ആദിമ ഗോത്ര ജനതകളായ ഷോംപെൻ, നികോബാറിസ് വിഭാഗങ്ങൾ നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിൽ അധിവസിക്കുന്ന ഭൂമിയാണ് ഗ്രേറ്റ് നികോബാർ ദ്വീപസമൂഹങ്ങൾ. ഗ്രേറ്റ് നികോബാർ പദ്ധതി ഈ േഗാത്രങ്ങളെയും ദ്വീപിനെയും എങ്ങനെയാണ് ബാധിക്കുക? എന്തുകൊണ്ട് പദ്ധതിയെ എതിർക്കപ്പെടണം?
‘‘സമഗ്രാധിപത്യ സ്വഭാവമുള്ള രാജ്യങ്ങൾക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഭാവിയിൽ കനത്ത തിരിച്ചടി നേരിടും. മോശം നിയമവാഴ്ച നിലനിൽക്കുന്ന സമൂഹങ്ങളും ജനങ്ങളെ ചൂഷണം ചെയ്യുന്ന സാമൂഹിക സ്ഥാപനങ്ങളുമാണ് ഒരു രാജ്യത്തിന്റെ സുസ്ഥിര വികസനത്തിലെ പ്രധാന തടസ്സങ്ങൾ’’ എന്ന ശാസ്ത്രജ്ഞരുടെ സുപ്രധാന കണ്ടെത്തലിനാണ് 2024ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊേബൽ സമ്മാനം ലഭിച്ചത്.
വികസനമെന്ന പേരിൽ കോർപറേറ്റ് മുതലാളിത്ത സങ്കൽപങ്ങൾ വെള്ളംതൊടാതെ അംഗീകരിച്ചു നടപ്പാക്കാൻ വെമ്പൽകൊള്ളുന്ന ഭരണകൂടങ്ങൾ നടത്തുന്ന ഇടപെടലുകൾക്ക് പണാധിപത്യത്തിന്‍റെയും ജനാധിപത്യവിരുദ്ധതയുടെയും രൗദ്രഭാവങ്ങളാണുള്ളത്. മനുഷ്യന്‍റെ വികലമായ വികസന ദുരയുടെ മൂർത്തമായതും നികത്താൻ കഴിയാത്തതുമായ പാരിസ്ഥിതിക നാശത്തിന്‍റെ ഏറ്റവും വലിയ രൂപമാകും കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്ന കോർപറേറ്റ് മുതലാളിത്ത താൽപര്യത്തിലുള്ള ഗ്രേറ്റ് നികോബാർ വികസന പദ്ധതി.
കേന്ദ്ര സർക്കാറിന്‍റെ സ്വപ്നപദ്ധതിയായ ഇത് ഇന്ത്യയുടെ കിഴക്കൻ സമുദ്രാതിർത്തിയിൽ മലാക്ക കടലിടുക്കിന് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ദ്വീപിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ ഹോങ്കോങ് ആയി നിർമിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിൽ. ഒരുപക്ഷേ, മനുഷ്യന്‍റെ വികസന ചരിത്രത്തിലെ പാരിസ്ഥിതിക ദുരന്തത്തിന്റെ ഏറ്റവും ഹിംസാത്മകവും ഭീതിദവുമായ മുഖമായിരിക്കും ഗ്രേറ്റ് നികോബാർ പദ്ധതി നടപ്പാക്കിയാൽ ഉണ്ടാവുക. 75,000 മുതൽ 92,000 കോടിവരെ നിക്ഷേപവും മുതൽ മുടക്കും പ്രതീക്ഷിക്കുന്ന ഈ പദ്ധതി മനുഷ്യവർഗം വികസനമെന്ന പേരിൽ പ്രകൃതിയോടും വരുംതലമുറകളോടും ചെയ്യുന്ന കടുത്ത നീതിനിഷേധമാണ്.
അന്തമാൻ-നികോബാർ ദ്വീപ സമൂഹങ്ങളിൽ ഗ്രേറ്റ് നികോബാർ ദ്വീപ് വിവിധതലങ്ങളിലാണ് പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നത്. ഭൗമപരം, പാരിസ്ഥിതികം, ജൈവവൈവിധ്യപരത, നരവംശാടിത്തറ, എന്നീ അപൂർവ സവിശേഷതകളാണ് ഗ്രേറ്റ് നികോബാറിനുള്ളത്.
ഭൗമപരമായ പ്രാധാന്യം
പ്രസ്തുത പദ്ധതി നടപ്പാക്കുന്ന ഭൂപ്രദേശം ഭൂകമ്പ സാധ്യതാ പ്രദേശമായി ഭൗമശാസ്ത്രജ്ഞർ കണക്കാക്കുന്ന പ്രദേശമാണ്. പരിസ്ഥിതി ആഘാത പഠന പ്രകാരം (Environmental Impact Studies) ഭൂകമ്പസാധ്യതയെ പരാമർശിക്കുന്നുണ്ടെങ്കിലും അപകടസാധ്യതയെ (Risk Assessment) നിർണയിക്കാതെയുള്ള കരട് റിപ്പോർട്ടാണ് അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്. പ്രസ്തുത കണ്ടെയ്നർ ടെർമിനൽ പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്ത പ്രദേശത്തിന്‍റെ സമീപത്ത് ഓരോ വർഷവും ശരാശരി 44 ഭൂകമ്പങ്ങൾ വരെ ഉണ്ടാകുന്നു എന്നും കഴിഞ്ഞ 10 വർഷങ്ങളിൽ 442 ഭൂകമ്പങ്ങൾ നടന്നതായുമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്ന ദ്വീപീയ ഭൂപ്രദേശവും അനുബന്ധ പ്രദേശങ്ങളും സ്ഥിരതാ പ്രദേശമായി കാണാൻ കഴിയാത്തതിനാൽ പുനർപരിശോധന വേണമെന്ന വാദവും നിലനിൽക്കുന്നുണ്ട്.
അമേരിക്കൻ ഭൗമശാസ്ത്ര സർവേ റിപ്പോർട്ട് പ്രകാരം ഗ്രേറ്റ് നികോബാർ ദ്വീപിന്‍റെ കേന്ദ്രത്തിന് 150 കിലോമീറ്റർ ചുറ്റളവിൽ, 4.0 മുതൽ 6.0 വരെ തീവ്രത രേഖപ്പെടുത്തിയ 442 ഭൂകമ്പങ്ങൾ 2010നും 2020 നും ഇടയിൽ നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇത്രയും ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത് വലിയ മുതൽമുടക്കിൽ നടത്തുന്ന പദ്ധതികളുടെ സ്ഥിരതയും അത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഉണ്ടാകാവുന്ന അപകട സാധ്യതകളും പരിഗണിക്കാതെയാണ് പദ്ധതിക്ക് അനുമതി നൽകിയിട്ടുള്ളത്.
