‘‘നാലു പതിറ്റാണ്ടോളം തന്റെ മോട്ടോർ സൈക്കിളിൽ ഉദയകുമാർ നടത്തിയ സാന്ത്വനപരിചരണ യാത്രകൾക്ക് പതിനായിരക്കണക്കിന് കിലോമീറ്ററുകളുടെ ദൂരത്തിന്റെ കഥപറയാനുണ്ടാകുമെന്ന്’’ മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു. െഫബ്രുവരി 14ന് അപകടത്തിൽ വിടപറഞ്ഞ ഉദയകുമാറിനെ ഓർമിക്കുന്നു. വിഖ്യാതമാണ് ചെഗുവേരയുടെ ‘മോട്ടോർ സൈക്കിൾ ഡയറീസ്’. അർജന്റീനയിലെ ഒരു മെഡിക്കൽ വിദ്യാർഥിയെന്ന നിലക്ക് ഏണസ്റ്റോ ചെഗുവേര ഒറ്റക്കും കൂട്ടുകാരൻ ആൽബെർട്ടോ ഗ്രനാഡോയുമൊത്തും ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളിലൂടെ നടത്തിയ മോട്ടോർ സൈക്കിൾ യാത്രകൾ ലോകത്തെങ്ങുമുള്ള മോട്ടോർ സൈക്കിൾ സഞ്ചാരികളുടെ മാത്രമല്ല, രാഷ്ട്രീയ വിദ്യാർഥികളുടെയും...
‘‘നാലു പതിറ്റാണ്ടോളം തന്റെ മോട്ടോർ സൈക്കിളിൽ ഉദയകുമാർ നടത്തിയ സാന്ത്വനപരിചരണ യാത്രകൾക്ക് പതിനായിരക്കണക്കിന് കിലോമീറ്ററുകളുടെ ദൂരത്തിന്റെ കഥപറയാനുണ്ടാകുമെന്ന്’’ മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു. െഫബ്രുവരി 14ന് അപകടത്തിൽ വിടപറഞ്ഞ ഉദയകുമാറിനെ ഓർമിക്കുന്നു.
വിഖ്യാതമാണ് ചെഗുവേരയുടെ ‘മോട്ടോർ സൈക്കിൾ ഡയറീസ്’. അർജന്റീനയിലെ ഒരു മെഡിക്കൽ വിദ്യാർഥിയെന്ന നിലക്ക് ഏണസ്റ്റോ ചെഗുവേര ഒറ്റക്കും കൂട്ടുകാരൻ ആൽബെർട്ടോ ഗ്രനാഡോയുമൊത്തും ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളിലൂടെ നടത്തിയ മോട്ടോർ സൈക്കിൾ യാത്രകൾ ലോകത്തെങ്ങുമുള്ള മോട്ടോർ സൈക്കിൾ സഞ്ചാരികളുടെ മാത്രമല്ല, രാഷ്ട്രീയ വിദ്യാർഥികളുടെയും ആവേശമാണ്. ലാറ്റിനമേരിക്കയുടെ മണ്ണും മനസ്സും നെഞ്ചിലേറ്റിയ ചെഗുവേരയെ വിപ്ലവത്തിന്റെ മുഖമാക്കി മാറ്റിയ യാത്രകളായിരുന്നു അത്. ലാറ്റിനമേരിക്കയിലൂടെയുള്ള ആയിരക്കണക്കിന് കിലോമീറ്റർ നീണ്ട ആ യാത്രയുടെ ഓർമക്കുറിപ്പുകൾ ഇന്ന് ചരിത്രമാണ്. അതിനെ ആസ്പദമാക്കി വാൾട്ടർ സെലാസ് സംവിധാനംചെയ്ത ‘മോട്ടോർ സൈക്കിൾ ഡയറീസ്’ (2004) ലോകമെങ്ങുമുള്ള ചെ ആരാധകരുടെ പ്രിയപ്പെട്ട സിനിമയുമാണ്.
