ബാലിയിലെ കാപ്പി പുരാണം

തി മനോഹരമായ ഒരു പ്രഭാതത്തിലേക്കായിരുന്നു ഞങ്ങൾ ഉണര്‍ന്നത്. പകൽ വെളിച്ചത്തി​​​​​​​​​​​​​​െൻറ ആദ്യ നാമ്പുകൾ മണ്ണിൽ തൊടുന്നതിനു മുമ്പേ ജോലിയില്‍ മുഴുകുന്ന ബാലിനീസ് സ്ത്രീകള്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ തുടര്‍ച്ചയാണ്‌ ബാലിയെന്നു ഇന്നലെ റബി സൂചിപ്പിച്ചിരുന്നു. ഏറെക്കുറെ എനിക്കും അങ്ങനെ തന്നെ തോന്നി. രൂപം കൊണ്ട് മാത്രമല്ല അവരുടെ ജീവിതശൈലിയും പറയുന്നത് അങ്ങനെയാണ്. രണ്ടിടത്തും സ്ത്രീകള്‍ക്ക് തന്നെ പ്രാമുഖ്യം.

വളരെ കുറഞ്ഞദിവസങ്ങള്‍ മാത്രമാണ് കൈയിലുള്ളത്​. അതുകൊണ്ട് തന്നെ ഓരോ നിമിഷവും പ്രധാനമാണ്. പ്രഭാതഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും വയാണ്‍ തയാറായി വന്നു. ഉബൂദിലെ പ്രധാന കാഴ്ചകളിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് മങ്കി ഫോറസ്റ്റില്‍ പോവേണ്ടതില്ല എന്ന്​ ഞാനും റബിയും തീരുമാനിച്ചിരുന്നു. ഒരു ഇന്ത്യക്കാരനെ സംബന്ധിച്ച്​ മങ്കി ഫോറസ്റ്റ് ഒരു അത്ഭുതമല്ലെന്നാണ് വയാണിന്‍റെ സംസാരത്തില്‍ നിന്നും മനസ്സിലായത്​. . ഉബൂദിലെ പാലസിലേക്കാണ് കാര്‍ പോയതെങ്കിലും ഒരു ഫാം പോലെ തോന്നിക്കുന്ന ഒരിടത്ത്​ കാർ നിന്നു. ഞങ്ങളുടെ മുഖത്തെ സംശയഭാവം കണ്ടിട്ടാകണം ചിരിച്ചുകൊണ്ട്‌ തന്നെ വയാൺ പറഞ്ഞു,
‘‘ലോകത്തിലെ തന്നെ വിലകൂടിയ കോഫി ലഭിക്കുന്നയിടമാണ് ഇത്. ഇവിടം കൂടി കണ്ടിട്ട് പാലസിലേക്ക് പോകാം...’’

ലുവാക്​ കോഫി
 

ഇത്തരം ടൂറിസ്റ്റ് രീതികളോട് താൽപര്യം ഇല്ലെങ്കിലും വയാണിന്‍റെ അഭിപ്രായം തള്ളികളയുന്നത് ശരിയല്ലലോ എന്ന് കരുതിയാണ് അവിടെ ഇറങ്ങിയത്‌. കാപ്പിത്തോട്ടത്തിനു നടുവില്‍ കോഫി കഴിക്കാനുള്ള ഇരിപ്പിടങ്ങള്‍ ഉണ്ട്. പാശ്ചാത്യ വിനോദസഞ്ചാരികള്‍ തന്നെയാണ് കൂടുതലും. ആസ്ത്രേലിയയില്‍ നിന്നും അവധി ആഘോഷിക്കാനെത്തിയവരാണ് കൂടുതലും.

