അധ്യായം -5
സ്ത്രീകളുടെ സാമൂഹികമായ മുന്നേറ്റത്തിന് തന്റെ മാസിക ഒരു നിമിത്തമാവണം എന്ന നിർബന്ധബുദ്ധി ഹലീമാ ബീവിക്കുണ്ടായിരുന്നു. അങ്ങനെ ‘മുസ്ലിം വനിത’ എന്ന പേരിലുള്ള മാസികയിൽനിന്ന് ‘മുസ്ലിം’ എന്ന പദം ഒഴിവാക്കി ‘വനിത’ എന്നുമാത്രമാക്കി. കൂടാതെ, ‘ഭാരതചന്ദ്രിക’ എന്നപേരിൽ ഒരാഴ്ചപ്പതിപ്പും ദിനപത്രവുംകൂടി ഹലീമാ ബീവി നടത്തിപ്പോന്നു.
സ്ത്രീകളുടെ അവസ്ഥ എല്ലാ സമുദായങ്ങളിലും ഒരുപോലെയാണെന്ന തിരിച്ചറിവ് ഹലീമാ ബീവിയിൽ ഉണ്ടായിരുന്നു. വീടകങ്ങളിൽ ഒതുങ്ങിക്കഴിയുന്ന വനിതകൾക്ക് ആശയവും ആവേശവും ആകുന്ന തരത്തിൽ തന്റെ മാസിക മാറണമെന്ന ചിന്ത അവരിൽ വന്നുചേർന്നു. കുറച്ചുകൂടി മതേതര സമീപനത്തോടെ തന്റെ മാസിക അണിയിച്ചൊരുക്കാൻ അവർ തയാറായി. അതിനുവേണ്ടി അവർ ‘മുസ്ലിം വനിത’യെന്ന പേര് ‘വനിത’ എന്നാക്കി മാറ്റി.
1943 മാർച്ച് 16ന് തന്റെ ആദ്യ സംരംഭമായ ‘മുസ്ലിം വനിത’യുടെ ലൈസൻസിന് പകരം ‘വനിത’ എന്ന പേരിൽ പുതിയ മാസിക ലൈസൻസ് കരസ്ഥമാക്കി. അങ്ങനെ, 1943 ഏപ്രിലിൽ പുറത്തുവന്ന ആറാം വാല്യം ഒന്നാം ലക്കം മുതൽ ‘വനിത’ എന്ന പേരിലാണ് മാസിക പുറത്തുവന്നത്. എങ്കിലും നിലവിലുണ്ടായിരുന്ന ‘മുസ്ലിം വനിത’യുടെ കെട്ടിലും മട്ടിലും തുടർച്ച തേടുന്നതായിരുന്നു അത്. മുമ്പ് എഴുതിവന്നിരുന്ന പലരും തുടർന്നും സഹകരിച്ചുവന്നു.
‘വനിത’ എന്ന പേരിൽ മാസിക തുടങ്ങിയതോടെ പല പുതുമകളും ഹലീമാ ബീവി സ്വീകരിച്ചു. തന്റെ ‘വനിത’യുടെ ലെറ്റർ ഹെഡിൽ ‘കേരളത്തിലെ സ്ത്രീകളുടെ സാംസ്കാരിക വികാസത്തിനായി ഉഴിഞ്ഞുവെക്കപ്പെട്ട ഏക സ്വതന്ത്രമാസിക’/ ‘The only independent magazine chiefly devoted for the cultural life of the Kerala Women’ എന്ന തലവാചകം അവർ ഉൾക്കൊള്ളിച്ചു. തിരുവല്ലയിലെ സെന്‍റ് ജോസഫ് പ്രിന്റിങ് ഹൗസിൽനിന്നായിരുന്നു ‘വനിത’ മാസിക ഏറെക്കാലവും അച്ചടിച്ചിരുന്നത്. ഓരോ ലക്കവും 28-30 പുറങ്ങളിലായി കഥകളും കുറിപ്പുകളും കവിതകളുംകൊണ്ട് സമ്പന്നമാക്കാൻ ഹലീമാ ബീവി പ്രയത്നിച്ചു. മിക്ക ലക്കത്തിലും കഥകൾക്കും കവിതകൾക്കും പുറമേ ലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന രണ്ടാം ലോകയുദ്ധത്തിന്റെ റിപ്പോർട്ടിങ്ങുകളും ഉണ്ടായിരുന്നു. മിക്കതും ബ്രിട്ടീഷ് രാജ് നൽകിവന്നിരുന്ന ജർമനിയെ കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളായിരുന്നു.
ലഭ്യമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച്, മികച്ച കവർചിത്രങ്ങൾ നൽകാനും ഫോട്ടോ ജേണലിസത്തിന്റെ ഭാഗമായി നൽകാൻ കഴിയുന്ന ചിത്രങ്ങൾകൂടി ഉൾക്കൊള്ളിക്കാനും പത്രാധിപ പരിശ്രമിച്ചു. കവർചിത്രങ്ങളെല്ലാംതന്നെ ചിത്രകാരന്മാരാൽ തയാറാക്കപ്പെടുന്ന ചിത്രീകരണങ്ങളോ ഭൂപരിപ്രേക്ഷ്യങ്ങളോ ഉൾക്കൊള്ളിക്കാനായിരുന്നു അവർ താൽപര്യം കാണിച്ചിരുന്നത്. വളരെ കുറച്ച് ലക്കങ്ങളിൽ ചിത്രങ്ങളൊന്നും ഉൾക്കൊള്ളിക്കാതെയും പുറത്തുവന്നിരുന്നു. എന്നാൽ ചില ലക്കങ്ങൾ, പ്രത്യേകിച്ചും വിശേഷാൽ പ്രതികൾക്ക് അതുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചിത്രങ്ങൾ നൽകിയിരുന്നു.
