നമ്മൾ ധരിക്കുന്ന വസ്ത്രം നമ്മുടേതായതെങ്ങനെ?

മലയാളി ആദിമകാലം മുതലേതന്നെ വസ്ത്രം ധരിച്ചിരുന്നോ? എന്നുമുതലാണ് അവർ മുണ്ടും ഷർട്ടും സാരിയും ബ്ലൗസുമെല്ലാം ധരിച്ചുതുടങ്ങിയത്? ശരിയായ കേരളീയവേഷം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ അവയേതാണ്? –ചരിത്ര പഠനം. മലയാളിയുടെ സാംസ്കാരിക സ്വത്വത്തിന്റെ ഊടും പാവും നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അവന്റെ/അവളുടെ വേഷഭൂഷാദികൾ. മലയാളിത്തത്തിന്റെ ഏറ്റവും പ്രധാന സൂചകമായി നാം ചൂണ്ടിക്കാട്ടുന്നത് അധിനിവേശവും ആധുനികതയും ദേശീയതയും മലയാളിയുടെ വേഷഭൂഷാദികളെ സ്വാധീനിച്ചത് എങ്ങനെയാണ് എന്നീ ചോദ്യങ്ങളാണിവിടെ ഉന്നയിക്കപ്പെടുന്നത്. വേഷവിധാനങ്ങളെക്കുറിച്ചുള്ള ചരിത്രരചനയിൽ സ്രോതസ്സ് (Sources) അഭാവമാണ്...

മലയാളി ആദിമകാലം മുതലേതന്നെ വസ്ത്രം ധരിച്ചിരുന്നോ? എന്നുമുതലാണ് അവർ മുണ്ടും ഷർട്ടും സാരിയും ബ്ലൗസുമെല്ലാം ധരിച്ചുതുടങ്ങിയത്? ശരിയായ കേരളീയവേഷം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ അവയേതാണ്? –ചരിത്ര പഠനം.

മലയാളിയുടെ സാംസ്കാരിക സ്വത്വത്തിന്റെ ഊടും പാവും നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അവന്റെ/അവളുടെ വേഷഭൂഷാദികൾ. മലയാളിത്തത്തിന്റെ ഏറ്റവും പ്രധാന സൂചകമായി നാം ചൂണ്ടിക്കാട്ടുന്നത് അധിനിവേശവും ആധുനികതയും ദേശീയതയും മലയാളിയുടെ വേഷഭൂഷാദികളെ സ്വാധീനിച്ചത് എങ്ങനെയാണ് എന്നീ ചോദ്യങ്ങളാണിവിടെ ഉന്നയിക്കപ്പെടുന്നത്. വേഷവിധാനങ്ങളെക്കുറിച്ചുള്ള ചരിത്രരചനയിൽ സ്രോതസ്സ് (Sources) അഭാവമാണ് പ്രധാനപ്പെട്ട വെല്ലുവിളി. എങ്കിലും, ഒരു ആമുഖപഠനം തയാറാക്കുന്നതിനാണിവിടെ ശ്രമിക്കുന്നത്.

മൃഗങ്ങളിൽനിന്നും വ്യത്യസ്തനല്ലാതിരുന്ന കാലത്ത് മനുഷ്യൻ വസ്ത്രം ധരിച്ചിരിക്കാനിടയില്ല. നാണം വന്നു തുടങ്ങുന്നതുവരെ മനുഷ്യൻ നഗ്നനായിത്തന്നെയാണ് ജീവിച്ചത്. മിത്തുകൾ നൽകുന്ന സൂചനപ്രകാരം, ആദമിനും ഹവ്വക്കും സ്വർഗം നഷ്ടമായതിന്റെ കാരണം വിലക്കപ്പെട്ട കനി ഭക്ഷിച്ചതും ശേഷം നാണം വന്നതിനാൽ അവർ ഇലകൊണ്ട് നാണം മറച്ചതുംകൂടിയായിരുന്നുവല്ലോ. ആദ്യകാല മനുഷ്യൻ ഇലകൊണ്ടും മരവുരികൊണ്ടുമെല്ലാമാണ് നാണം മറച്ചത്. സംസ്കാരരൂപവത്കരണത്തിന്റെ ഒരു ഘട്ടത്തിലാണ് അവൻ തുണി നെയ്ത്ത് പരിചയിക്കുന്നത്

നവീനശിലായുഗത്തോടെയാണല്ലോ മനുഷ്യൻ ചക്രങ്ങൾ ഉപയോഗിച്ചുതുടങ്ങുന്നത്. അതോടെയാണ് നെയ്തെടുത്ത വസ്ത്രം ഉപയോഗത്തിൽ വരുന്നത് എന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ഈജിപ്തിലെയും സമീപ ഏഷ്യയിലെയും ഏറ്റവും പുരാതനങ്ങളായ നവീന ശിലായുഗ ഗ്രാമങ്ങളിലെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നെയ്ത്തുവ്യവസായത്തിന്റെ ആദ്യസൂചനകൾ കാണുന്നതായി ഗോർഡൺ ചൈൽഡ് നിരീക്ഷിക്കുന്നു. പ്രാചീന മനുഷ്യൻ തണുപ്പിൽനിന്നും വെയിലിൽനിന്നും രക്ഷനേടുന്നതിന് ഇലകൊണ്ടുള്ള പാവാടകൾക്കും പാകപ്പെടുത്തിയ തോലുകൾക്കൊപ്പം ലിനൻ കൊണ്ടും പിന്നീട് കമ്പിളികൊണ്ടും നെയ്ത വസ്ത്രങ്ങൾ ഉപയോഗിക്കുകയുണ്ടായി.1

