സമൂഹമാധ്യമങ്ങളിലൊരു ശുദ്ധികലശം

ആഗസ്റ്റ് 17ന് ബി.ജെ.പിയുടെ ദേശീയ സമിതികളിൽ മാറ്റം വന്നപ്പോൾ വാർത്തകളിൽ, ‘‘ഐ.ടി സെൽ’’ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ സെല്ലിലെ മാറ്റത്തിന് വൻ പ്രാധാന്യം ലഭിച്ചു. യാഥാർഥ്യത്തെക്കാൾ പ്രതീതിക്ക് പ്രാധാന്യം കൽപിക്കുന്ന സ്വേച്ഛാധിപത്യ ശൈലിയിൽ ‘‘ഐ.ടി സെല്ലു’’കൾക്ക് വൻ സ്ഥാനമുണ്ട്. ഹിറ്റ്ലറെപ്പോലെ ഗേബൽസും പ്രമുഖനാകുന്നത് അതുകൊണ്ടാണ്.മോദി ഭരണമേറ്റ വർഷത്തിൽ തന്നെയാണ് അമിത് മാളവ്യ ബി.ജെ.പിയുടെ ​പ്രോപഗൻഡ സെല്ലിന്റെ തലവനാകുന്നത്. 11 വർഷങ്ങൾക്കുശേഷം, ‘‘പാറ്റകളു’’ടെ കടന്നാക്രമണത്തോട് പരാജയപ്പെട്ടെന്ന വിലയിരുത്തലോടെ അദ്ദേഹത്തിനു വിടനൽകി; പകരക്കാരനായി ദീപക് മസ്കേയും കൂട്ടരുമെത്തി. ആ മാറ്റത്തിന്...

ആഗസ്റ്റ് 17ന് ബി.ജെ.പിയുടെ ദേശീയ സമിതികളിൽ മാറ്റം വന്നപ്പോൾ വാർത്തകളിൽ, ‘‘ഐ.ടി സെൽ’’ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ സെല്ലിലെ മാറ്റത്തിന് വൻ പ്രാധാന്യം ലഭിച്ചു. യാഥാർഥ്യത്തെക്കാൾ പ്രതീതിക്ക് പ്രാധാന്യം കൽപിക്കുന്ന സ്വേച്ഛാധിപത്യ ശൈലിയിൽ ‘‘ഐ.ടി സെല്ലു’’കൾക്ക് വൻ സ്ഥാനമുണ്ട്. ഹിറ്റ്ലറെപ്പോലെ ഗേബൽസും പ്രമുഖനാകുന്നത് അതുകൊണ്ടാണ്.

മോദി ഭരണമേറ്റ വർഷത്തിൽ തന്നെയാണ് അമിത് മാളവ്യ ബി.ജെ.പിയുടെ ​പ്രോപഗൻഡ സെല്ലിന്റെ തലവനാകുന്നത്. 11 വർഷങ്ങൾക്കുശേഷം, ‘‘പാറ്റകളു’’ടെ കടന്നാക്രമണത്തോട് പരാജയപ്പെട്ടെന്ന വിലയിരുത്തലോടെ അദ്ദേഹത്തിനു വിടനൽകി; പകരക്കാരനായി ദീപക് മസ്കേയും കൂട്ടരുമെത്തി. ആ മാറ്റത്തിന് വൻ തലക്കെട്ടുകൾ കിട്ടി.

സ്ഥാനമേറ്റ ഉടനെ പുതിയ ‘‘സെല്ലു’’കാർ ചെയ്തത്, യാഥാർഥ്യത്തിനു മേൽ പ്രതീതിയെ സൃഷ്ടിക്കുകയാണ്. വൃത്തികെട്ടതും അധമവുമായ കുറെ പോസ്റ്റുകൾ അവർ മുമ്പ് സമൂഹമാധ്യമങ്ങളിൽ ഇട്ടിരുന്നു. അതൊക്കെ തിടുക്കത്തിൽ തേടിപ്പിടിച്ച് മായ്ച്ചുകളയുകയായിരുന്നു ആദ്യ ജോലി. അത്ര ‘‘കേമ’’മായിരുന്നു അതെല്ലാം.

