സംവാദകർ, ഇരകൾ

ഒരു ചാനൽ ചർച്ചയിൽ അവതാരക പരിധിവിട്ടുള്ള വാക്കുകളും സമുദായനിന്ദയും തൊടുക്കുന്നു. അത് പ്രശ്നമാകുന്നു. കേസാകുമെന്ന് കണ്ടതോടെ മാപ്പുപറയുന്നു. പകരം, തനിക്കെതിരെ ഭീഷണി ഉയർത്തിയെന്നാരോപിച്ച്, ചാനൽ ചർച്ചയിൽ പ​​ങ്കെടുത്ത ഒരു സംവാദകനെതിരെ ഒരു പരാതികൊടുക്കുന്നു. മലയാള മാധ്യമരംഗത്ത് ആപൽക്കരമായ കീഴ്വഴക്കമാണിത് സൃഷ്ടിച്ചിരിക്കുന്നത്. പരാതിയിന്മേൽ കേസെടുത്ത പൊലീസ് പിന്നീടത് ഉപേക്ഷിച്ചെങ്കിലും സംഭവം കൂടുതൽ കാലുഷ്യം പടർത്തിക്കഴിഞ്ഞിരുന്നു.കാന്തപുരം അബൂബക്കർ മുസ്‍ലിയാരുടെ ഒരു പ്രസംഗഭാഗത്തെപ്പറ്റി ബിഗ് ടി.വി സംഘടിപ്പിച്ച ചർച്ചയാണ് മാധ്യമപ്രവർത്തന രംഗത്തെ ദുഷ് പ്രവണതകൾ മലയാളത്തിലുമെത്തി...

ഒരു ചാനൽ ചർച്ചയിൽ അവതാരക പരിധിവിട്ടുള്ള വാക്കുകളും സമുദായനിന്ദയും തൊടുക്കുന്നു. അത് പ്രശ്നമാകുന്നു. കേസാകുമെന്ന് കണ്ടതോടെ മാപ്പുപറയുന്നു. പകരം, തനിക്കെതിരെ ഭീഷണി ഉയർത്തിയെന്നാരോപിച്ച്, ചാനൽ ചർച്ചയിൽ പ​​ങ്കെടുത്ത ഒരു സംവാദകനെതിരെ ഒരു പരാതികൊടുക്കുന്നു. മലയാള മാധ്യമരംഗത്ത് ആപൽക്കരമായ കീഴ്വഴക്കമാണിത് സൃഷ്ടിച്ചിരിക്കുന്നത്. പരാതിയിന്മേൽ കേസെടുത്ത പൊലീസ് പിന്നീടത് ഉപേക്ഷിച്ചെങ്കിലും സംഭവം കൂടുതൽ കാലുഷ്യം പടർത്തിക്കഴിഞ്ഞിരുന്നു.

കാന്തപുരം അബൂബക്കർ മുസ്‍ലിയാരുടെ ഒരു പ്രസംഗഭാഗത്തെപ്പറ്റി ബിഗ് ടി.വി സംഘടിപ്പിച്ച ചർച്ചയാണ് മാധ്യമപ്രവർത്തന രംഗത്തെ ദുഷ് പ്രവണതകൾ മലയാളത്തിലുമെത്തി എന്ന് ബോധ്യപ്പെടുത്തിയത്. അവതാരക അപർണ കുറുപ്പ് കാന്തപുരത്തിന്റെ വാക്കുകളെപ്പറ്റിയുള്ള ചർച്ച അദ്ദേഹത്തിന്റെ സമുദായത്തെ അവഹേളിക്കാനുള്ള അവസരമാക്കി. ഇത് വലിയ വിമർശനത്തിനിടയാക്കി. നിഷ്പക്ഷരും വിവേകമതികളുമായ പലരും അവതാരകയുടെ രീതിയെ എതിർത്തു. എന്നാൽ അതോടൊപ്പം അപർണ കുറുപ്പിനെതിരെ വിദ്വേഷവും ഭീഷണികളും വേറെ ചിലർ പ്രചരിപ്പിച്ചു.

പൊലീസിൽ പരാതി കൊടുത്ത അവതാരക പ്രതിയായി കാണിച്ചത് വിദ്വേഷപ്രചാരകരെയല്ല, മറിച്ച് തന്‍റെ ചാനൽ ചർച്ചയിൽ പങ്കെടുത്ത് മാന്യമായി ഇടപെട്ട അബ്ദുല്ല ബാസിലിനെയാണ്. ബാസിൽ ഒരിക്കലും അതിരുവിട്ട വാക്കുകൾ (അപർണ ചെയ്തതുപോലെ) പ്രയോഗിച്ചിരുന്നില്ല. മുൻവിധിയോടെ അപർണ നടത്തിയ വ്യാജ പ്രസ്താവനകളെയും വിദ്വേഷപൂർണമായ ആഖ്യാനങ്ങളെയും യുക്തിസഹമായി, പാകതയും പക്വതയുമുള്ള വാക്കുകളിലൂടെ, തുറന്നുകാട്ടുകയാണദ്ദേഹം ചെയ്തത്. ചർച്ചയിലെ പ്രസക്തഭാഗങ്ങൾ വിശദീകരണങ്ങളോടെ പ്രത്യേക വിഡിയോ ആയി പോസ്റ്റ് ചെയ്യുകയും ചെയ്തു.

