താത്ത്വിക വിശകലനങ്ങൾ, ആഴമുള്ള സംവാദങ്ങൾ

തെരഞ്ഞെടുപ്പാണ്. മാധ്യമങ്ങൾക്ക് തിരക്കാണ്. ജനങ്ങളെ ബോധവത്കരിക്കണം. സംസ്ഥാനത്തിന്റെ ഭൂത-വർത്തമാന-ഭാവികൾ ചർച്ചചെയ്യണം. ഉദാത്തമായ ജനാധിപത്യമൂല്യത്തിലൂന്നിക്കൊണ്ട് നാടിന്റെ ക്ഷേമത്തെപ്പറ്റിയുള്ള സംവാദാത്മകമായ വിശകലനങ്ങളാൽ സമൂഹത്തെ സമുദ്ധരിക്കണം. ഈ അടിസ്ഥാനധർമം മാധ്യമങ്ങൾ മറന്നില്ല. ആഴത്തിലുള്ള വിശകലനങ്ങൾക്ക് തുടക്കമായി. ചില ഉദാഹരണങ്ങൾ: ‘‘ജി. സുധാകരൻ പാർട്ടി വിട്ടത് ചെറ്റത്തരം.’’ –പിണറായി വിജയൻ. ‘‘ചെറ്റ എന്നല്ല വറ്റ എന്നു വിളിച്ചാലും അഭിമാനം. നിഘണ്ടു വായിച്ചിട്ടില്ലാത്തയാളാണ് പിണറായി വിജയൻ.’’ –ജി. സുധാകരൻ. ‘‘എൻ.കെ. പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്നും...

തെരഞ്ഞെടുപ്പാണ്. മാധ്യമങ്ങൾക്ക് തിരക്കാണ്. ജനങ്ങളെ ബോധവത്കരിക്കണം. സംസ്ഥാനത്തിന്റെ ഭൂത-വർത്തമാന-ഭാവികൾ ചർച്ചചെയ്യണം. ഉദാത്തമായ ജനാധിപത്യമൂല്യത്തിലൂന്നിക്കൊണ്ട് നാടിന്റെ ക്ഷേമത്തെപ്പറ്റിയുള്ള സംവാദാത്മകമായ വിശകലനങ്ങളാൽ സമൂഹത്തെ സമുദ്ധരിക്കണം.

ഈ അടിസ്ഥാനധർമം മാധ്യമങ്ങൾ മറന്നില്ല. ആഴത്തിലുള്ള വിശകലനങ്ങൾക്ക് തുടക്കമായി. ചില ഉദാഹരണങ്ങൾ:

‘‘ജി. സുധാകരൻ പാർട്ടി വിട്ടത് ചെറ്റത്തരം.’’ –പിണറായി വിജയൻ.

‘‘ചെറ്റ എന്നല്ല വറ്റ എന്നു വിളിച്ചാലും അഭിമാനം. നിഘണ്ടു വായിച്ചിട്ടില്ലാത്തയാളാണ് പിണറായി വിജയൻ.’’ –ജി. സുധാകരൻ.

‘‘എൻ.കെ. പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്നും മാധ്യമ പ്രവർത്തകനെ എടോ ഗോപാലകൃഷ്ണാ എന്നും വിളിച്ചയാളാണ് പിണറായി വിജയൻ.’’ –കെ.സി. വേണുഗോപാൽ.

‘‘മരിക്കും വരെ എം.എൽ.എ ആയിരിക്കണമെന്നാണ് ജി. സുധാകരന്റെ ആഗ്രഹം; അത് നടക്കാത്തതുകൊണ്ട് പാർട്ടി വിടുന്ന ആദ്യത്തെയാളാണദ്ദേഹം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായാണ് സുധാകരൻ വായിച്ചത്.’’ –എ. വിജയരാഘവൻ.

‘‘വിജയരാഘവൻ ഇങ്ങനെ ആയിപ്പോയത് മാനിഫെസ്റ്റോ നേരെപ്പിടിച്ച് വായിച്ചതുകൊണ്ടാവും. കമ്മിറ്റി കൂടാൻവേണ്ടി മാത്രമാണ് അദ്ദേഹം അമ്പലപ്പുഴയിൽ വന്നിട്ടുള്ളത്.’’ –ജി. സുധാകരൻ.