പുതിയ കൺവീനർ ദീപക് മസ്കേയുടെ പേരിലുള്ള ‘എക്സ്’ ഹാൻഡ്‍ലിൽ ആഗസ്റ്റ് 17ന് (അദ്ദേഹം സ്ഥാനമേൽക്കുന്നതിനു മുമ്പ്) 6905 പോസ്റ്റുകൾ ഉണ്ടായിരുന്നു; 18ഓടെ (സ്ഥാനമേറ്റ ഉടനെ) അത് 5563 എണ്ണമായി കുറഞ്ഞു, 1342 പോസ്റ്റുകൾ നീക്കംചെയ്തു. (ആൾട്ട് ന്യൂസ്). വിദ്വേഷവും വ്യാജവും പരത്തുന്നതിൽ മുന്നിലുള്ള പാർട്ടിയു​ടെ പുതിയ പ്രചാരണ മേധാവി അവകാശപ്പെടുന്നത്, താൻ വ്യാജപ്രചാരണത്തിനെതിരാണ് എന്നത്രെ. പിന്നെ എന്തിനാണ് ഇത്രയേറെ പഴയ പോസ്റ്റുകൾ നീക്കംചെയ്തത്?

സഹകൺവീനർമാരായ പ്രീതി ഗാന്ധി, ആലോക് ഭട്ട്, അരുൺ യാദവ്, ശിവാനന്ദ് ദ്വിവേദി തുടങ്ങിയവരും ഇങ്ങനെ തിരക്കിട്ട് സ്വയം ശുചീകരണം ചെയ്തു. പക്ഷേ ഇന്റർനെറ്റിന് ഓർമ നശിക്കില്ലല്ലോ. പഴയ പോസ്റ്റുകൾ അവർക്കുനേരെ ഉയർന്നുവരാൻ തുടങ്ങിയിരിക്കുന്നു.

പുതിയ നിയോഗം കിട്ടിയ ഉടനെ പ്രീതി ഗാന്ധിയുടെ ‘എക്സ്’ അക്കൗണ്ടിൽനിന്ന് കുറെ പോസ്റ്റ് നീക്കംചെയ്തു. പിന്നെ അക്കൗണ്ട് തന്നെ ‘‘ലഭ്യമല്ലാ’’തായി. മറ്റു മൂന്നുപേരുടെ അക്കൗണ്ടുകളും പെട്ടെന്ന് തന്നെ കിട്ടാതായി.

പ്രീതി ഗാന്ധിയുടെ അപ്രത്യക്ഷമായ ചില കുറിപ്പുകൾ: ‘‘എന്റെ പേരിലെ ഈ ഗാന്ധി... പോലെയാണ്. മോദിയോ ഗോദ്സെയോ ആയാൽ മതിയായിരുന്നു.’’ (അശ്ലീലം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട് പോസ്റ്റുകളിൽ. പലതും പറയാൻ കൊള്ളാത്തവ.) ‘‘ഞാൻ വലിയ, വലിയ ഗോദ്സെ ഭക്തയാണ്’’ എന്ന് മറ്റൊന്ന്.

ആലോക് ഭട്ടിന്റെ ചില പഴയ രത്നങ്ങൾ: ‘‘ഉത്തരാഖണ്ഡിൽ പിന്നെയും മൂന്ന് ജമാഅത്തി കൊറോണ കേസുകൾ. ഒക്കെ മർകസിൽനിന്നെത്തിയത്...’’ ‘‘കൊറോണ ജിഹാദ്’’ എന്ന വ്യാജവാർത്തയുടെ സ്രോതസ്സുകളിലൊന്നായിരുന്നു ഇദ്ദേഹം. ദ പാംഫ്​ലൈറ്റ് എന്ന വർഗീയ പ്രോപഗൻഡ സൈറ്റിന്റെ ഉടമ. ‘‘മുസ്‍ലിം വോട്ട് ബാങ്കും റിസർവേഷനുമാണ് സകല പ്രശ്നത്തിനും കാരണം’’ എന്നായിരുന്നു മറ്റൊരു ‘എക്സ്’ പോസ്റ്റ്. എല്ലാം ഇപ്പോൾ എടുത്തുമാറ്റി. തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടല്ല, ഇന്നത്തെ സാഹചര്യത്തിൽ അ​തൊക്കെ തിരിച്ചടിക്കുമെന്ന ഭയംകൊണ്ട്.

