രാജ്യാന്തരതലത്തിൽതന്നെ ശ്രദ്ധേയനായ സംവിധായകൻ ഡോ. ബിജു സിനിമയെക്കുറിച്ചും ചലച്ചിത്രോത്സവങ്ങളെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും സംസാരിക്കുന്നു.
മൂന്നുതവണ ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്രകാരനും നിർമാതാവും എഴുത്തുകാരനും സമകാലിക ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ ശബ്ദങ്ങളില്‍ ഒരാളുമാണ് ഡോ. ബിജു എന്ന ഡോ. ബിജുകുമാര്‍ ദാമോദരന്‍. സ്വയം പഠിച്ച് ചലച്ചിത്രകാരനായ ഡോ. ബിജു വ്യതിരിക്തമായ ആഖ്യാനശൈലിയിലൂടെ ലിംഗസമത്വം, പരിസ്ഥിതി, നീതി, അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ പ്രകാശിപ്പിക്കുന്ന ശക്തവും സാമൂഹികപ്രസക്തവുമായ സിനിമകളുടെ വക്താവാണ്.
അടിത്തട്ട് സമൂഹത്തില്‍ ജനിച്ച ഡോ. ബിജുവിന്‍റെ ചലച്ചിത്രയാത്ര അന്താരാഷ്ട്ര തലത്തില്‍വരെ എത്തിനില്‍ക്കുന്നു. മൗലികമായ കാഴ്ചപ്പാടിനും കഥപറച്ചിലിലെ സത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതക്കും തെളിവാണ് ബിജുവിന് ലഭിക്കുന്ന അംഗീകാരങ്ങള്‍. ആദ്യ ചിത്രമായ ‘സൈറ’, 2007ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമ ഓഫ് ദി വേള്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.
ലോകപ്രശംസ നേടിയ 16 ഫീച്ചര്‍ ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്, അവയില്‍ പലതും കാന്‍, ഷാങ്ഹായ്, മോണ്‍ട്രിയല്‍, മോസ്കോ, ടെല്ലുറൈഡ്, കൈറോ, ജിയോഞ്ചു, ടാലിന്‍, ഷികാഗോ, ഐ.എഫ്.എഫ്.ഐ ഗോവ, ഐ.എഫ്.എഫ്.കെ (കേരള രാജ്യാന്തര ചലച്ചിത്രമേള) എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള പ്രശസ്തമായ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ‘വെയില്‍മരങ്ങള്‍’ (സൂര്യനു കീഴിലുള്ള മരങ്ങള്‍) എന്ന ചിത്രം 2019ലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച കലാപരമായ നേട്ടത്തിനുള്ള ഗോള്‍ഡന്‍ ഗോബ്ലറ്റ് അവാര്‍ഡ് നേടി.
2010, 2013, 2015 വര്‍ഷങ്ങളില്‍ മൂന്നുതവണ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചു. ചലച്ചിത്ര സംവിധാനത്തിനു പുറമെ, ദേശീയ ചലച്ചിത്ര അവാര്‍ഡ് (2012), ഇന്ത്യയുടെ ഓസ്കര്‍ സെലക്ഷന്‍ കമ്മിറ്റി (2015) എന്നിവയുള്‍പ്പെടെയുള്ള പ്രശസ്തമായ ചലച്ചിത്രമേളകളിലും പ്ലാറ്റ്ഫോമുകളിലും ഫിലിം ജൂറി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കലാപരമായ ആവിഷ്കാരത്തിനായി മാത്രമല്ല, സാമൂഹിക മാറ്റത്തിനുള്ള ശക്തമായ ഉപകരണമായും അദ്ദേഹം സിനിമയെന്ന മാധ്യമത്തെ ഉപയോഗിക്കുന്നു സംഭാഷണങ്ങള്‍ ജ്വലിപ്പിക്കുക, അനീതികളെ വെല്ലുവിളിക്കുക, അരികുവത്കരിക്കപ്പെട്ട ശബ്ദങ്ങളെ ശക്തിപ്പെടുത്തുക തുടങ്ങിയ സൂക്ഷ്മമായ രാഷ്ട്രീയ നിലപാടുകളാണ് ബിജു തന്‍റെ സിനിമകളിലൂടെ പങ്കുവെക്കുന്നത്. ബിജുവിന്‍റെ സിനിമകള്‍ യാഥാർഥ്യത്തിന്‍റെയും കാവ്യാത്മക ദര്‍ശനത്തിന്‍റെയും സവിശേഷമായ മിശ്രിതമാണ്.
