നന്മ കാംക്ഷിച്ച എഡിറ്റോറിയലുകൾ

അധ്യായം -9 രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളെ കുറിച്ചും ലോകം നേരിടുന്ന വലിയ വിപത്തുകളെ സംബന്ധിച്ചും ‘ഭാരതചന്ദ്രിക’ വലിയ കവറേജ് നൽകി. ഇതുസംബന്ധിച്ച് മുഖപ്രസംഗങ്ങളും എഴുതി. അതോടൊപ്പം മുസ്​ലിം ജനത ഐക്യപ്പെടേണ്ടതിന്റെയും വിദ്യാഭ്യാസ ഉന്നതി കൈവരിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചും ഗൗരവമായ ചർച്ചകൾക്ക് ‘ഭാരതചന്ദ്രിക’ നേതൃത്വം നൽകി. തിരുവിതാംകൂറിൽ വധശിക്ഷ നിർത്തൽ ചെയ്തുള്ള വിളംബരം പുറത്തുവന്നതിനെ അഭിനന്ദിച്ചുകൊണ്ട് 1944 നവംബർ 27ന് ‘ഭാരതചന്ദ്രിക’ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തോട് ഏതാണ്ട് കിടപിടിക്കുന്ന ഒന്നായിട്ടാണ് ഈ പ്രഖ്യാപനത്തെ അവർ...

അധ്യായം -9

രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളെ കുറിച്ചും ലോകം നേരിടുന്ന വലിയ വിപത്തുകളെ സംബന്ധിച്ചും ‘ഭാരതചന്ദ്രിക’ വലിയ കവറേജ് നൽകി. ഇതുസംബന്ധിച്ച് മുഖപ്രസംഗങ്ങളും എഴുതി. അതോടൊപ്പം മുസ്​ലിം ജനത ഐക്യപ്പെടേണ്ടതിന്റെയും വിദ്യാഭ്യാസ ഉന്നതി കൈവരിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചും ഗൗരവമായ ചർച്ചകൾക്ക് ‘ഭാരതചന്ദ്രിക’ നേതൃത്വം നൽകി.

തിരുവിതാംകൂറിൽ വധശിക്ഷ നിർത്തൽ ചെയ്തുള്ള വിളംബരം പുറത്തുവന്നതിനെ അഭിനന്ദിച്ചുകൊണ്ട് 1944 നവംബർ 27ന് ‘ഭാരതചന്ദ്രിക’ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തോട് ഏതാണ്ട് കിടപിടിക്കുന്ന ഒന്നായിട്ടാണ് ഈ പ്രഖ്യാപനത്തെ അവർ മുഖപ്രസംഗത്തിൽ സാദൃശ്യപ്പെടുത്തിയത്: “ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ ഔദ് എന്ന നാട്ടുരാജ്യം വധശിക്ഷ നിർത്തൽ ചെയ്തിട്ടുണ്ടെങ്കിലും ഒരു സുപ്രധാന നാട്ടുരാജ്യമായ തിരുവിതാംകൂറിൽ അത് നടപ്പിലാക്കിയപ്പോഴാണ് അതിന്‍റെ മാഹാത്മ്യം വർധിച്ചത്. ഒരുവന്റെ ദുഷ്ട പ്രവൃത്തിക്ക് അവനെ കൊന്നു കളഞ്ഞാൽ അവനതൊരു അനുഗ്രഹം മാത്രമാണ്, പശ്ചാത്താപംകൊണ്ട് അവനെ നന്നാക്കിയെടുക്കുകയാണ് ഈ തിരുവെഴുത്തുകൊണ്ട് സാധിക്കുന്നത്.”

1944 ഡിസംബർ നാലിന് ‘യുദ്ധ അവലോകനം’ എന്ന തലക്കെട്ടിൽ രണ്ടാം ലോകയുദ്ധത്തിന്റെ ഒരു വിശകലനം നൽകിയിട്ടുണ്ട്. യുദ്ധത്താൽ അവശത അനുഭവിക്കുന്ന ജനതക്കു മുന്നിൽ ബ്രിട്ടൻ നയിക്കുന്ന സഖ്യത്തെ പിന്തുണക്കുന്ന നിലപാടാണ് പത്രാധിപർക്ക് എന്ന് തോന്നിപ്പോകും: “ലോകത്തിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നശീകരണ സാമഗ്രികളും ജർമനി തയാറാക്കി കഴിഞ്ഞിരിക്കുന്നു. യുദ്ധാവസാനം ജർമനി തോൽപിക്കപ്പെട്ടാൽ ലോകസമാധാനത്തെ കൂടക്കൂടെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ജർമൻ രാഷ്ട്രത്തിന്റെ ക്രൗര്യം നശിപ്പിച്ച് അതിനെ നാമാവശേഷമാക്കി തീർക്കുമെന്ന് ഐക്യകക്ഷി നായകന്മാർ പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ജർമനി പൂർണമായി മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നതിനാൽ അവരുടെ ജീവൻ മരണ പോരാട്ടംതന്നെയാണ് ഇപ്പോൾ നടക്കുന്നത്.

