വാർത്തകൾ ഇങ്ങനെയാണോ റിപ്പോർട്ട് ചെയ്യേണ്ടത്?

കേരളത്തിലെ വാർത്താചാനലുകൾ ഗൗരവമായ ചർച്ചക്ക് വിധേയമാണ്. വാർത്തകൾ അവതരിപ്പിക്കുന്ന വിധം, അവതാരകർ വിധികർത്താക്കളാകുന്നത്, നിഷ്പക്ഷരല്ലാത്തത് എന്നിങ്ങനെ വിവിധ ആരോപണങ്ങൾ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ മാധ്യമമേഖലയുമായി ബന്ധപ്പെട്ട് ​ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ നാലുപേർ നടത്തുന്ന ഗൗരവ ചർച്ചയാണ് തുടർന്നുള്ളത്.

‘‘മാധ്യമപ്രവര്‍ത്തകര്‍ തനിക്കുചുറ്റു നടക്കുന്ന എല്ലാ കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്ന ഒരു നിഷ്പക്ഷ നിരീക്ഷകനായിരിക്കണം. അവന്‍ ചുറ്റും നടക്കുന്ന ഒരു വാര്‍ത്താസംഭവത്തിലും ഒരു സജീവ പങ്കാളിയായി മാറരുത്.’’

1922ല്‍ വാള്‍ട്ടര്‍ ലിപ്മാന്‍ പറഞ്ഞ ഈ വാക്കുകള്‍ ഇന്നും നമ്മുടെ മാധ്യമ പരിശീലന ക്ലാസുകളില്‍ പതിവായി ഉപയോഗിക്കുന്ന അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നുതന്നെയാണ്. എന്നാല്‍, ഇന്ന് നമ്മുടെ മാധ്യമ സംസ്‌കാരം പ്രത്യേകിച്ച് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തകർകൂടി എല്ലാ വാര്‍ത്താസംഭവങ്ങളിലും സജീവ പങ്കാളികളാകുന്ന മാധ്യമപ്രവര്‍ത്തനശൈലിയെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

ഒരു മരണം റിപ്പോട്ട് ചെയ്യാന്‍ പോയാല്‍ അവിടെ ഏറ്റവും നന്നായി കരയാനും സമരം കവര്‍ ചെയ്യുമ്പോള്‍ ഏറ്റവും നന്നായി മുദ്രാവാക്യം വിളിക്കാനും കലാമേളയാണെങ്കില്‍ ഏറ്റവും നന്നായി ഡാന്‍സ് കളിക്കാനും കായികമേളയാകുമ്പോള്‍ നന്നായി ഓടാനും സാധിക്കുന്നവര്‍ ഇന്ന് ഏറ്റവും നല്ല മാധ്യമപ്രവര്‍ത്തകരായി മാറുകയാണ്. സമാധാനമായി പറഞ്ഞ് അവസാനിപ്പിക്കേണ്ട സാധാരണ വാര്‍ത്താസംഭവങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രണ്ട് റൗണ്ട് അലറിവിളിച്ചാല്‍ ആ വാര്‍ത്തയുടെ റിപ്പോർട്ടിങ്ങും മനോഹരമായി എന്ന് വിലയിരുത്തുന്ന നിലയിലേക്ക് നമ്മുടെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന്റെ ശൈലിമാറ്റം സംഭവിച്ചിരിക്കുകയാണ്.

നാലു പതിറ്റാണ്ടിന്റെ ചരിത്രമേ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ക്ക് ഉള്ളൂവെങ്കിലും ഈ 40 വര്‍ഷംകൊണ്ട് നമ്മുടെ ടെലിവിഷന്‍ വാര്‍ത്താസംസ്‌കാരം നിരവധിയായ പരിണാമങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയെല്ലാംതന്നെ തകര്‍ത്തെറിഞ്ഞുകൊണ്ട് ഇപ്പോള്‍ നടക്കുന്ന ദൃശ്യമാധ്യമപ്രവര്‍ത്തനശൈലിയെ അക്കാദമിക്കലായി തന്നെ വിലയിരുത്താനുള്ള ശ്രമമാണ് ഇത്. മാധ്യമമേഖലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന നാല് അംഗങ്ങളുള്ള ഒരു പാനല്‍ സംവാദാത്മകമായി തന്നെ ഇന്നിന്റെ ദൃശ്യമാധ്യമപ്രവര്‍ത്തന ശൈലികളെ വിലയിരുത്തുകയാണ് ഇവിടെ.

ഒന്നാമത്തെ പാനലിസ്റ്റ് മലയാളത്തിലെ ഏറ്റവും മുതിർന്ന ദൃശ്യമാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്ററും മീഡിയവണ്‍ ചാനലിന്റെ മുന്‍ എഡിറ്റർ ഇന്‍ ചീഫുമായിരുന്ന സി.എല്‍. തോമസാണ്, ഇപ്പോള്‍ അദ്ദേഹം കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടറാണ്. രണ്ടാമത്തെയാള്‍ എഴുത്തുകാരനും മാധ്യമ നിരീക്ഷകനും മുന്‍ എം.പിയും എം.എൽ.എയുമായിരുന്ന സെബാസ്റ്റ്യന്‍ പോളാണ്.

ഏഷ്യാനെറ്റിലും മനോരമ ന്യൂസിലും ദീര്‍ഘകാലം ദൃശ്യമാധ്യമപ്രവര്‍ത്തകനായിരുന്ന, നിലവിൽ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ മാധ്യമവിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ ഡോ. എസ്.ആര്‍. സഞ്ജീവാണ് മൂന്നാമത്തെയാള്‍. രണ്ടു പതിറ്റാണ്ടിലേറെയായി ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇപ്പോള്‍ 24 ന്യൂസിന്റെ സീനിയര്‍ എക്സിക്യൂട്ടിവ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന കെ.ആര്‍. ഗോപീകൃഷ്ണനാണ് പാനലിലെ മറ്റൊരു അംഗം.

1. ഒരു മാധ്യമപ്രവര്‍ത്തകന്റെ വാര്‍ത്തയിലെ സ്ഥാനം ഒരു നിഷ്പക്ഷ നിരീക്ഷകന്‍റേത് തന്നെയാണ് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവില്ല. എന്നാല്‍, എന്തുകൊണ്ടാണ് ഇപ്പോള്‍ നമ്മുടെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്ത സംഭവങ്ങളില്‍ എല്ലാം തന്നെ സജീവമായി ഇടപെടുന്നവരായി മാറേണ്ടിവരുന്നത്?

സി.എല്‍. തോമസ്: ലോക മാധ്യമ ചരിത്രം പരിശോധിച്ചാല്‍ നിഷ്പക്ഷത എന്നൊന്ന് ആ വാക്കിന്റെ അർഥത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തിയിട്ടില്ല എന്ന് കാണാനാവും. പക്ഷംചേരല്‍ എല്ലാകാലത്തും മാധ്യമങ്ങളുടെ സ്വഭാവത്തില്‍ ഉള്‍ച്ചേര്‍ന്ന ഒന്നുതന്നെയായിരുന്നു. അത് ആശയങ്ങളോടുള്ള ചേര്‍ന്നുനിൽപാകാം, വര്‍ഗങ്ങളോടുള്ള ആഭിമുഖ്യമാകാം, വ്യവസ്ഥിതിയോടുള്ള ചേര്‍ന്നുനില്‍ക്കലോ കലാപമോ ആവാം. പക്ഷേ, വസ്തുതകളോടുള്ള പ്രതിബദ്ധത വാര്‍ത്തയുടെ മുഖമുദ്രയായിരുന്ന ഒരു കാലമുണ്ടായിരുന്നു. വാര്‍ത്തയില്‍ വസ്തുതകള്‍ മാത്രം കൃത്യമായി അവതരിപ്പിക്കുകയും, ആ വസ്തുതകളുടെ വിശകലനങ്ങളിലോ പത്രാധിപക്കുറിപ്പുകളിലോ മാത്രം സ്വന്തം പക്ഷം വ്യക്തമാക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്. അവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താപ്രവര്‍ത്തകര്‍ ഒരിക്കലും വാര്‍ത്തയുടെ ഭാഗമായി സ്വയം മാറിയിരുന്നില്ല; മിക്കപ്പോഴും അത് ജനപക്ഷത്തോടുള്ള പക്ഷംചേരലായിരുന്നു താനും.

എന്നാല്‍ ഇന്ന്, ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിലെ പക്ഷംചേരല്‍ വെറും കക്ഷിരാഷ്ട്രീയത്തോടുള്ള വിധേയത്വമായി മാറിയിരിക്കുന്നു. ‘കക്ഷിരാഷ്ട്രീയം’ എന്നതിനേക്കാള്‍ അതിനെ ‘ഭരണകൂടം’ എന്ന് മനസ്സിലാക്കുന്നതാവും കൂടുതല്‍ ശരി. കേന്ദ്ര ഭരണകക്ഷി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഈ മാധ്യമശൈലിയെ ‘പ്രതിപക്ഷ പ്രവര്‍ത്തനം’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മാധ്യമപ്രവര്‍ത്തനം ഒരർഥത്തില്‍ പ്രതിപക്ഷ പ്രവര്‍ത്തനംതന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, സംസ്ഥാന ഭരണകൂടങ്ങളോട് വസ്തുതകളുടെ യാതൊരു അടിസ്ഥാനവുമില്ലാതെ തീവ്രമായ പ്രതിപക്ഷസ്വരം കാണിക്കുന്ന മാധ്യമങ്ങള്‍, കേന്ദ്ര ഭരണകൂടത്തിന്റെ ചങ്ങാതിമാരായി മാറുന്നു എന്നതിലാണ് ഈ നിലപാടിന്റെ വൈരുധ്യം.

ഇത് ടെലിവിഷന്‍ വാര്‍ത്താചാനലുകളില്‍ അവതാരകന്റെ വ്യക്തിപരമായ താൽപര്യങ്ങള്‍ പ്രേക്ഷകരിലേക്ക് അടിച്ചേൽപിക്കുന്നതിലാണ് കലാശിക്കുന്നത്. വാര്‍ത്താപ്രവര്‍ത്തനത്തിലെ ജനാധിപത്യപരമായ ഇടം ഇവിടെ ഹനിക്കപ്പെടുന്നു. സാമാന്യ മര്യാദയുടെ അതിര്‍വരമ്പുകള്‍പോലും ഈ അവതാരകര്‍ ലംഘിക്കുന്നു. വാര്‍ത്താചര്‍ച്ചകളില്‍ മാത്രമല്ല ഈ പ്രവണത കാണുന്നത്; സാധാരണ വാര്‍ത്താബുള്ളറ്റിനുകള്‍ അവതരിപ്പിക്കുമ്പോള്‍പോലും ചില അവതാരകര്‍ നടന്നതെന്തെന്ന് പ്രേക്ഷകരെ അറിയിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തത്തില്‍നിന്ന് വ്യതിചലിക്കുന്നു.

