മിമിക്രിയുടെ രാഷ്ട്രീയ സാധ്യതകൾ

പ്രധാനമന്ത്രി മോദിയുടെ ഭാവഹാവാദികളുടെ ഒരു ഹാസ്യാനുകരണം വൈറലായി. അതോടെ, ഭീഷണികളായി. ഹാസ്യകലാകാരന്റെ തുടർന്നുള്ള പരിപാടികൾ റദ്ദാക്കപ്പെട്ടു. മിമിക്രി എന്ന ഹാസ്യാനുകരണം വക്രമായ കണ്ണാടിയാണ്. അത് വക്രമാണ്, പക്ഷേ കണ്ണാടിയാണ്. ജനാധിപത്യ രാഷ്ട്രീയത്തിന്‍റെ ശക്തമായ ഉത്തേജകമായി ഹാസ്യാനുകരണത്തെ ഇന്ത്യയും തിരിച്ചറിയുകയാണിപ്പോൾ. നേർക്കുനേരെയുള്ള വിമർശനം തടയപ്പെടുന്ന ഇടങ്ങളിൽ “ലാഫ്റ്റിവിസ”മാണ് ജനങ്ങൾക്ക് മുന്നിലുള്ള മാർഗമെന്ന് ചരിത്രം പലതവണ കാണിച്ചതാണ്. പുൾകിത് മണി എന്ന സ്റ്റാൻഡപ്പ് കൊമീഡിയൻ സമൂഹശ്രദ്ധയിലേക്ക് ഇരച്ചെത്തുന്നത് മോദിയുടെ ശീലങ്ങളും ചേഷ്ടകളും അനുകരിച്ചു...

പ്രധാനമന്ത്രി മോദിയുടെ ഭാവഹാവാദികളുടെ ഒരു ഹാസ്യാനുകരണം വൈറലായി. അതോടെ, ഭീഷണികളായി. ഹാസ്യകലാകാരന്റെ തുടർന്നുള്ള പരിപാടികൾ റദ്ദാക്കപ്പെട്ടു.

മിമിക്രി എന്ന ഹാസ്യാനുകരണം വക്രമായ കണ്ണാടിയാണ്. അത് വക്രമാണ്, പക്ഷേ കണ്ണാടിയാണ്. ജനാധിപത്യ രാഷ്ട്രീയത്തിന്‍റെ ശക്തമായ ഉത്തേജകമായി ഹാസ്യാനുകരണത്തെ ഇന്ത്യയും തിരിച്ചറിയുകയാണിപ്പോൾ. നേർക്കുനേരെയുള്ള വിമർശനം തടയപ്പെടുന്ന ഇടങ്ങളിൽ “ലാഫ്റ്റിവിസ”മാണ് ജനങ്ങൾക്ക് മുന്നിലുള്ള മാർഗമെന്ന് ചരിത്രം പലതവണ കാണിച്ചതാണ്.

പുൾകിത് മണി എന്ന സ്റ്റാൻഡപ്പ് കൊമീഡിയൻ സമൂഹശ്രദ്ധയിലേക്ക് ഇരച്ചെത്തുന്നത് മോദിയുടെ ശീലങ്ങളും ചേഷ്ടകളും അനുകരിച്ചു കൊണ്ടാണ്. രാഹുൽഗാന്ധിക്കൊപ്പം നടത്തിയ ഹ്രസ്വമായ പ്രകടനം ഇൻസ്റ്റഗ്രാമിലും മറ്റു വേദികളിലും ലക്ഷക്കണക്കിനാളുകൾ കണ്ട് ആസ്വദിച്ചു –മോദി വിദേശ നേതാക്കളെ ആഞ്ഞു കെട്ടിപ്പിടിക്കുന്നതും എന്തൊക്കെയോ പറയുന്നതും മറ്റും.

മോദിയെ പുൾകിത് മണി അവതരിപ്പിച്ചത് പെട്ടെന്ന് ജനങ്ങൾ ആസ്വദിക്കാൻ കാരണം, അത് നേരനുകരണമാണെന്നതാണ്. അദ്ദേഹത്തെ കണ്ണാടിയിൽ കാണിച്ചത് പോലെയായിരുന്നു അത്. മോദി പക്ഷക്കാർ അതിനെ എതിർക്കുന്നതും അതുകൊണ്ടുതന്നെ.

