ജെൻസി ഡിജിറ്റൽ കാലത്തെ രാഷ്ട്രീയവായന

വരുംകാല രാഷ്ട്രീയത്തിൽ ജെൻസികളുടെ ഇടപെടൽ ഗൗരവപ്പെട്ടതാണ്. എന്നാൽ, അതിനൊരു സംഘടിത പ്രസ്ഥാനമായി നിലനിൽക്കണമെങ്കിൽ നിരവധിയായ കടമ്പകൾ കടക്കേണ്ടതുണ്ട്. അതിന് ആവശ്യമായ പ്രായോഗിക ഇടപെടൽ അവർക്ക് രൂപപ്പെടുത്താൻ കഴിയേണ്ടതുണ്ട് –ലേഖകൻ വാദിക്കുന്നു. ‘‘ഒരു സർവകലാശാല നിലനിൽക്കുന്നത് മാനവികതക്കു വേണ്ടിയാണ്. സഹിഷ്ണുതക്കു വേണ്ടിയാണ്, യുക്തിവിചാരത്തിനും ആശയങ്ങളുടെ സാഹസികതക്കും സത്യത്തിന്റെ അന്വേഷണത്തിനും വേണ്ടിയാണ്. സർവകലാശാലകൾ അവയുടെ ഉത്തരവാദിത്തം പര്യാപ്തമായ തരത്തിൽ നിർവഹിക്കുകയാണെങ്കിൽ അത് രാജ്യത്തിനും ജനങ്ങൾക്കും സുസ്ഥിരത വരുത്തും. പക്ഷേ, അറിവിന്റെ ഈ ദേവാലയങ്ങൾ സങ്കുചിതമായ...

വരുംകാല രാഷ്ട്രീയത്തിൽ ജെൻസികളുടെ ഇടപെടൽ ഗൗരവപ്പെട്ടതാണ്. എന്നാൽ, അതിനൊരു സംഘടിത പ്രസ്ഥാനമായി നിലനിൽക്കണമെങ്കിൽ നിരവധിയായ കടമ്പകൾ കടക്കേണ്ടതുണ്ട്. അതിന് ആവശ്യമായ പ്രായോഗിക ഇടപെടൽ അവർക്ക് രൂപപ്പെടുത്താൻ കഴിയേണ്ടതുണ്ട് –ലേഖകൻ വാദിക്കുന്നു.

‘‘ഒരു സർവകലാശാല നിലനിൽക്കുന്നത് മാനവികതക്കു വേണ്ടിയാണ്. സഹിഷ്ണുതക്കു വേണ്ടിയാണ്, യുക്തിവിചാരത്തിനും ആശയങ്ങളുടെ സാഹസികതക്കും സത്യത്തിന്റെ അന്വേഷണത്തിനും വേണ്ടിയാണ്. സർവകലാശാലകൾ അവയുടെ ഉത്തരവാദിത്തം പര്യാപ്തമായ തരത്തിൽ നിർവഹിക്കുകയാണെങ്കിൽ അത് രാജ്യത്തിനും ജനങ്ങൾക്കും സുസ്ഥിരത വരുത്തും. പക്ഷേ, അറിവിന്റെ ഈ ദേവാലയങ്ങൾ സങ്കുചിതമായ ആശയഭ്രമങ്ങളുടെയോ തരംതാണ ലക്ഷ്യങ്ങളുടെയോ ആലയമായി മാറുകയാണെങ്കിൽ, എങ്ങനെയാണ് രാജ്യം അഭിവൃദ്ധിപ്പെടുകയും ജനങ്ങൾ ഔന്നത്യത്തിലേക്ക് കുതിക്കുകയും ചെയ്യുക?’’ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഇങ്ങനെ പറഞ്ഞത് 1947ലാണ്. അതിനുശേഷം ഇന്ത്യ വളർന്നു.

സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മുന്നേറി. ഇതിനെയൊക്കെ സ്വാധീനിക്കുന്ന രീതിയിൽ ഭരണകൂട തീരുമാനങ്ങൾ രാജ്യത്തിന്റെ ഭാവിയെ ആഴത്തിൽ സ്വാധീനിച്ചു. ഓരോ കാലത്തെയും ഭരണകൂട തീരുമാനങ്ങൾ അക്കാലത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ സമീപനത്തിന്റെയും നിലപാടിന്റെയും ശേഷിപ്പുകളായി അവശേഷിക്കുന്നു. ചരിത്രപരമായി അതിനെ പരിശോധിക്കുമ്പോൾ ഭരണകൂടങ്ങൾ എങ്ങനെയാണ് ഓരോ കാലത്തിന്റെയും സാമൂഹിക അവസ്ഥയോട് സംവദിച്ചത് എന്നതുകൂടി വ്യക്തമാക്കുന്നുണ്ട്. അവിടെ ജനാധിപത്യമാണ് ഇന്ത്യൻ രാഷ്ട്രനിർമിതിയുടെ എക്കാലത്തെയും കരുത്തായി മാറിയത്.

ആ ജനാധിപത്യത്തെ നിരാകരിക്കുന്ന രീതിയിൽ ഭരണകൂട താൽപര്യങ്ങൾ അമിത ദേശഭക്തിയായി മാറുന്നത് 2014ലെ മോദിയുടെ അധികാരാരോഹണത്തോടുകൂടിയാണ്. എന്നാൽ, അതിനുമുമ്പും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാഷിസത്തിന് ഒരു മുറിയുണ്ട് എന്ന് തെളിയിച്ചത് കോൺഗ്രസാണ്. അടിയന്തരാവസ്ഥ ഇന്ദിര ഗാന്ധിയുടെ അധികാര രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന എക്കാലത്തെയും കറുത്ത അടയാളമായി മാറി. അതിനെ മറികടക്കുന്നതിൽ വിദ്യാർഥികളുടെ ഇടപെടൽ നിർണായകമായി.