ചെഗുവേരക്ക് മാത്രമല്ല മോട്ടോർ സൈക്കിൾ ഡയറികൾ ഉള്ളത്. ഓരോ മോട്ടോർ സൈക്കിൾ സഞ്ചാരിക്കുമുണ്ട് അവരവരുടേതായ ഒരു മോട്ടോർ സൈക്കിൾ ഡയറി, ഉദയകുമാറിനും. കേരളത്തിലെ സാന്ത്വന പരിചരണ പ്രസ്ഥാനത്തിന്റെ ഒരു അദൃശ്യ ഭൂപടംതന്നെ തെളിഞ്ഞുകിട്ടും ഉദയകുമാറിന്റെ മോട്ടോർ സൈക്കിൾ ഡയറീസ് കൂട്ടിവായിച്ചാൽ. അത് ചെഗുവേരയുടെ എന്നപോലെ ഒരു പതിനായിരം കിലോമീറ്റർ ദൂരത്തിൽ ഒതുങ്ങില്ല. നാലു പതിറ്റാണ്ടോളം കാലം തന്റെ മോട്ടോർ സൈക്കിളിൽ ഉദയകുമാർ നടത്തിയ സാന്ത്വനപരിചരണ യാത്രകൾക്ക് പതിനായിരക്കണക്കിന് കിലോമീറ്ററുകളുടെ ദൂരത്തിന്റെ കഥപറയാനുണ്ടാകും. ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങൾ സ്പർശിച്ചുകൊണ്ടാണത് കടന്നുപോയത്. അത് ഏതെങ്കിലുമൊരു ചരിത്രം രേഖപ്പെടുത്താനായിരുന്നില്ല. വേദനിക്കുന്നവർക്ക് സാന്ത്വനമേകാനുള്ള കൈത്താങ്ങുകളായിരുന്നു അതെല്ലാം. ഒരു കൈ ചെയ്യുന്നത് മറുകൈയെ അറിയിക്കാതെ ചെയ്ത യാത്രകൾ.
ഇക്കഴിഞ്ഞ െഫബ്രുവരി 14ന് ശനിയാഴ്ച രാവിലെ 11.30ന് ആ നീണ്ടയാത്രക്ക് വിരാമമായി. ‘ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം’ എന്നായിരുന്നു വാർത്തയും. ഉദയകുമാറിന്റെ വീടിനടുത്ത് താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിൽ എസ്റ്റേറ്റ് മുക്ക് പെട്രോൾപമ്പിന് മുന്നിൽെവച്ചായിരുന്നു അപകടം. ഉദയകുമാർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിച്ചിച്ച് അതിവേഗത്തിൽ കുതിച്ചെത്തിയ ഒരു ലോറി തലക്ക് മുകളിലൂടെ കയറിയിറങ്ങി ഹെൽമറ്റ് തകർത്താണ് മരണവുമായി എത്തിയത്. ബോധശൂന്യമായ ആ കുതിപ്പിൽ ആ ഡ്രൈവർ കെടുത്തിക്കളഞ്ഞത് മനുഷ്യരിൽ സാന്ത്വന പരിചരണത്തിന്റെ പ്രകാശംചൊരിഞ്ഞ ഒരു പ്രകാശത്തെ തന്നെയായിരുന്നു.
അപകടം നടന്നതിന്റെ പിറ്റേന്ന് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്ക് പുറത്ത് ഉദയകുമാറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുമ്പോൾ ദൂരദിക്കിൽനിന്നുപോലും സാന്ത്വന പരിചരണ പ്രസ്ഥാനത്തിന്റെ സന്നദ്ധസേവക പ്രവർത്തകർ വന്നെത്തിയിരുന്നു. താമരശ്ശേരി തച്ചംപൊയിലിലെ വീട്ടിൽ അന്തിമകർമങ്ങൾക്ക് അവസാന നോക്കുകാണാൻ ഒരു നാട് മുഴുവൻ ആ വീട്ടിലേക്ക് ഒഴുകിയെത്തി. അതിൽ എഴുന്നേറ്റു നടക്കാനാവാത്ത മനുഷ്യരും ഉണ്ടായിരുന്നു.