ആദ്യകാല വേഷവിധാനങ്ങൾ

സൈന്ധവ നാഗരികതയുടെ കാലത്ത് (ബി.സി.ഇ 2500 മുതൽ 1500 വരെ) ഇന്ത്യയിൽ വസ്ത്രം ഉപയോഗിച്ചിരുന്നുവെന്നത് സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബി.സി.ഇ 3000 ആണ്ടോടുകൂടി സിന്ധുനദീ തീരത്ത് പരുത്തി കൃഷി ചെയ്തിട്ടുണ്ടാവാം എന്ന് ഗോർഡൺ ചൈൽഡ് അനുമാനിക്കുന്നു.2 സിന്ധു നദീതീരത്ത് 5000 വർഷം പഴക്കമുള്ള മോഹൻജൊദാരോ നഗരത്തിന്റെ അവശിഷ്ടങ്ങളിൽ തക്ലികളും (spindles) കിട്ടിയിരുന്നതായി പ്രശസ്ത നരവംശശാസ്ത്രജ്ഞനായ ഡോ. എ. അയ്യപ്പൻ പ്രസ്താവിക്കുന്നു.3 ദക്ഷിണേന്ത്യൻ വസ്ത്രത്തിന്റെ നിർമാണത്തിന്റെ ചരിത്രത്തിന് ചരിത്രാതീത കാലത്തോളംതന്നെ പഴക്കമുണ്ട്. തമിഴ്നാട്ടിലെ വടക്കൻ ആർക്കോട്ട് ജില്ലയിൽപെട്ട പയ്യമ്പള്ളിപോലുള്ള പുരാവസ്തു ഖനനകേന്ദ്രത്തിൽനിന്നും മറ്റു കേന്ദ്രങ്ങളിൽനിന്നും ലഭിച്ച തക്ലികൾ അതിനുള്ള തെളിവാണ്.

ആദിച്ചനെല്ലൂരിൽനിന്നും നീലഗിരിക്കുന്നുകളിൽനിന്നും കണ്ടെടുക്കപ്പെട്ട തുണിക്കഷണങ്ങളുടെ അവശിഷ്ടങ്ങളും കൈചൂണ്ടുന്ന വസ്തുത മറ്റൊന്നല്ല. കാഞ്ചിപുരവും മധുരയും തഞ്ചാവൂരുമെല്ലാം ഉന്നതനിലവാരമുള്ള പരുത്തിത്തുണിയുടെ ഉൽപാദന-കയറ്റുമതി കേന്ദ്രങ്ങളായിരുന്നു. സംഘം കൃതികളായ ‘ചിലപ്പതികാര’വും ‘മണിമേഖല’യും അതേക്കുറിച്ച് സൂചനകൾ നൽകുന്നുണ്ട്. പരുത്തിത്തുണിയുടെയും പട്ടുടയാടകളുടെയും കയറ്റുമതി കേന്ദ്രമായ പൂമ്പുഹാറിനെക്കുറിച്ച് (കാവേരിപ്പൂമ്പട്ടണം) വിവരണങ്ങൾ കാണാം. കറുഗർ വീഥി, അരുവൈ വീഥി എന്നീ പേരിലുള്ള നെയ്ത്തുകാരുടെ തെരുവുകൾ നിലവിലുണ്ടായിരുന്നതായും സാഹിത്യലക്ഷ്യങ്ങൾ സൂചന നൽകുന്നു.

4 ശിലായുഗത്തിന്റെ അവസാനകാലത്തിൽതന്നെ ദക്ഷിണേന്ത്യയിലെ നമ്മുടെ പൂർവികർ നൂൽനൂറ്റിരുന്നതിന് എത്രയോ പ്രത്യക്ഷ ലക്ഷണങ്ങൾ കാണാമെന്ന് ഡോ. എ. അയ്യപ്പൻ സമർഥിക്കുന്നു. അക്കാലത്തെ മനുഷ്യർ നൂലുണ്ടാക്കുന്ന തക്ലി നിർമിച്ചത് മണ്ണുകൊണ്ടായിരുന്നത്രെ. വൃത്തത്തിലുള്ള ദ്വാരങ്ങളോടുകൂടിയ മൺവട്ടുകളും കൽവട്ടുകളും ദക്ഷിണേന്ത്യയിൽത്തന്നെ പല സ്ഥലത്തുനിന്നും റോബർട്ട് ബ്രൂസ് ഫൂട്ട് ക​െണ്ടടുത്തിട്ടുണ്ട്.5 ഇതെല്ലാം നമ്മുടെ പൂർവികരുടെ വസ്ത്രനിർമാണകൗശലത്തിന്റെ കാലപ്പഴക്കത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

 

മലബാറിലെ നായർസ്ത്രീകൾ

സംഘകാല കൃതികളിൽ (ബി.സി.ഇ അഞ്ചാം നൂറ്റാണ്ടിനും സി.ഇ അഞ്ചാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്ത്) മലയാളിയുൾപ്പെടെയുള്ളവരുടെ പൂർവികരായ പ്രാചീന തമിഴകക്കാരുടെ വസ്ത്രധാരണരീതിയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം: “പുരുഷന്മാർ അവസ്ഥാനുസരണമായ വസ്ത്രധാരണം ചെയ്തിരുന്നു. സാധാരണയായി മുട്ടോളം ഇറങ്ങുന്ന ഒരു വസ്ത്രം അരയിൽ ചുറ്റുന്നതിനു പുറമെ തലയിലും ഒരു തുണി കെട്ടാറുണ്ട്. തലമുടി കൂട്ടിപ്പിടിച്ചു നെറുകയിലോ തലയുടെ ഒരു ഭാഗത്തായോ കെട്ടുന്നു. പ്രമാണികൾ മിന്നുന്നതും നീലവർണത്തിലുള്ളതുമായ പളുങ്കുമണികൾ കോർത്തിട്ടുള്ള പട്ടുചരടുകൾ തലമുടികൾ കൂട്ടിക്കെട്ടുന്നതിന് ഉപയോഗിക്കാറുണ്ട്.

