2025 ഒക്ടോബർ 10ന് അന്തരിച്ച കവിയും അധ്യാപകനും പ്രഭാഷകനുമായ ചായം ധർമരാജനെ കുറിച്ച് കവിയും സുഹൃത്തുമായ ബി.എസ്. രാജീവ് എഴുതുന്നുകവിതയെയും സൗഹൃദത്തെയും, ഇഴയടുപ്പമുള്ള ദൃഢമായ ഒരു ചങ്ങാടമാക്കി മാറ്റിയ പ്രിയപ്പെട്ട കവി ചായം ധർമരാജന്റെ പെട്ടെന്നുള്ള വേർപാട് വലിയ ശൂന്യതയായി നിൽക്കുന്നു. ഞങ്ങൾക്കെന്നും കവിതയുടെ പച്ച വിതാനങ്ങൾ തന്നു... കാമ്പും കഴമ്പുമുള്ള കവിതകളെഴുതിയ കൈകൾ നീട്ടി കവിത ചൊല്ലി നടക്കാൻ ക്ഷണിച്ചു. എപ്പോഴും വറ്റാത്ത സ്നേഹത്തിന്റെ പുഞ്ചിരി പകർത്തി വട്ടത്തിലിരുന്ന് കവിത ചൊല്ലിയും, കേട്ടും, വർത്തമാനം പറഞ്ഞും സങ്കടത്തിന്റെ തീ കെടുത്തി. പ്രഭാഷണങ്ങളിലും അധ്യാപനത്തിലും വിജ്ഞാനത്തിന്റെ...
2025 ഒക്ടോബർ 10ന് അന്തരിച്ച കവിയും അധ്യാപകനും പ്രഭാഷകനുമായ ചായം ധർമരാജനെ കുറിച്ച് കവിയും സുഹൃത്തുമായ ബി.എസ്. രാജീവ് എഴുതുന്നു
കവിതയെയും സൗഹൃദത്തെയും, ഇഴയടുപ്പമുള്ള ദൃഢമായ ഒരു ചങ്ങാടമാക്കി മാറ്റിയ പ്രിയപ്പെട്ട കവി ചായം ധർമരാജന്റെ പെട്ടെന്നുള്ള വേർപാട് വലിയ ശൂന്യതയായി നിൽക്കുന്നു. ഞങ്ങൾക്കെന്നും കവിതയുടെ പച്ച വിതാനങ്ങൾ തന്നു... കാമ്പും കഴമ്പുമുള്ള കവിതകളെഴുതിയ കൈകൾ നീട്ടി കവിത ചൊല്ലി നടക്കാൻ ക്ഷണിച്ചു. എപ്പോഴും വറ്റാത്ത സ്നേഹത്തിന്റെ പുഞ്ചിരി പകർത്തി വട്ടത്തിലിരുന്ന് കവിത ചൊല്ലിയും, കേട്ടും, വർത്തമാനം പറഞ്ഞും സങ്കടത്തിന്റെ തീ കെടുത്തി. പ്രഭാഷണങ്ങളിലും അധ്യാപനത്തിലും വിജ്ഞാനത്തിന്റെ അഹംഭാവം കാണിക്കാതെ അറിവിന്റെ മഹാഗിരികളിലേക്ക് എത്തിച്ചു.
ചുവടുവെക്കാൻ ആരംഭിച്ച നാളുകളിൽ മുറിവ് പറ്റി പതറി വീണിട്ടും കരിങ്കൽകെട്ടുകൾ കയറി വിശാലമായ ആകാശത്തിന്റെ പ്രകാശലോകത്തേക്ക് കൈകൾ നീട്ടി ധൈര്യമായി നിന്നവൻ... പഴകി ദ്രവിച്ച തൂണുകളുടെ ബലത്തിലല്ല സമത്വത്തിന്റെ ആശയത്തിലധിഷ്ഠിതമായ പച്ചമണ്ണിലാണ് ധർമരാജൻ കവിതയുടെ തൂണുകളുറപ്പിച്ചത്. അതിനാലാണ് ആ കവിതകൾക്ക് അടിയുറച്ച ബലവും, നാട്ടുവഴക്കത്തിലധിഷ്ഠിതമായ മൊഴിയുറപ്പും സുന്ദരമായ ഒരു താളവലയവും ഉണ്ടായത്.
