നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയങ്ങളിൽനിന്ന് സി.പി.എം എന്തെങ്കിലും പഠിക്കുമോ? തിരുത്തുമോ? സി.പി.എം അടക്കമുള്ള ഇടതു പാർട്ടികൾ എത്തിപ്പെട്ട പ്രതിസന്ധി എങ്ങനെയുള്ളതാണ്? –വിശകലനം.
തോൽവി അവസാനമല്ല, പക്ഷേ അത് അവസാനത്തിലേക്കുള്ള ആദ്യ വാക്കാണ്. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം ബംഗാളിൽ 16 സീറ്റിൽ ഒതുങ്ങി. തൃണമൂൽ 18. കഴിഞ്ഞ പത്തു തെരഞ്ഞെടുപ്പുകളിലായി സി.പി.എം തോറ്റിട്ടില്ലാത്ത 9 സീറ്റുകൾ അന്ന് തൃണമൂൽ നേടി, അത് അവസാനവാക്കായിരുന്നില്ല. തുടക്കമായിരുന്നു. 2011ൽ സി.പി.എമ്മിന് ബംഗാളിൽ അധികാരം നഷ്ടപ്പെട്ടു, മൂന്നര പതിറ്റാണ്ടിനുശേഷം. 294 അംഗ സഭയിൽ 40 സീറ്റ് മാത്രം. അതും അവസാനമായിരുന്നില്ല. 2016ൽ 26 സീറ്റ്. 2021ൽ പൂജ്യം. അപ്പോൾ തോൽവി അവസാനവാക്കായി. 2026ൽ ഒരു സീറ്റ്. 4.45 ശതമാനം വോട്ടും. ഇടത് മുന്നണിക്ക് 50 ശതമാനത്തിലേറെ വോട്ടുണ്ടായതിൽനിന്നാണ് ഈ പതനം. പതനത്തിന്റെ ഓരോ ഘട്ടത്തിലും തിരുത്തൽ ഉണ്ടായിരുന്നു.
സി.പി.എം പൂജ്യത്തിലേക്ക് സഞ്ചരിച്ചെങ്കിലും ബംഗാളിന്റെ ചരിത്രത്തിൽ പാർട്ടിക്ക് ഇടമുണ്ട്. ബംഗാളിലെ കാർഷികരംഗം സമഗ്രമായി പരിഷ്കരിച്ച ‘ഓപറേഷൻ ബർഗ’ എന്ന ഭൂനിയമം കൊണ്ടുവന്നത് സി.പി.എമ്മാണ്. 1978ൽ നടപ്പാക്കിയ ഈ പരിഷ്കാരം പാട്ടകൃഷിക്കാരൻ നേരിട്ട കുടിയൊഴിപ്പിക്കൽ ഭീഷണി അവസാനിപ്പിച്ചു. അർഹമായ വിഹിതം കൃഷിക്കാരന് ലഭിച്ചു. പക്ഷേ, ഒരു പരിഷ്കാരവും ആജീവനാന്ത കാലത്തേക്കുള്ള ‘ഫിക്സഡ് ഡപ്പോസിറ്റ്’ അല്ല. അതിന്റെ പലിശകൊണ്ട് പിന്നീട് വരുന്നവർക്കെല്ലാം മദിച്ചുനടക്കാമെന്ന് കരുതരുത്. ‘ഓപറേഷൻ ബർഗ’കൊണ്ട് സി.പി.എം രക്ഷിച്ച അതേ കർഷകന്റെ നെഞ്ചിലേക്കാണ് 29 വർഷത്തിനുശേഷം നന്ദിഗ്രാമിൽ വെടിയുതിർത്തത്. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെ ജഡമായ് പൈങ്കിളിയേ...
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിലും പതനത്തിന്റെ ഗ്രാഫ് ഇങ്ങനെതന്നെ. 1952ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് 16 സീറ്റ്. അന്ന് മുഖ്യപ്രതിപക്ഷം. 1952ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നെഹ്റുവിനായിരുന്നില്ല. കമ്യൂണിസ്റ്റുകാരനായ രവി നാരായൺ റെഡ്ഡിക്കായിരുന്നു. നൽഗോണ്ടയിൽ റെഡ്ഡിക്ക് ഭൂരിപക്ഷം 2,22,280. യു.പിയിലെ ഫുൽപുരിൽ നെഹ്റുവിനു 1,73,929. ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കാതെ സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങിയ പോരാളിയാണ് റെഡ്ഡി. ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്തു.
വാർധ ആശ്രമത്തിൽ ചെന്ന് ഗാന്ധിജിയുടെ ഹരിജൻ നവോത്ഥാന ഫണ്ടിലേക്ക് ഭാര്യയുടെ ആഭരണങ്ങൾ നൽകി. കമ്യൂണിസ്റ്റായപ്പോൾ പാർട്ടി നിർദേശിച്ച 20 ഏക്കർ കഴിച്ച് ബാക്കിയുള്ള കൃഷിഭൂമി കൃഷിക്കാർക്ക് നൽകി, 500 ഏക്കറായിരുന്നു അത്. മരിക്കുമ്പോൾ ചിതാഭസ്മം വയലിൽ വിതറണമെന്ന് നിർദേശിച്ചു. ഒരു പൂർവകാല കമ്യൂണിസ്റ്റിന്റെ ജീവിതം പറഞ്ഞുവെന്ന് മാത്രം. പി.ആർ വർക്കിലൂടെ വ്യാജമുഖം നിർമിച്ച് സ്വയം പ്രദർശനവസ്തുവായി മാറുന്ന സമകാലിക രാഷ്ട്രീയ ജീവിതങ്ങൾക്കിടയിൽ വംശനാശം സംഭവിക്കുന്ന ഒരു പഴയകാല പച്ച ജീവിതം.
1990നും 2004നും ഇടയിൽ ദേശീയ രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് നിർണായക പങ്കുണ്ടായി. 1996ൽ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന നിർദേശം വന്നു. പാർട്ടി തള്ളി. ആ നിർദേശം പാർട്ടി സ്വീകരിച്ചിരുന്നെങ്കിൽ സ്വാതന്ത്ര്യത്തിന്റെ 50ാം പിറന്നാളിൽ കമ്യൂണിസ്റ്റുകാരനായ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുമായിരുന്നു. ലോകത്ത് കമ്യൂണിസം തകർന്ന സന്ദർഭത്തിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ ഒരു കമ്യൂണിസ്റ്റ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകുമായിരുന്നു. പാർട്ടി തീരുമാനത്തെ ചരിത്രപരമായ വിഡ്ഡിത്തമെന്ന് ബസു വിശേഷിപ്പിച്ചു. ദേശീയരാഷ്ട്രീയത്തിലെ ഒരു വലിയ സാധ്യത അവിടെ വെച്ച് അടഞ്ഞുപോയി. 2004ൽ ഇടതു പാർട്ടികൾക്ക് 59 സീറ്റ്. ഇപ്പോൾ സി.പി.എം-4, സി.പി.ഐ -2. തെറ്റും തിരുത്തും ഗൗരവത്തിൽ പറയുന്ന ഫലിതം മാത്രമായി.
പാർലമെന്ററി സമ്പ്രദായം മാർഗം മാത്രമാണെന്നും ലക്ഷ്യമല്ലെന്നും സൈദ്ധാന്തികമായി വ്യാഖ്യാനിക്കാം. അത് തോൽക്കുമ്പോൾ കണ്ടെത്തുന്ന ആശ്വാസവചനം മാത്രമാണ്. പാർലമെന്ററി മാർഗമല്ലാതെ മറ്റെന്ത് ബദലാണ് മുന്നിൽ? 2008ൽ സി.ഐ.എ പരസ്യമാക്കിയ റിപ്പോർട്ടിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെ കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെയാണ് -‘‘വർഗസമര സിദ്ധാന്തം പാർലമെന്ററി മാർഗത്തിന് കൈമാറി. പാർലമെന്ററി സമ്പ്രദായത്തിൽ അവർ ഇഴുകിച്ചേർന്നു.’’
ജനാധിപത്യ ഭരണത്തിന് കീഴ്പ്പെട്ടെങ്കിലും ജനാധിപത്യ രീതികളോട് ഇണങ്ങാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ബൂർഷ്വാ ജനാധിപത്യത്തിന്റെ പോരായ്മകളെ കുറിച്ച് വിവരിക്കുമ്പോൾ തന്നെ ബദൽ ജനാധിപത്യം ഒരു കമ്യൂണിസ്റ്റ് രാജ്യവും നടപ്പിലാക്കിയില്ല. ‘ഭരണകൂടവും വിപ്ലവവും’ എന്ന പുസ്തകത്തിൽ ലെനിൻ അദ്ദേഹത്തിന്റെ സങ്കൽപത്തിലെ സമൂഹത്തെ കുറിച്ച് പറയുന്നുണ്ട്. അത് ഇങ്ങനെയാണ്: ‘സോഷ്യലിസ്റ്റ് രാജ്യത്ത് വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും പരസ്പരപൂരകമാണ്. അവിടെ ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസോ ബ്യൂറോക്രസിയോ വേണ്ട. അവിടെ ജനങ്ങൾ സ്വയം ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യും.’ ബോൾഷെവിക് വിപ്ലവത്തിന് മുമ്പാണ് ലെനിൻ ഇത് എഴുതിയത്. അധികാരം കിട്ടിയപ്പോൾ സോവിയറ്റ് യൂനിയൻ മുതൽ ക്യൂബയിൽ വരെ ഇത് കണ്ടില്ല. ജനാധിപത്യം വികേന്ദ്രീകരണത്തിൽ ഊന്നുമ്പോൾ പാർട്ടി കേന്ദ്രീകരണത്തിൽ നിലയുറപ്പിക്കുന്നു.
