കൊണ്ടാലറിയില്ല, കണ്ടാലറിയും

നേപ്പാൾ പ്രളയം പലതരത്തിൽ പ്രത്യേകത ഉൾക്കൊള്ളുന്നു. ഒരുപക്ഷേ ആദ്യത്തെ ‘‘ലൈവ് സ്ട്രീംഡ്’’ കാലാവസ്ഥാ ദുരന്തം ഇതാവാം. കാമറകൾ ഭീകരമായ ദൃശ്യങ്ങൾ പകർത്തി ​ലോകത്തിനു നൽകി. അതുകൊണ്ടാവണം, മുമ്പില്ലാത്ത വ്യക്തതയും വ്യതിരിക്തതയും ഇതിന്റെ വാർത്തകളിൽ കണ്ടത്. മുമ്പ് ഇത്തരം തീവ്ര കാലാവസ്ഥാ ദുരന്തങ്ങൾ (യൂറോപ്പിലെ അത്യുഷ്ണവും കേരളത്തിലെ അതിവൃഷ്ടിയും വരെ) ആഗോള കാലാവസ്ഥാ പ്രതിസന്ധിയുമായി നേരിട്ടു ബന്ധപ്പെടുത്തിയല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ‘‘പെരുമഴപ്പെയ്ത്ത്’’, ‘‘മേഘവിസ്ഫോടനം’’, ‘‘ഇടിത്തീമഴ’’ എന്നെല്ലാം കേരളത്തിലെ തീവ്രമഴയെ വിശേഷിപ്പിച്ച മാധ്യമങ്ങൾ മുഖപ്രസംഗങ്ങളിലോ ​ലേഖനങ്ങളിലോ...

നേപ്പാൾ പ്രളയം പലതരത്തിൽ പ്രത്യേകത ഉൾക്കൊള്ളുന്നു. ഒരുപക്ഷേ ആദ്യത്തെ ‘‘ലൈവ് സ്ട്രീംഡ്’’ കാലാവസ്ഥാ ദുരന്തം ഇതാവാം. കാമറകൾ ഭീകരമായ ദൃശ്യങ്ങൾ പകർത്തി ​ലോകത്തിനു നൽകി.

അതുകൊണ്ടാവണം, മുമ്പില്ലാത്ത വ്യക്തതയും വ്യതിരിക്തതയും ഇതിന്റെ വാർത്തകളിൽ കണ്ടത്. മുമ്പ് ഇത്തരം തീവ്ര കാലാവസ്ഥാ ദുരന്തങ്ങൾ (യൂറോപ്പിലെ അത്യുഷ്ണവും കേരളത്തിലെ അതിവൃഷ്ടിയും വരെ) ആഗോള കാലാവസ്ഥാ പ്രതിസന്ധിയുമായി നേരിട്ടു ബന്ധപ്പെടുത്തിയല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ‘‘പെരുമഴപ്പെയ്ത്ത്’’, ‘‘മേഘവിസ്ഫോടനം’’, ‘‘ഇടിത്തീമഴ’’ എന്നെല്ലാം കേരളത്തിലെ തീവ്രമഴയെ വിശേഷിപ്പിച്ച മാധ്യമങ്ങൾ മുഖപ്രസംഗങ്ങളിലോ ​ലേഖനങ്ങളിലോ കാലാവസ്ഥാ പ്രതിസന്ധിയെ സൂചിപ്പിച്ചതല്ലാതെ, അതിനെ നമുക്കു മുന്നിലെ ഭീകര യാഥാർഥ്യമായി എടുത്തുകാട്ടിയില്ല. നേപ്പാൾ ദുരന്തത്തിൽ, ആഗോളതാപനത്തെ ദുരന്തത്തിന്റെ പ്രത്യക്ഷ കാരണമായി തിരിച്ചറിഞ്ഞു. ആദ്യ മണിക്കൂറുകളിൽ തന്നെ ഉപഗ്രഹദൃശ്യങ്ങളടക്കം പരി​ശോധിച്ച്, ആ സാധ്യത ഏറക്കുറെ ഉറപ്പിച്ചു.

