ഡൽഹി നഗരത്തിലും പരിസരങ്ങളിലുമായി ചിത്രീകരിച്ച ‘കാശ്മീരം’ സിനിമയുടെ വിശേഷങ്ങൾ പറയുന്നു. ചിത്രീകരണത്തിനിടെയുണ്ടായ ചില അനിശ്ചിതത്വങ്ങളും അതിനെ മറികടന്നതും വിശദമാക്കുന്നു.
കേരള ഹൗസ് ആയിരുന്നു സിനിമയില്‍ തീവ്രവാദികളുടെ ക്യാമ്പ് ആയി ഷൂട്ട് ചെയ്തത്. അന്നത് ശരിക്കും കാട് പിടിച്ചുകിടക്കുന്ന ഒരിടമായിരുന്നു. ബോബന് ആയിരുന്നു ഞങ്ങളുടെ ആര്‍ട്ട് ഡയറക്ടർ. അയാള്‍ ആളുകളെയും ടെന്റും ഒട്ടകങ്ങളും കുതിരകളുമൊക്കെ കൊണ്ടുവന്ന് നിറച്ച് ശരിക്കും തിരക്കേറിയ ഒരു സ്ഥലമാക്കി മാറ്റുകയും അതിലൊരിടത്ത് ഒരൊളിവ് സങ്കേതമൊരുക്കുകയുംചെയ്തു. അബ്ബാസ് ഖുറേഷിയും സംഘവും താമസിക്കുന്നയിടവും പ്രിയാരാമനെ തട്ടിക്കൊണ്ടുവന്ന് താമസിപ്പിക്കുന്ന സ്ഥലവും ‘‘മസ്തികിയെ രാത് സുഹാനി’’ എന്ന ഗാനവും അവിടെയാണ് ചിത്രീകരിച്ചത്.
സുനില എന്ന ബോംബെയിലുള്ള നടിയായിരുന്നു ആ പാട്ടില്‍ അഭിനയിച്ചത്. പ്രിയദര്ശന് സാറായിരുന്നു ആ പാട്ട് ഷൂട്ട് ചെയ്തത്. സിനിമയില്‍ സുരേഷ് ഗോപി രണ്ട് തീവ്രവാദികളെ ചേസ് ചെയ്യുമ്പോള്‍ അവര്‍ ഓടിയോടി ഒരു സ്കൂള്‍ ബസില്‍ കയറുന്നതും അവരെ വെടിവെച്ചിടുന്നതുമായ സീക്വന്‍സും പ്രിയദര്‍ശനായിരുന്നു സംവിധാനംചെയ്തത്. ആ സീക്വന്‍സിന്റെ കാമറമാന്‍ കെ.വി. ആനന്ദ് ആയിരുന്നു. ‘തേന്മാവിന് കൊമ്പത്ത്’ ചെയ്യുന്നതിന് മുന്നൊരുക്കമായിരുന്നു അത്. ‘തേന്മാവിന് കൊമ്പത്ത്’ എന്ന ചിത്രത്തിന് അദ്ദേഹത്തിന് സിനിമാറ്റോഗ്രഫിക് നാഷനല്‍ അവാര്‍ഡും കിട്ടിയിരുന്നു. പിന്നീട് ശങ്കറിന്റെ മുതല്വന്, ബോയ്സ്, ശിവാജി തുടങ്ങി എത്രയോ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണ സംവിധായകനാവുകയും കനാകണ്ടേന്‍, കോ, അയന്, മാട്രാന്, അനേഗന്‍, കാപ്പന് എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്യുകയും ചെയ്ത് അമ്പത്തിനാലാമത്തെ വയസ്സില്‍ 2021ല്‍ ഹൃദയാഘാതംമൂലം മറഞ്ഞുപോയി. പക്ഷേ, ചെയ്ത സിനിമകളും അദ്ദേഹത്തിന്റെ മനസ്സും ഇന്നും അയാളെ അറിയുന്നവരുടെയും പ്രേക്ഷകരുടെയും ഉള്ളിലുണ്ട്.
സാലു ജോര്‍ജ് ആയിരുന്നു ‘കാശ്മീര’ത്തിന്റെ ഛായാഗ്രാഹകന്‍. ‘തനിയാവര്‍ത്തനം’, ‘പാദമുദ്ര’, ‘ചമ്പക്കുളം തച്ചന്’, ‘ഉള്ളടക്കം’, ‘വിഷ്ണുലോകം’ പോലെയുള്ള സിനിമകള്‍ ചെയ്തിട്ട് അദ്ദേഹം വന്നത് ‘കാശ്മീര’ത്തിനായിരുന്നു. മലയാള സിനിമയിലേക്ക് എന്റെ മുഖം കാണിച്ചത് സാലു ചേട്ടനായിരുന്നു. അത് കഴിഞ്ഞ് ഞാന്‍ ‘മാന്ത്രികം’ എന്ന സിനിമ ചെയ്യുമ്പോഴും സാലു ചേട്ടന്റെ കൂടെയായിരുന്നു.
