കാമറക്ക് പിന്നിൽനിന്ന് മുന്നിലേക്ക് വരുന്നു. സെക്കൻഡ് ഹീറോ കാരക്ടറായി ‘കാശ്മീര’ത്തിലൂടെ അഭിനയരംഗത്തേക്ക് വരുന്നതും ഡൽഹിയിലെ ചിത്രീകരണത്തിലെ കൗതുകസംഭവങ്ങളുമാണ് ഇത്തവണ വിവരിക്കുന്നത്.
എട്ട് ഏപ്രില്‍ 1994.
ഹോട്ടലിലെ കോറിഡോറില്‍ തിരക്ക് കൂടിയിട്ടുണ്ട്. റഷ്യക്കാരായ താമസക്കാര്‍ ഡല്‍ഹിയിൽ എവിടെയൊക്കെയോ താമസിക്കുന്ന അവരുടെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി റൂമുകളിലേക്ക് നടക്കുന്നു. ആര്‍ത്തട്ടഹസിച്ച് ബഹളമുണ്ടാക്കിക്കൊണ്ട് അവര്‍ നടക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ വന്ന് നമ്മുടെ സ്വഭാവരീതികള്‍ അവര്‍ പഠിച്ചോയെന്ന് സുരേഷ് കളിയാക്കി.
‘‘ഇതൊരുമായിരി ചാല മാര്‍ക്കറ്റ് പോലെയുണ്ടല്ല്...’’
ഇറുകിയ വസ്ത്രവും തടിച്ച ശരീരവുമുള്ള കരുത്തരായ സ്ത്രീകളും പുരുഷന്മാരും തിങ്ങിനിറഞ്ഞ് നടക്കുന്ന വരാന്തയിലൂടെ അവര്‍ക്കിടയില്‍ ഞങ്ങളും നടന്നു. ലിഫ്റ്റിനായുള്ള കാത്തുനിൽപ് ദീര്‍ഘിച്ചപ്പോള്‍ സുരേഷ് പറഞ്ഞു: ‘‘അണ്ണാ രണ്ട് ഫ്ലോറ് താഴെയല്ലേ... നടക്കാം... ഇതെപ്പോ വരൂന്ന് അറിയില്ലല്ലോ... രാജീവേട്ടന്‍ അണ്ണനെ വേഗം വിളിച്ചോണ്ട് വരാന്‍ പറഞ്ഞതാ...’’
രാജീവേട്ടന്‍റെ മുറിയുടെ മുന്നിലെ ബെല്ലമര്‍ത്തി സുരേഷും ഞാനും കാത്തുനിന്നു. അകത്തേക്ക് കയറാനുള്ള അനുവാദം കിട്ടിയതും ഞങ്ങളകത്ത് കയറി. രാജീവേട്ടന്‍ കട്ടിലില്‍ ഇരിക്കുകയായിരുന്നു. കണ്ടപാടെ സുരേഷിനോട് മേക് അപ്മാന്‍ ശങ്കര്‍ റൂമിലുണ്ടോയെന്ന് നോക്കാന്‍ പറഞ്ഞു. അവന്‍ ഫോണെടുത്ത് വിളിച്ചു.
‘‘രാജീവണ്ണാ ശങ്കറണ്ണന്‍ റൂമിലുണ്ട്...’’
പിന്നെയൊന്നും പറയാതെ രാജീവേട്ടന്‍ ഞങ്ങളെയും കൂട്ടി തൊട്ടുമുകളിലത്തെ നിലയിലെ ശങ്കറേട്ടന്‍റെ മുറിയിലെ ബെല്ലടിച്ചു.
വാതില്‍ തുറന്നതും രാജീവേട്ടന്‍ പറഞ്ഞു: ‘‘ശങ്കറേ മധൂനെ ഒന്ന് മേക് അപ് ചെയ്യണം... ഫ്രന്‍റിലെ മുടിയൊക്കെ ഒന്ന് കളര്‍ ചെയ്ത്... താടിയും ഇത്ര ബ്ലാക് വേണ്ടാ... സിസ്സേര്‍സ് എടുക്ക്...’’
എനിക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്നെ രാജീവേട്ടന്‍ എന്നെ ഒരു കസേരയിലിരുത്തുകയും അവിടെ കണ്ട ഒരു ഷീറ്റെടുത്ത് എന്നെ പുതപ്പിക്കുകയും എന്‍റെ താടിരോമം ഷേപ്പ് ചെയ്ത് വെട്ടാന്‍ തുടങ്ങുകയും ചെയ്തു. ഷൂട്ടായിരുന്നതുകൊണ്ട് ഞാനത് ഒരിക്കലും വേണ്ടരീതിയില്‍ വെട്ടിയൊതുക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ വല്ലാതെ വളര്‍ന്നിരുന്നു. അതെല്ലാം ഒതുക്കി കഴിഞ്ഞപ്പോള്‍ ശങ്കറേട്ടന്‍ എന്‍റെ മുഖത്ത് ഫൗണ്ടേഷനിട്ടു. മുന്നിലേക്ക് ഊര്‍ന്നു കിടക്കുന്ന തലമുടിയിലും താടിയിലും കളര്‍ സ്റ്റിക്കുകൊണ്ട് നിറം ചാര്‍ത്തി. കോസ്റ്റ്യൂം ബോക്സില്‍നിന്നും എനിക്ക് പാകമായ ഒരു ജീന്‍സും ടീഷര്‍ട്ടും കളര്‍ഫുള്‍ ആയ ഒരു ജാക്കറ്റും എടുത്ത് തന്നു. ഡ്രസ് ഇട്ടുകഴിഞ്ഞപ്പോള്‍ രാജീവേട്ടന്‍ സുരേഷിനെയും ശങ്കറിനെയും നോക്കി.
