ഇന്ത്യൻ കമ്യൂണിസവും ദേശസ്നേഹവും

നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കമ്യൂണിസ്റ്റുകളെയും സ്റ്റാലിനെയും റഷ്യയെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ തെറ്റെന്ന് വാദിക്കുകയാണ് ലേഖകൻ. ഇക്കാലത്ത് എടുക്കേണ്ട സമീപനം എന്തെന്നും വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശൻ (ബഹു. ചേർക്കണമെന്ന മുൻ മുഖ്യന്റെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് അഭ്യർഥന) നിയമസഭക്കകത്ത് നടത്തിയ ഇന്ത്യൻ കമ്യൂണിസത്തിനെതിരായ വിമർശനമാണ് വിഷയം. ഭീതിദമായ വർത്തമാനകാല ഇന്ത്യൻ അവസ്ഥയിൽ നല്ല ഒരു വായനക്കാരൻകൂടിയായ മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത വിമർശനരീതിയായിപ്പോയി എന്നത് ഒട്ടും ഖേദമില്ലാതെതന്നെ പറയട്ടെ. പറഞ്ഞത് ചരിത്രത്തിന്റെ നിഷേധംകൂടിയാകുമ്പോൾ വിഷയത്തിന്റെ ഗൗരവം വർധിക്കുന്നു. ഫാഷിസത്തിനെതിരെ കോൺഗ്രസും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരും വിശാല ഇടതുപക്ഷവും എല്ലാം ഒരുമിച്ചുനിൽക്കേണ്ടുന്ന കാലത്ത് പ്രത്യേകിച്ചും.

കമ്യൂണിസ്റ്റ് കവിയും പത്രപ്രവർത്തകനും എഴുത്തുകാരനും എല്ലാമായിരുന്ന കെ.പി.ജി. നമ്പൂതിരി നാൽപതുകളിൽ എഴുതിയ ‘നാണിയുടെ ലോകം’ എന്ന കവിതയിലെ ‘‘സോവിയറ്റ് എന്നൊരു നാടുണ്ടത്രെ പോകാൻ കഴിഞ്ഞെങ്കിലെന്ത് ഭാഗ്യം’’... ഈ വരിയാണ് കമ്യൂണിസ്റ്റ് വിരുദ്ധർ കാലാകാലങ്ങളിലായി സതീശൻ പറഞ്ഞ ‘മോസ്കോവിൽ മഴപെയ്യുമ്പോൾ ഇവിടെ കുടപിടിക്കുന്നവർ’ എന്ന വിമർശനത്തിന് മുഖ്യമായും ഹേതുവാക്കിയത്. കമ്യൂണിസ്റ്റുകാർക്കെതിരെയുള്ള ഈ വിമർശനത്തിൽ കുറച്ച് ശരിയും അതിലേറെ തെറ്റുമുണ്ട്. ’42ൽ ക്വിറ്റ് ഇന്ത്യ സമരകാലത്തും ’48ലെ കൽക്കത്ത തീസിസും, രണ്ടും സതീശൻ പറഞ്ഞതുപോലെ താൻ ഉയർത്തിയ വിമർശനങ്ങളിലെ ശരികളാണ്.

വി.ഡി സതീശൻ

ഇന്ത്യൻ കമ്യൂണിസം ദേശീയ മുഖ്യധാരയിൽ എത്തുന്നതിന് തടസ്സം നിന്ന രണ്ടു പ്രധാന സംഭവങ്ങളാണിവ. തർക്കമില്ല. പ​േക്ഷ, ഇവിടെ അടിസ്ഥാന പ്രശ്‍നം ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ ദേശസ്നേഹം ചോദ്യംചെയ്യപ്പെടുന്നു എന്നുള്ളതാണ്. ആരുടെ ദേശസ്നേഹമാണ് അളക്കാൻ ശ്രമിക്കുന്നത്? പി.സി. ജോഷി, എസ്.എ. ഡാങ്കെ, പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി, എമ്മെൻ, അച്യുതമേനോൻ, എൻ.ഇ. ബാലറാം തൊട്ട് രണ്ടാം തലമുറ നേതാവായിരുന്ന സി.കെ. ചന്ദ്രപ്പൻ വരെയുള്ളവരുടേതോ? ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന കമ്യൂണിസ്റ്റ് പ്രവർത്തകരുടെയും അനുഭാവികളുടെയുമാണോ? വി.ഡി. സതീശൻ മനസ്സുകൊണ്ട് അത് ഉദ്ദേശിച്ചില്ലെങ്കിലും നടത്തിയ പ്രസ്താവനയിൽ അടങ്ങിയ ധ്വനിയും സന്ദേശവും ഫലത്തിൽ മറ്റൊന്നല്ല. അതുകൊണ്ടുകൂടിയാണ് ഈ പ്രതികരണം.

ഇന്ത്യൻ വലതുപക്ഷം പൊതുവായും തീവ്രവലതുപക്ഷം പ്രത്യേകിച്ചും കമ്യൂണിസ്റ്റുകാർക്കെതിരെ പൊതുവായി കാലാകാലങ്ങളായി നടത്തിപ്പോന്ന വിമർശനത്തിന് സമാനമായ പദപ്രയോഗങ്ങളാണ് വി.ഡി. സതീശന്റെ വാക്കുകളിലൂടെയും പുറത്തുവന്നത്. മൊറാർജി ദേശായി 1977ൽ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഒരു അഭിമുഖത്തിൽ കമ്യൂണിസ്റ്റുകാരെ വിശേഷിപ്പിച്ചത് ‘ട്രോജൻ’കുതിരകൾ എന്നായിരുന്നു.

എൻ.ഇ. ബാലറാം രാജ്യസഭ അംഗമായിരുന്ന കാലത്ത് പാർലമെന്റിനകത്ത് ​െവച്ച് ബി.ജെ.പി അംഗം സുബ്രമണ്യം സ്വാമി കമ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ചപ്പോൾ ബാലറാം അതിനോട് പ്രതികരിച്ചത് ചെരിപ്പൂരി അടിക്കാൻ പിന്നാലെ ഓടിക്കൊണ്ടായിരുന്നു. അക്കാലത്തു അത് വിവാദമായി. കമ്യൂണിസ്റ്റുകാരന്റെ രാജ്യസ്നേഹം ചോദ്യംചെയ്യാൻ ആർക്കും കഴിയില്ലെന്നതാണ് വസ്തുത. പക്ഷേ, ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വം നിർണായകഘട്ടങ്ങളിൽ, ’42ലും, ’48ലും ഉൾ​െപ്പടെ, വരുത്തിയത് ഭീമാബദ്ധങ്ങൾ തന്നെയായിരുന്നു.