അന്ന് പി.വി. നരസിംഹ റാവു സര്‍ക്കാറിലെ ആസൂത്രണത്തിന്റെയും പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വകുപ്പിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ഗിരിധര്‍ ഗമാംഗിന്റെ ഡല്‍ഹിയിലുള്ള വീടിന്റെ ഔട്ട് ഹൗസായിരുന്നു കഥയില്‍ ഹോം സെക്രട്ടറി രാജഗോപാല്‍ വർമയുടെ റെസിഡന്‍സ്. എസ്. കൃഷ്ണകുമാര്‍ സാറിന്റെ അയൽപക്കമായിരുന്നു ആ വീട്. അവിടെയായിരുന്നു ഞങ്ങള്‍ ഷൂട്ട് തുടങ്ങിയത്. ആദ്യദിവസം ലാലു അലക്സും സുരേഷ് ഗോപിയുമുള്ള ഒരു സീനായിരുന്നു ഷൂട്ട് ചെയ്തത്. പ്രിയയും സുചിത്രയും പുറത്തുപോകാന്‍ അനുവാദം ചോദിക്കുന്നതും അതിനു മനസ്സില്ലാമനസ്സോടെ ലാലു അലക്സേട്ടന് അനുവാദം കൊടുക്കുന്നതുമായ ഒരു സീന്‍. വളരെ ഇമോഷനല്‍ ആയൊരു സന്ദര്‍ഭം. പ്രിയയുടെ സഹോദരനായ കൃഷ്ണകുമാറിന്റെ കഥാപാത്രം ഒരു ബോംബ് ബ്ലാസ്റ്റില്‍ കൊല്ലപ്പെട്ട വാര്‍ത്ത അറിഞ്ഞതിനുശേഷമുള്ള ഒരു സീനായിരുന്നു അത്.
ഷൂട്ട് തുടങ്ങിയപ്പോഴേ ലാലു അലക്സേട്ടന് വല്ലാതെ ടെന്‍ഷനായി. എന്തിനാണെന്നറിയാത്ത ഒരു വേവലാതി എന്ന് എന്റെ കൈ പിടിച്ച് പറഞ്ഞു. ചെയ്യുന്നതിനൊന്നും അദ്ദേഹത്തിനു ഒരു തൃപ്തി വരാത്തതുപോലെ. വീണ്ടും വീണ്ടും അതാവര്‍ത്തിച്ചുകൊണ്ടിരുന്നു. റീടേക്കുകളുടെ എണ്ണംകൂടിയൊരു ഘട്ടം കഴിഞ്ഞപ്പോള്‍ ലാലു അലക്സേട്ടന് ശരിക്കും നെര്‍വസായി രാജീവേട്ടനെ അകത്തെ മുറിയിലേക്ക് വിളിച്ചു. എന്റെ തോളില്‍ പിടിച്ചാണ് നടന്നത്. വാതിലിനു മുന്നില്‍ എത്തിയതും രാജീവേട്ടന്റെ കൈ പിടിച്ച് പറഞ്ഞു, ‘‘രാജീവേ ഞാനിത്തിരി നേരം ഒന്നിരിക്കട്ടെ, ഒരു ഫൈവ് മിനിറ്റ്...’’
രാജീവേട്ടന് എന്നെ നോക്കിയിട്ട് നടന്നു. അകത്ത് കയറി വാതില്‍ അടച്ചതും എന്നോട് പറഞ്ഞു, ‘‘മോനേ ആ സീനൊന്ന് വായിച്ചേ...’’ ഞാന്‍ സീന്‍ വായിച്ചു. അന്നേരം മുഴുവനും ലാലു ചേട്ടന് കണ്ണടച്ചിരിക്കുകയായിരുന്നു. പിന്നെ പെട്ടെന്നെഴുന്നേറ്റു. ഒന്നും പറയാതെ മുകളിലേക്ക് നോക്കിനിന്നു.
‘‘എന്താ ലാലു ചേട്ടാ... എന്തിനാ ഇങ്ങനെ ടെന്‍ഷനാവുന്നത്..? എത്ര സിനിമകളിലഭിനയിച്ച ആളാ... എന്നിട്ടാ ഇപ്പോ... ഇതിലും വലിയ എത്രയോ സീനുകള്‍... അതെല്ലാം ഗംഭീരമാക്കിയ ആളല്ലെ... എന്നിട്ടാണോ ഈ ഒരു ചെറിയ സീന്‍...’’
ഞാന്‍ പറയുന്നതൊക്കെ പുള്ളി കേൾക്കുന്നുണ്ടാവും. പക്ഷേ തല മുകളിലേക്കുയര്‍ത്തി കണ്ണടച്ച് പിടിച്ചിരിക്കുന്നു. പെട്ടെന്ന് കണ്ണ് തുറന്ന് എന്നോട് പറഞ്ഞു.
‘‘മോനേ ഒന്ന് പുറത്ത് നിക്ക്. അച്ചായനൊന്ന് പ്രാര്ഥിച്ചോട്ടേ... കര്‍ത്താവെല്ലാം ശരിയാക്കും...’’
ഞാന്‍ വാതിലടക്കുമ്പോള്‍ സത്യമായും ലാലുച്ചായന് കര്‍ത്താവിനെ വിളിക്കുന്നത് ഞാന്‍ കേട്ടു. ചിലതങ്ങനെയാണ്. ഒരു ധൈര്യം, ഒരാശ്വാസം, ഒരു കൈത്താങ്ങ്. നമ്മള് ചെയ്യുന്നതിന് ഒരാത്മവിശ്വാസമില്ലാതെയാവുമ്പോള് പ്രാര്‍ഥനകള്‍ ഫലം തരും. അതൊരു വിശ്വാസമാണ്. പ്രാര്‍ഥന കഴിഞ്ഞു പുറത്തിറങ്ങിയ ലാലുച്ചായന് ശരിക്കും കോണ്‍ഫിഡന്റ് ആയിരുന്നു. പിന്നീടുള്ള ഓരോ ദിവസവും പുതുമയുള്ള തെളിച്ചമുള്ള ഒരു ലാലുച്ചായനായിരുന്നു ഞങ്ങള്‍ക്ക് മുന്നില്‍ നിറഞ്ഞത്.