ചലച്ചിത്ര മേഖലയെ മുന്‍നിര്‍ത്തി എഴുതിയ കൃതികള്‍ ആഴത്തിലുള്ള മാനവികതക്കും സാമൂഹിക വ്യാഖ്യാനത്തിനും ഉദാഹരണമാണ്. സിനിമയെക്കുറിച്ച് ആഴത്തിലുള്ള അറിവും വൈജ്ഞാനിക ഇടപെടലും പ്രതിഫലിപ്പിക്കുന്ന നിരവധി പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഫഷനല്‍ ഹോമിയോപ്പതി മെഡിക്കല്‍ ഡോക്ടർകൂടിയായ ബിജു നിലവില്‍ പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫിസറായി സേവനമനുഷ്ഠിക്കുന്നു. ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച പുതിയ സിനിമയെക്കുറിച്ചും ചലച്ചിത്രമേളയുടെ പരിഷ്കാരത്തെക്കുറിച്ചും ചലച്ചിത്ര അവാര്‍ഡുകളെക്കുറിച്ചും സിനിമാ കോണ്‍ക്ലേവിനെക്കുറിച്ചും ലോക, ഇന്ത്യന്‍, മലയാള സിനിമകളുടെ ചരിത്രത്തെക്കുറിച്ചും സമകാലികതയെക്കുറിച്ചും സംസാരിക്കുന്നു.
ഓസ്കര്‍ നോമിനേഷന്‍
പുതിയ ചലച്ചിത്രമായ ‘പാപ്പാബുക്കാ’ (പാപ്വന്യൂഗിനി, ഇന്ത്യ സംയുക്ത നിർമാണ ചിത്രം) 2026ലെ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഓസ്കറിന് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണല്ലോ..?
ഓരോ രാജ്യവും അവരുടെ എന്‍ട്രിയായിട്ടാണ് സിനിമ അയക്കുന്നത്. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം എന്ന കാറ്റഗറിയില്‍ ഓരോ രാജ്യത്തിന് ഓസ്കറിന് ഒഫീഷ്യലായി അയക്കാം. ഇത്തരത്തില്‍ എണ്‍പതോളം രാജ്യങ്ങള്‍ ഇപ്പോള്‍ അയക്കാറുണ്ട്. അതില്‍ പതിനാറ് രാജ്യങ്ങളാണ് ലിസ്റ്റില്‍ വരുന്നത്. ഒടുവില്‍ അഞ്ച് രാജ്യങ്ങളാണ് നോമിനേഷനില്‍ വരുന്നത്. ഓസ്കറിന് അയക്കുന്നതൊക്കെ പണച്ചെലവുള്ള കാര്യങ്ങളാണ്. വലിയ വിതരണക്കാരും മുതല്‍മുടക്കും ഉണ്ടെങ്കില്‍ മാത്രമേ പിന്നീടത് മൂവ് ചെയ്യാന്‍ സാധിക്കൂ. ഒരു രാജ്യത്തെ തെരഞ്ഞെടുക്കുന്നു എന്നു പറയുന്നത് വലിയ ബഹുമതിയാണ്. ‘പാപ്പാ ബുക്കാ’ നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ സന്തോഷമുണ്ട്.
ഏറ്റവും മനോഹരമായ ആഫ്രിക്കന്‍ രാജ്യമാണ് ന്യൂഗിനി. കൂടുതല്‍ ഗോത്ര സമൂഹങ്ങള്‍ അധിവസിക്കുന്ന ലോക രാഷ്ട്രങ്ങളിലൊന്ന്. കേരളത്തിന്‍റെ മൂന്നിലൊന്നാണ് അവിടത്തെ ജനസംഖ്യ. ഇവിടത്തേതില്‍നിന്നും വളരെ വ്യത്യസ്തമായ സംസ്കാരം നിലനില്‍ക്കുന്ന ഗോത്ര വിഭാഗമാണ് അവിടെ താമസിക്കുന്നത്. അവര്‍ക്ക് അവരുടേതായ ജീവിതശൈലിയുണ്ട്. സമുദ്രനിരപ്പില്‍നിന്നും ഏറ്റവും ഉയര്‍ന്ന പ്രദേശമായതിനാല്‍ വിമാന മാര്‍ഗം മാത്രമേ അവിടേക്ക് വേഗത്തില്‍ പോകാന്‍ കഴിയൂ. മുകളിലേക്കും താഴേക്കുമുള്ള വിമാനയാത്ര സാഹസികവും കൗതുകകരവുമാണ്. കടലിനോട് ചേര്‍ന്ന ദ്വീപാണിത്. കടല്‍ മാര്‍ഗവും അവിടേക്ക് എത്തിച്ചേരാനാകും. എന്നാല്‍, സമയം കൂടുതല്‍ ആവശ്യമാണ്.