ഗലാത്തിയ വന്യജീവി സങ്കേതവും ഭീമൻ കടലാമ മുട്ടകളും
ഇന്ദിര പോയന്റിന് അകലെയല്ലാതെ ഗ്രേറ്റ് നികോബാറിന്റെ തെക്കു-കിഴക്കൻ ഭാഗത്തുള്ള അതിമനോഹര തീരമുള്ള കടൽഭാഗമാണ് ഗലാത്തിയ ഉൾക്കടൽ. ഗ്രേറ്റ് നികോബാറിലെ ഏറ്റവുംവലിയ നദിയായ ഗലാത്തിയ കടലിലേക്ക് തുറക്കുന്ന ഇവിടം ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ തീരങ്ങളിലൊന്നാണ്. ഇവിടത്തെ തൂവെള്ളനിറത്തിലെ നനുത്ത മണൽത്തിട്ടകളാണ് നൂറ്റാണ്ടുകളായി ലെതർ ബാക്ക് കടലാമകൾ എല്ലാ ശൈത്യകാലത്തും മുട്ടയിടാൻ തെരഞ്ഞെടുക്കുന്നത്. ഭീമാകാരന്മാരായ ഈ കടലാമകൾ ആസ്ട്രേലിയയുടെയും ആഫ്രിക്കയുടെയും തീരങ്ങളിൽ ജീവിതത്തിന്‍റെ ഏറിയപങ്കും ചെലവഴിക്കുന്ന ഇവ മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനുമാണ് 10,000 കിലോമീറ്റർ സഞ്ചരിച്ച് സുരക്ഷിത കേന്ദ്രമായ നികോബാറിന്‍റെ മണൽത്തിട്ടകളിലേക്ക് എത്തുന്നത്. മനുഷ്യവർഗ ഉൽപത്തിയേക്കാൾ മുമ്പേ തന്നെ നികോബാറിന്റെ തീരങ്ങളിൽ ജീവിതബന്ധം തുടങ്ങിയവരാണ് ലെതർ ബാക്ക് കടലാമകൾ. അവരുടെ ജന്മാവകാശങ്ങളിൽമേലാണ് തുറമുഖ പദ്ധതി കെട്ടിപ്പൊക്കുന്നത്.
1977ൽ മുട്ടയിടുന്ന തീരങ്ങളെയും അവ വിഹരിക്കുന്ന ജലമേഖലയെയും കടലാമകളുടെ സംരക്ഷണവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 11.44 ചതുരശ്ര കിലോമീറ്റർ ഗലാത്തിയ ഉൾക്കടൽ വന്യജീവി സങ്കേതമാക്കാനുള്ള വിജ്ഞാപനം ഉണ്ടായിരുന്നു. 2021ൽ വനം-പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഗലാത്തിയ കടലിടുക്കിനെ ദേശീയ കടലാമ ആവാവാസകേന്ദ്രമായി പ്രഖ്യാപിക്കുകയും ഒരു കർമപദ്ധതി ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ, മന്ത്രി പ്രകാശ് ജാവദേക്കർ കർമപദ്ധതിയിൽ ഒപ്പിടുന്നതിനുമുമ്പുതന്നെ ദേശീയ വന്യജീവി ബോർഡ് ഗലാത്തിയ വന്യജീവി സങ്കേതത്തെ വിജ്ഞാപനത്തിലൂടെ ആ പദവി എടുത്തുകളഞ്ഞു. വന്യജീവിസങ്കേത പദവി എടുത്തുകളയുന്നതിലൂടെ തുറമുഖ പദ്ധതിയുടെ സുഗമമായ നിർമാണ പ്രവർത്തനാനുമതി എളുപ്പമാക്കി.
വന്യജീവി സങ്കേത ങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ തടസ്സങ്ങളുള്ളതിനാലാണ് കേന്ദ്ര സർക്കാർ ഇത്തരം നടപടികൾ രഹസ്യമായി ചെയ്തിരിക്കുന്നത്. വന്യജീവി സംരക്ഷണ പട്ടികയിൽ ഷെഡ്യൂൾ-1 വിഭാഗത്തിൽ വരുന്ന അതീവ സംരക്ഷണം വേണ്ടുന്ന ജീവിയാണ് ലെതർ ബാക്ക് കടലാമകൾ. അവയെയും അവയുടെ ആവാസവ്യവസ്ഥയെയും നശിപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ മുതലാളിത്ത വികസന വികല സങ്കൽപവുമായി മുന്നോട്ടുപോകുന്നത്. 2018ലെ ഉത്തരാഖണ്ഡ് ഹൈകോടതിയുടെ ഉത്തരവ് പ്രകാരം പക്ഷികളും ജലജീവികളും അടങ്ങുന്ന സർവ ജീവജാലങ്ങൾക്കും ജീവിക്കാൻ നിയമപരമായി അർഹതയുണ്ടെന്ന നിയമപരമായ സംരക്ഷണം ഉള്ളപ്പോഴാണ് അതൊക്കെ കാത്തുസൂക്ഷിക്കാൻ ബാധ്യതയുള്ള സർക്കാറുകൾ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നത്.
നരവംശ പൈതൃകം (ആന്ത്രോപോളജിക്കൽ ഹെറിറ്റേജ്)
ദ്വീപസമൂഹങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് പലതരത്തിലും വ്യത്യസ്തത പുലർത്തുന്ന പ്രദേശങ്ങളാണ്. വൈവിധ്യങ്ങളായ സസ്യജന്തുജാലങ്ങളാൽ നിബിഡമായ ദ്വീപസമൂഹമാണ് അന്തമാൻ -നികോബാർ. വിവിധ ആവാസവ്യവസ്ഥകൾ തീർക്കുന്ന അമൂല്യവും വൈശിഷ്ട്യവുമായ വൈവിധ്യം ഈ ദ്വീപസമൂഹങ്ങളെ വ്യത്യസ്തമാക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യം പേറുന്ന ആദിമഗോത്ര ജനസമൂഹങ്ങളുടെ ഗോത്രവർഗ സംസ്കാരവും പൂർവിക പാരമ്പര്യവും ഇഴുകിച്ചേർന്ന പരിണാമഭൂമി എന്നീ നിലകളിൽ ഈ ദ്വീപസമൂഹം പ്രത്യേക പരിഗണനയും സംരക്ഷണവും അർഹിക്കുന്നു.