വിചിത്രമായ ഒരു വാക്ക് തന്നെയുണ്ട് അതിന് -‘ജനാധിപത്യ കേന്ദ്രീകരണം’. മർദന സംവിധാനങ്ങളുടെ സഹായത്തോടെ പാർട്ടി ഏകകക്ഷി ഭരണം നടപ്പാക്കുമ്പോൾ ജനാധിപത്യം ബഹുകക്ഷി സമ്പ്രദായത്തിലും വൈവിധ്യങ്ങളിലും വിശ്വസിക്കുന്നു. എപ്പോഴും ജയിക്കുന്നവരുടെയല്ല ജനാധിപത്യം, തോൽക്കുന്നവരുടേതുകൂടിയാണ്. തോൽക്കുന്നവർക്കുള്ള ഭാവികൂടിയാണ് അത്. ജനാധിപത്യത്തിന്റെ വിധി ആദരവോടെ സ്വീകരിക്കുക എന്നുള്ളതാണ് അതിന്റെ കാതൽ. ജനാധിപത്യത്തിലെ തോൽവി അംഗീകരിക്കാൻ സി.പി.എമ്മിന് കഴിയാറില്ല. അതിനുള്ള മനോഘടന അതിന്റെ ഡി.എൻ.എയിലില്ല. കാരണം, അത് തോൽക്കാനുള്ള പ്രത്യയശാസ്ത്രമല്ല, അത് കൽപാന്തകാലത്തോളമുള്ള ശരിയാണ്.
മനുഷ്യരെ സൈബീരിയയിലേക്ക് നാടുകടത്തിയും ടിയാനൻമെൻ സ്ക്വയറിൽ വെടിവെച്ച് വീഴ്ത്തിയും പ്രത്യയശാസ്ത്രം അതിന്റെ കുളമ്പടി ശബ്ദം മുഴക്കിയത് ചരിത്രം കേട്ടു. വിശ്വോത്തര ശാസ്ത്രജ്ഞനായ സഖറോവിനെ വീട്ടുതടങ്കലിലാക്കിയും പിന്നെ ആശുപത്രിയിൽ ഏകാന്ത തടവിലാക്കിയും പ്രത്യയശാസ്ത്രം അതിന്റെ വിജയം ആഘോഷിക്കുന്നതും കണ്ടു. അതുകൊണ്ട് പ്രത്യയശാസ്ത്രം ഒരിക്കലും തോൽക്കരുത്. ചിലർക്ക് അത് പ്രത്യയശാസ്ത്രമല്ല, ശാസ്ത്രംതന്നെയാണ്. ശാസ്ത്രം തോറ്റിട്ടില്ല, തോൽക്കുകയുമില്ല.
കാലം എത്ര കഴിഞ്ഞാലും എല്ലാ വസ്തുക്കളെയും ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കും. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയാലും ഇലോൺ മസ്ക് ചൊവ്വയിൽ പോയി താമസിച്ചാലും സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനായിരിക്കും. അപ്പോൾ തോറ്റെങ്കിൽ ശാസ്ത്രമായ പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പമല്ല, തോൽപിച്ചവരുടെ തകരാറുകളാണ്. ലെനിൻ ഭരിച്ച നാട്ടിൽ പുടിൻ ഭരിക്കുമ്പോഴും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ കടപുഴകി വീണപ്പോഴും ഇത് തന്നെയായിരുന്നു ന്യായം. ‘എന്റെ ദൈവം തോറ്റെന്ന്’ സമ്മതിക്കാൻ ഒരു ഭക്തമനസ്സിനും കഴിയില്ല. മതം മാത്രമല്ല എല്ലാ വിശ്വാസവും മനുഷ്യനെ മയക്കുന്ന കറുപ്പാണ്.
പണ്ട് ഗയയിൽ ഇൗശ്വരവിശ്വാസിയായ വ്യാപാരിക്ക് ഒരു സംശയം. യഥാർഥത്തിൽ ദൈവമുണ്ടോ, ഇല്ലയോ? ദൈവമില്ലെങ്കിൽ തന്റെ ഇനിയുള്ള ജീവിതം എന്തിന് പാഴാക്കണം? ഇതാണ് വ്യാപാരിയെ അലട്ടിയത്. അയാൾ ഉത്തരം തേടി അലഞ്ഞു. ആരിൽനിന്നും അയാൾക്ക് ഉത്തരം കിട്ടിയില്ല. ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ ഒരു സന്യാസിയുണ്ടെന്നും അദ്ദേഹം എല്ലാത്തിനും ഉത്തരം തരുമെന്നും വ്യാപാരി അറിഞ്ഞു. വ്യാപാരി ബുദ്ധനെ കണ്ടു, തന്റെ സംശയം ചോദിച്ചു. ബുദ്ധൻ ഉടൻ ഉത്തരം പറഞ്ഞു, ‘‘ദൈവമില്ല.’’ നിരീശ്വരവാദിയായ മറ്റൊരു വ്യാപാരിക്കും അതേ സംശയം. അയാളും അസ്വസ്ഥനായി. ഒടുവിൽ ബുദ്ധന്റെ അടുത്തെത്തി.
ചോദ്യം ഉന്നയിച്ചു. അപ്പോഴും മറുപടി പറയാൻ ബുദ്ധൻ വൈകിയില്ല, ‘‘ദൈവമുണ്ട്.’’ രണ്ട് ഉത്തരവും കേട്ട ശിഷ്യൻ ബുദ്ധനോട് ചോദിച്ചു, ‘‘എന്താ ഗുരോ ഒരേ ചോദ്യത്തിന് രണ്ടുത്തരങ്ങൾ?’’ ബുദ്ധന്റെ മറുപടി ഇതായിരുന്നു, ‘‘ആരും സ്വന്തം വിശ്വാസത്തിൽ ഉറച്ചുപോകരുത്. അന്വേഷിക്കുക.’’ ജെയിംസ് മില്ലിന്റെ ഒരു വാചകംകൂടി ഇതിനൊപ്പം ചേർക്കാം. ‘സംതൃപ്തനായ ഒരു പന്നിയാകുന്നതിനേക്കാൾ നല്ലത് അസംതൃപ്തനായ ഒരു മനഷ്യനാകുന്നതാണ്.......സംതൃപ്തനായ ഒരു വിഡ്ഡിയേക്കാൾ നല്ലത് അസംതൃപ്തനായ സോക്രട്ടീസ് ആകുന്നതാണ്.’
1957ൽ പനമ്പിള്ളി ഗോവിന്ദ മേനോൻ ചാലക്കുടിയിൽ തോറ്റു. അക്കാലത്ത് അത് ഒരു അട്ടിമറിയായിരുന്നു, തിരു-കൊച്ചിയിൽ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. തോൽവിയെക്കുറിച്ചുള്ള പനമ്പിള്ളിയുടെ പ്രതികരണം ലളിതമായിരുന്നു -‘‘എന്നേക്കാൾ കൂടുതൽ വോട്ട് എന്റെ എതിരാളിക്ക് കിട്ടി.’’ ഇതിൽ പാണ്ഡിത്യ പ്രകടനമില്ല, നാട്യമില്ല. ജനങ്ങൾക്ക് തെറ്റുപറ്റി എന്ന പഴിചാരലില്ല.
അതിലും 12 വർഷം മുമ്പ് ലോകത്തെ തന്നെ അമ്പരപ്പിച്ച ഒരു അട്ടിമറി ഉണ്ടായി. ബ്രിട്ടനിലാണ്. രണ്ടാം ലോകയുദ്ധത്തിന്റെ പകിട്ടിൽ വിജയം ഉറപ്പിച്ചാണ് പ്രധാനമന്ത്രിയായ വിൻസ്റ്റൺ ചർച്ചിൽ 1945ൽ മത്സരിക്കാനിറങ്ങിയത്. ദയനീയമായി തോറ്റു. ചർച്ചിലിനോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു: ‘‘ഒരു ലോകയുദ്ധംതന്നെ ജയിച്ചിട്ടും ജനങ്ങൾ കാണിച്ചത് നന്ദികേടല്ലേ?’’ ചർച്ചിൽ എം.എം. മണി അല്ലാത്തതിനാൽ മറുപടി മറ്റൊരു രീതിയിലായിരുന്നു. ‘‘ജനങ്ങളുടെ നന്ദി എന്നത് നമുക്ക് കൂടുതൽ ആഗ്രഹിക്കാനുള്ള അവസരമല്ല.’’