കൂട്ടുകാർ നാട്ടുകാരെപ്പോലെ തന്നെ ഈ കവിക്ക് പ്രിയങ്കരരാണ്. നാട്ടിൻപുറത്തിന്റെ മുക്കിലും മൂലയിലും വെയിലിലും മഴയിലും അവരോടൊപ്പമുണ്ടായിരുന്നതുകൊണ്ട് അവരുടെ ആഹ്ലാദ നൊമ്പര നിമിഷങ്ങളിൽ ചേർന്നു നിൽക്കാൻ കവിക്ക് സാധിച്ചു. കണ്ടുമറന്ന പരിചയങ്ങളല്ല ധർമരാജന് സൗഹൃദങ്ങൾ... ഒരു ദിവസംപോലും കാണാതെ പോകാത്ത ഉറപ്പുള്ള സ്‌നേഹപ്പകർച്ചകളായിരുന്നു. അതിനാലാണ് സുഹൃദ്ബന്ധങ്ങളെക്കുറിച്ച് ആത്മാംശമുള്ള കവിതകൾ എഴുതാനായത്. ഈയിടെ വേർപിരിഞ്ഞ കവി ശാന്തിരാജനായി സമർപ്പിച്ച ‘ഹരിത’ എന്ന കവിതയിൽ കൂട്ടുകാരോടുള്ള ബന്ധത്തിന്റെ ആഴത്തിലുള്ള, മനസ്സുനിറഞ്ഞ അർപ്പണം കാണാനാകും.
പച്ചക്കറിക്കട കെട്ടി
നീ ജീവിതം മെച്ച-
പ്പെടുത്താൻ തുനിഞ്ഞതും,
വെള്ളരി വെണ്ടകൾ പോലെ
യഴുകിപ്പതിച്ചതും
കണ്ടു ഞാൻ വേദന
വേദം രചിപ്പതും
പ്ലാസ്റ്റിക്കു സഞ്ചിയിൽ
രണ്ടു വാല്യങ്ങളിൽ
തൂങ്ങിത്തുറിച്ചു നിൻ
ഭൂതവും ഭാവിയും.
ഭൂതവും ഭാവിയും ജീവിതത്തുലാസ്സിൽ തൂങ്ങിനിൽക്കുമ്പോൾ രക്ഷപ്പെടാനുള്ള മാർഗം തേടിയലഞ്ഞ സുഹൃത്തിന് സുജീവിതത്തിലേക്ക് എത്തിച്ചേരാൻ കഴിയട്ടെയെന്ന് മനസ്സുനിറഞ്ഞാശിക്കുന്ന ഒരു കൂട്ടുകാരൻ ഈ കവിതയിലുണ്ട്.
സ്നേഹംപോലെ സൗഹൃദത്തിനിടയിലെ ആശയങ്ങൾ തമ്മിലുള്ള കലഹവും ഒരു രാഷ്ട്രീയ പ്രവർത്തനമായി കാണാൻ ധർമരാജന് കഴിഞ്ഞു. സൗഹൃദ ബന്ധങ്ങളിൽ സംവാദ നിമിഷങ്ങൾ ഉണ്ടാകണമെന്ന് ആഗ്രഹിച്ച കവിയാണ് ധർമരാജൻ. മൂർച്ചയും മുഴക്കവുമുള്ള ഗൗരവഭാഷണങ്ങൾ സമകാലിക പ്രശ്നങ്ങളുടെ നേർക്കുള്ള യാഥാർഥ്യപൂർണമായ സമീപനമാണെന്ന് ഈ കവി മനസ്സിലാക്കി.
കാലം പോൽ കലഹങ്ങൾ
അനന്തം, പക്ഷേയുള്ളിൽ
സ്നേഹം പോൽ മറ്റെന്തുൺമ
കലഹിക്കുവാനാരും
തൊട്ടടുത്തില്ലാന്തെന്തു
കലയും കവിയും... (കലഹം)
സമകാലികതയുടെ കയ്പ് ധാരാളം കുടിക്കേണ്ടിവന്നതിനാൽ കവിക്ക് എപ്പോഴും ചോദ്യങ്ങൾ ചോദിക്കേണ്ടിവരുന്നു. ഒട്ടും ഗൗരവമല്ലാത്ത നയസമീപനങ്ങളുടെ കപടത കണ്ടറിഞ്ഞ കവിക്ക് ഇത്തരം ബലഹീനതകൾക്കെതിരെ ശബ്ദിക്കാതിരിക്കാനാവുന്നില്ല. കുഞ്ചൻ നമ്പ്യാരിലും വി.കെ.എന്നിലും അയ്യപ്പപ്പണിക്കരിലും കണ്ട ഹാസ്യത്തിന്റെ മുനയുള്ള ശക്തമായ പ്രതിഷേധം കവിതയിൽ ആവിഷ്കരിക്കാൻ ധർമരാജന് കഴിഞ്ഞു. അവിടെ അധികാരത്തിന്റെ, അഹങ്കാരത്തിന്റെ മേൽവസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞു വീഴുകയാണ്.
