ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽനിന്ന് നിരവധി ‘ബുദ്ധ’ സിനിമകൾ ഉണ്ടായിട്ടുണ്ട്. ചിലതിൽ ബുദ്ധന്റെ ജീവിതം തന്നെ പ്രമേയമാകുന്നു. ബുദ്ധജീവിതവും സംസ്കാരവും പശ്ചാത്തലമാകുന്ന ചില സിനിമകളെ പഠനവിധേയമാക്കുകയാണ് എഴുത്തുകാരനും നിരൂപകനുമായ ലേഖകൻ.
ശ്രീബുദ്ധന്റെ (ബി.സി.ഇ 600-400) ആശയാവലികളുടെ പിന്തുടർച്ച എന്ന നിലയിലാണ് ബുദ്ധമതം രൂപവത്കൃതമാകുന്നത്. ദുഃഖഭരിതമാണു ജീവിതമെന്നും മനുഷ്യരുടെ ഒരിക്കലും ഒടുങ്ങാത്ത ആഗ്രഹങ്ങളും കാമനകളുമാണ് അതിനു കാരണമെന്നും തിരിച്ചറിഞ്ഞ ദാർശനികനാണ് ഗൗതമ സിദ്ധാർഥൻ എന്ന ശ്രീബുദ്ധൻ. അതുകൊണ്ടുതന്നെ, ലൗകിക കാര്യങ്ങളിൽ മിതത്വം പുലർത്തി ആശകളിൽനിന്നു മോചനം നേടാൻ അദ്ദേഹം ഉപദേശിച്ചു. മൃഗങ്ങൾ ഉൾപ്പെടെയുള്ള സഹജീവികളോട് അനുകമ്പ പുലർത്താനും ശിഷ്യഗണങ്ങളോടു നിർദേശിക്കുകയുണ്ടായി. ധാർമികവും നൈതികവുമായ ഇത്തരം ബൗദ്ധചിന്തകൾ പിൽക്കാലത്തു േക്രാഡീകൃതമാകുകയും അതിനു പലതരം ഭാഷ്യങ്ങൾ ഉണ്ടാവുകയും ചെയ്തു.
ബൗദ്ധദർശനങ്ങൾക്കുണ്ടായ വമ്പിച്ച സ്വീകാര്യത ബുദ്ധമതത്തെ ലോകത്തിന്റെ നാനഭാഗത്തേക്കു പടർത്തി. ബുദ്ധമതസാരങ്ങൾ മതരൂപങ്ങളിലും മതേതരരൂപങ്ങളിലും നിറഞ്ഞുനിൽക്കുന്നു. ബുദ്ധമതാനുയായികളിൽ ഭൂരിഭാഗവും ഏഷ്യയിലാണ് അധിവസിക്കുന്നതെങ്കിലും മറ്റു ഭൂഖണ്ഡങ്ങളിലും അതിനു വേരോട്ടമുണ്ട്. അതതിടങ്ങളിലെ തദ്ദേശീയ പാരമ്പര്യങ്ങളുമായി കണ്ണിചേർന്നും ഇടകലർന്നും പലതരം ബുദ്ധമതങ്ങളുണ്ടായി. ഒരേസമയം പ്രാചീനവും അതേസമയംതന്നെ സമകാലികവുമായി നിലകൊള്ളുന്ന ലോകമതങ്ങളിൽ ബുദ്ധമതത്തിനു സവിശേഷമായ പ്രാധാന്യമുണ്ട്.
ബുദ്ധമതത്തിന്റെ ആശയാദർശങ്ങളെ പിൻപറ്റിക്കൊണ്ട് നിരവധി ഡോക്യുമെന്ററി സിനിമകളും ഫീച്ചർ സിനിമകളും സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. ഗൗതമബുദ്ധന്റെ ജീവചരിത്രം, ബുദ്ധമതാശയങ്ങളുടെ അവതരണം എന്നിവക്കു പ്രാമുഖ്യം നൽകിയാണ് ഡോക്യുമെന്ററി സിനിമകളിൽ അധികവും നിർമിക്കപ്പെട്ടത്. കൂടാതെ വിവിധ നാടുകളിലെ ബുദ്ധമത ചരിത്രവും ചിത്രീകരണവിഷയമായി. എന്നാൽ, ഫീച്ചർ സിനിമകൾ ബുദ്ധമതചരിത്രാവതരണം എന്നതിനപ്പുറം ബുദ്ധമതാശയങ്ങളെ ദാർശനികവും ലാവണ്യാത്മകവുമായി പുനരാവിഷ്കരിക്കാനാണ് ശ്രമിക്കുന്നത്. ബൗദ്ധതത്ത്വങ്ങളുടെ ഇഫക്ടുകളും ഫ്ലാഷുകളും പല രീതിയിൽ കഥാത്മകമായി അവതരിപ്പിക്കപ്പെട്ടു. വൈദേശിക സിനിമകൾക്കു പുറമെ ഇന്ത്യയിൽനിന്നും ഇത്തരം സിനിമകൾ നിർമിക്കപ്പെടുകയുണ്ടായി. ഏതാനും സിനിമകൾ മലയാളത്തിലും പിറന്നു. ഈ സിനിമകളെയെല്ലാം ചേർത്ത് സങ്കൽപനപരമായ ഒരു ഗണമായി പരിഗണിച്ചാൽ അവയെ ‘ബുദ്ധസിനിമ’1 എന്നു വ്യവഹരിക്കാൻ കഴിയും. ഏതാനും ബുദ്ധസിനിമകളിലേക്കുള്ള സഞ്ചാരമാണ് ഈ ലേഖനം.
ബുദ്ധമതദർശനങ്ങൾ പ്രചരിപ്പിക്കുന്നതിനും മനുഷ്യാനുഭവങ്ങളുടെ സങ്കീർണതകൾ ചൂണ്ടിക്കാട്ടുന്നതിനും ബൗദ്ധസമൂഹങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകങ്ങൾ പ്രദർശിപ്പിക്കുന്നതിനുമുള്ള മാധ്യമമെന്ന നിലയിൽ നിരവധി സിനിമകൾ അന്താരാഷ്ട്രതലത്തിൽതന്നെ നിർമിക്കപ്പെട്ടിട്ടുണ്ട്. അനുകമ്പ/കാരുണ്യം, പ്രബുദ്ധത തുടങ്ങിയ സാർവകാലികവും സാർവലൗകികവുമായ വിഷയങ്ങൾ അവതരിപ്പിച്ച ഈ സിനിമകൾ രാജ്യാതിർത്തികൾ ഉല്ലംഘിച്ച് വിവിധ കാണിസമൂഹങ്ങളിലേക്ക് ചെന്നെത്തുകയുണ്ടായി.
1895ലാണ് ലൂമിയർ സഹോദരങ്ങളിലൂടെ സിനിമ എന്ന മാധ്യമം പൊതുസമൂഹത്തിലേക്ക് രംഗപ്രവേശംചെയ്യുന്നത്. കേവല ചലനഛായാചിത്രങ്ങൾക്കും ഡോക്യുമെന്ററി ചിത്രങ്ങൾക്കുംശേഷം 1906ൽ കഥ പറയുന്ന ‘ഫീച്ചർ സിനിമ’യും2 പിറവികൊണ്ടു. തുടർന്ന്, നിലവിലുള്ള കഥ, നോവൽ, നാടകം തുടങ്ങിയ സാഹിത്യരചനകളെ അധികരിച്ചും നിരവധി ഫോക് കഥാഖ്യാനങ്ങൾ, ചരിത്രസംഭവങ്ങൾ എന്നിവയെ ഉപജീവിച്ചും ഫിക്ഷൻ സിനിമകൾ നിർമിക്കപ്പെട്ടു. അങ്ങനെ ‘അനുവർത്തന/ അനുകൽപന സിനിമ’യുടെ (adaptation) പെരുക്കങ്ങൾതന്നെയുണ്ടായി. ഈ സാഹചര്യത്തിലാണ് 1925ൽ ഇന്തോ-യൂറോപ്യൻ സഹകരണത്തോടെ ‘ദി ലൈറ്റ് ഓഫ് ഏഷ്യ’ എന്ന അന്താരാഷ്ട്ര നാമത്തിൽ അറിയപ്പെടുന്ന ‘േപ്രം സന്ന്യാസ്’3 എന്ന നിശ്ശബ്ദ സിനിമ പുറത്തിറങ്ങുന്നത്. 1879ൽ എഡ്വിൻ ആർനോൾഡ് ഏഷ്യയുടെ വെളിച്ചവും തെളിച്ചവുമായ ശ്രീബുദ്ധനെ കേന്ദ്രമാക്കി എഴുതിയ ‘ദി ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കാവ്യാഖ്യാനത്തിന്റെ അനുകൽപനമായിരുന്നു അത്. ചിത്രം സംവിധാനംചെയ്തത് ഫ്രാൻസ് ഓസ്റ്റൺ, ഹിമാൻഷു റായ് എന്നിവർ ചേർന്നാണ്. സിദ്ധാർഥ രാജകുമാരൻ ഗൗതമബുദ്ധനായി മാറുന്ന ചരിത്രജീവിതം/ ജീവചരിത്രം ആകുന്നു പ്രതിപാദ്യം.