കൂട്ടിലടച്ച വെരുകിനെ പോലുള്ള ഒരു ജീവിയെ വയാൺ ചൂണ്ടികാട്ടി​. ‘‘ഈ ജീവിയെ കൊണ്ട് കാപ്പിക്കുരു കഴിപ്പിച്ചു അതിന്‍റെ വിസര്‍ജ്യത്തില്‍ നിന്നും എടുത്തു ശുദ്ധീകരിച്ചാണ് ലുവാക് കോഫീ ഉണ്ടാക്കുന്നത്...’’ വയാൺ ആ അറിവ്​  ഞങ്ങൾക്കു മുമ്പിൽ  കാണിച്ചു തന്നു. മുമ്പ്​ കേട്ടിട്ടുണ്ടെങ്കിലും കുറച്ചു അവിശ്വസനീയമായി തോന്നി. ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയാണ്​ ലുവാക്​

കാപ്പി കൃഷിചെയ്യുന്നത് മുതല്‍ പറിച്ചു ചൂടാക്കി ഉരലില്‍ പൊടിച്ചെടുക്കുന്നത് വരെയുള്ള സകല പ്രവര്‍ത്തനങ്ങളും നടന്നു കണ്ടു. അതിനു ശേഷമാണു കൂട്ടിലടച്ച വെരുകിനെ പോലുള്ള ജീവിയെ വയാൺ ചൂണ്ടികാട്ടിയത്​. ‘‘ഈ ജീവിയെ കൊണ്ട് കാപ്പിക്കുരു കഴിപ്പിച്ചു അതിന്‍റെ വിസര്‍ജ്യത്തില്‍ നിന്നും എടുത്തു ശുദ്ധീകരിച്ചാണ് ലുവാക് കോഫീ ഉണ്ടാക്കുന്നത്...’’ വയാൺ ആ അറിവ്​  ഞങ്ങൾക്കു മുമ്പിൽ  കാണിച്ചു തന്നു. മുമ്പ്​ കേട്ടിട്ടുണ്ടെങ്കിലും കുറച്ചു അവിശ്വസനീയമായി തോന്നി. കാരണം ആ ഫാമില്‍ രണ്ടില്‍ കൂടുതല്‍ വെരുക് ഇല്ലെന്നു ഉറപ്പായിരുന്നു. അത്രയും ജീവികളെ വെച്ചു ഈ ഫാമില്‍ വരുന്നവര്‍ക്ക് കോഫി നല്‍കാന്‍ പോലും സാധിക്കില്ല. ഈ സംശയത്തിനു വയാണ്‍ പറഞ്ഞത് വ്യാവസായികാടിസ്ഥാനത്തില്‍ ഈ ജീവികളെ വളര്‍ത്തുന്നുണ്ട് എന്നാണ്. കോഫി നല്ലതായിരുന്നു. ചായയോടും കാപ്പിയോടുമുള്ള എന്‍റെ ഇഷ്ടം അറിയാവുന്ന റബി വേണമെങ്കില്‍ കുറച്ചു പൊടി വാങ്ങാം എന്നൊരു നിര്‍ദേശം വെച്ചെങ്കിലും ഞാനത് തള്ളികളഞ്ഞു. സ്വാദ് നല്‍കാന്‍ തരുന്ന കാപ്പിയിലെ പൊടിയാവില്ല നമുക്ക് തരുന്നത് എന്നൊരു മുന്‍ധാരണ ഉള്ളത് കൊണ്ടായിരുന്നു അത്. പലയിടത്തും വെച്ച് ഇത്തരം പറ്റിക്കലിന്​ ഞാന്‍ വിധേയനായിട്ടുണ്ട്.

