സിനിമ സൗഹൃദങ്ങളിലെ ആഴവും പരപ്പും

കൂടുതൽ സിനിമകളിൽ മുഖം കാണിക്കാൻ അവസരം ലഭിക്കുന്നു. പുതിയ സിനിമ സൗഹൃദങ്ങളും സംവിധായകരെയും പരിചയപ്പെടുന്നു.  അതോടൊപ്പം ചില സംഭവ വികാസങ്ങളും ഉണ്ടാകുന്നു.

ജൂലൈ 1994.

‘കാശ്മീരം’ സിനിമക്കൊപ്പം സുരേഷ് ഗോപിയുടെ ‘കമീഷണറും’ വിഷുവിനു തിയറ്ററുകളില്‍ എത്തി. രണ്ട് സിനിമകള്‍ ഒന്നിനു പിറകെ വരുകയും അത് രണ്ടും പ്രേക്ഷകപ്രീതി നേടി സൂപ്പര്‍ഹിറ്റാവുകയും ചെയ്തപ്പോള്‍ മലയാള സിനിമയില്‍ ഒരു സൂപ്പര്‍ ഹീറോ ഉദയംകൊള്ളുകയായിരുന്നു. ഒപ്പം ഷാജി കൈലാസ്- രൺജി പണിക്കര്‍ എന്ന കൂട്ടുകെട്ടും. മുമ്പൊരു കാലത്ത് അതുപോലെ ഒന്ന് തിരശ്ശീലകള്‍ കീഴടക്കിയത് ഐ.വി. ശശി, ടി. ദാമോദരന്‍ ദ്വയമായിരുന്നു. രാഷ്ട്രീയവും സാമൂഹികവുമായ പരിവര്‍ത്തന കഥകള്‍ മലയാളികള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. രേവതി കലാമന്ദിറിന്‍റെ ബാനറില്‍ സുരേഷ് കുമാര്‍ ‘കാശ്മീര’ത്തിനു പിറകെ ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു. അതിന്‍റെയും എഴുത്തും സംവിധാനവും രാജീവ് അഞ്ചല്‍ -എ.കെ. സാജന്‍ ചേര്‍ന്നാണെന്ന് പ്രഖ്യാപിക്കുന്നു. അതിനൊരു കഥ വേണമെന്ന് പറഞ്ഞപ്പോള്‍ സാജനാണ് കായംകുളം കൊച്ചുണ്ണിയുടെ ജീവിതം ഒരു പുനരാഖ്യാനമാകാമെന്ന് തീരുമാനിച്ചത്. കഥയുടെ രൂപരേഖ നിര്‍മിക്കാനായി തിരുവനന്തപുരത്തെ നവരത്ന ഹോട്ടലില്‍തന്നെ മുറിയെടുത്തു.

ഐതിഹ്യമാലയും പത്തൊമ്പതാം നൂറ്റാണ്ട് കാലത്തെ ചരിത്രം പറയുന്ന ചരിത്രപുസ്തകങ്ങളുമൊക്കെ തിരുവനന്തപുരത്തെ ലൈബ്രറിയില്‍നിന്നും പുസ്തകശാലകളില്‍നിന്നും വാങ്ങിയിട്ട് ഹോട്ടല്‍ റൂമിലിരുന്ന് വായിച്ചൊരു കഥ മെനഞ്ഞു. കൊച്ചുണ്ണിയുടെ കാലത്ത് സമാനമായ ജീവിതങ്ങളും രാജവാഴ്ചയിലെ ശിക്ഷാരീതികളും വസ്ത്രധാരണത്തിന്‍റെ പകര്‍പ്പുകളും യാത്രക്കുപയോഗിക്കുന്ന വാഹനങ്ങളുടെയും കായലിലൂടെ പോകുന്ന കെട്ടുവള്ളങ്ങളുടെയുമൊക്കെ ചിത്രങ്ങള്‍ ഞങ്ങള്‍ പകര്‍ത്തി​െവച്ചു.

‘ഐതിഹ്യമാല’ വായിച്ചപ്പോഴാണ് കൊച്ചുണ്ണിയുടെ അതേകാലത്ത് തന്നെ കായംകുളത്തിനടുത്ത് വട്ടപ്പറമ്പില്‍ വലിയമ്മ എന്നൊരു കഥാപാത്രത്തെക്കൂടി ഞങ്ങള്‍ക്ക് കിട്ടിയത്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ കായംകുളം ദേശത്തു തിരുവിതാംകൂറില്‍ ചില ഇടപ്രഭുക്കന്മാരുടെയും രാജ്യദ്രോഹികളായ എട്ടുവീട്ടില്‍ പിള്ളമാരുടെയും ആക്രമണകാലത്ത് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ആണ്‍വഴി തമ്പുരാക്കന്മാരും പെണ്‍വഴി തമ്പുരാക്കന്മാരും പലപ്പോഴും തലസ്ഥാനം വിട്ട് പലസ്ഥലങ്ങളിലായി അജ്ഞാതവാസം ചെയ്യേണ്ടതായി വന്നിട്ടുണ്ട്.

അങ്ങനെയൊരു സമയത്ത് കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് തിരുവവതാരംചെയ്ത കാലത്ത് അമ്മ മഹാരാജ്ഞി കുറച്ചുകാലം രാജകുമാരനോടൊപ്പം അരിപ്പാട്ട് കരിപ്പാലില്‍ കോയിക്കല്‍ എഴുന്നള്ളി താമസിച്ചിരുന്നു. അക്കാലത്ത് കീരിക്കാട്ടു വട്ടപ്പറമ്പില്‍ അന്നു മൂപ്പായിരുന്ന സ്ത്രീ കൂടക്കൂടെ മഹാരാജ്ഞിയെ മുഖം കാണിക്കാന്‍ വരുമായിരുന്നു. മഹാരാജ്ഞിക്ക് വേണ്ട യോഗക്ഷേമങ്ങളന്വേഷിക്കുകയും പണവും മറ്റും തിരുമുൽക്കാഴ്ചയായി വെക്കുകയുംചെയ്തിരുന്നു. അന്ന് മൂന്നു വയസ്സുമാത്രം പ്രായമായ രാജകുമാരന്‍ ആ സ്ത്രീയെ കണ്ടിട്ട് അതാരാണെന്ന് ചോദിക്കുകയും അത് നിന്‍റെ വലിയമ്മയാണ് എന്ന് രാജ്ഞി പറയുകയുംചെയ്തു. അന്നുമുതല്‍ ആ സ്ത്രീയെ വട്ടപ്പറമ്പില്‍ വലിയമ്മ എന്ന് വിളിച്ചുപോരുകയുംചെയ്തു.

