കണ്ണൂർ അഞ്ചരക്കണ്ടി െഡന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ ദുരൂഹ മരണത്തിൽ നീതി ആവശ്യപ്പെട്ട് 55 ദലിത് സംഘടനകൾ ഒരുമിച്ച് ഏപ്രിൽ 28ന് നടത്തിയ കേരള ഹർത്താൽ പലതരം സംവാദങ്ങൾക്ക് കാരണമായി. എന്താണ് ഹർത്താലിനെതിരെ ഇത്രയേറെ രൂക്ഷ പ്രതികരണം ‘മുഖ്യധാര’യിൽനിന്നുണ്ടാവാൻ കാരണം? ദലിതരുടെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ചചെയ്യുമ്പോൾ ഇതര വിഭാഗങ്ങൾ നിരന്തരം ഉയർത്തിപ്പോരുന്ന മുഖ്യമായ ഒരു കുറ്റപ്പെടുത്തൽ അവർക്ക് ഐക്യമില്ല എന്നതാണ്. നിരവധിയായ എസ്.സി/എസ്.ടി സംഘടനകളുടെ പേരുകളാണ് അതിന് നിദാനമായി അവർ ചൂണ്ടിക്കാണിക്കുക. വലിയ സംഘടനകളിലെ പിളർപ്പുകളും അനന്തര പ്രശ്നങ്ങളും ദലിതരുടെ ഉന്നമനത്തിന്...
കണ്ണൂർ അഞ്ചരക്കണ്ടി െഡന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ ദുരൂഹ മരണത്തിൽ നീതി ആവശ്യപ്പെട്ട് 55 ദലിത് സംഘടനകൾ ഒരുമിച്ച് ഏപ്രിൽ 28ന് നടത്തിയ കേരള ഹർത്താൽ പലതരം സംവാദങ്ങൾക്ക് കാരണമായി. എന്താണ് ഹർത്താലിനെതിരെ ഇത്രയേറെ രൂക്ഷ പ്രതികരണം ‘മുഖ്യധാര’യിൽനിന്നുണ്ടാവാൻ കാരണം?
ദലിതരുടെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ചചെയ്യുമ്പോൾ ഇതര വിഭാഗങ്ങൾ നിരന്തരം ഉയർത്തിപ്പോരുന്ന മുഖ്യമായ ഒരു കുറ്റപ്പെടുത്തൽ അവർക്ക് ഐക്യമില്ല എന്നതാണ്. നിരവധിയായ എസ്.സി/എസ്.ടി സംഘടനകളുടെ പേരുകളാണ് അതിന് നിദാനമായി അവർ ചൂണ്ടിക്കാണിക്കുക. വലിയ സംഘടനകളിലെ പിളർപ്പുകളും അനന്തര പ്രശ്നങ്ങളും ദലിതരുടെ ഉന്നമനത്തിന് പ്രശ്നമാകുന്നു എന്നും കുറ്റപ്പെടുത്തൽ നിലവിലുണ്ട്.
ദലിതരുടെ പ്രശ്നങ്ങൾക്കെല്ലാം ദലിതർ തന്നെയാണ് മുഖ്യകാരണം എന്ന് തിരിച്ചിട്ടുകൊണ്ട് അവർക്ക് സമാശ്വസിക്കാൻ കഴിയുന്നു. സ്വത്തിൽനിന്നും അധികാരത്തിൽനിന്നും ജാതീയമായ അസമത്വംകൊണ്ട് നൂറ്റാണ്ടുകളായി മാറ്റിനിർത്തിയ ജനത അവർ അനുഭവിക്കുന്ന പ്രശ്നങ്ങളെ ഐക്യമില്ലായ്മ എന്ന കുറുക്കിക്കെട്ടലിൽ ചേർത്തുനിർത്തിക്കൊണ്ട് ജാതിവെറി എന്ന എക്സ് ക്ലൂഷന്റെ ചരിത്രത്തെ ഗ്ലോറിഫൈ ചെയ്യുന്നതും വ്യക്തമാണ്.