അക്കാലത്തെ പത്രമാസികകളുടെ ഒരു പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു വിശേഷാൽ പതിപ്പുകൾ പുറത്തിറക്കുകയെന്നത്. ബ്രിട്ടീഷ് ഇന്ത്യയിലാണെങ്കിൽ, ഇംഗ്ലണ്ടിലെ സിംഹാസനാധിപന്മാരുടെയും രാജകുടുംബങ്ങളുടെയും കിരീടധാരണം, ജന്മദിനം, രാജ്യം പങ്കെടുത്ത യുദ്ധവിജയങ്ങൾ, സൈനിക മുന്നേറ്റങ്ങൾ എന്നിവക്ക് വിശേഷാൽ പതിപ്പുകൾ ഇറക്കിയിരുന്നു. എന്നാൽ, നാട്ടുരാജ്യങ്ങളിലും ഇത്തരത്തിൽ പതിപ്പുകൾ ഇറക്കുന്നതിനെ അധികാരികൾ പ്രോത്സാഹിപ്പിച്ചിരുന്നു. 1943ല്‍ വിശേഷാൽപ്രതിയുടെ അച്ചടിയുമായി ബന്ധപ്പെട്ട് സർക്കാറിൽനിന്ന് ലഭ്യമാക്കാനുള്ള കടലാസ് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ കത്തിൽ തുടർച്ചയായി ഏഴു വർഷക്കാലം തങ്ങൾ തിരുവിതാംകൂർ അമ്മ മഹാറാണിയുടെ തിരുനാൾ പ്രത്യേക പതിപ്പ് പുറത്തിറക്കിവന്നിരുന്നുവെന്ന് ഹലീമാ ബീവി പ്രസ്താവിക്കുന്നുണ്ട്.
അതോടൊപ്പംതന്നെ, ശ്രീചിത്തിര തിരുനാളിന്റെ വിശേഷാൽപ്രതി പതിവുപോലെ വരും വർഷവും മുടക്കമില്ലാതെ അച്ചടിക്കാനാവശ്യമായ കടലാസുകൂടി നൽകണമെന്നും അഭ്യർഥിക്കുന്നുണ്ട്. അതിനായി 18 പൗണ്ട് തൂക്കം വരുന്ന 12 റീം പേപ്പർ സൗജന്യമായി നൽകാൻ സർക്കാർ തയാറായതായി രേഖകളിൽ കാണുന്നു.16
‘മുസ്ലിം വനിത’യുടെയോ ‘വനിത’യുടെയോ ലക്കങ്ങൾ അധികമായി ഒന്നുംതന്നെ അവശേഷിച്ചുകാണുന്നില്ല. എന്നിരുന്നാലും ചില ലക്കങ്ങൾ കണ്ടെടുക്കപ്പെടുകയും പൊതുമണ്ഡലത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, മണ്ണാർക്കാട്ടെ കെ. ജേക്കബ് തോമസ് മെമ്മോറിയൽ സൗഹൃദയ പബ്ലിക് ലൈബ്രറിയിൽനിന്നും കണ്ടെടുത്ത ‘വനിത’യുടെ കോപ്പികൾ സ്കാൻ ചെയ്ത് ഗ്രന്ഥപ്പുര ഓൺലൈൻ പോർട്ടൽ (gpura.org/ granthapura.com) വഴി പൊതുമണ്ഡലത്തിൽ എത്തിക്കുന്നതിൽ ഷിജു അലക്സ് എന്ന ഗവേഷകൻ നടത്തിവന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. അതിലൂടെ ലഭ്യമായ ‘വനിത’യുടെ ചില ലക്കങ്ങളാണ് അവയെക്കുറിച്ച് കൂടുതൽ അടുത്തറിയാനായി സഹായിച്ചത്.
സമകാലികരും വളരെയൊന്നും ശ്രദ്ധനേടാതെ പോയവരുമായ നിരവധി വിദൂഷികളുടെ വിഭവങ്ങൾ ‘വനിത’യിൽ ഉൾപ്പെടുത്താൻ ഹലീമാ ബീവി ശ്രമിച്ചിരുന്നു. തൽഫലമായി സ്ത്രീ വായനക്കാർക്ക് താൽപര്യം വരുന്ന നിരവധി ലേഖനങ്ങളും കുറിപ്പുകളും കവിതകളും ‘വനിത’യിൽ പ്രത്യക്ഷപ്പെട്ടു വന്നു. കൊ.വ. 1118 മിഥുനത്തിൽ (1943 CE) പുറത്തുവന്ന ഏഴാം വാല്യം നാലാം ലക്കത്തിൽ ഒരു കഥമാത്രമാണ് ഉൾപ്പെട്ടിരുന്നത്. കെ. സരസ്വതിയമ്മയുടെ ‘എന്ത് പേരിടണം’ എന്നതായിരുന്നു അത്.
