‘ഭാരതചന്ദ്രിക’ ദിനപത്രവും പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയും

അധ്യായം -11 ഹലീമാ ബീവി തുടങ്ങിവെച്ച ‘ഭാരതചന്ദ്രിക’ ദിനപത്രത്തിന്റെ കോപ്പികൾ ഒന്നുംതന്നെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ദേശീയപ്രക്ഷോഭവുമായി ബന്ധപ്പെട്ടും സ്വാതന്ത്ര്യാനന്തര തിരുവിതാംകൂറിൽ മുസ്‌ലിം സ്വത്വരാഷ്ട്രീയവും ജനജീവിതവും ലോക രാഷ്ട്രീയവുമെല്ലാം പത്രത്തിൽ അവർ വാർത്തകളാക്കി. മാസികക്കും ആഴ്ചപ്പതിപ്പിനുമൊപ്പം ദിനപത്രംകൂടി കൈകാര്യം ചെയ്യാൻ ഹലീമാ ബീവിക്ക് സാധിച്ചുവെന്നുള്ളത് ആരെയും അമ്പരപ്പിക്കുന്നതാണ്. ഹലീമാ ബീവിയുടെ പത്രാധിപത്യത്തിന് കീഴിൽ കുറച്ചുകാലം ‘ഭാരതചന്ദ്രിക’ ഒരു ദിനപത്രമായും പ്രവർത്തിച്ചിരുന്നു. അങ്ങനെ ഒരു...

അധ്യായം -11

ഹലീമാ ബീവി തുടങ്ങിവെച്ച ‘ഭാരതചന്ദ്രിക’ ദിനപത്രത്തിന്റെ കോപ്പികൾ ഒന്നുംതന്നെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ദേശീയപ്രക്ഷോഭവുമായി ബന്ധപ്പെട്ടും സ്വാതന്ത്ര്യാനന്തര തിരുവിതാംകൂറിൽ മുസ്‌ലിം സ്വത്വരാഷ്ട്രീയവും ജനജീവിതവും ലോക രാഷ്ട്രീയവുമെല്ലാം പത്രത്തിൽ അവർ വാർത്തകളാക്കി. മാസികക്കും ആഴ്ചപ്പതിപ്പിനുമൊപ്പം ദിനപത്രംകൂടി കൈകാര്യം ചെയ്യാൻ ഹലീമാ ബീവിക്ക് സാധിച്ചുവെന്നുള്ളത് ആരെയും അമ്പരപ്പിക്കുന്നതാണ്.

ഹലീമാ ബീവിയുടെ പത്രാധിപത്യത്തിന് കീഴിൽ കുറച്ചുകാലം ‘ഭാരതചന്ദ്രിക’ ഒരു ദിനപത്രമായും പ്രവർത്തിച്ചിരുന്നു. അങ്ങനെ ഒരു ദിനപത്രത്തിന്റെ പത്രാധിപയാകുന്ന ആദ്യവനിതയായി അവർ മാറി. എന്നാൽ, വിവിധകാലങ്ങളിൽ ഉള്ളിലുദിച്ച ആഗ്രഹ സഫലീകരണത്തിലേക്ക് എത്തുന്നതിന് അവർക്ക് ഒരുപാട് കടമ്പകൾ കടക്കേണ്ടിവന്നിരുന്നു. 1944 നവംബർ 27ന് ‘ഭാരതചന്ദ്രിക’ ഉടൻതന്നെ ഒരു ദിനപത്രമായി പുറപ്പെടുന്നതാണെന്ന് പരസ്യം ഒന്നാം പേജിൽതന്നെ പ്രസിദ്ധീകരിച്ചുവന്നു.