‘‘ബട്ടര്‍ഫ്ലൈസിനു ഞാനൊന്ന് പൊട്ടുവച്ചതാ... അതിന്‍റെ ഐശ്വര്യം ണ്ട്... നന്നായിട്ട്ണ്ട് രാജീവേ...’’
‘‘രാജീവണ്ണാ ഞാനിത് വൈന്നേരം മധു അണ്ണനോട് പറഞ്ഞതാ... അന്നേരം മധു അണ്ണന്‍ എന്നെ തെറി വിളിച്ച്... ഇതിപ്പോ ശരിക്കും ഒരു കാശ്മീരി ലുക്ക്... ഡബ്ലോക്കെ അണ്ണാ... വെറുതെ എന്തിനാ നമ്മള് വേറെ ആളെ നോക്കണത്...’’
രാജീവേട്ടന്‍ എന്നെയും കൂട്ടി നേരെ ആ ഫ്ലോറില്‍തന്നെയുള്ള പ്രൊഡ്യൂസറുടെ മുറിയിലേക്ക് നടന്നു. മുറിയുടെ വാതിലിനടുത്തെത്തി സുരേഷ് ബെല്ലമര്‍ത്താന്‍ തുടങ്ങിയതും രാജീവേട്ടന്‍ സുരേഷിനെ തടഞ്ഞു: ‘‘സുരേഷാദ്യം അകത്ത് കയറണം. എന്നിട്ട് സുരേഷിനോട് പറയണം ഞാനൊരു കാശ്മീരി പയ്യനെ റെഡിയാക്കിയിട്ടുണ്ട്... അവനെയും കൂട്ടി വരുന്നുണ്ട്ന്ന്...’’
‘‘ഒാകെ അണ്ണാ...’’ അവന്‍ എന്നെ ഒന്നുകൂടി നോക്കിയിട്ട് ഒരു തംസപ് കാണിച്ചിട്ട് ബെല്ലമര്‍ത്തി. അകത്തുനിന്നും യെസ് എന്ന വിളി കേട്ടതും വാതില്‍ തുറന്ന് കയറി.
എനിക്കാകെ ഒരു ടെന്‍ഷനായിരുന്നു. വെറുതെ ശരിയായില്ലെങ്കിലോ എന്നൊരു തോന്നല്‍ എന്നെ വല്ലാതെയലട്ടുന്നുണ്ടായിരുന്നു. കാരണം സീന്‍ എനിക്കറിയാം. അതിന്‍റെ പ്രാധാന്യവും. പിന്നെ ഒരു നോര്‍ത്തിന്ത്യന്‍ കാരക്ടര്‍. അതിന്‍റെ രീതി ഞാന്‍ ചെയ്താല്‍ ഉണ്ടാവുമോയെന്ന ഭീതി. ഞാനത് രാജീവേട്ടനോട് പറയുന്നതിനു മുമ്പേ രാജീവേട്ടന്‍ ബെല്ലമര്‍ത്തുകയും സുരേഷ് വാതില്‍ തുറക്കുകയും ചെയ്തു.
‘‘സുരേഷണ്ണാ രാജീവണ്ണന്‍...’’
തുറന്നുപിടിച്ച വാതിലിലൂടെ ഞങ്ങള്‍ അകത്ത് കയറി. മുറിയില്‍ വെളിച്ചം കുറവായിരുന്നു. അകത്ത് സുരേഷേട്ടനൊപ്പം സാജനും സിനിമയുടെ വിതരണക്കാരനായ മുകേഷ് ആര്‍. മേത്തയും, കല്ലിയൂര്‍ ശശിയേട്ടനും അനിക്കുട്ടനും റോയ് പി. മാത്യൂസും ഉണ്ടായിരുന്നു. രാജീവേട്ടന്‍ ഒരു പുതിയ ആളെ പരിചയപ്പെടുത്തുന്നതുപോലെ എന്നെ ഇൻട്രൊഡ്യൂസ് ചെയ്ത് ലൈറ്റിടാന്‍ പറഞ്ഞു. സുരേഷേട്ടന്‍ എന്നെ കണ്ടതും ഇത് നമ്മടെ മധു അല്ലേ എന്നുറക്കെ പറഞ്ഞു.
‘‘ഒാകെ രാജീവേ... കൊള്ളാം... നമുക്കിൻട്രൊഡ്യൂസ് ചെയ്യാം... മുമ്പ് പലരെയും നമ്മള് കൊണ്ടുവന്നപോലെ ഇതും ഒാകെ... നന്നായി... ആള്‍ ദ ബെസ്റ്റ്...’’ എന്നു പറഞ്ഞുകൊണ്ടെഴുന്നേറ്റ് എനിക്ക് കൈ തന്നു.
‘‘രാജീവേ സെക്കൻഡ് ഹീറോ ക്യാരക്ടർ അല്ലേ... ഇത് ഒാകെ ആവുമോ...’’ എന്നൊരു സംശയം മുകേഷ് മേത്തക്കുണ്ടായി. അങ്ങനെയൊരു വാചകം കേട്ടതും ഒരു നിമിഷം എല്ലാവരും നിശ്ശബ്ദരായി. ഒരു ശ്രമം നടത്തിയിട്ട് വീണ്ടും പുതിയ ഒരാളെ വെച്ച് പരീക്ഷണം ആയാല്‍ അതും ശരിയായില്ലെങ്കില്‍ ചിലപ്പോള്‍ ഷൂട്ട് ബ്രേക്ക് ചെയ്യേണ്ടിവരുമോ എന്നൊരങ്കലാപ്പ് സ്വാഭാവികം എന്ന് എനിക്കുതന്നെ തോന്നി. പണം മുടക്കുന്ന ഏതൊരു നിർമാതാവിനും ഇങ്ങനെയൊരു സംശയമുണ്ടായേക്കാം. കാരണം ഒരു പരീക്ഷണം വിജയകരമായിരുന്നില്ല. പക്ഷേ, പ്രൊഡ്യൂസറും സംവിധായകനും ഉറച്ചുനിന്നു.