വാര്‍ത്താസന്ദര്‍ഭവുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്ത സ്വന്തം അഭിപ്രായങ്ങള്‍, പ്രത്യേകിച്ച് തങ്ങള്‍ക്ക് താൽപര്യമില്ലാത്ത പക്ഷത്തെ പരിഹസിച്ചുകൊണ്ട് പ്രേക്ഷകരിലേക്ക് അടിച്ചേൽപിക്കുന്നത് വ്യവസ്ഥാപിതമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരു പരിധിയിലും വരുന്നതല്ല. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന ചോദ്യം കൗതുകകരമാണ്. അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ: ജനങ്ങളെ വിവരങ്ങള്‍ സത്യസന്ധമായി അറിയിക്കുക എന്ന തൊഴിലിനോട് ഇന്നത്തെ മാധ്യമസ്ഥാപനങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഒരു പ്രതിബദ്ധതയുമില്ല എന്നതുതന്നെ.

മാധ്യമപ്രവര്‍ത്തനം അതിന്റെ ചരിത്രത്തിലൂടെ രൂപപ്പെടുത്തിയെടുത്ത മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ഇന്നത്തെ TRP മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നൊരു വാദമുണ്ട്. എന്നാല്‍, അത് യഥാർഥ പ്രശ്‌നത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. ഈ മൂല്യങ്ങള്‍ അടിസ്ഥാനശിലകളായി നിലനിന്നിരുന്ന കാലത്തും TRP മത്സരങ്ങളുണ്ടായിരുന്നു. അന്ന് വാര്‍ത്താമുറികളില്‍ അതി പ്രഗല്ഭരായ പത്രാധിപന്മാര്‍ ഈ മൂല്യങ്ങളുടെ കാവല്‍ക്കാരായി ഉണ്ടായിരുന്നു. ഇന്നാവട്ടെ, പുത്തന്‍ വെല്ലുവിളികള്‍ക്കൊത്ത് പുതിയ ശൈലികള്‍ ആവിഷ്‌കരിക്കാന്‍ ശേഷിയില്ലാത്തവരുടെ ഭൂരിപക്ഷ വേദിയായി വാര്‍ത്താമുറികള്‍ മാറിയിരിക്കുന്നു.

സെബാസ്റ്റ്യന്‍ പോള്‍: മാധ്യമം ദൃശ്യമാണെങ്കിലും അദൃശ്യമാണെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ ചുമതല താന്‍ അറിയുന്ന അല്ലെങ്കില്‍ മനസ്സിലാക്കുന്ന വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. അവിടെ നിഷ്പക്ഷമതിയായ ഒരു മാധ്യമപ്രവര്‍ത്തകനെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. ചരിത്രത്തിലെ ന്യൂസ് ടെലികാസ്റ്റിന്റെ ആദ്യ ബൈബിള്‍ സന്ദര്‍ഭം യേശുവിന്റെ ബെത്‌ലഹേമിലെ ജനനം ആയിരുന്നു. അന്ന് ഇന്നത്തെ രീതിയില്‍ കാണാവുന്നതുപോലെ തന്നെ സംഗീതത്തിന്റെ അകമ്പടിയോടെ വാനദൂതര്‍ ഇടയര്‍ക്ക് പ്രത്യക്ഷപ്പെട്ട് ഇതാ ഞങ്ങള്‍ ഒരു നല്ല വാര്‍ത്ത, സദ് വാര്‍ത്ത, ഗുഡ്‌ന്യൂസ് നിങ്ങള്‍ക്ക് നല്‍കുന്നു എന്ന നിലയിലായിരുന്നു.

എന്നാല്‍, ഇന്ന് ഗുഡ് ന്യൂസ് എന്ന് പറഞ്ഞ് ഒരു വാര്‍ത്തയും അവതരിപ്പിക്കാനാകില്ല. കാരണം, സദ് വാര്‍ത്തകള്‍ വാര്‍ത്തയേ അല്ലാതായിരിക്കുന്നു. ‘മാഞ്ചസ്റ്റര്‍ ഗാഡിയ’ന്റെ പ്രസിദ്ധനായ പത്രാധിപര്‍ സി.പി. സ്‌കോട്ടിന്റെ അതിപ്രശസ്തമായ നിര്‍വചനം തന്നെയുണ്ടല്ലോ ‘facts are sacred comments free’. ഇത് ജേണലിസത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ തത്ത്വം തന്നെയാണ്. എന്നാല്‍, വാര്‍ത്തകളെ വിശുദ്ധമായിതന്നെ കൈകാര്യംചെയ്യാന്‍ വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകര്‍ നിഷ്പക്ഷമതികളായിരിക്കണം എന്ന് പറയുന്നത്. എന്നാല്‍, ഇന്ന് അതല്ല നമ്മള്‍ കാണുന്നത്.

വാര്‍ത്താചാനലുകളിലെ ഒരോ ആളെയും സ്‌ക്രീനില്‍ കാണുമ്പോള്‍തന്നെ അയാള്‍ എങ്ങനെയാണ് ഒരോ വാര്‍ത്തയും കൈകാര്യം ചെയ്യാന്‍പോകുന്നത് എന്ന് നമുക്ക് പറയാന്‍ സാധിക്കും. വളരെ പ്രകടമായ പക്ഷംപിടിക്കല്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ട്. നമ്മുടെ ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഏത് രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്ന് വരുന്നവരാണ് എന്നുപോലും പ്രേക്ഷകര്‍ക്ക് ധാരണയുണ്ട്. ഇത്തരം മാധ്യമപ്രവര്‍ത്തകരില്‍നിന്ന് നിഷ്പക്ഷമായ വാര്‍ത്തകള്‍ പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ല.

ഡോ. എസ്.ആര്‍. സഞ്ജീവ്: റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍തന്നെ വാര്‍ത്തയില്‍ ലേഖകന്റെ അല്ലെങ്കില്‍ ലേഖികയുടെ സാന്നിധ്യമുണ്ട്. അത് പക്ഷപാതിത്വവുമായി ബന്ധപ്പെട്ടതാണ്. ഏതു സംഭവവും വാര്‍ത്തയാകുമ്പോള്‍ പക്ഷം (bias) കടന്നുവരും. അത് ചോയ്‌സുമായി (ഹിതകരമായത്) ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നു. ആരുടെ ഹിതം എന്നതാണ് പ്രശ്‌നം. ഒരു ജനാധിപത്യക്രമത്തില്‍ അതിന് സാമൂഹികനീതി, നിയമവ്യവസ്ഥ, ഭരണഘടനാതത്ത്വങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കല്‍, ദുഷ്പ്രവണതകളോടുള്ള വിട്ടുവീഴ്ചയില്ലായ്മ എന്നീ ഘടകങ്ങളില്‍ അധിഷ്ഠിതമായേ നിലനില്‍ക്കാനാവൂ. അത് കക്ഷിരാഷ്ട്രീയത്തിന് എത്രയോ മുകളിലാണ്. ഈ മൂല്യങ്ങള്‍ പ്രാവര്‍ത്തികമാവുന്നത് കക്ഷി രാഷ്ട്രീയ പ്രക്രിയയിലൂടെയാണ്. അതുകൊണ്ടുതന്നെ ദൈനംദിന കക്ഷിരാഷ്ട്രീയത്തിന്റെ സചേതനമായ റിപ്പോര്‍ട്ടിങ് അനിവാര്യവുമാണ്. ഈ പ്രക്രിയയില്‍ മാധ്യമത്തിന്റെ (മാധ്യമം എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കൂട്ടായ പ്രയോഗപദ്ധതിയെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്, അല്ലാതെ കേവലം സ്ഥാപനങ്ങളെയല്ല) സ്ഥാനം മേല്‍പ്പറഞ്ഞ ഘടകങ്ങളെ ആശ്രയിച്ചുതന്നെയാണ് നിലനില്‍ക്കേണ്ടത്.

പക്ഷേ, ഡിജിറ്റല്‍ അലങ്കോല കാലത്ത് (digital disruption) ഈ പ്രക്രിയയുടെ ദിശ മാറ്റുന്ന തരത്തില്‍ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. രാഷ്ട്രീയം ആവശ്യത്തിലധികം വ്യക്തികേന്ദ്രീകൃതമായി. ജനങ്ങള്‍ ഐഡിയോളജിയെ മനസ്സിലാക്കുന്നത് വ്യക്തിബിംബങ്ങളിലൂടെ മാത്രമായി ചുരുങ്ങി. ഇത് ചരിത്രപരമാണെന്ന് വാദിക്കുന്നവരുമുണ്ട്. സ്വാതന്ത്ര്യം എന്ന ആശയം ഗാന്ധിജി എന്ന വ്യക്തിയിലൂടെയാണ് ഇന്ത്യയിലെ കോടിക്കണക്കിന് നിരക്ഷരരായ മനുഷ്യരില്‍ പ്രകാശിപ്പിക്കപ്പെട്ടത്. പക്ഷേ, സമകാലിക ചരിത്രത്തില്‍ ഐഡിയോളജി (പ്രത്യയശാസ്ത്രം) വ്യക്തിയില്‍ ആരോപിക്കപ്പെടുകയല്ല, വ്യക്തി ഐഡിയോളജിയെ ആവാഹിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതിഭാസം നരേന്ദ്ര മോദിയിലും രാഹുല്‍ ഗാന്ധിയില്‍പ്പോലും കാണാം. സമീപകാലത്ത് പിണറായി വിജയനാണ് മാര്‍ക്‌സിസം-ലെനിനിസം എന്നു ധരിച്ചുവശായവരുമുണ്ടെന്ന് തെരഞ്ഞെടുപ്പുകാലം തെളിയിച്ചു. ഈ പ്രവണത എക്കാലത്തും മാധ്യമീകൃതമായിരുന്നു (mediated).

പരമ്പരാഗത മാധ്യമങ്ങളുടെ സുവര്‍ണകാലത്തും വ്യക്തികളിലൂടെ കക്ഷിരാഷ്ട്രീയം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. അച്ചടിയില്‍നിന്നും ദൃശ്യത്തിലേക്ക് വന്നപ്പോള്‍ വ്യക്തിപരത കൂടി. കാരണം, ജനങ്ങള്‍ക്ക് വിഷയങ്ങളുമായി വേഗത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ ഈയൊരു വ്യക്തിബന്ധം അഥവാ പേഴ്‌സനല്‍ കണക്ട് സഹായകരമായി. ഡിജിറ്റലിന്റെ പ്രത്യേകത അതിവേഗം വ്യക്തിപരമായി ബന്ധം സ്ഥാപിക്കലാണ്. അത് മനുഷ്യന്റെ യുക്തിവിചാരത്തേക്കാള്‍ വൈകാരിക പ്രതികരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. അതുവഴി അറ്റന്‍ഷന്‍ ഇക്കണോമിയെ പരിപോഷിപ്പിക്കുകയും ടെക് മൂലധനത്തിന്റെ ലോജിക്കിനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെ മാധ്യമം എന്ന പ്രയോഗപദ്ധതി മാധ്യമപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തക എന്ന വ്യക്തിയുടെ ആത്മനിഷ്ഠമായ ബോധ്യങ്ങളിലേക്ക് ചുരുങ്ങുന്നു. നിരവധി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ ആശയവിനിമയ/സംഘര്‍ഷത്തിലൂടെ ഉരുവപ്പെടുന്ന ചട്ടക്കൂടിനുള്ളില്‍ മാത്രം രൂപപ്പെട്ടിരുന്ന വാര്‍ത്ത മാധ്യമപ്രവര്‍ത്തകരുടെ വൈയക്തിക വീക്ഷണത്തിലേക്ക് ചുരുങ്ങിയപ്പോഴുണ്ടായ സ്വാഭാവികമായ തകര്‍ച്ചയാണ് നാം ഇന്ന് കാണുന്നത്.

