വടക്കൻ പരാജയ കഥ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളെ വിശകലനംചെയ്യുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. എന്താണ് ഈ തെരഞ്ഞെടുപ്പിൽ അടിത്തട്ടിലും ഉപരിതലത്തിലും പ്രവർത്തിച്ചത്? എന്തായിരുന്നു ജനത്തിന്റെ മനോഭാവം? എങ്ങനെയാണ് അധികാരകക്ഷിയും പ്രതിപക്ഷവും പ്രവർത്തിച്ചത്? തദ്ദേശ തെരഞ്ഞെടുപ്പി​ന്റെ വോട്ടെണ്ണലിനിടയിൽ മണ്ണാർക്കാട് അതിശയിപ്പിക്കുന്ന ഒരു രാഷ്ട്രീയനൃത്തം കാണാൻ കഴിഞ്ഞു. മണ്ണാർക്കാട് നഗരസഭയിലെ 24ാം വാർഡായ നമ്പിയംപടിയിൽ സി.പി.എം സ്​ഥാനാർഥിയായി മത്സരിച്ച അഞ്ജു സന്ദീപ് എന്ന ചെറുപ്പക്കാരിയാണ് നർത്തകി. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച അഞ്ജു തോറ്റുപോയി. 277 വോട്ടിന്....

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളെ വിശകലനംചെയ്യുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. എന്താണ് ഈ തെരഞ്ഞെടുപ്പിൽ അടിത്തട്ടിലും ഉപരിതലത്തിലും പ്രവർത്തിച്ചത്? എന്തായിരുന്നു ജനത്തിന്റെ മനോഭാവം? എങ്ങനെയാണ് അധികാരകക്ഷിയും പ്രതിപക്ഷവും പ്രവർത്തിച്ചത്?

തദ്ദേശ തെരഞ്ഞെടുപ്പി​ന്റെ വോട്ടെണ്ണലിനിടയിൽ മണ്ണാർക്കാട് അതിശയിപ്പിക്കുന്ന ഒരു രാഷ്ട്രീയനൃത്തം കാണാൻ കഴിഞ്ഞു. മണ്ണാർക്കാട് നഗരസഭയിലെ 24ാം വാർഡായ നമ്പിയംപടിയിൽ സി.പി.എം സ്​ഥാനാർഥിയായി മത്സരിച്ച അഞ്ജു സന്ദീപ് എന്ന ചെറുപ്പക്കാരിയാണ് നർത്തകി. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച അഞ്ജു തോറ്റുപോയി. 277 വോട്ടിന്. ഫലം അറിഞ്ഞയുടൻ അവർ വോട്ടെണ്ണൽ കേന്ദത്തിൽനിന്നിറങ്ങി. പിന്നീട് അവരെ കണ്ടത് നഗരസഭയുമായി അതിർത്തി പങ്കിടുന്ന കാരാക്കുർശി പഞ്ചായത്തിലെ ആറാം വാർഡിൽ വിജയനൃത്തമാടുന്ന സംഘത്തിലാണ്. അവിടെ വിജയിച്ചത് താമരചിഹ്നത്തിൽ മത്സരിച്ച ബി.ജെ.പിക്കാരിയായ സ്​നേഹ രാമകൃഷ്ണനാണ്. ആ താമരനൃത്തത്തിലലിഞ്ഞാണ് സി.പിഎമ്മുകാരിയായ അഞ്ജു ത​ന്റെ പരാജയദുഃഖം മറികടന്നത്. മണ്ണാർക്കാട് നഗരസഭയിൽ ഏഴ് സി.പി.എം സ്​ഥാനാർഥികൾ ജയിച്ചിട്ടുണ്ട്. പാർട്ടിപ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയിട്ടുമുണ്ട്. അതിലല്ല സി.പിഎമ്മുകാരിയായ അഞ്ജു ആമോദം കണ്ടെത്തിയത്. താമരപ്പൊയ്കയിലാണ്.

അതൊക്കെക്കഴിഞ്ഞ് 24 മണിക്കൂർ പിന്നിട്ടപ്പോൾ, അതായത് 2025 ഡിസംബർ 14 ഞായറാഴ്ച രാവിലെ 8.45ന്, സി.പി.എം സംസ്​ഥാന കമ്മിറ്റിയംഗമായ അഡ്വ. കെ. അനിൽകുമാർ സോഷ്യൽമീഡിയയിൽ വിശദമായ ഒരു അവലോകനക്കുറിപ്പ് പ്രസിദ്ധപ്പെടുത്തി. നിരീക്ഷണങ്ങളും നിഗമനങ്ങളും അക്കമിട്ടുനിരത്തുന്ന ആ ഫേസ്​ബുക്ക് പോസ്​റ്റിലെ മൂന്നാമത്തെ പോയന്റ് ഇതാണ്: ‘‘ബി.ജെ.പിയുടെ ഹിന്ദുത്വ പ്രചാരണത്തിന് പ്രതിരോധമായി ന്യൂനപക്ഷ വിഭാഗങ്ങളിൽ പ്രതികരണമുണ്ടായി. ഇത് സ്വാഭാവികമാണ്. ഇതി​ന്റെ ഗുണഭോക്താക്കൾ യു.ഡി.എഫ് ആയിരുന്ന രീതി ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ടു. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളാകെ യു.ഡി.എഫിൽ അണിനിരന്നിട്ടില്ല. ജില്ല പഞ്ചായത്തുകളിൽ എൽ.ഡി.എഫിനുണ്ടായ നേട്ടങ്ങൾ അതിന് തെളിവാണ്. അതിനാൽ മതന്യൂനപക്ഷങ്ങളെയാകെ റാഞ്ചി ഏകോപിപ്പിച്ച് യു.ഡിഎഫി​ന്റെ കെണിയിൽ വീഴരുത്. ജമാഅത്തെ ഇസ്‍ലാമിയുടെ ആഖ്യാനങ്ങൾ അതിനുള്ള പ്രകോപനമാകരുത്. മതപരമായ വിശകലനങ്ങൾക്ക് പകരം മതനിരപേക്ഷത ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ എന്ന ബോധം ശക്തിപ്പെടുത്തണം.’’