ഇന്ത്യൻ രാഷ്ട്രശരീരത്തിൽ വിദ്യാർഥികളുടെ രാഷ്ട്രീയബോധം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. കാരണം, ഒരു പ്രത്യേക സാഹചര്യത്തിൽ പരുവപ്പെടുന്ന ജനവിരുദ്ധ നിലപാടുകളോടുള്ള നയരൂപവത്കരണത്തിൽ ആ രാജ്യത്തെ യുവത്വത്തിന്റെ നിലപാട് നിർണായകമാണ്. 22 വയസ്സിനുമുമ്പ് ഒരു വ്യക്തിയിൽ രൂപപ്പെടുന്ന സാമൂഹിക നിരീക്ഷണത്തിനും രാഷ്ട്രീയ സമീപനത്തിനും ഏറെ പ്രാധാന്യമുണ്ട്. അവർ നടത്തുന്ന ഓരോ സംവാദവും തങ്ങളെക്കാൾ നാലും അഞ്ചും പതിറ്റാണ്ട് ജീവിതപരിചയമുള്ള മനുഷ്യരോടാണ്.

അത്തരം മനുഷ്യരാകട്ടെ അതത് കാലത്ത് ലോകത്തു നടക്കുന്ന മാറ്റങ്ങളോടുള്ള സമീപനം സ്വീകരിക്കുന്നത് തങ്ങളുടെ പൂർവാനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും. വിദ്യാർഥികളാകട്ടെ അവർ ജീവിക്കുന്ന കാലത്തിന്റെ മാറ്റങ്ങളെ സൂക്ഷ്മാർഥത്തിൽ ഉൾക്കൊണ്ടാണ് സാമൂഹിക സംവാദങ്ങൾക്ക് ഒരുങ്ങുന്നത്. പ്രത്യക്ഷത്തിൽ ഇത് രണ്ട് തലമുറകളുടെ സമൂഹിക വീക്ഷണത്തിന്റെ പരിമിതിയായിട്ടാണ് തോന്നുക. ഇവിടെ പലപ്പോഴും പരാജയപ്പെടുന്നത് ജീവിതാനുഭവങ്ങളും ജീവിതപരിചയമുള്ള മുതിർന്നവർതന്നെയാണ്. അതുകൊണ്ടാണ് ലോകത്ത് എല്ലായിടത്തും വിദ്യാർഥി മുന്നേറ്റങ്ങളെ ഭരണകൂടങ്ങൾ അടിച്ചമർത്തുന്നത്. ജനാധിപത്യ പ്രക്രിയയിൽ അത്തരം അടിച്ചമർത്തൽ മാറ്റത്തിന്റെ കാരണങ്ങളായി തീരുന്നു. (കമ്യൂണിസ്റ്റ് ചൈനയിലെ ബെയ്ജിങ്ങിൽ 1989 ജൂൺ 3, 4 തീയതികളിൽ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് കൊന്നത് നിരവധി കുട്ടികളെയാണ്.)

ഈ പശ്ചാത്തലത്തിലാണ് 1973ലെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെയും 2026 ജൂൺ 20ന് സി.ജെ.പിയുടെ (കോക്രോച്ച് ജനത പാർട്ടി) നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന്റെയും രാഷ്ട്രീയത്തെ വിലയിരുത്തേണ്ടത്. 1960കൾക്കു ശേഷം കോൺഗ്രസ് ഭരണത്തിനെതിരെയുള്ള ജനരോഷത്തിന് കാരണം, ജനജീവിതത്തിലുണ്ടായ പ്രതിസന്ധികളാണ്. ഇതേകാലത്ത് ലോകത്ത് പലയിടത്തും ഇത്തരം ജനകീയ സമരങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. 1968ലാണ് ചെക്കോസ്‍ലവാക്യയിലും ഫ്രാൻസിലും ഹംഗറിയിലും ഭരണകൂടങ്ങളെ മാറ്റിസ്ഥാപിക്കുന്നതിൽ യുവജനങ്ങൾ നിർണായക പങ്കുവഹിച്ചത്.

ഈ രാഷ്ട്രീയ സാഹചര്യം ജെ.പിയെ സ്വാധീനിച്ചു. 1974 ജനുവരി 7, 8 തീയതികളിൽ തിരഞ്ഞെടുക്കപ്പെട്ട യൂനിവേഴ്സിറ്റികളിൽനിന്നും വിദ്യാർഥി പ്രതിനിധികളെ ക്ഷണിച്ചുകൊണ്ട് രണ്ട് ദിവസത്തെ കോൺഫറൻസ് ഡൽഹിയിൽ വിളിച്ചുചേർത്തു. ആ കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ മുൻനിർത്തി വിദ്യാർഥികളുടെ രാഷ്ട്രീയ ഉത്തരവാദിത്തത്തെയും സാമൂഹിക പ്രതിബദ്ധതയെയും കുറിച്ചുള്ള നിരീക്ഷണങ്ങൾ ജെ.പി അവതരിപ്പിച്ചു. ഇതാകട്ടെ, അദ്ദേഹം മുന്നോട്ടുവെച്ച സമ്പൂർണ വിപ്ലവത്തിന്റെ ആശയ മണ്ഡലത്തിൽനിന്ന് രൂപപ്പെട്ടതായിരുന്നു.

1974 ജനുവരി 22ന് ബിഹാർ സ്റ്റുഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിനിധിയോഗം സമ്പൂർണ വിപ്ലവ പ്രസ്ഥാനത്തിന്റെ ആരംഭകാല പ്രവർത്തനം എന്നനിലയിൽ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്യുകയുണ്ടായി. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് ഈ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഇടപെടൽ ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ചു. അഞ്ച് പതിറ്റാണ്ട് മുമ്പുള്ള ഈ രാഷ്ട്രീയ ചരിത്രത്തിന്റെ പുനർവായനക്ക് ഇന്ന് ഏറെ പ്രാധാന്യമുണ്ട്.