സാധാരണയായി സ്ത്രീകൾ അരക്കുമീതെ ദേഹം അശേഷം മറയ്ക്കാറില്ല. അരയിൽ ചുറ്റുന്ന വസ്ത്രം കാലിൻകണ്ണവരെ ഇറങ്ങും. മറയ്ക്കാത്ത ദേഹഭാഗത്തിൽ ചന്ദനമോ മറ്റുവല്ല സുഗന്ധചൂർണമോ തേക്കും. നാഗന്മാരുടെ സ്ത്രീകൾ നിശ്ശേഷം നഗ്നകൾതന്നെയായിരുന്നു. തേവിടിശ്ശികൾ തുടയുടെ മധ്യംവരെ ഇറങ്ങുന്നതും മറയാത്ത വിധത്തിൽ നേരിയതുമായ ഒരു തുണി മാത്രം അരയിൽ ചുറ്റിയിരുന്നു. കാടരുടെ സ്ത്രീകൾ പച്ച ഇലകൾ ഒരു ചരടിൻമേൽ കോർത്തു കെട്ടി അരയിൽ ചുറ്റും. വഴി നീളെ പാട്ടുപാടി ഉഴന്നുനടന്നിരുന്ന പാണരുടെ സ്ത്രീകൾ അശേഷം നഗ്നകളായി നടന്നിരുന്നു എന്ന് കാണുന്നുണ്ട്. അക്കാലത്ത് നഗ്നമായി നടക്കുന്നത് ഒരു കുറവെന്നോ പോരായ്മയെന്നോ വിചാരിച്ചിരുന്നില്ല.”6 തദ്ദേശീയരായ ജനത അവശ്യം വസ്ത്രങ്ങൾ മാത്രമായിരുന്നു ധരിച്ചിരുന്നതെങ്കിലും പരുത്തികൊണ്ടും പട്ടുകൊണ്ടുമുള്ള വസ്ത്രങ്ങൾ അക്കാലത്തെ റോമൻ കപ്പലുകളിൽ കയറ്റുമതി ചെയ്ത പ്രധാന ഉൽപന്നങ്ങളായിരുന്നുവത്രെ.

7 കപ്പൽപ്പായകൾക്കു യോജ്യമായ വലുപ്പമുള്ളതും ഉറപ്പേറിയതുമായ പായകൾക്ക് അക്കാലത്ത് ആവശ്യക്കാരുണ്ടായിരുന്നു. പരുത്തി പ്രധാനപ്പെട്ട ഒരു വിനിമയ വസ്തുവായിരുന്നുവെന്നും ഗ്രീക്കോ-റോമൻ കപ്പലുകൾതന്നെയും ഇന്ത്യയിൽനിന്ന് കപ്പൽപ്പായകൾ ഉണ്ടാക്കാൻ പറ്റിയ കട്ടിയായി നെയ്ത തുണിത്തരങ്ങൾ കൊണ്ടുപോയിരുന്നുവെന്നും സ്രോതസ്സുകൾ സൂചന നൽകുന്നുണ്ട്.8 അക്കാലത്തെ മധ്യധരണ്യാഴിപ്രദേശത്തെ പായക്കപ്പലുകളിൽ തുണികൊണ്ടുള്ള കപ്പൽപ്പായകൾ പ്രചാരത്തിലില്ലായിരുന്നു എന്നതിനാൽ മിയോസ് ഹോർമോസിലും ബെറണികെയിലും കണ്ടെത്തിയ പായക്കഷണങ്ങൾ ഇന്ത്യൻ കപ്പലുകളുടേതായിരിക്കാനാണ് കൂടുതലും സാധ്യത എന്നാണ് പണ്ഡിതർ അനുമാനിക്കുന്നത്.9 അങ്ങനെയെങ്കിൽ അത് ദക്ഷിണേന്ത്യൻ നെയ്ത്തുവിദ്യയുടെ മികവിലേക്കാണ് വെളിച്ചം വീശുന്നത്.

കേരളത്തിലെ ബ്രാഹ്മണകുടുംബം

അക്കാലത്തെ മറ്റു ചമയങ്ങളെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും സൗന്ദര്യവർധകവസ്തുക്കളെക്കുറിച്ചും സംഘം കൃതികൾ വിവരിക്കുന്നുണ്ട്: “എല്ലാ ജാതി സ്ത്രീ-പുരുഷന്മാരും തലമുടി മിനുക്കുന്നതിന് എണ്ണ ഉപയോഗിച്ചിരുന്നു. സ്ത്രീകൾ പലതരത്തിലുള്ള സുഗന്ധസാധനങ്ങളും പുഷ്പങ്ങളും ആഭരണങ്ങളും തലമുടിയിൽ ധരിക്കാറുണ്ട്. സ്ത്രീകൾ പുരികത്തിൽ മഷിയെഴുതിയിരുന്നു. പുരുഷന്മാരും സ്ത്രീകളും വാസനപിടിപ്പിച്ച പലതരത്തിലുള്ള എണ്ണ ദേഹത്ത് തേക്കാറുണ്ട്. യോഗ്യരുടെ ഭവനങ്ങളിൽ അഷ്ടഗന്ധം, സാമ്പ്രാണി, മട്ടിപ്പശ മുതലായ സുഗന്ധസാധനങ്ങളെ ധൂപിക്കും. വസ്ത്രം ധരിക്കുന്നത് കുറച്ചുമാത്രമേ ഉള്ളൂ എങ്കിലും ആഭരണങ്ങളിൽ അശേഷം ലുബ്ധ് പിടിച്ചിരുന്നില്ല.

കഴുത്തിലും കൈകളിന്മേലും അരയിലും പലതരം ആഭരണങ്ങൾ ധരിച്ചിരുന്നു. പ്രഭുക്കന്മാരും ധനികന്മാരായ ജന്മികളും വിലയേറിയ മുത്തുമാലകളും രത്നമാലകളും കഴുത്തിലും സ്വർണംകൊണ്ട് കട്ടിയായി ഉണ്ടാക്കിയിട്ടുള്ള വളകൾ കൈകളിലും ധരിച്ചിരുന്നു. രാജവംശത്തിലുള്ളവരും ഖണ്ഡാധിപതികളും ശേഷമുള്ള സാധാരണ ജനങ്ങളിൽനിന്ന് വ്യത്യാസപ്പെട്ട് അറിയാൻവേണ്ടി കാലിൻമേൽ തള ഇടാറുണ്ടായിരുന്നു.

കീഴ്ജാതിയിലുള്ള സ്ത്രീകൾ ശംഖുകൊണ്ടുണ്ടാക്കിയ വളകൾ കൈകളിൽ ഇട്ടിരുന്നു. കഴുത്തിൽ വെളുത്തതും നീലനിറമുള്ളതുമായ പളുങ്കുകൾ കോർത്ത് മാലയായി കെട്ടും. ഒരു വിധം കഴിച്ചിലിനുള്ളവർ സ്വർണംകൊണ്ടുള്ള ആഭരണങ്ങൾ ധരിച്ചിരുന്നു. അക്കാലത്ത് ഇദ്ദിക്കിൽ വെള്ളി വളരെ അപൂർവമായിരുന്നു. ധനവാന്മാർ വളരെ വിലയേറിയ ആഭരണങ്ങൾ മാത്രമേ ധരിക്കാറുള്ളൂ.”10 പ്രസ്തുത വിവരണത്തെ ശരിവെക്കുന്ന തരത്തിലുള്ള പുരാവസ്തുതെളിവുകളാണ് ദക്ഷിണേന്ത്യയിൽനിന്നും പ്രത്യേകിച്ച് പട്ടണത്തിൽനിന്നും നമുക്ക് ലഭിക്കുന്നത്. മാത്രമല്ല, റോമൻ വ്യാപാരത്തിലൂടെ നേടിയ വൻ സ്വർണശേഖരം വിനിമയത്തിനോ ആഭരണമാക്കി ധരിക്കുന്നതിനോ അക്കാലത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്നും അനുമാനിക്കാം.