കേരളത്തിലെ എല്ലാ ടെലിവിഷന്‍ ചാനലുകളിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും വിഷയവിദഗ്ധരുടെയും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇതില്‍ ഉന്നയിക്കപ്പെടുന്ന വ്യക്തിപരമായ അഭിപ്രായം യഥാർഥത്തില്‍ വാര്‍ത്തയല്ല, അവ അഭിപ്രായങ്ങള്‍ മാത്രമാണ്. നമ്മുടെ നാട്ടില്‍ ഇത്തരം അഭിപ്രായങ്ങളെ വാര്‍ത്തകളായി അവതരിപ്പിക്കുന്ന രീതി വ്യാപകമായിട്ടുണ്ട്. വസ്തുതകള്‍ മുഴുവനും കൈയിലെത്തും മുമ്പ് അന്തിമ തീർപ്പുകൽപിക്കുന്ന വാര്‍ത്ത അവതാരകര്‍ യഥാർഥത്തില്‍ അറ്റന്‍ഷന്‍ ഇക്കണോമിയുടെ ബലിമൃഗങ്ങളാണ്. ഇവര്‍ ജനാധിപത്യത്തോട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്യുന്നത്. ഇവര്‍ പറയുന്നതെന്തും വാര്‍ത്തയാണെന്ന് മനസ്സിലാക്കുന്ന ജനം കൂടുതല്‍ മാധ്യമസാക്ഷരരാവേണ്ടതുണ്ട്.

 

കെ.ആര്‍. ഗോപീകൃഷ്ണന്‍: വാര്‍ത്തയിലെ മാധ്യമപ്രവര്‍ത്തകന്റെ സ്ഥാനം എപ്പോഴും ഒരു നിഷ്പക്ഷ നിരീക്ഷകന്‍റേത് ആകണമെന്ന് നിര്‍ബന്ധം വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. സത്യത്തിന്റെയും നീതിയുടെയും പക്ഷം ചേര്‍ന്നുമാത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ട സംഭവം, ക്രൂര ബലാത്സംഗത്തിന് ഒടുവില്‍ ഡല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്, മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട വിചാരണക്കൊടുവില്‍ മരിച്ചത്, ജാതി അധിക്ഷേപങ്ങളില്‍ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തത്...

ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്‍ നീതിയുടെ പക്ഷത്താണ് നിലയുറപ്പിക്കേണ്ടത്. അതേസമയം വസ്തുതകള്‍ കൈമോശം വരാതെ വിവരങ്ങള്‍ കൈമാറുക എന്ന അടിസ്ഥാന മാധ്യമധര്‍മം പാലിക്കപ്പെട്ടുകൊണ്ടുവേണം മാധ്യമപ്രവര്‍ത്തനം നടത്തേണ്ടത്. ഇന്ന് നമ്മള്‍ കാണുന്നത് മത്സരത്തിന്റെ ഭാഗമായി വാര്‍ത്ത ആദ്യം എത്തിക്കാനുള്ള തിടുക്കത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളുടെ വാസ്തവികതയും ആധികാരികതയും പലപ്പോഴും വേണ്ടപോലെ പരിശോധിക്കപ്പെടുന്നില്ല എന്നതാണ്. മാത്രമല്ല, രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങില്‍ സ്വന്തം താൽപര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും വിധേയത്വവും പ്രകടമാകുന്ന തരത്തിലേക്ക് Subjective ആയി അത് മാറുന്നുണ്ട്.

മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അപഹസിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലംകൂടിയാണ് ഇത്. അതിനൊരു പ്രധാന കാരണം വാര്‍ത്തയുടെ പ്രാഥമിക സ്രോതസ്സായി മുഖ്യധാരാ മാധ്യമങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി സമൂഹത്തിന് ഇല്ലാതായിരിക്കുന്നു എന്നതാണ്. സമൂഹ മാധ്യമങ്ങളുടെ അതിരുകളില്ലാത്ത ലോകത്ത് ഒരു വിവരവും ഒരു വാര്‍ത്തയും ഒരു ദൃശ്യവും ഇന്ന് എക്സ് ക്ലൂസിവുകൾ അല്ല. എല്ലാവര്‍ക്കും സ്വന്തം നിലപാടും കാഴ്ചപ്പാടും അഭിപ്രായവും നിന്നിടത്തുനിന്ന് ലോകത്തോട് വിളിച്ചുപറയാന്‍ കഴിയുന്നതോടെ മാധ്യമങ്ങളുടെ നിലനില്‍പുതന്നെ അപകടത്തിലായിരിക്കുന്നു.

വിവരങ്ങള്‍ പറയേണ്ടിടത്ത് വ്യാഖ്യാതാക്കള്‍ ആയി മാറേണ്ട അവസ്ഥയിലാണ് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍. അങ്ങനെ വാര്‍ത്തയില്‍ അവരുടെ ഇടം നിഷ്പക്ഷ നിരീക്ഷകന്റേത് അല്ലാതായിരിക്കുന്നു. വിമര്‍ശിക്കപ്പെടുമ്പോഴും ഒരു വിഭാഗത്തിന്റെ വിവര വിഭവ വിളമ്പുകാര്‍ തങ്ങളാണെന്ന ബോധ്യത്തില്‍കൂടിയാണ് വാര്‍ത്തയില്‍ പ്രതിഷ്ഠിക്കപ്പെട്ട ‘വ്യക്തി’കളായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മാറേണ്ടിവരുന്നത്. ഇനിയും ഏറെ നന്നാവാനുണ്ട് എന്ന് ഓര്‍മപ്പെടുത്തുന്നതാണ് സമകാലിക ദൃശ്യമാധ്യമങ്ങളുടെ ഈ പോക്ക്. എന്നാല്‍, അതിന് അവര്‍ മാത്രമാണ് കുറ്റക്കാര്‍ എന്ന അഭിപ്രായം എനിക്കില്ല.

2. പൊതുജനങ്ങളുമായി ചേര്‍ന്നുള്ള പങ്കാളിത്ത മാധ്യമപ്രവര്‍ത്തന ശൈലി അനുകരിക്കേണ്ട മാധ്യമശൈലിതന്നെയാണ്. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍തന്നെ വാര്‍ത്താസംഭവങ്ങളില്‍ സജീവ പങ്കാളികളാകുന്നത് അവര്‍തന്നെ വാര്‍ത്താസംഭവങ്ങളിലെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നത് മാധ്യമ മേഖലയില്‍ എന്തെല്ലാം അപകടങ്ങള്‍ക്കാണ് വഴിവെക്കുന്നത്?

സി.എല്‍. തോമസ്: ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ വാര്‍ത്താപ്രവര്‍ത്തനത്തിന്റെ പ്രധാന മാതൃക വസ്തുനിഷ്ഠ മാധ്യമപ്രവര്‍ത്തനം (Objective Journalism) ആയിരുന്നു. പ്രമുഖ മാധ്യമ ഗവേഷകനായ വാള്‍ട്ടര്‍ ലിപ്മാന്‍ 1922ല്‍ പ്രസിദ്ധീകരിച്ച ‘പബ്ലിക് ഒപ്പീനിയന്‍’ എന്ന പുസ്തകത്തില്‍, മാധ്യമപ്രവര്‍ത്തകന്റെ ജോലി വസ്തുതകള്‍ കണ്ടെത്തി അത് ജനങ്ങള്‍ക്ക് കൈമാറുക എന്നത് മാത്രമാണെന്ന് സ്ഥാപിക്കുന്നുണ്ട്. എന്നാല്‍, പിന്നീട് 1985ല്‍ നീല്‍ പോസ്റ്റ്മാന്‍, ടെലിവിഷന്‍ വാര്‍ത്തകള്‍ വിവരവിനിമയത്തില്‍നിന്ന് മാറി ഒരു ‘പ്രകടനകല’ (Performance Art) ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിരീക്ഷിച്ചു. ഈ നിരീക്ഷണത്തിന്റെ പരകോടിയാണ് ഇന്ന് നമ്മള്‍ കാണുന്നത്.

അമേരിക്കയിലെ ‘ഫോക്‌സ് ന്യൂസ്’ അവതാരകരും, അതിന്റെ ഇന്ത്യന്‍ പതിപ്പായ അര്‍ണബ് ഗോസ്വാമിമാരും ഈ അവസ്ഥയുടെ നേർചിത്രങ്ങളാണ്. അര്‍ണബ് ഗോസ്വാമിമാരുടെ കുട്ടിപ്പതിപ്പുകളായി മാറുന്ന മലയാളം ആങ്കര്‍മാരിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ അത് സാമാന്യ ജനാധിപത്യ മര്യാദകളുടെ നഗ്‌നമായ ലംഘനമായി മാറുന്നു. ഇവിടെ മാര്‍ഷല്‍ മക്‌ലൂഹന്‍ പണ്ടേ നിരീക്ഷിച്ച ‘Medium is the Message’ (മാധ്യമം തന്നെയാണ് സന്ദേശം) എന്ന തത്ത്വം നമ്മുടെയൊക്കെ അനുഭവയാഥാർഥ്യമാവുകയാണ്. സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവും അതിന്റെ സ്വാധീനവും അതേപടി അനുകരിക്കാന്‍ മുഖ്യധാര/വ്യവസ്ഥാപിത മാധ്യമങ്ങള്‍ ശ്രമിച്ചപ്പോള്‍ ഈ പ്രവണത അതിന്റെ കൊടുമുടിയിലെത്തി. ടെലിവിഷന്‍ മാധ്യമങ്ങള്‍ വിവര കേന്ദ്രീകൃതമായ രീതിയില്‍നിന്നും വ്യാഖ്യാന കേന്ദ്രീകൃതമായ രീതിയിലേക്ക് പരിണമിച്ചപ്പോഴാണ് ഇത് സംഭവിച്ചത്.

വിവര കേന്ദ്രീകൃതം (Information -Centric): സംഭവം > റിപ്പോര്‍ട്ട് > പ്രേക്ഷകര്‍ സ്വന്തം തീരുമാനത്തിലെത്തുന്നു.