സംസ്​ഥാന കമ്മിറ്റിയംഗത്തി​ന്റെ അവലോകനം പുറത്തുവന്ന് നാലു മണിക്കൂർ പിന്നിട്ടപ്പോൾ, അതായത് 2025 ഡിസംബർ 14 ഞായറാഴ്ച ഉച്ചക്ക് 12.16ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ ഡോ. തോമസ്​ ഐസക് ഫേസ്​ബുക്കിൽ വിശദമായൊരു കുറിപ്പ് പ്രസിദ്ധപ്പെടുത്തി. ആ കുറിപ്പിൽ ന്യൂനപക്ഷ വോട്ടുകൾ സംബന്ധിച്ച നിരീക്ഷണം ഇങ്ങനെയാണ്: ‘‘സി.പി.എമ്മി​ന്റെ ഇന്നത്തെ രാഷ്ട്രീയ കാഴ്ചപ്പാടിൽ ഒരു സുപ്രധാന കേന്ദ്രഘടകം ന്യൂനപക്ഷ സംരക്ഷണമാണ്. കാരണം ന്യൂനപക്ഷവിരുദ്ധ വർഗീയരാഷ്ട്രീയം അടിസ്​ഥാനമാക്കിയാണ് ബി.ജെ.പി അധികാരം പിടിക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷതയുടെ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്.

എന്നാൽ, യു.ഡി.എഫിനാകട്ടെ കേരളത്തിൽപോലും മതതീവ്രവാദങ്ങളോട് സമരസപ്പെടുന്നതിനും കോലീബി സഖ്യങ്ങൾ രൂപവത്കരിക്കുന്നതിനും മടിയില്ല. പക്ഷേ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗം ഇടതുപക്ഷത്തുനിന്നും അകലുന്ന അനുഭവമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. ഫലസ്​തീൻ ഐക്യദാർഢ്യ കാമ്പയിൻ ഏറ്റവും ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന കാലയളവിലാണ് ഇത് ഉണ്ടായിട്ടുള്ളത്. ‘ഇടത് ഹിന്ദുത്വ’യെക്കുറിച്ചുള്ള ആഖ്യാനങ്ങൾക്ക് എന്തുകൊണ്ടാണ് ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കാൻ കഴിയുന്നത്? അതിന് നമ്മുടെ എന്തെങ്കിലും വീഴ്ചകൾ നിമിത്തങ്ങളായിട്ടുണ്ടോ?’’

 

കൊച്ചി കോർപറേഷനിലേക്ക് മത്സരിച്ച് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി റഹീന റഫീഖ് പ്രവർത്തകർക്കൊപ്പം വിജയാഹ്ലാദത്തിൽ-ചിത്രം: ബൈജു കൊടുവള്ളി

കേന്ദ്രകമ്മിറ്റിയംഗത്തി​ന്റെ ആശങ്കയും സംസ്​ഥാന കമ്മിറ്റിയംഗത്തി​ന്റെ ആശ്വാസാവലോകനവും അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ചതി​ന്റെ വിയർപ്പാറുംമുമ്പ് താമരവിജയത്തിൽ അർമാദിക്കാൻ പോയ പാർട്ടിയംഗത്തി​ന്റെ ആഹ്ലാദനൃത്തവും ഒരുമിച്ചു കാണുമ്പോഴാണ് സി.പി.എം എത്തിപ്പെട്ട രാഷ്ട്രീയച്ചുഴിയുടെ ഭീകരത വ്യക്തമാകുന്നത്. അത്രയെളുപ്പത്തിൽ രക്ഷപ്പെടാവുന്നതല്ല ആ വലംപിരിച്ചുഴി. അത് കേരളത്തിലെ സി.പി.എമ്മിനെ വലിച്ചുതാഴ്ത്തുകയാണ്. നീന്തിക്കയറണമെങ്കിൽ അസാമാന്യമായ രാഷ്ട്രീയ കരുത്ത് വേണം. അത് ആ പാർട്ടിയിൽ ബാക്കിയുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.

പ്രവർത്തകരുടെ താമര​േപ്രമം

സി.പി.എം സ്​ഥാനാർഥിയുടെ താമരയാട്ടം ഒറ്റപ്പെട്ട സംഭവമല്ലെന്നും നിന്നനിൽപിൽ ബി.ജെ.പിയായി മാറാൻ സി.പി.എം പ്രവർത്തകർക്ക് മടിയില്ലാതായിക്കഴിഞ്ഞിരിക്കുന്നുവെന്നും അറിയണം. അതൊരു രാഷ്ട്രീയസത്യമാണ്. അതംഗീകരിച്ചാലേ അതി​ന്റെ കാരണം കണ്ടെത്താനാകൂ. കണ്ണടച്ചിട്ട് കാര്യമില്ല. മലബാറിലെ സി.പി.എം കോട്ടകൾ എന്ന് എതിരാളികൾപോലും സമ്മതിച്ചിരുന്ന രണ്ട് ജില്ലകളാണല്ലോ പാലക്കാടും കണ്ണൂരും. കമ്യൂണിസ്​റ്റ് പാർട്ടിയുടെ കേരളത്തിലെ ഈറ്റില്ലമായ കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങളെ പാർട്ടിഗ്രാമങ്ങളായി കൊണ്ടുനടക്കാനും തദ്ദേശ തെരഞ്ഞെടുപ്പിന് അവിടെ മറ്റൊരു രാഷ്ട്രീയപാർട്ടിയുടെ പേരിൽ ആരും നാമനിർദേശപത്രിക സമർപ്പിക്കാതിരിക്കാനും അതീവ ജാഗ്രത പുലർത്തുന്ന പാർട്ടിയാണല്ലോ സി.പി.എം. സംസ്​ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്​റ്ററുടെ വാർഡിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരമോ വോട്ടെണ്ണ​ലോ നടക്കാറില്ല.