കെട്ടിക്കിടക്കും ജലം
മഴയുടെ ജഡം (ജഡം)
പിച്ചച്ചട്ടിയിലേക്ക്
അർധരാത്രിയിൽ
ആരോ വലിച്ചെറിഞ്ഞു
ഒരു എടുക്കാത്തുട്ട് (സ്വാതന്ത്ര്യം)
ഇതിഹാസത്തിന്റെ നാൽക്കാലികളെ
മലയാളത്തിന്റെ മേച്ചിൽപ്പുറത്ത്
വിവർത്തനം ചെയ്തു കെട്ടി
കുഞ്ഞിക്കുട്ടൻ
കവിതയെഴുതിക്കൂട്ടിയ
കൂട്ടുകാരോടൊപ്പം
കുഞ്ഞിക്കുട്ടനും കൊടുങ്ങല്ലൂര് വിട്ടു...
നാടു മാറിയ നാൽക്കാലികൾ
കലാശാലയുടെ ക്ലാസുകളിൽ
തല കുമ്പിട്ടു മേയുന്നത്
തമ്പുരാന്റെ ചാനലിൽ കിട്ടുമോ ആവോ... (വിവർത്തകൻ)
അവസാന കാലംവരെയും നാട്ടിൻപുറത്തുകാരനായി ജീവിച്ച കവിക്ക് ചുറ്റിലുമുള്ള മണവും നിറവും രുചിയും നാടൻ വിനോദവും മറന്നൊരു ജീവിതമില്ല. ‘റമ്മി’ എന്ന കവിത വായിക്കുമ്പോൾ തെങ്ങിൻചുവട്ടിൽ വട്ടമായിരുന്ന് കാതിൽ കുണുക്കിട്ട് ചീട്ട് കശക്കുന്നവരെ കാണുന്നു. പല പരിചയമുള്ള മുഖങ്ങളും തെളിയുന്നു... അതിലൊരാൾ ഈ കവിയല്ലേ...
അടവുകളൊന്നും വേണ്ട
കളിയിൽ കടം നന്നല്ല
റമ്മിക്ക് നാളെയില്ല
നെഞ്ചിനുള്ളിൽ
ഇഞ്ചിനിഞ്ചു പൊരുതുന്ന
വെറും നിമിഷങ്ങൾ മാത്രം... (റമ്മി)
ജനകീയമായ ശൈലിയിൽ, കൂടെ നിൽക്കുന്ന താളത്തിൽ എഴുതാൻ ഇഷ്ടപ്പെടുമ്പോഴും ദാർശനികമായ ഒരു നോട്ടം കവി സൂക്ഷിച്ചിരുന്നു. ‘ബുദ്ധനും നരിയും ഞാനും’ എന്ന ഇടശ്ശേരിയുടെ ഇതേ പേരിലുള്ള കവിത വേറൊരു രീതിയിൽ വായിക്കുമ്പോഴുള്ള ഉൾക്കാഴ്ചയാണ് അതേ പേരിൽ കവിത എഴുതാൻ പ്രേരണയായതെന്നു കരുതാം. എഴുതിയ സമയത്തുതന്നെ ശ്രദ്ധ നേടിയ ഈ കവിതയിൽ ഉള്ളിലെ നരിഭാവത്തെ പുറത്തിറക്കുവാൻ ബുദ്ധനല്ലാതെ മറ്റൊരു മാർഗമില്ലായെന്ന ചിന്തയിലാണ് കവിത അവസാനിക്കുന്നത്.
‘അതീവ രാവിലെ’ എന്ന കവിതയും സ്വപ്നവ്യാഖ്യാനത്തിന്റെ മറുപുറം തേടുന്നതാണ്. സ്വപ്നത്തെക്കുറിച്ച് പല ചിന്തകളും ഗ്രന്ഥങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ, ഒരു ചെറിയ സ്വപ്നത്തെ കവിതയുടെ പരിമിതിയിൽനിന്നുകൊണ്ട് ചിന്താപരമായി സമീപിക്കുക എളുപ്പമല്ല.
അടങ്ങാത്ത കടൽ,
അണയാത്ത കനൽ
പുനഃപ്രകാശന-
മസാധ്യമാം കൃതി
പുലരുവോളവും
പുണർന്ന നിർവൃതി...
‘അതീവ രാവിലെ’ എന്ന കവിത ആശയ രൂപഘടനയിൽ, ആവിഷ്കാരത്തിൽ മുന്നിട്ടുനിൽക്കുന്നു.
തരളമായ താളങ്ങളിൽ മാത്രം ഒതുക്കപ്പെടേണ്ടവയല്ല തന്റെ കവിതകളെന്ന് തെളിയിക്കുന്ന മികച്ച കവിതകൾ ധർമരാജന്റേതായുണ്ട്. ‘സമാസമം’ എന്ന കവിതയിൽ പക്ഷിയുടെ പറക്കലും കവിയുടെ ഭൂമിനടത്തവും തുല്യമാണെന്നും, നക്ഷത്രങ്ങളെ പുണരാനാവുന്ന യാത്രയാണെന്നുമുള്ള കണ്ടെത്തലുണ്ട്.