പൗരസ്ത്യ ദേശങ്ങളെ ചിത്രീകരിക്കാൻ കൃത്രിമ സെറ്റുകൾ ഉപയോഗിച്ചിരുന്ന പാശ്ചാത്യ സിനിമകളിൽനിന്ന് വ്യത്യസ്തമായി, ‘േപ്രം സന്ന്യാസി’ന്റെ ചിത്രീകരണം പൂർണമായും ഇന്ത്യൻ സ്ഥലരാശികളിലാണ് നടന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനായി ജയ്പൂർ മഹാരാജാവ് തന്റെ കൊട്ടാരം വിട്ടുകൊടുക്കുന്നതടക്കം നിരവധി സഹായങ്ങൾ ചെയ്യുകയുണ്ടായി. പൗരസ്ത്യനാട്ടിലെ കഥ/ ചരിത്രം പറയാനായി ജർമൻ എക്സ്പ്രഷനിസ്റ്റ് സാങ്കേതിക വൈദഗ്ധ്യം (പ്രത്യേകിച്ച് ഛായാഗ്രഹണത്തിലും ലൈറ്റിങ്ങിലും) ഉപയോഗപ്പെടുത്തിയ ആദ്യ സന്ദർഭംകൂടിയായിരുന്നു അത്. ലണ്ടനിലെ ഫിൽഹാർമോണിക് ഹാളിൽ പത്തു മാസത്തോളം ‘േപ്രം സന്ന്യാസ്’ പ്രദർശിപ്പിച്ചു. കൂടാതെ വിൻഡ്സർ കാസിലിൽ ബ്രിട്ടീഷ് രാജകുടുംബത്തിനായും പ്രദർശനമുണ്ടായി. ഈ സിനിമ ലണ്ടനിലും ബെർലിനിലും വമ്പിച്ച നിരൂപകശ്രദ്ധ നേടുകയുംചെയ്തു.
1956ൽ കോൺ ഇഷികാവ എന്ന ജാപ്പനീസ് ചലച്ചിത്രകാരൻ സാക്ഷാത്കരിച്ച ബുദ്ധസിനിമയാണ് ‘ദി ബർമീസ് ഹാർപ്’ (The Burmese Harp)4. മിഷിയോ ടകേയാമ രചിച്ച ഇതേ പേരിലുള്ള കുട്ടികളുടെ നോവലിനെ അടിസ്ഥാനമാക്കിയ അനുകൽപന സിനിമയാണത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബർമയിൽ പോരാടിയ ജാപ്പനീസ് പട്ടാളക്കാരുടെ കഥയാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം. യുദ്ധത്തിനൊടുവിൽ പട്ടാളസംഘത്തിലെ മിസുഷിമ എന്നയാളെ കാണാതാവുന്നു. അയാൾ മരിച്ചുവെന്ന് മറ്റുള്ളവർ ധരിക്കുന്നു. എന്നാൽ, അതിജീവിച്ച മിസുഷിമ, ഒരു ബുദ്ധസന്ന്യാസിയുടെ വസ്ത്രവും കവർന്നെടുത്ത് തല മുണ്ഡനവും ചെയ്ത് യുദ്ധഭൂമിയിലൂടെ നടക്കുന്നു. യുദ്ധം വിതച്ച ദാരുണമായ കാഴ്ചകൾ അയാളെ പ്രത്യഭിയിലേക്കു നയിക്കുന്നു. സിനിമയുടെ അവസാനഭാഗമെത്തുമ്പോഴുള്ള മിസുഷിമയുടെ തിരിച്ചറിവും വീണ്ടെടുപ്പും (redemption) പ്രജ്ഞയുമാണ് ഇതിനെയൊരു ബുദ്ധസിനിമയാക്കുന്നത്.
ജർമൻ സാഹിത്യകാരനായ ഹെർമൻ ഹെസ്സേ 1922ൽ രചിച്ച വിഖ്യാത നോവലാണ് ‘സിദ്ധാർഥ’. ഇതിന്റെ കഥാഖ്യാനത്തെ അധികരിച്ച് 1972ൽ കോൺറാഡ് റൂക്സ് ഇതേ പേരിൽ ഒരു സിനിമ സംവിധാനംചെയ്തു. ചിത്രത്തിന്റെ ദാർശനികമാനംകൊണ്ടും ഛായാഗ്രഹണത്തിന്റെ പ്രത്യേകതകൊണ്ടും ഈ ഇന്തോ-അമേരിക്കൻ ചിത്രം ഒരു കൾട്ട് ക്ലാസിക്കായി മാറി5. ഇന്ത്യൻ ഭൂപ്രകൃതിക്ക് പ്രകാശപൂർണവും (luminous) സ്വപ്നതുല്യവുമായ (dream-like) പ്രഭാവം നൽകാൻ പ്രകൃതിദത്ത വെളിച്ചത്തെ ഉപയോഗപ്പെടുത്തിയുള്ള ലൈറ്റിങ്ങിനു കഴിഞ്ഞു. സിദ്ധാർഥൻ എന്ന സമ്പന്നനായ യുവാവ് തന്റെ സുഹൃത്തായ ഗോവിന്ദയെയടക്കം എല്ലാം ഉപേക്ഷിച്ച് നാടുവിട്ടലയുന്നതും ഒടുവിൽ ഗൗതമ ബുദ്ധനെ കണ്ടുമുട്ടുന്നതുമാണ് മുഖ്യപ്രമേയം. ഗുരുവിനു പഠിപ്പിച്ചുതരാൻ കഴിയുന്നതല്ല ജ്ഞാനമെന്നും അതു സ്വയം അനുഭവിച്ചറിയേണ്ടതാണെന്നും ബുദ്ധനിലൂടെ സിദ്ധാർഥ മനസ്സിലാക്കുന്നു. ഈ ബുദ്ധമാർഗമാണ് ഈ ചലച്ചിത്രത്തിന്റെയും രംഗപാത.
‘വൈ ഹാസ് ബോധി ധർമ ലെഫ്റ്റ് ഫോർ ദി ഈസ്റ്റ്’ (Why has Bodhi-Dharma Left for the East?) എന്ന ദക്ഷിണ കൊറിയൻ ചലച്ചിത്രം ബുദ്ധമതത്തിന്റെ ആത്മാവിനെ ആവിഷ്കരിക്കുന്ന ഒരു മാസ്റ്റർപീസാണ്. ബേ യോങ് ക്യുൻ എന്ന സംവിധായകനാണ് 1989ൽ പുറത്തുവന്ന ഈ ചിത്രത്തിന്റെ നിർമാതാവും രചയിതാവും എഡിറ്ററും ഛായാഗ്രാഹകനും. ആഖ്യാനം ചെയ്യുന്ന വിഷയത്തിന്റെ സ്വഭാവമനുസരിച്ച് Slow Cinemaയുടെ രീതിശാസ്ത്രമാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ധ്യാനത്തിന്റെ പ്രശാന്തതയും ഏകാന്തതയും ധ്വനിപ്പിക്കാനായാണ് മന്ദഗതിയിൽ സിനിമയൊരുക്കിയത്. സിനിമയിലൂടെ തത്ത്വചിന്ത പറയാനല്ല, കാണിക്കാനാണ് ശ്രമിച്ചിരിക്കുന്നത്.