ആ ആക്ഷേപഹാസ്യം നിലവാരം കെട്ടതായി എന്ന അഭിപ്രായം അവർ ഉയർത്തി. പക്ഷേ, മോദി പക്ഷക്കാർ നടത്തിയ ഇതിലും തരംതാണ പ്രകടനങ്ങൾ സമൂഹമാധ്യമങ്ങൾ എടുത്തുകാട്ടി. മോദി പക്ഷം മുന്നോട്ടുവെച്ച വാദങ്ങൾ വസ്തുതാപരിശോധനയിൽ അവർക്കുതന്നെ തിരിച്ചടിക്കുകയാണ് ചെയ്തത്.

അവർ പറഞ്ഞു, മോദിയുടെ അമ്മയെ അപമാനിച്ചെന്ന്. പക്ഷേ മോദിയും മറ്റും രാഹുലിന്റെ അമ്മയെപ്പറ്റി പറഞ്ഞത് മാന്യതക്കപ്പുറത്തായിരുന്നു. പുൾകിത് മണിയാകട്ടെ, മോദിയുടെ അമ്മയെപ്പറ്റി ഒന്നും പറഞ്ഞില്ല. പറഞ്ഞത് ഒരു പരിപാടിക്കിടെ മോദി, ഒരു വൃദ്ധയെ ചൂണ്ടി, “ആ അമ്മക്ക് ഇരിക്കാൻ കസേര കൊടുക്കൂ” എന്ന് ആവശ്യപ്പെട്ട അതേ ഡയലോഗ് മാത്രമാണ്.

സദസ്സിലെ

പ്രദർശനവസ്തുക്കൾ

കൂടുതൽ വസ്തുതാപരിശോധനകൾക്ക് അത് വഴിയൊരുക്കി. മോദിയുടെ പി.ആർ പ്രസംഗങ്ങളിലെ തിരക്കഥാനാടകങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ രേഖപ്പെട്ടിട്ടുണ്ട്. അവയിലൊന്ന്, ഒരു സമ്മേളനത്തിൽ വെച്ച് ഒരു വൃദ്ധക്ക് “ഇരിക്കാൻ കസേര കൊടുക്കൂ” എന്ന് മോദി ആവശ്യപ്പെട്ട രംഗമാണ്. മോദിപക്ഷവും ഗോദി മീഡിയയും അത് അദ്ദേഹത്തിന്റെ ഹൃദയവിശാലതയുടെ അടയാളമായി ഉയർത്തിപ്പിടിച്ചപ്പോൾ, എതിരാളികൾ അതിൽ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥ കണ്ടെത്തി. വാസ്തവത്തിൽ ആ വനിതക്ക് വി.ഐ.പി ബാഡ്ജും ഇരിപ്പിടവും നേരത്തേ ഉള്ളതാണെന്നും മോദിയുടേത് നാടകമായിരുന്നെന്നുമാണ് സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയത്.

ഇപ്പോഴത്തെ ഹാസ്യാനുകരണം, മുൻകാലങ്ങളിൽ നടന്ന സമാനമായ സംഭവങ്ങൾ പുറത്തുകൊണ്ടുവരാൻ ഇടയാക്കി. തിരക്കഥ പ്രകാരം മോദി നടത്തിയതെന്ന് പറയുന്ന അവതരണങ്ങളിൽ മറ്റു ചിലത് ഇങ്ങനെ:

വിവിധ സ്ഥലങ്ങളിൽ ഒരേപോലെ നടന്ന നാടകങ്ങൾ. ഒരു സമ്മേളനം നടക്കുന്നതിനിടെ ഏതെങ്കിലും കുട്ടി ചിത്രമോ ഫോട്ടോയോ ഉയർത്തിക്കാട്ടുന്നു. മോദി അവരെ വേദിയിലേക്ക് വിളിക്കുന്നു. കാമറകൾ അത് പകർത്തുന്നു. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വളരുന്നു. ഇത്തരം ‘‘ഷോ’’കളുടെ ഒരു നീണ്ട പട്ടിക തന്നെ വസ്തുതാ പരിശോധകൻ മുഹമ്മദ് സുബൈർ സമാഹരിച്ചിട്ടുണ്ട്. ഗുജറാത്തിൽ, അസമിൽ, ഡൽഹിയിൽ, പുണെയിൽ, ഹരിയാനയിൽ, ബിഹാറിൽ, ഒഡിഷയിൽ, ഛത്തിസ്ഗഢിൽ തമിഴ്നാട്ടിൽ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി, ഒരു ഡസനോളം നടന്ന പ്രകടനങ്ങൾ. ഒരേതരം സ്ക്രിപ്റ്റ്. (ലിങ്ക്: https://x.com/zoo_bear/status/1969386517610316226 )

