തകർച്ചയിൽനിന്ന്​ സി.പി.എം പഠിക്കുമോ?

സി.പി.എമ്മിന് കനത്ത തോൽവി ജനം സമ്മാനിച്ചതിന് പല കാരണങ്ങളുണ്ട്. ധാർഷ്ട്യം, അഹങ്കാരം, ദുഷ് പെരുമാറ്റം, സ്വജനപക്ഷപാതം എന്നിങ്ങനെ ജനങ്ങളിൽനിന്ന് അകന്നത് എന്തുകൊണ്ടെന്ന് ആ പാർട്ടി ഇനി പരിശോധിക്കുമോ? പഠിക്കുമോ? ‘‘മന്ത്രിയായശേഷം മ​ത്സരിച്ചവരും പരാജയപ്പെട്ടിട്ടുണ്ടല്ലോ. മന്ത്രിമാർ തോൽക്കുന്നത്​ ഇതാദ്യമല്ലല്ലോ!’’ –തോൽവിയെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി എം.ബി. രാജേഷി​ന്റെ മറുപടി ഇങ്ങനെയായിരുന്നു. പരാജയം സ്വാഭാവികമാണെന്ന നിസ്സാരവത്​കരണത്തിൽനിന്ന് വ്യക്തമാകുന്നത്,​ സി.പി.എം ​േതാറ്റടിഞ്ഞിട്ടും ഇനിയും ഒന്നും പഠിക്കാൻ തയാറ​െല്ലന്ന ധാർഷ്ട്യത്തി​ന്റെ അവലക്ഷണമാണ്​. ഇതദ്ദേഹം...

സി.പി.എമ്മിന് കനത്ത തോൽവി ജനം സമ്മാനിച്ചതിന് പല കാരണങ്ങളുണ്ട്. ധാർഷ്ട്യം, അഹങ്കാരം, ദുഷ് പെരുമാറ്റം, സ്വജനപക്ഷപാതം എന്നിങ്ങനെ ജനങ്ങളിൽനിന്ന് അകന്നത് എന്തുകൊണ്ടെന്ന് ആ പാർട്ടി ഇനി പരിശോധിക്കുമോ? പഠിക്കുമോ?

‘‘മന്ത്രിയായശേഷം മ​ത്സരിച്ചവരും പരാജയപ്പെട്ടിട്ടുണ്ടല്ലോ. മന്ത്രിമാർ തോൽക്കുന്നത്​ ഇതാദ്യമല്ലല്ലോ!’’ –തോൽവിയെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി എം.ബി. രാജേഷി​ന്റെ മറുപടി ഇങ്ങനെയായിരുന്നു. പരാജയം സ്വാഭാവികമാണെന്ന നിസ്സാരവത്​കരണത്തിൽനിന്ന് വ്യക്തമാകുന്നത്,​ സി.പി.എം ​േതാറ്റടിഞ്ഞിട്ടും ഇനിയും ഒന്നും പഠിക്കാൻ തയാറ​െല്ലന്ന ധാർഷ്ട്യത്തി​ന്റെ അവലക്ഷണമാണ്​. ഇതദ്ദേഹം കണ്ട​ുപഠിച്ചത്​ പത്തുവർഷം അദ്ദേഹത്തി​ന്റെ ക്യാപ്​റ്റനായിരുന്ന മുഖ്യമന്ത്രിയിൽനിന്നായിരുന്നു. ഇൗ ധാർഷ്ട്യവും അഹങ്കാരവും സമൂഹത്തോടുള്ള ദുഷ്​പെരുമാറ്റവും സമ്മാനിച്ച കനത്ത തോൽവി സ്വന്തം അണികളും പ്രവർത്തകരും സമ്മാനിച്ചതാണെന്ന ബോധം ഇനിയും ഉദിക്കാത്തതി​ന്റെ ലക്ഷണമാണ്​. പാർട്ടിയുടെ വിവിധ തട്ടിലുള്ള നേതാക്കളിൽ ഇൗ രോഗം കാര്യമായി ബാധിച്ചു എന്നതി​ന്റെ ലക്ഷണമാണ്​, രാ​േജഷിൽ കണ്ടത്. കനത്ത തോൽവിക്കു കാരണം ഭരണത്തോടുള്ള എതിർപ്പാണെന്ന്​ പൊതുവേ വിലയിരുത്തലുണ്ടെങ്കിലും അതിനുമപ്പുറം പാർട്ടിയെ ഗ്രസിച്ചത്​ ഒരു വ്യക്തിയി​േലക്കുള്ള അധികാര കേ​ന്ദ്രീകരണമായിരുന്നു.

