കൊളംബിയൻ കവിയും എഴുത്തുകാരിയും ചലച്ചിത്രകാരിയുമായ അഡ്രിയാന ഹോയോസുമായി കവികൂടിയായ ലേഖകൻ നടത്തിയ സംഭാഷണം.
എഴുത്തുകാരി, ചലച്ചിത്രകാരി, സാംസ്കാരിക സദസ്സുകളുടെ സംഘാടക അഡ്രിയാന ഹോയോസ് കൊളംബിയയിലെ ബാഗോട്ടയിലാണ് ജനിച്ചത്. ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ‘എലിജിയ’ (1998), ‘ഹോട്ടൽ സാന്താഫെ’ (2002) ‘ബെനെയ്തോ ഡെസ്ഡോബ്ലാൻഡോസേ’ (2010) എന്നിവയാണ് ശ്രദ്ധേയമായവ. 2005ൽ അവർ ലാ ഹ്യൂഎല്ലാ ദെൽ ഗാതോ എന്ന നിർമാണ കമ്പനി തുടങ്ങി. പതിനാലു വർഷം വിഷ്വൽ സിനി നോവിസിമോ മേളയുടെ സംവിധാന ചുമതലയിൽ ഉണ്ടായിരുന്നു. സ്ത്രീ ചലച്ചിത്ര സംവിധായകരുടെ സംഘടനയുടെ ഡയറക്ടർ ബോർഡ് അംഗവും അതിന്റെ മാധ്യമ ഡയറക്ടറുമാണ്.
ആ പദവികളിൽ ഇരുന്നുകൊണ്ട് സ്ത്രീകളുടെ ചലച്ചിത്രങ്ങളും പരസ്യചിത്രങ്ങളും പ്രചരിപ്പിക്കാൻ സക്രിയമായി പ്രവർത്തിക്കുന്നു. എഴുത്തുകാരിയെന്ന നിലയിൽ കൊളംബിയ, ഡെന്മാർക്, ഈജിപ്ത്, സ്പെയിൻ, ഇറ്റലി, മാസിഡോണിയ, മൊറോക്കോ, പോർചുഗൽ, സെർബിയ, സ്വീഡൻ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന അന്താരാഷ്‌ട്ര കാവ്യസമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അമേരിക്കയിലെയും യൂറോപ്പിലെയും അനേകം പ്രസിദ്ധീകരണങ്ങളിൽ അവരുടെ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അൽബേനിയൻ, അറബിക്, ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയൻ, പോർചുഗീസ്, സെർബിയൻ, സ്വീഡിഷ്, റുമേനിയൻ തുടങ്ങി അനേകം ഭാഷകളിലേക്ക് കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ പുസ്തകങ്ങൾ: ലാ ടോർറെ സുമേർഹിദാ (2009), ലാ മിറാഡ ഡിസോബിഡിയാൻതി (2013), ഡെൽ ഓത്രോ ലാദോ (2017), ഓട്ടോബയോഗ്രഫിയാ കോൺ സോംബരാസ് (2022), നോ എസ് അ മി അ ക്യെൻ ലീസ് (2022), ലാ സെഹ്‌ദ് കോഹ്ൻ കെഹ് മീരാബാസ് (2024), ഈസ ഖ്‌വെ കാന്റ ഹാസിയ അദേൻട്രോ (2024).
അഡ്രിയാന ഹോയോസ്, താങ്കളുടെ കുടുംബത്തെക്കുറിച്ച് പറയാമോ?
പിതാവ് സംഗീതജ്ഞനും അധ്യാപകനും ആയിരുന്നു. ഫിൽഹാർമോണിക് ഓർക്കസ്ട്രയിലും സിംഫണി ഓർക്കസ്ട്രയിലും അദ്ദേഹം ഭാഗമായിരുന്നു. സഹോദരങ്ങളിൽ നാലുപേർ വയലിൻവാദകരും ഒരാൾ സെല്ലോ വായിക്കുന്നവനുമാണ്. പിതാവിനോടൊപ്പം സംഗീതലോകത്താണ് അവർ ജീവിക്കുന്നത്. പിൽക്കാലത്ത് പഠനാവശ്യത്തിന് ഞങ്ങൾ കൊളംബിയക്ക് പുറത്തേക്ക് പോവുകയും യു.എസ്.എ, മോസ്‌കോ, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു.