സിനിമയിലെ തീവ്രവാദികളുടെ താമസസ്ഥലവും ഒളിയിടവുമൊക്കെ സെറ്റ് ആയി വന്നപ്പോള്‍ തേജ് സപ്രു എത്തി. കഥയില്‍ ഒരുപാട് സീനുകളില്‍ ഹിന്ദിഭാഷ ഉപയോഗിക്കുന്നുണ്ട്. സ്വാഭാവികമായും മലയാളത്തില്‍ എഴുതിയത് അതുപോലെ വിവര്ത്തനംചെയ്താല് ചിലപ്പോഴത് സാഹിത്യഭാഷയാവും. അതുകൊണ്ടുതന്നെ ആളുകള്‍ വളരെ നാച്ചുറലായി പറയുന്ന സംസാരഭാഷ തന്നെയാവണം എന്നു തീരുമാനിച്ചു. കൂടെയുള്ളവര്‍ പലര്‍ക്കും ഹിന്ദിഭാഷ അറിയാമെങ്കിലും സിനിമയിലെ സംഭാഷണം മാറ്റുമ്പോള്‍ അത് ശരിയാവുന്നില്ല എന്ന് പിന്നീടത് വായിച്ചുകേട്ട പലരും പറഞ്ഞു. ശരിക്കും പ്രാദേശിക ഭാഷയുടെ സ്വഭാവവും രീതിയുമറിയുന്ന ഒരാളെ കണ്ടെത്താം എന്ന് കരുതി ഞങ്ങള്‍ അറിയുന്നവരോടൊക്കെ പറഞ്ഞു. പലരും വന്നെങ്കിലും ഒന്നും തൃപ്തികരമായിരുന്നില്ല.
അങ്ങനെയാണ് സീനുകളില്‍ ഹിന്ദി വാചകങ്ങള്‍ ട്രാൻസ് ലേറ്റ് ചെയ്യാന്‍ ഞാന്‍ തേജ് സപ്രു സാബിന്റെ സഹായം തേടിയത്. നാടകനടനും ധാരാളം ഇടങ്ങളിലൂടെ ഭാരതം മുഴുവനും സഞ്ചരിച്ചയാളും എന്ന രീതിയില്‍ തുടക്കത്തിലേ സീനുകള്‍ കൊണ്ടുപോയി കാണിച്ചപ്പോഴേ അദ്ദേഹം സംഭാഷണം പറയേണ്ട രീതിയും വാചകങ്ങളും ആ നാട്ടില്‍ പറയുന്നതുപോലെയാക്കിത്തന്നു. പിന്നീട് തേജ്സാബ് ഇല്ലാത്ത സീനുകളുടെയും വിവര്‍ത്തനം അദ്ദേഹം നടത്തി. ആ കഥാപാത്രങ്ങളുടെ വിവരവും വിദ്യാഭ്യാസ യോഗ്യതയും ജീവിത സാഹചര്യങ്ങളുമൊക്കെ ശ്രദ്ധിച്ച് ചോദിച്ചറിഞ്ഞതിനുശേഷമാണ് ആ കഥാപാത്രങ്ങളുടെ സംസാരഭാഷ എഴുതാന്‍ സഹായിച്ചത്.
ഒരര്‍ഥത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള ദിവസങ്ങളില്‍ ഞാന്‍ ഭാഷ പഠിക്കുക കൂടിയായിരുന്നു. അത്രയും കരുതലും സ്നേഹവും സിനിമയോട് അദ്ദേഹത്തിനുണ്ടായിരുന്നു. മേക്കപ് ചെയ്ത് കോസ്റ്റ്യൂം ധരിച്ച് സീന്‍ പഠിച്ച് മനപ്പാഠമാക്കുമ്പോള്‍ ആരും അദ്ദേഹത്തോട് സംസാരിക്കാന്‍ പോകാറില്ല. ഒരു ബ്ലോട്ടിങ് പേപ്പര്‍പോലെ സീന്‍ മുഴുവനായും ഹൃദിസ്ഥമാക്കുന്ന ഒരു രീതിയായിരുന്നു അത്. നാടകകാലം എന്ന് അദ്ദേഹം ചിരിക്കും. പരിപൂര്‍ണമായ സമര്‍പ്പണമുള്ള കലാകാരന്മാരുടെ കൂട്ടത്തില്‍ ഞാന്‍ ആ മനുഷ്യനെയും ചേര്‍ക്കുന്നു. എന്തുചെയ്യണം, അരുത് എന്ന് പറഞ്ഞുതരുന്ന കലാകാരന്.
രതീഷേട്ടനും ഹിന്ദി സംഭാഷണങ്ങള്‍ വന്നപ്പോള്‍ ഒരൽപം ടെന്‍ഷനായി. അപ്പോഴും ഞങ്ങള്‍ പറഞ്ഞത് ആദ്യ നായകവേഷം പൂര്‍ണമായും കശ്മീരില്‍ െവച്ചായിരുന്നില്ലേ, പിന്നെന്തിനു വേവലാതി എന്നു പറഞ്ഞ് കളിയാക്കിയിരുന്നു.
‘‘ഡാ ആ സിനിമയില്‍ മറ്റുള്ളവര്‍ ഹിന്ദി പറയും... നമ്മളഭിനയിക്കും... ഞാനങ്ങനെ ഹിന്ദിയൊന്നും പറഞ്ഞിട്ടില്ല. അതാ...’’
‘‘നമ്മളീ സിനിമയില്‍ ഹിന്ദി പറയും അഭിനയിക്കും... ഒറപ്പാ...’’
‘‘അഭിനയിക്കും അതുറപ്പ്... പക്ഷേ, ഡബ് ചെയ്യാന്‍ നീ വേറെ ആളെ റെഡിയാക്കേണ്ടിവരും...’’
‘കാശ്മീരം’ സിനിമയുടെ ഓപണിങ് സീന്‍, സുരേഷ് ഗോപിയുടെ ഇൻട്രോ സീന്‍. അത് തുടങ്ങിയത് രതീഷേട്ടന്റെ ഹിന്ദി ഡയലോഗോടെയാണ്. ആ സിനിമയിലെ രതീഷേട്ടന് അഭിനയിച്ചു തീര്‍ത്ത് നേരെ പോയത് ‘കമ്മീഷണര്‍’ എന്ന സിനിമയിലേക്കായിരുന്നു. രണ്ട് സിനിമകളും ഒറ്റയാഴ്ചയുടെ ഗാപ്പിലായിരുന്നു തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയതും ആളുകള്‍ കണ്ട് ഹിറ്റാക്കിയതും. രതീഷേട്ടന്റെ സെക്കൻഡ് ഇന്നിങ്സ് ആരംഭിക്കുകയായിരുന്നു ‘കാശ്മീര’വും ‘കമ്മീഷണറും’.