സമഗ്രാധിപത്യ പ്രവണതയുടെ ഭീകരരൂപമായിരുന്നു. പിണറായിസം എന്നായിരുന്നു, ആ അവസ്ഥയുടെ ചെല്ലപ്പേര്​. പിണറായിസത്തിലേക്ക്​ പാർട്ടിയും സെക്രട്ടറിയും മറ്റു സംവിധാനങ്ങളും താദാത്മ്യം പ്രാപിക്കുകയായിരുന്നു. പഴയ സോവിയറ്റ്​ യൂനിയനിൽ ഇതിന്​ സ്​റ്റാലിനിസം എന്നാണ്​ പറഞ്ഞിരുന്നത്​. വളരെ പഴകിയതും ലോക കമ്യൂണിസ​െത്തയാകെ ഉലച്ചതുമായ ഇൗ പകർച്ചവ്യാധിയെയാണ്​ ഇക്കഴിഞ്ഞ ദശാബ്ദക്കാലം മുഴുവൻ പാർട്ടി കൊണ്ടുനടന്നത്​. അതിനെ തൂ​െത്തറിയാനുള്ള എളിയ ശ്രമമാണ്​, ഇൗ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരടങ്ങളുന്ന ജനസമൂഹം കാഴ്​ചവെച്ചതെങ്കിലും അതു മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നേതാക്കൾക്ക്​ ഉണ്ടാകുന്നി​െല്ലന്നതി​ന്റെ സൂചനയാണ്​, എം.ബി. രാജേഷിൽനിന്നും നമ്മൾ കേട്ടത്​.

പിണറായി ഭരണത്തി​ന്റെ ‘കടക്കു പുറത്ത്​’ എന്ന ആപ്തവാക്യം മുഖമുദ്രയായിരുന്ന ആദ്യ ടേമിനുശേഷം നടന്ന 2021ലെ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറാനായത്​ ത​ന്റെ സമീപനത്തോടുള്ള ജനങ്ങളുടെ അനുഭാവവും പ്രീതിയുമാണെന്ന്​ അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കണം. യഥാർഥത്തിൽ ​േകാവിഡ്​ എന്ന പകർച്ചവ്യാധി സമൂഹത്തിനു സമ്മാനിച്ച അരക്ഷിതബോധവും ബി.ജെ.പിയെന്ന വർഗീയതയെ തളക്കാൻ ഇടതുമുന്നണിക്കേ കഴിയൂ എന്ന കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്കുണ്ടായ തെറ്റിദ്ധാരണയുമായിരുന്നു എന്ന്​ വിലയിരുത്തുന്നതിൽ പാർട്ടിക്കു പറ്റിയ തെറ്റിൽനിന്നാണ്​ ഇൗ ‘ഇസം’ അതി​ന്റെ ഭീകരരൂപം കൈവരിച്ചത്​. രണ്ടാം ടേമിൽ തനിക്ക്​ കൈയിലൊതുങ്ങുന്നവരെ ഉൾപ്പെടുത്തിയുണ്ടാക്കിയ മന്ത്രിസഭയിൽ നേരിട്ടു ചോദ്യങ്ങളുയർത്താനാരുമുണ്ടായില്ല. പുറത്താരെങ്കിലും ചോദിച്ചാൽ ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന ധിക്കാരഭാവത്തിന്​ പിണിയാളുകൾ പിന്തുണ നൽകി.