ആ സിനിമയില്‍ എത്തിച്ചേരാനുണ്ടായ സാഹചര്യം?
വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെയുള്ള ആളുകളുമായി ഈ സിനിമ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അവിടത്തെ ചരിത്രഗവേഷകരുമായി സംസാരിച്ചും അവരില്‍നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയുമാണ് സ്ക്രിപ്റ്റ് തയാറാക്കിയത്. ദീര്‍ഘനാളത്തെ അന്വേഷണംതന്നെ അതിന് വേണ്ടിവന്നു. അതായത് കോവിഡിനു മുമ്പ് തുടങ്ങിയതാണ് ഈ പ്രോജക്ട്. സിനിമ പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷമെടുത്തു. ‘പാപ്പാ ബുക്കാ’യിലെ പ്രധാന ഭാഷ ന്യൂഗിനിയിലെ ഗോത്രഭാഷയായ ടോപിസിന്‍ ആണ്. ഇത് ലിപിയുള്ള ഗോത്രഭാഷയാണ്. ഗോത്ര സമൂഹത്തിലെ ഏറ്റവും പ്രായം ചെന്ന, 85 വയസ്സുള്ള വ്യക്തിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനയിച്ചവരില്‍ കൂടുതലും അവിടത്തുകാരാണ്.
‘പാപ്പാ ബുക്കാ’യുടെ നിർമാണത്തില്‍ ഇന്ത്യക്കാരുടെ സഹകരണവുമുണ്ടല്ലോ?
തമിഴിലെ പ്രമുഖ ചലച്ചിത്രകാരനായ പാ. രഞ്ജിത്തും മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടനായ പ്രകാശ് ബാരെയും അവസാന ചിത്രത്തിന്‍റെ നിർമാണത്തിൽ കൂടെച്ചേർന്നു. റഷ്യന്‍ ദേശീയ അവാര്‍ഡ് ലഭിച്ച അക്ഷയകുമാര്‍ പരിചയും തുടര്‍ന്ന് ഈ സിനിമയുടെ നിർമാണത്തില്‍ പങ്കാളിയായി.
ഇപ്പോള്‍ എത്ര അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു?
പ്രദര്‍ശനം ആരംഭിച്ചിട്ടേയുള്ളൂ. ഐ.എഫ്.എഫ്.ഐ (ഗോവ) ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓസ്കറിന് നോമിനേറ്റ് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ ഓസ്കര്‍ വോട്ടിങ്ങിന് മുമ്പും പ്രദര്‍ശിപ്പിച്ചു. 2026 ജനുവരിയില്‍ ധാക്കയില്‍ നടക്കുന്ന ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഇതുവരെ സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രമേളകള്‍?
ലോകത്തിലെ പ്രധാനപ്പെട്ട പതിനാറോളം മേളകളില്‍ ഇനിയും പങ്കെടുക്കാനുണ്ട്. ഇതുവരെ ഒമ്പത് എണ്ണത്തില്‍ പങ്കെടുത്തു. 35ഓളം രാജ്യങ്ങളിലെ ഫെസ്റ്റിവലുകളില്‍ പങ്കെടുത്തിട്ടുണ്ട്. നൂറ് രാജ്യങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഡോ. ബിജു ഷൂട്ടിങ്ങിനിടെ ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണനൊപ്പം
സിനിമ കോണ്‍ക്ലേവ്
ചലച്ചിത്ര മേഖലയെ സമഗ്രമായി പരിഷ്കരിക്കുക എന്ന ലക്ഷ്യത്തിലാണ് അടുത്ത സമയത്ത് സംസ്ഥാന സര്‍ക്കാര്‍ സിനിമാ കോണ്‍ക്ലേവ് നടത്തിയത്. താങ്കള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഈ മേഖലയില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോ?