അന്തമാൻ-നികോബാറിലെ ഓരോ ദ്വീപും അറിവിന്‍റെയും കഥകളുടെയും ഐതിഹ്യങ്ങളുടെയും സാംസ്കാരിക പൈതൃകങ്ങളുടെയും വ്യത്യസ്തമായ ഭൂപ്രദേശമാണ്. ഭൂമധ്യരേഖാ പ്രദേശമായതിനാൽ വർഷം മുഴുവൻ ശരാശരി താപനിലയും ചെറിയ വേനൽകാലവും നീണ്ട നനുത്ത കാലാവസ്ഥയുമാണ് ഇവിടെയുള്ളത്.
കൊളോണിയൽ കാലഘട്ടത്തിലും അതിനുശേഷവും ഈ ദ്വീപസമൂഹങ്ങളിലെ പ്രകൃതിവിഭവങ്ങളിൽ ആധിപത്യം സ്ഥാപിച്ച കടന്നുകയറ്റക്കാർ തദ്ദേശീയ സാമൂഹിക സാമ്പത്തിക വ്യവസ്ഥയെ തകർത്തിട്ടുണ്ട്. വൻതോതിലുള്ള വനനശീകരണം, വൈവിധ്യ ശോഷണം എന്നിവ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി പ്രാദേശിക വർഷപാതത്തിന് കാരണമായി കണക്കാക്കുന്നു. താപനിലകളിലെ വ്യത്യാസം, തെക്കുപടിഞ്ഞാറൻ, വടക്കു-കിഴക്ക് മൺസൂൺ എന്നിവ ലഭിക്കുന്നുണ്ടെങ്കിലും ജലദൗർലഭ്യം നേരിടുന്നു. കാലാവസ്ഥ വ്യതിയാനം ദ്വീപിലെ ഋതുക്കളുടെ വ്യത്യാസത്തിലും വൈവിധ്യശോഷണത്തിനും കാരണമായിട്ടുണ്ട്.
പ്രസ്തുത പദ്ധതി നടപ്പാക്കുന്ന ദ്വീപീയ പ്രദേശം സതേൺ നികോബാറീസ്, അതിദുർബല ഗോത്രവിഭാഗങ്ങളായ ഷോംപെൻ എന്നീ രണ്ട് ആദിമ വിഭാഗങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി ജീവിക്കുന്ന ഇടമാണ്. അതുകൊണ്ടുതന്നെ തദ്ദേശീയ ജനതയുടെ സംരക്ഷണത്തിനായി ഗോത്രസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശവുംകൂടിയാണ്. പദ്ധതി നടപ്പാക്കലിലൂടെ ഈ ആദിമ ഗോത്രജനതയുടെ സാംസ്കാരികവും ജീവനപരവുമായിട്ടുള്ള പാരിസ്ഥിതിക പൈതൃകങ്ങളും ഉന്മൂലനം ചെയ്യപ്പെടുകയും ജീവനാവകാശം കവർന്നെടുക്കുകയുമാണ് ചെയ്യുന്നത്. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക റിപ്പോർട്ട്, വംശീയ വിവേചനം തുടച്ചുനീക്കാനുള്ള അന്തർദേശീയ സർവൈവൽ കമ്മിറ്റി (CERD) എന്നിവരുടെ സംയുക്ത റിപ്പോർട്ടുകൾ പ്രകാരം കേന്ദ്ര സർക്കാറിന്‍റെ ഈ വമ്പൻ വ്യവസായിക പദ്ധതി ഷോംപെൻ വിഭാഗത്തിന്‍റെ നിലനിൽപിന് ഭീഷണിയുയർത്തുന്നതും ഉന്മൂലന സാധ്യത വ്യക്തമാക്കുന്നതുമാണ്. പദ്ധതി അവസാനിപ്പിച്ച് ഗോത്ര ജനതയുടെ നിലനിൽപ് സംരക്ഷിക്കണം എന്നതാണ് റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്.
പാരിസ്ഥിതികാനുമതിയും ദേശീയ ഹരിത ട്രൈബ്യൂണലും
കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) 2022 നവംബർ 11നാണ് ഗ്രേറ്റ് നികോബാർ ദ്വീപിന്‍റെ സമഗ്രവികസനം എന്ന പേരിലുള്ള വമ്പൻ വ്യവസായ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി (EC) നൽകിയത്. പദ്ധതി നടത്തിപ്പിനായി 72,000 കോടിയാണ് നിതി ആയോഗും സംയുക്ത വികസന കോർപറേഷനും ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രധാന ആകർഷണമായ ടൗൺഷിപ് നിർമാണത്തിനുമാത്രം 40,000 കോടിയാണ് കണക്കാക്കുന്നത്. തുറമുഖ പദ്ധതി നിർമാണം നടത്തുന്ന ഗലാത്തിയ ഉൾക്കടൽ ലെതർ ബാക്ക് കടലാമകളുടെ മുട്ടയിടൽ പ്രദേശമാണ്. വംശനാശഭീഷണി നേരിടുന്ന ലോകത്തിലെ അപൂർവം കടലാമകളാണിവ. 160 ചതുരശ്ര കിലോ മീറ്ററിൽ വ്യാപിക്കുന്ന ടൗൺഷിപ് നിർമാണം 130 ചതുരശ്ര കിലോമീറ്റർ പ്രകൃതിദത്ത വനപ്രദേശത്തെ നശിപ്പിച്ചുകൊണ്ടാകും നടപ്പിൽവരുത്തുക. ദ്വീപീയ ആവാസവ്യവസ്ഥയുടെ 18 ശതമാനം കവർന്നെടുത്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
2022ൽ മേയ് 24, 25 തീയതികളിൽ നടന്ന വിദഗ്ധരുടെ അഅപ്രൈസൽ കമ്മിറ്റിയുടെ മിനിറ്റ്സിൽ പറഞ്ഞിരിക്കുന്നത് പ്രസ്തുത പദ്ധതി ഷോംപെനുകളുടെയോ നികോബാറികളുടെയോ ചുറ്റുപാടിനെയോ ജീവിതത്തെയോ ബാധിക്കില്ല എന്നാണ്. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള ജീവിതചുറ്റുപാടുകൾ (Habitat) നഷ്ടപ്പെടാനിടയായാൽ അതിനുള്ള പരിഹാര മാർഗങ്ങൾ നികത്താൻ ഷോംപെൻ ജനതക്ക് അർഹതയുണ്ടായിരിക്കും എന്നതാണ്. ഇതൊരു മുൻകൂർ ജാമ്യമാണ്. കാരണം പ്രസ്തുത പദ്ധതി ഷോംപെൻ ജനതയുടെ ജീവിതഗതിയെ മാറ്റിമറിക്കും. ജീവനോപാധി മാർഗങ്ങളെല്ലാം ക്രമേണ നഷ്ടപ്പെടുത്തുമെന്നുള്ളതിൽ സംശയിക്കേണ്ട. ഈ ഉറപ്പുള്ളതുകൊണ്ടാണ് പരിഹാരമാർഗങ്ങൾ നിർദേശങ്ങളായി മിനുട്സിൽ ഉൾപ്പെടുത്തേണ്ടിവരുന്നത്.
