താമരശ്ശേരി താലൂക്കിൽ നാലു പഞ്ചായത്തുകളിലെ ആയിരക്കണക്കിന് പേരെ ഗുരുതരമായി ബാധിക്കുന്ന ഫ്രഷ് കട്ട് എന്ന അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ജനങ്ങൾ പ്രതിഷേധത്തിലാണ്. സമരം തീവ്രമായി മുന്നോട്ടുപോകുകയാണ്. എന്തുകൊണ്ടാണ് ജനത്തിന് സമരം െചയ്യേണ്ടിവരുന്നത്? എന്താണ് അവസ്ഥകൾ?
ഒരു മണവും വെറുമൊരു മണമല്ല. കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിൽ നാലു പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനം തങ്ങളുടെ ഘ്രാണശക്തിയെ ശപിക്കുകയാണിപ്പോൾ. ഉറങ്ങിയെഴുന്നേറ്റ് വീടിന്റെ ഉമ്മറവാതിൽ തുറന്ന് പ്രകൃതിയിലേക്ക് നോക്കുമ്പോൾ മഞ്ഞുമൂടിയ പ്രഭാതം. ഹരിതാഭയാർന്ന ചുറ്റുപാടിൽ തുഷാരബിന്ദുക്കളാൽ ഈറനണിഞ്ഞ പുൽനാമ്പുകളും തളിരിലകളും. നല്ലൊരു ദിവസത്തിന്റെ ആരംഭമെന്നപോൽ ആത്മവിശ്വാസത്തോടെ ആഴത്തിലൊന്ന് ശ്വാസം വലിച്ചെടുത്താൽ ആ ദിവസം മാത്രമല്ല, ഒരായുസ്സുതന്നെ ഉണങ്ങിക്കരിഞ്ഞുപോകും. കാൽപനിക കിനാവുകാണാൻ വെമ്പുന്ന ഓരോ പ്രഭാതവും സ്വാഗതം ചെയ്യുന്നത് ചീഞ്ഞ് പുഴുവരിച്ച പച്ചമാംസത്തിന്റെ ദുർഗന്ധം. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോഴും കെട്ടഗന്ധത്തിന്റെ അസ്വസ്ഥത തേടിയെത്താം.
കട്ടിപ്പാറ, കോടഞ്ചേരി, താമരശ്ശേരി, ഓമശ്ശേരി എന്നിവ സമീപ പഞ്ചായത്തുകളാണ്. ഈ പഞ്ചായത്തുകൾക്ക് അതിരെന്നവണ്ണം ഒഴുകുന്നു അടിവാരത്ത് നിന്നുത്ഭവിക്കുന്ന ഇരുതുള്ളി പുഴ. വെഞ്ചേരി, കൂടത്തായി, മാനിപുരം, ചെത്തുകടവ് എന്നിവിടങ്ങളിലൂടെ ഒഴുകി ചെറുപുഴയായി ചാലിയാറിൽ ചേരുന്ന പ്രധാന പോഷകനദികളിലൊന്ന്. പശ്ചിമഘട്ടത്തിലെ പ്രധാന ജലസ്രോതസ്സ്. ഈ നദിയോട് ചേർന്നുള്ള കോടഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡ് കരിമ്പാലക്കുന്നെന്ന സുന്ദര ഗ്രാമം. കൃഷിയും കൂലിപ്പണിയുമാണ് മിക്കവരുടെയും ഉപജീവനം. ചിലർ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകിയും പ്രവാസികളാക്കിയും ജീവിതത്തിന്റെ മറുകര താണ്ടാൻ തുടങ്ങിയിരിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ, മുസ്ലിം വിശ്വാസികളാണ് ഭൂരിപക്ഷം.
ഏതാനും വർഷം മുമ്പ് 2019ലാണ് കരിമ്പാലക്കുന്നെന്ന ഗ്രാമത്തിന്റെ അതിരിലൂടെ ഒഴുകുന്ന ഇരുതുള്ളി പുഴയുടെ അക്കരെ അഥവാ വിളിപ്പാടകലെ ഫ്രഷ് കട്ട് എന്ന അറവുമാലിന്യ സംസ്കരണകേന്ദ്രത്തിന്റെ തുടക്കം. തദ്ദേശസ്ഥാപനങ്ങളായ കോഴിക്കോട് ജില്ല പഞ്ചായത്തിന്റെയും കോർപറേഷന്റെയും ചില വ്യവസായികളുടെയും ഗൂഢാലോചനയുടെ ഭാഗമായി ആരംഭിച്ച് വലിയൊരു പരിസ്ഥിതി മലിനീകരണ ഫാക്ടറിയായി വളർന്നതിന്റെ കഥയാണ് ഫ്രഷ് കട്ടിന് വിവരിക്കാനുള്ളത്.
റവന്യൂ രേഖകൾ പ്രകാരം കരിമ്പാലക്കുന്നിൽനിന്നും കിലോമീറ്ററുകൾ അപ്പുറത്തതാണ് ആ ഫാക്ടറി. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഇടതുമുന്നണി ഭരിച്ചിരുന്ന കട്ടിപ്പാറ പഞ്ചായത്തിന്റെ അധികാര പരിധിയിൽ ഇത്തരമൊരു ‘മാലിന്യ’ പ്ലാന്റ് തുടങ്ങാൻ വലിയ പ്രയാസമൊന്നുമുണ്ടായില്ല. ജില്ല പഞ്ചായത്തിന്റെയും കോഴിക്കോട് നഗരസഭയുടെയും പൂർണ പിന്തുണ. കേരളത്തിലാകമാനം ആരെങ്കിലും എന്തെങ്കിലും ചെറുകിട സംരംഭം തുടങ്ങിയാൽ അതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് ബ്രാൻഡ് അംബാസഡർമാരാകുന്ന ഇടതു മന്ത്രിസഭയിലെ അംഗങ്ങൾ. മലിനീകരണ ലൈസൻസ് നൽകുന്നതിൽ ഇളവുകളുടെ ‘ഓണം ബംപർ’ അനുവദിച്ച് സംസ്ഥാനത്തെ ഒന്നാമതാക്കാനുള്ള ഓട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി പി. രാജീവും പിന്നണിയിൽ. സാഹചര്യമെല്ലാം ഫ്രഷ് കട്ടിന് അനുകൂലം.
ഇതിനിടെയാണ് കോഴിക്കോടിനെ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ അറവു മാലിന്യരഹിത ജില്ലയാക്കാമെന്ന വാഗ്ദാനവുമായി ഫ്രഷ് കട്ടിന്റെ രംഗപ്രവേശം. ജില്ലയിലെ എല്ലാ അറവുകേന്ദ്രങ്ങളിലെയും മാലിന്യം തങ്ങൾക്ക് തരണമെന്ന കരാർ പത്രികയില്ലാത്തവർക്ക് കടയുടെ ലൈസൻസ് നൽകാനോ പുതുക്കാനോ പാടില്ലെന്ന തിട്ടൂരം പുറപ്പെടുവിക്കാൻ തദ്ദേശവകുപ്പുമായി ചട്ടംകെട്ടി. ഒരു കിലോ മാലിന്യത്തിന് ഏഴു രൂപയെന്ന തോതിൽ കടയുടമകൾ ഫ്രഷ് കട്ടിന് നൽകണം. അടുത്തിടെയിത് ആറുരൂപയാക്കി കുറച്ചെന്ന് വ്യാപാരികൾ. ശേഖരിക്കാൻ വൈകിയാൽ ദുർഗന്ധം വമിക്കാതിരിക്കാൻ വ്യാപാരികൾ കടകളിൽ സ്വന്തം ചിലവിൽ ഫ്രീസർ സ്ഥാപിച്ച് അറവുമാലിന്യം അതിൽ സൂക്ഷിക്കണം. ശുചിത്വകേരളത്തിന്റെ പേരിൽ സർക്കാർ ഇവർക്ക് നൽകിയ സാമ്പത്തിക-നിയമ സഹായം സംബന്ധിച്ച് മറ്റൊരു അന്വേഷണം ആവശ്യമാണ്.
എന്നാൽ, മാലിന്യവിതരണത്തിന് പിന്നിലെ മറ്റൊരപകടം ആദ്യത്തിൽ വ്യാപാരികൾക്ക് മനസ്സിലായില്ല. ഫ്രഷ് കട്ട് വരുന്നതിനു മുമ്പും ചില സ്വകാര്യവ്യക്തികൾ അറവുമാലിന്യം ശേഖരിച്ച് പാലക്കാടോ മലപ്പുറത്തോ കൊണ്ടുപോയി സംസ്കരിക്കുന്നുണ്ടായിരുന്നു. അവിടെനിന്നൊന്നും ഇതുവരെ ഉയർന്നുവരാത്ത പാരിസ്ഥിതിക പ്രശ്നമാണ് താമരശ്ശേരിയിലെ ഫ്രഷ് കട്ടിൽനിന്നും ജനങ്ങൾക്ക് നേരിടേണ്ടിവന്നത്.