ആ നാട്ടിലെ പാവപ്പെട്ടവര്‍ക്കും പ്രഭുക്കന്മാര്‍ക്കും ഈടു വെച്ചും വേണാട്ടിലെയും തിരുവിതാംകൂറിലെയും രാജകുടുംബങ്ങള്‍ക്ക് അത്യാവശ്യമായിട്ടുള്ള കാര്യങ്ങള്‍ക്ക് സാമ്പത്തികമായി വേണ്ടതെല്ലാംചെയ്യുന്ന ധര്‍മിഷ്ഠയും നീതിബോധവുമുള്ള ഒരു സ്ത്രീയും ഉള്ളവന്‍റെ കൈയില്‍നിന്നുമെടുത്ത് ഇല്ലാത്തവനെ സഹായിക്കുന്ന കായംകുളം കൊച്ചുണ്ണിയും ഒരേ കാലത്ത് ആ പ്രദേശങ്ങളില്‍ ജീവിച്ചിരുന്നതുകൊണ്ട് പരസ്പരം കണ്ടുമുട്ടിയേക്കാം അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങളില്‍ ഇടപെട്ടിരിക്കാം എന്ന് തീരുമാനിച്ച് അവരെക്കൂടി കഥാപാത്രമാക്കിക്കൊണ്ടാണ് പുതിയ രീതിയില്‍ കഥയെഴുത്ത് തുടങ്ങിയത്.

കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ കുറെയൊക്കെ ഐതിഹ്യമാലയില്‍നിന്നും മറ്റു പുസ്തകങ്ങളില്‍നിന്നും എടുത്തപ്പോള്‍ കൊച്ചുണ്ണിയെ പട്ടാളക്കാര്‍ക്ക് പിടിച്ചുകൊടുക്കുന്ന ശൂദ്രസ്ത്രീയുടെ പേര് ഒരിടത്തും പറഞ്ഞിരുന്നില്ല. എന്നാല്‍, കലാനിലയം നാടകസമിതി ചെയ്ത നാടകത്തില്‍ വാഴപ്പിള്ളി ജാനകി എന്ന പേരു പറയുന്നുമുണ്ട്. സത്യന്‍ അഭിനയിച്ച് പി.എ. തോമസ് സംവിധാനംചെയ്ത പഴയ ‘കായംകുളം കൊച്ചുണ്ണി’ എന്ന സിനിമയില്‍ സുകുമാരി അഭിനയിച്ച ആ കഥാപാത്രത്തിന്‍റെ പേര് വാഴപ്പള്ളില്‍ ജാനകി പിള്ള എന്നും പറയുന്നുണ്ടായിരുന്നു. സിനിമയുടെ സം ഭാഷണം ജഗതി എന്‍.കെ. ആചാരിയായിരുന്നു. കലാനിലയത്തിനുവേണ്ടി ആ നാടകം എഴുതിയതും ജഗതി എന്‍.കെ. ആചാരി തന്നെയായിരുന്നു.

ആ നാടകത്തെ ആസ്പദമാക്കിയാണ് അവര്‍ സിനിമ ചെയ്തതും. ഞങ്ങള്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നു. ‘ഐതിഹ്യമാല’യിലെ കൊച്ചുണ്ണിയുടെ കഥയില്‍ അയാളെ ഒറ്റുകൊടുക്കുന്ന സ്ത്രീയുടെ പേര് ഒരിടത്തും പറയാത്ത വെറും ശൂദ്ര സ്ത്രീ എന്നു പറഞ്ഞ സ്ത്രീക്ക് ജാനകി എന്ന പേര് എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. അത് ഞാന്‍ ഒരാള്‍ക്കിട്ടു വേല വെച്ചതാണ്. അതുകൊണ്ട് ആ പേര് നിങ്ങളെടുക്കണ്ട. നിങ്ങള്‍ക്ക് മറ്റൊരു പേര് അക്കാലത്തുള്ളത് ഏത് വേണമെങ്കിലും എടുക്കാമെന്ന് പറഞ്ഞ് ഉച്ചത്തില്‍ വീണ്ടും എന്തോ ഓര്‍ത്തിട്ടെന്നപോലെ ചിരിക്കുകയാണ് ചെയ്തത്. കഥ ഏകദേശം വണ്‍ ലൈന്‍ ആയി എഴുതി കഴിഞ്ഞപ്പോഴാണ് രാജീവേട്ടന്‍ സിനിമ ചെയ്യുന്നത് അവസാനിപ്പിച്ചു എന്ന് പറയുന്നത്. ‘പക്ഷേ’ സിനിമയുടെ പൂജ നടക്കുന്ന സമയത്ത് അതൊരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടതും.

അക്കാലത്ത് വൈകുന്നേരങ്ങള്‍ വേണു നാഗവള്ളിയുടെ വീട്ടില്‍ പോയിരിക്കുമായിരുന്നു. വേണു ചേട്ടന്‍ ചെയ്യാന്‍ പോകുന്ന മോഹന്‍ലാല്‍ സിനിമയുടെ എഴുത്ത് നടക്കുന്നുണ്ട്. തിരക്കഥ പൂര്‍ണമായിരുന്നെങ്കിലും ചില മിനുക്കുകള്‍ ചെയ്യാനും കഥയില്‍ കൂടുതല്‍ ട്വിസ്റ്റുകള്‍ ആലോചിക്കാനുമായിരുന്നു സാജനെ കൂടെക്കൂട്ടിയത്. രാജീവേട്ടന്‍ സിനിമ അവസാനിപ്പിച്ചു എന്നു പറഞ്ഞപ്പോള്‍ വേണു ചേട്ടനും അങ്ങനെയൊരു തീരുമാനം വേണ്ടിയിരുന്നില്ല എന്നു പറയുകയാണുണ്ടായത്. എന്നാല്‍, രാജീവേട്ടന്‍റെ വിശ്വാസവും അതിനു പ്രേരകമാവുന്ന ഗുരുവും ഗുരുവിന്‍റെ വാക്കും ഒരിക്കലും എതിര്‍ക്കുകയോ അതിനെ മറികടക്കുകയോ ചെയ്യില്ലെന്ന കറയില്ലാത്ത തീരുമാനത്തിന്‍റെ ബാക്കിയായിരുന്നു രാജീവേട്ടന്‍ ഉറപ്പിച്ചത്.