ബെർനാഡോ ബെർടിലൂചി സംവിധാനംചെയ്ത സിനിമയാണ് ‘ലിറ്റിൽ ബുദ്ധ’ (1993). ഇറ്റലി, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങളുടെ പരസ്പര സഹകരണത്തോടെ നിർമിക്കപ്പെട്ട ഈ സിനിമ തിബത്തൻ ബുദ്ധമതത്തിന്റെ ആശയാവലികളെ പിൻപറ്റുന്നു. ‘ദി ലാസ്റ്റ് എംപറർ’ (1987), ‘ദി ഷെൽട്ടറിങ് സ്കൈ’ (1990) എന്നിവക്കുശേഷം വരുന്ന അദ്ദേഹത്തിന്റെ പൗരസ്ത്യ സിനിമാത്രയത്തിന്റെ (oriental Trilogy) അവസാന ഭാഗമാണിത്. 1997ൽ പുറത്തിറങ്ങിയ ‘Kundun’ എന്ന അമേരിക്കൻ ജീവചരിത്രസിനിമ പതിനാലാമത്തെ ദലൈലാമയുടെ ജീവിതം ചിത്രീകരിക്കുന്നതാണ്. വിഖ്യാത ചലച്ചിത്രകാരനായ മാർട്ടിൻ സ്കോർസെസെയാണ് നാടുകടത്തപ്പെട്ട തിബത്തൻ ബുദ്ധാചാര്യന്റെ ജീവിതവൃത്താന്തം അഭ്രപാളീകരിച്ചത്6. രാഷ്ട്രം, മതം, രാഷ്ട്രീയം, ആത്മീയത, അധികാരം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഈ ചിത്രത്തെ ചൂഴ്ന്നുനിൽക്കുന്നു.
‘ലിറ്റിൽ ബുദ്ധ’യോട് ചേർത്തുവെക്കാൻ കഴിയുന്ന മറ്റൊരു തിബത്ത് സംബന്ധിയായ ചിത്രമാണ് ‘Seven Years in Tibet' (1997). ദലൈലാമയുടെ സുഹൃത്തായി മാറിയ ഓസ്ട്രിയൻ പർവതാരോഹകൻ ഹെൻറിച് ഹാരറുടെ ഓർമക്കുറിപ്പിനെ ആധാരമാക്കിയാണ് ഴാങ് ഴാക് അനൗ (Jean-Jacques Annaud) ഈ ജീവചരിത്ര സിനിമ സംവിധാനംചെയ്തത്. തിബത്തിലെ ചൈനീസ് അധിനിവേശത്തിനു തൊട്ടുമുമ്പ് സംഭവിച്ച, രാഷ്ട്രീയപരവും വ്യക്തിപരവുമായ പരിവർത്തനങ്ങളിലേക്ക് ഈ ദൃശ്യാഖ്യാനം ശ്രദ്ധതിരിക്കുന്നു. ബുദ്ധമതത്തിന്റെ ദാർശനികമാനങ്ങളെക്കാൾ രാഷ്ട്രീയത്തിനാണ് ഈ രണ്ട് സിനിമകളും ഊന്നൽ നൽകുന്നത്.
ഒരു പ്രമുഖ തിബത്തൻ ലാമയായ ക്യന്റെ്സെ നോർബു സംവിധാനംചെയ്ത സിനിമയാണ് ‘ദി കപ്പ്’ (1999). ഭൂട്ടാനിൽ ചിത്രീകരിച്ച ആദ്യ ഫീച്ചർ സിനിമ എന്ന ഖ്യാതികൂടി ഇതിനുണ്ട്. ഹിമാലയത്തിന്റെ താഴ്വരയിലുള്ള ഒരു ആശ്രമത്തിലാണ് കഥ നടക്കുന്നത്. 1998ലെ ഫുട്ബാൾ ലോകകപ്പിനോട് ആഭിമുഖ്യമുള്ള അഭയാർഥികളായ രണ്ട് യുവ ഭിക്ഷുക്കളിലൂടെയാണ് കഥ വികസിക്കുന്നത്. കളിയുടെ ഫൈനലിൽ എത്തിയ ബ്രസീൽ, ഫ്രാൻസ് എന്നീ ടീമുകളിൽ ഫ്രാൻസിനോടാണ് ഇരു ഭിക്ഷുക്കൾക്കും മമത. ബുദ്ധവിഹാരത്തിൽ കളി കാണാനായി ടെലിവിഷനില്ലാത്തതിനാൽ അവരതു സംഘടിപ്പിക്കാൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമക്ക് നാടകീയത വർധിപ്പിക്കുന്നത്.
ഇതൊരു കോമഡി ചിത്രമാണെങ്കിലും അതിനുള്ളിൽ വികാരഭരിതമായ രാഷ്ട്രീയ അന്തർധാര പ്രവർത്തിക്കുന്നുണ്ട്. ഫ്രാൻസ് എന്ന രാഷ്ട്രം സ്വതന്ത്ര തിബത്തിനെ പിന്തുണച്ചതുകൊണ്ടാണ് ഭിക്ഷുക്കൾ ഫ്രാൻസിനായി വാദിക്കുന്നത്. തിബത്തുകാർക്ക് സ്വന്തമായി ഒരു ദേശീയ ടീമില്ല. ആയതിനാൽ സ്വന്തം മാതൃരാജ്യത്തെ പിന്താങ്ങിയ രാജ്യത്തെ അ/ബോധപൂർവം പിന്താങ്ങുക എന്ന കടമ അവർ മനശ്ശാസ്ത്രപരമായി നിർവഹിക്കുകയാണ്. ലൗകികത/ ആത്മീയത എന്ന ദ്വന്ദ്വത്തെത്തന്നെയാണ് ഈ സിനിമ ആത്യന്തികമായി പ്രശ്നവത്കരിക്കുന്നത്. മറ്റു ബുദ്ധസിനിമകളിൽനിന്ന് ഈ ചിത്രം ഇങ്ങനെ പല നിലകളിൽ വ്യത്യസ്തമാണ്7.
ജർമനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ പാൻ നളിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ഒരു സ്വതന്ത്ര ചിത്രമാണ് ‘സംസാര’. ഒരു ബുദ്ധസന്ന്യാസിയുടെ ജ്ഞാനോദയത്തിനായുള്ള അന്വേഷണമാണ് സിനിമയുടെ ഉള്ളടക്കം. ഹിമാലയത്തിലെ ലഡാക്കിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ആത്മീയ പ്രണയകഥകൂടിയാണിത്. ഭൗതികലോകത്തെ ത്യജിച്ച് ആത്മീയമായ പ്രബുദ്ധത കണ്ടെത്താനുള്ള ഒരുവന്റെ അന്വേഷണവും പ്രണയവും ജീവിതവും നിലനിർത്താനുള്ള ഒരുവളുടെ പോരാട്ടവും ഈ സിനിമയിൽ സമന്വയിക്കുന്നു.
കിം കി ഡുക്ക് സംവിധാനംചെയ്ത ‘Spring, Summer, Autumn, Winter... and Spring’ എന്ന ചിത്രത്തിന് (2003) ചലച്ചിത്ര ചരിത്രത്തിൽതന്നെ വളരെയേറെ പ്രാധാന്യമുണ്ട്. ഈ സിനിമ കണ്ട കാണി/ കാണാത്ത കാണി എന്നിങ്ങനെ കാണിസമൂഹത്തെത്തന്നെ, തെല്ലൊരു അതിശയോക്തിയോടെയാണെങ്കിലും, വിഭജിച്ചു കണ്ടിട്ടുണ്ട്. ഈ സിനിമ കണ്ടുകഴിയുന്നതോടെ കാണി മറ്റൊരാളായി രൂപാന്തരപ്പെടുമെന്ന വാദവും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതെന്തുതന്നെയായാലും ഈ കൊറിയൻ സിനിമ ഒരു മാസ്റ്റർപീസാകുന്നു. മാറിമാറി വരുന്ന ഋതുക്കളെ മനുഷ്യരുടെ മനോനിലകളുമായി ചേർത്തുവെക്കുന്ന ദൃശ്യലാവണ്യശാസ്ത്രമാണ് ഈ സിനിമയുടെ അനന്യത. ശൂന്യമായ താഴ്വരയിലെ തടാകത്തിൽ പൊന്തിനിൽക്കുന്ന ഒരു ബുദ്ധവിഹാരത്തിലെ ബുദ്ധഭിക്ഷുവിനെയും അദ്ദേഹത്തിന്റെ ശിഷ്യനെയും കേന്ദ്രീകരിച്ചാണ് സിനിമ വികസ്വരമാകുന്നത്. ഓരോ െഫ്രയിമും ആത്മീയതയുടെ ദൃശ്യപാളികളായി കണ്ണുകളിലേക്കു വന്നണയുന്ന അനുഭവം സൃഷ്ടിക്കാൻ കിം കി ഡുക്കിനു കഴിയുന്നു.