ഫ്രഷ് കട്ടിന് മാലിന്യം നൽകുകയെന്നത് നിർബന്ധമായതോടെ അതുവരെ കോഴിക്കോട് ജില്ലയിൽനിന്ന് മാലിന്യം ശേഖരിച്ച വ്യക്തികൾ തങ്ങൾക്ക് കൂലിച്ചെലവ് ഒക്കുന്നില്ലെന്ന കാരണത്താൽ പിൻവാങ്ങി. കോഴിക്കോട് ജില്ലയിൽനിന്നുണ്ടാകുന്ന മുഴുവൻ അറവുമാലിന്യവും ഫ്രഷ് കട്ടിന് സംസ്കരിക്കാനാവത്ത സാഹചര്യമായി. കേവലം ആയിരം കിലോ (പത്ത് ടൺ) മാലിന്യം സംസ്കരിക്കാൻ കെൽപുള്ള ഉപകരണങ്ങളുമായാണ് ഫ്രഷ് കട്ടിന്റെ പ്രവർത്തനം. നിയമപരമായി അതിനുള്ള അനുമതി മാത്രമാണ് ലഭിച്ചതും. എന്നാൽ, മാലിന്യലഭ്യത കൂടിയതോടെ അവർക്കത് ഉൾക്കൊള്ളാൻ കഴിയാതായി. ഇതോടെ മാലിന്യശേഖരണത്തിന്റെ ഇടവേള കൂടി. കടകളിൽ കുമിഞ്ഞുകൂടിയ അറവുമാലിന്യം വ്യാപാരികൾക്കും ഉപയോക്താക്കൾക്കും തലേവദനയായി. വ്യാപാരികളുടെ സംഘടന ഒന്നിച്ചിറങ്ങി കരാർ ലംഘിക്കുമെന്ന ഭീഷണി മുഴക്കിയതോടെ നിത്യവും മാലിന്യം ശേഖരിക്കാൻ ഫ്രഷ് കട്ട് തയാറായി.
ഈ അറവുമാലിന്യം തങ്ങളുടെ പ്ലാന്റിൽ സംഭരിച്ച് ചീഞ്ഞ് പുഴുവരിച്ച് തുടങ്ങി. ഇറച്ചിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധത്തിന് പുറമെയായിരുന്നു പഴകിയ ഇറച്ചിയിൽനിന്നുയർന്നത്. ഇറച്ചിയിലെ ജലാംശം പുറത്തു വന്ന് അന്തരീക്ഷമാകെ ചീഞ്ഞമണമായി. മാംസത്തിന്റെ നെയ്യ് കലർന്ന ദ്രാവകം, പ്ലാന്റിൽനിന്നും പത്ത് മീറ്റർ ദൂരത്തുള്ള മീനംകുളത്തുചാൽ തോട്ടിലേക്ക് ഒഴുക്കിവിട്ടു പ്ലാന്റ് അധികൃതർ. ഈ മലിനജലം പ്ലാന്റിൽനിന്ന് അമ്പത് മീറ്റർ അകലത്തിലൊഴുകുന്ന ഇരുതുള്ളി പുഴയിൽ കലർന്നു. അന്തരീക്ഷവും ജലസ്രോതസ്സും ഒരേസമയം മലിനമാക്കുന്ന ‘പ്രത്യേകതരം പദ്ധതി’ ഫ്രഷ് കട്ടിനിവിടെ നടപ്പാക്കാനായി. ഇതിന് ഉന്നത അധികാരികളുടെ ഒത്താശകൂടി ആകുമ്പോൾ സാധാരണക്കാരായ നാട്ടുകാരെ ഭയക്കേണ്ടതില്ലല്ലോ എന്നാണ് ഓർഗാനിക് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന പേരുള്ള ഫ്രഷ് കട്ടിന്റെ നിലപാട്. എല്ലാ പാർട്ടിക്കാർക്കും ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് ആരെയും പേടിക്കേണ്ട സാഹചര്യവുമില്ല. മാലിന്യരഹിതമായൊരു ലോകം സൃഷ്ടിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഫ്രഷ് കട്ടിന്റെ പരസ്യവാചകം. ആഗോളതലത്തിൽ നടപ്പാക്കാൻ കഴിയുന്ന പദ്ധതിയുടെ പൈലറ്റ് സംരംഭമാണ് താമരശ്ശേരിയിലേതെന്നും കമ്പനി പറയുന്നു.
എന്താണ് ഫ്രഷ് കട്ട്?
കോഴിയുടെ തൂവലുൾപ്പെടെ മുഴുവൻ മാലിന്യവും ഉയർന്ന ഊഷ്മാവിൽ സംസ്കരിച്ച് (Dry rendering) പൊടിച്ച് ‘മീറ്റ് ബോൺ മീൽ’ (എം.ബി.എം) പൊടിയാക്കി മാറ്റുന്നതാണ് പ്രവർത്തനം. മാലിന്യം 400 ഡിഗ്രി ഊഷ്മാവിൽ വെള്ളം ഉപയോഗിക്കാതെ ചൂടാക്കുന്നതോടൊപ്പം ഉയർന്ന മർദവും പ്രയോഗിച്ച് ജലാംശം മുഴുവൻ വലിച്ചെടുത്ത് പൊടിക്കും. അത് വളർത്തുമൃഗങ്ങൾക്കും മീനുകൾക്കുമെല്ലാമുള്ള തീറ്റയുടെ അസംസ്കൃത വസ്തുവായ പ്രോട്ടീൻ പൗഡറായി ഉപയോഗിച്ചുവരുന്നു. പ്ലാന്റിന്റെ പുകക്കുഴലിലൂടെ പുറത്തേക്ക് വരുന്ന ദുർഗന്ധമാണ് നാട്ടുകാരുടെ ജീവിതം വഴിമുട്ടിച്ചത്.
മാലിന്യസംസ്കരണത്തിൽ വികസനോന്മുഖവും നിലനിൽക്കുന്നതുമായ പരിഹാരമെന്നാണ് ഫ്രഷ് കട്ടിന്റെ കാഴ്ചപ്പാട്. കോഴിക്കോട് ജില്ലയിലെ മുഴുവൻ അറവുകേന്ദ്രങ്ങളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും മാലിന്യം ശേഖരിച്ച് കൊണ്ടുപോകാനും സംസ്കരിക്കാനും നിയമപരമായി (ടെൻഡർ) അനുമതി നേടിയ ഇന്ത്യയിലെ ആദ്യ കമ്പനിയാണ് തങ്ങളെന്നും ഫ്രഷ് കട്ട് അവകാശപ്പെടുന്നു. ‘ന്യൂജനറേഷൻ’ അറവുമാലിന്യ സംസ്കരണം. മാലിന്യ സംസ്കരണത്തിലൂടെ വിഭവസമാഹരണമെന്ന അടിസ്ഥാന മാറ്റത്തെയാണ് തങ്ങൾ പ്രതിനിധാനംചെയ്യുന്നതെന്നും ഇവർ വിശദീകരിക്കുന്നു.
2013ൽ അഗസ്റ്റിൻ ലിബിൻ പ്യൂസാണ് ഈ വ്യവസായത്തെക്കുറിച്ച് ആദ്യം ചിന്തിച്ചത്. ഫ്രാൻസിസ് കുഞ്ഞിപാലു, പരേതനായ കെ.ടി. ജോസഫ് എന്നിവർ അദ്ദേഹത്തെ സഹായിച്ചു. ഫ്രാൻസിസ് ഇപ്പോഴും ഫ്രഷ് കട്ടിന്റെ പ്രോജക്ട് ഡയറക്ടറാണ്. 2014ൽ ഇവർ ലഭ്യമായ സാങ്കേതിക വിദ്യകളെ കുറിച്ച് നടത്തിയ ഗവേഷണത്തിൽ അറവുമാലിന്യ സംസ്കരണത്തിന്റെ സാധ്യത കണ്ടെത്തി. പുണെയിലെ ദാരേക്കർ എന്നയാളുടെ സഹായത്തോടെ പ്ലാന്റിന്റെ മാതൃകയും തയാറാക്കി. കേരളത്തിലെ കാലാവസ്ഥക്ക് അനുസൃതമായി അറവുമാലിന്യ സംസ്കരണ പ്ലാന്റ് എങ്ങനെ സജ്ജമാക്കാമെന്നതിനെ കുറിച്ച് പഠിച്ചു. കോഴിക്കോട് ജില്ലയിൽ ഉണ്ടാകുന്ന മുഴുവൻ കോഴിമാലിന്യവും സംസ്കരിക്കാനുള്ള ആദ്യ പ്ലാന്റ് താമരശ്ശേരിയിൽ സ്ഥാപിക്കാമെന്ന് 2016ൽ തീരുമാനിച്ചു. ഇതിനനുയോജ്യമായ സ്ഥലം കണ്ടെത്താനും ദുർഗന്ധ നിവാരണ സംവിധാനങ്ങളെക്കുറിച്ചും പഠനം തുടങ്ങി. കടയുടമകളെയും സർക്കാർ സ്ഥാപനങ്ങളെയും മാലിന്യശേഖരണ സംവിധാനത്തെയും ഏകീകരിക്കുന്നതിനുമായി 2017ൽ സുജീഷ് കൊളോത്തടി, ടി. ഷിബു എന്നിവരെക്കൂടി സംരംഭത്തിൽ പങ്കാളികളാക്കി. 2018ൽ നാലാമത്തെ ഡയറക്ടറായി അശോക് മത്തായിയും എത്തി.