ഇനിയുള്ള നാളില്‍ പുതിയ വഴികള്‍ നമുക്കായിത്തുറക്കപ്പെടുമെന്ന വിശ്വാസം ഉണ്ടാവുമെന്ന് സാജനും പറഞ്ഞു. ഒരു വഴിയടയുമ്പോള്‍ നൂറുവഴികള്‍ തെളിയുമെന്ന് കരുതുന്നതാവും പ്രാർഥനയുടെ ഫലം. പറയാന്‍ അനേകം കഥകളും അത് നടപ്പിലാക്കാന്‍ നിരവധി സാധ്യതകളും ഉണ്ടാവും. നിരന്തര യാദൃച്ഛികതകളും അപ്രതീക്ഷിതവുമായ സംഭവങ്ങളുടെ സഞ്ചാരമാണ് സിനിമ. ഒരിക്കലും വിചാരിക്കുന്നതുപോലെയോ ഉറപ്പിച്ച് തീരുമാനിക്കുന്നതുപോലെയോ അത് നടക്കണമെന്നില്ല. ഒരു നീണ്ടയാത്രയില്‍ അനേകം കൈവഴികള്‍ കാണും. അതിലേതുവേണമെന്ന് തിരിച്ചറിയുന്ന ഒരു നിമിഷമുണ്ടാവും, ചിലപ്പോഴത് ശരിയാവും, അല്ലെങ്കിലൊന്നു കറങ്ങിവന്ന് സത്യമെങ്കില്‍ ശരിയായ മാര്‍ഗത്തിലേക്കെത്തിച്ചുതരും. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഘോഷയാത്രയാവുന്നു ആ സഞ്ചാരം.

 

ഗീത് ഹോട്ടലിലെ ശശിധരന്‍ ആറാട്ടുവഴിയുടെ മുറിയില്‍, ഇരുട്ടില്‍ കട്ടിലിനരികെ വീണുകിടക്കുന്ന എന്നെ അങ്ങനെയൊരു ശരിയുടെ കൈ ആയിരുന്നു പിടിച്ചുയര്‍ത്തിയതെന്ന് ഞാനിപ്പോള്‍ കരുതുന്നു. രാജസേനന്‍ സാര്‍ എഴുന്നേറ്റ് വന്ന് എന്‍റെ നേരെ കൈ നീട്ടുകയും എന്നെ പിടിച്ചുയര്‍ത്തുകയും ചെയ്തു. ഇരുട്ടില്‍ അവരുടെ തീരുമാനം എന്തെന്ന് ഞാന്‍ കണ്ടില്ല. ആരും ഒന്നും മിണ്ടിയില്ല. നാലഞ്ചുനിമിഷത്തെ മൗനത്തിനുശേഷം വെളിച്ചം ഒന്നു രണ്ടുവട്ടം മിന്നിമിന്നി പിന്നീട് തെളിഞ്ഞുകത്തിയ നേരം, രാജസേനന്‍ സാര്‍ ഫോണമര്‍ത്തി ഗിരീഷേട്ടനെ വിളിച്ചു. ഞാന്‍ കണ്ണാടിക്ക് മുന്നിലെ കസേരയില്‍ ഇരിക്കുകയായിരുന്നു. അതില്‍ നോക്കിയാല്‍ എനിക്ക് രാജസേനന്‍ സാറിനെയും ശശിധരന്‍ ആറാട്ടുവഴി ചേട്ടനെയും കാണാം. എന്നാല്‍ അവരുടെ മുഖം എന്ത് തീരുമാനിച്ചു എന്ന് ഉറപ്പിക്കാന്‍ എനിക്കാവുന്നില്ല. ഒന്നും പറയാതെ ഇരുന്നപ്പോള്‍ ഞാന്‍ എഴുന്നേറ്റു.

‘‘എന്നാ ഞാനിറങ്ങട്ടെ സാര്‍... വിളിച്ചാ മതി.’’

ആ നിമിഷംതന്നെ ഗിരീഷേട്ടന്‍ വാതില്‍ തുറന്നകത്ത് കയറി.

‘‘എന്തായി... ഒാകെ ആണോ...’’

‘‘മധുപാല്‍ സീന്‍ കേട്ട് പെര്‍ഫോം ചെയ്ത് തീര്‍ന്നതും കറന്‍റ് പോയി... ശരിക്കും സിനിമാക്കാരുടെ ഭാഷയില്‍ ആലോചിച്ചാ അപശകുനമാണ്...പക്ഷേ, ഞങ്ങളത് കാര്യമാക്കുന്നില്ല. മധുപാല്‍ ഈ സിനിമയിലെ വൈശാഖന്‍ ആവുന്നു... ഗിരീഷേ കണ്‍ഫേം ചെയ്തോളൂ...’’

‘‘നന്നായി...’’ എന്ന് പറഞ്ഞ് ഗിരീഷേട്ടനെനിക്ക് കൈ തന്നു.

‘‘കാപ്പന്‍ സാറിനോട് പറയേണ്ടെ...’’ എന്നു പറഞ്ഞിട്ട് ഗിരീഷേട്ടന്‍ മാണി സി. കാപ്പന്‍ സാറിനെ വിളിച്ചു. നിർമാതാവ് ശിവരാജനും അവരോടൊപ്പമുണ്ടായിരുന്നു. ഒരു ടോക്കണ്‍ അഡ്വാന്‍സ് അപ്പോള്‍ തന്നെ ശിവരാജനും എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഗോപിയും എഴുതി ഗിരീഷേട്ടനെ ഏൽപിച്ച് അത് രാജസേനന്‍ സാര്‍ കിഴക്ക് ഏതെന്ന് ചോദിച്ച് അങ്ങോട്ട് തിരിച്ചുനിര്‍ത്തി, എനിക്ക് തരുന്നു. ഒരു പുതിയ വഴി തുറക്കുന്നു.

ചെക്ക് വാങ്ങി പോക്കറ്റില്‍ വെച്ചപ്പോള്‍ സേനന്‍ സാര്‍ പറഞ്ഞു. ‘‘മധുപാലിനെ പൂജക്ക് കണ്ടപ്പോഴെ ഞാന്‍ ശശിയോട് പറഞ്ഞിരുന്നു, ഇതാണ് നമ്മുടെ വൈശാഖന്‍ എന്ന്... ശശിയാണ് ഒന്ന് ചെയ്യിച്ചു നോക്കാന്‍ പറഞ്ഞതും... അപ്പോ ഡേറ്റൊക്കെ പറയാം... ഷൊർണൂരാണ് ലൊക്കേഷന്‍.’’

‘‘ആരാ സാര്‍ ഹീറോ...’’

‘‘ഹീറോ മുകേഷാണ്. പിന്നെ പ്രസാദ് സാറും ഉണ്ണിച്ചേട്ടനും ജനാർദനനും ഉണ്ട്. ശരിക്കും അവരാ ഹീറോ... ഇതവരുടെ കഥയാ...’’