വൈരാഗ്യവും ക്രൂരതയും പ്രതികാരവാഞ്ഛയും ജർമൻ ജനതതിക്ക് ഇതര ജനതയെക്കാൾ കൂടുതലാണെന്ന് വിശ്വസിക്കപ്പെടുന്നു... ഐക്യസേന ജർമനിയിൽ പ്രവേശിച്ചു കഴിഞ്ഞെങ്കിലും അവരുടെ മനോവീര്യം ഇതുവരെ നശിച്ചുകഴിഞ്ഞിട്ടില്ല, അവരുടെ പുതിയ പുതിയ കണ്ടുപിടിത്തം ജനങ്ങൾക്ക് കൂടുതൽ വിശ്വാസവും മനോദാർഢ്യവുമരുളുന്നവയാണ്. ജർമൻ രഹസ്യായുധങ്ങൾ ഇംഗ്ലണ്ടിൽ വരുത്തിക്കൂട്ടുന്ന നാശങ്ങൾ ചില്ലറയല്ലെന്ന് പ്രധാനമന്ത്രിതന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. കിഴക്ക് ജപ്പാന്റെ ശക്തിയും നാൾക്കുനാൾ വർധിച്ചുവരുന്നു. ചൈനയുടെ ഏറിയ കൂറും അവരുടേതായി കഴിഞ്ഞിരിക്കുന്നു.”

തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഗോപാലമേനോൻ ജോലിയിൽനിന്ന് പിരിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം ട്രെയിനിങ് കോളജിൽ ദീർഘകാലം പ്രിൻസിപ്പലായിരുന്ന എ.എൻ. തമ്പി പുതിയ വിദ്യാഭ്യാസ ഡയറക്ടറായി സ്ഥാനമേറ്റു. 1945 ജനുവരി 25ന്, ആയതിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു മുഖപ്രസംഗം ‘ഭാരതചന്ദ്രിക’ പ്രസിദ്ധീകരിച്ചു. തിരുവിതാംകൂർ വിദ്യാഭ്യാസചരിത്രത്തെ ചെറിയ രീതിയിൽ അതിൽ പരാമർശിക്കുകയും ചെയ്യുന്നുണ്ട്:

“...കൊല്ലവർഷം 1039 (1864)ൽ മദ്രാസ് സർവകലാശാലക്കാർ മെട്രിക്കുലേഷൻ പരീക്ഷക്ക് മലയാളം ഉപഭാഷയായി സ്വീകരിച്ചു. അതോടുകൂടി തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണം പരിപുഷ്ടമായി. തിരുവിതാംകൂറിൽ വിദ്യാഭ്യാസ ഡിപ്പാർട്​മെന്‍റ് സ്ഥാപിതമായ കാലം മുതൽക്ക് പരിഷ്കൃത മാനസരായ പല മേലധ്യക്ഷന്മാരും ഭരണം നടത്തിയിട്ടുണ്ട്. അവരുടെയെല്ലാം മേൽനോട്ടത്തിൻ ഫലമായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് ഇന്നീ നിലയിലെത്തിയിട്ടുള്ളത്.”35

ഒരുകാലത്ത് സാധാരണക്കാരുടെ ഭക്ഷണമായിരുന്നു മരച്ചീനിയുടെ വിവിധ രൂപങ്ങളിലുള്ള പദാർഥങ്ങൾ. 1939ൽ പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോകയുദ്ധവും സാമ്പത്തിക മാന്ദ്യവും ജനങ്ങളെ വറുതിയുടെ കയങ്ങളിലേക്ക് തള്ളിവിട്ടു. സാധാരണ ജനങ്ങൾക്ക് വിശപ്പടക്കുന്നതിനുള്ള പ്രധാന ഭക്ഷണമായി വർത്തിച്ചിരുന്ന മരച്ചീനിപ്പൊടിയുടെ വ്യാപാരത്തെ നിയന്ത്രിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതിനെ കുറിച്ച് പരാമർശിക്കുന്ന എഡിറ്റോറിയൽ (1945 ജനുവരി 29): “...തിരുവിതാംകൂറിൽ അടുത്തകാലത്ത് വരെ മരച്ചീനിപ്പൊടി വ്യവസായം നടന്നുകൊണ്ടിരുന്നപ്പോൾ അത് സാധുക്കൾക്ക് വലിയ അനുഗ്രഹമായിരുന്നു.

പക്ഷേ, യാതൊരു നിയന്ത്രണവും കൂടാതെ കണ്ടവരുടെ ഇഷ്ടംപോലെ നടത്തിക്കൊണ്ടിരുന്ന വ്യവസായത്തിന്റെ അപഥയാനം ഗവൺമെന്‍റ് ക്ഷണം കണ്ടറിഞ്ഞു. അങ്ങനെയത് നിർത്തൽ ചെയ്തു. ഇപ്പോൾ വീണ്ടും ആ വ്യവസായത്തിനു വേണ്ട സൗകര്യം നൽകിയിരിക്കുന്നു. പക്ഷേ, അത് നിയന്ത്രണാധീനമാണ്. യാതൊരു കാരണവശാലും ലൈസൻസ് കൂടാതെ 50 റാത്തലിൽ കൂടുതൽ പൊടികൊണ്ട് കച്ചവടം നടത്തണമെങ്കിൽ പ്രത്യേകമായൊരു ഫോറത്തിൽ ലൈസൻസിന് അപേക്ഷിച്ചിരിക്കേണ്ടതാണ്. കച്ചവടക്കാർ തങ്ങളുടെ ചരക്ക് ഗവൺമെന്‍റ് കൺട്രോളർക്ക് മാത്രമേ വിൽക്കാൻ പാടുള്ളൂ. വെളിയിലുള്ള കേന്ദ്രങ്ങളുമായി കച്ചവടം നടത്തണമെങ്കിൽ അനുവാദത്തോടുകൂടി, കൺട്രോളറുടെ പക്കൽനിന്നും മേടിച്ചുകൊള്ളണം. പൊടി വ്യവസായം മേൽപ്പറഞ്ഞ നിയന്ത്രണത്തോട് നടത്തിയാൽ തീർച്ചയായും അഭിവൃദ്ധിയെ പ്രാപിക്കുന്നതാണ്.”36