എന്റെ അമ്മയും കലാകാരിയായിരുന്നു. അവർ കവിതകളും നോവലുകളും തിരക്കഥകളും എഴുതുമായിരുന്നു. അവയിൽ ഭൂരിഭാഗവും ഒരിക്കലും വെളിച്ചം കണ്ടിരുന്നില്ല. പക്ഷേ, ഒരു തിരക്കഥ സിനിമയാവുകയും ബാഗോട്ട ചലച്ചിത്രമേളയിൽ ആ തിരക്കഥക്ക് പുരസ്കാരം ലഭിക്കുകയും ചെയ്തു. അവരുടെ പ്രിയപ്പെട്ട കവികളുടെ രചനകൾ കഥകൾ വായിക്കുന്നതു പോലെ ഞങ്ങൾ മക്കൾക്കു വായിച്ചുതരുന്നതായിരുന്നു അവരുടെ പ്രധാന വിനോദം. ഞാനും സഹോദരങ്ങളും ലോർക്കയെയും ഗുസ്താവോ അഡോൾഫോ ബേക്യുഎറിനെയും നാസിം ഹിക്‌മെത്തിനെയും പരിചയിച്ചത് അമ്മയുടെ അത്തരം വായനകളിലൂടെയാണ്.
സംഗീതമേഖലയിൽ ആദരണീയമായ കുടുംബപശ്ചാത്തലം, എഴുത്തുകാരി എന്നനിലയിൽ ശ്രദ്ധനേടാതെ പോയ അമ്മയുടെ അനുഭവം മുന്നിൽ, എന്നിട്ടും എഴുത്തിന്റെ ലോകത്തിലേക്കുതന്നെ നിങ്ങൾ എത്തിച്ചേർന്നു?
ഞാൻ വയലിൻ വായിക്കും. വയലിൻ വായിക്കുന്നതും അമ്മയുടെ കവിതാ വായനകളുമാണ് എന്നിൽ എഴുത്തിന്റെ വിത്തുകൾ പാകിയത് എന്ന് ഞാൻ കരുതുന്നു. വാക്കുകളോടും സംഗീതത്തോടുമുള്ള അഭിനിവേശവും കുട്ടിക്കാലത്ത് എനിക്കുണ്ടായ യാത്രാനുഭവങ്ങളുമാണ് എന്റെ ലോകത്തെ നിറവുകൾ ഉള്ളതാക്കിയത്. എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോൾ ഞാൻ ബാഗോട്ടയിൽനിന്ന് ബാഴ്‌സലോണയിലേക്ക് കുടിയേറി. പുതിയ സംസ്കാരവും മറ്റൊരു ഭാഷയും തികച്ചും വ്യത്യസ്തമായ പ്രപഞ്ചവുമാണ് എനിക്കുമുന്നിൽ നിറഞ്ഞത്. അത്, ഞാൻ ജീവിക്കുന്ന എല്ലാറ്റിനെയും എന്നോടുതന്നെ വിശദീകരിക്കാൻ നിർബന്ധിതയാക്കി.
സ്‌കൂൾ മാഗസിനിലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്. പതിനാലാം വയസ്സിൽ എന്റെ വീട്ടിലെ പുസ്തകശേഖരവും നഗരത്തിലെ വായനശാലയും താൽപര്യപൂർവം അത്യുത്സാഹത്തോടെ ഞാൻ പരതുമായിരുന്നു. പുസ്തകങ്ങൾ എന്നെ മോഹിപ്പിച്ചിരുന്നു. പുസ്തകങ്ങൾ വാങ്ങാനാണ് ഞാൻ എന്റെ നിക്ഷേപങ്ങൾ ഉപയോഗിച്ചിരുന്നത്. സ്‌കൂളിൽ എനിക്കൊരു സാഹിത്യ അധ്യാപകൻ ഉണ്ടായിരുന്നു. യുവ കവി. അദ്ദേഹം അക്കാലത്തുതന്നെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ മേഖലകളിലേക്ക് വായന വികസിപ്പിക്കാൻ അദ്ദേഹം എന്നെ പ്രേരിപ്പിക്കുകയും എനിക്കറിയാത്ത എഴുത്തുകാരിലേക്ക് എന്നെ എത്തിക്കുകയും ചെയ്തു. എഴുത്തിനോടുള്ള തീക്ഷ്ണമായ ആഭിമുഖ്യം എനിക്കുണ്ടാകുന്നത് ആ കാലഘട്ടത്തിലാണ്. സൃഷ്ടിക്കാനും സംഗീതംകൊണ്ടും വാക്കുകൾകൊണ്ടും കളിക്കാനുമുള്ള അഭിനിവേശം എന്നിൽ ഉറഞ്ഞതും അക്കാലത്തുതന്നെ.