ധ്രുവ് റാഠിയെപ്പോലുള്ളവർ മോദിയുടെ വ്യാജ അവകാശവാദങ്ങൾ വസ്തുതകൾകൊണ്ട് നേരിട്ട് വന്നിരുന്നു; ഫാക്ട് ചെക്കിലൂടെയും. ശാസ്ത്രീയ കണ്ടെത്തലെന്നവകാശപ്പെട്ട് മോദി പറഞ്ഞ കുറെ കാര്യങ്ങളിലെ അബദ്ധങ്ങൾ തുറന്നുകാട്ടിയവരുമുണ്ട്. മോദിക്ക് 75 തികഞ്ഞ കഴിഞ്ഞ വർഷം Official PeeingHuman എന്ന യൂട്യൂബർ “മോദിയുടെ 75 അബദ്ധങ്ങൾ” (75 Top Fails of Modiji) എന്ന തലക്കെട്ടിൽ, മൂന്നു ദീർഘ യൂട്യൂബ് വിഡിയോ പോസ്റ്റ് ചെയ്തു. നിരോധിക്കാനുള്ള സാധ്യത കണക്കിലെടുത്താവാം, മുൻകരുതലെന്നോളം അതിൽ, “ഭരണഘടനയുടെ 51എ വകുപ്പനുസരിച്ച് പൗരന്മാരിൽ ശാസ്ത്രീയ സമീപനം വളർത്താൻ” എന്ന് ചേർത്തിരുന്നു.

എന്നാൽ, ഇത്തരം വസ്തുനിഷ്ഠ പോസ്റ്റുകളെക്കാൾ വേഗത്തിലും വ്യാപ്തിയിലും ജനങ്ങളെ സ്വാധീനിക്കുക ഹാസ്യമാണെന്ന് സ്റ്റാൻഡപ്പ് കൊമീഡിയന്മാർ കാണിച്ചുതരുന്നു. കുനാൽ കമ്ര, പുൾകിത് മണി, വരുൺ ഗ്രോവർ, മുനവ്വർ ഫാറൂഖി തുടങ്ങിയവർ അക്കൂട്ടത്തിൽ ചിലരാണ്. പലർക്കും സർക്കാർ നടപടി നേരിടേണ്ടി വരാറുണ്ട്.

ഇവർക്ക് പരിഹസിക്കാനുള്ള വിഭവം നൽകിയിട്ടുള്ളത് മോദി തന്നെയാണ്. (ഇന്ത്യയിൽ കോമഡിയോട് മത്സരിക്കാൻ രംഗത്തുള്ളത് യാഥാർഥ്യങ്ങൾ തന്നെയെന്ന് വരുൺ ഗ്രോവർ.) ഹാസ്യകാരന്മാരുടെ ഇഷ്ടവിഷയങ്ങളുടെ ലിസ്റ്റ് നീണ്ടതാണ്: മോദി വിദേശരാജ്യങ്ങളിൽനിന്ന് പുരസ്കാരങ്ങൾ വാരിക്കൂട്ടുന്നത്, വിദേശ ടൂറുകളിലെ പ്രകടനങ്ങൾ, ടെലിപ്രോംപ്റ്ററിനെ പൂർണമായി ആശ്രയിക്കുന്നത്, കാമറക്ക് വേണ്ടി മാത്രമുള്ള നടനങ്ങൾ, ഉദ്ഘാടനങ്ങൾ (ഡൽഹി-മീറത്ത് റെയിൽപാതക്ക് തറക്കല്ലിടലും പിന്നെ നാല് ഉദ്ഘാടനങ്ങളും നടത്തിയിട്ടുണ്ടത്രെ), വാർത്താസമ്മേളനങ്ങൾ വിദേശങ്ങളിൽ വരെ ഒഴിവാക്കുന്നത്…