‘‘മധു മതി... അയാള് ചെയ്യും...’’ സത്യത്തില്‍ അതെന്‍റെ ബാധ്യതയും പേടിയും കൂട്ടുകയായിരുന്നു. സാജനും ഉറപ്പുതന്നു:
‘‘മധൂന് ക്യാരക്ടര്‍ അറിയാലോ... ഒാകെ ആവും...’’
എന്‍റെ വസ്ത്രമെല്ലാം മാറ്റി തിരിച്ച് വരുമ്പോള്‍ രാജീവേട്ടന്‍ സുരേഷിനോട് പറഞ്ഞു: ‘‘നാളെ മധൂനെ ഒരു പാര്‍ലറില്‍ കൊണ്ടുപോയി മുടി കളറു ചെയ്യിക്കണം...’’
പുറത്ത് ആകാശത്ത് വെടിമരുന്നുകള്‍ പൊട്ടിയുയരുന്നു. മൈതാനത്തുനിന്നും ആര്‍പ്പുവിളികളുടെയാരവം. ഹോട്ടലിന്‍റെ മുറ്റത്ത് റഷ്യക്കാരുടെ ആഹ്ലാദനൃത്തം. ഞാന്‍ വാച്ചില്‍ സമയം നോക്കി. പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു.
‘‘ഹാപ്പി ന്യൂ ഇയര്‍ രാജീവേട്ടാ...’’
‘‘ഹാപ്പി ന്യൂ ഇയര്‍... നന്നാവും ഗുരുവിന്‍റെ കാരുണ്യമുണ്ടാവും...’’
ആ രാത്രി എനിക്കൊരു തുടക്കമായിരുന്നു. മുമ്പ് ‘തങ്കക്കൊലുസ്സി’ല്‍ ഒരു വേഷം ചെയ്തതുപോലെയല്ല ഇതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. സുരേഷ് എന്‍റെ കൂടെ മുറി വരെ വന്നു.
‘‘മധു അണ്ണാ, ഒരു ടെന്‍ഷനും വേണ്ടാ... ഇതണ്ണന്‍റെ പടമാണ്...’’
രാവിലെ രണ്‍ജിത്ത് മാന്‍സിങ് റോഡിലെ ഒരു പാര്‍ലറില്‍ ചെന്ന് തലമുടി കളര്‍ ചെയ്തു. പക്ഷേ, എനിക്കൊരു തൃപ്തി ആയില്ല. ഞാനത് രാജീവേട്ടനെ കൊണ്ടുവന്ന് കാണിച്ചു. മുടി മൈലാഞ്ചിയിട്ട് ചുവപ്പിച്ചതുപോലെ ഒരു കടും ചുവപ്പ്. അത്രയും കളര്‍ ശരിയാവില്ല എന്നു പറഞ്ഞ് വീണ്ടും മറ്റൊരു പാര്‍ലറില്‍ പോയി. അതുകഴിഞ്ഞപ്പോള്‍ തലമുടിയും താടിയും വല്ലാതെ നരച്ചപരുവത്തിലായി.
ഇതെല്ലാം കണ്ടതും അവിടെ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന സുരേഷേട്ടന്‍റെ ഒരു സുഹൃത്ത് രതീഷ് സി. നായര്‍ എന്നെ അദ്ദേഹത്തിനു പരിചയമുള്ള ഒരു സ്റ്റാര്‍ ഹോട്ടലിലെ പാര്‍ലറില്‍ കൊണ്ടുപോയി. സ്വര്‍ണംപോലെ തിളങ്ങുന്ന തലമുടിയും താടിയുമായി രാജീവേട്ടനു മുന്നില്‍ ഒരു പുതിയ ആളായി ഞാന്‍ നിന്നു. ആ നിറവും വേഷവും എല്ലാവര്‍ക്കും ഇഷ്ടമായി. രതീഷ് അന്ന് റഷ്യയില്‍ മെഡിസിനു പഠിക്കുകയായിരുന്നു. ഇന്ന് രതീഷ് സി. നായര്‍ തിരുവനന്തപുരത്തെ റഷ്യന്‍ കോണ്‍സലേറ്റിലെ ഓണററി കോണ്‍സലും. അന്നുമുതല്‍ തുടങ്ങിയ ഒരാത്മബന്ധം ഇന്നും രതീഷുമായി തുടരുന്നു. കോണ്‍സലേറ്റിലെ എല്ലാ പരിപാടികളിലേക്കും ഇന്നും ക്ഷണിക്കുന്നു. ഭാഷയും സംസ്കാരവും നിറഞ്ഞ ഒരു സ്നേഹബന്ധത്തിന്‍റെ ഇഴയടുപ്പം നൽകിയത് ‘കാശ്മീര’മായിരുന്നു.
