പി.കെ. ബാലകൃഷ്ണന്റെ വിഖ്യാതമായ ‘ഇനി ഞാൻ ഉറങ്ങട്ടെ’, ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ!’ എന്നീ കൃതികൾ വായിക്കുകയാണ് ലേഖകൻ. അതിന്റെ പശ്ചാത്തലത്തിൽ പി.കെ.ബിയുടെ ധൈഷണിക ലോകത്തെ വരച്ചുകാട്ടുന്നു എഴുത്തിലും ചിന്തയിലും ധിഷണയുടെ അതിപ്രസരം സൃഷ്ടിച്ച എഴുത്തുകാരനായിരുന്നു പി.കെ. ബാലകൃഷ്ണന്‍. സര്‍ഗാത്മക സാഹിത്യത്തിലും നിരൂപണരംഗത്തും സ്വന്തംപാത വെട്ടിത്തുറന്ന അദ്ദേഹത്തിന് വഴങ്ങാത്ത വിഷയങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചരിത്രഗവേഷകന്‍, പ്രഭാഷകന്‍, പത്രാധിപര്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, നോവലിസ്റ്റ് എന്നീ നിലകളിലെല്ലാം പി.കെ. ബാലകൃഷ്ണന്‍ കേരളീയ സമൂഹത്തിന്റെ മുമ്പേ നടന്നു. ആഴത്തിലുള്ളതും വിപുലവുമായ...
പി.കെ. ബാലകൃഷ്ണന്റെ വിഖ്യാതമായ ‘ഇനി ഞാൻ ഉറങ്ങട്ടെ’, ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ!’ എന്നീ കൃതികൾ വായിക്കുകയാണ് ലേഖകൻ. അതിന്റെ പശ്ചാത്തലത്തിൽ പി.കെ.ബിയുടെ ധൈഷണിക ലോകത്തെ വരച്ചുകാട്ടുന്നു
എഴുത്തിലും ചിന്തയിലും ധിഷണയുടെ അതിപ്രസരം സൃഷ്ടിച്ച എഴുത്തുകാരനായിരുന്നു പി.കെ. ബാലകൃഷ്ണന്‍. സര്‍ഗാത്മക സാഹിത്യത്തിലും നിരൂപണരംഗത്തും സ്വന്തംപാത വെട്ടിത്തുറന്ന അദ്ദേഹത്തിന് വഴങ്ങാത്ത വിഷയങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചരിത്രഗവേഷകന്‍, പ്രഭാഷകന്‍, പത്രാധിപര്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, നോവലിസ്റ്റ് എന്നീ നിലകളിലെല്ലാം പി.കെ. ബാലകൃഷ്ണന്‍ കേരളീയ സമൂഹത്തിന്റെ മുമ്പേ നടന്നു. ആഴത്തിലുള്ളതും വിപുലവുമായ വായനയാണ് എഴുത്തിന്റെ പ്രധാന സാമഗ്രിയായി അദ്ദേഹം ഉപയോഗിച്ചത്. ചരിത്രത്തിന്റെ നാള്‍വഴി കണ്ടെത്താനും അതിന്റെ പതിവു വാര്‍പ്പുകളെ തിരുത്താനും ഇതുവഴി അദ്ദേഹത്തിന് കഴിഞ്ഞു. സാമൂഹിക വിഷയങ്ങളിലും സാഹിത്യചിന്തയിലും സുവ്യക്തമായ ധാരണയും അഭിപ്രായവും പുലര്‍ത്തിയ പി.കെ. ബാലകൃഷ്ണന്റെ ജന്മശതാബ്ദി വേളയാണിത്.
1925 മാര്‍ച്ച് രണ്ടിന് എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമത്തില്‍ കേശവന്‍ ആശാന്റെയും മണി അമ്മയുടെയും മകനായാണ് ജനനം. എടവനക്കാടും ചെറായിയിലും പ്രാഥമിക വിദ്യാഭ്യാസം നടത്തി. എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദപഠനത്തിന് ചേര്‍ന്നെങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സമരത്തിന് ഇറങ്ങിയതിനാല്‍ പഠനം മുടങ്ങി. എന്നാല്‍, രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും മുടക്കമില്ലാതെ തുടര്‍ന്നു. വൈപ്പിന്‍ ദ്വീപില്‍പ്പെട്ട എടവനക്കാട് നിന്ന് എറണാകുളത്തെത്തി പൊതുപ്രവര്‍ത്തനത്തിന്റെ ദിശാസൂചികകള്‍ സ്വയം കണ്ടെത്തി. പ്രജാമണ്ഡലം പാര്‍ട്ടി സ്ഥാപകനായിരുന്ന മത്തായി മാഞ്ഞൂരാന്റെ അടുത്ത അനുയായി ആയിരുന്നു. പിന്നീട് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. കക്ഷി രാഷ്ട്രീയത്തിന്റെ മൂല്യച്യുതി അന്നേ തിരിച്ചറിഞ്ഞപ്പോള്‍ രംഗംവിട്ടു.
