രാജേഷ് മാധവൻ
രവിശങ്കർ എഴുതി രാജേഷ് മാധവൻ സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ എന്ന സിനിമ കാണുന്നു.
ചെറുതുകളെ തമ്മിലടിപ്പിക്കുകയും പരസ്പരം പോരിന് സജ്ജമാക്കി നിർത്തുകയും ആശയവിനിമയം സാധ്യമല്ലാത്ത തരത്തിൽ അകറ്റുകയുംചെയ്ത് എല്ലാക്കാലവും അവരുടെ മേൽ ആധിപത്യം നിലനിർത്തിപ്പോരുന്ന വമ്പൻ രാഷ്ട്രങ്ങളുണ്ട്. അധിനിവേശങ്ങളുടെ ചരിത്രം മറ്റൊന്നല്ലതന്നെ. രാഷ്ട്രീയവും ചരിത്രവും പഠിക്കുമ്പോൾ മണ്ണും പെണ്ണും കാൽക്കീഴിലാക്കുന്നവർ കൂടുതൽ കൂടുതൽ ശക്തരായി തീരുകയും സമ്പത്തിന്റെ സമഗ്രാധിപത്യത്തിലേക്ക് എത്തുകയും ചെയ്യുന്നത് കാണാൻ സാധിക്കും. യുദ്ധങ്ങളെയും പിടിച്ചെടുക്കലുകളെയും കുറിച്ച് പഠിക്കാനായി ചരിത്രപുസ്തകങ്ങൾ പരതേണ്ടതില്ല. ഒരു ചെറിയ ഗ്രാമത്തിലെ ഒരു ചെറിയ സംഭവത്തെ രസകരമായി ആവിഷ്കരിച്ചുകൊണ്ട് വളരെ മനോഹരമായി രാജേഷ് മാധവൻ ‘പെണ്ണും പൊറാട്ടു’മെന്ന സിനിമയിലൂടെ അത് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.
പട്ടട എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെയുള്ളവർ സംസാരിക്കുന്നത് പാലക്കാടൻ മലയാളമാണ്. കന്നുകാലികളും വളർത്തുപക്ഷികളും കുളങ്ങളും കരിങ്കൽക്വാറികളും ഉള്ള ഒരു സ്ഥലം. ‘ജീവിതം എപ്പോഴും ഒരുപോലെ ആയിരിക്കില്ല എന്ന് ആത്മഗതം ചെയ്യുന്ന ഒരു പട്ടിക്കുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നതുതന്നെ. വീടിന്റെ അകത്ത് ലാളിച്ചുവളർത്തി തുടങ്ങിയ അവൻ അവസാനം വീടിനു പുറത്ത് വളരെ മോശപ്പെട്ട ഒരു പട്ടിക്കൂട്ടിനുള്ളിൽ അടച്ചിടപ്പെടുന്നു.
സുട്ടു എന്ന ഈ നായ വീട്ടുകാരിയുടെ ഉപദ്രവം സഹിക്കവയ്യാതെ ഒരിക്കൽ അവരുടെ കൈയിൽ കടിച്ച് പരിക്കേൽപിച്ചുകൊണ്ട് തുടലുപൊട്ടിച്ച് ഓടുന്നു. പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ ചിന്തിക്കാൻ കഴിയുന്നതിലും വലുതാണ്. നിമിഷങ്ങൾക്കകം പേപ്പട്ടിയെന്ന് പ്രഖ്യാപിച്ച് സുട്ടുവിനെ പിടിക്കാനുള്ള ആളുകളുടെ തത്രപ്പാടും അതിനിടയിൽ സ്വാതന്ത്യവാദിയായ കുമാറിന്റെ പ്രണയപ്രഖ്യാപനവും തുടർന്നുണ്ടാകുന്ന പുകിലുകളുമാണ് മുഖ്യ കഥാതന്തു. ഒറ്റനോട്ടത്തിൽ വലിയ കഥയില്ലാത്ത കഥ എന്ന് തോന്നുമ്പോൾതന്നെ ഓരോ സന്ദർഭങ്ങളിലും ഒത്തുകൂടുന്ന ആളുകളുടെ പെരുമാറ്റങ്ങളും ചിന്താഗതികളും രസകരവും പ്രവചനാതീതവുമാണ്.