നീ പക്ഷി, യനാദിയാം
വിഹായസ്സിന്റെ പുത്രൻ
ഞാൻ കവി, തളച്ചിട്ട
ചിട്ടയിൽപ്പെട്ടോൻ, പൊട്ടൻ
എങ്കിലും സമാസമം
ചിന്തകൾ മുളക്കുമ്പോൾ
പങ്കിടാം കവർപ്പുറ്റ
നക്ഷത്രത്തളിരുകൾ.
വ്യത്യസ്തമായ വർണതലങ്ങളിൽ വരച്ച ഒരു ചിത്രംപോലെയാണ്, ‘ചിത്രം വരയ്ക്കുന്ന കുട്ടിക്ക്’ എന്ന കവിതയിലെ ദൃശ്യബിംബങ്ങൾ മുന്നിലേക്ക് വരുന്നത്.
ആകാശത്തെ
നിനക്കിഷ്ടപ്പെട്ട വിധം
നീ താഴെയിറക്കി
നന്നായി വെളുപ്പിച്ച്.
മരങ്ങളെ മനുഷ്യരെപ്പോലെ
കണ്ണുംകാതുമുള്ളവരാക്കി
പറവകൾക്ക്
തുമ്പിക്കൈയും
കൊമ്പനാനയ്ക്ക്
ചിറകുകളും നീയൊപ്പിച്ചു
ചിത്രം വരപ്പു കഴിഞ്ഞ്
നീ സ്കൂളിൽ പോകുമ്പോൾ
നിന്റെ വർണപുസ്തകം
മേശപ്പുറത്ത്
ആകാശം, ആകാശമെന്നും ആന ആനയെന്നും മുഴങ്ങും...
എന്നാണ് കവിത അവസാനിക്കുന്നത്. നമ്മുടെ മുന്നിൽ നിറയുന്ന ഒരു കാൻവാസിൽ ആകാശം പല അടരുകളിലുള്ള ഒരു കവിതയായി മാറുന്നു. കവിതയാണ് ധർമരാജനുമായുള്ള സൗഹൃദത്തിനിടയാക്കിയ വഴി... കൂടുതൽ കവിതകൾ വായിക്കുന്തോറും അതിന്റെ ഇഴകൾ കൂടുതൽ ഉറപ്പുള്ളതായി മാറി. അത്രമാത്രം ഇഷ്ട കവിതകളാൽ കീഴടക്കിയ കവിയാണ്.
നെടുമങ്ങാട് താലൂക്കിലെ ചായം എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന ഈ കവിക്ക് ദൂരെ നിഴലിടുന്ന അഗസ്ത്യാർകൂടവും, ചുറ്റിലുമുള്ള പ്രകൃതിയും, നാട്ടുവഴികളും കവിതയുടെ സ്പർശം നൽകിയിട്ടുണ്ട്. എഴുതിത്തുടങ്ങുന്ന സമയത്തുതന്നെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന കവിതകളെഴുതാനായത് അതിനാലാണ്. മാറ്റിയെഴുത്തു വേണ്ടാത്ത പച്ചമണ്ണ് മണക്കുന്ന വാക്കുകളുടെ ഒഴുക്കിലാണ് ധർമരാജന്റെ കവിത സഞ്ചരിച്ചത്. നാട്ടുജീവിതത്തോട്, സാധാരണക്കാരോട് അസാധാരണമായ അടുപ്പം സൂക്ഷിച്ച കവി അവർക്കുവേണ്ടി കവിതകളെഴുതി അവരിലൊരാളായി മാറി.
ഒരു ദേശം നൽകിയ വാക്കുകളും, അനുഭവത്തിന്റെ ആഴവും, ആശയങ്ങളുടെ ഉറപ്പും ഈ കവിയുടെ കവിതകളെ കൂടുതൽ പ്രിയമുള്ളതാക്കുന്നു. ചാവുമണം, മഴത്തോറ്റം, വയലെഴുത്ത്, ആല തുടങ്ങിയ കവിതകൾ എത്ര വായിച്ചാലും കേട്ടാലും മതി വരാത്തവയാണ്. രണ്ട് സമാഹാരങ്ങളുടെ ദീർഘമായ ഇടവേളക്കു ശേഷം മികച്ച കവിതകളുടെ പ്രസിദ്ധീകരണത്തിന്റെ തയാറെടുപ്പിനിടയിലാണ് കവിയുടെ വേർപാട്. കവി ബാക്കിെവച്ചുപോയ കവിതകൾ ആ ഓർമയെ എന്നും തിളക്കിക്കൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.