രൂപ സംഭാവന ചെയ്തിട്ടുള്ളതിന് പുറമേ മറ്റു സ്ഥലങ്ങളിലുള്ള മുസ്​ലിം സ്ഥാപനങ്ങൾക്ക് ഗണ്യമായ തുക അദ്ദേഹം ചിലവിട്ടിട്ടുണ്ട്... മി. സെയ്ത് മുഹമ്മദ് റാവുത്തർക്കുള്ള മറ്റൊരു ഗുണവിശേഷം ധനികനോടും ദരിദ്രനോടും മുതലാളിയോടും തൊഴിലാളിയോടും സാമാന്യമായി അടുത്ത് പെരുമാറുന്നതിൽ മഹാമനസ്കതയാണ്. ആർക്കും ഏത് സമയത്തും അദ്ദേഹത്തെ സമീപിക്കുന്നതിന് കാര്യമായ പ്രതിബന്ധങ്ങൾ ഇല്ല.’’ 26

തിരുവല്ലയിലെ ‘ഭാരതചന്ദ്രിക’യുടെ ഓഫിസും ഇത്തരത്തിൽ സമുദായ ഉദ്ധാരണ പ്രവർത്തനങ്ങൾക്കുവേണ്ടി വേദിയൊരുക്കിയ ചരിത്രം പറയുന്നുണ്ട്. 1120 മകരം 25ന് തിരുവല്ല താലൂക്കിലെ മുസ്​ലിംകളുടെ ഓരോ യോഗം പി.ബി. അലിക്കുഞ്ഞിന്‍റെ നേതൃത്വത്തിൽ നടന്നുവെന്നും ‘തിരുവല്ല മുസ്​ലിം യുവജന സമാജം’ എന്ന പേരിൽ ഒരെ സംഘടന രൂപവത്കരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നും ‘ഭാരതചന്ദ്രിക’ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാത്രമല്ല, അതിന്‍റെ യൂനിറ്റുകൾ എല്ലാ മഹല്ലുകളിലും സ്ഥാപിക്കാനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനിക്കുകയുണ്ടായിയെന്നും സൂചിപ്പിക്കുന്നുണ്ട്.

(തുടരും)

കുറിപ്പ്

20. ഭാരതചന്ദ്രിക, വാല്യം 2, ലക്കം 8, 1120 കുംഭം 15

21. ഭാരതചന്ദ്രിക, വാല്യം-1, ലക്കം- 25, 1944 ജൂൺ 26

22. ഭാരതചന്ദ്രിക, വാല്യം 2 , ലക്കം 3, 1945 ജനുവരി 25

23. ഭാരതചന്ദ്രിക, വാല്യം: 2 ലക്കം: 4, 1122 മകരം 16.

24. ഭാരതചന്ദ്രിക, വാല്യം- 1, ലക്കം-47, 1120 ധനു 11

25. ഭാരതചന്ദ്രിക, വാല്യം 2, ലക്കം 2, 1120 മകരം 2/ 1944 ജനുവരി -15

26. ഭാരതചന്ദ്രിക വിശേഷാൽ പ്രതി, 1947, പു. 64

Tags:    
News Summary - Haleema Beevi and the Legacy of Bharatha Chandrika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.