തികച്ചും വ്യക്തിപരമായ തെരഞ്ഞെടുപ്പുകൾക്ക് വിധേയമാക്കേണ്ട പ്രണയം, വിവാഹം എന്നിവയിലെ സാമൂഹികമായ ഇടപെടലുകളും എല്ലാം ഒരു പൊറാട്ട് കളിയാണെന്ന (fool’s parade) ചെറുതല്ലാത്ത വലിയകാര്യവും പറയാൻ, ജോലിയും കൂലിയും ഇല്ലാതെ നാട്ടിൻപുറത്തെ ക്ലബും വിവിധയിനം കളികളുമായി സമയംകൊല്ലുന്ന ചെറുപ്പക്കാരുടെ ഒരു വലിയ കൂട്ടത്തെ അവതരിപ്പിച്ചുകൊണ്ട് അവർ സൃഷ്ടിക്കുന്ന ചില പ്രഹസനങ്ങളുടെ കോമാളിത്തം ഒന്നൊന്നായി മാലപ്പടക്കംപോലെ ചേർത്തിണക്കി പതുക്കെപ്പതുക്കെ പൊട്ടിച്ച് ഭംഗിയായി മുന്നിലേക്കിട്ടുതരുകയാണ് രാജേഷ് മാധവൻ.
നായക്ക് പേയിളകിയതാണെന്ന് വരുത്തിത്തീർക്കാൻ എല്ലാവരുംകൂടി ചെയ്തുകൂട്ടുന്ന കാര്യങ്ങളും അതിനെ കൊല്ലാനായി പ്ലാൻ ചെയ്യുന്ന വിവിധമാർഗങ്ങളും ഏതൊക്കെയോ രാഷ്ട്രതന്ത്രജ്ഞരുടെ വിഡ്ഢിത്തം നിറഞ്ഞ യുദ്ധമുറകളെ ഓർമിപ്പിക്കുന്നുണ്ട്. ‘മൂട്ടിൽവെച്ച് തീകൊളുത്തിയാൽ വായിൽകൂടി മുകളിൽ പോയി കത്തുന്ന’ പടക്കം ഉണ്ടെന്ന് പടക്ക കച്ചവടക്കാരൻ പറയുമ്പോൾ ഒരു നായെ കൊല്ലാനുള്ള മാർഗമല്ല, മനുഷ്യർ പരസ്പരം കൊല്ലാനായി കണ്ടുപിടിക്കുന്ന കാര്യങ്ങളുടെയും മാർഗങ്ങളുടെയും പൊള്ളത്തരങ്ങളാണ് ഓർമവരിക. ഈ സിനിമയിൽ എന്താണ് ശരി എന്താണ് തെറ്റ് എന്നുള്ളത് കഥാപാത്രങ്ങളിൽ ആർക്കും അറിയാനാകാത്ത ഒരു അവസ്ഥയാണെന്ന് തോന്നിപ്പോകും. കുറച്ചെങ്കിലും സാധുതയോടുകൂടി സംസാരിക്കുന്നത് ചാരുലതയാണ്. ചാരുലതയുടെ രംഗപ്രവേശവും അവളുടെ പ്രതികരണവുമാണ് സിനിമയുടെ ക്ലൈമാക്സിലെ വലിയൊരു ട്വിസ്റ്റ്.