ദലിതർക്കുമേൽ അടിച്ചേൽപിക്കുന്ന ‘ആദിപാപ സങ്കൽപം’ എന്നാണ് ഇത്തരം കുറ്റപ്പെടുത്തലുകളെ സാമൂഹിക ചിന്തകനായ കെ.കെ. ബാബുരാജ് നിരീക്ഷിക്കുന്നത്. ഐക്യപ്പെടുക എന്നത് നിരന്തരമായ ശ്രമങ്ങളിലൂടെ നേടിയെടുക്കേണ്ട ഒരു രാഷ്ട്രീയ പ്രക്രിയയാണ്. തുരുത്തുകളിലും തുണ്ട് ഭൂമികളിലും കൂലി അടിമകളായി പോയ ഒരു ജനതക്ക് വളരെക്കാലം അത് കഴിയാതെ പോയി എന്നത് ചരിത്രമാണ്. അതിനു സമാന്തരമായി അഭിജാതർ മറ്റൊരു നാഗരിക ജീവിതം ആർജിച്ചെടുത്ത് ഒരേ ഭൂമികയിൽ രണ്ടുതരം ലോകങ്ങളെ സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. പൊതുവഴിയും പൊതുവിദ്യാലയങ്ങളും എന്തിന്, വസ്ത്രം ധരിക്കാനുള്ള മനുഷ്യാവകാശംപോലും ആ ‘മറു ഭൂഖണ്ഡത്തിലെ’ ജനതക്ക് സാധ്യമായിരുന്നില്ല എന്നത് ചരിത്രം വായിക്കുന്ന എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.
അവകാശങ്ങൾക്കുവേണ്ടി ഒപ്പം നിൽക്കാൻ ഒരു പൊതുയോഗം സംഘടിപ്പിക്കുന്നതിന് അയ്യൻകാളി കഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ചരിത്രങ്ങളിൽ വ്യക്തമാണ്. യോഗം ചേരുമ്പോൾ ഏതു ദിക്കിലേക്കാണ് തിരിഞ്ഞിരിക്കേണ്ടത് എന്നതുപോലും അറിയാത്ത ഒരു ജനതയെയാണ് മഹാത്മാ അയ്യൻകാളി അദ്ദേഹത്തിന്റെ ധീരമായ നേതൃപാടവവും ചങ്കൂറ്റവും കൊണ്ട് നീതിക്കുവേണ്ടിയുള്ള കാവൽഭടന്മാരായി വളർത്തിക്കൊണ്ടുവന്നത് എന്നതും ചരിത്രമാണ്.
‘‘രണ്ടായിരം ആണ്ട് അടിമയിൽ വാണോരേ ഒന്നാവുവിൻ മക്കളെ’’ എന്നത് നവോത്ഥാന ദലിത് നേതൃത്വങ്ങളുടെ ഹൃദയത്തിൽ ഹൃദയവേദനയിൽനിന്നുണർന്ന ആഹ്വാനമായിരുന്നു. ദലിത് സംഘടനകളുടെയും നേതൃത്വങ്ങളുടെയും ഐക്യമില്ലായ്മ അവർ ഒറ്റക്ക് നേരിട്ട തെരഞ്ഞെടുപ്പുകളെയും പല ഘട്ടങ്ങളിൽ ആഹ്വാനം ചെയ്ത ഹർത്താൽ അടക്കമുള്ള സമരരൂപങ്ങളെയും വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നില്ല എന്നത് വസ്തുതയാണ്. അപ്പോഴും പൊതുസമൂഹം ദലിത് സമുദായങ്ങളുടെ ഐക്യമില്ലായ്മയെ പഴിപറഞ്ഞു കൊണ്ടേയിരുന്നു.
