കേരളത്തിലെ അതിസുരക്ഷാ ജയിലിലും മറ്റും എന്താണ് നടക്കുന്നത്? എന്താണ് ചട്ടങ്ങൾ? എന്താണ് തടവുകാരുടെ അവസ്ഥ? –രാഷ്ട്രീയ തടവുകാരനായിരുന്ന ലേഖകൻ നടത്തുന്ന വിമർശനവും നിരീക്ഷണങ്ങളും.
ചട്ടം 229ൽ പറയുന്നു; “ഉറങ്ങാനുപയോഗിക്കുന്ന വാർഡുകളിലെ സെല്ലുകളിലും പകൽസമയം നന്നായി വായുസഞ്ചാരം നടക്കുന്നതിനായി തുറന്നിടേണ്ടതും തടവുകാർ വീണ്ടും പ്രവേശിക്കുന്നത് തടയുന്നതിനായി വാതിൽ പൂട്ടി സൂക്ഷിക്കേണ്ടതുമാണ്. വാർഡുകളും സെല്ലുകളും ഉച്ചക്കു ശേഷം വീണ്ടും തുറക്കേണ്ട ആവശ്യം വരുന്നതുവരെ താക്കോൽ അലമാരയിലോ താക്കോൽ പെട്ടിയിലോ സൂക്ഷിക്കേണ്ടതാണ്. അവശരായ തടവുകാരെയും, ഏൽപിച്ച പണി ചെയ്യുവാൻ തയാറാകാത്ത തടവുകാരെയും സൂക്ഷിക്കുന്നതിനായി ഒരു പ്രത്യേക ബ്ലോക്ക് ഉണ്ടായിരിക്കേണ്ടതാണ്.”
ഒരേസമയം അടച്ചുവെക്കുകയും തുറന്നുവെക്കുകയും ചെയ്യേണ്ടിവരുന്ന ഒരു സെല്ലിന്റെ/ വാർഡിന്റെ വാതിൽ ഒരു മാജിക് വാതിൽ ആകുമോ? കേരളത്തിലെ ഏത് ജയിലിലാണ് ഇത്തരമൊരു മാജിക് വാതിൽ ഉള്ളത്? ഈ മാജിക്കിനെ കുറിച്ച് പറയുന്നതിനു മുമ്പായി അതിസുരക്ഷാ ജയിലിലെ കോമഡിയെ കുറിച്ച് പറയാം.
ഒരേ കേസിലെ രണ്ട് യു.എ.പി.എ റിമാൻഡ് തടവുകാർ; ഒരാളെ ദിവസത്തിൽ 21 മണിക്കൂറും സെല്ലിനകത്ത് പൂട്ടിയിടുന്നു, രണ്ടാമൻ സെല്ലിനു പുറത്താണ്. ജയിൽ ചട്ടത്തിലെ അൺലോക്ക് സമയം 12 മണിക്കൂറിൽ 9 മണിക്കൂറും അദ്ദേഹത്തിന്റെ സെൽ പൂട്ടിയിടും. ഇദ്ദേഹത്തിന് മൂത്രമൊഴിക്കണമെങ്കിൽ, മരുന്നു കഴിക്കണമെങ്കിൽ… ഡ്യൂട്ടി ഉദ്യോഗസ്ഥൻ വന്ന് ഡോർ തുറന്നു കൊടുക്കണം (അതിസുരക്ഷാ ജയിലിൽ പൊതു മൂത്രപ്പുര ഇല്ല). ഒരാളെ സെല്ലിനകത്താക്കി പൂട്ടിയിടുന്നതിനും രണ്ടാമനെ സെല്ലിൽനിന്ന് പുറത്താക്കി ഡോർ പൂട്ടിയിടുന്നതിനും/ രണ്ടിനും ജയിൽ ചട്ടം ഉണ്ടെന്നാണ് അതിസുരക്ഷാ ജയിൽ സൂപ്രണ്ടിന്റെ വാദം.
2019ൽ പ്രവർത്തനമാരംഭിച്ച അതിസുരക്ഷ ജയിലിൽ 2024 നവംബർ നാലു മുതൽ മാത്രം ഇങ്ങനെ അൺലോക്ക്, ലോക്കപ്പ് രീതി ആരംഭിക്കണമെങ്കിൽ ഒരു കോമാളി ഡയറക്ടറുടെ ബുദ്ധിപൂർവമായ നീക്കം ആവശ്യമാണ്! ഒരേസമയത്ത് അറസ്റ്റ്, ഒരേ കേസ്, ഒരേ കോടതി, ഒരേ ജഡ്ജി, ഒരേ ജയിൽനിയമം, ഒരേ ജയിൽ ചട്ടങ്ങൾ, ഒരേ ജയിൽ ഡി.ജി.പി, ഒരേ ഡി.ഐ.ജി എന്നിട്ടും രണ്ട് യു.എ.പി.എ റിമാൻഡ് തടവുകാർ രണ്ടുവിധം ലോക്കപ്പിനും അൺലോക്കിനും വിധേയമാകുന്നത് ഒരു കോമഡിതന്നെയല്ലേ?
അതിസുരക്ഷാ ജയിലിൽ നാലുതരം ലോക്കപ്പ് അൺലോക്കപ്പ് രീതികൾക്ക് തടവുകാർ വിധേയരാവുന്നുണ്ട്. കേരളത്തിലെ മറ്റൊരു ജയിലിലും നാലുതരം രീതികൾ നിലവിലില്ല.
1. രാവിലെ മുതൽ വൈകുന്നേരം വരെ അൺലോക്ക് രീതി: ചട്ടം 225ഉം ചട്ടം 238ഉം പ്രകാരമുള്ള ഈ രീതിക്ക് അർഹത നേടിയവർ ശിക്ഷ തടവുകാർ, കൂടാതെ അലങ്കാര നെറ്റിപ്പട്ടം പണി ഒഴിച്ചുള്ള മറ്റെല്ലാ പണികളിലും ഉൾപ്പെട്ട RP, UT, GA എന്നീ തടവുകാരാണ്. [15/7/2025ന് അതിസുരക്ഷ ജയിൽ വിവരാവകാശ ഓഫിസർ നൽകിയ wo-991/2023/HSP നമ്പർ പ്രകാരമുള്ള വിവരാവകാശ മറുപടിയിൽ 3 RPക്കാരും 9 UTക്കാരും 13 GA (ഗുണ്ടാ ആക്ട് /കാപ്പ)ക്കാരും ജയിലിൽ പണിയെടുക്കുന്നുണ്ട്.]
2. ദിവസത്തിൽ 21 മണിക്കൂറും തടവുകാരെ സെല്ലിനകത്താക്കി പൂട്ടുന്ന രീതി: പണിയില്ലാത്ത മുഴുവൻ RP, UT, GA തടവുകാരും ഈ രീതിക്ക് അർഹരാണ്.
3. തടവുകാരെ സെല്ലിൽനിന്ന് പുറത്താക്കി സെല്ലിന്റെ ഡോർ പൂട്ടിയിടുന്ന രീതി: ഈ രീതിക്ക് അർഹത നേടിയവർ ഏതാനും യു.എ.പി.എ റിമാൻഡ് പ്രതികളാണ്. രണ്ടാമത് വിവരിച്ച രീതിക്ക് എതിരായി കോടതി വിധി സമ്പാദിച്ചാണ് ഇവർ ഈ രീതിക്ക് അർഹത നേടിയത്. 2025 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഈ രീതിക്ക് അർഹത നേടിയവർ 14 പേർ ഉണ്ടായിരുന്നു. ഇവരിൽ പലരും പിന്നീട് ജാമ്യ വ്യവസ്ഥയിൽ ജയിൽ മോചിതരായി. ഇപ്പോൾ (2025 ആഗസ്റ്റിന് ശേഷം) രണ്ടു പേരാണ് ഈ രീതിക്ക് അർഹർ.
4. പണി ഉണ്ടായിട്ടും മൂന്നാമത്തെ തരം പൂട്ടിയിടലിന് വിധേയമാകുന്ന രീതി: 21 മണിക്കൂർ പൂട്ടിയിടുന്നതിനെതിരായി കോടതിവിധി സമ്പാദിക്കുകയും അതേസമയം ജയിലിലെ അലങ്കാര നെറ്റിപ്പട്ടം പണി ചെയ്യുന്നവരുമായ തടവുകാരാണ് ഈ രീതിക്ക് അർഹത നേടിയത്. പണിയുള്ള ഇവരെ ഒന്നാമത്തെ രീതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. പക്ഷേ, ഇങ്ങനെ ചെയ്തില്ല, പകരം പണിയെടുക്കാൻ ഇവർക്ക് പ്രത്യേക സെൽ നൽകിയിട്ടുണ്ട്. അതോടൊപ്പം, അവർ കിടക്കാനുപയോഗിക്കുന്ന സെൽ മൂന്നാം രീതിക്കാരെപോലെ പൂട്ടിയിടും (ഈ ലേഖകൻ നാലാമത്തെ രീതിക്ക് അർഹത നേടിയ മൂന്നു തടവുകാരിൽ ഒരാളായിരുന്നു).
പൂജപ്പുര സെൻട്രൽ ജയിൽ
24 മണിക്കൂറിൽ 21 മണിക്കൂറും സെല്ലിനകത്ത് അടക്കപ്പെട്ടവരും അൺലോക്ക് സമയമായ 12ൽ 9 മണിക്കൂറും സെല്ലിന് പുറത്ത് വരാന്തയിൽ കഴിഞ്ഞുകൂടാൻ നിർബന്ധിപ്പിക്കപ്പെട്ടവരുമാണ് ലോക്കപ്പ് അൺലോക്കപ്പ് രീതികളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ മാനസിക പീഡനത്തിന് വിധേയരാകുന്നത്. അതിസുരക്ഷ ജയിലിൽ RP, UT, GA തടവുകാരെ, പ്രത്യേകിച്ചും വിചാരണയോ ജാമ്യമോ ഇല്ലാതെ വർഷങ്ങളോളം ജയിലിൽ കിടക്കുന്ന യു.എ.പി.എ തടവുകാർ ഉൾെപ്പടെ 21 മണിക്കൂറും സെല്ലിൽ പൂട്ടിയിടണമെന്ന് ജയിൽ നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ല. റിമാൻഡ് ചെയ്യുമ്പോൾ അവരെ 21 മണിക്കൂറും പൂട്ടിയിടണമെന്ന് കോടതികളും പറയുന്നില്ല. അതി സുരക്ഷ ജയിലിൽ വർഷങ്ങളായി, ആഴ്ചയിൽ രണ്ടുദിവസം ( രാവിലെ ഒരു മണിക്കൂർ വീതം) മാത്രമാണ് ഗ്രൗണ്ടിൽ കളിക്കാനുള്ള അനുമതി. ആഴ്ചയിൽ ഒരു ദിവസം (ഞായറാഴ്ച) ഒരു സിനിമ കാണാൻ മാത്രമാണ് അനുവാദം.
മറ്റൊരുതരത്തിലും മാനസിക ഉല്ലാസങ്ങൾ ലഭിക്കും വിധമുള്ള പരിപാടികൾ ഇല്ലാതിരിക്കെ, ഇതോടൊപ്പം 21 മണിക്കൂറും തടവുകാരെ സിംഗിൾ സെല്ലിൽ (അതിസുരക്ഷാ ജയിലിൽ എല്ലാം സിംഗിൾ റൂമുകളാണ്. ഒരു റൂമിൽ ചിലപ്പോൾ മൂന്ന്-നാല് തടവുകാരെ വരെ പാർപ്പിക്കാറുണ്ട്) പൂട്ടിയിടുന്നത് കൂടുതൽ കൂടുതൽ മാനസിക സമ്മർദങ്ങളും വൈകാരിക പൊട്ടിത്തെറികളും വർധിപ്പിക്കാൻ മാത്രമാണ് ഉപകരിക്കുന്നത്. സെല്ലുകൾ പൂട്ടാതിരുന്നാൽപോലും ഒന്നര മീറ്റർ വീതിയും 65 മീറ്റർ നീളവുമുള്ള വരാന്തയിൽ നിൽക്കാൻ മാത്രമാണ് കഴിയുക. 15 സെല്ലുകൾ വീതം ഗ്രിൽ ഇട്ട് ക്വാർട്ടർ ആക്കി തിരിച്ച് അവിടെ ഗേറ്റ് കാവൽക്കാരെ നിർത്തിയിട്ടുണ്ട്. ഫസ്റ്റ് ഫ്ലോറിൽതന്നെ 60ഓളം വരുന്ന സെല്ലുകൾ 4 ക്വാർട്ടർ ആക്കിയാണ് തിരിച്ചത്. ഇവിടെയാണ് 21 മണിക്കൂറും സെല്ലിൽ പൂട്ടിയിടുന്നത്. ഇത് ജയിലിന്റെ ആപ്തവാക്യമായ ‘കസ്റ്റഡി’, ‘തിരുത്തൽ’, ‘നവീകരണം’, ‘പുനരധിവാസം’ എന്നിവക്ക് വിരുദ്ധമാണ്. ഇത് തടവുകാർക്ക് മേലെ നടക്കുന്ന നിയമവിരുദ്ധവും അധികവുമായ നിയന്ത്രണമാണ്.