മലയാള സിനിമാക്കഥകളിൽ ഒരുകാലം വരെ പതിവ് രീതിയായിരുന്നത് സ്ത്രീകളുടെ കരണത്തടിച്ചുകൊണ്ട് പുരുഷൻമാർ അവരെ പാഠം പഠിപ്പിക്കുന്നതായിരുന്നു. കോവിഡാനന്തരം മലയാള സിനിമകളിൽ വന്ന വലിയൊരു മാറ്റം ഇത് സ്ത്രീകഥാപാത്രങ്ങൾ ഏറ്റെടുത്തു എന്നുള്ളതാണ്. ‘പെണ്ണും പൊറാട്ടും’ ഇതിൽനിന്നും ഒട്ടും പുറകോട്ടു പോയിട്ടില്ല. ശാരീരികമായ ബലപ്രയോഗവും മർദനവും സ്ത്രീയിലാണെങ്കിലും പുരുഷനിലാണെങ്കിലും വെറുപ്പിലും വിദ്വേഷത്തിലും മാത്രമേ അവസാനിക്കൂ എന്ന യാഥാർഥ്യം ഈ സിനിമക്കാരെ ആരാണാവോ ഇനി പഠിപ്പിക്കാൻ തയാറാവുന്നത്?
മൃഗങ്ങളുടെ വീക്ഷണത്തിലൂടെയും മനുഷ്യന്റെ പ്രവൃത്തിയിലൂടെയും സമാന്തരമായി കഥ പറഞ്ഞുപോകുന്ന ഒരു രീതി സിനിമകളിൽ മുമ്പ് പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തമായി അത് ചെയ്യാൻ രാജേഷ് മാധവന് കഴിഞ്ഞിട്ടുണ്ട്. ഒട്ടും തന്നെ മുഷിപ്പിക്കാതെ നാടൻ മനുഷ്യരുടെ നാടൻ സംസാരങ്ങളിലൂടെ അവരുടെ കുശുമ്പും കുന്നായ്മയും അതിനുമേൽ പടർന്നുപന്തലിക്കുന്ന സ്നേഹവും രസകരമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. കലാസംവിധാനവും മികച്ച നിലവാരം പുലർത്തുന്നുണ്ട്.
രാജേഷ് മാധവന് ഹാസ്യം നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നതിനാൽ സിനിമയിൽ നർമം വിതറുന്ന ഒരുപാട് രംഗങ്ങളുണ്ട്. രവിശങ്കറിന്റെ തിരക്കഥ ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. ചമൻ ചാക്കോയുടെ എഡിറ്റിങ്ങും സബിന്റെ ഛായാഗ്രഹണവും മികച്ചതാണ്. ഒരു സമാന്തര സിനിമ എന്നതിനെക്കാൾ വാണിജ്യ സിനിമയുടെ ചേരുവകൾ ‘പെണ്ണും പൊറാട്ടും’ എന്ന സിനിമയിൽ മുന്നിട്ടുനിൽക്കുന്നു എന്ന് പറഞ്ഞാൽ സിനിമക്ക് അതൊരു പോരായ്മയായി കണക്കാക്കേണ്ടതില്ല. ആത്യന്തികമായി തിയറ്ററിൽ ആളെക്കൂട്ടാനുള്ള ഘടകങ്ങളും പണം വാരിയെറിഞ്ഞ് നിർമിക്കുന്ന ഒരു കലാരൂപത്തിൽ വേണ്ടതാണല്ലോ. വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ചതാണെന്ന് ഒരു അഭിമുഖത്തിൽ രാജേഷ് മാധവൻതന്നെ സിനിമയെക്കുറിച്ച് തുറന്നുപറയുന്നുമുണ്ട്.