‘സജീവ പാലിയേറ്റിവ് പ്രവർത്തകൻകൂടിയാണ് ഉദയകുമാർ’ എന്ന് അദ്ദേഹത്തിന്റെ ചരമവാർത്തകളിൽ ഒരു വരിയായി പത്രങ്ങൾ ചേർത്ത ഔപചാരികമായ വാക്കുകൾക്ക് അപ്പുറത്തായിരുന്നു ആ വികാരം. ചരിത്രം ചുരുക്കിയെഴുതുന്ന പത്രഭാഷയിൽ ഒതുങ്ങില്ല ചില മനുഷ്യർ. എന്നാൽ ആ ഒറ്റവരിയിലുണ്ട് ആ ജീവിതം ബാക്കിെവച്ചതിന്റെ ആകത്തുക. അതിനപ്പുറം കാണണമെങ്കിൽ ആ ജീവിതം ഓടിത്തീർത്ത ദൂരങ്ങൾ എന്തായിരുന്നുവെന്ന് അറിയേണ്ടതുണ്ട്.
1993ൽ കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യാവിഭാഗത്തിന്റെ ചരുവിലുള്ള ഒരു ഒറ്റമുറിയിൽനിന്നും പിറവിയെടുത്ത സാന്ത്വന പരിചരണ പ്രസ്ഥാനത്തിന് അഗാധമായ സമർപ്പണത്തിന്റെ ഒരു കാണാമുഖമുണ്ട്. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ആദ്യ അധ്യക്ഷൻ, ഡോ. എം.ആർ. രാജഗോപാലിനെ ലോകം അറിയും. സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന്റെ ഡയറക്ടറായി തുടക്കം മുതൽ സേവനമനുഷ്ഠിച്ച ഡോ. കെ. സുരേഷ് കുമാറിനെയും ലോകം അറിയും. പാലിയേറ്റിവ് പ്രസ്ഥാനത്തിന്റെ മുഖങ്ങളാണ് അവർ. അതിന്റെ ആയുഷ്കാല രക്ഷാധികാരി നടൻ മമ്മൂട്ടിയും ലോകത്തിന്റെ കണ്ണിലുണ്ടാകും. എന്നാൽ, ഉദയകുമാറിനെപ്പോലുള്ളവർ അറിയപ്പെടുന്നത് മുകൾപ്പരപ്പിലല്ല, ഏറ്റവും അടിത്തട്ടിലാണ്. വേദനിക്കുന്നവർക്കും വേദനാമുക്തി തേടുന്നവർക്കുമിടയിൽ.
ഒരു പൊതുചടങ്ങിൽ ഉദയകുമാർ സംസാരിക്കുന്നു
സാന്ത്വനപ്രസ്ഥാനത്തിന്റെ യഥാർഥ ‘ഹീറോ’ സ്വന്തം ജീവിതവും സമയവും സാന്ത്വന പരിചരണത്തിനായി നീക്കിെവച്ച സന്നദ്ധസേവക പ്രവർത്തകരാണ് എന്ന മമ്മൂട്ടിയുടെ വാക്കുകൾ ഓർത്തും ചേർത്തും െവച്ചാൽ എത്ര സന്നദ്ധസേവകരുടെ പേര് ഈ ലോകത്തിന്റെ ഓർമയിലേക്ക് വന്നിട്ടുണ്ട്? ഒരുപക്ഷേ മമ്മൂട്ടി തന്നെ നേരിട്ടെത്തി ആദരിച്ച ആദ്യത്തെ മുഴുവൻസമയ പാലിയേറ്റിവ് സന്നദ്ധ സേവികമാരായ മീനയും ലിസിയും ആ ഓർമയിലുണ്ടാകും. അതിനുമപ്പുറം ആ വേദനയുടെയും സാന്ത്വനത്തിന്റെയും ചരിത്രം അദൃശ്യമാണ്. അദൃശ്യരുടെ ചരിത്രത്തിലാണ് അവരുള്ളത്.
പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ വെബ്സൈറ്റിൽപോലും ആ പ്രസ്ഥാനത്തിന്റെ ചരിത്രം കണ്ടെടുക്കാനാവില്ല, ഉദയകുമാറിനെയും. തൊഴിൽകൊണ്ട് കേരള സർക്കാറിന്റെ എക്സൈസ് ഡിപ്പാർട്െമന്റിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്നു ഉദയകുമാർ. സർവിസിൽനിന്നും വിരമിച്ചശേഷം മുഴുവൻസമയ പാലിയേറ്റിവ് പ്രവർത്തകനും സാന്ത്വന പരിചരണ സന്ദേശവാഹകനും അതിനായി നിത്യേന കിലോമീറ്ററുകൾ യാത്രചെയ്യുകയെന്നത് ദിനചര്യയുടെ ഭാഗമാക്കിയ ജീവിതവുമായിരുന്നു അദ്ദേഹത്തിന്റേത്.
ഉദയകുമാറിന്റെ ജൈവകൃഷിത്തോട്ടം
നിയമം പാലിക്കുന്നതിൽ അതീവ കൃത്യനിഷ്ഠയുള്ള മനുഷ്യനായതുകൊണ്ടുതന്നെ ഹെൽമറ്റ് ഇല്ലാതെ മോട്ടോർ സൈക്കിളിൽ ഇരിക്കുന്ന ഒരു ഫോട്ടോപോലും ആ മനുഷ്യന്റേതായി കിട്ടാനില്ല. ഹെൽമറ്റ് െവച്ച് ഇരിക്കുന്ന ചിത്രങ്ങൾ കോഴിക്കോട്ടെ സാന്ത്വന പരിചരണ പ്രസ്ഥാനത്തിനൊപ്പം മിക്കവാറും തുടക്കം മുതൽക്കുതന്നെ ഫാർമസിസ്റ്റ് ആയിരുന്ന ലീനയുടെ മകൻ എവിൻ എടുത്ത ചിത്രങ്ങളാണ്. ചിത്രങ്ങളിൽ ഇടംപിടിക്കാൻ കുതിച്ചോടുന്ന സ്വഭാവം തീരെ ഇല്ലാത്തതുകൊണ്ട് തന്നെ പല പാലിയേറ്റിവ് പരിപാടികളിലെയും മുൻനിരകളിലോ വേദികളിലോ ഉള്ള ചിത്രങ്ങൾ കണ്ടുകിട്ടാൻ പ്രയാസവുമാണ്. കഷ്ടിച്ച് ഒരു ഫോട്ടോയാണ് കിട്ടിയത്.
നിറഞ്ഞ പുഞ്ചിരിയോടെ മോട്ടോർ ബൈക്കിൽ വരുന്ന ഉദയകുമാർ പാലിയേറ്റിവ് പ്രവർത്തകർക്കെല്ലാം സ്നേഹംതുളുമ്പുന്ന ഒരോർമയാണ്. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിന് ഇന്ന് ലക്ഷക്കണക്കിന് വളന്റിയർമാരുണ്ട്. എന്നാൽ, വിരലിൽ എണ്ണാവുന്ന സന്നദ്ധ സേവകർ മാത്രമുണ്ടായിരുന്ന തൊണ്ണൂറുകളിൽ, കോഴിക്കോട് മെഡിക്കൽ കോളജിലെ ഒറ്റമുറിക്കാലത്ത് എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന ഉദയകുമാർ തന്റെ മോട്ടോർ ബൈക്കിൽ വന്ന് തന്നാലാവുന്നതെല്ലാം ആ പ്രസ്ഥാനത്തിനുവേണ്ടി ചെയ്തു. അതിന്റെ വളർച്ചയിൽ, സ്നേഹം നിറഞ്ഞ ആദ്യകാല കൂട്ടായ്മയിൽ ഉദയകുമാറിന്റെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നുണ്ട്. 2004 കാലത്ത് Kozhikode initiative in palliative care (KIP) സെക്രട്ടറിയുമായിരുന്നു. ഞാൻ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ചെയർമാനായി നിന്നിരുന്ന കാലത്തെല്ലാം എവിടെയായിരുന്നാലും ഒരു ഫോൺകോൾ അകലത്ത് ഉദയേട്ടൻ ഉണ്ടായിരുന്നു. വിലപിടിപ്പുള്ള ആ കരുത്തിന്റെ സാന്ത്വനം നേരിട്ടനുഭവിക്കാൻ ഇടവന്ന കാലമായിരുന്നു അത്.