ഇത്തവണയും നടന്നിട്ടില്ല. കാരണം അവിടെ മറ്റു പാർട്ടികളൊന്നും പാടില്ല. അത്തരം ഗ്രാമങ്ങളിൽ ആർക്കെങ്കിലും മറ്റൊരു പാർട്ടിയോട് താൽപര്യമുണ്ടെങ്കിൽ അത് മനസ്സിൽവെക്കുകയേ വഴിയുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വോട്ടുപിടിക്കാനോ, മറ്റു സ്​ഥാനാർഥികളുടെ ഏജന്റുമാരായി ബൂത്തിലിരിക്കാനോ കഴിയില്ല. അതിനു ശ്രമിച്ചാൽ അംഗഭംഗമായിരിക്കും ഏറ്റവും കുറഞ്ഞ ഫലം. അങ്ങനെയാരെങ്കിലും മുതിരുകയോ എതിർ സ്​ഥാനാർഥിക്ക് ആ ബൂത്തിൽ വോട്ട് വീഴുകയോ ചെയ്താൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന അക്രമവാഴ്ചയായിരിക്കും പിന്നാലെ വരുന്നത്. എതിർ പാർട്ടിയിൽ പോയവനെയോ അയാളുടെ വീട്ടുകാരെയോ മാത്രമല്ല, ബന്ധുക്കളെയും അയൽക്കാരെയും എല്ലാം വിറപ്പിക്കും.

അതൊരു പ്രതികാരകർമമാണ്. ബാക്കിയുള്ളവർക്ക് മുന്നറിയിപ്പാണ്. ഇനിയാരും അതിന് മുതിരാതിരിക്കാനുള്ള മുൻകരുതലുമാണ്. ഇപ്പോഴും അതൊന്നും ഇല്ലാതായിട്ടില്ല. ഫലപ്രഖ്യാപനത്തിനു ശേഷം കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിൽ സി.പി.എം പ്രവർത്തകർ നടത്തിയ രൗദ്രപ്രകടനം കേരളം കണ്ടതാണല്ലോ. വർഷങ്ങളായി സി.പി.എം വിഭാഗീയത കൊടികുത്തിവാഴുന്ന പയ്യന്നൂർ നഗരസഭയിലെ 36ാം വാർഡായ കാരയിൽ സി.പി.എം വിമതനായ സി. വൈശാഖ് സ്​ഥാനാർഥിയായപ്പോൾ കണ്ണൂർ ജില്ല സെക്രട്ടറി പ്രതികരിച്ചത് കേട്ടില്ലേ: ‘‘സ്വർണം കായ്ക്കുന്ന മരമാണെങ്കിലും വീട്ടിനു ചാഞ്ഞാൽ മുറിക്കണം’’ എന്ന പരമ്പരാഗത ഭീഷണി വാചകങ്ങളാണ് പുറത്തുവന്നത്. കഷ്ടകാലത്തിന്, വൈശാഖി​ന്റെ കഷ്ടകാലത്തിന് ജയിച്ചുകയറിയിരിക്കുന്നു. ഇനി എന്താകുമോ എന്തോ!

 

അതെല്ലാം ഇപ്പോഴും രാഷ്ട്രീയാചാരമായി കൊണ്ടുനടന്നിട്ടും പാർട്ടിഗ്രാമങ്ങളിൽ ബി.ജെ.പി സ്​ഥാനാർഥികൾ രംഗത്തുവരികയും ഗണ്യമായതോതിൽ വോട്ടുപിടിക്കുകയുംചെയ്തിട്ടുണ്ട്. അങ്ങനെയൊരു അത്ഭുതകഥയാണ് ഏഴോം പഞ്ചായത്തിലുണ്ടായത്. സി.പി.എമ്മി​ന്റെ പാർട്ടികുടുംബങ്ങൾ മാത്രമുള്ള പഞ്ചായത്തിൽ ഇടക്കാലത്ത് പല ചെറുപ്പക്കാരും ബി.ജെ.പിക്കാരായി. ചിലയിടത്തൊക്കെ കൂട്ടുകാരും ബന്ധുക്കളും അത് തമാശയായിട്ടെടുത്തു. പരിഹസിച്ച് ശരിയാക്കാമെന്നായിരുന്നു അവർ കരുതിയത്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിന് അഞ്ച് വാർഡുകളിൽ ബി.ജെ.പി സ്​ഥാനാർഥികൾ മത്സരിച്ചു. ഒരു വോട്ട് മാത്രമേ കിട്ടൂ എന്നായി ചില വാർഡുകളിലെ തെരഞ്ഞെടുപ്പു വിദഗ്ധർ. എന്നാൽ വോട്ടെണ്ണിയപ്പോൾ അവർ ഞെട്ടിപ്പോയി. താമരചിഹ്നത്തിൽ ആകെ 243 വോട്ടുകൾ വീണിരിക്കുന്നു.