വായന എഴുത്തിന്റെ ലോകത്തെ നിങ്ങളിൽ വാർത്തെടുത്തു എന്നു പറഞ്ഞല്ലോ, എങ്ങനെയാണ് എഴുത്തുകാരിയെന്ന നിലയിൽ സ്പാനിഷ്, യൂറോപ്യൻ സാഹിത്യം നിങ്ങളെ സ്വാധീനിച്ചത്?
എന്റെ കൗമാരകാലത്തെ വൈകാരിക മണ്ഡലങ്ങളെ സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്. എന്റെ മനോമണ്ഡലത്തെയും വൈകാരിക ഭൂപടങ്ങളെയും സ്വാധീനിച്ചവ. അവയിൽ പേറി ഗിമ്ഫെറെർ രചിച്ച ‘ബെവേർലി മലകളിലെ കൊലപാതകം’, ഗ്യില്ലേർമോ കാർനീറോ രചിച്ച ‘കാഴ്ചയെക്കുറിച്ചുള്ള പുതിയ സിദ്ധാന്തത്തെക്കുറിച്ച് ഒരു പ്രബന്ധം’, പാബ്ലോ നെരൂദയുടെ ‘ഭൂമിയിലെ വീട്’, ലോർക്കയുടെ ‘ന്യൂയോർക്കിൽ കവി’ തുടങ്ങിയ പുസ്തകങ്ങൾ എടുത്ത് പറയേണ്ടവയാണ്.
ടി.എസ്. എലിയട്ടിന്റെ ‘തരിശുനില’വും ബോദ് ലെയറുടെ ‘തിന്മയുടെ പൂക്കൾ’, മല്ലാർമേയുടെ ‘പകിടയെറിയൽ’ തുടങ്ങിയവയാണ്. പിൽക്കാലത്ത് അന്ന അഖ്‌മതോവ, മറീന സ്വെറ്റായ്‌വ, ഫെർണാണ്ടോ പെഷോവ തുടങ്ങിയ യൂറോപ്യൻ കവികളും അമേരിക്കൻ പാരമ്പര്യത്തിൽനിന്നുള്ള ബൊർഹേസ്, ഗ്ലോറിയ ജെർവിറ്റ്സ്, അലെജാന്ദ്ര പിഴാർനിക്, സിൽവിയ പ്ലാത്, ബ്ലാൻക വരേല, ആൽവാരോ മ്യുതിസ്, ഒക്ടാവിയോ പാസ്, യുവാൻ റുൽഫോ, യൂലിയോ കൊർതാഴർ, മാർകേസ് തുടങ്ങിയവരും ആ വൈകാരിക ഭൂപടങ്ങളെ നിർമിക്കാൻ മൂലകങ്ങൾ നൽകിയവരാണ്.
വായന ആ അടിത്തറകളെ വികസിപ്പിച്ചിട്ടുണ്ട്. എന്നും എന്തെങ്കിലും പുതിയത് വായിക്കും. ചിലപ്പോൾ ചില കവികളെ വീണ്ടും വായിക്കും. എനിക്കൊരു ഫേസ്ബുക്ക് പേജുണ്ട്. അതിൽ ലോകമെമ്പാടുമുള്ള കവികളുടെ കവിതകൾ ഞാൻ ചേർക്കാറുണ്ട്. പ്രത്യേകിച്ച് ഹിസ്പാനിക് അമേരിക്കൻ എഴുത്തുകാരുടെ രചനകൾ. എന്റെ മനോമണ്ഡലത്തെ വികസിപ്പിക്കുന്നതിന് ഉപകരിക്കുന്ന ഒരു പ്രവർത്തനമാണ് എനിക്ക് വായന.