‘ദി ഹോളി മാൻ’ (2005) എന്ന തായ് സിനിമയെ ‘റിലീജ്യസ് കോമഡി’ (religious comedy) എന്നു വിശേഷിപ്പിക്കാം. നോട് ചേൻ–യിം സംവിധാനം ചെയ്ത ഈ ചിത്രം തായ്ലൻഡിൽ വൻ ബോക്സോഫിസ് വിജയം നേടുകയുണ്ടായി. ചിത്രത്രയം (trilogy) ഒരുക്കാൻ ഈ വിജയം സംവിധായകനെ േപ്രരിപ്പിക്കുകയുംചെയ്തു. നേതെൻ ചോക്ലിങ് സംവിധാനം ചെയ്ത ‘മിലരേപ’ (2006) ഒരു തിബത്തൻ ഭാഷാ ചിത്രമാണ്. മിലരേപ എന്ന പേരിൽ അറിയപ്പെടുന്ന തിബത്തിലെ ഏറ്റവും പ്രശസ്തനായ ഒരു താന്ത്രിക് യോഗിയുടെ മുൻകാല ജീവിതത്തെ നാടകീയമായി ആവിഷ്കരിക്കുകയാണ് ഈ ബുദ്ധസിനിമ.
മഹായാന ബുദ്ധമത പാരമ്പര്യത്തിൽനിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് സെൻ ബുദ്ധിസം8. അതിലെ ഒരു സവിശേഷവിഭാഗം (sect) ആയ സോട്ടോ സെൻ ബുദ്ധിസത്തിന്9 പതിമൂന്നാം നൂറ്റാണ്ടിൽ ജപ്പാനിൽ അടിത്തറ പാകിയ ഡോഗെൻ സെൻജി എന്ന ആത്മീയ ആചാര്യന്റെ ജീവിതത്തെ ധ്യാനാത്മകമായി അവതരിപ്പിക്കുന്ന സിനിമയാണ് ‘സെൻ’ (2009). ബെനേമി തഹകാഷിയാണ് സംവിധായകൻ. കാൻ ചലച്ചിത്രമേളയിൽ ‘പാൻ ഡി’ഓർ നേടിയ ‘Uncle Boonmee Who Can Recall His Past Lives’ (2010) എന്ന സർറിയൽ സിനിമയുടെയും 2013ൽ പുറത്തിറങ്ങിയ ‘ദി ധർമ കിങ്’ എന്ന നേപ്പാൾ ചിത്രത്തിന്റെയും അടിത്തറയായി വർത്തിക്കുന്നത് ബുദ്ധമതസമീക്ഷകളാണ്.
1923ൽ സാക്ഷാത്കരിക്കപ്പെട്ട ‘ബുദ്ധദേവ്’ എന്ന നിശ്ശബ്ദ സിനിമക്ക് ഇന്ത്യൻ സിനിമാ ചരിത്രത്തിൽതന്നെ പ്രാധാന്യമേറെയുണ്ട്. ശ്രീബുദ്ധനെക്കുറിച്ചുള്ള ആദ്യത്തെ ഫീച്ചർ ഫിലിം കൂടിയാണിത്. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാെഹബ് ഫാൽക്കെയാണ് ഈ ചിത്രം സംവിധാനംചെയ്തത്. ഫാൽക്കെയുടെ അധീനതയിലുള്ള ഹിന്ദുസ്ഥാൻ സിനിമാ ഫിലിം കമ്പനി നിർമിച്ച ഈ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ഗൗതമന്റെ ജീവിതത്തെ വിവരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വിശദാംശങ്ങൾ വിരളമാണെങ്കിലും ബുദ്ധമതപ്രമേയത്തെ വെള്ളിത്തിരയിലെത്തിക്കാനുള്ള ആദ്യ പരിശ്രമമായിരുന്നു അത്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകയായ അന്ന സാലുങ്കേയാണ്10 ബുദ്ധനായി അഭിനയിച്ചത്.
‘തഥാഗത ബുദ്ധ: ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് ഗൗതമബുദ്ധ’ (Tathagatha Buddha: The Lifetime of Gautama Buddha) എന്ന സിനിമ അല്ലാനി ശ്രീധർ സംവിധാനംചെയ്തിട്ടുണ്ട്. തെലുഗുവിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം ഇംഗ്ലീഷിൽ ഡബ് ചെയ്ത് ‘The Path Finder’ (2008) എന്ന പേരിലും പുറത്തിറക്കി. നേപ്പാളിലെ കപിലവസ്തുവിൽ ജീവിച്ചിരുന്ന ഗൗതമബുദ്ധന്റെ കഥ പറയാനാണ് ഈ സിനിമയും ശ്രമിക്കുന്നത്. പ്രവീൺ ഡാംലേ സംവിധാനംചെയ്ത ‘എ ജേണി ഓഫ് സമ്യക് ബുദ്ധ’ എന്ന ചിത്രം ഡോ. ബി.ആർ. അംബേദ്കറുടെ ‘The Buddha and His Dhamma’ എന്ന കൃതിയെ അവലംബമാക്കി നിർമിച്ചതാണ്. ക്ലാസിക് ബോളിവുഡ് ചിത്രമായ അംഗുലിമാൽ (1960), അമ്രപാലി (1966) എന്നീ ചിത്രങ്ങൾക്കും ബൗദ്ധബന്ധമുണ്ട്. മാതൃകകൾ എന്നനിലയിൽ ഇതുവരെ സൂചിപ്പിച്ച ഒരുപറ്റം സിനിമകൾ ബുദ്ധമത സംസ്കാരങ്ങളുടെ വൈവിധ്യം പ്രദർശിപ്പിക്കുമ്പോൾ മറ്റുള്ളവ ആത്മീയ ഉണർച്ചയെയും അഭിമാനത്തെയും അഭിസംബോധന ചെയ്യുന്നവയാകുന്നു.
ചില സിനിമകൾ ശ്രീബുദ്ധനെയും ബുദ്ധമതത്തെയും നേരിട്ട് അവതരിപ്പിക്കുമ്പോൾ മറ്റു ചിലത് ബുദ്ധമതത്തിന്റെ ദർശനങ്ങളെയും ആശയാവലികളെയും മാത്രം പിൻപറ്റുന്നവയാണ്. ഇനിയും ചിലതാകട്ടെ, സ്വതന്ത്രവും ഭാവനാത്മകവുമായ കഥപറയുന്നതിന്റെ പശ്ചാത്തലമായോ ഉപാഖ്യാനമായോ ബൗദ്ധബന്ധം കൊണ്ടുവരാൻ ശ്രമിക്കുന്നവയാണ്. ബുദ്ധമതത്തെ മുൻനിർത്തി നിരവധിയായ ഡോക്യുമെന്ററി സിനിമകൾക്കും ഡോക്യു–ഫിക്ഷൻ സിനിമകൾക്കും പുറമെ ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ബുദ്ധസിനിമകൾ നിർമിക്കപ്പെട്ടിട്ടുണ്ട്. അതിൽ മുഖ്യധാരാ ജനപ്രിയ സിനിമകളും ഗൗരവ/ കലാ സിനിമകളും ഉൾപ്പെടുന്നു. മലയാളത്തിലും ഏതാനും ബുദ്ധസിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽപെട്ട മൂന്നു കഥാസിനിമകളിലേക്ക് ഒന്നു കണ്ണോടിക്കാം. ബുദ്ധമതത്തെ മൂന്നുതരത്തിൽ ഉപയോഗപ്പെടുത്തിയ/ പ്രയോജനപ്പെടുത്തിയ ചലച്ചിത്രങ്ങളാണവ.
1992ൽ റിലീസ് ചെയ്ത ജനപ്രിയ മലയാള സിനിമയാണ് ‘യോദ്ധ’. സംഗീത് ശിവൻ കഥാരചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിനു തിരക്കഥ തയാറാക്കിയത് ശശിധരൻ ആറാട്ടുവഴിയാണ്. സന്തോഷ് ശിവൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചു. എ.ആർ. റഹ്മാനാണ് സംഗീതസംവിധായകൻ. അദ്ദേഹം സംഗീതസംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമാണിത്. സാഗാ ഫിലിംസിന്റെ ബാനറിൽ നിർമിക്കപ്പെട്ട ഈ ചിത്രത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, സിദ്ധാർഥ് ലാമ, മധുബാല, പുനീത് ഇസാർ, ഉർവശി തുടങ്ങിയവർ അഭിനയിച്ചു.