താൻ ക്ഷണിച്ചുവരുത്തിയ സംവാദകനെ, തന്റെ നിലപാടുകളെ വിമർശിച്ചു എന്നതിനാൽ കേസിൽ പ്രതിചേർക്കാൻ അവതാരക തയാറാകുന്നത് പുതിയ അനുഭവമാണ്. വിയോജിപ്പും വിമർശനവും കുറ്റകൃത്യമാണോ? മറുവശം പറയുന്നത് തെറ്റാണെങ്കിൽ എന്തിനാണ് ചർച്ച? ചാനൽ ചർച്ചകളിൽ ഇനി എന്ത് ധൈര്യത്തിലാണ് ആളുകൾ പ​ങ്കെടുക്കുക? സംവാദകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താൻ പാകത്തിൽ കേസ് കൊടുക്കുന്നതിലൂടെ അവതാരകയും ചാനലും നൽകുന്ന സന്ദേശമെന്താണ്?

നാസി ജർമനിയിലെ റേഡിയോ സംവാദങ്ങൾ ഓർത്തുപോകുന്നു. അവിടെ ജൂതവിരുദ്ധ, ‘‘ആര്യൻ’’ പക്ഷക്കാരല്ലാത്തവരെ ചർച്ചകളുടെ മോഡറേറ്ററാകുന്നതിൽനിന്ന് തടയുന്ന നിയമം തന്നെ (‘‘ഏകോപന നിയമം’’ –Gleichschaltung) 1933ൽ പാസാക്കിയിരുന്നു. ഗേബൽസിന്റെ പ്രോപഗൻഡ വകുപ്പ് ഇറക്കുന്ന സ്ക്രിപ്റ്റ് അനുസരിച്ചേ ചർച്ച നടക്കാവൂ. ചർച്ചയിൽ എതിർഭാഗം അഭിനയിക്കാൻ ചിലരുണ്ടാകും. അവരെ അവതാരകർ അവഹേളിച്ച് അടിച്ചിരുത്തും. അതിന് ഇരുന്നുകൊടുക്കുകയാണ് അവരുടെ റോൾ.

അങ്ങനെയുള്ള ‘‘സംവാദ’’ങ്ങൾക്ക് ചാനലുകളും അവതാരകരും സ്വയം പാകപ്പെടുകയാണോ? വിദ്വേഷ പ്രചാരണമെന്ന തെറ്റിനെ, സംവാദകനെതിരെ കേസെന്ന മറ്റൊരു തെറ്റുകൊണ്ട് മറികടക്കാൻ നടത്തിയ ശ്രമം പരിഹാസ്യം മാത്രമല്ല, മാധ്യമധർമത്തിന് കടകവിരുദ്ധവുമായി. അപകടകരവും.

വെറുമൊരു​ കാർ സവാരി

മരം കാണും, കാട് കാണില്ല എന്ന ചൊല്ല് ഒരിക്കൽകൂടി പുലരുന്നു.

ആഗസ്റ്റ് ഒടുവിൽ കിർഗിസ്താനിലെ ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ (എസ്.സി.ഒ) ഉച്ചകോടിയു​ടെ റിപ്പോർട്ടുകൾ നോക്കുക. (സെപ്റ്റംബർ 1ലെ പത്രങ്ങൾ)

‘‘യുദ്ധവിരാമത്തിന് ഇന്ത്യ ഇടപെടണമെന്ന് ഇറാൻ’’ (ഉച്ച​കോടിക്കിടെ പ്രധാനമന്ത്രി മോദിയും ഇറാൻ പ്രസിഡന്റ് പെഷസ്കിയാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയെപ്പറ്റി –മാധ്യമം); ‘‘യു.എസ് തയാറായാൽ കരാറിലേക്ക് മടങ്ങാം: ഇറാൻ’’ (ഉച്ചകോടിയിൽ പെഷസ്കിയാന്റെ പ്രസംഗം, മലയാള മനോരമ); ‘‘ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് മോദി’’ (മാതൃഭൂമി), ‘‘ഷെഹബാസിനെ മുന്നിലിരുത്തി മോദി: ഭീകരവാദത്തിൽ ഇരട്ടത്താപ്പ് വേണ്ട’’ (കേരളകൗമുദി); ‘‘യുക്രെൻ യുദ്ധം നിർത്തൂ എന്ന് പുട്ടിനോട് മോദി’’ (മനോരമ).