അതുകൊണ്ടുതന്നെ എന്റെ വായനയുടെ ചേരുവകൾ വൈവിധ്യമുള്ളതാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. കവിതകൾക്കൊപ്പം ലേഖനങ്ങൾ, തത്ത്വചിന്ത, മനശ്ശാസ്ത്രം, ജീവചരിത്രങ്ങൾ എന്നിവ ഞാൻ വായിക്കാറുണ്ട്. കിഴക്കൻ തത്ത്വചിന്ത എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബുദ്ധതത്ത്വങ്ങളും താന്ത്രികദർശനങ്ങളും. ഞാൻ ഈയിടെ ഏറെ താൽപര്യപൂർവം വായിക്കുന്ന എഴുത്തുകാർ ആൻ കാർസൻ, ഓസ്യാൻ വുഓങ്, അന്ന ബ്ലാൻഡിയാന, ഗ്ലോറിയ ഗെർവിച്ച്, ക്രിസ്റ്റിന പെരി-റോസി, മരിയ നെഗ്രോണി, ലെയ് ല ഗ്വെറിയേരോ തുടങ്ങിയവരാണ്.
ആത്മനിഷ്ഠതയുടെ ആഘോഷങ്ങളാണ് നിങ്ങളുടെ കവിതകളിൽ അനുഭവിക്കാനാവുക എന്ന് നിങ്ങളുടെ കവിതാ വിശകലനങ്ങളിൽ കാണുന്നു. എത്രമാത്രം ആത്മകഥാപരമാണ് നിങ്ങളുടെ കവിതകൾ?
എന്റെ കവിതകളിൽ ജീവചരിത്രപരമായ മിന്നിമറയലുകൾ തീർച്ചയായും ഉണ്ട്. പക്ഷേ, അടിസ്ഥാനപരമായി അവ സത്യത്താൽ വാറ്റിയെടുക്കപ്പെട്ട കാവ്യകഥനങ്ങളാണ്. നമ്മൾ എഴുതുന്നതത്രയും ജീവചരിത്രപരമാണ് എന്നു വിശ്വസിക്കാൻ അൽപമല്ലാത്ത മതിഭ്രമം വേണം. ഞാൻ ആ കാഴ്ചപ്പാടിൽ, വിലയിരുത്തലിൽ തെറ്റൊന്നും കാണുന്നില്ല. പക്ഷേ, അതങ്ങനെയല്ല എന്നതാണ് യാഥാർഥ്യം. കവിതകൾക്കോരോന്നിനും ഒരോ ലിറിക്കൽ സ്വത്വമുണ്ട്. അതൊരിക്കലും എന്റെ ആത്മനിഷ്ഠ സ്വത്വമല്ല.
വായനകളാലും സിനിമകളാലും സംഗീതത്താലും പോഷിപ്പിക്കപ്പെടുന്നതാണ് എന്റെ ആന്തരികതകൾ. അവയാൽ നിർമിക്കപ്പെടുന്നതാണ് ഞാൻ. ഞാൻ എന്റെ സ്വപ്നങ്ങളെ ശ്രദ്ധിക്കാറുണ്ട്. ഞാൻ കാണുന്നതിന്റെ പൊരുളുകൾ എന്തെന്ന് മനനംചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നിൽ എല്ലാം അടിഞ്ഞുകൂടുന്നുണ്ട്. ചില നിമിഷങ്ങൾ വന്നുചേരും -ഈ അനുഭവരാശികളാൽ നിർഭരമായൊരു നിമിഷം.