‘തേർട്ടി സിക്സ്ത് ചേംബർ ഓഫ് ഷാവൊലിൻ’ (The 36th Chamber of Shaolin) എന്ന ഹോങ്കോങ് ആയോധനകലാ സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘യോദ്ധ’ തയാറാക്കിയത്. ‘ബുദ്ധ’ എന്ന പേരാണ് സിനിമക്ക് ആദ്യം നൽകിയതെങ്കിലും പിന്നീടു പേരു മാറ്റുകയായിരുന്നു. കുടുംബപുരാണവും തമാശയും ആയോധനകലയും നേപ്പാളിലെ ബുദ്ധമതാചാരങ്ങളുമൊക്കെ ചേർത്തുവെച്ച കോമഡി-ആക്ഷൻ ചിത്രമാണ് ‘യോദ്ധ’. റിംപോച്ചെ എന്ന ലാമയുടെ പാത്രസൃഷ്ടിയിൽ അമേരിക്കൻ ചിത്രമായ ‘ദി ഗോൾഡൻ ചൈൽഡ്’ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സംവിധായകൻ സൂചിപ്പിച്ചിട്ടുണ്ട്.
തൈപ്പറമ്പിൽ അശോകനും അരശുംമൂട്ടിൽ അപ്പുക്കുട്ടനും ജ്യേഷ്ഠത്തിയുടെയും അനുജത്തിയുടെയും മക്കളാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ശത്രുതയിലായതിനാൽ അവർ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നു. ഇതേസമയം, നേപ്പാളിൽ പുതിയ ലാമയെ (റിംപോച്ചെ) വാഴിക്കുന്ന ചടങ്ങുകൾ നടക്കുകയാണ്. റിംപോച്ചെയെ തട്ടിക്കൊണ്ടുപോയി ബലികഴിച്ച് ലോകത്തിന്റെ അധികാരം നേടാൻ ഒരുകൂട്ടർ ശ്രമിക്കുന്നു. കഥയുടെ ഒരു തിരിവിൽ അപ്പുക്കുട്ടനും അശോകനും നേപ്പാളിലെത്തുന്നു. മുറപ്പെണ്ണായ അശ്വതി നേപ്പാളിലെ പുരാതന ആചാരങ്ങളെപ്പറ്റി ഗവേഷണം നടത്തുകയാണ്. അശോകന്റെ കാമറയിൽ പതിഞ്ഞിരിക്കുന്ന മാല റിംപോച്ചെയുടേതാണെന്ന് ഒരുവേള അവൾ തിരിച്ചറിയുന്നു. ഉപജാപകസംഘം തട്ടിക്കൊണ്ടുപോയ റിംപോച്ചെയെ പരിശീലനം നേടിയ അശോകൻ രക്ഷിക്കുകയും വില്ലനെ കൊല്ലുകയും ചെയ്യുന്നു. ഇതാണ് ‘യോദ്ധ’യുടെ കഥാസാരം.
നായകൻ വില്ലനെ കൊല്ലുക, നായികയെ വീണ്ടെടുക്കുക എന്നീ ജനപ്രിയസിനിമയുടെ പതിവു ഫോർമുലകളിൽനിന്നു വ്യത്യസ്തമല്ല ഈ ചിത്രവും. ‘യോദ്ധ’ക്ക് ബുദ്ധമതവുമായി നേരിട്ടു ബന്ധമൊന്നുമില്ല. എന്നാൽ, ലാമയായ റിംപോച്ചെയുടെ കഥാപാത്രാവിഷ്കാരം, താന്ത്രിക ബുദ്ധമതത്തിന്റെ ചിഹ്നാവലികൾ, ബുദ്ധിസ്റ്റ് വാസ്തുകലയുടെ പശ്ചാത്തലം, ബുദ്ധിസ്റ്റ് വംശീയ സംഗീതം (ethno-music) എന്നിവയുടെ ചേരുവകളാൽ സിനിമക്ക് ഒരു ബൗദ്ധഛായ കൈവരുന്നു. എ.ആർ. റഹ്മാൻ ഈ സിനിമക്കായി തയാറാക്കിയ പാട്ടുകളുടെ ഈണം, ഓർക്കസ്േട്രഷൻ, പശ്ചാത്തല സംഗീതം (റീറെേക്കാഡിങ്) എന്നിവയും ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കഥപോലെതന്നെ പ്രധാനമാണ് ഫോർഗ്രൗണ്ടിലും ബാക്ക്ഗ്രൗണ്ടിലുമായി കടന്നുവരുന്ന സൂചകങ്ങൾ (signifiers). സൂചകങ്ങൾ സൂചിതങ്ങളിലേക്ക് (signifieds) കാണിയെ നയിച്ചുകൊണ്ടേയിരിക്കും. ഭാഷ, വസ്ത്രം, വസ്തു, നിറം, സംഗീതം തുടങ്ങിയവയെല്ലാം സൂചകങ്ങളാണ്. ഈ അന്തരീക്ഷസൃഷ്ടിയാണ് ഒരു സാധാരണ കോമഡി സിനിമയിൽനിന്നും അടിപ്പടത്തിൽനിന്നും ‘യോദ്ധ’യെ മോചിപ്പിക്കുന്നത്.
ജയൻ കെ. ചെറിയാന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ‘പാപ്പിലിയോ ബുദ്ധ’. പരിസ്ഥിതി പ്രവർത്തകനായ കല്ലേൻ പൊക്കുടൻ, ശ്രീകുമാർ, തമ്പി ആന്റണി, പത്മപ്രിയ തുടങ്ങിയവരാണ് അഭിനേതാക്കൾ. കൂടാതെ നൂറിൽപരം ആദിവാസികളും ചിത്രത്തിലുണ്ട്. ജയനും പി. സുരേന്ദ്രനും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമയുടെ ശീർഷകത്തിൽ ‘ബുദ്ധ’ശബ്ദമുണ്ടെങ്കിലും പശ്ചിമഘട്ടനിരയിൽ കാണുന്ന പ്രത്യേകതരം ശലഭത്തിന്റെ പേരാണത്. ഈ ശലഭത്തെ അന്വേഷിച്ചുവരുന്നതായി ഒരു വിദേശിയെ കഥാലോകത്തേക്ക് യുക്തിപൂർവം തുന്നിച്ചേർത്തിട്ടുമുണ്ട്.
പുറന്തോടിലെ ബുദ്ധശബ്ദമല്ല മറിച്ച്, അകത്തെ കഥാതന്തുവാണ് ഇതിനെ ഒരു ബുദ്ധസിനിമയാക്കുന്നത്. മുമ്പ് സൂചിതമായ ബുദ്ധസിനിമകളുടെ രീതിയിലല്ല ഇവിടെ ബുദ്ധിസം കടന്നുവരുന്നത്. വയനാട്ടിലെ ആദിവാസി ഭൂമിപ്രശ്നവും അതിനെത്തുടർന്ന് ദലിതർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. കേരളത്തിലെ ആദിവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ, ചെങ്ങറ ഭൂസമരം, ഡി.എച്ച്.ആർ.എം പ്രവർത്തകർക്കു നേരെയുണ്ടായ പൊലീസ് നടപടി, ദലിത് ഓട്ടോ ൈഡ്രവർക്കുണ്ടായ ദുരനുഭവം തുടങ്ങി നിരവധി സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ ‘പാപ്പിലിയോ ബുദ്ധ’ മുന്നോട്ടുവെക്കുന്നു.