നിതിൻ രാജ്, കെ.കെ. കൊച്ച്
നിതിൻ രാജിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 28ന് 55 ദലിത് സംഘടനകൾ ഐക്യപ്പെട്ട് നടത്തിയ ഹർത്താൽ ചരിത്രപരമായ വിജയം കൈവരിച്ചു. ദലിതർക്ക് ഐക്യം ഇല്ലായ്മയാണ് അവരുടെ പ്രശ്നം എന്ന് നിരന്തരം സംസാരിച്ചിരുന്ന ഒരു വിഭാഗം ജനങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും ഇപ്പോൾ ദലിതർ ഐക്യപ്പെട്ടത് വലിയ ദുരന്തമായി എന്നാണ് പുതിയ വിലാപം നടത്തുന്നത്. ഹർത്താലിലെ നിർഭാഗ്യകരമായ ചില വശങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഇതേ മാധ്യമങ്ങൾ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനജീവിതം സ്തംഭിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സമരം വിജയിച്ചു എന്ന് എതിരാളികൾപോലും സാക്ഷ്യപ്പെടുത്തുന്നു എന്നത് ദലിതരുടെ ഈ രാഷ്ട്രീയ ഐക്യം വിജയിച്ചു എന്നതിന്റെ സാക്ഷ്യപ്പെടുത്തൽതന്നെയാണ്.
ഒരിക്കലും ഒന്നിക്കുകയില്ല എന്ന് പൊതുബോധം കുറ്റപ്പെടുത്തി പോന്ന ദലിത് ആദിവാസി സംഘടനകൾക്ക് ഒത്തുചേർന്ന് കേരളത്തിൽ ഒരു ഹർത്താൽ വിജയിപ്പിക്കാൻ കഴിഞ്ഞു എന്നത് ചരിത്രപരമായ ഒരു രാഷ്ട്രീയ ഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്. കാലങ്ങളുടെ പരാജയങ്ങളിലൂടെ ഒരു ജനത പഠിച്ചെടുത്ത രാഷ്ട്രീയപാഠവും ഇവിടെ വ്യക്തമാണ്. അഭിജാതരുടെ സമഗ്രാധിപത്യത്തിനെതിരായി അടിത്തട്ടു ജനത അതിന്റെ പ്രതിരോധനിരയെ കൂടുതൽ ശക്തമാക്കി എന്നതാണ് ഏപ്രിൽ 28ന് കേരളത്തെ നിശ്ചലമാക്കിയ ഹർത്താൽ രാഷ്ട്രീയസമൂഹത്തിന് നൽകുന്ന സന്ദേശം.
ഇടതുമുന്നണിയും ഐക്യമുന്നണിയും എൻ.ഡി.എയും മാത്രമല്ല, അടിത്തട്ടു ജനതയുടെ രാഷ്ട്രീയശക്തിയും ഇവിടെ പ്രബലമാണ് എന്ന് ഈ ഹർത്താൽ അടിവരയിടുന്നു. അത്തരമൊരു വസ്തുതയെ അംഗീകരിക്കാൻ കഴിയാത്തതിനാലാണ് വലിയൊരു വിഭാഗം വളരെ പെട്ടെന്ന് ഹർത്താൽ വിരുദ്ധരായി കേരളത്തിൽ മാറിത്തരുന്നത്. ദലിതർ എന്നാൽ തോറ്റുപോകേണ്ടുന്ന ജനതയാണെന്നും അതുകൊണ്ടുതന്നെ അവർ നടത്തുന്ന ഹർത്താലും തോറ്റുപോകേണ്ടിയിരുന്നുവെന്നുമാണ് അവരുടെ ജാതിബോധം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസം എന്നത് കേരളത്തിൽ ദലിതർ പൊരുതിമാത്രം നേടിയ അവകാശമാണ്. സവർണർ, അവരുടെ മക്കളെ പഠിപ്പിക്കാൻ മാത്രമല്ല കഷ്ടപ്പെട്ടിരുന്നത്, അവർണരുടെ മക്കൾ പഠിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും അവർ കഷ്ടപ്പെട്ടിരുന്നത് കേരളത്തിന്റെ ചരിത്രമാണ്. സംവരണം എന്ന രാഷ്ട്രീയ അവകാശത്തിലൂടെയാണ് ദലിതർ വിദ്യാലയങ്ങളിലും തൊഴിലിലും പ്രാതിനിധ്യം നേടിയത്. സംവരണം എന്ന ജനാധിപത്യ അവകാശത്തോട് ശത്രുത കാണിക്കാനുള്ള പ്രേരണ നൽകുന്നതാണ് ഇവിടത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും കാലങ്ങളായുള്ള നിലപാട്.