പാർട്ടിക്കു പോലും സഹിക്കാനാവാത്ത ഇസ്‍ലാം വിരുദ്ധ പോസ്റ്റുകളിട്ടതിനാണ് അരുൺ യാദവിനെ ബി.ജെ.പി ഹരിയാന ഐ.ടി സെല്ലിൽനിന്ന് ഒഴിവാക്കിയത്. ഇപ്പോൾ പാർട്ടി ദേശീയ ഐ.ടി സെല്ലിന്റെ സഹ കൺവീനറായ ഉടനെ അദ്ദേഹം നീക്കംചെയ്തത് 65,500 പോസ്റ്റാണ്. 2026 ആഗസ്റ്റ് 19 വരെയുള്ളതെല്ലാം. ശിവാനന്ദ ദ്വിവേദി 600ഓളം നീക്കംചെയ്തെന്നാണ് ആൾട്ട് ന്യൂസിന്റെ കണക്ക്.

രാജ്യത്തെ പ്രശ്നങ്ങൾ നേരിടുന്നതിന് മന്ത്രിമാർ കൂടുതൽ മെച്ചപ്പെട്ട ഇൻസ്റ്റഗ്രാം ഇടപെടൽ നടത്തുകയാണ് വേണ്ടതെന്ന് വിശ്വസിക്കുന്ന പ്രധാനമന്ത്രിക്കു കീഴിൽ, പ്രതീതിയും പ്രതിച്ഛായയും മാത്രമാണ് വിഷയമാവുക. അത്ഭുതമില്ല.

ഭയത്തിന് മറുമരുന്ന് ഹാസ്യം

‘‘ലാഫ്റ്റിവിസ’’ത്തെപ്പറ്റി രണ്ടുലക്കം മുമ്പ് എഴുതിയതിനോട് പ്രതികരിച്ചുകൊണ്ട് പുരുഷോത്തമൻ കടലുണ്ടി ചോദിക്കുന്നു: ‘‘പരിഹാസവും ആക്ഷേപഹാസ്യവുമൊക്കെ, ജനങ്ങളുടെ അതൃപ്തി പുറത്തുകാട്ടാനൊരു മാർഗം തുറക്കുമെന്നത് ശരിതന്നെ. പക്ഷേ, വ്യവസ്ഥിതിയെ മാറ്റാനുള്ള ശേഷിയൊന്നും അതിനില്ലല്ലോ. അപ്പോൾ അതൊരു തൽക്കാല പ്രതിഭാസമായി ഒതുങ്ങുകയല്ലേ ചെയ്യുക?’’

വായനക്കാരന്റെ നിരീക്ഷണം ശരിയാണ്. പക്ഷേ പലതരം സെൻസർഷിപ്പുകൊണ്ട് തടഞ്ഞുനിർത്തപ്പെട്ടിരുന്ന പൊതുവികാരം പുറത്തേക്ക് വഴികണ്ടെത്തുന്നതുതന്നെ ചെറിയ കാര്യമല്ല. ഉരുൾപൊട്ടൽപോലെ അതും അടിയിലെ മണ്ണ് തട്ടിമാറ്റിക്കൂടെന്നില്ല. തൽസ്ഥിതി മാറ്റാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതും തൽസ്ഥിതിമാറ്റുന്നതും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും, ഒന്ന് മറ്റൊന്നിലേക്ക് നയിക്കാം. ജനഹിതത്തെ തെരുവിലെത്തിക്കാൻ പോന്ന ചാലുകളിലൊന്നാണ് ആക്ഷേപഹാസ്യം.

