പശ്ചിമേഷ്യൻ യുദ്ധവും അമേരിക്കയുടെ വാണിജ്യ-ഭൗമ രാഷ്ട്രീയ തന്ത്രങ്ങളും

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത അധിനിവേശ യുദ്ധം ഇറാനിൽ ആഞ്ഞടിക്കുകയാണ്. എന്താണ് ഇറാനെ ആക്രമിക്കുന്നതിന് പിന്നിൽ? എന്താണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും താൽപര്യം? –വിശകലനം.സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ ഒരു പ്രതിസന്ധിയിലൂടെയാണ് പശ്ചിമേഷ്യ കടന്നുപോകുന്നത്. ഇറാന്റെ പരമോന്നത നേതാവിനെയും മുതിർന്ന സൈനിക-രാഷ്ട്രീയ ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണങ്ങൾ, ഈ മേഖലയിൽ നിലനിന്നിരുന്ന സംഘർഷങ്ങളെ ഗുരുതരമായ ഒരു സുരക്ഷാ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ആക്രമണത്തിൽ നിരവധി പെൺകുട്ടികൾ ഉൾ​െപ്പടെ നൂറുകണക്കിന്...

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത അധിനിവേശ യുദ്ധം ഇറാനിൽ ആഞ്ഞടിക്കുകയാണ്. എന്താണ് ഇറാനെ ആക്രമിക്കുന്നതിന് പിന്നിൽ? എന്താണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും താൽപര്യം? –വിശകലനം.

സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ ഒരു പ്രതിസന്ധിയിലൂടെയാണ് പശ്ചിമേഷ്യ കടന്നുപോകുന്നത്. ഇറാന്റെ പരമോന്നത നേതാവിനെയും മുതിർന്ന സൈനിക-രാഷ്ട്രീയ ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണങ്ങൾ, ഈ മേഖലയിൽ നിലനിന്നിരുന്ന സംഘർഷങ്ങളെ ഗുരുതരമായ ഒരു സുരക്ഷാ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ആക്രമണത്തിൽ നിരവധി പെൺകുട്ടികൾ ഉൾ​െപ്പടെ നൂറുകണക്കിന് ജനങ്ങൾ കൊല്ലപ്പെടുകയും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തത് ഈ യുദ്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. മരിച്ചവരുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്താനാവാത്തവിധം സങ്കീർണമാണ്.

ഈ ആക്രമണവും തുടർന്നുണ്ടായ സംഭവങ്ങളും പെട്ടെന്നുണ്ടായതല്ല. ഇതിന് പിന്നിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യക്തമായ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കൂടാതെ, ഗൾഫ് രാജ്യങ്ങളെ പാശ്ചാത്യരാജ്യങ്ങളുടെ സൈനിക-രാഷ്ട്രീയ താൽപര്യങ്ങളുമായി ബന്ധിപ്പിക്കുന്ന സുരക്ഷാ സംവിധാനങ്ങളും ഇതിൽ വലിയ പങ്കുവഹിക്കുന്നു. ആ അർഥത്തിൽ ഇപ്പോൾ രൂക്ഷമായ യുദ്ധം ഒരു ഒറ്റപ്പെട്ട സംഭവമല്ല. പശ്ചിമേഷ്യയിലെ അധികാര സമവാക്യങ്ങളെ തങ്ങൾക്കനുകൂലമായി മാറ്റിയെടുക്കാൻ ദീർഘകാലമായി അമേരിക്കയും ഇസ്രായേലും നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചതന്നെയാണ്.

തന്റെ രണ്ടാം ഭരണകാലത്ത്, അമേരിക്കയോട് ശത്രുത പുലർത്തുന്ന ഭരണകൂടങ്ങളെ സമ്മർദത്തിലാക്കാനോ അസ്ഥിരപ്പെടുത്താനോ ലക്ഷ്യമിട്ടുള്ള നടപടികൾ പ്രസിഡന്റ് ട്രംപ് ശക്തമാക്കിയിരിക്കുകയാണ്. പശ്ചിമേഷ്യയിലെ ഇറാനും ലാറ്റിൻ അമേരിക്കയിലെ വെനിസ്വേലയുമാണ് ഈ സമീപനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. അതേസമയം ചൈന, വടക്കൻ കൊറിയ, റഷ്യ എന്നിവർ തന്ത്രപരമായ എതിരാളികളാണെങ്കിലും അവരുടെ ആണവായുധശേഷി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകളെ കൂടുതൽ സങ്കീർണമാക്കുമെന്ന് ട്രംപിനറിയാം.