 

മധ്യകാലഘട്ടത്തിലെ വേഷപ്പകർച്ചകൾ

മലയാളിയുടെ വസ്ത്രധാരണശീലത്തിൽ മതവും ജാതിയുമെല്ലാം നിർണായകഘടകമാവുന്നത് ഈ കാലത്തിലാണ്. വസ്ത്രം എന്നത് ഉയർന്ന ആഡംബരമായിരുന്ന അക്കാലത്ത് എല്ലാവർക്കും വസ്ത്രം ലഭ്യമായിരുന്നില്ല. മാത്രമല്ല, ജാതിചിഹ്നങ്ങൾ വസ്ത്രങ്ങളിലൂടെ പ്രത്യക്ഷീകരിക്കപ്പെട്ടിരുന്നു. പ്രാചീനകാലത്തിനുശേഷവും വസ്ത്രത്തിന്റെ കാര്യത്തിൽ മലയാളി ധാരാളിത്തം കാട്ടിയിരുന്നില്ല. എന്നാൽ, ഇതേക്കുറിച്ചുള്ള വിവരങ്ങൾക്കായി ആശ്രയിക്കാവുന്ന സ്രോതസ്സുകൾ വിരളവുമാണ്. സമകാലികരായ വൈദേശികസഞ്ചാരികളുടെ കുറിപ്പുകളാണ് തൽസംബന്ധിയായ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നത്.

പതിമൂന്നാം ശതകത്തിന്റെ അന്ത്യത്തിൽ കേരളം സന്ദർശിച്ച യൂറോപ്യൻ സഞ്ചാരിയായ ജോൺ ഓഫ് മോണ്ടികോർവിനോ മലയാളിയുടെ വസ്ത്രധാരണരീതിയെക്കുറിച്ച് ഇങ്ങനെയാണ് രേഖപ്പെടുത്തുന്നത്: “നാമമാത്ര വസ്ത്രധാരികളാണ് സ്ത്രീ-പുരുഷന്മാർ. എല്ലാവരും നഗ്നപാദരാണ്. അതിനാൽ ഇവിടെ തയ്യൽക്കാരുടെയും ചെരുപ്പുകുത്തികളുടെയും ആവശ്യം നേരിടുന്നില്ല.”11 സമാനമായ വിവരണംതന്നെയാണ് പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അബ്ദുർറസാഖും മുന്നോട്ടുവെക്കുന്നത്: “എന്റെ പ്രതീക്ഷകളെ തകർത്ത ഈ കറുത്തവർഗക്കാർക്ക്, സ്ത്രീ-പുരുഷഭേദമെന്യേ ഒരു തുണിക്കഷണമാണ് വസ്ത്രമായി അവരുടെ ശരീരത്തിൽ ആകെയുള്ളത്.

പുരുഷന്മാർ ഒരു കൈയിൽ വാളും മറുകൈയിൽ തോൽകൊണ്ട് ആവരണം ചെയ്തിട്ടുള്ള പരിചയുമായിട്ടാണ് നടക്കുക. ഇതേ വേഷമാണ് സാധാരണക്കാർ മുതൽ രാജാക്കന്മാരടക്കമുള്ളവരുടേതും. എന്നാൽ, മുസ്‍ലിംകളുടെ വേഷവിധാനം ഇതിൽനിന്ന് ഭിന്നമാണ്. അറബികളെപ്പോലെ വിലയേറിയ വസ്ത്രങ്ങളും മറ്റ് ആഡംബര സാധനങ്ങളും ലോപമില്ലാതെ അവർ ഉപയോഗിക്കുന്നു.”12 പതിനാറാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച ബാർബോസയുടെ വിവരണങ്ങളും ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. കേരളത്തിൽ രാജാക്കന്മാരിൽ ആരുംതന്നെ അരയ്ക്കു മീതെ വസ്ത്രം ധരിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അരക്കു താഴെ വിശേഷപ്പെട്ട വെള്ള വസ്ത്രത്താൽ മറച്ചിരിക്കും. ചിലപ്പോൾ പട്ടും ഉടുക്കുമത്രെ. അപൂർവാവസരങ്ങളിൽ ചുവന്ന പട്ടുകൊണ്ടോ നീരാളംകൊണ്ടോ മറ്റു വിശേഷപ്പെട്ട തുണികൾകൊണ്ടോ ഉണ്ടാക്കിയിട്ടുള്ളതും സ്വർണക്കസവുകൾ തുന്നിപ്പിടിപ്പിച്ചിട്ടുള്ളതും മുൻഭാഗം തുറന്നുകിടക്കുന്നതുമായ ഒരു കുപ്പായം ധരിക്കാറുണ്ട്. അദ്ദേഹം എഴുതുന്നു. ഇതിൽനിന്നും വർഗപരവും സാമൂഹികപരവുമായ വൈജാത്യത്തെ നമുക്ക് വായിച്ചെടുക്കാം.