ആ പരസ്യത്തിൽ: “തിരുവിതാംകൂറിലും കൊച്ചിയിലും മുസ്‌ലിംകളുടെ വകയൊരു ദിനപത്രം ഇല്ലാത്ത ഈ അവസരത്തിൽ സമുദായ സ്നേഹികളായ ഏതാനും മുസ്‌ലിം ധനാഢ്യന്മാരുടെ പിന്തുണയോടുകൂടി ആരംഭിക്കാൻ പോകുന്ന ‘ഭാരതചന്ദ്രിക’ ദിനപത്രത്തിൽ ഏവരുടെയും സഹായം പ്രതീക്ഷിക്കുന്നു.” തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെ വാർത്തകൾ പ്രചരിപ്പിക്കുന്ന ഒരു പത്രം ആവശ്യമാണെന്നുള്ള ചിന്ത നേതാക്കന്മാരുടെ ഇടയിൽ കടന്നുവന്നു. സ്വത്വരാഷ്ട്രീയ പ്രചാരണത്തിൽ മുന്നിൽ നിന്നിരുന്ന ‘ഭാരതചന്ദ്രിക’യെ ദിനപത്രമാക്കി മാറ്റുന്നതിൽ സഹായിക്കാൻ തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗിലെ നേതാക്കന്മാർ തയാറായി. അതിനുള്ള പ്രചോദനവും പിന്തുണയും അവർ തന്നെയായിരുന്നു. മുസ്‌ലിം ലീഗ് നേതാക്കന്മാരായ പി.കെ. കുഞ്ഞ്, പി.എസ്. മുഹമ്മദ്, വി.എ. അസീസ് തുടങ്ങിയവരായിരുന്നു അതിന്‍റെ പ്രേരകശക്തികൾ എന്നുമവർ എടുത്തുപറയുന്നുണ്ട്.41

തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗിന്‍റെ രൂപവത്കരണത്തിൽ പങ്കാളിയെന്ന നിലയിൽ ഹലീമാ ബീവിക്ക് രാഷ്ട്രീയരംഗത്തും പ്രവർത്തിക്കാൻ സാധിച്ചിരുന്നു. തുടർന്നുവരുന്ന ഭാഗങ്ങളിൽ അത്തരം പ്രതിപാദ്യങ്ങൾ വായിക്കാം. എന്നാൽ, കൊ.വ. 1122ൽ (1947) മാത്രമാണ് ‘ഭാരതചന്ദ്രിക’ ദിനപത്രമായി പുറത്തിറങ്ങിയത്. തിരുവല്ല ന്യൂ പ്രിന്റിങ് ഹൗസിൽനിന്നും സെന്‍റ് ജോസഫ് പ്രസിൽനിന്നും പത്രാധിപ ഹലീമാ ബീവിയുടെ കൈയടക്കത്തോടുകൂടി തന്നെയാണ് പത്രം പുറത്തിറങ്ങിയത്. വാർഷിക വരിസംഖ്യയെ ആറു രൂപയായി നിജപ്പെടുത്തുകയും, കുറഞ്ഞത് 3000 പ്രതികൾ അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്യുമെന്നുള്ള സത്യപ്രസ്താവനയോടുകൂടിയാണ് ലൈസൻസിനായി സർക്കാറിനെ സമീപിച്ചത്.42

‘ഭാരതചന്ദ്രിക’ ദിനപത്രത്തിന്റെ കോപ്പികൾ ഒന്നുംതന്നെ വീണ്ടെടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നതിനാൽ കൃത്യമായ വിശകലനത്തിന് സാധ്യമല്ല. എന്നിരുന്നാലും സ്വാതന്ത്ര്യം വരെയുള്ള കാലഘട്ടത്തിൽ ദേശീയപ്രക്ഷോഭവുമായി ബന്ധപ്പെട്ടും സ്വാതന്ത്ര്യാനന്തര തിരുവിതാംകൂറിൽ മുസ്‌ലിം സ്വത്വരാഷ്ട്രീയവും ജനജീവിതവും ലോക രാഷ്ട്രീയവുമെല്ലാം അവർ വിഭവങ്ങളാക്കി. മാസികക്കും ആഴ്ചപ്പതിപ്പിനുമൊപ്പം ഒരു ദിനപത്രംകൂടി കൈകാര്യം ചെയ്തു കൊണ്ടുപോകാൻ ഹലീമാ ബീവിക്ക് സാധിച്ചുവെന്നുള്ളത് ആരിലും അമ്പരപ്പുളവാക്കുന്ന വസ്തുതയായി മാറി.