പക്ഷേ, ചരിത്രപഠനവും എഴുത്തും സാഹിത്യരചനയും നിര്‍ബാധം തുടര്‍ന്നു. ഏഴുകൊല്ലത്തോളം എറണാകുളത്ത് പുസ്തകശാലയുമായി ജീവിച്ചു. അന്ന് വൈക്കം മുഹമ്മദ് ബഷീര്‍ ആയിരുന്നു കൂട്ട്. പിന്നീട് കോഴിക്കോടുനിന്ന് പ്രസിദ്ധീകരിച്ച ‘ദിനപ്രഭ’ എന്ന പത്രത്തിന്റെ എഡിറ്ററായി. തുടര്‍ന്ന് ദീര്‍ഘകാലം കേരള കൗമുദിയില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോടു നിന്ന് ‘മാധ്യമം’ ദിനപത്രം ആരംഭിച്ചപ്പോള്‍ ചീഫ് എഡിറ്ററായി സ്ഥാനമേറ്റെടുത്തു. അവസാനം വരെ അവിടെ തുടര്‍ന്നു. 1991 ഏപ്രില്‍ മൂന്നിനായിരുന്നു സാംസ്‌കാരിക ലോകത്തെ അനാഥമാക്കിയ ഈ വിയോഗം. ചരിത്രഗവേഷണവും പഠനവും ബാലകൃഷ്ണന് ജീവശ്വാസം പോലെ ഒഴിവാക്കാനാവാത്തതായിരുന്നു. ഇതിനിടയില്‍ രണ്ടു നോവലുകളും രചിച്ചു.
ഇനി ഞാന്‍ ഉറങ്ങട്ടെ
മഹാഭാരതത്തെ ഉപജീവിച്ച് മലയാളത്തില്‍ വന്ന ആദ്യത്തെ നോവലാണ് പി.കെ. ബാലകൃഷ്ണന്റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ'. 1973ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. 1974ലെ സാഹിത്യ അക്കാദമി അവാര്‍ഡും 1978ലെ വയലാര്‍ പുരസ്‌കാരവും ഈ കൃതിക്ക് ലഭിക്കുകയുണ്ടായി. വ്യാസഭാരതത്തിലെ കഥ, സന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍ തുടങ്ങിയവയെ ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിക്കൊണ്ടാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. പുരാണത്തിലെ രംഗങ്ങള്‍ പുസ്തകത്തിന് യോജിക്കുന്ന വിധത്തില്‍ പുനഃസൃഷ്ടിക്കുകയായിരുന്നുവെന്ന് പി.കെ. ബാലകൃഷ്ണന്‍ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കർണന്റെ ജീവിതമാണ് പ്രധാനമായും പറയുന്നത്. കൗന്തേയനായി ജനിക്കുകയും രാധേയനായി ജീവിക്കുകയും ചെയ്ത കർണന് ക്ഷത്രിയസ്വത്വം പുറത്തെടുക്കാന്‍ ഏറെ സാഹസപ്പെടേണ്ടിവരുന്നു.
അസ്ത്രാഭ്യാസം പലതും നേടിയിട്ടും അത് ഉപകാരപ്പെടാതെ പോവുന്നു. എല്ലാ സിദ്ധികളും വിഫലമാവുന്ന ആത്മനാശത്തിന്റെ കഥയാണ് കർണന്റേത്. അതേസമയം, സൗഹൃദത്തിന്റെയും ത്യാഗത്തിന്റെയും ധർമത്തിന്റെയും പ്രതീകമായി കർണന്‍ തിളങ്ങുകയുംചെയ്യുന്നു. കർണന്‍, യുധിഷ്ഠിരന്‍, ദ്രൗപദി, കുന്തി തുടങ്ങിയ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളിലൂടെയാണ് പി.കെ. ബാലകൃഷ്ണന്‍ ഇതിഹാസകഥയുടെ ചുരുളഴിക്കുന്നത്. ഔപചാരികമായി മനഃശാസ്ത്രം പഠിച്ചിട്ടില്ലെങ്കിലും ഇതു സംബന്ധമായ നിരവധി കൃതികള്‍ വായിച്ചതിന്റെ ഫലമായി കഥാപാത്രങ്ങളുടെ മാനസികാപഗ്രഥനം ഗ്രന്ഥകാരന് എളുപ്പമായിത്തീരുന്നു.
