അടിയന്തരാവസ്ഥാ ചരിത്രത്തിന്റെ ഒരനുബന്ധമാണിത്. അടിയന്തരാവസ്ഥയുടെയും രാജന്റെയും ഓർമകൾ നിറഞ്ഞ, ഈച്ചരവാര്യരുടെ ‘ഒരച്ഛന്റെ ഒാർമക്കുറിപ്പുകൾ’ ആരാണ് തയാറാക്കിയത് എന്ന പുതിയ ചോദ്യം ഉയരുന്നുണ്ട്. ആ പശ്ചാത്തലത്തിൽ ആ പുസ്തകം തയാറാക്കിയ ജോജി അന്നത്തെ അനുഭവങ്ങൾ എഴുതുന്നു. കോഴിക്കോട് കക്കയത്ത് അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് സ്ഥാപിച്ച ക്യാമ്പ് നിന്നിരുന്ന ഇടം കാണുന്നത് ഏതാണ്ട് 25 വർഷം മുമ്പാണ്. എക്കാലവും ഭീതിയെ തട്ടിയുണർത്തിയ ഒരിടം. ഞാൻ കാണുമ്പോൾ ഈച്ചരവാര്യർ ഓർമിച്ചെടുത്ത ശേഷിപ്പുകളൊന്നുമില്ല. ഇലക്ട്രിസിറ്റി ബോർഡിന്റെ പഴയ ഗെസ്റ്റ്ഹൗസ്. ഏതാനും മുഷിഞ്ഞരണ്ട ക്വാർട്ടേഴ്സുകൾ....
അടിയന്തരാവസ്ഥാ ചരിത്രത്തിന്റെ ഒരനുബന്ധമാണിത്. അടിയന്തരാവസ്ഥയുടെയും രാജന്റെയും ഓർമകൾ നിറഞ്ഞ, ഈച്ചരവാര്യരുടെ ‘ഒരച്ഛന്റെ ഒാർമക്കുറിപ്പുകൾ’ ആരാണ് തയാറാക്കിയത് എന്ന പുതിയ ചോദ്യം ഉയരുന്നുണ്ട്. ആ പശ്ചാത്തലത്തിൽ ആ പുസ്തകം തയാറാക്കിയ ജോജി അന്നത്തെ അനുഭവങ്ങൾ എഴുതുന്നു.
കോഴിക്കോട് കക്കയത്ത് അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് സ്ഥാപിച്ച ക്യാമ്പ് നിന്നിരുന്ന ഇടം കാണുന്നത് ഏതാണ്ട് 25 വർഷം മുമ്പാണ്. എക്കാലവും ഭീതിയെ തട്ടിയുണർത്തിയ ഒരിടം. ഞാൻ കാണുമ്പോൾ ഈച്ചരവാര്യർ ഓർമിച്ചെടുത്ത ശേഷിപ്പുകളൊന്നുമില്ല. ഇലക്ട്രിസിറ്റി ബോർഡിന്റെ പഴയ ഗെസ്റ്റ്ഹൗസ്. ഏതാനും മുഷിഞ്ഞരണ്ട ക്വാർട്ടേഴ്സുകൾ. ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ് താൽക്കാലികമായി സ്ഥാപിച്ച കക്കയം പൊലീസ് ക്യാമ്പ്, ഹൈകോടതിയിൽ രാജൻ കേസ് എത്തിയപ്പോൾതന്നെ തെളിവുകൾ മായ്ച്ചുകളയാനായി പൊളിച്ചുമാറ്റിയിരുന്നു.
കാതുകളിലേക്ക് വീഴുന്ന കാടിന്റെ മർമരം. ചീവീടുകളുടെ വീചികളിൽ ഏതോ വിഷാദത്തിന്റെ ഇടർച്ച. മരത്തലപ്പുകൾക്കുമീതെ ആകാശം മേഘാവൃതം. മൺസൂണിന്റെ തുടർച്ചയായി ആഗസ്റ്റ് മാസത്തിലെ ഇടവിട്ട ചാറ്റൽമഴ. കക്കയം ക്യാമ്പിന്റെ പഴയ ഇടനാഴികളിൽ ഭരണകൂടം അറുത്തു വേവിച്ച മനുഷ്യരുടെ നിലവിളികൾ കാറ്റിൽ പറ്റിപ്പിടിച്ച് കക്കയത്തെ ഭൂമിയെ ഇപ്പോഴും വലംവെക്കുന്നുവെന്ന് തോന്നി.