ഡല്‍ഹിയില്‍ ഡിസംബറിലെ തണുപ്പ് തുടങ്ങി. ആ തണുപ്പിനെ അവഗണിച്ച് തന്നെയായിരുന്നു ഷൂട്ടിങ് നടന്നത്. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മുതല്‍ ഞങ്ങളുടെ ഓരോ യാത്രയിലും ഒരു പുതുമുഖത്തെ ഞങ്ങള്‍ തേടുന്നുണ്ടായിരുന്നു. നാഥുറാം എന്ന് ജീവിച്ചിരിക്കുമ്പോഴും ആഷിഖ് ഖുറേഷി എന്ന് മരണത്തിനുശേഷവും പറയുന്ന കഥാപാത്രം. സുന്ദരനായ ഒരു കശ്മീരി മുഖം. അബ്ബാസ് ഖുറേഷിയുടെ മകന്, മാനസിയുടെ കാമുകന്. ജീവിച്ചിരിക്കുമ്പോള്‍ ഏറ്റവും സ്നേഹമുള്ളവനും മരിച്ചുകഴിഞ്ഞപ്പോള്‍ വില്ലനുമാവുന്ന ഒരാള്‍. ഡല്‍ഹിയിലെ പ്രധാന ഹോട്ടലുകളിലും സമ്പന്നമായ ഇടങ്ങളിലുമൊക്കെ പോവുമ്പോള്‍ ഞങ്ങള്‍ തേടിയതും അങ്ങനെയൊരു മുഖമായിരുന്നു. യാദൃച്ഛികമായാണ് ചാണക്യപുരിയിലെ ഒരു വഴിയോര കഫേയില്‍ വെച്ച് ആ മുഖം ഞങ്ങള്‍ കണ്ടത്. രാജീവേട്ടന് ആ മുഖം ഇഷ്ടമായി. സാജന് അയാളോട് അന്വേഷിക്കാന്‍ പറഞ്ഞു.
നാസര്‍ അഹ്മദ് ലത്തീഫ്. പഹല്‍ഗാം സ്വദേശി. നഗരത്തില്‍ കാർപറ്റ് മര്‍ച്ചന്റ്. പാരമ്പര്യമായി കശ്മീര്‍ കാർപറ്റ് കച്ചവടക്കാര്‍. സ്ക്വയര്‍ മീറ്റര്‍ കണക്കാക്കി കച്ചവടം ചെയ്യുന്ന അന്യദേശങ്ങളിലേക്ക് കാർപറ്റുകള് കയറ്റി അയക്കുന്ന ഒരു വലിയ കുടുംബത്തിലെ കണ്ണി. കാണാന്‍ അതിസുന്ദരന്‍. ആറടിയോളം പൊക്കം. ഒത്ത ശരീരം. ഞങ്ങള്‍ ഉറപ്പിച്ചു, ഈ സിനിമയിലെ നാഥുറാം അഥവാ ആഷിഖ് ഖുറേഷി നമ്മള്‍ക്ക് മുന്നിലിരിക്കുന്ന ഈ ചെറുപ്പക്കാരന്‍തന്നെ.
പിറ്റേദിവസം അവന് ഒരു വലിയ പെട്ടിയുമായി ഞങ്ങളെ കാണാന്‍ വന്നു. അത് നിറയെ അവന്റെ വസ്ത്രങ്ങളായിരുന്നു. ആദ്യകാഴ്ചയില്‍ ഞങ്ങള്‍ കണ്ടപ്പോള്‍ അവനിട്ടിരുന്ന കുപ്പായമൊക്കെ ഒടുക്കത്തെ ഭംഗിയുള്ളതായിരുന്നു. ഒരിക്കലും ഈ നഗരത്തില്‍നിന്നും വാങ്ങിയതല്ലാത്ത ഇവിടെ കിട്ടാന്‍ സാധ്യതയില്ലാത്ത വസ്ത്രങ്ങള്‍, ഷര്‍ട്ടും പാന്റ്സും പുള്ളോവറും മാലയും റിങ്സുമൊക്കെ ഒരു ഗംഭീരമാര്‍ന്ന ആഢ്യത്വമുള്ള ലുക്ക്. അതുകൊണ്ടുതന്നെ ഇതൊക്കെ എവിടെനിന്ന് എന്നും ഇതുപോലെയുള്ളത് ഇനിയുമുണ്ടോ എന്നും ചോദിച്ചതിന്റെ പുറത്താണ് അവൻ അതെല്ലാമായി ഞങ്ങളുടെ ഹോട്ടല്മുറിയിലെത്തിയത്.
എല്ലാം വിദേശനിര്‍മിതം. വിന്റര്‍ ജാക്കറ്റിനൊക്കെ വില വെറുതെ ചോദിച്ചപ്പോള്‍ പതിനായിരങ്ങള്‍ക്ക് മീതെ. അതുപോലെ വിലകൂടിയ വസ്ത്രങ്ങളുള്ളത് അനവധി. സിനിമയില്‍ നമ്മള് പാലിക ബസാറില്‍നിന്നും ഡല്‍ഹിയിലെ വസ്ത്ര മാര്‍ക്കറ്റില്‍നിന്നും ഒന്നോ രണ്ടോ സീനുകളില്‍ മാത്രമുപയോഗിച്ച് മാറ്റുന്നതിനൊക്കെ കൂടി വാങ്ങിയതിന്റെ മൂന്നോ നാലോ ഇരട്ടി വിലയുള്ളത് അവന്റെ പെട്ടിയില്‍. ബ്രാന്റഡ് വസ്ത്രങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് ഒക്കെ നമ്മള് ഉപയോഗിക്കും. പക്ഷേ അവന്റെയെല്ലാം ബ്രാന്റഡ് ഒറിജിനല്‍. അതുപോലെ ആക്സസറീസും സ്വര്‍ണവും പ്ലാറ്റിനവും.