ഇതിഹാസത്തിലെ ചില സന്ദര്‍ഭങ്ങള്‍ പ്രത്യേകമായി എടുക്കുന്നുണ്ട് ഈ നോവലില്‍. കൃഷ്ണനും കർണനും തമ്മിലുള്ള സംഗമം, കുന്തിയും കർണനും കണ്ടുമുട്ടുന്ന രംഗം, കർണനും ഭീഷ്മരും തമ്മിലുള്ള സംവാദം എന്നിവയാണ് അവ. ഈ സന്ദര്‍ഭങ്ങളെല്ലാം അത്യന്തം വികാരഭരിതമാണ്. കർണന്‍ രാധേയനല്ല, കൗന്തേയനാണ് എന്ന് ധരിപ്പിക്കാനാണ് കൃഷ്ണന്‍ കർണനെ പ്രത്യേകമായി വിളിച്ചുകൊണ്ടുപോകുന്നത്. എന്നാല്‍, കൃഷ്ണന്റെ വാദഗതികളൊന്നും കർണന്‍ അംഗീകരിക്കുന്നില്ല. സുയോധനന്‍ നല്‍കിയ സൗഹൃദത്തിന്റെ സംരക്ഷണത്തില്‍ കവിഞ്ഞ് ഒന്നും അയാള്‍ ആഗ്രഹിക്കുന്നില്ല. രാജ്യസഭയില്‍ കൃപര്‍ രാജ്യം ഏതെന്ന് ചോദിച്ചപ്പോള്‍ രാജ്യദാനത്തിലൂടെ അഭിമാനം തിരിച്ചുനല്‍കിയ സുയോധനനെ കർണന് തള്ളിപ്പറയാനാവില്ല. ആത്മവിശ്വാസത്തിന്റെയും ആത്മാർഥതയുടെയും വെളിച്ചമാണ് സുയോധനുമായുള്ള സൗഹൃദത്തിലൂടെ പകര്‍ന്നു കിട്ടിയതെന്ന് കർണന്‍ എപ്പോഴും വിശ്വസിച്ചു.
പി.കെ. ബാലകൃഷ്ണൻ, ഭാര്യ ഭാഗീരഥി, മകൾ ജയലക്ഷ്മി
കർണന്റെ അമ്മ താനാണ് എന്നു പറയാനാണ് കുന്തി എത്തുന്നത്. കുന്തിയെ ഏതോ രാജ്യകുടുംബത്തിലെ അംഗം എന്നു മാത്രമേ പരിഗണിക്കുന്നുള്ളൂ. എന്നാല്‍, അവരുടെ ആവശ്യം എന്ത് എന്ന് ക്ഷമാപൂര്‍വം അന്വേഷിക്കുന്നു. കാര്യമറിഞ്ഞപ്പോള്‍ പരുഷമായി പ്രതികരിക്കുന്നുണ്ട്. അതേസമയം, അമ്മക്ക് എന്നും അഞ്ചുമക്കളായിരിക്കും എന്ന വരം നല്‍കാനുള്ള ഹൃദയവിശാലത കർണന്‍ പ്രകടിപ്പിക്കുകയുംചെയ്യുന്നു. അർജുനന്‍ മരിച്ചാല്‍ സകർണന്മാരായ അഞ്ചു മക്കള്‍. കർണന്‍ മരിച്ചാല്‍ സാജുനരായ അഞ്ചു മക്കള്‍ എന്ന വരമാണ് നല്‍കുന്നത്.
ഭീഷ്മര്‍ ശരശയ്യയില്‍ കിടക്കുന്ന നിര്‍ണായക സമയത്താണ് കർണന്‍ എത്തുന്ന്ത്. സഞ്ജയന്‍ ആ സന്ദര്‍ഭത്തെ വാക്കുകളിലൂടെ പുനഃസൃഷ്ടിക്കുമ്പോള്‍ ദ്രൗപദി ശ്രോതാവായി അരികിലുണ്ട്. കുരുക്ഷേത്രഭൂമിയില്‍ കർണനെ വാക്ശരംകൊണ്ട് കുത്തിക്കീറുകയും നിന്ദിക്കുകയും വിമര്‍ശിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന സേനാപതിയാണ് ഭീഷ്മര്‍. ഭീഷ്മരുടെ പരുഷപ്രസ്താവന കാരണം ഭീഷ്മര്‍ പട നയിക്കുമ്പോള്‍ താന്‍ ആയുധമെടുക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ വരെ കർണന്‍ തയാറാവുന്നുണ്ട്. ഭീഷ്മരെ ഒടുവില്‍ കാണുമ്പോള്‍ കർണന്‍ പക്ഷേ, അദ്ദേഹത്തിന് അര്‍ഹമായ ബഹുമാനം നല്‍കാന്‍ മടിക്കുന്നില്ല. ഭീഷ്മര്‍ മൃതിയുടെ കവാടത്തില്‍ നില്‍ക്കുന്ന സന്ദര്‍ഭമാണത്. അവിടെ മമതയോട് മാത്രമല്ല, ശത്രുക്കളോടും വിടപറയുന്ന സമയമാണ്. ആരോടും ശത്രുത പുലര്‍ത്താത്ത അവസ്ഥയില്‍ ഭീഷ്മര്‍ കർണനെ അനുഗ്രഹിക്കുന്നു. കർണന്റെ ധർമബോധം ജ്വലിപ്പിച്ചു നിര്‍ത്താനായിരുന്നു തന്റെ ഭര്‍ത്സനം എന്ന് ഭീഷ്മര്‍ തുറന്നുപറയുന്നുണ്ട്.