അൺലോക്ക് സമയമായ 12 മണിക്കൂറിൽ 9 മണിക്കൂറും സെല്ലിൽ കയറാൻ കഴിയാതെ വരാന്തയിൽ നിൽക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്ന തടവുകാരുടെ അവസ്ഥ ഇതിലും കഷ്ടമാണ്. 8 മണിക്ക് സെല്ല് പൂട്ടിയാൽ പിന്നെ തുറക്കുന്നത് 12 മണിക്കാണ്. 8 മണിക്ക് സെൽ പൂട്ടുമ്പോഴേക്കും പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്, ഭക്ഷണം വരെ കഴിച്ച്, വെള്ളം, കഴിക്കാനുള്ള മരുന്ന് എന്നിവ പുറത്തുെവച്ച് തയാറായിരിക്കണം. സെല്ല് പൂട്ടിക്കഴിഞ്ഞാൽ ഒന്ന് മൂത്രമൊഴിക്കണമെങ്കിൽ ഗാർഡ് ഓഫിസിൽ പോയി ഡ്യൂട്ടി ഉദ്യോഗസ്ഥനെ വിളിച്ചു കൊണ്ടുവരണം. മഴസമയത്ത് വരാന്തയിൽ മുഴുവൻ വെള്ളമുണ്ടായിരിക്കും. ചെരുപ്പും ഷൂവും ഇട്ടവർ അതിലൂടെ നടക്കുമ്പോൾ വരാന്ത മുഴുവൻ ചളിവെള്ളമയമാകും.
സെല്ല് പൂട്ടപ്പെട്ട് വരാന്തയിൽ നിൽക്കേണ്ടി വരുന്നവർക്ക് ഇരിക്കണമെന്ന് വിചാരിച്ചാൽ അത് അസാധ്യമാണ്. മഴയില്ലാത്ത സമയത്ത് കിടക്കുന്ന പായ വരാന്തയിൽ ഇട്ട് ഇരിക്കാൻ ഉദ്യോഗസ്ഥർ സമ്മതിക്കില്ല. ഇത് ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ പലതവണ വാക്കേറ്റത്തിന് കാരണമായിട്ടുണ്ട്. തലവേദന വന്നാൽ, ക്ഷീണം വന്നാൽ കിടക്കാൻ കഴിയില്ല. തുടക്കത്തിൽ ചൂണ്ടിക്കാട്ടിയ പ്രകാരം വരാന്തയിൽ നിൽക്കേണ്ടിവന്ന 14 തടവുകാരിൽ 62 വയസ്സായ, കടുത്ത പ്രമേഹരോഗമുള്ള മുഹമ്മദാലി മുതൽ വാതരോഗമുള്ളവരും വിദ്യാർഥികളും ഉണ്ട്.
വിദ്യാർഥികൾക്ക് വരാന്തയിൽ ഇരുന്ന് സ്വസ്ഥമായി വായിച്ചുപഠിക്കാൻ കഴിയില്ല. വെറും ഒന്നര മീറ്റർ വീതിയുള്ള വരാന്തയിൽകൂടി എപ്പോഴും ശിക്ഷാ പ്രതികളും ജയിൽ ഉദ്യോഗസ്ഥരും സ്വീപ്പർമാരും പല കാര്യത്തിന് നടക്കുന്നുണ്ടായിരിക്കും. മറ്റൊരു ജയിലിലും ഇല്ലാത്ത ഈ കടുത്ത മനുഷ്യാവകാശ ലംഘനം കഴിഞ്ഞ ഒരു വർഷമായി തുടരുകയാണ് എന്ന കാര്യം സാമൂഹികാവബോധത്തിൽ മുൻപന്തിയിൽ നിൽക്കുന്നു എന്ന് വിചാരിക്കുന്ന കേരളത്തിലുള്ളവരെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ അതുതന്നെ ജയിലുദ്യോഗസ്ഥർക്ക് തടവുകാരുടെ മേൽ മാനസികവും ശാരീരികവുമായ മർദനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ പ്രചോദനമായി മാറും.
ഇങ്ങനെ വിചാരണ തടവുകാരെ മാനസിക പീഡനത്തിന് വിധേയമാക്കാൻ ഒരു നിയമവും പറയുന്നില്ല. മാത്രമല്ല വിചാരണ തടവുകാരുടെ മേലെ അധിക നിയന്ത്രണം പാടില്ല എന്ന് 2014 ലെ ജയിൽ ചട്ടം 479 വ്യക്തമാക്കിയതാണ്. ചട്ടം പറയുന്നത്; “ജയിൽ ചട്ടങ്ങൾ നടപ്പിലാക്കുന്നതിന്, ജയിലിൽ അച്ചടക്കം നിലനിർത്തുന്നതിന്, തടവുകാരുടെ സുരക്ഷിതമായ താമസിപ്പിക്കലിന്, ആവശ്യമായതിലധികം നിയന്ത്രണങ്ങൾക്ക് വിചാരണതടവുകാരെ വിധേയരാക്കാൻ പാടില്ല” എന്നാണ്. ഇത്ര വ്യക്തതയോടെ ചട്ടമുണ്ടായിട്ടും വിചാരണ തടവുകാർ കുറ്റാരോപിതർ മാത്രമാണെന്ന് അറിഞ്ഞിട്ടും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ജയിൽ സൂപ്രണ്ടുമാർക്ക് എതിരെ നിയമവിരുദ്ധ, ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ പേരിൽ കോടതി, വകുപ്പുതല നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരണങ്ങൾ ഉയർന്നു വരണം.
വിയ്യൂരിലെ അതിസുരക്ഷാ ജയിൽ
അതിസുരക്ഷാ ജയിലിന് (HSP) പ്രത്യേക ജയിൽ നിയമമോ ചട്ടങ്ങളോ ഇല്ല. 2010 കേരള നിയമസഭ അംഗീകരിച്ച ജയിൽ നിയമവും (KPA) 2014ൽ അംഗീകരിച്ച ജയിൽ ചട്ടങ്ങളുമാണ് (KPR) ഇന്ന് എല്ലാ ജയിലുകളുടെയും പ്രവർത്തനത്തിന് അടിസ്ഥാനം. KPA & KPR അനുസരിച്ചാണ് സൂപ്രണ്ടുമാർ ജയിൽ ഭരിക്കേണ്ടത്. അതുകൊണ്ട് ഈ നിയമത്തിലും ചട്ടങ്ങളിലും പറയാത്തതോ പ്രത്യേകം വിലക്കിയിട്ടുള്ളതോ ആയ ഒന്നുംതന്നെ സൂപ്രണ്ടുമാർക്ക് തടവുകാരുടെ മേൽ അടിച്ചേൽപിക്കാൻ അധികാരമില്ല.
2019ൽ അതിസുരക്ഷാ ജയിൽ പ്രവർത്തനം ആരംഭിച്ച സമയത്ത് തടവുകാരെ നിയമവിരുദ്ധമായി പൂട്ടിയിടുന്ന രീതി ഉണ്ടായിരുന്നു. ഇതിനെതിരെ മാവോയിസ്റ്റ് യു.എ.പി.എ തടവുകാരൻ രൂപേഷ് നൽകിയ പരാതിയെ തുടർന്ന് CBI -II കോടതി CMP നമ്പർ 2069/ 2019 in sc43/2017 പ്രകാരം ഇറക്കിയ ഉത്തരവോടെ ഈ പൂട്ടിയിടൽ അവസാനിച്ചിരുന്നു. മാത്രമല്ല, പൂട്ടിയിടൽ ചട്ടങ്ങൾക്കും നിയമത്തിനും വിരുദ്ധമാണെന്ന് പറഞ്ഞ് കഴിഞ്ഞാൽ ആ നിയമവും ചട്ടവും പ്രകാരം ഭരിക്കപ്പെടുന്ന എല്ലാ ജയിലിനും തടവുകാർക്കും അത് ബാധകമാവുക സ്വാഭാവികമാണ്.
ജില്ലാ, പ്രത്യേക കോടതികൾ ഭരണഘടന കോടതികൾ അല്ലാത്തതുകൊണ്ട് നിയമാനുസൃതമായ ഈ ഉത്തരവുകൾ മറ്റൊരാൾക്ക് ബാധകമല്ല എന്ന് പറയാമെങ്കിലും അത് പക്ഷേ സാങ്കേതികം മാത്രമായിരിക്കും. കാരണം മറ്റേതൊരു തടവുകാരനും അതേ കോടതിയിൽനിന്ന് ഈ വിധി സമ്പാദിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ രൂപേഷ് പരാതിയിലെ വിധിയോടെ എല്ലാത്തരം തടവുകാരും HSP യിൽ ഒരേ രീതിയിൽ അൺലോക്കിനും ലോക്കപ്പിനും വിധേയമായിരുന്നു.
2023ന്റെ തുടക്കത്തോടെ HSPയിൽ സാധാരണ കേസിൽപെട്ട RP, UT, GA തടവുകാർ വർധിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ 550 തടവുകാരെ പാർപ്പിക്കാൻ കഴിയുമെന്ന് പറയുന്ന HSPയിൽ പൊതുവിൽ 300ൽ കൂടുതൽ തടവുകാർ ഉണ്ടായിട്ടില്ല. കിഴക്കമ്പലം കിറ്റക്സ് കമ്പനി തൊഴിലാളികളും പൊലീസും തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്നുള്ള വ്യാപക അറസ്റ്റ് സമയത്ത് മാത്രമാണ് HSPയിൽ 300ൽ കൂടുതൽ തടവുകാർ ഉണ്ടായത്.
2023ന് ശേഷം തടവുകാരുടെ വർധനയുടെ പേരു പറഞ്ഞാണ് HSPയിൽ 21 മണിക്കൂറും സെല്ലിൽ പൂട്ടിയിടുന്ന രീതി ആരംഭിച്ചത്. പക്ഷേ യു.എ.പി.എ തടവുകാരായ RP, UTകാരെ അപ്പോഴും 21 മണിക്കൂർ പൂട്ടിയിടലിൽനിന്ന് ഒഴിവാക്കിയിരുന്നു. 2019ലെ CBI -II കോടതി ഉത്തരവിന് പുറമെ യു.എ.പി.എ തടവുകാർ ജാമ്യമോ വിചാരണയോ ഇല്ലാതെ വർഷങ്ങളോളം കഴിയേണ്ടിവരുന്നത് ഫലത്തിൽ ശിക്ഷാപ്രതികളെപ്പോലെ തന്നെയുള്ള ഒരു തടവ് ജീവിതമാണെന്ന തിരിച്ചറിവും യു.എ.പി.എ തടവുകാരെ പൂട്ടാതിരിക്കുന്നതിന് കാരണമായിട്ടുണ്ട്.
നിയമത്തിലോ ചട്ടങ്ങളിലോ പറയാത്ത, റിമാൻഡ് ചെയ്യുന്ന കോടതിയുടെ ഉത്തരവോ ഇല്ലാതെ 21 മണിക്കൂർ തടവുകാരെ പൂട്ടിയിടുന്നത് എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് HSP ഉദ്യോഗസ്ഥർ പറയുന്നത് സാധാരണ RP, UT തടവുകാർ നേരിട്ട് ഇവിടെ റിമാൻഡ് ചെയ്യപ്പെടുന്നില്ല, ഇവർ ട്രാൻസ്ഫറായി വരുന്നതാണ്. ജില്ല / സബ് ജയിലുകളിൽ ഇവരെ 21 മണിക്കൂറും പൂട്ടിയിടുകയാണ്, അതുകൊണ്ട് ഇവിടെയും അങ്ങനെ ചെയ്യുന്നു.