‘‘യെ സബ് യൂസ് കര് സക്ത ഹേ, സര്. മുജേ കിത്നെ സീന്‍സ് ഹേ..?’’
‘‘എക് ഗാനാ ഓര് ആട്ട് സെ ദസ് സീന്‍സ്’’
‘‘താങ്ക്സ് സാര്‍... മെം ഗര്‍സെ പെര്മിഷന് ലേ കേ ആത്തേ ഹും... മേരെ അബ്ബാജാന് മാന്‍ ജായേംഗെ. വൊ എക് അച്ഛെ ബിസിനസ് മാന്‍ ഹെ...’’
‘‘പപ്പ നെഹി മാനേങ്കെ ക്യാ..?’’
ഞങ്ങളൊന്ന് പരസ്പരം മുഖത്തോട് മുഖം നോക്കി. ഇത്രയും പെര്‍ഫക്റ്റ് ആയി കിട്ടിയ ഒരാള്‍ വീട്ടില്‍നിന്നു സമ്മതം കിട്ടിയില്ലെങ്കില്‍ അന്വേഷണം വീണ്ടും തുടരണമല്ലോയെന്ന് ഒന്ന് സന്ദേഹിച്ചു. അതവനു മനസ്സിലായി.
‘‘സര് സരൂര് മാന്‍ ജായേങ്കേ. വൊ അച്ഛെ സെ ഗാത്തേ ഹേ... മേരി സിസ്റ്റേര്‍സ് ഭി... ഇസ് ലിയേ വൊ പെര്മിഷന് ദെ ദേങ്കേ... മെ അഭി ഫോണ്‍ കര്‍കേ പൂഛ്താ ഹും...’’
അവന് പുറത്തേക്കിറങ്ങിപ്പോയി.
‘‘മധു ഒന്ന് ചെന്ന് നോക്ക്. കാര്യത്തോടടുക്കുമ്പോ അവര്‍ സമ്മതിച്ചില്ലെങ്കിലോ..? ചെക്കന് ഇഷ്ടണ്ടാവും... പക്ഷേ, അവമ്മാര് വേണ്ടാന്ന് പറഞ്ഞാലോ? ഒന്ന് നോക്കീട്ട് വാ...’’ സാജന് പറഞ്ഞു.
ഹോട്ടലിന്റെ റിസപ്ഷനില്‍ ഒരു എസ്.ടി.ഡി ബൂത്തുണ്ട്. അവന് അതിനകത്തേക്ക് കയറി ഡയല് ചെയ്യുമ്പോള്‍ ഞാന്‍ പുറത്തുണ്ടായിരുന്നു. അവനവന്റെ അപ്പയോടും അമ്മയോടും സഹോദരിമാരോടുമൊക്കെ സംസാരിക്കുന്നത് അവരെ സംബോധന ചെയ്യുന്നതിലൂടെ ഞാനറിഞ്ഞു. ഒരുപാട് സന്തോഷത്തോടെയായിരുന്നു അവന് ഫോണ്‍ വെച്ചത്. പുറത്തിറങ്ങി എന്റെ കൈ പിടിച്ച് അപ്പ സമ്മതിച്ചു എന്ന് ആഹ്ലാദത്തോടെ പറഞ്ഞു. തിരിച്ച് റൂമിലെത്തിയിട്ട് രാജീവേട്ടനോടും സാജനോടുമൊക്കെ കൈപിടിച്ച് അപ്പനും അമ്മയും ചേച്ചിമാരും സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചു എന്ന് പറഞ്ഞ് ദൈവത്തിനു നന്ദി അര്‍പ്പിച്ചു. ഈ പടം കഴിയുമ്പോള്‍ ഹിന്ദിയിലെ സൂപ്പര്‍സ്റ്റാറാവും എന്നാണ് അനിയത്തി പറഞ്ഞത് എന്ന് അത്രമേല്‍ ആനന്ദത്തോടെ അവന് വിളിച്ച് കൂവി. അവന് വീട്ടിലേക്ക് പോവുകയാണെന്ന് യാത്ര പറഞ്ഞിറങ്ങി. ഞങ്ങൾക്കും സമാധാനമായി. ഒരു കഥാപാത്രം ഒാക്കെ ആയല്ലോ.
അവനിറങ്ങിപ്പോയതിനു തൊട്ടടുത്ത നിമിഷം കൂടെയുള്ള സുരേഷ് ഒന്നെഴുന്നേറ്റ് നിന്നു: ‘‘അണ്ണാ ചോദിക്കുന്നതോണ്ട് ഒന്നും തോന്നരുത്... അഭിനയിക്കുമ്പോ അവന് ശരിയായില്ലെങ്കില്‍ നമ്മള് വീണ്ടും ആളെ നോക്കണ്ടേ... ഒരു പകരക്കാരനെക്കൂടി കണ്ട് വയ്ക്കുന്നതല്ലേ നല്ലത്...’’
‘‘ഏയ്... അവന് ശരിയായിക്കോളും... നമ്മക്കവനെ ശരിയാക്കാം...’’ അതൊരാത്മവിശ്വാസമായിരുന്നു.