അതുകൊണ്ടുതന്നെ സംവരണത്തിലൂടെ എത്തിച്ചേരുന്ന ദലിത് ആദിവാസി പിന്നാക്ക വിദ്യാർഥികളോട് ശത്രുത മനോഭാവം പുലർത്തുന്ന സംവരണ വിരുദ്ധ അധ്യാപകർ കേരളത്തിലും ഇന്ത്യയിലും നിരവധിയുണ്ട്. രജനി എസ്. ആനന്ദും രോഹിത് വെമുലയുമെല്ലാം അത്തരം അധ്യാപകരുടെയും സ്ഥാപനങ്ങളുടെയും ഇരകളാണെന്നത് എല്ലാവർക്കും അറിയാം. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ ദാരുണമായ മരണം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്കാലത്തും നിലനിൽക്കുന്ന ജാതിഭീകരതയെ വ്യക്തമാക്കുന്നുണ്ട്.
എം. ഗീതാനന്ദൻ, സണ്ണി എം. കപിക്കാട്
നിതിൻ രാജിന്റെ മരണത്തിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് അധ്യാപകർ പുലർത്തിയ ജാതിവിവേചനവും ബോഡി ഷെയിമിങ്ങും മുഖ്യകാരണമാണെന്ന് നിതിൻ രാജിന്റെ കുടുംബം മാത്രമല്ല, ആ വിദ്യാലയത്തിലെ നിരവധി സഹപാഠികളും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അതിന്റെയെല്ലാം വിഡിയോകൾ സോഷ്യൽ മീഡിയയിൽ ലഭ്യവുമാണ്. ഡോ. റാം, സംഗീത നമ്പ്യാർ എന്നീ രണ്ട് അധ്യാപകർക്കെതിരെ പൊലീസ് എഫ്.ഐ.ആർ ഇടുകയും ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
സംഗീത നമ്പ്യാർ ഇതിനകം മുൻകൂർ ജാമ്യം നേടുകയുണ്ടായി. ഡോ. റാമിന് ഹൈകോടതി ജാമ്യം നിഷേധിക്കുകയും റാം എന്ന നരാധമനായ അധ്യാപകൻ പൊലീസിന് പിടികൊടുക്കാതെ ഒളിച്ചിരിക്കുകയുമാണ്. സംഗീത നമ്പ്യാർ എന്ന അധ്യാപികയെ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ്ചെയ്യാതിരുന്നതിലും റാം എന്ന മുഖ്യ കുറ്റവാളിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിലുമെല്ലാം അധികാരികളുടെ മെല്ലെപ്പോക്ക് വ്യക്തമാണ്. അതിനോടൊപ്പം തന്നെ നാമമാത്രമായ തുക കടമെടുത്ത ലോൺ ആപ്പിലേക്ക് ഒരു മെഡിക്കൽ കോളജ് വിദ്യാർഥിയുടെ ദുരൂഹമരണത്തെ കുറുക്കിക്കെട്ടാനുള്ള ശ്രമവും വ്യക്തമാണ്.