1945ൽനിന്നും 2016ലേക്ക് വരാം. അന്ന് അമേരിക്കൻ തെരഞ്ഞെടുപ്പ്. ബറാക് ഒബാമയുടെ എട്ടു വർഷത്തെ ഭരണത്തിനുശേഷമാണ് തെരഞ്ഞെടുപ്പ്. ഒബാമയുടെ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റൻ തോറ്റു. റിപ്പബ്ലിക്കനായ ഡോണൾഡ് ജോൺ ട്രംപിന്റെ രംഗപ്രവേശം. ഒബാമയുടെ അനുയായികളും ജീവനക്കാരും കടുത്ത അമർഷത്തിലും സങ്കടത്തിലുമായി. ഒബാമയുടെ രണ്ട് ടേം ഭരണം ഗംഭീരമായിരുന്നു എന്നാണ് അവരുടെ പക്ഷം. ട്രംപിന്റെ വിജയം തിരിമറിയാണെന്ന് അവർ കരുതി. ജനകീയ വോട്ടിൽ ഹിലരിയായിരുന്നു മുന്നിൽ. ഇലക്ടറൽ കോളജിലാണ് ട്രംപിന്റെ നേട്ടം. ഇവിടെ അട്ടിമറി നടന്നു എന്നവർ പറഞ്ഞു. മാത്രമല്ല, അമേരിക്കൻ പ്രസിഡന്റാകാനുള്ള ഒരു യോഗ്യതയും ട്രംപിനില്ല. വൈറ്റ് ഹൗസിൽ വിടവാങ്ങാനെത്തിയപ്പോൾ ഒബാമ അവരോട് പറഞ്ഞത് ഇങ്ങനെ: ‘‘ജനങ്ങളെ വിശ്വാസത്തിലെടുത്തേ നമുക്ക് മുന്നോട്ടുപോകാനാകൂ. ജനാധിപത്യം കാര്യക്ഷമമാകണമെങ്കിൽ, ഊർജസ്വലമാകണമെങ്കിൽ അതു വേണം. നാം നമ്മുടെ പിഴവുകൾ കണ്ടെത്തുക, നമ്മുടെ പ്രവൃത്തികളെ പുനഃപരിശോധിക്കുക.’’
ജനങ്ങൾക്ക് തെറ്റി എന്നത് ജനാധിപത്യത്തിന് ഇണങ്ങുന്ന വാചകമല്ല. അത് ഏകാധിപത്യത്തിനുള്ള സ്വാഗത പ്രസംഗമാണ്. ‘ഞാൻ’ എന്ന ‘മഹത്തായ ശരി’യുടെ ഗർജനം. കൊടി പിടിച്ചപ്പോൾ കുടിയാനെ നോക്കി ജന്മി വിളിച്ചതും അതുതന്നെയാണ് –‘നന്ദികെട്ടവൻ’. അന്ന് കുടിയാന്റെ തോളത്തിരുന്ന കൊടിയുടെ നിറം ചുവപ്പായിരുന്നു. ജന്മിത്തം അവസാനിച്ചെങ്കിലും ജന്മിമനസ്സ് നശിച്ചില്ല. അത് പകർന്നാടുന്നു. ഇപ്പോൾ ചെങ്കൊടിയും പിടിക്കുന്നു. തിന്ന ചോറിനു നന്ദി കാണിക്കാൻ തന്നെ ആവശ്യപ്പെടുന്നു.
ഒറ്റ വ്യത്യാസം, ജന്മി അങ്ങനെ ആജ്ഞാപിക്കുന്നതിനുമുമ്പ് രക്തസാക്ഷി പ്രമേയം വായിക്കാറില്ല. തെറ്റ് തിരുത്തൽ പ്രക്രിയയുടെ തുടക്കമായി ‘അഭിപ്രായം തുറന്ന് പറയാൻ അനുവദിച്ചിരിക്കുന്നു’ എന്ന പാർട്ടി സെക്രട്ടറിയുടെ പ്രഖ്യാപനത്തിൽ ഒരു ജന്മിമനസ്സിന്റെ അനുരണനങ്ങളുണ്ട്. ‘ചാത്താ... ഇന്ന് സന്തോഷിച്ചോള്ളാ’ എന്ന് ജന്മി നൽകുന്ന അനുമതി പത്രം. കേന്ദ്രീകൃത ജനാധിപത്യം തടവുകാർക്ക് അനുവദിക്കുന്ന പരോൾ. പാർട്ടി കേന്ദ്രത്തിൽനിന്ന് സന്ദർഭത്തിനനുസരിച്ച് വിതരണം ചെയ്യുന്ന സമ്മാനപ്പൊതിയാണല്ലോ അഭിപ്രായസ്വാതന്ത്ര്യം! അംഗങ്ങൾ അതത് ഘടകങ്ങളിൽ ചെന്ന് അച്ചടക്കത്തോടെ വാങ്ങണം. തോൽക്കാൻ മറ്റ് കാരണങ്ങൾ വല്ലതും ഇനി അന്വേഷിക്കേണ്ടതുണ്ടോ? മാനവികത സ്വപ്നം കാണുന്ന ഒരു പ്രത്യയശാസ്ത്രം സംഘടനയാകുമ്പോൾ അതിനകത്തുനിന്ന് എങ്ങനെയാണ് ജന്മിമനസ്സുകൾ രൂപംകൊള്ളുന്നത്?
കേരളത്തിലെ സി.പി.എമ്മിന്റെ സെക്രട്ടറി തൽക്കാലത്തേക്ക് ‘ഗ്ലാസ് നോസ്റ്റ്’ പ്രഖ്യാപിച്ചു. പാർട്ടി തുറന്നുപറയാൻ ആവശ്യപ്പെടുമ്പോൾമാത്രം തുറന്നുപറയുക, അനുസരിക്കാൻ ആജ്ഞാപിക്കുമ്പോൾ അനുസരിക്കുക. അതാണ് അച്ചടക്കം. അച്ചടക്കമുള്ള ഒരു സംഘടനയെകൊണ്ടേ വിപ്ലവം നടത്താനാവൂ. വ്യക്തി പാർട്ടിക്ക് കീഴടങ്ങുക. പാർട്ടിയാകട്ടെ ഒരു വ്യക്തിക്കും കീഴടങ്ങുക. ആ വ്യക്തി ആരാണെന്ന് പാർട്ടി തീരുമാനിക്കും. ലോകത്ത് എമ്പാടും കമ്യൂണിസ്റ്റ് പാർട്ടികളുടെ ശൈലി ഇതായിരുന്നു. വ്യക്തി പൂജക്ക് പാർട്ടി എതിരാണ്, എന്നാൽ പാർട്ടി ലൈനിൽ പൂജയാകാം... പൂജിക്കാനുള്ള വ്യക്തിയെ പാർട്ടി തരും. ‘ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് വേണ്ട’ എന്ന് വിഗ്രഹം വിശ്വാസികളോട് കൽപിക്കും. അച്ചടക്കമുള്ള പാർട്ടിയിൽ ‘ബഹുദൈവവിശ്വാസം’ നിഷിധമാണ്. ദേവപ്രീതിക്ക് വേണ്ടി പാർട്ടിയിൽ എന്തുമാകാം, ബലി മുതൽ തിരുവാതിരക്കളി വരെ.
കഴിഞ്ഞ അഞ്ചുവർഷം കേരളത്തിലെ സാധാരണ മനുഷ്യന്റെ സാമാന്യബോധത്തെ അവഹേളിച്ചപ്പോൾ പാർട്ടിയിൽനിന്നും ഒരപശബ്ദംപോലും ഉണ്ടായില്ല. ഒന്നും മനസ്സിലാകാതിരുന്നിട്ടല്ല. മനസ്സിലായെന്ന് മനസ്സിലായാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ ഭയന്നിട്ടാണ്. ‘വിശേഷണങ്ങൾക്കകത്ത് രാജാവേ നിങ്ങൾ നഗ്നനാണെന്ന്’ പറയാൻ ജീവനിൽ കൊതിയുള്ള ഒരു പ്രജക്ക് കഴിയില്ല. എവിടെയാണ് പറഞ്ഞിട്ടുള്ളത്? സോവിയറ്റ് യൂനിയനിൽ, യൂഗോസ്ലാവിയയിൽ, കിഴക്കൻ ജർമനിയിൽ, ഹംഗറിയിൽ, ബൾഗേറിയയിൽ, റുമേനിയയിൽ, അൽബേനിയയിൽ, പോളണ്ടിൽ, കം
േബാഡിയയിൽ, ചൈനയിൽ, ഉത്തര കൊറിയയിൽ? സ്വാതന്ത്ര്യബോധവും ആത്മാഭിമാനവും ബൂർഷ്വാ ദുർമേദസ്സുകളാണെന്ന് കരുതി, അച്ചടക്കത്തിന്റെ കഠിനവ്യായാമത്തിലൂടെ അത് ഉരുക്കിക്കളഞ്ഞ്, കറതീർന്ന വിപ്ലവകാരികളായി കുനിഞ്ഞുനിൽക്കുന്നത് മനുഷ്യരാശിയുടെ നല്ല ഭാവിക്ക് വേണ്ടിയാണെന്ന് സ്വയം കരുതിയവരുടെ ഭ്രാന്തൻ സ്വപ്നങ്ങളിലല്ലാതെ എവിടെയാണ് വസന്തത്തിന്റെ കുയിൽക്കിളികൾ തുയിലുണർത്തിയത്? വടക്കൻ കൊറിയയിൽ ഇപ്പോൾ പൂക്കുന്ന പൂക്കളുടെ ഗന്ധമെന്താണ്? കാറ്റും വെളിച്ചവും കടക്കാത്തിടത്ത് എങ്ങനെ പൂക്കൾ വിടരും? അതുകൊണ്ടാണ് കാറ്റും വെളിച്ചവുമുള്ളിടത്ത് അമ്പലം പണിയാൻ ഗുരുസ്വാമികൾ പറഞ്ഞത്. സ്വച്ഛന്ദമായ വായുവിനൊപ്പം ചിന്തകളും ആലോചനകളും സഞ്ചരിക്കട്ടെ എന്ന് സ്വാമികൾ ആഗ്രഹിച്ചു.
ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോൽക്കുമെന്ന് അറിയാത്തവർ എത്രപേരുണ്ടാകും? വോട്ടുചെയ്യാൻ കേരളീയർ ഇതുപോലെ കാത്തിരുന്ന ഒരു തെരഞ്ഞെടുപ്പുണ്ടായിട്ടില്ല. ഇത് ഒരു നിമിഷംകൊണ്ട് എടുത്ത തീരുമാനവുമല്ല. കിട്ടിയ ഓരോ സന്ദർഭത്തിലും നാട്ടുകാർ ഭരണത്തിനെതിരെ വിധിയെഴുതി. ആദ്യം 2022 മേയിലായിരുന്നു, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. 99 സീറ്റ് നൂറാക്കാൻ എൽ.ഡി.എഫ് ആഗ്രഹിച്ചു. അത് തുറന്നുപറയുക മാത്രമല്ല, എൽ.ഡി.എഫിന്റെ സ്ഥാനാർഥിയെ ഒരു സ്വകാര്യ ആശുപത്രിയുടെ മുറിയിൽ വെച്ച് പ്രഖ്യാപിച്ച സവിശേഷതയും ഉണ്ടായി. 14,329 വോട്ടിന് ജയിച്ച യു.ഡി.എഫ് ഭൂരിപക്ഷം 25,016 ആക്കി. ഒരു വർഷംകൂടി കഴിഞ്ഞപ്പോൾ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. 9044 വോട്ടിന് ജയിച്ച പുതുപ്പള്ളിയിൽ യു.ഡി.എഫ് ഭൂരിപക്ഷം 37,719 ആയി.
യു.ഡി.എഫിന്റെ വോട്ടിൽ 16,772 കൂടിയപ്പോൾ എൽ.ഡി.എഫിൽ 11,903 വോട്ടിന്റെ കുറവ്. ഈ രണ്ട് തെരഞ്ഞെടുപ്പിലും മരിച്ചവരോടുള്ള ആദരവ് ഉണ്ടായിരുന്നിരിക്കാം എന്നാലും ഭരണത്തോടുള്ള സ്നേഹം ഒട്ടും കണ്ടില്ല. പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പെത്തി. എൽ.ഡി.എഫ് കഴിഞ്ഞതവണത്തെപ്പോലെ ഒരു സീറ്റിൽ ഒതുങ്ങി എന്നതിനേക്കാൾ യു.ഡി.എഫ് പത്ത് മണ്ഡലത്തിൽ ജയിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടിനാണ്. തെറ്റിയത് എവിടെ എന്നറിയാൻ പാർട്ടി ആഘോഷമായി ഗൃഹസന്ദർശനം നടത്തി. വീണ്ടും മൂന്ന് ഉപതെരഞ്ഞെടുപ്പുകൾകൂടി നടന്നു. പാലക്കാടും ചേലക്കരയിലും നിലമ്പൂരും. പാലക്കാട് യു.ഡി.എഫിന്റെ ഭൂരിപക്ഷം 3859ൽനിന്ന് 18,840 ആയി. എൽ.ഡി.എഫ് മൂന്നാം സ്ഥാനത്ത്ുതന്നെ. ചേലക്കര എൽ.ഡി.എഫ് നിലനിർത്തി.
പക്ഷെ 39,400ന്റെ ഭൂരിപക്ഷം 12,201 ആയി. വോട്ടിൽ 18,588ന്റെ കുറവും വന്നു. യു.ഡി.എഫ് വോട്ട് വർധിച്ചു. പിന്നെ ഏറ്റുമുട്ടൽ നിലമ്പൂരായിരുന്നു. 2700 വോട്ടിന് എൽ.ഡി.എഫ് ജയിച്ച മണ്ഡലം 11,077 വോട്ടിന് യു.ഡി.എഫ് നേടി. എൽ.ഡി.എഫിൽ 14,567 വോട്ട് കുറഞ്ഞു. പി.വി. അൻവർ നേടിയ 19,760 വോട്ടും എൽ.ഡി.എഫിനെതിരെ വീണതായി കണക്കാക്കാം. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 675 സ്ഥാപനങ്ങളിൽ ഭരണത്തിലെത്തി. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഫലം വിലയിരുത്തി ഒരേ വാചകം ആവർത്തിച്ചു -‘ഭരണത്തിനെതിരായ വിധിയെഴുത്തല്ല.’ ഭരണത്തിനെതിരെയല്ല കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള വോട്ടായാലും അവർ അത് ഭരണകക്ഷിക്കെതിരെ തന്നെ ചെയ്തുകൊണ്ടിരുന്നു. 2021ൽ 99 സീറ്റ് തന്ന അതേ മനുഷ്യർ തന്നെയാണ് 2026ൽ 35ലൊതുക്കിയത്. അഞ്ചു വർഷത്തിനുമുമ്പ് അവർക്ക് മതവും ജാതിയും വർഗീയതയും ഒന്നുമുണ്ടായില്ല.
അപ്പോൾ അവർ മതനിരപേക്ഷതയിൽ അടിയുറച്ച് നിൽക്കുന്ന പ്രബുദ്ധരായ വോട്ടർമാർ. അഞ്ചു വർഷം കഴിഞ്ഞപ്പോൾ വോട്ടർമാർക്കെല്ലാം വർഗീയതയുടെ മുഞ്ഞരോഗം ബാധിച്ചു. വോട്ടുചെയ്തവരെ സർവജ്ഞപുച്ഛത്തിന്റെ പരകോടിയിൽനിന്ന് പഴിക്കുന്ന മഹാജ്ഞാനികളും ഇവിടത്തെ അനേകലക്ഷം വോട്ടർമാരിൽ ഒരാൾ മാത്രമാണ്. നിങ്ങൾ ഇവിടത്തെ പുതിയ വരേണ്യവർഗമല്ല. വെള്ളാപ്പള്ളി നടേശനെ നവോത്ഥാന നായകനാക്കിയതിന്റെ പാപം ഇനി എത്ര മതേതര സെമിനാറുകൾ നടത്തിയാലാണ് നീങ്ങിക്കിട്ടുക! 1957 മുതൽ 2026 വരെ 17 തെരഞ്ഞെടുപ്പുകൾ കേരളത്തിൽ നടന്നു. ആർക്കും ഭൂരിപക്ഷം കിട്ടാത്ത 1965ലെ തെരഞ്ഞെടുപ്പ് ഒഴിവാക്കിയാൽ എട്ടു തവണ വീതം ഇരുമുന്നണികളും ജയിച്ചു. എട്ടു തവണ പ്രബുദ്ധരായി, എട്ടുതവണ പിന്തിരിപ്പന്മാരായി. എട്ടു തവണ നന്ദിയുള്ളവരായി, എട്ടു തവണ നന്ദികെട്ടവരായി. കേരളത്തിലെ വോട്ടർമാർ എത്ര ആട്ടും തുപ്പും സഹിക്കേണ്ടിവരുന്നു!