ഇന്ത്യയിലെ പതിനാലോളം സംസ്ഥാനങ്ങളില്‍ സിനിമാ നയം അവര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര നയം ഉണ്ടാക്കുക എന്നത് സിനിമയെ നന്നാക്കുക എന്നതല്ല. മറിച്ച് ആദ്യമായി ഒരു റെഗുലേറ്ററി ബോഡി രൂപവത്കരിക്കുകയാണ് പ്രധാനം. മറ്റ് സംസ്ഥാനങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെടുത്തിയാണ് നയം രൂപവത്കരിച്ചിരിക്കുന്നത്. അത് സാമ്പത്തികമായ കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തിയാണ്. ഇവിടെ പ്രധാനമായും ചെയ്യേണ്ടത് മികച്ച കലാപരമായ സിനിമകള്‍ നിർമിക്കുക, അതുവഴി ഒരു കൾചറല്‍ സ്പേസ് ഉണ്ടാക്കുക എന്നതാണ്. അത്തരം കാര്യങ്ങളില്‍ സബ്സിഡി നല്‍കി സിനിമ നിർമിക്കാവുന്നതാണ്. ഇവിടെ നടത്തിയത് ഒരു മാമാങ്കമാണ്. ചലച്ചിത്രമേഖലയുമായി ബന്ധമില്ലാത്ത കുറെ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി കാര്‍ണിവല്‍ സ്വഭാവത്തിലാണ് കോണ്‍ക്ലേവ് നടത്തിയത്. ഞാന്‍ ഒരു സെഷനില്‍ മുഖ്യപ്രഭാഷകനായിരുന്നു.
സ്വതന്ത്ര സിനിമയെക്കുറിച്ചാണ് സംസാരിച്ചത്. ഞാന്‍ അവിടെ അവതരിപ്പിച്ച രേഖയുടെ പൂര്‍ണരൂപം അവര്‍ എന്നോട് വാങ്ങിയില്ല. ആരോടും അത് വാങ്ങിയതായി അറിയില്ല. ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ മോഡറേറ്ററുമാര്‍ ക്രോഡീകരിച്ച് വിശദമായ രേഖ സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് പറഞ്ഞിരുന്നത്. കോണ്‍ക്ലേവ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും െസെറ്റില്‍ കാണുന്നത് അന്ന് അവിടെ വിതരണംചെയ്ത കരടുരേഖയുടെ കോപ്പി തന്നെയാണ്. ഒരു പരിഷ്കരണവും രേഖയില്‍ നടത്തിയിട്ടില്ല എന്നു മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ രേഖ വായിക്കുകപോലും ചെയ്യാതെയാണ് കരട് തയാറാക്കിയിരിക്കുന്നത്. ഇവിടത്തെ കോണ്‍ക്ലേവ് യഥാർഥത്തില്‍ ഗ്ലാമര്‍ പ്രോഗ്രാമാണ്. അതുകൊണ്ടാണ് മോഹന്‍ലാലിനെപ്പോലുള്ളവരെ ഉദ്ഘാടന പരിപാടിയില്‍ കൊണ്ടുവന്നത്.
കോണ്‍ക്ലേവിന്‍റെ സമാപന സമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന വലിയ സംവാദങ്ങള്‍ക്ക് വഴിതുറന്നല്ലോ..?
ജാത്യാധിപത്യത്തിലൂടെ രൂപപ്പെട്ട വരേണ്യബോധം നൂറ്റാണ്ടുകളായി സമൂഹത്തിലുള്ളതാണ്. റോസിയെ ഇവിടെനിന്നും തുരത്തിയോടിച്ചതും ഇത്തരം ബോധ്യങ്ങളാണ്. അതുകൊണ്ട് മലയാള സിനിമയിലും സ്വാഭാവികമായും ഇത് കടന്നുവരും. അതിന് വലിയ മാറ്റം സംഭവിച്ചിട്ടില്ല എന്നതാണ് അടൂരിന്‍റെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. ലോക ചലച്ചിത്ര പ്രതിഭകളെ പരിശോധിച്ചാല്‍ മനസ്സിലാകും എല്ലാവരും അക്കാദമികമായി പഠിച്ചിട്ട് സിനിമയെടുത്തവരല്ലെന്ന്.