കണ്ണൂർ സെൻട്രൽ ജയിൽ
വിവിധങ്ങളായ തലങ്ങളിലെ ജയിലുകളെ തരംതിരിച്ച് കെ.പി.എയും കെ.പി.ആറും പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, എവിടെയും തടവുകാരെ 21 മണിക്കൂറും സെല്ലിൽ പൂട്ടിയിടണമെന്ന് പറയുന്നില്ല എന്ന കാര്യം മുകളിൽ സൂചിപ്പിച്ചല്ലോ. എന്നാൽ ജില്ല, സബ് ജയിലുകളിൽ 21 മണിക്കൂർ അല്ല 24 മണിക്കൂറും പൂട്ടിയിട്ട് പിടിപ്പിക്കുന്ന അവസ്ഥയാണ് തുടരുന്നത്. ഇത്തരം ഒരു സാഹചര്യത്തിലാണ് 2024ൽ കാക്കനാട് ജില്ല ജയിലിൽ മാവോവാദി കേസ് തടവുകാരനായ സഞ്ജയ് ദീപക് റാവു ദിവസത്തിൽ മുഴുവൻ സമയവും പൂട്ടിയിടുന്നു എന്ന പരാതിയുമായി CBI-II കോടതിയെ സമീപിച്ചതും ഒപ്പം നിരാഹാര സമരവും ആരംഭിച്ചതും. പരാതി പരിശോധിച്ച CBI-II കോടതി 7/3/2024ന് 30/2024 RC 1/2022 നമ്പറിൽ ഉത്തരവ് പുറപ്പെടുവിച്ചു. ആ ഉത്തരവിൽ ഇങ്ങനെ പറയുന്നുണ്ട്:
“കേരള പ്രിസൺ ആൻഡ് കറക്ഷണൽ സർവീസസ് മാനേജ്മെന്റ് സെക്ഷൻ XXXIV അനുസരിച്ച് തടവുകാരൻ എന്ന നിർവചനത്തിൽ ശിക്ഷിക്കപ്പെട്ട തടവുകാരും സിവിൽ തടവുകാരും മറ്റേതെങ്കിലും യോഗ്യതയുള്ള അതോറിറ്റി റിമാൻഡ് ചെയ്ത തടവുകാരും ഉൾപ്പെടും എന്നതിനാൽ ശിക്ഷാ തടവുകാരും റിമാൻഡ് തടവുകാരും തമ്മിൽ വ്യത്യാസം പാടില്ല; അതിനാൽ മുകളിൽ സൂചിപ്പിച്ച അധ്യായത്തിന് കീഴിൽ നിർദേശിച്ചിരിക്കുന്ന പദ്ധതി റിമാൻഡ് തടവുകാർക്കും ബാധകം ആയിരിക്കും (‘മുകളിൽ പറഞ്ഞ അധ്യായം’ 20ാം അധ്യായം) …അതുകൊണ്ട് ഈ കോടതി ഉത്തരവ് പ്രകാരം ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ട തടവുകാരെ സംബന്ധിച്ച് കേരള ജയിൽ കറക്ഷനൽ സർവീസസ് മാനേജ്മെന്റ് ചട്ടങ്ങളുടെ 20ാം അധ്യായത്തിലെ അനുശാസനങ്ങൾ ജില്ല ജയിൽ സൂപ്രണ്ട് പാലിക്കണമെന്ന് ഉത്തരവിടുന്നു. കൂടാതെ ആ നിയമങ്ങളിൽനിന്നുള്ള വ്യതിചലനം, കേരള പ്രിസൺ ആൻഡ് കറക്ഷനൽ സർവീസ് മാനേജ്മെന്റ് റൂൾസ് അല്ലെങ്കിൽ ജയിലുകളുടെ മാനേജ്മെന്റുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും നിയമങ്ങൾ പ്രകാരം ന്യായീകരിക്കപ്പെടണം.
അപ്രകാരം ഉത്തരവായിരിക്കുന്നു.” ഉത്തരവിൽ കോടതി എടുത്തുപറഞ്ഞ ഒരു കാര്യം ഈ കോടതി റിമാൻഡ് ചെയ്ത എല്ലാ റിമാൻഡ് തടവുകാർക്കും അധ്യായം 20 ബാധകമായിരിക്കും എന്നത് ശ്രദ്ധേയമാണ്. ഈ ഉത്തരവ് പ്രകാരം പരാതിക്കാരൻ സഞ്ജയ് ദീപക് റാവു പൂട്ടിയിടലിൽനിന്നും ഒഴിവാക്കപ്പെട്ടു. അപ്പോൾ ജില്ല/ സബ് ജയിലുകളിൽ പൂട്ടിയിടുന്നതും നിയമവിരുദ്ധമാണ്. ചട്ടത്തിൽ പറയും പ്രകാരം അൺലോക്ക് സമയം 12 മണിക്കൂറാണ്. ഈ 12 മണിക്കൂറും തടവുകാർ സെല്ലിന് പുറത്താണ്, പൂട്ടിയിടാതെ സ്വതന്ത്രരാണ്. ഈ സമയം എങ്ങനെ ചെലവഴിക്കപ്പെടണം എന്നതിനും ചില മാർഗ നിർദേശങ്ങൾ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. മാനസിക ഉല്ലാസത്തിനും വ്യായാമത്തിനും പഠനത്തിനും തൊഴിൽ പഠിക്കാനും എന്നിങ്ങനെ പോകുന്നു ഈ നിർദേശങ്ങൾ.
എന്നാൽ, ഈ നിയമത്തിനും ചട്ടങ്ങൾക്കും മാർഗനിർദേശത്തിനും അനുസരിച്ച് തടവുകാരെ കൈകാര്യം ചെയ്യാനുള്ള സംവിധാനത്തോടെയാണോ കേരളത്തിലെ ജില്ല/ സബ് ജയിലുകൾ പണിതിട്ടുള്ളത്? അല്ല. മിക്കതും കോഴിക്കൂടു പോലെയാണ്. ഇവിടെ എങ്ങനെയാണ് 100, 200 തടവുകാരെ അൺലോക്ക് സമയം 12 മണിക്കൂറും സെല്ലിൽനിന്ന് തുറന്നു വിടുക? ഇതിൽനിന്ന് വ്യക്തമാകുന്ന കാര്യം സർക്കാർ ആവിഷ്കരിച്ചിട്ടുള്ള നിയമവും ചട്ടവും പ്രാവർത്തികമാക്കാനുള്ള ഒരു സംവിധാനത്തോടെ അല്ല ഇവിടെ ജയിലുകൾ പണിയുന്നത് എന്നതാണ്. ഇവിടെ നിയമവും ചട്ടവും അൽപം വിശാലവും ജയിലുകൾ ഇടുങ്ങിയതുമാണ്. ജയിൽ ഭരിക്കുന്നവർ അതിനേക്കാളും ഇടുങ്ങിയവരാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് തവനൂർ സെൻട്രൽ ജയിൽ.
വെറും ജില്ല ജയിലായി പണി ആരംഭിച്ച് അത് പൂർത്തിയാകുമ്പോഴേക്കും സെൻട്രൽ ജയിലായി പരസ്യപ്പെട്ടു എന്നതാണ് ഇതിന്റെ പ്രത്യേകത. എം.എൽ.എ/ മന്ത്രി കസേരകളുടെ അധികാര ബലത്തിലാണ് ജില്ല ജയിൽ എന്ന ബോർഡ് സ്ഥാപിക്കേണ്ട സ്ഥാനത്ത് സെൻട്രൽ ജയിൽ എന്ന ബോർഡ് സ്ഥാപിച്ചത്. എന്നിട്ട് തന്റെ കഴിവ് കൊണ്ട് ജില്ലയിൽ ഒരു സെൻട്രൽ ജയിൽ സ്ഥാപിക്കപ്പെട്ടത് വികസന തേരോട്ടത്തിലെ പൊൻതൂവൽ ആയി പറഞ്ഞ് നടക്കുകയാണ് കെ.ടി. ജലീൽ. തവനൂർ ജയിലിൽ കഠിന തടവിന് ശിക്ഷിക്കപ്പെട്ടവർക്കുപോലും തൊഴിൽ നൽകാൻ സംവിധാനമില്ല. പുതിയ ജയിലായി പണിതിട്ടും അവിടെയും റിമാൻഡ് തടവുകാർ 24 മണിക്കൂറും പൂട്ടിയിടലിന് വിധേയരാകുന്നു. RP, UT തടവുകാർക്ക് ഗ്രൗണ്ടിൽ പ്രവേശനമില്ല.
വിയ്യൂർ സെൻട്രൽ ജയിൽ
പെരിയ ഇരട്ടക്കൊലക്കേസ് യു.എ.പി.എ കേസ് അല്ലാത്തതുകൊണ്ട് ഈ കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകർ HSPയിൽ ട്രാൻസ്ഫറായി വന്നപ്പോൾ (2023ൽ) അവരും 21 മണിക്കൂർ പൂട്ടിയിടലിന് വിധേയമായിരുന്നു. 2019ൽ അറസ്റ്റ് ചെയ്യപ്പെട്ട് ഈ സമയം വരെ ഇവർ ഒരു ജയിലിലും ഇതുപോലെ പൂട്ടിയിടലിൽ പെട്ടിട്ടില്ല എന്നതും അഞ്ച് വർഷമായി ജാമ്യമില്ലാതെ ജയിലിൽ കഴിയുന്നു എന്നതുകൊണ്ടും ഈ പൂട്ടിയിടൽ ഒഴിവാക്കി തരണമെന്ന് സൂപ്രണ്ടിനോട് അപേക്ഷിച്ചെങ്കിലും അത് പരിഗണിക്കാൻ തയാറായിട്ടില്ല. ഏതാനും മാസങ്ങൾക്കുശേഷം ഇവർക്ക് CBI-II കോടതിയിൽനിന്നും അനുകൂല വിധി ലഭിച്ചതിനെ തുടർന്നാണ് 21 മണിക്കൂർ പൂട്ടിയിടലിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ശിക്ഷാ പ്രതികൾക്കുള്ള അൺലോക്ക്, ലോക്കപ്പ് സമയങ്ങൾ റിമാൻഡ് പ്രതികൾക്കും ബാധകമാണെന്നുമുള്ള 2019ലെ രൂപേഷ് പരാതിയിലെ വിധിന്യായം ആവർത്തിക്കുകയാണ് പെരിയ കേസ് തടവുകാരുടെ പരാതിയിലും CBI-II കോടതി ചെയ്തത്. ഇതിന് ശേഷമാണ് സഞ്ജയ് ദീപക് റാവുവിന്റെ പരാതിയിലെ വിധിയും വന്നത്.
ഭരണകൂടത്തിന്റെ ഏറ്റവും ശക്തമായ മർദനോപകരണമാണ് ജയിൽ; ഇത് സമൂഹത്തിന്റെ നേർപരിച്ഛേദമാണ്. ഇതിനകത്തു തന്നെ ഭരിക്കപ്പെടുന്നവരും ഭരിക്കുന്നവരും ഉണ്ടെന്നതാണ് മറ്റ് മർദനോപകരണങ്ങളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഭരിക്കുന്നവർ തടവുകാർക്ക് ചില അവകാശങ്ങളും ചുമതലകളും നൽകിയിട്ടുണ്ട്. കീഴടക്കലിന്റെ നിയമപരമായ വശമാണ് ഇത്. ജയിൽനിയമവും ചട്ടങ്ങളും ജയിലിന്റെ ഭരണഘടനയാണ്. പക്ഷേ ഈ നിയമത്തിനും ചട്ടങ്ങൾക്കും അനുസരിച്ച് ജയിലിൽ ഭരണം നടത്തേണ്ടവർതന്നെ അത് ലംഘിക്കുന്നു. ഭരണാധികാരികൾ അവരുടെ ഭരണഘടനയെയും അവർ നൽകുന്ന വാഗ്ദാനങ്ങളെയും ലംഘിക്കുന്നതുപോലെ.
തടവുകാരുടെ അവകാശങ്ങൾ നിരന്തരം നിഷേധിക്കുന്നതിനനുസരിച്ച് പരാതികളുടെ എണ്ണവും കൂടുക സ്വാഭാവികമാണ്. പരാതികൾ അതിസുരക്ഷ ജയിലിന്റെ കൂറ്റൻ മതിൽകെട്ടുകൾ കടന്ന് കോടതിയിലേക്കും മനുഷ്യാവകാശ കമീഷനിലേക്കും സമാനമായ സ്ഥാപനങ്ങളിലേക്കും എത്തുമ്പോൾ അവയിൽ ചിലത് പത്രമാധ്യമങ്ങളിൽ വാർത്തകളായി ഇടം പിടിക്കും. എന്നിട്ടും നിയമാനുസൃതമായ അവകാശങ്ങൾ അനുവദിച്ച് നൽകാൻ ജയിൽ അധികാരികൾ തയാറാവുന്നില്ലെങ്കിൽ ആ അവകാശങ്ങൾ നേടിയെടുക്കാൻ നിരാഹാര സമരംപോലുള്ളത് നടത്താൻ തടവുകാർ നിർബന്ധിതരാകും. ജയിലിൽ നിരാഹാര സമരം എന്ന് കേൾക്കുമ്പോൾ ജയിൽ ഭരണാധികാരികൾക്കും ചില ഭരണഘടനാവാദികൾക്കും നെറ്റിചുളിയേണ്ട കാര്യമൊന്നുമില്ല. സമാധാനപരമായി പ്രതിഷേധിക്കാനും, അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്താനും പൗരന്മാർക്ക് ഭരണഘടന അവകാശം നൽകിയിട്ടുണ്ട്.