ജാതിയും മതവും അതിശക്തമായി ഇടപെട്ട തെരഞ്ഞെടുപ്പ് 1960ലാണ്. വിമോചന സമരത്തിനുശേഷം കുഞ്ഞാടുകളെ പൗരോഹിത്യം പരസ്യമായി തെളിച്ച കാലം. മന്നത്തു പത്മനാഭൻ നയിച്ച വിമോചനരഥത്തിന്റെ ചക്രം അപ്പോഴും ഊരിമാറ്റിയിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടി തോറ്റു. കോൺഗ്രസിന്റെ അഖിലേന്ത്യ നേതാവ് നീലം സഞ്ജീവ റെഡ്ഢി തുള്ളിച്ചാടി. ‘കേരളത്തിൽ ചുവപ്പിന്റെ കാലം കഴിഞ്ഞു’ എന്ന് റെഡ്ഡി ആഹ്ലാദിച്ചു. പക്ഷേ, കേരളത്തിലെ കോൺഗ്രസ് നേതാവ് ആർ. ശങ്കർ മുന്നറിയിപ്പ് നൽകി -‘അതിരുവിടണ്ട’. കാരണം, അപ്പോഴും കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് 42 ശതമാനം വോട്ടുണ്ട്. 1957നേക്കാൾ കൂടുതൽ. ഇപ്പോൾ സ്ഥിതി ആശങ്കജനകമാണ്. അന്ന് തോൽവിയെ നേരിടാൻ ആരോഗ്യമുള്ള സംഘടനാശരീരമുണ്ടായിരുന്നു. ഇന്ന് രോഗബാധിതമാണ് സംഘടന. വിഭാഗീയ പോരിന്റെ കാലത്ത് പാർട്ടി പിടിച്ചെടുക്കാൻ പ്രവേശനം കിട്ടിയ കരിയറിസ്റ്റുകളും സാമൂഹിക വിരുദ്ധരും വിളകൊയ്യുകയാണ്. പൊണ്ണത്തടി മാത്രമായി പാർട്ടി മാറുന്നു.
തെറ്റ് ചെയ്താൽ തിരുത്തുമെന്ന പ്രകമ്പനംകൊള്ളിക്കുന്ന പ്രഖ്യാപനം ആരെ ആവേശം കൊള്ളിക്കാനാണ്? കടൽ കടഞ്ഞും മലയരിച്ചും കണ്ടെത്തേണ്ട ആയാസകരമായ പണിയാണോ ഇത്? ഇതുതന്നെ ഒരു കബളിപ്പിക്കലല്ലേ? ഇരുട്ടുമുറിയിൽ ഇല്ലാത്ത പൂച്ചയെ തെരയുന്ന അന്ധന്റെ വിശ്രമരഹിതമായ അധ്വാനമാണ് ഈ തെറ്റുതിരുത്തൽ. തെറ്റ് ചെയ്തിട്ടല്ല തിരുത്തേണ്ടത് തെറ്റ് ചെയ്യുമ്പോഴാണ്.
അല്ലെങ്കിൽ ചരിത്രത്തിൽതന്നെ കമ്യൂണിസ്റ്റ് പാർട്ടി സ്വയം കണ്ടെത്തിയ തെറ്റും തിരുത്തലും എന്താണ്? 73 വർഷം ഭരിച്ച് ഈ ലോകത്തുനിന്ന് എന്നന്നേക്കുമായി യാത്ര പറഞ്ഞ സോവിയറ്റ് യൂനിയനിൽ എന്ത് സ്വയം വിമർശനവും തിരുത്തലുമാണ് നടന്നത്? ഭൃത്യന്മാർ ഒരിക്കലും യജമാനനെ തിരുത്താറില്ല. അധികാരം എന്നും യജമാനനാണ്. അകത്തുനിന്നായാലും, പുറത്തുനിന്നായാലും ലോകത്ത് ഇന്നോളം ഒരു കമ്യൂണിസ്റ്റ് പാർട്ടിയിലും തിരുത്ത് സംഭവിച്ചിട്ടില്ല. പുറത്തുനിന്ന് വിമർശിക്കാൻ ഏത് കമ്യൂണിസ്റ്റ് രാജ്യത്താണ് സ്വാതന്ത്ര്യമുള്ളത്? വടക്കൻ കൊറിയയിൽ കിം ജോങ് ഉന്നിനെ വിമർശിച്ചാൽ ആ ശരീരം കടുവക്കാണോ സിംഹത്തിനാണോ അത്താഴമാവുക? ചൈനയിലോ? സോവിയറ്റ് യൂനിയനിലും കിഴക്കൻ യൂറോപ്പിലും വിമർശിച്ചവരുടെ മരണസർട്ടിഫിക്കറ്റ് പുരാവസ്തു വകുപ്പിൽ കിടപ്പുണ്ട്. ഇനി അകത്തുനിന്ന് വിമർശിച്ചാലോ? അപ്പോഴും മരണം ഉറപ്പ്.
അതിന് പാർട്ടി തയാറാക്കുന്ന കുറ്റപത്രമുണ്ട്. അതിൽ പാർട്ടിക്കകത്ത് മാത്രം വിനിമയം ചെയ്യപ്പെടുന്ന കുറെ വാക്കുകളുമുണ്ട്. റിവിഷനിസം, ലെഫ്റ്റ് ഡീവിയേഷൻ, റൈറ്റ് ഡീവിയേഷൻ, ഡോഗ്മാറ്റിസം, സെക്ടേറിയനിസം ഇങ്ങനെ വ്യതിചലനങ്ങളുടെ ഒരു ശബ്ദതാരാവലി തന്നെയുണ്ട്. ഇത് വധശിക്ഷ വരെ കിട്ടാവുന്ന മഹാപാതകങ്ങളാണ്. വി.എസ്. അച്യുതാനന്ദനെതിരെ നടപടി എടുത്തത് ‘പാർട്ടി വിരുദ്ധ മനോഭാവ’ത്തിന്റെ പേരിലാണ്. അതിന് ‘ക്യാപിറ്റൽ പണിഷ് മെന്റ്’ വരെ ആവശ്യപ്പെട്ടതാണ്.
ഒരു തെറ്റ് തിരുത്തൽ! ഇതൊന്നും പാർട്ടിയിൽ ശിക്ഷയല്ല, ‘കറക്ട്’ ചെയ്യലാണ്. നിരർഥക വാക്കുകൾകൊണ്ട് പൊങ്ങച്ചം കാണിക്കൽ. ഇതോടെ, ഒരു ദാർശനിക പരിവേഷം കിട്ടി എന്ന സുഖത്തിൽ മയങ്ങിപ്പോകുന്നു. രാഷ്ട്രീയം എന്നാൽ മനുഷ്യരും അവരുടെ ജീവിതവും എന്നനിലയിൽനിന്ന് മാറി എന്തൊക്കെയോ നിഗൂഢാർഥങ്ങളുള്ള കടുപ്പപ്പെട്ട വാക്കുകളുടെ സൈദ്ധാന്തിക വ്യായാമമാക്കി മാറ്റുന്നു. ശാസ്ത്രനാമങ്ങൾകൊണ്ടുമാത്രം അവർ സംസാരിക്കുന്നു. പട്ടിയെ പട്ടി എന്ന് വിളിക്കുന്നതിന് പകരം കാനിസ് ലൂപസ് ഫമിലിയാറിസ് എന്ന് പറയും. അതോടെ സ്വയം ശാസ്ത്രജ്ഞനാവുകയും ചെയ്യും. ബുദ്ധിജീവികളേ, പഠനമുറിയുടെ ജനലെങ്കിലും തുറന്നിടൂ, പുറത്തെ സാധാരണ മനുഷ്യരുടെ കിതപ്പിന്റെ ശബ്ദമെങ്കിലും അകത്തുകയറട്ടെ.
ഇത്തരം ഒരുപാട് വാക്കുകൾ സംഭാവനചെയ്ത സോവിയറ്റ് യൂനിയൻ ഭൂപടത്തിൽ ഇല്ല. സോവിയറ്റ് യൂനിയൻ വെറുമൊരു രാജ്യമായിരുന്നില്ല. സമത്വത്തിൽ വിശ്വസിക്കുന്നവർക്ക് അത് പ്രതീക്ഷകളുടെ സാർഥകമായ പ്രതീകമായിരുന്നു. സ്വർഗത്തിലേക്കുള്ള ഏകവഴി. കടലിലെ കൂറ്റൻ തിരകളോടും ചുഴികളോടും പൊരുതിയവർക്ക് പ്രചോദനമായത് കരയിലെ പാറക്കെട്ടുകൾക്കിടയിൽ തലയുയർത്തി നിന്നത് ഈ ദീപസ്തംഭമാണ്. അത് ദീപസ്തംഭമായിരുന്നിെല്ലന്നും കൃത്രിമമായി സൃഷ്ടിച്ച മകരജ്യോതിയായിരുന്നെന്നും തെളിഞ്ഞതോടെ നെഞ്ച് തകർന്നുപോയ ഒരുപാട് മനുഷ്യരുണ്ടായിരുന്നു, ലോകമെമ്പാടും. അതുണ്ടാക്കിയ തുടർ ചലനം വമ്പിച്ചതായിരുന്നു. 1989ൽ ലോകത്തെ 95 കമ്യൂണിസ്റ്റ് പാർട്ടികളിലായി എട്ടര കോടി അംഗങ്ങളാണ് ഉണ്ടായിരുന്നത്. വേൾഡ് മാർക്സിസ്റ്റ് റിവ്യൂ സ്പോൺസർ ചെയ്യുന്ന പ്രാഗിലെ ഒരു പ്രസിദ്ധീകരണമാണ് ഈ കണക്ക് പറഞ്ഞത്. 1990ൽ മാത്രം ഇതിൽ 60 ലക്ഷം കുറഞ്ഞു. കിഴക്കൻ ജർമനിയിലും ചെക്കോസ്ലാവാക്യയിലും മാത്രം 10 ലക്ഷം വീതം അംഗങ്ങൾ കുറഞ്ഞു. പോളിഷ് പാർട്ടിയിൽനിന്ന് ഒന്നേകാൽ കോടിയോളം അംഗങ്ങൾ പിരിഞ്ഞുപോയി.