ജില്ലയിലെ മുഴുവൻ കോഴി കശാപ്പ് കേന്ദ്രങ്ങളിൽനിന്നും മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് കോഴിക്കോട് കോർപറേഷനിൽനിന്നും ജില്ല പഞ്ചായത്തിൽനിന്നും 10 വർഷത്തേക്ക് ടെൻഡർ നേടി. കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ കശാപ്പ് കേന്ദ്ര മാലിന്യരഹിത ജില്ലയാക്കി മാറ്റുന്നതിന് കടയുടമകൾ നിരുപാധിക പിന്തുണ വാഗ്ദാനംചെയ്തതായും ഫ്രഷ് കട്ട് തങ്ങളുടെ വെബ്സൈറ്റിൽ വിളംബരംചെയ്യുന്നു. 2019ൽ താമരശ്ശേരി അമ്പായത്തോട് ഈരൂടിൽ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു.
അതിജീവന പോരാട്ടത്തിലേക്ക്
തുടക്കത്തിലുണ്ടായിരുന്ന വായുമലിനീകരണത്തെക്കാൾ വേഗത്തിൽ പ്രദേശവാസികളെ നേരിട്ട് ബാധിച്ചുതുടങ്ങിയത് ജലമലിനീകരണമായിരുന്നു. ഇതോടെ കൂടുതൽ പേർ പ്ലാന്റിന്റെ ഭവിഷ്യത്ത് മനസ്സിലാക്കി സംഘംചേരാനും എതിർക്കാനും തുടങ്ങി. റോഡരികിലും ജലാശയങ്ങളിലും അറവുമാലിന്യം തള്ളുന്നതിന് പരിഹാരമാകുമെന്ന് തുടക്കത്തിൽ അനുകൂലിച്ചവരും എതിർത്തുതുടങ്ങി. ഇതിനിടെ മാലിന്യശേഖരണത്തിന് വ്യാപാരികളിൽനിന്ന് ഈടാക്കിയിരുന്ന കിലോക്ക് ഏഴ് രൂപ എന്നത് ആറു രൂപയാക്കി കുറക്കേണ്ടി വന്നു. മാലിന്യലഭ്യതയുടെ വ്യാപ്തി കൂടിയപ്പോൾ അത് സംസ്കരിക്കാനുള്ള കെൽപില്ലായിരുന്നു പ്ലാന്റിന്.
പ്ലാന്റ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോഴേക്ക് 2020ൽ കോടഞ്ചേരി പഞ്ചായത്തിലെ കരിമ്പാലക്കുന്ന് നിവാസികൾക്ക് ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമിതി രൂപവത്കരിക്കേണ്ടി വന്നു. ഇതിനുള്ള പ്രധാന കാരണം പുഴമലിനീകരണമായിരുന്നു. സാധാരണക്കാരായ ആളുകൾക്ക് വായു, ജല മലിനീകരണത്തെ കുറിച്ചുള്ള സിദ്ധാന്തമൊന്നുമറിയില്ലായിരുന്നു. ജനിച്ച നാൾ മുതൽ ഈ ഗ്രാമവാസികൾ പുഴയെ ആശ്രയിച്ചായിരുന്നു കഴിഞ്ഞത്. എല്ലാ വീട്ടിലും കിണറില്ലാത്തതിനാൽ അയൽവീടുകളിൽനിന്ന് കുടിവെള്ളം സംഭരിച്ച് അലക്ക്, കുളി, കൃഷി, കന്നുകാലി വളർത്തൽ എന്നിങ്ങനെ മറ്റെല്ലാ ആവശ്യങ്ങൾക്കും പുഴയെ ആശ്രയിച്ചവർ. 20 വർഷം മുമ്പ് വിവാഹം കഴിഞ്ഞ് കരിമ്പാലക്കുന്നിലെത്തി അവിടത്തെ ജനപ്രതിനിധിയായ വനിതയുടെ വാക്കുകളാണിത്. ഇപ്പോഴത്തെ സമരത്തിനെതിരായ പൊലീസ് നടപടി ഭയന്ന് പേര് വെളിപ്പെടുത്തരുതെന്ന് അവർ നിർദേശിച്ചിരുന്നു.
ഇതോടൊപ്പം കുട്ടികൾ നീന്തൽ പഠിക്കുന്നതും പ്രധാനമായിരുന്നു. വെള്ളം മലിനമായതോടെ ഇതെല്ലാം അവസാനിച്ചു. ഇപ്പോഴത്തെ കുട്ടികൾക്ക് നീന്താൻപോലും അറിയില്ല. സ്കൂളില്ലാത്ത സമയങ്ങളിലും മറ്റും ഗ്രാമത്തിലെ കുട്ടികൾ പുഴയിലായിരുന്നു കൂടുതൽ സമയം ചെലവഴിച്ചിരുന്നത്. വേനലിൽ ഗ്രാമത്തിലെ കിണറുകളിലെ ജലക്ഷാമം പരിഹരിക്കാൻ പുഴയിൽ തടയണ നിർമിച്ചിരുന്നു. ഇന്ന് ആ വെള്ളം ഒന്നിനും പറ്റാത്ത മലിനജലമായിരിക്കുന്നു –അവർ പറഞ്ഞു.
കരിമ്പാലക്കുന്നിൽനിന്നായിരുന്നു ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തിന്റെ തുടക്കമെന്ന് മഹല്ല് പ്രസിഡന്റ് എ.എം. മുഹമ്മദ്കോയ പറയുന്നു. ‘‘2019ൽ സംസ്കരണകേന്ദ്രം തുടങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും ഗ്രാമവാസികൾ അതിന്റെ ദുരിതം അനുഭവിച്ച് തുടങ്ങിയിരുന്നു. വീട്ടിലിരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയില്ല. അപ്പോഴാണ് നാട്ടുകാർ ആദ്യമായി ദുർഗന്ധത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നത്. വീട്ടിൽ വിരുന്നുകാർ വന്നാൽ എന്താ മണക്കുന്നതെന്ന ചോദ്യം ആദ്യമുയരും. പിന്നെ എങ്ങനെയെങ്കിലും അവിടന്ന് രക്ഷപ്പെടാനുള്ള ധിറുതിയിലായിരിക്കും അവർ. അങ്ങനെ ഞങ്ങൾ ആദ്യമൊരു പ്രതിഷേധ കൂട്ടായ്മ തുടങ്ങി. പിന്നീട് മണവും വെള്ളപ്രശ്നവും സമീപ പഞ്ചായത്തുകളിലെ ജനങ്ങളെയും ബാധിച്ച് തുടങ്ങി. അതോടെ, പ്രതിഷേധിക്കുന്നവരുടെ എണ്ണം കൂടി. ഇതോടെ, ഇരുതുള്ളി പുഴ സംരക്ഷണ സമിതി രൂപവത്കരിച്ച് പ്രതിഷേധം കൂടുതൽ ശക്തവും വിപുലവുമാക്കി’’ –അദ്ദേഹം പറഞ്ഞു. ആദ്യനാൾ മുതൽ ജനാധിപത്യരീതിയിൽ നടക്കുന്ന പ്രതിഷേധം പെട്ടെന്നൊരു ദിവസം അക്രമാസക്തമായതിൽ ദുരൂഹതയുണ്ടെന്ന് മുഹമ്മദ്കോയയും വിശ്വസിക്കുന്നു.