‘‘മേയിൽ തുടങ്ങും. കറക്ട് ഡേറ്റ് വിളിച്ച് പറയാം’’, ഗിരീഷേട്ടനു കൈ കൊടുത്ത് ഞാന്‍ പോകാന്‍ അനുവാദം ചോദിച്ചു. രാജസേനന്‍ സാര്‍ ഒരാള്‍ ദ ബെസ്റ്റ് പറഞ്ഞ് എന്നെ യാത്രയാക്കി.

നേരെ വേണു ചേട്ടന്‍റെ വീട്ടിലേക്കാണ് പോയത്. രാജസേനന്‍റെ സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ ഒരവസരം കിട്ടിയിരിക്കുന്നു എന്നു പറഞ്ഞപ്പോഴേ വേണു ചേട്ടന്‍ തന്‍റെ പ്രവചനം ശരിയായില്ലേ എന്ന് ചോദിച്ചു. മീര ചേച്ചി എനിക്ക് മധുരം തന്നു. അപ്പോഴും ഞങ്ങളവിടെയിരുന്നു തിരക്കഥയുടെ മറ്റു വഴികള്‍ ചര്‍ച്ച ചെയ്തുതന്നെയിരുന്നു. കാരണം എന്‍റെയുള്ളിലപ്പോഴും അഭിനേതാവ് എന്ന തട്ടകത്തേക്കാള്‍ കൂടുതല്‍ തെളിഞ്ഞുനിന്നത് എഴുത്തും സംവിധാനവുംതന്നെയായിരുന്നു.

‘സുദിനം’ സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് നിസാറിക്ക തിരുവനന്തപുരത്ത് വന്നപ്പോള്‍ വിളിച്ചു. വലിയ കുഴപ്പമില്ലാതെ ആ ചിത്രം തിയറ്ററുകളില്‍ പോയി എന്ന്, കണ്ടപ്പോള്‍ പറഞ്ഞു. തിരക്കഥാകൃത്ത് ബാബു ജനാർദനനും നിസാറിക്കക്കൊപ്പമുണ്ടായിരുന്നു. ‘കാശ്മീര’ത്തിന്‍റെ ഡബിങ് നടക്കുന്ന സമയത്ത് ജോയ് സ്റ്റുഡിയോയില്‍ ‘സുദിന’ത്തിന്‍റെ ഫൈനല്‍ വര്‍ക്ക് ഉണ്ടായിരുന്നു. അന്ന് ഉമാ ലോഡ്ജില്‍ ഞങ്ങളൊക്കെ ഒന്നിച്ചായിരുന്നു താമസം. ആദ്യകാല മലയാള സിനിമയിലെ മേല്‍വിലാസമായിരുന്നു ലിബര്‍ട്ടി തിയറ്ററിനടുത്തുള്ള ഉമ ലോഡ്ജ്. എത്രയോ സഹസംവിധായകരുടെയും കലാസംവിധായകരുടെയും സിനിമയില്‍ തുടക്കം കുറിച്ചുവരുന്ന സംവിധായകരുടെയും മദ്രാസിലെ സങ്കേതം. പണ്ട് അത് സ്വാമീസ് ലോഡ്ജ് ആയിരുന്നു. അന്നുള്ളതിന്‍റെ നേരിയ ഒരു പകര്‍പ്പ് തന്നെയായിരുന്നു ഉമ ലോഡ്ജും. പലര്‍ക്കും സ്ഥിരം മുറികളും ആ നമ്പറില്‍ മേല്‍വിലാസവുമുണ്ടായിരുന്നു.

നിസാര്‍ അബ്ദുൽ ഖാദര്‍ എന്ന നിസാറിക്കയെ ഞാന്‍ ഏഴു വര്‍ഷത്തിനുശേഷം വീണ്ടും കാണുകയായിരുന്നു. എറണാകുളത്ത് കാക്കനാട് എന്ന സ്ഥലത്ത് ‘സംവത്സരങ്ങള്‍’ എന്നൊരു സിനിമ 1987ല്‍ തുടങ്ങുന്നു. കെ.സി. സത്യന്‍ ആണ് സംവിധായകന്‍. ഇന്നത്തെ ‘ലോകധര്‍മി’ എന്ന നാടക പ്രസ്ഥാനത്തിന്‍റെ സാരഥി പ്രഫ. ചന്ദ്രദാസന്‍ ആയിരുന്നു ആ സിനിമയുടെ തിരക്കഥാകൃത്ത്. ജെ.കെ.വിയുടെ ‘സെക്സില്ല സ്റ്റണ്ടില്ല’ എന്ന കഥയും സത്യന്‍റെ കുറുപ്പംതറ എന്ന ഗ്രാമത്തിലെ മനുഷ്യജീവിതവുമായിരുന്നു ആ സിനിമക്കാധാരം. ഒാം പുരി, ശ്രീനിവാസന്‍, മുരളി, ജഗദീഷ്, രാജന്‍ പി. ദേവ്, ഇന്നസെന്‍റ്, ഇന്നത്തെ ആല്‍വിന്‍ ആന്‍റണി, കെ.പി.എ.സി ലളിത, പ്രിയ, ശ്യാമ, സൂര്യ, ബീന കുമ്പളങ്ങി, വത്സല മേനോന്‍, രാജന്‍ പാടൂര്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍.

ഓം പുരി എന്ന മഹാനടന്‍റെ ആദ്യ മലയാള സിനിമ. സിനിമ എന്ന മാധ്യമത്തോട് ആ മനുഷ്യന്‍ കാണിക്കുന്ന ആത്മാര്‍ഥതയും ആദരവും കണ്ടറിയുകതന്നെ വേണം. ഒരുവിധ ജാടയുമില്ലാതെ ഷൂട്ടിന്‍റെ ഇടവേളകളില്‍ കഥയില്‍ വായനശാല കെട്ടാന്‍ കൊണ്ടുവന്ന മെടഞ്ഞ തെങ്ങോല വിരിച്ചിട്ട് അതില്‍ കിടന്നുറങ്ങുന്ന ഓം പുരിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഭാഷ അഭിനയത്തിനൊരു തടസ്സമല്ലെന്ന് ആ മനുഷ്യന്‍ നമ്മള്‍ക്ക് കാണിച്ചുതന്നു. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞ് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനംചെയ്ത ‘പുരാവൃത്ത’ത്തില്‍ ഒാം പുരി അഭിനയിച്ചു. അദ്ദേഹം അഭിനയിച്ച് പുറത്തുവന്ന ആദ്യ മലയാള സിനിമ. പിന്നീട് 2017ല്‍ ‘ആടുപുലിയാട്ടം’ എന്ന ചിത്രത്തിലും അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടായി.