തലേദിവസം ഒത്തുകൂടിയതുപോലെ വൈകുന്നേരം ഇന്ത്യ ഗേറ്റിനു മുന്നില്‍ വീണ്ടും യൂനിറ്റെത്തി. സീന്‍ എഴുതിയപ്പോഴും പറഞ്ഞുകൊടുത്തപ്പോഴുമൊക്കെയായി പലവട്ടം മനസ്സിലാക്കിയതാണ്. ഇന്നലെ വരെ ഇത് വേറെയൊരാള്‍ക്കു വേണ്ടി തീരുമാനിക്കപ്പെട്ടത്. എന്നാല്‍ ഇന്നിപ്പോള്‍ ഇത് സ്വയം ചെയ്യേണ്ടിവരുമ്പോഴുണ്ടാവുന്ന പരിഭ്രമം തെല്ലും ചെറുതല്ലായിരുന്നു. ഇന്നലെ ചെയ്തയാള്‍ക്ക് പറ്റിയതുപോലെയാവല്ലേ എന്നൊരു പ്രാർഥന ഉള്ളിലുണ്ട്. ഏതെങ്കിലും രീതിയില്‍ തെറ്റിയാല്‍ രാജീവേട്ടന്‍റെയും സുരേഷേട്ടന്‍റെയും വിശ്വാസം തകര്‍ക്കപ്പെടും. മേക്കപ്പ് ചെയ്ത് റെഡിയായപ്പോഴേക്കും സുരേഷ് ഗോപി എത്തി. രാജീവേട്ടന്‍ എന്നെയും വിളിച്ച് അദ്ദേഹത്തിനു മുന്നില്‍ നിര്‍ത്തി. കാറില്‍നിന്നിറങ്ങാതെയിരിക്കുകയായിരുന്നു അപ്പോള്‍. ഞങ്ങളെ കണ്ടതും അദ്ദേഹം കാറില്‍നിന്നിറങ്ങി. ‘‘ഇതാര്... മധൂ...’’ ആ വിളി അൽപം ഉച്ചത്തിലായിരുന്നു. ‘‘വാ വന്ന് ചെയ്യ്... കാണട്ടെ നിന്‍റെ പെര്‍ഫോമന്‍സ്... രാജീവേ റെഡിയല്ലേ.’’
ജനുവരി ഒന്ന്, 1994 വൈകുന്നേരം. ഇന്ത്യാഗേറ്റ് ഫ്രെയിമില്‍ വരുന്നതുപോലെ ഒരു ഫ്രെയിമില്‍ രാജീവേട്ടന്‍ എന്നെ കൊണ്ട് നിര്‍ത്തി. എന്നിട്ട് എന്‍റെ കൈ പിടിച്ച് പറഞ്ഞു: ശരിയാവും. ഗുരുവിനെ പ്രാർഥിച്ച് ചെയ്യ്...
ഞാന്‍ ഒരു നിമിഷം കണ്ണടച്ചു. ആ സമയം അന്തരീക്ഷം നിശ്ശബ്ദമായതുപോലെ. മാനസി വരുന്നതും കാത്ത് നാഥുറാം നിൽക്കുന്നു. അവളെ കാണാന്‍ മാത്രമായി മനസ്സ് തുടിക്കുന്നു. മറ്റൊന്നും ഞാന്‍ കേൾക്കുന്നില്ല, അറിയുന്നില്ല. അന്നേരം ഒരു ശബ്ദം മാത്രം ഞാന്‍ കേട്ടു. രാജീവേട്ടന്‍റെ സ്റ്റാര്‍ട്ട്, കാമറ, ആക്ഷന്‍ എന്ന വിളി. കാമറ ദൂരെയായതുകൊണ്ട് റോള്‍ ചെയ്യുന്ന ശബ്ദം കേൾക്കുകയില്ല. എന്നിട്ടും എന്‍റെ മനസ്സ് പിടക്കുന്നതുപോലെ ഞാനത് കേട്ടു. മാനസിയും മിത്രയും ഒരു കാറില്‍ ആ ഷോട്ടിലേക്ക് വന്നു കയറി. അവര്‍ ഇറങ്ങി. മാനസി നാഥുറാമിനെ മിത്രക്ക് പരിചയപ്പെടുത്തി. മിത്ര എന്തോ പറഞ്ഞതിനു മാനസി അവളെ നുള്ളി. അത് കണ്ട നാഥുറാം ചോദിച്ചു; ഭാബീ നേ ക്യാ ബോലാ... ഭാബി മുച്ഛ്സെ നാരാസ് തൊ നഹി ഹേ...
ഷോട്ട് കഴിഞ്ഞതും ഒരു കൈയടി കേട്ടു, ഫസ്റ്റ് ടേക്ക് ഒാകെ. ബാക്കി ഷോട്ട്സ് എടുക്കുമ്പോള്‍ ഞാന്‍ ഫ്രെയിമിലുണ്ടെങ്കിലും എന്‍റെയുള്ളിലെ അസിസ്റ്റന്‍റ് മനോഭാവം വിട്ടിരുന്നില്ല. മറ്റ് ആര്‍ട്ടിസ്റ്റുകളുടെ മൂവ്മെന്‍റ്സും കണ്ടിന്യൂയിറ്റിയുമൊക്കെ കൂടെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. സത്യത്തില്‍ അത് പാടുള്ളതല്ല എന്നറിയാമെങ്കിലും എന്‍റെയുള്ളിലെ സഹസംവിധായകന്‍ മുന്നോട്ടു നിന്നത് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. വിനോദും സുരേഷും അത് വന്ന് പറയുകയും ചെയ്തു. അഭിനയിക്കുമ്പോള്‍ കഥാപാത്രവും അതിന്‍റെ മൂഡും ശ്രദ്ധിക്ക് എന്നവരെന്നെ വഴക്ക് പറഞ്ഞു. ഗുരുകാരുണ്യമെന്നപോലെ ആ സീന്‍ വൃത്തിയായി ചെയ്ത് തീര്‍ത്തതും സുരേഷ് ഗോപിയേട്ടനും എനിക്ക് കൈതന്നു.
