പി.കെ. ബാലകൃഷ്ണന്റെ ആകാശങ്ങള്‍

‘‘മലയാളത്തിലെ നോവൽ സാഹിത്യത്തെക്കുറിച്ച് ഗാഢമായി ചിന്തിക്കുകയും ഭാവിതലമുറക്കുകൂടി പ്രയോജനപ്രദമാകുന്നതരത്തില്‍ നോവലിനെക്കുറിച്ച് ഗംഭീരമായൊരു പുസ്തകം എഴുതുകയും ചെയ്തത് ബാലകൃഷ്ണനിലെ നോവലിസ്റ്റല്ല, തന്റെ മാതൃഭാഷയിലും ഉന്നതമായ രചനകള്‍ സംഭവിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ച ഒരു വലിയ വായനക്കാരനാണ്’’ –കഥാകൃത്തും നോവലിസ്റ്റുമായ ഇ. സന്തോഷ് കുമാറിന്റെ ​​ശ്രദ്ധേയമായ നിരീക്ഷണം. പി.കെ. ബാലകൃഷ്ണനെക്കുറിച്ചോര്‍ക്കുമ്പോള്‍ രണ്ടു സംജ്ഞകളാണ് എപ്പോഴും മനസ്സില്‍ വരുന്നത്. ഇംഗ്ലീഷില്‍ പറയുകയാണെങ്കില്‍ Polymath എന്നും Public Intellectual എന്നുമാണ് അവ. അനേകം വിഷയങ്ങളില്‍ അഗാധമായ അറിവും ശ്രദ്ധയുമുള്ള ആളുകളെയാണ് Polymath...

‘‘മലയാളത്തിലെ നോവൽ സാഹിത്യത്തെക്കുറിച്ച് ഗാഢമായി ചിന്തിക്കുകയും ഭാവിതലമുറക്കുകൂടി പ്രയോജനപ്രദമാകുന്നതരത്തില്‍ നോവലിനെക്കുറിച്ച് ഗംഭീരമായൊരു പുസ്തകം എഴുതുകയും ചെയ്തത് ബാലകൃഷ്ണനിലെ നോവലിസ്റ്റല്ല, തന്റെ മാതൃഭാഷയിലും ഉന്നതമായ രചനകള്‍ സംഭവിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ച ഒരു വലിയ വായനക്കാരനാണ്’’ –കഥാകൃത്തും നോവലിസ്റ്റുമായ ഇ. സന്തോഷ് കുമാറിന്റെ ​​ശ്രദ്ധേയമായ നിരീക്ഷണം.

പി.കെ. ബാലകൃഷ്ണനെക്കുറിച്ചോര്‍ക്കുമ്പോള്‍ രണ്ടു സംജ്ഞകളാണ് എപ്പോഴും മനസ്സില്‍ വരുന്നത്. ഇംഗ്ലീഷില്‍ പറയുകയാണെങ്കില്‍ Polymath എന്നും Public Intellectual എന്നുമാണ് അവ. അനേകം വിഷയങ്ങളില്‍ അഗാധമായ അറിവും ശ്രദ്ധയുമുള്ള ആളുകളെയാണ് Polymath എന്നു വിളിക്കുക. ഓരോ മേഖലയും വിസ്തൃതമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് അങ്ങനെ വിവിധങ്ങളായ വിഷയങ്ങളില്‍ താൽപര്യമുണ്ടാകുക എന്നതുപോലും അത്ര എളുപ്പമുള്ള കാര്യമല്ല. ബാലകൃഷ്ണന്‍ ഏറക്കുറെ അതു സാധിച്ചെടുത്ത ഒരാളായിരുന്നു. ഒരുപക്ഷേ, അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന സോഷ്യലിസ്റ്റ് കക്ഷിയില്‍ തുടര്‍ന്നുപോയിരുന്നുവെങ്കില്‍ നമ്മുടെ രാഷ്ട്രീയമണ്ഡലത്തിലെ ധിഷണാസാന്നിധ്യമായി അദ്ദേഹം മാറുമായിരുന്നു. പക്ഷേ, അദ്ദേഹം അതില്‍നിന്നും പിന്മാറി, ആരോടും പരിഭവമില്ലാതെ. സ്ഥാനങ്ങള്‍ വന്നുചേരാത്തതുകൊണ്ടല്ല അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ചത്; എഴുത്തിനും വായനക്കും വേണ്ടിയായിരുന്നു.