എന്താണ് ധർമം? എന്താണ് അധർമം തുടങ്ങിയ ചിന്തകള്‍ നോവലിലെ പ്രധാന ചര്‍ച്ചയാണ്. രാജ്യസദസ്സില്‍ വസ്ത്രാക്ഷേപത്തിലൂടെ അപമാനിക്കപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ മടിച്ച ഭര്‍ത്താക്കന്മാരെ ദ്രൗപദി ഓര്‍ക്കുന്നു. ധർമത്തില്‍നിന്ന് വ്യതിചലിക്കില്ല എന്ന ന്യായമാണ് അവര്‍ നടപ്പാക്കിയത്. എന്നാല്‍, മറ്റു പല യുദ്ധസന്ദര്‍ങ്ങളിലും അവര്‍ ധർമവിചാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് ദ്രൗപദി ഖേദത്തോടെ ഓര്‍ത്തെടുക്കുന്നു. ദ്രൗപദി രാജസദസ്സില്‍ അപമാനിതമാകുന്ന സന്ദര്‍ഭത്തില്‍ കർണന്‍ ചിരിച്ചു എന്നതാണ് അപരാധമായി കണ്ടിരുന്നത്. ദ്രൗപദിയെ അപമാനിച്ചതില്‍ തനിക്ക് മനസ്താപമുണ്ടായിരുന്നു എന്നും പാണ്ഡവരുടെ അവസ്ഥയോര്‍ത്താണ് താന്‍ ചിരിച്ചതെന്നും കർണന്‍ കൃഷ്ണനോട് പറയുന്നുണ്ട്. കർണന്റെ നിര്‍വ്യാജമായ ഈ പ്രസ്താവനയെ ചുറ്റിപ്പറ്റിയാണ് ദ്രൗപദിയുടെ മനസ്സ് പിന്നീട് സഞ്ചരിക്കുന്നത്.
കൃഷ്ണനോടുള്ള ദ്രൗപദിയുടെ ആഭിമുഖ്യത്തിന്റെ ആഴമളക്കാനും നോവലിസ്റ്റ് ഉദ്യമിക്കുന്നുണ്ട്. കൃഷ്ണന്‍ ദ്രൗപദിയുടെ ആരാണ് എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു. ഭക്തിയാലും സ്‌നേഹത്താലും വിവശയായ നിലയില്‍ അവന്റെ രൂപം ധ്യാനിക്കുമ്പോള്‍, മനസ്സിന്റെ അദൃശ്യമായ കോണില്‍ വ്രീളയുടെ രക്തവര്‍ണം തെളിയുന്നതെന്താണ് എന്ന് ദ്രൗപദി സ്വയം ചോദിക്കുന്നുണ്ട്. ആപദ്ഘട്ടത്തിലെല്ലാം ദ്രൗപദി അഭയത്തിനായി പ്രാർഥിക്കുന്നത് കൃഷ്ണനോടാണ്. സങ്കീര്‍ണമായ സമസ്യകള്‍ നിര്‍ധാരണം ചെയ്യാന്‍ കൃഷ്ണനെയാണ് സമീപിക്കുന്നത്. ദ്രൗപദിയുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും ആദരിക്കാനും കൃഷ്ണന്‍ തയാറാകുന്നുണ്ട്. ദുശ്ശാസനന്‍ രാജസഭയില്‍ മുടിക്കുത്തു പിടിച്ച് വലിച്ചിഴച്ച് അപമാനിച്ചപ്പോള്‍ അഴിച്ചിട്ട മുടിയും ആ മുടിക്ക് പിന്നിലെ സ്ത്രീത്വവും കൃഷ്ണന് കാണാന്‍ കഴിയുന്നുണ്ട്. അപ്രകാരം നിര്‍വചനത്തിന് കൂട്ടാക്കാത്ത ഒരു ബന്ധമാണ് ഇരുവര്‍ക്കുമിടയില്‍ കാണുന്നത്.