കോവിഡ് കാലമായിട്ടും അതൊന്നും വകവെക്കാതെ 2020ൽ ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കട്ടിപ്പാറ പഞ്ചായത്ത് ഒാഫിസിലേക്ക് ജനകീയ മാർച്ച് നടത്തി. ഇതോടൊപ്പം ഹൈകോടതിയിൽ ഹരജിയും കൊടുത്തു. എന്നാൽ, മലിനീകരണ നിയന്ത്രണബോർഡ് കമ്പനിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയതിനാൽ ആ ഹരജി തള്ളി. പിന്നീട് സി.പി.എം, ഐ.യു.എം.എൽ തുടങ്ങി വിവിധ ബഹുജന വർഗ സംഘടനകളുടെ പിന്തുണയോടെ ഫ്രഷ് കട്ട് പ്ലാന്റിലേക്കും പഞ്ചായത്ത് ഒാഫിസിലേക്കും കലക്ടറേറ്റിലേക്കുമൊക്കെയായി നിരവധി പ്രതിഷേധ മാർച്ചുകൾ നടത്തി. പഞ്ചായത്ത് സെക്രട്ടറി മുതൽ മുഖ്യമന്ത്രിവരെയുള്ള ഭരണാധികാരികൾക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നും മുഹമ്മദ്കോയ പറയുന്നു.
ആദ്യ ഹരജി തള്ളിയെങ്കിലും മാലിന്യ വിഷയത്തിൽ ജനകീയ സമിതി വീണ്ടും ഹൈകോടതിയെ സമീപിച്ചു. ഈ കേസ് ഇപ്പോഴുമുണ്ട്. ഇതിനിടെ മാലിന്യവും ദുർഗന്ധവും വ്യാപിച്ചതോടെ പുഴയുടെയും പ്ലാന്റിന്റെയും സമീപ പ്രദേശങ്ങളിൽനിന്ന് കൂടുതൽ പേർ പ്രതിഷേധവുമായി രംഗത്തുവന്നു. അങ്ങനെയാണ് ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തിലെ ആളുകൾകൂടി ചേർന്ന് ഇരുതുള്ളി പുഴ സംരക്ഷണ സമിതിയെന്ന പേരിൽ വിപുലമായ ജനകീയ കൂട്ടായ്മ രൂപവത്കരിച്ചത്. ഇരു സമിതികളും സംയുക്തമായിട്ടായിരുന്നു പിന്നീടുള്ള പ്രതിഷേധം. ഇരുതുള്ളി പുഴ സംരക്ഷണ സമിതിയുടെ ഹരജിയും ഹൈകോടതിയിലുണ്ട് –മുഹമ്മദ്കോയ പറഞ്ഞു.
ഫ്രഷ് കട്ട് വിരുദ്ധ സമരത്തിന്റെ നാൾവഴികൾ
2018-2019: കോഴിക്കോട് ജില്ലയിൽ കട്ടിപ്പാറ പഞ്ചായത്ത് പരിധിയിൽ ഇരുതുള്ളി പുഴയുടെ (ചെറുപുഴ) തീരത്ത് പൊലൂഷൻ കൺേട്രാൾ ബോർഡിന്റെ റെഡ് കാറ്റഗറി ലിസ്റ്റിൽപെട്ട ഫ്രഷ് കട്ട് ഓർഗാനിക് ലിമിറ്റഡ് എന്ന കോഴി അറവുമാലിന്യ സംസ്കരണ യൂനിറ്റ് ആരംഭിക്കുന്നു.
2019ൽ പ്രവർത്തനം തുടങ്ങിയതു മുതൽ കോടഞ്ചേരി പഞ്ചായത്ത് 14ാം വാർഡ് കരിമ്പാലക്കുന്ന്, വെളിമുണ്ട പ്രദേശം ദുർഗന്ധവും പരിസര മലിനികരണവുംമൂലം പ്രയാസം അനുഭവിക്കുന്നു. ഇതേ തുടർന്ന് ജനകീയ സമിതി രൂപവത്കരിച്ച് ഫ്രഷ് കട്ടിന് പരാതി നൽകുന്നു. ഫ്രഷ് കട്ട് മാനേജ്മെന്റ് കരിമ്പാലക്കുന്നിലെത്തി ചർച്ച നടത്തി. 20 ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് രേഖാമൂലം ഉറപ്പുനൽകുന്നു. പ്ലാന്റിൽ വെള്ളം കയറി ബയോഫിൽട്ടറിലെ ബാക്ടീരിയ നശിച്ചതുകൊണ്ട് നാറ്റം പിടിച്ചെടുക്കാൻ കഴിയാത്ത സാഹചര്യമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ദുർഗന്ധത്തിന് യാതൊരു കുറവും ഇല്ലാത്തതിനാൽ താമരശ്ശേരി പൊലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകി. അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിന്റെ മധ്യസ്ഥതയിൽ, ഒരു മാസത്തിനകം മണത്തിന്റെ പ്രശ്നം പരിഹരിക്കുമെന്ന് ഫ്രഷ് കട്ട് മാനേജ്മെന്റ് ജനകീയ സമിതിക്ക് രേഖാമൂലം ഉറപ്പ് നൽകി. പഞ്ചായത്ത് മുതൽ മുഖ്യമന്ത്രി വരെ 500ഓളം പേർ ഒപ്പിട്ട പരാതി കൊടുത്തു. വീണ്ടും, മണത്തിന് യാതൊരു വ്യത്യാസവും ഉണ്ടായില്ല. വിവിധ രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തുന്നു; ഉറപ്പുകൾ നൽകുന്നു. അന്നത്തെ തിരുവമ്പാടി എം.എൽ.എ ജോർജ് എം. തോമസിന്റെ നേതൃത്വത്തിൽ സി.പി.എം നേതാക്കൾ സ്ഥലത്തെത്തി, ഇനിയും പരിഹാരമുണ്ടായില്ലെങ്കിൽ പ്ലാന്റ് പൂട്ടിക്കും എന്ന് പ്രസ്താവിച്ചു.
കരിമ്പാലക്കുന്നിലെ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയ ഇടവക വികാരി ഫാ. ബേസിൽ തമ്പിയും സംഘവും
2021: ഈരൂട് എൽ.പി സ്കൂളിൽ ചേർന്ന യോഗത്തിൽ ജനകീയ സമിതി സമരപ്രഖ്യാപനം നടത്തി. ജനുവരി 25ന് സ്ഥാപനം സ്ഥിതിചെയ്യുന്ന കട്ടിപ്പാറ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ബഹുജന മാർച്ചും ധർണയും നടത്തി. ഒപ്പം ഹൈകോടതിയിൽ റിട്ട് പെറ്റീഷനും നൽകി. മുഖ്യമന്ത്രി നടത്തിയ ജില്ലതല അദാലത്തിൽ പങ്കെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, രണ്ടാഴ്ചക്കകം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചു. വീണ്ടും സി.പി.എമ്മിന്റെയും മുസ്ലിം ലീഗിന്റെയും നേതൃത്വത്തിൽ പ്ലാന്റിലേക്ക് ബഹുജന മാർച്ച്. ഹൈകോടതിയിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ കൊടുത്ത, യാഥാർഥ്യവുമായി ബന്ധമില്ലാത്ത സത്യവാങ്മൂലം കാരണം റിട്ട് തള്ളി. പ്ലാന്റ് സന്ദർശിച്ച് ഒരു മണിക്കൂർ ചെലവഴിച്ചിട്ടും ഒരു ദുർഗന്ധവും അനുഭവപ്പെട്ടില്ല എന്നായിരുന്നു സത്യവാങ്മൂലം.
2023: സ്കൂൾ മാനേജ്മെന്റ്, വിദ്യാർഥികൾ, വ്യക്തികൾ നിരവധി പരാതികൾ നൽകുന്നു. ബാലവകാശ കമീഷൻ അടക്കം ഇടപെടുന്നു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിയമസഭയിൽ സബ്മിഷൻ നൽകി. നിയമസഭ പരിസ്ഥിതി കമ്മിറ്റിയിലെ ഏഴ് എം.എൽ.എമാർ കോഴിക്കോട് കലക്ടറേറ്റിൽ യോഗം വിളിച്ച്, ഉന്നയിക്കപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിൽ പ്ലാന്റ് സന്ദർശിച്ച് പരാതിക്ക് ആധാരമായ വസ്തുതകൾ ശരിയാണെന്നു ബോധ്യപ്പെട്ടതായി അറിയിച്ചു. വീണ്ടും കൊടുവള്ളി, തിരുവമ്പാടി എം.എൽ.എമാരുമായി സമരസമിതി ചർച്ച നടത്തുന്നു. ഉടൻ പരിഹാരം ഉണ്ടാകുമെന്ന ഉറപ്പ് ലഭിക്കുന്നു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പ്രദേശവും പ്ലാന്റും സന്ദർശിക്കുന്നു, സംസ്കരണത്തിലെ ന്യൂനതകളും രൂക്ഷമായ ദുർഗന്ധവും ബോധ്യപ്പെടുന്നു.