എനിക്ക് എഴുത്തെന്നത് കാലഹീനമിയൊരു നൂലുപോലെയാണ് അനുഭവപ്പെടാറുള്ളത്. അതിൽ അനേകം ശബ്ദങ്ങൾ ഇഴപിരിയുകയും പാടുകയും ചെയ്യും. അകലെയകലെ നിന്നു വന്നുചേരുന്ന ശബ്ദരാശിയാണവ. അവ ചെവിയിൽ നിമന്ത്രണങ്ങൾ നടത്തും. ശബ്ദങ്ങളുടെ ഈ നദീപ്രവാഹമാണ് എന്നെ കൊത്തിയെടുക്കുന്നതും ചിന്തിപ്പിക്കുന്നതും. വികാരത്തിന്റെയും ദൃഢാഗ്രഹത്തിന്റെയും ആ കേളികളെ ഞാൻ പിന്തുടരുന്നു. ആരംഭകാല കവിതകൾ കൂടുതൽ ദുർഗ്രഹവും ഇരുളാർന്നതുമായിരുന്നു എന്നാണ് തിരിഞ്ഞുനോക്കുമ്പോൾ എന്റെ തോന്നൽ. പക്ഷേ, പതിയെപ്പതിയെ കവിതകൾ തെളിച്ചമുള്ളതും നഗ്നവുമായിത്തുടങ്ങി. അല്ലെങ്കിൽ, ആ അവസ്ഥ കൈവരിക്കാനാണ് ഞാൻ അഭിലഷിക്കുന്നത്. പ്രണയം, കാലം, മരണം, ചലനം, യാത്ര തുടങ്ങിയ വിഷയങ്ങളാണ് പലതലങ്ങളിൽ വിഷയങ്ങളായി വരാറുള്ളത്. മനുഷ്യാനുഭവങ്ങളുടെ ഏറ്റവും തീക്ഷ്ണമായ ഇത്തരം മേഖലകളാണ് എന്നെ എക്കാലത്തും പിന്തുടർന്നിട്ടുള്ളത്.
പ്രകൃതിയിലൂടെ ചലനാത്മകമാവുന്നതും അതിലൂടെ അനുഭവിക്കാനാവുന്നതുമായ പ്രപഞ്ചസത്തയെ ഉൾകൊള്ളുന്നതും സാക്ഷാത്കരിക്കുന്നതുമായ തലങ്ങൾ നിങ്ങളുടെ കവിതയിൽ കാണാം. വളരെ ആഴമുള്ള ആത്മീയതലങ്ങൾ നെയ്തെടുക്കുന്ന സമീപനം കവിതകളിൽ കാണാം. വായുവിൽനിന്നുള്ള ചിത്രണങ്ങൾ, (ഏന്തുതന്നെയായാലും ജീവിതം), പ്രതിമ തുടങ്ങിയവ ഇക്കാരണത്താൽ ശ്രദ്ധേയമായ രചനകളാണ്. ഈ രചനാപ്രക്രിയയുടെ അനുഭവം പങ്കുവെക്കാമോ?
എന്റെ കവിതകൾ എന്റെ വ്യക്തിത്വത്തിന്റെ പരിണാമദശകളുമായി ബന്ധപ്പെട്ടതാണ്. ആ പരിണാമങ്ങളിൽ ഒരു തലമാണീ ആത്മീയാനുഭൂതി. ആ രീതിയിൽ എന്നെത്തന്നെ മിനുക്കിയെടുക്കാൻ ഞാനെപ്പോഴും ശ്രമിക്കാറുണ്ട്. കാലത്തിൽ അനുഭവങ്ങളിലൂടെ കൊത്തിയെടുക്കുന്ന ശിൽപങ്ങൾപോലെയാണ് ഞാൻ കവിതകളെ അനുഭവിക്കുന്നത്. ആ അനുഭവതലങ്ങളെ സ്ഥാപിക്കുന്നതിന് ഞാനെങ്ങനെ വസ്തുപ്രപഞ്ചത്തോട്, പ്രശ്നങ്ങളോട്, എന്നെയിണക്കുന്നു, എവിടെ ഞാനെന്നെ നിർത്തുന്നു, ഓരോ ഘട്ടത്തിലുമുണ്ടാകുന്ന പ്രതിസന്ധികളെ ഞാനെങ്ങനെ തരണംചെയ്യുന്നു, ഈ പ്രശ്നങ്ങളെയെല്ലാം ജീവിതത്തിലൂടെ ഞാൻ പിടിച്ചെടുക്കുന്നു, ഞാനെങ്ങനെ പ്രായമാകുന്നു, ഞാനെങ്ങനെ സ്വപ്നങ്ങൾ കാണുന്നു തുടങ്ങിയ ഘടകങ്ങളെ സംയോജിപ്പിക്കുന്നതും ബന്ധപ്പെടുത്തി ചിന്തിക്കുന്നതും അത്യാവശ്യമാണ്. അത്തരമൊരുതലത്തിൽ എന്റെ എഴുത്തുകൾക്ക് ആത്മീയമാനങ്ങൾ അന്വേഷിക്കേണ്ടതായിവരുന്നു.