1991ൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ പിരിച്ചുവിട്ടു. നേരത്തേ തന്നെ ആശയപരമായ തർക്കത്തിൽ ഒരു വിഭാഗം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ രൂപവത്കരിച്ചിരുന്നു. മലേഷ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായി. അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി മലേഷ്യൻ പീപ്ൾസ് പാർട്ടി രൂപവത്കരിച്ചു. ആസ്ട്രേലിയൻ കമ്യൂണിസ്റ്റ് പാർട്ടി മറ്റു ഇടതു പാർട്ടികളുമായി ചേർന്ന് ന്യൂ ലെഫ്റ്റ് പാർട്ടി രൂപവത്കരിച്ചു. അഞ്ചു വർഷത്തിനുശേഷം വീണ്ടും പഴയ പേര് സ്വീകരിച്ചു. മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടി കമ്യൂണിസ്റ്റുകൾ അല്ലാത്തവർ നേതൃത്വം കൊടുക്കുന്ന ഡെമോക്രാറ്റിക് െറവലൂഷൻ പാർട്ടിയിൽ ലയിച്ചു. ആഫ്രിക്കയിലെ ബെനിൻ എന്ന രാജ്യത്തിൽ അധികാരത്തിലിരുന്ന കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ ലക്ഷ്യത്തിൽനിന്ന് മാർക്സിസം-ലെനിനിസം എടുത്തുമാറ്റി. അംഗോള, മൊസാംബീക്, കോംഗോ, ഇത്യോപ്യ എന്നീ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണം മറ്റുള്ളവർക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു.
വലിയ മാറ്റം സംഭവിച്ചത് ഇറ്റലിയിലാണ്. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി പ്രത്യേക സമ്മേളനം ചേർന്നു. കമ്യൂണിസ്റ്റ് മേൽവിലാസം ഉപേക്ഷിച്ചു. ഇറ്റാലിയൻ സമൂഹം വല്ലാതെ മാറി എന്ന് പ്രമേയം അവതരിപ്പിച്ച് പാർട്ടി ജനറൽ സെക്രട്ടറി ചില്ലെ ഒച്ചെറ്റൊ പറഞ്ഞു: “പരമ്പരാഗതമായ വർഗസമര സിദ്ധാന്തത്തിന് ഇനി നിലനിൽപില്ല. സാമ്പത്തികവും ശാസ്ത്ര-സങ്കേതികവുമായ അമ്പരപ്പിക്കുന്ന മാറ്റം വർഗസമര സിദ്ധാന്തത്തെ അപ്രസക്തമാക്കി.
കമ്യൂണിസ്റ്റുകാർ ഇനി ആഗോളമായി രൂപപ്പെടുന്ന വൈരുധ്യങ്ങളെയാണ് ശ്രദ്ധിക്കേണ്ടത്. സമ്പന്ന-ദരിദ്ര വ്യത്യാസമില്ലാതെ രാജ്യങ്ങൾ പരസ്പരം ബന്ധപ്പെടുന്നു. വടക്കും തെക്കും രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം മൂർച്ഛിക്കുന്നു. യു.എസ്.എ, കാനഡ, യൂറോപ്, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സമ്പത്ത് വർധിപ്പിക്കുമ്പോൾ ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങൾ പിന്നിലേക്ക് പോകുന്നു. വടക്കൻ രാജ്യങ്ങളും തെക്കൻ രാജ്യങ്ങളും തമ്മിൽ വികസനത്തിൽ വൻ അന്തരമുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ രൂക്ഷമാകുന്നു. സമൂഹത്തിൽ സ്ത്രീയുടെ പിന്നാക്കാവസ്ഥയും ചെറുപ്പക്കാരുടെ പ്രശ്നങ്ങളും രൂക്ഷമാണ്.
ഇതൊന്നും കാണാതെ ഇപ്പോഴും പരമ്പരാഗതമായി തൊഴിലാളിയും കർഷകനും ഒരുവശത്തെന്നും മുതലാളിയും ഭൂപ്രഭുവും മറുവശത്തെന്നും കാണുന്നത് കാലോചിതമല്ല. സമ്പൂർണ വ്യവസായവത്കരണം നടന്ന മധ്യവർഗ സമൂഹത്തിൽ ഇത് അപ്രസക്തവുമാണ്. തൊഴിലാളികളേക്കാൾ കൂടുതൽ അവശത അനുഭവിക്കുന്നത് സ്ത്രീകളും ചെറുപ്പക്കാരും കുട്ടികളുമാണ്. കൊടും ചൂഷണം പരിസ്ഥിതിക്ക് നേരെയാണ്. മുതലാളിയും തൊഴിലാളിയും ജന്മിയും കൃഷിക്കാരനും എല്ലാം ഇതിൽ പങ്കാളികളാണ്.
പരിസ്ഥിതി സംരക്ഷണത്തിന് സാർവത്രികമായ ഒരു നിയമമില്ല.’’ പാർട്ടി സെക്രട്ടറിയുടെ പ്രമേയം 70 ശതമാനം അംഗങ്ങളുടെ പിന്തുണയോടെ അംഗീകരിച്ചു. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി പിരിയുകയും അത് യൂറോപ്പിലെ മുഖ്യധാരാ ഇടതുപക്ഷത്തിൽ ലയിക്കാൻ തീരുമാനിക്കുകയും ചെയ്തു. സോവിയറ്റ് സംഭവവികാസം സി.പി.എമ്മും ചർച്ച ചെയ്തു. നാല് ദിവസമായി ചേർന്ന കേന്ദ്രകമ്മിറ്റിയിലായിരുന്നു വിശദമായ ചർച്ച. കണ്ടെത്തിയതാകട്ടെ മാർക്സിസം-ലെനിനിസത്തിൽനിന്ന് ഈ പരിഷ്കാരങ്ങൾ എങ്ങനെ അകന്നു എന്നതാണ്. അവിടെ ജീവിച്ച മനുഷ്യരെ കുറിച്ചല്ല, പ്രത്യയശാസ്ത്രത്തിലെ വരികളിലാണ് പാർട്ടി ഊന്നിയത്.
മുൻ യൂഗോസ്ലാവ്യയിലാണ് എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സ്ലാവെങ്ക ഡ്രാക്കുലിക്കിന്റെ ജനനം. സോഷ്യലിസ്റ്റ് രാജ്യത്തെ ജീവിതാനുഭവം ഡ്രാക്കുലിക്കിനുണ്ട്. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ പതനത്തിനുശേഷം അമേരിക്കയിൽ ഒരു സെമിനാറിൽ അവർ പങ്കെടുത്തു. വിഷയം സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകർച്ച. പണ്ഡിതന്മാരുടെ സദസ്സാണ്. ഡ്രാക്കുലിക് പ്രസംഗിക്കാൻ കയറി. അവർ ഒരു സാനിറ്ററി നാപ്കിൻ കൈയിലെടുത്ത് വീശി. “സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകർച്ചക്ക് കാരണം ഇതാണ്.” എന്നിട്ട് അവർ വിശദീകരിച്ചു: ‘‘ഞങ്ങളുടെ സോഷ്യലിസ്റ്റ് നാടുകളിൽ ഇത് ഇല്ല. അവിടെ സ്ത്രീകൾ ആർത്തവ സമയത്ത് ഇപ്പോഴും ഉപയോഗിക്കുന്നത് ഒരുപക്ഷേ നിങ്ങളുടെ അമ്മമാരോ അമ്മൂമ്മമാരോ ഉപയോഗിച്ച തുണി തന്നെയാണ്.’’ സദസ്സ് നിശ്ശബ്ദമായി. ആ സദസ്സിനിണങ്ങിയ പ്രയോഗമായിരുന്നില്ല അത്. കനപ്പെട്ട സിദ്ധാന്തങ്ങൾകൊണ്ടും കടിച്ചാൽ പൊട്ടാത്ത വാക്കുകൾകൊണ്ടും പ്രജ്ഞയിൽ ശീർഷാസനം നടത്തേണ്ട വേദിയിൽ ഒരു സാനിറ്ററി നാപ്കിൻ കൊടിപോലെ വീശുന്നു. ഡ്രാക്കുലിക് തുടർന്നു: ‘‘ഞങ്ങളുടെ ജീവിതം ഞങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് അതിന് ഒറ്റ വാക്കിലാണ് മറുപടി. സി.ഐ.എ ഏജന്റ്. ഞങ്ങളുടെ രാജ്യം ഒരിക്കൽപോലും കാണാത്ത, അവിടത്തെ ജീവിതം എന്തെന്നറിയാത്ത നിങ്ങൾ പറയുന്നതാണോ ശരി?’’