വിമർശനത്തിനതീതരെന്ന് തോന്നിച്ച ‘‘അമാനുഷ’’രെ തുറന്നുകാട്ടിക്കൊണ്ട്, അജയ്യതയുടെ മൂടുപടം അത് വലിച്ചുകീറുന്നു. ബ്ല​ൂപ്രിന്റ് ഫോർ റെവലൂഷൻ എന്ന പുസ്തകത്തിൽ (2015), സെർബിയൻ വിപ്ലവനേതാവ് പോപ്പോവിച്ച് അനേകം ഉദാഹരണങ്ങൾ നിരത്തുന്നുണ്ട്. പതിമൂന്നു വർഷം സെർബിയയെ അടക്കിഭരിച്ച മിലോസെവിച്ചിനെ മറിച്ചിട്ട വിദ്യാർഥികളുടെ അഹിംസാപ്രസ്ഥാനമായിരുന്ന ‘ഒത്പോറി’ന്റെ നേതാവായിരുന്നു അദ്ദേഹം.

വിപ്ലവത്തിനുള്ള ബ്ലൂപ്രിന്റ് എന്ന പുസ്തകത്തിൽ ഈ യുവനേതാവ്, ഹാസ്യംപോലുള്ള സമാധാനപരമായ സമരരീതികൾ എങ്ങനെ ‘‘സമൂഹങ്ങളെ ഊർജസ്വലരാക്കുകയും സ്വേച്ഛാധിപതികളെ മറിച്ചിടുകയും’’ചെയ്യുമെന്ന് വിവരിക്കുന്നു. ചിരി പലതരത്തിൽ (കാർട്ടൂൺ, ‘ലെഗോ’ ചിത്രങ്ങൾ, ഹാസ്യകവിത, തെരുവ് നാടകം...) രാഷ്ട്രീയ ആയുധമാക്കിക്കൊണ്ടാണ് ഒത്പോർ അസാധ്യമെന്ന് കരുതപ്പെട്ട ഭരണമാറ്റം സാധ്യമാക്കിയത്. ഹാസ്യത്തിന്റെ വിപ്ലവശേഷിക്ക് മൂന്നു കാരണങ്ങൾ അദ്ദേഹം നിരത്തി.

ഒന്ന്, ഹാസ്യം ഭയത്തെ ഇല്ലാതാക്കുന്നു. പേടിയെ അപ്രത്യക്ഷമാക്കുന്ന മാനസിക ഘടകം അതിലുണ്ട്. രണ്ട്, ആക്ടിവിസത്തെ ഹാസ്യം ആകർഷകമാക്കുന്നു. മാനസിക പിരിമുറുക്കമല്ല, ഉല്ലാസമാണ് അത് സൃഷ്ടിക്കുക.

മൂന്നാമത്തെ ഘടകം, അത് എതിരാളികൾക്കു കെണിയായിത്തീരുന്നു എന്നതാണ്. അധികാരികൾ ചെറുതമാശപോലും ഗൗരവത്തിലെടുക്കാൻ നിർബന്ധിതരാകുന്നു. തിരിച്ച് വികലമായി പ്രതികരിക്കുന്നതോടെ കൂടുതൽ പരിഹാസ്യരാകുന്നു. (നരേന്ദ്ര മോദിയോട് മാപ്പ് ആവശ്യപ്പെടുമ്പോൾ അദ്ദേഹം വിദ്യാർഥികൾക്ക് മാപ്പുനൽകുന്നു; കേരളത്തിലെ ഒരു വൈസ് ചാൻസലർ വിദ്യാർഥികളോട് തങ്ങൾ ‘‘പാറ്റകള’’ല്ലെന്ന് പ്രഖ്യാപിക്കാനാവശ്യപ്പെട്ട് സ്വയം നാണംകെടുന്നു.) തമാശയോട് പ്രതികരിച്ചാലും പ്രശ്നം, പ്രതികരിച്ചില്ലെങ്കിലും പ്രശ്നം. എത്ര സെൻസർ ചെയ്താലും തടസ്സമില്ലാതെ പ്രവഹിക്കുന്ന ഓൺലൈൻ ആക്ഷേപഹാസ്യത്തെ വിലകുറച്ച് കാണാൻ അധികാരികൾക്ക് സാധിക്കില്ല.