‘ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ’ എന്ന കൃതി രൂപപ്പെടുത്തുമ്പോൾ കക്കയം ക്യാമ്പിനെപ്പറ്റി വിശദമായി എഴുതണമെന്ന് തോന്നിയിരുന്നു. ഈച്ചരവാര്യർ അതിനെക്കുറിച്ച് വിശദമായൊന്നും പറഞ്ഞില്ല. ‘പി. രാജൻ’ എന്ന ‘മിത്തി’നെ ചരിത്രത്തിലേക്കും കാലത്തിലേക്കും ഖനനം ചെയ്തെടുത്ത വിഖ്യാത പത്രപ്രവർത്തകൻ അപ്പുക്കുട്ടൻ വള്ളിക്കുന്ന് അടിയന്തരാവസ്ഥക്കുശേഷം താൻ തുറന്നുകണ്ട കക്കയം ക്യാമ്പിനെപ്പറ്റി എഴുതുന്നുണ്ട്. ഹൈകോടതിയിൽ കേസ് എത്തുന്നതിന് മുമ്പായിരുന്നു അത്. പൊലീസ് തെളിവുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. കക്കയം ക്യാമ്പ് തുറന്നു കാണുമ്പോൾ അത് അടിച്ചു തുടച്ച് വൃത്തിയാക്കിയ നിലയിലായിരുന്നു.
എന്നിട്ടും സൂഷ്മദൃക്കായ ആ പത്രപ്രവർത്തകൻ തൂത്ത് പറമ്പിന്റെ ഏതോ മൂലയിൽ ഉപേക്ഷിച്ച കേടുവരാത്ത ഇനിയും ദ്രവിക്കാത്ത ചില പേപ്പർ കഷണങ്ങളിൽനിന്ന് കക്കയം ക്യാമ്പിലെ പൊലീസ് സാന്നിധ്യത്തിന്റെ തെളിവുകൾ കണ്ടെത്തി. മലപ്പുറം എം.എസ്.പി ക്യാമ്പുമായി ബന്ധപ്പെട്ട ചില രേഖകൾ ഭരണകൂടത്തിനുവേണ്ടി നിഗൂഢമായി പ്രവർത്തിച്ച പൊലീസ് കോൺസെൻേട്രഷൻ ക്യാമ്പായിരുന്നു അതെന്ന തെളിവുകൾ ദൃശ്യമാക്കി. ക്യാമ്പിലെ പീഡനമുറിയിലെ ചുമരുകളിൽ എത്ര കഴുകിയിട്ടും മായാത്ത രക്തക്കറകൾ വികാരഭരിതമായി കാലത്തിനോട് സംവദിച്ചുകൊണ്ടിരുന്നു. ക്യാമ്പുമായി ബന്ധപ്പെട്ട് സൂക്ഷിച്ച സന്ദർശന രജിസ്റ്ററിൽനിന്ന് ജയറാം പടിക്കലിന്റെയും ലക്ഷ്മണയുടെയും പുലിക്കോടൻ നാരായണന്റെയും പേരുകൾ അദ്ദേഹം കണ്ടെടുത്തു. രാജൻ കേസിന്റെ നിയമപ്പോരാട്ടത്തിൽ നിർണായകമായ പങ്കുവഹിച്ച അനിഷേധ്യമായ തെളിവുകളായിരുന്നു ഇതെല്ലാം.