ദലിതരും ആദിവാസികളും ഇരകളായി വരുന്ന കേസുകളിൽ എല്ലാവിധ സംവിധാനങ്ങളും വേട്ടക്കാർക്ക് ഒപ്പം നിൽക്കും എന്നതിന് നിരവധി അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. രജനി എസ്. ആനന്ദ് സ്ഥാപനവത്കൃത കൊലപാതകത്തിന് കീഴ്പ്പെട്ടപ്പോൾ അതിനുത്തരവാദികളായ സ്ഥാപന മേലധികാരികൾക്കെതിരെ കേസെടുക്കുകയോ അവരെ വിചാരണ ചെയ്യുകയോ ചെയ്തിട്ടില്ല. രജനി എസ്. ആനന്ദ് കൊല്ലപ്പെട്ടപ്പോൾ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വാദിച്ചവരാണ് കേരളത്തിലെ മിക്കവാറും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. എന്നാൽ, ഖാലിദ് കമീഷൻ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കാനോ എന്തിന് അതൊന്നു വായിച്ചുനോക്കാൻ പോലും കേരളത്തിലെ അധികാര സമൂഹത്തിന് കഴിഞ്ഞിട്ടില്ല എന്നത് വ്യക്തമാണ്.
കേരളത്തിൽ ജാതിയില്ല അതുകൊണ്ടുതന്നെ സ്ഥാപനങ്ങളിൽ ജാതിജന്യമായ ഹിംസയും ഇല്ല എന്ന പെരുംനുണയെ സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ് എല്ലാ സംവിധാനങ്ങളും പ്രവർത്തിക്കുന്നത് എന്ന് വ്യക്തം. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളും അണികളും ചാനൽ കാമറയുടെ ഫ്ലാഷ് ലൈറ്റിൽ മാത്രം അവതരിപ്പിക്കുന്ന ‘പെർഫോമിങ് ആര്‍ട്ടുകൾ’ ഒഴിച്ചാൽ ആത്മാർഥമായ ഇടപെടലുകളൊന്നും നിതിൻ രാജിന് നീതികിട്ടാൻ നടത്തുന്നില്ല എന്നതും വ്യക്തമാണ്.
ആ സാഹചര്യത്തിലാണ് 55 ദലിത്/ആദിവാസി സംഘടനകൾ ഒരു ഐക്യനിരയുണ്ടാക്കി നിതിൻ രാജിന്റെ നീതിക്കുവേണ്ടി കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുന്നത്. നിതിൻ രാജിന്റെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കാമ്പസുകളിൽ ജാതി വിവേചനങ്ങൾ അവസാനിപ്പിക്കണമെന്നുമായിരുന്നു ഈ ഹർത്താൽ മുന്നോട്ടുവെച്ച മുഖ്യമായ ഡിമാൻഡ്. ആക്ഷൻ കൗൺസിൽ വാർത്തസമ്മേളനം വിളിച്ചുകൂട്ടി ഹർത്താൽ സംബന്ധിച്ച് ജനങ്ങളെ അറിയിക്കുകയും നീതിക്കായി ഹർത്താലിനോട് സഹകരിക്കണമെന്നും അറിയിച്ചിരുന്നു.
എന്നാൽ, കേരളത്തിലെ സവർണത നിരന്തരം ആഘോഷിക്കുന്ന മാധ്യമസ്ഥാപനങ്ങൾ ഹർത്താലിനെതിരെ വാർത്ത കൊടുക്കുന്നതിലാണ് സമയം കണ്ടെത്തിയത്. ദലിതരുടെ ഹർത്താൽ ആയതിനാൽ അതിന് കാര്യമായി വില നൽകേണ്ടതില്ല എന്നും വാഹനങ്ങൾ സുഗമമായി ഓടുമെന്നും കടകമ്പോളങ്ങൾ പതിവുപടി തുറന്നുകിടക്കുമെന്നും അവർ പ്രചരിപ്പിക്കുകയുണ്ടായി. ഹർത്താൽ മുന്നോട്ടുവെക്കുന്ന ന്യായമായ അവകാശത്തെ ഒളിച്ചുപിടിച്ചുകൊണ്ട് ഹർത്താലിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചുകാണിച്ചുകൊണ്ട് ദലിതരെ മൃഗവത്കരിക്കുന്നതിനാണ് സവർണ ജിഹ്വകളായ മാധ്യമങ്ങൾ അവരുടെ സർവശക്തിയും ഉപയോഗിച്ചത്. (‘ന്യൂസ് മലയാളം’, ‘മീഡിയവൺ’, ‘ഏഷ്യാനെറ്റി’ലെ ഒന്നു രണ്ട് പ്രോഗ്രാമുകൾ തുടങ്ങിയവ ഹർത്താലിനോട് അനുകൂല നിലപാടെടുത്തത് മറക്കുന്നില്ല.)