ഈ ഭൗമരാഷ്ട്രീയത്തിന്റെ ഭാഗമായി, ഇറാനെതിരെയുള്ള നിലവിലെ ആക്രമണം അവിടെ ഭരണമാറ്റം (regime-change) ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ യുദ്ധം കേവലം അക്രമത്തിന്റെ വ്യാപ്തികൊണ്ട് മാത്രമല്ല ശ്രദ്ധേയമാകുന്നത്. സാമ്പത്തിക ഉപരോധങ്ങളിൽനിന്നും നയതന്ത്രസമ്മർദങ്ങളിൽനിന്നും തുറന്ന സൈനിക ഇടപെടലിലേക്ക് നീങ്ങിയ ഒരു നീണ്ട ഭൗമരാഷ്ട്രീയ പദ്ധതിയുടെ തുടർച്ചകൂടിയാണിത്.

ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളെ വെറുമൊരു ആണവപ്രശ്നമായി ബന്ധപ്പെട്ടു മാത്രം കാണാൻ കഴിയില്ല. തീവ്രവലതുപക്ഷ ബുദ്ധികേന്ദ്രമായ ഹെറിറ്റേജ് ഫൗണ്ടേഷൻ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുമുമ്പ് പുറത്തുവിട്ട ‘പ്രോജക്ട് 2025’ൽ വ്യക്തമാക്കിയ ഒരു വലിയ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണിത്. അടുത്ത ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അഞ്ച് പ്രധാന രാജ്യങ്ങൾ ചൈന, ഇറാൻ, വെനിസ്വേല, റഷ്യ, വടക്കൻ കൊറിയ എന്നിവ ആയിരിക്കുമെന്ന് ഈ രേഖ തുറന്നുപറയുന്നുണ്ട്. ഈ നീക്കം വെറും പ്രതിരോധത്തിനല്ല, മറിച്ച് ഒരു വ്യവസ്ഥാപിത പദ്ധതിയുടെ ഭാഗമാണ്. അമേരിക്കയുടെ ആധിപത്യത്തിന് തടസ്സംനിൽക്കുന്ന ശക്തികളായാണ് ഈ രാജ്യങ്ങളെ കാണുന്നത്. അതിനാൽ, അവരെ സമ്മർദത്തിലാക്കാനും നിയന്ത്രിക്കാനും ആവശ്യമെങ്കിൽ അവിടത്തെ ഭരണകൂടങ്ങളെ മാറ്റാനുമുള്ള ഒരു ഏകോപിത നീക്കമായാണ് ഈ നയംരൂപപ്പെടുത്തിയിരിക്കുന്നത്.

ഇറാനിലെ ആക്രമണങ്ങൾ ഈ നീക്കത്തിന്റെ ഏറ്റവും പ്രത്യക്ഷ ഉദാഹരണമാണ്. ഇറാന്റെ പരമോന്നത നേതാവിനെയും മുതിർന്ന സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും വധിച്ച അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണം, ശത്രുവിനെ തടഞ്ഞുനിർത്തുക (deterrence) എന്ന നിലപാടിൽനിന്നും ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെ ഇല്ലാതാക്കുക (decapitation) എന്നതിലേക്ക് മാറിയതിനെ സൂചിപ്പിക്കുന്നു. ആണവായുധങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിൽനിന്നും അവിടത്തെ രാഷ്ട്രീയംതന്നെ മാറ്റുക എന്നതിലേക്ക് അമേരിക്ക പെട്ടെന്ന് മാറി. ആണവവ്യാപനം തടയാനുള്ള നീക്കമായാണ് അമേരിക്ക ഇതിനെ ന്യായീകരിക്കുന്നതെങ്കിലും ആക്രമിക്കപ്പെട്ട ലക്ഷ്യങ്ങൾ പരിശോധിച്ചാൽ മറ്റൊരു വലിയ പദ്ധതി വ്യക്തമാകും: ഭരണസംവിധാനത്തെ ദുർബലപ്പെടുത്തുകയും രാജ്യത്തിനകത്ത് ഒരു തകർച്ച ഉണ്ടാക്കുകയും ചെയ്യുക.