2024: ലിന്റോ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ വിശാലമായ കൺവെൻഷൻ നടത്തി. എം.എൽ.എയുടെ നേതൃത്വത്തിൽ പ്ലാന്റിലേക്ക് സർവകക്ഷി ബഹുജന റാലി. വീണ്ടും ചർച്ചകളും വാഗ്ദാനങ്ങളും. പുതിയ പ്ലാന്റ് അനുവദിക്കുന്നത് സംബന്ധിച്ച റിട്ട് പെറ്റീഷനിൽ, കോഴിക്കോട് കലക്ടർ കോടതിയിൽ കൊടുത്ത അഫിഡവിറ്റിൽ ജില്ലയിൽ 2019ൽ തന്നെ 90 ടൺ അറവ് മാലിന്യമുണ്ടാവുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തി. വെസ്റ്റ് ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ബുച്ചർ ബിൻസ് പുതിയ പ്ലാന്റ് അനുവദിച്ചെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയില്ല.
2025: ദുർഗന്ധത്താൽ പൊറുതിമുട്ടുന്ന സമീപ പഞ്ചായത്തുകളിലെ ഇരകളുമായി ചേർന്ന് ‘ഇരുതുള്ളി പുഴ സംരക്ഷണ ജനകീയ സമിതി’ രൂപവത്കരിച്ച് വീണ്ടും സമരപരിപാടികൾ. ഹൈകോടതിയിൽ വീണ്ടും റിട്ട് പെറ്റീഷൻ. കൂടത്തായി അമ്പലമുക്കിൽ പന്തൽകെട്ടി ബഹുജന വർഗ സഹകരണത്തോടെ അനിശ്ചിത കാല സത്യഗ്രഹം. വഴി തടയൽ, താമരശ്ശേരി താലൂക്ക് ഓഫിസ് മാർച്ച്, കട്ടിപ്പാറ പഞ്ചായത്ത് ഓഫിസ് മാർച്ച്, നിരവധി പൊതു പ്രകടനങ്ങൾ, കലക്ടറേറ്റ് മാർച്ച്, പ്ലാന്റിന് മുന്നിൽ അനിശ്ചിത കാല സമരം എന്നിവ നടന്നു. വീണ്ടും കലക്ടറുമായി നിരവധി ചർച്ചകൾ.
പ്ലാന്റ് തുടങ്ങിയത് മുതൽ ഇന്നേവരെ വായുമലിനീകരണവും ജലമലിനീകരണവും ദുർഗന്ധവും കുറഞ്ഞില്ലെന്നും കൂടിക്കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർക്കും കലക്ടർക്കും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്ലാന്റ് അടച്ച് ആവശ്യമായ ക്രമീകരണം നടത്താൻ തയാറാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതോടെ ഒരു മാസത്തോളം പ്ലാന്റ് അടച്ചിട്ടു. ആ ദിവസങ്ങളിൽ മാത്രമാണ് നാലായിരത്തോളം കുടുംബങ്ങൾ ആറു വർഷത്തിനു ശേഷം സ്വസ്ഥമായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്തതെന്ന് സമരസമിതി രക്ഷാധികാരി തമ്പി പാറക്കണ്ടത്തിൽ പറഞ്ഞു.
വീണ്ടും കമ്പനി തുറന്നു, മണവും തുടങ്ങി. സമരം തുടർന്നു. സമ്മതിച്ച് ഉറപ്പിച്ച, ആവശ്യമായ ക്രമീകരണങ്ങൾ മാനേജ്മെന്റ് നടത്താത്തതിനാൽ പ്ലാന്റിലേക്ക് എത്തുന്ന വാഹനങ്ങൾ തടയുന്നു. ഒക്ടോബർ 21ന് ഉണ്ടായ പ്രതിേഷധത്തിൽ പൊലീസിനും ജനങ്ങൾക്കും പരിക്കേൽക്കുന്നത് ഉൾപ്പെടെയുള്ള അനിഷ്ട സംഭവങ്ങളുണ്ടായി. സമരത്തെ സമരമായും ആക്രമണത്തെ ആക്രമണമായും കാണണമെന്നും നിസ്സഹായരായ ഇരകളെ ജീവിക്കാൻ അനുവദിക്കണമെന്നുമാണ് തങ്ങളുടെ അപേക്ഷയെന്നും ജനാധിപത്യ നിയമ പോരാട്ടം തുടരുമെന്നും തമ്പി പാറക്കണ്ടത്തിൽ കൂട്ടിച്ചേർത്തു.
വീണ്ടും സമരവഴിയിൽ
അക്രമാസക്തമായ സമരത്തിനുശേഷം താൽക്കാലികമായി അടച്ച ഫ്രഷ് കട്ട് കോടതി അനുമതിയിൽ വീണ്ടും തുറന്നതോടെ പ്രദേശവാസികളുടെ സമരം പുനരാരംഭിച്ചു. ഫ്രഷ് കട്ട് ഫാക്ടറിക്ക് ഒന്നര കിലോമീറ്ററോളം അകലെ പന്തൽ കെട്ടിയാണ് സമരം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സമരത്തിലാണ്. ഫാക്ടറിയുടെ പ്രവർത്തനം നിർത്തുന്നതുവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ കൂടത്തായിയിലെ സമരപന്തലിൽ നിരാഹാര സമരം ആരംഭിച്ചു. ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി സമരത്തിനിറങ്ങിയിരിക്കുകയാണ് വീട്ടമ്മമാരുൾെപ്പടെ ഒരു നാടൊന്നാകെ. നാല് പഞ്ചായത്തുകളിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുകയാണ് കോഴിക്കോട് അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് സമരം. ശുദ്ധവായുവിനും ശുദ്ധജലത്തിനുംവേണ്ടി വീട്ടമ്മമാർ ഉൾപ്പെടെ സമരരംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
കലക്ടർ പറഞ്ഞതിനോട് ഒരു വിലയും വെക്കാതെയാണ് ഫ്രഷ് കട്ട് വീണ്ടും പ്രവർത്തനം ആരംഭിച്ചതെന്നാണ് സമരക്കാരുടെ ആരോപണം. വൈകിട്ട് ആറു മുതല് പന്ത്രണ്ട് വരെ പ്ലാന്റ് പ്രവര്ത്തിപ്പിക്കാന് പാടില്ല, പഴകിയ അറവ് മാലിന്യം പ്ലാന്റില് കൊണ്ടുവരരുത് തുടങ്ങിയവയാണ് ഉപാധികള്. നിബന്ധനകളില് വീഴ്ചവരുത്തിയാല് കര്ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര് അറിയിച്ചിരുന്നു. എന്നാൽ ഇവയൊന്നും ഫ്രഷ് കട്ട് പാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടികൾക്കടക്കം ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു. മാലിന്യത്തിന്റെ മണം കാരണം ഉറങ്ങാൻപോലും കഴിയുന്നില്ല. ബിജു കണ്ണന്തറ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലെ പ്രധാന ആവശ്യം ജനകീയ സമരം അട്ടിമറിക്കാൻ കണ്ണൂർ ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നു എന്നാണ്. കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 21ന് നടന്ന സമരം കഴിഞ്ഞ അഞ്ചു വര്ഷക്കാലവും നടത്തിയതുപോലെ സമാധാനപരമായായിരുന്നു. എന്നാൽ, സമരം അക്രമാസക്തമാകുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ ഇടപെടലുകളും നടപടികളും ഉണ്ടായെന്ന് പരാതിയിൽ പറയുന്നു.
ഫ്രഷ് കട്ട് കമ്പനി ഉടമകളുമായി ഡി.ഐ.ജി യതീഷ് ചന്ദ്രക്ക് വഴിവിട്ട ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. സമരം അക്രമാസക്തമാക്കി, സമരക്കാര്ക്കെതിരെ ഗുരുതരമായ കേസുകള് ചുമത്തി സമരരംഗത്തുനിന്ന് പിന്തിരിപ്പിച്ച്, സമരം എന്നെന്നേക്കുമായി അവസാനിപ്പിച്ച് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഡി.ഐ.ജി, ജില്ല പൊലീസ് മേധാവി (റൂറല്) എന്നിവര് ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്ന സംശയം വ്യാപകമാണ്. ഡി.ഐ.ജി യതീഷ് ചന്ദ്രയും ഈ കമ്പനി ഉടമകളും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളെക്കുറിച്ചും ഇവര് തമ്മിലുള്ള ഇടപാടുകളെക്കുറിച്ചും, കൂടിക്കാഴ്ചകളെക്കുറിച്ചും, ഫോണ് സംഭാഷണങ്ങളെക്കുറിച്ചും ശാസ്ത്രീയവും വിശദവുമായ അന്വേഷണം നടത്തിയെങ്കില് മാത്രമേ ഗൂഢാലോചന പുറത്തുവരൂ. ഇക്കാര്യം ആവശ്യപ്പെട്ടു ബിജു കണ്ണന്തറ നവംബർ ഒന്നിന് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയില് വഴി പരാതി നല്കി. പ്രസ്തുത പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് ജില്ല പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായി പൊലീസ് ഹെഡ് ക്വാർട്ടേഴ്സില്നിന്ന് ഇ-മെയില് വഴി മറുപടി ലഭിച്ചിട്ടുണ്ട്.