ഈ രംഗത്തേക്ക് വരുന്നവര്‍ കുറെ കാര്യങ്ങളെങ്കിലും മനസ്സിലാക്കിയവര്‍ ആയിരിക്കുമല്ലോ. സര്‍ക്കാര്‍ ധനസഹായത്താല്‍ സിനിമയെടുക്കുന്ന പട്ടികജാതി, പട്ടിക വര്‍ഗത്തിൽപെട്ടവര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിശീലനം നല്‍കണമെന്നും അല്ലെങ്കില്‍ അഴിമതി നടക്കുമെന്നും ആരോപിക്കുമ്പോള്‍ അത് നേരത്തേ പറഞ്ഞ വരേണ്യ പൊതുബോധ്യത്തില്‍നിന്നും വരുന്നതാണ്. ഇത്തരം സമൂഹങ്ങളില്‍നിന്നും വരുന്നവര്‍ സിനിമ ചെയ്താല്‍ അത് കൊള്ളില്ല എന്ന മുന്‍ധാരണ അടൂരിനുണ്ട്. അദ്ദേഹം അടുത്തകാലത്ത് സര്‍ക്കാര്‍ സഹായത്താല്‍ ഇറങ്ങിയ ഈ സിനിമകള്‍ കണ്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്. വളരെ ശ്രദ്ധേയമായ കുറെ സിനിമകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ നാലോളം വനിതകളും നാലഞ്ച് പട്ടികജാതി സമൂഹത്തില്‍നിന്നുള്ളവയും ഈ സ്കീമില്‍ സിനിമ ചെയ്തിട്ടുണ്ട്. അതെല്ലാം ശ്രദ്ധിക്കപ്പെടുകയുംചെയ്തു. ഇതൊക്കെയാണ് ഇവരെ അസ്വസ്ഥപ്പെടുത്തുന്നത്.
‘വിക്ടോറിയ’ എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ടല്ലോ?
ശിവരഞ്ജിനി ജെ സംവിധാനംചെയ്ത ഈ സിനിമക്ക് കല്‍ക്കത്ത ഫെസ്റ്റിവലില്‍ പുരസ്കാരം ലഭിച്ചു. 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം നവാഗത സംവിധായകയുടെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം നേടി. ഇത്തരം ആളുകള്‍ക്ക് പല കാരണങ്ങളാല്‍ ഫെസ്റ്റിവലുകളില്‍ സിനിമ അയക്കാന്‍ കഴിയുന്നില്ല എന്നത് പ്രശ്നമാണ്. അത് അഡ്രസ് ചെയ്യുന്നതിന് പകരം പരിശീലനം നല്‍കണമെന്ന് പറയുന്നത് ശരിയല്ല. അടൂരിന് വളരെ മുമ്പേ പല വിഷയങ്ങളിലും ഇത്തരം പിന്തിരിപ്പന്‍ കാഴ്ചപ്പാടുണ്ട്. അതിന്‍റെ പ്രതിഫലനമാണല്ലോ ‘സാംസ്കാരിക നായകന്മാര്‍’ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത്.
ഇവിടത്തെ പ്രധാനപ്പെട്ട ചലച്ചിത്ര നിരൂപകരും ഇത്തരം ചിന്തയുള്ളവരാണ്. ‘പാപ്പ ബുക്കാ’ക്ക് ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച വാര്‍ത്ത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ആ സമയത്ത് വി.കെ. ചെറിയാന്‍ എന്ന നിരൂപകന്‍ അതില്‍ ഒരു കമന്‍റിട്ടു. അതിങ്ങനെയാണ്, ‘‘ഓസ്കറിലും അയ്യന്‍കാളി അവാര്‍ഡ് വന്നോ’’ എന്നായിരുന്നു. അതിനർഥമെന്താണ്. അദ്ദേഹം ഇവിടത്തെ വലിയ നിരൂപകനും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ ആളുമാണ്. ഇത്തരം കാര്യങ്ങള്‍ പരസ്യമായി എഴുതുന്നവരാണ് പുരോഗനമകാരികളുടെ വേഷമിടുന്നത്. നമ്മളെപ്പോലെയുള്ളവര്‍ക്ക് ഒരു അയ്യന്‍കാളി അവാര്‍ഡ് തന്നാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നാണ് ഇവരുടെയൊക്കെ ബോധം. ഈ രീതിയിലുള്ള സൊസൈറ്റിയാണ് നമ്മുടേത്.
കിം കി ഡ്യൂക്കിനൊപ്പം ഡോ. ബിജു
ഐ.എഫ്.എഫ്.കെ പരിഷ്കരണം
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നിയമാവലി പരിഷ്കരിക്കേണ്ടത് ആവശ്യമല്ലേ. പ്രധാനമായും സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും അവാര്‍ഡുകള്‍ നല്‍കുന്ന കാര്യത്തിലും?