നിഷ്ഠുരമായ പൊലീസ് മർദനം താങ്ങാനാവാതെ രാജൻ മരിച്ചപ്പോൾ മൃതദേഹം ചാക്കിൽകെട്ടി പുറത്തുകൊണ്ടുപോയി കത്തിച്ച് അവശിഷ്ടങ്ങൾ കക്കയം ക്യാമ്പിനടുത്ത ഉരൽക്കുഴി വെള്ളച്ചാട്ടത്തിൽ ഉപേക്ഷിച്ചു എന്നാണ് ‘കക്കയം ക്യാമ്പ് കഥ പറയുന്നു’ എന്ന അന്വേഷണാത്മക റിപ്പോ ർട്ടിൽ അപ്പുക്കുട്ടൻ വള്ളിക്കുന്ന് എഴുതിയത്. രാജന്റെ തിരോധാനവും കക്കയം ക്യാമ്പ് പൊലീസ് മർദനവും അടിയന്തരാവസ്ഥക്കുശേഷം നിയമനടപടികളിലൂടെ കടന്നുപോയപ്പോൾ ഈ ഉരൽക്കുഴിയിൽ രാജന്റെ ഭൗതികാവശിഷ്ടങ്ങൾക്കുവേണ്ടി പരിശോധന നടത്തിയിരുന്നു. പക്ഷേ, നിഗൂഢമായ ജലരഹസ്യങ്ങളുടെ പൂട്ടുപൊളിക്കാനാവാതെ അന്വേഷകർ മടങ്ങി.
‘ഒരച്ഛന്റെ ഓർമക്കുറിപ്പുകൾക്ക്’ വേണ്ടി സംസാരിക്കുമ്പോൾ ഈച്ചരവാര്യർ എന്റെ ചോദ്യങ്ങൾക്കു മുന്നിൽ പലപ്പോഴും നിശ്ശബ്ദനായിരുന്നു. സജലങ്ങളായ ആ കണ്ണുകൾ എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന ഒരാളെ അനുസ്മരിപ്പിച്ചു. സംസാരിക്കുമ്പോഴാകട്ടെ കഠിനദുഃഖത്തിന്റെ തീച്ചൂടിൽ ആ വാക്കുകളിലേക്ക് പൊള്ളൽ പടർന്നു. തൃശൂരിലെ ശ്രീവിഹാർ എന്ന കൊച്ചുവീടിന്റെ അകത്തളത്തിലിട്ട ചാരുകസേരയിലിരുന്ന് അൽപമകലെ താഴെ തെക്കെച്ചിറയുടെ ഓളപ്പരപ്പുകളിലേക്ക് കണ്ണുംനട്ട് അദ്ദേഹം ഓർമകളിലേക്ക് സഞ്ചരിച്ച് കിതച്ചുകൊണ്ടിരുന്നു.
ശ്രീവിഹാറിന്റെ ചുമരിൽ പൊടിമീശ വെച്ച കൗമാരക്കാരനായ രാജന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം തൂക്കിയിട്ടിരുന്നു. കാലം കടന്നുകയറാത്ത അതിന്റെ സുതാര്യമായ ചില്ലിലൂടെ രാജന്റെ കണ്ണുകളിലെ തിളക്കം സ്വീകരണമുറിയെ എപ്പോഴും തൊട്ടുകൊണ്ടിരുന്നു.
‘‘രാജന് വിശപ്പു സഹിക്കാൻ പ്രയാസമായിരുന്നു.’’ തന്റെ ചുളിവുകൾ വീണ കണ്ണുകളിൽനിന്ന് കണ്ണടയെടുത്ത് ടീപ്പോയിൽവെച്ച് വാര്യര് മാഷ് എന്നെ നോക്കി.
‘‘കോളജ് ഹോസ്റ്റലിൽനിന്ന് വീട്ടിൽ വരുമ്പോഴൊക്കെ ‘അമ്മേ വിശക്കുന്നു’ എന്നു പറഞ്ഞാണ് അവൻ അടുക്കളയിലേക്ക് കയറുക.’’ മാഷ് പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൾ മരിക്കാത്ത ഒരോർമയിൽ പിടഞ്ഞുകൊണ്ടിരുന്നു.