വാർഡ് ഏഴ് (74), വാർഡ് ഒമ്പത് (24), വാർഡ് പന്ത്രണ്ട് (40), വാർഡ് പതിമൂന്ന് (62), വാർഡ് പതിനാല് (43) എന്നിങ്ങനെ. ഏഴോം ലക്ഷണമൊത്ത ഒരു ഉദാഹരണമാണ്. അവിടെയെങ്ങനെ താമര മുളച്ചു എന്ന് പഠിച്ചാലറിയാം സി.പി.എം പ്രവർത്തകർ നിന്നനിൽപിൽ ബി.ജെ.പിയായി മാറുന്നതെങ്ങനെ എന്ന്. ഏഴോം പോലെതന്നെ ചുവന്ന കരിവെള്ളൂർ പെരളം പഞ്ചായത്തിലും ബി.ജെ.പി ശക്തമായ സാന്നിധ്യമറിയിച്ചു. സി.പി.എം കോട്ടകളായി അറിയപ്പെട്ടിരുന്ന ചിറ്റാരിപ്പറമ്പ്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകളിൽ ബി.ജെ.പി ഓരോ പ്രതിനിധികളെ ജയിപ്പിച്ചിട്ടുണ്ട്. മറ്റൊരു പെരുംകോട്ടയായ കല്യാശ്ശേരി പഞ്ചായത്തിൽ എട്ടു വാർഡുകളിൽ ബി.ജെ.പി സ്​ഥാനാർഥികൾ രണ്ടാമതെത്തിയിട്ടുണ്ട്. കോൺഗ്രസും യു.ഡി.എഫും ​േബ്ലാക്ക് പഞ്ചായത്തോ നഗരസഭയോ പിടിച്ചതല്ല കണ്ണൂരിലെ ഭീഷണി. സി.പി.എമ്മി​ന്റെ അടിവേര് ബി.ജെ.പി കരണ്ടുതുടങ്ങിയതാണ്.

ഒരുകാലത്ത് ആർ.എസ്​.എസുമായി അടിച്ചുനിന്നതി​ന്റെ പെരുമ പറയുന്ന സി.പി.എം കണ്ണൂർ ജില്ലയിൽ അടുത്തകാലത്ത് സ്വീകരിച്ച തന്ത്രം ആർ.എസ്​.എസുകാരെ സ്വാംശീകരിച്ച് കൂടെക്കൂട്ടി സി.പി.എം നേതാക്കളാക്കുക എന്നതാണ്. ആർ.എസ്​.എസ്​ നേതാവായ ഒ.കെ. വാസുമാഷെ മാർക്സിസ്​റ്റായി പ്രഖ്യാപിച്ച് നേതാവാക്കി മലബാർ ദേവസ്വം ബോർഡ് ചെയർമാനാക്കിയത് ഒരു ഉദാഹരണം മാത്രം. പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണത്തി​ന്റെ സുഖസൗകര്യങ്ങൾ ഏറ്റവും നന്നായി ആസ്വദിച്ച ഒരാൾ പഴയ ആർ.എസ്​.എസ്​ നേതാവായ വാസുമാഷാണ്. സുധീഷ് മിന്നി മറ്റൊരു ഉദാഹരണം. പി. ജയരാജൻ ജില്ല സെക്രട്ടറിയായിരുന്ന കാലത്ത് ജില്ല കമ്മിറ്റിയോഫിസിന് വിളിപ്പാട് അകലെയുള്ള അമ്പാടിമുക്കിലെ കാവിത്തുണിക്കാരായ ആർ.എസ്.എസുകാരെ ചുവപ്പുടുപ്പിച്ച് സഖാക്കളായി പ്രഖ്യാപിച്ചത് വേറെ ‘ഒരു’ ഉദാഹരണം.

അങ്ങനെ ഒറ്റപ്പെട്ട ഉദാഹരണങ്ങളുടെ പരമ്പരയിലൂടെ രണ്ടു പ്രസ്​ഥാനങ്ങളും തമ്മിലുള്ള അതിർത്തി മാഞ്ഞുപോവുകയായിരുന്നു. വേലി പൊളിഞ്ഞുകഴിഞ്ഞാൽ ഒരു ഭാഗത്തേക്കു മാത്രമല്ലല്ലോ, രണ്ടുഭാഗത്തേക്കും പോക്കുവരവുണ്ടാകും. അതാണിപ്പോൾ നടക്കുന്നത്. ‘‘കോൺഗ്രസുകാർ ബി.ജെ.പിയിൽ പോകും, പോകാൻ ഒരുങ്ങിനിൽക്കുകയാണ്’’ എന്നായിരുന്നുവല്ലോ സി.പി.എം പ്രചാരകരുടെ വായ്ത്താരി. എന്നാൽ കോൺഗ്രസിൽനിന്ന് പോകാനുള്ളവർ എന്നോ പോയ്ക്കഴിഞ്ഞു. ഇത് സി.പി.എമ്മുകാരുടെ ഊഴമാണ്. അവരാണ് പാർട്ടിഗ്രാമങ്ങളിൽനിന്ന് സ്​ഥാനാർഥികളായും പ്രവർത്തകരായും ബി.ജെ.പിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്.

വാസുമാഷെപ്പോലുള്ള നേതാക്കളെ സ്വാംശീകരിക്കുക എന്നത് അടവുനയം. അതിനുപുറമെ, ഗ്രാമങ്ങളിലേക്ക് മറ്റാരും കടന്നുകയറാതിരിക്കാൻ മറ്റൊരു തന്ത്രവും പ്രയോഗിച്ചു. ക്ഷേത്രങ്ങളുടെയും കാവുകളുടെയും നടത്തിപ്പ് നേരിട്ട് പാർട്ടി നിയന്ത്രണത്തിലാക്കുക എന്നതാണത്. പത്തു വർഷം മുമ്പുവരെ പാർട്ടി ഗ്രാമത്തിൽ മുത്തപ്പൻ വെള്ളാട്ട് കഴിക്കാനും കറുപ്പുടുത്ത് മാലയിട്ട് ശബരിമലക്ക് പോകാനും ആളുകളൊന്നു മടിച്ചിരുന്നു. അങ്ങനെ ചെയ്തവർ പാർട്ടിയംഗങ്ങളാണെങ്കിൽ നടപടി ഉറപ്പായിരുന്നു. എന്നാലിപ്പോൾ അങ്ങനെയല്ല. എല്ലാം േപ്രാത്സാഹിപ്പിക്കുകയും പാർട്ടി അതൊക്കെ നടത്തിക്കൊടുക്കുകയുമാണ്.