ഇൗ ജീവിയുടെ വിസർജ്യത്തിൽനിന്നാണ്​ ലുവാക് കോഫി വേര്‍തിരിച്ചെടുക്കുന്നത്
 

കാപ്പിയുടെ ഉത്ഭവത്തെ കുറിച്ച്  പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും ആട്ടിടയനായ കാല്‍ഡിയുമായി ബന്ധപെട്ട കഥയാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, പ്രവാചകരെല്ലാം ഇടയര്‍ ആയിരുന്നല്ലോ. അവരുടെ നിരീക്ഷണങ്ങളാണല്ലോ ഇന്നത്തെ പല മതങ്ങളുടെയും അടിസ്ഥാനം. ഒമ്പതാം നൂറ്റാണ്ടില്‍ എത്യോപ്യയിലെ ഇടയ ബാലനായ കാല്‍ഡി ആടുകളെ മേയ്ക്കാന്‍ കാട്ടില്‍ പോയ സമയത്ത് ആടുകള്‍ ഒരു ചുവന്ന നിറത്തിലുള്ള കായ്കള്‍ തിന്നുന്നത് ശ്രദ്ധയിൽ പെട്ടു. കായ്കള്‍ തിന്നതിനു ശേഷം ആടുകള്‍ക്ക് പതിവില്‍ കവിഞ്ഞ ഉത്സാഹം ഉണ്ടെന്നു മനസ്സിലാക്കിയ  കാല്‍ഡിനും കായ തിന്നു നോക്കി. ആശ്രമത്തിലെ സന്യാസിമാരെ കാണിക്കാന്‍ വേണ്ടി കുറച്ചു കൈയിൽ കരുതുകയും ചെയ്തു.

എന്നാല്‍, ആശ്രമത്തിലെ ഗുരു അവനെ ശാസിക്കുകയാണ് ചെയ്തത്. അത് സാത്താന്‍റെ പഴമാണെന്ന് ആരോപിച്ച ഗുരു അത് തീയിലേക്ക് എറിഞ്ഞു. കുറച്ചു സമയത്തിന് ശേഷം അവിടെയാകെ കാപ്പിയുടെ സുഗന്ധം വ്യാപിച്ചു. കൊതിമൂത്ത ചില കുട്ടി സന്യാസിമാര്‍ ഗുരു മാറിയ തക്കത്തിനു വറുത്ത കായ  തിന്നു നോക്കി.

ആദ്യമായി കാപ്പി കൃഷി ചെയ്തു തുടങ്ങിയത് എത്യോപ്യയിലാണെന്ന് ഏതാണ്ട് എല്ലാവരും അംഗീകരിച്ചതാണ്. പക്ഷേ, അറബികളാണ് ആ കൃഷിക്കാര്‍ എന്ന് മാത്രം. ഉണക്കിയ കാപ്പികുരുക്കളില്‍ നിന്നും പാനീയം ഉണ്ടാക്കുന്നത്‌ പ്രചരിപ്പിച്ചതും അറബികളാണ്. എത്യോപ്യയിലെ കാഫാ രാജാവില്‍ നിന്നാണ് കോഫി എന്ന പേര് ഉത്ഭവിച്ചത്‌ എന്നും കരുതുന്നു.

അറേബ്യയില്‍ നിന്നാണ് കാപ്പി യൂറോപ്പിനെ കീഴടക്കിയത്. ഡച്ച് നാവികരായിരുന്നു ഈ ചെടി അവിടെ എത്തിച്ചത്. വെനീസും അറേബ്യയുമായി വാണിജ്യബന്ധം അന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു അറേബ്യയില്‍ നിന്ന് ഇന്ത്യയിലും എത്തി.

വെനീസില്‍ ആദ്യമയി കാപ്പി എത്തിയപ്പോള്‍ അവിടുത്തെ കച്ചവടക്കാര്‍ അതിനു വന്‍ വിലയിട്ടു. അതുകൊണ്ടുതന്നെ സമ്പന്നമാര്‍ മാത്രമേ അത്​ രുചിച്ചു നോക്കിയുള്ളു. മുസ്​ലിം രാജ്യത്തെ പാനീയം എന്ന നിലക്ക് കാപ്പിയെ വരവേല്‍ക്കാന്‍ ആദ്യമൊക്കെ മടിച്ച ക്രൈസ്തവ രാജ്യങ്ങള്‍ അകറ്റി നിര്‍ത്തിയെങ്കിലും ക്ലെമെന്റ് എട്ടാമന്‍ മാര്‍പ്പാപ്പ കാപ്പിക്ക് അംഗീകാരം നല്‍കിയപ്പോള്‍ യൂറോപ്പില്‍ വ്യാപകമാവാന്‍ താമസമുണ്ടായില്ല.