1945 ഫെബ്രുവരി അഞ്ചിലെ എഡിറ്റോറിയൽ തിരുവിതാംകൂറിലെ മുസ്​ലിംകളുടെ സംഘടനാപ്രശ്നത്തെ കുറിച്ചാണ്. നിരവധി ചെറുസംഘടനകളായി ഭിന്നിച്ച് നിന്നിരുന്നവയെല്ലാം ചേർന്ന് ഒരൊറ്റ സംഘടനയായി മാറാൻ താൽപര്യം കാണിച്ചുവന്ന ഒരു ഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു മുഖപ്രസംഗം വന്നത്: “...ഏതൊന്നിന്റെയും പുരോഗമനത്തിന് സംഘടിത മനോഭാവം അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയ പുരോഗതിക്ക് രാഷ്ട്രീയസംഘടനകളും സാമ്പത്തിക പുരോഗതിക്ക് സാമ്പത്തിക സംഘടനകളും സാമുദായിക പുരോഗതിക്ക് സാമുദായിക സംഘടനകളും നിരവധിയുണ്ട്.

സംഘടനകളുടെ ഫലമായി ലോകമനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ പുരോഗമനത്തെ കുറിച്ച് സ്വപ്നംപോലും കാണാത്ത ഒരു സമുദായമുണ്ട് –അതാണ് മുസ്​ലിം സമുദായം. സംഘടനകൾകൊണ്ട് ലോകത്തിന് എത്രമാത്രം പുരോഗതി ഉണ്ടാക്കാം എന്ന് സ്പഷ്ടമായി കാണിച്ചുകൊടുത്ത സമുദായമാണ് മുസ്​ലിം സമുദായം. എന്നാൽ, ഇന്നാകട്ടെ ആ സമുദായം മനസ്സിലാക്കുന്നില്ല സംഘടന ശക്തി എന്നാലെന്താണെന്ന്.

ഇന്ന് ലോകത്ത് മുസ്​ലിംകൾക്കുള്ള സാമുദായികസ്ഥാനം എന്താണെന്ന് ചിന്തിക്കുമ്പോൾ നാം ഏവരും ലജ്ജിച്ചു തലതാഴ്ത്തേണ്ടിവരും. ഒരു തുർക്കിയുടെ മേന്മയിൽ സന്തോഷിക്കുന്നവർ കണ്ടേക്കാം. എന്നാൽ ആ തുർക്കിക്ക് എത്രമാത്രം സ്ഥാനമാണുള്ളതെന്ന് അവിടുന്ന് ചിന്തിച്ചുനോക്കട്ടെ. അടുത്തകാലത്ത് മുസ്​ലിം ലോകത്തിന് ആസകലം ഒരു ഉണർവ് ഉണ്ടായിട്ടുണ്ട്; ഇന്ത്യയിൽനിന്നാണ് ഉദിച്ചുപൊങ്ങിയതെന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ട ആവശ്യമില്ല. സകലതുറകളിലും അധഃകരിക്കപ്പെട്ട ഒരു സമുദായമാണ് ഇന്ത്യയിലെ മുസ്​ലിം സമുദായം... ഈ പരിവർത്തനദിശയിൽ തിരുവിതാംകൂർ മുസ്​ലിംകൾ കൈക്കൊണ്ടിരിക്കുന്ന നയം ആശാസ്യമാണെന്ന് പറയാൻ നിവൃത്തിയില്ല. മതബോധം, സമുദായബോധം മുതലായവ ഇവിടത്തെ മുസ്​ലിംകൾക്ക് ചുരുങ്ങും.

നമ്മുടെ കഴിവുകൾ നാം മനസ്സിലാക്കുന്നില്ല. തിരുവിതാംകൂർ മുസ്​ലിംകൾ –സ്ത്രീയും പുരുഷനും വൃദ്ധനും ബാലനും– കന്യാകുമാരി മുതൽ നിരന്നുനിന്നാൽ വടക്കൻ പരവൂരും കടന്ന് കൊച്ചിരാജ്യത്തേക്ക് പോകുന്നതാണ്. എന്നിട്ടും നാം ആഗണ്യരായി കഴിയുന്നത് ലജ്ജാവഹമെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. നമുക്കും സംഘടനകൾ ഉണ്ട്. പക്ഷേ നമ്മുടെ സംഘടനകൾ സംഘടനയുടെ പരമപ്രയോജനാർഥം രൂപീകരിക്കപ്പെട്ടവയല്ല. സ്ഥാനത്തിനും മാനത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ചില വ്യക്തികൾ അവരുടെ വ്യക്തിമഹാത്മ്യം ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നതിനു വേണ്ടി മാത്രമാണ് ഇവിടെ സംഘടനകൾ സൃഷ്ടിച്ചത്. തിരുവിതാംകൂർ മുസ്​ലിംകളെ ആസകലം ആവരണം ചെയ്തുകൊണ്ടുണ്ടായിട്ടുള്ള ഒന്ന്, രണ്ട് സംഘടനകളുടെ പരമമായ ഉദ്ദേശം എന്താണെന്ന് നാം ഇതിനകം മനസ്സിലാക്കി കഴിഞ്ഞു.