വ്യാഖ്യാന കേന്ദ്രീകൃതം (Interpretation centric): സംഭവം > അവതാരകന്റെ വ്യാഖ്യാനം > അത് പ്രേക്ഷകന്‍ അതേപടി സ്വീകരിക്കുന്നു.

ഈ രണ്ടാമത്തെ രീതിയോടെ ജനാധിപത്യപരമായ മാധ്യമപ്രവര്‍ത്തനം പൂര്‍ണമായും ഇല്ലാതാവുകയാണ് ചെയ്യുന്നത്.

സെബാസ്റ്റ്യന്‍ പോള്‍: പങ്കാളിത്ത മാധ്യമപ്രവര്‍ത്തനം എന്നത് തീര്‍ത്തും അപ്രായോഗികമായ ഒന്നായിട്ടാണ് ഞാന്‍ കാണുന്നത്. ഒരു ആള്‍ക്കൂട്ടത്തിലേക്ക് മൈക്കുമായി മാധ്യമപ്രവര്‍ത്തകര്‍ കടന്നുചെല്ലുന്നു അവിടെ കാണുന്നവരുടെ തോളത്ത് തട്ടി അഭിപ്രായങ്ങള്‍ ചോദിക്കുന്നു. സംസാരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ഒഴിഞ്ഞുമാറുന്നു. ചിലര്‍ അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് സംസാരിക്കുന്നത്.

അവര്‍ സംസാരിക്കുന്നത് മൈക്ക് പിടിച്ചുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ താല്‍പര്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നു. അല്ലെങ്കില്‍ മൈക്ക് അവരുടെ മുന്നില്‍നിന്ന് അപ്പോള്‍ തന്നെ മാറ്റുന്നു. ഇതിനെ പങ്കാളിത്ത മാധ്യമപ്രവര്‍ത്തനം എന്ന് പറയാന്‍ സാധിക്കില്ല. സമൂഹത്തില്‍ അറിവിന്റെ തുല്യത അല്ലെങ്കില്‍ സമത്വം ഇല്ലാത്തതുകൊണ്ടാണ് പങ്കാളിത്ത മാധ്യമപ്രവര്‍ത്തനം ഇവിടെ വിജയകരമായി മാറുകയില്ല എന്ന് പറയുന്നത്. വാര്‍ത്തയെ അവതരിപ്പിക്കുന്നവര്‍ അവരുടെ അജണ്ടക്ക് കൂടുതല്‍ ആധികാരികത കിട്ടാന്‍വേണ്ടി മാത്രമാണ് ഇത്തരം പൊതുജന പങ്കാളിത്തങ്ങളെ ഇന്ന് ഉപയോഗിക്കുന്നത്. എല്ലാത്തിനും ഒരു വ്യാകരണമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

നമുക്ക് പത്രങ്ങളെതന്നെ ഉദാഹരണമാക്കിയെടുക്കാം. ഒരു പത്രം കോളം തിരിച്ച് രൂപകല്‍പന ചെയ്യാതെ, കൃത്യമായി തലക്കെട്ടുകള്‍ നല്‍കാതെ പത്രപ്രവര്‍ത്തകന്റെ ഇഷ്ടത്തിനനുസരിച്ച് തോന്നുന്നപോലെ പ്രിന്റ് ചെയ്ത് നിങ്ങളുടെ വീട്ടിലെത്തിയാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും. ഇത് എന്ത് പത്രം എന്ന് ആരും ചോദിച്ചുപോകും. ഇതുപോലെ തന്നെ ദൃശ്യമാധ്യമങ്ങള്‍ക്കും ഒരു വ്യാകരണമുണ്ടാകണം. എല്ലാവരും അത് പാലിച്ചുപോവുകയും വേണം. അപ്പോള്‍ ആരെയും അലോസരപ്പെടുത്താത്ത ദൃശ്യമാധ്യമ സംസ്‌കാരം നമുക്ക് രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും.

സത്യത്തില്‍ ടെലിവിഷന്‍ ഇന്ന് വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മാധ്യമമാണ്. ജനങ്ങള്‍ പതുക്കെയാണെങ്കിലും സാമാന്യം വേഗത്തില്‍തന്നെ ടെലിവിഷനോട് വിടപറയുകയാണ്. ആരാണ് ഇപ്പോള്‍ ടി.വിക്ക് മുന്നില്‍ കുത്തിയിരിക്കുന്നത്. എല്ലാവരും വാര്‍ത്തകളും വിശേഷങ്ങളും അറിയുന്നതും പങ്കുവെക്കുന്നതും അവരുടെ ഫോണിലൂടെ തന്നെയാണ്. വാര്‍ത്തകള്‍ അറിയാന്‍ പുതുതലമുറ ന്യൂസ് ചാനലുകളെ ആശ്രയിക്കാറുപോലുമില്ല. അവര്‍ പൂര്‍ണമായും നവമാധ്യമങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. പുതുതലമുറക്ക് താല്‍പര്യമില്ലാത്ത, പഴയതലമുറ വെറുത്ത ഒരു മാധ്യമമായിട്ടാണ് നമ്മുടെ ടെലിവിഷന്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നത്.

ഡോ. എസ്.ആര്‍. സഞ്ജീവ്: ഈ പ്രശ്‌നം ഒരു ഉദാഹരണത്തിലൂടെ പരിശോധിച്ചു നോക്കാം. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കിടെ ശസ്ത്രക്രിയ പിഴവുണ്ടായി. കത്രിക വയറ്റില്‍ മറന്നുവെച്ച് തുന്നിക്കെട്ടി. രോഗി പറയുന്നത് വസ്തുതാപരമായി ശരിയാണെങ്കില്‍ ഈ പ്രശ്‌നത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വാഭാവികമായും അവരുടെ പക്ഷത്താകും. ഈ രോഗിയോട് സര്‍ക്കാറും മന്ത്രിയും അനുഭാവപൂര്‍വം പെരുമാറുന്നില്ലെങ്കില്‍ അതിശക്തമായ മാധ്യമവിമര്‍ശനം നേരിടേണ്ടിവരുകയും ചെയ്യും. ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയിലെ സജീവപങ്കാളികളാകുന്നു. അവര്‍ ആക്ടിവിസത്തിലേക്ക് വഴുതിവീഴുന്നു.

ജോലിയില്‍ വീഴ്ചവരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്കായും മതിയായ നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാറിന്റെ അനുതാപമില്ലായ്മക്കെതിരായും അവര്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നു. എഡിറ്റോറിയല്‍ സ്വഭാവമുള്ള ഷോകളില്‍ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളിലൂടെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടുന്നു. അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ മേല്‍ രാഷ്ട്രീയ താൽപര്യം (പ്രതിപക്ഷ പാര്‍ട്ടികളെ സഹായിക്കാന്‍) ആരോപിക്കപ്പെടുന്നു. മന്ത്രി മാധ്യമങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെയും വാദപ്രതിവാദങ്ങള്‍ തുടരുന്നു. ഈ സ്ഥിതിയില്‍ അനുവര്‍ത്തിക്കേണ്ട മാധ്യമരീതി എന്താണ്...

ഒന്നാമത്തെ പാഠം മന്ത്രിക്കെതിരായ വ്യക്തിഹത്യ ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. പക്ഷേ സിസ്റ്റം ജനേച്ഛയും നീതിയുമനുസരിച്ച് ചലിപ്പിക്കാനുള്ള മന്ത്രിയുടെ കഴിവില്ലായ്മ തുറന്നുകാട്ടപ്പെടുകയും വേണം. ഈ ലക്ഷ്മണരേഖ സ്വയം എഡിറ്റ് ചെയ്ത് വരച്ചെടുക്കേണ്ടതാണ്. വാര്‍ത്തകള്‍... അവ ബന്ധപ്പെട്ട കക്ഷികളുടെ പ്രസ്താവനകളോ ആധികാരിക റിപ്പോര്‍ട്ടുകളോ ദൃക്‌സാക്ഷി വിവരണങ്ങളോ ആകാം. അതേപടി വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യണം. അതില്‍നിന്നും ഉരുത്തിരിയുന്ന വസ്തുതകളും റിപ്പോര്‍ട്ട് ചെയ്യപ്പെടണം. ഇതേക്കുറിച്ചുള്ള എഡിറ്റോറിയല്‍ ഷോകളില്‍ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിനിഷ്ഠമായ ബോധ്യങ്ങളോ അഭിപ്രായങ്ങളോ ആകാം. പക്ഷേ അവ വ്യക്തിഹത്യക്കു വേണ്ടിയാകരുത്. അവയുടെ ഉത്തരവാദിത്തം മാധ്യമത്തിനല്ല, മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ്.

ഈ പാതയിലൂടെ സഞ്ചരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അങ്ങേയറ്റം ജാഗരൂകരായില്ലെങ്കില്‍ വസ്തുതകളോടുള്ള അവരുടെ പ്രതിബദ്ധത ചോദ്യംചെയ്യപ്പെടും. അവരുടെ ഇന്റഗ്രിറ്റിയെ ബാധിക്കും. ആ റിസ്‌ക് എടുക്കാനുള്ള അപഗ്രഥനശേഷിയും പക്വതയുമുള്ളവര്‍ മാത്രമേ ഇത്തരമൊരു മാധ്യമരീതി പിന്തുടരാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം നമുക്ക് വെറും കണ്ടന്റ് ക്രിയേറ്റര്‍മാരെയോ ഇന്‍ഫ്ലുവന്‍സര്‍മാരെയോ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ഈ വിപരീതശൈലിക്ക് അടിമപ്പെടുമ്പോള്‍ അവര്‍ മാധ്യമരൂപത്തിന് താല്‍ക്കാലികമായി കൂടുതല്‍ പണമുണ്ടാക്കിക്കൊടുക്കും. പക്ഷേ, ജേണലിസത്തിലെ ദീര്‍ഘകാല നിക്ഷേപമായ വിശ്വാസ്യതയുടെ ചെലവിലായിരിക്കും അത്. അതായത് സ്‌റ്റോക് മാര്‍ക്കറ്റിലെ ദൈനംദിന ഊഹക്കച്ചവടമാണോ വേണ്ടത്, അതോ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SIP) പോലുള്ള ദീര്‍ഘകാല നിക്ഷേപമാണോ വേണ്ടത് എന്ന തീരുമാനമാണ് ഇവിടെ മാധ്യമ ഉടമകള്‍ കൈക്കൊള്ളേണ്ടത്.