തിരുവല്ലയിൽ പത്രപ്രവർത്തനം നിർവഹിക്കുന്ന വേളയിൽ ഉമ്മയുടെ കൈയടക്കത്തോടുകൂടിയുള്ള അച്ചുനിരത്തും കമ്പോസിങ്ങും മറ്റും നോക്കിക്കാണാനായി സ്കൂൾ സമയത്തിനുശേഷം ഉമ്മുമ്മ മൈതീൻ ബീവിതന്നെ അച്ചുകൂടത്തിലേക്ക് കൊണ്ടുപോയിരുന്നതായി മകൾ അൻസർ ബീഗം ഓർക്കുന്നുണ്ട്. അച്ചടിയുടെ എല്ലാ മേഖലയിലും മേൽനോട്ടം വഹിക്കാനുള്ള പ്രാപ്തി അക്കാലത്ത് ഹലീമാ ബീവിയിൽ ദർശിക്കാൻ കഴിഞ്ഞിരുന്നുവെന്നതും ശ്രദ്ധേയമാണ്. തന്‍റെ പത്രംകൊണ്ട് പൊതുസേവനം ചെയ്തുവന്ന അവർ ഒരിക്കലും അതിലൂടെ വന്നുചേരുന്ന സാമ്പത്തികസുസ്ഥിരത ആഗ്രഹിച്ചിരുന്നില്ല. കാരണം ആകെ പ്രതിസന്ധിയിലായിരുന്ന കാലഘട്ടത്തിലാണ് സമുദായത്തിലെ ചില സമ്പന്നരുടെ സഹായത്താൽ പത്രം ആരംഭിച്ചത്.

തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെ മുഖപത്രമായി തിരുവിതാംകൂർ രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ട് വന്നിരുന്ന ‘ഭാരതചന്ദ്രിക’ ദിനപത്രം, സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് തിരുവിതാംകൂറിലും തുടർന്ന് തിരു-കൊച്ചി ഐക്യസംസ്ഥാനത്തിലും സാമൂഹിക പുരോഗതിക്കും മതസൗഹാർദത്തിനുമായി നിലകൊണ്ടു. തന്‍റെ പത്രമായ ‘ഭാരതചന്ദ്രിക’യിലൂടെ ഹലീമാ ബീവി മുസ്‌ലിം സമുദായത്തി​ന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഉണർവിനുവേണ്ടി യത്നിച്ചു.

‘ഭാരതചന്ദ്രിക’ പ്രിന്റിങ് ആൻഡ് പബ്ലിങ് കമ്പനി

ദിനപത്രം തുടങ്ങിയതോടുകൂടി ഹലീമാ ബീവിയുടെ സാമ്പത്തിക ഭദ്രത തകർന്നു. 1948-49ൽ ‘ഭാരതചന്ദ്രിക’ പ്രസിനെയും അനുബന്ധ സ്ഥാപനങ്ങളെയും താങ്ങിനിർത്താനുള്ള സഹായം ലഭിച്ചത് പെരുമ്പാവൂരിലെ വ്യവസായിയും സമുദായസ്നേഹിയും സ്റ്റേറ്റ് ലീഗിന്റെ നേതാവുമായിരുന്ന അബ്ദുൽ മജീദ് മരയ്ക്കാരിൽനിന്നായിരുന്നു. ഹലീമാ ബീവിയുടെ ഭർത്താവായ മുഹമ്മദ് മൗലവിയുടെ സ്നേഹവലയത്തിലുള്ള വ്യക്തിയായിരുന്നു മജീദ് മരയ്ക്കാർ. ‘ഭാരതചന്ദ്രിക’യെ ഒരു ജോയന്‍റ് സ്റ്റോക്ക് കമ്പനിയാക്കി മാറ്റുന്നതിന് അദ്ദേഹം താൽപര്യം കാണിക്കുകയും അതിനായി ഹലീമാ ബീവിയിൽനിന്ന് നിരാക്ഷേപപത്രം എഴുതിവാങ്ങുകയും ചെയ്തു.