ഗോർബച്ചേവിന്റെ കാലത്ത് പ്രചരിച്ച രസകരമായ ഒരു കാര്യമുണ്ട്. മോസ്കോവിലെ സൂപ്പർ മാർക്കറ്റ് പരിഷ്കരിക്കാൻ ഗോർബച്ചേവ് തീരുമാനിച്ചു. അതിന് നിർദേശങ്ങൾ സമർപ്പിക്കാൻ മൂന്ന് വിദേശരാജ്യങ്ങളെ സമീപിച്ചു. വിഷയം പഠിച്ച് അമേരിക്ക സമർപ്പിച്ച റിപ്പോർട്ടിൽ ജീവനക്കാരായി 75 പേർ വേണമെന്ന് ആവശ്യപ്പെട്ടു. ജർമനി ആവശ്യപ്പെട്ടത് 80 പേരെയാണ്. എന്നാൽ, ജപ്പാൻ സമർപ്പിച്ച റിപ്പോർട്ടിൽ രണ്ടു പേരെ മാത്രമാണ് ആവശ്യപ്പെട്ടത്. ഇത്ര കുറഞ്ഞ ജീവനക്കാർ മതിയോ എന്ന് ഗോർബച്ചേവ് അവരോട് ചോദിച്ചു. ‘മതി’. ഒരാൾ പ്രവേശന കവാടത്തിൽ നിൽക്കും. സാധനങ്ങൾ വാങ്ങാൻ വരുന്നവരോട് ഇവിടെ ഒന്നുമില്ല എന്ന് പറയും.
ഒരാൾ പുറത്തേക്കുള്ള വാതിലിൽ നിൽക്കും. പുറത്ത് വരുന്നവരോട് പറയും ‘‘കയറിയപ്പോൾ പറഞ്ഞതല്ലെ ഒന്നുമില്ലെന്ന്.’’ വസ്തുതകൾക്ക് മീതെ വിശ്വാസത്തിന്റെ നീരാളിപ്പിടിത്തം ഇതിനെ ഒരു കറുത്ത ഫലിതമാക്കുന്നു. അനുഭവിച്ചവർ ജീവിതം പറയുന്നു, അനുഭവിക്കാത്തവർ സിദ്ധാന്തം പറയുന്നു. സിദ്ധാന്തംകൊണ്ട് ബുദ്ധിജീവികൾ ജീവിതം വെട്ടിവീഴ്ത്തുന്നു. അവർ ഭൂമിയെ വലംവെക്കാതെ സങ്കൽപലോകത്തിലേക്ക് സഞ്ചരിക്കുന്നു. അവർക്ക് സഞ്ചരിക്കാം. അവർ ഒരു ബൂർഷ്വാവ്യവസ്ഥിതിയുടെ പരിരക്ഷയിലും സ്വാതന്ത്ര്യത്തിലും സുഖത്തിലും ജീവിക്കുന്നവരാണ്. മാർക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതി നാല് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ ഹെർബർട്ട് സ്പെൻസർ പറഞ്ഞു, ഏകാധിപത്യത്തിനേ സോഷ്യലിസം സ്ഥാപിക്കാനാവൂ എന്ന്. സ്പെൻസർ യാഥാസ്ഥിതികനാണ്. പക്ഷേ, സ്പെൻസറിന്റെ പ്രവചനം തെറ്റാണെന്ന് ഒരു സോഷ്യലിസ്റ്റ് രാജ്യവും പിന്നീട് തെളിയിച്ചില്ല, ചൈനയും ഉത്തര കൊറിയയും ക്യൂബയും തെളിയിക്കുന്നുമില്ല. അധികാരത്തിന് പുറത്തെ കമ്യൂണിസ്റ്റ് പാർട്ടിയും അധികാരത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയും രണ്ടാണ്, ലോകത്തെവിടെയും.
വികസനത്തിന് വോട്ടു ചെയ്യാനാണ് എൽ.ഡി.എഫ് ആവശ്യപ്പെട്ടത്. വികസനത്തിന് രാഷ്ട്രീയമുണ്ടെന്ന് പഠിപ്പിച്ചവർ തന്നെ രാഷ്ട്രീയം വിദഗ്ദ്ധമായി പിൻവലിച്ചു. ഇന്ത്യയിലാകെ വളരുന്ന വർഗീയശക്തികൾക്കെതിരെ മതനിരപേക്ഷതയുടെ പ്രതീക്ഷയായ ഏക ഇടതുപക്ഷ ബദൽ എന്ന അവകാശവാദം ഈ തെരഞ്ഞെടുപ്പിൽ പൂർണമായും മരവിപ്പിച്ചു. പകരം വികസനത്തിന്റെ മാന്ത്രികദണ്ഡ് വീശി. മറ്റെന്തുവേണം വികസനമല്ലാതെ എന്നായി വർഗരാഷ്ട്രീയത്തിന്റെ പാർലമെന്ററി പ്രവർത്തനം. ഏറ്റവും കൂടുതൽ തണൽമരം നടുകയും കിണർ കുഴിക്കുകയും ചെയ്ത രാജാവാണ് ഏറ്റവും നല്ല രാജാവെന്ന് ഇടതുപക്ഷ രാഷ്ട്രീയവും സത്യവാങ്മൂലം നൽകി. ഇതുതന്നെയാണ് നരേന്ദ്ര മോദി 2014ൽ ചെയ്തത്. ‘ഗുജറാത്ത് മോഡൽ’ ഇന്ത്യയിലാകെ വ്യാപിപ്പിക്കണം. വികസിത് ഭാരത്. മോദിയുടെ പള്ളിക്കൂടത്തിലെ സിലബസ് ഇടതുപക്ഷവും പകർത്തിപ്പഠിച്ചു. ഇന്ത്യയുടെ വികസനയജ്ഞങ്ങൾക്ക് ഒരു ബ്രാൻഡ് ഉണ്ടായതുപോലെ കേരളത്തിന്റെ സമഗ്രവികസനത്തിനും ഒരു ബ്രാൻഡുണ്ടായി. മറ്റാരുണ്ട്? എന്ന കൂറ്റൻ ബോർഡിലൂടെ കേരളത്തിൽ ഇതിന്റെ മാർക്കറ്റിങ് തകൃതിയായി.
ചരിത്രത്തിൽ ഏകാധിപത്യം എന്നും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്, മറ്റാരുണ്ട്? ഇതുതന്നെയാണ് ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ -(അടിയന്തരാവസ്ഥ); ഇതു തന്നെയാണ് ‘ഞാനാണ് രാഷ്ട്രം’ (ലൂയി പതിനാലാമൻ); ഇതുതന്നെയാണ് ‘ഭരണാധികാരി എന്നും ശരിയാണ്’ (മുസ്സോളിനി); ഇതുതന്നെയാണ് ‘ഒരു ജനത, ഒരു രാഷ്ട്രം, ഒരു നേതാവ്’ (ഹിറ്റ്ലർ).
വികസനമാണ് ഏക മാനദണ്ഡമെങ്കിൽ കേരളം സൃഷ്ടിച്ചത് ഐതിഹ്യത്തിലെ പരശുരാമനല്ല, യാഥാർഥ്യത്തിലെ സി.പി. രാമസ്വാമി അയ്യരാണ്. തിരുവിതാംകൂറിലെ സമസ്ത മേഖലയിലും സി.പിയുടെ മുദ്രയുണ്ട്. അവർണർക്ക് ക്ഷേത്രം തുറന്നുകൊടുത്ത ക്ഷേത്രപ്രവേശന വിളംബരം, ശൈശവ വിവാഹത്തിന്റെ കെടുതി കുറക്കാൻ വിവാഹപ്രായം ഉയർത്തൽ എന്നിവ സാമൂഹികരംഗത്ത് സി.പിയുടെ നേട്ടങ്ങളാണ്. വധശിക്ഷ നിർത്തലാക്കിയതും റേഷൻ സമ്പ്രദായം തുടങ്ങിയതും ഈ ദിവാൻതന്നെ. വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങളാണ് കൊണ്ടുവന്നത്. പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയത് വൻ വിപ്ലവമായി.
സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം സൗജന്യമായി നൽകി. ആദ്യമായി സർവകലാശാല സ്ഥാപിച്ചു. തിരുവിതാംകൂർ സർവകലാശാലയിലേക്ക് അധ്യാപകനായി ആൽബർട്ട് ഐൻൈസ്റ്റനെ ക്ഷണിച്ചു. പ്രതിമാസം 6000 രൂപ വാഗ്ദാനം ചെയ്തിട്ടും ഐൻൈസ്റ്റൻ വന്നില്ല. യൂനിവേഴ്സിറ്റി മാത്രമല്ല, യൂനിവേഴ്സിറ്റി യൂനിയനും സ്ഥാപിച്ചത് സി.പിയാണ്. ആദ്യത്തെ യൂനിയൻ പ്രസിഡന്റ് പിന്നീട് ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷണറും മഹാരാഷ്ട്ര ഗവർണറുമായിരുന്ന പി.സി. അലക്സാണ്ടറാണ്. നിരവധി സ്വകാര്യ കോളജുകൾക്ക് അംഗീകാരം നൽകി. എസ്.ഡി കോളജ് ആലപ്പുഴ, എൻ.എസ്.എസ് കോളജ് ചങ്ങനാശ്ശേരി, എസ്.എൻ കോളജ് കൊല്ലം, എം.ജി കോളജ് തിരുവനന്തപുരം, മാർ ഇവാനിയോസ് തിരുവനന്തപുരം എന്നിവ സി.പി തന്നെ ഉദ്ഘാടനം ചെയ്തു. സാങ്കേതിക രംഗത്ത് കുതിപ്പേകി തിരുവനന്തപുരത്ത് എൻജിനീയറിങ് കോളജ് സ്ഥാപിച്ചു. മെഡിക്കൽ കോളജിന് പ്രാരംഭ നടപടികൾ ആരംഭിച്ചു. ആരോഗ്യരംഗത്ത് ഇത് മാത്രമായിരുന്നില്ല. കുട്ടികൾക്കും സ്ത്രീകൾക്കും മാത്രമുള്ള അവിട്ടം തിരുനാൾ ആശുപത്രി തുടങ്ങി. പബ്ലിക് ഹെൽത്ത് ലബോറട്ടറി ആരംഭിച്ചു.