പറവൂർ ടി.ആർ. വിമല എഴുതിയ ‘ആത്മാർപ്പണം’, ‘ഇടയ്ക്കിടം’, കെ. പങ്കജാക്ഷി അമ്മ എഴുതിയ ‘ലോകമേ! മറന്നേക്കൂ’ എന്നീ കവിതകൾ; സുമതി എന്ന നാമത്തിൽ ‘സ്ത്രീ അന്നും ഇന്നും’ എന്ന കുറിപ്പ്, പന്മനയിലെ എം.എം. സാലി എഴുതിയ ‘നബി തിരുമേനിയുടെ ജീവിത മാതൃക’, നല്ലില്ല സ്വദേശി വിദ്വാൻ ടി.സി. യോഹന്നാൻ രചിച്ച ‘നേതാവ്’, കെ.എ. സുകുമാരൻ എഴുതിയ ‘സ്ത്രീകളും ഗൃഹഭരണവും’, ഇ.കെ. കാർലോസ് എഴുതിയ ‘വിവാഹവും പ്രേമവും’, ‘സോവിയറ്റ് റഷ്യയിലെ ജീവിതരീതി’ എന്ന ലഘു ഗ്രന്ഥത്തിൽ നിന്ന് എടുത്ത ‘സോവിയറ്റ് റഷ്യയിലെ സ്ത്രീകൾ’ തുടങ്ങിയവക്കൊപ്പം യുദ്ധകാര്യ വിശേഷങ്ങൾ, സിനിമ പംക്തികൾ എന്നിവ ഈ ലക്കത്തിൽ ഉൾക്കൊണ്ടിരുന്നു.
എല്ലാത്തരം വായനക്കാരുടെയും താൽപര്യങ്ങൾക്കും അഭിരുചിക്കും അനുഗുണമായവ ഉൾക്കൊള്ളിക്കുന്നതിൽ പത്രാധിപ ശ്രദ്ധിച്ചിരുന്നുവെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. ഇടക്കിടക്ക് കഥാമാലികയായിട്ടും മാസിക വന്നു. ‘വനിതാ ചെറുകഥ മാസിക’ എന്നായിരുന്നു ചില ലക്കങ്ങൾക്ക് നൽകിയിരുന്ന പേര്. 1944 സെപ്റ്റംബറിൽ വന്ന ഏഴാം വാല്യം, ആറാം ലക്കം ഇത്തരത്തിൽ കഥാമാലികയായാണ് പുറത്തുവന്നത്. പരസ്യം കൊടുത്തപ്പോൾ തന്നെ നാലിൽ കുറയാത്ത കഥകൾ അതിൽ അവർ വാഗ്ദാനം ചെയ്തിരുന്നു: “കേരളത്തിൽ ചെറുകഥാ പ്രസിദ്ധീകരണങ്ങൾ വളരെ കുറവായ ഈ സമയത്ത് ഞങ്ങളുടെ ഉദ്യമം ചെറുകഥ വായനക്കാർക്കും എഴുത്തുകാർക്കും പ്രോത്സാഹനം ആയിരിക്കും.”
അക്കാലത്തെ പ്രമുഖ ചെറുകഥാകൃത്തുക്കളായ തങ്കമ്മ മാലിക് (മധുവിധു), കൊട്ടാരക്കര ജി. ബാലകൃഷ്ണപിള്ള (സ്വതന്ത്ര), ഇടവ ജമാൽ (യോഗിനിയമ്മ), കമുകറ (സ്നേഹം) എന്നിങ്ങനെ എഴുത്തുകാർ തങ്ങളുടെ സർഗസൃഷ്ടികളാൽ ആ ലക്കത്തെ സമ്പന്നമാക്കി.
1945 ജനുവരി ലക്കം ‘വനിത’ മാസിക കഥക്കാണ് പ്രാധാന്യം കൊടുത്തത്. ഡോക്ടർ (എസ്.കെ. പൊെറ്റക്കാട്ട്), നിത്യകന്യക (ജോസഫ് കൈനകരി), ചെറുകഥാകൃത്ത് (കെ.എം. ഹനീഫ), പ്രതികാരം (കാമുകറ), റൂം നമ്പർ 14 (ചന്ദ്രശേഖരപ്പണിക്കർ) എന്നിങ്ങനെ അഞ്ച് കഥകൾ അതിൽ ഉൾപ്പെട്ടിരുന്നു. അക്കാലത്തും തിരുവല്ല സെന്‍റ് ജോസഫ് പ്രിന്റിങ് പ്രസിൽനിന്നുമായിരുന്നു മാസികയുടെ അച്ചടി നടത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം മിക്കപ്പോഴും വരിസംഖ്യ മുൻകൂറായി നൽകണമെന്ന അഭ്യർഥന ഇടക്കിടക്ക് ‘വനിത’യുടെ പുറങ്ങളെ അലങ്കരിച്ചിരുന്നു.
1945 ഏപ്രിൽ മാസത്തിൽ ‘വനിതാ’ മാസിക ഒരു മിലിറ്ററി പതിപ്പ് ഇറക്കിയിരുന്നു. എട്ടണയായിരുന്നു അതിന്‍റെ വില. മാസികയിൽ പ്രത്യക്ഷപ്പെട്ട യുദ്ധകാര്യ വിശേഷങ്ങളിൽ ചിലത്: “അമേരിക്കയുടെ ‘ബി ട്വന്റി ഫോർ ലിബറേറ്റർ ബോംബർ’ എന്നൊരു വിമാനം നിർമിക്കുന്നതിനു ആദ്യകാലത്ത് ഒരു ലക്ഷം മണിക്കൂർ വേണ്ടിയിരുന്നത് ഇപ്പോൾ മുപ്പതിനായിരം മണിക്കൂറായി കുറഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ ഒരു സങ്കലിത ഫൈറ്റർ വിമാനത്തിന് ഒരു മിനിറ്റിൽ മൂന്നുലക്ഷം നിറയൊഴിക്കാൻ സാധിക്കും. നെപ്പോളിയന്റെ കാലത്ത് അത്രയും നിറയൊഴിക്കാൻ ഒരു ദിവസത്തെ യുദ്ധത്തിൽ പതിനായിരം പേരടങ്ങിയ ഒരു സൈന്യം ഏർപ്പെടേണ്ടിയിരുന്നു.”