അതൊരു മോശം കാര്യമല്ല. നാടി​ന്റെ സാംസ്​കാരിക മണ്ഡലത്തിലെ ഇടപെടലാണെങ്കിൽ അത് അങ്ങനെതന്നെയാണ് വേണ്ടത്. പ്രതിലോമ ശക്തികൾക്ക് ഇടപെടാൻ കഴിയാത്തവിധം ജനകീയമായി അത് നടത്തുകതന്നെയാണ് വേണ്ടത്. എന്നാൽ കണ്ണൂർ ജില്ലയിൽ ഏറ്റവും പ്രതിലോമകരമായ വിധത്തിലാണ് സി.പി.എമ്മി​ന്റെ പാർട്ടികേന്ദ്രങ്ങളിൽ ഇവ കൈകാര്യംചെയ്യുന്നത്. ഉത്സവപ്പറമ്പിൽ മറ്റു മതക്കാർക്ക് പ്രവേശനമില്ല എന്ന ബോർഡ് പ്രത്യക്ഷപ്പെട്ടതും സി.പി.എം ശക്തികേന്ദ്രത്തിലാണ്. അതോടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുകയായിരുന്നു. അങ്ങനെ പാർട്ടി കൈക്കൊണ്ട അടവും തന്ത്രവും സി.പി.എം പ്രവർത്തകരെ ബി.ജെ.പിയിലേക്ക് തുറന്നുവിട്ടു എന്നുപറഞ്ഞാൽ മതിയല്ലോ.

മതനിരപേക്ഷതാ വാദങ്ങൾ

ഇങ്ങനെയൊ​െക്കയാണ് അടിത്തറയിൽ കാര്യങ്ങൾ നടക്കുന്നത് എന്ന് അറിഞ്ഞുകൊണ്ടുവേണം മേൽപ്പുരയിൽ ചർച്ചചെയ്യുന്ന മതനിരപേക്ഷതയുടെ യാഥാർഥ്യം പരിശോധിക്കാൻ. ‘‘മതനിരപേക്ഷതയുടെ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്’’ എന്ന് കേന്ദ്രകമ്മിറ്റിയംഗം അവകാശപ്പെടുന്നു. ‘‘മതപരമായ വിശകലനങ്ങൾക്ക് പകരം മതനിരപേക്ഷത ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ എന്ന ബോധം ശക്തിപ്പെടുത്തണം’’ എന്ന് സംസ്​ഥാന കമ്മിറ്റിയംഗം അവകാശപ്പെടുന്നു. എന്നാൽ, പാർട്ടിപ്രവർത്തകരാകട്ടെ തങ്ങൾ ജയിച്ച വാർഡിൽ മുസ്‍ലിംകളുള്ളിടത്ത് കൂടിനിന്ന് ഏറ്റവും വെറിയനായ വർഗീയവാദിയെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ മുസ്‍ലിംകൾക്കെതിരെ അശ്ലീല മുദ്രാവാക്യം മുഴക്കി അത് വിഡിയോവിലെടുത്ത് പ്രചരിപ്പിക്കുന്നു.

അതിൽ ആളുകൾ പരാതിപ്പെടുമ്പോൾ, ‘‘അത് മുസ്‍ലിം ലീഗുകാർക്ക് എതിരെയാണ്’’ എന്ന് ന്യായീകരിക്കുന്നു. ഇത് എന്തുതരം മതനിരപേക്ഷതയാണ്? ഇങ്ങനെയൊരു മാനസികാവസ്​ഥയിലേക്ക് സി.പി.എം പ്രവർത്തകർ എങ്ങനെയാണ് എത്തിയത്? താനിപ്പോഴും അടിയുറച്ച സി.പി.എമ്മുകാരിയാണെന്ന് ബി.ജെ.പിക്കാരോടൊപ്പം വിജയനൃത്തംചെയ്ത സഖാവ് അഞ്ജു സന്ദീപ് ആവർത്തിക്കുന്നു. രണ്ടു പാർട്ടിയിലും ഒരേസമയം നിൽക്കാമെന്ന് കരുതിയതുപോലെ! ഇങ്ങനെയൊരു തോന്നൽ എങ്ങനെവന്നു? സി.പി.എം പ്രവർത്തകരെ ഈ അവസ്​ഥയിൽ എത്തിച്ചത് എന്താണോ, അതുതന്നെയല്ലേ, ഹിന്ദു ഇടതുപക്ഷം എന്ന ആഖ്യാനത്തിന് വഴിവെച്ചതും? അവസരം കിട്ടുമ്പോഴും അവസരമുണ്ടാക്കിയും മുസ്‍ലിം സമുദായത്തെ തേജോവധംചെയ്യുന്ന വെള്ളാപ്പള്ളി നടേശനെപ്പോലെ ഒരാളെ മുഖ്യമന്ത്രിയും മന്ത്രിമാരും ഊഴമിട്ട് പുകഴ്ത്തിയത് മതനിരപേക്ഷതയാണോ?

സി.പി.എമ്മിന് എതിരായി രാഷ്ട്രീയപ്രചാരണം നടത്തുന്നവരെ വർഗീയവാദികളായി മുദ്രകുത്തി അവർക്കെതിരെ വിദ്വേഷപ്രചാരണം നടത്തുന്നത് എന്തുതരം മതനിരപേക്ഷതയാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നെയല്ലേ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി.എം. തോമസ്​ ഐസക്കി​ന്റെ ആശങ്കാകുലമായ ചോദ്യങ്ങൾക്കുള്ള ഉത്തരം? ‘‘ഇടത്ഹിന്ദുത്വയെക്കുറിച്ചുള്ള ആഖ്യാനങ്ങൾക്ക് എന്തുകൊണ്ടാണ് ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കാനായത്? അതിന് നമ്മുടെ എന്തെങ്കിലും വീഴ്ചകൾ നിമിത്തങ്ങളായിട്ടുണ്ടോ?’’ എന്നാണല്ലോ ഡോ. തോമസ്​ ഐസക് ചോദിക്കുന്നത്. അത് സി.പി.എമ്മിന് സ്വയം വിമർശനത്തിലൂടെ കണ്ടെത്താവുന്നതേയുള്ളൂ, ആ കമ്യൂണിസ്റ്റ് രീതി ആ പാർട്ടിയിൽ ഇപ്പോഴുമുണ്ടെങ്കിൽ.