 

അരാഷ്ട്രീയ വ്യാഖ്യാനത്തിലെ വിദ്യാർഥി

1990കൾക്കു ശേഷം ലോകത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ആഗോളവത്കരണത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ഇടപെടലിന്റെ ഭാഗമാണ്. അത് ലോകത്തെവിടെയും സംഭവിക്കുന്ന മാറ്റങ്ങളെ ഏത് മനുഷ്യരെയും ബാധിക്കുന്ന രീതിയിൽ രൂപപ്പെടുത്തി. രണ്ടായിരത്തോടുകൂടി ഇന്റർനെറ്റിന്റെ സ്വാധീനം സാധാരണ ജീവിതത്തിൽ ചെലുത്തിയ ഇടപെടൽ അന്നേവരെയുള്ള മനുഷ്യരെ പുതിയൊരു ലോകത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാൽ, അക്കാലത്ത് ജനിച്ച കുട്ടികളെ സംബന്ധിച്ച് അവർക്കതൊരു പുതുമയായി തോന്നിയില്ല. അവർ അതിൽ ജനിച്ചു, അതിലൂടെ ജീവിച്ചുവളർന്നു. അന്നുമുതൽ തുടങ്ങിയതാണ് അരാഷ്ട്രീയതയാണ് പുതിയകാലത്തെ കുട്ടികളെ മുന്നോട്ടുനയിക്കുന്നതെന്ന പൊതുനിരീക്ഷണം.

അതിനെ സാക്ഷ്യപ്പെടുത്തുന്ന രീതിയിൽ സാമൂഹിക പരിസരങ്ങളിൽ യുവാക്കളുടെ രാഷ്ട്രീയ ഇടപെടൽ ക്രമാനുഗതമായി കുറഞ്ഞുവന്നു. കാമ്പസുകളിൽപോലും കാര്യമായ രാഷ്ട്രീയ സംവാദങ്ങൾ ദുർബലമായി. പകരം സാമുദായിക പ്രസ്ഥാനങ്ങളും സാമൂഹിക ജീവിതത്തിലെ ക്രിമിനൽവത്കരണവും വിദ്യാർഥികളിൽ പെട്ടെന്ന് പടർന്നുകയറി. ഇതോടുകൂടി സാമൂഹിക ജനാധിപത്യ പ്രക്രിയയിൽ രാഷ്ട്രീയത്തിന്റെ ഇടപെടൽ അപകടത്തിലാണെന്ന വിമർശനം നിരന്തരമായി യുവത്വം നേരിടേണ്ടിവന്നു. ഇത് ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്തി​ന്റെ മാത്രം രാഷ്ട്രീയ പ്രതിസന്ധിയായിരുന്നില്ല. ഇതോടെ അരാഷ്ട്രീയ യുവത്വത്തിന്റെ നിർജീവമായ സാന്നിധ്യങ്ങൾ പരക്കെ ആശങ്കകൾ പരത്തി. അതോടൊപ്പം ശക്തിപ്പെട്ടുവന്ന മൂലധനശക്തികളുടെ ഇരകളായും മയക്കുമരുന്ന് ഉപഭോക്താക്കളായും ചെറിയ വിഭാഗം യുവാക്കൾ മാറി.

ഈ മാറ്റം സംഭവിക്കുന്ന അതേ കാലത്ത്, ഓരോ രാജ്യത്തും അതിന്റേതായ രാഷ്ട്രീയ പ്രതിസന്ധികളും രൂപപ്പെടുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും മൂന്നാം ലോക രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ വംശീയവും മതപരവുമായ താൽപര്യങ്ങൾ ഭരണകൂടങ്ങളുടെ ഭാഗമായി. ഇത് സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിഭീകരമായി ബാധിക്കാൻ തുടങ്ങി. രാഷ്ട്രീയം അതിന്റെ മൂല്യാധിഷ്ഠിത വ്യവഹാരങ്ങളിൽനിന്ന് മാറി വ്യക്തിപരമായ പ്രതിച്ഛായയിൽ സ്വയം അധികാരരൂപങ്ങളായി വളർന്നു. അഴിമതിയും സ്വജനപക്ഷപാതവും അടിത്തട്ടിലെ മനുഷ്യരുടെ ജീവിതത്തെ ദുരിതപൂർണമാക്കി.

ഇതിന് എതിരെയുള്ള പ്രതികരണം ജനാധിപത്യ പ്രക്രിയയിൽ പ്രകടിപ്പിക്കാൻ കഴിയാത്തവിധം തെരഞ്ഞെടുപ്പു പോലും ഭരണകൂടങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങളുടെ ഭാഗമായി. ബ്യൂറോക്രാറ്റിക് സംവിധാനമാകട്ടെ ഈ രാഷ്ട്രീയനേതൃത്വവുമായി കൈകോർത്തു. ഇതിനെതിരെ സ്വാഭാവികമായി രൂപപ്പെടേണ്ട പ്രതിരോധ രാഷ്ട്രീയത്തെ വളർത്തിയെടുക്കാൻ പല രാജ്യത്തെയും പ്രതിപക്ഷത്തിനുപോലും കഴിയാതെയായി. ഈ രാഷ്ട്രീയശൂന്യത ഭരണകൂടങ്ങളുടെ ഏകാധിപത്യത്തെയും വംശീയ താൽപര്യത്തെയും ശക്തിപ്പെടുത്തി. ഇത്തരം സാഹചര്യത്തിലാണ് ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ജെൻസി യുവത്വം തങ്ങളുടെ രാഷ്ട്രീയ പ്രതിരോധത്തെ ലോകത്തിനു കാണിച്ചുകൊടുത്തത്.