മുസ്​ലിം രാജ്യത്തെ പാനീയം എന്ന നിലക്ക് കാപ്പിയെ വരവേല്‍ക്കാന്‍ ആദ്യമൊക്കെ മടിച്ച ക്രൈസ്തവ രാജ്യങ്ങള്‍ അകറ്റി നിര്‍ത്തിയെങ്കിലും ക്ലെമെന്റ് എട്ടാമന്‍ മാര്‍പ്പാപ്പ കാപ്പിക്ക് അംഗീകാരം നല്‍കിയപ്പോള്‍ യൂറോപ്പില്‍ വ്യാപകമാവാന്‍ താമസമുണ്ടായില്ല

ഇംഗ്ലണ്ടിലാണ് കാപ്പി വളരെ വേഗത്തില്‍ പ്രചരിച്ചത്. ‘കോഫീ ഹൗസുകൾ’ എന്ന ആശയവും ഇവിടെയാണ്​ ആദ്യമായി വന്നതും. 1675 കളില്‍ ഏകദേശം മൂവായിരം കോഫീ ഹൗസുകൾ ഇംഗ്ലണ്ടിൽ ഉണ്ടായി. അവയില്‍ പലതും പിന്നീടു സാംസ്കാരിക കേന്ദ്രങ്ങളായി.

കോഫി ഹൗസുകൾ സന്ദര്‍ശിക്കുന്നത് അന്തസ്സായാണ് അന്ന് കണ്ടിരുന്നത്‌. പത്ര മാസികകള്‍ സുലഭമല്ലാത്തതിനാല്‍ ഇത്തരം കേന്ദ്രങ്ങള്‍ വാര്‍ത്താവിനിമയ കേന്ദ്രമായും ഉപയോഗിച്ചു. കവികള്‍, കലാകാരന്മാര്‍, പുരോഹിതര്‍ തുടങ്ങി സമൂഹത്തിന്‍റെ ഉന്നത ശ്രേണിയിലുള്ളവരാണ്​ ഇവിടെ കൂടിയിരുന്നത്. ഓരോ ദിവസത്തെയും പ്രധാനപെട്ട വ്യക്തി ആരാണെന്ന് കോഫി ഹൗസി​​​​​​​​​​​​​​െൻറ മുമ്പില്‍  ബോര്‍ഡില്‍ എഴുതിവെക്കലും പതിവായിരുന്നു.

ലുവാക് കോഫിഫാമില്‍ നിന്നും ഇറങ്ങുമ്പോള്‍ അടുത്തത് പാലസിലേക്ക് എന്നായിരുന്നു ഉറപ്പിച്ചിരുന്നത്. എന്‍റെയോ റബിയുടെയോ യാത്രാരീതികളില്‍ നിന്നും വ്യത്യസ്​തമായി വയാൺ  നിശ്ചയിച്ച യാത്രാപഥങ്ങളിലൂടെ സഞ്ചരിച്ചു ശരിക്കും മടുത്തിരുന്നു. എന്‍റെ ഉത്സാഹക്കുറവ് കണ്ടാകണം റബിക്കും അത് മനസ്സിലായി എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ ഉബൂദു പാലസ് അല്ലാതെ മറ്റെന്തെങ്കിലും കാണാന്‍ ഉണ്ടോ എന്ന് റബി വയാണിനോട് ചോദിച്ചു.