ഡിസംബര്‍ അവസാനം ശാരദാമ്മയും സുരേഷ് ഗോപിയും നാട്ടില്‍ പോയി തിരിച്ച് ജനുവരി ആദ്യയാഴ്ചയിലേ വരൂ. സുരേഷ് ഗോപിക്ക് ജനുവരി ഒന്നിനു ഡല്‍ഹിയില്‍ ഒരു മീറ്റിങ്ങുണ്ട്. അതു കഴിഞ്ഞ് പോകും. ശാരദാമ്മ മുപ്പതിനും. ചാര്‍ട്ട് അതിനനുസരിച്ച് തീരുമാനിക്കപ്പെട്ടു. നാഥുറാമും മാനസിയും ചേർന്നുള്ള പാട്ടും മാനസിയെ തട്ടിക്കൊണ്ടുപോകുന്ന സീക്വന്‍സും ഒക്കെ തീരുമാനിച്ചു. രണ്ടുപേരും ഇല്ലാതെ വരുന്നത് നാലുദിവസം. ഇതിനിടയില്‍ നാട്ടില്‍ പോയ നാസര്‍ ലതീഫ് ഡിസംബര്‍ 29ന് എത്തി.
‘കാശ്മീരം’ സിനിമയിൽ സുരേഷ് ഗോപി, രതീഷ്, ലാലു അലക്സ്
ഡിസംബര്‍ 31ന് ഡല്‍ഹിയിലെ ഇന്ത്യാഗേറ്റിനു മുന്നില്‍ മാനസിയും മിത്രയും നാഥുറാമിനെ കാണുന്നതും കാറില്‍ കയറ്റുന്നതും അപ്പോള്‍ കമാന്റോ ഓഫിസര്‍ ശ്യാം അവരെ തടയുന്നതുമായ സീന്‍ വൈകുന്നേരത്തെ വെളിച്ചത്തില്‍ എടുക്കാമെന്ന് തീരുമാനിച്ചു. പുതുവര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി നഗരം അലങ്കരിച്ചിട്ടുണ്ട്. അതിനേക്കാള്‍ വലിയ സുരക്ഷാസന്നാഹങ്ങള്‍. റോഡ് നിറയെ പൊലീസുകാര്‍. സെക്യൂരിറ്റി കമാന്റോസ്, പട്ടാളവാഹനങ്ങള്‍ പലതും റോഡിലൂടെ പായുന്നു. അതിനിടയിലാണ് ഷൂട്ടിങ്. പല സമയത്തും ഞങ്ങളുടെ ആള്‍ക്കൂട്ടം കാണുമ്പോള്‍ പൊലീസ് ജീപ്പ് നിര്‍ത്തും. ഞങ്ങള്‍ക്കാണെങ്കില്‍ രണ്ട് ജീപ്പ് പൊലീസുകാര്‍ സെക്യൂരിറ്റിയുണ്ടെങ്കിലും വരുന്ന പട്ടാളക്കാരും കമാൻഡോസും പൊലീസുകാരും വാഹനം നിര്‍ത്തി പെര്മിഷന് ചോദിക്കും.
പിന്നെ കൂടെയുള്ള പൊലീസുകാരോട് സലാം പറഞ്ഞ് പോകും. ഡല്‍ഹിയിലെ നഗരവീഥികളെല്ലാം സമ്പൂര്‍ണ സുരക്ഷാവലയത്തിലാക്കി പോകുന്നതിനിടയിലായിരുന്നു ഞങ്ങളുടെ ഷൂട്ടിങ്. പകലുപോലും തണുപ്പും പുകമഞ്ഞു കാറ്റും. ധരിച്ചിരിക്കുന്ന പുള്ളോവറിനെപ്പോലും വിറപ്പിക്കുന്ന ശീതം. അന്ന് രാവിലെ പാര്‍ലമെന്റ് ഹൗസിനു മുന്നിലെ റോഡില്‍ മാനസിയെ തട്ടിക്കൊണ്ടുപോകുന്ന സീനില്‍ ശാരദാമ്മ കാണുന്ന ഭാഗം എടുത്തിട്ട് ശാരദാമ്മയെ അവധിക്കയച്ചു.
വൈകുന്നേരം ഞങ്ങളെല്ലാം ഇന്ത്യാ ഗേറ്റിനു മുന്നില്‍ ഷൂട്ടിനായി അനുവദിച്ചയിടത്തെത്തി. നാസറിനെ മേക്ക് അപ് ചെയ്ത് ഒന്നുകൂടി സുന്ദരനാക്കി രാജീവേട്ടനു മുന്നില്‍ കൊണ്ടുവന്ന് കാണിച്ചു. ഡ്രസ് ചെയ്ത് വന്നപ്പോള്‍ ശരിക്കും ഒരു ബോളിവുഡ് ലുക്ക് എന്ന് ഞങ്ങള്‍ പറഞ്ഞു. ചിലതൊക്കെ വൃത്തിയായി കാണാന്‍ കഴിയുമ്പോള്‍ അത് സിനിമയിലെ ഫ്രെയിമില്‍ വരുമ്പോള്‍ ദൈവത്തിനു നന്ദി പറയും. നാഥുറാം റോഡില്‍ കാത്തുനിൽക്കുന്ന ഷോട്ട് ആദ്യമെടുത്തു. രാജീവേട്ടന് സാലുവിന്റെ കാമറയിലൂടെ ആ ദൃശ്യം കണ്ടു.