16ാം നൂറ്റാണ്ടിൽതന്നെ കേരളത്തിൽ എത്തുകയും മലയാളം പഠിക്കുകയും ചെയ്ത പോർചുഗീസ് സഞ്ചാരി ലുഡ്വികോ ഡി വാർത്തേമയും അക്കാലത്തെ വസ്ത്രധാരണരീതിയെക്കുറിച്ച് നിരീക്ഷിച്ചിട്ടുണ്ട്: “രാജാവും രാജ്ഞിയുമടക്കം തദ്ദേശീയരായ എല്ലാവരും മധ്യഭാഗം ഒരു കഷണം പരുത്തിത്തുണിയോ പട്ടുതുണിയോകൊണ്ടു മറയ്ക്കുന്നതൊഴിച്ചാൽ പൊതുവിൽ നഗ്നരും നഗ്നപാദരുമായിരുന്നു. എന്നാൽ ചില മുസ്‍ലിം കച്ചവടക്കാർ (Moorish merchants) അരവരെ എത്തുന്ന ചെറിയൊരു ഷർട്ട് ധരിച്ചു. എന്നാൽ, അവിശ്വാസികളെല്ലാവരും (Pagans) ഷർട്ടിടാതെയാണ് കാണപ്പെട്ടത്. സ്ത്രീകളും അവരുടെ മുടി നീട്ടിവളർത്തിയെന്നതൊഴിച്ചാൽ പുരുഷന്മാരെപ്പോലെതന്നെ നഗ്നരായാണ് ജീവിച്ചത്.”13

ലാളിത്യവും രമണീയതയുമായിരുന്നു തിരുവിതാംകൂറിലെയും മലബാറിലെയും ജനങ്ങളുടെ വസ്ത്രധാരണത്തിന്റെ സവിശേഷതയെന്ന് ട്രാവൻകൂർ സ്റ്റേറ്റ് മാന്വലിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഏത് സമുദായത്തിൽപെട്ടവരായിരുന്നാലും മലയാള ഭാഷ സംസാരിക്കുന്ന ആണുങ്ങളുടെയെല്ലാം വേഷം ഏതാണ്ട് സമാനമാണെന്ന് പറയുന്നു. എല്ലാവരും അരയിൽ കോണകമുടുക്കുന്നു. ശരീരത്തിന്റെ മേൽഭാഗവും തലയും മറയ്ക്കാറില്ല. ഓരോ വ്യക്തിയുടെയും വരുമാനത്തിനനുസരിച്ച് തുണിയുടെ ഗുണം വ്യത്യസ്തമായിരുന്നു. ഉയർന്ന സമുദായങ്ങൾ തങ്ങൾ ധരിക്കുന്ന വസ്ത്രത്തിന്റെ വൃത്തിയെക്കുറിച്ച് കണിശത പുലർത്തിയിരുന്നു. പുറത്തുപോകുമ്പോൾ അവർ ചുമലിൽ ഒരു മേൽമുണ്ടു ധരിച്ചു.

ഉത്സവ ദിവസങ്ങളിൽ ഗുണമേന്മയുള്ളതും കസവുകരയുള്ളതുമായ മേൽമുണ്ടാണ് അവർ ധരിച്ചത്.14 കൊച്ചിൻ സ്റ്റേറ്റ് മാന്വലിലും വേഷവിധാനങ്ങളെക്കുറിച്ച് സമാനമായ വിവരണമാണ് കാണുന്നത്. ഒരു കോണകവും ഒരു മുണ്ടും ഒരു തോർത്തുമുണ്ടുമായിരുന്നു ആണുങ്ങളുടെ സാധാരണ വേഷം. എന്നാൽ, സ്ത്രീകൾ ഒന്നരമുണ്ട് എന്ന പേരിലുള്ള സാമാന്യം വലിയ ഒരു തുണിയാണ് അരയിൽ ചുറ്റിയുടുത്തത്. അതിനു മുകളിലായി പുരുഷന്മാരുടേതുപോലെ ഒരു മുണ്ടും ഉടുത്തു. ഒരു ചെറിയ കഷണം തുണി മാറിലും അണിഞ്ഞിരുന്നു. മിക്കവാറും എല്ലാ തുണികളും വെള്ളയായിരുന്നു. പക്ഷേ, അവ പല നിറങ്ങളിലുള്ള കരയോടുകൂടിയവയായിരുന്നു. പട്ടുവസ്ത്രങ്ങളോ വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങളോ അക്കാലത്ത് ആണുങ്ങളും പെണ്ണുങ്ങളും ധരിച്ചിരുന്നില്ല.15

എന്നാൽ മലയാളിയുടെ വേഷഭൂഷാദികളിൽ ജാതിയുടെയും മതത്തിന്റെയും സൂചകങ്ങൾ ക്രമേണ വന്നുചേരുന്നതായി കാണാം. നമ്പൂതിരി പുരുഷന്മാരുടെയും സ്ത്രീകളുടെയും വസ്ത്രധാരണവും ശരീരവുമെല്ലാം മറ്റുള്ളവരിൽനിന്നും വ്യതിരിക്തമായിരുന്നു. നമ്പൂതിരിപുരുഷൻ വിശേഷാവസരങ്ങളിലും മുണ്ടിനെക്കാൾ നീളത്തിലുള്ള ഒരു തുണി തറ്റുടുക്കുകയായിരുന്നു. ഇരുതുടകൾക്കുമിടയിലൂടെ കോർത്തെടുത്ത് ഞൊറിവെച്ചുടുക്കുന്ന രീതിയായിരുന്നു അത്.

16 പതിനേഴാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച ഡച്ച് സഞ്ചാരിയായ ന്യൂഹാഫിന്റെ വിവരണം അക്കാലത്ത് ജാതിശരീരങ്ങളിലും വേഷഭൂഷാദികളിലും വന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത തരുന്നതാണ്. തമിഴ് ബ്രാഹ്മണർ വെളുത്ത തലപ്പാവും ചുവന്ന ചെരിപ്പും അതോടൊപ്പം കഴുത്തു മുതൽ പാദം വരെയെത്തുന്ന ഒരു കോട്ടും ധരിക്കുമായിരുന്നു. രണ്ടു തുടകൾക്കിടയിലൂടെ ചുറ്റിയുടുക്കുന്ന ഒരു നീണ്ട തുണിയും അവർ ധരിച്ചിരുന്നു. കഴുത്തിനു ചുറ്റുമായി സിൽക്കിന്റെയോ പരുത്തിയുടെയോ ഒരു തുണിയും അവർ ധരിച്ചു. മുടി നീട്ടിവളർത്തിയ അവരുടെ ചെവികളിൽ കുണുക്ക് എന്ന പേരിലുള്ള ഒരാഭരണവും അവർ ധരിക്കുമായിരുന്നു. ഇതിൽ ഏറ്റവും പ്രധാനമായത് തങ്ങളുടെ ജാതി വിളിച്ചോതുന്ന പൂണൂൽ തന്നെയായിരുന്നു.17

 