 

രാത്രികാലങ്ങളില്‍ പോളക്കുളത്ത് ടൂറിസ്റ്റ് ഹോമില്‍ രാജന്‍ പി. ദേവും ശ്രീനിയേട്ടനും ജഗദീഷുമൊക്കെ നിരവധി കഥകളുടെ കെട്ടുതുറക്കും. ജീവിതാനുഭവങ്ങളുടെ പാരായണമായിരുന്നു ആ ദിവസങ്ങള്‍. ആ ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടര്‍ ഷാജി കൈലാസും അസിസ്റ്റന്‍റ് നിസാര്‍ അബ്ദുൽ ഖാദറുമായിരുന്നു. ‘സംവത്സരങ്ങള്‍’ പൂര്‍ത്തിയായെങ്കിലും വെളിച്ചം കണ്ടില്ല. ആ സിനിമയുടെ ആദ്യ രംഗം ഒരു കാളയെ കൂടംകൊണ്ട് നെറ്റിയിലടിച്ച് കൊല്ലുന്നതായിരുന്നു. സിനിമക്ക് വേണ്ടി പലപ്പോഴും ഇത്തരം രംഗങ്ങള്‍ യാഥാർഥ്യ ബോധമുളവാക്കുന്ന ഒരു പ്രതീതി മാത്രമായാണ് ഷൂട്ട് ചെയ്യുക. എന്നാല്‍ ‘സംവത്സരങ്ങള്‍’ ചെയ്യുമ്പോള്‍ പലതും റിയലിസ്റ്റിക് ആയിട്ടുതന്നെ വേണമെന്ന് അന്നത്തെ ആ കലാകാരന്മാര്‍ നിഷ്കര്‍ഷിച്ചിരുന്നു. യഥാർഥ ചിത്രീകരണം എന്നൊരു ബോധം അവരെ ഭരിച്ചിരുന്നു. വെര്‍നര്‍ ഹെര്‍സോഗും സ്റ്റാന്‍ലെ കുബ്രിക്കും കുറസോവയുമൊക്കെ ചെയ്തതുപോലെ പെര്‍ഫെക്ടായിരിക്കണം തങ്ങളുടെയും സിനിമ എന്ന് കരുതുന്ന ഒരു സ്വഭാവം അവര്‍ക്കുണ്ടായിരുന്നു.

ആ സിനിമയുടെ ഷൂട്ടിങ് സമയങ്ങളില്‍ വൈകുന്നേരങ്ങളിലും ഒഴിവുദിവസങ്ങളിലും ലൊക്കേഷനില്‍ പോകുമായിരുന്നു. കലാകൗമുദിയില്‍ അന്ന് ജോലിചെയ്തിരുന്ന എന്‍റെ സുഹൃത്ത് റോയ് നീറം പ്ലാക്കലും അദ്ദേഹത്തിന്‍റെ സുഹൃത്ത് ദുബൈയിലുള്ള രാജന്‍ പനയ്ക്കാം മണ്ണിലുമായിരുന്നു ആ സിനിമയുടെ നിർമാതാക്കള്‍. പിന്നെ ചന്ദ്രദാസനും. അതുകൊണ്ടുതന്നെ അതെന്‍റെ സിനിമാ പാഠശാലകൂടിയായിരുന്നു. ആ സിനിമയുടെ ഷൂട്ട് ചെയ്ത് തീര്‍ക്കാനും യൂനിറ്റ് പിരിച്ചുവിടാനുമൊക്കെ ഒരുപാട് കഷ്ടപ്പാടുകളും പ്രശ്നങ്ങളും റോയി അനുഭവിച്ചിരുന്നു. ഒപ്പം നിന്ന് അതറിയുമ്പോള്‍ സിനിമയില്‍ എന്ത് ചെയ്യരുതെന്നും എന്തൊക്കെ ആവാമെന്നുംകൂടി ഞങ്ങള്‍ പഠിക്കുകയായിരുന്നു. ആ സെറ്റിലെ സൗഹൃദമായിരുന്നു നിസാറിക്കയും ഷാജി കൈലാസും.

തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ഒരു ഷോര്‍ട്ട് സിനിമ ചെയ്യാന്‍ സമ്മതമേകിയത് തീര്‍പ്പാക്കാനായിരുന്നു നിസാറിക്കയും ബാബു ജനാർദനനും വന്നത്. ‘ചിരട്ടക്കണ്ടത്തിലെ കുടുംബവിശേഷം’ എന്ന പേരില്‍ പ്രായമായ ഒരമ്മയുടെ കഥ. ഹ്യൂമര്‍ സിറ്റ്വേഷനിലൂടെയായിരുന്നു അവര്‍ അത് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ആ കുഞ്ഞു ചലച്ചിത്രം ടെലിവിഷനുവേണ്ടി ഒരുക്കിയത് ഏഷ്യാനെറ്റ് തന്നെയായിരുന്നു. ഏഷ്യാനെറ്റിന്‍റെ ആദ്യത്തെ ഔട്ട് സൈഡ് പ്രൊഡക്ഷന്‍. ആറ്റിങ്ങലിലായിരുന്നു ലൊക്കേഷന്‍. അടൂര്‍ ഭവാനി ചേച്ചിയായിരുന്നു പ്രധാന കഥാപാത്രം. അവരെ സഹായിക്കുന്ന ഒരു പള്ളീലച്ചനായി അഭിനയിക്കാന്‍ നിസാറിക്ക എന്നോട് പറഞ്ഞു. സത്യത്തില്‍ അതിന്‍റെ ഷൂട്ട് തുടങ്ങിയപ്പോള്‍ കാണാന്‍ ചെന്നതായിരുന്നു. ഞാന്‍ ഒഴിഞ്ഞുമാറിയതായിരുന്നു. കാരണം രാജസേനന്‍ സാറിന്‍റെ ഷൂട്ട് തുടങ്ങാന്‍ തീരുമാനിച്ച അതേ സമയത്തായിരുന്നു നിസാറിക്കയും ഷൂട്ട് തുടങ്ങിയത്. നാലഞ്ച് ദിവസത്തെ ഷൂട്ട് ഉണ്ടാവും എന്ന് നിസാറിക്ക പറഞ്ഞു.

‘‘നിന്‍റെ ഷൂട്ട് ഞാന്‍ വേഗം തീര്‍ത്ത് തരാം. ഗിരീഷിനെ ഒന്ന് വിളിച്ച് പറയ്... ഞാനും വിളിക്കാം...’’

ആ രാത്രി ഞങ്ങള്‍ ഗിരീഷേട്ടനെ വിളിച്ചപ്പോള്‍ അവരുടെ ഷൂട്ടിന്‍റെ തീയതി മാറ്റിയ കാര്യം പറഞ്ഞു.