പാലക്കാട്, കണ്ണൂർ ജില്ലകളിലേതിൽനിന്ന് വ്യത്യസ്​തമായ രാഷ്ട്രീയ സാഹചര്യമുണ്ട് മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകൾക്ക്. ഹിന്ദു ഇടതുപക്ഷസ്വഭാവം കൂടുതൽ വേഗത്തിൽ തിരിച്ചറിയുകയും അതു​െകാണ്ടുതന്നെ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുകയുംചെയ്ത പ്രദേശങ്ങളാണത്. ഇവിടെ സി.പി.എം മുസ്‍ലിം രാഷ്ട്രീയത്തിലെ ഒരു സജീവ പങ്കാളിയാണ് എന്നും ഓർക്കണം. മുസ്‍ലിം ലീഗും മറ്റു മുസ്‍ലിം സമുദായ പാർട്ടികളും മാത്രമല്ല ഒരു പതിറ്റാണ്ടായി സി.പി.എമ്മും ആ സമുദായത്തിൽ ഇറങ്ങിക്കളിക്കുന്നുണ്ട്. അതിനായി മുഖ്യമന്ത്രി പിണറായി വിജയ​ന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംവിധാനവുമുണ്ട്. 2015ൽ പാർട്ടിയുടെ നേതൃത്വത്തിൽ കണ്ണൂരിലും കോഴി​േക്കാട്ടുമെല്ലാം പ്രത്യേക ന്യൂനപക്ഷ സമ്മേളനം നടത്തിക്കൊണ്ടാണ് സി.പി.എം മുസ്‍ലിം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ‘മലബാറിലെ മുസ്‍ലിംകളും ഇടതുപക്ഷവും’ എന്ന ഒരു ലഘുലേഖതന്നെ ഇതിലേക്കായി പിണറായി വിജയൻ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്,

കെ.ടി. ജലീൽ പത്രാധിപരായി ‘മുഖ്യധാര’ എന്നൊരു പ്രസിദ്ധീകരണം ഇറക്കിയിട്ടുണ്ട്. ഇതിനൊക്കെപ്പുറമെ സോഷ്യൽ എൻജിനീയറിങ് എന്ന പേരിൽ പ്രധാനപ്പെട്ട സമുദായസംഘടനകളെയെല്ലാം മൊത്തമായോ, അങ്ങനെ സാധിക്കാത്തവയെ പിളർത്തിയോ കൂടെ നിർത്തുന്നുണ്ട്. കാന്തപുരം അബൂബക്കർ മുസ്‍ലിയാർ നേതൃത്വം നൽകുന്ന സുന്നിവിഭാഗം പതിറ്റാണ്ടുകളായി സി.പി.എമ്മിനൊപ്പമാണ്. രാഷ്ട്രീയ പ്രചാരണത്തിനായി അവർ കേരള മുസ്‍ലിം ജമാഅത്ത് എന്ന ‘രാഷ്ട്രീയമില്ലാത്ത’ പാർട്ടി രൂപവത്കരിച്ചിട്ടുണ്ട്. മുജാഹിദ് ഗ്രൂപ്പുകളിൽ പലതും സി.പി.എമ്മിനുവേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിനുതന്നെ ഇറങ്ങാറുണ്ട്. ജിഫ്‍രി മുത്തുക്കോയതങ്ങൾ നേതൃത്വം നൽകുന്ന സമസ്​തയെ ഒരുമിച്ച് കൂടെനിർത്താൻ പരമാവധി ശ്രമിച്ചതാണ്. നടക്കാതെ വന്നപ്പോഴാണ് അതിൽ വിഭാഗീയത വളർത്തി ഒരു വിഭാഗത്തെ കൂടെനിർത്താൻ നോക്കിയത്. ബാബരിക്കാലത്ത് മുസ്‍ലിം ലീഗ് പിളർന്നുണ്ടായ പാർട്ടിക്ക് പേരുപോലും നിർദേശിച്ചത് സി.പി.എമ്മി​ന്റെ സമുന്നത നേതാക്കളാണ്. ആ പാർട്ടിയെ മുന്നണിയിലെടുക്കാതെ 35 വർഷം പുറകെ നടത്തിച്ചെങ്കിലും ഇപ്പോൾ ചെലവിനു കൊടുക്കുന്നുണ്ട്.