സഹോദരനെ യുദ്ധത്തില്‍ കൊലപ്പെടുത്തിയെന്ന വിചാരത്താല്‍ മനസ്സ് നഷ്ടപ്പെട്ട യുധിഷ്ഠിരന്റെ വിചാരലോകത്ത് താന്‍ ഇല്ലെന്ന് അറിയുമ്പോള്‍ ദ്രൗപദിക്ക് ഉണ്ടാവുന്ന അന്യതാബോധത്തെയും കൃഷ്ണന്‍ വാക്കുകളാല്‍ ചികിത്സിക്കുന്നുണ്ട്. അന്യതാബോധത്തിന്റെ നിരർഥകതയിലേക്കാണ് കൃഷ്ണന്‍ വിരല്‍ ചൂണ്ടുന്നത്. വിധിയുടെ അലംഘിതമായ ചില ശാഠ്യങ്ങള്‍ മനുഷ്യജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന ചിന്തയും നോവല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കർണന് അത്ഭുതകരമായ സിദ്ധിവിശേഷങ്ങള്‍ വിധി അനുവദിച്ചുകൊടുക്കുന്നു. എന്നാല്‍ അതിനൊപ്പം ആത്മനാശത്തിന്റെ സുഷിരങ്ങള്‍ അതിനുമേല്‍ നിര്‍മിച്ചുവെക്കുകയും ചെയ്യുന്നു. വിധിഹിതത്തിന്റെ പരമ ദുര്‍ഗ്രഹമായ നടപടിയായാണ് ഇതിനെ കാണുന്നത്. സുഖവും ദുഃഖവുമെല്ലാം അനുഭവിക്കുന്ന ആളിന്റെ മനഃസ്ഥിതിയും ബോധവും അനുസരിച്ചാണെന്ന് കൃഷ്ണന്‍ പറയുന്നുണ്ട്. ഇപ്രകാരം ഇതിഹാസത്തിലെ മർമം അറിഞ്ഞാണ് പി.കെ. ബാലകൃഷ്ണന്‍ തന്റെ നോവല്‍ രചിച്ചത് എന്നുകാണാം.
യുദ്ധത്തിന്റെ ഇരുട്ട്
യുദ്ധം സൃഷ്ടിക്കുന്ന ഇരുളിന്റെ പൊരുള്‍ അന്വേഷിക്കുന്നതാണ് ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവലിന്റെ മറ്റൊരു ദൗത്യം. യുദ്ധം ഒഴിവാക്കാനുള്ള എല്ലാ വഴികളും ഒരു ഘട്ടത്തില്‍ അടയുന്നു. കൃഷ്ണന്റെ ദൂത് പരാജയപ്പെടുന്നു. ഇതോടെ, അന്തരീക്ഷത്തിന് യുദ്ധത്തിന്റെ മുഖമായി. യുദ്ധം അവസാനിച്ചപ്പോഴാകട്ടെ വിജയികളായ പാണ്ഡവന്മാരുടെ മനസ്സില്‍ സര്‍വത്ര ദുഃഖം തളം കെട്ടി കിടന്നു. അഭിമന്യുവിന്റെയും ദ്രോണരുടെയും ഭീഷ്മരുടെയും മരണം സൃഷ്ടിച്ചതിനേക്കാള്‍ ദുഃഖം കർണവധം യുധിഷ്ഠിരനില്‍ ഉളവാക്കി. കഥാപാത്രങ്ങളുടെ മാനസികഭാവവും പ്രകൃതിയും ഒന്നായി ചേരുന്ന മുഹൂര്‍ത്തങ്ങളും നോവലില്‍ കാണാം. അതിനു യോജിച്ച കാവ്യാത്മകമായ ഭാഷയും നോവലിസ്റ്റ് ഉപയോഗിക്കുന്നുണ്ട്. ഒന്നാമധ്യായം ഇങ്ങനെ തുടങ്ങുന്നു:
‘‘രാത്രി അവസാനിക്കാറായി. മഞ്ഞയും ചുവപ്പും അങ്ങിങ്ങ് വെളിക്കു കാട്ടിയ നരച്ച മേഘപാളികള്‍ക്കിടയില്‍ ചിതയില്‍ കത്തിജ്വലിച്ച ചന്ദ്രക്കല തെളിഞ്ഞുനിന്നു. മൂടല്‍മഞ്ഞിലൂടെ പ്രസരിച്ച ആ വെളിച്ചം തണുത്തുറഞ്ഞ സ്ഫടികദ്രാവകംപോലെ ഭൂമിയെ വലയംചെയ്തു. സരസ്വതീതടം മുതല്‍ ഹിരണ്വതീ തടംവരെ വ്യാപിച്ച കുരുക്ഷേത്രം മരിച്ചു മരവിച്ച് അതില്‍ മുങ്ങിക്കിടന്നു.’’