2022ലാണ് ശ്രീലങ്കയിൽ യുവാക്കളും വിദ്യാർഥികളും നടത്തിയ രാഷ്ട്രീയ ഇടപെടൽ ഭരണമാറ്റത്തിന് കാരണമായത്. തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണ മനുഷ്യരുടെ ജീവിതത്തെ രൂക്ഷമായി ബാധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. 2024ൽ ബംഗ്ലാദേശിൽ സർക്കാർ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിൽ യുവാക്കളും വിദ്യാർഥികളും നടത്തിയ പ്രക്ഷോഭം സമാനതകൾ ഇല്ലാത്തതായിരുന്നു. ആ ജെൻസി സമരവും ഭരണമാറ്റത്തിലാണ് അവസാനിച്ചത്.

ഈ വർഷം മാർച്ച് 27ന് നേപ്പാളിൽ അധികാരത്തിൽ വന്ന പുതിയ രാഷ്ട്രീയ സംവിധാനവും ജെൻസി ഇടപെടലിന്റെ ഭാഗമായിരുന്നു. ദീർഘകാലത്തെ രാജവാഴ്ചക്കെതിരായ ജെൻസി വിപ്ലവത്തിൽ 19 സ്കൂൾ വിദ്യാർഥികൾ അടക്കം നിരവധി യുവാക്കളാണ് രക്തസാക്ഷികളായത്. നേപ്പാളിലെ ജനസംഖ്യയുടെ 52 ശതമാനം പേരും 18നും 40നും ഇടയിൽ പ്രായമായവരാണ്. ഇവർക്കിടയിലാണ് ബാലേന്ദ്ര ഷാ എന്ന യുവാവ് തന്റെ സംഗീതമാന്ത്രികതയിലൂടെ വിദ്യാർഥികളെയും യുവാക്കളെയും രാഷ്ട്രീയമായി പരുവപ്പെടുത്തിയത്. അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തതോടെ ജെൻസി രാഷ്ട്രീയ ഇടപെടൽ ലോകത്തിന് നൽകുന്ന സന്ദേശം ചെറുതല്ല.

എന്നാൽ, ഇത്തരം ജെൻസി രാഷ്ട്രീയ ഇടപെടലിന്റെ ആശയലോകം ഏതു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയാണ് ഉൾക്കൊള്ളുന്നത് എന്ന ചോദ്യം ഏറെ ഗൗരവപ്പെട്ടതാണ്. പുതിയകാല രാഷ്ട്രീയം, പരമ്പരാഗത അധികാര വ്യവഹാരങ്ങളെയും അതിനെ പാർലമെന്റ് രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരുന്ന സൈദ്ധാന്തിക പശ്ചാത്തലത്തെയും അപ്രസക്തമാക്കുകയാണ്. ഇവിടെ നേരത്തേ നിലനിന്ന സാമൂഹിക രാഷ്ട്രീയ പാഠശാലയിലെ രാഷ്ട്രീയ സംവാദങ്ങൾ പുതിയൊരു വഴി വെട്ടിത്തെളിച്ചിരിക്കുന്നു.

അത് ഡിജിറ്റൽ കാലത്തെ ആശയ സംവാദമണ്ഡലമാണ്. ഇത് വിജയിക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ അടിത്തറയിലാണ്. അതുകൊണ്ട്, മൂന്നാം ലോക രാജ്യത്ത് ജനാധിപത്യം നിലനിൽക്കേണ്ടത് പുതു രാഷ്ട്രീയത്തിന്റെ ശാക്തീകരണത്തിന് ആവശ്യവുമാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ സി.ജെ.പി എന്ന പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെയും അത് ഉയർത്തിവിടുന്ന ഭാവി രാഷ്ട്രീയത്തെയും വിശകലനം ചെയ്യേണ്ടത്.

 

സി.ജെ.പി-ഡിജിറ്റൽ രാഷ്‌ട്രീയവും പരമ്പരാഗത രാഷ്ട്രീയവും

ഒരു സുപ്രഭാതത്തിൽ ലോകത്ത് ഒരിടത്തും മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. അത്തരം മാറ്റങ്ങൾക്ക് ആധാരമായ ആശയമണ്ഡലങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതിനെ രാഷ്ട്രീയമായി ഏകോപിക്കാനും മുന്നോട്ടു കൊണ്ടുപോകാനും ലോകത്ത് എല്ലായിടത്തും ഒരു സൂര്യൻ ഉദിച്ചിട്ടുണ്ട്. അത് നൽകുന്ന വെളിച്ചമാണ് പിന്നീട് എല്ലാ മനുഷ്യരെയും തെളിച്ചത്തിലേക്ക് ആവാഹിക്കുന്നത്. ഈ യാഥാർഥ്യമാണ് കോക്രോച്ച് ജനത പാർട്ടിയുടെ രൂപവത്കരണത്തിനു പിന്നിലെ കാരണമായിത്തീർന്നത്. ഇതിലേക്ക് നയിച്ചതാകട്ടെ ഭരണകൂട സ്ഥാപനത്തിന്റെ നിരീക്ഷണമാണ്.

മേയ് 15നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയിലെ വിദ്യാർഥികളെയും യുവാക്കളെയും കൂറകളോട് ഉപമിച്ചത്. അദ്ദേഹം പിന്നീട് അത് തിരുത്തി. എന്നാൽ, ഇതിനെ ഗൗരവത്തിൽ നിരീക്ഷിച്ചവരായിരുന്നു വിദ്യാർഥികൾ. അതിന്റെ പ്രതികരണം എന്നോണം മേയ് 16ന് മഹാരാഷ്ട്ര സ്വദേശി അഭിജിത് ദീപ്കെ അമേരിക്കയിൽനിന്ന് ഡിജിറ്റൽ ലോകത്ത് സി.ജെ.പിക്ക് രൂപംനൽകി. ശക്തമായ നിരവധി ഒഴുക്കുകളായി ലോകമെങ്ങുമുള്ള ഇന്ത്യൻ യുവത്വം മാറി. ഇന്ത്യയിലെത്തിയ അഭിജിത് ജൂൺ 6ന് സമരത്തിന് തുടക്കംകുറിക്കുന്നു. ജൂൺ 20ന് സമരം ശക്തിപ്പെട്ടു. ഗാന്ധിയുടെയും അംബേദ്കറിന്റെയും ചിന്താധാരയിലൂടെ സമാധാനപരമായി നടന്ന സമരത്തെ പതിവുപോലെ ഭരണകൂടം അടിച്ചമർത്താൻ തീരുമാനിക്കുകയായിരുന്നു.