സ്വാർഥതാൽപര്യങ്ങളും സ്ഥാപിത താൽപര്യങ്ങളും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇൗ കാലഘട്ടത്തിൽ സ്വന്തം കാര്യം നോക്കാൻ പാർട്ടി സെക്രട്ടറി അടക്കമുള്ളവർക്കും സ്വാതന്ത്ര്യം കിട്ടി. 2021ൽ തങ്ങളെ സഹായിച്ച ന്യൂനപക്ഷ​െത്ത മറന്നു. അവരുമായി അകലുകയും അവരെ അവഹേളിക്കുന്നത്​ മുഖമുദ്രയാക്കുകയും ചെയ്​തു. മുഖ്യമ​ന്ത്രിയെ ഇൗ മാനസികാവസ്ഥയിൽ എത്തിച്ചതിനു പിന്നിൽ ഇക്കുറി തവന്നൂരിൽ തോറ്റുപോയ മുൻമന്ത്രി കെ.ടി. ജലീൽ മുന്നിലുണ്ടായിരുന്നു എന്നാണ്​, ഉപശാലാ സംസാരം. അതെന്തുമാക​െട്ട, മലപ്പുറ​െത്തയും മതന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്ന ചില സാമുദായിക നേതാക്കളെ ​േതാളിലേറ്റി നടക്കാൻ സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ ഒരു മടിയുമുണ്ടായില്ല. ജമാഅ​െത്ത ഇസ്‍ലാമി​െയ അവഹേളിക്കുകയും പഴിചാരുകയും ചെയ്​തതിൽ തുടങ്ങി, ഒരു ന്യൂനപക്ഷ സമുദായ​െത്തയും ആ സമുദായം ഭൂരിപക്ഷമായ ജില്ലയെയും പഴിക്കുന്നതിൽ വരെ അതു ചെ​െന്നത്തി. അതിനിടയിൽ ക്രിസ്​തീയ സഭാനേതാക്കൾക്കും കിട്ടി, അതിലൊരു പങ്ക്​. നികൃഷ്ടജീവി’ പോലുള്ള പദാവലികൾ അതിനുള്ളതായി മാറി.

 

പൗരസ്വാതന്ത്ര്യവും അവകാശങ്ങളും പാർട്ടി നിശ്ചയിക്കുന്നതു മാത്രമായി മാറിയത്​ വളരെ പെ​െട്ടന്നല്ല. പാർട്ടിയുടേതുമാത്രമായ നീതിന്യായ വ്യവസ്ഥയുണ്ടായി. പാർട്ടിക്കാരായ കുറ്റവാളികൾ സംരക്ഷിക്ക​െപ്പടുന്ന അവസ്ഥയുണ്ടായി. ടി.പി വധക്കേസ്​ ഉൾപ്പെടെയു​ള്ള, പാർട്ടിക്കാർ പ്രതികളായ കേസിൽ ഇഷ്ടംപോലെ പരോൾ. സർക്കാറിന്റെ പണം മുടക്കിയുള്ള കേസ്​ നടത്തിപ്പ്​. മറ്റുള്ളവർ കുറ്റവാളികൾ അല്ലെങ്കിൽപോലും പൊലീസിനെയും അണികളെയും ഉൾ​െപ്പടുത്തിയുള്ള ആക്രമണം. നവകേരളജാഥ പോലുള്ള പ്രഹസനത്തി​നു മുന്നിൽ പ്രതിഷേധവുമായെത്തിയ എതിർ പാർട്ടിക്കാർക്ക്​ പൊലീസി​ന്റെയും പാർട്ടി പ്രവർത്തകരുടെയും മാത്രമല്ല, സ്വന്തം ഗൺമാ​ന്റെവരെ ആക്രമണം. വലിയ ചെടിച്ചട്ടികൾ വരെയുള്ള മാരകവസ്തുക്കൾ ആയുധങ്ങളായി. അതിന്​ രക്ഷാപ്രവർത്തനം എന്നായി ഒാമനപ്പേര്. അതിൽ തലപൊട്ടിയ ചെറുപ്പക്കാരനാണ്​ ഇക്കുറി ആലപ്പുഴയിൽ ചിത്തരഞ്ജൻ എം.എൽ.എയെ തറപറ്റിച്ച എ ഡി തോമസ്​ എന്നത്,​ വി.ഡി. സതീശനും കെ.സി. വേണുഗോപാലും കൂടി തങ്ങളുടെ പ്രവർത്തകനു നൽകിയ കാവ്യനീതി.