മറ്റൊന്ന്: “ടൈറ്റാനിക് എന്ന വലിയ സഞ്ചാര കപ്പൽ അറ്റ് ലാന്‍റിക് സമുദ്രത്തിൽ മുങ്ങി വൻ ആൾനാശം നേരിട്ട 1914നുശേഷം മഞ്ഞുകട്ടയുടെ ഗതിവിഗതികൾ സൂക്ഷ്മമായി ഗ്രഹിച്ച്, കപ്പലുകാർക്ക് അപ്പോഴപ്പോൾ അറിവ് നൽകുന്നതിന് അമേരിക്ക ഒരു സംഘം കാവൽ കപ്പലുകളെ നിയോഗിച്ചിട്ടുണ്ട്. അന്നത്തെ പോലെതന്നെ മഞ്ഞുകട്ടയുടെ അനിശ്ചിതമായ ഒഴുക്ക് ആ സമുദ്രത്തിൽ ഇന്നും തുടർന്ന് വരുന്നുണ്ടെങ്കിലും കാവൽ ഏർപ്പെടുത്തപ്പെട്ട ശേഷം ഇക്കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഒരു കപ്പലുപോലും മഞ്ഞുകട്ട തട്ടി നശിച്ചിട്ടില്ല.”
‘വനിത’യിൽ പ്രത്യക്ഷപ്പെട്ടു വന്നിരുന്ന ഒരു പംക്തിയായിരുന്നു ‘ഗൃഹകാര്യോപദേശം’. പത്രാധിപ തന്നെയായിരുന്നു ഈ പംക്തി കൈകാര്യം ചെയ്തിരുന്നത്. വിദ്യാഭ്യാസ-സാമ്പത്തിക കാര്യങ്ങളിൽ ഉയർന്ന നില പുലർത്തിയിരുന്നവരായിരുന്നു ‘വനിത’യുടെ വായനക്കാർ എന്നതിനാൽ അത്തരക്കാർക്ക് വേണ്ടിയാണ് ഈ പംക്തി പ്രവർത്തിച്ചത്.
1944 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ‘വനിത’യുടെ ഏഴാം വാല്യം ആറാം ലക്കത്തിൽ, കുടുംബ ബന്ധങ്ങളിൽ സ്ത്രീയും പുരുഷനും പുലർത്തേണ്ട ചില നിർദേശങ്ങൾ പംക്തിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, “...ഭർത്താവിനോട്: അതിഥികളുടെ മുന്നിൽ െവച്ച് ഭാര്യയെ നിങ്ങൾ പരിഹസിക്കരുത്. അതിഥിയെ വിനോദിപ്പിക്കാനാണ് നിങ്ങൾ അങ്ങനെ ചെയ്യുന്നതെങ്കിലും ഭാര്യയുടെ അഭിമാനത്തിന് അതുകൊണ്ട് നിങ്ങൾ ക്ഷതം ഉണ്ടാക്കുകയാണ്. ഭാര്യയോട്: ഗൗരവതരമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന നിങ്ങളുടെ ഭർത്താവിന്‍റെ മുറിയിൽ കൂടെ കൂടെ കടന്നുചെന്ന് നിങ്ങൾ അദ്ദേഹത്തിന്‍റെ ശ്രദ്ധയെ ശിഥിലമാക്കരുത്. അത് അദ്ദേഹത്തിന്‍റെ ജോലിയെ വർധിപ്പിക്കും. നിങ്ങളുടെ അടുക്കള കാര്യങ്ങൾ മുഴുവൻ വേലക്കാരെ ഏൽപിച്ച് ഇരുന്നുകളയരുത്. അവർ പശുവിൻ നെയ്യ് ഒഴിച്ച് അടുപ്പു കത്തിക്കുകയും പാൽക്കട്ടി കൊടുത്ത് പൂച്ചയെ വളർത്തുകയും ചെയ്യും.’’
അക്കാലത്തെ സ്ത്രീ-പുരുഷ ബന്ധത്തിന്‍റെ അധീശത്വഭാവവും സാമൂഹികയാഥാർഥ്യങ്ങളും വ്യക്തമാക്കുന്നവയായിരുന്നു ഈ പംക്തി. അക്കാലത്തെ പുറത്തുവന്നിരുന്ന ‘അൽ ഹിലാൽ’ പോലെയുള്ള അറബി, ഉർദു, ഇംഗ്ലീഷ് മാസികകളിൽ വന്നിരുന്നവയിൽനിന്നും തർജമപ്പെടുത്തിയോ, ഇത്തരം നുറുങ്ങുകൾ സാധാരണ ജീവിതാനുഭവങ്ങളിൽനിന്നും സാന്ദർഭികമായി അടർത്തിയെടുത്തോ ആണ് ഉപയോഗിച്ചുവന്നിരുന്നതെന്നും കാണുന്നു.