പാരിസ്ഥിതികാനുമതി കൊടുക്കുന്നതിന് മുമ്പുതന്നെ ഇതേ മന്ത്രിസഭ വനം വെട്ടാനുള്ള അനുമതി നൽകി. ഫോറസ്റ്റ് അഡ്വൈസറി കമ്മിറ്റി (FAC) 130 ചതുരശ്ര കിലോമീറ്റർ വന മേഖല വെളുപ്പിക്കാൻ അംഗീകാരം നൽകി. അതിനുപകരമായി 2000 കിലോ മീറ്ററിന് അകലെ ഹരിയാനയിൽ മരംവെച്ചുപിടിപ്പിച്ചുകൊണ്ട് പരിഹാരം നിർദേശിച്ചുകൊണ്ടുള്ള വിചിത്രമായ നടപടിയാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്. ലക്ഷോപ ലക്ഷം വർഷ പരിണാമ പാരമ്പര്യത്തിൽ നിലനിന്നുവരുന്ന ലോകത്തിലെതന്നെ അപൂർവവും അസാധാരണവുമായ സസ്യ, ജന്തുജാല വൈവിധ്യ ഭൂമികയെ വ്യവസായിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാവനമായ ആവാസവ്യവസ്ഥയെ മുച്ചൂടും നശിപ്പിക്കുന്നതിന് പകരമായി 2000 കിലോമീറ്റർ അകലെ ആരവല്ലി പർവതനിരകൾക്ക് കീഴിലായി വരണ്ട ഭൂമിയിൽ വനം െവച്ചുപിടിപ്പിക്കാമെന്ന യമണ്ടൻ കണ്ടെത്തലുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
പരിസ്ഥിതി സംരക്ഷണം, വന സംരക്ഷണം, പ്രകൃതി വിഭവ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഉചിതമായ തീർപ്പുകൽപിക്കൽ, ശാസ്ത്രീയ അടിത്തറയും പാരിസ്ഥിതിക തത്ത്വങ്ങളും പരിഗണനയും അടിസ്ഥാനപ്പെടുത്തി നീതിനടപ്പിലാക്കുകയും ചെയ്യുക എന്ന വലിയ ഉത്തരവാദിത്തമുള്ള ദേശീയ ഹരിത ട്രൈ ബ്യൂണൽ ഗ്രേറ്റ് നികോബാറിന്‍റെ കാര്യത്തിൽ എടുത്തിരിക്കുന്ന മൗനവും നിസ്സംഗതയും നീതിയോട് ചേർന്നുനിൽക്കുന്നതല്ല.
അടിമുടി ദുരൂഹമായ സമ്മതപത്രം
വനപ്രദേശങ്ങളിൽ നടപ്പാക്കുന്ന ഏതൊരു വികസനപ്രവർത്തനത്തിനും വനാനുമതി (forest clearance) ആവശ്യമാണ്. അത് ലഭ്യമാകാൻ വനപരിസ്ഥിതി മന്ത്രാലയത്തിന്‍റെ വന ഉപദേശകസമിതിയുടെ അംഗീകാരം ആവശ്യമാണ്. വനസംരക്ഷണ നിയമപ്രകാരം കർശനമായും ഉപദേശക സമിതിയുടെ പദ്ധതിനിർദേശങ്ങളെ സൂഷ്മപരിശോധന നടത്തിയിരിക്കണമെന്നുള്ളതാണ്. എന്നാൽ, ഇവിടെ ആ പ്രക്രിയ നടത്തിയിട്ടില്ല. ഒന്നാംഘട്ട അനുമതി നൽകിയതിനുശേഷം 2020 മുതൽ 2022 വരെയുള്ള രണ്ടുവർഷക്കാലം 20ഓളം മീറ്റിങ്ങുകൾ നടന്നിട്ടും ഗ്രേറ്റ് നികോബാർ പദ്ധതിയെ പറ്റി അജണ്ടയിലോ മിനുട്സിലോ പരാമർശിച്ചിട്ടില്ല. എന്നുവെച്ചാൽ വന ഉപദേശക സമിതി ഗ്രേറ്റ് നികോബാർ പദ്ധതി ചർച്ചചെയ്തിട്ടില്ല എന്നാണ്.
എങ്ങനെയാണ് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കവും മനുഷ്യജീവി പരിണാമവ്യവസ്ഥയെ കാത്തുസൂക്ഷിക്കുന്ന അമൂല്യവുമായ, ദുർബല ആവാസവ്യവസ്ഥയുമുള്ള അപൂർവ മഴക്കാടുകളെ കോർപറേറ്റ് മുതലാളിത്ത വികസനത്തിനായി നശിപ്പിക്കുക?
അതിന് പകരം രണ്ടായിരം കിലോമീറ്റർ അകലെ ആരവല്ലി മലനിരകളുടെ വരണ്ട ഭൂപ്രദേശത്ത് സഫാരി പണിഞ്ഞ് നികോബാറിൽ നഷ്ടപ്പെട്ട പരിസ്ഥിതി വീണ്ടെടുക്കുമെന്ന് പ്രഖ്യാപിക്കണമെങ്കിൽ എത്രത്തോളം അജ്ഞതയും നിരുത്തരവാദിത്തവുമുള്ള ഭരണകർത്താക്കളാണ് രാജ്യം ഭരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം ഭരണകൂടങ്ങൾ വരുംതലമുറകളുടെ ജീവിക്കാനുള്ള അവകാശങ്ങളെ മുച്ചൂടും നശിപ്പിച്ചാണ് വികസന സങ്കൽപം സാധ്യമാക്കുന്നത്.