ഈ തന്ത്രം ആണവനിർവ്യാപന നിയമങ്ങളെ (non-proliferation norms) തങ്ങൾക്കനുകൂലമായി മാത്രം ഉപയോഗിക്കുന്ന ഒന്നാണ്. ഇറാൻ ആണവ സമ്പുഷ്ടീകരണം നടത്തുന്നു എന്നാരോപിച്ച് കടുത്ത ഉപരോധങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാകുമ്പോൾ തന്നെ, ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരങ്ങളിലൊന്ന് അമേരിക്ക കൈവശം വെക്കുന്നു. കൂടാതെ, ഇസ്രായേലിന്റെ വെളിപ്പെടുത്താത്ത ആണവശേഖരം ‘ആണവനിർവ്യാപന കരാറിന്’ (NPT) പുറത്തുമാണ്. എന്നുവെച്ചാൽ ആണവനിയന്ത്രണ നിയമങ്ങൾ ലോകത്തിന് പൊതുവായ ഒന്നാകുന്നതിന് പകരം, വൻശക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു ആയുധമായി മാറുന്നു. ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് ഈ നിയമങ്ങളുടെ വിശ്വാസ്യത തകർക്കുകയും സൈനിക ആക്രമണങ്ങളെ ന്യായീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 

ഇറാനെതിരായ ആക്രമണം ഈ മേഖലയിലെ ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ എത്രത്തോളം തകർക്കാൻ പ്രാപ്‌തിയുള്ളതാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഇതിനു തിരിച്ചടിയായി സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനികകേന്ദ്രങ്ങൾക്കു നേരെ ഇറാൻ ഇതിനകം ആക്രമണം നടത്തിക്കഴിഞ്ഞു.

ഈ രാജ്യങ്ങളെ സമ്മർദത്തിലാക്കുക എന്നതാണ് ഇറാന്റെ ലക്ഷ്യം. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണം, ഈ സംഘർഷം പശ്ചിമേഷ്യയിൽനിന്ന് ദക്ഷിണേഷ്യയിലേക്ക് എത്ര വേഗത്തിലാണ് വ്യാപിക്കുന്നതെന്നു കാണിച്ചു. അതേസമയം, ഇറാഖിൽ ഇറാൻ അനുകൂല സായുധസംഘങ്ങൾ വീണ്ടും സജീവമാകുന്നത് മുമ്പ് അവിടെ നിലനിന്നിരുന്ന ആഭ്യന്തര കലാപങ്ങൾ വീണ്ടും തുടങ്ങാൻ കാരണമായേക്കാം. ഹിസ്‌ബുല്ലയുടെ ആക്രമണവും തുടർന്നുള്ള ഇസ്രായേലിന്റെ ലബനാൻ ആക്രമണവും ഈ യുദ്ധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് കാണിക്കുന്നു.

ഇറാനിലെ ആക്രമണങ്ങൾ ഊർജ ഇടപാടുകളും ആഗോളസഖ്യങ്ങളും ചേർന്നൊരുക്കുന്ന വലിയൊരു തന്ത്രപരമായ മത്സരത്തിന്റെ ഒരുവശം മാത്രമാണ്. എന്തുകൊണ്ടാണ് അമേരിക്ക ഇറാനെ വെറുമൊരു മേഖലാശത്രുവായി മാത്രം കാണാത്തതെന്ന് ചൈനയുമായുള്ള ഇറാന്റെ ബന്ധം വ്യക്തമാക്കുന്നു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 80 ശതമാനത്തിലധികം വാങ്ങുന്നത് ചൈനയാണ് (പ്രതിദിനം ഏകദേശം 13-14 ലക്ഷം ബാരൽ). ഇത് ചൈന സമുദ്രമാർഗം ഇറക്കുമതി ചെയ്യുന്ന മൊത്തം അസംസ്‌കൃത എണ്ണയുടെ 13-14 ശതമാനം വരും. ഉപരോധങ്ങൾ മറികടക്കാൻ കപ്പലുകളിൽനിന്ന് കപ്പലുകളിലേക്ക് എണ്ണ മാറ്റുന്ന രീതിയും സ്വതന്ത്ര ശുദ്ധീകരണശാലകളും വഴിയാണ് ഈ വ്യാപാരം നടക്കുന്നത്.