ഹിമാലയത്തിലെ ഭീമൻ ഹിമാനികൾ താപനംമൂലം ഉരുകുന്നു. കൂറ്റൻ മഞ്ഞുമല അങ്ങനെ വേർപെട്ട് വൻ താഴ്ചയിലേക്ക് ​വീഴുന്നു. അത് ഭൂചലനം സൃഷ്ടിക്കുന്നു. താഴെ പതിച്ച മഞ്ഞുമല ഉരുകി ഹിമത്തടാകമായി ഒടുവിൽ പുറത്തേക്ക് ഇരച്ചൊഴുകുന്നു. താപനമാണ് ഹേതു. മഴ ഇല്ലാതെ വൻ പ്രളയം.

ഒരൊറ്റ ദിവസംകൊണ്ട് ആഗോള മാധ്യമങ്ങൾ കാലാവസ്ഥ ദുരന്തമെന്ന ഭീകരത സ്ഥിരീകരിച്ചു. ‘‘കാലാവസ്ഥാമാറ്റം നേപ്പാളിലെ​പ്പോലുള്ള വിപത്തുകൾക്ക് സാധ്യത തുറന്നു’’ എന്ന് ന്യൂയോർക് ടൈംസ് പ്രാധാന്യത്തോടെ എഴുതി. ‘‘നേപ്പാൾ പ്രളയത്തിൽ കാലാവസ്ഥാ മാറ്റത്തിന്റെ പങ്ക്’’ (എൻ.പി.ആർ), ‘‘ഹിമാലത്തിലെ മഞ്ഞുരുക്കം കൂടുതൽ ദുരന്തങ്ങൾക്ക് ഇടയാക്കും’’ (എ.പി), ‘‘ഇത്തരം ദുരന്തങ്ങൾ കാലാവസ്ഥാ മാറ്റം ഇനിയുമുണ്ടാക്കും’’ (സയന്റിഫിക് അമേരിക്കൻ) ‘‘ഹിമാലയത്തിലെ പെർമാഫ്രോസ്റ്റ് ഉരുകുന്നത് ദുരന്തഹേതു’’ (എൻ.ബി.സി) ‘‘കാലാവസ്ഥാ ദുരന്തത്തി​ന്റെ ദൃശ്യമായ തെളിവ്’’ (ക്രയോസ്ഫിയർ സ്​പെഷലിസ്റ്റ് ഡോ. മുഹമ്മദ് ഫാറൂഖ് അഅ്സമിന്റെ വിശദലേഖനം കാഠ്മണ്ഡു പോസ്റ്റിൽ) എന്നിങ്ങനെ ധാരാളം കാലാവസ്ഥാ പ്രതിസന്ധി ഏതോ വിദൂരസാധ്യതയല്ല, കൺമുന്നിൽ എത്തിനിൽക്കുന്ന യാഥാർഥ്യമാണെന്ന തിരിച്ചറിവാണ് ഇതാദ്യമായി ദുരന്ത റിപ്പോർട്ടുകളിൽ മുന്നിട്ടുനിൽക്കുന്നത്. ഈ തിരിച്ചറിവ് നല്ലതാണ്. പക്ഷേ, വൈകിപ്പോയോ എന്ന ചോദ്യം ഉന്നയിക്കുന്നവരുമുണ്ട്.

വ്യാജം വെളിപ്പെടട്ടെ

വാക്കുകൾക്ക് രാഷ്ട്രീയമുണ്ടെന്നത് പറഞ്ഞുതേഞ്ഞ സത്യമാണ്. അലസമായി ഉപയോഗിക്കുന്ന വാക്കുകൾ വായനക്കാരനിൽ തെറ്റായ ധാരണ സൃഷ്ടിക്കാം. മലയാള പത്രങ്ങളിൽ ഇത്, ഇംഗ്ലീഷിൽ വന്ന വാക്കുകളുടെ വിവർത്തനമായും വരുന്നു. ഡെസ്കിന്റെ അശ്രദ്ധയിലൂടെ നുഴഞ്ഞുകയറുന്ന വിദേശി ദുസ്സൂചനകളാണവ. കരുതിയില്ലെങ്കിൽ വാർത്തയുടെ മൊത്തം ധ്വനിയെ അത് ബാധിക്കും.