പിൽക്കാലത്ത് ‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പും ദിനപത്രവും തുടങ്ങിയെങ്കിലും ‘വനിത’യുടെ പ്രസിദ്ധീകരണം മുടങ്ങാതെ നടത്തുന്നതിൽ ഹലീമാ ബീവി പ്രത്യേകം ശ്രദ്ധ നൽകിവന്നിരുന്നു. സമൂഹത്തിൽ പിന്നാക്കംനിൽക്കുന്ന കേരളത്തിലെ സ്ത്രീജനങ്ങളുടെ സാംസ്കാരിക വികാസത്തിനുള്ള ജിഹ്വ എന്നനിലയിൽ കുറച്ചുകാലം അടൂരിൽനിന്ന് പ്രസിദ്ധീകരണം നടന്നുവെന്നതൊഴിച്ചാൽ, പിന്നീടുള്ള ഒമ്പതു വർഷക്കാലം (1940-49) തിരുവല്ല കേന്ദ്രമാക്കിയായിരുന്ന ‘വനിത’യുടെ പ്രസിദ്ധീകരണം നടന്നത്.
എന്നാൽ, 1949 ആഗസ്റ്റിൽ തന്റെ ‘ഭാരതചന്ദ്രിക’യുടെ പ്രസിദ്ധീകരണ കേന്ദ്രം മാറിയതോടുകൂടി ‘വനിത’യുടെ പ്രസിദ്ധീകരണവും പെരുമ്പാവൂരിലേക്ക് മാറ്റുകയുണ്ടായി. അതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ തുടർന്നുവരുന്ന അധ്യായങ്ങളിൽ കാണാവുന്നതാണ്. 1949 ആഗസ്റ്റ് എട്ടിന് ഹലീമാ ബീവി സർക്കാറിന് സമർപ്പിച്ച അപേക്ഷയിൽ ‘വനിത’യുടെ ഓഫിസും പ്രസിദ്ധീകരണവും പെരുമ്പാവൂരിൽ പ്രവർത്തിച്ചുവരുന്ന ‘ന്യൂ പ്രിന്‍റിങ് ഹൗസി’ലേക്ക് മാറ്റുന്നതിനാൽ ‘വനിത’യും അവിടെനിന്ന് ആരംഭിക്കാനുള്ള അനുമതി ആവശ്യപ്പെടുന്നുണ്ട്.17
തുടർന്ന് സർക്കാറിൽനിന്ന് അനുമതി ലഭിക്കുകയും 1949 സെപ്റ്റംബർ മൂന്നിന് സർക്കാറിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ‘വരുന്ന കന്നിമാസം മുതൽ ‘വനിത’യുടെ പ്രസിദ്ധീകരണം പെരുമ്പാവൂരിൽനിന്നായിരിക്കും’ എന്നറിയിക്കുന്നുണ്ട്. അങ്ങനെ ‘ഭാരതചന്ദ്രിക’ക്കൊപ്പം ‘വനിത’യും പെരുമ്പാവൂരിൽനിന്നും പ്രസിദ്ധീകരിച്ചുവന്നു.
സാമ്പത്തിക പ്രതിസന്ധിയും സ്വതേയുണ്ടായ പത്രപ്രവർത്തന മുരടിപ്പും മൂലം വളരെക്കാലം മാസികയുടെ പിന്നിൽ പ്രവർത്തിക്കാൻ ഹലീമാ ബീവി ആഗ്രഹിച്ചില്ല. 1951ൽ ‘ഭാരതചന്ദ്രിക’ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഉടമസ്ഥതയിലേക്ക് തന്‍റെ ന്യൂ പ്രിന്റിങ് ഹൗസും വിട്ടുനൽകിക്കൊണ്ട് ‘വനിത’യുടെ പ്രസിദ്ധീകരണവും ‘ഭാരതചന്ദ്രിക’ക്കൊപ്പം അവർ അവസാനിപ്പിച്ചു. അങ്ങനെ നീണ്ടകാലം (1938-1951) മലയാളി വായനക്കാരുടെ മുന്നിൽ കഥകളും കവിതകളുമായി ചെറുതല്ലാത്ത സാഹിത്യസപര്യ നടത്തിവന്നിരുന്ന ‘വനിത മാസിക’ മലയാള പത്രചരിത്രത്തിൽപോലും വേണ്ടത്ര പരിഗണന നേടാനാവാതെ മൺമറഞ്ഞു.
അധ്യായം -6
‘ഭാരതചന്ദ്രിക’യുടെ പിറവി
‘വനിത’യോടൊപ്പം ‘ഭാരതചന്ദ്രിക’യെന്ന ഒരാഴ്ചപ്പതിപ്പും ദിനപത്രവുംകൂടി ഹലീമാ ബീവി നടത്തിയിരുന്നു. കൊ.വ. 1118 (1943)ൽ തന്നെ ‘ഭാരതചന്ദ്രിക’ എന്നപേരിൽ പത്രിക പുറത്തിറക്കാൻ ആഗ്രഹിച്ചുകൊണ്ടവർ സർക്കാറിന് അപേക്ഷ നൽകുകയുണ്ടായി. അതിൽ 2000 കോപ്പികൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള താൽപര്യമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. വാർഷിക വരിസംഖ്യ 18 രൂപയും നിശ്ചയിച്ചിരുന്നതായി ആ വർഷത്തെ തിരുവിതാംകൂർ സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നുണ്ട്.