അങ്ങനെ അദ്ദേഹം സാഹിത്യത്തില്‍ പ്രവര്‍ത്തിച്ചു. രണ്ടേ രണ്ടു നോവലുകളേ എഴുതിയിരുന്നുള്ളൂ എങ്കിലും മലയാളത്തിലെ വലിയ നോവലിസ്റ്റുകളിലൊരാളായി മാറി. ഗദ്യകാവ്യനിരൂപണശാഖയില്‍ പ്രവര്‍ത്തിക്കുകയും ഉജ്ജ്വലമായ ലേഖനങ്ങളും പുസ്തകങ്ങളും എഴുതുകയും ചെയ്തു. അദ്ദേഹം നിര്‍ഭയനായ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. പേരുകേട്ട പ്രഭാഷകനായിരുന്നു. അക്കാദമിക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നില്ലെങ്കിലും കേരളത്തിലെ ചരിത്രകാരന്മാര്‍ക്കിടയില്‍ സ്വന്തമായൊരു ഇരിപ്പിടം നേടിയെടുത്തു. ഇവിടെയെല്ലാം അദ്ദേഹം വിമര്‍ശനത്തിന് അതീതനായിരുന്നു എന്നല്ല വിവക്ഷ. പക്ഷേ, ദീര്‍ഘകാലത്തെ പ്രയത്നം അദ്ദേഹത്തെ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അനിഷേധ്യമായൊരു സാന്നിധ്യമാക്കി രൂപപ്പെടുത്തി എന്നുള്ളത് നിസ്തര്‍ക്കമാണ്.

അദ്ദേഹത്തെക്കുറിച്ച് പറയാവുന്ന രണ്ടാമത്തെ വിശേഷണം സ്വതന്ത്രനായ ബുദ്ധിജീവി എന്നുള്ളതാണ്. Public Intellectual. പോയ നൂറ്റാണ്ടിന്‍റെ മധ്യകാലത്ത് ദേശവിദേശങ്ങളില്‍ അത്തരം മനുഷ്യരുടെ വലിയൊരു നിരയുണ്ടായിരുന്നു. അനേകതരം സങ്കുചിതത്വങ്ങള്‍ക്കപ്പുറത്തുനിന്നുകൊണ്ട് മാനവികതയെക്കുറിച്ചു സംസാരിക്കാന്‍ ശേഷിയുള്ളവര്‍. സ്വന്തം മനഃസാക്ഷിയോടല്ലാതെ മറ്റാരോടും അവര്‍ക്കു കെട്ടുപാടുകളുണ്ടായിരുന്നില്ല. പണമോ പദവികളോ പുരസ്കാരങ്ങളോ അവരെ നിശ്ശബ്ദരാക്കിയിരുന്നില്ല. പലപ്പോഴും അത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ അവയെയെല്ലാം അവഗണിക്കാന്‍ അവര്‍ക്കു കെൽപുണ്ടായിരുന്നു. കേസരി മുതല്‍ സി.ജെയും ഗോവിന്ദനും ഒ.വി. വിജയനും ആനന്ദും വരെയുള്ള ഒരു നിര നമ്മുടെ മനസ്സില്‍ പെട്ടെന്നു വന്നേക്കും. ഒറ്റനോട്ടത്തില്‍ ഇവരെല്ലാവരും പല മാതിരിയുള്ള പ്രത്യയശാസ്ത്രനിബന്ധനകള്‍ക്കു പുറത്തായിരുന്നു എന്നത് ആകസ്മികതയാവാനിടയില്ല.

 