ഭരണത്തിലുടനീളം ജനങ്ങ​െള പറഞ്ഞുപറ്റിക്കുന്ന സത്യസന്ധതയില്ലായ്​മ പ്രകടമായിരുന്നു. ബജറ്റുകളിൽ പ്രഖ്യാപിക്കുന്ന സാമൂഹിക ക്ഷേമ പരിപാടികൾ ഏട്ടിൽത​െന്ന അവശേഷിച്ചു. നടപ്പാക്കാത്തവ നിരവധിയായിരുന്നു. കിഫ്​ബി വഴിയുള്ള സമാന്തര ബജറ്റിനെ വികസനപ്രവർത്തനങ്ങൾക്കുപകരം സർക്കാറിന്റെ പരസ്യങ്ങൾക്കും മറ്റു താൽപര്യങ്ങൾക്കും വഴിമാറ്റി. സഹകരണ ബാങ്കുകളി​ൽ കൊള്ള നടത്തിയവർക്കും കൂട്ടാളികൾക്കും പാർട്ടിയുടെ സംരക്ഷണമായിരുന്നു. അവയുടെ ബാധ്യതകൾ സർക്കാർ ഖജനാവിൽനിന്നാണ്​ തീർത്തത്​. പി.എസ്​.സി റാങ്ക്​ ലിസ്​റ്റിൽ ടെസ്​റ്റ്​ എഴുതാത്തവർ പാർട്ടിയുടെ ഒത്താശയിൽ ​പൊലീസ്​പോലെ സുപ്രധാന വകുപ്പുകളിൽ പറ്റിക്കൂടിയത്​ പുതിയ ചരിത്രമായി. പിൻവാതിൽ നിയമനങ്ങൾ സ്വാഭാവികരീതിയായി. പാർട്ടി അനുഭാവികൾക്കും പിണിയാളുകൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം നിൽക്കുന്ന പ്രവർത്തകർക്കും പദവികളും യോഗ്യത നോക്കാതെ സ്ഥാനമാനങ്ങളും സാമ്പത്തിക നേട്ടങ്ങളും വാരിക്കോരി നൽകി.

പാർട്ടിയും ഭരണകൂടവും ഒരാളിൽ കേന്ദ്രീകരിക്ക​െപ്പട്ടാൽ ​ ഇതൊക്കെ ആരു ചോദിക്കാൻ? തൊഴിലാളികൾക്കും അധഃസ്ഥിതർക്കും ദരിദ്രവിഭാഗങ്ങൾക്കുമായിരുന്നില്ല, പിണിയാളുകൾക്കായിരുന്നു, മുൻഗണന. ഇടതുപക്ഷത്തിനെതിരെ​ ഒരിക്കലും കാണാൻ കഴിയാത്തവിധം അഴിമതി ആരോപണങ്ങൾ വ്യാപകമായി. സ്വർണക്കടത്ത്​, ശബരിമല സ്വർണ​െക്കാള്ള തുടങ്ങിയ കുറ്റകൃത്യങ്ങൾ വരെ ആരോപണ വിഷയങ്ങളായി. കേന്ദ്ര ഫാഷിസ്​റ്റ്​ ഭരണകൂട​െത്ത ചെറുക്കുമെന്നു കരുതിയവർ അവരുമായി സന്ധിചെയ്യുന്ന കാഴ്ചയാണ്​ പിന്നീട്​ കണ്ടത്​. സർക്കാർ പുതുതായി പരിചയിച്ചുവന്ന പുതുമുതലാളിത്ത ബോധത്തെ മാ​ർക്സിസം ലെനിനിസമെന്ന്​ അണികളെ തെറ്റിദ്ധരിപ്പിക്കുന്നിടത്തേക്ക്​ കാര്യങ്ങൾ ചെ​െന്നത്തി. കീഴാളവർഗ പ്രശ്​നങ്ങളിൽ പാർട്ടിയുടെ പിന്തുണ നൽകുന്നതിനു പകരം അടിച്ചമർത്തലി​േലക്കുള്ള നവമുതലാളിത്ത രീതികൾ കടന്നുവന്നത്​ ചോദിക്കാൻ നേതൃത്വമില്ലാതായി. പാർട്ടി അനുഭാവികളായിട്ടുപോലും ആന്തൂർ സാജൻ എന്ന ചെറുകിട വ്യവസായിക്കും നവീൻ ബാബു എന്ന ഡെപ്യൂട്ടി കലക്ടർക്കും ആത്മഹത്യചെയ്യേണ്ട അവസ്ഥയുണ്ടായി.