‘‘ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചത് ഉചിതമായ വാക്ക്.’’ –എ.കെ. ബാലൻ.

‘‘രമേഷ് പിഷാരടി കോമാളിവേഷം കെട്ടിനടക്കുന്ന നടൻ.’’ –ടി.എം. തോമസ് ഐസക്.

‘‘സതീശൻ നുണയനെ’’ന്ന് എം.വി. ഗോവിന്ദൻ;

‘‘ഗോവിന്ദൻ നുണയനെ’’ന്ന് വി.ഡി. സതീശൻ.

സാമ്പിളായി ഇത്ര മതി. ഇനി, താത്ത്വിക വിശകലനം. വാമൊഴി വഴക്കത്തിന്റെ ‘‘​പ്രയോഗപരത’’യിലും ‘‘ഉപയോഗക്ഷമത’’യിലും ഊന്നി, സി.പി.എം പി.ബി അംഗമായ വിജയരാഘവൻ അവതരിപ്പിക്കുന്ന ആഴത്തിലുള്ള വിശകലനം നോക്കാം: ‘‘ഏതു വാക്കിനും അതിന്റെ പ്രയോഗപരതയുണ്ട്. ചില സന്ദർഭത്തിലാണ് അതിന്റെ പ്രയോഗപരത. അശ്ലീലമെന്ന വാക്കിന്റെ അർഥമെന്താണ്? അതിന്റെ ഉപയോഗക്ഷമതയിലാണ് ശ്ലീലവും അശ്ലീലവും തമ്മിലുള്ള അതിർവരമ്പ് രൂപപ്പെടുന്നത്. വാക്കിന്റെ പ്രയോഗത്തിന്റെ ചാരുത ആ സന്ദർഭവുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ട്, ആ സന്ദർഭവുമായി ബന്ധപ്പെടുത്തിയാൽ ചാരുതയുള്ളൊരു പ്രയോഗമാണ് കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയത്.’’

എത്ര അഗാധം! എന്തൊരു ബോധവത്കരണം!

തെരഞ്ഞെടുപ്പിൽ ഉയരേണ്ട ഗൗരവപ്പെട്ട ചർച്ചകളുടെ സ്ഥാനത്ത് മാധ്യമങ്ങളിൽ ഇടംപിടിക്കുന്ന റി​പ്പോർട്ടുകളും അന്തിച്ചർച്ചകളും ഇങ്ങനെയൊക്കെയാണ്. ഇത്തരം കാര്യങ്ങൾക്ക് പത്രസ്ഥലവും ചാനൽ സമയവും നൽകേണ്ട എന്ന് തീരുമാനിക്കാൻ കഴിയില്ലേ? പാചകവാതക പ്രതിസന്ധി കാരണം ഹോട്ടലുകൾ അടച്ചുപൂട്ടുന്നതും അനേകം പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നതും ഒരു കോളത്തിൽ ഒതുങ്ങുമ്പോഴാണ് കുലംകുത്തി- ചെറ്റ പ്രയോഗങ്ങളുടെ പ്രയോഗപരമായ ചാരുതയുടെ സന്ദർഭോചിത സാംഗത്യം പെട്ടിക്കോളം വിശേഷമാകുന്നത്.

അതുകൊണ്ട്, ചോദിക്കേണ്ടിവരുന്നത് ഇതാണ്: കെട്ടിയാട്ടങ്ങളും തെറിപ്പാട്ടുകളുമാണ് ഇലക്ഷൻ കാലത്തെ മുഖ്യവിഭവമെങ്കിൽ, മാധ്യമങ്ങൾ ജനാധിപത്യത്തിന് അത്യാവശ്യമല്ലെന്ന് കരുതുന്നതല്ലേ ശരി?

‘‘മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് ഇന്നുമുതൽ മാതൃഭൂമിയിൽ വായിക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ ഇരുവരും പ്രതികരിക്കും’’ എന്ന് പത്രവിളംബരം കാണുമ്പോൾ നാം ആദ്യമന്വേഷിക്കേണ്ടത് നിഘണ്ടുവാണ്. ജനാധിപത്യം എത്ര തരംതാണാലും ഭാഷയുടെ ‘‘പ്രയോഗപരത’’ ധന്യമാകട്ടെ.