ജയിലിലായതുകൊണ്ട് തടവുകാർക്ക് ഈ അവകാശം നിഷേധിക്കപ്പെട്ടിട്ടില്ല. പരാതികൾ നൽകാനുള്ള അവകാശം ജയിൽ നിയമവും ചട്ടങ്ങളും തടവുകാർക്ക് അനുവദിച്ചു നൽകിയത് മേൽപറഞ്ഞ ഭരണഘടനാപരമായ അവകാശം തടവുകാർക്ക് നിഷേധിക്കപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവ് കൂടിയാണ്. (KPR അധ്യായം 57 മുഴുവനും). പരാതികൾ നൽകാനുള്ള അവകാശം നിയമപരമാകുമ്പോൾ, അത് പരിഹരിച്ചു കിട്ടേണ്ടതും/ പരിഹരിച്ചുകിട്ടുന്നതു വരെ ആ പരാതിയിൽ ഉറച്ച് നിൽക്കാനുള്ള തടവുകാരുടെ നിശ്ചയവും നിയമപരമാണ്. ജയിലിൽ നിരാഹാര സമരം കൂടുതൽ നടന്നത് ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമര കാലത്താണ്.
ജിതിൻദാസ്, ഉദ്ദം സിങ് തുടങ്ങിയ അനേകം സായുധ സമരപോരാളികൾ മാത്രമല്ല ഗാന്ധി, നെഹ്റു, പട്ടേൽ വരെ ജയിലിൽ നിരാഹാര സമരം നടത്തിയിട്ടുണ്ട്. എന്നിട്ടും ഇന്ന് തടവുകാർ നിരാഹാര സമരം നടത്തിയാൽ, സമരം തുടരുന്ന കാലത്തോളം അവർ ഉന്നയിക്കുന്ന ആവശ്യങ്ങളൊന്നും പരിഗണിക്കില്ലെന്നും, ഇത്തരം കൃത്യങ്ങൾ ഒരു വർഷംവരെ ശിക്ഷ ലഭിക്കാവുന്ന നിയമനടപടികൾക്ക് വിധേയമാക്കുമെന്ന മുന്നറിയിപ്പാണ് 2014ലെ KPR ചട്ടം 256ൽ വ്യവസ്ഥപ്പെടുത്തിയത്. ആവശ്യങ്ങൾ പരിഗണിക്കാത്തതു കൊണ്ടാണല്ലോ സമരത്തിലേക്ക് കടക്കേണ്ടിവരുന്നത് എന്ന് ചിന്തിക്കുമ്പോൾ ഈ മുന്നറിയിപ്പ് അപഹാസ്യമാണ്.
2024 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അതിസുരക്ഷ ജയിലിലെ മാവോവാദി തടവുകാരുമായി ബന്ധപ്പെട്ട നാലു സമരവാർത്ത പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഇടംപിടിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്ന് ദീപക് എന്ന തടവുകാരനെ ബലംപ്രയോഗിച്ച് ജയിൽ ഉദ്യോഗസ്ഥരും IRB (ഇന്ത്യൻ റിസർവ് ബെറ്റാലിയൻ)ക്കാരും ചേർന്ന് പൂർണ നഗ്നനാക്കി ദേഹ പരിശോധന നടത്തിയതിനെതിരായ സമരമായിരുന്നു. തടവുകാരെ നഗ്നരാക്കി പരിശോധിക്കരുതെന്ന്, നിരവധി പരാതികളിൽ CBI-I, CBI-II കോടതികൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. തടവുകാരെ പൂർണ നഗ്നരാക്കി അവരുടെ വ്യക്തിത്വത്തെ തന്നെ ചവിട്ടിമെതിച്ച്, മാനസികമായി പീഡിപ്പിക്കുന്ന രീതി ജയിലുകളിൽ ഒരു ശിക്ഷാരീതി പോലെ നടപ്പാക്കിയത് ബ്രിട്ടീഷ് കൊളോണിയൽ ശക്തികളാണ്.
അമേരിക്കൻ സാമ്രാജ്യത്വം ഇറാഖി പൗരന്മാരോട് കാണിച്ചതും, ഇസ്രായേൽ സയണിസ്റ്റുകൾ ഫലസ്തീൻ പൗരന്മാരോട് ഇപ്പോഴും കാണിച്ചുകൊണ്ടിരിക്കുന്നതുമായ ഈ വെറുക്കപ്പെട്ട മർദനരീതി കേരളത്തിലെ ജയിലുകളിൽ നടപ്പാക്കുന്നത് ജുഗുപ്സാപരമാണ്. ആത്മാഭിമാനബോധമുള്ള മനുഷ്യർക്ക് ഈ ഏർപ്പാട് അംഗീകരിക്കാൻ കഴിയില്ല. ജയിലിൽ ആയതുകൊണ്ട് തടവുകാർ മനുഷ്യരല്ലാതാകുന്നില്ല. മനുഷ്യൻ മനുഷ്യനോട് കാണിക്കുന്ന ഏറ്റവും മ്ലേച്ഛമായ ഈ ഏർപ്പാട് കേരള ജയിലിൽനിന്നും എെന്നന്നേക്കുമായി അവസാനിപ്പിക്കാൻ ശക്തമായ ഇടപെടലുകൾ ആവശ്യമാണ്. കാക്കനാട് ജില്ല ജയിലിൽ മാവോവാദി തടവുകാരൻ സഞ്ജയ് ദീപക് റാവു പൂട്ടിയിടലിനെതിരായി നൽകിയ പരാതിമേൽ പി.യു.സി.എൽ അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ റിപ്പോർട്ടിൽ പറയുന്നതുപോലെ “ജീവനുള്ള മനുഷ്യരെയാണ് കൈകാര്യം ചെയ്യുന്നത് എന്ന വസ്തുത പലപ്പോഴും ജയിൽ അധികൃതർ മറന്നുപോകുന്നു, ജയിലിലെ സാഹചര്യങ്ങളും ഉദ്യോഗസ്ഥരുടെ എണ്ണക്കുറവും മറ്റും തടവുകാരുടെ മേൽ നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ ഒരു ന്യായമേ അല്ല.”
ദീപക് നടത്തിയ സമരം ഉൾപ്പെടെ അതിസുരക്ഷാ ജയിൽ തടവുകാർ നടത്തിയ നിരവധി അവകാശ പോരാട്ടങ്ങളിൽ വിറളിപൂണ്ട ജയിൽ സൂപ്രണ്ട് യു.എ.പി.എ തടവുകാർക്കെതിരായി കൈക്കൊണ്ട പ്രതികാര നടപടിയാണ് പൂട്ടിയിടുക എന്നത്. അങ്ങനെയാണ് 2024 നവംബർ 4ാം തീയതി മുതൽ മറ്റ് RP, UT തടവുകാരെപ്പോലെ യു.എ.പി.എ തടവുകാരും ദിവസത്തിൽ 21 മണിക്കൂറും പൂട്ടിയിടപ്പെട്ടത്.
തവനൂർ സെൻട്രൽ ജയിൽ
2024 നവംബർ 4 മുതൽ ആരംഭിച്ച പൂട്ടിയിടലിനെതിരെ 16 തടവുകാർ വിചാരണ കോടതിയിൽ പരാതി നൽകിയിരുന്നു. 2023ൽ പെരിയ കേസ് തടവുകാരുടെ പരാതിയിലും 2024ൽ സഞ്ജയ് ദീപക് റാവുവിന്റെ പരാതിയിലും തടവുകാർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച CBI-II കോടതി പക്ഷേ ഈ 16 തടവുകാരിൽ ഉൾപ്പെട്ട ഐ.എസ് കേസിലെ അസറുദ്ദീന്റെയും മാവോയിസ്റ്റ് കേസിലെ മൊയ്തീന്റെയും പരാതിയിൽ സൂപ്രണ്ടിന് അനുകൂലമായി വിധി നൽകി. ജയിൽ ചട്ടം, നിയമം ഒന്നും കോടതി പരിശോധിച്ചിട്ടില്ല. പകരം ദിവസത്തിൽ മൂന്നു മണിക്കൂർ നേരം തുറന്നു വിടുന്നുണ്ട് എന്ന സൂപ്രണ്ടിന്റെ വാദം കോടതി അംഗീകരിച്ചു. സർക്കാർ പാസാക്കിയ നിയമവും ചട്ടവും കോടതി തന്നെ ചവറ്റുകൊട്ടയിൽ തള്ളുന്ന അവസ്ഥ; ഇവരുടെ ജനാധിപത്യം പോകുന്ന പോക്ക്!
തവനൂർ സെൻട്രൽ ജയിലിൽ അതിന്റെ ആരംഭം മുതൽ തന്നെ യു.എ.പി.എ റിമാൻഡ് തടവുകാർ ഉൾപ്പെടെ എല്ലാ UT, RP തടവുകാരെയും 21 മണിക്കൂറും സെല്ലിൽ പൂട്ടിയിടുന്ന രീതിയാണ് നടപ്പാക്കുന്നത്. 2024 ആഗസ്റ്റ് മാസം HSPയിൽനിന്നും തവനൂർ ജയിലിലേക്ക് മാറ്റിയ, മാവോയിസ്റ്റ് കേസ് തടവുകാരൻ അനീഷ് ബാബു 21 മണിക്കൂറും പൂട്ടിയിടുന്നതിനെതിരെ CBI-I കോടതിയിൽ പരാതി നൽകി. ഈ കോടതിയും മൂന്നു മണിക്കൂർ തുറന്നുവിടുന്നു എന്ന സൂപ്രണ്ടിന്റെ വാദം അംഗീകരിച്ച് ഉത്തരവ് നൽകി. സമാനമായ കേസിലെ (യു.എ.പി.എ) തടവുകാരെ എങ്ങനെയാണ് പരിചരിക്കുന്നത് അതുപോലെ അനീഷ് ബാബുവിനെയും പരിഗണിക്കണമെന്നുകൂടി കോടതിവിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തവനൂർ ജയിലിൽ അനീഷിനെ കൂടാതെ തന്നെ പി.എഫ്.ഐ കേസിൽപെട്ട യു.എ.പി.എ തടവുകാരുമുണ്ട്.
ആ തടവുകാരെ തുടക്കം മുതൽ 21 മണിക്കൂറും പൂട്ടിയിടുകയാണ് ചെയ്തിരുന്നത്. അതുകൊണ്ട് അനീഷ് ബാബുവിനെയും 21 മണിക്കൂർ പൂട്ടിയിടാമെന്ന് ചുരുക്കം. ഇവിടെയും നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കാതെ ഏകപക്ഷീയമായി സൂപ്രണ്ടിന്റെ വാദം അംഗീകരിച്ച്, നിയമവിരുദ്ധതക്ക് കൂട്ടുനിൽക്കുകയാണ് കോടതി ചെയ്തത്. അനീഷ് ബാബു പരാതിയിൽ CBI-I കോടതി വിധി പുറപ്പെടുവിച്ച് നാലു മാസത്തിനുശേഷമാണ് HSPയിൽനിന്നും 16 പരാതിക്കാരിൽ ഒരാളായ വിജിത്ത് വിജയന്റെ പരാതിയിൽ CBI-I കോടതി വിധിപറയുന്നത്. ഇവിടെ പരാതി സമാനമാണെങ്കിലും കോടതിവിധി വ്യത്യസ്തമാണ്. വിജിത്ത് വിജയന്റെ പരാതിയിൽ സൂപ്രണ്ടിന്റെ വാദം തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല ജയിൽ നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ചാണ് പരാതിക്ക് അനുകൂലമായി ഉത്തരവ് ഇറക്കിയത്.
തവനൂർ സെൻട്രൽ ജയിൽ, കാക്കനാട് ജില്ല ജയിൽ, എച്ച്. എസ്.പി എന്നിവിടങ്ങളിൽനിന്ന് 2019നും 2025നും ഇടയിൽ നിയമവിരുദ്ധ പൂട്ടിയിടൽ പരാതിയുമായി ഏകദേശം മുപ്പതിലധികം യു.എ.പി.എ തടവുകാർ CBI-I, CBI-II കോടതികളെ സമീപിച്ചിരുന്നു. ഇതിലെല്ലാം പരാതികൾ സമാനമാണ്. പക്ഷേ, കോടതി വിധികൾ പരസ്പര വിരുദ്ധമാണ്. ഒരു കെട്ടിടത്തിൽ, ഒരു ചുമരിന്റെ അപ്പുറവും ഇപ്പുറവുമാണ് ഈ കോടതികൾ സ്ഥിതി ചെയ്യുന്നത്. നാലു മാസത്തെ വ്യത്യാസത്തിലാണ് അനീഷ് ബാബു, വിജിത്ത് വിജയൻ പരാതികളിൽ CBI-I കോടതി ഉത്തരവ് ഇറങ്ങിയത്. ഇവിടെ ഒരേ പരാതി, ഒരേ കോടതി, ഒരേ ജഡ്ജി, പക്ഷേ വിധി മാത്രം വ്യത്യസ്തം.