പാവപ്പെട്ട ഒരു വിദ്യാർഥിയുടെ മരണത്തിന് ഉത്തരവാദിയായ റാം എന്ന അധ്യാപകനെ അറസ്റ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ട പൊലീസ് സംവിധാനങ്ങൾ നീതിക്കുവേണ്ടി സമരംചെയ്ത ദലിത് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിൽ വലിയ വ്യഗ്രതതന്നെ കാണിച്ചത് വ്യക്തമാണ്. മുഖ്യധാര രാഷ്ട്രീയപാർട്ടികൾ ആഹ്വാനം ചെയ്തതിൻ പ്രകാരം കേരളത്തിൽ മുമ്പുണ്ടായ സമരങ്ങളിലും ഹർത്താലുകളിലും ഉടനീളം നടത്തിയ അക്രമങ്ങളും കല്ലേറുകളും ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അവർ പൊതുമുതൽ നശിപ്പിക്കുകയും വൻതോതിൽ അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തതും വ്യക്തമാണ്. പക്ഷേ, ദലിതർ നടത്തിയ സമരത്തോടുമാത്രം അധികാരികൾ നിഷേധാത്മകമായ നിലപാട് എടുത്തതും സമൂഹത്തിൽ ജാതി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കൂടുതൽ വ്യക്തമാക്കുന്നുണ്ട്.
ഇന്നിപ്പോൾ വളരെയേറെ മനുഷ്യർ ഹർത്താൽ വിരുദ്ധരായി മാറി എന്നതിൽതന്നെ സമൂഹത്തിൽ നിലനിൽക്കുന്ന ഇരട്ടത്താപ്പ് വ്യക്തമാണ്. സെക്രേട്ടറിയറ്റ് പടിക്കൽ സി.കെ. ജാനുവും ഗീതാനന്ദനും സണ്ണി എം. കപിക്കാടുമൊക്കെ അടങ്ങുന്ന അന്നത്തെ സമരമുന്നണി കുടിൽകെട്ടി സമരം ചെയ്യുകയുണ്ടായി. പിന്നീട് സെക്രേട്ടറിയറ്റ് പടിക്കൽ പന്തലുകൾ ഒന്നും പാടില്ല എന്ന് നിയമംതന്നെ അവർ ഉണ്ടാക്കി. ഇനിയിപ്പോൾ കേരളത്തിൽ ഹർത്താലുകളും സമരങ്ങളും ഒന്നും പാടില്ല എന്ന ഒരു നിയമം വരുമെന്നും നമ്മൾ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
കാരണം എല്ലാവരും നടന്ന വഴിയിൽ ദലിതർ നടന്നപ്പോൾ മാത്രമാണ് കേരളത്തിൽ കലാപം ഉണ്ടായത്. എല്ലാവരും പോയ പള്ളിക്കൂടത്തിൽ ദലിതർ കയറിയപ്പോഴാണ് കേരളത്തിൽ വൻ കലാപമുണ്ടായത്. പൊങ്കാലകൊണ്ടും പൂരംകൊണ്ടും പെരുന്നാളുകൾകൊണ്ടും വഴിമുടങ്ങുമ്പോൾ ആർക്കും ഒരു പ്രശ്നവും തോന്നാറില്ല. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിച്ചാൽ, ഇന്നലെ ഉണർന്ന എല്ലാ ഹർത്താൽ വിരുദ്ധരും കുപ്പിയും ചിക്കനും വാങ്ങി വീട്ടിലിരിക്കുന്നത് നമുക്കറിയാം. വീട്ടിലേക്കുള്ള പാലും പച്ചക്കറിയും തലേദിവസം തന്നെ വാങ്ങിവെച്ച് അവധിപോലെ ആഘോഷിക്കുന്നത് നമുക്കറിയാം.