മണ്ണിലിറങ്ങി പണിയെടുക്കുന്ന ഒരു മികച്ച ജൈവ കർഷകനായിരുന്നു ഉദയകുമാർ. താൻ കൃഷിചെയ്ത ജൈവവിളകൾ പാലിയേറ്റിവിലെ സുഹൃത്തുക്കൾക്ക് കൊണ്ടുക്കൊടുത്ത് അതിന്റെ രുചി വ്യത്യാസവും ഗുണമേന്മയും തീറ്റിപ്പഠിപ്പിച്ച ജൈവകൃഷി പ്രചാരകനുമായിരുന്നു. 2008ൽ എന്റെ ജീവിതപങ്കാളി ദീദി അർബുദരോഗബാധിതയായിരുന്ന കാലത്ത് അതിനെ അതിജീവിക്കാൻ അവൾക്കുവേണ്ടി ഉദയകുമാർ സ്ഥിരമായി കൊണ്ടുത്തന്ന പല പച്ചക്കറികളും വ്യക്തിപരമായി ഒരു കാലത്തിന്റെ സ്നേഹസ്മരണകളാണ്. അത് സ്വന്തം ഉത്തരവാദിത്തം എന്നപോലെയാണ് അതൊക്കെ കൊണ്ടുത്തന്നിരുന്നത്. എന്നാലത് ഏതെങ്കിലും ചില സുഹൃത്തുക്കൾക്കുമാത്രം ചെയ്തുകൊടുക്കുന്ന ഔദാര്യങ്ങളായിരുന്നില്ല. പാലിയേറ്റിവ് കെയർ നെറ്റ് വർക്കിൽ ഉദയകുമാറിന്റെ ജൈവ കർഷക ഉൽപന്നങ്ങളുടെ രുചി അറിയാത്തവരുണ്ടാകില്ല.
തനിക്കായി ഭൂമിയിലെ ജീവിതം ബാക്കിെവച്ച ഓരോ നിമിഷവും മനുഷ്യർക്കും സാന്ത്വനമാകുന്ന ഭൂമിയെ പച്ചപിടിപ്പിക്കുന്ന ചുമതല സ്വയമേറ്റെടുത്ത് സമയം ചെലവിട്ട മനുഷ്യനായിരുന്നു ഉദയകുമാർ. ഈ ലോകം എങ്ങനെയായിരുന്നാലും ലഭ്യമായ സമയം നന്മനിറഞ്ഞ പ്രവൃത്തികളിൽ മുഴുകുന്ന, മാനസിക പരിവർത്തനം വന്ന കുറസോവയുടെ ‘ഇക്കിറു’വിലെ നായകനെ ഓർമിപ്പിക്കുന്ന പച്ച മനുഷ്യനായിരുന്നു അദ്ദേഹം.