ടൈൽ ഫാക്ടറിയിലെ ജോലിക്കാർ

മലബാർ മാന്വലിന്റെ രചയിതാവായ വില്യം ലോഗൻ പറയുന്ന പ്രകാരം, നമ്പൂതിരിമാരുടെ ഉടുപ്പ് ലളിതമാണ് –ഒരു ഉടുമുണ്ടും മേൽമുണ്ടും. വിശേഷ സന്ദർഭങ്ങളിൽ, ഉടുമുണ്ടിന്മേൽ മുണ്ട് (അംഗവസ്ത്രം) അരയിൽ ചുറ്റും. ജാതിമേന്മ കുറിക്കുവാൻ ചന്ദനവും ഭസ്മവും കൊണ്ട് നെറ്റിത്തടത്തിലും മാറത്തും കൈകളിലും കുറികൾ വരക്കണമെന്നത് അവർക്ക് നിർബന്ധമാണ്. പുരുഷന്മാരെപ്പോലെതന്നെ നമ്പൂതിരി സ്ത്രീകളുടെ വേഷഭൂഷകളും ലളിതമാണ്. ഉടുമുണ്ട് കോത്തു കെട്ടി ഉടുക്കുന്നു. കസവുകരയിട്ട മേൽമുണ്ട് മുലക്കച്ചയായി കാൽമുട്ടുവരെ മറച്ചുടുക്കുന്നു.

കാതു തുളച്ച് ലോഹത്തകിടുകൊണ്ടുള്ള (സാമാന്യ ഗതിയിൽ വെള്ളികൊണ്ട്) കർണാഭരണങ്ങൾ അണിയുന്നു. കൈകളിൽ മുട്ടറ്റംവരെ പിത്തളവളകൾ കോർത്തണിയുന്നു. കുളി കഴിഞ്ഞാൽ നെറ്റിയിൽ ചന്ദനക്കുറി ഇടുന്നു.18 നമ്പൂതിരിയുടെ വീട്ടുവസ്ത്രത്തെക്കുറിച്ച് കാണിപ്പയ്യൂർ നൽകുന്ന വിവരണം ഇങ്ങനെയാണ്: “നമ്പൂതിരിമാർ ഇല്ലത്തിരിക്കുമ്പോൾ സാധാരണ ദിവസങ്ങളിൽ തോർത്തുമുണ്ടു മാത്രമേ ചുറ്റിയിരുന്നുള്ളൂ. വലിയ പ്രഭുക്കന്മാരിൽപോലും നിത്യവും വലിയ മുണ്ടു ചുറ്റിയിരുന്നവർ അപൂർവമായിരുന്നു... ഒരു ദേശത്തുനിന്നു മറ്റൊരു ദേശത്തേക്ക് കടക്കുമ്പോൾ രണ്ടാം മുണ്ടു കൂടാതെ പാടില്ല. അതിനാൽ പ്രഭുക്കന്മാരെല്ലാം വഴിയാത്ര ചെയ്യുമ്പോൾ വലിയ മുണ്ടു ചുറ്റിയിരുന്നു. സാധാരണക്കാർക്ക് അപ്പോഴും വലിയ മുണ്ടു ചുറ്റുന്ന നിർബന്ധമുണ്ടായിരുന്നില്ല.”19

വസ്ത്രധാരണംകൊണ്ട് ഒരാൾ ഏതു ജാതിയിൽ ഏതു നിലയിൽപ്പെട്ടവനാണെന്ന് ഒറ്റനോട്ടത്തിൽതന്നെ തിരിച്ചറിയണമെന്ന നിർബന്ധമുണ്ടായിരുന്നു. ആ വിധത്തിലേ മുണ്ടുടുക്കലും മേൽമുണ്ട് ധരിക്കലും അനുവദിക്കപ്പെട്ടിരുന്നുള്ളൂ. ഉടുക്കുന്നത് ജാതിഭേദവും അവസ്ഥാഭേദവുമനുസരിച്ച് മുട്ടിനുമേൽവരെ, കണങ്കാലെത്തിച്ച്, നെരിയാണിവരെ അങ്ങനെ പ്രത്യേകമായി മര്യാദകളുണ്ടായിരുന്നു. അവ അലംഘനീയമായിരുന്നു. പല വിഭാഗക്കാർക്കുമുള്ള രണ്ടാം മുണ്ട് യജമാനന്മാരുടെ മുന്നിൽ എളിയിൽ ചുറ്റിക്കെട്ടാനോ ചുരുട്ടി കക്ഷത്തു വെക്കാനോ ഉള്ളതുമായിരുന്നു. എന്നാൽ, നമ്പൂതിരിക്ക് ചില കർമാനുഷ്ഠാനവേളകളിൽ തറ്റുടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അതിന് ആറേഴു മുഴം നീളമുള്ള വസ്ത്രമാണാവശ്യം. പൊതുവിൽ മലയാളിക്ക് ശുഭ്രവസ്ത്രങ്ങളോടായിരുന്നു പ്രിയം. കുപ്പായം അന്ന് നിലവിൽ വന്നിട്ടില്ല. അതുകൊണ്ടുതന്നെ തുന്നൽക്കാരായ പാണനും മണ്ണാനുമെല്ലാം വല്ല പണസഞ്ചിയോ (മടിശ്ശീല) തലയണ ഉറയോ മുണ്ടിന്റെ അരികോ തുന്നാൻ മാത്രമായിരുന്നു.20

കുടുമ ഓരോ ഹിന്ദുവിന്റെയും അടയാളമായിരുന്നു (ആദ്യകാലങ്ങളിൽ ക്രിസ്ത്യാനിയും കുടുമ വെച്ചിരുന്നുവത്രെ). അത് എല്ലാ ഹിന്ദുവിന്റെയും നെറ്റിക്കു മേലെ രോമം തുടങ്ങുന്ന ഭാഗത്തുനിന്ന് നാല് വിരൽ വ്യാസത്തിൽ തലയിൽ കുടുമയുണ്ടാവും. അതില്ലാതാവുന്നത് കടുത്ത ആചാരധ്വംസനമായാണ് കരുതപ്പെട്ടത്. മലയാളിക്ക് മുൻ കുടുമയായിരുന്നു പതിവ്. പട്ടന്മാർക്ക് പിന്നിലായിരുന്നു കുടുമ. എമ്പ്രാന്തിരിമാർക്ക് മറ്റൊരു വിധം. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിലെത്തുമ്പോൾ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ ഫലമായി കുടുമകൾ മുറിക്കുകയും മുടി ക്രോപ്പു ചെയ്യാനാരംഭിക്കുകയും ചെയ്തു. ഇതോടെ മലയാളി പുരുഷന്റെ മുടികൊണ്ട് ജാതി തിരിച്ചറിയുക സാധ്യമല്ലാതായി.