‘‘അപ്പോ ഞാന്‍ വരുന്നതുവരെ ഇവനെ വെച്ച് ചെയ്യ്...’’
ഹരിയാനയിലെ മുഗള്‍ രാജവംശത്തിലെ ചരിത്രസ്മാരകത്തിനു മുന്നില്‍ വെച്ച് പാട്ടിന്‍റെ ചില ഭാഗങ്ങള്‍ എടുക്കാമെന്ന് പറഞ്ഞ് അതികാലത്തേ ഒരുങ്ങിപ്പോകുന്നതിനിടയിലാണ് നേര്‍ത്ത മഞ്ഞുപുകയില്‍ ഒളിഞ്ഞും തെളിഞ്ഞും കാണുന്ന ഒരു കടുകുപാടം രാജീവേട്ടന്‍ കണ്ടത്. രാജീവേട്ടന്‍ കാര്‍ നിര്‍ത്തി പാടത്തേക്കിറങ്ങി. മഞ്ഞപ്പൂക്കള്‍ നിറഞ്ഞ വിശാലമായ കടുകുപാടം. ഏക്കറുകണക്കിനു ഭൂമിക്കരികില്‍ ഞങ്ങളുടെ യൂനിറ്റ് മാത്രം. സാലു ചേട്ടനോട് കാമറയിറക്കാന്‍ പറയുന്നു. എന്നെയും പ്രിയയെയും മഞ്ഞപ്പൂക്കളുടെയിടയിലേക്ക് ഇറക്കി വിടുന്നു. മഞ്ഞ ഷാളും മഞ്ഞ ചുരിദാറും ധരിച്ച മാനസിയും വെള്ളയില്‍ മഞ്ഞ ലൈനുള്ള ജാക്കറ്റ് ധരിച്ച നാഥുറാമും.
ആ പശ്ചാത്തലത്തിനിണങ്ങുന്ന വേഷം, അത് യാദൃച്ഛികമായിരുന്നു. റൂമില്‍നിന്നിറങ്ങുമ്പോഴേ കോസ്റ്റ്യൂം തന്നിരുന്നു. നരച്ച നിറമുള്ള കരിങ്കല്‍ കോട്ടയില്‍ മഞ്ഞനിറം നല്ലത് എന്നുപറഞ്ഞു തന്നതാണ്. അത് കടുകുപാടത്തില്‍ കടുകു പൂക്കള്‍ക്കിടയില്‍ മനോഹരമായി എന്ന് ആ പാട്ട് ഇന്നു കാണുമ്പോഴുമറിയാം. ഞാനും പ്രിയയും രണ്ടുഭാഗത്ത് നിന്നും ഓടിയടുക്കുന്നു, നാണത്താല്‍ കൂമ്പിയ അവളുടെ മുഖം പിടിച്ചുയര്‍ത്തുന്നു. അവളുടെ ചുണ്ടില്‍ ചുംബിക്കുന്നു. ഷോട്ട്സ് എല്ലാം ഒാകെ.
ആ സമയമാണ് ദൂരെ ഒരു ഭാഗത്തുനിന്ന് ഒരുകൂട്ടം ആളുകള്‍ കൈയിൽ വടിയൊക്കെ പിടിച്ചോടിവരുന്നത്. പൂത്തുനിൽക്കുന്ന കടുകുപാടത്തിലൂടെ ഞങ്ങള്‍ ഓടിയപ്പോള്‍ പൂക്കള്‍ കൊഴിഞ്ഞിട്ടുണ്ടാവും. അതൊരുപാട് നഷ്ടം വരുത്തുമെന്ന് പറഞ്ഞ് അവര്‍ വഴക്കിട്ടു. ഞങ്ങളെയെല്ലാം വണ്ടിയില്‍ കയറ്റിവിട്ട് കല്ലിയൂരും ഗോപനും കൂടി അത് സെറ്റിൽ ചെയ്തു തിരിച്ചെത്തി. ഗോപനെ ഞങ്ങള്‍ക്ക് ഡല്‍ഹിയില്‍നിന്നും കിട്ടിയതാണ്. കുറേ കാലമായി രമേഷ് ചെന്നിത്തലയോടൊപ്പം അദ്ദേഹത്തിന്‍റെ ഓഫിസില്‍ ജോലിചെയ്യുകയായിരുന്നു. അവിടെനിന്നും കല്ലിയൂര്‍ ശശിയേട്ടന്‍ കൂടെക്കൂട്ടിയതാണ്.
