‘‘എല്ലാവരും ജേണലിസ്റ്റുകളായാൽ..?’’
മാധ്യമപ്രവർത്തകരെ സംബന്ധിക്കുന്ന മൂന്നു സംഭവങ്ങൾ. ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് ജേണലിസ്റ്റുകളെപ്പറ്റിയുള്ള ധാരണ വെളിപ്പെട്ട സംഭവമാണ് ഒന്ന്. മറ്റൊന്ന്, മാധ്യമപ്രവർത്തകരെ മാധ്യമപ്രവർത്തകർതന്നെ വാർത്താ സമ്മേളനത്തിൽനിന്ന് പുറത്താക്കിയത്. മൂന്ന്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി എന്ന ‘ട്രംപ് വക്താവി’ന്റെ വരവും പോക്കും. ഇന്ത്യൻ സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസിന്റെ മൊഴികൾ റിപ്പോർട്ടർമാർ കൗതുകത്തോടെ ശ്രദ്ധിക്കുന്നത് പതിവാക്കിയെന്ന് തോന്നുന്നു. ‘‘കോക്രോച്ച് ജനത പാർട്ടി’’ക്ക് അതിന്റെ പേര് സംഭാവന ചെയ്തതിനു ശേഷം ജസ്റ്റിസ് സൂര്യകാന്തിന്റെ വാക്കുകൾക്ക് മൂല്യം വർധിച്ചപോലെ. ഡൽഹിയിൽ...
മാധ്യമപ്രവർത്തകരെ സംബന്ധിക്കുന്ന മൂന്നു സംഭവങ്ങൾ. ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് ജേണലിസ്റ്റുകളെപ്പറ്റിയുള്ള ധാരണ വെളിപ്പെട്ട സംഭവമാണ് ഒന്ന്. മറ്റൊന്ന്, മാധ്യമപ്രവർത്തകരെ മാധ്യമപ്രവർത്തകർതന്നെ വാർത്താ സമ്മേളനത്തിൽനിന്ന് പുറത്താക്കിയത്. മൂന്ന്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി എന്ന ‘ട്രംപ് വക്താവി’ന്റെ വരവും പോക്കും.
ഇന്ത്യൻ സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസിന്റെ മൊഴികൾ റിപ്പോർട്ടർമാർ കൗതുകത്തോടെ ശ്രദ്ധിക്കുന്നത് പതിവാക്കിയെന്ന് തോന്നുന്നു. ‘‘കോക്രോച്ച് ജനത പാർട്ടി’’ക്ക് അതിന്റെ പേര് സംഭാവന ചെയ്തതിനു ശേഷം ജസ്റ്റിസ് സൂര്യകാന്തിന്റെ വാക്കുകൾക്ക് മൂല്യം വർധിച്ചപോലെ.
ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ, മാധ്യമപ്രവർത്തകർക്ക് പൊലീസിൽനിന്ന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിക്കപ്പെട്ടു. അഡ്വക്കറ്റ് ഇന്ദിര ജയ്സിങ് വാദം അവതരിപ്പിക്കുന്നതിനിടെയാണ് ജ. സൂര്യകാന്തിന്റെ പരാമർശം.
‘‘ഓരോ പൗരനും ജേണലിസ്റ്റായാൽ അത് എല്ലാവർക്കും പ്രശ്നമുണ്ടാക്കും’’ എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. മാധ്യമപ്രവർത്തകർക്ക് സംഭവങ്ങൾ നേരിൽ കണ്ട് റിപ്പോർട്ട് ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ, സർക്കാർ സ്ഥാപനമായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) യുടെ അക്രഡിറ്റേഷൻ ഇല്ലാത്ത ജേണലിസ്റ്റുകൾക്ക് ആ അനുവാദമില്ലെന്ന മട്ടിലാണ് പൊലീസിന്റെ പെരുമാറ്റം. ഫ്രീലാൻസർമാരും വെബ് ജേണലിസ്റ്റുകളും മറ്റു സ്വതന്ത്ര റിപ്പോർട്ടർമാരും സംഭവം റിപ്പോർട്ട് ചെയ്യുമ്പോൾ പൊലീസ് ഇടപെട്ട് തടയുന്നു. ഇന്ദിര ജയ്സിങ്ങിന്റെ ഈ വാദത്തോട് ജ. സൂര്യകാന്ത് പ്രതികരിച്ചത് വ്യാപകമായ ചർച്ചക്ക് വിഷയമായി.
അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഓരോ പൗരനും നൽകുന്നു. അതിന്റെ ഭാഗമായി പൊതുസംഭവങ്ങൾ റെക്കോഡ് ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. ആ നിലക്ക്, മാധ്യമപ്രവർത്തകരാര്, അല്ലാത്തവരാര് എന്ന് തിരിച്ചറിയാൻ പ്രയാസമാണ്. തിരിച്ചറിയേണ്ടതുമില്ല. മാധ്യമപ്രവർത്തകർക്ക് സാധിക്കാത്ത പലതും ഫ്രീലാൻസർമാരും സമൂഹമാധ്യമപ്രവർത്തകരുമൊക്കെ പുറത്തു കൊണ്ടുവന്ന ചരിത്രമുണ്ട്. എല്ലാവരും ജേണലിസ്റ്റുകളായാൽ അത് പ്രശ്നമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചതിലെ വസ്തുതകൾ പരിശോധിക്കുന്നത് നന്ന്.
പ്രശ്നമാവുക ആർക്കാണ്? പ്രക്ഷോഭകർക്ക് പ്രശ്നമല്ല –അവർ തങ്ങളുടെ പ്രവർത്തനം ജനങ്ങളറിയണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഭരണാധികാരികൾക്കും പൊലീസിനുമാണ് പ്രശ്നം. എല്ലാവരും കാമറയുമായെത്തി സംഭവങ്ങൾ റെക്കോഡ് ചെയ്ത് മടങ്ങിപ്പോയാൽ (അതെല്ലാം സമാധാനപരമാണെങ്കിൽ) അധികൃതർക്കും പ്രശ്നമാകേണ്ടതില്ല. ജേണലിസം പ്രശ്നമാകുന്നത് സത്യത്തെ ഭയക്കുന്നവർക്കാണ്.
‘‘സിറ്റിസൺ ജേണലിസ്റ്റു’’കൾ പലർക്കും തലവേദനയാകുന്നുണ്ട്. 2022ൽ അങ്കിത ഭണ്ഡാരി എന്ന 19കാരി വധിക്കപ്പെട്ടു. സംഭവത്തിൽ കുറ്റാരോപിതനായ ബി.ജെ.പി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കാൻ യൂനിയൻ സർക്കാറിന് ഔചിത്യമോ നിയമമോ ധാർമികതയോ ഒന്നും ഇപ്പോൾ പ്രശ്നമായില്ല. സി.ബി.ഐ അന്വേഷണം തീരുംവരെ ഈ നിയമനം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അങ്കിതയുടെ മാതാപിതാക്കൾ ഇന്ത്യ ഗേറ്റിൽ സമരം തുടങ്ങി. ഉടനെ പൊലീസെത്തി അവരെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾ കഴിഞ്ഞാണ് വിട്ടയക്കുന്നത്. ഇതെല്ലാം ലോകത്തെ അറിയിക്കുന്നതിൽ വലിയ പങ്കുവഹിച്ച ‘‘സിറ്റിസൺ ജേണലിസ്റ്റു’’കൾ വല്ലാത്ത ‘‘പ്രശ്നം’’ തന്നെയാണ്. ജനാധിപത്യ പ്രക്ഷോഭങ്ങളെ ക്രൂരമായ ദണ്ഡനമുറകൾ കൊണ്ട് അടിച്ചമർത്തുന്ന പൊലീസിന്റെ ചെയ്തികൾ അധികവും കാമറയിൽ പകർത്തിയത് സിറ്റിസൺ ജേണലിസ്റ്റുകളാണ്. ജൂലൈയിൽ കോടതിയുടെ അടിയന്തര ശ്രദ്ധ തേടി ഇത്തരം ദൃശ്യങ്ങളുമായി സമീപിച്ച അഭിഭാഷകനോട് ജ. സൂര്യകാന്ത് പറഞ്ഞിരുന്നു: ‘‘വിഡിയോ കാണാൻ ഞങ്ങൾക്ക് താൽപര്യമില്ല, കാണാനുള്ള നേരമില്ല.’’