സ്വാതന്ത്ര്യത്തിനും വ്യക്തിബന്ധങ്ങൾക്കും മനുഷ്യർ കൽപിക്കുന്നതും മൃഗങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു താരതമ്യ പഠനം നടത്തിയാൽ എങ്ങനെ ഉണ്ടായിരിക്കുമെന്ന് ‘പെണ്ണും പൊറാട്ടും’ ഒരു നാട്ടിലെ മനുഷ്യരെ മുഴുവൻ കാണിച്ചുകൊണ്ട് ഉദാഹരിക്കുന്നു. രണ്ടുപേർ തമ്മിലുള്ള തികച്ചും സ്വകാര്യമായ ഒരു ആശയവിനിമയംപോലും എത്ര വിസ്ഫോടനാത്മകമായാണ് ഒരു ജനക്കൂട്ടത്തിനിടയിൽ ഏറ്റെടുക്കപ്പെടുകയും ഏതൊക്കെ പരിണാമസാധ്യതകളാണ് കാത്തിരിക്കുകയും ചെയ്യുന്നതെന്ന രസാവഹവും ഭയാനകവുമായ കാഴ്ചയാണ് സിനിമ ആത്യന്തികമായി വിനിമയം ചെയ്യുന്നത്. വിവാഹം എന്ന സാമൂഹിക ചട്ടക്കൂട് പുരുഷന് നൽകുന്ന സൗകര്യങ്ങളും ലാഘവത്വവും സ്ത്രീകൾക്ക് നൽകുന്നില്ലെന്ന് മാത്രമല്ല, സ്ത്രീകൾ എത്ര വ്യത്യസ്തമായ രീതിയിലാണ് ബന്ധങ്ങളെപ്പറ്റി ചിന്തിക്കുന്നത് എന്നതും സിനിമ വ്യക്തമാക്കി തരുന്നുണ്ട്.
വൈയക്തികമായ മോഹങ്ങളെയും അനുഭവങ്ങളെയും കടിഞ്ഞാണിടാൻ സമൂഹം മത്സരിക്കുന്നതുപോലെ ഈ സിനിമയിൽ ഒരാളെയും ഒറ്റക്ക് ഇരിക്കാൻ അനുവദിക്കാതെ ഓരോ ഫ്രെയിമിലും ഒരുപറ്റം ആളുകൾ അവർക്കിടയിലേക്ക് തള്ളിക്കയറുന്ന നിരവധി കാഴ്ചകളും കാണാൻ കഴിയും. ഒളിഞ്ഞുനോട്ടവും ഒളിഞ്ഞു കേൾക്കലും പരദൂഷണം പറച്ചിലും പുലഭ്യവും മറ്റു പേക്കൂത്തുകളും സാധാരണ സംഭവം എന്നപോലെ പലപ്പോഴായി ആവർത്തിക്കുന്നുണ്ട്. പണപ്പയറ്റ് നടത്തി ബിരിയാണി കൊടുക്കുന്നതും സൽക്കാരത്തിനിടയിലെ കൊത്തും കോളും വെച്ച സംസാരവും ആരും ആർക്കും മേലെയല്ലെന്ന ഓരോരുത്തരുടെയും നിലപാടും പശുവിനും കോഴിക്കും താറാവിനുമൊക്കെ വീടിനകത്ത് തന്നെ ഇടം നൽകുമ്പോൾ തന്നെ ഓമനിച്ച് വളർത്തിയിരുന്ന കോഴികളെയും മറ്റും ഒട്ടും ദയയില്ലാതെ കൂട്ടമായി കൊന്നുകളയുന്നതും മനുഷ്യാനുഭവങ്ങളുടെ വൈചിത്ര്യമാർന്ന ലോകത്തെ തുറന്നുകാണിക്കുന്നുണ്ട്.