നല്ലതുപോലെ ലോക്കല്‍ ഹിന്ദി അറിയുന്നവന്‍. ഡല്‍ഹിയിലെ വഴികള്‍ പരിചിതനായവന്‍. യൂനിറ്റിനും മറ്റും വഴി പറഞ്ഞുകൊടുത്ത് ലൊക്കേഷനിലെത്തിക്കുവാന്‍ കെൽപുള്ളവന്‍. ഷൂട്ട് കഴിഞ്ഞതിനുശേഷം ഗോപന്‍ ഡെല്ലി ഗോപന്‍ ആയി സുരേഷേട്ടന്‍റെ ഓഫിസില്‍ പിന്നീട് ചേർന്നു. ഇന്നും, ഗോപന്‍ മലയാള സിനിമയുടെ ഭാഗമായി സജീവമായി നിൽക്കുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ജന്‍പഥിലെ കൊണാട്ട് പ്ലേസിന്‍റെയും ഡല്‍ഹിയിലെ പല കെട്ടിടങ്ങളുടെയും വാസ്തുശിൽപിയായ റോബര്‍ട്ട് ടോര്‍ റസ്സല്‍ രൂപകൽപന ചെയ്ത തീന്മൂർത്തി ഭവന്‍ ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ് റുവിന്‍റെ ഔദ്യോഗിക വസതിയായിരുന്നു. 16 വര്‍ഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായി രാജ്യസേവനം നടത്തി മരണംവരെ അദ്ദേഹം അവിടെ താമസിക്കുകയുംചെയ്തിരുന്നു. ഒരുപാട് ചരിത്രപ്രാധാന്യമുള്ള ആ കെട്ടിടത്തിലും ‘‘പോരു നീ വാരിളം ചന്ദ്രലേഖേ...’’ പാട്ടിന്‍റെ വരികള്‍ ഫിലിമിലാക്കിയിരുന്നു. മാനസിയുടെ നൃത്തത്തിനൊപ്പം നാഥുറം നടന്നുനീങ്ങുന്ന ഷോട്ട്സും പച്ച പരവതാനി വിരിച്ചതുപോലെയുള്ള പുല്‍മൈതാനത്തിലുമായി ഒരുപാട് വരികള്‍ അവിടെ എടുത്തിരുന്നു. മഞ്ഞില്‍ ആ നിറമൊക്കെ അസാധാരണമായ ഒരു ദൃശ്യഭംഗിയേകിയിരുന്നു.
പൊതുവെ സിനിമാക്കാര്‍ക്ക് ആരെങ്കിലും ഷൂട്ട് ചെയ്യാന്‍ അനുവാദം കൊടുത്താല്‍ അത് നശിപ്പിച്ചിട്ടെ തിരിച്ചുകൊടുക്കൂ എന്നൊരു ചീത്തപ്പേരുണ്ട്. സ്വന്തം വീട് ഷൂട്ടിനു കൊടുത്തപ്പോള്‍ ഞാനും അതനുഭവിച്ചതാണ്. അന്നത്തെ കാലത്ത് പലപ്പോഴും അത് സര്‍വസാധാരണമായിരുന്നു. അന്നൊക്കെ ചിലപ്പോള്‍ ഒരു രൂപ പോലും വാങ്ങിക്കാതെ ഫ്രീ ആയിട്ട് ഇടങ്ങള്‍ കിട്ടുമായിരുന്നു. പിന്നെയിന്നിപ്പോള്‍ കൃത്യമായ വാടക വാങ്ങിച്ചുമാത്രം ലൊക്കേഷന്‍ കൊടുക്കുകയുള്ളൂ എന്ന് തീരുമാനിക്കുന്നവരാണ് പല വീടുകളും കെട്ടിടങ്ങളും. എന്തെങ്കിലും നഷ്ടം വരുത്തിയാല്‍ ഭീമമായ നഷ്ടപരിഹാരം വാങ്ങിച്ചു മാത്രമേ യൂനിറ്റിനെ വിടാറുമുള്ളൂ. അന്നൊക്കെ സ്നേഹവും ആരാധനയുമായിരുന്നു സിനിമയോടും സിനിമാ പ്രവര്‍ത്തകരോടും. ഒരു പരിധിവരെ അത് സ്വയം നഷ്ടപ്പെടുത്തിയതായിരുന്നു. തീന്‍മൂര്‍ത്തി ഭവനിലും നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നിരുന്നു.
ആഗ്രയിലെ താജ്മഹലിലേക്ക് ഷൂട്ടിന് പോകുമ്പോള്‍ പെര്‍മിഷന്‍റെ കാര്യത്തില്‍ ഒട്ടൊരാശങ്കയുണ്ടായിരുന്നു. എങ്കിലും ആ സ്ഥലവും അവിടെയുള്ളവരെ പരിചയമുള്ള ചിലര്‍ ഒപ്പമുണ്ടായിരുന്നതുകൊണ്ടും പ്രശ്നങ്ങളില്ലാതെ അനുവാദം കിട്ടുമെന്നും വളരെ ഭംഗിയായി താജിന്‍റെ ബാക് ഡ്രോപ്പില്‍ പാട്ട് ചിത്രീകരിക്കാമെന്നും ഒരു വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. പണിക്കേര്‍സ് ട്രാവല്‍സിന്‍റെ ഒരു ബസിലായിരുന്നു ഡല്‍ഹിയില്‍നിന്നും ആഗ്രയിലേക്ക് എല്ലാവരും ചേര്‍ന്ന് പോയത്. സിനിമയുടെ മുഴുവന്‍ ആള്‍ക്കാരും ആ ബസില്‍ കയറി ഒമ്പതു മണിയായപ്പോഴേക്കും ആഗ്രയിലെത്തി. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയില്‍ പെര്‍മിഷന്‍ റെഡിയാവുമെന്ന് കരുതിയെങ്കിലും അനുവാദം കിട്ടാന്‍ സാധ്യതയില്ല എന്ന് മനസ്സിലായി.