യുദ്ധങ്ങളും നേതാക്കളുടെ വാക്കുകളുമാണ് വാർത്തകളിൽ. ഒറ്റക്കൊറ്റക്ക് എല്ലാം പ്രധാനംതന്നെ. കൂട്ടത്തിൽ, മോദിയെ കേ​ന്ദ്രീകരിച്ച് വാർത്തകളേറെ: ‘‘മോദിയെ ഒഴിവാക്കി പാക്ക് പ്രധാനമന്ത്രിയുടെ ഷാങ്ഹായ് ഗ്രൂപ്പ് ഫോട്ടോ; വിവാദമായതോടെ തിരുത്തി.’’

കൗമുദിയിൽ രണ്ട് വാർത്താ ചിത്രങ്ങൾ കണ്ടു. അവരുടെ വിവരണ കുറുപ്പിൽനിന്ന്: ‘‘... നൊമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും മോദിയെ ത​ന്റെ ഔദ്യോഗിക കാറായ ഓറസ് സെനറ്റിൽ ഒപ്പം കൂട്ടിയാണ് പുടിൻ വേദിയിലെത്തിയത്. ഇരുനേതാക്കളും തമ്മിലെ ഉഭയകക്ഷി കൂടിക്കാഴ്ചക്കു ശേഷമായിരുന്നു യാത്ര. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടയിലും പുടിൻ മോദിക്കൊപ്പം ഒരേ കാറിൽ സഞ്ചരിച്ചത് ശ്രദ്ധനേടിയിരുന്നു...’’

ആഗോള രാഷ്ട്രീയബന്ധങ്ങളിൽ വലിയ മാറ്റങ്ങളുടെ കൊടി ഉയർത്തിയ ഒരു ഉച്ചകോടിയുടെ വാർത്തകൾ വ്യക്തിവിശേഷങ്ങളിലും ‘‘വൈറൽ’’ ഫോട്ടോകളിലും ഒതുങ്ങിപ്പോ​െയങ്കിൽ വാർത്താമൂല്യനിർണയത്തിൽ സാരമായ പിഴവുപറ്റി എന്നുറപ്പ്. ഉച്ചകോടി മൊത്തത്തിൽ എടുത്ത തീരുമാനങ്ങൾ വാർത്ത​യാകേണ്ടതല്ലേ?

‘‘ഇറാനിലെ യു.എസ് ആക്രമണം: അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി’’ (സുപ്രഭാതം) ലീഡ് വാർത്തയാകേണ്ടതായിരുന്നു. കാരണം, പ്രകടമായിതന്നെ അമേരിക്ക​േയാട് വിധേയത്വം പുലർത്തുന്ന, അമേരിക്കയോടും ഇസ്രായേലിനോടും പരസ്യ സൗഹൃദം പ്രഖ്യാപിക്കാറുള്ള മോദിയുടെ ഇന്ത്യയടക്കം, പത്ത് അംഗരാജ്യങ്ങളും സഹകാരികളും ചർച്ചാ പങ്കാളികളുമായി വേറെ 17 രാജ്യങ്ങളും, അമേരിക്കയോടുള്ള അകൽച്ച പ്രഖ്യാപിച്ചു.

ഇന്ത്യയും തുർക്കിയയും പാകിസ്താനുമെല്ലാം എതിർപ്പു കൂടാതെ ഒപ്പുവെച്ച രാഷ്ട്രീയ പ്രഖ്യാപനത്തിന് ആ അർഥം തന്നെയാണുള്ളത്. നാറ്റോയെപ്പോലെ സൈനിക സഖ്യമല്ലെങ്കിലും അതിന്റെ മൂന്നിരട്ടി വലുപ്പമുണ്ട് എസ്.സി.ഒക്ക്. ലോക ജനസംഖ്യയുടെ 13 ശതമാനം നാറ്റോക്കു കീഴിൽ വരുമെങ്കിൽ 42.5 ശതമാനം എസ്.സി.ഒ രാജ്യങ്ങളിലാണ് (തുർക്കിയ രണ്ടിലുമുണ്ട്). ഇറാനിൽ അമേരിക്ക നടത്തുന്ന അതിക്രമങ്ങളെയും ഇറാന്റെ നേതാക്കളെ വധിച്ചതടക്കമുള്ള കുറ്റങ്ങളെയും എസ്.സി.ഒ ഏകകണ്ഠമായി അപലപിച്ചു. യു.എസിന്റെ എതിർഭാഗത്തു നിർത്തുന്ന ഒരു കൂട്ടായ്മയിൽ ഇന്ത്യയും ചൈന റഷ്യയും പാകിസ്താനുമെല്ലാം ഒരുമിച്ചു നിൽക്കുന്നതിന് വാർത്താ പ്രാധാന്യമുണ്ട്. പാശ്ചാത്യ മാധ്യമങ്ങൾ അത് മനസ്സിലാക്കി.