സതീശൻ നിയമസഭക്കകത്ത് നടത്തിയ പ്രസ്താവനയിലെ രാഷ്ട്രീയ സന്ദർഭം മാത്രമല്ല തെറ്റിയത്, അത് ആർക്കൊക്കെ നേരെ തിരിയും എന്നുപോലും ഓർക്കാത്തത് ഗുരുതരമായ വീഴ്ചയായിപ്പോയി. അതുകൂടി പറഞ്ഞു വിഷയത്തിലേക്ക് കടക്കാം. യു.ഡി.എഫിന്റെ ഭാഗമായ, നിലവിൽ ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മന്ത്രി സി.പി. ജോൺ, എം.എൽ.എമാരായ ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ മാസ്റ്റർ, കെ.കെ. രമ, വി. കുഞ്ഞികൃഷ്ണൻ, ഇപ്പോഴും ഉറച്ച കമ്യൂണിസ്റ്റുകാരായ ഇവരാരെയെങ്കിലും പരിഗണിച്ചോ? വിശാല ഇടതുപക്ഷത്തിന്റെ ഭാഗമായ ഷിബു ബേബിജോണിനെയും മറന്നു. എല്ലാത്തിലുമുപരി, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി സർക്കാറിനെ താഴെയിറക്കാൻ ശപഥംചെയ്ത് യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്ത പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകാരെ ഓർത്തോ? അക്ഷന്തവ്യമായ പിഴവാണിതൊക്കെ. നെഹ്രുവിയൻ സോഷ്യലിസ്റ്റ് എന്ന് അഭിമാനിക്കുന്ന ഒരു കോൺഗ്രസ് നേതാവിന് ഒരിക്കലും ഇണങ്ങാത്ത പിഴവ്.

സ്റ്റാലിൻ-ഹിറ്റ്ലർ സന്ധി

1939ലെ സ്റ്റാലിൻ-ഹിറ്റ്ലർ സന്ധിയിലായിരുന്നല്ലോ നിയമസഭയിൽ ചർച്ചയുടെ തുടക്കം. ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് പരീക്ഷണം തുടങ്ങിയിട്ട് കേവലം രണ്ട് ദശാബ്ദങ്ങൾ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. സ്റ്റാലിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ പറ്റാത്ത തന്ത്രപരമായ നീക്കം. ഹിറ്റ്ലർക്കാണെങ്കിൽ പടിഞ്ഞാറൻ സാമ്രാജ്യത്വ/മുതലാളിത്ത ശക്തികളെയും സോഷ്യലിസ്റ്റ് റഷ്യയെയും ഒരേസമയം നേരിടേണ്ടുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. അതിനായിരുന്നു രണ്ട് പക്ഷത്തിനും അത്യാവശ്യമായിരുന്ന സ്റ്റാലിൻ-ഹിറ്റ്ലർ ഉടമ്പടി. പക്ഷേ ലോകം പിന്നീട് കണ്ടത് 1941 ജൂണിൽ ലോകത്തെ തന്നെ അമ്പരപ്പിക്കും വിധം ഹിറ്റ്ലറിന്റെ റഷ്യക്കെതിരായുള്ള ഓപറേഷൻ ബാർബറോസയും അതിനെതിരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ധീരോദാത്തമായ ചെറുത്തുനിൽപുമായിരുന്നു.

ഒടുവിൽ റഷ്യൻ മണ്ണിൽ നാസി പട്ടാളം അടിയറവു പറഞ്ഞപ്പോൾ ഫലത്തിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ റഷ്യ ലോകത്തെ നാസിസത്തിൽനിന്ന് തന്നെ മോചിപ്പിക്കുന്നതിന്റെ തുടക്കം കുറിക്കുകയായിരുന്നു. ഹിറ്റ്ലറുടെ അന്ത്യം കാണാൻ 1945 വരെ കാക്കേണ്ടി വന്നെങ്കിലും. റഷ്യൻ പട്ടാളത്തിൽ ലെഫ്റ്റനന്റ് ആയിരുന്ന സ്വന്തം മകൻ യാക്കോവിനെ 1943ൽ സ്റ്റാലിന് നഷ്ടപ്പെട്ടു. ഹിറ്റ്ലറുടെ തടവിൽ അകപ്പെട്ട മകനെ ​െവച്ച് ജർമനി വിലപേശിയെങ്കിലും സ്റ്റാലിൻ വഴങ്ങിയില്ല. 1943ൽ തടവിലായിരിക്കെ ജർമൻ ക്യാമ്പിൽവെച്ച് ഇലക്ട്രിക് വേലിയിൽ പിടിച്ച് ആത്മഹത്യചെയ്യാൻ മുതിർന്ന യാക്കോവിനെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ജർമൻ പട്ടാളക്കാരൻ വെടി​െവച്ചു കൊല്ലുകയായിരുന്നു.

സ്റ്റാലിന് വേണമെങ്കിൽ റഷ്യ തടവിലാക്കിയ ഒരു ഉയർന്ന ജർമൻ മാർഷലിനെ വിട്ടുകൊടുത്ത് പകരം മകനെ രക്ഷിക്കാമായിരുന്നു. സ്റ്റാലിൻ ഒരുതരത്തിലും സമ്മർദങ്ങൾക്ക് കീഴടങ്ങിയില്ല. ഇന്ന് കേരളത്തിൽ അഭിനവ സ്റ്റാലിനിസ്റ്റുകൾ മക്കളുടെ തോന്നിവാസങ്ങൾക്ക് കൂട്ടുനിൽക്കുന്നതും അതിന് ന്യായീകരണവുമായി പാർട്ടി നേതൃത്വം നിൽക്കുന്നതും കാണുമ്പോൾ അറപ്പുതോന്നുന്നു.

മുകളിൽ വായിച്ചത് സ്റ്റാലിൻ എന്ന കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന വശം. മറുഭാഗത്ത് റഷ്യക്കകത്ത് സ്റ്റാലിൻ സമാനതകളില്ലാത്ത ക്രൂരത സ്വന്തം സഖാക്കൾക്കു നേരെ തന്നെ അഴിച്ചുവിടുകയും ചെയ്തു. ട്രോട്സ്കിയുടെ അനുഭവംതന്നെ മതിയല്ലോ? ആയിരക്കണക്കിന് സഖാക്കൾ കൊല്ലപ്പെട്ടു. അല്ലെങ്കിൽ സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടു. ലെനിനിസ്റ്റ് സംഘടന സംവിധാനമായിരുന്നു സ്റ്റാലിനെ പാർട്ടിക്കുള്ളിലെ ഏകാധിപതിയാക്കിയത്. ഏറ്റവും അടിത്തട്ട് തൊട്ട് പോളിറ്റ്ബ്യൂറോ വരെ ചോദ്യംചെയ്യാതെ അനുസരിക്കുന്ന വിശ്വസ്തൻമാരെ കൊണ്ട് നിറച്ചു.



ഒടുവിൽ പാർട്ടി എന്നാൽ സ്റ്റാലിൻ! ലെനിനിസ്റ്റ് സംഘടന തത്ത്വം നടപ്പിലിരുന്ന ലോകത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ എല്ലാം സ്റ്റാലിനിസംമൂലം നശിക്കുന്നതിനും ലോകം കാലക്രമത്തിൽ സാക്ഷിയായി. ഇപ്പോൾ കേരളവും. ഒരു ജനാധിപത്യ സംവിധാനത്തിലാണ് കേരളം കഴിഞ്ഞ പത്ത് വർഷങ്ങളായി കണ്ട ഏകാധിപത്യ ഭരണ സംവിധാനത്തെ സഹിച്ചതെന്ന് ഓർക്കണം. അപ്പോൾ ഏക പാർട്ടി സംവിധാനത്തിൽ പഴയ കമ്യൂണിസ്റ്റ് ഭരണത്തിൽ നിലനിന്ന സ്വേച്ഛാധിപത്യം എത്രത്തോളം ഭീകരമായിരുന്നെന്ന് ഓർത്തുനോക്കൂ.