നമ്പൂതിരി സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ആഭിജാത്യത്തിന്റേതായ പ്രകടനപരത കൂടുതൽ വ്യക്തമായിരുന്നുവത്രെ. നമ്പൂതിരി ഇല്ലങ്ങളിലെ ആത്തേമാരുടെ ഉടുപ്പുരീതി, നായർസ്ത്രീകളുൾപ്പെടെയുള്ള സവർണരുടെ ഉടുപ്പുരീതിയിൽനിന്നും വ്യത്യസ്തമായിരുന്നു. വസ്ത്രധാരണത്തിൽ അന്തർജനങ്ങളിൽ തന്നെ ആഢ്യ-ആസ്യ വിഭാഗങ്ങൾ തമ്മിലും അന്തരമുണ്ടെന്ന് കാണാം. ആഢ്യ സ്ത്രീകൾ കൊളുത്തുവെച്ചുടുക്കുമ്പോൾ ആസ്യ സ്ത്രീകളാവട്ടെ ഞൊറിഞ്ഞുടുക്കുകയാണ് പതിവ്. വിശേഷാവസരങ്ങളിൽ ആസ്യവിഭാഗത്തിൽപ്പെട്ട ആത്തേമാർക്ക് വിശേഷിച്ചൊരു പുതുമ ഉടുക്കലില്ല.

 

എന്നാൽ, ആഢ്യസ്ത്രീകൾക്ക് എടുത്തു കുത്തിയുടുക്കലും നാലുമുണ്ടുകൂടിയ കോടിവസ്ത്രം കൊണ്ടുള്ള പൂവുവെച്ചുടുക്കലുമുണ്ട്. പുറത്തുപോവുമ്പോൾ അവർ ഘോഷ എന്നറിയപ്പെടുന്ന പുതപ്പ് ധരിക്കും. കൂടാതെ കുടയും വേണം. നേർമയായ മുണ്ടാണ് പുതപ്പ്. അതിന് ചേലപ്പുതപ്പെന്നും പറയും.21 കുറിയിടീലിലും ആഭരണങ്ങളിലുമെല്ലാമുണ്ട് വിവേചനം. ആഢ്യവിഭാഗത്തിൽപ്പെടുന്ന അന്തർജനങ്ങൾക്ക് പിച്ചളവളകളാണ്. അത് ഇടതുകൈയിൽ 15 എങ്കിൽ വലതുകൈയിൽ 14 ആണ്. ആസ്യവിഭാഗത്തിലെ അന്തർജനങ്ങൾക്ക് ഓട്ടുവളകളാണ് –വലതുകൈയിൽ 10 എങ്കിൽ ഇടതുകൈയിൽ 9. നെറ്റിയിൽ ചന്ദ്രക്കലയുടെ ആകൃതി ഒന്നിനുമേലൊന്നായി വരക്കുന്ന മൂന്നു ചേർന്ന കോൽക്കുറിയാണ് ആഢ്യ അന്തർജനത്തിന്റെ കുറി. ഇവർക്ക് താലി കുമുത്തിത്താലിയാണ്.

ആസ്യവിഭാഗത്തിലുള്ളവർ കുറി വരക്കൽ ഇടത്തുനിന്ന് വലത്തോട്ട് മൂന്ന് ചന്ദന വരയാണ്. ഇതിന് വരച്ചു കുറിയിടുക എന്നും പറയും. ഇരു വിഭാഗത്തിലെയും വിധവകൾക്ക് കരയും കസവുമുള്ള വസ്ത്രമില്ല. ആഭരണങ്ങളുമില്ല–കവിഞ്ഞാൽ ഒരു തുളസിമാല. പൊന്നരഞ്ഞാണവും വെള്ളിയരഞ്ഞാണവും പാലയ്ക്കാമോതിരവും തണ്ടുമോതിരവും കുഴലു മോതിരവും നാഗപടത്താലിയും പപ്പടത്താലിയും ആമത്താലിയും പൂത്താലിയും വളയും ഒഴുക്കൻ വളയും കാതിലയും തക്കയും തോടയുമെല്ലാം പദവിയും അവസ്ഥയും പോലെയായിരുന്നു.22

നായർ സ്ത്രീകൾക്കും അതിനു താഴെയുള്ള ജാതികളിൽപ്പെടുന്ന സ്ത്രീകൾക്കും നമ്പൂതിരി സ്ത്രീകളെപ്പോലെ മാറു മറയ്ക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. അങ്ങനെയൊരു ശീലവും അവർക്കുണ്ടായിരുന്നില്ല. എന്നാൽ മറച്ചുപോയാൽ ബഹുമാനക്കുറവായും ആചാരലംഘനമായും ധിക്കാരമായും സമുദായം കരുതി. അടിമുടി മറച്ച് സഞ്ചരിക്കുന്ന അന്തർജനങ്ങൾക്കൊപ്പം തുണക്കാരികളായി നടന്ന നായർ യുവതികൾ അരയ്ക്കുമേൽ മറയ്ക്കാതെയാണ് നടന്നിരുന്നത്. ഇതിൽനിന്നും മനസ്സിലാകുന്നത് അന്തർജനങ്ങൾ ഇല്ലത്തിനകത്തും മറ്റുള്ള സവർണജാതികൾ അകത്തും പുറത്തും മാറു മറയ്ക്കാതെയാണ് ജീവിച്ചിരുന്നത് എന്നാണ്.23 കെ.പി.എസ്. മേനോന്റെ ആത്മകഥയിൽനിന്ന് ഭാസ്കരനുണ്ണി ഉദ്ധരിക്കുന്നതിപ്രകാരമാണ്: “മുലയെപ്പറ്റി പറയുന്നതിൽ ലജ്ജിക്കാൻ വല്ലതുമുള്ളതായി നായന്മാർ കരുതിയിരുന്നില്ല. കാരണം അവർ അത് മറയ്ക്കാറില്ലായിരുന്നു.