ഈ ‘മറ്റെന്തെങ്കിലും’ വയാണിനു മനസ്സിലായില്ല. അതുകൊണ്ടുതന്നെ ഉബൂദിലെ മ്യൂസിയത്തെ കുറിച്ചാണ് വയാൺ സംസാരിച്ചത്. ദേഷ്യമോ സങ്കടമോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഉബൂദിലെ പാലസിനരികെ കാര്‍ ഒതുക്കുമ്പോഴാണ്​ ഞാന്‍ വയാണിനോട് സാധാരണ ടൂറിസ്റ്റുകള്‍ പോവാത്തയിടങ്ങള്‍ ബാലിയില്‍ ഉണ്ടോ എന്ന് ചോദിക്കുന്നത്. ഒന്നാലോചിച്ചാണ് വയാൺ മറുപടി പറഞ്ഞത്. ‘‘ട്രൂനിയനില്‍ അങ്ങനെ ഇന്ത്യക്കാരൊന്ന​ും പോകാറില്ല’’
‘അതെന്താണ് ഇന്ത്യക്കാരോന്നും പോകാത്തത്?’’
‘‘നിങ്ങള്‍ ആഘോഷിക്കാനല്ലേ വരുന്നത്. അതൊരു ശ്മശാനമാണ്’’
‘‘കുറേ ദൂരമുണ്ടോ അങ്ങോട്ട്‌..’’
‘‘കുറച്ചു ദൂരമുണ്ട്. മൂന്നു മണിക്കൂര്‍ യാത്രയുണ്ട്...’’  വയാൺ പറഞ്ഞു.

ഒരു ശ്മശാനം കാണാന്‍ വേണ്ടി മാത്രം മൂന്നു മണിക്കൂര്‍ യാത്ര ചെയ്യുക, അതും സമയ -സാമ്പത്തിക പരിമിതികളുള്ള ഞങ്ങള്‍ക്ക് ഒരു പ്രശ്​നം തന്നെ ആയിരുന്നു. എങ്കിലും, കൊട്ടാരത്തില്‍ കയറാതെ ശ്മശാനത്തിലേക്ക് തന്നെ പോവാൻ ഞങ്ങള്‍ തീരുമാനിച്ചു.

ട്രുനിയന്‍ ഗ്രാമം
 

വഴിനീളെ ശിൽപങ്ങൾ  വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. ദേവ-ദേവീ ശിൽപങ്ങള്‍ തന്നെയാണ് കൂടുതലും. ഇതുകൊണ്ടൊക്കെയാവാം ബാലിക്ക് ദൈവങ്ങളുടെ ദ്വീപെന്നൊരു വിളിപ്പേര്​  പതിഞ്ഞത്​. ഏതു സമയത്തും ഭൂകമ്പത്തിനും അഗ്നിപർവത സ്ഫോടനത്തിനും സാധ്യതയുള്ള ഭൂപ്രദേശമാണ് ഇന്തോനേഷ്യ. സജീവമായ നൂറോളം അഗ്നിപർവതങ്ങളാണ് ഇപ്പോഴും ഇവിടെയുള്ളത്. അഗ്നിപർവത സ്ഫോടനങ്ങളില്‍ നിന്നുമൊഴുകുന്ന ലാവയുറഞ്ഞ ശിലകള്‍ കൊത്തി എടുത്താണ് ഇത്തരം ശിൽപങ്ങള്‍ ഉണ്ടാക്കുന്നത്‌. ശിൽപങ്ങള്‍ മാത്രമല്ല വീടിന്‍റെയും ക്ഷേത്രങ്ങളുടെയും നിലമൊരുക്കാനും അനുബന്ധ നിർമാണങ്ങൾക്കും ഇതേ ശില തന്നെ ഉപയോഗിക്കുന്നു. ദുരന്തങ്ങളെ പോലും എത്ര നന്നായി ഉപയോഗിക്കാമെന്ന്​ ബാലിനീസ് ജനത കാണിച്ചു തരുന്നു.

മുന്നോട്ടുള്ള യാത്ര മനോഹരമായിരുന്നു. കൃഷിയിടങ്ങള്‍കിടയിലൂടെ വയാൺ കുറച്ചു വേഗത്തില്‍ തന്നെയാണ് കാറോടിച്ചിരുന്നത്. കുറച്ചു ദൂരത്തിനു ശേഷം വയാൺ ചോദിച്ചു, ‘‘സര്‍, പോകുന്ന വഴിയിലാണ് തഗ്ലാജ് വയലുകള്‍. വേണമെങ്കില്‍ നിര്‍ത്താം. മനോഹരമായ കാഴ്ചയാവും...’’
ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പേ റബി സമ്മതിച്ചു കഴിഞ്ഞിരുന്നു.