ഇന്ത്യയിലെ ഏറ്റവും മികച്ച മേളകളിലൊന്നാണ് കേരള രാജ്യാന്തര ചലച്ചിത്രമേള. കാലപ്പഴക്കത്തിന്‍റെ കാര്യത്തില്‍ ഐ.എഫ്.എഫ്.കെയെക്കാള്‍ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവ, കൊൽക്കത്ത ചലച്ചിത്രമേള എന്നിവയാണ് മുന്നിലുള്ളത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിർമിക്കുന്ന നല്ല സിനിമകള്‍ പ്രേക്ഷകരെ കാണിക്കുക എന്നതാണ് ചലച്ചിത്രമേളയുടെ ഏറ്റവും പ്രധാന ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സംവിധായകന്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുതിയ ചലച്ചിത്ര സംസ്കാരം വളര്‍ത്തിയെടുക്കുക, തദ്ദേശീയമായ സിനിമകള്‍ മറ്റു രാജ്യങ്ങളില്‍നിന്നും വരുന്ന പ്രതിനിധികള്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍മാര്‍, ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാര്‍ എന്നിവര്‍ക്ക് വിലയിരുത്താന്‍ അവസരം നല്‍കി തദ്ദേശ ഭാഷാ ചിത്രങ്ങള്‍ക്ക് വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുക ഇവയൊക്കെയാണ് മേളയുടെ ലക്ഷ്യങ്ങള്‍.
നമ്മുടെ മേളയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടോ എന്നതാണ് സംശയം. ചലച്ചിത്രമേള ആരംഭിച്ചിട്ട് 30 വര്‍ഷം പൂര്‍ത്തിയാവുകയാണ്. നിയമാവലിയില്‍ പരിഷ്കാരം നടത്തിയത് 2017ല്‍ ഒരു പ്രാവശ്യം മാത്രമാണ്. അന്ന് അഞ്ചംഗ കമ്മിറ്റിയില്‍ ഞാനും ഉണ്ടായിരുന്നു. അന്നു മുതലാണ് പുതിയ മലയാളം സിനിമകളുടെ എണ്ണം കൂടുതലായി ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയത്. ലോക മേളകളില്‍ ഇടം നേടിയ ഇന്ത്യന്‍/ മലയാള ചിത്രങ്ങള്‍ക്ക് ഫെസ്റ്റിവല്‍ കാലിഡോസ്കോപ് സെക്ഷന് തുടക്കം കുറിച്ചതും അക്കാലത്താണ്. അന്ന് ഞങ്ങള്‍ നല്‍കിയ പല നിര്‍ദേശങ്ങളും അംഗീകരിച്ചിട്ടില്ല.
തിയറ്ററില്‍ റിലീസ് ചെയ്ത സിനിമകളും പ്രദര്‍ശിപ്പിക്കാറുണ്ടല്ലോ?
മത്സരവിഭാഗത്തില്‍ ഇന്ത്യന്‍, മലയാള സിനിമ എന്നീ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ കേരളത്തിലെ ആദ്യ പ്രദര്‍ശനം (പ്രീമിയര്‍) ആയിരിക്കണം മേളയിലേത്. മറ്റ് രാജ്യങ്ങളിലെല്ലാം അത് അവര്‍ പിന്തുടരാറുണ്ട്. മാത്രമല്ല, ഇന്ത്യന്‍ സിനിമകള്‍ക്കും മലയാള സിനിമകള്‍ക്കും പ്രത്യേകമായി മത്സരം വേണം. അതാണ് അടിയന്തരമായി ചെയ്യേണ്ടത്. അത് ഇല്ലാത്തതിനാല്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ വിഭാഗത്തിലെ സിനിമകള്‍ക്ക് നിലവില്‍ ഒരു പ്രയോജനവും ലഭിക്കുന്നില്ല. മലയാള സിനിമക്ക് രണ്ടു ലക്ഷം നല്‍കാറുണ്ട്. അത് ചെറിയ തുകയാണ്. മത്സരം നടക്കുമ്പോള്‍ അപേക്ഷ കൂട്ടാന്‍ സാധിക്കും. ഏഷ്യന്‍ ഫോക്കസ് കിട്ടും. ഏഷ്യന്‍ പരിപ്രേക്ഷ്യം നോക്കുമ്പോള്‍ നമ്മുടെ ഫെസ്റ്റിവല്‍ വലിയ സംഗതിയല്ല. അതു മാറണമെങ്കില്‍ കെട്ടിലും മട്ടിലും പരിഷ്കരണം കൊണ്ടുവരണം. അന്താരാഷ്ട്ര പ്രശസ്തരായവരെ അതിഥികളായി കൊണ്ടുവരാന്‍ കഴിയണം.