ആദിമ ഗോത്രജനതകളായ ഷോംപെൻ, നികോബാറിസ് വിഭാഗങ്ങൾ നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിൽ അധിവസിക്കുന്ന ഭൂമിയാണ് ഗ്രേറ്റ് നികോബാർ ദ്വീപസമൂഹങ്ങൾ. 1969 മുതൽ 1980 വരെ 330ഓളം വിമുക്തഭടന്മാരുടെ കുടുംബങ്ങളെകൂടി ഏഴ് ഗ്രാമങ്ങളിൽ വിന്യസിച്ചു. ഈ മൂന്നുവിഭാഗങ്ങൾകൂടി ചേർന്നതാണ് ഗ്രേറ്റ് നികോബാറിലെ ജനസംഖ്യ. 2011 ലെ കാനേഷുമാരി പ്രകാരം 8367 ആണ് ഈ ദ്വീപിലെ മൊത്തം ജനസംഖ്യ. ഇവരിൽ അതിദുർബല ഗോത്രപാരമ്പര്യം ഉള്ളവരാണ് ഷോംപെനുകൾ. 2022ലെ കണക്കുകൾ പ്രകാരം 245 ആണ് ഇവരുടെ മൊത്തം ജനസംഖ്യ. വേട്ടയാടിയും നായാടിയും ജീവനമാർഗം കണ്ടെത്തുന്നവരാണിവർ. 1200ഓളം നികോബാറീസുകൾ ഗ്രേറ്റ് നികോബാറിന്‍റെ തീരത്തു താമസക്കാരായിട്ടുണ്ട്. 2004ലെ സൂനാമി ഔദ്യോഗിക കണക്കുപ്രകാരം 3449 ആണെങ്കിലും 10,000 ഓളം നികോബാറിസുകളെയും ഗ്രാമങ്ങളെയും വിഴുങ്ങി. ശേഷിച്ചവർക്ക് തിരികെ ഗ്രാമങ്ങളിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല.
തുറമുഖ നിർമാണവും വെല്ലുവിളികളും
പദ്ധതിയുടെ സാമ്പത്തികവും വാണിജ്യപരവുമായ സാധ്യതയെപ്പറ്റി വലിയതരത്തിലുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. നാലുഘട്ടങ്ങളിലായുള്ള തുറമുഖ നിർമാണത്തിനുമാത്രമായി 5 ബില്യൺ യു.എസ് ഡോളർ ആണ് കണക്കാക്കിയിരിക്കുന്നത്. 2058ൽ പൂർണമാകുന്ന ഈ പദ്ധതിയിൽ പൊതു-സ്വകാര്യ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. അത്തരം കാര്യങ്ങളുടെ സുതാര്യത ഇതുവരെയും വെളിപ്പെട്ടിട്ടില്ലാത്തതിനാൽ രാഷ്ട്രീയപരവും നയതന്ത്രപരവും ആയ മറ്റുള്ള കാര്യങ്ങളെ കുറിച്ചുള്ള വിശദീകരണം വെല്ലുവിളിയുയർത്തുന്നുണ്ട്.
ഷോംപെൻ ഗോത്രത്തിൽപെട്ട വയോധികനും ചെറുപ്പക്കാരനും തോണിയിൽ മീൻവേട്ടക്കിറങ്ങിയപ്പോൾ
ആരാണ് ഷോംപെൻ ജനത?
തെക്കൻ അന്തമാൻ നികോബാർ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന അതിദുർബല ഗോത്രജനവിഭാഗമാണ് ഷോംപെനുകൾ. 300 പേരിൽ മാത്രം ജനസംഖ്യയുള്ള ജനതയാണിത്. പതിനായിരം വർഷങ്ങൾക്കുമുമ്പ് ഇവരുടെ പൂർവികർ ഇവിടെ എത്തിച്ചേർന്നവരാണെന്ന് അനുമാനിക്കുന്നു. ഗ്രേറ്റ് നികോബാറിനെ വൈവിധ്യപൂർണമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജനവിഭാഗങ്ങളാണിവർ. ഷോംപെനുകളും അവരുമായി അടുത്തബന്ധം പുലർത്തുന്ന മറ്റൊരു തദ്ദേശീയ ജനതയായ നികോബാറീസും 95 ശതമാനം ഉഷ്ണമേഖല മഴക്കാടുകളും 50ഓളം തദ്ദേശീയ സസ്യജന്തുജാലങ്ങളും ചേർന്ന് ഗ്രേറ്റ് നികോബാറിനെ വൈവിധ്യപൂർണമാക്കുന്നു.
പ്രസ്തുത പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്ത പ്രദേശത്തോട് ചേർന്ന് അതിജീവിക്കുന്ന ജനവിഭാഗങ്ങളാണിവർ. ദ്വീപുകളുടെ താഴ്വരകളിലെ പൂക്കൈത ചെടികളിലെ പഴങ്ങളും (Pandanus fruit) മഴക്കാടുകൾക്കുള്ളിൽ തലങ്ങനെയും വിലങ്ങനെയും ഒഴുകി സമൃദ്ധമാക്കുന്ന ആദിമഗോത്രങ്ങൾ റൂഹി (Ruhi) എന്ന ഓമനപ്പേരിനാൽ വിളിക്കുന്ന നദീവ്യൂഹ വ്യവസ്ഥയും ചേർന്നാണ് നായാടി ജീവിക്കുന്ന ഈ തദ്ദേശീയ ജനവിഭാഗത്തിന്‍റെ ജീവനരഹസ്യം. ഇണയെ കണ്ടെത്താനും വിവാഹം, ദേശാടനം, നിത്യജീവന മാർഗങ്ങൾ എന്നിവയിലെല്ലാം റൂഹി നദീവ്യവസ്ഥ മുഖ്യമായ പങ്കാണ് ഷോംപെനുകളുടെ ജീവിതത്തിൽ വഹിക്കുന്നത്. പുറത്തുനിന്നുള്ള ഒരു ബന്ധവും താൽപര്യപ്പെടാത്ത ജനനവിഭാഗമാണിവർ. കുറഞ്ഞ രോഗപ്രതിരോധശേഷി ഉള്ള ഈ ജനനസമൂഹത്തിന് പുറത്തുനിന്നുള്ള ഏതൊരുകടന്നുകയറ്റവും ഭീഷണിയുയർത്തും. അത് ആ ജനതയുടെ ഉന്മൂലനത്തിലേക്ക് നയിക്കും.