ഇന്ത്യയിൽ ഭരണകക്ഷിയെ പ്രതിരോധത്തിലാക്കാൻ ഈ മീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ‘‘ജെൻസി’’യുടെ ആക്ഷേപഹാസ്യ​ മീമുകൾക്ക് വേണ്ട വിഭവങ്ങളെല്ലാം നൽകുന്നത് ബി.ജെ.പി തന്നെയാണെന്ന് ‘‘ഐസ’’ നേതാവ് നേഹ ബോറ പറഞ്ഞതിൽ കാര്യമുണ്ട്. തെരുവിനെ മാത്രമല്ല, അതിനെ ചലിപ്പിക്കുന്ന ഓൺലൈൻ തെരുവുകളെയും ബി.ജെ.പി ഭയക്കുന്നു. ഇക്കൊല്ലം മാർച്ച് മുതൽ ജൂലൈ വരെ യൂനിയൻ സർക്കാർ ‘ഇൻസ്റ്റഗ്രാമി’ൽ മാത്രം 68 സെക്കൻഡിൽ ഒന്ന് എന്നതോതിൽ പോസ്റ്റുകൾ നീക്കംചെയ്യിച്ചതായി ഇന്ത്യൻ എക്സ്പ്രസ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തു. ബി.ജെ.പിയുടെ കരുത്തനായ അമിത് മാളവ്യയുടെ ഐ.ടി സേന പരാജയമാണെന്ന് പാർട്ടി മനസ്സിലാക്കിയത് ഓൺലൈൻ ലാഫ്റ്റിവിസത്തിന്റെ കരുത്തറിഞ്ഞാണ്. മറ്റുള്ളവരുടെ പോസ്റ്റുകൾ നീക്കംചെയ്യിച്ച പാർട്ടിയുടെ പുതിയ ടീമാകട്ടെ പ്രവർത്തനം തുടങ്ങുന്നത്, സ്വന്തം പോസ്റ്റുകൾ മായ്ച്ചുകളഞ്ഞുകൊണ്ടാണല്ലോ.

സോവിയറ്റ് യൂനിയൻ തകരുന്നതിനുമുമ്പ് അതിന്റെ പ്രത്യയശാസ്ത്രത്തിന്റെ കരുത്ത് ചോർത്തിയത്, ഇന്ന് മോദി സർക്കാറിനും പശ്ചാത്തല ശക്തികൾക്കും നേരെ ഉയരുന്നതുപോലുള്ള തമാശകളാണ്. ഏകാധിപതികളോടുള്ള ഉൾഭയം ഇല്ലാതാക്കുന്നു ലാഫ്റ്റിവിസം. എതിർവാക്ക് പറയാൻ ആളുകൾ ഭയപ്പെട്ടിരുന്ന ഹിറ്റ്ലറെയും മുസോളിനിയെയും പരിഹാസ്യരാക്കിയ കലാകാരനാണ് ചാർളി ചാപ്ലിൻ (ദ ഗ്രേറ്റ് ഡിക്ടേറ്റർ). ആണവായുധത്തെ തമാശക്ക് കരുവാക്കി സ്റ്റാൻലി കുബ്രിക് –ഇന്ന് ലെഗോവിഡിയോകളും ഇമോജികളും സ്റ്റാൻഡപ്പ് കോമഡിയുമെല്ലാം ജനകീയ പ്രതിരോധത്തിലേക്ക് ചിരികൊണ്ട് മാർഗംകാട്ടുന്നു.

Tags:    
News Summary - When Satire Becomes Anti-Authoritarian Tool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.