തദ്ദേശീയമായ സിനിമകളുടെ വിപണന സാധ്യതക്കായി ഫിലിം മാര്‍ക്കറ്റിങ് മേളയുടെ ഭാഗമായി നടത്തുന്നുണ്ടെങ്കിലും അത് ഗുണകരമാകുന്നുണ്ടോ?
ഫിലിം മാര്‍ക്കറ്റിങ് എന്ന ആശയം ചലച്ചിത്ര അക്കാദമി ഇതുവരെ ഗൗരവത്തോടെ എടുത്തിട്ടില്ല. ചലച്ചിത്രമേളയെന്നാല്‍ സിനിമ കാണിക്കുക, കാണുക എന്നതില്‍ മാത്രമാണ് അവര്‍ ഊന്നല്‍ നല്‍കുന്നത്. ഇപ്പോള്‍ നിരവധി കമ്പനികള്‍ ഭാഷാ ചിത്രങ്ങള്‍ വാങ്ങുന്നതിന് തയാറാകുന്നുണ്ട്. ഡിസ്ട്രിബ്യൂട്ടര്‍മാര്‍, ദേശീയവും അന്തര്‍ദേശീയവുമായ ടെലിവിഷന്‍ കമ്പനികള്‍, വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഫിലിം ബൈയേഴ്സ് എന്നിവരെ ധാരാളമായി നമ്മുടെ മേളകളില്‍ കൊണ്ടുവരേണ്ടതുണ്ട്. നമുക്ക് മാര്‍ക്കറ്റിങ് എന്നു പറയുന്നത് ട്യൂഷന്‍ ക്ലാസ് നടത്തുന്നതുപോലെയാണ്. മാര്‍ക്കറ്റിങ് എന്ന പേരു വെച്ചിട്ട് കുറെ ആളുകള്‍ കാമറയെക്കുറിച്ച് ക്ലാസെടുക്കുക, എഡിറ്റിങ്ങിനെക്കുറിച്ച് പഠിപ്പിക്കുക എന്നതാണ് നടക്കുന്നത്. വില്‍ക്കുക എന്നതുപോലെ പ്രധാനമാണ് വാങ്ങുക എന്നത്.
മാര്‍ക്കറ്റിങ്ങിന്‍റെ ഘടനയെക്കുറിച്ച് കെ.എസ്.എഫ്.ഡി.സിക്ക് വലിയ ധാരണയില്ല. ഇവിടെയുള്ളവര്‍ പുറത്ത് ഫെസ്റ്റിവലുകളില്‍ പോയി ഇതൊന്നും കാണുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയിലുള്ള കുറച്ചുപേരെ കൊണ്ടുവരുക എന്നതില്‍ കവിഞ്ഞ് അവര്‍ക്ക് ഇതിനെക്കുറിച്ച് ധാരണയില്ല. കുറഞ്ഞപക്ഷം ഗോവന്‍ ഫെസ്റ്റിവലിലെങ്കിലും പോയാല്‍ മാര്‍ക്കറ്റിങ്ങിന്‍റെ ഘടനയെക്കുറിച്ച് മനസ്സിലാകും. അന്താരാഷ്ട്ര മാര്‍ക്കറ്റുമായി പരിചയമുള്ള ആളുകളെ ഫെസ്റ്റിവലുകളില്‍ പോയി കാണുകയും അവരെ ഇവിടെ കൊണ്ടുവരുകയുംചെയ്യണം. അതിന് നേരത്തേ അറിയിപ്പ് കിട്ടണം. ഇവിടെ ഡിസംബറില്‍ നടക്കുന്ന ഫെസ്റ്റിവലിന് ഒക്ടോബറിലാണ് അറിയിപ്പ് കിട്ടുന്നത്. അങ്ങനെയായാല്‍ ഏഷ്യയിലുള്ള ആളുകളെപ്പോലും കൊണ്ടുവരാന്‍ പറ്റില്ല. വലിയ കമ്പനിയിലുള്ള ആളുകളെ കിട്ടണമെങ്കില്‍ ആറുമാസം മുമ്പെങ്കിലും അവരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചെയ്യണം. ഫെസ്റ്റിവല്‍ നടത്തുന്നതിനെക്കാളും ശ്രമകരമാണ് മാര്‍ക്കറ്റിങ്. ഇവിടത്തെ മാര്‍ക്കറ്റിങ് ഒരു ചടങ്ങുപോലെയാണ് നടക്കുന്നത്.