അബദ്ധങ്ങളും വിഡ്ഢിത്തങ്ങളും മറ്റു നേതാക്കൾക്കും സംഭവിക്കാറുണ്ട്. മോദി വ്യത്യസ്തനാകുന്നത്, അവയുടെ അളവ് കൂടുതലും നിലവാരം കുറവുമായതുകൊണ്ടു മാത്രമല്ല, കാതലുള്ള വിമർശനങ്ങളെ തടയുന്നതുകൊണ്ടു കൂടിയാണ്. അപ്പോൾ വിമർശനം ഹാസ്യത്തിന്റെ കുപ്പായമണിയും.

നാട്ടിൽ വിമർശനങ്ങളെ തടുത്തു നിർത്തുമ്പോഴും വിദേശങ്ങളിൽ അതിന് കഴിയില്ലല്ലോ. നോർവേയിൽ വെച്ച് ഹെലെ ലിങ് എന്ന റിപ്പോർട്ടർ മോദിയോട്, പത്രക്കാരെ അഭിമുഖീകരിക്കാത്തതെന്ത് എന്ന് നേരിട്ട് ചോദിച്ചു. ഇത് രാജ്യാന്തര വാർത്തയായി. ആസ്ട്രേലിയയിൽ, പ്രധാനമന്ത്രി ആന്റണി അൽബീസിയും മോദിയും കെട്ടിപ്പിടിക്കുന്നതടക്കം വിവിധ രംഗങ്ങൾ ചേർത്ത് ജൂലൈയിൽ അവിടത്തെ നെറ്റ്‌വർക്ക് 10 ചാനൽ ഒരു ഹാസ്യപരിപാടി അവതരിപ്പിച്ചു. മെലനി ബ്രേസ് വെല്ലും മക്ഡോണൾഡുമായിരുന്നു അവതാരകർ. ലോകമെങ്ങും ചിരി ഉണർത്തിയ ആക്ഷേപഹാസ്യ പരിപാടിയായി അത്. ബ്രിട്ടനിലെ ഗാർഡിയൻ പത്രം എഴുതിയത്, “മോദിക്ക് ഒരു അവാർഡ് വെച്ചുനീട്ടിയാൽ അദ്ദേഹം പാഞ്ഞെത്തും” എന്നാണല്ലോ.

ആക്ഷേപഹാസ്യത്തിന്റെ രാഷ്ട്രീയ പ്രഹരശേഷി വലുതാണ്. അത് ഭരണകൂടത്തോടുള്ള ഭയം ഇല്ലാതാക്കുന്നു. ഇന്ത്യയിൽ അതിന്റെ ഉയർച്ച തടയാൻ ശ്രമം നടക്കാതെയല്ല. ഹാസ്യകലാകാരമാർ പലതരത്തിൽ വേട്ടയാടപ്പെടുന്നുണ്ട്. ദ വയറിന്റെ പ്രതിദിന ഹാസ്യ ആനിമേഷൻ വിഡിയോ തുടക്കത്തിൽ തടഞ്ഞുനോക്കി; പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഹാസ്യ കലാകാരന്മാർക്കും പരിപാടികൾക്കും ഭീഷണിയും വിലക്കും പതിവാണ്. പക്ഷേ പണ്ടേപ്പോലെ അതൊന്നും ഫലിക്കുന്നില്ല. സമൂഹമാധ്യമങ്ങൾ ഒന്നാകെ നിരോധിക്കാൻ കഴിയില്ലല്ലോ.

ആക്ഷേപഹാസ്യവും സമൂഹമാധ്യമങ്ങളും ചേർന്ന്, ഭരണകൂടത്തിന്റെ അധികാരത്തിനും അപ്രമാദിത്വത്തിനും അതിര് വരക്കുകയാണ്. മാധ്യമങ്ങളെന്ന കണ്ണാടി ഫലം ചെയ്യാത്തിടത്ത് ഹാസ്യമെന്ന വക്രമായ കണ്ണാടി ഫലം ചെയ്യുന്നു.

Tags:    
News Summary - When Satire Becomes Resistance: The Pulkit Mani Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.