വിശപ്പു സഹിക്കാനാവാത്ത കുട്ടി വിശപ്പിന്റെ കാട്ടുതീയിൽ വെന്തുപോയി എന്നാണ് ഓർമക്കുറിപ്പുകളിലെഴുതിയത്. കക്കയം ക്യാമ്പിലെ മർദനമുറകളെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒരു ഭീതിയും അസ്വാസ്ഥ്യവും എന്നെ വലംവെച്ചു. കക്കയം ക്യാമ്പിൽ രാജനോടൊപ്പം മർദനമേറ്റ് വിറങ്ങലിച്ച നിരവധി ചെറുപ്പക്കാർ തങ്ങളനുഭവിച്ച കൊടുംപീഡനങ്ങളെക്കുറിച്ച് ഈച്ചരവാര്യരോട് പറഞ്ഞുകൊണ്ടേയിരുന്നു. അവരുടെ വാക്കുകളുടെ ശൈത്യത്തിൽ ഈച്ചരവാര്യർ എന്ന അച്ഛന്റെ നെഞ്ചിടിപ്പുകളുറഞ്ഞു. ഉള്ളിലെ കണ്ണീരിൽ സിരാധമനികൾ ഘനീഭവിച്ചു.
നനവുവീണ കണ്ണുകളോടെ ഒരിക്കൽമാത്രം പറഞ്ഞു: ഉരുട്ടലിൽ തകർന്നുപോയ അവനെ ജയറാം പടിക്കൽ ചോദ്യം ചെയ്തു. അയാളുടെ കൈയിൽ മുനകൂർത്തൊരു പെൻസിലുണ്ട്. തടികൊണ്ടുള്ള ഉലക്കയിലെ ഉരുട്ടലിൽ പേശികൾ തകർന്ന തടവുകാരുടെ തുടയിൽ അയാൾ കൂർപ്പിച്ച പെൻസിൽമുനകൊണ്ട് കുത്തും. അപ്പോൾ തടവുകാരുടെ നിലവിളിയിൽ കക്കയം ക്യാമ്പ് വിറക്കും. അയാൾ ചോദിച്ച ചോദ്യങ്ങൾക്കൊന്നും രാജന് ഉത്തരമുണ്ടായിരുന്നില്ല. അറിയില്ല എന്നവൻ നിലവിളിയോടെ പറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ അവന്റെ വയറ്റിൽ പുലിക്കോടൻ നാരായണൻ ബൂട്ടിട്ട് ചവിട്ടി. ഒരു ചോദ്യചിഹ്നംപോലെ വളഞ്ഞ് അവൻ നിലത്തേക്ക് കുഴഞ്ഞുവീണു.
ഈച്ചരവാര്യർ വാക്കുകൾ നഷ്ടപ്പെട്ട് നിശ്ശബ്ദനായ ആ നിമിഷത്തെ വിഹ്വലത ഇന്നും എന്റെ ഹൃദയത്തിലുണ്ട്. അത് ഒരു പത്രപ്രവർത്തകൻ അനുഭവിക്കുന്ന ഏറ്റവും നിസ്സഹായമായ ഒരു നിമിഷമാണ്. ഒരു ജന്മത്തെ മുഴുവൻ നെടുവീർപ്പുകൾകൊണ്ട് ഉണങ്ങാത്ത വേദന തിന്നുന്ന ഒരച്ഛനെ കണ്ടിരിക്കാൻ വയ്യ എന്നു തോന്നി.
അപ്പുക്കുട്ടൻ വള്ളിക്കുന്ന് എന്ന അക്കാലത്തെ യുവപത്രപ്രവർത്തകൻ ‘ദേശാഭിമാനി’ ദിനപത്രത്തിൽ എഴുതിയ ‘കക്കയം ക്യാമ്പ് കഥപറയുന്നു’ എന്ന അന്വേഷണാത്മക പരമ്പരയിലൂടെയാണ് ഈച്ചരവാര്യർ എന്ന അച്ഛനും രാജൻ എന്ന എൻജിനീയറിങ് വിദ്യാർഥിയും മലയാളി സമൂഹത്തിന്റെ വാഴ്വിലും നിനവിലും നിറയുന്നത്. അതൊരുതരം ഖനനമാണ്. അധികാരനൃശംസതയുടെ ഭൂഗർഭങ്ങളിൽനിന്ന് മനുഷ്യവേദനകളുടെയും പീഡനങ്ങളുടെയും നിലവിളികളുടെയും പൊടിഞ്ഞുതീരാത്ത ഫോസിലുകൾ വീണ്ടെടുത്ത് പ്രദർശിപ്പിക്കുന്ന മഹത്തായ സത്യാന്വേഷണം. നിങ്ങളുറങ്ങുന്നത് ഞങ്ങളുടെ സ്വപ്നങ്ങളുടെ അസ്ഥിമാടങ്ങളിലാണെന്നുള്ള ഭരണകൂടത്തിനെതിരായ ഗർജനം.