ഇത് ഇറാന് അത്യാവശ്യമായ വരുമാനം നൽകുന്നു, ചൈനക്ക് കുറഞ്ഞ നിരക്കിൽ ഊർജസുരക്ഷയും ഉറപ്പാക്കുന്നു. 2024ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 13.4 ബില്യൺ ഡോളറിലെത്തി. 25 വർഷത്തെ ‘ഇറാൻ-ചൈന സഹകരണ കരാർ’ പ്രകാരം ഊർജം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ 400 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനാണ് ചൈന ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വ്യാപാരമെല്ലാം നടക്കുന്നത് ഡോളറിലല്ല എന്നതും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഡോളറിന്റെ ആധിപത്യം തകർക്കുന്ന ഏതൊരു വ്യാപാര കൂട്ടുകെട്ടും അമേരിക്ക ലക്ഷ്യംവെക്കും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇറാൻ. നേരത്തേ ഇറാഖിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു.

ഈ പങ്കാളിത്തം വെറും സാമ്പത്തിക ഇടപാടുകളിൽ ഒതുങ്ങുന്ന ഒന്നല്ല. പടിഞ്ഞാറൻ രാജ്യങ്ങളുടെ സ്വാധീനമില്ലാത്ത ഷാങ്ഹായ് സഹകരണ സംഘടന (SCO), ബ്രിക്സ് (BRICS) തുടങ്ങിയ ആഗോള കൂട്ടായ്മകളിലേക്ക് ഇറാൻ കൂടുതൽ അടുക്കുന്നത് ഇതിന്റെ ഭാഗമാണ്. തുറമുഖങ്ങൾ, റെയിൽവേ പാതകൾ, ഊർജ മേഖലകൾ എന്നിവ ഉൾപ്പെടുന്ന ചൈനയുമായുള്ള കരാർ ഭാഗികമായി നടപ്പായാൽപോലും, ഇറാൻ പൂർണമായും ചൈനയുടെ തന്ത്രപരമായ സ്വാധീനവലയത്തിലാകും. അതിനാൽ, അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇറാനുമായുള്ള ഏറ്റുമുട്ടൽ ചൈനയുടെ ദീർഘകാല ഊർജസുരക്ഷയെയും അവരുടെ ‘ബെൽറ്റ് ആൻഡ് റോഡ്’ എന്ന ആഗോള പദ്ധതിയെയും തകർക്കാനുള്ള ഒരു നീക്കംകൂടിയാണ്.

ഇറാനെതിരെയുള്ള ആക്രമണത്തിന്റെ സമാനമായ ഒരു രീതി തന്നെയാണ് വെനിസ്വേലയിലും കണ്ടത്. 2026ന്റെ തുടക്കത്തിൽ വെനിസ്വേലയിൽ നടത്തിയ അമേരിക്കൻ ഇടപെടലുകൾ ഇതേ രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചൈന വെനിസ്വേലയെ ഒരു പ്രധാന ഊർജപങ്കാളിയായും സാമ്പത്തിക സഖ്യകക്ഷിയായുമാണ് കണ്ടിരുന്നത്.

എണ്ണ കൈമാറ്റത്തിന്റെ ഉറപ്പിന്മേൽ 60 ബില്യൺ ഡോളറിലധികം കടമായി ചൈന വെനിസ്വേലക്ക് നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ പ്രതിദിനം 15 ലക്ഷം ബാരൽ എണ്ണ വരെ വെനിസ്വേല ചൈനക്ക് നൽകിയിരുന്നു. 2003ൽ വെറും ഒരു ബില്യൺ ഡോളറിൽ താഴെയായിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2012 ആയപ്പോഴേക്കും ഏകദേശം 20 ബില്യൺ ഡോളറായി ഉയർന്നു. എണ്ണ ശുദ്ധീകരണശാലകൾ, ഭവനപദ്ധതികൾ, ഖനനം എന്നീ മേഖലകളിൽ ചൈന വൻതോതിൽ നിക്ഷേപം നടത്തി. കടുത്ത ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും, വിവിധ മാർഗങ്ങളിലൂടെ ലക്ഷക്കണക്കിന് ബാരൽ എണ്ണ വെനിസ്വേല ചൈനക്ക് നൽകിവന്നിരുന്നു.