തുടർന്ന് അദ്ദേഹത്തിന്‍റെ താൽപര്യാർഥം ‘ഭാരതചന്ദ്രിക പ്രിന്റിങ് ആൻഡ് പബ്ലിങ് കമ്പനി’ എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചു. ഒരു ലിമിറ്റഡ് കമ്പനി എന്ന നിലയിലേക്ക് മാറിയതോടെ അതിന്‍റെ മാനേജിങ് ഡയറക്ടർ എന്ന നിലയിൽ അബ്ദുൽ മജീദ് മരക്കാർ സ്ഥാനമേറ്റെടുത്തു. എന്നിരുന്നാലും ‘ഭാരതചന്ദ്രിക’ പത്രത്തിന്റെ പ്രസാധനം, ന്യൂ പ്രിന്‍റിങ് ഹൗസ് എന്ന പ്രസിന്‍റെ ഉടമസ്ഥാവകാശം എന്നിവ ഹലീമാ ബീവിയിൽതന്നെയായിരുന്നു. അങ്ങനെ പത്രത്തിന്‍റെ മുഴുവൻ നിയന്ത്രണവും തന്നിൽതന്നെ കേന്ദ്രീകരിച്ചുകൊണ്ട് തന്റെ പ്രസ്ഥാനത്തിന്‍റെ വിജയത്തിനായി അവർ അഹോരാത്രം പ്രയത്നിച്ചു. എന്നാൽ കഴിവോ അത്യധ്വാനമോകൊണ്ടുമാത്രം സാധ്യമാകുന്നതല്ലായിരുന്നു പത്ര-മാസികകൾ നടത്തിക്കൊണ്ടുപോവുകയെന്നത്. സാമ്പത്തികമായ കെട്ടുറപ്പും മൂലധനനിക്ഷേപവും അവക്ക് ഒരു പ്രധാന വെല്ലുവിളിയായി നിലനിന്നിരുന്നു. എന്നിരുന്നാലും തന്നാൽ കഴിയുന്ന വിധം അവർ തന്‍റെ പത്രികകളെ മുന്നോട്ടുനയിച്ചു.

ഭാരതചന്ദ്രിക ലിമിറ്റഡ് കമ്പനി എന്ന നിലക്ക് പെരുമ്പാവൂരിലായിരുന്നു ഓഫിസ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്. എന്നാൽ, പത്രമാസികകളുടെ അച്ചടിയും മറ്റും തിരുവല്ലയിലും. അവകളുടെ മേൽനോട്ടംവഹിക്കുന്നതിന് ഫലത്തിൽ ഹലീമാ ബീവിക്ക് പ്രായോഗികബുദ്ധിമുട്ടുണ്ടാക്കി. തിരുവല്ല കേന്ദ്രമായിനിന്നുകൊണ്ട് ന്യൂ പ്രിന്‍റിങ് ഹൗസിന്‍റെ പ്രവർത്തനവും പത്രത്തിന്റെ പ്രസിദ്ധീകരണവും സാധ്യമല്ലാതെ വന്നതോടുകൂടി, 1949 മാർച്ച് മാസത്തിൽ പ്രസിന്റെയും പത്രത്തിന്റെയും പ്രവർത്തനം അവിടെനിന്നും കമ്പനിയുടെ ഓഫിസ് പ്രവർത്തിച്ചുവന്നിരുന്ന പെരുമ്പാവൂരിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചു. എന്നാൽ, ഈ പ്രവൃത്തി നീണ്ടുപോയതിനാൽ ‘ഭാരതചന്ദ്രിക’ പത്രത്തിന്റെ അച്ചടി കുറച്ച് ലക്കങ്ങൾ നിലച്ചു.