അംഗീകരിക്കപ്പെട്ട നിയമവും ചട്ടങ്ങളും നടപ്പാക്കുക, ഇതിന്റെ മുന്നിൽ എല്ലാവരും തുല്യരാണ്: ഇതാണ് ജനാധിപത്യം. പക്ഷേ ഈ ജനാധിപത്യം സ്വയമേവ ഒന്നും ചെയ്യുന്നില്ല എന്ന വസ്തുത പൊതുവിൽ മൂടിവെക്കപ്പെടുന്ന ഒന്നാണ്. തർക്കങ്ങളിൽ നിയമവും ചട്ടങ്ങളും പരിശോധിച്ച് വിധി പ്രസ്താവിക്കുമ്പോൾ, സമാന പരാതിയായാലും വ്യത്യസ്ത വിധികൾ വരുന്നത് എങ്ങനെയെന്ന പരിശോധന മേൽപറഞ്ഞ മൂടിവെക്കപ്പെട്ട സത്യത്തിലേക്ക് എത്തിച്ചേരാനുള്ള വഴിയാണ്. തുല്യത സ്വയമേ ആർക്കും ജനാധിപത്യം നൽകുന്നില്ലെങ്കിൽ അതിനർഥം വിധികർത്താക്കളുടെ സാമൂഹിക അസ്തിത്വം, അവരുടെ ബോധം, താൽപര്യങ്ങൾ വിധിനിർണയത്തിൽ നിർണായകമാവുന്നു എന്നാണ്.
കാക്കനാട്ടെ എറണാകുളം ജില്ല ജയിൽ
2024 നവംബർ 4 മുതൽ HSPയിൽ നടപ്പാക്കിയ പൂട്ടിയിടലിനെതിരായി കോടതിയിൽ പരാതി നൽകിയ തടവുകാർക്കെല്ലാം അനുകൂലമായ ഒരേ തരം ഉത്തരവാണ് CBI-I കോടതി നൽകിയത്. ഇത് HSP സൂപ്രണ്ടിനു ഒരു തിരിച്ചടിയാണ്. നാലുമാസം മുമ്പ് തവനൂർ സെൻട്രൽ ജയിലിൽനിന്ന് അനീഷ് ബാബു പരാതിയിൽ CBI-I കോടതി “മൂന്നു മണിക്കൂർ തുറന്നുവിടുന്നുണ്ട്” എന്ന സൂപ്രണ്ടിന്റെ മറുപടി അംഗീകരിച്ച് നൽകിയതുപോലെ, HSPയിൽനിന്ന് നൽകിയ 14 പരാതിയിലും സമാനമായ വിധി ലഭിക്കും എന്നാണ് സൂപ്രണ്ട് രാജീവ് ടി.ആർ പ്രതീക്ഷിച്ചത്. പക്ഷേ ആ പ്രതീക്ഷയാണ് ഇല്ലാതായത്.
CBI-I കോടതിയുടെ ഉത്തരവിൽ എടുത്തുപറഞ്ഞ ആറു കാര്യങ്ങളിൽ അഞ്ചും തടവുകാരുമായി ബന്ധപ്പെട്ടതാണ്. ഇതിൽ മൂന്നെണ്ണം നേരിട്ട് ചട്ടങ്ങളെ പറ്റിയാണ്. 1) യു.എ.പി.എ അടവുകാരെ ഫസ്റ്റ് ഫ്ലോറിലും സെക്കൻഡ് ഫ്ലോറിലും താമസിപ്പിക്കണം. 2) ജയിൽ ചട്ടത്തിലെ 225 പ്രകാരം സെല്ലുകൾ തുറക്കണം. 3) ജയിൽ ചട്ടം 229 പാലിക്കണം. 4) 238ാം ചട്ടം പ്രകാരം വൈകുന്നേരം ലോക്കപ്പ് ചെയ്യണം. 5) അൺലോക്ക് സമയത്ത് വരാന്തയിൽ നടക്കാനുള്ള അനുവാദം നൽകണം.
ഈ ഉത്തരവ് വ്യക്തിപരമായ ഒരു തിരിച്ചടിയായി കണ്ട സൂപ്രണ്ട് CBI-I കോടതിയുടെ ഉത്തരവിനെതിരെ ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചു. CBI-I കോടതിയിൽനിന്ന് പൂട്ടിയിടലിനെതിരായി വിധി ലഭിച്ചത് 14 പേർക്ക് ആയിരുന്നു. ഈ 14 പേരുടെ വിധിക്കെതിരെ ഘട്ടം ഘട്ടമായാണ് സൂപ്രണ്ട് അപ്പീൽ സമർപ്പിച്ചത്.
08.04.2025ന് അഡ്വക്കറ്റ് ജനറൽ മുഖാന്തരം സമർപ്പിച്ച അപ്പീലിൽ, CBI-I കോടതി ഉത്തരവ് പ്രകാരം യു.എ.പി.എ തടവുകാരെ തുറന്നു വിടേണ്ടിവരുന്നത് ജയിലിന്റെ സുരക്ഷയെയും, അച്ചടക്കത്തിനെയും ബാധിക്കും, മാത്രമല്ല ഇത് മറ്റ് തടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും രാജ്യസുരക്ഷയെയും വരെ അപകടത്തിലാക്കും, അതുകൊണ്ടാണ് ഇത്തരമൊരു അപ്പീൽ സമർപ്പിക്കുന്നതെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്.
സെല്ലിനകത്ത് ഇരിക്കുന്ന തടവുകാർ വരാന്തയിൽ ഇറങ്ങിയാൽ രാജ്യസുരക്ഷ തന്നെ അപകടത്തിൽ ആകുമെന്ന് ഹൈകോടതിയിൽ പറയാൻ അപാരമായ തൊലിക്കട്ടി വേണം. അതിസുരക്ഷാ ജയിലിൽ അതിന്റെ ആരംഭം മുതൽ യു.എ.പി.എ തടവുകാരുണ്ട്. അന്നുമുതൽ ഇന്നുവരെയുള്ള കാലയളവിൽ ഒരു ക്രിമിനൽ കേസും ഇവർക്കെതിരെ ഉണ്ടായിട്ടില്ല. മാത്രമല്ല 2024 നവംബർ മൂന്നാം തീയതി വരെ ചട്ടം 225ഉം ചട്ടം 238ഉം പ്രകാരവുമാണ് അവരെ പൂട്ടുന്നതും തുറന്നുവിടുന്നതും. അപ്പോഴൊന്നും ഇല്ലാത്ത അച്ചടക്കപ്രശ്നവും സുരക്ഷാപ്രശ്നവും ഇപ്പോൾ ഉണ്ടെന്ന് പറയുന്നതിന് സൂപ്രണ്ടിന്റെ വിരോധമല്ലാതെ മറ്റൊരു അടിസ്ഥാനവുമില്ല. 2025 നവംബർ 4 മുതൽ, 21 മണിക്കൂറും പൂട്ടിയിടപ്പെട്ട 14 തടവുകാരിൽ മൂന്നു പേരെ തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. പക്ഷേ അവിടെയൊന്നും 21 മണിക്കൂറും ഈ യു.എ.പി.എ തടവുകാർ പൂട്ടി കിടക്കുന്നില്ല എന്നതുതന്നെ സൂപ്രണ്ടിന്റെ വാദം അർഥശൂന്യമാണെന്ന് വ്യക്തമാക്കുന്നതാണ്.
CBI-I കോടതിയുടെ പൂട്ടിയിടൽ വിരുദ്ധ ഉത്തരവ് പൂർണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച സൂപ്രണ്ടിന് അവിടെനിന്നും തിരിച്ചടി നേരിട്ടു. അപ്പീൽ അപേക്ഷയിൽ പുറപ്പെടുവിച്ച ഹൈകോടതി ഉത്തരവിൽ രണ്ടു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, 1) വിശദമായ വാദം കേൾക്കാൻ 12.6.2025 ലേക്ക് മാറ്റുന്നു. 2) CBI-I കോടതിയുടെ ഉത്തരവിൽ പറഞ്ഞ കാര്യങ്ങളിൽ മൂന്നാമത്തേത് ‘ചട്ടം 238 പ്രകാരം 6നും 6.30നും ഇടയിൽ ലോക്കപ്പ് ചെയ്യണ’മെന്ന കാര്യം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നു. വിശദമായ വാദം കേൾക്കാൻ തീരുമാനിച്ച തീയതിയിൽതന്നെ സ്റ്റേയുടെ കാലാവധിയും തീരും.
ജയിൽ ചട്ടത്തിലെ സുപ്രധാന അധ്യായമാണ് 20. ഇതിലെ ചട്ടം 225ഉം 238ഉം തടവുകാരെ തുറന്ന് വിടലിന്റെയും പൂട്ടലിന്റെയും സമയം വ്യക്തമാക്കുന്നുണ്ട്. എന്നാൽ, വിജിത്ത് വിജയനെതിരായ അപ്പീലിൽ ചട്ടം 238 രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്ത ഹൈകോടതി നടപടി എന്തടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല. ചട്ടം 238 വിജിത്ത് വിജയന് ബാധകമല്ലെങ്കിൽ ആ തടവുകാരനെ വൈകുന്നേരം ലോക്കപ്പ് ചെയ്യേണ്ട സമയം ഏതാണ്..? ഇതിനെ കുറിച്ചും കോടതി ഒന്നും പറഞ്ഞിട്ടില്ല. മറ്റെല്ലാ തടവുകാർക്കും ബാധകമായ ചട്ടം 238 വിജിത്ത് വിജയന് ബാധകമല്ലെങ്കിൽ ആ തടവുകാരനെ ലോക്കപ്പ് ചെയ്യേണ്ടതില്ല എന്നാണോ അതിന്റെ അർഥം? സ്റ്റേയെ അങ്ങനെയും മനസ്സിലാക്കാമല്ലോ?
സൂപ്രണ്ട് ഇതിനെ വ്യാഖ്യാനിച്ചത്; സ്റ്റേ ഉള്ളതുകൊണ്ട് വിജിത്ത് വിജയനെ എപ്പോൾ വേണമെങ്കിലും ലോക്കപ്പ് ചെയ്യാമെന്നാണ്. ഇത് പ്രകാരം 2 മണിക്കും 3 മണിക്കും 5 മണിക്കും വരെ ആ തടവുകാരെ ലോക്കപ്പ് ചെയ്തിട്ടുണ്ട്. സ്റ്റേയുടെ കാലാവധിക്കുള്ളിൽ തന്നെ സൂപ്രണ്ട് മറ്റുള്ള 13 തടവുകാർക്ക് സമാനമായ സ്റ്റേ വിവിധ ഘട്ടങ്ങളിലായി ഹൈകോടതിയിൽനിന്ന് നേടിയെടുത്തിരുന്നു. എങ്കിലും 2 മാസത്തിനുശേഷം സ്റ്റേ നീട്ടി ലഭിക്കാത്തതുകൊണ്ട് വീണ്ടും ഈ തടവുകാർക്കെല്ലാം ചട്ടം 238 ബാധകമായി.
ദിവസത്തിൽ 21 മണിക്കൂറും സെല്ലിൽ പൂട്ടിയിട്ട് യു.എ.പി.എ റിമാൻഡ് തടവുകാരോട് പ്രതികാരം ചെയ്യാൻ ഇറങ്ങി പുറപ്പെട്ട സൂപ്രണ്ടിന് വിചാരണ കോടതിയിൽനിന്നും (CBI-I), ഹൈകോടതിയിൽനിന്നും നേരിട്ട തിരിച്ചടി അദ്ദേഹത്തിനെ കൂടുതൽ വൈരാഗ്യമുള്ളവനാക്കി. ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ് ജയിൽ ചട്ടം 229നെ തെറ്റായ രീതിയിൽ യു.എ.പി.എ റിമാൻഡ് തടവുകാർക്ക് മാത്രമായി നടപ്പാക്കുന്നത്.
സത്യത്തിൽ, തടവുകാരുടെ പരാതി വളരെ ന്യായവും ലളിതവുമായിരുന്നു. 2024 നവംബർ 3വരെ ഉണ്ടായിരുന്ന അൺലോക്ക് - ലോക്കപ്പ് രീതി പുനഃസ്ഥാപിച്ച് തരണം എന്നായിരുന്നു അത്. തടവുകാരുടെ ഈ ആവശ്യം ചട്ടം 225ഉം ചട്ടം 238ഉം ബാധകമാക്കുന്നതോടെ പരിഹരിക്കപ്പെടുന്നതുമാണ്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലേക്കാണ് വാസ്തവത്തിൽ അനുകൂല വിധി സമ്പാദിച്ച തടവുകാരെ തള്ളിവിട്ടിരിക്കുന്നത്. വിചാരണ കോടതിയുടെ ഉത്തരവിൽ ചട്ടം 229 നടപ്പിലാക്കണമെന്ന് പ്രത്യേകം എടുത്തു പറഞ്ഞത് സദുദ്ദേശ്യപരമോ ദുരുദ്ദേശ്യപരമോ എന്ന കാര്യം വ്യക്തമല്ലെങ്കിലും 229ാം ചട്ടം സംബന്ധിച്ച കോടതി ഉത്തരവാണ് സൂപ്രണ്ട് ഇപ്പോൾ വൈരാഗ്യം തീർക്കുന്നതിന് ഉപയോഗിക്കുന്നത്.
എന്താണ് ചട്ടം 229? അത് തുടക്കത്തിൽ വിവരിച്ചിട്ടുണ്ട്. ഇനി വിശകലനത്തിലേക്ക് കടക്കാം.