 

ഇറാൻ ഇസ്രായേലിലേക്ക് തൊടുത്ത മിസൈലുകളിലൊന്ന് സിറിയൻ അതിർത്തി ഗ്രാമത്തിൽ വീണപ്പോൾ

2026 ജനുവരിയിൽ നികളസ് മദൂറോയെ അധികാരത്തിൽനിന്ന് മാറ്റാൻ അമേരിക്ക നടത്തിയ നീക്കം ഈ എണ്ണ വ്യാപാരത്തെ തകിടംമറിച്ചു. എണ്ണക്കപ്പലുകൾ തടയപ്പെട്ടു, സംയുക്ത സംരംഭങ്ങളുടെ ഉൽപാദനം കുറഞ്ഞു, ചൈനയിലെ സ്വതന്ത്ര ശുദ്ധീകരണശാലകളിലേക്കുള്ള കുറഞ്ഞനിരക്കിലുള്ള എണ്ണ കയറ്റുമതി കുത്തനെ ഇടിഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനോ മയക്കുമരുന്ന് മാഫിയയെ തകർക്കാനോ ഉള്ള നീക്കമായാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ, ഇതിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യം വ്യക്തമായിരുന്നു: പടിഞ്ഞാറൻ അർധഗോളത്തിലെ എണ്ണശേഖരം ചൈനക്ക് ലഭ്യമാകുന്നത് തടയുക. ആ അർഥത്തിൽ, വെനിസ്വേലയിലെ ഈ സൈനികനീക്കം ഇറാന്റെ സാഹചര്യത്തിന് സമാനമാണ്. രണ്ടും രണ്ട് പ്രദേശങ്ങളിലാണെങ്കിലും, തങ്ങളുടെ ശത്രുക്കളുടെ ശൃംഖലകളെ തകർക്കുക എന്ന ഒരേ തന്ത്രമാണ് അമേരിക്ക ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.

ഇറാൻ, വെനിസ്വേല ആക്രമണങ്ങൾ വ്യക്തമാക്കുന്നത് ‘പ്രോജക്ട് 2025’ എന്നത് വെറുമൊരു നയരേഖയല്ല, മറിച്ച് നേരിട്ട് നടപ്പാക്കാനുള്ള ഒരു സൈനിക-സാമ്പത്തിക പദ്ധതിയാണെന്നാണ്. ഉപരോധങ്ങൾ വർധിപ്പിക്കുക, സഖ്യങ്ങൾ ശക്തമാക്കുക, ശത്രുരാജ്യങ്ങളിലെ പ്രതിപക്ഷ പ്രസ്ഥാനങ്ങളെ സഹായിക്കുക എന്നിവ ഇതിന്റെ ഭാഗമാണ്. അമേരിക്കയുടെ ഉണർവിനും ആധിപത്യത്തിനും പുതിയ മേഖലാ സുരക്ഷാസഖ്യങ്ങൾ രൂപവത്കരിക്കാനും എണ്ണക്കടത്ത് പാതകൾ സംരക്ഷിക്കാനും ഇത് ശിപാർശ ചെയ്യുന്നു. ചർച്ചകളിലൂടെയോ വിട്ടുവീഴ്ചകളിലൂടെയോ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം, ശത്രുക്കളെ പൂർണമായും സമ്മർദത്തിലാക്കി കീഴ്പ്പെടുത്തുക എന്നതിനാണ് ഇതിൽ മുൻഗണന നൽകുന്നത്.