ഇതത്ര സങ്കീര്‍ണമൊന്നുമല്ല. വികസിത ജനാധിപത്യരാജ്യങ്ങള്‍ ഡിജിറ്റല്‍ എക്കോ ചേംബറുകളുടെയും ഫില്‍റ്റര്‍ ബബിളുകളുടെയും വെല്ലുവിളി നേരിടാന്‍ സ്വയം നവീകരിക്കുകയാണ്. അവിടെ (ഉദാഹരണം ജർമനിയിലെ DW, അമേരിക്കയിലെ CNN തുടങ്ങിയവ) പരിചയസമ്പന്നരായ ജേണലിസ്റ്റുകളെ ചാനലുകള്‍തന്നെ പ്രോത്സാഹനം നല്‍കി ഡിജിറ്റല്‍ വ്ലോഗുകളും ഇന്‍സ്റ്റഗ്രാം റീലുകളും മറ്റും ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ പറഞ്ഞ അടിസ്ഥാന മാധ്യമരീതികളില്‍നിന്ന് മാറാതെ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും നൂതനവുമായ സ്‌റ്റോറി ടെല്ലിങ് രീതികള്‍ പരിചയിപ്പിച്ചുകൊണ്ടാണ് ഇതു സാധ്യമാക്കുന്നത്.

കെ.ആര്‍. ഗോപീകൃഷ്ണന്‍: മേഖലകള്‍ ഏതായാലും ശീലങ്ങളും ശൈലികളും മാറ്റത്തിന് വിധേയമാണ്. എല്ലാ ‘കാലത്തേക്കുമായ ഒന്ന്’ എന്നൊന്നില്ല. മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ സംഭവിക്കുന്നത് അത് അപചയമായാലും, പരിവര്‍ത്തനമായാലും കാലത്തിന്റെ മാറ്റത്താട് ചേര്‍ന്നുനില്‍ക്കുന്നതാണ്. പോയ കാലത്തെയോ പോയ തലമുറയുടെയോ പരിതസ്ഥിതികളോ ആവശ്യങ്ങളോ അല്ല പുതുയുഗ മാധ്യമങ്ങള്‍ക്ക്/ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത്. സംഭവങ്ങള്‍ എന്തായാലും, അതിന്റെ കേവല വിവരണം പ്രേക്ഷകര്‍ക്ക് പലപ്പോഴും വിരസത സൃഷ്ടിക്കുന്ന ഒന്നായി മാറാറുണ്ട്. ഒരു ശരാശരി പ്രേക്ഷകനെ സംതൃപ്തിപ്പെടുത്തുക എന്നത് ഏറെ ദുഷ്‌കരമായതായി മാറിയിരിക്കുന്നു.

വിവരങ്ങള്‍ വേഗത്തില്‍ നല്‍കിയാലും, ദൃശ്യങ്ങള്‍ എത്തിച്ചാലും ഇനിയടുത്തത് എന്ത് എന്ന് അസംതൃപ്തിയോടെ കാത്തിരിക്കുന്ന ​േപ്രക്ഷകന്റെ മുന്നിലേക്കാണ് ഓരോ ദ്യശ്യമാധ്യമ പ്രവര്‍ത്തകന്റെയും പ്രത്യക്ഷപ്പെടല്‍. അവിടെ വാര്‍ത്തകളുടെയും സംഭവങ്ങളുടെയും റിപ്പോര്‍ട്ടിങ്ങിനപ്പുറത്തേക്ക് അതിന്റെതന്നെ ഒരു ഭാഗമായി മാറാനുള്ള ശ്രമങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്ത് അധികമായി ചെയ്യാം എങ്ങനെ വേറിട്ടുനില്‍ക്കാം എന്നതാണ് ഇന്ന് ഓരോ ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെയും മുന്നിലെ ഓരോ ദിവസത്തെയും വെല്ലുവിളി. മാധ്യമ പ്രവര്‍ത്തകന്‍ എന്ന അർഥത്തില്‍ വ്യക്തികളുടെ മാത്രമല്ല മാധ്യമ സ്ഥാപനങ്ങളുടെതന്നെ നിലനില്‍പിനെ നിശ്ചയിക്കുന്ന വെല്ലുവിളി കൂടിയാണിത്. അവിടെയാണ് matterനേക്കാള്‍ Formന് പ്രസക്തി കൈവരുന്നത്. ഒരു ലഹരിവലയത്തിലെന്ന പോലെ പ്രേക്ഷകനെ മയക്കി കിടത്താനുള്ള ഉദ്യമങ്ങളാണോ എന്ന് നാം സംശയിച്ചുപോകും. എന്നാലിതൊക്കെയും പരിവര്‍ത്തന വഴിയിലെ ഒരു Phase ആയി കണ്ടാല്‍ മതി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

3. ഇന്ന് മലയാള ദൃശ്യമാധ്യമങ്ങളിലെ എല്ലാ വാര്‍ത്താ പരിപാടികളും വ്യക്തികേന്ദ്രീകൃതമായി മാറിയിരിക്കുകയാണ്. ഗുഡ്‌മോണിങ് വിത്ത് ഒരാള്‍, ഗുഡ് ഈവനിങ് വിത്ത് മറ്റൊരാള്‍, ഡിബേറ്റ് വിത്ത് വേറെ ഒരാള്‍ എന്നിങ്ങനെ വ്യക്തികളാലും അവരുടെ ശൈലികളാലും നയിക്കപ്പെടുന്ന ഒരു ദൃശ്യമാധ്യമ സംസ്‌കാരമാണ് ഇവിടെ രൂപപ്പെട്ടുവരുന്നത്. വാര്‍ത്തകള്‍ക്ക് മുകളില്‍ വ്യക്തികളെ പ്രതിഷ്ഠിക്കുന്നത് നമ്മുടെ ദൃശ്യമാധ്യമ മേഖലയെ എങ്ങനെയാണ് മാറ്റിമറിക്കാന്‍ പോകുന്നത്?

സി.എല്‍. തോമസ്: വ്യക്തികളെ കേന്ദ്രീകരിച്ചുള്ള വാര്‍ത്താ അവതരണരീതിക്ക് ഏതാണ്ട് ടെലിവിഷന്‍ വാര്‍ത്താ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ലോക മാധ്യമ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന മഹാന്മാരായ അവതാരകര്‍ ഒരിക്കലും വാര്‍ത്തക്ക് മുകളില്‍ സ്വയം പ്രതിഷ്ഠിച്ചവരായിരുന്നില്ല. എന്നും വാര്‍ത്താ അവതരണത്തിന്റെ ഉജ്ജ്വല മാതൃകയായി കണക്കാക്കപ്പെടുന്ന വാള്‍ട്ടര്‍ ക്രോങ്കൈറ്റ്, 1960-70 കാലത്ത് അമേരിക്കയില്‍ ഏറ്റവും വിശ്വാസ്യതയുള്ള വ്യക്തിയായാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ വാര്‍ത്താ അവതരണത്തിന്റെ സമാപന വാചകമായ ‘And that's the way its’ (അപ്പോള്‍ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണ്) എന്നത് ഇന്നും പ്രചോദനമാണ്. പീറ്റര്‍ ജെന്നിങ്സ് (ABC World News Tonight), ഡാന്‍ റാതര്‍ (CBS Evening News), ടോം ബ്രോക്കോ (NBC Nightly News) എന്നിവരും ബി.ബി.സിയിലെയും സി.എന്‍.എന്നിലെയും നിരവധി അവതാരകരും ഈ ഗണത്തില്‍പ്പെടുന്നവരാണ്.

‘‘ഒരു റിപ്പോര്‍ട്ടറുടെ ജോലി എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക എന്നതാണ്’’ എന്ന് ഡാന്‍ റാതര്‍ ഒരിക്കല്‍ പറയുകയുണ്ടായി. എന്നാല്‍, ഇന്നത്തെ ചില അവതാരകര്‍ അത് ‘ചിലരോട് മാത്രം ചോദ്യങ്ങള്‍ ചോദിക്കുക’ എന്ന രീതിയിലേക്ക് മാറ്റിമറിച്ചിരിക്കുന്നു. മുമ്പുപറഞ്ഞ മാധ്യമ ആചാര്യന്മാരുടെ വ്യക്തിപരമായ പ്രശസ്തി വാര്‍ത്തക്ക് മുകളിലായിരുന്നില്ല; മറിച്ച് അവര്‍ നല്‍കിയ വാര്‍ത്തകളുടെ വിശ്വാസ്യതയായിരുന്നു അവരുടെ പ്രശസ്തിക്ക് ആധാരം. എന്നാല്‍ ഇന്ന് റിപ്പോര്‍ട്ടര്‍മാരില്‍നിന്ന് മാറി, വാര്‍ത്തകളുടെ വെറും ‘നിര്‍മിതി കേന്ദ്രങ്ങള്‍’ മാത്രമായി വാര്‍ത്താമുറികള്‍ അധഃപതിച്ചിരിക്കുന്നു.

 

1995ല്‍ ഏഷ്യാനെറ്റ് ചാനല്‍ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വാര്‍ത്താ സംപ്രേഷണം ആരംഭിച്ചു. വാര്‍ത്താ ബുള്ളറ്റിനുകള്‍ തുടങ്ങുന്നതിന് എത്രയോ മാസങ്ങള്‍ക്കുമുമ്പ് നടത്തിയ ഗൗരവമേറിയ കൂടിയാലോചനകളുടെ ഫലമായിരുന്നു ഏഷ്യാനെറ്റ് രൂപപ്പെടുത്തിയെടുത്ത വാര്‍ത്താസംസ്‌കാരം. ‘ആങ്കര്‍ കേന്ദ്രീകൃത’മായ രീതി വേണ്ടെന്നും ‘വാര്‍ത്താകേന്ദ്രീകൃത’മായ അവതരണം മതിയെന്നും തീരുമാനിച്ചത് ശശികുമാര്‍, ബി.ആര്‍.പി. ഭാസ്‌കര്‍, സക്കറിയ, ടി.എന്‍. ഗോപകുമാര്‍, നീലന്‍ തുടങ്ങിയ മാധ്യമമൂല്യങ്ങളെ ജീവവായുവായി കണ്ട വ്യക്തികള്‍ ഉള്‍പ്പെട്ട ഒരു നേതൃത്വത്തിന് കീഴിലായിരുന്നു. ‘ന്യൂസ് അവര്‍’ പോലുള്ള ചര്‍ച്ചാ പരിപാടികള്‍ തുടങ്ങിയപ്പോള്‍ അതിന് ആവശ്യമായ വിഭവശേഷിയും യോഗ്യതയുമുള്ളവരെയാണ് നിയോഗിച്ചത്. അന്ന് വലിയ ഭാവിയുണ്ടെന്ന് വിലയിരുത്തപ്പെട്ട പലരും ഇന്ന് ഈ ജീര്‍ണിച്ച പൊതുരീതിയുടെ വക്താക്കളായി മാറിയിട്ടുണ്ട് എന്നത് ഖേദകരമാണ്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം വ്യക്തികള്‍ക്ക് മാത്രമല്ലെങ്കിലും, ആ അവസ്ഥയെ പരമാവധി വഷളാക്കുന്നതില്‍ വ്യക്തിപരമായി ചിലര്‍ വഹിച്ച പങ്ക് നാളത്തെ ഗവേഷകര്‍ രേഖപ്പെടുത്തുകതന്നെ ചെയ്യും.