നാല് വസ്തുതകൾ ഈ ചട്ടത്തിൽനിന്ന് മനസ്സിലാക്കാം:
1) കിടക്കാനുപയോഗിക്കുന്ന സെല്ലുകളും വാർഡുകളും പകൽ സമയങ്ങളിൽ വായുസഞ്ചാരത്തിനായി തുറന്നിടേണ്ടതാണ്.
2) തടവുകാരെ സെല്ലുകളിൽനിന്നും വാർഡുകളിൽനിന്നും രാവിലെ പുറത്തിറക്കിയാൽ (നിർദേശിച്ച സമയത്തിന് മുമ്പ്) സെല്ലിൽ/ വാർഡിൽ കയറാതിരിക്കാൻ വാർഡുകളും സെല്ലുകളും പൂട്ടി സൂക്ഷിക്കേണ്ടതാണ്.
3) പൂട്ടിയതിന് ശേഷം താക്കോൽ അലമാരയിൽ വെക്കേണ്ടതാണ്.
4) അവശരായ തടവുകാരെയും ഏൽപിച്ച പണിചെയ്യാൻ തയാറാകാത്ത തടവുകാരെയും സൂക്ഷിക്കുന്നതിനായി ഒരു പ്രത്യേക ബ്ലോക്ക് ഉണ്ടായിരിക്കണം.
അന്തസ്സിന് നേരെയുള്ള കടന്നുകയറ്റം (ആക്ട് 36ൽ 9ന്റെ ലംഘനം)
മേൽപറഞ്ഞ പരിശോധനയിൽനിന്ന് എത്തിച്ചേരാവുന്ന നിഗമനം ചട്ടം 229 നിലവിലുള്ള ജയിൽ സാഹചര്യത്തിൽ കാലഹരണപ്പെട്ട ഒന്നാണ്. അതുകൊണ്ടാണ് കേരളത്തിലെ ഒരു ജയിലിലും ഈ ചട്ടപ്രകാരം തടവുകാരെ പുറത്താക്കി സെല്ല് മാത്രം പൂട്ടുന്നത് നടപ്പിലാക്കാത്തത്.
ചട്ടത്തിന്റെ ഇന്നത്തെ പ്രായോഗിക വശത്തെപ്പറ്റി കാര്യമായ പരിശോധന കോടതി നടത്തിയിട്ടില്ല. കാലഹരണപ്പെട്ട ഈ ചട്ടം നടപ്പിലാക്കുമ്പോൾ തടവുകാർക്ക് നിയമംമൂലം നൽകിയിരിക്കുന്ന അവകാശങ്ങൾ (അധ്യായം 36, KPA) എന്തെങ്കിലും ഹനിക്കപ്പെടുന്നുണ്ട് എങ്കിൽ ആ ചട്ടം ആക്ടിന് വിരുദ്ധമാണ്.
പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നതും (സെല്ല് തുറന്നുതരിക എന്നത്) ജയിൽ ഉദ്യോഗസ്ഥർ നിർദേശിക്കുന്ന സമയത്ത് ഭക്ഷണം കഴിച്ചിരിക്കണം എന്നതും (രാവിലെയും ഉച്ചക്കും സെല്ല് അടക്കുന്നതിന് മുമ്പായി), ഒരു മനുഷ്യന്റെ/ തടവുകാരന്റെ അന്തസ്സിന് നേരെയുള്ള കടന്നുകയറ്റമാണ്.
കോടതി ഉത്തരവിന്റെ മറവിൽ കാലഹരണപ്പെട്ട ഒരു ചട്ടത്തെ തടവുകാർക്കെതിരായി പ്രതികാരം ചെയ്യാൻ ഉപയോഗിക്കുകയാണ് സൂപ്രണ്ട് ചെയ്തത്. UAPA RP, UT തടവുകാരെ 21 മണിക്കൂർ പൂട്ടിയിട്ടതും ഇതിനെതിരായി വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സൂപ്രണ്ട് ഹൈകോടതിയിൽ അപ്പീൽ പോയതും എല്ലാവർക്കും ബാധകമായ ചട്ടം 229 UAPA RP, UT തടവുകാർക്ക് മാത്രമായി നടപ്പാക്കുന്നതുമെല്ലാം പ്രതികാര നടപടികളുടെ ഭാഗമായേ കാണാൻ കഴിയൂ.
ഒരു സ്ഥാപനത്തിന്റെ നിയമവും ചട്ടവും നടപ്പാക്കാൻ കോടതിവിധിയുടെ ആവശ്യമില്ല. സ്ഥാപന മേധാവിയുടെ ചുമതലയാണ് അത്. ജയിൽ നിയമവും ചട്ടങ്ങളും ജയിലിലെ മുഴുവൻ തടവുകാർക്കും ബാധകമാണ്. ചിലർക്ക് ബാധകമാക്കാം ചിലർക്ക് ബാധകമാക്കേണ്ടതില്ല എന്നൊന്നും തീരുമാനിക്കാനുള്ള വിവേചനാധികാരം ഈ കാര്യത്തിൽ സൂപ്രണ്ടിനില്ല.
229ാം ചട്ടം അതിസുരക്ഷാ ജയിലിനും മാത്രമല്ല, അത് എല്ലാ തടവുകാർക്കും ബാധകമാണെന്നും വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ (RTI) അതിസുരക്ഷാ ജയിൽ ഓഫിസർ വ്യക്തമാക്കിയതാണ്. കേരളത്തിലെ എല്ലാ ജയിലുകൾക്കും, എല്ലാ തടവുകാർക്കും ചട്ടം 229 ബാധകമാണെന്ന് ജയിൽ ആസ്ഥാന കാര്യാലയത്തിൽനിന്നുമുള്ള RTI മറുപടിയിലും വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ എല്ലാവർക്കും ബാധകമായത് ഇപ്പോൾ രണ്ട് UT തടവുകാർക്ക് മാത്രം നടപ്പാക്കുമ്പോൾ അത് ആ തടവുകാരോട് കാണിക്കുന്ന വിവേചനമാണ്.
ജയിൽ നിയമത്തിന്റെയും ചട്ടങ്ങളുടെയും മുന്നിൽ ജയിൽ തടവുകാർ തുല്യരാണ്, വിവേചനം പാടില്ല എന്നും ഇത്തരം വിവേചനത്തിൽനിന്ന് തടവുകാർക്ക് സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുള്ള വകുപ്പാണ് KPAയിലെ 36ാം അധ്യായത്തിൽ എഫ്.
ദിവസത്തിൽ 21 മണിക്കൂറും UAPA UT തടവുകാരെ സെല്ലിൽ പൂട്ടിയിടുന്നു എന്നതിനർഥം കാരണമില്ലാതെ ജയിൽ ശിക്ഷക്ക് വിധേയരാക്കുന്നു എന്നാണ്. ഇപ്പോൾ നേർവിപരീതമാണ്. അൺലോക്ക് സമയങ്ങളിൽ 9 മണിക്കും സെല്ലിൽ പ്രവേശിക്കുന്നത് തടഞ്ഞിരിക്കുന്നു; ഇതിനും കാരണമൊന്നുമില്ല. അപ്പോൾ ഇതും പണിഷ്മെന്റ് തന്നെ, കാരണമില്ലാത്ത പണിഷ്മെന്റ്.
(ചട്ടം 479ന്റെ ലംഘനം)
സാധാരണയിൽ കവിഞ്ഞ അധികനിയന്ത്രണം വിചാരണ തടവുകാരുടെ മേൽ നടപ്പാക്കരുതെന്ന് ചട്ടം 479 വ്യവസ്ഥ ചെയ്യുന്ന കാര്യം നേരത്തേ വിവരിച്ചിട്ടുണ്ട്. ദിവസത്തിൽ 21 മണിക്കൂറും പൂട്ടിയിടുന്നതും, ചട്ടം 229 രണ്ട് വിചാരണ തടവുകാരുടെ മേൽ മാത്രം അടിച്ചേൽപ്പിച്ചതും ചട്ടം 479ന്റെ ലംഘനമാണ്.
വായുസഞ്ചാരത്തിനായി കിടക്കുന്ന സെല്ലുകളുടെയും വാർഡുകളുടെയും വാതിലുകൾ പകൽസമയങ്ങളിൽ തുറന്നിടണം എന്ന് ഒന്നാം പോയന്റിൽ പറയുമ്പോൾ രണ്ടാം പോയന്റിൽ പറയുന്നത് പുറത്തു വന്ന തടവുകാർ സെല്ലിൽ/ വാർഡുകളിൽ പ്രവേശിക്കാതിരിക്കാൻ വാതിലുകൾ പൂട്ടിയിടണമെന്നാണ്. ഒരേസമയം അടച്ചിടുകയും തുറന്നിടുകയും ചെയ്യുന്നതെങ്ങനെ? ഈ ചട്ടം, നിലവിലുള്ള ജയിലുകൾക്ക് ഇന്ന് നിർബന്ധപൂർവം ബാധകമാക്കേണ്ട ഒന്നല്ല. കാരണം ഇന്നത്തെ വാതിലുകൾ അടച്ചിട്ടാലും തുറന്നിട്ടാലും വെളിച്ചവും കാറ്റും കടക്കുന്ന തരത്തിലുള്ളതാണ്.
രണ്ട് തരം വാതിലുകളുള്ള സെല്ലിന്റെ/ വാർഡിന്റെ പ്രവർത്തനത്തിനനുയോജ്യമായ രീതിയിലാണ് ചട്ടം 229 വ്യവസ്ഥപ്പെടുത്തിയത്. രണ്ട് തരം വാതിലിൽ ഒന്ന് അഴിതരമുള്ളതും രണ്ടാമത്തേത് മുഴുവൻ മറഞ്ഞിരിക്കുന്നതും. തടവുകാരെ രാവിലെ പുറത്തിറക്കി കഴിഞ്ഞാൽ വായുവും വെളിച്ചവും വാർഡിൽ അല്ലെങ്കിൽ സെല്ലിൽ പ്രവേശിക്കാൻ മുഴുവൻ മറഞ്ഞിരിക്കുന്ന വാതിൽ തുറന്നിടണം. തടവുകാർ വീണ്ടും സെല്ലിൽ/ വാർഡിൽ പ്രവേശിക്കാതിരിക്കാൻ അഴിതരമുള്ള വാതിൽകൊണ്ട് അടയ്ക്കുകയും വേണം.
വൈകീട്ട് ലോക്കപ്പ് സമയത്ത് രണ്ട് വാതിലുംകൊണ്ട് സെല്ലുകൾ/ വാർഡുകൾ അടക്കുന്നു. ഇത്തരം രണ്ട് തരം വാതിൽ വളരെ പണ്ട് ഉണ്ടായിട്ടുള്ള രീതിയാണ്. ബ്രിട്ടീഷ് കാലത്ത് തടവുകാരുടെ ലോക്കപ്പിന് ഉപയോഗിച്ചിരുന്ന വാതിൽ രീതികളും മറ്റു ചില സംവിധാനങ്ങളും 1947നു ശേഷം പൊളിച്ച് മാറ്റുകയും പുതിയരീതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് കേരളത്തിലെ ജയിലുകളിലെല്ലാം ഒറ്റ തരം വാതിലുകളാണ് നിലനിൽക്കുന്നത്. ആ നിലക്ക് നോക്കുമ്പോൾ ചട്ടം 229 കാലഹരണപ്പെട്ടതായി മനസ്സിലാക്കുന്നതിൽ തെറ്റില്ല.
നിയമങ്ങളിലും ചട്ടങ്ങളിലും പലതും സാഹചര്യ മാറ്റങ്ങൾക്കനുസരിച്ച് കാലഹരണപ്പെടലിന് വിധേയമാണ്. ഇത് തിരിച്ചറിയുക എന്നത് കോടതികളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. പുതിയ സാഹചര്യങ്ങൾക്കും മുന്നിട്ടുനിൽക്കുന്ന ധാരണകൾക്കും വ്യാഖ്യാനങ്ങൾക്കും അനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും പുനർനിർമിക്കപ്പെടണം. ഇവിടെ പലതിലും പഴയതുതന്നെ ആവർത്തിക്കുന്നത് കാണാം. ഇതിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന്റെ നയങ്ങൾ വരെ ഉള്ളടങ്ങിയിട്ടുണ്ട്.