‘‘ജൂണ്‍ എന്‍റ് അല്ലെങ്കില്‍ ജൂലൈ ഫസ്റ്റ്... ഞാന്‍ മധുപാലിനെ വിളിക്കാം...’’

നിസാറിക്കയുടെ ഷൂട്ടിന്‍റെ രീതി അഭിനേതാക്കള്‍ക്ക് വളരെ ആയാസരഹിതമായിരുന്നു.

 

നാടകപാരമ്പര്യമുള്ളതുകൊണ്ടുതന്നെ കഥാപാത്രങ്ങളെ മെരുക്കിയെടുക്കുന്നതില്‍ കൃത്യമായ ധാരണയുള്ള ഒരാളായിരുന്നു നിസാറിക്ക. കുറഞ്ഞ ദിവസം കൊണ്ടുതന്നെ ‘കുടുംബവിശേഷ’ത്തിന്‍റെ ഷൂട്ട് അവസാനിപ്പിച്ച് ഏഷ്യാനെറ്റിനു കൈമാറി. സത്യത്തില്‍ അത്തരം രീതി നിസാറിക്ക എന്ന അസാമാന്യ കഴിവുള്ള ഒരു സംവിധായകനെ വേറെ ഒരു രീതിയിലേക്ക് മാറ്റുകയായിരുന്നു. വേഗത്തില്‍ ഷൂട്ട് തീര്‍ക്കുന്ന സംവിധായകന്‍, കുറഞ്ഞ ബജറ്റില്‍ സിനിമ ചെയ്യുന്ന ആള്‍, ഹ്യൂമര്‍ കഥകള്‍ മാത്രം ചിത്രീകരിക്കുന്ന ചലച്ചിത്രകാരന്‍.

പക്ഷേ ‘സുദിന’വും അദ്ദേഹത്തിന്‍റെ പുറത്തിറങ്ങാത്ത, മുരളിചേട്ടനും ഭരത് ഗോപിയേട്ടനും ഖുശ്ബുവും അഭിനയിച്ച ‘ചില്ലക്ഷരങ്ങള്‍’ സിനിമയുമൊക്കെ ആഴവും വ്യത്യസ്തതയുമുള്ള കഥകള്‍ സ്വീകരിച്ച് കലാപരമായ ഔന്നത്യത്തോടെ ചിത്രങ്ങള്‍ ചെയ്യാനാവുന്ന ഒരു സംവിധായകനെ അരികുവത്കരിക്കുകയാണ് ചെയ്തത്. അവസാന നാളുകളില്‍ കാണുമ്പോഴൊക്കെ നിസാറിക്കയുടെ വാക്കുകളില്‍ സങ്കടത്തിന്‍റെ നനവുണ്ടായിരുന്നു.

വേണു നാഗവള്ളിയുടെ വീട്ടില്‍നിന്നും പോകുന്നതിന് മുമ്പേയുള്ള ഒരുദിവസം നിര്‍മാതാവ് ആനന്ദേട്ടന്‍റെ പൂജപ്പുരയിലുള്ള ഗസ്റ്റ് ഹൗസില്‍ ഇരുന്നപ്പോഴായിരുന്നു സാജന്‍ ‘ക്രൈം ഫയല്‍’ എന്ന സിനിമയുടെ കഥ പറയുന്നത്. ഒരു കന്യാസ്ത്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് തെളിയിക്കാന്‍ വരുന്ന ഒരു പൊലീസ് ഓഫിസറുടെ കഥ. ഒരു ത്രില്ലര്‍ മൂഡുള്ള സിനിമ. സാജന്‍ ആ കഥ വെറുതെ ചില കുറിപ്പുകളെടുത്ത് എഴുതിവെച്ചിട്ടേയുണ്ടായിരുന്നുള്ളൂ. 1992ല്‍ മരിച്ച സിസ്റ്റര്‍ അഭയയുടെ ജീവിതത്തില്‍നിന്ന് കടംകൊണ്ട കഥ എന്നദ്ദേഹം പറഞ്ഞു. കഥയുടെ വഴികള്‍ സിസ്റ്റര്‍ അഭയയുടേതല്ലായിരുന്നു. അതിനു തികച്ചും ഒരു സിനിമക്കാവശ്യമായ എല്ലാ ചേരുവകളുമുണ്ടാവണം എന്ന് പറഞ്ഞ് എഴുതാന്‍ കൂടെയിരിക്കണമെന്ന് പറഞ്ഞിട്ടായിരുന്നു സാജന്‍ എറണാകുളത്തേക്ക് ഇറങ്ങിയത്.

‘‘മര്‍ഡര്‍ ഇന്‍വെസ്റ്റിഗേറ്റ് ചെയ്യുന്നത് സുരേഷ് ഗോപിയായാല്‍ നല്ലത്. പുള്ളീടെ പൊലീസ് സ്റ്റോറിക്ക് ഇനി ഒരുപാട് സാധ്യതയുണ്ടാവും... അതുറപ്പാ...’’

സാജനെ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവിടുമ്പോള്‍ ഞാന്‍ പറഞ്ഞു.

‘‘സുരേഷിനോട് ഞാന്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. കഥ ഒരു ഫോമിലായാല്‍ ചെന്നു കാണാം...’’

ഉച്ചക്കുള്ള മദ്രാസ് മെയിലില്‍ സാജന്‍ കൊച്ചിക്ക് കയറി.

അന്ന് സന്ധ്യക്ക് സിബി സാറും ലോഹിതദാസും ഷൊർണൂരില്‍ ഉണ്ടെന്നും അവര്‍ക്കൊന്ന് കാണണമെന്നും പറഞ്ഞ് സെവന്‍ ആര്‍ട്സ് മോഹന്‍ വിളിച്ചു. പിറ്റേദിവസം ഞങ്ങള്‍ പാലക്കാട് കുത്തനൂരില്‍ രാധമേമയെ കാണാന്‍ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഷൊര്‍ണൂരില്‍ ഇറങ്ങി പോകാനായിരുന്നു പ്ലാന്‍. ഞാനത് മോഹനേട്ടനോട് പറയുകയും ചെയ്തു.

‘‘എങ്കില്‍ ഞാന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ വണ്ടി വിട്ടുതരാം. ചെറുതുരുത്തി ഗസ്റ്റ് ഹൗസില്‍ അവരുണ്ട്. അപ്പൊ ഒന്ന് കണ്ടിട്ട് പോകാം...’’