അരയിൽ ഒരു മുണ്ടു മാത്രം ചുറ്റി മാറു മറയ്ക്കുന്ന കൂട്ടരായിരുന്നു കേരളത്തിലെ സ്ത്രീകൾ. അഥവാ യാദൃച്ഛികമായി ഒരു സ്ത്രീ മാറു മറച്ചു നടന്നാൽ തന്നെയും, അഹങ്കരിച്ച ‘വേഷം കെട്ടി നടക്കുന്നു’വെന്നു പറയാതിരിക്കാൻവേണ്ടി മാന്യരുടെ സന്നിധിയിൽ മേൽമുണ്ടെടുത്ത് മാറ്റിക്കളയുകയെന്നതായിരുന്നു പതിവ്.” നായന്മാരുടെ ദേശീയ ഉടുപ്പ് ഒരു കഷണം തുണിയാണ് എന്നാണ് വില്യം ലോഗൻ പ്രസ്താവിക്കുന്നത്. “സ്ത്രീകൾ മേന്മ കൂടിയ വെളുത്ത മുണ്ട് അരചുറ്റി മുട്ടറ്റം വരെ തറ്റുടുക്കുന്നു. ചിലപ്പോൾ, ദൂരയാത്ര പോകുമ്പോൾ മറ്റൊരു മുണ്ട് മാറു മറച്ച് തോളത്തിടുന്നു. ജാത്യാചാരപ്രകാരം നായർസ്ത്രീകൾ മാറു മറയ്ക്കാൻ പാടില്ല. മേൽമുണ്ട് ഇടുന്നത് (മാറു മറയ്ക്കുന്നത്) താണജാതിയെ സൂചിപ്പിക്കുന്നു. പലപ്പോഴും നാണമില്ലായ്മയും. മാനാഭിമാനത്തെ സംബന്ധിച്ച പാശ്ചാത്യ സങ്കൽപത്തിൽനിന്ന് വ്യത്യസ്തമാണിത്.”24

ക്ഷേത്രങ്ങളിൽ പ്രവേശിക്കണമെങ്കിൽ സ്ത്രീകൾ മാറു മറയ്ക്കാതെ ചെല്ലണമെന്ന കൽപന കൊച്ചി രാജാവ് രാമവർമ മഹാരാജാവ് വിളംബരം ചെയ്തിരുന്നു.25 പട്ടണങ്ങളിലെ സ്ത്രീകൾ റൗക്ക ധരിച്ചു തുടങ്ങിയിരുന്നു എന്നത് തിരുമനസ്സിലെ പഴമനസ്സിന് അത്ര പിടിച്ചില്ല. പക്ഷേ, പിൽക്കാലത്ത് ഇത്തരം പിന്തിരിപ്പൻ അധികാരകേന്ദ്രങ്ങൾക്ക് അതിവിദൂരമല്ലാത്ത കാലത്തുതന്നെ മാറു മറയ്ക്കാനുള്ള സ്ത്രീയുടെ അവകാശത്തെ വകവെച്ചു കൊടുക്കേണ്ടിവന്നു.

(തുടരും)

(കാലിക്കറ്റ് സർവകലാശാലയിൽ ചരിത്രവിഭാഗം പ്രഫസറാണ് ലേഖകൻ)

കുറിപ്പ്

1. V. Gordon Childe, Man Makes Himself, New Delhi, 2017, P. 94.

2. V. Gordon Childe, Man Makes Himself, New Delhi, 2017, P. 94.

3. ഡോ. എ. അയ്യപ്പൻ, ആയുധപ്പഴമയും നരോൽപത്തിയും, കോഴിക്കോട്, 2018, പു. 34

4. Vijaya Ramaswami, Textiles and Weavers in South india, New Delhi, 2006 (1985), p. 1.

5. ഡോ. എ. അയ്യപ്പൻ, പു. 34.

6. കെ.പി. പത്മനാഭമേനോൻ, കൊച്ചിരാജ്യചരിത്രം, കോഴിക്കോട്, 2021 (1914), പു. 124; V. Kanaka Sabhai, The Tamils Eighteen Hundred Years Ago, New Delhi, 1979 (1904), pp.117–18.

7. രാജൻ ഗുരുക്കൾ, ഇന്തോ–റോമൻ വ്യാപാരം: ഒരു പുനർ വിചാരം, കോട്ടയം, 2022, പു. 186; കാണുക: Periplus of Erythrean Sea.

8. രാജൻ ഗുരുക്കൾ, പു. 199.

9. രാജൻ ഗുരുക്കൾ, പു. 198.

10. പത്മനാഭ മേനോൻ, കൊച്ചി രാജ്യചരിത്രം, പു. 124–25; Kanaka Sabhai, pp. 117–18.

11. വേലായുധൻ പണിക്കശ്ശേരി, സഞ്ചാരികൾ കണ്ട കേരളം, കോട്ടയം, 2017 (2001), പു. 117.

12. വേലായുധൻ പണിക്കശ്ശേരി, സഞ്ചാരികൾ കണ്ട കേരളം, കോട്ടയം, 2017 (2001), പു. 203.

13. Ludovico di Varthema, The Itinerary of Ludovico di Varthema of Bologna, John Winter Jones ed., Madras, 1997, p. 58.

14. T.K. Velu Pillai, The Travancore State Manual, Vol.I, Thiruvananthapuram, 1996, p. 407.

15. C. Achyuta Menon, The Cochin State Manual, Thiruvananthapuram, 1995, p. 271.

16. Ibid.

17. കെ. ശിവശങ്കരൻ നായർ, ന്യൂഹാഫ് കണ്ട കേരളം, തിരുവനന്തപുരം, 1996, പു. 47.

18. വില്യം ലോഗൻ, മലബാർ മാന്വൽ, കോഴിക്കോട്, 2019, പു. 106.

19. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, എന്റെ സ്മരണകൾ, ഒന്നാം ഭാഗം, കുന്ദംകുളം, 2015, പു. 170.

20. പി. ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, തൃശൂർ, 2012 (1988), പു. 62.

21. പി. ഭാസ്കരനുണ്ണി, പു. 63–64.

22. പി. ഭാസ്കരനുണ്ണി, പു. 64.

23. പി. ഭാസ്കരനുണ്ണി, പു. 65.

24. വില്യം ലോഗൻ, പു. 109.

25. ഭാസ്കരനുണ്ണി, പു. 67.

Tags:    
News Summary - What Did Malayalis Really Wear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.