മുറിവേറ്റ വിദ്യാർഥികൾ തെരുവിൽ വലിച്ചെറിയപ്പെട്ടു. എന്നാൽ, പുതിയകാലത്തെ യുവത അതിനെ സർഗാത്മകമായി മറികടന്നു. അതിനു ശക്തിപകരുന്ന രീതിയിൽ സി.ജെ.പി സ്ഥാപകനായ അഭിജിത് ദീപ്കെയും വക്താക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് തുടങ്ങിയവർ സമരത്തിന്റെ രാഷ്ട്രീയവും അതിന്റെ ആവശ്യങ്ങളും രാജ്യത്തോട് പറഞ്ഞു. ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യർ അവരോട് ഐക്യപ്പെട്ടു. ഇതിനിടയിലാണ് ജൂൺ 28ന് പൊതുപ്രവർത്തകൻ സോനം വാങ്ചുക് നിരാഹാരം തുടങ്ങിയത്. അദ്ദേഹം ജൂലൈ 24ന് ഗവൺമെന്റുമായുള്ള ചർച്ചക്കിടെ സമരം അവസാനിപ്പിച്ചെങ്കിലും സി.ജെ.പി ആവശ്യങ്ങളിൽ ഉറച്ചുനിന്നു. ആ തീരുമാനം വിദ്യാർഥികളുടെ ആവശ്യങ്ങളിൽ അടിയുറച്ചുള്ള ദീർഘവീക്ഷണത്തെയാണ് സാക്ഷ്യപ്പെടുത്തിയത്.

12 വർഷത്തെ മോദി ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവണതയെ ചോദ്യംചെയ്യാൻ പാകത്തിൽ സി.ജെ.പി ശക്തിപ്പെട്ടത് എങ്ങനെയാണ്? പലപ്രാവശ്യം പാർലമെന്റിനകത്ത് പ്രതിപക്ഷശക്തികളുടെ എതിർപ്പിനെ മറികടന്ന് നിരവധിയായ ജനവിരുദ്ധ നിയമങ്ങളെ ഭരണകൂടം പ്രയോഗത്തിൽ വരുത്തി. അതിനെ തെരുവിൽ ചോദ്യംചെയ്യാൻ കഴിയാത്തവിധം പ്രതിപക്ഷ പ്രസ്ഥാനങ്ങൾ ദുർബലപ്പെട്ടു. നിയമവും നീതിപീഠവും പലപ്പോഴും ഭരണകൂട അനുകൂല സമീപനത്തിന്റെ ഭാഗമായി. ഈ അധികാരശക്തിയെ നിലനിർത്തുന്നതിനായി പലരീതിയിലുള്ള പ്രിവിലേജും അധികാരരാഷ്ട്രീയവും ബ്യൂറോക്രാറ്റിക് സംവിധാനവും സ്വീകരിച്ചു.

ഇത് വലിയ രീതിയിൽ സമൂഹത്തിലെ മധ്യ-ഉപരിവർഗ താൽപര്യങ്ങളെയാണ് സംരക്ഷിച്ചത്. സവർണ ജാതി പരികൽപനയും പരമ്പരാഗത രാഷ്ട്രീയമേൽക്കോയ്മയുടെ ഭാഗമായ മനുഷ്യരും ഇതിനെ ആസ്വദിച്ച് ജീവിക്കുകയാണ്. പലപ്പോഴും ഭരണകൂടം സ്വീകരിച്ച നിലപാട് ഇത്തരം മനുഷ്യരെ ബാധിച്ചില്ല. അവ ഞങ്ങളെ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് ഭരണകൂട തീരുമാനങ്ങളോട് അവർ സമരസപ്പെട്ടത്.

ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം നടപ്പാക്കിയ ബഹുഭൂരിപക്ഷം തീരുമാനങ്ങളും സവർണ ഉപരിവർഗ താൽപര്യങ്ങളെയാണ് സംരക്ഷിച്ചത്. അത് ബ്രാഹ്മണിക്കൽ മേൽക്കോയ്മയുടെ വർഗീയ രാഷ്ട്രീയത്തിന് ശക്തിപകർന്നു. അതുകൊണ്ടുതന്നെ അവ എതിർക്കപ്പെടേണ്ടതാണെന്ന് അധികാരത്തിന്റെ ഭാഗമായ മനുഷ്യർക്ക് തോന്നിയില്ല. എന്നാൽ, എല്ലാ കാലത്തും അത് അടിത്തട്ട് മനുഷ്യരെ മാത്രം ബാധിച്ച് ഒതുങ്ങിനിൽക്കില്ല എന്ന സാമൂഹിക യാഥാർഥ്യത്തെ ഇന്ന് ഇന്ത്യയിലെ ഉപരിവർഗവും സമ്പന്നവിഭാഗവും മനസ്സിലാക്കി. അതിനവർ നൽകിയ വില ചെറുതല്ല. പലപ്പോഴും ഇത്തരം രാഷ്ട്രീയ യാഥാർഥ്യങ്ങളെ സാമൂഹിക വിശകലനങ്ങളായി അവതരിപ്പിക്കുമ്പോൾ അതിനെ മുഖ്യധാരാ മാധ്യമങ്ങളും ബുദ്ധിജീവികളും തള്ളിക്കളയുകയാണ് പതിവ്.