ഇന്തോനേഷ്യന്‍ രാഷ്ട്രഭാഷ ‘ഭാസ ഇന്തോനേഷ്യ’  ആണെങ്കിലും നൂറിലധികം പ്രാദേശിക ഭാഷകള്‍ ഉണ്ടെന്നാണ് വയാൺ പറഞ്ഞത്. ജാതിയില്‍ അധിഷ്​ഠിതമായ ഭാഷകള്‍ ആണവ. ഒരാളുടെ പേരില്‍ നിന്നും ജാതി വ്യക്​തമാവുന്നു എന്നത്​ എനിക്ക്​ കൗതുകമായി

കുറച്ചു ദൂരം കൂടി മുന്നോട്ട് പോയി വയാൺ കാര്‍ ഒതുക്കി  നിർത്തി. ‘‘സര്‍, ഫോട്ടോസ് വേണമെങ്കില്‍ ഞാന്‍ എടുത്തു തരാം. അല്ലെങ്കില്‍ നിങ്ങളുടെ അടുത്തുന്നു അവർ കാശ് മേടിക്കും’’.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനു അടക്കം തുക ഈടാക്കുന്നുണ്ട്. അതുകൊണ്ട്​ വയാണിന്‍റെ നിര്‍ദേശം ഞങ്ങള്‍ക്ക് സമ്മതമായിരുന്നു.

എയര്‍പോര്‍ട്ടില്‍ അടക്കം വലിയ സ്ക്രീനിൽ കാണിച്ചിരുന്നു തഗ്ലാജ് വയലുകള്‍. ബാലി ടൂറിസം വലിയ രീതിയിലാണ്‌ ഇതിനെ മാര്‍ക്കറ്റ് ചെയ്യുന്നത്. വലിയ ഒരു കുന്നിനെ തട്ട് തട്ടായി പരുവപ്പെടുത്തി കൃഷിചെയ്യുന്ന വയലുകള്‍ ആണിവിടെ ഉള്ളത്. താഴെനിന്നും നോക്കുമ്പോള്‍ ആകാശം മുട്ടുന്നപോലെ തോന്നും.  ടിക്കറ്റ് എടുക്കുമ്പോള്‍ ‘ക്യാമറ ഉണ്ടോ..?’ എന്ന് ചോദിച്ചെങ്കിലും ബാലിനീസ് ഭാഷയില്‍ വയാന്‍ ആണ് ഇല്ലെന്നു മറുപടി പറഞ്ഞത്. ഇന്തോനേഷ്യന്‍ രാഷ്ട്രഭാഷ ‘ഭാസ ഇന്തോനേഷ്യ’  ആണെങ്കിലും നൂറിലധികം പ്രാദേശിക ഭാഷകള്‍ ഉണ്ടെന്നാണ് വയാൺ പറഞ്ഞത്. ജാതിയില്‍ അധിഷ്​ഠിതമായ ഭാഷകള്‍ ആണവ. ഒരാളുടെ പേരില്‍ നിന്നും ജാതി വ്യക്​തമാവുന്നു എന്നത്​ എനിക്ക്​ കൗതുകമായി.