രാജീവേട്ടന്‍റെ മനസ്സിന്‍റെ ധൈര്യമായിരുന്നു താജിന്‍റെ പിന്നിലെ യമുനയുടെ മറുകര, അവിടെയെത്താനുള്ള വഴിയായിരുന്നു അദ്ദേഹം തേടിയത്. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ച് അങ്ങനെയൊരു വഴിയില്ലാത്ത ഇടത്തുകൂടി ഒരു വഴി കണ്ടെത്തുകയും ഞങ്ങള്‍ ഒത്തുചേരുകയും ചെയ്തു. യമുനയില്‍ തെളിയുന്ന താജിന്‍റെ പ്രതിബിംബം ഞങ്ങള്‍ കണ്ടു. താജിനു മുന്നില്‍ നിന്നെടുക്കുന്നതിനേക്കാള്‍ അടുത്തായി താജ് ഞങ്ങള്‍ക്കരികില്‍ കാണാനായി. ആ ഭാഗത്ത് പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ‘ഇരുവര്‍’ സിനിമയില്‍ മോഹന്‍ലാലും ഐശ്വര്യറായിയും ചേർന്നുള്ള ‘‘വെണ്ണിലാ വെണ്ണിലാ വെണ്ണിലാവേ...’’ എന്ന പാട്ട് സെറ്റിട്ട് എടുത്തത് സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞു. ഞങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ യമുനയില്‍ അത്രയധികം വെള്ളമുണ്ടായിരുന്നില്ല.
എങ്കിലും താജിന്‍റെ റിഫ്ലക്ഷനൊക്കെ കിട്ടുന്നതിന് ഉതകിയിരുന്നു. എന്നാല്‍ മണിരത്നം സാറിന്‍റെ ‘ഇരുവര്‍’ ചെയ്യുമ്പോള്‍ നിറഞ്ഞ യമുനയില്‍ വലിയ തോണിയൊക്കെയിട്ട് അവര്‍ ആ പാട്ട് ചിത്രീകരിച്ചു. ഞങ്ങള്‍ ഷൂട്ട് ചെയ്ത പല ഭാഗവും വീണ്ടും കണ്ടപ്പോള്‍ ഉള്ളിലാഹ്ലാദം തോന്നി. ഷൂട്ട് ചെയ്തുപോയ വഴികളിലൂടെ വീണ്ടും പോകുമ്പോഴും അതിനന്നത്തേതിനേക്കാള്‍ മാറ്റമുണ്ടായി കാണുന്നതും ഒരുപാടോര്‍മകള്‍ മുന്നില്‍ നിറക്കും. വര്‍ഷങ്ങള്‍ക്കുശേഷം താജിലെത്തിയപ്പോള്‍ മറുകരയില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്ത സ്ഥലം മണ്ണൊക്കെയിട്ട് ഒരു ഗാലറി പോലെ ഒരുക്കിയിരിക്കുന്നത് കണ്ടു. ആ സ്ഥലത്ത് നദി കവിഞ്ഞൊഴുകാത്ത കാലത്ത് കൾചറല്‍ പ്രോഗ്രാം ഒക്കെ നടത്താറുെണ്ടന്ന് എന്നോടൊപ്പമുണ്ടായിരുന്ന ഡല്‍ഹിക്കാര്‍ പറഞ്ഞു. ഓരോ സ്ഥലവും എത്രപെട്ടെന്നാണ് വേറെയൊരിടമായി മാറുന്നത്.
ശാരദാമ്മയും സുരേഷ് ഗോപിയും വന്നുകഴിഞ്ഞ് ഞാന്‍ കൂടിയുള്ള ബാക്കി സീനുകളെടുത്ത് ജനുവരി പകുതിയായപ്പോഴേക്കും പാക്കപ്പ് ചെയ്യാന്‍ തീരുമാനിച്ചു. ക്ലൈമാക്സ്, ധാരാളം കുതിരകളും ആള്‍ക്കൂട്ടവുമൊക്കെയുള്ള ഒരിടത്ത്, കുറച്ച് വലിയ കാന്‍വാസില്‍ ചിത്രീകരിക്കാം എന്നുറപ്പിച്ചു. ക്ലൈമാക്സിന്‍റെ രീതിയും അതൊന്ന് വേറിട്ടതുമാകണമെന്നുള്ളതുകൊണ്ട് ആ പോര്‍ഷന്‍സൊക്കെ മദ്രാസില്‍ ഒരു ലൊക്കേഷന്‍ കണ്ടെത്തി ചെയ്യാമെന്ന് തീര്‍പ്പാക്കി. നാട്ടിലേക്ക് പോകുന്നതിനു മുമ്പേ വീട്ടിലേക്ക് കൊണ്ടുപോകാനായി എന്തെങ്കിലുമൊക്കെ വാങ്ങാമെന്ന് കരുതി ഷൂട്ട് നിര്‍ത്തിയതിന്‍റെ പിറ്റേദിവസം രാവിലെ തന്നെയിറങ്ങി. പഴയ ഡല്‍ഹിയിലെ ചാന്ദ്നി ചൗക്ക് വീട്ടിലേക്ക് വേണ്ട സകലതും കിട്ടുന്ന ഒരു മാര്‍ക്കറ്റാണ്.