േശ്രണീകൃതമായ ജാതിഘടനയിൽനിന്നു പുറത്തുവന്നാൽ മാത്രമേ വിമോചനം സാധ്യമാകൂ എന്ന തിരിച്ചറിവിൽനിന്നാണ് അംബേദ്കർ സ്വീകരിച്ച നവയാന ബുദ്ധമതത്തിന്റെ വഴിയേ കീഴാളസമൂഹം നീങ്ങുന്നത്. ബുദ്ധമതത്തിന്റെ ആധുനികമായ പുനരാഖ്യാനമാണ് നിയോ ബുദ്ധിസം അഥവ നവയാന ബുദ്ധമതം. 1956ൽ ഉദയംകൊള്ളുന്ന ഈ പ്രസ്ഥാനത്തിന്റെ േപ്രാദ്ഘാടകൻ ഡോ. ബി.ആർ. അംബേദ്കറാണ്. അർഥരഹിതമായ ജാതിഘടന നിലനിൽക്കുന്ന ഹിന്ദുമതം ഉപേക്ഷിച്ച് താൻ ബുദ്ധമതം സ്വീകരിക്കുകയാണെന്ന് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. നവയാന എന്നത് ബുദ്ധമതത്തിന്റെ പാരമ്പര്യധാരയല്ലെന്നും നവീന മാർഗമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അനുകമ്പ, സാഹോദര്യം, അഹിംസ, ജാതിരഹിതവീക്ഷണം തുടങ്ങിയ ബുദ്ധമതാശയാവലികളെ ജീവനത്തിനും അതിജീവനത്തിനുമുള്ള ദർശനങ്ങളായി നവയാനക്കാർ ഏറ്റെടുത്തു. ദലിത് സമൂഹങ്ങളുടെ ഭൗതികവിമോചനത്തിനുള്ള മാർഗമായി ഇവിടെ ബുദ്ധമതം പരിണമിക്കുകയാണ്. ഈ മാർഗത്തെ ആവിഷ്കരിക്കുന്നതിലൂടെയാണ് ‘പാപ്പിലിയോ ബുദ്ധ’ ഒരു ബുദ്ധസിനിമയായി മാറുന്നത്.
2014ൽ കേരളത്തിൽ റിലീസായ ബുദ്ധസിനിമയാണ് ‘ബോധി’. ജി. അജയൻ സംവിധാനംചെയ്ത ഈ ചിത്രം, ശ്രീബുദ്ധന്റെയും അംബേദ്കറിന്റെയും യാത്രകൾ വർത്തമാനകാലത്തിലും തുടരേണ്ടതുണ്ടെന്ന രാഷ്ട്രീയപാഠം മുന്നോട്ടുവെക്കുന്നു. ഇതൊരു ചരിത്രസിനിമ (historical film) അല്ല. പക്ഷേ, വിവിധ ചരിത്രസന്ദർഭങ്ങളാണ് സംവിധായകന്റെ യാത്രക്ക് ചൂട്ടുപിടിക്കുന്നത്.
ശ്രീബുദ്ധൻ എന്ന പ്രതിഭാസത്തിനും അംബേദ്കർ എന്ന വിമോചകനും പുറമെ കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’യും രവീന്ദ്രനാഥ ടാഗോറിന്റെ ‘ചണ്ഡാലിക’യും ലക്ഷ്മി നരസുവിന്റെ ചരിത്രവീക്ഷണങ്ങളും സംവിധായകന്റെ പാതയെ തെളിക്കുന്ന വഴിവിളക്കുകളാണ്. ഈ അർഥത്തിൽ ‘ബോധി’ മിശ്രപാഠങ്ങളിലൂടെയുള്ള യാത്രകൂടിയാകുന്നു (അജു കെ. നാരായണൻ, ചെറി ജേക്കബ്, 2016). ദലിതർ പൊതുവഴിയിലൂടെ സഞ്ചരിച്ചാൽ മേലാളരിൽനിന്നു മർദനം അനുഭവിക്കേണ്ടിവരുന്ന കാലഘട്ടമാണ് സിനിമയുടെ പൊതു പശ്ചാത്തലം. ഈ ചരിത്രാനുഭവത്തെ മാതംഗി എന്ന ചണ്ഡാലികയിലൂടെ അവതരിപ്പിക്കാനാണ് സിനിമ ശ്രമിച്ചിരിക്കുന്നത്. മാതംഗിയുടെ ബോധോദയത്തിലേക്കുള്ള യാത്രകൂടിയാണ് ബോധി.
ബോധിധർമന്റെ ശിഷ്യനായ ആനന്ദൻ, മാതംഗിയോട് കുടിക്കാനായി വെള്ളം ചോദിക്കുന്ന സന്ദർഭം സിനിമയിലുണ്ട്. തന്റെ കീഴാളത്തം അതിനനുവദിക്കുന്നില്ലെന്ന് അവൾ മറുപടി നൽകി. ജാതിവ്യത്യാസങ്ങൾ പാടില്ലെന്നു പറഞ്ഞ് ആനന്ദൻ മാതംഗിയിൽനിന്നു വെള്ളം വാങ്ങി കുടിക്കുന്നു. ഈ അനുഭവം സമ്മാനിച്ച വിവേകത്തെ തുടർന്ന് മാതംഗി ആനന്ദനെ കണ്ടെത്താനായി യാത്ര തുടങ്ങുന്നു. പോകുംവഴിയിൽ സവർണ ജാതിഹിന്ദുക്കളിൽനിന്ന് മർദനം ഏൽക്കേണ്ടതായി വരുന്നുണ്ട്. എങ്കിലും യാത്ര അവസാനിപ്പിക്കാതെ നീങ്ങിയ അവൾ ഒടുവിൽ ആനന്ദനെ കണ്ടുമുട്ടുന്നു. ശ്രീബുദ്ധനെ നേരിൽ കാണണമെന്ന ആഗ്രഹവും മാതംഗിയിൽ അങ്കുരിച്ചു. അതിനായി അവൾ ആനന്ദനോടൊപ്പം വീണ്ടും യാത്ര തുടർന്നു. യാത്രയുടെ ഒരു വേളയിൽ, പ്രകൃതിയെ സാക്ഷിയാക്കി ആനന്ദൻ അവളോടു പറഞ്ഞു: ‘‘പ്രകൃതിയാണ് ബുദ്ധൻ.’’ ആ വചനം അവളെ ജ്ഞാനത്തിലേക്ക് ഉണർത്തി. പ്രകൃതിയിൽ ബുദ്ധനെ ദർശിച്ച മാതംഗി ബുദ്ധഭിക്ഷുണിയായി രൂപാന്തരം പ്രാപിക്കുന്നു.
മാതംഗിയുൾപ്പെടെയുള്ള ബുദ്ധഭിക്ഷുക്കൾ ആദിവാസികളടക്കമുള്ള ഗ്രാമീണരെ സന്ദർശിച്ച് അവരുടെ ദുഃഖങ്ങളിൽ പങ്കാളികളാവുകയും അവർക്ക് ബുദ്ധമതദർശനങ്ങൾ പകർന്നുകൊടുക്കുകയും ചെയ്യുന്നു. ഇതിനിടെ രാജാവായ പ്രസേനജിത്തും സംഘവും ബുദ്ധവിഹാരത്തെ ആക്രമിക്കുകയും ഭിക്ഷുക്കളെ കൊന്നൊടുക്കുകയുംചെയ്യുന്നു. ത്രിശൂലവുമായി നിൽക്കുന്ന അക്രമിയുടെ മുന്നിലൂടെ ശാന്തരായി നടന്നുനീങ്ങുന്ന ബാലഭിക്ഷുക്കളെ അവതരിപ്പിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. തുടർന്ന് പോസ്റ്റ് സീൻ എന്ന നിലയിൽ, ഡോ. അംബേദ്കർ ദലിതരെ ഉദ്ബോധിപ്പിക്കുന്ന ഒരു ന്യൂസ് റീൽ കാഴ്ചപ്പെടുത്തുന്നു.
‘ബോധി’യെ ഒരു പാത്ത് മൂവി (path movie)11 എന്ന നിലയിൽ നോക്കിക്കണ്ടാൽ അതിന്റെ ദാർശനിക മാനങ്ങൾ ആഴത്തിൽ മനസ്സിലാക്കാനാവും. സിനിമയുടെ തുടക്കത്തിൽ മാതംഗി ഒരു ചണ്ഡാലിക മാത്രമാണ്. അവിടെനിന്ന് അവൾ ഭൗതികവും ആത്മീയവുമായ യാത്രകൾ ആരംഭിക്കുന്നു. ജാതിയുടെ ഇരുണ്ട വഴികളിലൂടെയാണ് സഞ്ചാരം. ആനന്ദനെ കണ്ടെത്തിയശേഷം ബുദ്ധമതത്തിന്റെ ജ്ഞാനമാർഗങ്ങളിലൂടെയായി യാത്ര. പിന്നീട് ബുദ്ധനെ അന്വേഷിച്ച് യാത്ര ചെയ്യുന്നു. ഇങ്ങനെ പല നിലകളിലുള്ള മാതംഗിയുടെ യാത്രകൾ ശ്രീബുദ്ധന്റെ അഷ്ടാംഗ മാർഗങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. ഇന്ത്യൻ/ കേരള ചരിത്രത്തെ അഭ്രപാളീകരിക്കുകയാണ് ‘ബോധി’ എന്നു തോന്നാമെങ്കിലും അതു ഭാവിയെ ചരിത്രമാക്കുകയാണ്12. കീഴാളജനവർഗം പ്രത്യാശിക്കുന്ന വിമോചനത്തിന്റെയും സമതയുടെയും ഭാവികാലത്തെയാണ് ഈ സിനിമ ചരിത്രമാക്കുന്നത്. ഭാവിയിൽ യാഥാർഥ്യമാകേണ്ടുന്ന കനവാണ് ‘ബോധി’. ഭാവിയാണ് സിനിമയിലൂടെ ചരിത്രമായിത്തീരുന്നത്.