സംവിധായകൻ ഹരിഹരന്റെ അമ്മാവന്റെ മകനാണ് ഉദയകുമാർ. അതുകൊണ്ടുതന്നെ ഞങ്ങളുടെ സൗഹൃദത്തിനിടയിലേക്ക് കാണുന്ന സിനിമകളും സിനിമാവർത്തമാനങ്ങളും എപ്പോഴും കടന്നുവന്നിരുന്നു. താമരശ്ശേരി തച്ചംപൊയിൽ തൈക്കണ്ടിയിൽ പരേതനായ പത്മനാഭൻ നമ്പീശന്റെയും പരേതയായ ബ്രാഹ്മണി അമ്മയുടെയും മകനാണ്. അപകടത്തിൽ മരിക്കുമ്പോൾ 70 വയസ്സായിരുന്നു. കരുവമ്പൊയിൽ ഗവ. യു.പി സ്കൂളിലെ അധ്യാപികയായിരുന്ന ഗീതയാണ് ജീവിതപങ്കാളി. ഇസ്ജി കൺസൽട്ടന്റ് അപർണയാണ് ഏക മകൾ. കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ ക്രൗൺ തിയറ്റർ ഉടമയും യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ കരിയർ ട്രെയിനറുമായ വിനോദാണ് മരുമകൻ, അപർണയുടെ ജീവിതപങ്കാളി.
കണ്ണൂർ എസ്.എൻ കോളജ് വിദ്യാർഥിയായിരുന്ന തന്റെ ജീവിതപങ്കാളിയെ അവിടെ നടക്കുന്ന പൂർവ വിദ്യാർഥി സംഗമത്തിലേക്ക് പോകാൻ മോട്ടോർ ബൈക്കിൽ തച്ചംപൊയിലിൽ ഇറക്കി എകരൂൽ എന്ന സ്ഥലത്തേക്ക് ഒരു രോഗിയെ കാണാൻ പോകുന്ന വഴിയിലാണ് അശ്രദ്ധമായി കുതിച്ചെത്തിയ ലോറി ആ ജീവനെടുക്കുന്നത്. അപകടത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ വിനോദും അപർണയും ശേഖരിച്ചിട്ടുണ്ട്. വ്യക്തമാണ് ആ മരണം എങ്ങനെ സംഭവിച്ചുവെന്ന്. കേരളത്തിലെ പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിന്റെ ആദ്യത്തെ രക്തസാക്ഷികളിൽ ഒരാളായി തന്നെ വേണം ആ മരണത്തെ കണക്കാക്കാൻ.
അതിന്റെ നഷ്ടം കേരളത്തിലെ മുഴുവൻ സാന്ത്വന പരിചരണ പ്രസ്ഥാനത്തിനുമാണ്. പാലിയേറ്റിവ് സന്നദ്ധ സേവകർക്ക് ഇനിയും വേദന അനുഭവിക്കുന്ന മനുഷ്യരിലേക്ക് മോട്ടോർ സൈക്കിൾ സഞ്ചാരം നടത്തിയേ തീരൂ. അതിനായി നിയമം പാലിച്ച് വണ്ടിയോടിക്കുന്ന റോഡുകളും ഡ്രൈവർമാരും ഇവിടെ ഉണ്ടാകേണ്ടതുണ്ട്. ജീവനെടുക്കുന്ന ഡ്രൈവർമാർക്ക് വാഹനവുമായി വീണ്ടും റോഡിലിറങ്ങാവുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. അതിനായുള്ള ഒരു പ്രചാരണ പ്രവർത്തനത്തിന് തുടക്കമിടാനാണ് അപർണയും വിനോദും തീരുമാനിച്ചിരിക്കുന്നത്. ഉദയകുമാറിന്റെ രക്തസാക്ഷിത്വത്തിന് അർഹമായ നീതി അങ്ങനെ മാത്രമേ കൈവരൂ. കേരളത്തിലെ മുഴുവൻ സാന്ത്വന പരിചരണ പ്രവർത്തകരുടെയും ശ്രദ്ധയും ശബ്ദവും ഈ വിഷയത്തിൽ ഉണ്ടാകേണ്ടതുണ്ടെന്ന് ഉദയകുമാറിന്റെ കുടുംബം പ്രതീക്ഷിക്കുന്നുണ്ട്. ഒരായുസ്സ് ആ പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച ഒരു മഹത് വ്യക്തിയുടെ മരണാനന്തര നീതിക്കായി സമൂഹം കൈകോർക്കേണ്ട നിമിഷമാണത്. സ്മാരകങ്ങൾ അങ്ങനെയാണുണ്ടാകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.