യുവത്വത്തിൽ അനിശ്ചിതത്വവും ആത്മപീഡയുമാണെന്നെ പോഷിപ്പിച്ചതെങ്കിൽ, ഇപ്പോൾ ഞാൻ നീങ്ങുന്നത് തെളിച്ചത്തിലേക്കാണ്. ചെയ്യുന്ന കാര്യങ്ങൾ ഉറപ്പോടെ ചെയ്യാനും ശ്രമിക്കുന്നു. എനിക്കറിയാം മുന്നിലുള്ളത് കുറച്ചുകാലം മാത്രമാണെന്ന്. ഇതെല്ലാം ആഗ്രഹങ്ങൾ മാത്രമാണ്. അതിൽ കൂടുതൽ ഒന്നുമല്ല.
കാവ്യത്തിലെ വാക്ക് ഒരു ക്രിയയാണ്. അത് ആത്മാവിന്റെ അഗ്നിയെ അന്വേഷിക്കുന്നു. അത് അസ്തിത്വത്തിന്റെ ദുർഗ്രഹതകളിലേക്ക് നമ്മെ തുറന്നിടുന്നു. സത്യത്തിലൂടെ പ്രശാന്തിയിലേക്ക് എത്തിക്കുകയും നമ്മുടെ കാഴ്ചകൾ വിപുലീകരിക്കുകയും ചെയ്യുന്ന ഒരു വാക്ക്. അപ്പോൾ, ആ വസ്തു അതിന്റെ ആഴമുള്ള യാഥാർഥ്യത്തിൽ അതിനെ ബന്ധിതമാക്കാൻ സ്വയം സന്നദ്ധമാകും. ആ നിമിഷത്തിൽ നമുക്ക് കാഴ്ചക്കപ്പുറത്തെ തലത്തെ ദർശിക്കാനാവുന്നു. അതിൽ നാം കാണുന്നതിനെക്കുറിച്ചുള്ള നമ്മുടെ ചിന്തകളും അനുഭവങ്ങളുമാണ് തിരയുക, കാണുക. നിശ്ശബ്ദതയുടെ ഛായാപടം നാം വെളിപ്പെടുത്തും. നാം കല്ലുകളുടെ സ്പർശത്തെ സ്പർശിക്കുകയോ ഇലകളിലൂടെ ഒഴുകിയെത്തുന്ന വെളിച്ചത്തെ അറിയുകയോ ചെയ്യും.
അഡ്രിയാന ഹോയോസ് ഒരു പൊതുപരിപാടിയിൽ
കാഴ്ചയുടെ ശേഷിയാണ് നിങ്ങളുടെ കവിതകളിലെ ഇന്ദ്രിയാധികാരികത എന്ന് തോന്നിയിട്ടുണ്ട്. കവിതകളിൽ ആധികാരികമായി ആധിപത്യം പുലർത്തുന്നത് കാഴ്ചയുടെ അനുഭവതലങ്ങളാണ്. ഉദ്ധരിക്കാൻ അനേകം ഉദാഹരണങ്ങളുണ്ട്?
ഈ ചോദ്യം എന്റെ ജീവിതാനുഭവങ്ങളെയും കാവ്യാനുഭവങ്ങളെയും സംബന്ധിച്ചിടത്തോളം വളരെ പ്രസക്തിയുള്ളതാണ്. കാരണം, ഞാൻ ജീവിതത്തിൽ ചെയ്തിട്ടുള്ള അനേകം പ്രവർത്തനങ്ങളുമായി അത് നേരിട്ട് ബന്ധപ്പെടുന്നു. ആദ്യത്തേത്, ഞാനൊരു നേത്രചികിത്സാലയത്തിൽ ഏഴു വർഷങ്ങൾ കണ്ണുപരിശോധകയായി ജോലിചെയ്തിട്ടുണ്ട്. അത് കാഴ്ചകളെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് പ്രചോദനമായിട്ടുണ്ട്. ചക്രവാളത്തിലേക്ക് നോക്കുമ്പോൾ എന്തുകൊണ്ട് കൃഷ്ണമണികൾ വികസിതമാകുന്നു, വായിക്കുമ്പോൾ എന്തുകൊണ്ടവ ചുരുങ്ങുന്നു. അതാണ് കാമറകളിലേക്കുള്ള താൽപര്യമായതും ഞാൻ സിനിമ പഠിക്കാൻ കാരണമായതും. കണ്ണുകളും അതിനെ ചുറ്റിയുള്ള എന്തും എനിക്ക് താൽപര്യമുള്ളവയായിരുന്നു. ഫോട്ടോഗ്രഫി എനിക്ക് ഇഷ്ടമാണ്. ദൃശ്യങ്ങളും. ഇവയെല്ലാം എന്റെ സാംസ്കാരിക പശ്ചാത്തലത്തിന്റെ ഭാഗമാണ്. എന്റെ ഇപ്പോഴത്തെ ശബ്ദ-ദൃശ്യ ജോലികളുടെ ഭാഗവുമാണ്.