‘കക്കയം ക്യാമ്പ് കഥപറയുന്നു’ എന്ന പരമ്പര വെളിച്ചത്ത് കിടത്തിയ യാഥാർഥ്യങ്ങൾ കേരളീയ സമൂഹത്തെ ജനാധിപത്യവത്കരിക്കാൻ എത്രത്തോളം പങ്കുവഹിച്ചു എന്നുള്ളത് ചരിത്രത്തിലെ ഇനിയും വായിച്ചുതീരേണ്ട ഒരു പാഠമാണ്. ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും പുതിയ ഒരു ഉള്ളടക്കത്തിലേക്ക് അത് മലയാളി സമൂഹത്തെ നയിച്ചു. ഓരോ പൊലീസ് മർദനത്തിലും ലോക്കപ്പ് കൊലപാതകത്തിലും ഭരണകൂടത്തെ വിചാരണചെയ്യുന്ന സവിശേഷമായ ഒരു മാനസിക ഘടനയിലേക്ക് മലയാളിയെ നയിക്കാൻ ഈയൊരു പരമ്പരയും രാജൻ കേസിന്റെ ജുഡീഷ്യൽ ഇടപെടലുകളും അഗാധമായ പങ്കുവഹിച്ചു. കാലത്തെ അതിജീവിച്ച് സഞ്ചരിക്കുന്ന അഗാധവും മൗലികവുമായ ഈ ധർമബോധത്തിന് അടിയന്തരാവസ്ഥക്കു ശേഷമുള്ള കേരളീയ സമൂഹം അപ്പുക്കുട്ടൻ വള്ളിക്കുന്നിനോട് കടപ്പെട്ടിരിക്കുന്നു.
ജയറാം പടിക്കൽ വളരെ ‘സയന്റിഫിക്’ ആണെന്ന ഒരു വരി അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റേതായിട്ടുണ്ട്. അയാൾ സ്കോട്ലൻഡിൽ പോയി പഠിച്ചിട്ടുള്ള ആളാണ്. നാസികളുടെ ഓഷ്വിറ്റ്സ് ക്യാമ്പുകളെപ്പോലും നടുക്കുന്ന ഉരുട്ടൽ എന്ന മർദനമുറ. നിങ്ങൾ ഉരുട്ടലിന് വിധേയമാകുമ്പോൾ നിങ്ങളുടെ തുടയിലെ പേശികളും നന്നേ ചെറിയ രക്തക്കുഴലുകളും തകരും. തകർന്ന പേശികളും സിരാധമനികളും രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കും. ഹൃദയത്തിന് താളംതെറ്റും. ഉരുട്ടലിന് വിധേയരായവർ മരിക്കുക പലപ്പോഴും ഹൃദയാഘാതത്തിലൂടെയാണ്. അതുകൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒരാളുടെ യഥാർഥ മരണം കണ്ടെത്താൻ പ്രയാസമുണ്ടാകും.
ഈച്ചരവാര്യരുടെ ഓർമക്കുറിപ്പുകളെഴുതാൻ ‘ദേശാഭിമാനി’യിലെ പിന്മുറക്കാരനെന്ന നിലയിലാണ് അപ്പുക്കുട്ടൻ വള്ളിക്കുന്ന് എന്നെ നിയോഗിക്കുന്നത്. അത് മറ്റൊരർഥത്തിൽ അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ തുടർച്ചയാണ്. കനത്ത ഉത്തരവാദിത്തമുള്ള ഈ രാഷ്ട്രീയദൗത്യം ഏറ്റെടുക്കുമ്പോൾ എത്രത്തോളം നീതിപുലർത്താനാവുമെന്ന് ഞാൻ സംശയിച്ചിട്ടുണ്ട്.