‘‘യു.എസിന്റെ ആഗോള സ്വാധീനത്തിനൊരു ബദൽ’’ എന്നാണ് എ.പിയും എൻ.ബി.സി ന്യൂസും റി​പ്പോർട്ട് ചെയ്തത്. ഡോളറിന്റെ പിടിയിൽനിന്നും കുതറിമാറാനുള്ള മാർഗമായി പലരും എസ്.സി.ഒ കൂട്ടായ്മയെ വിലയിരുത്തി. അമേരിക്കയുടെ ചെയ്തികൾ യു.എൻ ചാർട്ടറിന് എതിരാണെന്ന ‘ബിഷ്കെക് പ്രഖ്യാപന’ത്തിന്റെ ഊന്നൽ എല്ലാവരും ശ്രദ്ധിച്ചു. യു.എസ് വിരോധം വാക്കുകളിലൊതുങ്ങുമെന്ന് ഇന്ത്യയെ ചൂണ്ടിക്കാട്ടി വാദിക്കുന്നവരുമുണ്ട്. പക്ഷേ നമുക്ക് എസ്.സി.ഒ കുറെ പാർശ്വ വിശേഷങ്ങൾ മാത്രം. പിന്നെ, മോദി-പുടിൻ കാർ സവാരി ‘‘വൈറലാ’’യതും.

വസ്തുതകൾ ദുർബലം, ആഖ്യാനം ശക്തം

ന്യൂയോർക്കിലെ ഇരട്ടഗോപുരങ്ങൾ 2001 സെപ്റ്റംബർ 11ന് തകർക്കപ്പെട്ടു. ആഗോള രാ​ഷ്ട്രീയത്തിലും മാധ്യമ ആഖ്യാനങ്ങളിലും അതുണ്ടാക്കിയ സ്വാധീനം 25 വർഷം കഴിഞ്ഞിട്ടും തുടരുന്നു.

2976 മനുഷ്യരാണ് അന്ന് ദാരുണമായി കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന് പിന്നിൽ ഏതാനും മുസ്‍ലിംകളായിരുന്നു എന്ന് ഔദ്യോഗിക നിലപാട്. എല്ലാ മുസ്‍ലിംകളെയും അവരുടെ മതത്തെയും അതിന് ഉത്തരവാദികളാക്കുന്ന മാധ്യമ ശൈലി ഇന്നും, ഒ​െട്ടല്ലാ വിഷയങ്ങളിലും കാണാം. 9/11 നെ പറ്റിയുള്ള മാധ്യമ ആഖ്യാനങ്ങ​​ളുടെ കൂടി ഇരയാണ്. ‘‘ഭീകരവിരുദ്ധ യുദ്ധ’’ത്തിൽ ഇറാഖിലും അഫ്ഗാനിസ്താനിലും സിറിയയിലും യമനിലും പാകിസ്താനിലും കൊല്ലപ്പെട്ട 9,40,000 മനുഷ്യർ. വേറെ 37 ലക്ഷം മനുഷ്യർ നേരിട്ടല്ലാതെയും കൊല്ലപ്പെട്ടു. മൂന്നുകോടി 80 ലക്ഷം മനുഷ്യർ തെരുവാധാരമായി.

ആഖ്യാനങ്ങൾക്ക് അടിത്തറയാകേണ്ടത് വസ്തുതകളാണ്, എന്നാൽ 9​/11നെ പറ്റിയുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പൂർണമല്ല. ‘‘9​/11 ട്രൂത്തേഴ്സ്’’ എന്ന എൻജിനീയർമാരുടെ സംഘം അതിലെ കണ്ടെത്തലുകളെ ചോദ്യം ചെയ്തുവരുന്നു. അവർ പറയുന്നത് കെട്ടിടങ്ങൾ അകമേനിന്ന് സ്ഫോടനത്തിലൂടെ തകർത്തു എന്നത്രെ. ഇപ്പോൾ നിർമിതബുദ്ധി ഉൾപ്പെടെ ഉപയോഗിച്ച് മറ്റു ചിലർ പറയുന്നു, ഇത് രണ്ടും ശരിയല്ലെന്ന്. വസ്തുതകൾ അപൂർണം. പ​േക്ഷ ആഖ്യാനങ്ങൾ ശക്തം. അതിന്റെ ഇരകളായി ഒരു മതസമൂഹവും.

Tags:    
News Summary - Media Trial And The Ignored SCO Declaration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.