പദ്ധതി ഷോംപെനുകളെ ബാധിക്കുന്നതെങ്ങനെ?
ഒന്നാമതായി ഈ പദ്ധതി വിഭാവനം ചെയ്യുന്നത് അന്തർദേശീയ നിലവാരമുള്ള വിമാനത്താവളം, വ്യവസായ പാർക്ക്, പ്രകൃതിവാതക പ്ലാന്‍റ് കൂടാതെ, ടൂറിസം എന്നിവയാണ്. ഇവക്കെല്ലാം കൂടി 244 ചതുരശ്ര കിലോമീറ്റർ സ്ഥലം വേണ്ടിവരുന്നുണ്ട്. അതിൽ 130 കിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കേണ്ടിവരുകയും അതുമൂലം ദ്വീപിന്റെ മൂന്നിലൊരുഭാഗം പദ്ധതി നടത്തിപ്പിനായി നഷ്ടപ്പെടുകയും ചെയ്യും. ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന ഷോംപെനുകളുടെയും നികോബാറികളുടെയും സംരക്ഷണമേഖലയായ ഭൂപ്രദേശങ്ങളുടെ ഭാഗവും ഇതിലുൾപ്പെടും. 2004ലെ സൂനാമിയിൽ നികോബാറിൻസുകളും ഈ ഭൂപ്രദേശത്തിന്‍റെ നല്ലൊരുഭാഗവും നഷ്ടപ്പെടുകയും ചെയ്തിരുന്നു.
രണ്ടാമതായി, 10 ദശലക്ഷം അപൂർവങ്ങളായ മരങ്ങൾ വെട്ടിനശിപ്പിച്ചുകൊണ്ടാണ് ടൗൺഷിപ് പദ്ധതി നടപ്പാക്കുന്നത്. അമേരിക്കൻ നഗരമായ ലാസ് വേഗാസിനെ കിടപിടിക്കുന്ന തരത്തിലുള്ള നഗരപദ്ധതിയിൽ ഉദ്ദേശിക്കുന്ന താമസക്കാരുടെ എണ്ണം ഇപ്പൊഴത്തെ ദ്വീപിലെ ജനസംഖ്യയുടെ 80,000 ശതമാനം കൂടുതലാകും എന്നാണ്. 6,50,000 പേരെ താമസിപ്പിക്കാനുള്ള നഗരപദ്ധതിയാണ് ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഈ കടന്നുകയറ്റം വിഭവചൂഷണത്തിന് വഴിയൊരുക്കുകയും ഷോംപെനുകളുടെ മഴക്കാടുകളിലെ നിലനിൽപിന് കൂടുതൽ സമ്മർദം ഉണ്ടാക്കുകയും ചെയ്യും.
പദ്ധതി നടത്തിപ്പിനായുള്ള ഭൂമി തരംമാറ്റൽ, പാറകളും കല്ലുകളും പൊട്ടിക്കൽ, തുരക്കൽ, പോലുള്ളവയിലൂടെ പുറന്തള്ളുന്ന മാലിന്യം ഇവരുടെ സ്വൈരവിഹാരത്തെ ദോഷകരമായി ബാധിക്കും. അവരുടെ ജീവന മാർഗങ്ങളായ കൂട്ടുചേർന്നുള്ള വേട്ടയാടലിനും ഭക്ഷണശേഖരണത്തിനും, മീൻപിടിത്തം, കോഴി -പന്നി എന്നിവ വളർത്തൽ തെങ്ങ്, കമുക് കൃഷി എന്നിവക്കും തടസ്സം സൃഷ്ടിക്കും. പദ്ധതി വിഭാവനം ചെയ്യുന്ന വമ്പൻ തുറമുഖ നിർമാണം ദ്വീപീയ നദിയായ ഗലാത്തിയയുടെ ഒഴുക്കിനെ അടക്കുകയും ഷോംപെനുകളുടെ ജീവനാഡിയായി ഒഴുകുന്ന റൂഹി നദീവ്യവസ്ഥയെ താളംതെറ്റിക്കുകയും താഴ്വരകളിലെ സസ്യജാലങ്ങളുടെ പോഷണത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. അവരുടെ നിത്യാഹാരമായ കൈതച്ചെടിയുടെ നാശത്തിലേക്കും നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഇത്തരം പ്രത്യാഘാതങ്ങൾ ഉറപ്പായും ഷോംപെനുകളുടെ ആവാസവ്യവസ്ഥയെയും അവരുടെ വിഭവങ്ങളെയും നാശത്തിലേക്കും അവരെതന്നെ വിസ്മൃതിയിലേക്കും നയിച്ചേക്കും. ബ്രിട്ടീഷ് കൊളോണിയൽ കടന്നുകയറ്റവും ഇന്ത്യൻ കുടിയേറ്റക്കാരും വരുത്തിയ രോഗവും പരിസ്ഥിതി നാശവും തദ്ദേശീയ ജനവിഭാഗങ്ങളായ അന്തമാനിലെ 99 ശതമാനം അന്തമാനിസുകളുടെയും 85 ശതമാനം ഓംഗസ് ജനതയുടെയും നാശത്തിന് കാരണമായതുപോലെ ഗ്രേറ്റ് നികോബാർ പദ്ധതി അവശേഷിച്ച മറ്റു തദ്ദേശീയ ഗോത്ര ജനവിഭാഗങ്ങളുടെ അടിവേരറുക്കും എന്നതിൽ സംശയിക്കേണ്ടതില്ല. ഇന്ത്യ ഗവൺമെന്റിന്റെ തന്നെ 2021ൽ തയാറാക്കിയ പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിൽ ഗ്രേറ്റ് നികോബാർ പദ്ധതിയുടെ പരിസ്ഥിതി ആഘാതപഠനം തന്നെ ശരിവെക്കുന്ന കാര്യം ആ ആവാസവ്യവസ്ഥയിലെ ഏതുതരത്തിലുള്ള വ്യതിയാനവും ഷോംപെനുകളുടെ നിലനിൽപിന് ഭീഷണിയുയർത്തും എന്നാണ്.