ഒരു ഉദാഹരണം: ‘‘ഇറാൻ എന്റെ മകനെ വധിക്കാൻ ശ്രമിച്ചു’’; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതിയ വെളിപ്പെടുത്തലുമായി നെതന്യാഹു’’ (മാധ്യമം ഓൺലൈൻ, ആഗസ്റ്റ് 25).

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കണക്കിലെടുത്തുള്ള പ്രചാരണപരമായ പ്രാധാന്യമാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ വാക്കുകളിലുള്ളതെന്ന സൂചന കൃത്യമാണ്. എന്നാൽ, അതുണ്ടാക്കേണ്ട സംശയത്തിന്റെയും അവിശ്വാസത്തിന്റെയും അടിവേരറുക്കുന്ന ഒരു പദപ്രയോഗം തുടർന്ന് വരുന്നു– ‘‘വെളിപ്പെടുത്തൽ’’ എന്ന വാക്ക്.

ആ വാക്കിന് ധ്വനിയുണ്ട്. മറഞ്ഞിരുന്ന രഹസ്യം പുറത്തുകൊണ്ടുവരികയെന്നു മാത്രമല്ല, ആ കാര്യം നേരാണെന്ന ധ്വനി. അതിനുപകരം ‘‘ആരോപണം’’ എന്നായാൽ, ആ തീർച്ച ഇല്ലാതായി.

​വാർത്തയിൽ തുടർന്നും, സംഗതി നേരുതന്നെ എന്ന് പദപ്രയോഗങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ‘‘നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ’’, ‘‘നിർണായകമായ കാര്യം’’, ‘‘നെതന്യാഹു അഭിമുഖത്തിൽ വ്യക്തമാക്കി’’ എന്നിങ്ങനെ –ഇതെല്ലാം കഴിഞ്ഞാണ് ‘‘എന്നാൽ ഇതുവരെ ഇതേക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല’’ എന്ന് വ്യക്തമാക്കുന്നത്. ഔ​േദ്യാഗിക വിവരമില്ലെങ്കിലും കാര്യം സത്യം തന്നെ എന്ന് റിപ്പോർട്ട് വായനക്കാരനെ ധരിപ്പിച്ചുകഴിഞ്ഞിരിക്കുന്നു.

ആരോപണം തൽക്കാലം ആരോപണം മാത്രമാണ്. ‘‘പേജർ’’ സ്ഫോടനങ്ങളിലൂടെയും അല്ലാതെയും വിദേശ നേതാക്കളെ തോന്നു​മ്പോലെ കൊന്നുകളഞ്ഞ ഇസ്രായേലിന് ഭയം സ്വാഭാവികം. പക്ഷേ ഇറാന്റെ ഭീഷണിയെപ്പറ്റി വാർത്ത വന്ന സ്രോതസ്സുകൾ അതിന്റെ നിജസ്ഥിതി സംശയാസ്പദമാക്കുന്നുണ്ട്.

റിപ്പോർട്ട് ആദ്യം വരുന്നത് ഇസ്രായേലി മാധ്യമമായ ചാനൽ 14ലാണ്. തന്റെ കുടുംബാംഗങ്ങൾക്ക് സർക്കാർ ചെലവിൽ നെതന്യാഹു വൻ സുരക്ഷയൊരുക്കിയത് തെരഞ്ഞെടുപ്പിൽ വിഷയമാണ്. ആ ചെയ്തിയെ ന്യായീകരിക്കാനാണ് നെതന്യാഹു ചാനൽ 14ന്റെ ‘‘വെളിപ്പെടുത്തൽ’’ പുറത്തെടുത്തത്.