ചന്ദ്രക്കലയെ അസ്ഥിചീളിനോടും വെളിച്ചത്തെ തണുത്തുറഞ്ഞ സ്ഫടികദ്രാവകത്തോടും ഉപമിക്കുന്ന സിദ്ധി നോവലിസ്റ്റിന്റെ ഭാഷാസ്വാധീനത്തിന്റെ ഉത്തമോദാഹരണമാണ്. യുദ്ധാനന്തരം കുരുക്ഷേത്രത്തിന്റെ ബീഭത്സമായ അവസ്ഥയും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. മറ്റൊരു രാത്രിവര്‍ണന ഇങ്ങനെയാണ്: ‘‘ഉഷസ്സിന്റെ വരവ് കാത്തിരുന്നു ക്ഷമകെട്ട രാത്രി അന്തഃക്ഷോഭത്താല്‍ മുഖം കറുപ്പിച്ചു. ഹസ്തിനപുരത്തിലെ മന്ദിരങ്ങള്‍ കൈത്തിരികളുടെ പ്രതിഷേധപ്പിടച്ചില്‍പോലും കൂടാതെ ഇരുട്ടിന്റെ കടുംപിടിയില്‍ ആലസ്യമാണ്ടു വര്‍ത്തിച്ചു.’’
പന്ത്രണ്ടാം അധ്യായത്തിലെ രാത്രിവര്‍ണന ഇങ്ങനെ കാണാം: ‘‘നക്ഷത്രവെളിച്ചത്തിന്റെ കണ്ണുചിമ്മിയുള്ള പരിഹാസസ്മിതം കണ്ടു വിളര്‍ത്ത ഇരുട്ടില്‍, വൃക്ഷങ്ങള്‍ തമസ്സിന്റെ കൃഷ്ണശിലാശില്‍പങ്ങള്‍പോലെ കറുത്തുതിളങ്ങി.’’ പതിനാറാം അധ്യായത്തില്‍ ഇങ്ങനെ കാണാം: ‘‘നിബിഡമായ വൃക്ഷനിരകള്‍ക്കിടയിലൂടെ പശ്ചിമചക്രവാളഭാഗങ്ങള്‍ ചോരയില്‍ കുതിര്‍ന്ന പട്ടുപോലെ കാണായി.’’ ഇപ്രകാരം ചോരചിന്തുന്ന യുദ്ധത്തെയും കഥാപാത്രങ്ങളുടെ മനസ്സിലും പരിസരത്തും നിലനില്‍ക്കുന്ന ഇരുട്ടിനെയും മനുഷ്യാവസ്ഥയുടെ നിഗൂഢതയെയും വരച്ചുകാട്ടുന്ന പ്രതീകങ്ങള്‍ നോവലിന്റെ അന്തരീക്ഷത്തിന് ശക്തിയും ചൈതന്യവും നല്‍കുന്നു.
ധർമത്തിന്റെ വഴികള്‍, അതിലെ ദുരൂഹത പലതരത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ധർമപുത്രരുടെ വിലാപം ജ്യേഷ്ഠനെ വധിച്ചു അധികാരം കൈക്കലാക്കി എന്നതിന്റെ പേരിലാണ്. ഇതിന് പരിഹാരമായി തപസ്സനുഷ്ഠിക്കാന്‍ ഒരുങ്ങുകയാണ് യുധിഷ്ഠിരന്‍. മൂത്തമകനെ നദിയില്‍ ഉപേക്ഷിച്ചതിന്റെ വ്യഥയാണ് കുന്തിയെ പിന്തുടരുന്നത്. ഇതില്‍നിന്നെല്ലാം എങ്ങനെ മോചനം നേടും എന്ന ചോദ്യത്തിന് പരമമായ സത്യം അജ്ഞേയമാണ് എന്ന ഉത്തരമാണ് കൃഷ്ണന്‍ നല്‍കുന്നത്.
വരം പരമമായ ശാപമായി മാറുന്നതും സിദ്ധികള്‍ വേദനയായി മാറുന്നതും മഹാവിജയങ്ങള്‍ പരാജയമായി പരിണമിക്കുന്നതും കാലത്തിന്റെയും വിധിയുടെയും ചര്യകളാണെന്ന് സഞ്ജയന്‍ പറയുന്നുണ്ട്. ഇത്തരം ബോധവത്കരണത്തിലൂടെ യുധിഷ്ഠിരനെ ആശ്വസിപ്പിക്കുകയാണ് സഞ്ജയന്‍.
വ്യാസഭാരതത്തിലെ കൗരവരുടെയും പാണ്ഡവരുടെയും കഥകള്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വിവര്‍ത്തനത്തിലൂടെയാണ് പി.കെ. ബാലകൃഷ്ണന്‍ വായിച്ചതും പഠിച്ചതുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പഠനത്തിന്റെ പരിസമാപ്തിയാണ് ഈ നോവല്‍. കുട്ടികൃഷ്ണ മാരാരുടെ ‘ഭാരതപര്യടന’വും പ്രധാന പ്രേരണയായി. വ്യാസഭാരതരംഗങ്ങള്‍ മാരാര്‍ വിശദീകരിച്ചിട്ടുണ്ട്. അതിന്റെ കൂടെ മാരാരുടെ കമന്ററികളും വന്നു. ആ കമന്ററികള്‍ കഥാഗാത്രത്തോട് ചേര്‍ത്ത് പുനരാവിഷ്‌കരിച്ചാല്‍ നന്നാവുമെന്ന് പി.കെ. ബാലകൃഷ്ണന് തോന്നുകയുണ്ടായി. ആ തോന്നല്‍ നോവല്‍ രചനയിലേക്കുള്ള ഒരു പാലമായി.
പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ!
പി.കെ. ബാലകൃഷ്ണന്റെ ആദ്യനോവലായ പ്ലൂട്ടോ! പ്രിയപ്പെട്ട പ്ലൂട്ടോ! നോവല്‍സാഹിത്യത്തിലെ ഒരു പുതുമയായി അനുഭവപ്പെട്ട കൃതിയാണ്. 1963ലാണ് പ്ലൂട്ടോ എഴുതുന്നത്. വളര്‍ത്തുനായയെ കേന്ദ്ര കഥാപാത്രമാക്കിയാണ് നോവല്‍. അതേസമയം, സംസ്‌കാരത്തിന്റെ നടത്തിപ്പുകാരാകാന്‍ തയാറാവുന്നവരുടെ നാട്യപ്രധാനമായ ജീവിതവും ഇതില്‍ വിമര്‍ശനവിധേയമാക്കുന്നു. നായയെ കേന്ദ്രകഥാപാത്രമാക്കി എം.പി. നാരായണപ്പിള്ള പരിണാമം എഴുതുന്നതിന് എത്രയോ മുമ്പാണ് പി.കെ. ബാലകൃഷ്ണന്‍ പ്ലൂട്ടോയെ അവതരിപ്പിക്കുന്നത്.
നായയെ വളര്‍ത്താനുള്ള ആഗ്രഹവുമായി നടക്കുന്ന ആഖ്യാതാവിനെയാണ് നോവലില്‍ കാണുന്നത്. അത് ഒരു അന്തസ്സായി കണക്കാക്കപ്പെടുന്നു. അള്‍സേഷ്യന്‍ ഇനത്തില്‍പെട്ട നായയെയാണ് വളര്‍ത്തേണ്ടത് എന്ന് അയാള്‍ എങ്ങനെയോ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍, പ്ലൂട്ടോ തനി നാടന്‍ നായയാണെന്ന് താമസിയാതെ തിരിച്ചറിയപ്പെടുന്നു. അതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയാണ്. പ്ലൂട്ടോ എന്ന നായ വാസ്തവത്തില്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രതീകംകൂടിയാണ്. ഉടമയുടെ സംരക്ഷണയില്‍ സ്വസ്ഥമായി കഴിയാന്‍ അതിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഉടമസ്ഥന്റെ വീടുവിട്ട് പ്ലൂട്ടോ തെരുവിന്റെ അനാഥാവസ്ഥയിലേക്ക് ഊളിയിടുകയാണ്.
സമൂഹത്തിന്റെ ചിട്ടകളില്‍നിന്ന് വ്യതിചലിച്ചു നില്‍ക്കുന്ന വ്യക്തികളെ മഹാന്മാരായി ആദരിക്കുകയും എന്നാല്‍ ഒരു ഘട്ടത്തില്‍ അവരെ നിഷ്‌കരുണം വിചാരണ ചെയ്യുകയും ചെയ്യുന്ന പതിവ് ഉണ്ടല്ലോ. അത്തരത്തിലുള്ള അനുഭവമാണ് പ്ലൂട്ടോക്ക് നേരിടേണ്ടിവരുന്നത്. തെരുവില്‍ സ്വാഭാവികമായും പ്ലൂട്ടോ അനിഷേധ്യമായ നേതൃപദവിയിലേക്ക് ഉയര്‍ന്നു. ചില്ലറ അക്രമനടപടികളുടെ ഫലമായി പ്ലൂട്ടോ നോട്ടപ്പുള്ളിയായി. അവനെ നാടു കടത്തേണ്ട സാഹചര്യം ഉടമക്ക് വന്നുചേരുന്നു. എന്നാല്‍ അതിനും പ്രയാസങ്ങളും പരിമിതിയുമുണ്ട്. ഒടുവില്‍ തോക്കുള്ള ഒരുവനെ വരുത്തി പ്ലൂട്ടോയെ വെടിവെച്ചുകൊല്ലാന്‍ തീരുമാനമാവുന്നു. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അവനെ തുടലുപയോഗിച്ച് ബന്ധിക്കുന്നു. അവന്റെ വിലാപസ്വരങ്ങള്‍ ഇടക്കിടെ കേള്‍ക്കുന്നുണ്ട്. എന്നാല്‍, മനഃപ്രയാസമുള്ള ആ വിധി നടപ്പാക്കേണ്ടിവരുന്നില്ല. സഹോദരിയുടെ വീട്ടിലേക്ക് പ്ലൂട്ടോയെ നാടുകടത്താനുള്ള പദ്ധതി എളുപ്പത്തില്‍ സാധ്യമാവുന്നു.