ആന്തൂരിൽ സാജനെ ലൈസൻസ് നൽകാതെ പീഡിപ്പിച്ച മുനിസിപ്പൽ ചെയർപേഴ്​സനായിരുന്ന പി.കെ. ശ്യാമള​െയ (സെക്രട്ടറി എം.വി. ഗോവിന്ദ​ന്റെ ഭാര്യ) ​ അർഹയായ സുകന്യയെപ്പോലുള്ളവരെ മാറ്റിനിർത്തി, സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ്​ ജില്ല സെക്ര​േട്ടറിയറ്റ്​ അംഗമായ ടി.​െക. ഗോവിന്ദൻ പാർട്ടി വിട്ടതും പാർട്ടി കോട്ടയായ തളിപ്പറമ്പിൽ ശ്യാമളക്കെതിരെ മത്സരിച്ച്​ വൻഭൂരിപക്ഷത്തിൽ ജയിച്ചതും. പാർട്ടിയുടെ രക്തസാക്ഷിയായ ധനരാജി​​ന്റെ കുടുംബത്തിനായി പിരിച്ച ഫണ്ട്​, ഏരിയ കമ്മിറ്റി ഒാഫിസുണ്ടാക്കാൻ സ്വരൂപിച്ച ഫണ്ട്​, തെരഞ്ഞെടുപ്പു ഫണ്ട്​ എന്നിവയിലെ വെട്ടിപ്പ്​ ഒാഡിറ്റിങ്ങിൽ കണ്ടെത്തിയതി​ന്റെ​ പ്രതികാരത്തിനിരയായതിനെ തുടർന്നാണ്​, വി. കുഞ്ഞികൃഷ്ണൻ മ​െറ്റാരു പാർട്ടി കോട്ടയായ പയ്യന്നൂരിൽ ആരോപണവിധേയനായ ടി​.െഎ. മധുസൂദനനെതിരെ മത്സരിച്ച്​ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചത്​. പാർട്ടിയുടെ നയവൈകല്യങ്ങൾ​െക്കതി​െര ശബ്ദമുയർത്തിക്കൊണ്ടാണ്​ പാർട്ടിയുടെ രക്തസാക്ഷികൾ ഉറങ്ങുന്ന പുന്നപ്ര ഉൾ​െപ്പട്ട അമ്പലപ്പുഴയിൽ ജി. സുധാകരൻ മത്സരിച്ച്​ എച്ച്​. സലാമിനെ തറപറ്റിച്ചത്​. ഇവരുടെയൊ​െക്ക ശബ്ദങ്ങളെ അവഗണിച്ചതി​ന്റെ കൂടിഫലമാണ്​ പാർട്ടി കഴിഞ്ഞ അമ്പതു വർഷത്തിനിടയിൽ നേരിട്ട ഏറ്റവും കനത്ത ഇൗ തോൽവി.