ചലച്ചിത്രമേളയില്‍ കമേഴ്സ്യല്‍ സിനിമക്ക് പ്രാധാന്യം കൂടുതല്‍ ലഭിക്കുന്നുണ്ടോ?
കേരള പ്രീമിയം വന്നാല്‍ ഈ പ്രശ്നത്തിന് കുറച്ചെങ്കിലും പരിഹാരം കണ്ടെത്താനാകും. ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കണമെങ്കില്‍ അതു കഴിയുംവരെ റിലീസിങ് നീട്ടിവെക്കാവുന്നതാണ്. വലിയ മേളകളില്‍ അങ്ങനെയാണ്. ഇനിയും ഇത്തരം സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ കമേഴ്സ്യല്‍ സിനിമകളുടെ പ്രത്യേക സെഷന്‍ തുടങ്ങിയാല്‍ മതി. അതിന് മത്സരം വേണമെന്നില്ല. അഞ്ച് സിനിമകളുടെ ഒരു വിന്‍റോ മതി. അതിന് പ്രത്യേക പണം നല്‍കേണ്ടതില്ല. നിർമാതാവിനും സംവിധായകനും സ്ക്രീനിങ് നടക്കുന്ന ദിവസത്തെ അക്കമഡേഷന്‍ നല്‍കിയാല്‍ മതി. മെയിന്‍ ഫോക്കസ് ഇത്തരം സിനിമകളാകരുത്. എങ്കില്‍ മാത്രമേ പുറത്തു വരുന്നവർസിനിമകള്‍ വിതരണത്തിന് എടുക്കുകയുള്ളൂ. വ്യത്യസ്തമായ സിനിമകളാണ് അവര്‍ക്ക് ആവശ്യം. നിയമാവലി പരിഷ്കരിക്കുമ്പോള്‍ ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയും.
സെന്‍സറിങ്, ആവിഷ്കാര സ്വാതന്ത്ര്യം, േപ്രാപഗണ്ട സിനിമ. ഇത്തരം സംഗതികള്‍ സിനിമയെ എങ്ങനെയാണ് ബാധിക്കുന്നത്?
സിനിമക്ക് സെന്‍സറിങ്ങിന്‍റെ ആവശ്യമില്ല. ലോകത്ത് പല രാജ്യങ്ങളിലും സിനിമക്ക് സെന്‍സറിങ് ഇല്ല. പകരം ഗ്രേഡിങ്ങാണുള്ളത്. കാണുന്നവരുടെ പ്രായം സംബന്ധിച്ച് ക്ലാസിഫിക്കേഷന്‍ മാത്രം നോക്കിയാല്‍ മതി. കലാസൃഷ്ടി അവരവരുടെ കാഴ്ചപ്പാടില്‍ ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. സെന്‍സറിങ്ങിലൂടെ അത് നഷ്ടമാവും. സിനിമ ആരംഭിച്ച കാലം മുതല്‍തന്നെ േപ്രാപഗണ്ട സിനിമകളും പുറത്തുവരുന്നുണ്ട്. വെനീസ് ചലച്ചിത്രമേള ഹിറ്റ്ലറുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്. അതുകൊണ്ട് അത്തരം സിനിമകള്‍ അക്കാലത്ത് കൂടുതല്‍ പുറത്തിറങ്ങുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. അതിന് പ്രതിരോധം എന്ന നിലയിലാണ് കാന്‍ വരുന്നത്. േപ്രാപഗണ്ട സിനിമകളെ നിരോധിക്കുന്നതിനു പകരം അതിന് ബദലായുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കുകയാണ് വേണ്ടത്. ഇന്ത്യയില്‍ ഫാഷിസ്റ്റ് ഭരണകൂടം അധികാരത്തിലിരിക്കുന്നതുകൊണ്ടാണ് മലയാളത്തിലുള്‍പ്പെടെ േപ്രാപഗണ്ട സിനിമകള്‍ വരുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.