എടവനക്കാട് എന്ന ഗ്രാമം തന്നെയാണ് നോവലിന്റെ ഭൂമിക. നഗരത്തില്‍ ജോലിയും സാംസ്‌കാരിക രംഗത്ത് സ്ഥാനവും പ്രസംഗകലയില്‍ തെല്ലൊരു ആധിപത്യവും ഉള്ള കഥാനായകന്‍ താഴേത്തട്ടിലുള്ള സാധാരണക്കാരെ ഉദ്‌ബോധിപ്പിക്കാന്‍ ബാധ്യസ്ഥനാണെന്ന് സ്വയം കരുതുന്നു. മരക്ക, കൊച്ചലി തുടങ്ങിയവര്‍ ഈ അധഃകൃത വിഭാഗത്തില്‍പെടുന്നവരാണ്.
സഹോദരിയുടെ വീടിനടുത്ത് ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാൻ പോയപ്പോള്‍ നാടുകടത്തിയ പ്ലൂട്ടോയെ അവിടെ കാണുന്നു. എച്ചിലിലകള്‍ പരിശോധനക്ക് വിധേയമാക്കുന്ന തെരുവ് പട്ടികളുടെ നേതാവാണ് അവിടെ പ്ലൂട്ടോ. ആഖ്യാതാവിന്റെ വിളി കേട്ട് ഓടിവന്ന പ്ലൂട്ടോ അയാളുടെ മേല്‍ സ്‌നേഹാതിരേകത്തോടെ ചാടിവീഴുന്നു. വിവാഹവീട്ടില്‍ വലിയ ശ്രദ്ധയൊന്നും നേടാതെ പോവുന്ന കഥാനായകന് പ്ലൂട്ടോയുടെ ‘ആക്രമണം’ പുതിയൊരു ശ്രദ്ധ നേടിക്കൊടുക്കുന്നു. മിഥ്യാഭിമാനത്തില്‍നിന്ന് യഥാർഥ അഭിമാനത്തിലേക്ക് കഥാനായകന്‍ എത്തിപ്പെടുന്ന മുഹൂര്‍ത്തമാണത്.
പ്ലൂട്ടോയുടെ നിസ്വാർഥ സ്‌നേഹപ്രകടനത്തെ അതേ അളവില്‍ മാനിക്കാന്‍ കഥാനായകന് സാധിക്കുന്നില്ല. അയാള്‍ സ്വാർഥതയുടെ തടവില്‍തന്നെയാണ്. പ്ലൂട്ടോയെ കൂടെക്കൂട്ടാന്‍ കഥാനായകന്‍ തയാറാവുന്നുമില്ല. കൂടുതല്‍ ഉന്നതമായ ജോലിയില്‍ പ്രവേശിച്ചതോടെ സ്വാഭാവികമായും പ്ലൂട്ടോയെപ്പറ്റിയുള്ള ചിന്തകള്‍ ആഖ്യാതാവിനെ അലട്ടുന്നുമില്ല. പിന്നീട് മാസങ്ങള്‍ക്കുശേഷം എത്തുന്ന സഹോദരിയുടെ കത്തില്‍നിന്നാണ് പ്ലൂട്ടോയെ കാണാതായ വിവരം അറിയുന്നത്. അത് കഥാനായകനെ ദുഃഖത്തിലാഴ്ത്തുന്നു. എന്നാല്‍, ആ വേദന ആരെയും അറിയിക്കാന്‍ നിവൃത്തിയുമില്ല.
ഇതിനിടെ പല ചിന്തകളും നോവല്‍ പങ്കുവെക്കുന്നുണ്ട്. മനുഷ്യരുടെ മാനസികലോകവും മൃഗങ്ങളുടെ മാനസികലോകവും ചര്‍ച്ചയാവുന്നു. ഫ്രോയ്ഡിന്റെ മാനസികാപഗ്രഥനം കടന്നുവരുന്നു. എടവനക്കാട് എന്ന ഗ്രാമവും അവിടെയുള്ള സാധാരണക്കാരും നോവലില്‍ കടന്നുവരുന്നു. കഥാനായകന്റെ വീട്ടില്‍ അമ്മയുടെ വഴിയായും അച്ഛന്റെ സമാരംഭത്തിലും നായകളെ വളര്‍ത്തിയിട്ടുണ്ട്. അതില്‍നിന്നെല്ലാം വിഭിന്നമായ മനോവിചാരമാണ് പ്ലൂട്ടോയെ വളര്‍ത്തുന്നതിന്റെ പിന്നിലുള്ളത്. സ്വയം പരിഹസിക്കുന്നതിന്റെ വിദൂഷകത്വം നോവലിന്റെ അന്തര്‍ധാരയായി കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.