ആരോഗ്യത്തിൽ മാത്രമല്ല, സംഗീതത്തിലുമുണ്ടായിരുന്നു സി.പി. സ്വാതി തിരുനാൾ മ്യൂസിക് അക്കാദമി സ്ഥാപിച്ചത് സി.പിയാണ്. ഇന്ത്യയിലെ പ്രശസ്തരായ സംഗീതജ്ഞരെ അവിടെ അധ്യാപകരായി കൊണ്ടുവന്നു. ഫയൽ രണ്ടു മാസത്തിലേറെ താമസിപ്പിച്ചാൽ വകുപ്പു മേധാവി ഓരോ ദിവസത്തിനും ഓരോ രൂപ പിഴയടക്കണമെന്ന നിയമം കൊണ്ടുവന്ന ഇന്ത്യയിലെ ഏക ഭരണാധികാരിയായിരുന്നു സി.പി. തീർന്നില്ല, സി.പിയുടെ വികസനം. വെളിച്ച വിപ്ലവത്തിലേക്ക് ഒരു ചുവടുവെച്ച പള്ളിവാസൽ ജലവൈദ്യുതി പദ്ധതി സി.പിയുടേതാണ്. കുണ്ടറയിൽ കളിമൺ ഫാക്ടറി, തിരുവനന്തപുരത്ത് റബർ ഫാക്ടറി, പുനലൂരിൽ പ്ലൈവുഡ് ഇൻഡസ്ട്രി. പെരുമ്പാവൂരിൽ റയോൺസ്, പമ്പയുടെ തീരത്ത് ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് എന്നിവയിൽ ഒതുങ്ങിയില്ല സി.പി. എഫ്.എ.സി.ടി, ടി.സി.സി, ടൈറ്റാനിയം എന്നിവയും സി.പിയുടെ സംഭാവനയാണ്. കെ.എസ്.ആർ.ടി.സിയുടെ പ്രാഥമിക രൂപവും സി.പി തന്നെ കൊണ്ടുവന്നു, വ്യോമഗതാഗതവും.
വെറുതെ ഒന്ന് സങ്കൽപിക്കാം. 1957ലെ തെരഞ്ഞെടുപ്പിൽ ‘മറ്റാരുണ്ട്, സി.പിയല്ലാതെ’ എന്ന് കേരളം മുഴുവൻ ബോർഡ് വെച്ച് മത്സരിക്കുന്നു. സി.പിയുടെ പാർട്ടി തോൽക്കുന്നു. ‘അനർഹമായ തോൽവി’ എന്ന് സി.പിയുടെ ഒരു വക്താവ് പറയുന്നു. ‘നന്ദികെട്ട ജനങ്ങൾ’ എന്ന് സി.പിയുടെ മറ്റൊരു അനുയായി പറയുന്നു. മതംകൊണ്ടാണ് തോറ്റതെന്ന് ആരാധകവൃന്ദം നെടുവീർപ്പിടുന്നു. 2026ൽ ഇതൊക്കെ ഇണങ്ങുമെങ്കിൽ 1957ലും ഇണങ്ങും. പക്ഷേ വികസനത്തിന്റെ പേരിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സി.പിക്ക് സിന്ദാബാദ് വിളിച്ചില്ല, പകരം പട്ടാളത്തിന്റെ നേരെ നടന്നടുത്തു. വഴിക്ക് വീതികൂട്ടുന്നതിനേക്കാൾ വലുതാണ് വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരം.
ഓർമകൾ ഇല്ലാതാവുമ്പോൾ ഭാവിക്ക് ഒരു ഭൂതകാലമില്ലാതാകും. മനുഷ്യർ വർത്തമാന കാലത്തെ ചരക്കുതീവണ്ടി മാത്രമാകും. ഉന്നതമായ ലക്ഷ്യവും ത്യാഗപൂർണമായ ജീവിതവും മുഖമുദ്രയാക്കിയ ഒരു സംഘടനാരൂപം എങ്ങനെ ഒരു ഭക്തിപ്രസ്ഥാനമായി മാറി? അധികാരവും പണവും കേന്ദ്രീകരിച്ചപ്പോൾ ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും കെട്ടുപോയി. മാനവികത, മനുഷ്യസ്നേഹം, നന്മ, നിസ്വാർഥത എന്നീ വാക്കുകളെല്ലാം ധാരാളമായി ഉപയോഗിച്ച ഒരു പ്രത്യയശാസ്ത്രത്തിനാണ് അധികാരം നുണഞ്ഞപ്പോൾ അസഹിഷ്ണുതയുടെ വരട്ടുചൊറി ബാധിച്ചത്, എവിടെയും. സോവിയറ്റ് യൂനിയനിൽ അത് സൈബീരിയയിലെ തടവുമുറികളായി, ചൈനയിൽ അത് ശക്തമായ നിരീക്ഷണമാണ്, കേരളത്തിൽ അത് ‘രക്ഷാപ്രവർത്തന’മായി. എവിടെയാണ് പിഴച്ചത്? സിദ്ധാന്തത്തിലോ പ്രയോഗത്തിലോ? സോവിയറ്റ് യൂനിയനിൽ അതികഠിനമായ ഏകാധിപത്യ ഭരണം സ്റ്റാലിൻ നടപ്പാക്കിയത് തനിച്ചല്ല, ഓരോ മേഖലയിലും കൊച്ചുകൊച്ചു സ്റ്റാലിൻമാരെ സൃഷ്ടിച്ചുകൊണ്ടാണ്.
1976ൽ പോളണ്ടിൽ വർക്കേഴ്സ് ഡിഫൻസ് കൗൺസിൽ ഉണ്ടാക്കി. വിലക്കയറ്റത്തിനെതിരെ അവർ സമരം ചെയ്തു. അതിശക്തമായി സമരത്തെ അടിച്ചമർത്തി. തൊഴിലാളി വർഗ ഗവൺമെന്റുണ്ടായാൽ പിന്നെ തൊഴിലാളികൾ സമരം ചെയ്യാൻ പാടില്ല. അതിന്റെ കാര്യമില്ല. എല്ലാം നടപ്പാക്കുന്ന ഗവൺമെന്റാണ് ഭരിക്കുന്നത്. ആ ബോധമില്ലാതെ സമരം ചെയ്യുന്നവർ വർഗവഞ്ചകരോ അഞ്ചാംപത്തികളോ സാമ്രാജ്യത്വ ഏജന്റുകളോ ആയിരിക്കും. വർഗബോധത്തിന്റെ ഉഗ്രപ്രതീകങ്ങളായ ട്രേഡ് യൂനിയൻ നേതാക്കൾ കേരളത്തിലെ ആശാ സമരത്തെ വിശേഷിപ്പിച്ച പദാവലികൾ സാർവദേശീയ തൊഴിലാളി ഐക്യത്തിന്റെ മഹനീയ മാതൃകയായിരുന്നല്ലോ.
ജനങ്ങളുടെ കൈയിൽനിന്ന് കനത്ത പ്രഹരമേറ്റപ്പോൾ തെറ്റന്വേഷിച്ചിറങ്ങുന്നു, ജീവിതത്തിന്റെ യാഥാർഥ്യം അന്വേഷിച്ചിറങ്ങിയ സിദ്ധാർഥ രാജകുമാരനെപ്പോലെ. റിപ് വാൻ വിങ്കിൾ ഉറക്കമുണർന്നപ്പോഴേക്കും കാറ്റ്സ്കിൽ താഴ്വര ഒരുപാട് മാറിപ്പോയി. 20 വർഷത്തെ ഉറക്കം കഴിഞ്ഞപ്പോൾ റിപ് വാൻ വിങ്കിളിന് ആരെയും മനസ്സിലായില്ല, ആർക്കും റിപ് വാൻ വിങ്കിളിനെയും. സുഖനിദ്രയുടെ ആലസ്യം വിട്ടുമാറിയപ്പോൾ ഒന്നും തിരിച്ചറിയാതെ പോയി. ചെയ്തുകൂട്ടിയ തെറ്റെന്താണെന്നറിയാത്ത ആ നിഷ്കളങ്കതക്കാകട്ടെ ഒരു ലാൽ സലാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.