അവയുടെ ജനസ്വാധീനവും ഒന്നിലധികം തവണ തെളിഞ്ഞിട്ടുണ്ട്. അതിനാൽ ഉണർവും പ്രസരിപ്പുമുള്ള മുസ്​ലിം യുവാക്കൾ മുന്നോട്ട് വരട്ടെ; പ്രതാപത്തിനും കീർത്തിക്കും വേണ്ടി സമുദായത്തെ ചൂഷണംചെയ്യുന്ന നേതൃമാന്യന്മാരെ അണിയറയിലേക്ക് തള്ളിമാറ്റട്ടെ. തിരുവിതാംകൂറിനെയാസകലം ബാധിക്കുന്ന സംഘടനകൾ തൽക്കാലം രൂപീകരിക്കാൻ സാധ്യമല്ലെങ്കിൽ പ്രാദേശികസംഘടനകൾകൊണ്ട് തൃപ്തിപ്പെടാം. അങ്ങനെയും മാന്യമായനിലയിൽ നടന്നുവന്നിരുന്ന ‘ചിറയിൻകീഴ് താലൂക്ക് മുസ്​ലിം സമാജം’ മുതലായ സംഘടനകൾ തിരുവിതാംകൂർ ഒട്ടൊകെ ഇടക്കാലത്ത് ഉണ്ടായ ഒരു മഹാമാരിയിൽപെട്ട് നാമാവശേഷമായി പോയിട്ടുണ്ട്; അവ ഉദ്ധരിക്കപ്പെടണം. അപ്പോൾ സമുദായം ഉദ്ധൃതമാകും. ആത്മാർത്ഥമായി, നിസ്വാർത്ഥമായി പ്രവർത്തിക്കുവാൻ ശേഷിയും ശേമുഷിയുമുള്ള നേതാക്കൾ അപ്പോൾ നമുക്കുണ്ടാകും. ഏതായാലും ഇത്തരുണത്തിൽ തിരുവിതാംകൂർ മുസ്​ലിംകൾ നെടുമഹാനിദ്ര ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അങ്ങനെ മാത്രമേ സമുദായത്തിന് പുരോഗതി ഉണ്ടാകുകയുള്ളൂ.”37

തുടർന്നുണ്ടായ ഏകസംഘടന രൂപവത്കരണത്തിൽ ഹലീമാ ബീവികൂടി പങ്കാളിയായിരുന്നു എന്നതാണ് ചരിത്രം. മിക്കവാറും വർഷങ്ങളിൽ നബിദിന വിശേഷാൽ പതിപ്പിറക്കി തങ്ങളുടെ വായനക്കാരെ തൃപ്തിപ്പെടുത്തുന്നതിൽ ‘ഭാരതചന്ദ്രിക’ താൽപര്യം കാണിച്ചിരുന്നു. അതോടൊപ്പം എല്ലാ നബിദിനങ്ങളിലും പ്രത്യേക സന്ദേശം നൽകുന്ന മുഖപ്രസംഗങ്ങളും എഴുതിവന്നിരുന്നു. മിക്കപ്പോഴും ഇത്തരം ആഘോഷങ്ങളെ വിമർശനബുദ്ധിയോടെ സമീപിക്കുന്നതിനും ‘ഇസ്​ലാഹി’ ആശയസങ്കൽപങ്ങൾക്കനുസരിച്ച് അവതരിപ്പിക്കുന്നതിനും ഹലീമാ ബീവി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

1945 ഫെബ്രുവരി 12ന് നബിദിന സന്ദേശമായി നൽകിയ എഡിറ്റോറിയൽ നോക്കുക: “...ദൈവദൗത്യം അവസാനമായും പൂർണമായും ജനസമക്ഷം അവതരിപ്പിച്ചത് മുഹമ്മദ് നബി തിരുമേനിയാണ്. ക്രിസ്തുവർഷം 570 ൽ അജ്ഞാനാന്തകാര ആവൃദ്ധമായി കഴിഞ്ഞിരുന്ന അറബി ജനതയുടെ മധ്യത്തിൽ നബി തിരുമേനി ജാതനായി... ആ പുണ്യപുരുഷൻ ഭൂജാതനായ ദിവസം ആഹ്ലാദത്തോടു സ്മരിക്കുക എന്നത് എല്ലാ മുസ്​ലിംകളുടെയും കർത്തവ്യവുമാണ്. നബിദിനാഘോഷത്തിൽ കേരള മുസ്​ലിംകൾ കാണിച്ചുകൂട്ടുന്ന ചില ആചാരവൈകല്യങ്ങൾ ഈ സന്ദർഭത്തിൽ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.

കേരളം വിവിധ മതങ്ങളുടെ ഒരു സങ്കേതമാണ്... അനാവശ്യമായ ആഘോഷങ്ങളും ഈശ്വരനെ മറന്നുള്ള പ്രവർത്തനങ്ങളും ഇസ്​ലാം കർശനമായി നിരോധിക്കുന്നു. എന്നാൽ, സാമാന്യമായി നോക്കിയാൽ മനുഷ്യർ ആഡംബരങ്ങളിലും ആഘോഷങ്ങളിലും അതിതൽപരരാണ്. ഇതര മതസ്ഥർക്ക് കണ്ണും കരളും കുളിർപ്പിക്കുന്ന നിരവധി ആഘോഷങ്ങളുണ്ട്, ഉത്സവങ്ങളുണ്ട്. അനേക തലമുറകളായി ഈ ഉത്സവങ്ങളും മറ്റും കണ്ടുകൊണ്ടിരിക്കുന്ന കേരള മുസ്​ലിമിന് അവ പകർത്തിയാൽ കൊള്ളാമെന്ന് അതിയായ ആശയുണ്ട്... അധഃപതനത്തിന്റെ വക്കിലായ കേരള മുസ്​ലിം ജനതയുടെ ഉത്കർഷത്തിനു വേണ്ട പരിപാടികൾ നാം സ്വീകരിക്കേണ്ടതാണ്.