പക്ഷേ, ഇതിന്റെ ഏറ്റവും വലിയ അപകടം, ഇത്തരം നയങ്ങൾ ഉദ്ദേശിച്ച ഫലം നൽകുന്നതിനേക്കാൾ വേഗത്തിൽ അസ്ഥിരതയുണ്ടാക്കും എന്നതാണ്. ഇറാന്റെ ഉന്നത നേതാക്കളെ വധിച്ചത് താൽക്കാലികമായി അവരുടെ ഏകോപനത്തെ ബാധിച്ചേക്കാമെങ്കിലും, അത് വിപ്ലവ ഗാർഡിനെപ്പോലുള്ള കടുത്ത നിലപാടുള്ള വിഭാഗങ്ങളെ കൂടുതൽ ശക്തരാക്കാൻ സാധ്യതയുണ്ട്. കൊല്ലപ്പെട്ട നേതാവിനോടുള്ള ആദരസൂചകമായി നടക്കുന്ന വൻ ജനകീയ പ്രകടനങ്ങൾ സൂചിപ്പിക്കുന്നത്, ഭരണകൂടത്തെ വിമർശിക്കുന്നവർപോലും വിദേശ ഇടപെടൽ ഉണ്ടാകുമ്പോൾ ദേശീയ വികാരത്തോടെ ഒന്നിച്ചുനിൽക്കും എന്നാണ്. ബാഹ്യമായ ആക്രമണങ്ങൾ പലപ്പോഴും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ തകർക്കുന്നതിന് പകരം അവയെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്യുന്നതെന്ന് ചരിത്രം ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്.

 

ബഹ്റൈനിലെ മിനാ സൽമാൻ തുറമുഖത്ത് ഇറാൻ  ആക്രമണത്തെ തുടർന്ന് പുക ഉയർന്നപ്പോൾ 

പശ്ചിമേഷ്യൻ മേഖലയിൽ ഈ പ്രതിസന്ധി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ്. ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും, കടൽവഴിയുള്ള എണ്ണവ്യാപാരത്തിന്റെ ഏകദേശം മൂന്നിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെ (Strait of Hormuz) ആണ്. പ്രതിദിനം ഏകദേശം രണ്ടുകോടി ബാരൽ എണ്ണയാണ് ഇതുവഴി നീങ്ങുന്നത്.

ഇവിടെ എന്തെങ്കിലും തടസ്സമുണ്ടായാൽ അത് ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഉടനടി ബാധിക്കും. അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ഒരു ധർമസങ്കടത്തിലാണ്: അമേരിക്കൻശക്തി അവർക്ക് സംരക്ഷണം നൽകുമ്പോഴും, അതേ ശക്തിയുടെ ഇടപെടലുകൾ അവരെ കൂടുതൽ അപകടത്തിലാക്കുന്നു. കൂടാതെ, ഗൾഫ് മേഖലയിലുള്ള ദശലക്ഷക്കണക്കിന് പ്രവാസികൾക്കും ഈ സാഹചര്യം വലിയ ഭീഷണിയാണ്. യുദ്ധം തൊഴിൽ വിപണിയെയും നാട്ടിലേക്കുള്ള പണമയക്കലിനെയും തടസ്സപ്പെടുത്തിയാൽ അത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.

സുരക്ഷാ വീക്ഷണകോണിലൂടെ നോക്കിയാൽ, ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. അമേരിക്കക്കും ഇസ്രായേലിനും തന്ത്രപരമായ വ്യോമാധിപത്യവും മികച്ച രഹസ്യാന്വേഷണ ശേഷിയുമുണ്ട്. എന്നാൽ, ഇറാൻ പകരമായി വലിയ തോതിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത് സങ്കീർണമായ ഇടങ്ങളിലാണ് -മിസൈൽ ശൃംഖലകൾ, കടൽമാർഗമുള്ള തടസ്സപ്പെടുത്തൽ തന്ത്രങ്ങൾ, സായുധ സഖ്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇരുപക്ഷവും തമ്മിലുള്ള ഈ സന്ദിഗ്‌ധാവസ്ഥ ഒരു നിർണായക വിജയത്തിന് പകരം നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്. യുദ്ധം നീണ്ടുപോയാൽ അത് മേഖലയിലെ ഭിന്നതകൾ വർധിപ്പിക്കുകയും, ആഗോള ഊർജവിപണിയെ തളർത്തുകയും, ലോകരാജ്യങ്ങൾ വ്യത്യസ്ത ചേരികളായി തിരിയുന്നതിന് വേഗത കൂട്ടുകയും ചെയ്യും.