ഷൊര്‍ണൂരിലെത്തിയപ്പോള്‍ സ്റ്റേഷനില്‍ കാറുണ്ടായിരുന്നു. രേഖയും കുഞ്ഞും എനിക്കൊപ്പമുണ്ട്. അവരോടൊപ്പം ഗസ്റ്റ് ഹൗസില്‍ ചെന്നിറങ്ങി. സിബി സാറും ലോഹിതദാസ് സാറും മുകളിലുണ്ട് എന്ന് പറഞ്ഞത് സംഗീതസംവിധായകന്‍ ശരത് ആയിരുന്നു. അന്നായിരുന്നു ശരത്തിനെ ഞാന്‍ പരിചയപ്പെടുന്നത്. ‘ക്ഷണക്കത്തി’ലെയും ‘ഒറ്റയാള്‍പ്പട്ടാള’ത്തിലെയും ‘പവിത്ര’ത്തിലെയുമെല്ലാം ഗാനങ്ങള്‍ ശ്രോതാക്കളുടെ ഇഷ്ടഗാനങ്ങള്‍ ആയിക്കഴിഞ്ഞ സമയമാണത്.

അണ്ണാച്ചി എന്ന് വിളിച്ചുകൊണ്ട് ആ സൗഹൃദം ഇന്നും തുടരുന്നു. മുകളിലേക്ക് കയറുമ്പോള്‍ വാളക്കുഴി ഫിലിംസിന്‍റെ സാരഥി ഔസേപ്പച്ചന്‍ താഴേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു. ‘റാംജി റാവ് സ്പീക്കിംഗ്’, ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്നീ ചിത്രങ്ങളുടെ വാര്‍ത്തകളിലും സിനിമയുടെ നൂറാം ദിവസത്തെ പോസ്റ്ററുകളിലും കണ്ട മുഖം. ചിരിച്ചുകൊണ്ട് അദ്ദേഹം എന്നെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സിബി സാറും ലോഹിസാറും അടുത്ത് ചെയ്യാന്‍ പോകുന്ന മമ്മൂക്ക സിനിമയില്‍ ഒരു കഥാപാത്രത്തിനു പറ്റുമോയെന്നറിയാന്‍ വിളിപ്പിച്ചതായിരുന്നു. ‘കാശ്മീര’ത്തിലെ കാര്യങ്ങളും അസിസ്റ്റന്‍റായി വര്‍ക്ക് ചെയ്ത സിനിമകളുമൊക്കെ പറഞ്ഞ് അവിടെനിന്നും പിരിഞ്ഞു. ഔസേപ്പച്ചന്‍ താഴെ വരെ വന്ന് യാത്രയാക്കി.

‘‘കഥ ഫൈനലൈസ് ആയിട്ടില്ല. ഒരു സ്പാര്‍ക്ക് വന്നപ്പോ എല്ലാമൊന്ന് റെഡിയാക്കാമെന്ന് വിചാരിച്ചു. മമ്മൂക്കയും അദ്ദേഹത്തിന്‍റെ ബ്രദറുമായുള്ള ഒരിഷ്യൂ. അതുണ്ടാക്കുന്ന ചില പ്രശ്നങ്ങള്‍ അങ്ങനെയൊരു ട്രാക്ക്. പ്രെഡിക്ടബ്ലല്ലാത്ത ഒരാള്‍ ആവണം ബ്രദറിന്‍റെ ക്യാരക്ടര്‍ എന്നാലോചിച്ചപ്പോ മധുപാലിന്‍റെ കാര്യം സിബിയാ പറഞ്ഞത്. ആവട്ടെ... വിളിക്കാം...’’

ആ കഥയല്ല പിന്നെയവര്‍ സിനിമയാക്കിയത് എന്ന് ‘സാഗരം സാക്ഷി’ വന്നപ്പോഴറിഞ്ഞു. സിനിമയങ്ങനെ ആലോചനകളുടെയും ചര്‍ച്ചകളുടെയും നിരവധി സാധ്യതകളന്വേഷിക്കും. ചിലതൊക്കെ അതിന്‍റെ ശരിയായ മാര്‍ഗം കണ്ടെത്തും. ചിലതൊക്കെ ആരംഭത്തില്‍ ​െപട്ടുപോകും. അഭിനേതാവായപ്പോള്‍ സിബി സാറിന്‍റെ കൂടെ രണ്ട് സിനിമകളില്‍ സഹകരിച്ചു. ‘ആയിരത്തിലൊരുവന്‍’ എന്ന കലാഭവന്‍ മണി ചിത്രത്തിലും ‘സൈഗാള്‍ പാടുകയാണ്’ എന്ന ഷൈന്‍ ടോം ചാക്കോ ചിത്രത്തിലും. രണ്ടിന്‍റെയും തിരക്കഥാകൃത്ത് പ്രിയ സുഹൃത്ത് ടി.എ. റസാഖ് ആയിരുന്നു.

‘ചിരട്ടക്കണ്ടത്തില്‍ കുടുംബവിശേഷം’ ഡബ് ചെയ്ത് വീട്ടില്‍ എത്തിയ നേരത്തായിരുന്നു സംവിധായകന്‍ കെ. മധുച്ചേട്ടന്‍ വിളിച്ചത്.

‘‘മധുപാലേ ഞാന്‍ സാജനെ വിളിച്ചിരുന്നു. നമുക്കൊന്ന് എറണാകുളത്ത് പോകണം... എപ്പഴ പറ്റ്വാ...നാളെ പോയാലോ..?’’

 

‘‘ആവട്ടെ ചേട്ടാ...’’

‘‘എങ്കീ ഞാന്‍ രാവിലെ വരാം... വീടെവിടാ..?’’

‘‘ആകാശവാണീടെ ഓപ്പോസിറ്റാ ഇറങ്ങുമ്പോ വിളിച്ചാ മതി... ഞാന്‍ റോഡിലിറങ്ങി നിക്കാം...’’