പഴയത് തുടരുന്നതിന്റെ ഒരു ഉദാഹരണമാണ് ജയിലുകളിൽ രാത്രികാലങ്ങളിൽ കക്കൂസ് ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്ന് നിർദേശിക്കുന്ന ചട്ടം 250 (അധ്യായം 20). ഇതിന് ന്യായം പറയുന്നത് പകൽസമയങ്ങളിൽ തടവുകാർക്ക് കക്കൂസിൽ പോകുന്നതിന് മതിയായ സൗകര്യം നൽകിയിട്ടുണ്ടെന്നുള്ളതാണ്. അതേസമയം അധ്യായം 47ൽ, 637ാം ചട്ടത്തിൽ പറയുന്നത് പകൽസമയങ്ങളിൽ 6 തടവുകാർക്ക് ഒരു യൂനിറ്റും രാത്രി സമയങ്ങളിൽ 10 തടവുകാർക്ക് ഒരു യൂനിറ്റും എന്ന നിലയിൽ കക്കൂസ് സൗകര്യം ഉണ്ടായിരിക്കണം. രാത്രിയിൽ സെൽ/ വാർഡുകളിൽ വാട്ടർ ക്ലോസറ്റുകൾ ഉപയോഗിക്കുവാൻ അനുവദിക്കേണ്ടതാണ്. ഓരോ ബാരക്ക്/ ബ്ലോക്ക്/ വാർഡിലും പര്യാപ്തമായ എണ്ണം വെസ്റ്റേൺ ക്ലോസറ്റുകൾ അനുവദിക്കേണ്ടതാണ്... ചട്ടം 250ഉം 637ഉം പറയുന്നത് പരസ്പര വിരുദ്ധമായ കാര്യമാണ്.
ഇന്നത്തെ പുതിയ ജയിൽ സാഹചര്യത്തിൽ എല്ലായിടത്തും തടവുകാർ കിടക്കുന്ന സെൽ/ ബാരക്കുകളിൽ കക്കൂസ് ഉണ്ട്. ആ നിലയിൽ രാത്രികാലങ്ങളിൽ നിരുത്സാഹപ്പെടുത്തേണ്ട കാര്യം അത്യാവശ്യമല്ല. പണ്ട് കാലങ്ങളിൽ സെല്ലുകളിൽ/ ബാരക്കുകളിൽ കക്കൂസ് ഇല്ല. രാത്രിയിൽ തടവുകാർക്ക് ഈ ആവശ്യം നിർവഹിക്കാൻ സെല്ല് തുറന്നു പുറത്തു വരണം. ഇത് ഉദ്യോഗസ്ഥർക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു ഏർപ്പാടാണ്. അതുകൊണ്ട് ജയിലധികൃതർ രാത്രികാലങ്ങളിലെ കക്കൂസ് ഉപയോഗം നിരുത്സാഹപ്പെടുത്തും. 2002ൽ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരു അനുഭവം ഇത് എഴുതുന്ന ആൾക്കുണ്ട്. അന്നൊക്കെ ഉദ്യോഗസ്ഥരുടെ കാല് പിടിച്ചു കേണ് പറഞ്ഞാലാണ് രാത്രിയിൽ കക്കൂസിൽ പോകാൻ സെല്ല് തുറന്ന് തരിക!
ചട്ടം 250 ഇന്നും കേരള പ്രിസൺ റൂൾസിൽ ഉള്ളതാണ്. നിയമസഭ പാസാക്കിയതാണ്. സ്വാഭാവികമായും ഇന്ന് ഇത് ആവശ്യമില്ലെങ്കിൽ അത് എടുത്തുകളയണം. അല്ലാത്ത കാലത്തോളം അവ നടപ്പിലാക്കേണ്ട ചട്ടംതന്നെ! ആർക്കും അതിൽ കുറ്റം പറയാൻ കഴിയില്ല. പക്ഷേ വിവേകബുദ്ധിയുള്ള സൂപ്രണ്ടുമാർ ചട്ടം നടപ്പിലാക്കാൻ വാശിപിടിക്കില്ല. അത് തടവുകാർക്ക് മേൽ അടിച്ചേൽപ്പിക്കില്ല. ഇതേ സമീപനമാണ് ചട്ടം 229ന്റെ കാര്യത്തിലും പാലിക്കേണ്ടത്. മറ്റെല്ലാ ജയിൽ സൂപ്രണ്ടുമാരും പാലിക്കുന്നതും HSP സൂപ്രണ്ട് ആയിരുന്ന രാജീവ് ടി.ആർ പാലിക്കാത്തതും ഇതാണ്. പൂട്ടിയിടൽ പരാതിയുടെ ഉത്തരവിൽ ചട്ടം 229 പാലിക്കണമെന്ന് എഴുതി ചേർക്കുമ്പോൾ അതിസുരക്ഷാ ജയിൽ സാഹചര്യവും ഈ ചട്ടവും തമ്മിൽ പൊരുത്തമുള്ളതാണോ എന്ന പരിശോധന കോടതി നടത്തിയിട്ടില്ല. ഇന്നത്തെ സാഹചര്യത്തിൽ 229 നടപ്പിലാക്കേണ്ട ആവശ്യമുണ്ടോ എന്നും പരിശോധിച്ചിട്ടില്ല.
“അവശരായ തടവുകാരെയും പണിക്ക് പോകാത്ത തടവുകാരെയും മാറ്റണം” -എന്തിന്?
ചട്ടം 229ൽ പറയുന്ന നാലാമത്തെ കാര്യം അവശരായവരെയും ഏൽപ്പിച്ച പണി ചെയ്യാൻ തയാറാകാത്തവരെയും സൂക്ഷിക്കുന്നതിനായി ഒരു പ്രത്യേക ബ്ലോക്ക് ഉണ്ടായിരിക്കണം എന്നാണ്. ഇതിൽനിന്ന് മനസ്സിലാക്കാവുന്നത്, പണിക്ക് പോകുന്ന തടവുകാരെ പാർപ്പിക്കുന്ന സെല്ലുകളെയും ബ്ലോക്കുകളെയും പറ്റിയാണ് ചട്ടം 229ൽ പറഞ്ഞിരിക്കുന്നത് എന്നതാണ്. കാരണം ഈ ബ്ലോക്കിൽനിന്നും സെല്ലിൽനിന്നും രാവിലെ തടവുകാരെ പുറത്തിറക്കി കഴിഞ്ഞാൽ അവർ തിരികെ പ്രവേശിക്കാതിരിക്കാൻ അവ പൂട്ടിയിടണം. അങ്ങനെ പൂട്ടുമ്പോൾ ഒരാളും അതിനകത്ത് ഉണ്ടാവരുത്. അങ്ങനെ ഉണ്ടാവാതിരിക്കണമെങ്കിൽ അവശരായവരെയും ഏൽപ്പിച്ച പണി എടുക്കാത്തവരെയും അവിടെനിന്ന് മാറ്റണം.
ജയിലിൽ RPക്കാരോ UTക്കാരോ തൊഴിൽ ചെയ്യാൻ ബാധ്യസ്ഥരല്ല. മാത്രമല്ല, ഇന്ന് RPക്കാരെയും UTക്കാരെയും ശിക്ഷാ പ്രതികളെയും ഒരുമിച്ച് സെല്ലുകളിലോ ബ്ലോക്കിനകത്തോ പാർപ്പിക്കുന്നില്ല. പാർപ്പിക്കരുതെന്ന് ചട്ടങ്ങൾ അനുശാസിക്കുന്നുണ്ട്. ഈ പരിശോധനയിലും ചട്ടം 229 പണിയെടുക്കാൻ ബാധ്യതപ്പെട്ട ശിക്ഷാ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കിനും സെല്ലിനും ബാധകമായതാണെന്ന് വ്യക്തമാണ്.
പണിക്ക് പോയിക്കഴിഞ്ഞാൽ സെല്ലുകളും ബ്ലോക്കുകളും പൂട്ടുന്നതെന്തിന്..?
കഠിന തടവിന് ശിക്ഷിക്കപ്പെട്ടവർ ജോലി ചെയ്യാൻ ബാധ്യസ്ഥരാണ്. ജോലി ചെയ്യുക എന്നത് ശിക്ഷയുടെ ഭാഗമാണ്. ഇവർ ജോലി ചെയ്യാൻ തയാറല്ലെങ്കിൽ സെല്ലിൽ പൂട്ടിയിടണം എന്ന് ചട്ടം 672 (2)ൽ പറയുന്നുണ്ട്. ഈ പൂട്ടിയിടൽ ശിക്ഷയുടെ ഭാഗമാണ്.
പണിയെടുക്കുന്ന തടവുകാർ രാവിലെ ഹാജർ നൽകി, പണിയെടുക്കാതെ സെല്ലിൽ/ ബ്ലോക്കിൽ വന്ന് ഇരിക്കുന്നത് തടയുക എന്നതാണ് ചട്ടം 229ന്റെ ഉദ്ദേശ്യം. അതുകൊണ്ട് തടവുകാർക്ക് തിരികെ സെല്ലിൽ കയറാൻ കഴിയാത്ത വിധം, എന്നാൽ വായുസഞ്ചാരം ലഭിക്കത്തക്ക വിധം സെല്ല്/ ബ്ലോക്ക് പൂട്ടണം എന്ന് ചട്ടം പറയുന്നു. വ്യക്തിപരമായ സാധനങ്ങൾ മോഷ്ടിക്കപ്പെടാതിരിക്കണമെന്നതും, എല്ലായ്പോഴും അകത്തും പുറത്തുമുള്ള തടവുകാരുടെ എണ്ണം മനസ്സിലാക്കാനുമെല്ലാം മുൻകാലത്ത് ഈ ചട്ടം വഴി സാധ്യമാകുന്നു. പുറത്തിറക്കിയ ശേഷം സെല്ലുകൾ പൂട്ടിയിടുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് മുൻകാലത്ത് ശിക്ഷാ തടവുകാർക്ക് ഇല്ല. മൂത്രപ്പുര-കക്കൂസ് എന്നിവയെല്ലാം മുൻകാലങ്ങളിൽ പുറത്ത് മാത്രമാണുള്ളത്. പണിയെടുക്കുന്നവർ സ്വാഭാവികമായും സെല്ലിന് പുറത്താണല്ലോ.
KPRൽ ചട്ടം 229 നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ന് കേരളത്തിലെ ഒരു ജയിലിലും ഇത് നടപ്പാക്കുന്നില്ല. പണിക്ക് പോയിക്കഴിഞ്ഞാൽ തടവുകാരുടെ സെല്ലുകൾ പൂട്ടിവെക്കാറില്ല. തടവുകാരുടെ സാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഇന്ന് സ്റ്റോർ സംവിധാനം ഉണ്ട്. തടവുകാർ പണി എടുക്കുന്നുണ്ടോ എന്ന് നോക്കാനും ഓരോ ഗ്യാങ്ങിലെയും മൊത്തത്തിലുള്ളവരുടെയും എണ്ണം തിട്ടപ്പെടുത്തി വെക്കാനും ഇന്ന് പ്രത്യേകം പ്രത്യേകം ചുമതലാ ഉദ്യോഗസ്ഥർ ഉണ്ട്. അതുകൊണ്ട് സെല്ലുകളിലും ബ്ലോക്കുകളിലും പണിക്ക് പോകുന്നവരും പോകാത്തവരും അവശരായവരും അല്ലാത്തവരും ഒരുമിച്ച് ഇന്ന് പാർക്കുന്നുണ്ട്.
UT: 4 വിജിത്ത് വിജയന്റെയും UT: 6 രാജീവൻ ടി.കെയുടെയും പരാതിയിന്മേൽ ജയിൽ സൂപ്രണ്ട് രാജീവ് ടി.ആർ കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നത്; “2014ലെ ചട്ടങ്ങളിൽ 20ാം അധ്യായം മുഴുവനും പണിക്ക് പോകുന്ന (ശിക്ഷക്കാർക്കുള്ളതാണ്) തടവുകാർക്കുള്ളതാണ്. അതുകൊണ്ട് ഈ അധ്യായത്തിലെ ചട്ടങ്ങൾ RP, UT തടവുകാർക്ക് ബാധകമാക്കാൻ കഴിയില്ല –അങ്ങനെ ബാധകമാക്കി ഉത്തരവിടരുത് എന്നാണ്.” (ഈ അധ്യായത്തിലാണ് ചട്ടം 225, 238, 229 വിവരിക്കുന്നത്). സൂപ്രണ്ട് പറയുംപോലെ ഈ അധ്യായം ശിക്ഷക്കാർക്കാണ് ബാധകമെങ്കിൽ ചട്ടം 229 പ്രകാരം ശിക്ഷാ തടവുകാരെയെല്ലാം പുറത്തിറക്കി സെല്ല്/ ബ്ലോക്ക് പൂട്ടണം.
എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാതിരിക്കുന്നത്..? അദ്ദേഹം എച്ച്.എസ്.പി സൂപ്രണ്ടായിരുന്ന രണ്ടു വർഷവും ഈ ചട്ടം നടപ്പിലാക്കിയിട്ടില്ല. ഇപ്പോൾ ഇദ്ദേഹം മധ്യമേഖല ഡി.ഐ.ജി ആണ്. മധ്യമേഖലക്ക് കീഴിലുള്ള എല്ലാ ജയിലുകളിലും ചട്ടം 229 നടപ്പാക്കാൻ നിർദേശം പുറപ്പെടുവിക്കാൻ ഇദ്ദേഹത്തിന് അധികാരമുണ്ട്. എന്നിട്ടും അങ്ങനെ ചെയ്യുന്നില്ല. അതേസമയം 14 UT തടവുകാരെ (ഇപ്പോൾ വിജിത്ത് വിജയൻ, മൊയ്ദീൻ എന്നിവർക്ക് മാത്രം) 229 ചട്ടപ്രകാരം പുറത്താക്കി പൂട്ടുകയും ചെയ്യുന്നു. ബാധകമായവർക്ക് ബാധകമാക്കാതിരിക്കുന്നതും ബാധകമല്ലാത്തവർക്ക് ബാധകമാക്കുന്നതും ചട്ട ലംഘനമാണ്.