 

 

അതിന് കാരണം, തിരുവിതാംകൂറിന്റെ രണ്ട് ഡിവിഷനിലായി ഉൾപ്പെട്ടുകിടന്നിരുന്ന പ്രദേശങ്ങളിലാണ് ഇവ മാറ്റിസ്ഥാപിക്കേണ്ടി വന്നത് -തിരുവല്ല, കൊല്ലം ഡിവിഷനിലും പെരുമ്പാവൂർ, കോട്ടയം ഡിവിഷനിലും. 1949 മാർച്ച് മൂന്നിന് (1124 കുംഭം 20) ഇതു സംബന്ധമായി ഹലീമാ ബീവി സർക്കാറിന് അപേക്ഷ നൽകി. തുടർന്ന് സെക്രട്ടേറിയറ്റിൽനിന്നുള്ള ഉത്തരവ്, പൊലീസിന്റെ നിരാക്ഷേപ പത്രം, ഡിവിഷൻ മജിസ്ട്രേറ്റിന്റെ അനുമതിപത്രം എന്നിവ നേടിയെടുക്കുന്നതിന് കാലതാമസം നേരിട്ടു. തിരുവല്ലയിൽനിന്നും പ്രസിന്റെ ആസ്ഥാനം പെരുമ്പാവൂരിലേക്ക് മാറ്റുന്നതോടൊപ്പംതന്നെ അച്ചുകൂടത്തിന്റെ പേരിലും ‘ഭാരതചന്ദ്രിക പ്രിന്റിങ് ആൻഡ് പബ്ലിഷിങ് ഹൗസ്, പെരുമ്പാവൂർ’ എന്നു മാറ്റംവന്നു.

ഇത് സംബന്ധമായി ഇരു ഡിവിഷനിലെയും മജിസ്ട്രേറ്റിനു മുന്നിലുമെത്തി ഹലീമാ ബീവിക്ക് സത്യപ്രസ്താവന എഴുതിനൽകേണ്ടിവന്നു. 1124 മിഥുനം 22ന് കൊല്ലം ഡിവിഷൻ മജിസ്ട്രേറ്റിന് മുന്നിലും 1949 ജൂലൈ 14ന് (1124 മിഥുനം 30) കോട്ടയം ഡിവിഷൻ മജിസ്ട്രേറ്റിന് മുന്നിലും അവരെത്തി പ്രസ്താവന എഴുതിനൽകി: “രാജ്യമാന്യരാജ്യശ്രീ, കോട്ടയം ഡിവിഷൻ പേഷ്കാർ അവർകൾ സമക്ഷത്തിൽ എം. ഹലീമ ബീവി (പ്രോപ്പറേറ്റർ, ന്യൂ പ്രിന്‍റിങ് ഹൗസ്, തിരുവല്ല) എഴുതിനൽകുന്ന ഡിക്ലറേഷൻ.

 

എന്‍റെ വകയിൽ തിരുവല്ല താലൂക്ക് ടി പകുതിയിൽ തുകലശ്ശേരി മുറിയിൽ ചന്ദ്രവിരുത്തി പീടിക കെട്ടിടത്തിൽ നടത്തിവരുന്നതുമായ ന്യൂ പ്രിന്റിങ് ഹൗസ് കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂർ പകുതിയിൽ ടി മുറിയിൽ പെരുമ്പാവൂർ മാർക്കറ്റിനും മരിക്കാർ ട്രാൻസ്പോർട്ടിനും കിഴക്ക്, മരിക്കാർ വക സ്ഥലത്തിന് പടിഞ്ഞാറ്, മരിക്കാർ ബംഗ്ലാവിനും തെക്ക്, ആലുവ-മൂന്നാർ റോഡിനും വടക്ക് എ.എം മരിക്കാർ വക 715 / 4-ാം നമ്പർ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചു നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്നു. ടി പ്രസ്സിന്റെ പ്രോപ്പറേറ്റർ ഞാനാണെന്ന് ഇതിനാൽ സത്യപ്രതിജ്ഞ ചെയ്തുകൊള്ളുന്നു.