ഇന്നത് ഒരു രാഷ്ട്രീയ യാഥാർഥ്യമാണെന്ന് ബോധ്യപ്പെടുത്താൻ വിദ്യാർഥികൾതന്നെ ഇറങ്ങേണ്ടിവന്നു. അത് നേരിട്ട് വിദ്യാർഥികളെ ബാധിച്ച വിഷയമായതുകൊണ്ട് മാത്രമല്ല. മറിച്ച്, നമ്മുടെ സിസ്റ്റം ശരിയല്ല എന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞതിന്റെ ഭാഗംകൂടിയാണ്. കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ 152 ഉന്നത പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച സംഭവിച്ചിട്ടുണ്ട്. ഇത് ഏതൊക്കെ അർഥത്തിലാണ് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചത്?

അതിനോട് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിച്ച സമീപനം എന്താണ്? ഒരു സിസ്റ്റത്തിന് അകത്ത് നിർമിക്കപ്പെട്ട ഘടനാപരമായ തെറ്റിനെ നിയമവ്യവസ്ഥയിലൂടെ പരിഹരിക്കാനുള്ള സാഹചര്യം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ നിലനിൽക്കെ എന്തുകൊണ്ട് അത് സാധ്യമായില്ല? മാത്രമല്ല, ആ നീതിപീഠത്തിന്റെ ഉന്നതിയിൽ ഇരിക്കുന്ന വ്യക്തിതന്നെ ഇന്ത്യയിലെ വിദ്യാർഥികളെ കൂറകളോട് ഉപമിച്ചതിന്റെ സാമൂഹികയുക്തി എന്താണ്? ഇത്തരം ചോദ്യങ്ങളിൽനിന്നാണ് ഇന്ത്യൻ വിദ്യാർഥികളുടെ രാഷ്ട്രീയബോധ്യം ഇന്ന് ലോകത്തിന് മനസ്സിലാക്കാൻ കഴിഞ്ഞത്.

36 ദിവസം ജന്തർമന്തറിൽ നടന്ന സി.ജെ.പിയുടെ സമരം നിരവധി ചോദ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. അത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലൂടെ വിജയിച്ച സമരം മാത്രമല്ല. മറിച്ച്, ഡിജിറ്റൽ കാലത്ത് അരാഷ്ട്രീയ യുവത്വം എന്ന് വിശേഷിപ്പിച്ച ഇന്ത്യയിലെ വിദ്യാർഥികൾ അവരുടെ സാമൂഹിക പരികൽപനകൾ ഒന്നൊന്നായി അവതരിപ്പിക്കുകയായിരുന്നു. വ്യവസ്ഥാപിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിദ്യാർഥി വിഭാഗങ്ങൾ കാമ്പസുകളിൽ നടത്തിവന്ന രാഷ്ട്രീയ പ്രവർത്തനങ്ങളെ എന്തുകൊണ്ട് സി.ജെ.പിക്ക് മറികടക്കാൻ കഴിഞ്ഞു?

എന്തുകൊണ്ട് കാമ്പസിലെ വിവിധ വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് അഖിലേന്ത്യ അടിസ്ഥാനത്തിൽ ഒരു വിദ്യാർഥി മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാൻ കഴിയാതെപോയി? ഇന്ത്യയിലെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ഘടനാപരമായ സാമൂഹിക തിരസ്കരണവും ജാതികേന്ദ്രീകൃതമായ കൊലകളെയും എന്തുകൊണ്ട് പ്രക്ഷോഭത്തിലൂടെ അവസാനിപ്പിക്കാൻ കഴിയാതെപോയി? നീറ്റ് ചോദ്യപേപ്പർ ചോർച്ച നടന്നിട്ടും എന്തുകൊണ്ട് വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് സംഘടിതമായി തെരുവിൽ ഇറങ്ങാൻ കഴിയാതെപോയി? തുടങ്ങിയ ചോദ്യങ്ങൾക്ക് മുമ്പിൽ സി.ജെ.പി ഒരു ഉത്തരമല്ല. അതേസമയം, ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ സി.ജെ.പിക്ക് ഒരിടം ഉണ്ടെന്നത് അംഗീകരിക്കേണ്ടതാണ്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 20ൽ കൂടുതൽ വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. അതിനെ വ്യക്തി, കുടുംബം അതിനുള്ളിലെ പ്രശ്‌നങ്ങളായിട്ടാണ് സിസ്റ്റം കണ്ടത്. മറിച്ച്, അഴിമതിയിലാണ്ട സിസ്റ്റമാണ് കുട്ടികളെ കൊന്നതെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. ഇതിനുമുമ്പ് ലക്ഷക്കണക്കായ കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തപ്പോഴും ഭരണകൂടത്തിന്റെ സമീപനം ഇങ്ങനെതന്നെയായിരുന്നു. ഇതിനെയൊന്നും ഒരു രാഷ്ട്രീയ വിഷയമായി വേണ്ടവിധം മുന്നോട്ടുകൊണ്ടുപോകാൻ പ്രതിപക്ഷ പ്രസ്ഥാനങ്ങൾക്കും കഴിഞ്ഞില്ല. അവരാകട്ടെ ഓരോ സംസ്ഥാനത്തിലെയും രാഷ്ട്രീയതാൽപര്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ രണ്ടാമതായി കണ്ട് രാഷ്ട്രീയാധികാരത്തെ ഒന്നാമതായി നിലനിർത്തി.

അങ്ങനെയാണ് തൊഴിലാളിവിരുദ്ധ നിലപാടുമായി വന്ന ലേബർകോഡും വിദ്യാഭ്യാസത്തിലെ കാവിവത്കരണവും ഭരണകൂടത്തിന് കൃത്യമായും അനായാസമായും നടപ്പാക്കാൻ കഴിഞ്ഞത്. ഇത് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജെൻസി തലമുറക്ക് തങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് പരിഹാരം കാണാൻ പ്രാപ്തിയുള്ള രാഷ്ട്രീയശക്തിയല്ല നിലവിൽ ഇന്ത്യയിലുള്ളതെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് കാമ്പസുകളിൽ നിലനിൽക്കുന്ന വിദ്യാർഥി പ്രസ്ഥാനങ്ങളുമായി കൂട്ടുചേർന്നുള്ള സമരത്തിന് സി.ജെ.പി തയാറാകാതിരുന്നത് എന്നുവേണം കരുതാൻ. അതേസമയം അത്തരം വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനത്തെ ചേർത്തുപിടിക്കുകയും അവർ ഒപ്പം നിൽക്കുകയും ചെയ്തു. ഇത് മുന്നോട്ടു​െവക്കുന്ന രാഷ്ട്രീയസന്ദേശം ഗൗരവപ്പെട്ടതാണ്.