തുടർന്ന് 1943 നവംബർ 25ന് തിരുവിതാംകൂർ സർക്കാർ ഭാരതചന്ദ്രികക്ക് ലൈസൻസ് നൽകി. (ലൈസൻസ് നം. 129/1943, രജി. നം. T. 93). മലബാറിൽ കൂടുതൽ ‘ഭാരതചന്ദ്രിക’ക്ക് വായനക്കാർ വന്നപ്പോൾ അവിടെയും രജിസ്ട്രേഷൻ എടുക്കേണ്ടിവന്നു. അങ്ങനെ രജിസ്ട്രേഷൻ നമ്പർ T.93, M. 4674 എന്നും കൂടി ചേർത്തു. തുടക്കത്തിൽ ‘ഭാരതചന്ദ്രിക’ എല്ലാ തിങ്കളാഴ്ചയും പ്രസിദ്ധീകരിച്ചിരുന്ന ആഴ്ചപ്പതിപ്പായിരുന്നു. പ്രതിവാര പത്രികകൾ അഥവാ ആഴ്ചപ്പതിപ്പുകൾ എന്ത് ധർമമാണ് നിർവഹിച്ചിരുന്നതെന്ന് തിരക്കിയാൽ എല്ലാകാലത്തും ദിനപത്രങ്ങൾ വാർത്താവിനിമയവും മാസികകൾ സാഹിത്യപോഷണവും നിർവഹിക്കുമ്പോൾ വാരികകൾ ഒരേസമയം ഇവ രണ്ടും സാധിക്കുന്നുണ്ട്.
1944 ജനുവരിയിലാണ് ‘ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പ്’ ആരംഭിക്കുന്നത്; അതും ലോകത്തെയാകെ ഗ്രസിച്ച രണ്ടാം ലോകയുദ്ധകാലത്ത്. മാസികയുടെ ജനനത്തെക്കുറിച്ച് ഹലീമാ ബീവി പറയുന്നത്: “...ആഗോളയുദ്ധം മൂർധന്യദശയെ പ്രാപിച്ചിരുന്ന ആ ഭയങ്കരസന്ദർഭത്തിലായിരുന്നു ‘ഭാരതചന്ദ്രിക’യുടെ ജനനം. ഈ വാരിക യുദ്ധകാല പരിതസ്ഥിതിയുടെ ഞെരുക്കത്തിൽപ്പെട്ടു പല പ്രയാസങ്ങളെ അഭിമുഖീകരിച്ചാണ് നിലനിന്നത്.18
തിരുവല്ലയിൽ മാർ തിയോഫിലിസ് തിരുമേനി മാനേജറായി പ്രവർത്തിച്ച് വന്നിരുന്ന സെന്റ് ജോസഫ് പ്രിന്റിങ് പ്രസിലാണ് അച്ചടിക്ക് കരാർ നൽകിയത്. തിരുവിതാംകൂറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ വസ്തുതകൾക്ക് പുറമെ ദേശീയ ആന്തർദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ പ്രത്യേകിച്ചും സ്വാതന്ത്ര്യസമരത്തിലെ വിശേഷങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലക്കങ്ങളായിരുന്നു വായനക്കാർക്ക് ഓരോ ആഴ്ചയും ലഭിച്ചുകൊണ്ടിരുന്നത്.
മുസ്ലിം സമുദായത്തിൽ പ്രത്യേകിച്ചും അധികമായി പത്രികകളൊന്നും തന്നെ പുറത്തിറങ്ങാതിരുന്ന അക്കാലത്ത്, ലോകവാർത്തകൾ അറിയാനും സാമൂഹിക മുന്നേറ്റങ്ങൾ മനസ്സിലാക്കാനും ധാർമികബോധനത്തിനും സാഹിത്യപരിപോഷണത്തിനും സമുദായ ശുദ്ധീകരണത്തിനും വേണ്ടി പ്രയത്നിക്കാനായി ‘ഭാരതചന്ദ്രിക’ക്ക് സാധിക്കുമെന്നായിരുന്നു. അതോടൊപ്പംതന്നെ, ഈ പത്രിക വളരെക്കാലം നിലനിൽക്കുമെന്ന പ്രതീക്ഷയൊന്നും അവർക്കുണ്ടായിരുന്നില്ല. ഈ ആശ്ചര്യം പലപ്പോഴും അവർ പ്രകടിപ്പിച്ചിരുന്നു. 1944 ഡിസംബർ 25ന് ‘ഭാരതചന്ദ്രിക’യുടെ മുഖപ്രസംഗത്തിൽ അതിന്‍റെ ആരംഭത്തെക്കുറിച്ച് പത്രാധിപ കുറിക്കുന്നു: “ഈ ലക്കത്തോടുകൂടി ‘ഭാരതചന്ദ്രിക’ ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായിരിക്കുന്നു.
നമ്മുടെ പത്രലോകത്ത് ഒട്ടും തന്നെ അസാധാരണമല്ലാത്ത ശിശുമരണത്തിൽനിന്നും വലുതായ ബാലാരിഷ്ടതകളിൽ നിന്നു തന്നേയും ഈ പത്രശിശു സുരക്ഷിതമായി ഈ കാലമത്രയും പിന്നിട്ട് വരാൻ കഴിഞ്ഞതിൽ സർവശക്തനായ അല്ലാഹുവിനെ ഹൃദയപൂർവം സ്തോത്രം ചെയ്യുന്നു.” തങ്ങളുടെ പുതിയ പ്രസിദ്ധീകരണത്തെക്കുറിച്ച് വിവിധ പത്രങ്ങളിലും മാസികകളിലും അവർ മുൻകൂട്ടിതന്നെ പരസ്യം നൽകി. സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ള വ്യക്തിത്വങ്ങളെ തങ്ങളുടെ വായനക്കാരായി ആകർഷിക്കുന്നതിന് അവർ പരിശ്രമിക്കുകയും ചെയ്തു.