ഷോംപെൻ ഗോത്ര വിഭാഗത്തിൽപെട്ട ഒരുകൂട്ടം യുവാക്കൾ അവരുടെ കുടിലിന് സമീപം
അന്തർ ദേശീയവും ദേശീയവുമായ നിയമലംഘനം
പ്രസ്തുത പദ്ധതി തദ്ദേശീയ ജനനവിഭാഗങ്ങളുടെ ജീവനാവകാശങ്ങളെ എങ്ങനെയാണ് അട്ടിമറിക്കുന്നത് എന്നാൽ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തെയും സ്വയം നിർണയാവകാശത്തെയും (Self Determination) തടസ്സപ്പെടുത്തുന്നതിലൂടെയാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനമായ തദ്ദേശീയ ജനതയുടെ ജീവിക്കാനുള്ള അവകാശം, 2007ലെ എല്ലാതരം വംശീയ വിവേചനവും നിർത്തലാക്കാനുള്ള അന്തർദേശീയ കൺവെൻഷൻ, 1969ലെ അന്തർദേശീയ തൊഴിലാളി സംഘടനയുടെ നിയമപ്രകാരമുള്ള സ്വാതന്ത്ര്യവും മുൻക്കൂറായിട്ടുള്ള അനുമതിനേടിയെടുക്കൽ എല്ലാംതന്നെ ലംഘിച്ചുകൊണ്ടുള്ളതാണ്. ഈ ലംഘനങ്ങളെല്ലാം തന്നെ അതിദുർബല ഗോത്രവിഭാഗങ്ങളെ ഭൂമിയിൽ നിന്നുതന്നെ തുടച്ചുനീക്കും.
മുൻകൂർ അനുമതി നേടാത്തതുകൊണ്ടുതന്നെ ദേശീയ പട്ടികവർഗ കമീഷൻ ഭരണഘടനയുടെ ആർട്ടിക്കിൾ 338 A (9)ന്റെ ലംഘനമാണെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല 2006ലെ വനനിയമ ലംഘനവുംകൂടിയാണിത്. 2015ലെ ഷോംപെൻ ഗോത്രവർഗ നയത്തിന്‍റെ (Policy on Shompen Tribe of Great Nicobar Island) ലംഘനം കൂടിയാണ്. അതുപ്രകാരം ഷോംപെനുകളുടെ അഖണ്ഡതയും ക്ഷേമവും നിലനിർത്തികൊണ്ടുമാത്രമേ വമ്പൻ വികസന പദ്ധതികൾ ദ്വീപിൽ നടത്താൻ പാടുള്ളൂ. എന്നാൽ, നിലവിൽ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് പ്രസ്തുത കോർപറേറ്റ് മുതലാളിത്ത വികസന പദ്ധതി കേന്ദ്രസർക്കാർ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നത്.
2024ൽ 13 രാജ്യങ്ങളിൽനിന്നുള്ള വംശഹത്യയെ കുറിച്ച് പഠനംനടത്തുന്ന 39 പേരടങ്ങുന്ന സംഘം ഇന്ത്യൻ രാഷ്ട്രപതിക്കയച്ച തുറന്ന കത്തിൽ പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ഷോംപെൻ ജനതയെ വംശഹത്യയിലേക്ക് തള്ളിവിടുമെന്നും അതൊരു അന്തർദേശീയ കുറ്റകൃത്യത്തിന് തുല്യമാണെന്നും അതിനാൽ എത്രയും വേഗം പദ്ധതി നിർത്തണമെന്നുമാണ് പറഞ്ഞിരുന്നത്. 2024ൽ 12 പേരടങ്ങുന്ന മറ്റൊരു ഇന്ത്യൻ നരവംശശാസ്ത്രജ്ഞരുടെ തുറന്ന കത്തിൽ പറയുന്നത് ഈ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ തദ്ദേശീയ ഗോത്രങ്ങൾ ഭൂമിയിൽനിന്നുതന്നെ തുടച്ചുനീക്കപ്പെടുമെന്നാണ്.
തുറമുഖനിർമാണപ്രവർത്തനങ്ങൾ ഗലാത്തിയ ഉൾക്കടലിൽ നടത്തുന്ന ആഴത്തിലുള്ള മണ്ണെടുക്കൽ (Dredging), റൺവേ നിർമാണത്തിനായി വെട്ടിനിരത്തുന്ന ആയിരകണക്കിന് ഏക്കർ മഴകാടുകൾ, തുറമുഖം, ഭവനനിർമിതി എന്നിവ കടൽത്തീര ആവാസവ്യവസ്ഥയെ മുച്ചൂടും നശിപ്പിക്കും. ഭൂകമ്പ സാധ്യത ഏറിയ പ്രദേശമായതിനാൽതന്നെ നിർമാണപ്രവർത്തനങ്ങളും മറ്റും അതിന്‍റെ സാധ്യതയെ കൂട്ടും. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കുന്ന ഈ പദ്ധതി ദൂരവ്യാപകങ്ങളായതും തിരുത്താൻ കഴിയാത്തതുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
അരുവി മുറിച്ചുകടക്കുന്ന, ഗ്രേറ്റ് നികോബാർ ദ്വീപിലെ ഷോംപെൻ ഗോത്ര വിഭാഗത്തിൽപെട്ട യുവാക്കൾ
വികസനത്തിെന്റ ഇരകളും വംശീയക്കുരുതിയും
ലോകത്ത് ആഫ്രിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആദിവാസി ജനത അധിവസിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2011 ലെ കാനേഷുമാരി പ്രകാരം 705 ആദിവാസി വിഭാഗങ്ങൾ ഇന്ത്യയുടെ 26 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വസിച്ചുവരുന്നു. അതിൽ 75 വിഭാഗങ്ങൾ ദുർബല ഗോത്ര വിഭാഗങ്ങളാണ്. ആന്ധ്രപ്രദേശിലും ഒഡിഷയിലുമാണ് ഗോത്രവിഭാഗങ്ങളിൽ 25 വിഭാഗങ്ങൾ അധിവസിക്കുന്നത്. മൊത്തം ഇന്ത്യൻ ജനസംഖ്യയുടെ 8.6 ശതമാനം വരുന്ന ആദിവാസി ജനതയുടെ ജനസംഖ്യ 10.42 കോടിയാണ്. ഇതിൽ മൊത്തം ആദിവാസി ജനതയുടെ 9.38 കോടി മനുഷ്യരും ഉൾനാടൻ ഗ്രാമങ്ങളിലോ വനങ്ങളിലോ മറ്റു പ്രാന്തപ്രദേശങ്ങളിലോ ആണ് ജീവിക്കുന്നത്. 1.04 ശതമാനം മാത്രമാണ് നഗരപ്രദേശങ്ങളിൽ താമസിക്കുന്നത്.