പി.ഡി.പി, വെൽ​െഫയർ പാർട്ടി, എസ്​.ഡി.പി.ഐ തുടങ്ങിയ പാർട്ടികൾക്ക് സി.പി.എമ്മി​ന്റെ ആവശ്യത്തിനനുസരിച്ച് പുരോഗമനപ്പട്ടവും പ്രതിലോമപ്പട്ടവും കെട്ടിക്കൊടുക്കാറുണ്ട്. ഇപ്പോൾ വെൽ​െഫയർ പാർട്ടിക്കും ജമാഅത്തെ ഇസ്‍ലാമിക്കുമാണ് അത് ചാർത്തിക്കൊടുത്തിരിക്കുന്നത്. ഇതിനൊക്കെ പുറമെയാണ് കോൺഗ്രസിലെയും ലീഗിലെയും മുസ്‍ലിം നേതാക്കളെ അടർത്തിയെടുത്ത് നിയമസഭയിലേക്ക് മത്സരിപ്പിച്ച് സി.പി.എം ഉണ്ടാക്കിയെടുത്ത മുസ്‍ലിം പ്ലാറ്റ്ഫോം. പി.ടി.എ. റഹീം, മന്ത്രി വി. അബ്ദുറഹ്മാൻ, കെ.ടി. ജലീൽ, മുതൽപേർ ഇപ്പോഴതിലുണ്ട്. റസാഖ് കാരാട്ട്, മഞ്ഞളാങ്കുഴി അലി, പി.വി. അൻവർ തുടങ്ങിയവർ അതിൽനിന്ന് പിന്മാറിയവരാണ്. തെരഞ്ഞെടുപ്പു വരുമ്പോൾ മുസ്‍ലിം കേന്ദ്രങ്ങളിൽ പണമുള്ള സ്വതന്ത്രരെ കണ്ടെത്താൻ പ്രത്യേക സംവിധാനമുണ്ട് സി.പിഎമ്മിന്. ഇവ്വിധമെല്ലാം മുസ്‍ലിം സമുദായത്തിൽ ഇറങ്ങിക്കളിക്കുന്ന ഒരു പാർട്ടി മലബാറിൽ വേറെയില്ല. അതി​ന്റെ ഭാഗമാണല്ലോ കേന്ദ്രകമ്മിറ്റിയംഗം തോമസ്​ ഐസക് അടുത്തുപറഞ്ഞ ‘ഫലസ്​തീൻ ഐക്യദാർഢ്യ കാമ്പയിൻ’ നടത്തിയത്. അതു നടത്തു

മ്പോൾതന്നെ ‘ഹിന്ദു ഇടതുപക്ഷം’ എന്ന് ചൂണ്ടിക്കാട്ടപ്പെടുകയും അത് വോട്ടർമാർ ഏറ്റെടുക്കുകയും ചെയ്തെങ്കിൽ അങ്ങനെ പറയുന്നതിൽ കഴമ്പുണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത്? അത് ജനങ്ങൾ ഏറ്റെടുത്തതുകൊണ്ടാണല്ലോ വടക്കൻ ജില്ലകളിൽ ഇത്രയും തിരിച്ചടിയുണ്ടായത്. അത് മനസ്സിലാകണമെങ്കിൽ സ്വയംവിമർശനം മാത്രം മതിയാകില്ല, പുറത്തുനിന്നുള്ള വിമർശനങ്ങൾ കേൾക്കാനും അതിൽനിന്ന് വസ്​തുത വേർതിരിച്ചെടുത്തു പഠിക്കാനും സി.പി.എം തയാറാകണം. ഹിന്ദുത്വപ്രചാരണം ആരു നടത്തിയാലും, അത് ഹിന്ദുഫാഷിസ്റ്റ് പാർട്ടി നടത്തിയാലും ഹിന്ദു ഇടതുപക്ഷം നടത്തിയാലും പ്രതികരണവും പ്രതിരോധവും ഉണ്ടാകുമല്ലോ, അത് സ്വാഭാവികമല്ലേ?

1985ലും 90ലും നടത്തിയ നാടകങ്ങൾ അതേ മട്ടിൽ ഇപ്പോൾ ആളെക്കൂട്ടില്ല. അന്ന് സദ്ദാം ഹുസൈനെ മുന്നിൽ നിർത്തിയാലും സേട്ടുവും മഅ്ദനിയും മഹാത്മാ ഗാന്ധിയെപ്പോലെയാണ് എന്ന് വ്യാഖ്യാനിച്ചാലും വോട്ടുകൾ കൂട്ടംകൂട്ടമായി കിട്ടുമായിരുന്നു. ഇന്ന് ആ വ്യാഖ്യാനങ്ങളുടെ അകവും പുറവും പരിശോധിക്കുന്ന ആളുകളാണ്. അതുകൊണ്ടാണ് ഫലസ്​തീൻ ഐക്യദാർഢ്യത്തെ മറികടക്കാൻ ഹിന്ദു ഇടതുപക്ഷം എന്ന രാഷ്ട്രീയ യാഥാർഥ്യത്തിന് സാധിച്ചത്. ഫലസ്​തീൻ ഐക്യദാർഢ്യം നടത്തിയതുകൊണ്ട് മുസ്‍ലിംകളോ, അയ്യപ്പസംഗമം നടത്തിയതുകൊണ്ട് ഹിന്ദുക്കളോ വോട്ടു കൊണ്ടുവന്നു തരില്ല. കാലം മാറി. എത്ര മാറിയെന്നാൽ, 1985ൽനിന്ന് 40 വർഷം കഴിഞ്ഞിട്ടുണ്ട്. അന്ന് മുസ്‍ലിംകളെ ആസകലം അപമാനിച്ച് ശരീഅത്തിനെ അപഹസിച്ച് കൂടെയുള്ള മുസ്‍ലിം പാർട്ടിയെ അവഹേളിച്ച് ഇറക്കിവിട്ടാൽ ഹിന്ദുവോട്ടുകൾ ഏകീകരിക്കാമായിരുന്നു.

ന്യൂനപക്ഷ വോട്ടിനെക്കാൾ കൂടുതലാണ് ഭൂരിപക്ഷ വോട്ടുകൾ എന്ന ലളിതഗണിതം അന്ന് ശരിയായിരുന്നു. ഇന്ന് അതല്ല അവസ്​ഥ. ഭൂരിപക്ഷ വോട്ടിന് അവകാശികൾ വേറെയുമുണ്ട്. അത് ഓഹരിവെച്ചുപോകും. അതായത്, സി.പി.എം വല്ലാതെ വർഗീയത പറഞ്ഞാൽ അത് പഠിക്കുന്ന സ്വന്തം പ്രവർത്തകരും ബി.ജെ.പിക്ക് വോട്ടുചെയ്തുകൊടുക്കും. വർഗീയത തെരഞ്ഞെടുപ്പുമാർക്കറ്റിലും നല്ല ചരക്കല്ല.