തകഴി

പുറത്ത് നെടുകൂറ്റന്‍ വ്യവസ്ഥകള്‍ക്കുള്ളില്‍ മഴ പെയ്യുമ്പോള്‍ ഇവിടെയിരുന്നും കുട പിടിക്കേണ്ട എന്നൊരു വലിയ സൗകര്യം ഈ സ്വാതന്ത്ര്യം അവര്‍ക്കു സമ്മാനിച്ചിരുന്നു. ഇക്കാലത്തെപ്പോലെ സമൂഹമാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ആവശ്യത്തിനുവേണ്ട ചാപ്പയൊക്കെ അവര്‍ക്കും ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. പക്ഷേ, അവര്‍ക്കുണ്ടായിരുന്ന സത്യസന്ധതയുടെയും ആർജവത്തിന്‍റെയും ഗരിമകള്‍ ആ മുദ്രകളെയെല്ലാം നിരാകരിച്ചു. ഭരണകൂടം ഏര്‍പ്പെടുത്തുന്ന അദൃശ്യമായൊരു സെന്‍സറിങ്ങിന്‍റെ കാലമാണിത്. എന്നാല്‍, അതിലുപരി ബുദ്ധികൊണ്ടു പ്രവര്‍ത്തിക്കുന്നവര്‍ പലപ്പോഴും സ്വാർഥതയുടേതായ ഒരു സ്വയം സെന്‍സറിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുന്ന അപകടകരമായൊരു വ്യവസ്ഥകൂടി നാം സ്വയം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഓരോ നിലപാടിനും നാം പലതരം സാധൂകരണങ്ങളെ പ്രതീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. അതു സ്റ്റേറ്റിന്‍റെ മാത്രമാവണമെന്നില്ല. അങ്ങനെ, സ്വതന്ത്രബുദ്ധിജീവികളുടെ തിരോധാനം നാം ഇന്നു നേരിടുന്ന വ്യവസ്ഥാപരമായ ഒരു തോല്‍വിയുടെ ഭാഗമാണെന്നു കരുതണം.

സാഹിത്യാസ്വാദനത്തിന്‍റെ കാര്യത്തില്‍ കറകളഞ്ഞ ഒരു വ്യക്തിവാദിയായിരുന്നു പി.കെ. ബാലകൃഷ്ണന്‍. ചരിത്രത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും മേഖലകളില്‍ ഏറ്റവും നവീനമായ ചില ആശയങ്ങള്‍ക്കൊപ്പം നിലകൊണ്ടിരുന്ന കാലത്തും കലയുടെ കാര്യം വരുമ്പോള്‍ അത്തരം നിലപാടുകളെ നിരാകരിക്കാന്‍ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല. കല സമൂഹത്തിന്‍റെ സൃഷ്ടിയേ അല്ല എന്നൊരു വാദം അറുപതുകളില്‍ ഉന്നയിക്കാന്‍ അസാമാന്യമായ ധീരത ആവശ്യമായിരുന്നു. വ്യക്തി നിർമിക്കുന്ന സൗന്ദര്യത്തെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. തിളച്ചുമറിയുന്ന ഒരു കാലത്തില്‍ നിൽക്കുമ്പോഴും സാഹിത്യത്തിന്‍റെ സൗന്ദര്യത്തെക്കുറിച്ചു പറയാന്‍ അദ്ദേഹം ശ്രമിച്ചു. അദ്ദേഹം എഴുതുന്നു: ‘‘സൗന്ദര്യത്തെക്കുറിച്ച് സദാപി മനസ്സിലാക്കേണ്ട ഒരനിഷേധ്യസത്യമുണ്ട്.

പ്രയോജനങ്ങള്‍ക്കായി മനുഷ്യവര്‍ഗം ആവിഷ്കരിച്ച പ്രയോജനപരമായ ഒരു മൂല്യമല്ല സൗന്ദര്യം. സ്വയംഭൂവായ ഒരു കേവലമൂല്യമാണത്. സൗന്ദര്യമൂല്യത്തോടുള്ള ആഭിമുഖ്യം പലരും കരുതുന്നതുപോലെ മനുഷ്യന്‍റെ വര്‍ഗപരമായ സിദ്ധിയല്ല. മനുഷ്യവ്യക്തിയുടെ ഒരു മാനസിക കഴിവോ, മാനസിക പരാധീനതയോ ആണത്. (പരാധീനതയെന്നു പറയുന്നതാവും കൂടുതല്‍ ശരിയെന്നു തോന്നുന്നു.)’’ അദ്ദേഹം താന്‍ ആഴത്തില്‍ പഠിച്ച ആശാനെ ഉദാഹരണമായിട്ടെടുത്തു. സൗന്ദര്യാത്മക കവിയാണ് ആശാന്‍ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ആശാന്‍കൃതികളില്‍ നോക്കുമ്പോള്‍ കൂട്ടത്തില്‍ ‘‘തരംതാഴ്ന്ന ‘ചണ്ഡാലഭിക്ഷുകി’യിലും ‘ദുരവസ്ഥ’യിലുമല്ലാതെ’’ (അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍) കേരളീയ സമൂഹത്തിലെ നാനാതരം നീറുന്ന പ്രശ്നങ്ങളെപ്പറ്റിയോ യാതൊരു സൂചനയുമില്ല എന്ന് അദ്ദേഹം സൂചിപ്പിക്കുന്നത് അതിനു തെളിവായിട്ടാണ്.