 

രണ്ടാം ലോകയുദ്ധ കാലത്തെ ഒരു സൈനിക നീക്കം

ഇസ്​ലാംമതത്തെക്കുറിച്ച് മുസ്​ലിംകൾക്കും ഇതര മതസ്ഥർക്ക് ഉള്ള തെറ്റിദ്ധാരണകൾ നീക്കുവാൻ വേണ്ട സൗകര്യം നൽകുവാൻ ഈ സന്ദർഭം വിനിയോഗിച്ചാൽ കൊള്ളാം. അതിനാൽ ഈ നബിദിനാഘോഷങ്ങളോടൊന്നിച്ച് മുസ്​ലിം ജനതയുടെ പുരോഗമനപാതയിലെ തടസ്സങ്ങൾ നീക്കുവാൻ ശ്രമിക്കേണ്ടതാണ്. സംഘടനകളില്ലാതെ ഒറ്റതിരിഞ്ഞുനിൽക്കുന്ന മുസ്​ലിം സമുദായം നബിദിനത്തിൽ ഓരോ സംഘടനകൾ രൂപീകരിച്ചാൽ അത് നമ്മുടെ മഹത്തായൊരു നേട്ടമായിരിക്കും. ചേർത്തലയിലും മറ്റും അതിനുവേണ്ട അടിസ്ഥാനങ്ങൾ അവർ ഇട്ടുകഴിഞ്ഞിട്ടുണ്ട്. നബിദിനത്തിൽ ഇതുപോലെയുള്ള ഓരോ സംഘടനകൾ രൂപീകരിക്കാൻ മുസ്​ലിംകളോട് അപേക്ഷിച്ചുകൊള്ളുന്നു.”38

സർക്കാറിന്‍റെ ശ്രദ്ധയിലേക്ക് സമുദായത്തിന്റെ ആവശ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനുള്ള ഇടപെടലുകളും മുഖപ്രസംഗങ്ങളാക്കി അവർ മാറ്റിയിരുന്നു. 1945 മാർച്ച് 19ന് എഴുതിയ എഡിറ്റോറിയൽ, തിരുവിതാംകൂറിലെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിൽ ഒരു മുസ്​ലിം അംഗത്തെ ഉൾക്കൊള്ളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു: “തിരുവിതാംകൂർ മുസ്​ലിംകൾ വിദ്യാഭ്യാസപരമായി വളരെ പിന്നണിയിലാണ് നിൽക്കുന്നത്. ഇന്ത്യയിൽ ഇസ്​ലാം അനുഭവിക്കുന്ന ദുരിതങ്ങൾ അവർണനീയങ്ങളാണ്.

ലോകത്തിൽ ഏറ്റവും കൂടുതലായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ള മതം ഇസ്​ലാമാണ്. ഇന്ത്യയിലെ എല്ലാ സാഹിത്യവും തങ്ങളാൽ കഴിയുന്നത്ര ഇസ്​ലാമിനെ വിസ്മൃതമാക്കിയിട്ടുണ്ട്. കേരള ഭാഷാസാഹിത്യവും ഒട്ടും പിന്നാക്കമല്ല. മുസ്​ലിംകളെ കുറിച്ച് എന്തുതന്നെ എഴുതിയാലും ആരും ചോദിക്കുവാനില്ലായെന്ന് ധാരണയുണ്ട്. ആ ധാരണക്ക് ഉപോദ്ബലകമായ പരിതഃസ്ഥിതികളും അനുകൂലിക്കുന്നുണ്ട്. തെറ്റിദ്ധാരണകൾ ഒരുകാലത്തും മാറുന്നതല്ലല്ലോ? വിദ്യാലയ ഭിത്തികൾക്കുള്ളിൽനിന്ന് ലഭിക്കുന്ന സംസ്കാരം അതിബൃഹത്തായിരിക്കും. അങ്ങനെ ഇസ്​ലാമിന്‍റെ നേരെ അവജ്ഞ ജനിപ്പിക്കുന്ന പല ഗ്രന്ഥങ്ങളും ഇതിനകം ടെക്സ്റ്റ് ബുക്കുകളായി കഴിഞ്ഞിട്ടുണ്ട്. മഹാരാജാവ് തിരുമനസ്സിനെ ഗവൺമെന്റിന്റെ ഔദാര്യത്തിൽ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിൽ മുസ്​ലിം അംഗത്തെകൂടി ചേർത്തുവന്നിരുന്നതിനാൽ ഇടക്കാലത്ത് പരമതവി​േദ്വഷം പള്ളിക്കൂടങ്ങളിൽ കയറിയിരുന്നില്ല.