എം ഹലീമാ ബീവി

(ഒപ്പ്)

30.11. 1124’’

ഒപ്പംതന്നെ ‘ഭാരതചന്ദ്രിക’ പത്രത്തിന്റെ അച്ചടികേന്ദ്രം മാറ്റുന്നത് സംബന്ധമായും സത്യപ്രസ്താവന കാണുന്നുണ്ട്. എന്നാൽ, തന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്‍റെ പത്രാധിപത്യവും പ്രസിന്‍റെ കൈകാര്യ ചുമതലയും അവർതന്നെ നിലനിർത്തുകയാണ് ചെയ്തത്. അതിപ്രകാരമായിരുന്നു: ‘‘രാജ്യമാന്യരാജ്യശ്രീ, കോട്ടയം ഡിവിഷൻ പേഷ്കാർ അവർകൾ സമക്ഷത്തിൽ എം. ഹലീമ ബീവി എഴുതി വയ്ക്കുന്ന ഡിക്ലറേഷൻ. തിരുവല്ല ന്യൂ പ്രിന്റിങ് ഹൗസിൽ അച്ചടിച്ച് തിരുവല്ലയിൽനിന്നും പ്രസിദ്ധീകരിച്ചുവരുന്ന ഭാരതചന്ദ്രിക പത്രം അടുത്തമാസം മുതൽ കുന്നത്തുനാട് താലൂക്ക് പെരുമ്പാവൂർ പകുതിയിൽ എ.എം മരിക്കാർ അവർകൾ വക 715 / 4-ാം നമ്പർ മരിക്കാർ ബംഗ്ലാവിലേക്ക് മാറ്റി എന്‍റെ വക ന്യൂ പ്രിന്‍റിങ് ഹൗസിൽ അച്ചടിച്ച് പെരുമ്പാവൂരിൽനിന്ന് പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരിക്കുന്നു. ടി പത്രത്തിന്റെ പ്രിന്‍ററും പബ്ലിഷറും ഞാനാണെന്ന് ഇതിനാൽ സത്യപ്രസ്താവന ചെയ്തു.

എം. ഹലീമാ ബീവി

(ഒപ്പ്)”

‘ഭാരതചന്ദ്രിക’ കമ്പനിയുടെ മാനേജിങ് ഡയറക്ടർ സ്ഥാനം എ.എം. മരക്കാർക്കായിരുന്നെങ്കിലും ഹലീമാ ബീവിതന്നെയായിരുന്നു പത്രത്തിന്‍റെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നത്. ‘ഭാരതചന്ദ്രിക’ ലിമിറ്റഡ് കമ്പനിയായതോടുകൂടി അതിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. അതിന്‍റെ ഭാഗമായി ബി.സി ബുക്ക് സ്റ്റാൾ, പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, പുറമേനിന്നുള്ള അച്ചടിജോലികൾ ഏറ്റെടുത്ത് ചെയ്യൽ എന്നിങ്ങനെയും മേഖലകളിലേക്ക് കൂടി അവർ കാലെടുത്തുവെച്ചു. ‘ഭാരതചന്ദ്രിക’ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ മേൽനോട്ടത്തിൽതന്നെയാണ് ‘ഭാരതചന്ദ്രിക’ ബുക്ക് സ്റ്റാൾ പ്രവർത്തിച്ചിരുന്നത്. അവരുടെ പ്രസാധനത്തിൽ വിരിഞ്ഞ മികച്ച സാഹിത്യ-വിജ്ഞാന ഗ്രന്ഥങ്ങൾ ഈ പുസ്തകശാല വഴി അവർ വിറ്റഴിച്ചു. ഹലീമാ ബീവിയുടെ മേൽനോട്ടത്തിലും തുടർന്ന് എ.എം. മരക്കാരുടെ നേതൃത്വത്തിലും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുവേണ്ട ഇടപെടൽ നടത്തിവന്നിരുന്നു.