 

ഭരണവും പരാജയവും

തെറ്റുപറ്റാത്ത നേതാവി​ന്റെ കീഴിൽ തെറ്റുപറ്റാത്ത പാർട്ടിയുടെ തെറ്റുപറ്റാത്ത ഭരണം രണ്ടാമൂഴം പൂർത്തിയാക്കാനിരിക്കുമ്പോഴാണ് ഇങ്ങനെയൊരു തിരിച്ചടി നേരിട്ടത് എന്നോർക്കണം. തീർച്ചയായും ഭരണവിരുദ്ധവികാരം പ്രതിഫലിച്ചിട്ടുണ്ട്. രണ്ട് ഭാഗത്തുനിന്നും അത് ഞെരുക്കിയിട്ടുണ്ട്. തദ്ദേശ സ്​ഥാപനങ്ങൾ ഭരിച്ചിടത്ത് ആ ഭരണത്തി​ന്റെ പോരായ്മകൾ. എല്ലായിടത്തേക്കും ബാധകമായതരത്തിൽ സംസ്​ഥാന സർക്കാറിന് എതിരായ ഭരണവിരുദ്ധവികാരം. അതില്ലെന്നു പറഞ്ഞ് ഒഴിയാൻ നോക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ വലിയ അടി ഏൽപിക്കും. ഈ വികാരം എങ്ങനെയുണ്ടായി എന്ന് പഠിക്കേണ്ടതാണ്. തെരഞ്ഞെടുപ്പിനുശേഷം എം.എം. മണിയെന്ന മുതിർന്ന നേതാവ് പറഞ്ഞ തരംതാണ വർത്തമാനമുണ്ടല്ലോ, ‘‘ക്ഷേമപെൻഷൻ വാങ്ങി തിന്നശേഷം നന്ദികേട് കാണിച്ചു’’ എന്ന വർത്തമാനം.

അത് അങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. മണിയാശാൻ ആയതുകൊണ്ടു മാത്രമല്ല. അത് മണിയാശാ​ന്റെ സ്വതഃസിദ്ധമായ ശൈലിയാണ് എന്നുപറഞ്ഞ് സംസ്​ഥാനസെക്രട്ടറി ലഘൂകരിച്ചതും പ്രതീക്ഷിച്ചതാണ്. പ്രതീക്ഷിക്കാവുന്നതാണ്. കാരണം സി.പി.എം നേതാക്കളുടെ ശരീരഭാഷയിൽ വന്ന മാറ്റം പ്രത്യക്ഷമാണ്. ഒരു ഭരണകക്ഷിയുടെ നേതാക്കൾക്കുണ്ടാകാവുന്ന സ്വാഭാവികമായ ആത്മവിശ്വാസമല്ല സി.പി.എമ്മുകാരിൽ കാണുന്നത്. ഭരിക്കാൻ മാത്രമായി വന്ന പാർട്ടിയുടെ കാര്യകർത്താക്കൾ എന്ന അഹംഭാവമാണ്. സ്​ഥാനാർഥി നിർണയസമയത്ത് നേതാക്കൾ അത് കാണിച്ചു. വോട്ടുപിടിക്കാനിറങ്ങിയപ്പോൾ പ്രവർത്തകരും അതു കാണിച്ചു. ജനം ഒന്ന് അകന്നുനിൽക്കാൻ അതൊരു കാരണമായി എന്ന് തിരിച്ചറിയുന്നത് നല്ലതാണ്.

എല്ലാത്തിനുമുപരി, രാഷ്ട്രീയപ്രവർത്തനം പൂർണമായും സോഷ്യൽമീഡിയയിലേക്കു മാറ്റിയതും ജനങ്ങളുടെ മനസ്സറിയുന്നതിന് തടസ്സമായിട്ടുണ്ട്. പാർട്ടിയുടെ നേതാക്കളും ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും എന്നുവേണ്ട മന്ത്രിമാരുടെ ഓഫിസിലെ പ്രധാനകാര്യക്കാർപോലും സോഷ്യൽ മീഡിയയിലാണ്. അവർ സിദ്ധാന്തങ്ങൾ ചമയ്ക്കുന്നു. പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പരതിനടന്ന് ശത്രുക്കളെ നിർമിച്ച് കൊല്ലാക്കൊല ചെയ്യുന്നു. ഒരുതരം കൊലപാതക ​െഗയിം കളിക്കുന്ന ഹരത്തിലാണ് സി.പി.എം പ്രവർത്തകർ സോഷ്യൽ മീഡിയയിൽ മേയുന്നത്.

എന്നാൽ, വോട്ടുവരുന്നതു സോഷ്യൽ മീഡിയയിൽനിന്നല്ലല്ലോ. അവനവ​ന്റെ വീട്ടിൽനിന്നിറങ്ങി ബൂത്തിലേക്ക്് നടന്നുപോയാണ് ആളുകൾ വോട്ടുചെയ്യുന്നത്. അവരുടെ മനസ്സറിയാൻ അവർക്കിടയിൽ ജീവിക്കുകയും അവരോട് സംസാരിക്കുകയും വേണം. അതൊരു പഴഞ്ചൻ പരിപാടിയല്ല. ഒന്നുകൂടി, പഴയതുപോലെ ചെറുപ്പക്കാരായ കേഡർമാർ തെരഞ്ഞെടുപ്പു പ്രചാരണത്തിനും വോട്ടുനാളിലെ പരിശ്രമത്തിനും രംഗത്തില്ല. അതെന്തുകൊണ്ട് എന്ന് യുവജനനേതാക്കൾ മാത്രം പഠിച്ചാൽ പോരാ. അതൊരു സാമൂഹികപ്രശ്നമായി കാണണം. രാഷ്ട്രീയപ്രവർത്തനം പെൻഷൻപറ്റിയവരുടെ മാത്രം ഏർപ്പാടായി മാറരുതല്ലോ.

Tags:    
News Summary - Local elections and results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.