‘പെണ്ണും പൊറാട്ടും’ സിനിമയുടെ അണിയറ പ്രവർത്തകർ
‘പെണ്ണും പൊറാട്ടി’ലെ കഥാപാത്രങ്ങൾ മറക്കാനാവാത്ത ഒട്ടനേകം കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച ബഷീർകഥകളെ ഓർമിപ്പിക്കുന്നുണ്ട്. പുറമെ ലളിതമെന്ന് തോന്നിപ്പിക്കുമ്പോൾപോലും ഗൗരവതരമായ ഒരു നർമം ഒളിഞ്ഞിരിക്കുന്ന ഈ കഥാപാത്രങ്ങളെ മലയാളികൾ ഇഷ്ടപ്പെടാതിരിക്കില്ല. സിനിമയിലെ നായികാ നായകന്മാർ കുമാറും ചാരുവുമാണെങ്കിലും സിനിമയിലുടനീളം നിറഞ്ഞുനിൽക്കുന്ന കഥാപാത്രം കുമാറിന്റെ അമ്മയാണ്. അഭിനയരംഗത്ത് മുൻകാല പരിചയമൊന്നുമില്ല എന്ന് ആദ്യ കാഴ്ചകളിൽതന്നെ നമുക്ക് ബോധ്യമാകുമെങ്കിലും വളരെ തന്മയത്വത്തോടെ തന്റെ റോൾ കൈകാര്യം ചെയ്ത ആ കലാകാരി ഓരോ രംഗങ്ങളിലും അഭിനയിക്കുകയല്ല, ജീവിക്കുകതന്നെയാണ് ചെയ്യുന്നത്.
മറ്റൊരാൾ സുജാതൻ മാഷാണ്. പുരാണത്തിലെ നാരദമഹർഷിയെപ്പോലെ എല്ലായിടത്തും ഒരുപോലെ പരദൂഷണം പറഞ്ഞ് നാടുമുഴുവൻ തീകൊളുത്താൻ മിടുക്കുള്ളയാൾ. നാട്ടിലെ ചെറുപ്പക്കാർക്ക് മുഴുവൻ ഫ്രീയായി ഉപദേശം കൊടുക്കാൻ കഴിയുന്ന ഇത്തരം മധ്യവയസ്കർ നാട്ടിൻപുറത്ത് മാത്രമല്ല പട്ടണങ്ങളിലും സുലഭമാണ്. അവർ ഓരോ രൂപത്തിലും ഓരോ കോലത്തിലും പ്രത്യക്ഷപ്പെടുമെന്ന് മാത്രം. മറ്റൊരാൾ നാട്ടിലുണ്ടായ വലിയ കലഹത്തിന് പരിഹാരം നിർദേശിക്കുന്ന വൈദ്യരാണ്. കേട്ടപാതി കേൾക്കാത്ത പാതി ഒച്ചയും ആർപ്പുമായി പകരംചോദിക്കാൻ ഇറങ്ങുന്ന ഒരുപറ്റം ആൾക്കാർക്കിടയിൽ അവരുടെ പിന്തുണ കൊണ്ട് മാത്രം ധൈര്യശാലിയും ബുദ്ധിമാനുമായി അഭിനയിക്കുന്ന ഇത്തരം മധ്യസ്ഥർ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കാനേ ഉപകരിക്കൂ.
ചാരുഹാസനും ചാരുലതയുമായി അഭിനയിച്ച രാജേഷ് മാധവനും റെയ്ന രാധാകൃഷ്ണനുമല്ലാതെ മറ്റ് കഥാപാത്രങ്ങൾ ചെയ്തവരെല്ലാംതന്നെ പുതുമുഖങ്ങളാണ്. പക്ഷേ, കഥാപാത്രങ്ങൾ ആരിൽനിന്നും വഴുതിപ്പോയിട്ടുമില്ല. ബാബുരാജും കുമാറുമൊന്നും പ്രേക്ഷകരുടെ മനസ്സിൽനിന്ന് പെട്ടെന്ന് മാഞ്ഞുപോവുകയില്ല. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ കാസ്റ്റിങ് ഡയറക്ടറിൽനിന്നും പ്രതീക്ഷനൽകുന്ന ഒരു സംവിധായകനായി രാജേഷ് മാധവൻ മാറുന്നു എന്നത് നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് ആഹ്ലാദകരമാണ്. ഗോവ ഫിലിം ഫെസ്റ്റിവലിലും ഐ.എഫ്.എഫ്.കെയിലും പ്രേക്ഷകരുടെ കൈയടി ഏറെ നേടിയ ചിത്രം തീർച്ചയായും തിയറ്ററുകളിൽ തരംഗമാകാതിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.