‘സത്തിയം പലത്’ എന്നു ഖസാക്കിലെ നൈജാമലിയെക്കൊണ്ടു പറയിച്ചത് ഒ.വി. വിജയനാണ്. ബുദ്ധമതവും ഏകമല്ല. അതിന്റെ സാരം കാല-സ്ഥലങ്ങളിലൂടെ അനേകങ്ങളായി പിരിഞ്ഞു കിടക്കുകയാണ്. ഇനിയുമുണ്ടാകും പിരിവുകളും ഉൾപ്പിരിവുകളും. ബുദ്ധമതത്തിന്റെ ബഹുസ്വരതകളെയും ബഹുമുഖതകളെയും മനസ്സിലാക്കാനുള്ള സാംസ്കാരികോപാധികളിൽ ഒന്നായി ബുദ്ധസിനിമകളും മാറിത്തീരുന്നു.
1. ‘ബുദ്ധസിനിമ’യെ ഒരു ജനുസ്സ് (genre) ആയി പരിഗണിക്കാൻ കഴിയില്ലെങ്കിലും അവയെ സവിശേഷമായി നോക്കിക്കാണേണ്ടിയിരിക്കുന്നു. ഷോരോൺ സൂ ഇങ്ങനെ എഴുതുന്നു: Buddha Cinema isn't one specific genre, but refers to films related to Buddhism, encompassing those explicitly about the Buddha's life, Buddhist themes (like mindfulness, desire/suffering), Buddhist philosophy, or even secular films that viewers interpret as offering spiritual or perspectival shifts, acting as a modern 'skillful means' for contemplation, much like a mandala. It's defined by its representation, intention, and viewer interpretation, ranging from direct biopics to allegorical films used for spiritual insight (Sharon A. Suh, 2018).
2. ലോകത്തിലെ ആദ്യത്തെ മുഴുനീള കഥാസിനിമയായി (full-length feature film) കണക്കാക്കപ്പെടുന്നത് ആസ്േട്രലിയൻ ചിത്രമായ ‘ദി സ്റ്റോറി ഓഫ് ദി കെല്ലി ഗാങ്’ (1906) ആണ്. മെൽബണിൽ പുറത്തിറങ്ങിയ ഈ ചിത്രം അന്താരാഷ്ട്രതലത്തിൽതന്നെ വൻവിജയമായി മാറി. 70 മിനിറ്റ് ദൈർഘ്യമുള്ള ഈ നിശ്ശബ്ദസിനിമ മൾട്ടി–റീൽ ഫോർമാറ്റിൽ നിർമിക്കപ്പെട്ടതാണ്.
3. നിശ്ശബ്ദ സിനിമയുടെ കാലഘട്ടത്തിലെ ഒരു നാഴികക്കല്ലായി ‘േപ്രം സന്ന്യാസി’നെ സിനിമാ ചരിത്രപഠിതാക്കൾ നോക്കിക്കാണുന്നു. ഇന്ത്യയും ജർമനിയും തമ്മിൽ സഹകരിച്ചു നിർമിച്ച ആദ്യത്തെ അന്താരാഷ്ട്ര സിനിമകൂടിയാണിത്. 1923ൽ നിർമാണം ആരംഭിച്ച ഈ സിനിമയുടെ സംവിധായകരിൽ ഒരാളായ ഹിമാൻഷു റായിയാണ് ഗൗതമനായി വേഷമിട്ടതും. നിരഞ്ജൻ പാൽ തിരക്കഥയൊരുക്കി. ‘ഇന്ത്യൻ സിനിമയിലെ പ്രഥമവനിത’ (First Lady of Indian Cinema) എന്നറിയപ്പെടുന്ന അഭിനേത്രിയായ ദേവിക റാണി ചൗധരി ഈ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സെറ്റ് നിർമാണമടക്കമുള്ള അലങ്കാരപ്പണികളിൽ ഏർപ്പെട്ടു. ദേവിക റാണി പിന്നീട് ഹിമാൻഷു റായിയെ വിവാഹം കഴിക്കുകയും ‘ബോംബെ ടാക്കീസി’ന്റെ സംസ്ഥാപനത്തിൽ പങ്കാളിയാവുകയുംചെയ്തു.
4. 1956ലെ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള അക്കാദമി അവാർഡിന് ഈ ചിത്രം നാമനിർദേശം ചെയ്യപ്പെട്ടു. 1985ൽ ഇഷികാവ പുതിയ അഭിനേതാക്കളെ അണിനിരത്തി ഈ സിനിമയെ കളറിൽ റീമേക്ക് ചെയ്തു; ബോക്സ് ഓഫിസ് വിജയവും നേടി. ആ വർഷത്തെ ജാപ്പനീസ് ആഭ്യന്തര വിപണിയിലെ ഒന്നാം നമ്പർ ചിത്രമായും അതുവരെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായും ‘ദി ബർമീസ് ഹാർപ്’ ചരിത്രത്തിൽ ഇടംനേടി.
5. ശശി കപൂർ, സിമി ഗരേവാൾ, രൊമേഷ് ശർമ എന്നിവരാണ് യഥാക്രമം സിദ്ധാർഥ, കമല, ഗോവിന്ദ എന്നീ കഥാപാത്രങ്ങളായി വേഷമിട്ടത്. നഗ്നതാപ്രദർശനത്തിന്റെയും ചുംബനരംഗങ്ങളുടെയും പേരിൽ ഇന്ത്യൻ സെൻസർ ബോർഡ് ഈ ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നു. ലോകപ്രശസ്ത സംവിധായകരായ ബർഗ്മാൻ, വൂഡി അലൻ എന്നിവരുടെ പ്രിയങ്കരനായ ഛായാഗ്രാഹകൻ സ്വെൻ നിക്വിസ്റ്റാണ് (Sven Vilhem Nykvist) ‘സിദ്ധാർഥ’ക്കുവേണ്ടി കാമറ ചലിപ്പിച്ചത്.
6. തിബത്തിന്റെ പരമാധികാരത്തെ ചൊല്ലി ചൈനയും തിബത്തും തമ്മിൽ നിലനിൽക്കുന്ന കലഹങ്ങൾക്കു നടുവിലാണ് ഈ സിനിമ റിലീസ് ചെയ്യപ്പെടുന്നത്. ചൈനീസ് സർക്കാറിനെ അതു വളരെയധികം ചൊടിപ്പിക്കുകയും സിനിമയുടെ ഉള്ളടക്കത്തെ എതിർക്കുകയുംചെയ്തു. സിനിമയുടെ വിതരണക്കാരായ ഡിസ്നിയെ ചൈനീസ് വിപണിയിൽ പ്രവേശിക്കുന്നത് വിലക്കുമെന്നുവരെ അധികാരികൾ ഭീഷണിമുഴക്കി. തുടർന്ന് ഡിസ്നി കമ്പനി ചിത്രത്തിന്റെ വിതരണം പരിമിതപ്പെടുത്തുകയുണ്ടായി. സിനിമയെന്നത് വെറും ദൃശ്യവിരുന്നു മാത്രമല്ലെന്നും ഒന്നാംതരം രാഷ്ട്രീയപ്രയോഗമാണെന്നും വീണ്ടും വെളിപ്പെടുന്ന സന്ദർഭംകൂടിയാണിത്.