1924ലെ ലെനിന്റെ മരണം ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വരുത്തിയ നഷ്ടം ചെറുതായിരുന്നില്ല. മാറ്റങ്ങൾ വരുത്താനുള്ള പ്രാപ്തി തികഞ്ഞ ജനാധിപത്യവാദിയായിരുന്ന ലെനിന് ഉണ്ടായിരുന്നു. മൊഹിത് സെൻ എഴുതിയതുപോലെ ലെനിൻ തന്റെ ബുദ്ധിശക്തിയെ ആശ്രയിച്ചപ്പോൾ സ്റ്റാലിൻ കൈവന്ന അധികാരശക്തിയെ മാത്രം നഗ്‌നമായി പ്രയോഗിച്ചു. ഇ.എം.എസും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസംപോലെ!

മഴ അവിടെയും കുട ഇവിടെയും!

വി.ഡി. സതീശന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള ആക്ഷേപം ‘മഴ അവിടെയും കുട ഇവിടെയും’ എന്നതാണല്ലോ. റഷ്യയിൽ മഴപെയ്യുമ്പോൾ ഇവിടെ കുടപിടിക്കുന്നവർ! എന്നാൽ, വസ്തുതാപരമായി ഇതും ശരിയല്ല. സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനങ്ങളിൽ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയേക്കാളും സ്വാധീനം ചെലുത്തിയിരുന്നത് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരകാലത്തും കൽക്കത്ത തീസിസിന്റെ കാലത്തും റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കല്ല മറിച്ച് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു ഇന്ത്യൻ പാർട്ടിയുടെ മേൽ കൂടുതൽ സ്വാധീനം. പ്രത്യേകിച്ച് ഹാരി പോളിറ്റ്, രജനി പാം ദത്തിനെ പോലുള്ള നേതാക്കൾക്ക്.

മാത്രമല്ല, 1948ലെ കൽക്കത്ത തീസിസ് തിരുത്തണമെന്ന് ഇന്ത്യൻ പാർട്ടി നേതാക്കളോട് ആവശ്യപ്പെടുന്നത് സ്റ്റാലിൻ നേരിട്ടാണ്. ഒരു സംഘം സി.പി.ഐ നേതാക്കളെ നെഹ്‌റുപോലും അറിയാതെ റഷ്യൻ മണ്ണിലെത്തിച്ച് സ്റ്റാലിൻ കണ്ട കാര്യം പിന്നീട് ലോകമറിഞ്ഞു. സ്റ്റാലിൻ അന്ന് ഇന്ത്യൻ നേതാക്കളോട് ആവശ്യപ്പെട്ടത് അസമയത്ത് ആരംഭിച്ച നെഹ്‌റു സർക്കാറിനെതിരായുള്ള സായുധ അട്ടിമറി ശ്രമം ഉപേക്ഷിച്ച് ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കാനായുള്ള അധ്വാനം ചെയ്യാനായിരുന്നു. ഇതേ തുടർന്നുകൂടിയാണ് 1952ൽ കൽക്കത്ത തീസിസ് തെറ്റായിപ്പോയെന്ന നിലപാടിലേക്ക് സി.പി.ഐ എത്തിച്ചേർന്നത്.

അടിസ്ഥാനപരമായി ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിച്ചത് ദേശീയ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് സ്വതന്ത്ര ദേശീയ നയം നടപ്പാക്കാൻ പ്രാപ്തിയുള്ള നേതൃത്വത്തിന്റെ അഭാവമായിരുന്നു. ഹോചിമിൻ കെ. ദാമോദരനോട് പറഞ്ഞതുപോലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു ഗാന്ധിയെ കണ്ടെത്താൻ കഴിയാതെപോയി. വിയറ്റ്നാമിൽ ഹോചിമിൻതന്നെയായിരുന്നു ഗാന്ധി! പകരം ഇന്ത്യൻ കമ്യൂണിസം കൂടുതലും സൃഷ്ടിച്ചത് സ്റ്റാലിനിസ്റ്റുകളെയും പോൾപോട്ടുമാരെയുമായിരുന്നു. പാർട്ടിക്കകത്തെ പ്രതിയോഗികളെപ്പോലും ഒരുവിധ ദാക്ഷിണ്യവും കൂടാതെ ഉന്മൂലനംചെയ്യാൻ മടിക്കാത്തവരെ പോൾപോട്ടുമാർ എന്നല്ലാതെ മറ്റെന്ത് വിളിക്കും?

ആരംഭകാലത്ത് പി.സി. ജോഷിയും അനുയായികളും പിൽക്കാലത്ത് എസ്.എ. ഡാങ്കെയും സഖാക്കളും മാത്രമായിരുന്നു ഇതിന് ഒരു അപവാദം. സി.പി.ഐ 1964നു ശേഷം കോൺഗ്രസ് വിരുദ്ധത ഒരു പരിധിവരെ കൈവെടിഞ്ഞിരുന്നെങ്കിലും നേതാക്കളിൽ ഭൂരിഭാഗവും അസ്സൽ സ്റ്റാലിനിസ്റ്റുകൾതന്നെയായിരുന്നു. സി.കെ. ചന്ദ്രപ്പനെപ്പോലെ ചിലർ മാത്രമേ സി.പി.ഐക്കകത്തും വേറിട്ട വ്യക്തിത്വങ്ങളായി ഉണ്ടായിരുന്നുള്ളൂ. അച്യുതമേനോൻ, എമ്മെൻ, പി.കെ.വി, ഇ. ചന്ദ്രശേഖരൻ നായർ തുടങ്ങി പലരും, മികവാർന്ന ഇത്തരം സി.പി.ഐ നേതാക്കളെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

എങ്കിലും, തുടക്കത്തിൽ സി.പി.ഐ നേതാക്കളുടേതായാലും ’64ന് ശേഷം സി.പി.എം ഉൾപ്പടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുടേതായാലും രാജ്യസ്നേഹമോ ജനങ്ങളോടുള്ള പ്രതിബദ്ധതയോ ആർക്കും ചോദ്യംചെയ്യാൻ കഴിയില്ല. സ്വാതന്ത്ര്യസമരകാലത്ത് നേതാക്കൾ ആദ്യം കോൺഗ്രസ്, തുടർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, ഒടുവിൽ കമ്യൂണിസ്റ്റ് പാർട്ടി എന്ന രീതിയിലായിരുന്നു കേരളത്തിൽ അടക്കം കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണത്തിൽ എത്തപ്പെട്ടത് എന്നറിയാത്ത രാഷ്ട്രീയ വിദ്യാർഥികൾ ചുരുക്കമാണ്. പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി, അച്യുതമേനോൻ ഇവരൊക്കെ ഈ ഗണത്തിൽപെടും.