1977ൽ ‘ദേശാഭിമാനി’ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘കക്കയം ക്യാമ്പ് കഥ പറയുന്നു’ എന്ന പരമ്പര അമ്മ വായിച്ചിട്ടാണ് ഞാനാദ്യമായി കേൾക്കുന്നത്. അന്ന് ആറോ ഏഴോ വയസ്സ്. രാത്രി കിടക്കുമ്പോൾ തലയ്ക്കാംപുറത്ത് കത്തിച്ചുവെച്ച മണ്ണെണ്ണവിളക്കിന്റെ മങ്ങിയവെട്ടത്തിലാണ് അമ്മ ഈ പരമ്പര ഉറക്കെ വായിച്ചിരുന്നത്. ജീവിതത്തിലെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ തുടക്കം. അന്ന് അത് സൃഷ്ടിച്ച ആഘാതവും ഭീതിയും ‘ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ’ എഴുതുമ്പോൾ എന്നോടൊപ്പമുണ്ട്. അത് മകൻ എന്റെ ജീവിതത്തിലേക്ക് വന്നെത്തിയ കാലമാണ്. ഈച്ചരവാര്യർ എന്ന അച്ഛനിൽനിന്ന് രാജൻ എന്ന മകനിലേക്ക് സഞ്ചരിക്കുമ്പോൾ അനുഭവങ്ങളുടെ ജാലകക്കാഴ്ചയിൽ ഞാൻ എന്റെ മകനെ പ്രതിഷ്ഠിച്ചു. ഈച്ചരവാര്യർക്ക് രാജനെ നഷ്ടപ്പെട്ടതുപ്പോലെ എനിക്കെന്റെ മകനെ നഷ്ടപ്പെടുമോ എന്നോർത്ത് നടുങ്ങിക്കൊണ്ടിരുന്ന ഒരു വിഭ്രമാവസ്ഥയിലാണ് ‘ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ’ ഞാനെഴുതിക്കൊണ്ടിരുന്നത്.
ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ തയാറാക്കാനുള്ള യാത്രകൾ എപ്പോഴും അസ്വാസ്ഥ്യങ്ങളുടേതാണ്. പലപ്പോഴും എന്റെ ചോദ്യങ്ങൾക്ക് ഈച്ചരവാര്യർ മറുപടി പറഞ്ഞില്ല. അത്യഗാധമായ ഒരു മൗനത്തിലേക്ക് വാര്യരുമാഷ് ഇറങ്ങിപ്പോകുന്ന അത്തരം ദിനങ്ങളിൽ കുറിപ്പെടുക്കാതെ ഞാൻ മടങ്ങിക്കൊണ്ടിരുന്നു. ചില കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ഓർമകൾ മാഞ്ഞുപോയിരുന്നു.
‘‘അപ്പുക്കുട്ടനോട് ഒന്നു ചോദിച്ചുനോക്കൂ’’ ഇടക്കിടക്ക് അദ്ദേഹം പറയും. ഒരിക്കൽ ഈച്ചരവാര്യർ പഴയ നാഷനൽ പാനസോണിക്കിന്റെ ടേപ് റെേക്കാഡറിൽ കാസറ്റിട്ട് ഒരു പാട്ടുെവച്ചു. വിഷാദം ചാലിച്ചുപടർന്ന ഒരു ഗാനം. പഴക്കംകൊണ്ട് കാസറ്റിന്റെ നാട വലിയുമ്പോൾ ചിതറിവീഴുന്ന അപസ്വരങ്ങൾ.
‘‘രാജൻ പാടിയ പാട്ടാണ്,’’ ഈച്ചരവാര്യർ പറഞ്ഞു.