സെബാസ്റ്റ്യന്‍ പോള്‍: ഇന്ത്യയിലെ ടെലിവിഷന്‍ ചരിത്രം ആരംഭിക്കുന്നത് ദൂരദര്‍ശനിലാണ്. ആകാശവാണിയുടെ പാരമ്പര്യത്തിൽ തന്നെയായിരുന്നു ദൂരദര്‍ശന്റെയും വാര്‍ത്താ അവതരണവും വായനയുമെല്ലാം തുടങ്ങിയത്. ആകാശവാണിക്ക് ഭരണകൂടത്തിന്റെ അടിമത്ത സ്വഭാവമുണ്ടെന്ന് നമ്മള്‍ ആരോപിക്കുമെങ്കിലും ഭാഷാശുദ്ധിയുടെ കാര്യത്തില്‍ അവര്‍ മുന്‍പന്തിയില്‍തന്നെയായിരുന്നു.

സത്യത്തില്‍ ആകാശവാണിയിലെ ആദ്യകാല വാര്‍ത്ത അവതാരകരാണ് മലയാളികളെ ശുദ്ധമലയാളം സംസാരിക്കാന്‍ പഠിപ്പിച്ചത്. ദൂരദര്‍ശനും ഭാഷാശുദ്ധിയുടെ കാര്യത്തില്‍ ആകാശവാണിയുടെ പാതതന്നെയായിരുന്നു പിന്തുടര്‍ന്നത്. മലയാളത്തിലെ സ്വകാര്യ മാധ്യമങ്ങളും ദൂരദര്‍ശന്റെയൊക്കെ സ്വാധീനമുള്ളതുകൊണ്ട് ഭാഷാശുദ്ധി നിലനിര്‍ത്തിപ്പോരുകയും നിഷ്പക്ഷ നിരീക്ഷകരായിതന്നെ നിന്നുകൊണ്ട് വാര്‍ത്ത അവതരണം നടത്തുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇതെല്ലാം തകിടംമറിഞ്ഞു. പുതുതായി തുടങ്ങിയ ഒരോ ചാനലും കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ വാര്‍ത്തകളില്‍, വാര്‍ത്ത അവതരണ ശൈലികളില്‍ അതിസാഹസങ്ങള്‍ കാണിച്ചുകൊണ്ടേയിരുന്നു.

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയ ഒരാളാണ് എം.വി. നികേഷ്‌കുമാര്‍. നികേഷിന്റെ കടന്നുവരവോടെ നികേഷ് കുമാറിനോട് മത്സരിക്കുക എന്നതായി എല്ലാ ദൃശ്യമാധ്യമപ്രവര്‍ത്തകരുടെയും ലക്ഷ്യം. ആകാശവാണിയുടെ പാരമ്പര്യത്തില്‍നിന്ന് വളര്‍ന്നുവന്ന ആളാണെങ്കിലും എല്ലാ പാരമ്പര്യ ശൈലികളെയും തകര്‍ത്തെറിയാന്‍ താല്‍പര്യം കാണിച്ച വ്യക്തിയായിരുന്നു ആര്‍. ശ്രീകണ്ഠന്‍ നായര്‍. അദ്ദേഹം ഒരു വാര്‍ത്താചാനല്‍ തുടങ്ങിയപ്പോള്‍ അതുവരെ വാര്‍ത്താമുറികളില്‍ കാണാത്ത പലതരം വികൃതികളും അഭ്യാസങ്ങളും അവിടെ കാണിക്കുകയുണ്ടായി.

അന്നുവരെ മലയാളി കാണാത്ത തരത്തിലുള്ള വാര്‍ത്ത അവതരണ കാട്ടിക്കൂട്ടലുകള്‍ക്കാണ് ആ ചാനല്‍ തുടക്കം കുറിച്ചത്. ഈ കോപ്രായങ്ങള്‍ കാണാന്‍ ആളുകൂടിയപ്പോള്‍ ഇതാണ് ഇനി അനുകരിക്കേണ്ട ശൈലിയെന്ന് വിശ്വസിച്ച് നികേഷ് കുമാര്‍പോലും ശ്രീകണ്ഠന്‍ നായരെ അനുകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. അതോടെ, ചാനലിന്റെ പേര് ലോഗോ എല്ലാം അപ്രസക്തമാകുകയും വ്യക്തികള്‍ ചാനല്‍ സ്‌ക്രീനുകളില്‍ പ്രബലരായി മാറുകയും ചെയ്തു. ‘കോഫി വിത്ത് അരുണ്‍’, ‘സുപ്രഭാതം വിത്ത് സുജയ’, ‘ഡിബേറ്റ് വിത്ത് സ്മൃതി’ തുടങ്ങിയ കലാപരിപാടികള്‍ ആരംഭിച്ചത് അതിനുശേഷമാണ്.

പ്രകടനപരത മാത്രമാണ് ഇന്നത്തെ ദൃശ്യമാധ്യമങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഇപ്പോള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന സമയങ്ങളില്‍ മുഴുവന്‍ അവതാരകർ കമന്റുകളിലൂടെ സംവദിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ഇവര്‍ സംവദിക്കുന്നത് എന്നതാണ് അതിലേറെ പരിതാപകരമായി മാറുന്നത്. അവതാരകയുടെ കൈയിലെ ക്യൂട്ടസും സാരിയുടെ ഭംഗിയുമെല്ലാം ചര്‍ച്ചചെയ്യുന്ന വേദിയായി ടെലിവിഷന്‍ സ്‌ക്രീനുകള്‍ ഇന്ന് അധഃപതിക്കുകയാണ്. ഇത് വാര്‍ത്തയെ ഒരു തരത്തിലുള്ള വസ്തുനിഷ്ഠതയും ആവശ്യമില്ലാത്ത വിനോദം മാത്രമാക്കി മാറ്റിയിരിക്കുകയാണ്. വാര്‍ത്ത റിപ്പോട്ട് ചെയ്യാനെത്തുന്ന ആള്‍ ചായ കുടിച്ചോ, പ്രഭാത ഭക്ഷണം എന്തായിരുന്നു തുടങ്ങിയവയെല്ലാം വാര്‍ത്ത അവതാരകർ ചോദിക്കുന്നതും, ചോദിക്കുന്ന ഇത്തരം എല്ലാ വഷളത്തങ്ങള്‍ക്കും റിപ്പോര്‍ട്ടമാര്‍ ഉത്തരം പറയുന്നതുമായ കൊച്ചുവര്‍ത്തമാന ശൈലിയിലേക്ക് ദൃശ്യമാധ്യമ പ്രവര്‍ത്തനം തീർത്തും അധഃപതിച്ചിരിക്കുന്നു.

വാര്‍ത്തകളും വിശേഷങ്ങളും അറിയാനായി എത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നിൽ വാര്‍ത്തയെന്ന രൂപത്തില്‍ വ്യക്തി കേന്ദ്രീകൃത കോമഡി ഷോ അവതരിപ്പിച്ചാല്‍ ഒടുവില്‍ അവര്‍ ആ മാധ്യമത്തെതന്നെ വെറുത്തുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും.

ഡോ. എസ്.ആര്‍. സഞ്ജീവ്: വ്യക്തി ഐഡിയോളജിയെ പ്രതിനിധാനം ചെയ്യുന്നതിനു പകരം ഐഡിയോളജി വ്യക്തിതന്നെയായി മാറുന്ന സമകാലിക രാഷ്ട്രീയ വ്യവഹാരത്തെക്കുറിച്ച് നേരത്തേ സൂചിപ്പിച്ചിരുന്നു. അതേസമയം പ്രതിനിധാനം തെറ്റല്ല. ഈ സിദ്ധാന്തം വാര്‍ത്തക്കും ബാധകമാണ്. ‘മോണിങ് ഷോ വിത്ത് എസ്.കെ.എന്‍’ എന്നുപറഞ്ഞാല്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് ആ ഷോയുടെ എല്ലാ ഉത്തരവാദിത്തവുമുണ്ട്. അദ്ദേഹത്തിന്റെ അവതരണത്തിലൂടെ ജനങ്ങൾ കൂടുതലായി വാര്‍ത്തയിലേക്ക് എത്തുന്നുണ്ടെങ്കില്‍ അത് നല്ലതല്ലേ.

ഒരു കാലത്ത് അമേരിക്കയില്‍ വാര്‍ത്ത എന്നാല്‍ സി.ബി.എസ് അവതാരകനായ വാള്‍ട്ടര്‍ ക്രോങ്കൈറ്റായിരുന്നു. മറ്റാരേക്കാളും വിശ്വാസ്യത അദ്ദേഹത്തിനായിരുന്നു. ഏറ്റവും പ്രയാസകരമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്ന അഭിമുഖകാരന്‍ മൈക്ക് വാലസിന്റെ സ്വീകാര്യത ചോദ്യംചെയ്യാനാവാത്തതായിരുന്നു.

ഇവരെല്ലാം തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമം എന്ന വിശാല സമ്പ്രദായത്തിന്റെ മൂല്യങ്ങളില്‍നിന്ന് അണുകിട വ്യതിചലിക്കാതെ പ്രവര്‍ത്തിച്ചിരുന്നവരാണ്. തങ്ങള്‍ ആ സമ്പ്രദായത്തിന്റെ പ്രതിനിധാനങ്ങളാണെന്ന ബോധ്യത്തോടുകൂടിയായിരുന്നു അവരുടെ ഇടപെടലുകള്‍. അവരുടെ വ്യക്തിത്വത്തിന്റെ മുദ്ര ആ മാധ്യമസമ്പ്രദായത്തില്‍ നിഴലിച്ചിട്ടുണ്ടാകാം. അല്ലാതെ, അവര്‍ സ്വയം മാധ്യമങ്ങളെന്ന് അവകാശപ്പെട്ടില്ല. ഈ നിലവാരത്തിലുള്ള വിശ്വാസ്യത ആർജിക്കുന്നതില്‍ നിരവധി കാലം സ്‌ക്രീനില്‍ തുടരുന്ന സമകാലിക മലയാള മാധ്യമ അവതാരകര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ. ആത്മപരിശോധന വേണ്ട വിഷയമാണ്.