മേല് ഉദ്യോഗസ്ഥന് എതിരായ പരാതി അന്വേഷിക്കുന്നതിന് കീഴുദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതിലൂടെ സത്യസന്ധവും നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടക്കുമോ എന്നും അദ്ദേഹം ആശങ്കപ്പെടുന്നു. ആയതിനാല് ഐ.ജിക്ക് മുകളിലുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.
സമരത്തിൽ ഗൂഢാലോചനയെന്ന് പൊലീസ്
താമരശ്ശേരി മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരം അക്രമാസക്തമായ സംഭവത്തിൽ ഗൂഢാലോചന നടന്നതായി പൊലീസ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകി. സമരത്തിൽ നിരോധിത സംഘടനകൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചനയാണ് സമരത്തിലുണ്ടായത്. ഇതിന്റെ ഭാഗമായാണ് തീവെപ്പ് അടക്കം നടത്തിയത്. ഈ സംഭവത്തിൽ നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.
ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ക്രിമിനലാണെന്നും സമരക്കാർ കുട്ടികളെ മറയാക്കിയാണ് സംഘർഷം ഉണ്ടാക്കിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സമരത്തിനു മുമ്പ് ആംബുലൻസുകൾ സ്ഥലത്തെത്തിച്ചത് സമരസമിതി ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ തെളിവാണ്. കുട്ടികൾ സ്കൂളിലേക്ക് പോകേണ്ടെന്ന് നിർദേശം നൽകിയത് അവരെ മറയാക്കി സമരംചെയ്യാൻ ഉദ്ദേശിച്ചതിന് തെളിവാണെന്നും പൊലീസ് ആരോപിച്ചു.
സമരം അക്രമാസക്തമാക്കാൻ ഫാക്ടറി ഉടമകളുടെ ആളുകൾ സമരത്തിൽ നുഴഞ്ഞുകയറി എന്ന ആരോപണങ്ങളെ പൊലീസ് റിപ്പോർട്ടിൽ തള്ളിക്കളഞ്ഞു. സമരത്തിനായി പ്രതിഷേധക്കാർ മാരകായുധങ്ങൾ ശേഖരിച്ചെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. എന്നാൽ, കഞ്ഞിവെച്ച് സമരം നടത്തുന്നതിനുവേണ്ടി വിറക് കീറാൻ എത്തിച്ച മഴുവാണ് പൊലീസ് മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്നാണ് സമരക്കാരുടെ വിശദീകരണം. ആറു വർഷമായി സമാധാനപരമായി നടത്തിയ സമരം അക്രമാസക്തമായത് ഉടമകളുടെ ആളുകൾ ഇടപെട്ടതുകൊണ്ടാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ജനകീയ പ്രതിഷേധത്തെ പൊലീസ് കരുതിക്കൂട്ടി വർഗീയവത്കരിക്കുകയാണെന്ന് ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരസമിതി ജനറൽ കൺവീനർ ഫൈസി കൂടത്തായി പ്രതികരിച്ചു.
താമരശ്ശേരിയിലെ അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരെ നവംബർ 11ന് പ്രദേശവാസികൾ ജനകീയ മഹാറാലി നടത്തിയിരുന്നു. വായുവും കുടിവെള്ളവും മലിനമാക്കുന്ന ഫ്രഷ് കട്ട് മാലിന്യ ഫാക്ടറി വീണ്ടും തുറന്നതോടെ ദുർഗന്ധം രൂക്ഷമായി എന്ന് ആരോപിച്ചാണ് നാട്ടുകാരുടെ റാലി. തങ്ങളെ വേട്ടയാടുന്ന പൊലീസിന്റെ സമീപനം അവസാനിപ്പിക്കണമെന്നും ശുദ്ധജലവും വായുവും മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു. ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ നടത്തിവന്നിരുന്ന സമരം ഒക്ടോബർ 21നാണ് പൊലീസുകാർക്ക് ഉൾപ്പെടെ പരിക്കേറ്റ സംഘർഷമായത്. ഫാക്ടറിക്ക് തീയിട്ട വിഷയത്തിൽ മുന്നൂറിലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരിൽ പലരും ഇപ്പോഴും ഒളിവിലാണ്.
വഴിവിട്ട ഇടപാടുകൾ
ഇതിനിടെ, ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് അനുമതി നൽകിയതിൽ ഗുരുതര ക്രമക്കേട് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്തുവന്നു. വിവരാവകാശ പ്രവർത്തകനും നാട്ടൊരുമ പൗരാവകാശ സമിതി കേരള എക്സിക്യൂട്ടിവ് അംഗവുമായ സെയ്തലവി തിരുവമ്പാടിയാണ് രേഖകൾ പുറത്തുവിട്ടത്. മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ വർഷം കമ്പനിക്ക് ചുമത്തിയ 37 ലക്ഷം രൂപയുടെ പിഴ അടക്കാതെ വീണ്ടും പ്രവർത്തനാനുമതി നൽകിയതാണ് അതിൽ പ്രധാനം. പത്ത് ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന നോട്ടീസ് ഒക്ടോബർ 16ന് വീണ്ടും അയച്ചു. ഇതിനിടെയാണ് 21ന് സമരം അക്രമാസക്തമാകുന്നതും മറ്റും. ഇതിനിടയിലും കോടതി അനുമതിയോടെ പ്ലാന്റ് പ്രവർത്തനവും തുടങ്ങി.
മഴക്കാലത്ത് ഫാക്ടറിയിൽ പുഴവെള്ളം കയറി വെള്ളത്തിൽ മാലിന്യം കലർന്നതായി ഫ്രഷ് കട്ട് ഗ്രൂപ് ജനറൽ മാനേജർ യൂജിൻ ജോൺസൺ മലിനീകരണ നിയന്ത്രണ ബോർഡിന് നൽകിയ വിശദീകരണ കുറിപ്പിൽ പറയുന്നു. 2024 ആഗസ്റ്റിൽ നൽകിയ ഈ കത്തിൽ അതേവർഷം മേയിലെ പിഴയും ഹിയറിങ്ങും ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പാരിസ്ഥിതിക നഷ്ടം ഉണ്ടാക്കിയതിന് 2024 മേയ് 27നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഫ്രഷ് കട്ടിനെതിരെ 37,10,000 രൂപ പിഴ ചുമത്തിയത്. 15 ദിവസംകൊണ്ട് പിഴ അടക്കാൻ നോട്ടീസ് ലഭിച്ചു. എന്നാൽ, 18 മാസം കഴിഞ്ഞിട്ടും പിഴ പൂർണമായും അടച്ചിട്ടില്ല. ഈ പിഴ അടക്കാത്ത കമ്പനിക്ക് 27 വരെ മലിനീകരണ ബോർഡ് വീണ്ടും അനുമതി നീട്ടിനൽകിയത് മറ്റൊരു ക്രമക്കേടാണ്.
2024 ആഗസ്റ്റിൽ കമ്പനിയിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറി കമ്പനിയുടെ അസംസ്കൃത വസ്തുക്കൾക്ക് 35 ലക്ഷത്തിന്റെ നഷ്ടം വന്നതായും മാലിന്യം ഉൾപ്പെടെ വെള്ളത്തിൽ കലർന്നതായും കമ്പനിയുടെ ജനറൽ മാനേജർ യൂജിൻ ജോൺസൺ മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ മാലിന്യം വെള്ളത്തിൽ ലയിച്ചിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ല. ഫ്രഷ് കട്ട് മലിനജലം ടാങ്കറുകളിൽ നിറച്ച് സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ ഒഴുക്കിവിടുന്നതായി കഴിഞ്ഞ മാർച്ച് 29ന് താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറി ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇത്തരമൊരു ടാങ്കർ നാട്ടുകാർ തടഞ്ഞുവെച്ച് പഞ്ചായത്തിനെ വിവരമറിയിച്ചിരുന്നു. മാലിന്യം ഉറവിടത്തിൽ സംസ്കരിക്കാതെ അനധികൃതമായി പരിസര പ്രദേശങ്ങളിൽ തള്ളുന്ന പ്രവണത മുമ്പും റിപ്പോർട്ട് ചെയ്തതായും സെക്രട്ടറി ജില്ല കലക്ടറെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ജില്ല ഭരണകൂടം ഈ റിപ്പോർട്ടിൽ നടപടി സ്വീകരിച്ചില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. മാത്രമല്ല, കമ്പനിക്ക് വീണ്ടും പ്രവർത്തിക്കാനുള്ള ഒത്താശ ചെയ്തുകൊടുക്കുകയുംചെയ്തു.
സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ആശങ്ക
പുതുപ്പാടി പഞ്ചായത്തിയിലെ മലപുറം സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ഇ. ജലീൽ 2022ൽ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ ഫ്രഷ് കട്ടിനെതിരായ നാട്ടുകാരുടെ ആശങ്ക വിവരിക്കുന്നുണ്ട്. സമാനരീതിയിൽ പുതുപ്പാടിയിൽ മറ്റൊരു പ്ലാന്റ് തുടങ്ങാനുള്ള നീക്കം അവസാനിപ്പിക്കണമെന്നാണ് ജലീലിന്റെ ആവശ്യമെങ്കിലും ഫ്രഷ് കട്ടിനെതിരെ നിശിതമായ പരാമർശം ആ കത്തിലുണ്ട്.
കോഴിക്കോട് ഡി.എൽ.എഫ്.എം.സി (District Level Facilitation and Monitoring Committee) പുതുപ്പാടിയിൽ അനുമതി നൽകിയ ഭാരത് ഓർഗാനിക് ഫെർട്ടിലൈസൻസ് യൂനിറ്റിനെതിരെ നാട്ടുകാരുടെ വലിയ തോതിലുള്ള പ്രതിഷേധം നടക്കുന്നതിനാൽ അനുമതി നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഈ സ്ഥാപനത്തിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ ഈരൂട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഫ്രഷ് കട്ടിൽനിന്നുള്ള ദുർഗന്ധംമൂലം കട്ടിപ്പാറ, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണെന്ന് പരാതി തുടരുന്നു. ജനങ്ങൾക്ക് ഭൂമി വിറ്റുപോകാൻപോലും കഴിയാത്തവിധം ഈ പ്രദേശങ്ങൾ തീർത്തും ദുരന്തമേഖലയായി മാറി. പുതിയ പ്ലാന്റ് നിർമിക്കുന്ന പുതുപ്പാടിയും ഈ പ്ലാന്റിൽനിന്നുള്ള അസഹ്യമായ ദുർഗന്ധത്തിന് ഇരയാണ്.
10 ടൺ അറവ് മാലിന്യം സംസ്കരിക്കുന്നതിനുള്ള അനുമതി മാത്രമുള്ള ഫ്രെഷ് കട്ട് എന്ന സ്ഥാപനം അതിന്റെ പല മടങ്ങ് മാലിന്യം ദിവസേന സ്വീകരിക്കുന്നത്, അത് സംഭരിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതുമൂലമുള്ള ദുരിതമാണ് നാട്ടുകാർ അനുഭവിക്കുന്നത് എന്നിങ്ങനെ വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ ഒാഫിസ് ഈ പരാതി കോഴിക്കോട് ജില്ല കലക്ടർക്ക് കൈമാറിയതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പലായനം വേണ്ടിവരുമോ
കട്ടിപ്പാറ പഞ്ചായത്തിൽ തുടങ്ങിയ അറവുമാലിന്യ സംസ്കരണ കേന്ദ്രം ആ നാടിനെയും നാട്ടുകാരെയും മാറ്റിമറിച്ചു. മലയോര പ്രദേശത്തിന്റെ എല്ലാ മനോഹാരിതയുമായി സമൃദ്ധിയുടെ ഭൂതകാലം അവരിൽ മുതിർന്നവർ ഓർക്കുന്നു. പ്രധാനമായും ഇരുതുള്ളി പുഴയുമായി ബന്ധപ്പെട്ട ജീവിതം. എന്നാലിന്ന് സ്ഥിതി മറിച്ചാണ്. പലരും നാടുവിട്ടുപോകാൻ ആഗ്രഹിക്കുന്നു. കല്യാണം കഴിച്ചുപോയ പെൺകുട്ടികൾക്ക് സ്വന്തം വീട്ടിലേക്ക് വരാൻ താൽപര്യമില്ല. ഹോസ്റ്റലുകളിലും മറ്റും താമസിച്ച് പഠിക്കുന്ന വിദ്യാർഥികളും ചിന്തിക്കുന്നത് മറ്റെവിടെയെങ്കിലും സ്ഥിരതാമസമാക്കണമെന്ന്. വിദേശത്ത് പോയവർ കിട്ടുന്ന വരുമാനം ചെറുതാണെങ്കിലും കുടുംബത്തെയും കൂടെ കൊണ്ടുപോകാൻ ശ്രമിക്കുന്നു. പ്രാഥമികാവശ്യത്തിനുപോലും ശുദ്ധജലമില്ലാത്തതും ശ്വസിക്കാൻ വായുവില്ലാത്തതും മാത്രമല്ല, പ്രായംകൂടിയവരെയും കുഞ്ഞുങ്ങളെയും ഗർഭിണികളെയും വേട്ടയാടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളും അവരെ അലട്ടുന്നു. ജനിച്ചുവളർന്ന, സ്വപ്നം കണ്ടും നട്ടുനനച്ചും വളർത്തിയ മണ്ണും വായുവും കുടിവെള്ളവും വെറുത്ത് മറ്റൊരിടത്തേക്ക് പലായനം ചെയ്യേണ്ടിവരുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥയിലാണ് നാട്ടുകാർ.
ഒരുവശത്ത് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ അന്തരീക്ഷ മലിനീകരണമാണെങ്കിൽ മറുവശത്ത് ഭരണകൂടവും പൊലീസും ചേർന്ന് നാട്ടിലെ ചെറുപ്പക്കാരെ മുഴുവൻ പ്രതികളാക്കി വേട്ടയാടുന്ന പൊലീസ്രാജ്. സമാധാനത്തോടെ വീടുകളിൽ അന്തിയുറങ്ങാനാവാത്ത ദിനരാത്രങ്ങൾ. മിക്ക വീടുകളിലും പുരുഷന്മാരില്ല. എല്ലാവരും പൊലീസിനെയും കേസും ഭയന്ന് വിവിധ സ്ഥലങ്ങളിലേക്ക് നാടുവിട്ടിരിക്കുന്നു. ആളുകൾ ഒളിവിൽ പോകേണ്ടി വന്നതോടെ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന കുടുംബങ്ങളിലെ വരുമാനം നിലച്ചു. നിത്യരോഗികളായ മാതാപിതാക്കളുടെ ചികിത്സയും മരുന്നും മുടങ്ങി. കുട്ടികളെ സ്കൂളിലയക്കാനും പുറത്തിറങ്ങാനും ഓരോരുത്തരും ഭയക്കുന്നു.
ബംഗളൂരുവിൽ പഠിക്കുന്ന ജിതിൻ വിനോെദന്ന വിദ്യാർഥിയുടെ അവസ്ഥ ഒരുദാഹരണമാണ്. ദീപാവലി അവധിക്ക് നാട്ടിലെത്തിയതായിരുന്നു. അന്നാണ് അറവുമാലിന്യകേന്ദ്രത്തിനെതിരായ അക്രമാസക്തമായ ബഹുജന സമരം. അന്ന് രാത്രി കരിമ്പാലക്കുന്നിലുമെത്തിയ പൊലീസ് അവനെ പിടിച്ചുകൊണ്ടുപോയി റിമാൻഡ് ചെയ്തു. പഠനവും ഭാവിയും തുലാസിലായ ആ വിദ്യാർഥിയുടെ മാതാപിതാക്കൾ വിദേശത്താണ്. വിദ്യാഭ്യാസ വായ്പയാലും മറ്റുമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മാതാപിതാക്കെള പ്രവാസികളാക്കിയത്. അപ്പൂപ്പന്റെ തണലിൽ കഴിഞ്ഞിരുന്ന ജിതിനെതിരെ കേസ് ചുമത്തിയതോടെ ആ കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നവുംകൂടിയാണ് പൊലീസ് നുള്ളിക്കളഞ്ഞത്.