ഒമ്പതിനായിരം അധികാരദിനങ്ങൾ

ഇതിനിടെ, രാജ്യത്തിന്റെ പ്രധാനമന്ത്രി ഉന്നതമായ റെക്കോഡിനുടമയായി. മാധ്യമങ്ങളിലെല്ലാം വാർത്തയുണ്ട്. ‘‘ഭരണത്തിൽ മോദിക്ക് റെക്കാഡ്’’ എന്ന കേരള കൗമുദി (മാർച്ച് 23) റിപ്പോർട്ടിൽനിന്ന്: ‘‘ഏറ്റവും കൂടുതൽ കാലം അധികാരപദവി വഹിച്ച ഇന്ത്യൻ നേതാവെന്ന ബഹുമതി’’ നരേന്ദ്ര മോദിക്ക് സ്വന്തം. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിലായി അദ്ദേഹം 8931 ദിവസം പൂർത്തിയാക്കിയിരിക്കുന്നു.

ഏറ്റവും കൂടുതൽ കാലം ഗുജറാത്ത് മുഖ്യമന്ത്രി, സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച പ്രധാനമന്ത്രി, ലോക്സഭയിൽ ഭൂരിപക്ഷം നേടിയ കോൺഗ്രസിതര പ്രധാനമന്ത്രി, രണ്ടുതവണ കാലാവധി പൂ​ർത്തിയാക്കുകയും മൂന്നാം തവണ അധികാരത്തിൽ വരികയും ചെയ്ത കോൺഗ്രസിതര പ്രധാനമന്ത്രി.

അധികാരത്തിലിരിക്കുക എന്നതാണ് ഈ ‘‘നേട്ടം’’. 8930 ദിവസം അധികാരത്തിലിരുന്ന മുൻ സിക്കിം മുഖ്യമന്ത്രി പവൻകുമാർ ചാംലിങ്ങിന്റെ റെക്കോഡ് ഭേദിച്ച് 8931ാം ദിവസത്തിലേക്ക് മോദി കടന്ന ഉടനെ, ജാഗ്രതയോടെ രാജ്യരക്ഷ നോക്കിയിരിക്കുകയായിരുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സമൂഹമാധ്യമങ്ങളിലൂടെ വിളംബരം നടത്തി. പിന്നാലെ കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനും പിന്നെ മറ്റു പലരും.

അധികാരത്തിലിരിക്കുന്ന ദിവസങ്ങളുടെ എണ്ണമാണ് നേട്ടമെങ്കിൽ മോദിയുടെ റെക്കോഡ് മികച്ചതാണെന്ന് സമ്മതിക്കണം. പക്ഷേ, ദിവസക്കണക്ക് സമൂഹമാധ്യമങ്ങളിൽനിന്നെടുത്ത് പകർത്തിവെക്കുമ്പോൾ തങ്ങൾ ചെയ്യുന്നത് അധികാരികൾക്കുവേണ്ടിയുള്ള പി.ആർ ജോലിമാത്രമാണെന്ന് മാധ്യമങ്ങൾ ഓർത്തില്ല. ആ വാർത്ത ഉ​ൾപ്പെടുത്തിയ പത്രങ്ങളിലൊന്നുംതന്നെ, രാജ്നാഥ് സിങ്ങിന്റെയും മറ്റും സമൂഹമാധ്യമ പോസ്റ്റിനപ്പുറത്തേക്ക് അവരുടെ സ്റ്റെനോഗ്രഫി ജേണലിസം ചെന്നില്ല.

മോദിയുടെ നേട്ടങ്ങളെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ ഭരണം ജനങ്ങൾക്ക് ഏതുതരത്തിൽ അനുഭവപ്പെട്ടു എന്നതായിരുന്നല്ലോ പ്രധാനം. ആ വശം റിപ്പോർട്ടുകളിൽ കണ്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രി എന്നനിലയിലും പ്രധാനമന്ത്രി എന്നനിലയിലും അദ്ദേഹത്തെ സാധാരണ ജനങ്ങൾ എങ്ങനെ അനുഭവിച്ചു എന്നത് പ്രസക്തമല്ലേ? മോദിയുടെ ‘റെക്കോഡി’നെപ്പറ്റി പറയുമ്പോൾ മാധ്യമങ്ങളെങ്കിലും എടുത്തുപറയേണ്ടിയിരുന്ന ഒന്ന്, മുൻകൂർ തിരക്കഥയില്ലാത്ത, സ്വതന്ത്രമായ, ഒരൊറ്റ വാർത്താസമ്മേളനത്തെപോലും അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി എന്നതായിരുന്നില്ലേ?