‘ഭാരതചന്ദ്രിക’യെ കുറിച്ച് അവർതന്നെ നൽകുന്ന പരസ്യസ്വഭാവത്തോടുകൂടിയ ഒരു വിവരണം ഇപ്രകാരം വായിക്കാം: “കേരളത്തിലെ ഒന്നാംകിടയിലുള്ള എഴുത്തുകാരുടെ തൂലികാവിലാസത്താൽ കണ്ണും കരളും കുളിപ്പിക്കുന്ന തരത്തിൽ എല്ലാ വിഷയങ്ങളെയും അധികരിച്ചുള്ള സുധീരവും സുവ്യക്തവുമായ ചിന്തകൾ, വിമർശനങ്ങൾ, വിജ്ഞാനവും വിനോദവും തുളുമ്പുന്ന സരസലേഖനങ്ങൾ ചിന്തോദ്ദീപകവും സൗന്ദര്യ സമ്പന്നവുമായ തൂലികാചിത്രങ്ങൾ വിശിഷ്ടവും ആദർശപരവുമായ ചെറുകഥകൾ ഏകാങ്ക നാടകങ്ങൾ, കവിതകൾ, ജീവചരിത്രങ്ങൾ വായിച്ചു രസിക്കുന്നതിന് പറ്റുന്ന ഒരു ആഴ്ചപ്പതിപ്പ്.”
‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പിന്റെ തുടക്കത്തിൽ എഡിറ്റർ ചുമതല വഹിച്ചിരുന്നത് വക്കം മൗലവിയുടെ പുത്രൻ എം. അബ്ദുൽ ഖാദറായിരുന്നു. അക്കാലത്ത് അറിയപ്പെടുന്ന പത്രപ്രവർത്തകനും നിരൂപകനും വൈജ്ഞാനിക സാഹിത്യകാരനുമായ വക്കം അബ്ദുൽ ഖാദറിനെപ്പോലെ ഒരാളെ തന്റെ പത്രികയുടെ ചുമതല ഏൽപിക്കുക വഴി തലയെടുപ്പുള്ള ഒരു ആഴ്ചപ്പതിപ്പാക്കി ‘ഭാരതചന്ദ്രിക’യെ മാറ്റാൻ സാധിക്കുമെന്ന ചിന്ത ഹലീമാ ബീവിക്കുണ്ടായിരുന്നു. അൽ അമീൻ (കോഴിക്കോട്), ദക്ഷിണഭാരതി (പത്മനാഭപുരം), മാപ്പിള റവ്യൂ (കോഴിക്കോട്) എന്നിവയിൽ യഥാക്രമം പത്രസമിതിയംഗമായും എഡിറ്ററായും സേവനമനുഷ്ഠിച്ച ശേഷമാണ് അബ്ദുൽ ഖാദർ ‘ഭാരതചന്ദ്രിക’യിൽ എത്തുന്നത്.
അദ്ദേഹത്തിന്‍റെ പേര് ‘എഡിറ്റർ -വക്കം അബ്ദുൽ ഖാദർ’ എന്നനിലയിൽ ആദ്യ പേജിൽ തലക്കെട്ടിനു മുകളിലായി നൽകിവന്നിരുന്നു. ഇതിനായി തിരുവല്ലയിൽ എത്തിയ അദ്ദേഹം തുകലശ്ശേരി കേന്ദ്രമാക്കി ഒരു വീട് വാടകക്കെടുത്താണ് താമസിച്ചത്. ഇടക്കിടെ തന്റെ സുഹൃത്തായ വൈക്കം മുഹമ്മദ് ബഷീറും ഒപ്പം കൂടാറുണ്ട്. ഔദ്യോഗികമായി, ചുമതലകൾ ഒന്നുമില്ലെങ്കിലും സബ് എഡിറ്റർ പദവിയായിരുന്നു ബഷീറിന് പത്രത്തിൽ നൽകിയിരുന്ന സ്ഥാനമെന്ന് ഹലീമാ ബീവി സൂചിപ്പിക്കുന്നുണ്ട്.19
മറ്റൊരു സബ് എഡിറ്റർ വെട്ടൂർ രാമൻ നായരും. എന്നാൽ, ബഷീർ അത്തരത്തിൽ ഒരു പദവി വഹിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ എഴുതപ്പെട്ട ജീവചരിത്രത്തിൽ ഒന്നുംതന്നെ കാണുന്നില്ല. ഹലീമാ ബീവിയുടെ മകളായ അൻസർ ബീഗം നൽകുന്ന ഒരു സൂചന പ്രകാരം, തന്റെ കുട്ടിക്കാലത്ത് ബഷീർ തിരുവല്ലയിലെ വീട്ടിൽ താമസിച്ചിട്ടുമുണ്ട്. 1943ല്‍ ജയിൽ മോചിതനായ ശേഷം, 1947ൽ ദേശാന്തര യാത്രക്ക് ഇറങ്ങിപ്പുറപ്പെടുന്നതുവരെയുള്ള കാലം എറണാകുളത്ത് താമസമാക്കിക്കൊണ്ട് ബഷീർ സാഹിത്യരചനകളിൽ മുഴുകിവന്നിരുന്നു. മാത്രമല്ല, വക്കം അബ്ദുൽ ഖാദറിന്റെ സ്നേഹിതൻ എന്ന നിലക്ക് നിരവധി സാഹിത്യ രചനകൾ ‘ഭാരതചന്ദ്രിക’യിൽ പ്രസിദ്ധീകരിക്കാനായി നൽകിയിരുന്നു. ഈ സബ് എഡിറ്റർമാർ പ്രത്യേകിച്ച് നിർവഹിച്ചുവന്നിരുന്ന ധർമമെന്തായിരുന്നുവെന്ന് എവിടെയും സൂചിപ്പിച്ചു കാണുന്നില്ല.