എന്നാൽ, ഇപ്പോഴാകട്ടെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിൽ ഒരു മുസ്​ലിം മെമ്പർ ഇല്ലാത്തത് എത്രയും പരിതാപകരമായിരിക്കുന്നു. ‘ലോകാലോക’ങ്ങളും മറ്റും നിഷ്പക്ഷമായി നിരൂപണം ചെയ്യാൻ കഴിവുള്ള ഏത് സഹൃദയനും നിഷ്കരുണം ഓടയിൽ വലിച്ചെറിയുകയേ ഉള്ളൂവെങ്കിലും, അവ കൂടിയും വലിഞ്ഞും സ്കൂളുകളിൽ കയറിയത് പരിതാപകരമെന്നേ പറയേണ്ടതുള്ളൂ. അതിനാൽ ടെക്സ്റ്റ് കമ്മിറ്റിയിൽ ഒരു മുസ്​ലിം അംഗത്തെക്കൂടി ചേർക്കണമെന്ന് ബഹുമാനപ്പെട്ട ഗവൺമെന്‍റിനോടും ഡയറക്ടറോടും അപേക്ഷിച്ചുകൊള്ളുന്നു.”

1945 മേയ് ഏഴിന് ‘വിദ്യാഭ്യാസ നവീകരണം’ എന്ന തലക്കെട്ടിൽ വന്ന വളരെ നീണ്ട ഒരു മുഖപ്രസംഗം ശ്രദ്ധേയമായിരുന്നു. തിരുവിതാംകൂറിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഗുണവും ദോഷവും വിശകലനം ചെയ്യുന്ന ഒന്നായിരുന്നു അത്: “ആധുനിക വിദ്യാഭ്യാസപദ്ധതികൾ മനുഷ്യസമുദായത്തിന്റെ ഉത്കർഷത്തിന് എത്രയും അപര്യാപ്തമാണെന്ന് മനസ്സിലായിട്ട് കാലം അധികമായിട്ടുണ്ട്. പദ്ധതിയിൽ വേണ്ടത്ര മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത നല്ലതിൻവണ്ണം കണ്ടറിഞ്ഞ് വിദ്യാഭ്യാസ പരിഷ്കർത്താക്കൾ നവീനപദ്ധതികൾ പലതും ആരാഞ്ഞുവരുകയായിരുന്നു. വിദ്യാഭ്യാസം മനുഷ്യരുടെ അത്യാവശ്യങ്ങൾക്ക് തരുന്നവയായിരിക്കണമെന്ന ആദർശത്തെ മുൻനിർത്തി പ്രവർത്തനമാരംഭിക്കുന്നതിനായിട്ടാണ് വിദ്യാഭ്യാസ വിദ്യാപ്രവീണനായ മിസ്റ്റർ പോപ്പുവർത്തിന്റെ അധ്യക്ഷതയിൽ ഒരു വിദ്യാഭ്യാസ കമ്മിറ്റി തിരുവിതാംകൂറിൽ രൂപീകൃതമായിട്ടുള്ളത്.

വിദ്യാഭ്യാസ കമ്മിറ്റി നടപ്പിൽവരുത്താൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളുടെ ഓരോ സ്ഥൂലവിവരണം നമുക്ക് നൽകിയിട്ടുണ്ട്. ഇന്നത്തെ പദ്ധതിയിൽനിന്നും അത് ഏതെല്ലാം വിധത്തിൽ വിഭിന്നമായിരിക്കുന്നുവെന്ന് നോക്കാം. ഒന്നാമതായി, പ്രാഥമിക വിദ്യാഭ്യാസകാലം അഞ്ച് വർഷമായി വർധിപ്പിക്കുകയും പ്രസ്തുത വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയുടെ മറ്റേത് ഭാഗത്തേക്കാളും മുന്നിൽതന്നെയാണ് സാക്ഷരത്വത്തിൽ തിരുവിതാംകൂർ നിൽക്കുന്നതെങ്കിലും ഇതര പരിഷ്കൃത രാജ്യങ്ങളെപോലെ സാക്ഷരത്വം 100 ശതമാനം ആയി വർധിപ്പിക്കുവാനായിട്ടാണ് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കിയിരിക്കുന്നത്.

പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു വിദ്യാർഥിക്ക് മാതൃഭാഷയ്ക്ക് പ്രാധാന്യം കൽപിച്ചിട്ടുള്ളതും പ്രയോജ കലാപഠനത്തിന് പ്രത്യേകം സൗകര്യം നൽകിയിട്ടുള്ളതുമായ മിഡിൽ സ്കൂളിൽ ചേർന്നു പഠിക്കാവുന്നതാണ്. അതുകഴിഞ്ഞാൽ ഇന്നത്തെ ഹൈസ്കൂളിന്റെ സ്ഥാനത്ത് രണ്ട് സ്കൂളുകൾ പ്രത്യക്ഷപ്പെടുന്നു. സാധാരണയായി വിദ്യാഭ്യാസത്തിൽ പ്രത്യേക താൽപര്യം ഉള്ളവർക്ക് അക്കാദമി സ്കൂളും മറ്റുള്ളവർക്ക് ടെക്നിക്കൽ സ്കൂളും തെരഞ്ഞെടുക്കാവുന്നതാണ്. ഈ പരിഷ്കാരം എത്രയും ഉചിതമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. സാധാരണ വിദ്യാഭ്യാസത്തിൽ നൈപുണ്യമില്ലാത്തവരും എന്നാൽ ഇതര കലകളിൽ പ്രത്യേക വാസനയുള്ളവരുമായ വിദ്യാർഥികൾ ഇന്ന് നിരവധിയുണ്ട്.