ഫ്രഷ് കട്ട് എന്ന പേരിൽ സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്ന അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ അഞ്ച് വർഷമായി തുടരുന്ന ജനകീയ പ്രതിഷേധം ഒരുദിവസം അക്രമാസക്തമായതിന് പിന്നിൽ കമ്പനി അധികൃതരുടെയും പൊലീസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഗൂഢാലോചനയുണ്ടെന്നാണ് നാട്ടുകാരും സമരസമിതി ഭാരവാഹികളും സംശയിക്കുന്നത്. സമരത്തിലേക്ക് നുഴഞ്ഞുകയറി കമ്പനിയുടെ ഗുണ്ടകളാണ് തീവെപ്പും പൊലീസിന് നേരെ കല്ലേറും നടത്തിയതെന്ന് ഒളിവിലുള്ള സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പറയുന്നു. കമ്പനി പ്രതിനിധികളും കണ്ണൂരിലെ എം.എൽ.എയും ആസൂത്രണം നടത്തിയതായും റൂറൽ എസ്.പിക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് നായാട്ടിൽ നിരവധിപേർക്ക് ഒളിവിൽ പോകേണ്ടി വന്നു. ആക്രമണത്തിന് പിന്നിൽ സ്ഥാപനത്തിന്റെ ഗൂഢാലോചനയാണെന്ന് നാട്ടുകാർ പറയുമ്പോൾ പ്രത്യേക സമുദായം നുഴഞ്ഞുകയറിയെന്ന പതിവ് വിശദീകരണമാണ് പൊലീസിന്റേത്. എട്ട് എഫ്.ഐ.ആറുകളിലായി മുന്നൂറോളം പേരെ പ്രതിചേർത്ത പൊലീസ് അവർ ആരൊക്കെയാെണന്ന് വെളിപ്പെടുത്താനോ കേസ് വിവരങ്ങൾ കൈമാറാനോ തയാറാകുന്നില്ല. നിരവധിപേരെ ഇതിനകം അറസ്റ്റ് ചെയ്തു. സമരത്തിൽ പങ്കെടുത്തവരെ മാത്രമല്ല നാട്ടുകാരെയാകമാനം സംശയമുനയിലാക്കി നിർത്തിയിരിക്കുകയാണ് പൊലീസ്. ഇതോടെ, സ്ത്രീ പുരുഷ ഭേദമന്യേ ആരും അറസ്റ്റിലാകാമെന്ന ഭീതിയിലാണ് നാട്ടുകാർ. മുൻകൂർ ജാമ്യം നേടാനോ മറ്റ് നിയമനടപടി സ്വീകരിക്കാേനാ ആവാതെ പലർക്കും വീടും നാടും വിടേണ്ടിവന്നു. പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തി തുരത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ കൂടി ഒത്താശയോടെ പൊലീസ് നടപ്പാക്കിയ നിരോധനാജ്ഞയാണ് അരങ്ങേറിയതെന്നാണ് ആരോപണം. ജനകീയ സമരങ്ങൾക്ക് തീവ്രവാദത്തിന്റെ മേൽവിലാസം നൽകി അടിച്ചമർത്തുന്ന ഇടതു സർക്കാറിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയും അടിയന്തരാവസ്ഥാ തടവുകാരനുമായ പിണറായി വിജയനാണെന്നതും കൗതുകകരമാണ്.
വിഷഗന്ധം കാർന്നുതുടങ്ങിയ ജീവിതങ്ങൾ
മൈക്കാവ് വട്ടൽ കുരിശുപള്ളിക്ക് കീഴിലെ പാലിയേറ്റിവ് കെയർ യൂനിറ്റിന്റെ നേതൃത്വത്തിൽ നവംബർ 13ന് കരിമ്പാലക്കുന്നിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിരവധിപേരാണ് എത്തിയത്. പുരുഷന്മാർ സ്ഥലത്തില്ലാത്തതിനാൽ ജീവിതശൈലീ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്ന പ്രായമായവരുടെ പതിവ് പരിശോധനയും ഗ്രാമത്തിലെ മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തലുമായിരുന്നു ക്യാമ്പിന്റെ ലക്ഷ്യമെന്ന് ഇടവക വികാരി ഫാ. ബേസിൽ തമ്പി പറഞ്ഞു.
27കാരിയായ വീട്ടമ്മ പെരുമ്പറമ്പിൽ ജംഷീനക്കും കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ 11കാരി മകൾക്കും വിട്ടുമാറാത്ത ശ്വാസംമുട്ടലും അലർജിയും ചൊറിച്ചിലുമാണ്. മകൾക്ക് ഇൻഹെയ്ലർ ഉപയോഗിക്കാതെ ആവില്ലെന്ന് ജംഷീന പറയുന്നു. 68കാരനായ എടയാട്ട് ബീരാനും 50കാരി മേലേടത്ത് ആയിഷയും ക്യാമ്പിലെത്തി സമാന ബുദ്ധിമുട്ടുകൾ വിവരിച്ചു. ആശ പ്രവർത്തക ബീന സിബിക്ക് പങ്കുവെക്കാനുള്ളത് സ്ഥിരം കുത്തിവെപ്പെടുക്കുന്നവരുടെയും ഗർഭിണികളുടെയും ആരോഗ്യസ്ഥിതിയെ കുറിച്ച്. ഏതാനും ദിവസം മുമ്പാണ് ഇവിടെയുള്ള ആറുവിരലിൽ മുഹമ്മദ് എന്ന 81കാരൻ ശ്വാസകോശ സംബന്ധമായ അസുഖത്താൽ മരിച്ചത്. ഫ്രഷ് കട്ടിനെതിരായ സമരത്തിൽ ആദ്യകാലം മുതൽ സജീവമായിരുന്നു ഇദ്ദേഹം. പ്ലാന്റിൽനിന്നുള്ള ദുർഗന്ധത്തെ തുടർന്ന് ശ്വാസതടസ്സം നേരിടുന്നതിനാൽ ഓക്സിജൻ മാസ്കോടു കൂടിയായിരുന്നു ജീവിച്ചിരുന്നത്.
എട്ടാം ക്ലാസുകാരിയായ ഹനയുടെ ദുരിതജീവിതം വിവരിക്കുകയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മ പാത്തുട്ടി. 14 വയസ്സായിട്ടും മകൾക്ക് 28 കിലോ തൂക്കം മാത്രമാണുള്ളതെന്നും അലർജി കാരണം ശ്വാസതടസ്സം പതിവാണെന്നും 63കാരിയായ അവർ പറയുന്നു. നേരത്തേ വീട്ടിൽ ആടിനെ വളർത്തിയിരുന്നു. അലർജിക്ക് കാരണം അതാണെന്ന് കരുതി ആടിനെ ഒഴിവാക്കി ആ വരുമാനം നിലച്ചു. എന്നിട്ടും മകളുടെ അസുഖത്തിന് മാറ്റമൊന്നുമില്ല. ഭർത്താവ് ഹസനും ടാപ്പിങ് തൊഴിലാളിയാണ്. ഇരുവരുടെയും വരുമാനത്തിന്റെ ഏറിയപങ്കും മകളുടെ ചികിത്സക്ക് ചെലവഴിക്കുകയാണിപ്പോൾ –അവർ പറഞ്ഞു.
പ്രദേശവാസികളുടെ ദുരിതം നേരിട്ടറിയുന്ന വ്യക്തിയാണ് താനെന്നും ഫാക്ടറിയിൽനിന്നുള്ള മലിനീകരണം അവസാനിപ്പിക്കണമെന്നും മെഡിക്കൽ ക്യാമ്പിനെത്തിയ ഡോ. ടി.പി. മുഹമ്മദ് പറഞ്ഞു. കുഞ്ഞുങ്ങൾക്ക് വരെ കഠിനമായ ശ്വാസംമുട്ടലും അടിക്കടിയുള്ള ഛർദിയുമടക്കം ഉണ്ടാകുന്നത് അവരുടെ ഭാവി ജീവിതത്തെ സാരമായി ബാധിച്ചേക്കുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. പ്രായഭേദമന്യേ മിക്കവർക്കും ശ്വാസംമുട്ടലുണ്ട്. താമരശ്ശേരി ആലപ്പടി സ്വദേശിയായ തനിക്ക് ആദ്യമെല്ലാം ഇത് കേട്ടുകൾവി മാത്രമായിരുന്നെന്നും ഒരു വർഷമായി ഇവരെ ചികിത്സിച്ച് തുടങ്ങിയതോടെയാണ് നാട്ടുകാർ അനുഭവിക്കുന്ന പ്രയാസം നേരിട്ട് മനസ്സിലാക്കാനായതെന്നും അദ്ദേഹം പറഞ്ഞു. പറ്റുമെങ്കിൽ അധികാരികൾ ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുഖച്ഛായ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. മാലിന്യസംസ്കരണം പ്രധാന അജണ്ടയായെടുത്ത് തദ്ദേശ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഒരുവശത്ത് പൊടിപൊടിക്കുമ്പോഴാണ് ഏതാനും ഗ്രാമത്തിലെ ആയിരക്കണക്കിന് വയോധികരും സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്നവരുടെ ജീവിക്കാനുള്ള അവകാശത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത്. ജലാശയത്തിൽ മാമ്പഴം എറിഞ്ഞെന്ന പേരിൽ ഗായകൻ എം.ജി. ശ്രീകുമാറിന് വലിയ തുക പിഴയിട്ട സർക്കാറിന്റെ കാലത്തുതന്നെയാണിതെന്നും ഓർക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.