തഗ്​ലാജ്​ വയല്‍
 

തഗ്ലാജ് വയലുകള്‍ക്കിടയിലൂടെ ഞങ്ങള്‍ മുകളിലേക്ക് കയറി. കുറച്ചു ആയാസപ്പെടേണ്ടി വന്നു. മുകളില്‍ എത്തി താഴേക്ക് നോക്കുമ്പോഴാണ്​ വയലിന്‍റെ ഭംഗി പൂര്‍ണമായും മനസ്സിലാവുക. കുറച്ചുസമയം, ഞങ്ങള്‍ അതിലൂടെ നടന്നു. ഫോട്ടോ എടുക്കുന്നതിനു മാത്രമല്ല കൃഷിക്കാരോട് കൃഷി രീതിയെ കുറിച്ച് ചോദിച്ചു മനസ്സിലാക്കുന്നതിനും അവര്‍ കാശ് ഈടാക്കുന്നുണ്ട് എന്ന് അവിടെ ഉണ്ടായിരുന്ന ഒരു വിദേശസംഘത്തിനോട് കാശ് മേടിക്കുന്നത്​ കണ്ടപ്പോൾ  മനസ്സിലായി. ഓരോ തരി മണ്ണും  ടൂറിസത്തിന് വേണ്ടി വില്‍ക്കാന്‍ ബാലിക്കാര്‍ തയാറാണ്​. പക്ഷേ, അവരുടെ സംസ്കാരത്തിനോ ജീവിത രീതികള്‍ക്കോ ഒരു മാറ്റവും വരുന്നില്ല താനും. അല്ലെങ്കില്‍ ടൂറിസത്തിന്‍റെ വിവിധ മേഖലകളെ കുറിച്ച് അവര്‍ പഠിച്ചിരിക്കുന്നു. കേരളത്തിനൊക്കെ മാതൃകയാക്കാവുന്ന ഒന്നാണ് ഇത്. പക്ഷേ ‘അതിഥി ദേവോ ഭവ’ എന്നത് വാക്കുകളില്‍ മാത്രം പോര. നാം ഇനിയും ഗള്‍ഫ് പണത്തില്‍ നിന്നും മാറി ചിന്തിക്കണം. വളരെ നന്നായി മാർക്കറ്റ്​ചെയ്യാവുന്ന ഭൂപ്രകൃതി നമുക്കുണ്ട്. നമ്മുടെ മനോഭാവം മോശമാകുന്നത് കൊണ്ടാണ് വിദേശ ടൂറിസ്​റ്റുകൾ ശ്രീലങ്ക പോലുള്ള മറ്റ്​ രാജ്യങ്ങളിലേക്ക് പോകുന്നത്.

മുന്നോട്ടുള്ള യാത്രയില്‍ ബാത്തൂര്‍ അഗ്നിപര്‍വതത്തിലേക്കുള്ള ദൂരം അടയാളപ്പെടുത്തിയ ബോര്‍ഡ് കണ്ടു. ‘‘വയാൺ നമ്മള്‍ എവിടെക്കാണ്‌ പോകുന്നത്...?’’ എന്ന എന്‍റെ ചോദ്യത്തിന് ട്രുനിയന്‍ ഗ്രാമത്തിലേക്ക് എന്നാണ് ഉത്തരം പറഞ്ഞത്.
‘‘അപ്പോള്‍ ബാത്തൂര്‍ അഗ്​നിപർവതം അതിന്‍റെ അടുത്താണോ..?’’
‘‘അതെ സര്‍. ബാത്തൂരിന്‍റെ ചെരുവിലാണ്‌ ഗ്രാമം.’’

‘ഇവന്‍ ശരിക്കും കീ കൊടുത്താല്‍ മാത്രം നീങ്ങുന്ന യന്ത്രമാണോ..’ എന്നൊരു ചിന്ത മനസ്സില്‍ ഓര്‍ത്തതു വയാൺ മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു,
‘‘സര്‍ ഇതെല്ലാം എന്‍റെ പ്ലാനില്‍ ഉള്ളതാണ്. റബി സാറിനോട് ചോദിച്ചു നോക്കൂ. ഞാന്‍ വെറുമൊരു ഗൈഡല്ല. ഇദ്ദേഹത്തിന്‍റെ സുഹൃത്ത് കൂടിയാണ്...’’
ഞാന്‍ വല്ലാതായിപ്പോയി.