നേരമില്ലാത്ത ന്യായാസനങ്ങൾക്ക് സിറ്റിസൺ ജേണലിസ്റ്റുകൾ പ്രശ്നമാണ്, ശല്യമാണ്. പൊലീസ് അവരുടെ ബുദ്ധിമുട്ടിനെപ്പറ്റി ചിന്തിക്കുന്നു. അധികാരികളും. കോടതിയാണ് ജനങ്ങളുടെ ഭാഗം കൂടി പരിഗണിക്കേണ്ടത്. അവരും കൈയൊഴിഞ്ഞാൽ?
മാധ്യമങ്ങളുടെ പക്ഷത്ത് നിൽക്കുമെന്ന് കരുതേണ്ട പ്രസ് കൗൺസിൽപോലും ഭരണകൂടത്തിന്റെ ‘‘പ്രശ്നം’’ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ജേണലിസ്റ്റുകളെ അടിച്ചൊതുക്കിയപ്പോഴും വലിച്ചിഴച്ചപ്പോഴുമൊന്നും അനങ്ങാതിരുന്ന പ്രസ് കൗൺസിൽ, ഡൽഹി പ്രക്ഷോഭങ്ങൾക്കിടയിൽ പുതിയ മാർഗനിർദേശങ്ങൾ നൽകിയിരിക്കുകയാണ് –ഐഡി കാർഡുകൾ അണിയണം, വാദപ്രതിവാദങ്ങൾക്ക് നിൽക്കരുത് എന്നെല്ലാം.
പ്രസ് കൗൺസിലിനു പോലുമറിയാം, മാധ്യമപ്രവർത്തകർ ‘‘പ്രശ്ന’’മാണെന്ന്.
വ്യാജ ബിരുദം:അവർക്ക് പണിപോയി
മാധ്യമപ്രവർത്തകർ മാധ്യമപ്രവർത്തകർക്കുതന്നെ എങ്ങനെ ശല്യമാകാമെന്ന് റിപ്പബ്ലിക് ടി.വി കാണിച്ചുതന്നിരിക്കുന്നു.
ഡൽഹിയിൽ പ്രക്ഷോഭ രംഗത്തുള്ള വിവിധ സംഘടനകൾ സംയുക്ത വാർത്താസമ്മേളനം വിളിക്കുന്നു. റിപ്പോർട്ടർമാർ എത്തുന്നു. സംഘാടകർ വിഷയമവതരിപ്പിക്കാൻ തുടങ്ങുമ്പോഴേക്കും റിപ്പബ്ലിക്കിന്റെ ആളുകൾ മൈക്കിലൂടെ ഒച്ചവെക്കുന്നു. ‘‘നേഹ ബോറ, നിങ്ങളെന്താ ഹിന്ദുസ്ഥാന്റെ തെരുവുകൾ ബംഗ്ലാദേശ് തെരുവുകളാക്കുകയാണോ’’ തുടങ്ങിയ ചോദ്യങ്ങളുന്നയിക്കുന്നു.
ചോദ്യം ചോദിക്കാനുള്ള സമയത്തിനു കാത്തുനിൽക്കാതെ, തുടക്കത്തിലേ വാർത്താസമ്മേളനം അലങ്കോലമാക്കുന്നത് എന്ത് മാധ്യമപ്രവർത്തനമാണ്? പക്ഷേ, കച്ചവടക്കണ്ണ് വ്യക്തമായിരുന്നു. ഇത് മുൻകൂട്ടി പദ്ധതിയിട്ടതാണെന്ന് തെളിയിച്ചുകൊണ്ട് റിപ്പബ്ലിക് ചാനൽ ആ ബഹളത്തിലാണ് ആദ്യം തൊട്ടേ ഫോക്കസ് ചെയ്തത്.
അങ്ങനെയാണ് അത്യപൂർവമായ ആ കാഴ്ച രാജ്യം കണ്ടത് –മാധ്യമപ്രവർത്തനത്തിന്റെ താൽപര്യമുയർത്തിപ്പിടിച്ച് മാധ്യമപ്രവർത്തകർ തന്നെ ഒരുകൂട്ടം ‘‘മാധ്യമപ്രവർത്ത’’കരെ പുറത്താക്കി, വാർത്താസമ്മേളനം ഭംഗിയാക്കി.