ചൂഷണത്തിനെതിരായ തൊഴിലാളി-കർഷക-ദലിത്​-സ്​ത്രീ -വിദ്യാർഥി-പിന്നാക്ക-ന്യൂനപക്ഷ പ്രശ്​നങ്ങളെ, ഫാഷിസ്​റ്റ്​^മുതലാളിത്ത^കോർപറേറ്റ്​ മൂലധന സന്ധിയിൽ അകപ്പെട്ട പാർട്ടി മറന്നേപോയി. അതേസമയം, ആവക പ്രശ്നങ്ങൾ വലതുപക്ഷ പാർട്ടിയായിരുന്ന കോൺഗ്രസ്​ ഏറ്റെടുക്കുകയും രാഹുൽഗാന്ധി വരെയുള്ള വലിയ നേതാക്കൾ ഇന്ത്യയിൽ അങ്ങേ​ാളമിങ്ങോളമുള്ള പ്രക്ഷോഭങ്ങൾക്ക്​ മുന്നിൽ നിൽക്കുകയും ചെയ്​തപ്പോൾ അവർക്ക്​ ഇടതുപക്ഷ ഛായ വന്നത്​ സ്വാഭാവികം. കമ്യൂണിസ്​റ്റു പാർട്ടികൾ ഉൾപ്പെടുന്ന ഇടതുപക്ഷ സർക്കാറാക​െട്ട അപ്പോൾ തീവ്ര വലതുപക്ഷവുമായുള്ള സന്ധിയിൽപെട്ട്​ പ്രശ്​നങ്ങൾ മറന്നുപോകുകയും പി.എം ശ്രീ ഉൾപ്പെടെയുള്ള പദ്ധതികൾക്ക്​ പാർട്ടി നേതൃത്വംപോലും അറിയാതെ കരാറുണ്ടാക്കുകയും മതന്യൂനപക്ഷ അധിക്ഷേപത്തിന്​ കുടപിടിക്കുകയുമായിരുന്നു.

കൂട്ടത്തിൽ അതിദരിദ്രരുണ്ടായിട്ടും അവർക്കായുള്ള കേന്ദ്രപദ്ധതി ആനുകൂല്യങ്ങൾപോലും കിട്ടാത്തവിധം അവർ കേരളത്തിൽ ഇ​െല്ലന്ന പ്രഖ്യാപനം നടത്തി കൈയടി വാങ്ങാനുള്ള ശ്രമവും ഉണ്ടാകാതിരുന്നില്ല. ഫാഷിസ്​റ്റ് ശക്തികളാക​െട്ട, ​േകാൺഗ്രസ്​ മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക്​ ഇടതുപക്ഷത്തെ ആയുധമാക്കിയപ്പോൾ അത്​ തെര​െഞ്ഞടുപ്പു താൽപര്യങ്ങൾക്കുള്ള കുറുക്കുവഴിയായി കാണാനാണ്​ പാർട്ടി നേതൃത്വം ശ്രമിച്ചത്​. ഇക്കാര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുപോലും സി.പി.എമ്മിനെ പാഠംപഠിപ്പിക്കാനായില്ല. വർഷങ്ങളായി കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്ന മതന്യൂനപക്ഷങ്ങൾ അങ്ങനെ മറുപക്ഷത്തേക്ക്​ പോയപ്പോൾ അത്​ ഭൂരിപക്ഷത്തെ ആകർഷിക്കാനുള്ള വഴിയായാണ്​ നേതൃത്വം കണ്ടത്​. എസ്​.എൻ.ഡി.പി, എൻ.എസ്​.എസ്​ എന്നിവയുടെ നേതൃത്വങ്ങളെ പ്രീണിപ്പിക്കാനും ന്യൂനപക്ഷാധിക്ഷേപങ്ങൾ നടത്തുന്നവരെ ന്യായീകരിക്കാനുമുള്ള ശ്രമമാണ്​ പിന്നീട്​ നടന്നത്​.