വൈകുന്നേരത്തെ ബാക് ലൈറ്റില്‍ മനോഹരം. അതിന്റെ തുടര്‍ച്ചയായി പ്രിയാരാമന് കാറില്‍ വരുന്നതും ഇറങ്ങുന്നതും അവര്‍ പരസ്പരം ഹായ് പറയുന്നതും സുചിത്രയെ പരിചയപ്പെടുത്തുന്നതും എടുത്തു. ആ ഷോട്ടിലൊക്കെ നാഥുറാം നിന്ന് ബിഹേവ് ചെയ്താല്‍ മതിയായിരുന്നു. ആ ഷോട്ട്സ് ഒാക്കെ ആയിരുന്നു. അതുകഴിഞ്ഞ് നാഥുറാമിന്റെ ഡയലോഗ് പോര്‍ഷനും എടുക്കാനായുള്ള കാമറ ആംഗിള്‍ വെച്ചു. നാസറിനെ ഞാന്‍ സംഭാഷണം പഠിപ്പിച്ചു. അതവന് മനപ്പാഠമാക്കി. ഒന്നുരണ്ടുവട്ടം അവനെക്കൊണ്ട് പറയിച്ചുനോക്കി. ഒരുവിധം ശരിയാണെന്ന് തോന്നിയപ്പോള്‍ അവന് പ്രിയാരാമന്റെയും സുചിത്രയുടെയും നേരേ നോക്കി ‘‘ഭാഭി നേ ക്യാ ബോലാ, ഭാഭി മുഛ്സെ നാരാസ് തോ നഹി ഹേ’’ എന്നു പറയണം. നാസറിന്റെ ഭാഷ, അത് വൃത്തിയായി പറഞ്ഞാല്‍ മതി.
സൈലന്‍സ് വിളിച്ചു. റോള്‍ സൗണ്ട്... റോളിങ്... റോള്‍ കാമറ... റോളിങ് സര്... ക്ലാപ്... ആക്ഷന്‍. നാസർ ഡയലോഗ് പറഞ്ഞു. അത് തെറ്റി. സ്വാഭാവികമായ ഒരവസ്ഥ. ആദ്യമായി കാമറക്ക് മുന്നില്‍ നിൽക്കുന്നു. ആദ്യമെടുത്ത ഷോട്ടുകളില്‍ വെറുതെ നിന്നാല്‍ മതിയായിരുന്നു. സംഭാഷണം പറഞ്ഞ് പെരുമാറുമ്പോള്‍ അതും ആദ്യമായാണെങ്കില്‍ തെറ്റാം. മുന്‍പരിചയമൊന്നുമില്ലല്ലോ എന്നൊക്കെ പറഞ്ഞ് ഞങ്ങളവനെ സമാധാനിപ്പിച്ചു.
രണ്ട്, മൂന്ന്, നാല്, ടേക്കുകളുടെ എണ്ണം കൂടി വന്നു. സാലു ചേട്ടന് ലൈറ്റ് പോകുന്ന കാര്യം ഓര്‍മിപ്പിച്ചു. പതുക്കെ ഇരുട്ടാവുന്നു. ഇനിയിത് മുന്നോട്ട് പോവില്ലെന്ന് എല്ലാവരുടെയും മനസ്സ് പറഞ്ഞു. വെറുതെ സമയം കളയുകയാണെന്നൊരു തോന്നല്‍. സുരേഷ് ക്ലാപ് ബോര്‍ഡ് മറച്ചുപിടിച്ചുകൊണ്ട് എന്റെയും വിനോദിന്റെയും അടുത്ത് വന്നു. കഠിനമായ ശീതക്കാറ്റ് വീശുന്നു. വാഹനങ്ങളില്‍ എല്ലാം ഫോഗ് ലാമ്പിന്റെ മഞ്ഞവെളിച്ചം. ചിലതൊക്കെ ഹെഡ് ലൈറ്റ് തെളിച്ച് പായുന്നു. ഇനിയും ഇവിടെ തണുപ്പ് കൊള്ളണോയെന്ന് ആരോ പിറുപിറുത്തത് കേട്ടു. വിനോദും ഞാനും യൂനിറ്റ് വാനിന്റെ മറവിലേക്ക് നിന്ന് ഒരു സിഗരറ്റിനു തീ കൊളുത്തി.
‘‘അണ്ണാ നമ്മക്ക് തെറ്റിയല്ലേ...’’ ഞങ്ങളൊന്നും മിണ്ടിയില്ല. സിഗരറ്റിന്റെ പുക മഞ്ഞുകാറ്റില്‍ പരന്നു. സുരേഷ് ഞങ്ങളെ തന്നെ നോക്കിനിന്നു.
‘‘അണ്ണാ നമ്മളിനി വേറെ ആളെ നോക്കണം ല്ലേ...’’ ഞാന്‍ മൂളി. അവന് എന്നെത്തന്നെ നോക്കിയിട്ട് പെട്ടെന്ന് പറഞ്ഞു: ‘‘വേറെ ആളെ എന്തിന് നോക്ക്ണ് അണ്ണാ... മധു അണ്ണന് തന്നെ ചെയ്യ്... നിങ്ങക്കാണെ നല്ല ഗ്ലാമറ്ണ്ട്...’’
‘‘പോടാ അവ്ട്ന്ന്...’’
‘‘അണ്ണന് ചെയ്യണ്ണാ... അണ്ണന് പറ്റും...’’ ആ നിമിഷം രാജീവേട്ടന്റെ പാക്ക് അപ് വിളി മുഴങ്ങി.
നഗരം പുതുവര്‍ഷത്തിന്റെ ആഘോഷത്തിമിര്‍പ്പിലേക്ക് ഉദിച്ചുയരുകയായിരുന്നു. വരുന്ന വഴികളെല്ലാം ചെറുപ്പക്കാരുടെ ആരവം. അതിനിടയിലും പട്ടാള, പൊലീസ് വാഹനങ്ങള്‍. നഗരം ഉറങ്ങുകയില്ല എന്നുറപ്പിക്കുന്നു. ആരും ഒന്നും മിണ്ടാതെ തികച്ചും നിശ്ശബ്ദരായി ഞങ്ങള്‍ ഹോട്ടല്‍ രണ്‍ജിത്തിന്റെ ലിഫ്റ്റില്‍ കയറി.
ഹോട്ടലില്‍ ഞങ്ങള്‍ രാജീവേട്ടന്റെ മുറിയില്‍ ഒത്തുകൂടി.