രക്ഷാകർത്താക്കളുടെ നിർബന്ധം ഒന്നുകൊണ്ടുമാത്രം സ്കൂളിൽ പോയി തോറ്റു തോറ്റു ആയുസ്സ് മുഴുവൻ വ്യർഥമാക്കിക്കളയുന്ന വിദ്യാർഥികൾക്ക് ഈ പദ്ധതി ഒരു അനുഗ്രഹംതന്നെയായിരിക്കും. തൊഴിൽപരമായ വിദ്യാഭ്യാസത്തിൽ താൽപര്യമുള്ളവർക്ക് ഈ പദ്ധതി വേണ്ട സഹായം ചെയ്തുകൊടുക്കുന്നുണ്ട്. കലാലയ വിദ്യാഭ്യാസം മൂന്നു കൊല്ലംകൊണ്ട് അവസാനിക്കുന്നതാണ്. പക്ഷേ ഒരു പ്രവേശന പരീക്ഷക്കു ശേഷം മാത്രമേ കലാലയ പഠനം അനുവദിക്കുകയുള്ളൂ. കലാലയത്തിൽ അപ്ലൈഡ് സയൻസിന് പ്രാധാന്യം കൽപിക്കുന്നതാണ്. പ്രത്യക്ഷത്തിൽ കാര്യമാത്ര പ്രസക്തവും തൽക്കാല പരിതഃസ്ഥിതിക്ക് എത്രയും അനുയോജ്യവുമായ ഈ പദ്ധതിയാണ് നമുക്ക് നൽകപ്പെട്ടിട്ടുള്ളത്. എന്നാൽ, അതിന്‍റെ ചില അവശതകൾകൂടി ചൂണ്ടിക്കാണിക്കാമെന്ന് കരുതുന്നു.

ഒരു ഭാരതീയന്റെ ശരാശരി ആയുസ്സ് 23 ആണ്. ഇവിടത്തെ ഒരു വിദ്യാർഥിക്ക് ഇന്നത്തെ സാമാന്യ വിദ്യാഭ്യാസം ലഭിക്കുന്നത് തന്നെ ഏതാണ്ട് അത്രയും കാലം വേണ്ടിവരുന്നു. പുരുഷായുസ്സിൽ അതിപ്രധാനമായ യൗവനം ഒരാൾ കേവലം വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിച്ചിട്ട് വിസ്മൃതിയിലേക്ക് മറയുകയാണ് ചെയ്യുന്നത്. ജീവിതത്തിന്‍റെ സുന്ദരഭാഗം മുഴുവൻ വിദ്യാഭ്യാസത്തിന് വിനിയോഗിക്കുന്നതുമൂലം ഒരാൾക്ക് അവന്‍റെ ആസ്വാദ്യമായ ജീവിതം അനുഭവിച്ചു രസിക്കാനുള്ള സമയം വളരെ പരിമിതമായി ഭവിക്കുന്നു. അനാവശ്യമായ കാലദീർഘം വരുത്തുന്ന ഇന്നത്തെ പദ്ധതിയൊന്ന് പരിഷ്കരിക്കേണ്ടിയിരിക്കുന്നു.

 

അതിൽ സാമാന്യേന യാതൊരു കൈകടത്തലുമില്ലെന്നുള്ളത് സ്പഷ്ടമാണ്. രണ്ടാമതായി, തിരുവിതാംകൂർപോലെയുള്ള ഒരു ചെറിയ രാജ്യത്തിൽ നിരവധി സാങ്കേതിക വിദ്യാസമ്പന്നരുണ്ടായാലുള്ള അവസ്ഥ പരിതാപകരമായിരിക്കും. ഇന്നത്തെ ബിരുദധാരികളുടെ അനുഭവംതന്നെ അന്നത്തെ സാങ്കേതിക വിദ്യാർഥികൾക്കും ഉണ്ടായിത്തീരുന്നതാണ്. മൂന്നാമതായി, ഇത്രത്തോളം വിപുലമായ ഒരു വിദ്യാഭ്യാസ പദ്ധതി ഉടനെ നടപ്പിൽവരുത്തത്തക്കവണ്ണം തിരുവിതാംകൂറിലെ സാമ്പത്തികസ്ഥിതി അത്ര സുരക്ഷിതമായിരിക്കുകയാണെന്ന് തോന്നുന്നില്ല. ഈ പദ്ധതി നടപ്പിൽ വരുത്തുന്നതിന് ഒരു വമ്പിച്ച മൂലധനം വേണ്ടിവരുമെന്നത് നിസ്തർക്കമാണല്ലോ? ഏതായാലും പദ്ധതിയിലുള്ള പ്രായോഗിക വൈകല്യങ്ങൾ ദൂരീകരിച്ചാൽ അത് സസന്തോഷം സ്വീകാര്യമായിരിക്കുകതന്നെ ചെയ്യും.”

1945 മേയ് 15ന് വന്ന ‘യുദ്ധാവസാനം’ എന്ന പേരിലുള്ള മുഖപ്രസംഗം ലോകമാകെ പടർന്നുപിടിച്ച രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളെ കുറിച്ച് വിശകലനം ചെയ്യുന്ന ഒന്നായിരുന്നു: “യൂറോപ്പൊട്ടാകെ രക്തപ്പുഴയൊഴുക്കായിരുന്ന ക്രൂരമായ ജർമൻ സമരം 298 ആഴ്ചകൾ നീണ്ടുനിന്നതിനുശേഷം അവസാനിച്ചിരിക്കുന്നു. സ്വബലത്തിലുള്ള അമിതവിശ്വാസവും സ്വതസിദ്ധമായ ഔദ്ധത്യംമൂലം ജർമനി ഈ സാഹസകൃത്യത്തിനു ചാടിപ്പുറപ്പെട്ടു. മിന്നൽവേഗത്തിൽ യൂറോപ്പിലുള്ള എല്ലാ രാജ്യങ്ങളും പിടിച്ചടക്കി. ലോകത്തിലെ മഹാശക്തിയായ ഫ്രാൻസ് നൊടിയിടയിൽ വീണടിഞ്ഞു. തന്മൂലം ജർമനി അഹംഭാവ തിമിരാന്ധയായിത്തീർന്നു. നിരന്തരവിജയം റഷ്യനാക്രമണത്തിനു ജർമനിയെ പ്രേരിപ്പിച്ചു.