പിറ്റേദിവസം രാവിലെ മധുച്ചേട്ടന്‍ നേരെ വീട്ടിലേക്ക് വരികയാണ് ചെയ്തത്. സിനിമയോടും അതൊരുക്കുന്നതിലും അതിനുവേണ്ടി ഏതറ്റം വരെയും കഷ്ടപ്പെടാന്‍ മനസ്സുമുള്ള തികഞ്ഞ ഒരു കലാകാരനാണ് അദ്ദേഹം. ചെയ്ത സിനിമകളില്‍ പലതും സൂപ്പര്‍ഹിറ്റ് ലേബല്‍ പതിച്ചത്. മലയാളത്തില്‍ ആദ്യമായി ഒരു സിനിമക്ക് തുടര്‍ച്ചയുണ്ടാക്കിയ സംവിധായകന്‍. സി.ബി.ഐ സീരീസ് എല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത്. ‘തലമുറ’ എന്ന സിനിമ കഴിഞ്ഞ് നിൽക്കുന്ന ഇടവേളയിലായിരുന്നു സാജനെഴുതിയ ഒരു തിരക്കഥ ചലച്ചിത്രമാക്കാമെന്ന് തീരുമാനിച്ചത്. എറണാകുളത്ത് മധുച്ചേട്ടന്‍റെ സ്ഥിരം താവളം ബി.ടി.എച്ച് ആണ്. ഭാരത് ടൂറിസ്റ്റ് ഹോം മലയാള സിനിമക്കുള്ള ചര്‍ച്ചാവേദി കൂടിയായിരുന്നു. സകല മീറ്റിങ്ങുകളും സോങ് കമ്പോസിങ്ങും ഡിസ് കഷന്‍സും നടക്കുന്നയിടം. നാലഞ്ച് ദിവസം സിസ്റ്റര്‍ അഭയയുടെ കേസും അതിന്‍റെ നാള്‍വഴികളും അത് നാട്ടിലുണ്ടാക്കിയ കോലാഹലവുമൊക്കെ പഴയ പത്രവാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് കണ്ടും ചര്‍ച്ച ചെയ്തും അതില്‍നിന്നെല്ലാം വേറിട്ട് പുതിയ ഒരു തിരക്കഥയൊരുക്കാന്‍ സാജന്‍ ശ്രമിക്കുകയായിരുന്നു.

രണ്ടുദിവസം മധുച്ചേട്ടന്‍ ഞങ്ങളോടൊപ്പമിരുന്നിട്ട് കഥ ഒരോര്‍ഡറായാല്‍ വരാമെന്ന് പറഞ്ഞിട്ട് തിരിച്ചുപോയി.

മഴ തുടങ്ങിയിരുന്നു. വൈകുന്നേരങ്ങളില്‍ മാത്രമായി ചെറുമഴ പെയ്യും. മഴ മാറുന്ന നേരത്ത് സാജനൊടൊപ്പം ആളൊഴിഞ്ഞ ഫോര്‍ഷോര്‍ റോഡിലൂടെ ഒന്ന് നടന്നുവരും. നടത്തമായിരുന്നു സാജനില്‍ പുതിയ കഥാപാത്രങ്ങളെ മനസ്സില്‍ നിറക്കാന്‍ പ്രാപ്തമാക്കിയത്. അന്നേരം പറയുന്നതും അതില്‍ തെളിയുന്നതും കഥയുടെയും കഥാപാത്രങ്ങളുടെയും മറ്റൊരു സഞ്ചാരമാവും. റൂമില്‍ ചെന്ന് അതെല്ലാം എഴുതിവെക്കും. ആ സമയത്തായിരുന്നു രാജസേനന്‍ സാറിന്‍റെ സെറ്റില്‍നിന്നും രാത്രി ഗിരീഷ് വൈക്കം വിളിച്ച് പിറ്റേദിവസം ഷൊര്‍ണൂരില്‍ എത്താന്‍ പറഞ്ഞത്.

പെട്ടെന്നങ്ങനെയൊരു വിളിയായതുകൊണ്ട് എങ്ങനെയാണ് ഇവിടെനിന്നും ഇറങ്ങുകയെന്നൊരങ്കലാപ്പുണ്ടായി. രാത്രിയാവുമ്പോള്‍ സാജന്‍ വീട്ടില്‍ പോകും. ഒരു കാര്യത്തിനായി ഇരിക്കുമ്പോള്‍ അത് പകുതിയില്‍ നിര്‍ത്തിപ്പോകുന്നത് ഒട്ടും ശരിയല്ലെന്നൊരു തോന്നല്‍ എന്‍റെയുള്ളിലുണ്ട്. ഏതൊരു കാര്യവും തുടങ്ങിയാല്‍ അവസാനിക്കും വരെയുണ്ടാവണം എന്നൊരു പാഠം ഞാന്‍ കുട്ടിക്കാലത്തേ പഠിച്ചതാണ്. അങ്ങനെയല്ലാതെ വരുമ്പോള്‍ ആകെയൊരു തിക്കുമുട്ടലുള്ളിലുണ്ടാവും. അങ്ങനെ പാതിവഴിയിലിട്ടിട്ടുപോയാല്‍ മറ്റുള്ളവര്‍ എങ്ങനെയാവും നമ്മളെക്കുറിച്ച് ചിന്തിക്കുകയെന്നൊക്കെ ആലോചിച്ചുകൂട്ടും. അതിന്നും അവസാനമില്ലാതെ തുടരുന്നുണ്ട്. ഒടുവില്‍ രാവിലെ സാജന്‍ വന്നിട്ട് പറഞ്ഞിട്ട് പോകാമെന്ന് തന്നെ തീരുമാനിച്ചു.

രണ്ടാമത് അഭിനയിക്കാന്‍ പോകുന്ന സിനിമ എന്ന് പറഞ്ഞിട്ട് സാജന്‍ പേഴ്സില്‍നിന്നും രൂപയെടുത്തുതന്നു: ‘‘ഇതിരിക്കട്ടെ... ഒരു വഴിയ്ക്ക് പോവ്വല്ലെ...’’

ബാഗുമെടുത്ത് ഹോട്ടലില്‍നിന്നിറങ്ങി. മഴ പെയ്ത് തോര്‍ന്നിരിക്കുന്നു. ബസ് സ്റ്റാൻഡിലേക്ക് പോകാന്‍ ഓട്ടോ ഒന്നുംതന്നെ കാണുന്നില്ല. അന്നേരം എനിക്കു മുന്നില്‍ കൊടുങ്ങല്ലൂര്‍ ബോര്‍ഡ് ​െവച്ച ഒരു പ്രൈവറ്റ് ബസ് വന്നുനിന്നു. ഒന്നും നോക്കാതെ അതിനകത്ത് കയറി. ഷൊര്‍ണൂര്‍ക്ക് പോകേണ്ട ഞാന്‍ എന്തിനാണ് കൊടുങ്ങല്ലൂരിലേക്ക് ടിക്കറ്റ് എടുത്തതെന്ന് അന്നേരം ആലോചിച്ചതുകൂടിയില്ല. കലൂര്‍ കഴിഞ്ഞപ്പോള്‍ മഴ പെയ്തു തുടങ്ങി. പടുതയെല്ലാവരും അഴിച്ചിട്ടു. മഴയുടെ ശക്തി പടുതയില്‍ വലിയശബ്ദമുണ്ടാക്കി. ആഞ്ഞുവീശുന്ന കാറ്റിന്‍റെ ശബ്ദവും.

Tags:    
News Summary - kasmeeram movie study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.