മലയാളത്തിലെ നോവൽ സാഹിത്യത്തെക്കുറിച്ച് ഗാഢമായി ചിന്തിക്കുകയും ഭാവിതലമുറക്കുകൂടി പ്രയോജനപ്രദമാകുന്ന തരത്തില്‍ നോവലിനെക്കുറിച്ച് ഗംഭീരമായൊരു പുസ്തകം എഴുതുകയുംചെയ്തത് ബാലകൃഷ്ണനിലെ നോവലിസ്റ്റല്ല, തന്‍റെ മാതൃഭാഷയിലും ഉന്നതമായ രചനകള്‍ സംഭവിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിച്ച ഒരു വലിയ വായനക്കാരനാണ്. ‘സിദ്ധിയും സാധനയും’ എന്ന പുസ്തകത്തെപ്പോലെ നോവലുകളെക്കുറിച്ചും അവയുടെ രചനാരീതി, കഥാപാത്ര ചിത്രീകരണം, ഒരു നോവലിനു പിന്നിലുള്ള സിദ്ധിയും അധ്വാനവും: ഇങ്ങനെ അനേകവിഷയങ്ങള്‍ നിബന്ധിച്ച മറ്റൊരു പുസ്തകം ആറു ദശകത്തിനുശേഷം ഇപ്പോഴും മലയാളത്തിലില്ല. കാല്‍വിനോയും യോസയും മുറാകാമിയും സ്റ്റീഫന്‍ കിങ്ങും കുന്ദേരയും പാമുക്കുമടക്കമുള്ള നോവലിസ്റ്റുകള്‍ വിദേശഭാഷകളില്‍ എഴുതിയ കൃതികള്‍ വരുന്നതിനുമുമ്പ് നമ്മുടെ ഭാഷയില്‍ വന്ന ഈ പുസ്തകം മലയാളത്തിലെ ഒരു രചനാകൈപ്പുസ്തകമായും വായനാസഹായിയായുമുള്ള അതിന്‍റെ പദവി വരുംനാളുകളിലും തുടരും എന്നുള്ളത് ഉറപ്പാണ്.

സഹജസിദ്ധി, നിരന്തരസാധന; ഇവയാണ് പി.കെ. ബാലകൃഷ്ണന്‍ ഈ പുസ്തകത്തിലൂടെ ഒരു നോവലിസ്റ്റിന് അവശ്യം വേണ്ട ഗുണങ്ങളായി എണ്ണുന്നത്. അത്രയൊന്നും പ്രാധാന്യമില്ലാതെ പോയ അദ്ദേഹത്തിന്‍റെ ആദ്യ നോവല്‍ പുറത്തുവന്നു കഴിഞ്ഞിരുന്നു. താന്‍ സവിസ്തരം പഠിക്കുകയോ എഴുതുകയോ ചെയ്ത സി.വി. രാമന്‍പിള്ള, ചന്തുമേനോന്‍, ബഷീര്‍, തകഴി എന്നിവരുടെ കൃതികളെക്കൂടി മനസ്സില്‍വച്ചുകൊണ്ട് അദ്ദേഹം ആ പുസ്തകത്തില്‍ എത്തുന്ന നിഗമനം മലയാളത്തില്‍ നല്ല നോവലുകളുണ്ട്, എന്നാല്‍ മഹത്തായ നോവലുകള്‍ ഇല്ല എന്നതായിരുന്നു. മലയാളത്തില്‍ ഒന്നുമില്ല എന്നു പറയാന്‍ വേണ്ടിമാത്രം വിദേശപുസ്തകങ്ങളെക്കുറിച്ചെഴുതുന്ന വ്യാജവായനക്കാരനായിരുന്നില്ല അദ്ദേഹം.