തീവ്ര വലതുപക്ഷ നിലപാടുള്ള ചാനൽ 14 നെറ്റ് വർക് പുറത്തുവിട്ട അനേകം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് തെളിഞ്ഞതാണ്. വിശ്വാസ്യത അത്ര കുറവായതുകൊണ്ടാണ്, യു.എസ് വലതുപക്ഷ ചാനലായ ഫോക്സ് ന്യൂസ് പോലും മുകളിൽപ്പറഞ്ഞ വാർത്തയെ ‘‘നെതന്യാഹുവിന്റെ അവകാശവാദ’’മെന്ന് (claimed) വിശേഷിപ്പിച്ചത്. പിന്നീട് ആ വാർത്ത മറ്റുപലരും ഏറ്റെടുത്ത് ‘‘വികസിപ്പി’’ച്ചിട്ടുണ്ട്. നെതന്യാഹുവിന്റെ പ്രചാരണത്തിന് പാകത്തിലുള്ള ആ വാർത്തകൾ ഇപ്പോൾ ​ഏറ്റെടുത്തിട്ടുള്ളത് മറ്റൊരു നെതന്യാഹുപക്ഷ പ്രോപഗൻഡ ചാനലായ ന്യൂസ് ​മാക്സ് ആണ്. (ഇവർ ഇറക്കിയ വ്യാജവാർത്തകളുടെ പട്ടികയുണ്ട് അവരുടെ വിക്കിപീഡിയ പേജിൽ.)

ഇത്തരം വ്യാജ ‘‘വെളിപ്പെടുത്തലു’’കളുടെ മറ്റൊരു ഉദാഹരണം കൂടി:

ഇറാന്റെ സേനാമേധാവി, തന്റെ രാജ്യം ആണവശക്തിയായിക്കഴിഞ്ഞെന്ന് പ്രഖ്യാപിച്ചതായി ഒരു ‘‘വെളിപ്പെടുത്തൽ’’ ആഗസ്റ്റ് 5ന് വരുന്നു. ഇന്ത്യയിലെ ഒരു വ്യാജ ‘എക്സ്’ അക്കൗണ്ടിലാണ് അത് ആദ്യം വന്നത്. തൊട്ടുടനെ അത് ഒരു ഹിന്ദി അക്കൗണ്ടിലും വന്നു. രണ്ടിനും കൂടി രണ്ടര ലക്ഷം ഫോളോവേഴ്സ് ഉണ്ട്. വൈകിയില്ല, അത് ഇസ്രായേലിലെ ഒരു ‘എക്സ്’ അക്കൗണ്ട് ഏറ്റുപിടിച്ചു. തൊട്ടുപിന്നാലെ, നമ്മൾ നേരത്തേ പറഞ്ഞ ചാനൽ 14 അത് വാർത്തയാക്കി. ‘‘ഇറാൻ ആദ്യമായി സത്യം പരസ്യപ്പെടുത്തുന്നു’’ എന്നായിരുന്നു തലക്കെട്ട്. നെതന്യാഹുവിന്റെ മകൻ അത് ഷെയർ ചെയ്തു. തുടർന്ന് നെതന്യാഹു തന്റെ പ്രസംഗത്തിൽ ‘‘ഇറാന്റെ തനിനിറം വെളിപ്പെട്ടു’’ എന്നൊക്കെ പറഞ്ഞ് വൻ വാർത്തയാക്കി. പിന്നെ യു.എസിന്റെ യു.എൻ പ്രതിനിധി വാൾട്ട്സും സെനറ്റർമാരും ഫോക്സ് ന്യൂസുമെല്ലാം ആ നുണ ആവർത്തിച്ചു.

ഇത്തരം നുണകളെ ‘‘വെളിപ്പെടുത്തലാ’’ക്കി വെളുപ്പിക്കാതിരിക്കാൻ ശ്ര​ദ്ധിക്കേണ്ടതുണ്ട്. അമേരിക്കൻ പ്രസിഡന്റിനെപ്പോലും ഭക്ഷണവണ്ടിയിലൊളിപ്പിക്കാനുള്ള കരുത്തുണ്ടല്ലോ അവക്ക്.

Tags:    
News Summary - Nepal Flood As A Live Streamed Climate Disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.