ഹർത്താലുള്ള ദിവസം റോഡ് ബ്ലോക്കാവും എന്നറിയാവുന്നതുകൊണ്ടുതന്നെ മാറ്റിവെക്കാത്ത പരീക്ഷകളുണ്ടെങ്കിൽ തലേദിവസംതന്നെ പോയി പരീക്ഷാകേന്ദ്രത്തിനടുത്ത് മുറിയെടുത്ത് ആളുകൾ തങ്ങുന്നതും നമുക്കറിയാം. അടിയന്തര ചികിത്സ ആവശ്യമുള്ളവർ ആശുപത്രിക്ക് അടുത്ത് മുറിയെടുത്തു താമസിക്കുന്നതും മുൻ ഹർത്താലുകളിൽ നമ്മൾ കണ്ടിട്ടുണ്ട്. ദലിത് രാഷ്ട്രീയത്തെ ലളിതമായി കാണുകയും അവർ ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾ പരാജയമാകാനേ ഇടയുള്ളൂ എന്ന മുൻധാരണയും പുലർത്തുന്നവരിൽ കുറച്ചുപേരാണ് തെരുവിൽ കുടുങ്ങിപ്പോയത്. ഇനി ദലിത് സമൂഹം ഹർത്താൽ പ്രഖ്യാപിച്ചാൽ അവർ മുൻകരുതലുകൾ സ്വീകരിക്കും എന്ന് ഏപ്രിൽ 28 സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇനിയൊരു വിദ്യാർഥിക്കും നിതിൻ രാജിന്റെ അനുഭവം ഉണ്ടാകരുതെന്ന് ശക്തമായി താക്കീത് നൽകാനും ഈ ഹർത്താലിന് കഴിഞ്ഞു. ഇത് ദലിത് വിഭാഗത്തിന്റെ മാത്രം പ്രശ്നമേഖലയല്ല. കേരളത്തിലെ കാമ്പസുകളിൽ വ്യത്യസ്ത വിഭാഗങ്ങളിലെ കുട്ടികൾ പലതരത്തിൽ അവമതിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ രോഹിത് വെമുല ആക്ട് കേരളത്തിൽ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട് എന്ന ആവശ്യം ശക്തമായി ഊന്നിപ്പറയാനും ഈ ഹർത്താലിന് കഴിഞ്ഞിട്ടുണ്ട്.
തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ എറണാകുളം മഹാരാജാസിൽ ബി.എക്ക് പഠിക്കുന്ന കാലത്താണ് ഞാൻ സണ്ണി എം. കപിക്കാടിനെ പരിചയപ്പെടുന്നത്. അതേ കോളജിൽ ഫിലോസഫിയിൽ റാങ്ക് വാങ്ങിച്ച മികച്ച വിദ്യാർഥി എന്നനിലയിലും എഴുത്തിലും രാഷ്ട്രീയത്തിലും നവ രാഷ്ട്രീയവുമായി ഇടപെടുന്ന ഒരു വ്യക്തി എന്നനിലയിലുമാണ് അദ്ദേഹം ഞങ്ങളുടെ ഹോസ്റ്റലിൽ എത്തുന്നത്. ദലിത് വിദ്യാർഥി ഏകോപന സമിതിയുടെ നിരവധി യോഗങ്ങളിൽ സണ്ണി എം. കപിക്കാട് അന്ന് പ്രസംഗിച്ചിട്ടുണ്ട്. ദലിത് വിദ്യാർഥി ഏകോപന സമിതിയിൽ പ്രവർത്തിച്ചവരാണ് പിന്നീട് കേരളത്തിൽ ദലിത് ആദിവാസി സമരങ്ങൾക്ക് പലതരത്തിൽ നേതൃത്വം നൽകിയത്. ദലിത് രാഷ്ട്രീയത്തെ അടുത്തറിഞ്ഞതുകൊണ്ട് സോഷ്യലിസം വരുമ്പോൾ എല്ലാം ശരിയാകും എന്ന ഉട്ടോപ്യൻ സ്വപ്നം ഞങ്ങളിൽനിന്നൊക്കെ അസ്തമിച്ചുപോയിരുന്നു. വായിക്കുന്നവരും ചിന്തിക്കുന്നവരും എഴുതുന്നവരും ഒക്കെയായ ഒരു ദലിത് സമൂഹത്തെ ദലിത് വിദ്യാർഥി ഏകോപന സമിതിയുടെ തുടർ തലമുറ കേരളത്തിൽ അവതരിപ്പിക്കുകയുണ്ടായി.