 

എം.വി. ഗോവിന്ദൻ,ടി.പി. ചന്ദ്രശേഖര​ൻ

മറുവശത്ത്​ വി.ഡി. സതീശ​ന്റെ നേതൃത്വത്തിൽ ശക്തമായ മുന്നൊരുക്കങ്ങൾ നടക്കുകയായിരുന്നു. യു.ഡി.എഫ്​ എന്ന സംവിധാനത്തിനും സി.പി.എമ്മിലെ അതൃപ്​തർക്കും വലിയ ആത്മധൈര്യം പകരാനായത്​, സതീശ​ന്റെ തന്ത്രപരമായ കഴിവും ധൈര്യവുംകൊണ്ടാണ്​. ശരിക്കും ഒരു ഇരട്ടച്ചങ്കനെ കേരള ജനത കണ്ടത്​, പ്രചാരണരംഗത്തിറങ്ങിയ ആരെയും കൂസാത്ത സതീശനിലാണ്​. സതീശ​ന്റെ നേതൃപാടവവും കെ.സി. വേണുഗോപാലി​ന്റെ രാഷ്​ട്രീയതന്ത്രജ്ഞതയും ഇല്ലായിരു​െന്നങ്കിൽ ഘടകകക്ഷികൾക്ക്​ ഇത്ര ആത്മവിശ്വാസം ലഭിക്കുമായിരുന്നില്ല. സി.പി.എമ്മിലെ പ്രമുഖരായ അതൃപ്​തരെ (ജനപ്രീതിയില്ലാത്ത പി.കെ. ശശിയിൽമാത്രം അത്​ പിഴച്ചു) മുൻനിർത്തി നടത്തിയ യുദ്ധത്തിൽ നൂറുമേനി വിളയിക്കാൻ കോൺഗ്രസിനു കഴിഞ്ഞു.

ഇടതുപക്ഷത്തെ ചെറു പാർട്ടികളെല്ലാം നാമമാത്രമായി. ലോക്​സഭ തെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫിൽ ചേക്കേറാൻ മാണിഗ്രൂപ്പിനു ക്ഷണം കിട്ടിയതാണ്​. സി.പി.എം വിലക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം ജോസ്​ കെ. മാണി മുന്നണി മാറാൻ സന്നദ്ധനുമായിരുന്നു. എന്നാൽ, മന്ത്രി റോഷി അഗസ്​റ്റിൻ വഴി പിണറായി അതിനു തടയിട്ടു. ഫലം ആ പാർട്ടി മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും അടപടലേ തോറ്റുതുന്നംപാടി. രണ്ടില കരിയിലയായി മാറി. പാർട്ടിയുടെ അസ്തിത്വം വരെ അങ്ങനെ ചോദ്യചിഹ്നത്തിലായി. ചിന്ന പാർട്ടികളുടെ കാര്യം പറയുകയും വേണ്ട. സി.പി​.െഎ തൽക്കാലത്തേക്കു പിടിച്ചുനിൽക്കാനുള്ള നാമമാത്ര സീറ്റിൽ ഒതുങ്ങി. മാർക്​സിസ്​റ്റ് പാർട്ടി നേതൃത്വത്തി​ന്റെ തട്ടകവും ഉരുക്കുകോട്ടയുമെന്നറിയ​െപ്പട്ടിരുന്ന കണ്ണൂരിൽ അടപടലേ പാർട്ടി വീണു. മന്ത്രിമാരിൽ മിക്കവരും കടപുഴകി വീണു. ശക്തിദുർഗങ്ങൾ തകർന്നു. പിണറായി വിജയൻപോലും ആദ്യ റൗണ്ടുകളിൽ പരാജയഭീതിയിലായിരുന്നു. പിന്നീട്​ കഷ്ടിച്ച്​ കരകയറി. അങ്ങനെ ഇന്ത്യയിലെവിടെയും ഇടതുഭരണം ഇല്ലാതാക്കിയ ചരിത്രം ​ഉണ്ടാക്കാനുള്ള ദൗർഭാഗ്യം കേരളത്തിന്​ ഉണ്ടാക്കിക്കൊടുത്തു.