7. യുവ ബുദ്ധഭിക്ഷുക്കൾ തങ്ങളുടെ വസ്ത്രത്തിനുള്ളിൽ സോക്കർ ജേഴ്സി അണിഞ്ഞിരിക്കുന്നതും കൊക്കക്കോളയുടെ കാനിനെ ഒരു ആചാര/ അനുഷ്ഠാന വസ്തുവെന്ന നിലയിൽ ഉപയോഗിക്കുന്നതും സിനിമ ചിത്രീകരിക്കുന്നുണ്ട്. ബുദ്ധഭിക്ഷുക്കളെല്ലാവരും എല്ലായ്പോഴും ‘സെൻ ബുദ്ധിസ്റ്റുകൾ’ ആയിക്കൊള്ളണമെന്നില്ലെന്നു സംവിധായകൻ ബോധപൂർവം പറയാൻ ശ്രമിക്കുകയാണ്. ഒരു തിബത്തൻ ലാമയാണ് ചിത്രത്തിന്റെ സംവിധായകൻ എന്നു വരുന്നതോടെ ചലച്ചിത്രപരമായ അപനിർമാണം (deconstruction) അതിന്റെ ഉച്ചസ്ഥായിയിൽ എത്തുകയാണ്.
8. സെൻ ബുദ്ധിസത്തെപ്പറ്റി ഇങ്ങനെ വായിക്കാം: Zen Buddhism is a tradition of Mahayana Buddhism that emphasizes the direct realization of enlightenment through the practice of seated meditation (Zazen) and the mindful integration of awareness into every aspect of daily life. Unlike other Buddhist schools that may focus heavily on the study of complex doctrines or the worship of deities, Zen posits that the 'Buddha-nature' is already present within every individual; the path to wisdom lies not in acquiring new knowledge, but in stripping away the delusions of the ego and the analytical mind (Shunryu Suzuki, 1970).
9. ജാപ്പനീസ് ബുദ്ധമതത്തിലെ മൂന്ന് പരമ്പരാഗത സെൻ വിഭാഗങ്ങളിൽ ഏറ്റവും വലുതാണ് സോട്ടോ സെൻ വിഭാഗം. ടാങ് രാജവംശത്തിന്റെ കാലത്ത് ഡോങ്ഷാൻ ലിയാങ്ജി സ്ഥാപിച്ച ചൈനീസ് കാവോഡോങ് സമ്പ്രദായത്തിന്റെ ജാപ്പനീസ് പതിപ്പാണിത്. ‘just sit’ എന്നർഥം വരുന്ന Shikantaza-യ്ക്ക് ഊന്നൽ നൽകുന്ന മതധാരയാണിത്. റിൻസായി സ്കൂളിൽനിന്ന് വ്യത്യസ്തമായി, ധ്യാനത്തിലിരിക്കുന്നത് പ്രബുദ്ധത നേടാനുള്ള മാർഗമല്ലെന്നും മറിച്ച്, പ്രബുദ്ധതയുടെ യാഥാർഥ്യമാക്കലാണെന്നും സോട്ടോ സെൻ പഠിപ്പിക്കുന്നു. ഏതെങ്കിലും പ്രത്യേക ആത്മീയലക്ഷ്യത്തിനായുള്ള ആഗ്രഹം സാധകൻ ഉപേക്ഷിക്കുന്നതിലൂടെ, അന്തർലീനമായ ബുദ്ധ-പ്രകൃതിയെ സ്വാഭാവികമായി പ്രകടമാകാൻ അനുവദിക്കുകയാണ്. അസ്തിത്വം, കാലം എന്നിവയെ തമ്മിൽ വേർതിരിക്കാൻ കഴിയാത്തതാണെന്നും ദൈനംദിന ജീവിതത്തിലെ ഓരോ നിമിഷവും പവിത്രമായ പരിശീലനത്തിനുള്ള അവസരമാണെന്നും സോട്ടോ സെൻ ബുദ്ധമതം സിദ്ധാന്തിക്കുന്നു.
10. ഫാൽക്കേയുടെ സഹപ്രവർത്തകയും ഛായാഗ്രാഹകയുമായ അന്ന ഹരി സാലുങ്കേയാണ് (1897-1944) ഇന്ത്യൻ സിനിമയിലെ ആദ്യ അഭിനേത്രി. ‘രാജാ ഹരിശ്ചന്ദ്ര’ (1913)യിൽ താരമതി എന്ന രാജ്ഞിയുടെ വേഷം അഭിനയിച്ചുകൊണ്ടായിരുന്നു രംഗപ്രവേശം. 1917ൽ പുറത്തിറങ്ങിയ ‘ലങ്കാ ദഹൻ’ എന്ന ചിത്രത്തിൽ നായകന്റെയും നായികയുടെയും വേഷങ്ങൾ (ഡബിൾ റോൾ) അഭിനയിച്ചത് അന്നയാണ്.
11. യാത്ര (travel) പ്രധാന മോട്ടിഫാകുന്ന ചലച്ചിത്ര ജനുസ്സുകളെ റോഡ്–മൂവി (road movie) എന്നു വ്യവഹരിച്ചുവരാറുണ്ട്. ആധുനികതയുടെ ഉൽപന്നമായ യന്ത്രവാഹനങ്ങളുടെ സഹായത്താൽ നടത്തപ്പെടുന്ന യാത്രകളിലൂടെയാണ് റോഡ്–മൂവികൾ പൊതുവേ സാക്ഷാത്കരിക്കപ്പെടുന്നതെങ്കിൽ, നാട്ടുപാതകളും കാട്ടുപാതകളും ഇടവഴികളും നഗ്നപാദങ്ങളാൽ പിന്നിടുകയും തോണിയും ചങ്ങാടവും ഉപയോഗിച്ച് ജലദൂരങ്ങൾ താണ്ടുകയും ചെയ്യുകയാണ് ‘ബോധി’. ഈയർഥത്തിൽ ‘ബോധി’ ഒരു റോഡ് മൂവിയല്ല. ഒരു ‘പാത്ത് മൂവി’ (പാത സിനിമ) ആകുന്നു. അതിൽ ആത്മാന്വേഷണത്തിന്റെ ഭാഗമായ പാതകളും അയനങ്ങളുമാണുള്ളത്. അവക്കാകട്ടെ ബുദ്ധമതത്തിലെ ‘മാർഗ’ങ്ങളോടു ചാർച്ചയുണ്ടുതാനും. ബ്രാഹ്മണ പ്രത്യയശാസ്ത്രം അടിച്ചേൽപിച്ച ചാതുർവർണ്യവ്യവസ്ഥയെ തകർത്തെറിയാനും സമഭാവനയുടെ ലോകങ്ങൾ വിരിയിക്കാനുമായി ബുദ്ധമതക്കാർ നിലകൊണ്ടുവെന്ന കാരണത്താൽ ജാതിഹിന്ദുക്കൾ അവരെ ഹിംസിക്കുകയുണ്ടായി. ആ കറുത്ത ചരിത്രത്തിലൂടെയും ‘ബോധി’ സിനിമ യാത്ര ചെയ്യുന്നുണ്ട് (അജു കെ. നാരായണൻ, ചെറി ജേക്കബ്, 2016).
12. ചരിത്രം എന്നതു ഭാവിയുടെ ആഖ്യാനമായിത്തീരുന്ന സന്ദർഭങ്ങളെ അടയാളപ്പെടുത്തുന്ന നാൻസി കെ. ഫ്ലോറിഡയുടെ പുസ്തകമാണ് Writing the Past, Inscribing the Future (1995).
1. അജു കെ. നാരായണൻ, കേരളത്തിലെ ബുദ്ധമത പാരമ്പര്യം നാട്ടറിവുകളിലൂടെ, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം, 2012.
2. അജു കെ. നാരായണൻ, ചെറി ജേക്കബ് കെ., സിനിമ മുതൽ സിനിമ വരെ, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം, 2016.
3. അജു കെ. നാരായണൻ, അജയ് ശേഖർ, ‘ബുദ്ധപ്രതിമകളെ ഇപ്പോഴും ഭയക്കുന്നത് ആരൊക്ക’?, മാതൃഭൂമി ആഴ്ചപ്പതിപ്പ്, കോഴിക്കോട്, ഡിസംബർ 2–8, 2012.
4. Florida, Nancy K., Writing the Past, Inscribing the Future: History as Prophecy in Colonial Java, 1995, Duke University Press, London.
5. Omvedt, Gail, Buddhism in India: Challenging Brahmanism and Caste, 2003, Sage, New Delhi.
6. Salles, Walter, ''Notes for a Theory of the Road Movie'', The New York Times (Newspaper), New York, November 11, 2007.
7. Suh, Sharon A., 'Buddhism in Film', Oxford Research Encyclopedias, Published on 24 May 2018.
8. Suzuki, Shunryu, Zen Mind, Beginner's Mind, Weatherhill, New York,1995 (1970).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.