എന്നാൽ, ‘ഭാരതചന്ദ്രിക’ പത്രത്തിന്‍റെ അവസാന കാലംവരെ പത്രാധിപസ്ഥാനം ഹലീമാ ബീവിക്കുതന്നെയായിരുന്നു. കമ്പനി നടത്തിക്കുന്നതിനുവേണ്ടി അവർക്ക് തിരുവല്ലയിൽനിന്ന് കുടുംബസമേതം താമസം പെരുമ്പാവൂരിലേക്ക് പറിച്ചുനടേണ്ടിയും വന്നു. തുടർന്ന് ‘ഭാരതചന്ദ്രിക’ കമ്പനിയുടെ ഉടമസ്ഥാവകാശം അബ്ദുൽ മജീദ് മരക്കാരിൽ വന്നുചേർന്നതോടുകൂടി, സാമ്പത്തികമായി വളരെയധികം ഞെരുക്കത്തിലേക്ക് പോയി. സാമ്പത്തികബുദ്ധിമുട്ട് ഏറിവന്നപ്പോൾ ന്യൂ പ്രിന്‍റിങ് ഹൗസിന്‍റെ ഉടമ എന്ന സ്ഥാനംകൂടി മജീദ് മരക്കാർക്ക് വിട്ടുനൽകി. എന്നാൽ, അധികകാലം കമ്പനിയുടെ ഭാഗമായിനിന്നുകൊണ്ട് പ്രവർത്തിക്കുവാൻ അവർക്ക് സാധിച്ചില്ല.

കമ്പനിയുടെ അധികാരം മാനേജിങ് ഡയറക്ടറിൽ നിക്ഷിപ്തമായി മാറിയതോടെ തന്റെ അധികാരപരിധി ചുരുങ്ങിവരുന്നതായി അവർ മനസ്സിലാക്കി. ദീർഘകാലത്തെ ഉത്സാഹം ഒരു മുരടിപ്പിലേക്ക് പോയി. തന്‍റെ പ്രവർത്തനങ്ങളിൽ താൽപര്യം കുറഞ്ഞുവന്നു. തുടർന്ന് പത്രപ്രവർത്തനത്തിൽനിന്നും താൽക്കാലികമായി ഹലീമാ ബീവി വിടുതൽചെയ്തു. 1951 ഏപ്രിൽ 20ന് എ.എം. മരയ്ക്കാർ തൃശൂർ ജില്ലാ മജിസ്ട്രേറ്റ് എം.എം വർക്കിക്ക് മുമ്പാകെ എഴുതിനൽകിയ സത്യപ്രസ്താവനയിൽ, കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂർ ഇരിങ്ങോൾ ദേശത്ത് സർവേ നമ്പർ 643/3ൽ ‘ദി ന്യൂ പ്രിന്റിങ് ഹൗസ്’ എന്ന അച്ചുകൂടം ഭാരതചന്ദ്രിക പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഉടമസ്ഥതയിലാണെന്ന് പ്രസ്താവിക്കുന്നുണ്ട്.43

അങ്ങനെ, 1951ൽ ദീർഘകാലം ഒരു ജീവവായുവായി കൊണ്ടുനടന്ന പത്രപ്രവർത്തനം അവർ താൽക്കാലികമായി അവസാനിപ്പിച്ചു. ദീർഘകാലം മലയാള പത്രലോകത്ത് നിറഞ്ഞുനിന്നിരുന്ന വനിത മാസികയും ‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പും ദിനപത്രവും ചരിത്രത്തിലേക്കുമറഞ്ഞു.

(തുടരും)

കുറിപ്പ്

41. നൂറ & നൂർജഹാൻ, പത്രാധിപ, പു.

42. സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ട്രാവൻകൂർ, 1122 ME (1946-47), പു. 482.

43. ഫയൽ നമ്പർ.12398/51/CE, തീയതി 8/5/1951, ജനറൽ സെഷൻ, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം.

Tags:    
News Summary - Kerala’s First Woman Daily Editor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.