അതുകൊണ്ടാണ് രണ്ടു ദശകം കഴിയുമ്പോള്‍ ‘തകഴിയുടെ കയറിലേക്ക് ഒരു നടപ്പാത’ എന്ന ലേഖനത്തില്‍ ‘ചില പരിമിതികളുടെ നേര്‍ക്കു കണ്ണടച്ചുകൊണ്ടു പറയുകയാണെങ്കില്‍, ഈവ ആന്‍ഡ്രിച്ചിന്‍റെ ‘ഡ്രീനാനദിയിലെ പാലം’ എന്ന ലോകപ്രശസ്ത പുരാവൃത്ത നോവലിനോട് ശിൽപസാദൃശ്യമുള്ള ഈ കൃതി (കയറിന്‍റെ ഒന്നാം ഭാഗം) മഹത്തായ ആ നോവലിനു സമശീര്‍ഷമാണെന്നു പറയാന്‍ എനിക്കു സങ്കോചമില്ല എന്നു വ്യക്തമാക്കുന്നത്. ‘സിദ്ധിയും സാധനയും’ പുറത്തുവന്നതിനുശേഷമുള്ള ദശകങ്ങളിലാണ് നമ്മുടെ നോവൽ സാഹിത്യത്തില്‍ ആധുനികരുടെ വലിയ കുതിപ്പുകള്‍ക്കു സഹായിച്ച ചില കൃതികള്‍ ഉണ്ടാവുന്നത്. ഖസാക്കും ആള്‍ക്കൂട്ടവും മയ്യഴിപ്പുഴയുടെ തീരങ്ങളും സ്മാരകശിലകളും പാണ്ഡവപുരവും ശേഷക്രിയയും പ്രകൃതിനിയമവും പോലുള്ള രചനകള്‍. അല്ലെങ്കില്‍ അവയെത്തുടര്‍ന്നുവന്ന എണ്‍പതുകളിലെ ഉത്തരാധുനികനോവലുകള്‍. അവയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിചാരങ്ങളോ വിമര്‍ശനങ്ങളോ കണ്ടിട്ടില്ല. ഒരു പക്ഷേ, എന്‍റെ വായനയില്‍ വരാത്തതാവാം.

ഭൂതകാലത്തിന്‍റെ ആരാധകരായിത്തീര്‍ന്നിട്ടുള്ള ഒരു സമൂഹത്തിനോടൊപ്പമാണ് ഇന്നു നമ്മുടെ സഹവാസം. പുരാണങ്ങളെയും ഇതിഹാസങ്ങളെയും മതഗ്രന്ഥങ്ങളെയുമൊക്കെ അനിഷേധ്യസത്യങ്ങളായി കാണുന്ന ഒരു ദുരന്തം ഇതിനെത്തുടര്‍ന്നുണ്ടാവുന്നു. ഭൂതകാലത്തെ നിഷേധിക്കുന്നവര്‍പോലും പുരാണങ്ങളിലെ വസ്തുനിഷ്ഠതയെക്കുറിച്ചും രാഷ്ട്രീയ അനീതികളെക്കുറിച്ചും ചര്‍ച്ചചെയ്യാനാണ് തങ്ങളുടെ ഊര്‍ജം വ്യയംചെയ്യുന്നതെന്നു കാണാം. ഭൂതകാലഭ്രമങ്ങളില്‍ നിവസിക്കുന്നവര്‍ ഒരുക്കിയ ഒരു കെണിയില്‍ നമ്മുടെ ചിന്തകരെല്ലാം വീണുപോയതുപോലുണ്ട്.

ബാലകൃഷ്ണന്‍ പുരാണേതിഹാസങ്ങളെ ആഴത്തില്‍ അറിഞ്ഞ്, അവയെ അധികരിച്ച് സാഹിത്യരചന നടത്തിയ ഒരാളായിരുന്നു. പക്ഷേ, അത്തരം കൃതികളെ മഹത്തായ സാഹിത്യമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്, സുവിശേഷ പുസ്തകങ്ങളായിട്ടല്ല. അതുകൊണ്ടുതന്നെ രാവണനെ നായകനാക്കി ദ്രാവിഡ രാഷ്ട്രീയക്കാര്‍ ഉന്നയിക്കുന്ന രാഷ്ട്രീയനാടകങ്ങളെ ‘വള്‍ഗാരിറ്റി’ എന്നു വിളിക്കാന്‍ അദ്ദേഹം അരക്ഷണംപോലും മടിച്ചില്ല. മഹത്തായ ഇതിഹാസ കൃതികളില്‍ ആഴവും ഔന്നത്യവുമുള്ള കഥാസന്ദര്‍ഭങ്ങള്‍, മനുഷ്യാവസ്ഥകള്‍, കഥാപാത്ര നിർമിതി: ഇവയൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ താൽപര്യം. സാഹിത്യത്തില്‍ ഭക്തിമാര്‍ഗം എന്നത് പായല്‍പ്രതലത്തിലേക്ക് നൈമിഷികമായി കണ്‍പായിക്കുന്നതു മാത്രമാണെന്ന് അദ്ദേഹം തന്‍റെ ലേഖനങ്ങളിലൂടെ സ്ഥാപിച്ചെടുത്തു.