ഇനി, മാധ്യമരംഗത്തുനിന്നുള്ള മൂന്നാമത്തെ വാർത്ത.
കേയ്റ്റി സക്കറിയ എന്ന വനിത യു.എസിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. അഞ്ചു ദിവസം കഴിഞ്ഞ് അവരോട് പ്രസിഡന്റ് ട്രംപ് ഒഴിയാനും പറഞ്ഞു. ഇതിനിടെ നടന്നത് ഒരേയൊരു വാർത്താസമ്മേളനം.
പ്രകടനം നന്നായില്ലെന്ന് പലരും പറയുന്നു. പക്ഷേ, ഇത്രവേഗം പറഞ്ഞുവിടാൻ അത് കാരണമായോ?
ഗൗരവപ്പെട്ടതെന്ന് കരുതേണ്ട ഒരുകാരണം ഉണ്ടായി. അതാകട്ടെ, നമ്മുടെ ‘‘ജനാധിപത്യ’’ രീതികേളാട് തുലനംചെയ്ത് നോക്കാവുന്നതും.
കേയ്റ്റി സക്കറിയ നടത്തിയ ഏക വാർത്താസമ്മേളനത്തിൽ ഒരു റിപ്പോർട്ടർ അവരോടു ചോദിച്ചു: ‘‘താങ്കൾ അഭിഭാഷക ബിരുദമെടുത്തത് എവിടെനിന്നാണ്?’’
ആ ചോദ്യം വെറുതെ ഉണ്ടായതല്ല. തന്റെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി കേയ്റ്റി പറഞ്ഞതിൽ ഒരു കള്ളം ഉണ്ടായിരുന്നു –അഭിഭാഷക ബിരുദമുണ്ടെന്ന കള്ളം. പരീക്ഷ എഴുതിയെങ്കിലും അവർ പാസായിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ അവരുടെ വ്യാജ ബിരുദത്തെപ്പറ്റി ചർച്ചകൾ നടന്നിരുന്നു.
വാർത്താസമ്മേളനത്തിന്റെ പിന്നാലെ ആ വിവാദം കത്തിപ്പടർന്നു. കാലിഫോർണിയയിൽ അവർ പഠിച്ച സ്ഥാപനങ്ങളും സഹപാഠികളുമെല്ലാം പറഞ്ഞു, അവർ ബിരുദം പാസായിട്ടില്ലെന്ന്.
ബിരുദമില്ലെങ്കിലും പ്രസ് സെക്രട്ടറി സ്ഥാനത്ത് പ്രവർത്തിക്കാമായിരുന്നു. പക്ഷേ കള്ളം പറഞ്ഞത് കുറ്റംതന്നെ. ട്രംപ് അവരെ ഒഴിവാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘‘ബിരുദ’’ത്തെപ്പറ്റി ചോദിക്കുന്നതും അന്വേഷിക്കുന്നതും ഇന്ത്യയിൽ തടയുന്നത് കോടതികളാണ്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസരേഖകൾ വ്യക്തിഗത വിവരം മാത്രമാണ്, െപാതുതാൽപര്യമല്ല എന്നാണ് ഗുജറാത്ത് ഹൈകോടതിയും ഡൽഹി ഹൈകോടതിയും വിധിച്ചത്.
ഇത് ശരിയാണെന്ന് പറയാമായിരുന്നു –മോദിയും അമിത് ഷായും തെറ്റായ അവകാശവാദം ഉന്നയിച്ചില്ലായിരുന്നെങ്കിൽ. ഉന്നയിച്ച സ്ഥിതിക്ക് അവർ കേയ്റ്റി സക്കറിയ ചെയ്ത അതേ തെറ്റ് (സത്യസന്ധതയില്ലായ്മ) ചെയ്തു എന്ന് വരും. തെറ്റായ സത്യവാങ്മൂലം നൽകിയതിന് സ്ഥാനാർഥികൾക്ക് പദവി നഷ്ടപ്പെട്ടിട്ടുണ്ടല്ലോ. ഭരണാധികാരികളുടെ സത്യനിഷ്ഠ പൊതുതാൽപര്യ വിഷയംതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.