യഥാർഥ പ്രശ്നം ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങൾതന്നെയാണ്. കടുത്ത സമ്മർദം ചെലുത്തിയാൽ ഭരണകൂട മാറ്റങ്ങൾ ഉണ്ടാക്കാം എന്നാണ് ‘പ്രോജക്ട് 2025’ മുന്നോട്ടുവെക്കുന്ന വാദം. പക്ഷേ, വിശ്വസനീയമായ മറ്റൊരു ഭരണകൂട സംവിധാനത്തെ മുൻകൂട്ടി നിശ്ചയിക്കാതെ നടത്തുന്ന ഭരണമാറ്റങ്ങൾ ഒരിക്കലും സമാധാനവും സുസ്ഥിരതയും കൊണ്ടുവരില്ല. അധികാരം പിടിച്ചെടുക്കുന്നതുപോലെ എളുപ്പമല്ല ഒരു സുസ്ഥിര ഭരണകൂടം കെട്ടിപ്പടുക്കുന്നത് എന്നതിന് ഇറാഖും ലിബിയയും അഫ്ഗാനിസ്താനും വ്യക്തമായ ഉദാഹരണങ്ങളാണ്. ഈ രാജ്യങ്ങളുടെ മുൻകാല അനുഭവങ്ങൾ വലിയൊരു മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതേ അപകടസാധ്യതയാണ് ഇപ്പോൾ ഇറാനും ഒരുപക്ഷേ പശ്ചിമേഷ്യ മുഴുവനും നേരിടുന്നത്.

 

തെഹ്റാനിൽ ഇറാൻ അനുകൂല പ്രകടനത്തിനിടെ മെഴുകുതിരി കത്തിച്ചു പിടിച്ച വനിത

അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രതിസന്ധി വെറുമൊരു മേഖലാ യുദ്ധമല്ല. ലോകം ഒരു വലിയ മാറ്റത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ ഇത് നൽകുന്നുണ്ട്. ഈ മാറ്റത്തിൽ, വൻശക്തികൾ തമ്മിലുള്ള മത്സരത്തിനു മുന്നിൽ രാജ്യങ്ങളുടെ പരമാധികാരത്തിനും നയതന്ത്ര ചർച്ചകൾക്കും പ്രസക്തി നഷ്ടപ്പെടുകയാണ്. അമേരിക്കക്ക് സമാനതകളില്ലാത്ത സൈനിക ശേഷിയുണ്ടാകാം. എന്നാൽ, ഈ ശക്തി വീണ്ടും വീണ്ടും യുദ്ധങ്ങൾ ഉണ്ടാകാനേ കാരണമാകൂ.

വെനിസ്വേലയിലെയും ഇറാനിലെയും ആക്രമണങ്ങളെ ‘പ്രോജക്ട് 2025’ലെ നിർദേശങ്ങളുമായി കൂട്ടിവായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്: അമേരിക്കയുടെ വിദേശനയം ഇപ്പോൾ ചർച്ചകളെക്കാൾ ഉപരിയായി, മറ്റ് രാജ്യങ്ങളെ സമ്മർദത്തിലാക്കി തങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കുന്ന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഈ സമീപനം അമേരിക്കയുടെ സ്വാധീനം വർധിപ്പിക്കുമോ അതോ ലോകത്തെ കൂടുതൽ കഷണങ്ങളായി വിഭജിക്കുമോ എന്നതാണ് പ്രധാന ചോദ്യം. നിലവിലെ സാഹചര്യത്തിൽ, ലോകം കൂടുതൽ അസ്ഥിരവും ധ്രുവീകരിക്കപ്പെട്ടതുമായി മാറിക്കൊണ്ടിരിക്കുന്നു. തന്ത്രങ്ങളിൽ തുടങ്ങുകയും എന്നാൽ അനിശ്ചിതത്വത്തിൽ അവസാനിക്കുകയും ചെയ്യുന്ന യുദ്ധങ്ങളിലേക്ക് ലോകം കൂടുതൽ വേഗത്തിൽ നീങ്ങുകയാണ്.

================

മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച് ഡയറക്ടറും രാജ്യാന്തര പഠനവിദഗ്ധനുമാണ് ലേഖകൻ

Tags:    
News Summary - The Middle East War and America's Commercial and Geopolitical Strategies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.