 

തന്‍റെ സാഹിത്യലേഖനങ്ങളില്‍ കൽപനകളുടെയും നിരീക്ഷണങ്ങളുടെയും ഇന്ദ്രധനുസ്സുകള്‍ പായിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഉദാഹരണമായി കാരൂരിന്‍റെ കഥകളിലെ ലൈംഗികസ്പര്‍ശത്തെക്കുറിച്ചെഴുതിയത് ഉദാഹരിക്കാമെന്നു തോന്നുന്നു. ‘കാമം: കാരൂര്‍ക്കഥകളില്‍’ എന്ന ലേഖനത്തില്‍ അദ്ദേഹം കാരൂരിനെ അസാധാരണനായ ഒരു പാമ്പാട്ടിയോട് ഉപമിച്ചു. ‘‘ചോരത്തിളപ്പുള്ള ഇരുപതുവയസ്സിലും പക്വതയാര്‍ന്ന എഴുപതുവയസ്സിലും ഒരുപോലെ വാർധക്യഭാവമാര്‍ന്ന ആളാണ് ഈ പാമ്പാട്ടി. രാജമൂര്‍ഖനെപ്പോയിട്ട് ഒരു ഞാഞ്ഞൂലിനെ തൊടാന്‍ ഇയാള്‍ക്ക് കൈക്കരുത്ത് പോരെന്ന തോന്നലാണ് നമുക്ക് ആദ്യന്തം.

പക്ഷേ, ലോകത്തിലെ അത്യുഗ്രന്മാരായ എല്ലാ വിഷപ്പാമ്പുകളും ഇയാളുടെ പഴകിദ്രവിച്ച കൂടകളിലുണ്ട്. വെറ്റിലക്കറ പിടിച്ചു ദ്രവിച്ച പല്ലുകളില്‍ നിഷ്കളങ്കമായ ഒരു വിഡ്ഢിച്ചിരിയുമായി ഉഗ്രഭീകരങ്ങളായ ഈ രാജസര്‍പ്പങ്ങളെ ഇയാള്‍ തെരുവുകവലകളില്‍ ​െവച്ചു കളിപ്പിക്കുന്നു. ഇയാളുടെ മട്ടും ഭാവവും കണ്ടാല്‍ ആ രാജമൂര്‍ഖന്മാര്‍ കൊതുകിനേക്കാള്‍ നിരുപദ്രവങ്ങളാണെന്നു നമുക്കു തോന്നും. കുടപോലെ വിടര്‍ന്നു വര്‍ണപ്പകിട്ടേറിയ ഫണങ്ങളുമായി ആ പാവം പാമ്പാട്ടിയുടെ പേച്ചിനൊത്തു നിന്നാടുന്ന ആ രാജസര്‍പ്പങ്ങള്‍ കാണുന്നവര്‍ക്കു മനോഹരമായ ദൃശ്യമാണ്. സീല്‍ക്കാരത്തില്‍പ്പോലും മരണത്തിന്‍റെ പരാഗം വഹിക്കുന്ന സര്‍പ്പങ്ങളെ കൈകാര്യംചെയ്യുന്ന ഈ വൈഭവത്തിന് മാത്രമായി കാരൂര്‍ എന്നും വാഴ്ത്തപ്പെടുമെന്ന് എനിക്കു തോന്നുന്നു.’’ പി.കെ. ബാലകൃഷ്ണന്‍റെ സ്മരണയെ ആദരിക്കുന്നതുപോലും ഇക്കാലത്ത് ഒരു വലിയ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.

(2025 നവംബര്‍ 30ന് കേന്ദ്ര സാഹിത്യ അക്കാദമിയും വൈക്കം മുഹമ്മദ് ബഷീര്‍ ട്രസ്റ്റും സംയുക്തമായി തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച പി.കെ. ബാലകൃഷ്ണന്‍ ജന്മശതാബ്ദി സെമിനാറിൽ നടത്തിയ ഉദ്ഘാടന പ്രഭാഷണം) 

Tags:    
News Summary - P.K. Balakrishnan's birth centenary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.