‘‘രാജനുള്ളപ്പോൾ ഞാനവന്റെ പാട്ടുകൾ ശ്രദ്ധിച്ചിട്ടില്ല. സഹോദരിമാർക്ക് വേണ്ടിയാണ് അവൻ പാടാറുള്ളത്.’’
ഈച്ചരവാര്യർ ഒരു നിമിഷം നിശ്ശബ്ദനായി. അദ്ദേഹത്തിന്റെ ഒച്ചയിടറിപ്പോയിരുന്നു.
‘‘ഇപ്പ്വൊ അവനില്ല. ഞാനിപ്പോൾ ഇടവിട്ട് അവന്റെ പാട്ടുകേൾക്കുന്നു. അവന്റെ ശബ്ദം എനിക്കെന്തുമാത്രം പ്രിയപ്പെട്ടതാണെന്ന് ഇപ്പോഴാണ് ഞാനറിയുന്നത്.’’
നിയന്ത്രണംവിട്ടു പോകാതിരിക്കാൻ അദ്ദേഹം പുറത്തേക്ക് കണ്ണുകളയച്ചു. അനിയന്ത്രിതമായ ഒരു വികാരം അദ്ദേഹത്തിന്റെ ശരീരത്തെ കീഴടക്കിക്കൊണ്ടിരുന്നു.
2006ൽ 85ാമത്തെ വയസ്സിലാണ് ഈച്ചരവാര്യർ വിടപറയുന്നത്. അന്ന് അദ്ദേഹത്തിന്റെ മൃതദേഹത്തിനരികെ നിൽക്കേ മകനുവേണ്ടി അദ്ദേഹം നടത്തിയ അന്വേഷണങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും മനസ്സ് തെന്നി. പൊലീസ് സ്റ്റേഷനുകളിലേക്കും കോടതികളിലേക്കും നഗരങ്ങളിലേക്കും പത്രമാപ്പീസുകളിലേക്കുമുള്ള ഒരു വൃദ്ധന്റെ നിലക്കാത്ത യാത്രകൾ. അധികാരത്തിന്റെ ശ്രീകോവിലുകളിൽ തന്റെ മകനെ തിരിച്ചുതരിക എന്ന യാചനയോടെ കൂപ്പുകൈയോടെ നിന്ന ഒരു ജ്ഞാനവൃദ്ധന്റെ വിഹ്വലതകൾ. അടക്കിപ്പിടിച്ച നിസ്സഹായമായ കരച്ചിലുകൾ.
രാജന്റെ അമ്മ അവരുടെ മരണം വരെ രാജനെ അന്വേഷിച്ചുകൊണ്ടേയിരുന്നുവെന്ന് ഈച്ചരവാര്യർ പറഞ്ഞിട്ടുണ്ട്. അവരെപ്പോഴും മകനെ സംരക്ഷിക്കാനാവാത്ത ഈച്ചരവാര്യർ എന്ന അച്ഛനെ കുറ്റപ്പെടുത്തി. മകൻ നഷ്ടപ്പെട്ടുവെന്ന് രേഖപ്പെടുത്താൻ തുലനം നഷ്ടപ്പെട്ട അവരുടെ മനസ്സ് ഒരു കാലത്തും തയാറായിരുന്നില്ല.
രാജൻ മരിച്ചുവെന്ന് ഈച്ചരവാര്യർക്ക് ബോധ്യമായിരുന്നു. പക്ഷേ, ഉപബോധത്തിന്റെ ഏതോ അറകളിൽ ഒരുപക്ഷേ, ജീവിച്ചിരിപ്പുണ്ടാകുമെന്ന തോന്നൽ പറ്റിപ്പിടിച്ചുനിന്നു. പട്ടികൾ അകാരണമായി കുരക്കുന്ന രാത്രികളിൽ ശ്രീവിഹാറിന്റെ ചിതലരിച്ച വാതിലുകളിലൊന്നിൽ മുട്ടുകേൾക്കുമെന്ന പ്രത്യാശയോടെ അദ്ദേഹം ഞെട്ടി എഴുന്നേറ്റു. മരണം വരെ രാജൻ എന്ന മകനു ചുറ്റും ആ പ്രാണൻ തീപിടിച്ചപോലെ എപ്പോഴും ചുറ്റിക്കറങ്ങി.