കൂനിന്മേല്‍ കുരുപോലെയാണ് കണ്ണിണകള്‍ പിടിച്ചുപറ്റാന്‍ ഏത് വിഡ്ഢിവേഷം കെട്ടാനും ലൂസ് ടോക്കില്‍ മെഴുകാനും അസാമാന്യശേഷിയുള്ള നിരവധി അവതാരകരുടെ അതിപ്രസരം. ഇവര്‍ ഡിജിറ്റല്‍ പേഴ്‌സനല്‍ രീതിയാണ് അവലംബിക്കുന്നത്. വാര്‍ത്തയോട് വലിയ പ്രതിബദ്ധതയൊന്നുമില്ല. റിപ്പോര്‍ട്ടിങ്ങിലും വസ്തുതാശേഖരണത്തിലും ആഴമുള്ള വിശകലനങ്ങളിലും വലിയ പ്രാഗല്ഭ്യമൊന്നുമില്ല. ഈ കഴിവുകേട് ആസനത്തില്‍നിന്ന് മുന്നോട്ടാഞ്ഞിരുന്നും തൊള്ളയിട്ടും ആനപ്പുറത്തു കയറിയും ഡാന്‍സ് കളിച്ചും മറികടക്കും. ഇവരിലാണ് മലയാളത്തിലെ ആധുനികകാല മുതലാളിമാരുടെ നിക്ഷേപം. തല്‍ക്കാലം മുടക്കുമുതല്‍ തിരിച്ചുപിടിക്കാനായിരിക്കും ശ്രമം. പണ്ടുകാലത്ത് പ്രിന്റിങ് പ്രസുകാര്‍ തങ്ങളുടെ വാഹനങ്ങളില്‍ പ്രസ് എന്ന സ്റ്റിക്കര്‍ ഒട്ടിക്കുകയും മാധ്യമങ്ങളുടെ വാഹനങ്ങള്‍ക്ക് കിട്ടുന്ന പരിഗണന അടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ ഒരു പുതിയ പതിപ്പായി ഇതിനെ കണ്ടാല്‍ മതി.ഇതിന്റെ ഭാവിയെന്താവുമെന്ന് പ്രവചിക്കുന്നതില്‍ അർഥമൊന്നുമില്ല.

അച്ചടി മാധ്യമം നൂറ്റാണ്ടുകളിലൂടെ സാമൂഹിക മാറ്റങ്ങളോട് പ്രതികരിച്ചാണ് ജനാധിപത്യക്രമത്തില്‍ അതിന്റെ സ്ഥാനം നേടിയത്. അതിനിടെ യെലോ ജേണലിസവും സോഫ്റ്റ് പോണും കൈക്കൂലി പത്രപ്രവര്‍ത്തനവുമൊക്കെയുണ്ടായി. അവ ഇപ്പോഴും പൂര്‍ണമായി മാഞ്ഞുപോയിട്ടില്ല. ടെലിവിഷന്റെ സ്ഥിതിയും ഇതൊക്കെത്തന്നെ. ഡിജിറ്റല്‍ കണ്‍വര്‍ജന്റ് മാധ്യമ മേഖലകളിലും ഇത്തരം ഘട്ടങ്ങളുണ്ടാകും. മുമ്പത്തെപ്പോലെ ഇപ്പോഴും സമൂഹംതന്നെയാണ് ആ പ്രവണതകളെ തിരുത്തുക.

കെ.ആര്‍. ഗോപീകൃഷ്ണന്‍: BARC പോലുള്ള Rating സംവിധാനങ്ങളിലൂടെ ജനപ്രിയതയും ജന സ്വീകാര്യതയും അളക്കുന്ന ഒരു വിപണി വ്യവസ്ഥയിലാണ് ഇന്ന് ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളുടെ സാമ്പത്തിക നിലനില്‍പ് സാധ്യമാക്കുന്നത് പരസ്യ വിപണിയുമാണ്. ഇതൊക്കെ ഏതൊരാള്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇവിടെയാണ് Brandകളുടെ പ്രാധാന്യം, നല്ലതോ അല്ലാത്തതോ എന്നതിനേക്കാള്‍ അനിവാര്യമായ ഒന്നായി ഈ Brand സംസ്‌കാരം മാറിയിരിക്കുന്നു. ഏത് ചെറിയ ഉല്‍പന്നവും വിപണിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ Brandകളായി അവതരിപ്പിക്കപ്പെടുന്നത് നമ്മള്‍ കാണാതെ പോകരുത്. അത് തന്നെയല്ലേ ടെലിവിഷനിലും സംഭവിക്കുന്നത്.

പ്രേക്ഷകന്റെ ശ്രദ്ധയും താൽപര്യവും പിടിച്ചുപറ്റാന്‍ ഏത് അടവും പയറ്റേണ്ടിവരുന്ന സാഹചര്യത്തിലാണ് വാര്‍ത്താ അവതാരകരും Brandകള്‍ ആകുന്നത്. അവിടെ ഉള്ളടക്കത്തേക്കാള്‍, പ്രാധാന്യം അവതാരകന്റെ ശൈലിക്കും ഭാഷാപ്രയോഗത്തിനും അംഗവിക്ഷേപങ്ങള്‍ക്കും കൈവരുന്നു. ഓരോ പരിപാടിയും അവതാരകന്റെ Signature പരിപാടിയായി ടെലിവിഷനിൽ എത്തുന്നത് അങ്ങനെയാണ്. Content അഥവാ ഉള്ളടക്കം എന്നതിന്റെ നിര്‍വചനം തന്നെ ഇന്ന് അവതാരകൻ അല്ലെങ്കിൽ അവതരണശൈലി എന്നിവ കൂടി ഉള്‍പ്പെടുന്നതാണ്. അതിനെ ഒരു അപചയമായോ അപരാധമായോ കാണേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.

The Oprah Winfrey Show, Late Show with David Letterman, Walter Cronkite (CBS Evening News), Larry King Live (CNN)

ഇങ്ങനെ ലോക പ്രശസ്തരായ ധാരാളം അവതാരകര്‍ അവരുടെ സാന്നിധ്യംകൊണ്ട് കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ഏത് വാര്‍ത്ത എന്നതിനേക്കാള്‍ ആരു പറയുന്ന വാര്‍ത്ത എന്നതിലേക്കായി ഇന്ന് പ്രേക്ഷകന്റെ ശ്രദ്ധ. അതിന്റെ വാണിജ്യമൂല്യം സ്ഥാപനങ്ങളുടെ നിലനില്‍പുതന്നെ നിര്‍ണയിക്കുന്നതായികൂടി മാറിയിട്ടുണ്ട്.

4. ഒരു സമൂഹത്തിന് അവര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള മാധ്യമങ്ങളെയും മാധ്യമ സമീപനങ്ങളെയുമാണ് ലഭിക്കുകയെന്ന പ്രയോഗത്തില്‍ സ്വയം ആശ്വാസം കണ്ടെത്താനല്ലാതെ അടിസ്ഥാന തത്ത്വങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നമ്മുടെ ദൃശ്യമാധ്യമ ശൈലിയില്‍ എന്തെല്ലാം പൊളിച്ചെഴുത്തുകളാണ് നമുക്ക് നടത്താന്‍ സാധിക്കുക?

സി.എല്‍. തോമസ്: ഈ പ്രശ്‌നത്തിന് ലളിതമായ പരിഹാരങ്ങളൊന്നുമില്ല. ഈ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടവീര്യവും കൃത്യമായ ‘മാധ്യമ സാക്ഷരതയും’ (Media Literacy) ജനങ്ങള്‍ ആർജിക്കുക എന്നത് മാത്രമാണ് പോംവഴി. അതത്ര എളുപ്പമുള്ള കാര്യമല്ല; എന്നാല്‍, അസാധ്യവുമല്ല. മാധ്യമപ്രവര്‍ത്തകര്‍ ചരിത്രം സമ്മാനിച്ചിട്ടുള്ള ഒരു അളവുകോല്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്.

(അഭിപ്രായങ്ങള്‍ സ്വതന്ത്രമാണ്, എന്നാല്‍ വസ്തുതകള്‍ വിശുദ്ധമാണ്) -സി.പി. സ്‌കോട്ട്.

ഈ ആചാര്യ സൂക്തത്തിന് കാലഭേദമില്ല, ഇതിന് ഒരു പരിഷ്‌കാരങ്ങളോ തിരുത്തലുകളോ ആവശ്യമില്ല താനും.

ഈ മാറ്റങ്ങള്‍ നമ്മുടെ നാട്ടില്‍ മാത്രം നടക്കുന്നതല്ല, ആഗോളതലത്തില്‍തന്നെ സംഭവിക്കുന്ന ഒന്നാണ്. ഇതിന്റെ പ്രഥമവും പ്രധാനവുമായ കാരണം രാഷ്ട്രീയം തന്നെയാണ്. ലോക രാഷ്ട്രീയക്രമം തീവ്ര വലതുപക്ഷത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതിന്റെ സാംസ്‌കാരിക പ്രതിഫലനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പ്രകടമാകുന്നത്. മാധ്യമ വ്യവസായവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാനവും ഇതുതന്നെ. ഈ രാഷ്ട്രീയവുമായി മാധ്യമപ്രവര്‍ത്തകര്‍കൂടി താദാത്മ്യം പ്രാപിക്കുമ്പോള്‍ മാധ്യമ മൂല്യങ്ങളുടെ തകര്‍ച്ച പൂര്‍ണമാകുന്നു. ഇന്ത്യന്‍ ഭരണകൂടം തീവ്ര വലതുപക്ഷ (വിദ്വേഷത്തിന്റെ ഇന്ത്യന്‍ മേമ്പൊടിയോടു കൂടിയ) രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളാണ്. ആ രാഷ്ട്രീയം അധികാരത്തിന്റെ പടവുകള്‍ ഓരോന്നായി കയറുമ്പോള്‍, ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യ സൂചിക (Press Freedom Index) താഴേക്ക് ഇറങ്ങിക്കൊണ്ടിരിക്കുകയാണ്.

സെബാസ്റ്റ്യന്‍ പോള്‍: മാധ്യമപ്രവര്‍ത്തനം കുറെക്കൂടി ഗൗരവം ആവശ്യപ്പെടുന്ന മേഖലയായി മാറണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം അവിടെ കൈകാര്യം ചെയ്യപ്പെടുന്നത് വാര്‍ത്തകളാണ്. നിഷ്പക്ഷതയും വിശ്വാസ്യതയും തന്നെയാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമുദ്ര. എല്ലാ കാലത്തും അംഗീകൃതമായ മാധ്യമമൂല്യങ്ങളുടെ അടിസ്ഥാനത്തിലാവണം നമ്മുടെ എല്ലാത്തരം മാധ്യമങ്ങളും മുന്നോട്ടുപോകേണ്ടത്.

പണ്ട് ഞാന്‍ സജീവമായി പത്രപ്രവര്‍ത്തനം നടത്തിയിരുന്ന കാലത്ത് മാധ്യമപ്രവര്‍ത്തകരുടെ ഒരു ദിവസം ആരംഭിക്കുന്നതുതന്നെ അന്ന് ഇറങ്ങിയ സ്വന്തം പത്രം വിലയിരുത്തിക്കൊണ്ടായിരുന്നു. അപ്പോള്‍ മാത്രമാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ, അവിടെനിന്ന് നമ്മള്‍ പുറത്തിറക്കുന്ന പത്രത്തിന്റെ മേന്മകളും പോരായ്മകളും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. ഇന്ന് നമ്മുടെ എത്ര ദൃശ്യമാധ്യമസ്ഥാപനങ്ങളില്‍ ഇത്തരം തെറ്റുതിരുത്തലുകള്‍ ഉണ്ടാകുന്നുണ്ട്? എത്ര എഡിറ്റര്‍മാര്‍ തങ്ങള്‍ക്ക് കീഴിലുള്ള മാധ്യമപ്രവര്‍ത്തകരെ ഇത്തരം സ്വയം വിലയിരുത്തലുകള്‍ക്ക് നിര്‍ബന്ധിക്കുന്നുണ്ട്?

തങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയെന്ന ധാരണയില്‍ മു​േന്നാട്ടുപോകുന്നവര്‍ക്ക് ഒരിക്കലും മികവിലേക്ക് ഉയരാന്‍ സാധിക്കുകയില്ല. പലപ്പോഴും ടി.വി സ്‌ക്രീനുകളില്‍ തെറ്റുകള്‍ കണ്ടാല്‍ അതിന്റെ ചുമതലക്കാരെ പരിചയമുണ്ടെങ്കില്‍ ഫോണിലൂടെ തെറ്റ് ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍, അവര്‍ അതിനെയെല്ലാം വളരെ നിസ്സാരമായിട്ടാണ് എടുക്കാറ്, Accuracy (കൃത്യത) എന്നത് അച്ചടി മാധ്യമങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതല്ല. എല്ലാ മാധ്യമങ്ങളുടെയും അടിസ്ഥാന പ്രമാണം തന്നെയാണിത്. ഉത്തരവാദപ്പെട്ടവര്‍ കാണും, അവര്‍ മാറ്റങ്ങളും തിരുത്തലുകളും വരുത്തും എന്ന പ്രതീക്ഷയിലാണ് ഞാന്‍ ഇത്തരം ദൃശ്യമാധ്യമ വിമര്‍ശനങ്ങള്‍ പതിവായി തന്നെ നടത്താറുള്ളത്. എന്നാല്‍, ഇതൊന്നും ആരും ശ്രദ്ധിക്കാറുപോലുമില്ല എന്നതാണ് വാസ്തവം. ആരുടെയും അധ്വാനത്തെ കുറച്ചുകാണുകയല്ല ഞാന്‍ ഇവിടെ ചെയ്യുന്നത്.

ഇന്നത്തെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ കാണിക്കുന്ന സാഹസിക ഇടപെടലുകള്‍ പ്രത്യേകിച്ച് പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ നമുക്കുവേണ്ടി അവര്‍ നടത്തുന്ന ഇടപെടലുകള്‍ കാണാതെ പോകാന്‍ സാധിക്കുകയില്ല. എന്നാലും നിസ്സാരമായി അവര്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്ന ചില വൈകല്യങ്ങല്‍ മാത്രമാണ് നമ്മുടെ ദൃശ്യമാധ്യമ മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്നത്. മാധ്യമ സ്ഥാപനങ്ങള്‍തന്നെ കൂട്ടായ തീരുമാനങ്ങള്‍ എടുത്ത് അവര്‍ തന്നെ സ്വയം വിമര്‍ശനവും തിരുത്തലുകളുമായി മുന്നോട്ടുവന്നാല്‍ മാത്രമേ കൂടുതല്‍ മികച്ച മാധ്യമസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ.

ഡോ. എസ്.ആര്‍. സഞ്ജീവ്: ദൃശ്യമാധ്യമങ്ങള്‍ ഡിജിറ്റലിന്റെ ടെക്‌നോളജി സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തണം. സോഷ്യല്‍ മീഡിയയുടെ കണ്ടന്റ് ക്രിയേറ്റര്‍മാരായി ടെലിവിഷന്‍ മാറുന്നുണ്ടെങ്കില്‍ അതിനുള്ള പ്രതിഫലം ഈടാക്കാനുള്ള ബിസിനസ് മോഡലുകള്‍ കണ്ടെത്തണം. മൂല്യാധിഷ്ഠിത പരമ്പരാഗത മാധ്യമ ശൈലിയെ വ്യക്തിഗത കഥാഖ്യാന (സ്‌റ്റോറി ടെല്ലിങ്) മാതൃകയിലേക്ക് വിളക്കിച്ചേര്‍ക്കാന്‍ കഴിയണം. സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയാണ് പരമ്പരാഗത മാധ്യമ ശൈലിയില്‍ വെള്ളം ചേര്‍ക്കപ്പെടാന്‍ കാരണം. ഈ പ്രശ്‌നം ഭാവനാത്മകമായ സ്വയം നവീകരണത്തിലൂടെ മറികടക്കാന്‍ കഴിയണം. ഒരു ഐ.ഡി കാര്‍ഡിട്ടാല്‍ ആര്‍ക്കും മാധ്യമപ്രവര്‍ത്തകനാകാന്‍ കഴിയില്ലെന്ന സത്യം മനസ്സിലാക്കണം.

എസ്.ഐ.പി മാതൃകയിലുള്ള നിക്ഷേപംതന്നെയാണ് ടെലിവിഷന് നല്ലത്. ടെലിവിഷനും അച്ചടിമാധ്യമവുമൊക്കെ ഡിജിറ്റല്‍ യുക്തിക്ക് കീഴ്‌പ്പെടുന്ന കാലത്ത് ഡിജിറ്റലിലേക്കുള്ള കൂടുമാറ്റം സാമ്പത്തിക കാരണങ്ങളാല്‍ അനിവാര്യമാണ്. പക്ഷേ ഡിജിറ്റലിന്റെ നൈമിഷിക, വൈകാരിക, ഉപരിപ്ലവ സ്വഭാവത്തെ മനസ്സിലാക്കുകയും അതിനെ വസ്തുനിഷ്ഠമായ (objectivity) മാധ്യമ ശൈലികൊണ്ട് മെരുക്കിയെടുക്കുകയും ചെയ്താലേ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റാനാവൂ. ജേണലിസ്റ്റില്‍നിന്നും കണ്ടന്റ് ക്രിയേറ്ററിലേക്കുള്ള പരിവര്‍ത്തനം നടക്കുമ്പോള്‍ അവരെ നയിക്കേണ്ടത് പരമ്പരാഗത മാധ്യമശൈലിയും രീതിയുമാണെന്ന അലംഘ്യമായ ശാസനയാണ്.

കെ.ആര്‍. ഗോപീകൃഷ്ണന്‍: ഈ മാറ്റങ്ങളെ നമ്മള്‍ എങ്ങനെ കാണുന്നു എന്നതല്ലേ സത്യത്തില്‍ പ്രധാനം. മുമ്പ് ഒരു കാലത്തുമില്ലാത്തവിധം തലമുറകളുടെ അന്തരം തീവ്രമായി പ്രകടമാകുന്ന കാലമാണ് നമ്മുടേത്. ജെന്‍സികള്‍ക്ക് അവരുടേതായ ഭാഷയും ആശയ വിനിമയ സംസ്‌കാരവും പോലുമുണ്ട്. അവരോടുള്ള ആശയവിനിമയം (communication) നമ്മള്‍ പരിശീലിക്കേണ്ടതായിപോലും വന്നേക്കാം. അപ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അഥവാ പ്രവര്‍ത്തിക്കേണ്ടത്. ശരിയോ തെറ്റോ ആകട്ടെ യഥാർഥത്തില്‍ ആരാണ് ദൃശ്യമാധ്യമങ്ങളുടെ ഇന്നത്തെ പോക്കില്‍ ആകുലപ്പെടുന്നത്.

എനിക്ക് തോന്നിയിട്ടുള്ളത് അമ്പതും അറുപതും പിന്നിട്ട ഒരു തലമുറയാണ് അത് എന്നാണ്. അവരാണ് അവരുടെ യുവത്വകാലത്തെ മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനവുമായി സമകാലിക രീതികളെ താരതമ്യപ്പെടുത്തുന്നത്. ഇതൊന്നും അടിസ്ഥാന മൂല്യവിചാരങ്ങളില്‍നിന്നുള്ള ദുർനടപ്പിനെ ന്യായീകരിക്കുകയല്ല. മറിച്ച്, പുതിയ കാലത്തിന്റെ തിരിച്ചറിവുകളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ പരുവപ്പെടുകയാണ് വേണ്ടത് എന്നാണ്. അതുകൊണ്ട് കാരണങ്ങള്‍ തിരയുന്നതിനേക്കാള്‍ കാലത്തിന്റെ ചുവരെഴുത്ത് വായിക്കുകയാണ് വേണ്ടത്.

വിപണിയുടെ സമ്മര്‍ദങ്ങള്‍ക്കും താൽപര്യങ്ങള്‍ക്കും വഴങ്ങേണ്ടിവരുന്നു എന്നതാണ് പ്രധാനപ്പെട്ട സംഗതി. ഒരു വ്യവസായം എന്നനിലയില്‍ നിലനിൽപിന് അത് അനിവാര്യവുമാണ്. എന്നാല്‍ ഏത് കടുത്ത മത്സരത്തിലും, ആത്യന്തികമായി വിജയിക്കാന്‍ മാധ്യമങ്ങള്‍ക്കു വേണ്ടത് ‘വിശ്വാസ്യത’ (Credibility) ആണ്. അതിനെ Compromise ചെയ്തു നടത്തുന്ന ഏത് മുന്നേറ്റത്തിനും അൽപായുസ്സേ ഉണ്ടാകൂ. സമൂഹത്തിന്റെ ഈ വിശ്വാസ്യത നേടിയെടുക്കൽ മുമ്പെത്തെക്കാളും ഇന്ന് പ്രയാസകരമാണ്. കാരണം, സമൂഹം എന്നത് ഇന്ന് Well Informed ആണ്. അതിന്റെ സൂഷ്മ നിരീക്ഷണത്തില്‍ (Scrutiny) വേണം ഇന്ന് മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍. അവിടെ FACTS are Sacred എന്ന ആപ്തവാക്യത്തിന് (വസ്തുതകള്‍ പരിപാവനമാണ്) ഇന്നും പവന്‍ മാര്‍ക്ക് വിലയാണ്.

സത്യം ആര് പറയുന്നു എന്നതിലല്ല ശരിയായ സത്യം (The Real Truth) ആര് പറയുന്നു എന്ന് കേള്‍ക്കാനാണ് സമൂഹം കാത്തിരിക്കുന്നത്. ആ ബോധ്യവും ഉത്തരവാദിത്തബോധവും ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ മാധ്യമങ്ങളെ സമൂഹം കൈപിടിച്ചു മുന്നോട്ടുനടത്തൂ. ചെറുചുവടുകളാണെങ്കിലും സഞ്ചരിക്കുന്നത് മുന്നോട്ടുതന്നെ എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്.

----------

എറണാകുളം തേവര ​എസ്.എച്ച് കോളജിൽ ജേണലിസം വകുപ്പ്​ മേധാവിയും സ്വതന്ത്ര മാധ്യമപ്രവർത്തകനുമാണ് ബെൽബിൻ പി. ബേബി

Tags:    
News Summary - Sacrificing journalistic integrity for TRP ratings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.