ലോകത്തെയാസകലം അമ്പരപ്പിച്ചുകൊണ്ടു റഷ്യൻ തലസ്ഥാനമായ മോസ്കോയുടെ വാതിലിൽ ജർമൻസേന ചെന്നുമുട്ടി. ആ നിമിഷം മുതൽ ജനകീയഭരണത്തിന്‍റെ പ്രഭാവവും ബോൾ​െഷവിസത്തിന്‍റെ ശക്തിയും വെളിപ്പെട്ടു. അജയ്യമെന്നു കരുതപ്പെട്ടിരുന്ന ജർമൻ സൈന്യം ആദ്യമായി പരാജിതമായി. ഇതിനകം മാർഷൽ റോമലിന്‍റെ നേതൃത്വത്തിൽ ജർമൻകാർ ഈജിപ്റ്റിന്റെ പരിസരങ്ങളിലെത്തി. മോണ്ടുഗോമറിയുടെ സൈന്യം അവരെ പലായനം ചെയ്യിച്ചു. അതിനിടക്ക് ഒരു വമ്പിച്ച അമേരിക്കൻ സൈന്യം ടുണീഷ്യായിലിറങ്ങി. ജർമൻകാർക്കു താമസമന്യേ ആഫ്രിക്ക നഷ്ടപ്പെട്ടു. ഉടൻതന്നെ ഐക്യസേന സിസിലി ​െകെവശമാക്കി ഇറ്റലിയിൽ പ്രവേശിച്ചു. ഫാഷിസ്റ്റു ജനയിതാവായ മുസോളിനിയുടെ ഗവൺമെന്‍റ് തകർന്നു. ജർമൻകാർക്ക് ഇറ്റലിയിലും യുദ്ധംചെയ്യേണ്ടതായിവന്നു.

പശ്ചിമ രംഗത്തെ പടയിറക്കം ഏതു നിമിഷവും ജർമനി പ്രതീക്ഷിച്ചു. വമ്പിച്ച നാശങ്ങളോടുകൂടെയെങ്കിലും ഐക്യകക്ഷികൾ അതു സാധിച്ചു. കാലക്രമത്തിൽ ഫ്രാൻസിനെ മുക്തമാക്കി. വടക്കുകിഴക്കുനിന്നു റഷ്യയും തെക്കുനിന്നും അമേരിക്കയും ബ്രിട്ടനും ജർമനിയെ ഞെരുക്കി. വമ്പിച്ച സീജ്‌ഫ്റീഡും തകർന്നു. മുസോളിനിയെ പഴിച്ചുകൊണ്ടു ഹിറ്റ് ലർ യുദ്ധരംഗത്തു മരിച്ചുവീണു. പിൻഗാമിയായ ഡോണസ്റ്റും നിരുപാധികം കീഴടങ്ങുകയും ചെയ്തു. ഇംഗ്ലണ്ടിലും അമേരിക്കയിലും വിജയാഘോഷങ്ങൾ തകൃതിയായി നടക്കുന്നു.

റഷ്യമാത്രം മൗനം ദീക്ഷിക്കുന്നു. പരസ്‌പരവിശ്വാസം ഐക്യകക്ഷികൾ തമ്മിലില്ലാതായിരിക്കുന്നു. ജർമനിയുടെ ഭാഗധേയം എന്തായാലും ഇനി വിജയികൾ നിർണയിക്കുന്നതാണ്. യൂറോപ്യൻ വിജയം ജപ്പാന് ഹാലിളക്കമുണ്ടാക്കിയിരിക്കുന്നു. ബോർണോയും ജാവായും പകുതിയിലധികം പിടിച്ചുകഴിഞ്ഞു... ജപ്പാൻ പരാജയത്തിൽനിന്നു രക്ഷനേടാൻ പല പദ്ധതികളും തയാറാക്കി വരുന്നു. അസംതൃപ്ത ഘടകമായ റഷ്യയെ ഒരുപകരണമാക്കിയേക്കാനും മതി. അങ്ങനെ വരികയാണെങ്കിൽ ഈ യുദ്ധം അവസാനിക്കാൻ ഇനിയും കാലതാമസം നേരിട്ടേക്കാം. എന്തായാലും ബ്രിട്ടനും അമേരിക്കയും അതിനു സൗകര്യം നൽകുകയില്ലെന്നാശിക്കാം.”

(തുടരും)

കുറിപ്പ്

35. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 4, 1120 മകരം 16/ 1945 ജനുവരി 25

36. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 4, 1120 മകരം 16/ 1945 ജനുവരി 25

37. ഭാരതചന്ദ്രിക, വാല്യം: 2 , ലക്കം 5, 1120 മകരം 23/ 1945 ഫെബ്രുവരി 5

38. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം 6, 1120 മകരം 30 / 1945 ഫെബ്രുവരി 12

Tags:    
News Summary - Haleema Beevi’s Wartime Editorials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.