 

രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയങ്ങളോട് അധികാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിക്കുന്ന നിലപാടിന്റെ രീതി എന്താണ്? പലപ്പോഴും വിഷയത്തിന്റെ ഗൗരവത്തിനപ്പുറത്തേക്ക് താൽപര്യങ്ങളുടെ ഭാഗമായാണ് സമീപനങ്ങൾ രൂപപ്പെടുന്നത്. നീതിപീഠങ്ങൾപോലും ഈ രീതിയിൽ കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ സ്വീകരിച്ച തീരുമാനങ്ങൾ യുവാക്കൾക്കിടയിൽ ഉണ്ടാക്കിയ തിരിച്ചറിവ് ചെറുതല്ല. അവ ഭാവിയിൽ സൃഷ്ടിക്കുന്ന സാമൂഹിക പ്രതിസന്ധിയെ വസ്തുനിഷ്ഠമായി സമീപിക്കുന്നതിൽ പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പരിമിതികൾ ഉണ്ട്. ഈ പരിമിതികളെ മറികടന്നുകൊണ്ട് മാത്രമേ സിസ്റ്റത്തെ തിരുത്താൻ കഴിയൂ എന്ന് വിദ്യാർഥി കൂട്ടായ്മകൾക്ക് മനസ്സിലാക്കാൻ കഴിയുന്നു.

മാത്രമല്ല, രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപപ്പെടുന്ന സമരങ്ങളുടെ ഭാവി പലപ്പോഴും സമരങ്ങൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളുടെ പൂർണമായ വിജയമായിരിക്കില്ല. സി.ജെ.പിയുടെ സമരത്തിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെ മാറ്റിനിർത്തിക്കൊണ്ട് മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാം എന്ന ഭരണകൂടത്തിന്റെ സമ്മർദത്തെ മറികടക്കാൻ കഴിഞ്ഞു എന്നതാണ് ഈ സമരത്തിന്റെ വിജയം. ഇത് ഡിജിറ്റൽ കാലത്തെ സമരത്തെ പരമ്പരാഗത രാഷ്ട്രീയ സമരത്തിൽനിന്നും വ്യത്യസ്തമാക്കുന്നു.

നമ്മുടെ പരമ്പരാഗത സമരമാതൃകകൾ ഏതൊക്കെ രീതിയിൽ മാറ്റപ്പെടണമെന്ന് ജെൻസി സമരം കാണിച്ചുതന്നു. ഇതിനെ ഒരു ജൈവസമരമാക്കിയതിന് പിന്നിൽ ഒട്ടനവധി സാമൂഹികഘടകങ്ങളുണ്ട്. അതിനെ കൃത്യമായി മനസ്സിലാക്കേണ്ടത് നമ്മുടെ പരമ്പരാഗത രാഷ്ട്രീയമാണ്. ഭാവിയിൽ ജനാധിപത്യത്തെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ അധികാര രാഷ്ട്രീയം എല്ലാകാലത്തും ഉപയോഗിക്കുന്ന വ്യവസ്ഥാപിത ഘടനാരൂപങ്ങളെ മാറ്റിനിർത്തേണ്ടതുണ്ട്. അതെങ്ങനെയാണ് ജെൻസി സമരം ഉപയോഗിച്ചതെന്ന് പരിശോധിക്കേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപിന്റെകൂടി ഭാഗമാണ്.

ജെൻസിയുടെ ജൈവസമരം

സി.ജെ.പിയുടെ സമരത്തെ ജൈവസമരമായി വ്യാഖ്യാനിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭരണഘടനയാണ്. അതാണ് സമരത്തിന്റെ ഊർജം. ഭരണഘടന ഇന്ത്യൻ വൈവിധ്യങ്ങളെ എല്ലാ അർഥത്തിലും ഉൾക്കൊള്ളുന്നതാണ്. അത് തെളിയിച്ചിട്ടുണ്ട് സമരവേദിയിൽ എത്തിയ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ. ജന്തർമന്തറിലേക്ക് ഒഴുകിയെത്തിയ വിദ്യാർഥികൾക്ക് ഒരു അജണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ ഭാവിയെ നശിപ്പിച്ച ഭരണകൂടത്തിന്റെ സമീപനം മാറേണ്ടതുണ്ട്. ചോദ്യപ്പേപ്പർ ചോർന്നതുമൂലം ലക്ഷക്കണക്കിന് കുട്ടികൾക്ക് അനുഭവിക്കേണ്ടിവന്ന മാനസിക സമ്മർദം, അതിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത കുട്ടികളുടെ ആത്മഹത്യ.

ബാങ്ക് ലോൺ എടുത്തും മറ്റ് സാമ്പത്തിക ബാധ്യതകൾ വഴിയും രണ്ടുമൂന്നു വർഷത്തെ നിരന്തരമായ അധ്വാനശേഷം എഴുതിയ പരീക്ഷ. അതിന് ഒരു വിലയും കൽപിക്കാത്ത അധികാരവർഗം. അവർക്ക് സാമ്പത്തികമായി തകർന്ന ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളുടെ നിലവിലെ ജീവിതാവസ്ഥ ഒരു വിഷയമേയല്ല. എന്നാൽ, ഇരകളായ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ രാഷ്ട്രീയത്തിനും മതത്തിനും ഭാഷക്കും സംസ്കാരത്തിനും ഭക്ഷണത്തിനും അതീതമായി അവരുടെ ഭാവിയിൽ പ്രതീക്ഷ അർപ്പിച്ചു. ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ നിന്നുപോലും അധികാരകേന്ദ്രങ്ങളിലേക്ക് യാത്രചെയ്യുന്നതിന് അവർ തടസ്സം നിന്നില്ല.