സൂപ്രണ്ടിന്റെ മേൽപറഞ്ഞ റിപ്പോർട്ടിൽ, 21 മണിക്കൂറും സെല്ലിൽ പൂട്ടിയിടുന്നില്ലെങ്കിൽ ഭീകരവാദികളും തീവ്രവാദികളും രാജ്യസുരക്ഷക്കുതന്നെ ഭീഷണിയായേക്കാവുന്ന പ്രവർത്തനങ്ങൾ നടത്തിയവരുമായ, സുരക്ഷാ ആവശ്യമായ തടവുകാർ വരാന്തയിൽ കറങ്ങിനടക്കും. അങ്ങനെ പാടില്ലെന്നും നിർദേശിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അവരെ 21 മണിക്കൂറും പൂട്ടിയിടുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.
ഇങ്ങനെ എഴുതിനൽകുമ്പോൾ തന്നെയാണ് യു.എ.പി.എ ശിക്ഷാ തടവുകാരും,, പണിയെടുക്കുന്ന UAPA RP, UT തടവുകാരെല്ലാവരും വരാന്തയിലും പണിസ്ഥലത്തും കറങ്ങിനടക്കുകയും പോയിവരുകയും ചെയ്യുന്നത്. പണി കഴിഞ്ഞാൽ ലോക്കപ്പ് സമയം വരെ സെല്ലിനകത്തും പുറത്തുമെല്ലാം നടക്കുന്നത്. പൂട്ടിയിടൽ വിരുദ്ധ കോടതി ഉത്തരവിന് ശേഷം 14 UAPA UT തടവുകാരെ പുറത്താക്കി സെല്ല് പൂട്ടുന്നതോടെ അവർക്ക് വരാന്തയിൽ കറങ്ങി നടക്കുകയല്ലാതെ വേറെ മാർഗമില്ലാതെയായി.
യു.എ.പി.എ റിമാൻഡ് തടവുകാരോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ HSP ജയിൽ സൂപ്രണ്ട് (ഇപ്പോഴത്തെ മധ്യമേഖല ഡി.ഐ.ജി രാജീവ് ടി.ആർ) നിയമ, ചട്ട വിരുദ്ധമായി അവരെ പൂട്ടിയിട്ടതും അത് പരാജയപ്പെട്ടപ്പോൾ ശിക്ഷ പ്രതികൾക്ക് മാത്രം ബാധകമായതും ഇന്ന് ഫലത്തിൽ കാലഹരണപ്പെട്ടതും മറ്റൊരു ജയിലിലും നടപ്പിലാക്കാത്തതുമായ ചട്ടം 229 െവച്ച് വ്യക്തിവൈരാഗ്യം തീർക്കൽ ശ്രമം തുടരുന്നതിന്റെയും അനുഭവ സാക്ഷ്യമാണ് ഇവിടെ വിവരിച്ചത്. ഈ പ്രതികാരനടപടി സാധാരണ നിലയും കടന്ന് തടവുകാരുടെ മൗലിക അവകാശ ലംഘനമായും (ജയിൽനിയമം 36ാം അധ്യായമാണ് തടവുകാരുടെ മൗലിക അവകാശം) വ്യക്തിത്വത്തിനും അന്തസ്സിനും മേലുള്ള കടന്നാക്രമണമായും മാറിയിരിക്കുന്നു. ജയിലിനകത്തും പുറത്തും കോടതിക്കകത്തും ഈ നടപടി സജീവമായി പ്രശ്നവത്കരിക്കേണ്ടത് അത്യാവശ്യമാണ്.
അതീവ സുരക്ഷാ ജയിലിലെ നാല് തരം ലോക്കപ്പ് അൺലോക്കപ്പ് രീതിയിൽ ബുദ്ധിമുട്ടുന്നവരിൽ ജയിൽ ഉദ്യോഗസ്ഥരും ഉണ്ട്. പ്രത്യേകിച്ചും ഏറ്റവും താഴേ തട്ടിലുള്ള എ.പി.ഒ (അസിസ്റ്റന്റ് പ്രിസൺ ഓഫിസർ)മാരിൽ, വാങ്ങുന്ന ശമ്പളത്തിന് പണിയെടുക്കണം എന്ന് ആഗ്രഹിക്കുന്നവർ. ഇങ്ങനെയല്ലാത്തവർ അവർക്ക് പറ്റിയ തടവുകാരുടെ കൈയിൽ താക്കോലുകൾ ഏൽപിച്ച് തുറക്കലും പൂട്ടലും അവരെക്കൊണ്ട് ചെയ്യിക്കുന്നു.
നാലുതരം തുറക്കലും പൂട്ടലുമായ രീതി കാരണം ഒരു സെല്ല് തന്നെ പലതവണ തുറക്കുകയും പൂട്ടുകയും ചെയ്യേണ്ടിവരുന്നുണ്ട്. അതീവ സുരക്ഷാ ജയിലിലെ ഗ്രൗണ്ട് ഫ്ലോർ ഒഴിച്ച് ഒന്നും രണ്ടും ഫ്ലോറുകൾ 15 സെല്ലുകൾ വീതം നാല് കോർട്ടർ ആക്കി തിരിച്ചിട്ടുണ്ട്. ഓരോ കോർട്ടറിന് അകത്തും നാലുതരം ലോക്കപ്പ് അൺലോക്കപ്പ് രീതികൾക്ക് അർഹരായവർ ഉണ്ട്. അതുകൊണ്ട് ഇവരെയെല്ലാം പല സമയത്ത് അടക്കുകയും പൂട്ടുകയും ചെയ്യേണ്ടിവരുന്നുണ്ട്.
സമയത്തിന്റെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ:-
● രാവിലെ തുറക്കൽ - 6.30 മുതൽ തുറന്നു വിടേണ്ടവർ, 7.30ന് തുറന്നു വിടേണ്ടവർ.
● രാവിലത്തെ അടക്കൽ - 7.30ന് അടക്കേണ്ടവർ, 8 മണിക്ക് അടക്കേണ്ടവർ, 8.30ന് അടയ്ക്കേണ്ടവർ.
● ഉച്ചസമയത്തെ തുറക്കൽ - 11.30ന് തുറക്കേണ്ടവർ, 12 മണിക്ക് തുറക്കേണ്ടവർ, 12.30ന് തുറക്കേണ്ടവർ.
● ഉച്ചസമയത്ത് അടയ്ക്കൽ - 12.30ന് അടയ്ക്കേണ്ടവർ, 1.30ന് അടയ്ക്കേണ്ടവർ
● വൈകുന്നേരത്തെ തുറക്കൽ - 3.30ന് തുറക്കേണ്ടവർ, 4 മണിക്ക് തുറക്കേണ്ടവർ, 4.30ന് തുറക്കേണ്ടവർ.
● വൈകുന്നേരത്തെ അടക്കൽ - 4.30ന് അടക്കേണ്ടവർ, 5.15ന് അടക്കേണ്ടവർ.
ആലോചിക്കുമ്പോൾതന്നെ തലകറങ്ങും. പലപ്പോഴും തുറക്കേണ്ട സെല്ലുകൾ പൂട്ടി പോവുകയും പൂട്ടേണ്ട സെല്ലുകൾ തുറന്നു പോവുകയും ചെയ്യുന്ന അവസ്ഥ പല വാർഡന്മാർക്കും ഉണ്ടായിട്ടുണ്ട്. ഇതുതന്നെ വാക്കുതർക്കത്തിന് ഇടയാക്കുന്നുണ്ട്. സഹികെട്ട ഒരു എ.പി.ഒ ‘‘സൂപ്രണ്ട് മൈ... ഓരോ ഏർപ്പാട്..!’’ എന്ന് പറയുന്നിടം വരെ എത്തിയിരുന്നു.
03.07.2023 മുതൽ 17.06.2025 വരെ അതിസുരക്ഷാ ജയിൽ സൂപ്രണ്ട് ആയിരുന്ന രാജീവ് ടി.ആറിന്റെ കാലത്ത് നടപ്പാക്കിയ ഈ വ്യത്യസ്ത തരം പൂട്ടിയിടൽ ഇപ്പോഴും തുടരുന്നുണ്ട് എന്ന് തടവുകാർ അറിയിച്ചിട്ടുണ്ട്.
===================
1) കേരള പ്രിസൺ & കറക്ഷനൽ സർവിസസ് (മാനേജ്മെന്റ്) ആക്ട്. ഇതിനെ സൗകര്യത്തിനായി KPA (കേരള പ്രിസൺ ആക്ട്) എന്ന് എഴുതിയിട്ടുണ്ട്. ഈ ആക്ട് നിലവിൽ വന്നത് 2010ൽ ആണ്.
2) കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും (നിർവഹണം) ചട്ടങ്ങൾ. ഇതിനെ സൗകര്യത്തിനായി KPR (കേരള പ്രിസൺ റൂൾ) എന്നും എഴുതിയിട്ടുണ്ട്. ഈ ചട്ടം നിലവിൽ വന്നത് 2014ൽ ആണ്.
3) ജയിലിലെ അൺലോക്ക് സമയം 12 മണിക്കൂറും (പ്രഭാതം മുതൽ 6/ 6.30 വരെ) ലോക്കപ്പ് സമയം 12 മണിക്കൂറും ആണ്. ഇതാണ് ഒരു ദിവസത്തെ/ 24 മണിക്കൂർ സമയത്തെ അൺലോക്ക്/ ലോക്കപ്പ് സമയം. ആക്ടിലെയും ചട്ടത്തിലെയും ഈ സമയത്തെയാണ് ജയിൽ സൂപ്രണ്ടുമാർ അവർക്ക് തോന്നിയ പോലെ നടപ്പിലാക്കുന്നത്. അത് വഴി അൺലോക്ക് സമയം കുറഞ്ഞു കുറഞ്ഞുവരുന്നു. ഇപ്പോൾ അത് റിമാൻഡ്, വിചാരണ തടവുകാർക്ക് വെറും 3 മണിക്കൂറിൽ എത്തിനിൽക്കുന്നു (അൺലോക്ക് സമയം -3 മണിക്കൂർ, ലോക്കപ്പ് സമയം -21 മണിക്കൂർ).
4) പൂട്ടിയിടൽ പ്രശ്നവുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ട കോടതിവിധികളുടെ തീയതി/ നമ്പർ എന്നിവ താഴെ നൽകുന്നു. പരാതിക്കാരുടെ പേരുമായി ബന്ധിപ്പിച്ച് ഇത് മനസ്സിലാക്കാവുന്നതാണ്.
● രൂപേഷ് - CMP 2069/2019 in SC43/2017/CBI-II
● സഞ്ജയ് ദീപക് റാവു - CMP 30/2024 in RC 1/2022/CBI-II (07/03/2024)
● പെരിയ കേസ് തടവുകാർ - CMP 4283/2023 in SC 260/2022/CBI-II (19/10/2023)
● അനീഷ് ബാബു - CMP 375/2024 in SC 2/2021/CBI-I (30/09/2024)
● അസറുദ്ദീൻ - CMP 257/2024 in SC 3/2019/CBI-II (19/11/2024)
● വിജിത്ത് വിജയൻ - CMP 500/2024 in SC 1/2020/CBI-I (14/02/2025)
● രാജീവൻ ടി.കെ - CMP 487/2024 in SC 2/2010/CBI-I (18/03/2025)
● PFI കേസിൽപെട്ട 5 തടവുകാർ - CMP 474, 476, 485, 486, 490/2024 in SC 2/2023/CBI-I (14/02/2025)
● മാവോയിസ്റ്റ് കേസിൽപെട്ട മറ്റുള്ളവർ - CMP 98, 99/2025 in SC 2/2021/CBI-I (18/03/2025)
5) ചട്ടം 238 രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈകോടതി ഉത്തരവ് നമ്പർ crl. Appeal no: 575/2025.11/3/2025
6) ചട്ടം 229 അതിസുരക്ഷാ ജയിലിൽ എല്ലാ തടവുകാർക്കും ബാധകമാണ് എന്ന് വ്യക്തമാക്കിയ വിവരാവകാശ ഓഫിസറുടെ RTI മറുപടി നമ്പർ KPCS/HSP/ VYR/ 351/ 2025-EI-24/9/2025
7) ചട്ടം 229 കേരളത്തിലെ എല്ലാ ജയിലുകൾക്കും, എല്ലാ തടവുകാർക്കും ബാധകമാണ് എന്ന് വ്യക്തമാക്കിയ ജയിൽ ആസ്ഥാന കാര്യാലയം വിവരാവകാശ ഓഫിസർ നൽകിയ RTI മറുപടി നമ്പർ KPCS/ 6769/ 2025-G5- 29/9/25.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.