എത്രകാലം അധികാരത്തിലിരുന്നു എന്നതിനെക്കാൾ, അത്രയും കാലംകൊണ്ട് എന്തൊക്കെ ചെയ്തു എന്നതാണല്ലോ വാർത്തയാകേണ്ടത്. പകരം സർക്കാറിന്റെ പി.ആർ ജോലി ഏറ്റെടുക്കുക വഴി മാധ്യമങ്ങൾ സ്വന്തം പ്രസക്തിയെയാണ് റദ്ദുചെയ്യുന്നത്. മുൻകാലങ്ങളിൽ ജനങ്ങളോട് സംസാരിക്കാനും സംവദിക്കാനും അധികാരികൾക്ക് മാധ്യമങ്ങളെ ആവശ്യമായിരുന്നു. ഇന്ന് ഭരണകേന്ദ്രങ്ങളിൽനിന്ന് അവ അകറ്റിനിർത്തപ്പെടുന്നു. വാർത്താസമ്മേളനങ്ങൾ ചുരുങ്ങുന്നു. തിരിച്ച് മാധ്യമങ്ങൾ അധികാരികളുടെ ‘എക്സ്’ പോസ്റ്റുകൾ നോക്കിയിരിക്കുകയും ​ അതിൽ വരുന്നത് പകർത്തുകയും ചെയ്യുന്നു. അത് ചെയ്യാൻ അവയുടെ ആവശ്യമെന്താണ്?

ടാകോ അഥവാ ട്രംപിന്റെ ഭീരുത്വം

‘‘ട്രംപ് എപ്പോഴും പേടിച്ച് പിന്മാറും’’ –Trump Always Chickens Out– എന്ന അമേരിക്കൻ ചൊല്ല് ഇപ്പോൾ സ്ഥിരപ്പെട്ടിരിക്കുന്നു. ‘മഗാ’ (Make America Great Again) എന്നതിന്റെ സ്ഥാനത്ത് ഇപ്പോൾ പ്രചാരം നേടുന്നത് ‘ടാകോ’ (TACO) ആണ്. യു.എസ്‍ പ്രസിഡന്റ് ഭീരുവാണ് എന്നർഥം.

കഴിഞ്ഞവർഷം ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ കൊണ്ടുവന്ന തീരുവയുദ്ധം ഒടുവിൽ അമേരിക്കക്കുതന്നെ തിരിച്ചടിയായതോടെ പിൻവലിച്ചു. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് പെട്ടെന്നുതന്നെ ‘യൂ ടേൺ’ അടിച്ചു. ചൈനക്കെതിരെയും ഭീഷണിമുഴക്കി പിൻവാങ്ങി. ഇങ്ങനെ വേറെയും ഉദാഹരണങ്ങളുണ്ട്.

ട്രംപിന്റെ തീരുവ പ്രഖ്യാപനവും തുടർന്നുള്ള പിൻവാങ്ങലും കണക്കാക്കി, കുറഞ്ഞനിരക്കിൽ സാധനം വാങ്ങി അതിന് വിലകൂടുമ്പോൾ വിൽപന നടത്തുന്ന ‘ടാകോ’ വ്യാപാരം അമേരിക്കയിൽ ഖ്യാതിനേടിയ സമ്പ്രദായമായിട്ടുണ്ട്.

ഇപ്പോൾ ഇറാനെതിരെ ‘‘48 മണിക്കൂർ’’ ഭീഷണി മുഴക്കിയശേഷം ട്രംപ് പൊടുന്നനെ പിൻവാങ്ങുമ്പോൾ ‘ടാകോ’ വീണ്ടും തലക്കെട്ടുകളിലും കാർട്ടൂണുകളിലും ഇടംപിടിക്കുകയായി.


Tags:    
News Summary - Philosophical analyses, deep debates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.