വളഞ്ഞതും പുളഞ്ഞതും ഇടുങ്ങിയതുമായ ആ മാര്‍ക്കറ്റില്‍ സാധനങ്ങളന്വേഷിച്ച് സഞ്ചരിക്കുന്നത് സാഹസികമായ ഒരു കൃത്യംതന്നെയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ വഴിതെറ്റാതെ വേണ്ട വസ്തുക്കള്‍ കണ്ടെത്തി അതും പിടിച്ചുകൊണ്ടുള്ള സഞ്ചാരം. തുണിത്തരങ്ങളും സ്റ്റീലിന്‍റെ മടക്ക് കസേരകളും വിലപേശിയുറപ്പിച്ച് വാങ്ങിയ വെള്ളിയാഭരണങ്ങളും തിബത്തന്‍ മാര്‍ക്കറ്റില്‍നിന്ന് തുകല്‍ നിര്‍മിതമായ ഹാൻഡ് മെയ്ഡ് ഷൂസും ചെരിപ്പുകളും സരോജിനി നഗര്‍ മാര്‍ക്കറ്റില്‍നിന്നും നിസ്സാരമായ കേടുപാടുകള്‍ പറ്റിയ ബ്രാന്‍റഡ് ഡിസൈനര്‍ വസ്ത്രങ്ങളുമൊക്കെ വാങ്ങിക്കൂട്ടി റൂമിലെത്തിയപ്പോഴേക്കും രാത്രിയായിരുന്നു.
പിറ്റേന്ന് പകലില്‍ സാലു ചേട്ടന്‍റെ അസോസിയേറ്റ് കാമറാമാനായ ഇസ്മയില്‍ ഹസനും ആര്‍ട്ട് ഡയറക്ടര്‍ ബോബന്‍റെ അസിസ്റ്റന്‍റായ ശ്രീകുമാറിനൊപ്പം തിരുവനന്തപുരത്തേക്ക് കേരള എക്സ്പ്രസ് എസ് -3 കോച്ചില്‍ കയറി. ശബരിമല-മകരവിളക്ക് സീസണാണ്. അതുകൊണ്ടുതന്നെ ട്രെയിനില്‍ അസാധാരണമായ തിരക്കുണ്ട്. കമ്പാർട്മെന്റില്‍ നിറയെ അയ്യപ്പഭക്ത ശരണംവിളികള്‍. എസ്- ത്രീയില്‍ മുകളിലായിരുന്നു എന്‍റെ ബര്‍ത്ത്. തൊട്ടുതാഴെ വിജയകുമാര്‍ എന്നൊരു പട്ടാളക്കാരന്‍. എനിക്കെതിരെ ഇസ്മയില്‍ ഹസനും അയാള്‍ക്ക് താഴെ ഡല്‍ഹിയിലെ ഒരാശുപത്രിയില്‍ ജോലി ചെയ്യുന്ന എല്‍സമ്മ എന്നൊരു മധ്യവയസ്കയും. വിജയകുമാര്‍ അനാരോഗ്യം നിമിത്തം ശ്രീനഗറിലെ പട്ടാളക്യാമ്പില്‍നിന്നും ജോലി മതിയാക്കി തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ വീട്ടിലേക്ക് മടങ്ങുകയാണ്. എല്‍സമ്മയും ഡല്‍ഹിവാസം അവസാനിപ്പിച്ച് നാട്ടില്‍ ഒരു ജോലി ശരിയാക്കി തിരിച്ചുവരുന്നു. ശ്രീകുമാറിന്‍റെ ബര്‍ത്ത് മറ്റൊരു കമ്പാർട്മെന്‍റിലായിരുന്നു.
ഞാന്‍ വാങ്ങിയ ഫോള്‍ഡിങ് ചെയര്‍ പാക്ക് ചെയ്ത് ശ്രീകുമാര്‍ അയാള്‍ വാങ്ങിയ ചില സാമാനങ്ങളുടെ കൂട്ടത്തിലാക്കിയിരുന്നു. അതുകൊണ്ട് എനിക്ക് ചുമക്കുവാനായി രണ്ട് സ്യൂട്ട് കേസുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അത് ഞാന്‍ വിജയകുമാറിന്‍റെ ബാഗിന്‍റെയിടയില്‍ സ്ഥലമുണ്ടാക്കി കയറ്റിവെച്ചു. അതൊതുക്കിവെക്കാന്‍ വിജയകുമാര്‍ എന്നെ സഹായിക്കുകയുംചെയ്തു. സത്യത്തില്‍ ഒരു പരോപകാരിയായിരുന്നു അയാള്‍. അങ്ങനെ ചില മനുഷ്യരുണ്ടാവാറുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി അത്യധ്വാനം ചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നവര്‍.
ആ കമ്പാർട്മെന്റിലുള്ളവര്‍ക്ക് മുഴുവനും വെള്ളവും ഭക്ഷണവുമൊക്കെ സമയാസമയങ്ങളില്‍ എന്താണ് വേണ്ടതെന്നന്വേഷിച്ച് അത് കിട്ടുന്ന സ്ഥലങ്ങള്‍ പറഞ്ഞ് ചിലപ്പോള്‍ അതൊക്കെ വാങ്ങിക്കൊടുത്ത്, കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങളും മിഠായിയുമൊക്കെ സംഘടിപ്പിച്ച് ഒരു സമ്പൂര്‍ണ മനുഷ്യനായി അയാള്‍ ആ കമ്പാർട്മെന്‍റില്‍ നിറഞ്ഞുനിന്നു. തീവണ്ടി ചില ജീവിതയാത്രകളും ചിന്തകളുമൊക്കെ പഠിപ്പിച്ചുതരും. അപ്പോള്‍ ഉപയോഗമില്ലെങ്കിലും പിന്നീടെപ്പോഴെങ്കിലും ഒരു സ്വകാര്യ ഓര്‍മയായി ഉപകരിക്കുന്ന ചിന്തകള്‍. അല്ലെങ്കില്‍ എന്തെങ്കിലും കാര്യസാധ്യതക്കായി കണ്ടുമുട്ടുന്ന ബന്ധങ്ങള്‍. ചിലര്‍ക്ക് തീവണ്ടി ജീവിതവും ജീവിതത്തിന്‍റെ ആരംഭവുംതന്നെയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.