വിശാല ഐക്യത്തിന്റെ കാലം

ഒരു നവ ഇടതുപക്ഷ പ്രസ്ഥാനം ഉദയംചെയ്യാനുള്ള രാഷ്ട്രീയ കാലാവസ്ഥ കേരളത്തിലും ദേശീയതലത്തിലും ഇന്ന് സംജാതമായിട്ടുണ്ട്. സി.പി.എമ്മിനെപ്പോലെ അടിമുടി സ്റ്റാലിനിസ്റ്റ് ആയ ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ജനാധിപത്യ സംവിധാനത്തിൽ ഇനി ഒരുവിധ പ്രസക്തിയുമില്ല. സി.പി.ഐക്കാകട്ടെ ഒരു വിശാല ഇടതുപക്ഷ പ്രസ്ഥാനമായി രൂപാന്തരപ്പെടാനുള്ള സാധ്യത മുന്നിൽ തുറന്നുകിടപ്പുണ്ടെങ്കിലും അതുപയോഗിക്കാൻ പ്രാപ്തിയുള്ള നേതാക്കൾ മുൻനിരയിൽ വേണ്ടവിധം ഇല്ല. പ്രകാശ്ബാബുവിനെപ്പോലുള്ളവരിലാണ് നേരിയ പ്രതീക്ഷ. സീതാറാം ​െയച്ചൂരിയുടെയും സി.കെ. ചന്ദ്രപ്പന്റെയും ദേഹവിയോഗം സൃഷ്‌ടിച്ച ശൂന്യത നികത്താൻ സി.പി.എമ്മിനോ സി.പി.ഐക്കോ ആയിട്ടില്ല.

അതേസമയം, ഈ രണ്ട് പാർട്ടിക്കുള്ളിലെ വിവേകശാലികളായ നേതാക്കളെയും പ്രവർത്തകരെയും ആകർഷിക്കാൻ പാകത്തിൽ ഒരു നവ ഇടതുപക്ഷ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചാൽ അത്തരമൊരു പ്രസ്ഥാനത്തിന് ഏറെ സാധ്യതകൾ മുന്നിലുണ്ടുതാനും. അല്ലാതെ ആപ്പും പാറ്റകളും ഒന്നുമല്ല രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള പ്രതിവിധി.

കേരളത്തിൽ ആരംഭംകുറിക്കാനാണ് മേൽ വിവരിച്ച രാഷ്ട്രീയനീക്കത്തിനുള്ള സാധ്യതകൾ ഏറെയും. നിലവിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ സി.പി.എം അനന്തര കേരളം (post-cpm Kerala) എന്നുതന്നെ വിശേഷിപ്പിക്കേണ്ടി വരും. മന്ദബുദ്ധികളെ ഓർമിപ്പിക്കും വിധം സൈബറിടങ്ങളിലൊക്കെ കയറിവിലസുന്ന സഖാക്കൾ കരുതുന്നതുപോലെ അഞ്ചുവർഷം കഴിഞ്ഞാൽ എളുപ്പം അധികാരം തിരിച്ചുപിടിക്കാനുള്ള അവസ്ഥയിലല്ല ഇന്ന് സി.പി.എം ഉള്ളത്. സി.പി.എമ്മിന്റെ ആസന്നമായ തകർച്ച സൃഷ്ടിക്കുന്ന രാഷ്ട്രീയശൂന്യത നികത്താൻ പാകത്തിൽ ഒരു നവ ഇടതുപക്ഷ പ്രസ്ഥാനത്തിന് കേരളത്തിൽ തുടക്കംകുറിക്കാൻ കഴിഞ്ഞാൽ അത് നാളെ ദേശീയതലത്തിൽതന്നെ മാതൃകയും മുതൽക്കൂട്ടുമാകും.

ജി. സുധാകരൻ, സി.പി. ജോൺ, കെ.കെ. രമ ഇവർക്കെല്ലാം ഇക്കാര്യത്തിൽ വലിയ സംഭാവനകൾ ചെയ്യാൻ കഴിയും, കഴിയണം. ഒരു നവ ഇടതുപക്ഷ പ്രസ്ഥാനം ഉയർന്നുവന്നാൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആകും ആ പ്രസ്ഥാനത്തിന്റെ സ്വാഭാവിക സഖ്യകക്ഷി. അത്തരമൊരു നീക്കത്തിന് മുൻകൈ എടുത്ത് നേതൃത്വം നൽകുകയാണ് രാഷ്ട്രീയവിവേകം എന്നൊന്ന് ഉണ്ടെങ്കിൽ സി.പി.ഐ ചെയ്യേണ്ടത്; ആ പാർട്ടിയുടെ ഇന്നത്തെ അവസ്ഥയിൽ വലിയ പ്രതീക്ഷയില്ലെങ്കിലും കോൺഗ്രസും മേൽ വിവരിച്ച രാഷ്ട്രീയനീക്കത്തെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവരണം.

ഇത്തരം ഒരു രാഷ്ട്രീയ സന്ദർഭത്തിൽ കമ്യൂണിസ്റ്റുകാരെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവനകൾ അനവസരത്തിലുള്ളതും അപ്രസക്തവുമാണ്. അതുകൊണ്ടാണ് വി.ഡി. സതീശന്റെ വാക്കുകൾ കമ്യൂണിസ്റ്റുകാരെ ഇകഴ്ത്തുന്നതും രാഷ്ട്രീയമായി നിരുത്സാഹപ്പെടുത്തുന്നതും ആണെന്ന് പറയുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നുപറഞ്ഞാൽ സി.പി.എം എന്ന് അർഥമില്ലല്ലോ! സംഘ്പരിവാറിനെതിരെ വിശാല രാഷ്ട്രീയ ഐക്യത്തിന്റെ ഈ കാലത്തുപോലും കോൺഗ്രസ്-കമ്യൂണിസ്റ്റ് ഐക്യത്തിന്റെ പ്രസക്തി വേണ്ടുംവിധം തിരിച്ചറിയാത്തവർ ഇരു പ്രസ്ഥാനങ്ങളിലും ഉണ്ടെന്ന് തോന്നുന്നു. വി.ഡി. സതീശൻ അക്കൂട്ടത്തിൽ പെടില്ല എന്നാണ് ഈ ലേഖകൻ വിശ്വസിക്കുന്നത്.

എന്തായിരിക്കണം പരസ്പര സമീപനം?

ഇന്ത്യൻ കമ്യൂണിസത്തിന്റെ അടിസ്ഥാനപരമായ പരാജയ കാരണം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെയും ആ പ്രസ്ഥാനത്തെ നയിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസിനെയും ശരിയാംവണ്ണം വിലയിരുത്തുന്നതിൽ അത് വൻതോതിൽ പാളി എന്നതിലാണ്. വ്യത്യസ്തങ്ങളായ ഭാഷകളും സംസ്കാരങ്ങളും മതങ്ങളും ജാതികളുമെല്ലാമുള്ള ഇന്ത്യയെ ഏകോപിപ്പിച്ച് നിർത്താൻ ദേശീയത എന്ന പ്രത്യയശാസ്ത്രത്തിന് മാത്രമേ കഴിയുമായിരുന്നുള്ളൂ. വർഗ പ്രത്യയശാസ്ത്രത്തിന് (class ideology) മാത്രമായി അതിന് കഴിയില്ല. സാമൂഹികനീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് മാത്രമേ ക്ലാസ് ഐഡിയോളജി ഫലപ്രദമായി പ്രയോഗിക്കാൻ കഴിയുകയുള്ളൂ.