അപ്പുക്കുട്ടൻ വള്ളിക്കുന്ന്,ജയറാം പടിക്കൽ,പുലിക്കോടൻ നാരായണൻ
‘എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്’ എന്ന സർഗസങ്കൽപനം ഇന്ന് മലയാളഭാഷയിൽ നിസ്സഹായമായ നിലവിളികളുടെ രൂപകമായി മാറിയിട്ടുണ്ട്. അത് ഈച്ചരവാര്യർക്കു വേണ്ടി കോറിയിടുന്നത് ആ തേഞ്ഞുതീർന്ന കാൽപാദങ്ങളിൽ ആയിരംവട്ടം നമസ്കരിച്ചുകൊണ്ടാണ്. മുപ്പത്തിനാലോളം ഭാഷകളിലേക്കു പരിഭാഷപ്പെടുത്തപ്പെട്ട ‘ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകം ഈച്ചരവാര്യരുടെ കൊടും ദുഃഖങ്ങളിൽ വെന്തുപോയ ഒരു പത്രപ്രവർത്തകന്റെ പ്രതിരോധവും പ്രായശ്ചിത്തവുമാണ്. അത് ആ മനുഷ്യന്റെ വേവിനും കൊടുംവേദനകൾക്കും ഒരിക്കൽപോലും പരിഹാരമല്ല. അത് ഒരിക്കലും പൂർണമായി ആ വേദനകളെയും പോരാട്ടത്തെയും സ്വാംശീകരിച്ചിട്ടില്ല.
മരണംവരെ കൊടും ദുഃഖങ്ങളെ ചുമന്ന് ഏകാന്തനായി നടന്നുപോയ ഒരാൾ നമുക്കെന്ത് തന്നു എന്ന ചോദ്യം അണയാത്ത കനൽപോലെ ചരിത്രത്തിൽ ബാക്കിയുണ്ട്. മകനെത്തേടിയുള്ള ശപ്തയാത്രയിൽ അയാൾ നമ്മെ ഉണർത്തി. തേഞ്ഞുപോയ പാദങ്ങളിൽ ഭൂമിയിൽ അയാൾ വരച്ച ചിത്രങ്ങൾ ഒരു മഴയിലും മായാതെ പ്രതിരോധത്തിന്റെ ഉപ്പു പടർന്ന് അധികാരത്തിന്റെ ഇടനാഴികളിലേക്ക് പ്രളയജലമായി കുതിച്ചെത്തി. അയാളുടെ ദുർബലമായ ശബ്ദം ഇടിമുഴക്കംപോലെ സ്വേച്ഛാധിപതികളെ വിറപ്പിച്ചു. ആർക്കും നിങ്ങളെ തകർക്കാനാവില്ല എന്ന ജ്ഞാനസ്നാനത്തിൽ അയാൾ നമ്മെ ജീവിതത്തിലേക്ക് ഉയർത്തി.
ചരിത്രത്തിലേക്ക് നിരന്തരം സഞ്ചരിച്ച് ഈച്ചരവാര്യർ എന്ന ഒരച്ഛന്റെ ഓർമകൾ ഒരു പരിചപോലെ അധികാരത്തിന്റെ ഏതൊരമാവാസിയിലും നമ്മുടെ നെഞ്ചോട് ചേർന്നുനിൽക്കുന്നുണ്ട്. കാലം പോരാട്ടത്തിന്റെ മഹാപാഠങ്ങളെ അങ്ങനെയാണ് പുതുക്കിക്കൊണ്ടിരിക്കുക. വാക്കും വരിയും സ്വരവുമായി ഇരച്ചുപെയ്യുന്ന ഈച്ചരവാര്യർ എന്ന സ്മരണയിൽ നിരന്തരം നനഞ്ഞുകൊണ്ടുമാത്രമാണ് നമുക്ക് ആ ജീവിതത്തോട് പ്രായശ്ചിത്തം ചെയ്യാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.