വിഷയം ചോദ്യപേപ്പർ ചോർച്ചയും സിസ്റ്റത്തിന്റെ നിരുത്തരവാദിത്വവുമാണെങ്കിലും മറ്റൊന്നുകൂടി അവിടെ സംഭവിച്ചു. അത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഐക്യപ്പെടലുകളാണ്. അതൊരു മതേതര സമീപനംകൂടിയായിരുന്നു. മറ്റൊന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ ഭരണകൂടം നടപ്പാക്കിവരുന്ന അശാസ്ത്രീയ സമീപനങ്ങളും ഹിന്ദുത്വത്തെ സ്ഥാപനവത്കരിക്കുന്ന സിലബസിനോടുള്ള വിയോജിപ്പുകളുമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൂല്യ തകർച്ചയും അത് ഭാവിയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളും വിദ്യാർഥികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. മറ്റൊന്ന്, ഭരണകൂട സംവിധാനങ്ങൾ എല്ലാ കാലത്തും ഉപയോഗിച്ചിട്ടുള്ള മർദക ഉപകരണങ്ങളായ പൊലീസിനോടുള്ള കുട്ടികളുടെ സമീപനമാണ്.

പൊലീസിന് മിഠായി നൽകിയും അവരോട് തമാശ പറഞ്ഞും അവരെ തങ്ങളിൽപ്പെട്ടവരാക്കി മാറ്റാൻ കുട്ടികൾ ശ്രമിച്ചു. ജന്തർമന്തറിലേക്ക് ഒഴുകിയെത്തി ഭക്ഷണങ്ങൾ നൽകിയ സന്ദേശം ചെറുതല്ല. ഇത്തരം അനുകൂല സാഹചര്യങ്ങളിലും ജൈവസമരം മുന്നോട്ടുവെച്ചത് കൃത്യമായ രാഷ്ട്രീയമാണ്. അവർക്കിടയിൽ ഒന്നുമാത്രമേ പ്രവർത്തിച്ചുള്ളൂ. അത് സിസ്റ്റം ഉണ്ടാക്കിയ തകർച്ചയെ പരിഹരിക്കാൻ ആ സിസ്റ്റത്തിനുള്ളിൽതന്നെ തിരുത്തൽ ആവശ്യമാണെന്ന തിരിച്ചറിവാണ്. ആദ്യം വേണ്ടത് അതിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയെ ആ സ്ഥാനത്തുനിന്ന് മാറ്റുക എന്നുള്ളതാണ്. അത് ഭരണകൂടത്തിന് നൽകുന്ന മുന്നറിയിപ്പുകൂടിയാണ്.

രാഷ്ട്രത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിക്ക് ആസ്ഥാനത്തെക്കുറിച്ച് നല്ല ബോധ്യം ഉണ്ടാവണം. അതില്ലാത്ത ഒരു വ്യക്തി ആസ്ഥാനത്ത് ഇരിക്കാൻ അർഹനല്ല. അതാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കു പിന്നിലെ ജെൻസി രാഷ്ട്രീയം. ഈ ആവശ്യം നേടാൻ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ചുറ്റിസഞ്ചരിച്ച് ജനങ്ങളെ ബോധവത്കരിച്ച് സമയം കളയണ്ട. അതിനാണ് ജെൻസി ഡിജിറ്റൽ കാലത്തെ ഉപയോഗിക്കുന്നത്.

ഇതാണ് ജെൻസി രാഷ്ട്രീയം ഇന്ത്യയിലെ പരമ്പരാഗത രാഷ്ട്രീയത്തോട് വിളിച്ചുപറഞ്ഞത്. ഡിജിറ്റൽ കാലത്ത് തെരുവിലിറങ്ങുന്നതിനുമുമ്പ് തങ്ങൾ എന്തിന് ഇറങ്ങുന്നു എന്ന് പൂർണമായി ബോധ്യപ്പെടുന്ന വിധത്തിൽ ആശയ സംവാദങ്ങളും പ്രചാരണങ്ങളും നിരന്തരം നടക്കുന്ന കാലംകൂടിയാണിത്. ഇത്തരം കാലത്തെ നെറ്റ് നിഷേധിച്ചുകൊണ്ട് പ്രതിരോധിക്കാൻ കഴിയില്ല. അത് ഇതിനുമുമ്പ് ശ്രീലങ്കയും നേപ്പാളും ബംഗ്ലാദേശും പശ്ചിമേഷ്യയിലെ മുല്ലപ്പൂ വിപ്ലവവും തെളിയിച്ചു കഴിഞ്ഞതാണ്. അതിനാൽ വരുംകാല രാഷ്ട്രീയത്തിൽ ജെൻസികളുടെ ഇടപെടൽ ഗൗരവപ്പെട്ടതാണ്.

എന്നാൽ, അതിനൊരു സംഘടിത പ്രസ്ഥാനമായി നിലനിൽക്കണമെങ്കിൽ നിരവധിയായ കടമ്പകൾ കടക്കേണ്ടതുണ്ട്. അതിനു ആവശ്യമായ പ്രായോഗിക ഇടപെടൽ അവർക്ക് രൂപപ്പെടുത്താൻ കഴിയേണ്ടതുണ്ട്. അതിന് കഴിയും എന്നാണ് നിലവിലെ പ്രതീക്ഷ. അല്ലാത്തപക്ഷം അധികാര വർഗം അവരുടെ നിലനിൽപിനായി കുറുക്കു വഴികൾ കണ്ടെത്തുകതന്നെ ചെയ്യും. അണ്ണ ഹസാരെ അതിനൊരു തെളിവായി നമുക്ക് മുമ്പിലുണ്ട്.

Tags:    
News Summary - Students Challenge System Through Organic Digital Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.