കെ.കെ. കൊച്ചും സണ്ണി എം. കപിക്കാടുമെല്ലാം അക്കാലത്തെ ജ്ഞാനപരതയുടെ ദീപ്തമായ സാന്നിധ്യമാണ്. പിന്നീട് വന്ന മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും ഈ സാന്നിധ്യം സജീവമായി. ഞങ്ങൾ ഞങ്ങളുടെ ശക്തിസ്രോതസ്സായി ഏറ്റവും ആഹ്ലാദത്തോടെയാണ് ഈ വിജ്ഞാനത്തെ കണ്ടത്. ഏപ്രിൽ 28ലെ ഹർത്താൽ വിജയിച്ചശേഷം സണ്ണി എം. കപിക്കാട് പൊതുസമൂഹത്തോട് സംസാരിച്ചത് ഒരു സമൂഹത്തിന്റെ വിജയത്തിന്റെ ആത്മവിശ്വാസത്തോടെയായിരുന്നു. അദ്ദേഹം എം.എൽ.എയായി ജയിച്ചാൽ സത്യപ്രതിജ്ഞ ചെയ്യുമായിരുന്നല്ലോ. അതിനേക്കാൾ ആർജവത്വമുണ്ടായിരുന്നു ആ വാക്കുകളിൽ.
മൂന്ന് മുന്നണികൾക്കുമപ്പുറത്ത് ഒരു വിമർശന കർത്തൃത്വമായി ദലിത് വൈജ്ഞാനികത മാറിയെന്ന് ഏപ്രിൽ 28ലെ ഹർത്താൽ പ്രഖ്യാപിച്ചുകഴിഞ്ഞു. നിതിൻ രാജിന് നീതി ലഭിക്കുന്നതിനോടൊപ്പം കേരളത്തിലെ സർവകലാശാലകളിൽ പരമ്പരാഗതമായി നിലനിൽക്കുന്ന ജാതി വിവേചനം അവസാനിപ്പിച്ച് തുല്യനീതി പുലരാനുള്ള സമരങ്ങൾക്ക് നേതൃത്വം നൽകാൻ ദലിതുപക്ഷത്തിന് കഴിയും എന്ന പ്രഖ്യാപനവും ഈ സമരരൂപത്തിലുണ്ട്.
പരമ്പരാഗത മാധ്യമങ്ങൾ നടത്തുന്ന അപവാദ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയുടെ കാലത്ത് പഴയതുപോലെ ഫലിക്കില്ല എന്നതും തുടർന്നുണ്ടായ സോഷ്യൽ മീഡിയ ഇടപെടലുകൾകൊണ്ട് വ്യക്തവുമാണ്. നവ ജനാധിപത്യത്തിന്റെ ശക്തമായ ഉയിർത്തെഴുന്നേൽപായിട്ടാണ് ഈ ഹർത്താലിന്റെ വിജയത്തെ കാണേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.