പക്ഷേ, നിങ്ങളുടെ ചോദ്യം ഈ പരിസരങ്ങളെയല്ല അഭിസംബോധന ചെയ്യുന്നത്. അത് കാണാത്ത കാഴ്ചകളിലേക്കാണ് പോകുന്നത്. അത് മറ്റൊന്നാണ്. അവ കവിതയാൽ വെളിപ്പെടുത്താനാവാത്തതാണ്. കാഴ്ചയുടെ അത്തരം അപരതലങ്ങളെ ഞാൻ ബന്ധപ്പെടുന്നത് കവിതയിലൂടെയാണ്. നാം കരുതുന്നതുപോലെ മറ്റു വസ്തുക്കളിൽനിന്ന് വിമോചിതരല്ല നമ്മൾ. നമ്മൾതന്നെയാണ് ആ പക്ഷികൾ, ആ വൃക്ഷങ്ങൾ, ആ ഭൂരാശികൾ. ഞാനവയുമായി ഇഴുകിച്ചേരുന്നു. ആ ലയം, അത് എന്റെ കാവ്യാനുഭവത്തിന്റെ ഭാഗമാണ്.
ഞാൻ മുമ്പ് പറഞ്ഞതുപോലെ, എന്റെ കാവ്യജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ ഞാൻ കവിതകളിൽ കൂടുതൽ ബിംബവത്കരണത്തിനും ദുരൂഹവത്കരണത്തിനും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഓരോ ഘട്ടത്തിലും കൂടുതൽ തെളിച്ചം ഉണ്ടാക്കുന്നതിനായാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. കൂടുതൽ ലളിതമായ പദങ്ങൾ ഉപയോഗിക്കാൻ, കൂടുതൽ സുതാര്യമായ എഴുത്ത് രൂപപ്പെടുത്തിയെടുക്കാൻ.
നമ്മെ ചൂഴ്ന്നുനിൽക്കുന്നവയിൽ കൂടുതൽ ശ്രദ്ധിക്കാൻ, നിത്യോപയോഗത്തിലുള്ള വാക്കുകളെ കൊണ്ട്, തേഞ്ഞുപോയ വാക്കുകളെ കൊണ്ട്, പുതിയ പേരുകൾ നിർമിക്കുമ്പോൾ അത്ഭുതപ്പെടുകയും ആകാംക്ഷാഭരിതമാവുകയും ചെയ്യാൻ, അതോടൊപ്പം ഉപയോഗിക്കപ്പെടുന്ന ആ വാക്കിന് പുതിയ അർഥം നൽകാൻ അല്ലെങ്കിൽ അതിന് അതിന്റെ യഥാർഥ അർഥം തിരികെ നൽകാൻ, അത്തരത്തിൽ ഒരു ജ്വലനം വാക്കുകളിൽ പേരുകളിൽ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അത് നമ്മെ ഇളക്കിമറിക്കുകയും എഴുത്തിന്റെ ആനന്ദം എന്തെന്ന് അറിയിക്കുകയും ചെയ്യും.
കൊർതാസറുടെ വാക്കുകൾ ഈ സന്ദർഭത്തിൽ നമുക്ക് ഓർക്കാവുന്നതാണ്: ‘‘സ്വന്തം ഭാഗത്തുള്ള വസ്തുക്കളെക്കൊണ്ട് തൃപ്തിപ്പെടുന്ന ആൾക്കാരല്ല കവികൾ. അവർ എപ്പോഴും മറുപുറത്തേക്കാണ് നോക്കുക. ചിലപ്പോൾ അവരത് കണ്ടെത്തും. ചിലപ്പോൾ അവർക്കതിന് സാധിക്കുകയില്ല.’’