ഇവിടെ ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ സമീപനം തികച്ചും യാന്ത്രികമായിരുന്നു. കോൺഗ്രസിനെ വെറും ബൂർഷ്വാ പ്രസ്ഥാനമായും ഗാന്ധിജിയെ ബൂർഷ്വാ നേതാവായും കണ്ടു. കോൺഗ്രസ് യഥാർഥത്തിൽ ഒരു ബഹുവർഗ (multi class) പ്രസ്ഥാനവും ഗാന്ധിജി അതിനെ നയിച്ച എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ഏറ്റവും സ്വീകാര്യനായ നേതാവുമായിരുന്നു. ചൈനയിൽ മാവോ സേതുങ് സൺയാത് സെന്നിനെ അംഗീകരിച്ചപ്പോൾ ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വം ഗാന്ധിജിയെ ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്ന നേതാവായി കണ്ടു. ’48ലെ കൽക്കത്ത തീസിസ് പ്രകാരം പണ്ഡിറ്റ് നെഹ്‌റു ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റ് ആയി വിലയിരുത്തപ്പെട്ടു!


രണ്ടാമതായി ദേശീയ പ്രസ്ഥാനം പ്രതിനിധാനം ചെയ്ത അടിസ്ഥാന മൂല്യങ്ങൾ എന്താണെന്നുപോലും ശരിയാംവണ്ണം പഠിക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വം പരാജയപ്പെട്ടു. സാമ്രാജ്യത്വവിരുദ്ധ ലോകവീക്ഷണം, മതേതരത്വം, പാർലമെന്ററി ജനാധിപത്യത്തോടുള്ള പ്രതിബദ്ധത എന്നീ അടിസ്ഥാനമൂല്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള സമീപനം കമ്യൂണിസ്റ്റ് നേതൃത്വത്തിന് ഉണ്ടായിരുന്നെങ്കിൽ ദേശീയ പ്രസ്ഥാനവുമായി യോജിച്ചുള്ള സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭം നയിക്കാനും അതുവഴി ദേശീയ മുഖ്യധാരയിൽ എത്താനും സി.പി.ഐക്ക് കഴിയുമായിരുന്നു.

ഗാന്ധിജി നേരിട്ട് ക്ഷണിച്ചിട്ടും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുക്കാതെ മാറിനിന്നതും, ’47ൽ സ്വാതന്ത്ര്യലബ്ധി അംഗീകരിച്ച് ദേശപുനർനിർമാണത്തിൽ പണ്ഡിറ്റ് നെഹ്‌റുവിന് പിന്തുണ നൽകുന്നതിന് പകരം ’48ലെ കൽക്കത്ത തീസിസിന്റെ അടിസ്ഥാനത്തിൽ സായുധ അട്ടിമറിയിലൂടെ അധികാരം കൈക്കലാക്കാമെന്ന് വ്യാമോഹിച്ചതും സി.പി.ഐയുടെ മുന്നോട്ടുള്ള പ്രയാണത്തെ അടിമുടി ഉലച്ചുവെന്നതാണ് സത്യം. ’40കളിൽ പി.സി. ജോഷിയും അനുയായികളും മാത്രമായിരുന്നു നേർവഴിക്ക് ചിന്തിച്ചവർ. ’48ൽ ജോഷിയെ പാർട്ടി നേതൃത്വം ഫലത്തിൽ പടിയടച്ചു പിണ്ഡംവെക്കുകയായിരുന്നു.

ഏറെ വൈകിപ്പോയെങ്കിലും വർത്തമാനകാല ഇന്ത്യ നേരിടുന്ന ഫാഷിസ്റ്റ് വെല്ലുവിളികൾ അതിജീവിക്കാൻ ഇനിയെങ്കിലും കോൺഗ്രസുമായി ക്രിയാത്മകമായി സഹകരിക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വം തയാറാകണം. കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന തൊടുന്യായം ഇടതിന്റെ ’26ലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തോടെ അപ്രസക്തമായിരിക്കുന്നു.

അതേസമയം, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനത്തിലും പുതിയകാലത്ത് മാറ്റം അനിവാര്യമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ കേരളത്തിൽ ഉൾ​െപ്പടെ ഇന്ത്യയുടെ പലഭാഗങ്ങളിലും തുടക്കത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നവർ തന്നെയാണ് കാലക്രമത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരായി മാറിയതും. ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലേക്കും ഗാന്ധിജിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും പ്രവൃത്തികളിലേക്കും ആകൃഷ്ടരായിട്ടും എന്തുകൊണ്ട് ഇവർ കമ്യൂണിസ്റ്റ് ആശയത്തിലേക്ക് മാറി ചിന്തിച്ചു എന്ന ചോദ്യത്തിന് ഉത്തരം, ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും ആശയങ്ങളും വിപ്ലവവത്കരിക്കാനും ആത്യന്തികമായി ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനും മാർക്സിസം-ലെനിനിസത്തിന്റെ പ്രായോഗികതയിൽ കൂടി മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ഒരു ഘട്ടത്തിൽ ഇക്കൂട്ടർ ചിന്തിച്ചതാണ്. അന്നത്തെ ലോകസാഹചര്യം മനസ്സിലാക്കിയാൽ കമ്യൂണിസത്തിലേക്ക് ചെറുപ്പക്കാർ മാറുന്നതിൽ യാതൊരു അത്ഭുതവുമില്ല. പണ്ഡിറ്റ് നെഹ്‌റുപോലും ഇക്കൂട്ടത്തിൽപെടുന്നു. പക്ഷേ, മഹാത്മജിയെ വിട്ട് ഒരു നീക്കത്തിനും നെഹ്‌റു തയാറായില്ല എന്നേയുള്ളൂ.

തുടക്കത്തിൽ ഗാന്ധിസത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട പിൽക്കാല കമ്യൂണിസ്റ്റ് നേതാക്കൾ ഗാന്ധിസത്തിൽ അപ്രായോഗികമായി കണ്ടത് അഹിംസയുടെ അനിയന്ത്രിതാധിപത്യം, ഹിന്ദു ധർമങ്ങളിലുള്ള ഗാന്ധിജിയുടെ രൂഢമൂല വിശ്വാസം, സാമൂഹിക മാറ്റത്തിനായി മാർക്സിസം-ലെനിനിസംപോലുള്ളൊരു ശാസ്ത്രീയ സിദ്ധാന്തത്തിന്റെ അഭാവം, വർഗ-സമര സിദ്ധാന്തത്തിന്റെ സമ്പൂർണ നിരാകരണം എന്നിവയായിരുന്നു. കമ്യൂണിസ്റ്റുകാരുടെ ഈ നിലപാടുകളൊക്കെ ശരിയായിരുന്നെങ്കിലും ഇതിനോടൊപ്പംതന്നെ മാർക്സിസം-ലെനിനിസം പോലെതന്നെ ഗാന്ധിസവും അതിന്റെ പരിപാടികളും ദേശീയ-സാമൂഹിക വിമോചനത്തിന് ഉതകുന്ന പ്രത്യയശാസ്ത്രം തന്നെയെന്ന തിരിച്ചറിവും പരസ്പര സഹകരണമാവാമെന്ന സമീപനവും ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാക്കൾക്ക് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ വിമോചന സമരത്തിന്റെ മുഖച്ഛായതന്നെ മാറുമായിരുന്നു.

നിർഭാഗ്യത്തിന് പി.സി. ജോഷിയെപോലുള്ള ന്യൂനപക്ഷത്തിന് മാത്രമേ അത്തരമൊരു ചിന്ത ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യലബ്ധിയെ തുടർന്ന് നെഹ്രുവിന്റെ കരങ്ങൾക്ക് ശക്തിപകരണമെന്ന് വാദിച്ച ജോഷി പുറത്തും സായുധ അട്ടിമറിക്ക് ആഹ്വാനം ചെയ്ത രണദിവെമാർ കമ്യൂണിസ്റ്റ് പാർട്ടിക്കകത്തുമായി. ഈ സെക്ടേറിയൻ ചിന്താഗതിയും അതിന് നേതൃത്വം നൽകിയവരുമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശവക്കുഴി തോണ്ടിയവർ. ഇവരിൽ പെടുന്ന ഒരുവിഭാഗംതന്നെയാണ് 1964ൽ സി.പി.ഐയെ പിളർത്തിയതും ഉടൻ വിപ്ലവത്തിനായി സി.പി.എം സ്ഥാപിച്ചതും.

കൽക്കത്ത തീസിസിന്റെ കാലത്ത് രണദിവെയോടൊപ്പം നിന്നിരുന്ന ജി. അധികാരിയെ പോലുള്ളവർ ’64ൽ പാർട്ടി പിളർക്കാൻ കൂട്ടുനിന്നില്ല. എ.കെ.ജി പാർട്ടി പിളർത്താൻ ഭ്രാന്തിളകി നടക്കുകയായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഇ.എം.എസ് എല്ലാ നിർണായക സന്ദർഭങ്ങളിലും എന്നപോലെ ’64ലും വേലിപ്പുറത്തായിരുന്നു. പിന്നീട് കേരളത്തിൽ സഖാക്കൾ സി.പി.എമ്മിനോടൊപ്പം എന്ന് മനസ്സിലായപ്പോൾ അങ്ങോട്ടേക്ക് ചായുകയും ചെയ്തു. ഇ.എം.എസും എ.കെ.ജിയും അങ്ങനെ നട്ടുവളർത്തിയ സി.പി.എം എന്ന പ്രസ്ഥാനം രണദിവെ ലൈനിന്റെ നേരവകാശികളാണ് ഇന്നും. സ്വതന്ത്ര ഇന്ത്യയുടെ യഥാർഥ ശത്രുക്കൾ സാമ്രാജ്യത്വവും രാജ്യത്തിനകത്തുള്ള തീവ്ര വലതുപക്ഷവുമാണെന്ന് ഇന്നും പൂർണമായി അംഗീകരിക്കാൻ കഴിയാത്തവരാണ് സെക്ടേറിയൻ ചിന്താഗതിക്കാർ. കേരളത്തിലടക്കം അവർക്കിന്നും മുഖ്യം കോൺഗ്രസ് വിരോധമാണ്. നവ ഇടതുപക്ഷക്കാർ ഇത്തരം സെക്ടേറിയൻ നിലപാടുകളിൽനിന്നും പൂർണമായും വിടുതൽ നേടിയവരായിരിക്കണം.

അച്യുതമേനോൻ സർക്കാറായിരിക്കണം മാതൃക

ഭരണ നൈപുണ്യമാണ് ലക്ഷ്യമെങ്കിൽ വി.ഡി. സതീശൻ സർക്കാർ മാതൃകയാക്കേണ്ടത് അച്യുതമേനോനെയും 1970 മുതൽ ’77 വരെ അദ്ദേഹം നയിച്ച മുന്നണി സംവിധാനത്തെയുമാണ്. ആ സർക്കാറിന്റെയും മുന്നണിയുടെയും ഏറ്റവും വലിയ സവിശേഷത രാജ്യത്തെ തന്നെ പ്രഥമ കോൺഗ്രസ്-കമ്യൂണിസ്റ്റ് മുന്നണി സർക്കാറായിരുന്നു എന്നതിലാണ്. വാസ്തവത്തിൽ കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ആ സർക്കാറായിരുന്നു രാജ്യത്തിന് തന്നെ മാതൃകയാകേണ്ടുന്ന സർക്കാർ. നിർഭാഗ്യത്തിന് അടിയന്തരാവസ്ഥയിലെ താൽക്കാലിക തിരിച്ചടിയിൽ പതറിപ്പോയ സി.പി.ഐ കോൺഗ്രസുമായുണ്ടായിരുന്ന മുന്നണി സംവിധാനം തന്നെ ഉപേക്ഷിച്ചു 1978ലെ ഭട്ടിൻഡ പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരം സി.പി.എമ്മിനോടൊപ്പം പോയി കോൺഗ്രസും ആർ.എസ്.എസും തുല്യശത്രുക്കളാണെന്ന നിലപാടെടുത്തു.

രാജീവ് ഗാന്ധിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ 1989ൽ ബി.ജെ.പി പിന്തുണയുള്ള വി.പി. സിങ്ങിനെ പോലും പിന്തുണക്കുന്നിടത്ത് കാര്യങ്ങളെത്തി. ഏതു ചെകുത്താനെ പിടിച്ചും കോൺഗ്രസിനെ തകർക്കുമെന്ന സി.പി.എം നയത്തിന്റെ ഭാഗംതന്നെയായിരുന്നു ഇത്. സി.പി.ഐയുടെ നയം മാറ്റം ആ പാർട്ടിക്കും രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉണ്ടാക്കിയ വിനാശം ചില്ലറയല്ല. ഉണ്ടായ ഏക നേട്ടം സി.പി.എമ്മിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വന്തം ചെലവിൽ സി.പി.ഐ നിലനിൽപുണ്ടാക്കി കൊടുത്തു എന്നതുമാത്രമാണ്. അത് ഒടുവിൽ ഭസ്മാസുരന് വരം കൊടുത്തതുപോലെ ആയിത്തീരുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച കൂട്ടുകക്ഷി സർക്കാറായിരുന്നു അച്യുതമേനോൻ സർക്കാർ. കേരളം ഇന്ന് അഭിമാനപൂർവം കൊണ്ടുനടക്കുന്ന വികസന മോഡലിന് തുടക്കം കുറിച്ചത് അച്യുത മേനോൻ കാലഘട്ടത്തിലാണ്. 1957ൽ അവതരിപ്പിച്ച ഭൂപരിഷ്കരണ ബിൽ 1969ൽ അച്യുതമേനോൻ സർക്കാർ കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും കൂടി പിന്തുണയോടുകൂടി നിയമമാക്കി. അതേവർഷം കോൺഗ്രസ്-സി.പി.ഐ സഖ്യം അഖിലേന്ത്യാ തലത്തിൽ നിലവിൽ വന്നിരുന്നു. തുടർന്ന് 1970ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സി.പി.ഐ മുന്നണി വമ്പിച്ച ഭൂരിപക്ഷത്തിൽ കേരളത്തിൽ അധികാരത്തിലെത്തി. 1970-77 കാലഘട്ടത്തിൽ മികച്ച ഭരണം കാഴ്ചവെക്കുകയും ചെയ്തു.

പ്രാഥമിക ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര-സാങ്കേതിക രംഗത്തും നടത്തിയ വൻ കുതിപ്പിലൂടെ നേട്ടങ്ങൾ കൊയ്യാൻ ആ സർക്കാറിന് കഴിഞ്ഞു. കേരളത്തിൽ ഇന്നും തലയുയർത്തി നിൽക്കുന്ന ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങൾ മികച്ച ഉദാഹരണം. സ്ഥലപരിമിതി കാരണം കൂടുതൽ വിവരിക്കുന്നില്ല. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മലയാളികളും അല്ലാത്തവരുമായ പ്രഗല്ഭരുടെ ഒരു നീണ്ടനിര തന്നെ കേരളത്തിലേക്ക് അച്യുതമേനോന്റെ ക്ഷണ പ്രകാരം വന്നു. ചുരുക്കി പറഞ്ഞാൽ അതൊരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു. പണ്ഡിറ്റ് നെഹ്‌റു നവഭാരത ശിൽപി എന്ന് വിശേഷിപ്പിക്കപ്പെടുന്നതുപോലെ അച്യുതമേനോനെ നവകേരള ശിൽപിയെന്ന് ന്യായമായും വിശേഷിപ്പിക്കാം. പക്ഷേ, പിണറായി വിജയനും കൂട്ടർക്കും അച്യുതമേനോൻ സർക്കാർ ‘‘ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ ഒരു ‘ലജ്ജാകരമായ’ ഏടാണ്!’’ നട്ടെല്ലുണ്ടെങ്കിൽ സി.പി.ഐ പറയണമായിരുന്നു അച്യുതമേനോൻ സർക്കാറാണ് ആധുനിക കേരളം കണ്ട ഏറ്റവും മികച്ച ഇടതുപക്ഷ സർക്കാറെന്ന്.

സി.പി.എം രാഷ്ട്രീയം എത്രത്തോളം നിഷേധാത്മകമായിരുന്നെന്ന് അച്യുതമേനോൻ സർക്കാറിനോട് അവരെടുത്ത നിലപാടിൽനിന്ന് മനസ്സിലാക്കാം. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ സർക്കാറിനെ ചോരയിൽ മുക്കിക്കൊല്ലാനായിരുന്നു ശ്രമം. വിതച്ച നാശത്തിന് കൈയും കണക്കുമില്ല. കെ.എസ്.ആർ.ടി.സി ബസുകളും ഇലക്ട്രിക് ട്രാൻസ്ഫോർമറുകളും ട്രാക്ടറുകളും എല്ലാം അഗ്‌നിക്കിരയാക്കുക, രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുക തുടങ്ങി കലാപരിപാടികൾ പലവിധം. മട്ടന്നൂരിൽ നാല് നിരപരാധികളാണ് അഗ്നിക്കിരയാക്കപ്പെട്ട ബസിൽ വെന്തുമരിച്ചത്. പറഞ്ഞുതുടങ്ങിയാൽ നേരം വെളുക്കുവോളം പറയാനുണ്ട് സി.പി.എമ്മിന്റെ അക്കാലത്തെ വിധ്വംസക പ്രവൃത്തികളെ കുറിച്ച്.

ഇതിന്റെയൊക്കെ പരിണതഫലം 1977ലെ തെരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയുടെ തിരിച്ചടി ദേശീയതലത്തിൽ ഉണ്ടായിട്ടും കേരളത്തിൽ 140ൽ 111 നിയമസഭ സീറ്റും നേടി അച്യുതമേനോൻ സർക്കാറിന് തുടർഭരണം ലഭിച്ചു എന്നുള്ളതാണ്. പാർലമെന്റിലേക്ക് 20ൽ 20 സീറ്റും കോൺഗ്രസ്-സി.പി.ഐ മുന്നണി നേടി. കേരളത്തിലെ ആദ്യത്തെ തുടർഭരണം അന്നത്തെ ഐക്യമുന്നണിയുടെ വിജയമാണ്. അല്ലാതെ സി.പി.എം ഇപ്പോൾ കൊട്ടിഗ്ഘോഷിക്കുന്ന 2021ലെ പിണറായി സർക്കാറിന്റേതല്ല.

നെഹ്റുവിന്റെ സഹിഷ്ണുത

വി.ഡി. സതീശൻ മുഖ്യമന്ത്രിയായപ്പോൾ ലഭിക്കുന്ന ഒരു പ്രതീക്ഷ അദ്ദേഹം പറയുന്ന നിലപാടുകളോട് പുലർത്തുന്ന പ്രതിബദ്ധതയാണ്. ഇത് നടപ്പിൽ വരുന്നുണ്ടോ എന്ന് സ്വാഭാവികമായും പ്രബുദ്ധ കേരളം ശ്രദ്ധിക്കും. അതിൽ മുഖ്യം നെഹ്രുവിയൻ സോഷ്യലിസത്തോട് അദ്ദേഹം കാണിക്കുന്ന ആഭിമുഖ്യമാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം കേരളം ഭരിച്ച പിണറായി സർക്കാറല്ല തങ്ങളാണ് ഇടതുപക്ഷം എന്ന് സതീശൻ ആവർത്തിച്ച് പറയുന്നത് കേരളം കേട്ടു. ഇടതുപക്ഷ നയത്തിൽ വെള്ളം യഥേഷ്ടം കലർത്തിയതാണ് കഴിഞ്ഞ സർക്കാറിന് വിനയായത്. പല കാരണങ്ങളിൽ മുഖ്യ കാരണം എന്നുതന്നെ പറയണം. നടമാടിയ മുഖ്യഭരണാധികാരിയുടെ ഏകാധിപത്യ ശൈലി അടക്കം പലതും അടുത്ത ഇരുപത്തിയഞ്ചു വർഷത്തേക്ക് കേരളം മറക്കില്ല. വർഗീയ ഫാഷിസമായാലും സോഷ്യൽ ഫാഷിസമായാലും അടിസ്ഥാന സ്വഭാവം തികഞ്ഞ അസഹിഷ്ണുതയാണ്. സോഷ്യൽ മീഡിയയിലെ ഇടത് ഹാൻഡിലുകൾ തന്നെ പ്രത്യക്ഷ ഉദാഹരണം.

സഹിഷ്ണുതയുടെ കാര്യത്തിൽ നെഹ്‌റു കാണിച്ച ഒരു ഉദാഹരണം പറയാം. അതും കമ്യൂണിസ്റ്റുകാരോട്, കൽക്കത്ത തീസിസിന്റെ കാലത്ത്. സ്വാതന്ത്ര്യം നേടി ഒരു രാജ്യം ശൈശവദശയിൽ ആയിരിക്കുമ്പോഴാണല്ലോ കമ്യൂണിസ്റ്റ് പാർട്ടി നെഹ്‌റു സർക്കാറിനെതിരെ സായുധ സമരം പ്രഖ്യാപിച്ചത്. തെലങ്കാനയിൽ അടക്കം സ്ഥിതി അതിരൂക്ഷമായ പശ്ചാത്തലത്തിൽ, 1949ൽ സായുധസേനാ വിഭാഗങ്ങളും ബ്യൂറോക്രസിയുമെല്ലാം പകച്ചുനിന്ന ഘട്ടത്തിൽ, സ്ഥിതി എങ്ങനെ നേരിടണമെന്ന് കാണിച്ച് ആമുഖമായി നെഹ്‌റു ഫയലിൽ എന്തെഴുതിയെന്നത് ഏറെ പ്രസക്തമാണ്. നെഹ്‌റു എഴുതി:

‘‘It must be remembered that the general principles underlying the communist doctrine- that is, the economic principles of social organisation, have been accepted by some of the best minds of the age, and it does not help at all if second-rate persons go about trying to combat them without even understanding them. This is not a policeman's job, which normally is not acquainted with the intricacies of politics or economics. It must also be remembered that a very large part of the world today is definitely communistic.’’ (Prime Minister Jawahar lal Nehru's statement on Communists, Prime Minister's Secretariat, Under Secretary's Secret Safe File, Govt. of Madras: 24/1949, T.N. Archives, Chennai).

ഗവേഷണ കാലത്ത് ചെന്നൈ ആർക്കൈവ്സിൽനിന്നും തികച്ചും യാദൃച്ഛികമായി ലഭിച്ച മേൽ രേഖ ഈ ലേഖകനെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരുമെല്ലാം ഒരു നൂറാവർത്തി വായിക്കേണ്ടുന്ന നെഹ്രുവിന്റെ ഒരു ഗംഭീര സ്റ്റേറ്റ്മെന്റ് ആണിത്. നേരിട്ടും വരികൾക്കിടയിലും. ഒരു ഭാഗത്ത് നെഹ്രുവിന്റെ തല കൊയ്യാൻ നടക്കുന്ന കമ്യൂണിസ്റ്റുകാർ. മറുഭാഗത്ത് ആർ.എസ്.എസിന്റെ പിന്തുണ തേടിയും കമ്യൂണിസ്റ്റുകാരെ കായികമായി തകർക്കാൻ കച്ചകെട്ടിയിറങ്ങിയ ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ. പട്ടേലിന്റെ പദ്ധതി നെഹ്‌റു നഖശിഖാന്തം എതിർത്തു. ഇന്നിപ്പോൾ സി.പി.എം വേണമെങ്കിൽ പറയും തെലങ്കാനയിൽ നെഹ്‌റുവിന്റെ പട്ടാളം ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാരെ വെടിവെച്ചു വീഴ്ത്തിയില്ലേ എന്ന്. സ്റ്റേറ്റിനെ സായുധമായി വെല്ലുവിളിച്ചാൽ സ്റ്റേറ്റ് തിരിച്ചടിക്കും.

സി.പി.എം സഖാക്കളോട് രണ്ട് ചോദ്യങ്ങൾ. ഒന്ന്, വയനാട്ടിൽ വൃദ്ധദമ്പതികൾ ഉൾ​െപ്പടെ എട്ട് നക്സലൈറ്റ് സഖാക്കളെ എന്തിനായിരുന്നു പിണറായി വിജയന്റെ പൊലീസ് വെടിവെച്ചു തള്ളിയത്? രണ്ട്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കൈയിൽ വെച്ചതിന് എന്തിനായിരുന്നു അലന്റെയും താഹയുടെയും മേൽ കാപ്പ ചുമത്താനായി അവരെ എൻ.ഐ.എക്ക് വിട്ടുകൊടുത്തത്? പിണറായിയുടെ പൊലീസ് കാട്ടിയത് എല്ലാരീതിയിലും തെറ്റായിരുന്നു. യാതൊരു ക്രമസമാധാന പ്രശ്നവും സൃഷ്ടിക്കാത്ത എട്ടു നക്സലൈറ്റുകളെ വെടിവെച്ചിട്ടതിന് എന്താണ് ന്യായം? അതേസമയം ’48ൽ കമ്യൂണിസ്റ്റ് പാർട്ടി ചെയ്തത് ഒരു ഭരണകൂടത്തെ അപ്പാടെ വെല്ലുവിളിച്ച് സായുധ പോരാട്ടം ആരംഭിക്കുകയായിരുന്നു. നെഹ്‌റു സർക്കാറിനോട് കമ്യൂണിസ്റ്റുകാർ അനവസരത്തിൽ കാട്ടിയ വൻ അബദ്ധം തിരുത്തിക്കാൻ ഒടുവിൽ സ്റ്റാലിൻ തന്നെ ഇടപെടേണ്ടിവന്ന കാര്യം മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ.

സ്വന്തം ജീവന് നേരെ ഉൾ​െപ്പടെ കമ്യൂണിസ്റ്റുകാർ ഭീഷണി ഉയർത്തിയപ്പോൾപോലും നെഹ്‌റു എത്ര സമചിത്തതയോടുകൂടിയാണ് ആ പ്രശ്നത്തെ സമീപിച്ചതെന്നോർക്കണം. സോഷ്യലിസ്റ്റ് ആശയത്തോടുള്ള നെഹ്രുവിന്റെ മമതയും കമ്യൂണിസ്റ്റുകാരോടുള്ള ബഹുമാനവും മേൽ സ്റ്റേറ്റ്മെന്റിൽ കാണാം. അതിന് വരികൾക്കിടയിൽ വായിക്കണം. നെഹ്രുവിന്റെ വിശ്വചരിത്രാവലോകനം (The Glimpses of World History) ഉൾ​െപ്പടെ വായിച്ചവർക്കേ അത് സാധ്യമാവുകയുള്ളൂ താനും. നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളം കമ്യൂണിസ്റ്റുകാർ അന്ന് തിരഞ്ഞെടുത്ത വഴികൾ തെറ്റായിപ്പോയി എന്നേയുള്ളൂ. അദ്ദേഹം അവരുടെ ദേശസ്നേഹത്തെ ചോദ്യംചെയ്തില്ല. കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കാനോ അവരെ പരിഹസിക്കാനോ നെഹ്‌റു തയാറായില്ല.

’48-’52 കാലത്ത് തെലങ്കാനയിൽ പട്ടാളം രംഗത്തിറങ്ങിയത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നിയമം കൈയിലെടുത്തുകൊണ്ട് വൻതോതിലുള്ള അക്രമങ്ങൾ അരങ്ങേറിയപ്പോഴാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ ഒരു ഭരണകൂടം ചെയ്യാൻ ബാധ്യതപ്പെട്ട കാര്യം ചെയ്തു. വാസ്തവത്തിൽ കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ എടുത്തുചാട്ടത്തിന്റെ ഫലമായി ആയിരക്കണക്കിന് സഖാക്കൾ ബലി നൽകപ്പെട്ടു. മുകളിൽ സൂചിപ്പിച്ചതുപോലെ കേരളത്തിൽ ജന്മിത്വം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഒടുവിൽ അവസാനിപ്പിച്ചത് നിയമനിർമാണത്തിൽകൂടിയാണെന്നതുകൂടി ഇത്തരുണത്തിൽ ഓർക്കുക.

വി.ഡി. സതീശൻ ഒരു നെഹ്രുവിയൻ ആണെങ്കിൽ നെഹ്രുവിന്റെ സമീപനരീതി മാതൃകയാക്കേണ്ടതാണ്. അല്ലാതെ അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ അടിസ്ഥാനത്തിൽ വലതുപക്ഷവും തീവ്രവലതുപക്ഷവും കമ്യൂണിസ്റ്റുകാരെക്കുറിച്ച് പറയുന്നതിന് പരോക്ഷമായെങ്കിലും കുട പിടിക്കലാകരുത് സ്വന്തം നിലപാടുകൾ.


Tags:    
News Summary - Indian Communism and Patriotism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.