ഇപ്പുറത്ത്​ താക്കോൽ സ്ഥാനങ്ങൾ അന്വേഷിച്ചു നടന്ന സാമുദായിക നേതാക്കൾക്ക്​ പുല്ലുവിലയാണ്​, സതീശൻ കൊടുത്തത്​. ന്യൂനപക്ഷാധിക്ഷേപങ്ങൾക്ക്​ ചുട്ട മറുപടിയും നൽകി. (താക്കോൽ മോഹികളായ ചില കോൺഗ്രസ്​ നേതാക്കൾ ഇൗ നേതാക്കളെ കാണാൻ പോയി​െല്ലന്നല്ല). പാർട്ടിയിലും സാധാരണ ജനങ്ങളിലും വിശ്വാസമർപ്പിച്ചു മുന്നോട്ടുപോയ സതീശന്​, ഘടകകക്ഷികൾ​െക്കല്ലാം നല്ല ജയം നൽകാൻ കഴിഞ്ഞു. കോൺഗ്രസി​ന്റെ ചരിത്രത്തിൽതന്നെ എറ്റവും കൂടുതൽ ​േപരെ വിജയിപ്പിക്കാനായി. മുസ്‍ലിം ലീഗിന്​ ചരിത്രവിജയം ഉണ്ടായി. ജോസഫ്​ ഗ്രൂപ്പിൽ മത്സരിച്ച എട്ടിൽ ഏഴു പേരും ജയിച്ചു. ആർ.എസ്.​പിയിൽ അഞ്ചിൽ നാലു ജയം! ഒറ്റക്കക്ഷികളെയെല്ലാം ജയിപ്പിച്ച്​ നേതൃഗുണമെന്തെന്ന്​ സതീശൻ കാട്ടി​െക്കാടുത്തു. പുതുപ്പള്ളിയിൽ പണമിറക്കാതെ സൈക്കിളിൽ നടന്നു പ്രചാരണം നടത്തിയ ചാണ്ടി ഉമ്മൻ റെ​േക്കാഡ്​ ഭൂരിപക്ഷം നേടി മുന്നണികളെ ഞെട്ടിച്ചു. പ്രചാരണത്തിനുള്ള പണംകൊണ്ട്​, ഭവനരഹിതർക്ക്​ വീടുണ്ടാക്കി നൽകാനാണ്​ തീരുമാനം

ടി.പി. ചന്ദ്രശേഖര​ന്റെ 12ാം ഒാർമദിനമായ മേയ്​ നാലിനാണ്​ ഫലപ്രഖ്യാപനമുണ്ടായത്​. ‘പാർട്ടിയുടെ ദുഷ്​ചെയ്തികളെ ചോദ്യംചെയ്​ത ചന്ദ്രശേഖരനെ കുലംകുത്തിയെന്നാക്ഷേപിച്ച്​ കൊല്ലാൻ ആഹ്വാനംചെയ്​ത പിണറായി വിജയൻ പൊരിവെയിലിൽ നഗ്നനായി നിൽക്കുന്ന കാഴ്​ച കാണാൻ ചന്ദ്രശേഖരന്​ കഴിഞ്ഞു’ എന്നായിരുന്നു, ഫല​െത്തക്കുറിച്ചുള്ള കെ.കെ. രമയുടെ പ്രതികരണം. പൊതുവേ നോക്കിയാൽ യു.ഡി.എഫ്​, ഇടതുപക്ഷത്തേക്കാൾ ഇടത്തോട്ടു ചരിയുന്നു എന്ന തോന്നൽ ഉണ്ടാക്കാൻ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്​. എന്നാൽ, ആ സംവിധാനത്തി​ന്റെ ജനിതക സ്വഭാവമനുസരിച്ചുള്ള അഴിമതികളിലേക്കും തൊഴുത്തിൽകുത്തി​േലക്കും മറ്റ്​ അലവലാതിത്തരങ്ങളിലേക്കും കടക്കാതിരിക്കാൻ ശ്രദ്ധി​ക്കേണ്ടത്​ അതി​ന്റെ നേതൃത്വമാണ്​. അതിന്​ പ്രചാരണരംഗത്ത്​ ശോഭിച്ചതുപോലുള്ള നിലപാടുള്ള നേതൃത്വം ഉണ്ടാകണം.

Tags:    
News Summary - Assembly elections and the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.