ജീവിതങ്ങളിലൂടെ ചിന്തകളുടെയും വികാരങ്ങളുടെയും കഷണങ്ങളെ ആവാഹിക്കുന്ന ഒരു ഭൂരാശിയെപ്പോലെ, ചിന്തകളും വികാരങ്ങളും എന്നെ അസ്വസ്ഥമാക്കുകയും കാലമില്ലാ കാലത്തിൽ എന്നെ തൂക്കിയിടുകയും ചെയ്യുന്നു. അവിടെ അഭിലാഷങ്ങളും യാഥാർഥ്യവും ആത്മീയതയും ലയിച്ചുചേരുന്നു. അത് മറ്റുള്ളവരോട് സംവേദനം നടത്തുന്നതിനുള്ള മാർഗമാണ് -എനിക്കു മുമ്പ് ജീവിച്ചു പോയ എഴുത്തുകാരോട്, തീർച്ചയായും എന്റെ സമകാലികരോടും സംസാരിക്കാനുള്ള എന്റെ മാർഗം.
വാക്കുകളെക്കൊണ്ട്, ശബ്ദങ്ങളെക്കൊണ്ട്, സംഗീതത്തെക്കൊണ്ട്, ദൃശ്യങ്ങളെക്കൊണ്ട് പരീക്ഷണം നടത്താനുള്ള തൃഷ്ണ. എനിക്ക് എന്നെ തന്നെ ചോദ്യംചെയ്യാനുള്ള, എന്നിലേക്ക് അന്വേഷണം നടത്താനുള്ള, അത്ഭുതാതിരേകങ്ങളോടെ നിൽക്കാനുള്ള, നമ്മെ മൂടിനിൽക്കുന്ന സൗന്ദര്യത്തെയും ചിന്തകളെയും നോക്കാനുള്ള, അവക്കപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള തൃഷ്ണ. നമ്മുടെ കണ്ണുകൾകൊണ്ട് കാണാനാവാത്ത അവക്കു മുന്നിൽ അവതരിക്കാത്ത കാഴ്ചകളിലേക്ക് കടന്നുപോകാനുള്ള തൃഷ്ണ.
വായുവിൽ നിന്നുള്ള ചിത്രങ്ങൾ (അഡ്രിയാന ഹോയോസിന്റെ കവിത)
ശാന്തമായ് വായുവിലെ ചിത്രങ്ങളെ പഠിക്കാൻ
നമ്മുടെ സ്വപ്നങ്ങളിൽനിന്നു
രക്ഷിച്ചെടുത്ത ചിത്രങ്ങൾ
സംഗീതത്തിന്റെ രഹസ്യ നിർദേശങ്ങൾ
കിളിയുടെ പറക്കൽ
ജലത്തിനൊപ്പമുള്ള ഒഴുക്ക്
പിന്നെ ലളിതമായ് അത്തിയിലകളിൽ
പിന്നെ സൂര്യവളയങ്ങളിലെ ജലവിശുദ്ധിയിൽ
അപരാഹ്നത്തിൽ നിശ്ശബ്ദതകളാൽ
കിരീടം ചൂടി
താഴ്ന്നും ഒളിച്ചും
തിരിച്ചെത്തുന്ന കിളി
നിങ്ങളുടെ വിശുദ്ധി പ്രക്ഷേപിക്കും
എന്നെ പ്രഭാതത്തിലേക്ക് ഉണർത്തിവിടും
വിലക്കപ്പെട്ട ഈ ലോകത്തിലെ
സന്ദേശം എനിക്ക് കൈമാറും
നിങ്ങളുടെ തൊങ്ങലുകളിൽ
ഈ ജീവിതത്തിന്റെ നിറങ്ങൾ വായിച്ചെടുക്കും
സ്വർഗവും എല്ലാ ഋതുക്കളും തമ്മിലെ ലയം
നിന്റെ വിശുദ്ധവംശാവലിയിൽനിന്ന് പഠിക്കാൻ,
നിന്റെ ഗീതങ്ങൾകൊണ്ട് മറ്റൊരു ഭാഷ പഠിക്കാൻ
പിന്നെ, നിന്റെ പറക്കൽകൊണ്ട്
എനിക്കുള്ളിലെ നിശ്ശബ്ദതയിൽ കാത്തിരിക്കുന്ന
സത്തയെ പഠിക്കാൻ.
(മൊഴിമാറ്റം: പി.എസ്. മനോജ്‌കുമാർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.