മറ്റുജനവിഭാഗങ്ങളെ താരതമ്യം ചെയ്യുമ്പോൾ വികസന പദ്ധതികളുടെ പേരിൽ ഏറ്റവും കൂടുതൽ പുറന്തള്ളപ്പെടുന്ന ജനവിഭാഗം ആദിവാസി ജനതയാണ്. 1990 വരെ ഇന്ത്യയിൽ വിവിധ വമ്പൻ വികസന പദ്ധതികളുടെയും ദേശീയോദ്യാന നിർമിതികളുടെയും ഭാഗമായി 85.39 ലക്ഷം ആദിവാസി ഗോത്രവിഭാഗങ്ങൾ പുറന്തള്ളപ്പെട്ടിട്ടുണ്ട്. രാജ്യത്ത് മൊത്തം വികസനത്തിന്റെ ഭാഗമായി പുറന്തള്ളപ്പെട്ട മൊത്തം മനുഷ്യരുടെ 55.16 ശതമാനവും ആദിവാസികളായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എങ്ങനെയാണ് പാർശ്വവത്കൃത ജനവിഭാഗങ്ങൾ ഭൂരഹിതരായി തീരുന്നത് എന്ന് മനസ്സിലാക്കാൻ ഇതിൽപരം വേറെ ചിന്തിക്കേണ്ടകാര്യമില്ല.
ഇന്ത്യയിൽ വികസന പദ്ധതികളുടെ ഭാഗമായി പുറന്തള്ളപ്പെട്ട ആദിവാസികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം പ്രധാനമന്ത്രി മോദിയുടെ ഗുജറാത്താണ്. 44. 43 ശതമാനമാണ് (18, 21,283) ഗുജറാത്തിൽ പുറന്തള്ളപ്പെട്ട ആദിവാസികളുടെ എണ്ണം. ഝാർഖണ്ഡിലും ഒഡിഷയിലും 40 ശതമാനമായിരുന്നു. ആന്ധ്രയിൽ 30 ശതമാനവും അസമിൽ 22 ഉം വെസ്റ്റ് ബംഗാളിൽ 19 ശതമാനവുമായിരുന്നു വമ്പൻ വ്യവസായ പദ്ധതികളുടെയും വികസനകളുടെയും ഫലമായി കുടിയിറക്കപ്പെട്ട ആദിമഗോത്രനിവാസികളുടെ കണക്കുകൾ.
ലോകത്തിൽ ഏറ്റവും കൂടുതൽ ഡാമുകൾ നിർമിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സ്വാതന്ത്ര്യാനന്തര ഇന്ത്യ നിർമിച്ചിട്ടുള്ള ഡാമുകളുടെ എണ്ണം 4291 ആണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ മനുഷ്യർ സ്വന്തം വാസ സ്ഥലങ്ങളിൽനിന്നും പുറന്തള്ളപ്പെട്ട (Displacement) വികസന പദ്ധതി ഡാം നിർമാണവുമായി ബന്ധപ്പെട്ടാണ്. വികസന പദ്ധതികളുടെ ഭാഗമായി പുറന്തള്ളപ്പെടുന്ന മനുഷ്യൻ അവന്റെ തനത് ആവാസവ്യസ്ഥയിൽനിന്നും ഗോത്രപൈതൃകങ്ങളിൽനിന്നും സാമൂഹികവും സാംസ്കാരികവുമായ പാരമ്പര്യങ്ങളിൽനിന്നും നിഷ്കരുണം ആട്ടിപ്പായിക്കപ്പെടുന്നു.
ഡാമുകൾ ദേശീയോദ്യാനങ്ങൾ സാങ്ച്വറികൾ, റോഡുകൾ, ഹൈവേ നിർമാണം, ഖനനം തുടങ്ങിയ വമ്പൻ വികസനപദ്ധതികൾ അടിസ്ഥാന ജനതകളായ ആദിവാസികളെ കുടിയിറക്കുന്നു. ഇത്തരം വ്യവസ്ഥാപിത പുറന്തള്ളൽ എങ്ങനെയാണ് ആദിമഗോത്രവിഭാഗങ്ങളെ ബാധിക്കുന്നതെന്നുള്ള ധാരാളം പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒഡിഷയിൽ നടപ്പിലാക്കിയ രംഗാളി ജലവൈദ്യുതി പദ്ധതി തൊഴിലില്ലായ്മ 9 മുതൽ 43.6 ശതമാനം വർധിച്ചതായും ഭൂരഹിതരായ മനുഷ്യരുടെ ശതമാനം ഇരട്ടിയായെന്നും പഠനങ്ങൾ പറയുന്നു.
കോർപറേറ്റ് മുതലാളിത്ത വികസനത്തിന്റെ പേരിൽ ഇന്ത്യയിൽ തുടർന്നുവരുന്ന ഇത്തരം ഇരകളാക്കുന്ന ആദിവാസി ഗോത്രങ്ങളുടെയും അടിസ്ഥാന വർഗ ജനതകളുടെ തുടർച്ചയായിവേണം അതീവ സംരക്ഷണം ആവശ്യമായ ഷോംപെൻ ഗോത്രവിഭാഗങ്ങളുടെ വംശീയ പുറന്തള്ളലിനേയും കാണാൻ. എന്തു വിലകൊടുത്തും കോർപറേറ്റ് മുതലാളിത്ത താൽപര്യത്തിനായി ഒരുക്കുന്ന ഈ വികല വികസന പദ്ധതിയെ തടസ്സപ്പെടുത്തിയേ മതിയാവൂ. അതാണ് ഉത്തരവാദിത്തമുള്ള മനുഷ്യനെന്ന നിലയിൽ പ്രകൃതിയോടും വരും തലമുറകളോടും കാണിക്കാവുന്ന കടമ.
---------------------
ഗ്രന്ഥസൂചിക
United States Geological Survey Report (2010- 2020)
Survival International Report, How India Plans to Sacrifice One of the World’s Most
Isolated Tribes to Create “The New Hong Kong”
S.N.H Rizvi, The Shompen: Vanishing Tribe of the Great Nicobar Island, 1990
Pre- Feasibility Report, Holistic Development of Great Nicobar Island at Andaman and
Nicobar Island, 2021
Pankaj Sekhsaria, The Great Nicobar Betrayal, 2024
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.