1944 ജൂലൈ മൂന്നിന് പുറത്തിറങ്ങിയ 26ാമത്തെ ലക്കത്തിൽ വരെ വക്കം അബ്ദുൽ ഖാദറിന്‍റെ പേര് എഡിറ്റർ സ്ഥാനത്ത് കാണുന്നുണ്ട്. (തൂലികാ ചിത്രരചനയിൽ മികച്ചുനിന്നിരുന്ന അദ്ദേഹം ഈ ലക്കത്തിലാണ് ‘തൂലികാചിത്രം -ഒന്ന്’ എന്നനിലയിൽ പി. കേശവദേവിനെ കുറിച്ച് എഴുതിയത്). പ്രസ്തുത ലക്കത്തിനുശേഷം അജ്ഞാതമായ കാരണങ്ങളാൽ അദ്ദേഹം എഡിറ്റർ പദവി ഉപേക്ഷിക്കുകയുണ്ടായി. തുടർന്നുള്ള കാലം എഡിറ്റർ സ്ഥാനം ഏറ്റെടുത്ത് പത്രികയെ ചലിപ്പിച്ചത് ഹലീമാ ബീവിയായിരുന്നു.
രാജ്യകാര്യങ്ങൾ, രാഷ്ട്രീയ വാർത്തകൾ, സ്വാതന്ത്ര്യ സമര പ്രക്ഷോഭണങ്ങൾ, സാമൂഹിക പരിഷ്കർത്താക്കളുടെയും രാഷ്ട്രീയനേതാക്കന്മാരുടെയും ജീവചരിത്രങ്ങൾ, കഥ, കവിത, ലേഖനങ്ങൾ, ഏകാങ്കങ്ങൾ എന്നിവക്ക് പുറമെ, തൂലികാചിത്രങ്ങൾ, യാത്രാവിവരണം, പുസ്തകാഭിപ്രായം, ഗ്രന്ഥനിരൂപണം, പുരോഗമന സാഹിത്യ ചർച്ചകൾ, ഗ്രന്ഥങ്ങളെ മുൻനിർത്തിയുള്ള അഭിപ്രായ സർവേകൾ, നാട്ടുവിശേഷങ്ങൾ (ഗ്രന്ഥശാലകൾ, പള്ളികൾ, പള്ളിക്കൂടങ്ങൾ, മതപാഠശാലകൾ എന്നിവയുടെ തറക്കല്ലിടൽ, ഉദ്ഘാടനം തുടങ്ങിയവ), നാട്ടുവാർത്തകൾ, പദപ്രശ്നങ്ങൾ, ആവലാതികൾ, പരാതികൾ എന്നുവേണ്ട വായനക്കാരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള നിരവധി വിഭവങ്ങൾ ‘ഭാരതചന്ദ്രിക’യിൽ ഉൾക്കൊണ്ടിരുന്നു.
ഒപ്പംതന്നെ മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാർ ഈ ആഴ്ചപ്പതിപ്പിനെ സമ്പന്നമാക്കുന്നതിൽ മുന്നിട്ടുനിന്നു. ജി. ശങ്കരക്കുറുപ്പ്, എസ്.കെ. പൊെറ്റക്കാട്ട്, എസ്. ഗുപ്തൻ നായർ, പി. കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ, ലളിതാംബിക അന്തർജനം, ഒ.എൻ.വി. കുറുപ്പ്, ടി. ഉബൈദ്, കെ.എം. സീതി സാഹിബ്, ഇടവ ജമാൽ, തങ്കമ്മ മാലിക്, സരസ്വതിയമ്മ, കമുകറ, കെ.എ. ദാമോദര മേനോൻ, എബ്രഹാം മാടമാക്കൽ തുടങ്ങി നിരവധി പേർ ലേഖനങ്ങളും ചെറുകഥകളും കവിതകളും ഏകാങ്കങ്ങളും എഴുതി വന്നിരുന്നു.
ഗാന്ധിജി, നേതാജി, ഇഖ്ബാൽ, മൗലാന ആസാദ്, ഖാൻ അബ്ദുൽ ഗഫാർ ഖാൻ, മുഹമ്മദലി ജിന്ന, മൗലാന മുഹമ്മദലി, ജവഹർലാൽ നെഹ്റു, ഷൗക്കത്തലി, കാൾ മാക്സ്, ലെനിൻ, ടോൾസ്റ്റോയ്, മുസ്തഫ കമാൽ പാഷാ, ജലാലുദ്ദീൻ റൂമി, സയ്യിദ് അഫ്ഗാനി, ഫരീദുദ്ദീൻ അത്താർ, റഷീദ് രിദ എന്നിങ്ങനെ പ്രമുഖ വ്യക്തിത്വങ്ങളെ കുറിച്ച് വിവിധ ആളുകൾ വിവിധ സ്വഭാവത്തോടുകൂടി എഴുതിയ നിരവധി ജീവചരിത്ര ലേഖനങ്ങൾ ഇതിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
(തുടരും)
കുറിപ്പ്
16. ഫയൽ നമ്പർ 757/1943/CS, കോൺഫിഡൻഷ്യൽ, 02/12/1943, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം.
17. ഫയൽ നമ്പർ D 6225/1949, ജനറൽ, 29/12/1949, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം.
18. [ഭാരതചന്ദ്രിക വിശേഷാൽപ്രതി, പ്രസ്താവന, 1946, പു. 3]
19 [1995 ൽ ഹലീമാ ബീവി ചന്ദ്രിക ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശമുള്ളത്.]
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.