ട്രുനിയന്‍ ഗ്രാമത്തില്‍ എത്തിയതും ഇത് വരെ കണ്ട ബാലിയല്ല ഇനി കാണാന്‍ പോകുന്നതെന്ന് എന്‍റെ മനസ്സു പറഞ്ഞു. ഗ്രാമം അവസാനിക്കുന്ന ഒരു തടാകത്തിന്‍റെ അടുത്താണ് വയാൺ കാര്‍ നിർത്തിയത്. എന്നിട്ട് ദൂരേക്ക്‌ ചൂണ്ടി പറഞ്ഞു ‘‘അവിടെയാണ് സര്‍ ഞാന്‍ പറഞ്ഞ ശ്മശാനം. ഇനി ബോട്ടിലാണ് പോകേണ്ടത്...’’

ട്രുനിയന്‍ ഗ്രാമത്തില്‍ എത്തിയതും ഇത് വരെ കണ്ട ബാലിയല്ല ഇനി കാണാന്‍ പോകുന്നതെന്ന് എന്‍റെ മനസ്സു പറഞ്ഞു. ഗ്രാമം അവസാനിക്കുന്ന ഒരു തടാകത്തിന്‍റെ അടുത്താണ് വയാൺ കാര്‍ നിർത്തിയത്. എന്നിട്ട് ദൂരേക്ക്‌ ചൂണ്ടി പറഞ്ഞു ‘‘അവിടെയാണ് സര്‍ ഞാന്‍ പറഞ്ഞ ശ്മശാനം. ഇനി ബോട്ടിലാണ് പോകേണ്ടത്...’’
എന്നിട്ട് ഞങ്ങളോടായി പറഞ്ഞു, ‘‘നിങ്ങൾക്ക്​ ഭാഗ്യം ഉണ്ടെങ്കില്‍ നാളെയോ മറ്റന്നാളോ ഒരു ശവസംസ്കാരത്തില്‍ പങ്കെടുക്കാം. സമയം ഉണ്ടെങ്കില്‍...’’
ആകാംക്ഷ കൂടുതലുള്ള ഞാന്‍ വയാണിനെ പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ അതെങ്ങനെ മനസ്സിലായി എന്ന് ചോദിച്ചു.
‘‘നമ്മള്‍ വരുമ്പോള്‍ ഒരു വീടിന്‍റെ മുമ്പിൽ പ്രത്യേക രീതിയില്‍ മുള കുത്തിവെച്ചിരിക്കുന്നത് കണ്ടില്ലേ, അത് സൂചിപ്പിക്കുന്നത് ആ വീട്ടില്‍ ഒരു സ്ത്രീ മരിച്ചു എന്നാണ്. അവര്‍ വിവാഹിതയുമാണ്‌. നാളെ കഴിഞ്ഞു നമ്മള്‍ ഇന്ന് പോകുന്ന ശ്മശാനത്തില്‍ ആണ് സംസ്കരിക്കുക...’’
ഞാനും റബിയും പരസ്പരം നോക്കി. മറ്റൊന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല, പറ്റിയാല്‍ അതുകൂടെ കണ്ടിട്ടേ പോകാവൂ എന്നായിരുന്നു ആ നോട്ടത്തിന്‍റെ അര്‍ഥം.

ബാത്തൂര്‍ തടാകം
 

വയാൺ ബോട്ടിലെ ജോലിക്കാരോട് സംസാരിച്ചുകൊണ്ട് തന്നെ ബോട്ടിലേക്ക് കയറി. വയാണിന്‍റെ പെരുമാറ്റത്തില്‍ നിന്നും അവിടം വയാണിനു അപരിചിതമാണെന്ന്​ തേയാന്നിച്ചു. ലൈഫ്​ ജാക്കറ്റ് ധരിച്ചു ഞങ്ങള്‍ ബോട്ടില്‍ ഇരുന്നു. കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ ഒഴുകി നടക്കുന്ന ഒരു മൃതദേഹം വയാൺ ചൂണ്ടികാണിച്ചു തന്നു. അതും ശവസംസ്കാരത്തിന്‍റെ ഭാഗമാണത്രെ.

(തുടരും..)

Tags:    
News Summary - the un discovered bali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT