ഒരു സങ്കൽപിക വണ്ടിയാണ് അജ്മർ ശരീഫ്-സെഹ്വാൻ ശരീഫ് എക്സ്പ്രസ്. രാജസ്ഥാനിലെ ഖ്വാജ മുഈനുദ്ദീൻ ചിഷ്തിയുടെ അജ്മീറിനെയും സിന്ധിലെ ലാൽ ഷഹ്ബാസ് ഖലന്ദറിന്റെ സെഹ്വാനെയും ബന്ധിപ്പിച്ച് ഓടുന്ന സ്നേഹത്തിന്റെ അപാരമായ സാധ്യതകളിൽ യാഥാർഥ്യമാകുന്ന ഒരു ട്രെയിൻ. സൗഹാർദത്തിന്റെ, സ്നേഹത്തിന്റെ ട്രെയിനിൽ യാത്രചെയ്യാം. പ്രാർഥനയുടെ തേങ്ങൽ കാറ്റിലലിയുന്ന രാജസ്ഥാൻ മരുഭൂമിയിലെ ആത്മീയ നഗരമാണ് അജ്മീർ. ഇവിടെ വിശ്രമിക്കുന്നത് ഖ്വാജ മുഈനുദ്ദീൻ ചിഷ്തി –ദരിദ്രരുടെ ആശ്വാസവും ഹൃദയങ്ങളുടെ വെളിച്ചവും. ഭേദങ്ങളില്ലാത്ത ദർഗയിൽ നൂറ്റാണ്ടുകളായി മനുഷ്യസ്നേഹത്തിന്റെ ദീപങ്ങൾ കെടാതെ ജ്വലിക്കുന്നു. അജ്മീർ ശരീഫ്...
ഒരു സങ്കൽപിക വണ്ടിയാണ് അജ്മർ ശരീഫ്-സെഹ്വാൻ ശരീഫ് എക്സ്പ്രസ്. രാജസ്ഥാനിലെ ഖ്വാജ മുഈനുദ്ദീൻ ചിഷ്തിയുടെ അജ്മീറിനെയും സിന്ധിലെ ലാൽ ഷഹ്ബാസ് ഖലന്ദറിന്റെ സെഹ്വാനെയും ബന്ധിപ്പിച്ച് ഓടുന്ന സ്നേഹത്തിന്റെ അപാരമായ സാധ്യതകളിൽ യാഥാർഥ്യമാകുന്ന ഒരു ട്രെയിൻ. സൗഹാർദത്തിന്റെ, സ്നേഹത്തിന്റെ ട്രെയിനിൽ യാത്രചെയ്യാം.
പ്രാർഥനയുടെ തേങ്ങൽ കാറ്റിലലിയുന്ന രാജസ്ഥാൻ മരുഭൂമിയിലെ ആത്മീയ നഗരമാണ് അജ്മീർ. ഇവിടെ വിശ്രമിക്കുന്നത് ഖ്വാജ മുഈനുദ്ദീൻ ചിഷ്തി –ദരിദ്രരുടെ ആശ്വാസവും ഹൃദയങ്ങളുടെ വെളിച്ചവും. ഭേദങ്ങളില്ലാത്ത ദർഗയിൽ നൂറ്റാണ്ടുകളായി മനുഷ്യസ്നേഹത്തിന്റെ ദീപങ്ങൾ കെടാതെ ജ്വലിക്കുന്നു. അജ്മീർ ശരീഫ് വെറുമൊരു തീർഥാടനകേന്ദ്രമല്ല. സ്നേഹമാണ് മതമെന്നും സഹിഷ്ണുതയാണ് ദൈവവഴിയെന്നും ഓർമിപ്പിക്കുന്ന ആരവല്ലിയുടെ താഴ്‌വാരം.
സിന്ധിന്റെ പൊടിക്കാറ്റിൽ ആത്മീയതയുടെ വിറയൽ അനുഭവപ്പെടുന്ന പട്ടണമാണ് സെഹ്വാൻ ശരീഫ്. ഇവിടെ സമാധികൊള്ളുന്നത് ലാൽ ഷഹ്ബാസ് ഖലന്ദർ –ഖലന്ദറുകളുടെ ചുവന്നജ്വാല. കരുണയുടെയും സമത്വത്തിന്റെയും സൂഫി പ്രതീകം. ധമാലിന്റെ താളത്തിൽ ശരീരവും ആത്മീയതയും ഒന്നാകുന്ന ഇവിടെ മാനവികത മതമതിലുകൾ ചാടിക്കടന്ന് ഒഴുകിക്കൊണ്ടിരിക്കുന്നു. ദർഗയിലെത്തുന്ന ഓരോ ഹൃദയവും പ്രാർഥനയാണ്, അവരുടെ ഓരോ ചുവടുകളും ആത്മീയ ഉന്മേഷത്തിന്റേതാണ്.
അജ്മീറിന്റെ റോസാപ്പൂ മണത്തിൽനിന്ന് സെഹ്വാനിന്റെ ധമാൽ താളത്തിലേക്ക് 1400 കിലോമീറ്റർ ദൂരമുണ്ട്. അജ്മീർ ഇന്ത്യയുടെ മണ്ണിൽ. സെഹ്വാൻ പാകിസ്താന്റെ ആകാശത്തിനു കീഴേ. ചരിത്രത്തിന്റെ ചൂടേറ്റ രേഖകൾ വേർതിരിച്ച രണ്ട് ആത്മീയസ്ഥാനങ്ങൾ. ഇന്ന് അവക്കിടയിൽ യാത്രാവണ്ടികളില്ല. അതിർത്തിയിലെ ഇരുമ്പുവാതിലുകൾ വഴിയടച്ചിരിക്കുന്നു.
എന്നാൽ, പാളങ്ങൾ ഇപ്പോഴും മുറിയാതെ കിടപ്പുണ്ട്. ഒരു വശത്ത് ഗരീബ് നവാസിനുള്ള റോഷ്നി, മറുവശത്ത് ലാൽ ഷഹ്ബാസ് ഖലന്ദറിനുള്ള ചാദർ. ഇരുഭാഗത്തെയും കൂട്ടായ സ്മൃതിയിൽ ഒരു സാങ്കൽപിക ട്രെയിൻ സഞ്ചരിക്കുന്നു. അജ്മീർ ശരീഫ്-സെഹ്വാൻ ശരീഫ് എക്സ്പ്രസ്. ഈ വണ്ടിക്ക് അതിർത്തി പരിശോധനകളില്ല, വിസ മുദ്രകളില്ല, അധികാരവാദങ്ങളുടെ മൂടൽമഞ്ഞേൽക്കുകയുമില്ല. വിഭജനത്തിന്റെ മുറിവുകൾ ഇന്നും ഉണങ്ങാത്ത മണ്ണിലൂടെ രാത്രിയും പകലും ഈ വണ്ടി ഓടിക്കൊണ്ടിരിക്കുന്നു. വേർപെട്ട ജനതയെ വീണ്ടും ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന സൂഫി സന്യാസിയുടെ പാച്ചിൽപോലെ.
ഒട്ടകങ്ങളുടെ മണിയൊച്ചയും ഫഖീറുകളുടെ പാട്ടും
അജ്മീറിൽ രാത്രി പടർന്നുതുടങ്ങുമ്പോൾ, ഖവ്വാലിയുടെ അവസാന വരികൾ നിശ്ശബ്ദതയിൽ അലിഞ്ഞു. റോസാപ്പൂമണം നിറഞ്ഞ ട്രെയിൻ പതുക്കെ ചലിച്ചുതുടങ്ങി. ഒന്നാമത്തെ ബോഗിയിൽ ഒരു വൃദ്ധൻ തസ്‌ബീഹ് തിരിക്കുന്നു. അടുത്ത സീറ്റിലെ രാജസ്ഥാനി സ്ത്രീ ‘‘ഖ്വാജാ മേരെ ഖ്വാജാ, ദിൽ മേം സമാ ജാ…’’ എന്നു മൂളുന്നു. ആരും ആരുടെയും പേരും ഊരും ചോദിക്കുന്നില്ല. സൂഫി വഴിയിൽ യാത്രക്കാരന് ആദ്യം ലഭിക്കുന്നത് പേരല്ല, മനുഷ്യത്തമാണ്. ട്രെയിൻ മാർവാർ ജങ്ഷൻ കടന്നു. മാർബിൾപ്പൊടിയും മരുക്കാറ്റും ചേർന്ന ആകാശം. ജോധ്പൂരിലെ നീല സന്ധ്യയിൽമെഹ്‌റൻഗഢ് കോട്ടയുടെ നിഴലുകൾ മരീചികപോലെ പിന്നിലേക്ക് ഒഴുകിപ്പോയി.
സാംദാരി ജങ്ഷൻ പിന്നിടുമ്പോൾ മണൽക്കുന്നുകൾക്കിടയിലൂടെ നീളുന്ന പാളങ്ങൾ ചന്ദ്രപ്രകാശത്തിൽ വെള്ളിനൂലുകൾപോലെ തിളങ്ങി. ഒട്ടകങ്ങളുടെ മണിയൊച്ചയും ഫഖീറുകളുടെ അനന്തതയിലേക്ക് ഒഴുകുന്ന പാട്ടും രാത്രിയെ ദർവീശ് മജ്ലിസാക്കി മാറ്റി.
“ലാൽ മേരി പത് റഖിയോ…”
മേലെ ബർത്തിൽനിന്ന് ആരോ പാടിയ ബുല്ലേ ഷായുടെ വരികൾ ട്രെയിനിന്റെ ഇടുങ്ങിയ ബോഗിയെ സഞ്ചരിക്കുന്ന ദർഗയാക്കി. അന്യരെപ്പോലെ നിന്നിരുന്ന യാത്രക്കാർ ഒരു നിമിഷം ഒരുമയുടെ മക്കളായി.
ഖ്വാജ മുഈനുദ്ദീൻ ചിഷ്തി -രേഖാചിത്രം
ബാർമർ: നക്ഷത്രങ്ങൾ യാത്രക്കാരാകുന്നു
ബാർമറിലെത്തുമ്പോൾ മരുഭൂമി സ്വർണനിറത്തിൽ ഉറങ്ങിക്കിടക്കുന്നു. രാത്രിയിൽ ജനാലക്കരികിൽ ഇരിക്കുന്ന യാത്രക്കാർക്ക് നക്ഷത്രങ്ങൾ സഹയാത്രികരാണെന്ന് തോന്നും ജനാലച്ചില്ലിൽ പതിഞ്ഞ മണൽപ്പൊടിപോലും ആകാശഗംഗയുടെ ഭാഗമായി അനുഭവിപ്പിക്കുന്ന രാവെളിച്ചം. തലയിൽ പഗ്രി ചുറ്റിയ യുവാവ് കഥ പറയുകയാണ്. ‘‘വിളവെടുപ്പ് കഴിഞ്ഞാൽ എല്ലാ വർഷവും അപ്പൂപ്പൻ അജ്മീറിലെത്തി ഭക്ഷണം നൽകുമായിരുന്നു.” തൊട്ടടുത്തിരിക്കുന്ന ഗാഗ്രയുടുത്ത സിന്ധിപ്പെണ്ണ് ചിരിച്ചുകൊണ്ട് പ്രതികരിച്ചു – “എന്റെ അമ്മ സെഹ്വാനിലെ ധമാലിൽ ചുറ്റിക്കറങ്ങിയവളാണ്.”
ട്രെയിൻ പതുക്കെ രാജ്യാന്തര അതിർത്തിയിലേക്ക് നീങ്ങുന്നു. ഇരുമ്പുചക്രങ്ങളുടെ ശബ്ദം മാറി. ഇപ്പോഴത് വിഭജനത്തിന്റെ മുറിവുകളെ തൊടുമ്പോഴുള്ള നെടുവീർപ്പുപോലെ. ഓരോ ബോഗിയും ഒരേമണ്ണിന്റെ ഹൃദയമിടിപ്പുകൾ കൈമാറിയിരുന്ന കാലത്തെ ഓർത്തു. മൂന്ന് കിലോമീറ്ററിന്റെ ചെറുദൂരത്തിൽ നേർക്കുനേർ നിൽക്കുന്ന രണ്ട് സ്റ്റേഷനുകൾ –മുനബാവോയും (ഇന്ത്യ) സീറോ പോയന്റും (പാകിസ്താൻ). അതിർത്തി എന്ന വാക്കിന് ഇത്രയും മുള്ളുകൾ മുളച്ചിട്ടില്ലാത്ത കാലത്ത് ട്രെയിനുകൾ ഒരു കരച്ചിലും ഇല്ലാതെ ഇതിലൂടെ കടന്നുപോയിരുന്നു. സൈനികർ പാസ്‌പോർട്ടുകൾ പരിശോധിക്കുന്നു.
തോക്കുകൾ തിളങ്ങുന്നു. നിയമങ്ങൾ ജാഗ്രതയോടെ നിൽക്കുന്നു. യാത്രക്കാരുടെ കൈകളിൽ രേഖകളേക്കാൾ ഉറപ്പുള്ള ഓർമകളുടെ മുദ്രകളാണുള്ളത്. രാത്രിക്ക് അൽപം ആഴം കൂടി. പ്ലാറ്റ്ഫോമിലെ മങ്ങിയ വെളിച്ചത്തിൽ മറ്റൊരു ദൃശ്യം തെളിഞ്ഞു. ഇന്ത്യൻ പട്ടാളക്കാരന്റെ ടിഫിൻ ബോക്സിൽനിന്ന് ചൂടുള്ള ദാൽ-ബാട്ടിയുടെ മണം. മറുവശത്ത് പാകിസ്താനി സൈനികന്റെ തൂക്കുപാത്രത്തിൽനിന്ന് സിന്ധി കറിയുടെയും കോകി റൊട്ടിയുടെയും മസാച്ചൂട്. അവർ അതിർത്തി ലംഘിക്കുന്നില്ല. നിയമങ്ങൾ തെറ്റിക്കുന്നുമില്ല.
കോത്രി പാലവും സിന്ധു നദിയും,സെഹ്വാനിലെ ലാൽ ഷഹ്ബാസ് ഖലന്ദറിന്‍റെ ശവകുടീരം
എന്നാൽ, ഭക്ഷണം ഉള്ളറിഞ്ഞു പങ്കിടുന്നു. “ലേശംകൂടി വേണമോ?” ആ സ്നേഹച്ചോദ്യം ഹിന്ദിയിലും ഉർദുവിലുമായിരുന്നില്ല. മനുഷ്യന്റെ ഏറ്റവും പഴയ ഭാഷയിലായിരുന്നു. മുള്ളുകമ്പികൾക്കിടയിലൂടെ തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. കാവൽ അതിജാഗ്രതയിൽ തുടരുമ്പോഴും ആ ചെറിയ ഭക്ഷണ പങ്കിടലിൽ ഒരു വലിയ സത്യം തെളിഞ്ഞുനിന്നു. അതിർത്തികൾ ഭൂപടങ്ങളെ കാക്കുന്നു. വിശപ്പും അപ്പത്തിന്റെ ചൂടും മനുഷ്യരെ ഓർമകളിലേക്ക് തിരികെ കൊണ്ടുപോകുന്നു. സിന്ധിന്റെ കാറ്റിലേക്ക് ഖൊഖ്രപാർ പിന്നിട്ടാൽ കാറ്റിന്റെ മണം മാറും. മരുഭൂമിയുടെ വരണ്ട ശ്വാസത്തിലേക്ക് സിന്ധു നദിയുടെ ഈർപ്പമെത്തി.
ട്രെയിൻ ഹൈദരാബാദ് (സിന്ധ്) സ്റ്റേഷനിൽ നിൽക്കുമ്പോൾ ആദ്യം കണ്ണിൽപെട്ടത് പ്ലാറ്റ്ഫോമിന് മുകളിലെ പഴയ ഉർദു കാലിഗ്രഫിയാണ്– “حيدر آباد”. മങ്ങിപ്പോയ പച്ചപ്പലകയിലെ വെള്ള അക്ഷരങ്ങൾ വളഞ്ഞൊഴുകുന്ന നദിയെ ഓർമിപ്പിച്ചു. ഓരോ അക്ഷരങ്ങളിലും സിന്ധി വസ്ത്രങ്ങളിലെയും മൺപാത്രങ്ങളിലെയും കലാവിരുത് ഒളിഞ്ഞിരിക്കുന്നു. തൊട്ടടുത്ത പ്ലാറ്റ്ഫോമിൽ കറാച്ചിയിലേക്കുള്ള ഖൈബർ മെയിൽ പുറപ്പെടാൻ ഒരുങ്ങുകയാണ്. വിസിൽ മുഴങ്ങുന്നതിന് മുമ്പേ യാത്രക്കാർ തിരക്കായി ഒഴുകി. ഉന്തുവണ്ടിക്കാർ റിലേയിലെ അവസാന ലാപ്പുകാരനെപ്പോലെ പായുന്നു. ചുമടുകൾ തോളിലേറ്റിപ്പോകുന്ന പോർട്ടർമാരുടെ ചുവന്ന കുപ്പായങ്ങൾ നെരിപ്പോടിലെ തീപ്പൊരി പോലെ മിന്നി.
അപ്പോൾ ഒരു ചിന്ത മനസ്സിലൂടെ കടന്നുപോയി –ഏതു സ്റ്റേഷനിലായാലും അധ്വാനത്തിന്റെ വിയർപ്പിൽ കാണുന്ന നിറം ചുവപ്പാണല്ലോ? ഒരുപക്ഷേ, അതുകൊണ്ടാവാം, ലാൽ ഷഹ്ബാസ് ഖലന്ദർ തന്റെ പേരിൽ സൂക്ഷിച്ച “ലാൽ” നിറം രാജാക്കന്മാരുടെ പതാകകൾക്ക് നൽകാതെ, ഭാരമേറ്റു നടക്കുന്ന തൊഴിലാളികളുടെ തോളുകളിൽ പതിപ്പിച്ചത്. കോത്രി പാലത്തിലൂടെ സിന്ധു നദി മുറിച്ചുകടക്കുമ്പോൾ കാറ്റ് ബോഗികളിലേക്ക് വീശി, ദൂരെയൊരു ദോലക്കിന്റെ ശബ്ദം കേൾക്കാം. ആ താളത്തിനൊപ്പം യാത്രക്കാരുടെ ഹൃദയമിടിപ്പുകളും നൃത്തംചെയ്തു.
പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻമുകളിൽ തലയുയർത്തി നിൽക്കുന്ന രാജസ്ഥാനിലെ മെഹ്‌റൻഗഢ് കോട്ട
ബുദ്ധപൂരിലെ മങ്ങിയ വിളക്കുകൾ പിന്നിലേക്കൊഴിഞ്ഞു. ട്രെയിൻ മരുഭൂമിയുടെ നീണ്ട ശ്വാസം കീറി മുന്നേറി. ഏറെ വൈകാതെ, സെഹ്വാന്റെ അതിരുകളിലെത്തിയപ്പോൾ, പുലരിയുടെ നെഞ്ചിലേക്കെറിഞ്ഞ വിളിപോലെ വിസിൽ മുഴങ്ങി. ദീർഘയാത്രയിൽ തളർന്ന സൂഫി ദർവീശിനെപ്പോലെ ട്രെയിൻ സ്റ്റേഷന്റെ കരങ്ങളിൽ ചാരിനിന്നു.
പുലരിയുടെ കിരണങ്ങൾ ലാൽ ഷഹ്ബാസ് ഖലന്ദറിന്റെ മിനാരങ്ങളെ ചുവപ്പിൽ മുക്കിയിരിക്കുന്നു. ധമാലിന്റെ മദ്ദളത്താളം വായുവിൽ നിറഞ്ഞു. ആളുകൾ ചുറ്റിക്കറങ്ങുന്നു. പൊടി ഉയരുന്നു. പ്രാർഥന ശരീരത്തിന്റെ ചലനമായി മാറുന്നു. ഖ്വാജയുടെ പാഠം സ്നേഹത്തിന്റെ വഴിയാണ്. ലാൽ ഷഹ്ബാസ് ഖലന്ദർ ആഘോഷിച്ചത് സ്വാതന്ത്ര്യത്തിന്റെ നൃത്തവും. ഈ രണ്ട് സൂഫി പാരമ്പര്യങ്ങൾക്കിടയിൽ ഓടുന്ന സാങ്കൽപിക വണ്ടി വലിയ ആത്മീയ സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ദൈവത്തിലേക്കുള്ള എല്ലാ വഴികളും ആദ്യം മനുഷ്യനിലേക്കാണ് എത്തേണ്ടത് എന്ന്. ഖവ്വാലിയും ധമാലും രൂപത്തിൽ വ്യത്യസ്തങ്ങളായിരിക്കാം. രണ്ടിന്റെയും ഹൃദയം ഒരേ സന്ദേശമാണ് പകരുന്നത് –സ്നേഹിക്കൂ, പങ്കിടൂ, മനുഷ്യനെ കാണൂ.
സെഹ്വാനിൽ ഇറങ്ങി നോക്കുമ്പോൾ, ട്രെയിനിന്റെ അവസാന ബോഗിക്കു പിന്നിൽ ഇങ്ങനെ എഴുതിയിരുന്നു:
“അതിർത്തികൾ രാജ്യങ്ങളെ വേർതിരിച്ചു. പക്ഷേ, അജ്മീറിൽ നിന്ന് സെഹ്വാനിലേക്കുള്ള ഈ ട്രെയിനിൽ റോസാപ്പൂക്കളും ഖവ്വാലിയും ധമാലും മനുഷ്യസ്നേഹവും ഒരുമിച്ചു യാത്രചെയ്തു.”
റോസാമണമുള്ള പച്ചയും ധമാൽ ജ്വലിപ്പിച്ച ചുവപ്പും
എന്നെങ്കിലുമൊരിക്കൽ ഇന്ത്യയിലെയോ പാകിസ്താനിലെയോ ഭരണകർത്താക്കൾ ഈ ട്രെയിനിന്റെ കഥ വായിക്കുമെങ്കിൽ, അവർ അതിനെ ഭൂപടത്തിൽ തിരയുമായിരിക്കും. അജ്മീർ ശരീഫ്-സെഹ്വാൻ ശരീഫ് എക്സ്പ്രസിന് സ്റ്റേഷൻ കോഡുകളില്ല, റിസർവേഷൻ ചാർട്ടുകളില്ല, സമയപ്പട്ടികയുമില്ല. എന്നാലും ഒന്നിച്ചുജീവിച്ച് വേർപെട്ടുപോയ മനുഷ്യരുടെ ഓർമകൾ ഈ വണ്ടിക്ക് പുറപ്പാടിന്റെ പച്ചക്കൊടി കാണിക്കാൻ വെമ്പുന്നുണ്ട്.
അജ്മീറിന്റെ പച്ചയും സെഹ്വാന്റെ ചുവപ്പും സ്മൃതിയുടെ പാളങ്ങളിൽ പരസ്പരം തൊടുന്ന ഓരോ നിമിഷത്തിലും അതിർത്തിയിലെ മുള്ളുകമ്പികളിൽപോലും റോസാപ്പൂവിന്റെ മണം പടരാതിരിക്കില്ല. ഖവ്വാലി അവസാനിക്കുന്നിടത്ത് ധമാൽ തുടങ്ങുന്നു, അവക്കിടയിൽ മനുഷ്യൻമാത്രം ബാക്കിയാകുന്നു.
അജ്മീരിലെ ഖ്വാജ മുഈനുദ്ദീൻ ചിഷ്തിയുടെ ദർഗ
ഠഠഠ
അടുത്തകാലം വരെ ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിച്ചിരുന്ന മൂന്ന് യാത്രാമാർഗങ്ങൾ ഉണ്ടായിരുന്നു. സദാ എ സർഹദ് ബസ്, സംഝോത എക്സ്പ്രസ്, ഥാർ എക്സ്പ്രസ് എന്നിവ. അവ വെറും ഗതാഗത മാർഗങ്ങളായിരുന്നില്ല. വിഭജനത്തിന്റെ ചാരത്തിനടിയിൽ ഇപ്പോഴും ചൂടോടെ കിടന്ന മനുഷ്യബന്ധങ്ങളുടെ ശ്വാസമായിരുന്നു. എന്നാൽ, തീവ്രവാദത്തിന്റെ ഇരുണ്ട നിഴൽ ആ യാത്രകളെ ഒന്നൊന്നായി നിശ്ചലമാക്കി. ചക്രങ്ങൾ തുരുമ്പെടുത്തു, ബോഗികൾ ഓർമകളായി, പാളങ്ങൾ മരുഭൂമിയിലെ മണലിൽ മറഞ്ഞു. അത്തരമൊരു പശ്ചാത്തലത്തിൽ ജനിക്കുന്ന സങ്കൽപിക വണ്ടിയാണ് ‘അജ്മീർ ശരീഫ്-സെഹ്വാൻ ശരീഫ് എക്സ്പ്രസ്’.
രാജസ്ഥാനിലെ ഖ്വാജ മുഈനുദ്ദീൻ ചിഷ്തിയുടെ അജ്മീറിനെയും സിന്ധിലെ ലാൽ ഷഹ്ബാസ് ഖലന്ദറിന്റെ സെഹ്വാനെയും ബന്ധിപ്പിച്ച് ഓടുന്നത് ഒരു വണ്ടിയല്ല. സൂഫി പാരമ്പര്യത്തിന്റെ കരുണയും കരുതലും സഹവർത്തിത്വവും ചുമന്നൊരു സ്നേഹയാത്രയാണ്. ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ ഈ സങ്കൽപം ഒരു ഓർമപ്പെടുത്തലാണ് –അതിർത്തികൾ മുള്ളുകമ്പികളാൽ വരച്ചാലും മനുഷ്യബന്ധങ്ങൾക്ക് പാസ്‌പോർട്ട് ആവശ്യമില്ലെന്ന്, നിശ്ചലമായിക്കിടക്കുന്ന പ്രത്യാശയെ ഭാവനയുടെ പാളത്തിലൂടെ മുന്നോട്ടു നീക്കാമെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.