‘‘നാളെ വൈകുന്നേരം സുരേഷേട്ടന് പോകും. നാളെ ഒരു ദിവസമുണ്ട്. അതു കഴിഞ്ഞ് നാലഞ്ച് ദിവസം എന്ത് ചെയ്യും. ബാക്കി സീനുകളൊക്കെ നാഥുറാമിന്റെ സീനുകള്‍ വച്ച് നമ്മള് പ്ലാന്‍ ചെയ്തിരിക്കുവല്ലേ.’’
എല്ലാവര്ക്കും എല്ലാം അറിയാം. അതുകൊണ്ടുതന്നെ ആരും ഒന്നും മിണ്ടിയില്ല. ഒരനിശ്ചിതത്വം.
‘‘നാട്ടിലാരെങ്കിലുമുണ്ടോന്ന് നോക്കിയാലോ... തമിഴിലോ മറ്റോ...’’
വാതില്‍ തുറക്കുമ്പോള്‍ കല്ലിയൂര്‍ കേട്ടത് അതാണ്.
‘‘ഞാനും അതാ ആലോചിച്ചത്... തമിഴിലോ മലയാളത്തിലോ ഉള്ള ആരെങ്കിലും ഉണ്ടോന്ന് വിളിച്ച് നോക്കട്ടേ...’’
‘‘നാളെ ഉച്ചക്ക് മുമ്പേ എത്തണം. അങ്ങനെയൊരാള്‍...’’
‘‘നോക്കാം...’’
ശശിയേട്ടന് താഴേക്ക് പോയി. ആരെക്കെയോ വിളിച്ച് ചോദിച്ച് ആരെയും ഇത്ര പെട്ടെന്ന് കിട്ടില്ലെന്ന മറുപടിയുമായി തിരിച്ചെത്തി. കാര്യം പ്രൊഡ്യൂസറോട് പറയാമെന്ന് പറഞ്ഞ് കല്ലിയൂര്‍, സുരേഷേട്ടന്റെ മുറിയിലേക്ക് നടന്നു. ഒന്നും പറയാതെ ഞാനും അസോസിയേറ്റ് ഡയറക്ടര്‍ മുരളിയും പുറത്തിറങ്ങി.
‘‘ഇനിയിപ്പോ എന്ത് ചെയ്യും മുരളിയേട്ടാ...’’
‘‘ചെലപ്പോ ഷെഡ്യൂള്‍ പാക്ക് അപ് ആവുമോ...’’
‘‘ഏയ്... അതുണ്ടാവില്ല... അതുറപ്പാ... എന്തെങ്കിലും ഒരു വഴി രാജീവേട്ടന് കാണും. അതുറപ്പാ...’’
വരാന്തയിലൂടെ നടക്കുമ്പോള്‍ ഹോട്ടലിനു പിന്നിലെ മൈതാനത്ത് പുതുവത്സര രാവിനെ വരവേൽക്കാനുള്ള പാട്ടും ഡാന്‍സും ഉച്ചത്തില്‍ മുഴങ്ങുന്നു. ഈ രാത്രി ആഘോഷത്തിന്റേതാണ്. പക്ഷേ, ആഘോഷത്തിന്റെ തെളിച്ചമില്ലാത്ത ഒരു രാത്രിയാണ് ഞങ്ങള്‍ക്കിത്. മുരളിയേട്ടനോട് ഗുഡ് നൈറ്റ് പറഞ്ഞ് ഞാന്‍ മുറിയില്‍ കയറി. വീട്ടിലേക്ക് വിളിക്കാമെന്ന് തോന്നി ഞാന്‍ വാതില്‍ പൂട്ടി പുറത്തിറങ്ങി. വരാന്തയില്‍ ആരെയും കാണുന്നില്ല. നീണ്ട ഇടനാഴികളിലൂടെ നടന്ന് ഞാന്‍ ലിഫ്റ്റിനടുത്തെത്തി. ലിഫ്റ്റ് താഴേക്ക് പോയിരിക്കുന്നു.
കോറിഡോറിലെ മറ്റേയറ്റത്ത് വേറെയൊരു ലിഫ്റ്റുണ്ട്. ഞാന്‍ അതിനടുത്തേക്ക് നടന്നു. താഴെ റിസപ്ഷനിലെ ബൂത്തിനു ചുറ്റും നിറയെ ആളുകളുണ്ട്. ഞാന്‍ ഹോട്ടലിനു വെളിയിലെ ബൂത്തില്‍ ചെന്ന് വീട്ടിലേക്ക് വിളിച്ച് അവസ്ഥ പറഞ്ഞു. റഷ്യക്കാരായ സ്ത്രീകളും പുരുഷന്മാരുമൊക്കെ ഹോട്ടലിനകത്തേക്കുള്ള വഴിയില്‍നിന്ന് ആലിംഗനംചെയ്യുകയും പുതുവര്‍ഷ ആശംസകള്‍ വിളിച്ചുപറയുകയുംചെയ്ത് പിരിയുന്നു. ഭക്ഷണം കഴിക്കാതെ ഞാന്‍ മുറിയില്‍ കിടന്നു. വിനോദിന്റെ മുറിയിലേക്ക് വിളിച്ചുനോക്കി. അവന്റെ മുറിയില്‍ ഫോണ്‍ ബെല്ലടിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് എന്റെ വാതിലില്‍ ആഞ്ഞു മുട്ടല്‍ കേട്ടു തുറന്നു നോക്കിയപ്പോള്‍ സുരേഷ് നിൽക്കുന്നു.
എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ അവന് പറഞ്ഞു: ‘‘അണ്ണാ അണ്ണനെ രാജീവേട്ടന് വിളിക്ക്ണ്...’’
ഞാന്‍ മുറി പൂട്ടി അവനൊപ്പം നടന്നു. തണുപ്പ് കൂടിക്കൂടി വരുന്നു. ചീറിയടിക്കുന്ന കാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.